Begin typing your search above and press return to search.
proflie-avatar
Login

പണ്ടോറയുടെ പെട്ടി തുറക്കണോ?

പണ്ടോറയുടെ പെട്ടി തുറക്കണോ?
cancel

രാജ്യത്തെ നിയമങ്ങളെയും നിയമപരിഷ്​കരണങ്ങളെയും സാമൂഹിക-മത സംവിധാനങ്ങളെയും പറ്റി ആഴത്തിൽ അവഗാഹമുള്ള, മുൻ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർകൂടിയായ ​േലഖകൻ ഏക സിവിൽ കോഡിനെ മുൻനിർത്തി ശ്രദ്ധേയമായ നിരീക്ഷണങ്ങളും നിഗമനങ്ങളും മുന്നോട്ടുവെക്കുന്നു, ചില ബദൽ നിർദേശങ്ങളും.വ്യക്തിനിയമ പരിഷ്‍കരണവും ഏക സിവിൽ കോഡും ചൊല്ലിയുള്ള വാഗ്വാദങ്ങൾക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും ഇതേക്കുറിച്ച് ഘോരഘോരം ചർച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല. ഒടുവിൽ, ഭരണഘടന എത്തിയ തീർപ്പ് 44ാം വകുപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്: ‘‘ഇന്ത്യാരാജ്യത്തെ എല്ലാ ജനങ്ങൾക്കും ഏക സിവിൽ കോഡ് നടപ്പാക്കാൻ...

Your Subscription Supports Independent Journalism

View Plans
രാജ്യത്തെ നിയമങ്ങളെയും നിയമപരിഷ്​കരണങ്ങളെയും സാമൂഹിക-മത സംവിധാനങ്ങളെയും പറ്റി ആഴത്തിൽ അവഗാഹമുള്ള, മുൻ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർകൂടിയായ ​േലഖകൻ ഏക സിവിൽ കോഡിനെ മുൻനിർത്തി ശ്രദ്ധേയമായ നിരീക്ഷണങ്ങളും നിഗമനങ്ങളും മുന്നോട്ടുവെക്കുന്നു, ചില ബദൽ നിർദേശങ്ങളും.

വ്യക്തിനിയമ പരിഷ്‍കരണവും ഏക സിവിൽ കോഡും ചൊല്ലിയുള്ള വാഗ്വാദങ്ങൾക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലും ഇതേക്കുറിച്ച് ഘോരഘോരം ചർച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല. ഒടുവിൽ, ഭരണഘടന എത്തിയ തീർപ്പ് 44ാം വകുപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്: ‘‘ഇന്ത്യാരാജ്യത്തെ എല്ലാ ജനങ്ങൾക്കും ഏക സിവിൽ കോഡ് നടപ്പാക്കാൻ ഭരണകൂടം കഠിനശ്രമം നടത്തും.’’

പലവട്ടം മുന്നിലെത്തിയിട്ടും സുപ്രീംകോടതിക്കുപോലും വിഷയത്തിൽ തീരുമാനമെടുക്കാനായിട്ടില്ല. എന്നല്ല, ‘ആളില്ലാ കത്തെ’ന്ന് വിശേഷിപ്പിച്ച് നിരാശ പരസ്യമാക്കുകയും ചെയ്തു. പാർലമെന്റ് അത് നടപ്പാക്കേണ്ട അനിവാര്യതയും കോടതി ഊന്നിപ്പറയുന്നുണ്ട്. എന്നാൽ, ഇതിൽ അന്തിമ തീരുമാനമാക്കാനാവാതെ സർക്കാറുകൾ പലത് വന്നുപോയി. പല സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാറുകൾ ഭരണത്തിലിരുന്നിട്ടും പ്രശ്നപരിഹാരം അകലെ നിന്നു. ഏറ്റവും പ്രധാനമായി, നിലവിലെ സർക്കാർ വെച്ച നിയമ കമീഷനും തീർപ്പിലെത്തിയില്ല. രണ്ടു വർഷമെടുത്ത ദീർഘമായ ചർച്ചകൾക്കൊടുവിൽ ഏക സിവിൽ കോഡിനെ കുറിച്ച് കമീഷൻ എത്തിയ തീരുമാനം ഇതായിരുന്നു: ‘‘അത് അനിവാര്യമോ അഭിലഷണീയമോ അല്ല.’’

ആരാണ് പിന്നെ ഈ ആവശ്യം ഉയർത്തുന്നത്, അതും എന്തിന്? മറ്റാരുമല്ല, വർഗീയതയുടെ വറചട്ടി എരിഞ്ഞുതന്നെ നിൽക്കണമെന്ന് വാശിയുള്ള തീവ്രവലതുപക്ഷം അണിനിരത്തിയ കാലാളുകളാണ് പിന്നിൽ. വെറുപ്പ് ഉൽപാദിപ്പിക്കുകയും സാമുദായിക ധ്രുവീകരണം സാധ്യമാക്കുകയും ചെയ്യാനാകുമെന്നതാണ് ഇതിന്റെ ഗുണം. എന്നാലോ, ഉദ്ഗ്രഥനത്തിന്റെ പേരു പറഞ്ഞാണ് എല്ലാം. പല​രോടും ഞാൻ ചോദിച്ചുനോക്കിയിട്ടുണ്ട്, എന്തിനാണ് ഏക സിവിൽ കോഡ് വേണമെന്ന് അവർ പറയുന്നതെന്ന്. ബഹുഭാര്യത്വമാണ് മഹാഭൂരിപക്ഷത്തെയും അലട്ടുന്ന വിഷയം. രണ്ടു സമുദായങ്ങൾക്ക് എങ്ങനെ രാജ്യത്ത് രണ്ടു നിയമം സാധുവാകുമെന്നും അവർ ചോദിക്കുന്നു. മുസ്‍ലിം സ്ത്രീകളുടെ ആശ്രിതപദവിയിൽ ശരിക്കും അവർക്ക് നോവുന്നുണ്ട്. കടുത്ത മുസ്‍ലിം വിരോധം അവർ ​എന്നേ തെളിയിച്ചവരാണെങ്കിലും. തെരുവിലലയുന്ന നിരക്ഷരനായ ബാലൻപോലും മുത്തലാഖും നികാഹ് ഹലാലയും കേട്ടവനാണ്!


മുസ്‍ലിംകളിൽ സാക്ഷരത തീണ്ടാത്ത ചിലർ ചെയ്യുന്ന നികൃഷ്ടമായ ആചാരമാണ് മുത്തലാഖ് എന്നതാണ് വസ്തുത. സുപ്രീംകോടതി അത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതും നല്ലകാര്യം. അത് ഇസ്‍ലാമിക വിരുദ്ധമാണെന്ന് എന്തുകൊണ്ട് അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് (​എ.ഐ.എം.പി.എൽ.ബി) പ്രഖ്യാപിക്കുന്നില്ലെന്നാണ് എന്റെ ചോദ്യം.

ഓരോ വിവാഹമോചനവും അല്ലാഹു വെറുപ്പോടെയാണ് കാണുന്നത്. അനിവാര്യഘട്ടങ്ങളിൽ വിവാഹമോചനം പ്രയോഗിക്കുന്നുവെങ്കിൽ അതിനുള്ള ചട്ടങ്ങൾ ഖുർആൻ വ്യക്തമായി വിവരിക്കുന്നുണ്ട്. അതാകട്ടെ, തീർത്തും മാനുഷികമായ രീതിയുമാണ്. തലാഖ് മൂന്നുവട്ടം പറയണം. അതും മൂന്ന് ആർത്തവ വിരാമങ്ങൾ ഇടവേള നിശ്ചയിച്ചാകണം. അനുരഞ്ജന സാധ്യതകൾ തുറന്നുകിടക്കുകയാണ് ഇവിടെ ലക്ഷ്യം. അനുരഞ്ജനം തന്നെ സംഭവിക്കട്ടെയെന്നും അത് ആഗ്രഹിക്കുന്നു. എന്നാൽ, വിവരദോഷികളായ ചില മുസ്‍ലിംകൾ ഖുർആനിക പാഠങ്ങൾക്ക് വിരുദ്ധമായി ജുഗുപ്സാവഹമായ മുത്തലാഖ് രീതി കണ്ടുപിടിച്ചു. അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ സുപ്രീംകോടതിയെക്കാൾ ഏറ്റവും ഉചിതം മുസ്‍ലിം വ്യക്തിനിയമ ബോർഡായിരുന്നു.

ചിന്തിക്കേണ്ട ഒരു വിഷയം, ചേർച്ച പ്രയാസകരമായ ഭാര്യയെ വാക്കാലുള്ള തലാഖ് വഴി വേണ്ടെന്നുവെക്കുന്നതാണ് വധുവിനെ കത്തിച്ചുകളയുന്നതുപോലുള്ള ക്രിമിനൽ ആചാരങ്ങളെക്കാൾ മികച്ചത്. ഭാഗ്യവശാൽ, ഈ നശിച്ച ആചാരം ഇന്ന് ഏകദേശം പൂർണമായി ഇല്ലാതായിട്ടുണ്ട്.

മുസ്‍ലിംകളിൽ ആരോപിക്കപ്പെടുന്ന ബഹുഭാര്യത്വമാണ് ഏക സിവിൽ കോഡ് ആവശ്യത്തിനു കാരണമെന്ന് പറയുമ്പോൾ, മുസ്‍ലിംകളിൽ മാത്രമല്ല ഹിന്ദുക്കളിലും നിലനിൽക്കുന്ന അജ്ഞത നാം തിരിച്ചറിയണം. ഇസ്‍ലാം ഏകഭാര്യത്വമാണ് മുൻഗണന നൽകുന്നതെന്നാണ് ഒന്നാമത്തെ വസ്തുത. ഖുർആനിൽ ഒരു സൂക്തം മാത്രമാണ് ഇത് അനുവദിക്കുന്നത്, അപ്പോഴും രണ്ട് കടുത്ത നിബന്ധനകളുടെ പുറത്ത്. ഭാര്യമാർക്കിടയിൽ സമ്പൂർണ സമത്വം പാലിക്കാനാകലും അനാഥകൾ, വിധവകൾ എന്നിവരെ വിവാഹം കഴിക്കലും (സൂറ അന്നിസാഅ് 4:3).

മറ്റൊരു വ്യാപക വിശ്വാസം മുസ്‍ലിംകളിലേറെയും ബഹുഭാര്യത്വമുള്ളവരാണെന്നാണ്. ‘‘നാം അഞ്ച്, നമുക്ക് 25’’ എന്നും ‘‘നാം നാല്, നമുക്ക് 40’’ എന്നുമൊക്കെയാണ് വലതുപക്ഷത്തെ മുൻനിര നേതാക്കൾ വരെ ഉപയോഗിക്കുന്ന മുദ്രാവാക്യങ്ങൾ. എന്നാൽ, നിയമ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് നേർവിപരീതമായ വസ്തുതകളാണ്. എല്ലാ സമുദായങ്ങളിലും ബഹുഭാര്യത്വമുണ്ടെന്നും ഏറ്റവും കുറവ് മുസ്‍ലിംകളിലാണെന്നും കമീഷൻ വ്യക്തമാക്കുന്നു. ഗോത്രവർഗങ്ങൾ 15.25 ശതമാനം, ബുദ്ധമത വിശ്വാസികൾ 9.7 ശതമാനം, ജൈനർ 6.72 ശതമാനം, ഹിന്ദുക്കൾ 5.8 ശതമാനം, മുസ്‍ലിംകൾ 5.7 ശതമാനം എന്നിങ്ങ​നെയാണ് കണക്ക്. ഏറ്റവും കുറച്ച് ബഹുഭാര്യത്വമുള്ള മുസ്‍ലിംകൾതന്നെ ഈ അവകാശത്തിനായി പൊരുതി മരിക്കുന്നവരാകുന്നതിലാണ് വിരോധാഭാസം. അത് കൂടുതൽ അനുഷ്ഠിക്കുന്നവരിലാകട്ടെ, ഇതിന്റെ ദുഷ്പേര് മുസ്‍ലിംകൾക്ക് വീഴുന്നതു കണ്ട് വിഷമം വരുന്നുമില്ല.

സുപ്രീംകോടതി
സുപ്രീംകോടതി

സുപ്രീംകോടതി തന്നെയും വിഷയം നേരിട്ട് കൈകാര്യം ചെയ്തിട്ടുണ്ട്. കോടതി നിരീക്ഷണം ഇങ്ങനെ: ‘‘ഹിന്ദുക്കളിലെ രഹസ്യമായ ദ്വിഭാര്യത്വമാണ് ജീവനാംശവും സ്നേഹവും നൽകാൻ നിയമപ്രകാരം ബാധ്യതയുള്ള മുസ്‍ലിംകളിലെ പരസ്യമായ ബഹുഭാര്യത്വത്തെക്കാൾ മോശം.’’ ഡി. വേലുസ്വാമി ​കേസിൽ (2010) സുപ്രീംകോടതി രണ്ടാം ഹിന്ദു ഭാര്യക്ക് ജീവനാംശം നിഷേധിച്ചു. അവൾ വെപ്പാട്ടി മാത്രമാണെന്ന് വിശേഷിപ്പിച്ചായിരുന്നു നിഷേധം. ‘‘എന്നുവെച്ചാൽ, ബഹുഭാര്യത്വം നിഷേധിക്കുക വഴി മുസ്‍ലിമിന്റെ രണ്ടാം ഭാര്യയെയും ഹിന്ദുവിന്റെ രണ്ടാം ഭാര്യക്കു സമാനമായ പതിതാവസ്ഥയിലേക്ക് തള്ളും.’’ അഭിഭാഷകയായ ആക്ടിവിസ്റ്റ് ഫ്ലാവിയ ആ​​ഗ്നസ് നിരീക്ഷിക്കുന്നു: ‘‘ഹിന്ദു വനിതകളെക്കാൾ ദയനീയമല്ല, മുസ്‍ലിം സ്ത്രീകളു​ടെ അവസ്ഥ.’’ ‘‘ഏക സിവിൽ കോഡ് ഇസ്‍ലാമിനും മുസ്‍ലിംകൾക്കുമെതിരെ ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്’’ –അവർ കൂട്ടിച്ചേർക്കുന്നു.

മുസ്‍ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയിൽ സംശയങ്ങളില്ല. ഈ പിന്നാക്കാവസ്ഥക്ക് കാരണം മുസ്‍ലിം വ്യക്തിനിയമമാകില്ലെന്നും ഫ്ലാവിയ വിശ്വസിക്കുന്നു. അത് ഇസ്‍ലാമിനും മുസ്‍ലിംകൾക്കുമെതിരായ ഉപകരണമാക്കാൻ ബഹുഭാര്യത്വം, ലിംഗസമത്വം, മുത്തലാഖ് തുടങ്ങിയ വിഷയങ്ങൾ എടുത്തിടുന്നുവെന്ന് മാത്രം.

സമൂഹത്തിലെ എല്ലാ ആതുരതകൾക്കുമുള്ള ഒറ്റമൂലിയാണ് ഏക സിവിൽ കോഡ് എന്ന് കരുതുന്നവരിലേറെയും ബഹുഭാര്യത്വം മാത്രമല്ല അതിലെ വിഷയമെന്ന് മനസ്സിലാക്കുന്നില്ല. വിവാഹം, ജീവനാംശം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം എന്നിങ്ങനെ എല്ലാ നിയമങ്ങളും ഉൾക്കൊള്ളുന്നതാണ്. 44ാം വകുപ്പ് വ്യക്തിനിയമങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വത്തിനുള്ള ഭരണഘടനാപരമായ ആഹ്വാനമാണെന്ന് പറയുന്നു, നിയമ പ്രഫഷനലായ സരിദ് നാവെദ്. പാരമ്പര്യ ഹിന്ദു നിയമങ്ങളെക്കാൾ മികച്ച പരിഗണന സ്ത്രീകൾക്ക് മുസ്‍ലിം വ്യക്തിനിയമങ്ങൾ നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാൽ, 2005ലെ ഹിന്ദു അനന്തരാവകാശ നിയമ ഭേദഗതികളടക്കം ഹിന്ദു ചട്ട പരിഷ്‍കരണം പ്രാബല്യത്തിലായതോടെ ലിംഗസമത്വത്തിൽ മുസ്‍ലിം വ്യക്തിനിയമം ഒരുപടി പിറകിലാണ്.

മതം അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങൾ ദേശീയ ഐക്യത്തിന് അപമാനമാണെന്നും ഏക സിവിൽ കോഡ് വരുന്നതോടെ വ്യത്യസ്ത സമൂഹങ്ങളെ ഒരേ തറയിൽ കൊണ്ടുവരാനാകുമെന്നും ഏക സിവിൽ കോഡിനെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു. ഉത്തരാഖണ്ഡ്, ഗുജറാത്തുപോ​ലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏക സിവിൽ കോഡ് നടപ്പാക്കാൻ സമിതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. യു.പി, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളും ഏറെയായി പിന്നാലെയുണ്ട്.

എന്നാൽ, ന്യൂനപക്ഷവിരുദ്ധമാണെന്ന് പറയുന്നവർ വിശ്വസിക്കുന്നത് രാജ്യം അനുശീലിച്ച നാനാത്വത്തിൽ ഏകത്വത്തിന് ഇത് കടക്കൽ കത്തിവെക്കുന്നുവെന്നാണ്. തങ്ങളുടെ ആചാരങ്ങളും മതപരമായ അനുഷ്ഠാനങ്ങളും ഇതുവഴി തടസ്സപ്പെടുമെന്നും അവർ കരുതുന്നു.

2018ൽ ദേശീയ നിയമ കമീഷൻ വിശദമായി പരിശോധിക്കുകയുണ്ടായി. 75,378 ​പ്രതിനിധികളെ അവർ ഇതിന്റെ ഭാഗമായി സ്വീകരിച്ചു. അതിവിപുലവും ദൈർഘ്യമേറിയതുമായ ചർച്ചകൾക്കൊടുവിൽ, കമീഷൻ ​എത്തിയ ഞെട്ടിക്കുന്ന തീരുമാനം ഇതായിരുന്നു: ‘‘ഏക സിവിൽ കോഡ് അനിവാര്യമോ അഭിലഷണീയമോ അല്ല.’’ വിഷയം പ്രവിശാലമാണ്. നടപ്പാക്കുന്നതു മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഇന്ത്യയിൽ പരിശോധിക്കപ്പെടാത്തതും. വൈവിധ്യം നിലനിൽക്കുന്നത് വിവേചനമുണ്ടെന്നതിന്റെ സൂചനയാകണമെന്നില്ല. എന്നല്ല, കരുത്തുള്ള ജനാധിപത്യത്തെ സൂചിപ്പിക്കുന്നു. പകരമായി, പുരുഷനും സ്ത്രീക്കുമിടയിൽ വിവേചനം കാട്ടുന്ന നിയമങ്ങളെയാ​ണ് കൈകാര്യം ചെയ്യേണ്ടതെന്നും പാനൽ ഊന്നിപ്പറയുന്നു.

രാഷ്ട്രീയവിശാരദനായ അസീം അലി പറയുന്നത്, ഏക സിവിൽ കോഡ് ആവിഷ്‍കരിക്കൽതന്നെ പണ്ടോറയുടെ പെട്ടി തുറക്കലാകുമെന്നാണ്. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്നുവെന്ന് പറയുന്ന രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തിനുപോലും അപ്രതീക്ഷിതവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതാണിത്. മുസ്‍ലിംക​ളുടെയെന്നപോലെ ഹിന്ദുക്കളുടെയും സാമൂഹികജീവിതം അത് ഭംഗപ്പെടുത്തും. എന്നു​വെച്ചാൽ, വ്യക്തിനിയമങ്ങൾ തീർത്തും സ്വതന്ത്രങ്ങളായവയാണ്. അതിനാൽതന്നെ, ഇന്ത്യപോലെ വൈവിധ്യസഞ്ചയമായൊരു രാജ്യത്ത് അവയെ ഏകീകരിക്കൽ അത്യധികം ദുഷ്‍കരമാണ്.


വിവിധ മതങ്ങൾക്ക് മാ​ത്രമല്ല, സ്റ്റേറ്റുകളിലും വ്യത്യസ്ത സ്വത്തവകാശ, അനന്തരാവകാശ നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അറിയൽ അനിവാര്യമാണ്. മതത്തിലുപരി ഗോത്രാചാരം പിന്തുടരുന്ന നാഗാലാൻഡ്, മിസോറംപോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അവയുടേതായ വ്യക്തിനിയമങ്ങളാണുള്ളത്. 1867 മുതൽ ​പൊതു സിവിൽ നിയമം നിലനിൽക്കുന്ന ഗോവയിൽപോലും ക​േത്താലിക്കർക്കും മറ്റുള്ളവർക്കും വെവ്വേറെ നിയമങ്ങളാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആറാം പട്ടിക നിരവധി സംസ്ഥാനങ്ങൾക്ക് സവിശേഷമായ പരിരക്ഷകൾ ഉറപ്പുനൽകുന്നു. ചില ഗോത്ര നിയമങ്ങൾ, മാതൃദായക കുടുംബ സംവിധാനത്തെ സംരക്ഷിക്കുമ്പോൾ മറ്റു ചിലത് സ്ത്രീ താൽപര്യങ്ങൾക്ക് ഒപ്പം നിൽക്കുന്നതല്ല. കുടുംബ നിയമ വിഷയങ്ങളിൽ പൂർണസ്വാതന്ത്ര്യം അനുവദിക്കുന്ന മറ്റു നിയമങ്ങളുമുണ്ട്. ഇവ തീരുമാനിക്കേണ്ടത് ​പ്രാദേശിക പഞ്ചായത്തുകളാകണം. അവർക്കും അവരുടേതായ നടപടിക്രമങ്ങളാകും. നിയമ കമീഷൻ ഇത്രത്തോളം പറയുന്നു: ‘‘ഏകത്വമെന്ന അഭിലാഷം രാജ്യ​ത്തിന്റെ പ്രവിശ്യാ ഉദ്ഗ്രഥനത്തിന് ഭീഷണിയാകുംവിധം സാംസ്കാരിക വൈവിധ്യത്തിൽ ഒത്തുതീർപ്പ് അനുവദിക്കാനാകില്ല.’’

പരിവർത്തനമുണ്ടാകണമെന്ന അഭിലാഷം തീർച്ചയായും ഉണ്ട്. എന്നാൽ, ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ഏതു തീവ്രശ്രമങ്ങൾക്കും തടസ്സങ്ങളുമുണ്ടെന്ന് അംഗീകരിക്കാനാകണം. അതിന്റെ പ്രായോഗികതയിൽ മുൻകൂട്ടി കാണാവുന്ന ആദ്യ പ്രശ്നം ഭരണഘടനയുടെ ആറാം പട്ടികയുമായി ബന്ധപ്പെട്ടാണ്. അസം, നാഗാലാൻഡ്, മിസോറം, ആന്ധ്രപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങൾക്ക് കുടുംബ നിയമത്തിൽ ചില പരിരക്ഷകളും ഇളവുകളും 371ാം വകുപ്പ് (എ) മുതൽ (ഐ) വരെയും ആറാം പട്ടികയും നൽകുന്നുണ്ട്. ക്രിമിനൽ നടപടി ചട്ടം 1973 നാഗാലാൻഡിനും ഗോത്രവർഗ മേഖലകൾക്കും ബാധകമല്ല.

ഏക സിവിൽ കോഡ് ദേശീയോദ്ഗ്രഥനത്തെ പോഷിപ്പിക്കുമെന്ന് നിരവധിപേർ വാദിക്കുന്നുണ്ട്. എന്നാൽ, സാംസ്കാരിക വൈജാത്യം ജനങ്ങളുടെ സ്വത്വത്തെ നിർണയിക്കുകയും അവ സംരക്ഷിച്ചുനിർത്തൽ രാജ്യ​ത്തിന്റെ ഭൂമിശാസ്ത്ര ഉദ്ഗ്രഥനം ഉറപ്പാക്കുകയും ചെയ്യുന്നിടത്ത് അതാകില്ല കാര്യം. ഗോത്രാചാരങ്ങൾ ധാർമികതയെ കുറിച്ച മുഖ്യധാരാ ധാരണകളുമായി പൊരുത്തപ്പെട്ടുകൊള്ളണമെന്നില്ല. എന്നാൽ, ഈ ​പ്രദേശങ്ങളിൽ അവ പൊതു ആചാരമായി നിലനിൽക്കുകയും ചെയ്യും. അപ്പോൾ, മതേതരത്വം എന്നത് ബഹുസ്വരതക്ക് വിരുദ്ധമാകില്ലെന്നർഥം. പകരം, സാംസ്കാരിക വൈവിധ്യങ്ങൾ സമാധാനപൂർണമായി സഹജീവിക്കുകയാണ് വേണ്ടത്.

ഏതുതരം തത്ത്വങ്ങളാണ് നിങ്ങൾ പ്രയോഗിക്കുക – ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യൻ?– വേദിക് സെന്റർ ഫോർ ലീഗൽ പോളിസിയിലെ അലോക് പ്രസന്നകുമാർ കുതൂഹലപ്പെടുന്നതിങ്ങനെ. മതാന്തര വിവാഹം തടയാനായി കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്ന ബി.ജെ.പി സർക്കാറുകളുടെ സംസ്ഥാനങ്ങളിൽ എങ്ങനെയാണ് വിവിധ മതവിശ്വാസികൾക്കിടയിൽ വിവാഹം അനുവദിക്കുന്ന സിവിൽ നിയമം പുലരുക.

എല്ലാ കുടുംബ നിയമങ്ങളിലെയും വിവേചനപരമായ വ്യവസ്ഥകളെ എങ്ങനെ നേരിടുമെന്നതായിരുന്നു കമീഷന്റെ ആധി. ‘‘അസമത്വങ്ങളുടെ മൂലഹേതു വൈവിധ്യമല്ല, വിവേചനമാണ്.’’ അതിനായി നിലവിലെ കുടുംബ നിയമങ്ങളിൽ നിരവധി ഭേദഗതികൾ കമീഷൻ ശിപാർശ ചെയ്തു. ഈ വ്യക്തിനിയമങ്ങൾ നടപ്പാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലുമുള്ള അവ്യക്തതകൾ കുറച്ചുകൊണ്ടുവരുകയായിരുന്നു ലക്ഷ്യം.

ഏക സിവിൽ കോഡ് വിഷയത്തിൽ അഭിപ്രായൈക്യം സാധ്യമാകാത്ത സാഹചര്യത്തിൽ, മുന്നിലെ മികച്ച വഴി വ്യക്തിനിയമങ്ങളിലെ വൈവിധ്യം സംരക്ഷിക്കുകയാണെന്ന് കമീഷൻ കണ്ടെത്തി. അതേസമയം, വ്യക്തിനിയമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുടുംബ വിഷയങ്ങളിൽ എല്ലാ വ്യക്തിനിയമങ്ങളും ക്രോഡീകരിക്കാനാകണമെന്നും ഇവയിൽ കടന്നുകൂടിയ അസമത്വങ്ങൾ ഭേദഗതി വഴി മാറ്റണമെന്നും കമീഷൻ നിർദേശിച്ചു.

മതസ്വാതന്ത്ര്യം, അനുഷ്ഠാനത്തിനൊപ്പം മതപ്രചാരണത്തിനുള്ള അവകാശം എന്നിവ ഒരു മതേതര ജനാധിപത്യത്തിൽ സംരക്ഷി​ക്കപ്പെട​ണമെന്നതിനൊപ്പം മനസ്സിലുറപ്പിക്കേണ്ട ഒന്ന്, മതാചാരമെന്ന പേരിൽ കുറെയേറെ സാമൂഹിക തിന്മകൾ കടന്നുകൂടിയിട്ടുണ്ടെന്നാണ്. സതി, അടിമത്തം, ദേവദാസി, സ്ത്രീധനം, മുത്തലാഖ്, ശൈശവ വിവാഹം തുടങ്ങിയവ. മതംപറഞ്ഞ് ഇവക്ക് പരിരക്ഷ നൽകാനുള്ള ശ്രമം മഹാ ആഭാസമാണ്. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന മൂല്യങ്ങളുമായും മതത്തിന്റെ സത്തയുമായും ഇവ ചേർന്നുനിൽക്കുന്നില്ല. രസകരമായ ഒരു നിരീക്ഷണം കമീഷൻ നടത്തുന്നുണ്ട്: ‘‘വനിത ഗ്രൂപ്പുകളുമായി നടത്തിയ ചർച്ചകളിൽ മനസ്സിലായത്, മതപരമായ സ്വത്വം അവർക്ക് ഏറെ പ്രധാനമാണെന്നാണ്. വ്യക്തിനിയമങ്ങൾക്കൊപ്പം ഭാഷ, സംസ്കാരം പോലുള്ളവയും ചേർന്നാണ് ഈ സ്വത്വം അടയാളപ്പെടുത്തുന്നത്. അങ്ങനെയാണ് മതസ്വാതന്ത്ര്യം പൂർത്തിയാകുന്നതും.’’ അതുകൊണ്ടുതന്നെ, വിവേചനപരമായ നിയമങ്ങളെയാണ്, ഏക സിവിൽ കോഡ് അല്ല കമീഷൻ കൈകാര്യം ചെയ്തത്. ഭിന്നതകൾ നിലനിൽക്കുന്നുവെന്നത് വിവേചനത്തെയല്ല, ജനാധിപത്യത്തെയാണ് കുറിക്കുന്നത്.

ഇസ്‍ലാമിക നിയമത്തിൽ പുരുഷനും സ്ത്രീക്കും വിവാഹമോചനത്തിനുള്ള ലളിതമായ വഴികൾ വിവാഹമോചിതരോ വിധവകളോ ആയ സ്​ത്രീകളുടെ പുനർവിവാഹത്തിലും തുറന്ന സമീപനമൊരുക്കുന്നു. എന്നാൽ, മിക്ക ഹിന്ദു സ്​ത്രീകൾക്കും ഇത് നിയമനിർമാണം വഴിയാണ് സാധ്യമായത്.

ബഹുഭാര്യത്വം തടയാൻ മൊറോക്കോ, അൽജീരിയ, തുനീഷ്യ, ലിബിയ, ഈജിപ്ത്, സിറിയ, ലബനാൻ, പാകിസ്താൻ തുടങ്ങിയ മുസ്‍ലിം രാജ്യങ്ങൾ കടുത്ത നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിലവിലെ ഭാര്യയുടെ അനുമതി കൂടാ​തെ രണ്ടാം വിവാഹം നിരോധിക്കുന്ന കുടുംബ നിയമം 2015ലാണ് പാകിസ്താൻ നടപ്പാക്കിയത്. വിവിധ രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ബഹുഭാര്യത്വത്തിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, സൗദി അറേബ്യ, ഇറാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിലും ഈ രീതി ഇപ്പോഴും നിലനിൽക്കുന്നു.

ഞാൻ മനസ്സിലാക്കുന്ന ഏറ്റവും എളുപ്പമായ പരിഹാരം നിയമ കമീഷൻ റിപ്പോർട്ട് സ്വീകരിക്കുകയും ഏക സിവിൽ കോഡ് തൽക്കാലം മാറ്റിവെക്കുകയും ചെയ്യലാണ്. എല്ലാ വ്യക്തിനിയമങ്ങളും ക്രോഡീകരിക്കുകയും ചെയ്യണം. ഇതിനൊപ്പം ഒരു മാതൃക ഏക സിവിൽ കോഡ് രൂപവത്കരിക്കാൻ വിവിധ മതങ്ങളുടെ പ്രതിനിധികളടങ്ങിയ ഒരു സമിതി വെക്കാം. മുസ്‍ലിം രാജ്യങ്ങളിൽ നിലനിൽക്കുന്ന രീതികൾ മുസ്‍ലിം വ്യക്തിനിയമ ബോർഡ് പഠിക്കണം. എന്നിട്ട്, എല്ലാ മുസ്‍ലിംകൾക്കും പിന്തുടരാവുന്ന ഒരു മാതൃകാ നികാഹ് നാമക്ക് രൂപംനൽകണം. കോടതി ഇടപെടലിന്റെ സാധ്യതയും ആവശ്യവും വ്യക്തമാക്കുന്നതാകണം ഈ നികാഹ് നാമ.

അവസാനമായി, നിയമ കമീഷൻ ചെയർമാൻ ജസ്റ്റിസ് ബി.എസ്. ചൗഹാൻ സുപ്രീംകോടതി ജഡ്ജിയെന്ന നിലക്ക് സവിശേഷ മുദ്ര പകർന്ന വ്യക്തിത്വമാണെന്നത് നാം വിസ്മരിക്കരുത്. അതിവിശാലമായ ചർച്ചകൾക്കൊടുവിൽ അദ്ദേഹം നൽകിയ നിർദേശങ്ങൾ മാറ്റിവെക്കുകയുമരുത്.

News Summary - uniform civil code Explained