Begin typing your search above and press return to search.
proflie-avatar
Login

അംബേദ്​കറുടെ പേരിൽ കീഴാള സമുദായങ്ങളെ ഹിന്ദുരാജിന്​ കീഴിലാക്കാൻ നോക്കണ്ട

അംബേദ്​കറുടെ പേരിൽ കീഴാള സമുദായങ്ങളെ  ഹിന്ദുരാജിന്​ കീഴിലാക്കാൻ നോക്കണ്ട
cancel

ഇന്ത്യയിലെ വിവിധ ജാതി-മത-ഗോത്ര സമുദായങ്ങളുടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ജീവനാംശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളെ ഏകീകരിക്കുന്ന ഏക സിവിൽ കോഡ് (Uniform Civil Code - UUC) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 22ാമത് ലോ കമീഷൻ 2023 ജൂൺ 14നു പുറപ്പെടുവിച്ച വിജ്ഞാപനവും അതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും ഏറെ ചർച്ചയും അതിലേറെ വിവാദവുമായിരിക്കുകയാണ്. ‘‘ഒരു വീട്ടിലെ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണെങ്കിൽ ആ വീട് എങ്ങനെയാണ് മുന്നോട്ടു പോകുക?’’ എന്നത് മോദിയും ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുരാഷ്ട്ര നിർമിതിയുടെ ഭാഗമായി ഏക സിവിൽ...

Your Subscription Supports Independent Journalism

View Plans

ഇന്ത്യയിലെ വിവിധ ജാതി-മത-ഗോത്ര സമുദായങ്ങളുടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ജീവനാംശം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളെ ഏകീകരിക്കുന്ന ഏക സിവിൽ കോഡ് (Uniform Civil Code - UUC) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 22ാമത് ലോ കമീഷൻ 2023 ജൂൺ 14നു പുറപ്പെടുവിച്ച വിജ്ഞാപനവും അതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും ഏറെ ചർച്ചയും അതിലേറെ വിവാദവുമായിരിക്കുകയാണ്. ‘‘ഒരു വീട്ടിലെ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണെങ്കിൽ ആ വീട് എങ്ങനെയാണ് മുന്നോട്ടു പോകുക?’’ എന്നത് മോദിയും ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുരാഷ്ട്ര നിർമിതിയുടെ ഭാഗമായി ഏക സിവിൽ കോഡ് നടപ്പാക്കാൻ രൂപപ്പെടുത്തിയെടുത്ത ലളിതയുക്തിയാണ്.

ഇന്ത്യ ‘ഒരൊറ്റ വീട’ല്ലെന്നും, മറിച്ച് വിവിധ ജാതിയിലും മതത്തിലും നിറത്തിലും പെട്ടവർ, വിവിധ ഭാഷ, സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ, ഭക്ഷണം, വസ്ത്രം, വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-സാംസ്കാരിക നിലയുള്ളവർ ‘വീടെന്ന സങ്കൽപത്തിൽ’ ഒന്നിച്ചു ജീവിക്കുന്ന ഒരു പൊതു ഇടമാണ് ഇന്ത്യ എന്നു ബോധ്യപ്പെടുമ്പോഴേ മോദിയുന്നയിക്കുന്ന ഈ ലളിതയുക്തിയുടെ അപകടം മനസ്സിലാകൂ. ‘ഒരു വീട്’ എന്നതിലൂടെ മോദി അർഥമാക്കുന്ന ഒരൊറ്റ രാഷ്ട്രമല്ല ഇന്ത്യ. നൂറുകണക്കിന് ദേശീയതകൾ ഉൾച്ചേർന്ന ഇന്ത്യൻ ദേശരാഷ്ട്രത്തിന്റെ സാംസ്കാരികതയിൽ ഏകാത്മകവും ജൈവികവും ആത്മീയവുമായ സമാനതകളൊന്നുംതന്നെ കണ്ടെത്താൻ കഴിയില്ല. ഇന്ത്യയുടെ രാഷ്ട്രസ്വത്വം ബഹുസ്വരതയാണ്. അതുകൊണ്ട് ‘ഒരൊറ്റ വീട്’ എന്ന സങ്കൽപംതന്നെ ഇന്ത്യൻ ഫെഡറലിസത്തിന് എതിരാണ്. മോദിയും ആർ.എസ്.എസും വിഭാവനംചെയ്യുന്ന ആ ഒരൊറ്റ വീട് ഹിന്ദുരാഷ്ട്രവും ആ ഒരൊറ്റ നിയമം ഹിന്ദു നിയമങ്ങളെ അടിച്ചേൽപിക്കലുമാണ്. അതുകൊണ്ട് ഏക സിവിൽ കോഡ് ഒരു നിയമപ്രശ്നമല്ല, അതൊരു രാഷ്ട്രീയ പ്രശ്‌നവും ഫെഡറലിസത്തിന്റെ നിലനിൽപിന്റെ വിഷയവുമാണ്.

‘ഒരു രാജ്യം ഒരു നിയമം’ എന്ന തത്ത്വത്തിലൂടെ എല്ലാവർക്കും ഒരുപോലെ നീതിയുറപ്പിക്കാൻ ഏക സിവിൽ കോഡ് നടപ്പാക്കണം എന്നാണ് ബി.ജെ.പിയുടെ വാദം. എല്ലാവർക്കും ഒരേപോലെ നീതി എന്നത് പ്രബലനു മാത്രം നീതി ലഭ്യമാകുന്നതും ദുർബലന് നീതി നിഷേധിക്കുന്നതുമായ ഒരു സംവിധാനമാണ്. ഇതിനെക്കുറിച്ച് ഉത്തമബോധ്യം ഉണ്ടായിരുന്ന രാഷ്ട്ര തന്ത്രജ്ഞനാണ് ഡോ. ബി.ആർ. അംബേദ്‌കർ. ജാതിയുടെ ശ്രേണീകൃത അസമത്വംകൊണ്ടും ബ്രാഹ്മണ്യ പുരുഷാധിപത്യ വ്യവസ്ഥകൊണ്ടും സാമൂഹികമായി പുറംതള്ളപ്പെട്ട ദലിത് ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്‌സി തുടങ്ങിയ മത ന്യൂനപക്ഷങ്ങൾക്കും മത്സ്യബന്ധന സമൂഹങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഭാഷാ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം അവകാശങ്ങൾ ഭരണഘടനാപരമായി ഉറപ്പിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്.

ഡോ. ബി.ആർ. അംബേദ്​കർ

ഡോ. ബി.ആർ. അംബേദ്​കർ

ഇന്ത്യ ആഭ്യന്തര സംഘർഷങ്ങളില്ലാതെ തകരാതെ നിലനിൽക്കുന്നതും ഇന്ത്യൻ ഭരണഘടന ലോകത്തെ ഏറ്റവും വലിയ ഭരണഘടനയായി മാറിയതും ഈ ബഹുസ്വരതയെ മുഴുവൻ ഉൾക്കൊണ്ടതുകൊണ്ടും ഇന്ത്യയുടെ സാമൂഹിക വിഭാഗങ്ങൾക്കെല്ലാം സവിശേഷ അധികാരങ്ങൾ പരിരക്ഷയായി ഉറപ്പിച്ചെടുത്തതുകൊണ്ടുമാണ്. കാരണം, ഇന്ത്യയിൽ വൈവിധ്യങ്ങളും വൈജാത്യങ്ങളും മാത്രമല്ല, വൈരുധ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ ഈ അടിസ്ഥാന ഘടനയെയാണ് ഏക സിവിൽ കോഡിലൂടെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

1949ന്റെ തുടക്കത്തിൽ ടി.ആർ.വി. ശാസ്ത്രി എഴുതി, ഏപ്രിലിൽ ഗോൾവാൾക്കർ കേന്ദ്രസർക്കാറിന് അയച്ചുകൊടുത്ത ആർ.എസ്.എസിന്റെ ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിക്കുന്നിടത്ത് പറയുന്നത് ‘‘ഹിന്ദുക്കൾക്കിടയിലെ വിഭാഗീയതയുടെയും വിശ്വാസത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വൈവിധ്യങ്ങളിൽനിന്നും രാഷ്ട്രീയവും സാമ്പത്തികവും ഭാഷാപരവും പ്രാദേശികവുമായ ഛിദ്രവാസനകളെ ഉന്മൂലനം ചെയ്യുക’’, ‘‘സംഘടിതവും തികഞ്ഞ അച്ചടക്കമുള്ള ഏകാംഗീകൃതമായ ഒരു ജീവിതം കെട്ടിപ്പടുക്കുക’’1 എന്നാണ്. ആർ.എസ്.എസിനും ബി.ജെ.പിക്കും ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഹിന്ദുമതത്തിനുള്ളിലെയും വിവിധ ജാതികളിലും ആദിവാസി ഗോത്രങ്ങളിലും നിലനിൽക്കുന്ന സാംസ്കാരിക വൈവിധ്യങ്ങൾ ഇല്ലാതാക്കി ഹിന്ദുവത്കരണം നടപ്പാക്കിയെടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ‘‘സംഘടിതവും തികഞ്ഞ അച്ചടക്കവുമുള്ള ഏകാംഗീകൃതമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ’’ അവർക്ക് സാധിക്കൂ. ഈ സാംസ്കാരിക ഏകാത്മകമാക്കലാണ് ഹിന്ദുരാഷ്ട്രത്തിന്റെ അടിത്തറ.

മതവർഗീയതയിലൂടെ ഒരു പൊതു ശത്രുവിനെ മുന്നിൽ നിർത്തിക്കൊണ്ടും മാത്രമേ ആയിരക്കണക്കിന് ജാതികളായി വിഘടിച്ചു കിടക്കുന്ന ‘ഹിന്ദുക്കളെ’ ഏകീകരിക്കാൻ കഴിയൂ എന്ന് ആർ.എസ്.എസിനും ബി.ജെ.പിക്കും നന്നായി അറിയാം. ‘‘ഹിന്ദു-മുസ്‍ലിം കലാപത്തിന്റെ സമയത്തല്ലാതെ ഒരു ജാതിക്ക് അന്യ ജാതികളുമായി ബന്ധമുണ്ടെന്ന തോന്നലുപോലും ഇല്ലായിരുന്നു’’ എന്ന് ഡോ. അംബേദ്‌കർ ‘Annihilation of Caste’ൽ എഴുതുന്നുണ്ട്. ബാബരി മസ്ജിദ്, കശ്മീർ, സി.എ.എ, എൻ.ആർ.സി തുടങ്ങി ഇപ്പോൾ ഏക സിവിൽ കോഡിൽ വരെ എത്തിനിൽക്കുന്ന ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്ര നിർമിതിയും അതിന്റെ ഭാഗമായി നടപ്പാക്കുന്ന മുസ്‌ലിം അപരവത്കരണവുമാണ്.

അതുകൊണ്ടാണ് ഏക സിവിൽ കോഡ് ഏറ്റവുമധികം ബാധിക്കുന്നത് ആദിവാസി ഗോത്ര സമൂഹങ്ങളെയും ഹിന്ദു സമൂഹങ്ങളെയും ഇതര മതന്യൂനപക്ഷങ്ങളെയും കൂടിയായിരുന്നിട്ടും ഇതൊരു മുസ്‍ലിം പ്രശ്‌നമായാണ് – മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ സ്വത്ത്-അവകാശ പ്രശ്‌നമായി – മോദിയും ബി.ജെ.പിയും ഹിന്ദുത്വ ശക്തികളും അവതരിപ്പിക്കുന്നത്. ഹിന്ദുത്വത്തിന്റെ ഈ അജണ്ടയിലാണ് സി.പി.എമ്മും ഇടതുപക്ഷ പാർട്ടികളും ചെന്നുപെട്ടിരിക്കുന്നത്. ഏക സിവിൽ കോഡിനെ ഒരു മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിച്ചുകൊണ്ടാണ് സി.പി.എം ജൂലൈ 15ന് കോഴിക്കോട് സെമിനാർ സംഘടിപ്പിച്ചതും സെമിനാറിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിക്കുകയും, ലീഗ് ക്ഷണത്തെ നിരസിച്ചതിനെ തുടർന്ന് ഏറെ വിവാദമായിത്തീർന്നതും. രാഷ്ട്രീയ പാർട്ടികൾ വോട്ട് രാഷ്ട്രീയത്തിന് പുറത്തേക്ക് ഏക സിവിൽ കോഡിനെ കാണുന്നില്ല എന്ന അപകടകരമായ സ്ഥിതിയിലാണ് കാര്യങ്ങൾ നിലനിൽക്കുന്നത്.

ഏക സിവിൽ കോഡും ആദിവാസികളും

ലോകത്ത് ഏറ്റവുമധികം ആദിവാസി സമൂഹങ്ങൾ അധിവസിക്കുന്ന ഭൂപ്രദേശമാണ് ഇന്ത്യ. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 8.6 ശതമാനം വരുന്ന 11 കോടിയോളമാണ് ഇന്ത്യയുടെ തദ്ദേശീയ ആദിവാസികൾ. എന്നുപറഞ്ഞാൽ ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ പല വികസിത യൂറോപ്യൻ രാഷ്ട്രങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതൽ ആദിവാസികൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. ആദിവാസി ഗോത്രസമൂഹങ്ങൾ അവരുടെ സാംസ്കാരിക പൈതൃകം കാത്തുസംരക്ഷിക്കുന്നതും ഗോത്ര അസ്തിത്വം നിലനിർത്തുന്നതും പാരമ്പര്യ ആചാര വിശ്വാസങ്ങളിലൂടെയും ഗോത്രവിവാഹത്തിലൂടെയും തനത് ഭാഷയിലൂടെയും പാരമ്പര്യ സ്വത്തവകാശത്തിലൂടെയും ആവാസവ്യവസ്ഥയെ പ്രകൃതിയുമായി ഇണക്കി നിലനിർത്തിക്കൊണ്ടുമാണ്.

ആദിവാസികളുടെ ഈ സാംസ്കാരിക തനിമയും അസ്തിത്വവും പാരമ്പര്യങ്ങളും നിലനിർത്തുന്നതിനുവേണ്ടിയാണ് ഇന്ത്യൻ ഭരണഘടന 244ാം വകുപ്പ് 5, 6 ആർട്ടിക്കിൾ മുഖേന സ്വയം ഭരണ അവകാശവും സവിശേഷ അധികാരങ്ങളും പ്രത്യേക പദവികളും നൽകിയിരിക്കുന്നത്. ആദിവാസികൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും അവകാശം നൽകുകയല്ല ചെയ്തത്. ആദിവാസികൾ പാരമ്പര്യമായി അനുഭവിക്കുന്ന അവകാശത്തെ ‘അംഗീകരിക്കുക’ മാത്രമാണ് ഭരണഘടന ചെയ്തത്. ഇന്ത്യയിൽ സ്വയംഭരണ അധികാരമുള്ള ഒരേയൊരു വിഭാഗവും ആദിവാസികളാണ്.

അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങൾക്ക് സ്വയംഭരണാവകാശം, നിയമനിർമാണം, അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക വികസനത്തിനുമുള്ള അധികാരങ്ങൾ എന്നിവ ആറാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലെ ആദിവാസികളുടെ അവകാശങ്ങൾ ഭരണഘടന അനുച്ഛേദം 371 (C) മുഖേനയും നാഗാലാൻഡിനു 371 (A) എന്നിവ മുഖേനയും സവിശേഷ അധികാരങ്ങൾ ഭരണഘടന നൽകുന്നുണ്ട്. അസം, മേഘാലയ, ത്രിപുര, മിസോറം ഒഴി​െകയുള്ള മുഴുവൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്കും അഞ്ചാം ഷെഡ്യൂളിലെ വ്യവസ്ഥകൾ മുഖേന സ്വയംഭരണത്തിനും സംസ്ഥാനങ്ങളുടെ ഭരണത്തിനു നിയന്ത്രണമേർപ്പെടുത്തുന്നതിനും അധികാരം നൽകുന്നുണ്ട്.

371 (A) പരിരക്ഷയിലൂടെ നാഗാലാൻഡിലെ നാഗന്മാരുടെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങൾ, നാഗാ പാരമ്പര്യ നിയമങ്ങളും നടപടിക്രമങ്ങളും, നാഗാ പാരമ്പര്യ നിയമം സിവിൽ, നാഗാ പാരമ്പര്യ നിയമം കൂടിയുൾപ്പെടുന്ന ക്രിമിനൽ, സിവിൽ കേസുകളുടെ നീതിനിർവഹണം, നാഗന്മാരുടെ ഭൂമിയുടെയും അതിലെ വിഭവങ്ങളുടെ ഉടമസ്ഥതയും കൈമാറ്റവും ഇവയിലൊന്നും നിയമനിർമാണം നടത്താൻ പാർലമെന്റിന് അധികാരമില്ല. ഇതേ വ്യവസ്ഥതന്നെയാണ് ആർട്ടിക്കിൾ 371 (G) മിസോറമിന് നൽകിയിരിക്കുന്നത്.


ആറാം ഷെഡ്യൂളിന് കീഴിൽ വരുന്ന മേഘാലയയിലെ ഖാസി (Khasi) ഹിൽ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ, ജൈന്റിയ (Jaintia) ഹിൽ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ, ഗരോ (Garo) ഹിൽ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ എന്നീ മൂന്നു സ്വയംഭരണ ജില്ല കൗൺസിലുകളും ഏക സിവിൽ കോഡിനെ എതിർത്ത് പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. ആറാം ഷെഡ്യൂളിലെ വ്യവസ്ഥകൾ പ്രകാരം അസമിനും മിസോറമിനും മൂന്നുവീതം സ്വയംഭരണ ജില്ല കൗൺസിലുകളും ത്രിപുരക്ക് ഒരു ജില്ല കൗൺസിലുമുണ്ട്. ഭരണഘടനാപരമായ മേൽവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിവാഹം, വിവാഹമോചനം, അനന്തരാവകാശം, പാരമ്പര്യസ്വത്ത്, മറ്റ് സാമൂഹികാചാരങ്ങൾ തുടങ്ങിയവ രാജ്യത്തെ മറ്റു മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളുമായി ഏകീകരിപ്പിച്ചുകൊണ്ട് നിയമനിർമാണം നടത്താൻ പാർലമെന്റിന് അധികാരമില്ല.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം ആദിവാസി ഗോത്ര സമൂഹങ്ങൾക്കിടയിൽ, പ്രത്യേകിച്ച് വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ വലിയതോതിലുള്ള ആശങ്കക്ക് കാരണമായിട്ടുണ്ട്. നാഗാലാൻഡ്, മിസോറം, മേഘാലയ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ നിരവധി ഗോത്രസംഘടനകളുടെ നേതാക്കൾ ഇതിനോടകം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിട്ടുണ്ട്. തങ്ങളുടെ പാരമ്പര്യ ആചാര നിയമങ്ങളെയും സാമൂഹിക-സാംസ്കാരിക സമ്പ്രദായങ്ങളെയും ഏക സിവിൽ കോഡ് ഇല്ലാതാക്കുമെന്ന് അവർ ഭയപ്പെടുന്നു.

നാഗാലാൻഡിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയും ഭരണസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി (എൻ.ഡി.പി.പി) പ്രസിഡന്റ് ചിംവാങ് കൊന്യാക് India Todayക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ‘‘ഞങ്ങൾ ഒരു ഏകീകൃത സിവിൽ കോഡ് അംഗീകരിക്കില്ല. നാഗാലാൻഡിനെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 371 (A) ഉണ്ട്, ഞങ്ങൾ അതിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാർലമെന്റ് നിയമം പാസാക്കിയാലും നാഗാലാൻഡ് നിയമസഭ അത് നടപ്പാക്കാനുള്ള പ്രമേയം പാസാക്കാത്തിടത്തോളം അത് അനുവദിക്കാനാവില്ല.’’ ‘‘ഏക സിവിൽ കോഡ് കൊണ്ട് മാത്രം ഇന്ത്യ ഏകീകരിക്കപ്പെടുമെന്ന് ആരും കരുതേണ്ടതില്ല. ഒട്ടനവധി മതങ്ങളും ഗോത്രങ്ങളും ഉണ്ടെങ്കിലും ഇന്ത്യ ഐക്യത്തിലാണ്’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.പി.പി ഇറക്കിയ പ്രസ്താവനയിൽ നീണ്ട രക്തരൂഷിതമായ കലാപത്തിനും സംഘർഷത്തിനും ശേഷം ഉണ്ടായ കരാറിലൂടെ നാഗകൾ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ആളുകളുടെ വ്യക്തിനിയമങ്ങളെ ആഴത്തിൽ സ്വാധീനം ചെലുത്തുന്ന ഒരു പുതിയ നിയമം അവതരിപ്പിക്കുന്നത് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും സമാധാനപരമായ അന്തരീക്ഷം ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.2

സമാനമായ അഭിപ്രായമാണ് മിസോറം മുഖ്യമന്ത്രിയും മുന്നോട്ടുവെക്കുന്നത്. ‘‘ഏക സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എടുക്കുന്നതും അല്ലെങ്കിൽ എടുക്കാൻ തീരുമാനിക്കുന്നതുമായ എല്ലാ നീക്കങ്ങളെയും എതിർക്കുക എന്ന ഔദ്യോഗിക പ്രമേയം മിസോറം അസംബ്ലി ഫെബ്രുവരി 14ന് ഐകകണ്ഠ്യേന പാസാക്കുകയുണ്ടായി.’’ ഭരണപക്ഷമായ മിസോ നാഷനൽ ഫ്രണ്ടിന്റെ (എം.എൻ.എഫ്) പ്രസിഡന്റ് കൂടിയായ മുഖ്യമന്ത്രി സൊറംതംഗ (Zoramthanga) നിയമ കമീഷന് ഇങ്ങനെ എഴുതി: ‘‘ഈ പ്രമേയം മിസോറം സ്റ്റേറ്റ് അസംബ്ലിയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ഐകകണ്ഠ്യേന സ്വീകരിക്കുകയും ചെയ്തതിനു കാരണം മിസോസ് ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ മതപരവും സാമൂഹികവുമായ ആചാരങ്ങളെയും പാരമ്പര്യ നിയമങ്ങളെയും പാരമ്പര്യത്തെയും സംസ്കാരത്തെയും ഇല്ലാതാക്കാനുള്ള ശ്രമം എന്ന രീതിയിൽ ഏക സിവിൽ കോഡ് രാജ്യത്തെ ശിഥിലമാക്കും’’ എന്നതാണ്.3 1986 ജൂൺ 30ന് മിസോ നാഷനൽ ഫ്രണ്ടും ഇന്ത്യാ ഗവൺമെന്റും തമ്മിലുള്ള സമാധാന ഉടമ്പടിയെ തുടർന്നാണ് 1986ലെ ഭരണഘടന ഭേദഗതിയെ തുടർന്ന് ആർട്ടിക്കിൾ 371 G ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതും 1987 ഫെബ്രുവരി 20ന് മിസോറം ഒരു സമ്പൂർണ സംസ്ഥാനമായി മാറുന്നതും. ആദിവാസി ഗോത്രസമൂഹങ്ങളുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ കാര്യങ്ങൾ സങ്കീർണമാകുമെന്ന് വ്യക്തമാണ്.

ആദിവാസി ജനതയുടെ വ്യക്തിനിയമങ്ങളെ റദ്ദ് ചെയ്യുന്ന ഏകീകൃത നിയമം വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ വീണ്ടും കലാപഭൂമിയാക്കും. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എന്താണ് സംഭവിക്കുക എന്നതിന്റെ നേർചിത്രമാണ് വംശീയ കലാപത്താൽ നിന്നു കത്തുന്ന മണിപ്പൂർ. മണിപ്പൂരിലെ ആദിവാസികൾക്ക് ഭരണഘടന ആർട്ടിക്കിൾ 371 (C), വനാവകാശം എന്നിവ ഉറപ്പുനൽകുന്ന സവിശേഷ അധികാരങ്ങൾ ഇല്ലാതാക്കി അവരുടെ ഭൂമി കൈയടക്കുക, ആദിവാസികൾ താമസിക്കുന്ന മല-വന മേഖലകൾ അധീനതയിലാക്കുക, ആദിവാസികളെ കുടിയിറക്കുക തുടങ്ങിയ മെയ്തേയ് വിഭാഗങ്ങളുടെ നീക്കമാണ് മണിപ്പൂർ വംശീയ കലാപത്തിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. കുക്കി ആദിവാസികൾക്കുമേൽ ഏകപക്ഷീയമായ വംശഹത്യയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഏക സിവിൽ കോഡ് മണിപ്പൂരിനെ കൂടുതൽ സംഘർഷത്തിലേക്ക് ആയിരിക്കും കൊണ്ടെത്തിക്കുക.

നാഗാലാൻഡിലെ ആദിവാസി ഗോത്ര ജനസംഖ്യ 86.5 ശതമാനവും മിസോറമിലെ പട്ടിക വർഗ ജനസംഖ്യ 94.4 ശതമാനവും മേഘാലയയിലെ ഗോത്ര ജനസംഖ്യ 86.1 ശതമാനവുമാണ്. ഏക സിവിൽ കോഡിനെ തുടർന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനാന്തരീക്ഷം ഇല്ലാതാവുകയാണെങ്കിൽ അത് ഇന്ത്യയുടെ ഉണങ്ങാമുറിവായി അവശേഷിക്കും. അത്തരമൊരു ആത്മഹത്യാപരമായ നീക്കത്തിന് ബി.ജെ.പി കേന്ദ്രസർക്കാർ തുനിയില്ലായിരിക്കും. പ്രത്യേകിച്ച് ചൈനയുമായി രാഷ്ട്രീയ സംഘർഷം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ തന്ത്രപരമായി നിലനിർത്താനാവും ബി.ജെ.പി ശ്രമിക്കുക. അങ്ങനെ വരികയാണെങ്കിൽ ആദിവാസി ഗോത്രസമൂഹങ്ങളെ ഒഴിവാക്കിക്കൊണ്ട് ഇതര മതസമൂഹങ്ങളുടെ മേൽ ഹിന്ദു നിയമങ്ങൾ ഏക സിവിൽ കോഡ് എന്ന പേരിൽ അടിച്ചേൽപിക്കാനായിരിക്കും ബി.ജെ.പി കേന്ദ്ര സർക്കാർ ശ്രമിക്കുക.

ഏക സിവിൽ കോഡും ഹിന്ദു സാമൂഹിക ക്രമവും

ഒട്ടനവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉച്ചനീചത്വങ്ങളും നിലനിൽക്കുന്ന ഹിന്ദു സാമൂഹിക ക്രമത്തിനുള്ളിൽ ഒരു ഏകീകൃത സിവിൽ നിയമം എങ്ങനെ നടപ്പാക്കുമെന്നത് തികച്ചും അവ്യക്തമായ കാര്യമാണ്. ഹിന്ദുത്വവത്കരണത്തിനു വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും പല ദലിത് സമൂഹങ്ങളും ഇപ്പോഴും പിന്തുടരുന്നത് പാരമ്പര്യ ആചാരങ്ങളാണ്. പിന്നാക്ക-സവർണ സമുദായങ്ങളിലും ഏകതാനമായ ഒരു ആചാരരീതികൾ നിലനിൽക്കുന്നില്ല. വിവാഹം, പാരമ്പര്യാവകാശം തുടങ്ങി ദായക്രമം വരെയുള്ള പല കാര്യങ്ങളിലും രാജ്യത്തെ വിവിധ ഹിന്ദുമത വിഭാഗങ്ങൾക്കിടയിൽ പ്രകടമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ സഹോദരി-സഹോദരന്മാരുടെ മക്കൾ വിവാഹബന്ധത്തിൽ ഏർപ്പെടാറുള്ള ‘മുറച്ചെറുക്കൻ’-‘മുറപ്പെണ്ണ്’ വിവാഹസമ്പ്രദായങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് നിഷിദ്ധവുമാണ്. തമിഴ്‌നാട്ടിൽ മാമൻ (Uncle) സഹോദരി പുത്രിയെ (Niece) വിവാഹം കഴിക്കുന്ന രീതിയുണ്ട്. മലയാളിക്കിത് ആലോചിക്കാനേ കഴിയില്ല. ഹിന്ദു നിയമത്തിലുള്ള ദായഭാഗ, മിതാക്ഷര സമ്പ്രദായങ്ങൾ പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിൽ പരസ്പരം ഭിന്നമായ സമ്പ്രദായങ്ങളാണെന്ന് ക്രോഡീകരിച്ച ഹിന്ദു നിയമത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒട്ടനവധി വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഹിന്ദു സമൂഹത്തിലും ഏക സിവിൽ കോഡ് സൃഷ്ടിക്കുന്ന ആഘാതങ്ങൾ ചെറുതായിരിക്കില്ല. ‘‘കേരളം ഒഴിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അവിഭക്ത ഹിന്ദു കുടുംബങ്ങളെ (Hindu Undivided Family - HUF) നിയമം വഴി റദ്ദാക്കാൻ കഴിയില്ല. ഹിന്ദു അവിഭക്തകുടുംബം നടത്തുന്ന വ്യാപാര-വാണിജ്യ രംഗത്തെ ചെറുതും വലുതുമായ ലക്ഷക്കണക്കിന് അവിഭക്ത കുടുംബങ്ങൾ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങൾ ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഇല്ലായ്മ ചെയ്യുക എന്നത് എളുപ്പമല്ല. ഹിന്ദു അവിഭക്തകുടുംബത്തിന്റെ പേരിൽ സ്വന്തമായി പാൻകാർഡ് ലഭിക്കും. അതേപോലെ, ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാം. അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ, മാസശമ്പളം തുടങ്ങി മറ്റെല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. ധനകാര്യ മന്ത്രാലയത്തിലെ കണക്കനുസരിച്ച് 2013-14 വർഷത്തിൽ 9,60,004ഉം 2018-19 വർഷത്തിൽ 11,87,180ഉം ഹിന്ദു അവിഭക്ത കൂട്ടുകുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിന്ദു അവിഭക്ത കൂട്ടുകുടുംബങ്ങൾ നാളിതുവരെയായി അനുഭവിച്ചുവന്നിരുന്ന ആനുകൂല്യങ്ങൾ സിവിൽ കോഡ് ഏകീകരണത്തിന്റെ പേരിൽ എടുത്തുകളയുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്താൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ രാജ്യത്തെ ജനങ്ങളിൽ അരക്ഷിതാവസ്ഥയും അനൈക്യവും ഉണ്ടാക്കിയേക്കാം.’’ 4 ഇത്തരത്തിൽ ഒട്ടനവധി വൈരുധ്യങ്ങളും ഹിന്ദു സാമൂഹിക ക്രമത്തിനുള്ളിൽ നിലനിൽക്കുന്നുണ്ട്. ഇവയെല്ലാം ഏക നിയമത്തിലൂടെ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യം.

ഹിന്ദുകോഡ് ബിൽ ചർച്ചയിൽ ബി.ആർ. അംബേദ്​കർ 

ഹിന്ദുകോഡ് ബിൽ ചർച്ചയിൽ ബി.ആർ. അംബേദ്​കർ 

നൂറുകണക്കിന് വ്യക്തിനിയമങ്ങൾ നിലനിൽക്കുന്ന, ഒരു ഏകീകൃത സിവിൽ നിയമത്തിന് ഒരുതരത്തിലും പാകപ്പെടാത്ത ഇന്ത്യയിൽ തിടുക്കപ്പെട്ട് നടപ്പാക്കേണ്ടുന്ന ഒന്നല്ല ഏകീകൃത സിവിൽ കോഡ്. ഭരണഘടനാ അസംബ്ലിയിൽ ഇത് പലപ്രാവശ്യം ചർച്ച ചെയ്തിട്ടുമുള്ളതാണ്. സാമൂഹികനീതിക്കായി ഒരു ജീവിതകാലം മുഴുവൻ പോരാടിയ ഡോ. ബി.ആർ. അംബേദ്‌കർ യൂനിഫോം സിവിൽ കോഡ് രാജ്യത്ത് വേണമെന്ന് പറഞ്ഞതും ഭരണഘടനാ നിർദേശക തത്ത്വത്തിൽ ഉൾപ്പെടുത്തിയതും രാജ്യത്തിന്റെ കെട്ടുറപ്പിനും സാമൂഹികനീതിക്കും വേണ്ടിയാണ് എന്ന് ദുർവ്യാഖ്യാനം ചെയ്തു സ്ഥാപിച്ചെടുക്കാനാണ് ഹിന്ദുത്വശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഡോ. അംബേദ്കറുടെ പേരിൽ വലിയരീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ അവർക്ക് കഴിയുന്നുമുണ്ട്.

ഏകീകൃത സിവിൽ കോഡും അംബേദ്‌കറും

ഇന്ത്യയിലെ മുസ്‍ലിം, ക്രിസ്ത്യൻ, പാഴ്സി, ജൂതൻ എന്നീ മതവിഭാഗങ്ങൾക്കൊഴിച്ചുള്ള മുഴുവൻ വ്യക്തികൾക്കും ബാധകമായാണ് ‘ഹിന്ദു കോഡ് ബിൽ’ ഡോ. അംബേദ്‌കർ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കുന്ന വിവേചനത്തിന് പരിഹാരമെന്നോണം അവതരിപ്പിച്ച ഹിന്ദു കോഡ് ബില്ലിന്റെ ചരിത്ര പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ് അദ്ദേഹം വിവേചനങ്ങൾ ഒഴിവാക്കുന്നതിനും സാമൂഹികനീതി നടപ്പാക്കുന്നതിനും ഒരു ഏകീകൃത സിവിൽ കോഡ് വേണമെന്ന് അംബേദ്‌കർ ആവശ്യപ്പെടുന്നത്. ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുത്വ ശക്തികളും ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ ഭാഗമായും ഹിന്ദു ധാർമികതയുടെ ഭാഗമായും ഇന്ന് ഉന്നയിക്കുന്ന തരത്തിലല്ല അംബേദ്‌കർ ഏകീകൃത സിവിൽ കോഡ് വേണമെന്ന ആവശ്യം അന്ന് ഉന്നയിച്ചത്. ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞ ഒരൊറ്റ മറുപടി മതി ഇത് മനസ്സിലാക്കാൻ;

1951 ഫെബ്രുവരി 5ന് ഡോ. അംബേദ്കർ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചതിനു ശേഷം പഞ്ചാബിൽനിന്നുള്ള പണ്ഡിറ്റ് താക്കൂർ ദാസ് ഭാർഗവ, സർദാർ ഹുക്കും സിങ് എന്നിവരുടെ ചോദ്യത്തിന് മറുപടി എന്നോണം അംബേദ്കർ പറഞ്ഞു, ‘‘ഹിന്ദു കോഡ് ബില്ലിന്റെ മുഖ്യ പ്രതിയോഗികളായിരുന്നവർ ഒറ്റ രാത്രികൊണ്ട് സിവിൽ കോഡിന്റെ പ്രധാന വക്താക്കളായി മാറിയതുതന്നെ അത്ഭുതപ്പെടുത്തി. രാജ്യത്തിന് ഒരു മെച്ചപ്പെട്ട നിയമം വേണമെന്നുള്ള അവരുടെ ഗൗരവപൂർവമായ ഉദ്ദേശ്യത്തിലും ധാർമികമായ ലക്ഷ്യത്തിലും താൻ സംശയാലുവാണ്. മതേതരത്വം എന്ന ആശയത്തെ ഉദ്ദേശിച്ച് ഭരണഘടനയിലെ മതേതര രാഷ്ട്രം എന്ന ആശയം അവർക്ക് മതം ഇല്ലായ്മ ചെയ്യാമെന്ന് അർഥമാക്കുന്നില്ല.’’5 ഹിന്ദുത്വശക്തികൾ ഏകീകൃത സിവിൽ കോഡ് എന്ന ആവശ്യം ഉന്നയിക്കുന്നത് ജനങ്ങളുടെ മേൽ ഒരു പ്രത്യേക മതം അടിച്ചേൽപിക്കാൻ വേണ്ടിയാണെന്നും ഹിന്ദുമത ധാർമികത അടിച്ചേൽപിക്കാൻ വേണ്ടിയാണെന്നും 72 വർഷം മുമ്പ് അദ്ദേഹത്തിന് പരിപൂർണ ബോധ്യമുണ്ടായിരുന്നു.

ഭരണഘടന അസംബ്ലിയിൽ നെഹ്​റു പ്രസംഗിക്കുന്നു

ഭരണഘടന അസംബ്ലിയിൽ നെഹ്​റു പ്രസംഗിക്കുന്നു

കോഡുമായി ബന്ധപ്പെട്ടു തുടങ്ങിയ ചർച്ചയുടെ തുടക്കം മുതൽതന്നെ നിയമം അടിച്ചേൽപിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. 1948 നവംബർ 23ന് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ടു നടന്ന ചർച്ചയിൽ ഭരണഘടനാ അസംബ്ലിയിലെ ന്യൂനപക്ഷ അംഗങ്ങൾ ഉന്നയിച്ച ആശങ്കകൾക്ക് ഡോ. അംബേദ്കർ മറുപടി പറയുന്നത്, ‘‘കോഡ് രൂപവത്കരിച്ചതിനുശേഷം അത് എല്ലാ പൗരന്മാരുടെ മേലും അവർ പൗരന്മാരായതുകൊണ്ടുമാത്രം ഇത് [ആർട്ടിക്കിൾ 35] (കരട് രേഖയിൽ ആദ്യം ആർട്ടിക്കിൾ 35 ആയിരുന്നു. പിന്നീട് ആണ് ആർട്ടിക്കിൾ 44 ആയത്) നടപ്പാക്കുമെന്ന് പറയുന്നില്ല’’ എന്നാണ്. മാത്രമല്ല, ഭാവിയിൽ പാർലമെന്റ് ഏകീകൃത സിവിൽ കോഡ് നിർമിക്കുകയാണെങ്കിൽ ‘‘തങ്ങൾ അതിന് വിധേയരാകാൻ തയാറാണ്’’ (prepared to be bound by it) എന്ന് പ്രഖ്യാപിക്കുന്നവർക്ക് മാത്രമേ നിയമം ബാധകമാകൂ എന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുന്നത് ‘‘തികച്ചും സാധ്യമാണ്’’ (perfectly possible) എന്നും അദ്ദേഹം അതേ അസംബ്ലിയിൽ അംഗങ്ങൾക്ക് മറുപടിയായി പറയുന്നുണ്ട്. നൂറുകണക്കിന് വ്യക്തിനിയമങ്ങളും ഗോത്രവൈവിധ്യങ്ങളും നിലനിൽക്കുന്ന ഇന്ത്യപോലൊരു ബഹുസ്വര രാജ്യത്ത് ഒരു ഏകീകൃത വ്യക്തിനിയമം അടിച്ചേൽപിച്ചാൽ ഉണ്ടാകുന്ന ദുരന്തം ദീർഘവീക്ഷണത്തോടെ കണ്ടുകൊണ്ടാണ് ഏകീകൃത സിവിൽ കോഡിന്റെ പ്രയോഗം പരിപൂർണമായും സ്വയംനിർണയപരമായിരിക്കണമെന്ന് (‘‘​The application of the Code may be purely voluntary’’) ഡോ. അംബേദ്‌കർ പറഞ്ഞത്.6

ഹിന്ദു കോഡ് ബില്ലിൽ ഏറെ വിവാദങ്ങൾ കത്തിനിൽക്കുന്ന സമയത്താണ്, 1950 ജനുവരി 11 ന് ബോംബെ സിദ്ധാർഥ കോളജിലെ വിദ്യാർഥി പാർലമെന്റിൽ ഹിന്ദു കോഡ് ബിൽ സംബന്ധിച്ച്‌ സംസാരിക്കാൻ ഡോ. ബി.ആർ. അംബേദ്‌കർ എത്തുന്നത്. ‘‘ഹിന്ദു കോഡ് പുതിയ സിവിൽ കോഡിന്റെ ആദ്യപടിയാണ്’’ എന്ന് പറഞ്ഞശേഷം അദ്ദേഹം വിശദീകരിക്കുന്നു, ‘‘ഈ ബില്ലിന് ഉഗ്രരൂപമില്ല. സനാതന വിരോധവുമില്ല. പുതിയ അഭിപ്രായങ്ങൾക്കും പുതിയ ആചാരങ്ങൾക്കും സ്ഥാനം കൊടുത്തിട്ടുണ്ടെന്നു മാത്രം. പുതിയ അഭിപ്രായങ്ങളും പുതിയ ആചാരങ്ങളും ഇഷ്ടമില്ലാത്തവർ അവ പാലിക്കണമെന്ന് ബിൽ പറയുന്നില്ല’’ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ന്യൂനപക്ഷങ്ങളുടെ ആശങ്കകളെ കണക്കിലെടുത്തുകൊണ്ട് ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഒരു പടികൂടി കടന്ന് അദ്ദേഹം മറുപടി പറയുന്നത്, മുസ്‍ലിം സമുദായത്തെ കലാപത്തിലേക്ക് പ്രകോപിപ്പിക്കുന്ന തരത്തിൽ ഒരു സർക്കാറിനും അധികാരം പ്രയോഗിക്കാനാവില്ല. അങ്ങനെ ചെയ്‌താൽ അതൊരു ഭ്രാന്തൻ സർക്കാറായിരിക്കുമെന്നു ഞാൻ കരുതുന്നു. എന്നാൽ, അത് അധികാരത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട വിഷയമാണ്, അധികാരവുമായി ബന്ധപ്പെട്ടതല്ല. (‘‘No government can exercise its power in such a manner as to provoke the Muslim community to rise in rebellion. I think it would be a mad government if it did so. But that is a matter which relates to the exercise of the power and not to the power it self.’’7 വ്യത്യസ്ത സാമൂഹികവിഭാഗങ്ങളെ, മത ന്യൂനപക്ഷങ്ങളെ കണക്കിലെടുക്കാതെ ഏകീകൃത സിവിൽ നിയമം നടപ്പാക്കാൻ ഏതെങ്കിലും സർക്കാർ ശ്രമിച്ചാൽ അതൊരു ഭ്രാന്തൻ സർക്കാർ ആയിരിക്കും എന്നതായിരുന്നു ഡോ. അംബേദ്കറുടെ നിലപാട്. കാര്യങ്ങൾ വളരെ വ്യക്തമാണ്, ഇന്ത്യൻ പാർലമെന്റ് ഒരു ഏകീകൃത സിവിൽ കോഡ് പാസാക്കുകയാണെങ്കിൽ അത് ആദിവാസികളുടെയോ മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെയുള്ള മതവിഭാഗങ്ങളുടെയോ, മറ്റ് സാംസ്കാരിക വൈവിധ്യ വിഭാഗങ്ങളുടെയോ മുകളിലോ നിയമം അടിച്ചേൽപിക്കാൻ കഴിയില്ല എന്ന് അർധശങ്കക്ക് ഇടയില്ലാത്തവിധം പറഞ്ഞിട്ടുണ്ട് ഡോ. ബി.ആർ. അംബേദ്‌കർ. അദ്ദേഹത്തിന്റെ ഈ നിലപാടുകളെ അദൃശ്യവത്കരിച്ചുകൊണ്ടാണ് ഒരു ഏകീകൃത സിവിൽ കോഡിനായി ഡോ. ബി.ആർ. അംബേദ്‌കർ നിലകൊണ്ടു എന്ന് ഹിന്ദുത്വ ശക്തികളും യുക്തിവാദികളും ഇടതുപക്ഷക്കാരും പുരോഗമനക്കാർ വരെ വ്യാഖ്യാനം നടത്തുന്നത്.

സിവിൽ കോഡിനെ അംബേദ്‌കർ എന്തുകൊണ്ട് അംഗീകരിച്ചു?

‘‘ഹിന്ദു കോഡ് പുതിയ സിവിൽ കോഡിന്റെ ആദ്യപടിയായാണ്’’ ഡോ. അംബേദ്‌കർ കണ്ടത്. ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട ഏറ്റവും പുരോഗമനപരമായ ബില്ലുകളിൽ ഒന്നായിരുന്നു ഹിന്ദു കോഡ് ബിൽ. വിവാഹം, ദത്ത്, ബഹുഭാര്യത്വം, വിവാഹമോചനം, പൂർവിക സ്വത്ത്, സ്വത്തവകാശം എന്നിവയാണ് ഹിന്ദു കോഡിൽ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. ജാതിയാലും ഹിന്ദു ധാർമികമൂല്യങ്ങളാലും വിവേചനവും സാമൂഹിക പുറംതള്ളലും അനുഭവിച്ചിരുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകൾക്കും വിവാഹത്തിനും വിവാഹമോചനത്തിനു ദത്തിനും പരിരക്ഷയും തുല്യാവകാശവും സ്വത്തവകാശവും ഉറപ്പുനൽകുന്നതുമായ ബില്ലായിരുന്നു ഹിന്ദു കോഡ് ബിൽ. കോൺസ്റ്റിറ്റുവന്റ്‌ അസംബ്ലിയിൽ 1947 ഏപ്രിൽ 11ന് ബിൽ ചർച്ചക്കുവെച്ചെങ്കിലും 1948 ഏപ്രിൽ 9ന് സെലക്ഷൻ കമ്മിറ്റിക്ക് വിട്ടു. ഒടുവിൽ ഡോ. അംബേദ്‌കർ നിയമനിർമാണ സഭയിൽ ബിൽ അവതരിപ്പിക്കുന്നത് 1951 ഫെബ്രുവരി 5ന് ആണ്. ജാതിവാദികളും ഹിന്ദുത്വവാദികളും ഒന്നടങ്കം ഹിന്ദു കോഡ് ബില്ലിന് എതിരായി നിന്നു. സ്വതന്ത്ര ഇന്ത്യയിൽ ഒരു ബില്ലിന്മേൽ ഏറ്റവും അധികം ചർച്ച നടന്നത് ഹിന്ദ് കോഡ് ബില്ലിന്മേൽ ആയിരുന്നു, ഏതാണ്ട് നാലു വർഷക്കാലം. ഒടുവിൽ ബിൽ നിയമമായി പാസാക്കാൻ കഴിയാത്ത ഘട്ടത്തിലാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമന്ത്രി ഡോ. ബി.ആർ. അംബേദ്‌കർ 1951 സെപ്റ്റംബർ 27ന് നെഹ്‌റു മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്നത്.

ഡോ. അംബേദ്കറെ സംബന്ധിച്ച് ഹിന്ദു കോഡ് ഒരു നിയമപ്രശ്‌നം ആയിരുന്നില്ല, രാഷ്ട്രീയ പ്രശ്നം ആയിരുന്നു. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക മേഖലകൾ അടക്കിഭരിച്ചിരുന്നത് ജാതിമേൽക്കോയ്മയിലൂടെ ആയിരുന്നതുകൊണ്ട് ജാതിയെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയലക്ഷ്യം. ജാതിയെ നിലനിർത്തുന്നത് സ്ത്രീ ശരീരങ്ങൾക്കും ജീവിതത്തിനും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടും, സ്വജാതി വിവാഹങ്ങളിലൂടെയുമാണെന്ന് അദ്ദേഹം കണ്ടെത്തുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായതും ഇന്ന് ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതുമായ ‘Annihilation of Caste’ൽ ജാതിനിർമൂലനത്തിനുള്ള ഏറ്റവും പ്രധാനവഴി മിശ്രവിവാഹമാണെന്ന് അംബേദ്‌കർ എഴുതുന്നത്. ‘‘ജാതിയെ തകർക്കാനുള്ള യഥാർഥ പ്രതിവിധി മിശ്രവിവാഹമാണ്.

രക്തക്കലർപ്പിനു മാത്രമേ ഉറ്റവരും ബന്ധുക്കളുമെന്ന തോന്നൽ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. ബന്ധുക്കൾ എന്ന തോന്നൽ (സാഹോദര്യം – അതുകൊണ്ടാണ് അംബേദ്‌കർ സാഹോദര്യംതന്നെയാണ് ജനാധിപത്യം എന്ന് പറഞ്ഞത്) പരമപ്രധാനമാകാതെ, ജാതി സൃഷ്ടിക്കുന്ന വേറിട്ടവരെന്ന തോന്നൽ അപ്രത്യക്ഷമാകില്ല.’’8 ജാതി നിയമങ്ങളിലും ധാർമികതയിലും ആണ്ടുപോയ ഹിന്ദു സമൂഹത്തിനുള്ളിൽ മിശ്രവിവാഹത്തിനുള്ള ഒരു പരിരക്ഷയും വഴിയുമായാണ് അംബേദ്‌കർ ഹിന്ദു കോഡ് ബില്ലിനെ കണ്ടത്. അന്തർജാതി വിവാഹങ്ങൾ (Inter Caste Marriage) ഹിന്ദു സമൂഹത്തിൽ നിഷിദ്ധമായിരുന്നെന്നു മാത്രമല്ല, ഉയർന്ന ജാതിക്കാരെ വിവാഹം കഴിക്കുന്ന ദലിത്, ആദിവാസി, അതിപിന്നാക്ക അയിത്ത ജാതിക്കാരെ കൊന്നുകളയുകയോ ആക്രമിച്ച് ആട്ടിയോടിക്കുകയോ ആയിരുന്നു ഹിന്ദു ധാർമിക നിയമം. ഇതിന് തടയിടുകയും അന്തർജാതി വിവാഹങ്ങൾക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്യുക എന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. ആത്യന്തികമായി ജാതിനിർമൂലനത്തിനുള്ള വഴിയുടെ നിയമസാധുതയായാണ് അംബേദ്‌കർ ബില്ലിനെ കണ്ടത്.

അദ്ദേഹം വളരെ വ്യക്തമായി തന്നെ അത് എഴുതിയിട്ടുമുണ്ട്. ‘‘ഒന്നാമത്തെ പരിഷ്കാരം വിവാഹം, ദത്ത് തുടങ്ങിയ വിഷയങ്ങളിൽ ജാതിസംബന്ധമായിട്ടുള്ളതാണ്. പഴയതും നടപ്പുള്ളതുമായ നിയമമനുസരിച്ച് വിവാഹവും ദത്തും അതതു ജാതിയുടെ അകത്തു മാത്രമേ നടക്കുകയുള്ളൂ. ഇന്നും അങ്ങനെയാണ്. മറ്റൊരു ജാതിയുമായി വിവാഹമോ ദത്തോ നടന്നാൽ അത് നിയമപ്രകാരം റദ്ദായതായി പരിഗണിക്കപ്പെടും. ഇപ്രകാരം ഹിന്ദു സമൂഹവും നിയമവും രണ്ടും ജാതിയിൽ അധിഷ്ഠിതമാണ്. ജാതിയില്ലാത്ത ഹിന്ദുവില്ല. ഇക്കാര്യം ഹിന്ദു കോഡ് ബിൽ സമ്മതിക്കുന്നില്ല. ഹിന്ദു കോഡ് ബിൽ വഴി ജാതി ഉച്ചാടനം ചെയ്യണം. പുതിയ ബില്ലിൽ ജാതിയുടെ ബന്ധനം ഉണ്ടായിരിക്കുകയില്ല. ഏതൊരു ജാതിയുമായും വിവാഹവും ദത്തും അനുവദിക്കും.’’9 ഭരണഘടനാ അസംബ്ലിയിൽ ഹിന്ദു കോഡ് ബില്ല് അവതരിപ്പിച്ചപ്പോൾ ജാതിവാദികളെയും ഹിന്ദുത്വവാദികളെയും വിറളി പിടിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നിതായിരുന്നു.

‘‘ഹിന്ദുക്കൾ മതമെന്ന് വിളിക്കുന്നത് യഥാർഥത്തിൽ നിയമമാണ്. അല്ലെങ്കിൽ വർണ ധാർമികതയാണ്’’, ‘‘ഹിന്ദു നിയമം ജാതിയെ മാനിക്കുന്നു’’ ഇതായിരുന്നു ഹിന്ദുമതവുമായി ബന്ധപ്പെട്ട ഡോ. അംബേദ്കറുടെ അടിസ്ഥാന ധാരണ. അതുകൊണ്ടാണ് അദ്ദേഹം ഹിന്ദുമതം ‘വിലക്കുകളുടെ തത്ത്വശാസ്ത്രം’ ആണെന്ന് പറഞ്ഞത്. സാമൂഹികനീതി നിഷേധിക്കുന്ന ഹിന്ദു ധാർമികതയെ മറികടക്കാൻ ഭരണഘടനാപരമായ പരിരക്ഷ ഉറപ്പിക്കുക എന്നതായിരുന്നു അംബേദ്‌കറിന്റെ ലക്ഷ്യം. അതിന് ഹിന്ദുവിലെ മുഴുവൻ വിഭാഗങ്ങൾക്കും ബാധകമാകുന്ന ഒരു സിവിൽ നിയമവും ആത്യന്തികമായി എല്ലാ പൗരനും ബാധകമാകുന്ന ഒരു ഏകീകൃത സിവിൽ നിയമം ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ നിർദേശക തത്ത്വമായി ആർട്ടിക്ക്ൾ 44ൽ ‘യൂനിഫോം സിവിൽ കോഡ്’ ഉൾപ്പെടുത്തുന്നത്. ‘സ്റ്റേറ്റ് സോഷ്യലിസ’ത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഡോ. അംബേദ്‌കർ. പൗരന് നീതി ഉറപ്പാക്കേണ്ടതും വിവേചനങ്ങൾ ഇല്ലാതാക്കേണ്ടതും സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്ക് ഒരു ഭരണഘടന ഉണ്ടായപ്പോൾ ജാതിയുടെ ശ്രേണീകൃതമായ അസമത്വം കൊണ്ട് വ്യത്യസ്ത നിലകളിൽ അനീതി അനുഭവിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ ആദിവാസികൾക്കും ദലിതർക്കും മത ന്യൂനപക്ഷങ്ങൾക്കും ഭാഷാ ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും വംശീയ ഗ്രൂപ്പുകൾക്കും പ്രത്യേകം പ്രത്യേകം അവകാശങ്ങൾ ഉറപ്പിച്ചെടുക്കാൻ അദ്ദേഹം കോൺഗ്രസിനോടും ഹിന്ദുത്വ ശക്തികളോടും മുഖാമുഖം നിന്ന് ഒറ്റക്ക് പോരാടിയത്. ഈ അവകാശങ്ങളെ ഹനിച്ചുകൊണ്ടോ നിഷേധിച്ചുകൊണ്ടോ അല്ല ഏകീകൃത സിവിൽ കോഡ് വേണമെന്ന് അദ്ദേഹം പറഞ്ഞത്.


ഹിന്ദു കോഡ് ബില്ലിലൂടെ സാമൂഹികനീതി ഉറപ്പിച്ചെടുക്കുന്നതിന്റെ സ്വാഭാവിക വഴിയിലാണ് അദ്ദേഹം ഏകീകൃത സിവിൽ കോഡിനെയും കണ്ടത്. നീതി അപ്രാപ്യമായിരുന്ന ജനതകൾക്കെല്ലാവർക്കും നിയമത്തിലൂടെ ഒരുപോലെ നീതി ലഭ്യമാക്കുക എന്നതായിരുന്നു ഏകീകൃത സിവിൽ കോഡിലൂടെ ഡോ. അംബേദ്‌കർ മുന്നോട്ടുവെച്ചത്. എന്നുവെച്ചാൽ ഇന്ത്യയുടെ ജനാധിപത്യ പ്രശ്‌നമായി, ഓരോ പൗരനും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഉറപ്പുനൽകുന്ന സാമൂഹിക ജനാധിപത്യ പ്രശ്നമായാണ് ഹിന്ദു കോഡ് ബില്ലിനെയും അതിന്റെ തുടർച്ചയിൽ ഏകീകൃത സിവിൽ നിയമത്തെയും അദ്ദേഹം കണ്ടത്. ഒരു ഏകീകൃത സിവിൽ കോഡിന് ഇന്ത്യ പാകപ്പെടുമ്പോൾ, അതിനുള്ള സാമൂഹിക സാഹചര്യം രൂപപ്പെടുമ്പോൾ മുഴുവൻ മത-സാമുദായിക വിഭാഗങ്ങളോടും ആലോചിച്ചുകൊണ്ടും വ്യവസ്ഥകളിലൂടെയും അടിച്ചേൽപിക്കാതെയും ഏകീകൃത സിവിൽ നിയമം നടപ്പാക്കുക എന്നതാണ് ഡോ. ബി.ആർ. അംബേദ്‌കർ വിഭാവനംചെയ്തത്.

75 വർഷം മുമ്പ് ‘ഏകീകൃത സിവിൽ കോഡ്’ ഉന്നയിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഹിന്ദുത്വ ഫാഷിസം എല്ലാ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും തകർത്ത് മുസ്‌ലിം അപരവത്കരണവും അക്രമങ്ങളും ദലിത്-ആദിവാസി സാമൂഹിക പുറംതള്ളലും നടത്തിക്കൊണ്ടിരിക്കുന്ന സന്ദർഭമാണിത്. ഭരണഘടനാ പരിരക്ഷ ഒന്നുകൊണ്ട് മാത്രമാണ് ഈ ജനസമൂഹങ്ങൾ പ്രാതിനിധ്യവും പങ്കാളിത്തവുമുള്ള പൗരന്മാരായി ഇന്ത്യയിൽ നിലനിൽക്കുന്നതും സാമൂഹികജീവിതം മെച്ചപ്പെടുത്തുന്നതും. ഈ പരിരക്ഷകളെയെല്ലാം അട്ടിമറിച്ച്, ഹിന്ദുത്വ മൂല്യങ്ങളെ സ്ഥാപിച്ചെടുത്ത് ഹിന്ദുരാഷ്ട്രം നിർമിച്ചെടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ബി.ജെ.പിയും ആർ.എസ്.എസും ഹിന്ദുത്വശക്തികളും ഇപ്പോൾ മുന്നോട്ടുവെക്കുന്ന ഏകീകൃത സിവിൽ കോഡ്.

തങ്ങളുടെ ഹിന്ദുരാഷ്ട്ര പദ്ധതിയുടെ അജണ്ട നടപ്പാക്കാൻ ഡോ. ബി.ആർ. അംബേദ്‌കർ പറഞ്ഞിട്ടുള്ള കാര്യങ്ങളെ പാടെ മൂടിവെച്ച് അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിക്കുകയും അവതരിപ്പിക്കുകയുമാണ് ബി.ജെ.പിയും ആർ.എസ്.എസും ചെയ്യുന്നത്. ‘‘ഹിന്ദുരാജ് യാഥാർഥ്യമാകുകയാണെങ്കിൽ, അതായിരിക്കും ഈ രാജ്യത്തെ ഏറ്റവും വലിയ ദുരന്തമെന്നതിൽ എനിക്ക് സംശയമില്ല. എന്തു വില കൊടുത്തും ഹിന്ദുരാജ് തടയണം’’10 എന്നു പറഞ്ഞ ഡോ. ബി.ആർ. അംബേദ്കറുടെ വാക്കുകൾ നമുക്ക് വഴികാട്ടിയായി ഉണ്ടാവുകയും ഹിന്ദുരാഷ്ട്ര നിർമാണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന ഏകീകൃത സിവിൽ കോഡ് പോലെയുള്ള ഗൂഢതന്ത്രങ്ങൾക്കെതിരായി ജാഗരൂകരാവുകയും ഇന്ത്യയിലെ ഓരോ പൗരനും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും അനുഭവവേദ്യമാകുന്ന സാമൂഹിക ജനാധിപത്യത്തിനായി നാം നിലകൊള്ളുകയും ചെയ്യുമ്പോൾ മാത്രമേ ഇന്ത്യ, ജനാധിപത്യ ഇന്ത്യയാ

News Summary - uniform civil code and ambedkar