Begin typing your search above and press return to search.
proflie-avatar
Login

അസ്റ്റാപോവൊയിലെ ചിരപരിചിതരായ രണ്ടപരിചിതർ

അസ്റ്റാപോവൊയിലെ   ചിരപരിചിതരായ രണ്ടപരിചിതർ
cancel

മഹാനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുടെ അന്ത്യനിമിഷങ്ങളിലെ അനുഭവം എഴുതുകയാണ് ലേഖകൻ. ടോൾസ്റ്റോയിയെ കാണാൻ ​ഭാര്യ സോഫിയ എത്തുന്നു. സങ്കീർണവും കുഴഞ്ഞുമറിഞ്ഞതുമായ ദാമ്പത്യമായിരുന്നു അവരുടേത്. റഷ്യക്ക് രണ്ട് സാർ ചക്രവർത്തിമാരുണ്ടെന്നാണ് പറയപ്പെട്ടിരുന്നത്. പ്രത്യേകിച്ച് 1910 കാലയളവിൽ. നിക്കോളാസ് രണ്ടാമനും ലെവ് നികോളെവിച്ച് ടോൾസ്റ്റോയിയും. പക്ഷേ, നവംബർ മാസത്തിന്റെ തുടക്കത്തിൽ ഒരാൾ മാത്രമേ ചക്രവർത്തിയായി ഉണ്ടാവുകയുള്ളൂ എന്ന് കരുതപ്പെട്ടു. കാരണം, 82കാരനായ ടോൾസ്റ്റോയി റഷ്യയിലെ അസ്റ്റാപോവൊ എന്ന കുഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ ഗുരുതരമായ രോഗം ബാധിച്ച് മരണാസന്നനായി കിടക്കുകയായിരുന്നു....

Your Subscription Supports Independent Journalism

View Plans
മഹാനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയിയുടെ അന്ത്യനിമിഷങ്ങളിലെ അനുഭവം എഴുതുകയാണ് ലേഖകൻ. ടോൾസ്റ്റോയിയെ കാണാൻ ​ഭാര്യ സോഫിയ എത്തുന്നു. സങ്കീർണവും കുഴഞ്ഞുമറിഞ്ഞതുമായ ദാമ്പത്യമായിരുന്നു അവരുടേത്.

റഷ്യക്ക് രണ്ട് സാർ ചക്രവർത്തിമാരുണ്ടെന്നാണ് പറയപ്പെട്ടിരുന്നത്. പ്രത്യേകിച്ച് 1910 കാലയളവിൽ. നിക്കോളാസ് രണ്ടാമനും ലെവ് നികോളെവിച്ച് ടോൾസ്റ്റോയിയും. പക്ഷേ, നവംബർ മാസത്തിന്റെ തുടക്കത്തിൽ ഒരാൾ മാത്രമേ ചക്രവർത്തിയായി ഉണ്ടാവുകയുള്ളൂ എന്ന് കരുതപ്പെട്ടു. കാരണം, 82കാരനായ ടോൾസ്റ്റോയി റഷ്യയിലെ അസ്റ്റാപോവൊ എന്ന കുഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ ഗുരുതരമായ രോഗം ബാധിച്ച് മരണാസന്നനായി കിടക്കുകയായിരുന്നു. യഥാർഥത്തിൽ സാർ ചക്രവർത്തി സ്ഥാനം അലങ്കരിച്ചിരുന്നത് നിക്കോളാസ് രണ്ടാമനായിരുന്നെങ്കിലും എഴുത്തുകാരനും ചിന്തകനും അതിനുമപ്പുറം സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന ‘കൗണ്ടു’മായിരുന്ന ടോൾസ്റ്റോയിക്ക് റഷ്യൻ ജനതയിൽ വമ്പിച്ച സ്വാധീനമാണുണ്ടായിരുന്നത്. അദ്ദേഹം മറ്റൊരു ചക്രവർത്തിയായി കരുതപ്പെട്ടു. ഒരുപക്ഷേ റഷ്യൻ ജനതയുടെ മാത്രം സവിശേഷതയായി ഇതിനെ കരുതാം. അവരുടെ സാംസ്കാരിക-സാഹിത്യാഭ്യുന്നതി നൂറ്റാണ്ടുകൾക്കു മുമ്പേ, രജതരേഖയായി തിളങ്ങിനിന്നിരുന്നു എന്നത് ഒരേസമയം വിസ്മയവും അവിശ്വസനീയവുമാണ്.

വല്ലപ്പോഴും മാത്രം ഉപയോഗിച്ചിരുന്നതും ഗ്രാമപാതക്കരികിലുള്ളതുമായ ആ റെയിൽവേ പ്ലാറ്റ്ഫോമിൽ ടോൾസ്റ്റോയിയുടെ ആരോഗ്യനിലയെ കുറിച്ചറിയാനുള്ള ഉത്കണ്ഠാകുലമായ പിരിമുറുക്കത്തോടെ ആളുകൾ തിങ്ങിനിറഞ്ഞു നിന്നു. ഒരുപക്ഷേ, അങ്ങനെ പ്രാചീനമായൊരു റെയിൽവേ സ്റ്റേഷനും ഒട്ടും പുരോഗമിക്കാത്ത ഒരിടവും പിൽക്കാലത്ത് ടോൾസ്റ്റോയിയിലൂടെയാണ് പുറംലോകം അറിയുന്നത്. സമൂഹത്തിന്റെ നാനാമേഖലകളിലുമുൾപ്പെട്ടവരുടെ ഒരു കൂട്ടം അതിനുമുമ്പുണ്ടാകാത്തവിധം അവിടെ കൂടിയതിന്റെ യഥാർഥ കാരണം തിരിച്ചറിയണമെങ്കിൽ റഷ്യൻ ജനതയുടെ മുമ്പ് പറഞ്ഞ സവിശേഷമായ ആന്തരികലോകത്തെ കുറിച്ചുകൂടി അറിയേണ്ടിയിരിക്കുന്നു.

എന്നാൽ, അവിടെ എത്തപ്പെട്ട വിശ്വസാഹിത്യകാരന്റെ പങ്കാളി സോഫിയ ടോൾസ്റ്റോയിക്ക് തന്റെ പ്രിയപ്പെട്ട ഭർത്താവ് മരണമുഖത്ത് അർധബോധാവസ്ഥയിൽ കിടക്കുന്ന മഞ്ഞും തണുപ്പും മൂടിയ ആ കുടിൽ വ്യക്തമായി കാണാൻപോലും കഴിഞ്ഞില്ല. തീർത്തും അപരിചിതമായൊരു സന്ദർഭവും സ്ഥലവും സാഹചര്യവും ആൾക്കൂട്ടവുമെല്ലാം സോഫിയയെ ആന്തരികവ്യഥയുടെ ഇരുട്ടിലാഴ്ത്തി. സോഫിയ ശ്വാസംമുട്ടി പിടഞ്ഞു.

താൻ വന്ന ട്രെയിനിൽനിന്ന് സോഫിയ ടോൾസ്റ്റോയി പുറത്തിറങ്ങി. തണുത്ത കാറ്റ് ചൂളംകുത്തുക മാത്രമല്ല അസ്ഥിയിലേക്കാഴ്ന്നിറങ്ങുകയാണ്. അവിടെ ആയിരങ്ങൾ പ്രത്യേകിച്ച് കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കർഷകർ തങ്ങൾക്കെത്രയോ പ്രിയപ്പെട്ട ഒരാളുടെ അന്ത്യനിമിഷങ്ങളിലെന്നപോലെ കരഞ്ഞും പ്രാർഥനകളുരുവിട്ടും നിൽക്കുന്ന കാഴ്ച സോഫിയയിൽ പ്രത്യേകിച്ച് ഒരു ചലനവും സൃഷ്ടിച്ചില്ല. അവർ തന്റേതായ യാഥാർഥ്യങ്ങളുടെ വേനലിൽ അശരണയായി നഗ്നപാദയായി നീങ്ങുകയാണ്.

സംഘമായി സഞ്ചരിക്കുന്ന ജിപ്സികൾ തണുപ്പകറ്റാനായി തീകൂട്ടി കായുന്നതും സോഫിയയുടെ കാഴ്ചയെ അമ്പരപ്പിച്ചുകൊണ്ടു കയറിവന്നു. തനിക്ക് പരിചയമുള്ളവരായിരുന്നു അക്കൂട്ടത്തിലധികം പേരും. തുല നഗരത്തിലെ മജിസ്ട്രേറ്റ്, ടോൾസ്റ്റോയിയുടെ പഴയകാല വിദ്യാർഥികൾ, ഭൂവുടമകൾ തുടങ്ങിയവർ ചേർന്ന് അത് വലിയൊരു കുടുംബംപോലെ തോന്നിച്ചു. മനുഷ്യരെല്ലാം പരസ്പരസ്നേഹത്താൽ ഒരു കുടുംബംപോലെയാണെന്ന ടോൾസ്റ്റോയി വചനംപോലെ, ആ വലിയ കുടുംബം അതിന്റെ നാഥന്റെ വിടവാങ്ങൽ വേളയിൽ ഒന്നിച്ചു കൂടിയതുപോലെയായിരുന്നു.

ടോൾസ്റ്റോയി അസുഖബാധിതനായത് തന്റെ യാത്രക്കിടയിലാണ്. ഒട്ടുംതന്നെ സൗകര്യങ്ങളില്ലാത്ത അസ്റ്റാപോവൊ എന്ന കുഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ താൽക്കാലികമായി സെറ്റ്ചെയ്ത ആശുപത്രിയിൽ അദ്ദേഹം കിടപ്പിലാണെന്നറിഞ്ഞതോടെ സാർചക്രവർത്തിയും കുടുംബവും ജർമൻ സന്ദർശനം പാതിവഴിയിൽ മുടക്കി വിന്റർപാലസിലേക്കു മടങ്ങി. റഷ്യയിൽ മാത്രമല്ല, വിദേശത്തും ഏതാണ്ട് ലോകത്തെല്ലായിടത്തും ആദരിക്കപ്പെടുന്ന മഹനീയവ്യക്തിയെന്ന നിലയിൽ മാത്രമല്ല, ആളുകൾ പ്രവാചകനെപ്പോലെ സ്നേഹബഹുമാനങ്ങളോടെ കരുതുകയും ചെയ്തിരുന്ന ആ മനുഷ്യനെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ധാരാളം പത്രപ്രവർത്തകരും എത്തിയിരുന്നു. അക്ഷരാർഥത്തിൽ അസ്റ്റാപോവൊ വീർപ്പുമുട്ടി.

ജനങ്ങൾ മാത്രമല്ല ഔദ്യോഗിക സംവിധാനങ്ങളും വിദേശപത്രക്കാരും വ്യക്തികളും ഇതിലുൾപ്പെടും ടോൾസ്റ്റോയി ഒഴികെ ലോകത്ത് മറ്റേതെങ്കിലും സാഹിത്യകാരനോ ചിന്തകനോ ഇത്രയേറെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് പറയാനാവില്ല. അതിനുകാരണം സാധാരണഗതിയിൽ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാത്ത അദ്ദേഹത്തിന്റെ എഴുത്തിലെ അപൂർവവും അസാധാരണവുമായ പ്രവർത്തനക്ഷമതയാണ്. അതിന്റെ ഊർജപ്രവാഹമാണ്. അതുതന്നെയായിരിക്കാം 82 വയസ്സായ രോഗിയായ ആ വൃദ്ധൻ പാതിരാത്രി കഴിഞ്ഞ് തണുപ്പിനെ വെല്ലുവിളിച്ച് ഇത്തരം ഒരു യാത്രക്ക് തുനിഞ്ഞതിനുകാരണവും.

സാമാന്യമായ യുക്തികൊണ്ട് വിശകലനംചെയ്യാൻ പറ്റാത്തവിധം അസാധാരണമായിരുന്നു എല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ടോൾസ്റ്റോയിയുടെ ഈ യാത്ര. ടോൾസ്റ്റോയിയുടെ വ്യക്തിത്വം സങ്കീർണവും ചഞ്ചലവും വൈകാരികതകൾ നിറഞ്ഞാടുന്നതും, ഒട്ടനവധി ടോൾസ്റ്റോയിമാർ കുടിപ്പാർക്കുന്ന ഗുഹകൾ നിറഞ്ഞതുമാണ്. ഇങ്ങനെ പലതലങ്ങളുള്ള വ്യക്തിത്വ വിശേഷങ്ങൾക്കൊപ്പം അദ്ദേഹത്തിൽ അയുക്തികവും അസംബന്ധവും അസാധാരണവുമായ മരണഭയവും ഉൾച്ചേർന്നിട്ടുണ്ട്.

എന്നാൽ, ടോൾസ്റ്റോയിയുടെ ഭാര്യയായ സോഫിയ, സാർ ചക്രവർത്തി മുതൽ പദവികൊണ്ട് തങ്ങളിൽനിന്ന് ഏറ്റവും താഴ്ന്നതായി കരുതപ്പെട്ടിരുന്ന കർഷകർവരെയുള്ളവരായ എല്ലാവരോടും ഒരേ മനോഭാവമാണ് വെച്ചുപുലർത്തിയിരുന്നത്. ഒരുതരം വിരോധഭാവം. അവർ ഭർത്താവിൽനിന്ന് അകന്നുപോകാനുള്ള കാരണങ്ങളിലൊന്ന് ടോൾസ്റ്റോയിയുടെ അനന്യമായ കാർഷികപ്രണയമായിരുന്നുവല്ലോ. എന്നാൽ, ഇവിടെ സോഫിയയുടെ ചിന്ത പ്രവർത്തിച്ചത് മറ്റൊരു വിധമായിരുന്നു. ടോൾസ്റ്റോയി തന്റെ ഭർത്താവാണ്, തന്റെമാത്രം ഭർത്താവ്. സോഫിയയുടെ ജീവിതത്തിന്റെ അകവും പുറവും ടോൾസ്റ്റോയി ആയിരുന്നു. പതിനെട്ടാം വയസ്സിൽ വിവാഹിതയായി അന്നേദിവസംതന്നെ വരന്റെ വീട്ടിലേക്ക് യാത്രതിരിച്ചതാണ്. അതിൽ പിന്നീട് സോഫിയ ജീവിച്ചത് ടോൾസ്റ്റോയിക്കും കുട്ടികൾക്കും വേണ്ടിമാത്രമായിരുന്നു. അവരുടെ പ്രണയം മറ്റെന്തിനേക്കാളും ശക്തവും.

പതിമൂന്നു മക്കളാണ് ആ ബന്ധത്തിൽ പിറന്നത്. അതിൽ ആറു പേർ ബാല്യം പിന്നിടുന്നതിനുമുമ്പേ മരണമടഞ്ഞു. സോഫിയയുടെ പ്രധാനപ്പെട്ടതും സോഫിയ സ്വയം വിലമതിച്ചിരുന്നതും ടോൾസ്റ്റോയിക്കു തന്നെ ഏറെ പ്രിയപ്പെട്ടതുമായിരുന്ന ഗുണം ആ പ്രതിഭയെ സെൻസ്ചെയ്യാനുള്ള അസാമാന്യമായ ഗ്രഹണശേഷിയായിരുന്നു. വായിച്ചെടുക്കാൻ ഏറെ പ്രയാസകരമായ ടോൾസ്റ്റോയിയുടെ കൈയക്ഷരം വായിച്ചെടുക്കാനും അത്‌ മനസ്സിലാക്കി മനോഹരമായി കോപ്പിയെടുക്കാനും സോഫിയക്ക് കഴിഞ്ഞിരുന്നു.

ഏതു തിരക്കുകൾക്കിടയിലും ഏറ്റവും സമർപ്പിതമനസ്സോടെയുള്ള സമീപനം തീർച്ചയായും സോഫിയയെ ആ പ്രതിഭയുടെ നിഴൽവെട്ടമാക്കിമാറ്റി. സോഫിയ ടോൾസ്റ്റോയിയും ഒരെഴുത്തുകാരിയായിരുന്നു. അവരുടെ രചനകൾ ഇപ്പോഴും ലഭ്യമാണുതാനും. ഈ കാര്യങ്ങളൊന്നും അസ്റ്റാപോവൊയിൽ തടിച്ചുകൂടിയിരുന്ന ആളുകൾക്കൊന്നും മനസ്സിലാകാത്ത യാഥാർഥ്യങ്ങളായിരുന്നു. ഒരുപക്ഷേ, അവരൊരിക്കൽപോലും മനസ്സിലാക്കാത്ത എത്രയോ ഗൗരവമേറിയ കാര്യങ്ങൾ തനിക്കും ഭർത്താവിനുമിടയിലുണ്ടായിരുന്നതായി സോഫിയ ചിന്തിച്ചിരിക്കാം.

എന്നാൽ, അവരെ സംബന്ധിച്ച് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരനെ, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെപ്പോലും സാഹോദര്യത്തിലും കരുണയിലും ചേർത്തുപിടിക്കണമെന്നു പറഞ്ഞ അവധൂതനെ, ജീവിതത്തിന്റെ അവസാനനിമിഷങ്ങളിൽപ്പോലും വിഷദംശനത്തിന് ഇരയാക്കിയ ക്രൂരയായ ഒരുവൾ എന്നനിലയിലും അദ്ദേഹത്തിന് കാവൽ നിന്ന ഭ്രാന്തിയായ സ്ത്രീ എന്നനിലയിലും ആയിരിക്കും ഒരുപക്ഷേ കരുതിയിരിക്കുക. അത്തരം കുറ്റപ്പെടുത്തലുകളാൽ ലോകവസാനം വരേക്കും ടോൾസ്റ്റോയിയുടെ ദുഷ്ടയായ ഭാര്യ എന്ന മൂടുപടത്തിൽനിന്നും സോഫിയക്ക് മോചനം ലഭിച്ചേക്കില്ല. മഹാനായ എഴുത്തുകാരനെ കുറിച്ച് അദ്ദേഹമെഴുതിയ പുസ്തകങ്ങളിലൂടെയും മറ്റുള്ളവർ പറഞ്ഞുകേട്ടതുമല്ലാതെ മറ്റൊന്നും ഈ ജനങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല.

അതോടൊപ്പം താൻ ടോൾസ്റ്റോയിയുടെ പേരിനുമേൽ കളങ്കം ചാർത്തിയവളായതുകൊണ്ടാണ് അദ്ദേഹം തന്നെ ഉപേക്ഷിച്ച് ശാന്തമായ മരണത്തിന് കൊതിച്ച് ഇവിടെവരെ എത്തിച്ചേർന്നതെന്ന് അവരെല്ലാം വിശ്വസിക്കുന്നുണ്ടാകും എന്ന ചിന്തയും സോഫിയയെ മഥിക്കുന്നുണ്ടാകാം. അവർ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹാനായ മനുഷ്യൻ, സ്വജീവിതത്തിൽ ഭാര്യ എന്ന നിലയിൽതന്നെ പരസ്യമായി അംഗീകരിക്കുകയോ പൊതുജനമധ്യേ അതേറ്റുപറയുകയോ ചെയ്തിട്ടില്ലെന്നിരിക്കെ, അന്യരായ ഇവർ എന്തറിയാനാണ്?

അതുമാത്രമല്ല സ്വൈരമില്ലാത്തൊരു ജീവിതത്തിൽനിന്ന് സ്വയമിറങ്ങിപ്പോന്നയാളുടെ സ്വകാര്യസ്വത്തും സുഖങ്ങളും മാത്രം മോഹിക്കുന്ന നിലതെറ്റിയ ഭാര്യയെന്ന നായകകഥാപാത്രത്തിന്റെ സാഹസികതയിൽ നിറം പകർന്ന എഴുത്തുകാരൻ. അയാൾ വെറുമൊരു സ്ത്രീയായ തന്നെക്കുറിച്ച് ജനതക്ക് കൈമാറിയ അറിവിന്റെ കയ്പിൽ സോഫിയ നീറിക്കൊണ്ടിരുന്നു. മൂത്തമകൾ ടാന്യയുടെയും ഇളയമക്കളായ മിഷയുടെയും ആൻഡ്രേയുഷയുടെയും സഹായത്തോടെ സോഫിയ ടോൾസ്റ്റോയി കിടക്കുന്ന ചെറിയ കുടിലിനെ സമീപിക്കാനൊരുങ്ങുകയായിരുന്നു.

പക്ഷേ, സോഫിയയെ തിരിച്ചറിഞ്ഞ പത്രപ്രവർത്തകരിൽ ചിലർ സോഫിയയെ ചുറ്റിപ്പറ്റിനിന്നു. രാഷ്ട്രാന്തരീയമായൊരു സംഭവം റിപ്പോർട്ടുചെയ്യാനായി ന്യൂസ് കാമറകൾ അടുത്തു പ്രവർത്തിച്ചുകൊണ്ടിരുന്നു. തീർത്തും അശ്രദ്ധമായി വസ്ത്രംധരിച്ചിരുന്ന അവളുടെ ആഴത്തിൽ കുഴിഞ്ഞ വലിയ കണ്ണുകളിൽ വേദന നിറഞ്ഞു. സ്നിഗ്ധമായ ത്വക്കുള്ള അവളുടെ കുലീനമായ മുഖം വികൃതവും ക്ഷീണിതവുമായിരുന്നു. എങ്കിലും വലിയൊരു ഇരയെ ലഭിച്ച ഉന്മാദത്തിൽ പത്രക്കാർ പരമ്പരാഗതമായ അതേ ആചാരത്തോടെ

‘‘നിങ്ങൾ എന്തിനാണ് സ്വയം മുങ്ങിച്ചാകാൻ ശ്രമിച്ചത്, കൗണ്ടസ്?’’

‘‘അദ്ദേഹം നിങ്ങളെയും വീടും വിട്ടിറങ്ങിപ്പോയത് എന്തുകൊണ്ടാണ്?’’


 


നിക്കോളാസ് രണ്ടാമൻ,ടോൾസ്റ്റോയിയുടെ മരണാനന്തര ചടങ്ങിൽനിന്ന്

എന്നിങ്ങനെ മുള്ളും മുനയും നീളുന്ന ചോദ്യങ്ങളെറിഞ്ഞു. അവർക്ക് മുന്നിൽ സോഫിയ അനിയന്ത്രിതയായി. ചുറ്റും കൂടിയിട്ടുള്ള ജനക്കൂട്ടത്തിന്റെ ആരവം പതിയെ കലഹസ്വഭാവത്തിലേക്ക് മാറുന്നതു കണ്ട് സോഫിയ ആശയക്കുഴപ്പത്തിലായി. ഭയത്തിന്റെ പാരുഷ്യങ്ങളിൽ അവളുലഞ്ഞുപോയി. സോഫിയപോലുമറിയാതെ ആത്മാവിന്റെ ആഴങ്ങളെ വന്യമായി കീറിക്കൊണ്ട് ഒരു നിലവിളി ഉറവ പൊട്ടിച്ചീറിത്തെറിച്ചതിന് ആകാശം സാക്ഷിയായി.

മുറുമുറുക്കുന്ന ജനങ്ങളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടായിരുന്നു. സോഫിയക്കൊപ്പം യാസ്നായപോള്യാനയിൽ നിന്നുവന്ന ഡോക്ടറും നഴ്സും തിക്കിത്തിരക്കി സോഫിയക്കരികിലെത്തി. സോഫിയയെ ട്രെയിനിലേക്ക് മടങ്ങാൻ നിർബന്ധിച്ചു.

സോഫിയ പക്ഷേ, അവരുടെ പിടിയിൽനിന്നു കുതറി കുടിലിന്റെ ദിശയിലേക്ക് നടന്നു. മരണാസന്നനായ പ്രിയതമനെ ഒരുനോക്കുകാണാൻ, താൻ ചെയ്തുവെന്നു കരുതപ്പെടുന്ന തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ് യാസ്നായാപോള്യാനയിലേക്ക് അദ്ദേഹത്തോടൊപ്പം മടങ്ങാൻ വെമ്പി. സോഫിയ കുടിലിന്റെ മരപ്പടികൾക്കരികിലെത്തി. അപ്പോൾ ഒരു നഴ്സും സ്റ്റേഷൻ മാസ്റ്ററും ചെറിയ വരാന്തയിലേക്ക് വന്നു, അവളെ തടയാൻ. അതേവരെ സോഫിയ പ്രകടിപ്പിച്ചിരുന്ന ഊർജം പൊടുന്നനെ കെട്ടുപോയതുപോലെ, താൻ 66 വയസ്സു പിന്നിട്ട വൃദ്ധയാണെന്ന് വേദനിച്ചു. ക്ഷീണിച്ചും വിറച്ചും തകർന്നുമിരിക്കുന്ന ഒരു രൂപത്തിലേക്ക് സ്വയം ഫ്രെയിം ചെയ്യപ്പെട്ട് സോഫിയ നിരാലംബയായി.

ഭർത്താവ് പരസ്യമായും പരോക്ഷമായും തള്ളിപ്പറഞ്ഞിട്ടും മക്കളെല്ലാം നിരുത്സാഹപ്പെടുത്തിയിട്ടും പലരും വഞ്ചിച്ചിട്ടും ലോകം മുഴുവൻ അവഹേളിച്ചിട്ടും തളരാതെ, സോഫിയ ഇപ്പോൾ സർവരാലും ഉപേക്ഷിക്കപ്പെട്ടവളായി തീരെ ചെറിയ ആ കുടിലിനുമുന്നിൽ ആൾക്കൂട്ട ബഹളങ്ങൾക്ക് മധ്യേ ഒരു കറുത്തപൊട്ടുപോലെ നിന്നു. സോഫിയയെ തന്റെ രോഗശയ്യയിൽ നിന്നും അവിടെ എത്തിച്ചത് ഭർത്താവിലേക്ക് തന്റെ ലോകവും ജീവിതവും ചുരുക്കിയെടുത്ത അതിശക്തമായ സ്നേഹവും ദൃഢബോധ്യവുമായിരുന്നു. അവസാന നിമിഷങ്ങളിലേക്കാണ്ടുപോകുന്ന അബോധത്തിന്റെ സഞ്ചാരപഥത്തിൽ ഭർത്താവിനരികെ അദ്ദേഹത്തെ ശുശ്രൂശിക്കാൻ മോഹിച്ചാണ് ആ കുടിലിന്റെ ചവിട്ടുപടിവരെ സോഫിയയെത്തിയത്.

പക്ഷേ, ദൂരവും സമയവും വിധിയും ഒത്തുചേർന്നു കളിയാടിയ ചതുരംഗത്തിൽ സോഫിയ തിരികെ അയക്കപ്പെട്ടു. സോഫിയക്ക് ഭർത്താവിനടുത്തേക്ക് പ്രവേശനം വിലക്കപ്പെട്ടിരുന്നു. അതിന്റെ പൊരുൾ സോഫിയക്കറിയാമായിരുന്നു എങ്കിലും സോഫിയ നൊമ്പരത്തീയായി. മടങ്ങുമ്പോൾ ഒട്ടനേകം വിചാരവികാരങ്ങളുടെ ശക്തിയേറിയ പാച്ചിലിൽ അവളുടെ ഉടൽ തരംഗം പൂണ്ടു വേച്ചപ്പോൾ ടാന്യ സോഫിയയെ അരയിൽ ചേർത്തുപിടിച്ചു. ഡോക്ടർ സോഫിയയെ സഹാനുഭൂതിയോടെ കൈപിടിച്ചു സഹായിച്ചു.

എന്നാൽ, സോഫിയ അവരിൽ നിന്നെല്ലാം തെന്നിമാറി പൂർവനിശ്ചിതങ്ങളുടെ കാൽക്കീഴിലെ മണ്ണിൽ കൊച്ചു കൊച്ചു പ്രകമ്പനങ്ങളായി. അപരിചിതമായൊരു ഭാരത്താലും ഭാവത്താലും സോഫിയ പൊട്ടിത്തെറിക്കുമെന്നതുപോലെ തോന്നി. അവിടെനിന്നു പോകാൻ സോഫിയ വിസമ്മതിച്ചു. അറിയാതെ അവളിൽനിന്ന് ഉരുവംകൊണ്ട കലഹശബ്ദങ്ങൾ അകത്ത് കേൾക്കുമോ എന്ന ഭയത്താൽ ജനലിലൂടെ നോക്കാൻ അനുവാദം ലഭിച്ചു. പക്ഷേ, അഞ്ചടിയിൽ അൽപം മാത്രം ഉയരക്കൂടുതലുള്ള സോഫിയക്ക് കാൽവിരലുകളുടെ അറ്റം ഭൂമിയിലൂന്നി ഏന്തിവലിഞ്ഞുനിന്ന് ആധിയോടെ അകത്തേക്ക് നോക്കേണ്ടിവന്നു.

പിന്നെ ഏറെ നൊമ്പരത്തോടെ നിരാശയും സങ്കടവും ഉള്ളിലൊതുക്കി തിരിഞ്ഞുനിന്നു. മനസ്സും ശരീരവും നടുങ്ങിവിറക്കുന്നതുപോലെ. അവളുടെ ഡോക്ടറും നഴ്സും വീഴാതിരിക്കാനായി സോഫിയയെ താങ്ങിനിർത്തി. കൂടെയുണ്ടായിരുന്ന മക്കൾ സുരക്ഷിതമായൊരു വലയം സൃഷ്ടിച്ച് അവളോട് ചേർന്ന് കരുതലോടെ നിന്നു. അവിടെ അവർക്കുവേണ്ടി കാത്തുനിൽക്കുന്ന, അവർ അവിടേക്കെത്തിയ, അതേ ട്രെയിനിലേക്കുതന്നെ സോഫിയയെ തിരിച്ചുകൊണ്ടുപോവുകയായിരുന്നു അവരുടെ ലക്ഷ്യം.

ഒരുപക്ഷേ, ടോൾസ്റ്റോയിക്കുവേണ്ടി, ജീവനോടെയായാലും മരിച്ച അവസ്ഥയിലായാലും അദ്ദേഹം അസ്റ്റോപോവൊയിൽനിന്ന് യാത്രതിരിക്കുംവരെ അവിടെ തുടരുന്ന ട്രെയിനിലെ കോച്ചിലായിരിക്കും സോഫിയ ഇനി വിശ്രമിക്കുക. അതാണ് അവളുടെ വീടും തടവും!

നിർത്തിയിട്ടിരുന്ന കോച്ചിന്റെ തിരശ്ശീലകൾ പിന്നിൽ വീണുകഴിഞ്ഞതോടെ സോഫിയ ആൾക്കൂട്ടത്തിൽനിന്നെന്നപോലെ ടോൾസ്റ്റോയിയിൽനിന്നും പൂർണമായും അകറ്റപ്പെട്ടു. അവളും ഭർത്താവും ഇത്രമേൽ ദുഃഖഭരിതവും വിഭിന്നവുമായ പരിതോവസ്ഥയിൽ ഈ കുഗ്രാമത്തിലെങ്ങനെ വന്നുപെട്ടു? തന്റെ ജീവിതാവസാനവേളയിൽ അവളുടെ സാമീപ്യത്തിൽനിന്നും അദ്ദേഹത്തെ തടഞ്ഞതെന്തായിരിക്കാം?

അതിനൊന്നുമുള്ള ഉത്തരമറിയാതെ കോച്ചിന്റെ പുറത്ത് ടോൾസ്റ്റോയിക്കുവേണ്ടിയുള്ള ആരാധകരുടെയും ജനങ്ങളുടെയും പ്രാർഥനകളും മന്ത്രണങ്ങളും ഉയരുന്നതിനിടയിൽ അവളുടെ ഉള്ളം ഉരുകുകയായിരുന്നു. അവളോടുള്ള ഈർഷ്യയിലും ദേഷ്യത്തിലും നാനാദേശങ്ങളിൽനിന്നുവന്ന തീരെ അപരിചിതരായവർ കോച്ചിനോട് ചേർന്നുനിൽക്കുന്ന ആ നിമിഷങ്ങളിൽ അദ്ദേഹവുമായുള്ള അവളുടെ നാൽപത്തിയെട്ടുകൊല്ലത്തെ ഭാര്യാപദവി അടഞ്ഞ കംപാർട്മെന്റിനകത്ത് സ്വാസ്ഥ്യംകെട്ട് അനാഥമായി നിലവിളിച്ചുകൊണ്ടേയിരുന്നു.

എന്നാൽ, ആ കണ്ണീരിന്റെ അർഥം തിരയുന്നവർ സ്വാഭാവികമായും അസ്റ്റോപോവോയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയിലേക്ക് എത്തേണ്ടതുണ്ട്. അത് 1910 ഒക്ടോബർ ഒടുവിലത്തെ ദിനങ്ങളിലൊന്നിലായിരുന്നു. പാതിരാത്രി പിന്നിട്ടവേളയിലാണ് ലിയോ ടോൾസ്റ്റോയി തന്റെ ഫിസിഷ്യൻ ദുഷാൻ മകോവിറ്റ്സ്കിയോടൊത്ത് ചീറിയടിക്കുന്ന തണുപ്പിലൂടെ, ഇളയമകൾ സാഷയുടെ ഒത്താശയോടെ ജനിച്ചുവളർന്ന വീടുവിട്ട്, ഭാര്യയെ ഉപേക്ഷിച്ച്, യാത്രതിരിച്ചത്. 82 വയസ്സുള്ള, പലവിധ രോഗങ്ങളാൽ പീഡിതനായ ആ വിശ്വവിസ്മയ പ്രതിഭ വീടുവിട്ടുപോകും മുമ്പ് ഒരു വിടവാങ്ങൽ കുറിപ്പ് ഭാര്യക്കായി എഴുതി മകൾ സാഷയുടെ കൈവശമേൽപിച്ചിരുന്നു.

 

ടോൾസ്റ്റോയി തന്‍റെ കുടുംബത്തോടൊപ്പം

ഇത്രയേറെ കാലം പ്രണയിച്ചും കലഹിച്ചും കഴിഞ്ഞുപോന്നിരുന്നവരിൽ ഒരാൾ, വെറുമൊരു പങ്കാളി മാത്രമല്ലായിരുന്ന സോഫിയയെ ഇത്ര ക്രൂരമാംവിധം തിരസ്കരിച്ച് ഇറങ്ങിപ്പോന്നു എന്നതിന് കൃത്യമായൊരുത്തരം ഇതുവരെ ലഭിച്ചിട്ടില്ല, എഴുതപ്പെട്ടതിലേറെയും നിഗമനങ്ങളും ഊഹങ്ങളും കടങ്കഥകളുമാണ്.

ടോൾസ്റ്റോയി ചെയ്തത് അങ്ങേയറ്റം നിന്ദ്യവും അപഹേളനപരവും സോഫിയയെ കുറ്റവാളിയായി അവരോധിക്കപ്പെടുന്ന വിധം സങ്കീർണവുമാണെന്ന് പുറത്തുനിന്ന് നോക്കുന്നവർക്ക് തോന്നാം. എന്നാൽ, അദ്ദേഹത്തി​ന്റെ മനസ്സ് അവ്യാഖ്യേയവും സ്വയം പിടികിട്ടാത്തതുമായ പോരാട്ടങ്ങളുടെ തീവ്രമായ രോഗാവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു എന്നതാണ് സത്യം. ടോൾസ്റ്റോയി വിവാഹിതനായതിനുശേഷം ഏതാണ്ട് പത്ത് വർഷംപോലും പിന്നിടും മുമ്പ് കുടുംബമെന്ന വ്യവസ്ഥയിൽനിന്ന് പുറത്തുപോയിരുന്നു; അതായത് പതിയെ പതിയെ ഒരുതരം ക്ഷീണം അദ്ദേഹത്തെ പിടികൂടി. പിന്നീടത് സ്പിരിച്വൽ ക്രൈസിസ് എന്ന് വിശേഷിപ്പിക്കപ്പെട്ടെങ്കിലും ‘യുദ്ധവും സമാധാനവും’ എന്ന നോവൽ പൂർത്തിയാക്കും മുമ്പേ ടോൾസ്റ്റോയി അസ്വസ്ഥനായിരുന്നു, അകാരണമായി എന്ന് മറ്റുള്ളവർക്ക് തോന്നുന്ന വിധം അദ്ദേഹം ദേഷ്യപ്പെടുകയും ചിലപ്പോഴൊക്കെ അനിയന്ത്രിതമാംവണ്ണം പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. അതിന്റെ പാരമ്യതയിലൂടെ യാത്രയുടെ അവസാനത്തെ മുഹൂർത്തമായിരുന്നു, ഈ യാത്ര. ഇനി തിരിച്ച് വീട്ടിലേക്കില്ലെന്ന തീരുമാനത്തിലുറച്ചുള്ള പോക്കായിരുന്നു അത്.

അദ്ദേഹം കരുതിയിരുന്നത് ഭാര്യയും മക്കളും സാമ്പത്തികമായി ധൂർത്തജീവിതം നയിക്കുകയാണെന്നായിരുന്നു. അവരുടെ ജീവിതരീതികളും പെരുമാറ്റങ്ങളുമൊന്നും അദ്ദേഹത്തിന് പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. ഭാര്യയുടെ ‘സാമ്പത്തികമായ ധൂർത്തും സ്വകാര്യ സ്വത്തിനോടുള്ള’ ആർത്തിയും തന്റേതായ കാഴ്ചപ്പാടിൽ മഹാപാപമാണെന്ന് അദ്ദേഹം തീർപ്പുകൽപിച്ചു കഴിഞ്ഞിരുന്നു. അത്തരം കാര്യങ്ങളോട് ഇനിയും വിട്ടുവീഴ്ച അസാധ്യമാണെന്നും ഇനി ഒറ്റക്ക് തന്റെ ആദർശങ്ങളുമായ് ജീവിക്കാനുമായിരുന്നു അദ്ദേഹത്തിന് താൽപര്യം.

അതിനിടയിൽ അനുദിനം മോശമാവുകയും നാടകീയമായ പ്രശ്നപരമ്പരകൾമൂലം നാശോന്മുഖമാവുകയും ചെയ്യുന്ന ദാമ്പത്യത്തിന്റെ അന്ത്യം കുറിക്കേണ്ട സമയം പലകാരണങ്ങൾകൊണ്ട് അദ്ദേഹം നീട്ടി​െവക്കുകയായിരുന്നു. എത്രയോ കാലമായി തങ്ങൾ കലഹിക്കുകയും വാക്കുകൾകൊണ്ട് പരസ്പരം തകർക്കാവുന്ന വിധം പോരടിക്കുകയും ചെയ്യുന്നു. ഇപ്പോൾ അസ്റ്റോപോവൊയിലേക്കുള്ള ഈ യാത്രയോടെ വീട്ടിലും നാട്ടിലും തന്റെ സുഹൃത്തുക്കൾക്കിടയിലും റഷ്യയിലും മാത്രമല്ല, വിശ്വം മുഴുവനും പ്രശസ്തമായ ആ ദാമ്പത്യത്തിന്റെ മാരക ശക്തിയെ കുറിച്ചറിഞ്ഞു എന്നുമാത്രം.

ടോൾസ്റ്റോയിയുടെ കാഴ്ചയിലും അദ്ദേഹത്തിന്റെ ആഖ്യാനത്തിലും മാത്രമായിരുന്നു ദാമ്പത്യമൊരു നരകമായി മാറിയത്. അതിന് വീട്ടിലുള്ളവർ മാത്രമല്ല ടോൾസ്റ്റോയൻസ് എന്ന അനുയായികളും അതേപോലെതന്നെ ടോൾസ്റ്റോയിയും ഭാര്യയും തങ്ങളുടേതായരീതിയിൽ ശത്രുക്കളെപ്പോലെ എണ്ണപകർന്നു. അവിശ്വസനീയമാം വിധം കഥകളേക്കാൾ ദുരൂഹവും, ഭീകര രൂപികളായ ‘ഈഗോ’യുമായിരുന്നു ആ ദാമ്പത്യത്തിലെ യഥാർഥ വില്ലൻ. അതിൽ ഒരാൾമാത്രം കുറ്റക്കാരനല്ല, അഥവാ എല്ലാവരും കുറ്റവാളികളാണ്.

News Summary - Tolstoy's experience in his final moments