Begin typing your search above and press return to search.
proflie-avatar
Login

ഇത് യാത്ര പറയാനുള്ള സമയമാണല്ലോ!

ഇത്   യാത്ര പറയാനുള്ള   സമയമാണല്ലോ!
cancel

ഒക്​ടോബർ മൂന്നിന്​ വിടപറഞ്ഞ, മുതിർന്ന അന്താരാഷ്​ട്ര മാധ്യമപ്രവർത്തകൻ ടി.ജെ.എസ്​. ​േജാർജിനെയും അദ്ദേഹത്തി​ന്റെ എഴുത്ത്​, പത്രപ്രവർത്തന, പ​ത്രാധിപ ജീവിതത്തെയും കുറിച്ച്​ എഴുതുന്നു. എങ്ങനെയൊക്കെയാണ്​ ടി.ജെ.എസ്.​ ജോർജ്​ വ്യത്യസ്​തനായിരുന്നത്​? എങ്ങനെയൊക്കെയാണ്​ ​അദ്ദേഹം പത്രപ്രവർത്തനംകൊണ്ട്​ പോരാടിയത്​? ‘‘ലോകം മുഴുവന്‍ തന്‍റെ വകയാണെന്ന മട്ടില്‍ ആ രംഗത്തില്‍ സടോപം വിഹരിക്കാന്‍ അദ്ദേഹത്തിന് പ്രേരകമായിരുന്നത് എന്ത്?’’ –ഇങ്ങനെയൊരു ചോദ്യം ടി.ജെ.എസ്. ജോര്‍ജ് ഉന്നയിച്ചിട്ടുണ്ട്. വി.കെ. കൃഷ്ണമേനോനെക്കുറിച്ച്. മേനോന്‍റെ ജീവചരിത്രത്തില്‍. ഇപ്പോള്‍, ടി.ജെ.എസ് തന്നെയും...

Your Subscription Supports Independent Journalism

View Plans
ഒക്​ടോബർ മൂന്നിന്​ വിടപറഞ്ഞ, മുതിർന്ന അന്താരാഷ്​ട്ര മാധ്യമപ്രവർത്തകൻ ടി.ജെ.എസ്​. ​േജാർജിനെയും അദ്ദേഹത്തി​ന്റെ എഴുത്ത്​, പത്രപ്രവർത്തന, പ​ത്രാധിപ ജീവിതത്തെയും കുറിച്ച്​ എഴുതുന്നു. എങ്ങനെയൊക്കെയാണ്​ ടി.ജെ.എസ്.​ ജോർജ്​ വ്യത്യസ്​തനായിരുന്നത്​? എങ്ങനെയൊക്കെയാണ്​ ​അദ്ദേഹം പത്രപ്രവർത്തനംകൊണ്ട്​ പോരാടിയത്​?

‘‘ലോകം മുഴുവന്‍ തന്‍റെ വകയാണെന്ന മട്ടില്‍ ആ രംഗത്തില്‍ സടോപം വിഹരിക്കാന്‍ അദ്ദേഹത്തിന് പ്രേരകമായിരുന്നത് എന്ത്?’’

–ഇങ്ങനെയൊരു ചോദ്യം ടി.ജെ.എസ്. ജോര്‍ജ് ഉന്നയിച്ചിട്ടുണ്ട്. വി.കെ. കൃഷ്ണമേനോനെക്കുറിച്ച്. മേനോന്‍റെ ജീവചരിത്രത്തില്‍. ഇപ്പോള്‍, ടി.ജെ.എസ് തന്നെയും യാത്രപറഞ്ഞു പോയിക്കഴിഞ്ഞപ്പോള്‍, അദ്ദേഹം കടന്നുപോയ വഴികളില്‍നിന്നും കരുതിവെച്ച വരികളില്‍നിന്നും ഇതേ ചോദ്യം ഉയിര്‍ത്തുവരുന്നുണ്ടല്ലോ. ഈ ലോകം മുഴുവന്‍ തന്‍റേതാണെന്ന മട്ടില്‍ ഇവിടെയാകെ വിഹരിക്കാന്‍ എന്തായിരിക്കാം തുമ്പമണ്‍കാരനായ തയ്യില്‍ ജേക്കബ് സണ്ണി ജോർജിന് പ്രേരകമായത്?

തന്നെക്കുറിച്ചാവുമ്പോള്‍ ഈ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ തന്നിട്ടാണദ്ദേഹം കടന്നുപോയത്. ഒന്നാമുത്തരം, കാലം എന്നതാണ്. കാലം. ജീവിതമാരംഭിച്ച കാലം. അദ്ദേഹത്തിന്‍റെ വാക്കുകളില്‍: ‘‘കഴിവിന്റെയും ജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തകരെ നിയമിച്ചിരുന്ന കാലം. അങ്ങനെയുണ്ടായിരുന്നു ഒരു കാലം.’’ അങ്ങനെയൊരു കാലത്താണ് ടി.ജെ.എസ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. 1949ല്‍. സ്വാതന്ത്ര്യം കിട്ടിയ കാലത്ത്. കാലംപോലെതന്നെ പ്രധാനമാണ് അദ്ദേഹത്തിന് പേനയും കടലാസും കൊടുത്ത സ്ഥാപനവും. ബോംബെയിലെ ഫ്രീപ്രസ് ജേണല്‍. പിന്നെയൊരുത്തരം അനുഗ്രഹം എന്നാണ്. അദ്ദേഹത്തിന്‍റെ വാക്കുകളില്‍: ‘‘അഭിരുചിക്കനുസരിച്ച് ജോലി തരപ്പെടുക എന്നത് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്.’’ അതും അദ്ദേഹത്തിന് വേണ്ടുവോളമുണ്ടായിരുന്നു. പിന്നെയുള്ളത് എങ്ങനെ ജീവിക്കുന്നു എന്നതാണല്ലോ, അത് അദ്ദേഹത്തിനു മുന്നിലും ഒരു ചോദ്യമായിരുന്നു. സ്വയം ചോദിച്ചിട്ടുള്ള ചോദ്യം: ‘‘ശ്രദ്ധാപൂർവം പദ്ധതികള്‍ ആസൂത്രണംചെയ്തു ജീവിതം ക്രമീകരിക്കുന്നതോ അതോ അപ്പപ്പോള്‍ തുറന്നുകിട്ടുന്ന വഴികളിലൂടെ നടക്കുന്നതോ നന്ന്?’’ ഇതില്‍ ഏകാഭിപ്രായം ഉണ്ടാകാനിടയില്ല. ആസൂത്രണ വിദഗ്ധന്മാരുമുണ്ടാകും. ചെന്നിടം തറവാടാക്കുന്നവരുമുണ്ടാകും. രണ്ടാമത്തെ വഴിക്കാണ് ടി.ജെ.എസ് പോയത്. അപ്പപ്പോള്‍ തുറന്നുകിട്ടുന്ന വഴികളിലൂടെയാണ് നടന്നത്. പിന്നപ്പിന്നെ ഏതുവഴിയും അദ്ദേഹത്തിനു മുന്നില്‍ തുറന്നുകിട്ടുന്ന കാലമുണ്ടായി. അതും അനുഗ്രഹംതന്നെയാണല്ലോ.

അപ്പന്‍ ടി.ടി. ജേക്കബ് മജിസ്ട്രേറ്റായിരുന്നു. അമ്മ ചാച്ചിയമ്മ. ജനനം 1928ലാണ്. ആലപ്പുഴയിലും കോട്ടയത്തുമൊക്കെയായി സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബിരുദാനന്തരബിരുദം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്നാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍. അതു കിട്ടിയപാടെ നേരെ ബോംബെയിലേക്ക് വണ്ടികയറി. അതിനിടയില്‍ ജമിനി സ്റ്റുഡിയോയിലേക്ക് ഒന്ന് എത്തിനോക്കിയതായും ഇവിടെയൊരു പണികിട്ടിയെങ്കില്‍ എന്ന് മനസ്സ് മന്ത്രിച്ചതായും ഓര്‍മക്കുറിപ്പുകളില്‍ പറയുന്നുണ്ട്: ‘‘കിട്ടിയില്ല. തലയിലെഴുത്ത് എന്നൊന്ന് ഉണ്ടോ? അതോ താന്‍ പാതി ചെയ്താല്‍ ദൈവം പാതി ചെയ്യാന്‍ നിര്‍ബന്ധിതനാകുമോ? തന്‍റെ പാതി എങ്ങനെ കണ്ടുപിടിക്കും? ഞാന്‍ ബോംബെക്ക് പോയി. ഇംഗ്ലീഷില്‍ ബിരുദമെടുത്തവര്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിധിക്കപ്പെട്ടവനാണെന്ന തെറ്റിദ്ധാരണ തെറ്റിദ്ധാരണയായി പുതിയ ബോംബെക്കാരനു തോന്നിയില്ല. നഗരത്തിലെ നാലു പത്രങ്ങളിലേക്കും അപേക്ഷകള്‍ പോയി.

യോഗ്യതകളുടെ ലിസ്റ്റില്‍ മയങ്ങി നാലു പത്രങ്ങളും ഓടിയെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യന്‍ എക്സ്പ്രസും ടൈംസ് ഓഫ് ഇന്ത്യയും ബോംബെക്രോണിക്കിളും അനങ്ങിയില്ല. ഫ്രീപ്രസ് ജേണല്‍ ഉടന്‍ മറുപടി അയച്ചു. ഞാന്‍ ഉടന്‍പോയി മുഖം കാണിച്ചു. ജോലിയില്‍ ഉടന്‍ പ്രവേശിക്കാന്‍ ഉത്തരവായി. പിന്നീടാണറിഞ്ഞത് ഫ്രീപ്രസിന്റെ ഉടമസ്ഥനായ എസ്. സദാനന്ദ് അക്കാലത്തെ ഒരു പ്രതിഭാസമായിരുന്നുവെന്ന്. ജോലി അന്വേഷിച്ച് ആരു വന്നാലും ജോലികൊടുക്കും. ബിരുദം മുതലായ യോഗ്യതകളോ, സര്‍ട്ടിഫിക്കറ്റുകളോ, ശിപാര്‍ശകളോ ഒന്നും അദ്ദേഹത്തിന് ഒരു വിഷയമല്ല. ആകെ അറിയേണ്ടത് ഒരു കാര്യം. വാസനയുണ്ടോ?’’

അതുണ്ടോ എന്നറിയാന്‍ സദാനന്ദിന് ഏറെ സമയമൊന്നും വേണ്ടിവന്നിട്ടില്ല. രാവിലെ വന്ന് ജോലി തുടങ്ങിയാല്‍ ഒരു വിധപ്പെട്ടവരോടൊക്കെ വൈകുന്നേരം ജോലിതീരുമ്പോള്‍ പറയും, നാളെ വരേണ്ടതില്ലാ എന്ന്. അതായത് വന്നയാള്‍ക്ക് പത്രപ്രവര്‍ത്തനത്തില്‍ വാസനയില്ലെന്ന് സദാനന്ദ് വിധിയെഴുതിക്കഴിഞ്ഞിരിക്കും. ആ യാത്രപറച്ചില്‍ കേള്‍ക്കാതെ ഒരാഴ്ച തികച്ചാല്‍ രക്ഷപ്പെട്ടു എന്നാണർഥം. ടി.ജെ.എസ് രക്ഷപ്പെട്ടവരില്‍പെട്ടു. 125 രൂപ ശമ്പളം. അത് കിട്ടിയാലായി എന്നാണ് കണ്ടീഷന്‍. എന്നാലും ‘‘വശീകരണശക്തിയുള്ള ഒരു ലോകമായിരുന്നു അത്. എം.വി. കാമത്തും ബാല്‍താക്കറെയും എം. ശിവറാമും കെ. ശിവറാമും എസ്. വിശ്വവും കെ.സി. ജോണും ബീസിബി കോണ്‍ട്രാക്റ്ററും എം.പി. അയ്യരും കെ.എ. അബ്ബാസും എ.എഫ്.എസ്. തലയാര്‍ഖാനും അശോക് മേത്തയും ഹോമി തലയാര്‍ഖാനും എസ്.എ. സാബവാലയും രാജാ ഹത്തീസിങ്ങും പ്രശസ്തരായില്ലെങ്കിലും പ്രതിഭയില്‍ മുന്‍നിരയിലായിരുന്ന മറ്റനേകരും കൂട്ടത്തില്‍ ഞാനും ഓടിനടന്ന മാസ്മരലോകം’’ –എന്നാണ് ടി.ജെ.എസ് ഫ്രീപ്രസ് ജേണലിന്‍റെ ഡെസ്കിനെക്കുറിച്ച് വിവരിച്ചിട്ടുള്ളത്.

അശോക് മേത്ത എന്നാല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിട്ടുള്ള അശോക് മേത്ത തന്നെ. ബാൽ താക്കറെ എന്നാല്‍ ശിവസേനയുടെ സ്ഥാപകനായ സാക്ഷാല്‍ താക്കറെ തന്നെ. അങ്ങനെ പ്രശസ്തരാകാന്‍ വരിനില്‍ക്കുന്നവരായിരുന്നു ഏറെയും. താക്കറെ കാര്‍ട്ടൂണിസ്റ്റായിരുന്നു. ഫ്രീപ്രസിലാണെങ്കില്‍ തമിഴര്‍ക്കും മലയാളികള്‍ക്കും ആധിപത്യവുമുണ്ടായിരുന്നു. അതൊന്നും താക്കറെക്കൊരു പ്രശ്നമായതായി ആര്‍ക്കും തോന്നിയിട്ടില്ല. പിന്നീട് രവീന്ദ്രന്‍ എന്നൊരു മലയാളി കൂടി കാര്‍ട്ടൂണിസ്റ്റായി ചെന്നതും മലയാളിതന്നെയായ ന്യൂസ് എഡിറ്റര്‍ ഹരിഹരന്‍ പലപ്പോഴും താക്കറെയുടെ കാര്‍ട്ടൂണുകള്‍ ഉള്‍പ്പേജിലേക്കോ ചവറ്റുകൊട്ടയിലേക്കോ തള്ളി രവീന്ദ്രന്‍റെ വരക്ക് പ്രാമുഖ്യം കൊടുത്തതും താക്കറെയുടെ ഉള്ളില്‍ തെന്നിന്ത്യന്‍ വിരോധത്തിന്‍റെ വിത്ത് പാകിയിട്ടുണ്ടാകാം എന്നാണ് ടി.ജെ.എസിന്‍റെ നിഗമനം.

മോഹിപ്പിക്കുന്ന ലോകമാണെങ്കിലും ടി.ജെ.എസ് ഏറെക്കാലം തങ്ങിയില്ല. ഫ്രീപ്രസില്‍ മൂന്നുവര്‍ഷം തികഞ്ഞപ്പോഴേക്ക് രാജിവെച്ചു. സി.കെ.എന്‍ അഥവാ ചുമ്മാ കറങ്ങിനടക്കല്‍ എന്നൊരു ‘സൂക്കേട്’ തന്നെ പിടികൂടിയിരുന്നു എന്നാണ് അതിനു കാരണമായി പറയുന്നത്. അത് കലശലായി വരുന്നതിനിടയില്‍ ഒരുദിവസം കോഫി ഹൗസില്‍ തൊട്ടടുത്ത ടേബിളിലിരുന്ന് ഉറക്കെ സംസാരിക്കുന്ന ഒരു ട്രേഡ് യൂനിയന്‍ നേതാവിന്‍റെ വര്‍ത്തമാനം ചെവിയില്‍ കുടുങ്ങി. കപ്പല്‍തൊഴിലാളികളുടെ സമരം പരിഹരിക്കാനുണ്ടാക്കിയ ധാരണയെക്കുറിച്ചാണ് നേതാവ് കൂടെയിരിക്കുന്നവരോട് വിവരിക്കുന്നത്. കപ്പലുകളിലെ അടുക്കളപ്പണിക്കാരുടെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു സമരമാരംഭിച്ചത്. അത് അവസാനിച്ചത് അവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ മെസ്സിങ് സൂപ്പര്‍വൈസര്‍ എന്നൊരു തസ്തിക കപ്പലുകളില്‍ അനുവദിക്കാം എന്ന തീരുമാനത്തോടെയാണ്.

അതിനെക്കുറിച്ചായിരുന്നു നേതാവ് പറഞ്ഞുകൊണ്ടിരുന്നത്. ‘‘ഏത് അണ്ടനും അടകോടനും ചെയ്യാവുന്ന ജോലി’’ എന്നാണ് നേതാവ് പറഞ്ഞത്. അത് കേട്ടതും ടി.ജെ.എസിന്‍റെ ‘സൂക്കേട്’ പിടിവിട്ടു. നേരെ പോയി നേതാവിനോട് ചോദിച്ചു: ‘‘എന്നാല്‍ ആ ജോലി എനിക്കും പറ്റുമല്ലോ’’ –ആളെ ആകെയൊന്ന് ഉഴിഞ്ഞുനോക്കിയിട്ട് നേതാവ് പറഞ്ഞു: ‘‘യെസ്, അപേക്ഷ താ.’’ യൂനിയന്‍ ഓഫിസില്‍തന്നെയായിരുന്നു അഭിമുഖവും മറ്റ് നടപടിക്രമങ്ങളുമൊക്കെ. സിന്ധ്യ സ്റ്റീംഷിപ് കമ്പനിയില്‍നിന്ന് നിയമന ഉത്തരവ് കിട്ടി. രാജിക്കത്ത് കൊടുത്തപ്പോള്‍ ഫ്രീപ്രസിന്‍റെ ആചാര്യന്‍ സദാനന്ദ് കാരണമെന്തെന്നന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍, ‘‘ശരി തിരിച്ചെത്തിയാല്‍ വന്നു കാണുക’’ എന്ന് നിർദേശിച്ച് വിട്ടയച്ചു. അങ്ങനെ 1952 ഏപ്രില്‍ 17ന് എസ്.എസ് ജലകന്യ എന്ന കപ്പലില്‍ അടുക്കള സൂപ്പര്‍വൈസറായി ടി.ജെ.എസ്. ജോര്‍ജ് കരവിട്ടു. ഏഡനും സൂയസും കടന്ന് യൂറോപ് മുഴുവന്‍ കറങ്ങിയാണ് തിരിച്ചെത്തിയത്.

 

ടി.ജെ.എസ്​. ​േജാർജിന്‍റെ കൃതികൾ

ആ യാത്രയുടെ കഥയാണ് ‘നാടോടിക്കപ്പലില്‍ നാലുമാസം’ എന്ന പുസ്തകം. ഇംഗ്ലീഷിലെഴുതിയ പുസ്തകം മലയാളത്തിലാക്കിയത് മലയാറ്റൂര്‍ രാമകൃഷ്ണനാണ്. മലയാറ്റൂര്‍ സഹപാഠിയും ഫ്രീപ്രസില്‍ കുറച്ചുകാലം സഹപ്രവര്‍ത്തകനുമായിരുന്നു. പുസ്തകം മലയാളത്തില്‍ വന്നപ്പോള്‍ അവതാരികയെഴുതിയത് തകഴി ശിവശങ്കരപിള്ളയാണ്. തകഴി എഴുതിയതല്ല. ആര്‍.എസ്.പി നേതാവായ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ എഴുതിച്ചതാണ്. ടി.ജെ.എസ് രാവിലെ മുതല്‍ തകഴിയുടെ പിന്നാലെ നടക്കുകയാണെന്നറിഞ്ഞ ശ്രീകണ്ഠന്‍ നായര്‍ വൈകുന്നേരമായപ്പോള്‍ ചെന്ന് ഒറ്റ ചോദ്യമാണ്: ‘‘എഴുതുന്നോ ഇല്ലയോ’’ –അകത്തേക്കു കയറിയ തകഴി ഒരു മണിക്കൂറുകൊണ്ട് അവതാരികയുമായി വന്നു എന്നാണ് കഥ. ‘‘നല്ലപോലെ മലയാളം അറിയാവുന്ന അദ്ദേഹം എന്തുകൊണ്ട് മലയാളത്തില്‍ എഴുതുന്നില്ലാ എന്നേ എനിക്ക് ചോദിക്കാനുള്ളൂ’’ എന്ന് പ്രസ്താവിച്ചുകൊണ്ടാണ് തകഴി അവതാരിക അവസാനിപ്പിച്ചത്. ആ പുസ്തകത്തില്‍ ബാൽ താക്കറെ വരച്ച രേഖാചിത്രങ്ങളുമുണ്ട്. 2018ല്‍ പുതിയ പതിപ്പ് വന്നപ്പോഴും അതൊക്കെയുണ്ട്.

നാടോടിക്കപ്പലില്‍ ലോകം ചുറ്റുന്നതിനു മുമ്പുതന്നെ തോളിലൊരു സഞ്ചിയും തൂക്കി രാജ്യം ചുറ്റിക്കഴിഞ്ഞിരുന്നു. മൂന്നാലുമാസം നീണ്ടുനിന്നു അത്. തീവണ്ടിയിലെ ജനറല്‍ കമ്പാര്‍ട്മെന്‍റുകളിലും ബസിലുമൊക്കെയായി ചുറ്റിചുറ്റി കശ്മീരിലെത്തി. ശ്രീനഗറിലെ നല്ല വീടുകളുള്ള തെരുവിലൂടെ ഒരുദിവസം രാവിലെ ചുറ്റിക്കറങ്ങുമ്പോള്‍ ഒരു വീടിന്‍റെ മുറ്റത്ത് നല്ല മുഖപരിചയമുള്ള ഒരാളിരുന്നു പത്രം വായിക്കുന്നു. സൂക്ഷിച്ചുനോക്കി ഉറപ്പിച്ചു. ശൈഖ് അബ്ദുല്ല. ‘‘ഹലോ സാര്‍’’ എന്ന് അഭിവാദ്യംചെയ്തുകൊണ്ട് കയറിച്ചെന്നതും കുറച്ചുനേരം സംസാരിച്ചതും കൈയിലുള്ള കാമറകൊണ്ട് ഫോട്ടോയെടുത്തതും ഓര്‍ത്തുകൊണ്ട് ടി.ജെ.എസ് പിന്നീട് കുറിച്ചു: ‘‘എത്ര ലളിതമായിരുന്നു അന്നത്തെ രാഷ്ട്രീയം. ശൈഖ് അബ്ദുല്ലയെപ്പോലുള്ള സമുന്നതനായ ഒരു നേതാവ് വീട്ടുമുറ്റത്തിരുന്ന് വഴിയാത്രക്കാരോട് സംസാരിക്കുക. ചുറ്റിനും ശിങ്കിടികളില്ല! പൊലീസും പട്ടാളവുമില്ല. ഇന്ന് ഒരു തുക്കടാ നേതാവുപോലും തന്‍റെ പ്രാധാന്യം അറിയിക്കുന്നത് ചുറ്റിനുമുള്ള കമാൻഡോകളുടെ സംഖ്യയനുസരിച്ചാണ്.’’ കാലത്തിന്‍റെ രണ്ടറ്റത്തുനിന്നും ലോകത്തെ കണ്ട ടി.ജെ.എസ് നെടുവീര്‍പ്പുപോലെ ഉതിര്‍ത്ത ഒരു ചോദ്യമുണ്ട്: ‘‘ഒരു മനുഷ്യായുസ്സില്‍ ലോകം –ആശയങ്ങള്‍, ആദര്‍ശങ്ങള്‍, ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങള്‍... എന്തിന് നിര്‍വചനങ്ങള്‍പോലും –ഇത്രയധികം മാറിമറിയുമോ?’’ –അതിനുള്ള ഉത്തരമായിരുന്നു അദ്ദേഹം എഴുതിയതെല്ലാം. എഡിറ്റോറിയലുകളായും പംക്തികളായും പുസ്തകങ്ങളായും എഴുതിയതെല്ലാം.

 

സുധ മൂർത്തിയോടൊപ്പം 

പത്രങ്ങള്‍ നന്നാക്കാന്‍ ഇന്ത്യ ചുറ്റുന്നു

നാടോടിക്കപ്പല്‍ വിട്ട് കരക്കിറങ്ങിയെങ്കിലും ടി.ജെ.എസ് ഫ്രീപ്രസില്‍ കസേരയുറപ്പിച്ചില്ല. അതിനിടയില്‍ ഇന്ത്യന്‍ പത്രരംഗത്ത് നിശ്ശബ്ദമായൊരു വിപ്ലവം ആരംഭിച്ചുകഴിഞ്ഞിരുന്നു. ആധുനികവത്കരണം ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നും പറയാം. പത്രങ്ങളുടെ കെട്ടുംമട്ടും നന്നാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതുവരെയും പത്രങ്ങളുടെ രൂപകല്‍പനക്കൊന്നും നിയതമായ വ്യവസ്ഥയുണ്ടായിരുന്നില്ല. വാര്‍ത്തകളും പരസ്യങ്ങളും പേജ് തയാറാക്കുന്നയാളുടെ മനോധര്‍മത്തിന് അനുസരിച്ച് അങ്ങ് നിരത്തലായിരുന്നു. ഡമ്മി വരച്ചു തയാറാക്കി അതിനനുസരിച്ച് പേജുണ്ടാക്കലൊക്കെ അറുപതുകളിലെ ആ വിപ്ലവത്തിന്‍റെ ഫലമാണ്. ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്ക് കടന്ന ടാര്‍സി വിറ്റാച്ചി എന്ന രൂപകല്‍പനാ വിദഗ്ധനാണ് തുടക്കമിട്ടത്. (അതുകൊണ്ടുതന്നെ ഡമ്മി എന്നതിന് മലയാള മനോരമയില്‍ വിറ്റാച്ചി എന്നും വാക്കുണ്ടായി എന്നൊരു കഥ.) അതില്‍ മാത്രമായിരുന്നില്ല അഭയഗാമിനി പെരേര വിറ്റാച്ചിയുടെ വൈദഗ്ധ്യം. ടാര്‍സി വിളിപ്പേരാണ്. മുപ്പത്തിരണ്ടാം വയസ്സില്‍ ശ്രീലങ്കയിലെ ആദ്യ ഇംഗ്ലീഷ് പത്രമായ ‘സിലോണ്‍ ഒബ്സര്‍വറി’ന്‍റെ പത്രാധിപരായി.

‘​ൈഫ്ല ബൈ നൈറ്റ്’ എന്ന കോളം പത്രാധിപരെ പ്രശസ്തനാക്കി. പക്ഷേ പ്രധാനമന്ത്രി സോളമന്‍ ബന്ദാരനായ​െകയുമായി ഉടക്കേണ്ടിവന്നു. ഉടക്കി. നാടുവിടേണ്ടി വന്നു. വിടുംമുമ്പ് മൂന്നു രാവും മൂന്നു പകലും ഒളിവുകേന്ദ്രത്തിലിരുന്ന് ‘58ലെ അടിയന്തരാവസ്ഥ’ എന്ന പുസ്തകമെഴുതി ലോകത്തെ ഞെട്ടിച്ചിട്ടാണ് രാജ്യം വിട്ടത്. തമിഴിനെ തഴഞ്ഞ് സിംഹളമാത്രം അംഗീകരിച്ച ഭാഷാനയത്തിന് പിന്നാലെ വന്ന രക്തച്ചൊരിച്ചിലിന്‍റെ സമ്പൂര്‍ണ വിവരണമായിരുന്നു അത്. ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ച പുസ്തകം ലോകത്തിലെ ബെസ്റ്റ് സെല്ലറായി. സൂറിക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യയില്‍ കേന്ദ്രം ആരംഭിക്കാൻ ആലോചിക്കുമ്പോഴാണ് ശ്രീലങ്കയില്‍ കലക്കമുണ്ടാകുന്നതും വിറ്റാച്ചി രാജ്യംവിടുന്നതും. വിറ്റാച്ചിയെ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ഷണിച്ചു. അദ്ദേഹ​െത്ത ഡയറക്ടറാക്കി പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിച്ചു.

ടി.ജെ.എസ്. ജോർജും അവിടെയെത്തിപ്പെട്ടു. അങ്ങനെ ടി.ജെ.എസ്. ജോർജ് ബോംബെ വിട്ട് ഡല്‍ഹിയിലെത്തി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിറ്റാച്ചിയല്ലാതെ അന്താരാഷ്ട്ര താരങ്ങള്‍ വേറെയുമുണ്ടായിരുന്നു. അതിലൊരാളാണ് ഹരോള്‍ഡ് ഹെവന്‍സ്. ലണ്ടന്‍ ടൈംസിന്‍റെ പത്രാധിപരായി ലോകപ്രശസ്തി നേടിയ ആളാണ്. ടി.ജെ.എസ് കാണുമ്പോള്‍ ഹരോള്‍ഡ് ‘നോര്‍ത്തേണ്‍ എക്കോ’ എന്ന പത്രത്തിന്‍റെ എഡിറ്ററായിരുന്നു. ന്യൂ കാസില്‍ നഗരത്തിലായിരുന്നു ഓഫിസ്. ഹരോള്‍ഡ് പത്രാധിപരുടെ ചുമതലകള്‍ നിർവഹിക്കുന്നത് കണ്ടു പഠിക്കാനായി മാത്രം ടി.ജെ.എസ് ന്യൂ കാസില്‍ നഗരത്തില്‍ അദ്ദേഹത്തിന്‍റെ ഓഫിസില്‍ പോയിട്ടുണ്ട്. വിറ്റാച്ചിയും ഹരോള്‍ഡും ചേര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്കായി ക്വാലാലംപുരില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. ‘‘ഹാരി (ഹരോള്‍ഡ്) ഓരോ തത്ത്വങ്ങള്‍ വിശദീകരിച്ചപ്പോഴാണ് എന്‍റെ അജ്ഞതയുടെ ആഴങ്ങള്‍ ഞാന്‍ അറിഞ്ഞത്... ഒട്ടനവധി തത്ത്വങ്ങളില്‍ അധിഷ്ഠിതമായ ശാസ്ത്രമാണ് പത്രപ്രവര്‍ത്തനം എന്ന് മനസ്സിലായത് ഹാരിയുടെ ക്ലാസുകളില്‍ വെച്ചാണ്’’ -എന്ന് ടി.ജെ.എസ് പിന്നീട് പറയുന്നുണ്ട്.

പഠിച്ച വിദ്യകള്‍കൊണ്ട് രാജ്യത്തെ പത്രങ്ങള്‍ നന്നാക്കാനുള്ള പര്യടനമായിരുന്നു പിന്നീട്. ആദ്യമെത്തുന്നത് മംഗലാപുരത്താണ്. ഇപ്പോഴത്തെ മംഗളൂരു. മൂന്നുദിവസത്തെ പരിപാടിയുമായിട്ടാണ് ചെന്നത്. സാഹിത്യകാരനായ ഒരു ചെറുപ്പക്കാരനായിരുന്നു പത്രാധിപര്‍. ഒരു ലോറി വര്‍ക്ക്ഷോപ് ഉടമയായിരുന്നു പത്രമുടമ. എഡിറ്റിങ്ങിനെക്കുറിച്ചും ഫോണ്ടുകളെ കുറിച്ചും മറ്റും പത്രാധിപരോടല്ല ഉടമസ്ഥനോടാണ് സംസാരിക്കേണ്ടത് എന്നായിരുന്നു നില. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ ഉടമസ്ഥന്‍ പത്രാധിപരെ വിളിച്ചു. കൂടെയിരുത്താനാണ് എന്ന് ടി.ജെ.എസ് കരുതി. എന്നാല്‍, പത്രമുടമ കാശ് എടുത്തുകൊടുത്ത് സിഗരറ്റു വാങ്ങാന്‍ അയക്കുകയായിരുന്നു പത്രാധിപരെ. അന്ന് വൈകുന്നേരമാകും മുമ്പേ ടി.ജെ.എസ് മംഗലാപുരം വിട്ടു. ആ മനസ്താപം മാറിയത് ഒഡിഷയിലെ കട്ടക്കില്‍ സമാജ് പത്രത്തില്‍ എത്തിയപ്പോഴാണ്. ഒഡിഷയുടെ ചരിത്രത്തില്‍ ഇതിഹാസതുല്യം പതിഞ്ഞുകിടക്കുന്ന രാധാനാഥ് ദത്തായിരുന്നു പത്രാധിപര്‍. ലോക് സേവക് മണ്ഡല്‍ ട്രസ്റ്റിന്‍റെ വകയായിരുന്നു പത്രം. പഠിപ്പിച്ചതിനേക്കാള്‍ സമാജില്‍നിന്ന് പഠിച്ച സംതൃപ്തിയോടെയാണ് അവിടം വിട്ടത്. എഡിറ്റോറിയല്‍ സംവിധാന ഉപദേഷ്ടാവായി ആറുമാസം അങ്ങനെ രാജ്യം ചുറ്റി.

 

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യം ജയിലിലായ പത്രാധിപര്‍

അതു കഴിഞ്ഞ് ഫ്രീപ്രസിലേക്ക് തിരിച്ചുപോകണോ പോകണ്ടയോ എന്ന് ആലോചിച്ചുകൊണ്ടിരിക്കെ പട്നയില്‍നിന്നൊരു ക്ഷണം. സെർച്ലൈറ്റ് എന്ന പത്രത്തില്‍നിന്ന്. മാതൃപത്രമായ ടൈംസ് ഓഫ് ഇന്ത്യയിലെ പേരെടുത്ത പലരെയും കൊണ്ടുവന്നിട്ടും രക്ഷപ്പെടാതെ ഉഴലുകയാണ് സെർച്ലൈറ്റ്. പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ജോലിചെയ്തയാള്‍ എന്ന നിലക്കാണ് ക്ഷണിച്ചത്. കെ.കെ ബിര്‍ളയുടെ പത്രമാണ്. ബിര്‍ള തന്നെയാണ് അഭിമുഖം നടത്തിയത്. തെല്ലൊരു ആശങ്കയോടെയാണ് തുടങ്ങിയതെങ്കിലും പത്രാധിപരായി ഇരുന്ന രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍പോലും ഉടമയുടെ ഇടപെടല്‍ ഉണ്ടായില്ല എന്നാണ് അനുഭവം. പൂര്‍ണപിന്തുണ കിട്ടി. ബിര്‍ളക്ക് നിരവധി വ്യവസായ താല്‍പര്യങ്ങളുള്ള ബിഹാറിലെ മുഖ്യമന്ത്രി കെ.ബി. സഹായ് സെർച്ലൈറ്റിന്‍റെ എഡിറ്ററായ ടി.ജെ.എസിനെ ശത്രുവായാണ് കണ്ടത്. പത്രാധിപന്മാര്‍ ചുമതലയേറ്റാല്‍ മുഖ്യമന്ത്രിയെ വീട്ടില്‍ ചെന്നു വണങ്ങുന്ന വഴക്കം അവിടെയുണ്ടായിരുന്നു അക്കാലത്ത്.

ടി.ജെ.എസ് അതു ചെയ്തില്ല. എന്തെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ജില്ല കലക്ടര്‍ ഇറക്കുന്ന വാർത്താകുറിപ്പ് മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നൊരു വഴക്കവും അവിടെയുണ്ടായിരുന്നു. അപ്പോഴാണ് കോളിളക്കമുണ്ടാക്കിയ പട്ന ബന്ദ് നടന്നത്. പൊലീസ് വെടിവെച്ചു. ആളുകള്‍ മരിച്ചു. കലക്ടര്‍ വാർത്താകുറിപ്പിറക്കി. സെർച്ലൈറ്റ് അതും കൂടെ റിപ്പോര്‍ട്ടര്‍മാരുടെ വിവരണങ്ങളും ദൃക്സാക്ഷി വിവരണങ്ങളും വിശകലനങ്ങളുമെല്ലാം പ്രസിദ്ധപ്പെടുത്തി. അത് രാജ്യദ്രോഹമായിക്കണ്ട മുഖ്യമന്ത്രി കൃഷ്ണ വല്ലഭ് സഹായ് പത്രാധിപരെ ജയിലിലടച്ചു. സ്വാതന്ത്ര്യത്തിനുശേഷം തടവിലാക്കപ്പെടുന്ന ആദ്യത്തെ എഡിറ്റര്‍ എന്ന ഖ്യാതിയും ലഭിച്ചു. മൂന്നാഴ്ചയാണ് ജയിലില്‍ കഴിഞ്ഞത്. അപ്പോഴേക്ക് പ്രതിരോധം തീര്‍ക്കാന്‍ രണ്ടു ഘടാഘടിയന്മാര്‍ പട്നയിലെത്തിയിരുന്നു. കോടതിയിലെ കാര്യങ്ങള്‍ നോക്കാന്‍ വി.കെ. കൃഷ്ണ മേനോനും ടി.ജെ.എസിന്‍റെ ഭാര്യയെയും മക്കളെയും കാക്കാന്‍ ശ്രീകണ്ഠന്‍ നായരും. ശ്രീകണ്ഠന്‍ നായര്‍ ആര്‍.എസ്.പി മീശയുമായി പ്രത്യക്ഷപ്പെട്ടതോടെ പൊലീസുകാര്‍പോലും ആ വഴി ചെല്ലാതായി എന്നാണ് കഥ. കോടതിയില്‍ കൃഷ്ണമേനോന്‍റെ പ്രകടനം തകര്‍പ്പനായിരുന്നു. ഉപാധികളില്ലാതെ ജാമ്യം വേണം എന്നായിരുന്നു വാദം: ‘‘ഒരു പത്രാധിപരുടെ സ്വഭാവഗുണം വിലമതിക്കാനാകാത്ത സ്വത്താണ്.

കാരക്ടര്‍ മാത്രമാണ് അയാള്‍ ലോകത്തിനു മുന്നില്‍ നല്‍കുന്നത്. പത്രപ്രവര്‍ത്തനത്തിന്‍റെ യഥാർഥ മൂല്യം ഭയമില്ലായ്മയാണ്. (ജാമ്യത്തിന്) ഉപാധികള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അയാളുടെ അന്തസ്സിനെ ബാധിക്കും. അത് അയാള്‍ക്ക് സ്വീകാര്യമാവുകയില്ല’’ –വാദം കോടതി അംഗീകരിച്ചു. ജാമ്യം അനുവദിച്ചു. അരലക്ഷത്തോളം പേരുടെ അകമ്പടിയോടെയാണ് പത്രാധിപര്‍ കോടതിയില്‍നിന്ന് സെർച്ലൈറ്റിലേക്ക് പോയത്. ‘‘ജയിലില്‍ പോകാതെ പത്രപ്രവര്‍ത്തകന് പ്രായപൂര്‍ത്തിയാകില്ല എന്നുപോലും എനിക്ക് തോന്നാറുണ്ട്’’ എന്നാണ് പിന്നീട് പറഞ്ഞത്. പുറത്തിറങ്ങി എല്ലാം ശാന്തമായപ്പോള്‍ മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് പത്രാധിപര്‍ പ്രസിദ്ധപ്പെടുത്തി. മുഖ്യമന്ത്രി രാജിവെച്ച് പട്നയില്‍ മത്സരിക്കണമെന്നും നാട്ടുകാരനല്ലാത്ത താന്‍ എതിര്‍സ്ഥാനാർഥിയാകാം എന്നുമായിരുന്നു ഉള്ളടക്കം. മറുപടിയുണ്ടായില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ആ മുഖ്യമന്ത്രി രണ്ടിടത്ത് മത്സരിച്ചു. ജനം രണ്ടിടത്തും തോൽപിച്ചു.

വിദൂര പൗരസ്ത്യ ദേശത്തെ വിപ്ലവം

പട്ന വിപ്ലവം കഴിഞ്ഞ് ഡല്‍ഹിക്കാണ് പോയത്. കുറച്ചു കാലമേ തലസ്ഥാന നഗരത്തില്‍ തങ്ങിയുള്ളൂ. ഹിന്ദി-പഞ്ചാബി ഭാഷക്കാരുടെ ആധിപത്യം, കാശുകാരുടെയും നേതാക്കളുടെയും കളി അങ്ങനെ പലതും അസഹ്യമായപ്പോള്‍ പെട്ടെന്ന് ബോംബെയിലേക്ക് മടങ്ങുകയാണുണ്ടായത്. രാഷ്ട്രീയം വിട്ട വി.കെ. കൃഷ്ണമേനോന്‍ ഇതിനിടെ സെഞ്ച്വറി എന്നൊരു വാരിക ആരംഭിച്ചിരുന്നു. ഡല്‍ഹിയിലുള്ളപ്പോള്‍ അതുമായി സഹകരിച്ചിരുന്നു. പക്ഷേ, ദിവസവും പുലരും മുമ്പേ രണ്ടു മണിക്ക് എഴുന്നേറ്റ് എഴുതാന്‍ തുടങ്ങുന്ന കൃഷ്ണമേനോന്‍ ഉള്ളപ്പോള്‍ മറ്റാര്‍ക്കും ഒന്നും ചെയ്യാനില്ലായിരുന്നു എന്നായിരുന്നു അവസ്ഥ. ഫോണ്ടുകള്‍, രൂപകൽപന തുടങ്ങിയ പുറംപണികള്‍ നോക്കി കുറച്ചുദിവസം നിന്നെങ്കിലും അതിലങ്ങ് ഇടപെട്ടില്ല. വേഗം ബോംബെയിലെത്തി. ‘‘ഡല്‍ഹിയില്‍നിന്നു ഞാന്‍ വിരമിച്ചു. തലസ്ഥാന നഗരിയുടെ പ്രാധാന്യം മനസ്സിലാക്കാത്തതുകൊണ്ടല്ല. പ്രമുഖ വ്യക്തികളെ പരിചയപ്പെടണമെങ്കില്‍ ഡല്‍ഹിയാണ് ഏറ്റവും ഉത്കൃഷ്ടമായ പ്രവര്‍ത്തിമണ്ഡലം. അധികാരത്തിന്‍റെ ആവേശം ആസ്വദിക്കണമെങ്കില്‍ ഡല്‍ഹിയില്‍തന്നെ ജീവിക്കണം. സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ ഡല്‍ഹിയെ ആശ്രയിക്കാതെ ഗത്യന്തരമില്ല. ഒക്കെ ശരി, പദവികളൊന്നും വേണ്ടെങ്കിലോ? അങ്ങനെയുള്ള വിചിത്രജീവികള്‍ക്ക് ഡല്‍ഹി വിരസമായ നഗരമാണ്. വിരസമായ ഒരു വര്‍ഷം തള്ളിനീക്കിയശേഷം സ്ഥലംവിടണമെന്ന് തോന്നിയ എനിക്ക്, ‘സ്വദേശമായ’ ബോംബെയില്‍ അല്ലാതെ എവിടെ പോകാന്‍’’ –എന്നാണ് ആ മടക്കത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്.

ബോംബെയിലെത്തിയിട്ട് ഒരുദിവസം സുഹൃത്തിനോടൊപ്പം ഉച്ചഭക്ഷണത്തിന് താജ് ഹോട്ടലില്‍ പോയതാണ്. അവിടെയുണ്ട് ഒരു മേശയില്‍ രണ്ട് പഴയ സ്നേഹിതര്‍ ഇരുന്ന് കാര്യമായെന്തോ സംസാരിക്കുന്നു. ചില പ്രസിദ്ധീകരണ ശാലകള്‍ക്കുവേണ്ടി പണിയെടുത്തിരുന്ന ആര്‍.വി. പണ്ഡിറ്റും ഫ്രീപ്രസിലെ പഴയ സഹപ്രവര്‍ത്തകനായ വിശ്വവുമാണ്. കൊണ്ടുവെച്ച ഭക്ഷണംപോലും മറന്നുള്ള സംസാരത്തിന്‍റെ ഗൗരവം കണ്ടാല്‍ ‘‘മനുഷ്യരാശിയുടെ ഭാവിനിര്‍ണയിക്കുന്ന എന്തോ വലിയ പദ്ധതി ആവിഷ്കരിക്കുകയാണെന്ന്’’ തോന്നുമായിരുന്നു. ഏതായാലും ഭക്ഷണം കഴിച്ച് എഴുന്നേറ്റ ടി.ജെ.എസ് നേരെ അവരുടെ അടുത്ത് ചെന്നു പറഞ്ഞു: ‘‘നിങ്ങള്‍ എന്താണ് ചര്‍ച്ചചെയ്യുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും ഞാനും കൂടെയുണ്ട്. ’’ രണ്ടുമാസം കഴിഞ്ഞപ്പോള്‍ ടി.ജെ.എസ് ബോംബെയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് പറന്നു. പിന്നീട് അവിടമായി തട്ടകം.

ആര്‍.വി. പണ്ഡിറ്റ് അപ്പോഴേക്ക് ഹോങ്കോങ്ങില്‍ വേരുകളാഴ്ത്തിയിരുന്നു. ബിസിനസ് മാസികകളെയും പല പ്രസിദ്ധീകരണങ്ങളെയും ഒറ്റ ചരടിലാക്കി ഒരു സാമ്രാജ്യമുണ്ടാക്കിയിരുന്നു. ഫാര്‍ ഈസ്റ്റ് ട്രേഡ് പ്രസ് എന്ന പേരില്‍ പ്രസിദ്ധീകരണങ്ങളുടെ ശൃംഖലയുണ്ടായിരുന്നു പണ്ഡിറ്റിന്. അതിന്‍റെ ഭാഗമായുള്ള ‘ഏഷ്യന്‍ ഇന്‍ഡസ്ട്രി’ എന്ന ബിസിനസ് മാസികയിലാണ് കസേര കിട്ടിയത്. വ്യാപാര-വ്യവസായ രംഗങ്ങളിലെ ഗംഭീരമായ വാര്‍ത്തകള്‍ ശേഖരിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ‘വെള്ളത്തില്‍നിന്ന് കരക്കിട്ട മീനിനെപ്പോലെയായി അനുഭവം’. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂവില്‍ രാഷ്ട്രീയ ലേഖകനായി. 1946ല്‍ ആരംഭിച്ചതു മുതല്‍ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ച പ്രസിദ്ധീകരണമായിരുന്നു അത്. ബ്രിട്ടീഷുകാരായ പത്രാധിപന്മാര്‍ക്ക് കീഴില്‍ എല്ലാ സ്വാതന്ത്ര്യത്തോടെയും പരിലസിച്ച മാസിക. അതിന്‍റെ രാഷ്ട്രീയ ലേഖകനായതോടെ തെക്കേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള പറക്കല്‍തന്നെയായി മുഖ്യം. ബര്‍മ (മ്യാന്‍മര്‍) മുതല്‍ കിഴക്കോട്ടുള്ള രാജ്യങ്ങളിലൂടെ പറക്കണം.

 

ടി.ജെ.എസ്​ ജോർജ്​ വിവാഹദിനത്തിൽ

കുടുംബം ഹോങ്കോങ്ങിലുണ്ടെങ്കിലും മക്കള്‍ക്ക് കാണാന്‍കിട്ടുന്നത് മാസത്തിലൊരിക്കല്‍ എന്ന മട്ടിലായി. തെക്കേഷ്യൻ രാജ്യങ്ങളിലെ നേതാക്കളൊക്കെ പരിചയക്കാരായി. മഹാതീര്‍ മുഹമ്മദ്, ജനറല്‍ സുഹാര്‍ത്തോ, കംബോഡിയയിലെ സിഹാനൂക്ക് രാജാവ്, ഫിലിപ്പീന്‍സിലെ ഫെര്‍ഡിനന്‍റ് മാര്‍ക്കോസ്, ഭാര്യ ഇമല്‍ഡ, അങ്ങ​െന പലരും. പലരുടേയും അഭിമുഖങ്ങള്‍ ചരിത്രമാണ്. സിംഗപ്പൂരിലെ പ്രധാനമന്ത്രിയായിരുന്ന ലി ക്വാന്‍യു മാത്രമായിരുന്നു അപവാദം. അദ്ദേഹം ഈ പത്രക്കാരനെ ശത്രുവായാണ് കണ്ടത്. ആ രാജ്യത്തേക്ക് കടക്കാന്‍പോലും കഴിയാത്തവിധം ശത്രുത. ഒരു പുസ്തകം എഴുതിയതാണ് കാരണം. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂവിനോട് മത്സരിക്കാനായി മറ്റൊരു അന്താരാഷ്ട്ര നക്ഷത്രം ഉദിച്ചുയര്‍ന്നു. ഏഷ്യാവീക്ക്. അതിന്‍റെ സ്ഥാപക പത്രാധിപരായി വന്നതോടെ ടി.ജെ.എസ് എന്ന ജേണലിസ്റ്റിന്‍റെ വളര്‍ച്ച പൂര്‍ത്തിയായെന്നു പറയാം.

ലോകത്തെ വിസ്മയിപ്പിച്ച്​ കോണ്‍കോഡ് സൂപ്പര്‍സോണിക് വിമാനങ്ങള്‍ പറന്നുനോക്കിയ കാലമാണ്. ഒരിക്കല്‍ ഏഷ്യാവീക്ക് പത്രാധിപര്‍ക്ക് അതില്‍ ടിക്കറ്റെടുത്തു. ‘‘ലോകം മാറുന്നു, അതിന്‍റെ അടിസ്ഥാന ശിലകള്‍ തകിടംമറിയിക്കപ്പെടുന്നു എന്ന് ഞാന്‍ ആദ്യം മനസ്സിലാക്കിയത് ഹോങ്കോങ്ങില്‍ വെച്ചായിരുന്നു... ഈ മാറ്റങ്ങള്‍ അനുഭവിച്ചറിയാനുള്ള സമയവും സന്ദര്‍ഭങ്ങളും എനിക്കു കിട്ടി എന്നത് ചെറിയ അത്ഭുതമായി ഇപ്പോള്‍ തോന്നുന്നു. ബോഡിയില്ലാത്ത ബസുകളില്‍ യാത്രചെയ്തിട്ടുള്ള എനിക്ക് കോണ്‍കോഡ് സൂപ്പര്‍സോണിക് വിമാനത്തില്‍ പറക്കാന്‍ സാധിച്ചു’’ എന്നാണ് പിന്നീട് എഴുതിയത്. മണിക്കൂറില്‍ 1350 മൈല്‍ വേഗത്തില്‍ പറന്ന കോണ്‍കോഡ് ഇംഗ്ലണ്ടും ഫ്രാന്‍സും മാത്രമാണ് പറത്തിയത്. വേഗം നിലത്തിറക്കുകയും ചെയ്തു.

1970കളുടെ അവസാനം ഹോങ്കോങ്ങില്‍വെച്ച് ഒരു സുഹൃത്ത് സോഡാക്കുപ്പിപോലുള്ള ഒരു സാധനത്തോട് സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നത് കണ്ട് നടുങ്ങിയപ്പോഴാണ് മൊബൈല്‍ഫോണ്‍ അറിഞ്ഞത്. അക്കഥ രസകരമായി പറഞ്ഞിട്ടുണ്ട്. ലോകം മാറുമ്പോള്‍ ടി.ജെ.എസ് കൂടെയുണ്ടായിരുന്നു. ഇതിനിടയില്‍ ഐക്യരാഷ്ട്ര സഭയിലും ഇച്ചിരിക്കാലം പണിയെടുത്തിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് തയാറാക്കാനായിരുന്നു അത്. ‘‘കാര്യമായ ജോലിയൊന്നും ഇല്ല എന്നതാണ് യു.എന്‍ ജീവനക്കാരനുള്ള അനുഗ്രഹം. എല്ലാ സര്‍ക്കാര്‍ സംസ്കാരങ്ങളിലും എന്നപോലെ യു.എന്നിലും ചില്ലറ ജോലികള്‍ പെരുപ്പിച്ചു കാണിക്കാനും എപ്പോഴും മീറ്റിങ്ങിലാണെന്നു വരുത്തിത്തീര്‍ക്കാനും വേണ്ട സംവിധാനങ്ങളുണ്ട്’’ എന്നാണ് ആ അനുഭവത്തിന്‍റെ വിലയിരുത്തല്‍. ഒരാഴ്ചത്തേക്ക് കണക്കാക്കിയ ഔദ്യോഗിക ജോലികള്‍ അരദിവസംകൊണ്ട് തീരുമായിരുന്നു, ബാക്കിസമയം ഉപയോഗപ്പെടുത്താന്‍ വേണ്ടിയാണ് മലയാളത്തില്‍ എഴുതി ശീലിച്ചത്. ‘ഹോചിമിന്‍റെ നാട്ടില്‍’ എന്ന പുസ്തകം യു.എന്നില്‍ വെറുതെയിരുന്നപ്പോള്‍ മലയാളത്തില്‍തന്നെ എഴുതിയതാണ്.

പുസ്തകങ്ങള്‍, പുസ്തകങ്ങള്‍

പത്രക്കാരനായിട്ടാണോ, അതോ ജീവചരിത്രകാരനായിട്ടാണോ എണ്ണേണ്ടത് എന്ന് ആശയക്കുഴപ്പമുണ്ടാക്കാവുന്ന തരത്തിലാണ് ടി.ജെ.എസിന്‍റെ പുസ്തകങ്ങളുടെ നിര. ജീവചരിത്രങ്ങളാണ് ഏറെയും. ഇതില്‍ ആദ്യമെഴുതിയ ജീവചരിത്രം വി.കെ. കൃഷ്ണമേനോന്റേതാണ്. അതൊരു യുദ്ധംതന്നെയായിരുന്നു. എന്തെന്നുവെച്ചാല്‍ ചരിത്രപുരുഷന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നതുതന്നെ. കൃഷ്ണമേനോന്‍റെ കാലാൾപ്പടയായ വി.കെ. മാധവന്‍കുട്ടിയും സി. ബാലകൃഷ്ണനുമൊക്കെ പല രേഖകളും കാണിച്ചുകൊടുത്തു. പല വിവരങ്ങളും കൊടുത്തു. പക്ഷേ, ‘‘ഈ പുസ്തക നിര്‍മാണത്തില്‍ മേനോന്‍ സഹകരിച്ചില്ലെന്ന് മാത്രമല്ല, ആദ്യകാലങ്ങളില്‍ ഭീഷണികള്‍കൊണ്ടും മറ്റും അലട്ടുകകൂടി ചെയ്തു. ഞാന്‍ വിട്ടില്ല. ബോംബെ, ഡല്‍ഹി, ജനീവ, പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളിലെല്ലാം പിന്തുടര്‍ന്ന് ചാക്കിടാന്‍ ചെയ്ത പരിശ്രമങ്ങള്‍ കണ്ടിട്ടായിരിക്കാം പില്‍ക്കാലത്ത് തടസ്സമുണ്ടാക്കുന്ന പണി നിര്‍ത്തിയത്’’ എന്നാണ് ആമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. 1964ല്‍ ഇംഗ്ലീഷിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാള പരിഭാഷ താമസിയാതെ തന്നെ വന്നു.

എം.എസ്. സുബ്ബുലക്ഷ്മി, നര്‍ഗീസ്, പോത്തൻ ജോസഫ് എന്നിവയാണ് മറ്റു പ്രധാന ജീവചരിത്ര ഗ്രന്ഥങ്ങള്‍. 35 വ്യക്തിചിത്രങ്ങളിലൂടെ ഇന്ത്യയെ വെളിപ്പെടുത്തുന്നു, ഹോചിമിന്‍റെ നാട്ടില്‍, എ ഷോര്‍ട്ട് ബയോഗ്രാഫി ഓഫ് ബാംഗ്ലൂര്‍, ദ റൈസ് ഓഫ് ഇസ്‍ലാം ഇന്‍ ഫിലിപ്പീന്‍സ് പൊളിറ്റിക്സ്, ദ ഗോയങ്കാ ലെറ്റേഴ്സ്, എന്‍ക്വയര്‍ ലെറ്റേഴ്സ് തുടങ്ങി നീളുന്നു പുസ്തകപ്പട്ടിക.

അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകനെന്ന് പേരെടുത്ത് തിരിച്ചെത്തിയശേഷം ബാംഗ്ലൂരാണ് ഇരിപ്പുറപ്പിച്ചത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്ന നിലയില്‍. ആ പദവിയിലിരിക്കെ ‘പോയന്‍റ് ഓഫ് വ്യൂ’ എന്ന പേരില്‍ 1977 മുതല്‍ എഴുതിയ പ്രതിവാര പംക്തി ഏറെ ശ്രദ്ധനേടി. 25 വര്‍ഷം തികച്ചശേഷം 2022 ജൂണില്‍ വായനക്കാരോട് യാത്രാമൊഴി പറഞ്ഞുകൊണ്ടാണ് പംക്തി നിര്‍ത്തിയത്. ‘‘ഇപ്പോള്‍ ഇത് യാത്ര പറയേണ്ട സമയമാണല്ലോ’’ (Now is the time to say goodbye) എന്നാണ് അവസാന കോളത്തിന് കൊടുത്ത തലക്കെട്ട്. അപ്പോഴേക്ക് 1300 തവണ കോളങ്ങള്‍ വന്നുകഴിഞ്ഞിരുന്നു. ആ പംക്തിയില്‍നിന്നുള്ള തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ്, ദ ഫസ്റ്റ് റെഫ്യൂജ് ഓഫ് സ്കൗണ്ട്രല്‍സ് എന്ന പുസ്തകം. ഘോഷയാത്ര എന്ന തലക്കെട്ടില്‍ വന്ന ഓര്‍മക്കുറിപ്പുകളുടെ ഘോഷയാത്ര ആത്മകഥയാണെന്നും തോന്നിപ്പോകുന്ന തരത്തിലാണ്. 2009ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഘോഷയാത്രക്കാണ് ലഭിച്ചത്. അതിനുശേഷം ഒറ്റയാന്‍, മലയാളിയുടെ സ്വത്ത് ബഷീര്‍ മുതല്‍ മോഹന്‍ലാല്‍ വരെ, ഗജവും അജവും മണ്ടത്തരങ്ങളും തുടങ്ങി മലയാളത്തിലും പുസ്തകങ്ങളുണ്ട്. ഇംഗ്ലീഷ് കോളം നിര്‍ത്തിയിട്ടും മലയാളത്തില്‍ എഴുതി.

ടി.ജെ.എസ് വിടപറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ക്കൊപ്പമോ അവയുടെ മുന്നിലോ സ്ഥാനംപിടിക്കാവുന്ന ഒരു പുസ്തകം മകന്‍ ജീത്ത് തയ്യില്‍ മുന്നോട്ടുവെക്കുകയാണ്. The Elsewhereans –എവിടുത്തുകാരോ... 2025 ജൂണ്‍ 25ന് പുറത്തുവന്ന ഈ പുസ്തകം തയ്യില്‍ ജേക്കബ്ബ് സണ്ണി ജോർജിന്റെയും അമ്മു ജോർജിന്‍റെയും മക്കളുടെയും ജീവിതയാത്രയുടെ കഥയാണ്. ഡോക്യൂ നോവല്‍. ഈ ദീര്‍ഘമായ യാത്രയില്‍ ഒരിക്കല്‍പോലും ജോര്‍ജ് അമ്മുവിന്‍റെ കൈ വിട്ടിട്ടേയില്ല എന്നതാണ് ഈ യാത്രയെ കൂടുതല്‍ മനോഹരമാക്കുന്നത്. ബോംബെയിലായാലും ഹോങ്കോങ്ങിലായാലും ബാംഗ്ലൂരിലായാലും അമ്മുവിന്‍റെ ചുവന്ന മീന്‍കറിയാണ് ആ ഭര്‍ത്താവിന്‍റെ ജീവിതരുചി.

നിരവധി പ്രതിഭകള്‍ ജീവിതംകൊണ്ട് മലക്കം മറിയുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. അത്ഭുതപ്പെട്ടിട്ടുമുണ്ട്. എന്നിട്ട് ചോദിച്ചിട്ടുണ്ട്: ‘‘പ്രതിഭയുടെ തിരതള്ളലില്‍ ആചാരവിധേയമല്ലാത്ത വഴികളിലേക്ക് തിരിഞ്ഞ എത്രയോ പത്രാധിപന്മാര്‍, എഴുത്തുകാര്‍, സാമൂഹിക നേതാക്കന്മാര്‍ ലോകത്തെങ്ങുമുണ്ട്. സർഗപ്രക്രിയയുടെ ഭാഗമാണോ സ്വകാര്യജീവിതത്തിലെ തിരിമറികള്‍?’’ ‘കലങ്ങിത്തെളിഞ്ഞവരും കറങ്ങിക്കുഴഞ്ഞവരുമായി അനേകം പത്രപ്രവര്‍ത്തകര്‍’ ടി.ജെ.എസിന്‍റെ അടുത്ത മിത്രങ്ങളായിരുന്നു. പക്ഷേ, അദ്ദേഹം കറങ്ങിയില്ല, കുഴഞ്ഞില്ല. തെളിഞ്ഞുതന്നെ നിന്നു. പത്രപ്രവര്‍ത്തനത്തിലും സ്വകാര്യ ജീവിതത്തിലും. ഇങ്ങനെയൊരാള്‍ ഇനിയുണ്ടാകില്ല. കാലം അതല്ലല്ലോ.

News Summary - TJS George memorial