ബുദ്ധിസ്റ്റുകളെയും ഇന്ന് വിലക്കെടുക്കാൻ അവർക്കാവുന്നു

ആർ.എസ്.എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മഹാരാഷ്ട്രയിലടക്കം എങ്ങനെ പ്രാവർത്തികമാകുന്നുവെന്ന് എഴുതുകയാണ് ദലിത് പാന്തർ സംഘടനയുടെ സ്ഥാപകനും അംബേദ്കറൈറ്റുമായ ലേഖകൻ.രാഷ്ട്രീയ സ്വയംസേവക് സംഘം (ആർ.എസ്.എസ്) രൂപവത്കരണത്തിന്റെ നൂറാം വർഷം ആഘോഷമാക്കുകയാണ്. നൂറോ അഞ്ഞൂറോ വർഷങ്ങൾ അവർ ആഘോഷിക്കട്ടെ. എത്ര വർഷം അവർ പിന്നിട്ടു എന്നതിലല്ല കാര്യം. പിന്നിട്ട കാലത്തിലല്ല ദിശയും നയവുമാണ് മുഖ്യം. ആർ.എസ്.എസ് ശരിയായ പാതയിൽ സഞ്ചരിച്ചിട്ടേയില്ല. ഇന്ത്യ...
Your Subscription Supports Independent Journalism
View Plansആർ.എസ്.എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും മഹാരാഷ്ട്രയിലടക്കം എങ്ങനെ പ്രാവർത്തികമാകുന്നുവെന്ന് എഴുതുകയാണ് ദലിത് പാന്തർ സംഘടനയുടെ സ്ഥാപകനും അംബേദ്കറൈറ്റുമായ ലേഖകൻ.
രാഷ്ട്രീയ സ്വയംസേവക് സംഘം (ആർ.എസ്.എസ്) രൂപവത്കരണത്തിന്റെ നൂറാം വർഷം ആഘോഷമാക്കുകയാണ്. നൂറോ അഞ്ഞൂറോ വർഷങ്ങൾ അവർ ആഘോഷിക്കട്ടെ. എത്ര വർഷം അവർ പിന്നിട്ടു എന്നതിലല്ല കാര്യം. പിന്നിട്ട കാലത്തിലല്ല ദിശയും നയവുമാണ് മുഖ്യം. ആർ.എസ്.എസ് ശരിയായ പാതയിൽ സഞ്ചരിച്ചിട്ടേയില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എന്നാൽ, അവർ ജനാധിപത്യ വിരുദ്ധരും. ഇറ്റാലിയൻ സ്വേച്ഛാധിപതി മുസോളിനിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ആർ.എസ്.എസ് എങ്ങനെ ജനാധിപത്യ വാദികളാകും? ആദ്യ സർസംഘ്ചാലക് ഡോ. ഹെഡ്ഗേവാറിന്റെ ഉപദേശകനായിരുന്ന ഡോ. ബി.എസ്. മൂഞ്ചേ ഇറ്റലിയിൽ ചെന്ന് മുസോളിനിയെ കാണുകയും അവിടത്തെ ഫാഷിസ്റ്റ് യുവജനപ്രസ്ഥാനത്തെ അനുകരിക്കാൻ ഹിന്ദു നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ടാം സർസംഘ്ചാലക് എം.എസ്. ഗോൾവാൾക്കറും അഡോൾഫ് ഹിറ്റ്ലറുടെ ആരാധകനായിരുന്നു.
ഫാഷിസ്റ്റ് സംഘടനയായ ആർ.എസ്.എസിന്റെ ‘വിചാരധാര’ക്ക് ഇന്ത്യൻ ഭരണഘടനയോട് യോജിക്കാനാകില്ല. ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയിലെ നേതാക്കളോട് അവരുടെ ചിന്താഗതി അനുസരിച്ച് ഒരു ഭരണഘടനക്ക് രൂപം നൽകാൻ ആവശ്യപ്പെട്ടതുപ്രകാരം ഭരണഘടനാ നിർമാണ സഭക്ക് രൂപം നൽകുകയും ഡോ. ഭീംറാവു രാംജി അംബേദ്കറെ അതിന്റെ ചെയർമാനാക്കുകയും ചെയ്തു. അതവർക്ക് ദഹിച്ചില്ല. ആർ.എസ്.എസുകാർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കത്തിച്ചു. 1927 ഡിസംബർ 25ന് അദ്ദേഹം അവരുടെ മതഭരണഘടനയായ മനുസ്മൃതി കത്തിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രം അവർ കത്തിച്ചത്. മാത്രമല്ല, അദ്ദേഹം അതിശൂദ്ര സമുദായക്കാരൻ ആണെന്നതും അവരെ പ്രകോപിപ്പിച്ചു. നൂറുവർഷം പിന്നിട്ടതുകൊണ്ട് ആർ.എസ്.എസിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നൂറുവർഷം കടന്ന വേറെയും സംഘടനകളുണ്ട്. കാലങ്ങൾ കടന്നുപോകുന്നതിലല്ല ലക്ഷ്യവും നയങ്ങളുമാണ് നോക്കേണ്ടത്. ഇപ്പോഴും അതൊരു ദേശവിരുദ്ധ സംഘടന തന്നെയാണ്. പേരിൽ രാഷ്ട്രീയമുണ്ടെങ്കിലും ഭരണഘടനയോടുള്ള അവരുടെ സമീപനം അവർ അരാഷ്ട്രീയം അഥവാ ദേശവിരുദ്ധരാണെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്.
ആഗസ്റ്റ് 15ലെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ.എസ്.എസുകാരെ, രാഷ്ട്രം കെട്ടിപ്പടുത്തവരുമായാണ് താരതമ്യംചെയ്തത്. ഹിറ്റ്ലറുടെ ആരാധകരെ ഭഗവാൻ ഗൗതം ബുദ്ധയുടെ ആരാധകരോട് ഉപമിക്കാൻ പറ്റിയ ഒരു വേദി ആയിരുന്നില്ല അത്. ആർ.എസ്.എസിന്റെ നൂറുവർഷ ആഘോഷത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ 100 രൂപയുടെ നാണയവുമിറക്കി. ‘ഭാരതാംബ’യെയും ആർ.എസ്.എസുകാരെയും ഉല്ലേഖനംചെയ്ത നാണയം. ഇത് പാർലമെന്ററി വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്. ഇനി സർക്കാറിനെ നയിക്കുക സംഘ് അജണ്ടകളാണോ അതോ ഭരണഘടന ചട്ടങ്ങളാണോ എന്നുള്ളതാണത്. സംഘ്പരിവാറിന്റെ മുസ്ലിം വിരുദ്ധത മറന്നുകൂടാ. 1942 ആഗസ്റ്റ് 14ന് രാജ്യം വിഭജിക്കപ്പെട്ടു. ഒരു രണ്ടാം വിഭജനത്തിനായി ആർ.എസ്.എസ് കാത്തിരിക്കുകയാണ്. അവരുടെ ലക്ഷ്യം അതാണ്. ആർ.എസ്.എസ് നിർദേശങ്ങൾ സർക്കാർതലത്തിലടക്കം ദൈനംദിന കാര്യങ്ങളെ സ്വാധീനിച്ചു തുടങ്ങി. മികച്ച ഭരണം ലക്ഷ്യമിട്ടാണ് ബ്രിട്ടീഷുകാർ ഐ.എ.എസ് പരീക്ഷകൾ നടത്തിയിരുന്നതെങ്കിൽ, ഇന്ത്യയിൽ ഇപ്പോൾ സ്വയംസേവകരെ നേരിട്ട് നിയമിക്കുകയാണ്. അവർ ആർ.എസ്.എസിന്റെ നയങ്ങൾ അനുസരിച്ചല്ലാതെ ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് ഭരിക്കുകയില്ലെന്ന് ഒരു സംശയവുമില്ല.
ആർ.എസ്.എസ് ഒരിക്കലും സാംസ്കാരിക സംഘടനയല്ല. അതൊരു രാഷ്ട്രീയ സംഘടന തന്നെയാണ്. സാംസ്കാരിക സംഘടന എന്നത് മുഖംമൂടിയാണ്. 1925 മുതലേ അവരുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രമാണ്. ഒരു ഹിന്ദു രാഷ്ട്രത്തിന് വേദങ്ങളാണ് ഏറെ പ്രധാനം. അത് ജനങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കുന്നതും മതേതരത്വ വിരുദ്ധവുമാണ്. ഈയിടെയായി അംബേദ്കറെ അവർ ഹൈജാക്ക് ചെയ്ത് സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഹെഡ്ഗേവാറിനോടാണ് അവർ അംബേദ്കറെ ചേർത്തുവെക്കുന്നത്. അത് മറ്റൊന്നിനുമല്ല. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. അംബേദ്കർ ജനാധിപത്യത്തിന്റെ പ്രതീകമാണ്. ആർ.എസ്.എസ് ജനാധിപത്യ വിരുദ്ധവും. അപ്പോൾ എങ്ങനെയാണ് അംബേദ്കറെ ഹെഡ്ഗേവാറിനോട് താരതമ്യം ചെയ്യാനാവുക. ജാതിവിവേചനം ആർ.എസ്.എസിന്റെ സിരകളിലുണ്ട്. പ്രധാന പദവികൾ വഹിക്കുന്നവരൊക്കെ ഉന്നതകുലജാതരാണ്. അവരാണ് നയങ്ങൾ തീരുമാനിക്കുന്നത് എന്ന കാര്യം മറന്നുകൂടാ. ഹിന്ദൂയിസത്തിന്റെ നട്ടെല്ലാണ് ജാതിവ്യവസ്ഥ. ജാതിവ്യവസ്ഥയെ ഇല്ലാതാക്കുക എന്നാൽ ഹിന്ദു ധർമത്തെ ഇല്ലാതാക്കുക എന്നാണ് അർഥം. ജാതിവ്യവസ്ഥ അവരുടെ തലച്ചോറിൽ ആലേഖനംചെയ്യപ്പെട്ടതാണ്. ജാതിവ്യവസ്ഥയെ ഉന്മൂലനംചെയ്യാൻ അംബേദ്കർ ആഗ്രഹിച്ചു.
സ്വയംസേവകരുടെ അച്ചടക്കത്തെ കുറിച്ച് ആർ.എസ്.എസ് വാചാലമാകുന്നു. എന്നാൽ, കഴുതയുടെ പ്രകൃതമാണ് അച്ചടക്കം എന്ന കാര്യം അവർ മറന്നുപോയി. സമകാലിക ഇന്ത്യൻ സാഹിത്യത്തിലും സാംസ്കാരിക മേഖലയിലും സംഘ് പ്രത്യയശാസ്ത്രത്തിന് ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിട്ടില്ല. എഴുത്തുകാരുടെ യഥാർഥ പ്രത്യയശാസ്ത്രം അവരുടെ സാഹിത്യത്തിൽ പ്രതിഫലിപ്പിക്കാൻ ഇന്ന് കഴിയില്ല. ആർ.എസ്.എസിന്റെ ആഘോഷത്തിനും അവരുടെ സർക്കാറിന്റെ തുടർച്ചക്കും ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ) ഒരു ഘടകമാണ്. ഇ.ഡിയെ മുഴുവൻ സമൂഹവും ഭയപ്പെടുന്നു. അതിനാലാണ് ചിന്തകരും എഴുത്തുകാരും മറ്റ് കലാകാരന്മാരും അന്ധ, ബധിര, മൂകരായി പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സ്വതന്ത്ര ചിന്ത അവരുടെ സാഹിത്യങ്ങളിൽ പ്രതിഫലിപ്പിക്കാൻ ആവില്ല. വർഷങ്ങളോളം ഇരുമ്പഴിക്കുള്ളിൽ കഴിയാൻ അവരാരും ആഗ്രഹിക്കുന്നില്ല. ഇപ്പോൾ അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിരുകൾ ഉണ്ട്. അധികാരത്തിനു മുന്നിൽ അവർ തല കുമ്പിട്ട് നിൽക്കുകയാണ്. ചിന്തക്കും തൂലികക്കും അവർ സ്വയം അതിരുകൾ തീർത്തിരിക്കുകയാണ്.
മുമ്പ് ബുദ്ധിസ്റ്റുകൾ ഒഴികെയുള്ള പാർശ്വവത്കരിക്കപ്പെട്ടവരിലേക്ക് ആർ.എസ്.എസ് കടന്നുചെന്നു. ആർ.എസ്.എസിനും ഹിന്ദുത്വക്കുമെതിരെ പൊരുതിയ ഡോ. ബി.ആർ. അംബേദ്കറുടെ അനുയായികൾ ആയതിനാൽ ബുദ്ധിസ്റ്റുകളിലേക്ക് അവർക്ക് കടന്നുചെല്ലാൻ കഴിഞ്ഞിരുന്നില്ല. ബുദ്ധിസ്റ്റുകൾ അതിശക്തമായി ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെ ചെറുക്കുന്നവരാണ്. എങ്കിലും, ചില ബുദ്ധിസ്റ്റ് നേതാക്കളെ വിലക്കെടുക്കാൻ ആർ.എസ്.എസിന് ഇന്ന് കഴിയുന്നു എന്നത് ഖേദകരമാണ്. അത്തരക്കാരെ വിലക്കെടുക്കാൻ എളുപ്പമാണ്. 2014 വരെ ജനാധിപത്യവിരുദ്ധരായ ആർ.എസ്.എസിനെ ചെറുത്തുനിന്നത് അംബേദ്കർ അനുയായികളാണ്.
അവർക്കു മാത്രമേ അതിനുള്ള ത്രാണി ഉണ്ടായിരുന്നുള്ളൂ. നേതാക്കൾ വിലക്കു വാങ്ങപ്പെട്ടതോടെ അവരുടെ രാഷ്ട്രീയ കരുത്ത് ചോർന്നുപോയി. മറ്റു രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലനിൽപിനായുള്ള സംഘർഷത്തിലാണ്. ആർ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) ഒറ്റ കക്ഷി ഭരണത്തിനായുള്ള ശ്രമങ്ങളിലാണ്. കോൺഗ്രസ് മുക്ത ഭാരതമാണ് അവർ ആഗ്രഹിക്കുന്നത്. അതിനായി അവർ ഇ.ഡിയെ വ്യാപകമായി ഉപയോഗിക്കുന്നു. അതിന്റെ ഉദാഹരണമാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്റെ കൂറുമാറ്റം. ജയിൽ ഭയന്നാണ് അദ്ദേഹം കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയത്. അധികാര തുടർച്ചക്ക് ബി.ജെ.പി ഇ.ഡിയെ ഉപയോഗിക്കുകയാണ്.
മൊഴിമാറ്റം: ഫൈസൽ വൈത്തിരി
