Begin typing your search above and press return to search.
proflie-avatar
Login

വേഴാമ്പൽ

വേഴാമ്പൽ
cancel

കാത്തിരിപ്പിനെ സ്വയം ശ്രദ്ധിക്കുന്ന പക്ഷം കൈവരുന്ന തിരിച്ചറിവുകളുണ്ട്, നമ്മെപ്പറ്റി. അതിന്റെ അടിവരയായി വരും മറ്റൊരു തെളിച്ചം: പ്രതീക്ഷിച്ചതിൽ എത്തുവോളം നീട്ടിവെക്കപ്പെടുന്നില്ല ജീവിതാർഥം. മറിച്ച് പ്രതീക്ഷിതങ്ങൾ എങ്ങനെ നമ്മെ നിർവചിക്കുന്നെന്ന് വെളിപ്പെടുകയാണ്, ശാന്തമായി. ഭൂമിയിൽ സമയത്തിന്റെ വേഗം സ്ഥിരമെന്നു പറയും. പക്ഷേ സമയം ഇഴയുന്ന സന്ദർഭങ്ങളുണ്ട്, ജീവിതത്തിൽ. അനുഭവിച്ചറിയാൻ വെറുമൊരു തീവണ്ടിയാത്ര മതി. ഇടസ്ഥലങ്ങളിൽ, ഇടമെത്തുന്നതിനു തൊട്ടുമുമ്പ്, അതുമല്ലെങ്കിൽ എങ്ങുമല്ലാത്തിടങ്ങളിൽ പിടിച്ചിടുമ്പോൾ വണ്ടി മാത്രമല്ല നിലയ്ക്കുക, സമയംകൂടിയാണ്. നിസ്സഹായമായ ആ നിശ്ചലതയിൽ...

Your Subscription Supports Independent Journalism

View Plans
കാത്തിരിപ്പിനെ സ്വയം ശ്രദ്ധിക്കുന്ന പക്ഷം കൈവരുന്ന തിരിച്ചറിവുകളുണ്ട്, നമ്മെപ്പറ്റി. അതിന്റെ അടിവരയായി വരും മറ്റൊരു തെളിച്ചം: പ്രതീക്ഷിച്ചതിൽ എത്തുവോളം നീട്ടിവെക്കപ്പെടുന്നില്ല ജീവിതാർഥം. മറിച്ച് പ്രതീക്ഷിതങ്ങൾ എങ്ങനെ നമ്മെ നിർവചിക്കുന്നെന്ന് വെളിപ്പെടുകയാണ്, ശാന്തമായി.

ഭൂമിയിൽ സമയത്തിന്റെ വേഗം സ്ഥിരമെന്നു പറയും. പക്ഷേ സമയം ഇഴയുന്ന സന്ദർഭങ്ങളുണ്ട്, ജീവിതത്തിൽ. അനുഭവിച്ചറിയാൻ വെറുമൊരു തീവണ്ടിയാത്ര മതി. ഇടസ്ഥലങ്ങളിൽ, ഇടമെത്തുന്നതിനു തൊട്ടുമുമ്പ്, അതുമല്ലെങ്കിൽ എങ്ങുമല്ലാത്തിടങ്ങളിൽ പിടിച്ചിടുമ്പോൾ വണ്ടി മാത്രമല്ല നിലയ്ക്കുക, സമയംകൂടിയാണ്. നിസ്സഹായമായ ആ നിശ്ചലതയിൽ നിമിഷങ്ങൾ അനന്തതയറിയുന്നു. സമയമുഷ്ടി ചുരുണ്ടുവരുന്നു, നമുക്കു നേരെ, നമ്മോടെന്തോ വിരോധമുള്ളമാതിരി. പിന്നെ അവലംബം ഒന്നുമാത്രം -മനുഷ്യജീവിതത്തിലെ ഏറ്റം യാതനാനിർഭരമായ ആ മൂകവൃത്തി: കാത്തിരിപ്പ്.

നേരാണ്, മോഹവും മോഹഭംഗവും കെട്ടുപിണഞ്ഞ സ്വസ്തികേട് തന്നെയാണത്. അതേസമയം മികച്ച ജീവനകലകളിലൊന്നും. എന്തിനെങ്കിലും വേണ്ടി ക്ഷമയോടെ കാക്കുമ്പോൾ നമ്മളതിന് വിലവെക്കുന്നു. ആഗ്രഹിക്കുന്നതിന്റെ അസാന്നിധ്യം മനസ്സ് നിറക്കുന്നു. അതിലൊരു നിസ്സഹായതയുണ്ട്. അതുള്ളതുകൊണ്ടാണ് കാത്തിരിപ്പുകൾ ശിക്ഷണമാകുന്നത്, ജീവിതത്തെ പരുവപ്പെടുത്തുന്ന സന്തുലനത്തിന്റെ -അടക്കം, വഴക്കം.

ശ്രദ്ധിച്ചുനോക്കൂ, നാം ഓരോന്നു ചെയ്യുന്ന രീതി നാം എന്തും ചെയ്യുന്ന രീതി തന്നെയല്ലേ? നോക്കുന്നത്, മിണ്ടുന്നത്, കേൾക്കുന്നത്, കഴിക്കുന്നത്, കുടിക്കുന്നത്, കഴുകുന്നത്... ചിരിക്കുന്നത്, കരയുന്നത്, കലമ്പുന്നത്... ഒക്കെ? ഇതേവിധം കാത്തിരിപ്പും സ്വപ്രകൃതത്തിന്റെ കുറുരൂപം. അക്ഷമയുള്ള കാത്തിരിപ്പുണ്ട്, വിനീതമായതുണ്ട്, തുറന്ന മനസ്സാലുള്ളതുണ്ട്, ഹതാശത കടിച്ചുപിടിച്ചതുണ്ട്, അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്ന ഉൽസുകരൂപം വരെയുണ്ട്. ഏതാകിലും എലിയറ്റിന്റെ മുന്നറിയിപ്പ് മറന്നൂടാ: ‘‘മനസ്സിനോട് ഞാൻ പറഞ്ഞു, പ്രതീക്ഷയില്ലാതെ കാക്കാൻ. കാരണം, പ്രതീക്ഷ ചിലപ്പോൾ തെറ്റായതിനു വേണ്ടിയുള്ളതാവാം.’’

ഉള്ളിന്റെയുള്ളിൽ കാത്തിരിപ്പേതും ഇടർച്ചയുള്ളൊരു ബന്ധമാണ് -ആശയും സമയവും തമ്മിലെ. ആശ നിവർത്തിച്ചുതരാൻ സമയദൂതരില്ലതാനും. ആ അർഥത്തിൽ വിരസതയുടെ വിപരീതമാണ് ആഗ്രഹസാഫല്യങ്ങൾക്കായുള്ള കാത്തിരിപ്പ്. കുരുന്നിലേയില്ലേ അതിന്റെ കുത്തും കോമയും? അമ്മയുടെ അസാന്നിധ്യത്തിൽ അക്ഷമയോടെ കാത്തിരിക്കുന്ന കുഞ്ഞ്. അതാണ് കാത്തിരിപ്പി​െന്റ ആദ്യ രൂചി, ജീവിതത്തിൽ -അലോസരതയുടെ, സങ്കടത്തിന്റെ, അമർഷത്തിന്റെ. അമ്മയെ കാക്കുന്ന കുഞ്ഞ് സ്വയമറിയാതെ ശീലിക്കയാണ് ഭാവിയിലെ കാത്തിരിപ്പുകൾ. ജീവിതത്തിലെ അസാന്നിധ്യങ്ങളുടെ പ്രാഗ് രൂപമാണത്. മഴ കാത്തിരിക്കുന്ന വേഴാമ്പലിന്റെ മുനിഞ്ഞു കത്തുന്ന ക്ഷമയൊന്നുമില്ലാത്ത മനുഷ്യന് മനഃപീഡയാകും കാത്തിരിപ്പ്.

എങ്കിലും...

ഭേദമാക്കാനാവില്ലേ ഈ പീഡ, കാത്തിരിപ്പിലൂടെ സ്വയമൊന്നു ഭേദപ്പെടാൻ? അസന്നിഹിതങ്ങളെ മനോവികാസത്തിന് ഉപാധിയാക്കാൻ? അമ്മയുടെ വരവു കാക്കുന്ന കുഞ്ഞിലൂടെ പിൽക്കാലത്ത് ജീവിതം പ്രതീക്ഷിക്കുന്ന ഏതു വരവിലേക്കും മനസ്സൊന്നു നീട്ടിനോക്കൂ.

കിട്ടേണ്ടതെന്തോ തടഞ്ഞുവെക്കുന്നു -അങ്ങനെയാണ് അമ്മയുടെ അമാന്തം കുഞ്ഞിന്. അനിവാര്യമായ സാമീപ്യം വിലങ്ങുമ്പോൾ പ്രതികരിക്കാതെ നിവൃത്തിയില്ലതിന്. ആവതില്ലാത്ത പ്രായത്തിൽ തന്നാലായതൊക്കെ ചെയ്യുമത്. ആധിവ്യഥകൾ രോഷമായി കെട്ടഴിയും രോദനത്തിൽ. വീർപ്പുമുട്ടുന്ന ഈ നില കുഞ്ഞും അമ്മയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാണ് മനുഷ്യന്റെ വികാസഗാഥ. സമയത്തെ നേരിടുന്നതിന്റെ പ്രശ്നം കൂടിയാണത് -എത്ര ദീർഘം കാത്തിരിക്കണം അമ്മയുടെ തിരിച്ചുവരവിന്?

കുഞ്ഞിനെ സംബന്ധിച്ച് അമ്മ അപ്പോൾ അപ്രത്യക്ഷം. നിമിഷങ്ങളുടെ, നാഴികയുടെ, ഒരുവേള ദിവസങ്ങളുടെ ഒഴിവിൽ പ്രത്യക്ഷമാകുമ്പോൾ അമ്മ വീണ്ടും സജീവമാകുന്നു, കുഞ്ഞിന്. അസാന്നിധ്യം പരിധി വിടുമ്പോൾ മരണമാണ് അമ്മക്ക്, കുഞ്ഞിൽ. അസാന്നിധ്യം ആളെ കൊല്ലുകയാണ് മനസ്സിൽ. കാരണം, അന്നേരമുണ്ടാവുന്നത് ഒരു വിടവാണ്. ഏതു വേർപാടിലുമുള്ളത്. ആ വിതമ്പിലാണ് അസാന്നിധ്യങ്ങളും കാത്തിരിപ്പിന്റെ പീഡയും സഹിക്കാൻ മനുഷ്യൻ ശീലിക്കുന്നത്. അടങ്കം ഗ്രസിക്കുന്ന ആശങ്കയും അക്ഷമയുംതന്നെ കൊല്ലാതിരിക്കാൻ. കാണാൻ വെമ്പുന്നയാളെ കാത്തിരിക്കെ കാക്കുകയല്ലാതെന്തു ചെയ്യാൻ? അകംപുറ ത്രാസങ്ങൾക്കൊടുവിൽ ആളെത്തുമ്പോൾ പൊട്ടാറായ മനസ്സ് ഒറ്റവീർപ്പിന് കെട്ടഴിഞ്ഞുപോകയല്ലേ- വീർത്തു വീർത്തു വന്ന ബലൂൺ കാറ്റൊഴിയുമ്പോലെ?

ഇനി, മുതിർന്ന രണ്ടാൾക്കിടയിലെ ബന്ധമെടുക്കുക. ഒരാൾ മറ്റെയാളെ എങ്ങനെ കാത്തിരിക്കുമെന്നത് കാത്തിരിപ്പിന്റെ ഒടുവിലെന്തെന്ന അവബോധത്തെ ആശ്രയിച്ചിരിക്കുന്നു. ആ ബോധമൊരു തുറസ്സെങ്കിൽ നന്ന്. പാടേ പ്രവചനീയമായ തരത്തിലുള്ള ഒടുവ് മാത്രമാണ് പ്രതീക്ഷയെങ്കിൽ അങ്ങനൊരു തുറസ്സുദിക്കുന്നില്ല. പരിമിതപ്പെടുത്തിയ ഒടുവല്ല സംഭവിക്കുന്നതെങ്കിൽ പാരസ്പര്യത്തിനുള്ള സാധ്യതയേറുന്നു. ബന്ധം ഭേദപ്പെടുന്നു. മിക്കപ്പോഴും സഫലമാകുന്ന കാത്തിരിപ്പുകളുടെ നേരതാണ്. മറക്കരുത്, ജീവി പരിണാമത്തിന്റെ വേരും അങ്ങനെതന്നെ.

കാത്തിരിപ്പ് ആളെ അപഹരിക്കുന്നു. അതുവഴി ആയുസ്സിന്റെ ഒരു പങ്കും. ​െഎൻ​െസ്റ്റെനുമായുള്ള വിശ്വപ്രസിദ്ധ ‘സമയ-യുദ്ധ’ ത്തിൽ ഫ്രഞ്ച് ദാർശനികൻ ഹെൻറി ബർഗ്സൻ അതു സ്പഷ്ടമാക്കിയതിങ്ങനെ: ‘‘ നേരംപോക്കെന്നു പറയുമ്പോൾ പോകുന്നത് നമ്മൾതന്നെയാണ്. ജീവിതത്തെ അതി​െന്റ സകല വിശദാംശങ്ങളോടെയും ഉൾക്കൊള്ളാൻതക്ക വലുപ്പം നമ്മുടെ ഹൃദയത്തിനുണ്ടെങ്കിൽ നാം കണ്ടറിയും, ഓരോ നിമിഷവും ഒരേസമയം. ദാതാവും മോഷ്ടാവുമാണ്.’’ മനുഷ്യരെല്ലാം സമയത്തോടൊപ്പമാണ് കഴിയുന്നത്, സമയത്തിനുള്ളിൽ. ഇവ്വിധം നമ്മുടെ ഉൺമയുടെ അസ്തിത്വമാണ് കാലമെങ്കിൽ ആവേഗങ്ങളുടേതായ ഇക്കാല സംസ്കാരത്തിൽ ജീവിതഘടനക്ക് എന്തു സംഭവിക്കുന്നു? ഉത്തരമില്ല ബർഗ്സനിൽ, അദ്ദേഹത്തെ എതിർത്ത ഐൻ​ൈസ്റ്റനിൽ. കാരണം, അവർ സംവദിച്ചത് ഒരു നൂറ്റാണ്ട് മുമ്പാണ്, ജീവിതാവേഗത്തിന് അന്നിത്ര പ്രകാശവേഗമായിട്ടില്ല.

കാലമേതായാലും കാത്തിരിപ്പ് ഒന്നിന്റെയും ഇടവേളയല്ല. മറിച്ച് നമ്മുടെ ഇടപഴകുകളിലെ മൂകശക്തിയാണ്. അതിനെ നമുക്ക് ഇഷ്ടമല്ലെങ്കിലും അടുപ്പത്തിൽനിന്നും നമ്മെ തടയുന്നൊരു എടങ്ങേറല്ലത്. മനുഷ്യരെന്ന നിലക്ക് നാം ബന്ധങ്ങൾ പണിയുന്നതിന്റെ അടിസ്ഥാന ഭൂമികയാണ്. പല പ്രകാരേണ അത് ബന്ധങ്ങളെ രൂപപ്പെടുത്തുന്നുണ്ട്. ഗുണപ്പെടുത്തുന്നുണ്ട്. അതൊഴിവാക്കിയാൽ നഷ്ടം പലവഴിക്ക് വരും -സാമൂഹിക നീക്കുപോക്കുകൾക്ക്, ജ്ഞാനോൽപാദനത്തിന്, സർഗപ്രക്രിയകൾക്ക്... കാരണം അവയെല്ലാം ആശ്രയിക്കുന്നുണ്ട് കാത്തിരിപ്പിനെ; അതതി​െന്റ സാഫല്യങ്ങൾക്ക്.

 

കാത്തിരിക്കെ നമുക്ക് നഷ്ടപ്പെടുന്നില്ല നേരം. മറിച്ചാണ് പൊതുവിചാരമെങ്കിലും. ആ നിമിഷങ്ങൾ ഒന്നു തൊട്ടുനോക്കുകിലറിയും, അവ പൊളിച്ചുകളയുകയാണ് ഇക്കാലത്തിന്റെ പലതും -തൽക്ഷണ സാഫല്യം എന്ന മതിഭ്രമത്തെ, ‘റിയൽ ടൈം’ എന്നു പറഞ്ഞ് എന്തിനുമേതിനും ചുമ്മാ വേഗം കൂട്ടുന്ന ബാലിശതയെ. ആശിക്കുന്നതൊക്കെ അപ്പപ്പോൾ- അതാണല്ലോ ഉത്തരാധുനിക സംസ്കാരത്തിന്റെ സമ്മോഹന വാഗ്ദാനം. ഈ സമീപനം വിഗണിക്കുന്നത് കാത്തിരിപ്പിന്റെ കരുത്തും നിത്യജീവിതത്തിൽ അതു വഹിക്കുന്ന സക്രിയ പങ്കുമാണ്.

നിശ്ചലമല്ല കാത്തിരിപ്പ്. പ്രതീക്ഷിക്കപ്പെടുന്ന എന്തോ ഉണ്ട്, കാത്തിരിപ്പത് എന്തിനോ വേണ്ടിയാണ്. അതിലൊരു ആയലുണ്ട്. പ്രതീക്ഷിതത്തിലേക്കുള്ള മനോചലനം. മികച്ച ഉദാഹരണം ജ്യോതിശാസ്ത്രം. അതിൽ വലിയ കണ്ടെത്തലുകൾക്ക് പതിറ്റാണ്ടുകളുടെ കാത്തിരിപ്പുണ്ട്. ചിലപ്പോൾ നൂറ്റാണ്ടുകളുടെ. ഗലീലിയോക്കുശേഷം ഭൗതികശാസ്ത്രം ഏറ്റവും നീണ്ട കാത്തിരിപ്പ് നടത്തിയ കണ്ടെത്തലോർക്കുക- ഗുരുത്വതരംഗങ്ങൾക്കായി നൂറുകൊല്ലം!

അജ്ഞാതം അനുമാനം സൃഷ്ടിക്കുന്നു. അറിഞ്ഞതും അതിനപ്പുറവും തമ്മിലെ അകലമടയ്ക്കാൻ. ഈ ഊഹവേള പുതിയ ചിന്താഗതി വിതക്കുന്നു. ഉള്ളതായി അറിവില്ലാത്തതിനെ തിരയാൻ, ഉണ്ടെങ്കിൽ അതിൽ തൊടാൻ ഭാവന ചിറകുവിരിക്കുന്നു. ഇത്രടം സംഭവിച്ചിട്ടില്ലാത്ത രംഗങ്ങൾ തെളിയുന്നു. ഇവ്വിധം സർഗസൃഷ്ടിക്കുള്ള ജാലകപ്പഴുതാവുന്നു കാത്തിരിപ്പ്. സാധ്യതയും സംഭാവ്യതയും ഊഹിക്കാനുള്ള പൊഴുത്. അടയിരിപ്പിന്റെ സർഗമൂല്യത്തെപ്പറ്റി പറഞ്ഞത് എലിയറ്റല്ലേ -അറിവ് വിപുലമാക്കാൻ വേണ്ട അന്വേഷണബുദ്ധിയെ പ്രകോപിപ്പിക്കുന്ന ആ വ്യഗ്രവേളയെപ്പറ്റി?

സാമുവൽ ബെക്കറ്റിന്റെ പ്രശസ്ത നാടകം: ‘വെയ്റ്റിങ് ഫോർ ഗോദോ’. പ്രതീക്ഷിത ഫലത്തിന്റെ പേരിലുള്ള വൈരാഗവൃത്തിയല്ലവിടെ. മനസ്സിന് പരിവർത്തനം വരുത്തുന്ന പ്രത്യാശയുടെ പരിശീലനക്കളരിയാണ്. അതിനുവേണ്ടി നാടകനിയമങ്ങൾ കൂടി ലംഘിക്കുന്നു; ഇതിവൃത്ത പ്രതീക്ഷകൾ ചീന്തിയെറിയുന്നു. പ്രതീക്ഷയാണ് ഗോദോ, നാം കാത്തിരിപ്പതിന്റെയെല്ലാം, അനിശ്ചിതങ്ങളുടെയും ഹതാശതയുടെയും നിലവിലെ അവസ്ഥയിൽനിന്നുള്ള രക്ഷക്ക് നമ്മൾ ആശ്രയിക്കുന്നതിന്റെയെല്ലാം. ക്ഷമയോടെ കാത്തിരുന്നാൽ വന്നണയാവുന്നതിന്റെയെല്ലാം.

 

നാടകം കാട്ടിത്തരികയാണ്, കാലം എങ്ങനെ നമ്മിലൂടൊഴുകുന്നെന്ന്, ആ ഒഴുക്ക് എങ്ങനെ നമ്മെ മാറ്റിയെടുക്കുന്നെന്ന്. കാത്തുകാത്തു നിൽക്കെ നാൾക്കുനാൾ നമ്മളെങ്ങനെ വ്യത്യസ്തരായി മാറുന്നെന്ന്, കാത്തിരിപ്പിലാണ് നമ്മളെന്തോ അതായിത്തീരുക. ഒരിക്കലും വന്നേക്കില്ല, പ്രതീക്ഷിതഭാവി ഒരുപക്ഷേ. എങ്കിലും കാത്തിരിപ്പിനെ സ്വയം ശ്രദ്ധിക്കുന്നപക്ഷം കൈവരുന്ന തിരിച്ചറിവുകളുണ്ട്, നമ്മെപ്പറ്റി. അതിന്റെ അടിവരയായി വരും മറ്റൊരു തെളിച്ചം: പ്രതീക്ഷിച്ചതിൽ എത്തുവോളം നീട്ടിവെക്കപ്പെടുന്നില്ല ജീവിതാർഥം. മറിച്ച് പ്രതീക്ഷിതങ്ങൾ എങ്ങനെ നമ്മെ നിർവചിക്കുന്നെന്ന് വെളിപ്പെടുകയാണ്, ശാന്തമായി. ഈ വെളിച്ചത്തിലാണ് തിരിച്ചറിയുക അർഥം, ജീവിതത്തിന്റെ. അതുകൊണ്ടുതന്നെ കാത്തിരിപ്പിന്റെ ദൈർഘ്യം അപ്രസക്തം, കുറഞ്ഞപക്ഷം കാത്തിരുന്നയാൾക്കെങ്കിലും. ‘‘പൂമ്പാറ്റ എണ്ണുന്നത് മാസങ്ങളല്ല, നിമിഷങ്ങളാണ്. എണ്ണാൻ അതിന് വേണ്ടത്ര നേരമുണ്ടുതാനും.’’

(വേൾഡ് ഓഫ് വണ്ടേഴ്സ്/ ഐമി നേഴുകുമറ്റത്തിൽ).

ആരുപറഞ്ഞു, മഴ കാത്തിരിക്കയാണ് മലമുഴക്കി വേഴാമ്പലെന്ന്? തേടിവരുന്നത് മഴയല്ലേ? അതുകൊണ്ട്, മുകിലു നിറയുമ്പോൾ പറവ മല മുഴക്കുന്നു; ദേ വന്നെന്ന് -ചേക്കേറാനുള്ള നേരം. ചേക്കിലിരിപ്പാണ് പിന്നെ, മഴ ഒഴിയും വരെയുള്ള കാത്തിരിപ്പ്.

News Summary - There are realizations that come from paying attention to waiting