ജനവികാരം ഒപ്പമാണ് കേരളം മാറുമോ?


‘‘ഞാനൊരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണ്...’’ മുഖ്യമന്ത്രിയായശേഷം ആദ്യ വർത്താസമ്മേളനത്തിൽ, തന്നെ തുറന്ന് വിമർശിക്കണമെന്ന് വ്യക്തമാക്കിയ വി.ഡി സതീശന്‍റെ നിലപാട് പ്രഖ്യാപനമായിരുന്നു ഇത്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ലെന്നും ഒപ്പം ചേർത്തു. സ്വഭാവിക വിലയിരുത്തലുകളിൽ ഏതൊരു കോൺഗ്രസുകാരനും പരിക്കില്ലാതെ പറയാവുന്നു പ്രസ്താവനയാണ് ഇതെന്ന് തോന്നാം. പക്ഷേ, കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയാനുഭവങ്ങൾ കൂടി ചേർത്തുവായിക്കുമ്പോഴാണ് പുതിയ കേരളത്തിന്‍റെ ജനാധിപത്യ രാഷ്ട്രീയ ഘടനയിലും ഭരണ സംവിധാനത്തിലും വിമർശനം എന്ന വാക്കിന്‍റെ പ്രസക്തിയും പ്രഹരവും വ്യക്തമാവുക. ‘വിമർശനം’ എന്ന രാഷ്ട്രീയ പ്രക്രിയയെ...
Your Subscription Supports Independent Journalism
View Plans‘‘ഞാനൊരു നെഹ്റുവിയൻ
സോഷ്യലിസ്റ്റാണ്...’’ മുഖ്യമന്ത്രിയായശേഷം ആദ്യ വർത്താസമ്മേളനത്തിൽ, തന്നെ തുറന്ന് വിമർശിക്കണമെന്ന് വ്യക്തമാക്കിയ വി.ഡി സതീശന്‍റെ നിലപാട് പ്രഖ്യാപനമായിരുന്നു ഇത്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ലെന്നും ഒപ്പം ചേർത്തു. സ്വഭാവിക വിലയിരുത്തലുകളിൽ ഏതൊരു കോൺഗ്രസുകാരനും പരിക്കില്ലാതെ പറയാവുന്നു പ്രസ്താവനയാണ് ഇതെന്ന് തോന്നാം.
പക്ഷേ, കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയാനുഭവങ്ങൾ കൂടി ചേർത്തുവായിക്കുമ്പോഴാണ് പുതിയ കേരളത്തിന്‍റെ ജനാധിപത്യ രാഷ്ട്രീയ ഘടനയിലും ഭരണ സംവിധാനത്തിലും വിമർശനം എന്ന വാക്കിന്‍റെ പ്രസക്തിയും പ്രഹരവും വ്യക്തമാവുക. ‘വിമർശനം’ എന്ന രാഷ്ട്രീയ പ്രക്രിയയെ സൗകര്യത്തിന് വിസ്മരിക്കുകയോ അല്ലെങ്കിൽ അധികാര കേന്ദ്രങ്ങൾക്ക് അസുഖകരമാകുമെന്ന വിചാരത്താൽ പല്ലും നഖവും പറിച്ച് വികലമാക്കുകയോ ചെയ്തതിന്‍റെ അനുഭവങ്ങൾ പുരോഗമന രാഷ്ട്രീയ മുന്നണിയെ എത്രത്തോളം അവശമാക്കി എന്നതിന്‍റെ നേർച്ചിത്രങ്ങൾ കൺമുന്നിലുണ്ട്.
പേരിൽ എം.എ. ബേബിയും പ്രയോഗത്തിൽ പിണറായി വിജയനും നേതൃത്വം കൊടുക്കുന്ന പോളിറ്റ് ബ്യൂറോ മുതൽ താഴെ ബ്രാഞ്ചുകളിൽ വരെ ഈ വാക്കിന് വിലക്കായിരുന്നുവെന്നതിന്‍റെ ഏറ്റവും വലിയ തെളിവുകൂടിയാണ് ജനവിധി. സ്വഭാവികമായും വിമർശനത്തിന് വി.ഡി. സതീശൻ ഇടം കൊടുത്തുവെന്നത് മറ്റെന്തിനെക്കാളും പ്രസക്തമാകുന്നതും ഇവിടെയാണ്. സാമൂഹികമായ വികസന ആശയങ്ങളും പുതിയ കാലത്തെ കുറിച്ച കാഴ്ചപ്പാടും വിശിഷ്ടമായ സാമ്പത്തിക നയങ്ങളുമടക്കം ഉദാത്തമെന്ന് കരുതുന്നവ ആവോളം കൈവശമുണ്ടെങ്കിലും ‘വിമർശന’ത്തിനുള്ള ഇടമില്ലെങ്കിൽ പിന്നെ ആശയങ്ങളുടെ ഏകാധിപത്യമാകും സംഭവിക്കുക. ഈ വീക്ഷണകോണിലാണ് കേരളത്തിലെ മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ലെന്നത് പ്രസക്തമാകുന്നത്.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്നതിനൊപ്പം ‘പറഞ്ഞ വാക്കി’ന്‍റെ കരുത്തിനെ കുറിച്ചും മുഖ്യമന്ത്രിക്ക് തികഞ്ഞ ബോധ്യമുണ്ടെന്നത് സത്യപ്രതിജ്ഞ ചെയ്തു മണിക്കൂറുകൾക്കകം ചേർന്ന ആദ്യ മന്ത്രിസഭ യോഗ തീരുമാനങ്ങൾ അടിവരയിടുന്നു. മുൻ സർക്കാറിന്റെ കാലത്ത് 266 ദിവസം ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരമിരുന്നിരുന്നു. സമരപ്പന്തലിന്‍റെ ഐക്യദാർഢ്യ സന്ദർശകനായി എത്തിയ വി.ഡി. സതീശൻ അവരോട് പറഞ്ഞത് ‘മറക്കില്ല’എന്ന വാക്കാണ്. 3000 രൂപയുടെ വർധനയിൽ സംഖ്യാപരമായ വലുപ്പച്ചെറുപ്പത്തിനപ്പുറം വാക്കിന്‍റെ ഊക്കിനും ഉത്തരവാദിത്തത്തിനും എത്രത്തോളം പരിഗണന കൽപിക്കുന്നുവെന്നത് വ്യക്തമാകുന്നു.
രക്ഷാപ്രവർത്തനമെന്ന് മുൻ മുഖ്യമന്ത്രി വിശേഷിപ്പിച്ച ആലപ്പുഴയിലെ ഗൺമാൻമാരുടെ അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ച ആദ്യ മന്ത്രിസഭ തീരുമാനം കൃത്യമായ രാഷ്ട്രീയ സൂചനകൂടിയാണ്. മുൻ സർക്കാറിന്റെ കാലത്ത് അതിക്രമങ്ങൾക്കിരയായവരെ സർക്കാറും പാർട്ടിയും കൈവിടില്ലെന്ന സന്ദേശം. അതായത്, പത്ത് വർഷത്തെ പിണറായി സർക്കാറിന്‍റെ ജനകീയ ഓഡിറ്റായിരുന്നു ജനവിധിയെങ്കിലും നിയമപരവും ഭരണപരവുമായ വിചാരണകൾ തുടങ്ങാനിരിക്കുന്നുവെന്ന കൃത്യമായ സൂചന.
ഒന്നിലധികം പ്രവേശന കവാടങ്ങളുള്ള സർക്കാർ ഓഫിസുകളിൽ ഏതെങ്കിലും ഒന്ന് തുറക്കുന്നതിലോ അടക്കുന്നതിലോ പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല. എന്നാൽ, സത്യപ്രതിജ്ഞയുടെ പിറ്റേന്ന് സെക്രേട്ടറിയറ്റിലെ സമരഗേറ്റ് മലർക്കെ തുറന്നത് വലിയ വാർത്തയായി. പത്ത് വർഷം ഒന്നിലധികം ബാരിക്കേഡുകളും ബലമേറിയ വടങ്ങളുംകൊണ്ട് വരിഞ്ഞുകെട്ടി, പല ലെയറുകളിലായി പൊലീസുകാരെ വിന്യസിച്ചിരുന്ന കവാടമായിരുന്നു ചൊവ്വാഴ്ച മലർക്കെ തുറന്നത്. സ്റ്റാച്യു വഴി കടന്നുപോകുന്നവർക്ക് ഇനി സമരഗേറ്റിലൂടെ നോക്കിയാൽ ഒന്നാം നമ്പർ കാർ കാണാം. കേവലം ഒരു കവാടം എന്നതിനപ്പുറം ഭരണസിരാകേന്ദ്രങ്ങൾ ഉദാരമാകുന്നതിന്‍റെ കൃത്യമായ സൂചനയാണ്. ഇതടക്കം രാഷ്ട്രീയവും ഭരണപരവുമായ സമഗ്രമാറ്റങ്ങളാണ് ഇതുവരെയുള്ള സർക്കാർ ചലനങ്ങളിൽനിന്ന് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്. ഭരണസംവിധാനത്തിലെ തലമുറമാറ്റവും മതേതര നിലപാടും സതീശൻ സർക്കാറിന്റെ സവിശേഷതയാണ്.
ധൂർത്തിന് കത്രിക
മുഖ്യമന്ത്രിയായി ചുമതലയേറ്റയുടൻ വി.ഡി. സതീശൻ തന്റെ ഔദ്യോഗിക സുരക്ഷാവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം മൂന്നായി നിജപ്പെടുത്താൻ നിർദേശിച്ചു. സെഡ് പ്ലസ് വിഭാഗത്തിലുള്ള സുരക്ഷ നിലനിൽക്കുമ്പോഴും പൊതുജനങ്ങളുടെ സുഗമസഞ്ചാരത്തിന് ഒരു തടസ്സവും വരുത്തരുതെന്ന് അദ്ദേഹം പൊലീസിന് കർശന നിർദേശം നൽകിയതും കൃത്യമായ സന്ദേശമാണ്. മുൻഗാമികളുടെ സുരക്ഷാശൈലികളെ തരംതാഴ്ത്തിക്കാട്ടാനല്ല താൻ ഇത് ചെയ്യുന്നതെന്നും, മറിച്ച് സാധാരണക്കാരന്റെ അനുഭവങ്ങളെ ഉൾക്കൊണ്ടാണ് നിലപാടെടുത്തതെന്നുമാണ് സതീശന്‍റെ നിലപാട്.
ആസ്ട്രേലിയയിലെ മെൽബൺ സന്ദർശനവേളയിൽ അവിടത്തെ പ്രതിരോധമന്ത്രിയും കുടുംബവും യാതൊരുവിധ ആർഭാടങ്ങളുമില്ലാതെ സാധാരണക്കാരെപ്പോലെ ഷോപ്പിങ് മാളിൽ സഞ്ചരിക്കുന്ന കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും അത്തരം ഒരു സിവിൽ സാഹചര്യം കേരളത്തിലും രൂപപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു സതീശൻ വിശദീകരിക്കുന്നത്. കൂടാതെ, പുതിയ ഔദ്യോഗിക വാഹനം വാങ്ങില്ലെന്നും പൊതുഖജനാവിന് ബാധ്യത വരുത്തുന്ന ഭരണപരമായ ഒരുവിധ ധൂർത്തും അനുവദിക്കില്ലെന്നുമുള്ള പ്രഖ്യാപനം ഭരണരംഗത്ത് മാതൃകാപരമായ ഒരു മാറ്റത്തിന് തുടക്കമാകണം.
തെരഞ്ഞെടുപ്പുവേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച അഞ്ച് പ്രധാന ‘ഇന്ദിര ഗാരന്റി’കളിൽ രണ്ടെണ്ണത്തിന് ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ തത്ത്വത്തിൽ അംഗീകാരം നൽകാൻ കഴിഞ്ഞത് സർക്കാറിന്റെ ജനകീയ സ്വഭാവത്തിന് തെളിവാണ്. ഇതിൽ സുപ്രധാനമായത് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന തീരുമാനമാണ്. ജൂൺ 15 മുതൽ ഇത് സംസ്ഥാനത്തുടനീളം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിട്ടുണ്ട്. വയോജനങ്ങളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കാനായി ജപ്പാൻ മാതൃകയിൽ രാജ്യത്ത് ആദ്യമായി ഒരു പ്രത്യേക ‘വയോജന ക്ഷേമ വകുപ്പ്’ രൂപവത്കരിക്കാൻ തീരുമാനിച്ചതും പുരോഗമനപരമായ നയങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രതീക്ഷിക്കുന്നു, ‘വിദ്വേഷ’ത്തിനെതിരെ വളയാത്ത നിലപാട്
കേരളത്തിന്റെ മതേതര പാരമ്പര്യത്തെ സംരക്ഷിക്കുന്നതിൽ വി.ഡി. സതീശൻ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. വർഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന സമീപനവും സാമുദായിക നേതാക്കളോട് വിധേയത്വം കാട്ടാത്തതുമായ നിലപാടുകളുമാണ് ഇതുവരെ അദ്ദേഹത്തിൽനിന്ന് കണ്ടത്. സാമുദായിക സംഘടനകളെ പരസ്യമായി തന്നെ എതിര്‍ക്കാന്‍ ധൈര്യം കാണിച്ച സമീപകാലത്തെ ആദ്യ കോണ്‍ഗ്രസ് നേതാവാണ് സതീശന്‍. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സതീശനെ മാത്രം ഉന്നംവെച്ച് എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യനീക്കമുണ്ടായതും ഇതിനോട് ചേർത്തുകാണണം.
പറവൂരിൽ സതീശനെ തോൽപിക്കാൻ ബി.ജെ.പി, ബി.ഡി.ജെ.എസ് പാർട്ടികൾ സ്ഥാനാർഥികളെ നിർത്താതെ രണ്ടാമത് വരുന്നയാൾക്ക് ഹിന്ദുക്കളുടെ വോട്ട് ഏകീകരിക്കണമെന്ന തീവ്ര വലതുപക്ഷ നിലപാടുകാരനായ ടി.പി. സെൻകുമാറിന്‍റെ ആഹ്വാനം വർഗീയതക്കെതിരെ സതീശന്‍റെ കറകളഞ്ഞ നിലപാടിനുള്ള അംഗീകാരം കൂടിയായിരുന്നു. സമൂഹമാധ്യമങ്ങളിലും അല്ലാതെയും വിദ്വേഷം പ്രചരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ഇത്തരത്തൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഭരണസാരഥ്യത്തിലുള്ളത് മതേതരസമൂഹങ്ങൾക്ക് പ്രതീക്ഷ പകരുന്നു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ വി.ഡി. സതീശനെ രാഹുൽ ഗാന്ധി അഭിനന്ദിക്കുന്നു. പ്രിയങ്ക ഗാന്ധി സമീപം
ധനഞെരുക്കം
ഭരണാധികാരി എന്ന നിലയിൽ വി.ഡി. സതീശനു നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ്. ശമ്പള പരിഷ്കരണവും ക്ഷേമപെൻഷൻ വർധനയും കിഫ്ബിയുടെ വായ്പകളുടെ തിരിച്ചടവ് മുതൽ കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ ആനുകൂല്യങ്ങളടക്കം ബാധ്യതകളുടെ നീണ്ട പരമ്പരയെയാണ് അഭിമുഖീകരിക്കേണ്ടത്. രണ്ടാം പിണറായി സർക്കാർ കാലത്തെ ശമ്പള പരിഷ്കണത്തിന്‍റെ ബാധ്യത 20,000 കോടിയായിരുന്നു. സമാനമാകും ഇക്കുറിയും. ഇതിന് പുറമെയാണ് ഇന്ദിര ഗാരന്റികളുടെ അധിക സാമ്പത്തിക ബാധ്യത.തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതു സർക്കാർ പ്രഖ്യാപിച്ച ക്ഷേമാനുകൂല്യ വർധന 10,000 കോടിയുടെ അധികബാധ്യത വരുത്തിയിരുന്നു.
ഇക്കാലയളവിൽ കേന്ദ്രസർക്കാർ വരുത്തിയ ജി.എസ്.ടി പുനഃക്രമീകരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിനുള്ള നികുതി വിഹിതത്തിൽ 8000 കോടിയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഫലത്തിൽ ചെലവുചുരുക്കലും വരുമാനം വർധിപ്പിക്കാനുള്ള പുതിയ വഴികൾ കെണ്ടത്തലും അനിവാര്യമാണെന്നത് വ്യക്തം. സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ 70 ശതമാനത്തിലേറെ തുക ശമ്പളം, പെൻഷൻ, വ്യാപാരികളുടെ പലിശ എന്നിവക്കായി ചെലവാക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. 2025-26ലെ സാമ്പത്തികവർഷത്തെക്കാൾ 2026-27ലെ ധനസ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് സി.എ.ജിയുടെ കണക്കുകൾ അടിവരയിടുന്നത്.
യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിര ഗാരന്റികൾ നടപ്പാക്കാൻ 11,000 കോടി വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. സ്ത്രീകൾക്കുള്ള സൗജന്യബസ് എങ്ങനെെയന്നത് സംബന്ധിച്ച് കൃത്യമായ രൂപമായിട്ടില്ല. കെ.എസ്.ആര്‍.ടി.സിയില്‍ ദിവസം ശരാശരി 22.18 ലക്ഷം യാത്രക്കാരുണ്ട്. ഇതില്‍ 40 ശതമാനത്തോളം സ്ത്രീകളാണ്. സ്ത്രീകൾക്ക് പൂർണമായും സൗജന്യയാത്ര അനുവദിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 500 കോടിയുടെ അധിക ബാധ്യതയുണ്ടാകും. 58-60 ലക്ഷം പേരാണ് പ്രതിമാസം ക്ഷേമ പെൻഷൻ വാങ്ങുന്നത്.
ഇത് 3000 രൂപയാക്കുന്നതിന് 7000 കോടി അധികമായി കണ്ടെത്തണം. ശരാശരി ആറു ലക്ഷം വിദ്യാർഥിനികൾ എന്ന കണക്കെടുത്താൽ ഇവർക്ക് പ്രതിമാസം 1000 രൂപ പഠനധനസഹായത്തിന് 720 കോടി വേണം. വാറ്റിൽനിന്നും ജി.എസ്.ടിയിലേക്ക് മാറിയപ്പോൾ കേരളം പോലെയുള്ള ഒന്നാം നമ്പർ ഉപഭോക്തൃ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന നികുതി വരുമാനത്തിൽ വലിയ ചോർച്ചയുണ്ടായിട്ടുണ്ട്. നികുതി വകുപ്പിനെ കാര്യക്ഷമമായി പുനർവിന്യസിക്കാത്തതിനാൽ നികുതി സമാഹരണം താളംതെറ്റിയിരുന്നു. സ്വർണത്തിൽ നിന്നുള്ള ജി.എസ്.ടി വരവ് വലിയ തോതിൽ കുറഞ്ഞിരുന്നു. പോരായ്മകൾ പരിഹരിക്കാൻ നികുതി വകുപ്പിനെ പുനഃസംഘടിപ്പിക്കുകയും ജി.എസ്.ടി നിയമങ്ങൾക്ക് അനുസൃതമായി നികുതി ഭരണസംവിധാനം പൂർണമായി അഴിച്ചുപണിയുകയും ചെയ്തേക്കും.
മദ്യനയത്തിൽ വീണ്ടുവിചാരം
2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 ബാറുകൾ മാത്രമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. പത്ത് വർഷത്തെ ഇടതു ഭരണത്തിൽ ഇത് 884 എണ്ണമായി ഉയർന്നു. 330ഓളം വരുന്ന െബവ്കോ ഔട്ട് ലെറ്റുകൾക്ക് പുറമെയാണിത്. ടൂറിസം, ഐ.ടി മേഖലകളിലെ പുരോഗതിക്ക് അൽപം ഉദാരത വേണമെന്ന ന്യായവാദമുയർത്തിയാണ് മദ്യനിലപാടിൽ വെള്ളം ചേർക്കാൻ ഇടതു സർക്കാർ തയാറായത്. ഇതിൽ തിരുത്തലുണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കിയത് ഉൾപ്പെടെ തീരുമാനങ്ങളിൽ പുതിയ സർക്കാർ നിലപാട് നിർണായകമാകും.
ഡ്രൈ ഡേകളിൽ പ്രത്യേക ലൈസൻസ് ഫീസ് അടച്ച് സ്റ്റാർ ഹോട്ടലുകളിൽ മദ്യം വിളമ്പാനും അധിക ഫീസ് അടച്ചാൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് അർധരാത്രിക്കു ശേഷവും ബാർ തുറക്കാനും കഴിഞ്ഞ സർക്കാർ അനുവാദം നൽകിയിരുന്നു. മുഴുവൻ ബാറുകളുടെയും പ്രവർത്തനസമയം രണ്ടു മണിക്കൂർ വർധിപ്പിച്ചതും യു.ഡി.എഫ് വിമർശിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റാൽ എക്സൈസ് വകുപ്പ് ആദ്യം കടക്കുക പുതിയ മദ്യനയത്തിന്റെ പണിപ്പുരയിലേക്കാണ്. മദ്യത്തിനൊപ്പം സംസ്ഥാനത്ത് പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള കർശന നടപടിയും ജനം പ്രതീക്ഷിക്കുന്നു.
ഉന്നതിയിലെത്തുമോ ഉന്നത വിദ്യാഭ്യാസം
സംസ്ഥാനത്തെ സ്കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളാണ് പുതിയ സർക്കാർ കാലത്തും പ്രതീക്ഷിക്കുന്നത്. ബിരുദ, ബിരുദാനന്തര പഠനത്തിനും തൊഴിലിനും യുവാക്കൾ കൂട്ടത്തോടെ വിദേശത്തേക്ക് പറക്കുന്ന പ്രവണത വലിയ വെല്ലുവിളിയാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായുള്ള ആഗോള കുടിയേറ്റം നിയന്ത്രിക്കാൻ പുതിയ സർക്കാറിൽനിന്ന് നയപരമായ തീരുമാനം ജനം പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റിന് പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതികൾ നടപ്പാക്കുന്ന കിഫ്ബിക്കെതിരെ ശക്തമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലിലാക്കുന്ന സംവിധാനമാണ് കിഫ്ബിയെന്നാണ് വി.ഡി. സതീശൻ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കിഫ്ബിയുടെ ഘടനയും സ്വഭാവവും ഉടച്ചുവാർക്കുന്നതടക്കം നടപടികൾ പ്രതീക്ഷിക്കാം.
പിണറായി വിജയൻ സർക്കാർ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് പൊലീസ് നയത്തിലാണ്. പാർട്ടി സംവിധാനത്തിന് സമാനം പൊലീസ് സംവിധാനം മാറിയത് ജനത്തെ ഒന്നടങ്കം എതിരാക്കിയിരുന്നു. മാവോവാദി വേട്ട, അലന്‍റെയും ത്വാഹയുടെയും അറസ്റ്റ്, ജിഷ്ണുപ്രണോയിയുടെ മാതാവ് മഹിജയെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ വലിച്ചിഴച്ചത്, എണ്ണമറ്റ ലോക്കപ്പ് മർദനങ്ങൾ തുടങ്ങി പ്രതിലോമകരമായ പൊലീസ് ഇടപെടലുകളുടെ പട്ടിക അനന്തമാണ്. കസ്റ്റഡിൽ നിരപരാധികൾ ശിക്ഷിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സംഭവങ്ങളും ഇക്കാലയളവിലുണ്ടായി. വിദ്വേഷ പ്രസംഗകർക്കും പ്രചാരകർക്കുമെതിരെ നടപടിയെടുക്കാതെ കാഴ്ചക്കാരായി മാറിയ പൊലീസ് കാലം കൂടിയാണ് കഴിഞ്ഞുപോയത്. ഇതിൽ കാതലായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യ മേഖലക്ക് അടിയന്തര ശസ്ത്രക്രിയ
സർക്കാറിന്‍റെ വൻകിട പദ്ധതികൾെക്കല്ലാം കൺസൽട്ടൻസികളെ നിയമിച്ച് കോടികൾ വിനിയോഗിക്കുന്ന നയംമാറ്റം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. സിൽവർ ലൈനിലടക്കം പച്ചതൊടാത്ത പദ്ധതികൾക്ക് കോടികളാണ് ചെലവിട്ടത്. സർക്കാർ വകുപ്പുകളെയും ഏജൻസികളെയും മാറ്റിനിർത്തിയായിരുന്നു സ്വകാര്യ കൺസൽട്ടൻസികളുടെ റിപ്പോർട്ടിലും നിർദേശങ്ങളിലും സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചത്.
വൻകിട പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കൺസൾട്ടൻസികളെ യു.ഡി.എഫ് സർക്കാർ അടുപ്പിക്കുമോ എന്നതും പ്രസക്തം. മലയോര ജനതയുടെ ജീവനും സ്വത്തും ഏത് നിമിഷവും വന്യജീവി ആക്രമണത്തിൽ കവരാമെന്ന സാഹചര്യമായിട്ട് ഏതാനും വർഷങ്ങളായി. ഇത് നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവന്ന പദ്ധതികളൊന്നും ഫലംകണ്ടില്ല. മലയോര ജനതയെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് സർക്കാറെന്നാണ് ഈ മേഖലകളെ കോർത്തിണക്കി നടത്തിയ യാത്രയിലും നിയമസഭയിലും വി.ഡി. സതീശൻ പറഞ്ഞത്.
കനത്ത ജനരോഷത്തെ തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ പാതയായ സിൽവർ ലൈൻ പാതിവഴിയിൽ ഇടതുസർക്കാർ വെച്ചുകെട്ടിയെങ്കിലും ബദലായി സമർപ്പിച്ച റീജനൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പ്രഖ്യാപിച്ചിരുന്നു. അതിവേഗ പാത എന്നത് യു.ഡി.എഫ് തത്ത്വത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും പരിസ്ഥിതിക്ക് പരിക്കേൽപിക്കാത്തതും കേരളത്തിന്‍റെ സ്വാഭാവികതകളെ പരിഗണിക്കുന്നതുമാകണമെന്നതാണ് യു.ഡി.എഫ് കാഴ്ചപ്പാട്. ഇതിൽ നിലവിലെ പാതക്ക് സമാന്തരമായി സ്ഥാപിക്കുന്ന സബർബൻ പദ്ധതികളടക്കം പ്രതീക്ഷിക്കാം. കേരളത്തിൽ ഡിജിറ്റൽ വിടവ് കുറക്കാനും എല്ലാവർക്കും കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനും ആവിഷ്കരിച്ച കെ-ഫോൺ പദ്ധതി ലക്ഷ്യത്തിന്‍റെ പരിസരത്തുപോലും എത്തിയില്ലെന്നിരിക്കെ ഇതിലും തീരുമാനം വേണ്ടിവരും. ആരോഗ്യമേഖലയുടെ അടിയന്തര ശസ്ത്രക്രിയയും യു.ഡി.എഫ് സർക്കാറിന്‍റെ ഒന്നാം പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ വി.ഡി. സതീശൻ കോൺഗ്രസ് നേതാക്കൾക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു-ചിത്രം: പി.ബി. ബിജു
കേരളീയ സാധ്യതകൾ
നെഹ്റുവിന്റെ ദർശനങ്ങളിൽ അധിഷ്ഠിതമായ, ജനാധിപത്യ പ്രക്രിയയിലൂടെയുള്ള സോഷ്യലിസ്റ്റ് സാമൂഹിക മാറ്റമാണ് നെഹ്റുവിയൻ സോഷ്യലിസം. സോവിയറ്റ് യൂനിയനിലെ സോഷ്യലിസത്തിൽ നിന്നും പാശ്ചാത്യ രാജ്യങ്ങളിലെ സമ്പൂർണ മുതലാളിത്തത്തിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് അദ്ദേഹം ഈ സിദ്ധാന്തം രൂപപ്പെടുത്തിയത്. അതിന്‍റെ പിന്തുടർച്ചയാണ് സതീശൻ അവകാശപ്പെടുത്തുന്നത്.
‘ഗ്രൂപ്പില്ലാ സതീശൻ’ മുഖ്യമന്ത്രിയാവുമ്പോൾ പാർട്ടിക്കുള്ളിലെ അധികാര സമവാക്യം അദ്ദേഹത്തിലേക്കു ചായുമെന്നും അതൊരു ഗ്രൂപ്പായി മാറുമെന്നും കരുതുന്നവരുണ്ട്. ഗ്രൂപ്പുകൾക്കപ്പുറം അധികാരം എവിടെയാണോ അങ്ങോട്ടേക്ക് ചായുന്നത് കോൺഗ്രസിലെ പൊതുരീതി എന്നതിനാൽ വിശേഷിച്ചും. സ്വഭാവികമായും ഗ്രൂപ്പ് പരീക്ഷണത്തിന് സതീശൻ മുതിരാൻ ഇടയില്ല എന്നതാണ് വ്യക്തമാകുന്നത്. പ്രതിപക്ഷനേതാവെന്ന നിലയിൽ കോൺഗ്രസിൽ പൂർണ പ്രവർത്തനസ്വാതന്ത്ര്യം അനുഭവിച്ചയാളാണ് സതീശൻ. സ്വഭാവികമായും മുഖ്യമന്ത്രി കസേരയിലും സതീശൻ അത് പ്രതീക്ഷിക്കുന്നുണ്ട്.