Begin typing your search above and press return to search.
proflie-avatar
Login

കീഴാളരുടെ പാട്ടും സിനിമയിലെ പാണനും

കീഴാളരുടെ പാട്ടും   സിനിമയിലെ പാണനും
cancel

വടക്കൻപാട്ട് എന്ന പേരിൽ സിനിമകളിൽ വന്നത് യഥാർഥ വടക്കൻപാട്ടും അതിന്റെ ഈണവുമായിരുന്നോ? ഉദയാ സ്റ്റുഡിയോ ചിത്രങ്ങളിലെ പാണൻപാട്ട് യഥാർഥമായിരുന്നോ? എന്താണ് കീഴാളരുടെ പാട്ടും ജീവിതവും? വയലുകളിൽ നെൽകൃഷിപ്പണികളിലേർപ്പെട്ടിരുന്ന പുലയസ്ത്രീകൾ കെട്ടിപ്പാടിയുണ്ടാക്കിയതാണ് നാട്ടിപ്പാട്ടുകൾ. പാടിപ്പഠിച്ചു, പാടിപ്പതിഞ്ഞ് വായ്മൊഴികളിലൂടെ തലമുറകളിലേക്ക് പകർന്നു. കാലം ഗണിച്ചെടുത്താൽ 13ാം നൂറ്റാണ്ടു മുതൽ (പുത്തൂരം പാട്ടുകൾ) 20ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെയുള്ള പാട്ടുകൾ (കുറൂളിച്ചൊക്ക്വൊന്റെ പാട്ട്) ഉണ്ട്. ഈ പാട്ടുകഥകൾ ആരെങ്കിലുമൊരാൾ എഴുതിയുണ്ടാക്കിയതല്ല. പ്രഭാതം മുതൽ പ്രദോഷംവരെ മഴയും...

Your Subscription Supports Independent Journalism

View Plans
വടക്കൻപാട്ട് എന്ന പേരിൽ സിനിമകളിൽ വന്നത് യഥാർഥ വടക്കൻപാട്ടും അതിന്റെ ഈണവുമായിരുന്നോ? ഉദയാ സ്റ്റുഡിയോ ചിത്രങ്ങളിലെ പാണൻപാട്ട് യഥാർഥമായിരുന്നോ? എന്താണ് കീഴാളരുടെ പാട്ടും ജീവിതവും?

വയലുകളിൽ നെൽകൃഷിപ്പണികളിലേർപ്പെട്ടിരുന്ന പുലയസ്ത്രീകൾ കെട്ടിപ്പാടിയുണ്ടാക്കിയതാണ് നാട്ടിപ്പാട്ടുകൾ. പാടിപ്പഠിച്ചു, പാടിപ്പതിഞ്ഞ് വായ്മൊഴികളിലൂടെ തലമുറകളിലേക്ക് പകർന്നു. കാലം ഗണിച്ചെടുത്താൽ 13ാം നൂറ്റാണ്ടു മുതൽ (പുത്തൂരം പാട്ടുകൾ) 20ാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെയുള്ള പാട്ടുകൾ (കുറൂളിച്ചൊക്ക്വൊന്റെ പാട്ട്) ഉണ്ട്. ഈ പാട്ടുകഥകൾ ആരെങ്കിലുമൊരാൾ എഴുതിയുണ്ടാക്കിയതല്ല. പ്രഭാതം മുതൽ പ്രദോഷംവരെ മഴയും വെയിലുമേറ്റ് പാടത്തെ ചേറിൽ പുതഞ്ഞ് ഞാറ് പറിക്കുകയും, ഞാറ് നടുകയും, നെല്ല് കൊയ്യുകയും ചെയ്തിരുന്ന പുലയസ്ത്രീകളുടെ കൂട്ടായ സൃഷ്ടിയാണ്.

അധ്വാനഭാരം ലഘൂകരിക്കാനും നേരമ്പോക്കിനും പരദൂഷണമോ, കേട്ടറിഞ്ഞതോ കണ്ടറിഞ്ഞതോ ആയ കാര്യങ്ങൾ ഉപമകളും അലങ്കാരങ്ങളും അതിശയോക്തികളും ചേർത്തു പറയുന്നു (പാടുന്നു).

‘‘ചെറുമനും ചെറുമന്റെ കറുമ്പിപ്പെണ്ണും

ഒരു നെര കൊയ്തപ്പോ ഒരു കതപറഞ്ഞേ’’

(പഴയ നാടൻപാട്ടിൽനിന്ന്)

അത്തരം പറച്ചിലുകൾക്ക് പിന്നെപ്പിന്നെ ഈണവും താളവും വന്നു പാട്ടായി മാറി. ഒരാൾ പാടിക്കഴിഞ്ഞാൽ അടുത്തയാൾ. മറ്റുള്ളവർ പിൻപാട്ട് പാടുന്നു. ഒരേ ദിവസംതന്നെ കഥപറഞ്ഞു (പാടി) തീർക്കണമെന്നില്ല. അടുത്തദിവസവുമാകാം. എഴുത്തും വായനയും വശമില്ലാതിരുന്നതിനാൽ ഒന്നും എഴുതപ്പെട്ടില്ല.

വയലിൽ പണിയുമ്പോൾ പലപ്പോഴും ആശയവിനിമയം നടത്തിയിരുന്നതുപോലും പാട്ടുകളിലൂടെയായിരുന്നു. ഈണവും താളവും ചേർന്ന നിമിഷകവിതകളിലൂടെ.

‘‘ഏത്ത്വള്ളീപ്പോന്നോലേ കുഞ്ഞങ്ങളേ

വിരിയോല തട്ടിക്കളിച്ച്യേക്കല്ലേ വിരിയോലക്കാരിച്ചവിട്ട്യേക്കല്ലേ

ഇങ്ങളതേലോടെ പോയ്യ്യക്കണേ’’

നടവരമ്പിലൂടെ ഓടിച്ചാടി സ്കൂളിൽ പോകുന്ന കുട്ടികൾക്കുള്ള ഉപദേശം ഈ വിധത്തിലായിരിക്കും.

‘‘നേരംപോയ്നേരമൊട്ടേറ്യായല്ലോ

പള്ളേന്നും പാരം പയിക്ക്ന്ന് ണ്ടേ’’

ഭക്ഷണത്തിന് നേരം കഴിഞ്ഞിട്ടും വിളി വരാതിരുന്നാൽ ഈ വിധവും

‘‘വെള്ളത്തിനുംപാരം തായിച്ചിറ്റേ

തൊണ്ട വരള്ന്നത്ണ്ടേ കേട്ടോ?’’

ദാഹിക്കുമ്പോൾ ഈ വിധവും പ്രതികരിക്കുന്നു. പ്രധാന പാട്ടുകൾക്ക് ഇടക്കായിരിക്കും ഇത്തരം നിർദേശ, ഉപദേശ, അഭ്യർഥന നിമിഷകവിതകൾ. പുലയരുടെ വ്യവഹാരഭാഷയിൽ അതത്കാലങ്ങളിൽ നിലവിലുണ്ടായിരുന്ന വാക്കുകളും പ്രയോഗങ്ങളും സുലഭമായിക്കാണാം. മേലാള ഭാഷയുടെ ആഢ്യത്വത്തിന് നിരക്കാത്ത കീഴാള വാക്കുകളും പ്രയോഗങ്ങളുമാണ് നാട്ടിപ്പാട്ടുകളിലുള്ളത്. അത്തരം വായ്മൊഴികൾ വരമൊഴികളിലാക്കിയപ്പോൾ വാക്കുകൾ മാറി അർഥം തന്നെ മാറിപ്പോയിട്ടുണ്ട്.

‘‘എലായിപ്പറക്കുന്ന ചെമ്പരുന്തേ’’ എന്നുള്ളത് ‘‘രാകിപ്പറക്കുന്ന ചെമ്പരുന്തേ’’ എന്നാക്കിയപ്പോൾ അതാണ് സംഭവിച്ചത്.

തച്ചോളിപ്പാട്ടിൽ ഒരിടത്ത് ‘‘പന്തെലെലായി നടക്ക്ന്ന് ണ്ടേ പന്തപ്പണിക്കുറ്റം നോക്ക്ന്ന് ണ്ടോ’’ എന്നുണ്ട്. എലായിപ്പറക്കുക, എലായി നടക്കുക എന്നീ വാക്കുകൾക്ക് ചുറ്റിപ്പറക്കുക, ചുറ്റിനടക്കുക എന്നൊക്കെയാണർഥം. പുത്തൂരം പാട്ടിലൊരിടത്ത് ‘‘പകരം പറയുന്നപ്പാണ്യച്ചെക്കൻ’’ എന്നതിലെ പാണ്യച്ചെക്കനെ പാണച്ചെറുക്കനാക്കി തിരുത്തിയാണ് നാട്ടിപ്പാട്ടിൽ പാണനെ കൊണ്ടുവന്നത്. ‘‘പാണ്യച്ചെക്കൻ’’ എന്നാൽ ‘‘വാണ്യച്ചെക്കൻ’’ എന്നാണ് ശരി. ‘‘കോഴിക്കോട്ടങ്ങാടിപ്പന്ന് കീഞ്ഞി’’ എന്നാൽ കോഴിക്കോട് നഗരത്തിൽ പന്നിയിറങ്ങി എന്നല്ല; കോഴിക്കോട് നഗരത്തിൽ വന്നിറങ്ങിയെന്നാണ്. നാട്ടിപ്പാട്ടിൽ ‘വ’ക്ക് പകരം വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത് ‘പ’ എന്നാണ്.

1958ൽ എം.സി. അപ്പുണ്ണി നമ്പ്യാർ രചിച്ച് വില്യാപ്പള്ളി ജയകേരള കലാവേദി അവതരിപ്പിച്ച ‘വാളും കയ്യും’ എന്ന നാടകത്തിനുവേണ്ടി വി.ടി. കുമാരൻ മാസ്റ്ററുടെ രചനയിൽ ബാബുരാജ് പകർന്ന ഈണമാണ് പിൽക്കാലത്ത് സിനിമാക്കാരും മറ്റുള്ളവരും വടക്കൻ പാട്ടിന്റെ ഈണമെന്ന വ്യാജേന പ്രചരിപ്പിച്ചത്, ഇന്നും തുടരുന്നതും.

ടി.വി ചാനലുകളിലും റേഡിയോവിലുമെല്ലാം തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഈണത്തിൽ, ഭാവങ്ങൾക്കനുസരിച്ച് ഈണം മാറുമെന്നുള്ള മഹാസത്യം ഇന്നാർക്കുമറിയില്ല. വയലിൽ പാടുന്നത് കേട്ടവർ ഇക്കാലത്ത് ചുരുക്കമാണ്. എന്തിനധികം കടത്തനാട്ടിൽ പോലും ചിലർ നാട്ടിപ്പാട്ട് പാടുന്നത് സിനിമാപ്പാട്ടിന്റെ ഈണത്തിലാണ്. അങ്കം വെട്ടുന്നതിനെപ്പറ്റി പാടുമ്പോഴുള്ള ഈണമല്ല മരിച്ചുകിടക്കുന്നതിനെപ്പറ്റി പാടുമ്പോൾ.

‘ഉണ്ണിയാർച്ച മുതൽ ഒരു വടക്കൻ വീരഗാഥ’ വരെയുള്ള സിനിമകളിൽ കേട്ടതുപോലുള്ള പാട്ടുകളുടെ ഈണങ്ങളിൽ നാട്ടിപ്പാട്ടുകളില്ല. ഇക്കാര്യം എഴുതി ഫലിപ്പിക്കാവുന്നതുമല്ല. തൊഴിൽവിഭജനം കർക്കശമായിരുന്ന കാലത്ത് ഇന്നയിന്ന ജാതിക്കാർ ഇന്നയിന്ന തൊഴിലുകൾ മാത്രമേ ചെയ്യാൻ പാടുള്ളൂ എന്നായിരുന്നല്ലോ വ്യവസ്ഥ. അക്കാലത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും (അയിത്തം) നിലനിന്നിരുന്നു. വയലിൽ നെൽകൃഷിപ്പണി പുലയരുടെ മാത്രം കുത്തകയായിരുന്നു.

ദലിതരിൽപെട്ട മറ്റു ജാതിക്കാർപോലും പരസ്പരം അയിത്തം പരിപാലിച്ചിരുന്നു. അക്കാരണത്താൽതന്നെ മറ്റു ദലിതരോ, പിന്നാക്ക ജാതിക്കാരോ പുലയരോടൊപ്പം വയലിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്നില്ല. പുലയർ മാത്രമേ വയലിൽ പണിയാൻ പാടുള്ളൂ എന്ന് ഭൂവുടമകളും അന്ധമായി വിശ്വസിച്ചിരുന്നു. നെൽവയലുകൾക്കടുത്തുതന്നെ ജന്മിമാർ പുലയരെ താമസിപ്പിച്ചുപോന്നു.

‘‘തോർത്ത് മുണ്ടും വടിയുമായ് ദൂരെ

തോട്ടുവക്കത്തെ തമ്പുരാൻ നിൽക്കും തൻ പുലയന്റെ സംതൃപ്തിയോളം...

തല്ലുമീരടിപ്പാട്ടുകൾ കേൾക്കാൻ’’ (രണ്ടു തലമുറകൾ -വയലാർ)

‘‘മുണ്ടകൻ പാടത്തൊരാരവം കേട്ടു വിത്തിടും പാട്ടിന്റെയാരവം കേട്ടു കന്നിച്ചെറുമി കറമ്പിപ്പെണ്ണാളേ

കന്നുപൂട്ടുന്ന കരിനെലമുണ്ടോ’’ (പഴയൊരു നാടൻപാട്ടിൽനിന്ന്)

ഓരോ കൃഷിയിടത്തിനും ഓരോ തലപ്പുലയനും തലപ്പുലയിയും ഉണ്ടായിരുന്നു. നവോത്ഥാനകാല കവികളുടെ; വിശിഷ്യാ ഒ.എൻ.വി, വയലാർ, പി. ഭാസ്കരൻ എന്നിവരുടെ വയൽക്കവിതകളിലെല്ലാം ചെറുമനും ചെറുമിയും നിറസാന്നിധ്യമാണ്. നെൽകൃഷി, പ്രതിപാദ്യമാവുന്ന സിനിമകളിലും നാടകങ്ങളിലും ഉപയോഗിച്ച പാട്ടുകളിലും ചെറുമനും, ചെറുമിയും മാത്രം.

 

‘‘ആ സർക്കാരല്ലേ പുലയന് ഭൂമി പതിച്ചു തന്നത്

ആ ഭൂമിയിലല്ലേ നമ്മള് വിത്ത് വിതച്ച് കൊയ്തത്’’ (ഇന്നലെ ഇന്ന് നാളെ - നാടകം -വയലാർ)

‘‘നടവരമ്പേ പോണതാരേ തറമേലെ ചെറുപാലയീ

കൊയ് തിന് വാ കൊച്ചുപെണ്ണേ ചെറുപുലയീ’’

(ഇണപ്രാവുകൾ -സിനിമ -വയലാർ)

സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ സമാനജാതിക്കാരും വയനാട്ടിൽ പണിയരും കുറുമരും വയൽപ്പണികളിലേർപ്പെട്ടിട്ടുണ്ട്.

‘‘അങ്ങു ദൂരത്തുനിന്നുമേതാനും മർത്ത്യജീവികളാവഴി വന്നു

കടന്മാരാണവർ പണിയന്മാർ പാടത്തേക്ക് ഗമിക്കുകയാണത്രേ’’

(വയനാട്ടിൽ -പി. ഭാസ്കരൻ)

എന്നാൽ, നാട്ടിപ്പാട്ടിന്റെ ഈറ്റില്ലമായ കടത്തനാട്ടിൽ 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ പുലയജാതിക്കാർ മാത്രമേ വയൽപ്പണികളിലേർപ്പെട്ടിട്ടുള്ളൂ.

ഞാറുനടാൻ വയലിലിറങ്ങിയാൽ ദൈവത്തേയും ഭൂമിയേയും ഭൂവുടമയേയും വാഴ്ത്തിപ്പാടുന്നു. പിന്നെ വിളവ് പൊലിയാനായി പ്രാർഥിച്ചു പാടും. ഞാറു നട്ടുതുടങ്ങുമ്പോൾ നാട്ടിപ്പാട്ടും ആരംഭിക്കുന്നു. ഉടമ കണ്ടും കേട്ടാസ്വദിച്ചും നടവരമ്പിലോ സമീപത്തെ തൊടിയിലോ നിൽക്കും.

‘‘നാണിച്ചുപോകുന്നു നീളൻ കുട ചൂടി ഞാനീ വരമ്പിൻ കൊതുമ്പിൽ നിൽക്ക

ഏതൊരു വിശ്വവിദ്യാലയത്തിങ്കലെൻ

സോദരിമാരെ പഠിച്ചു നിങ്ങൾ

കൈവശമാക്കുവാനിക്കലാവൈഭവ-

മേതൊരധ്യാപകൻ കൂട്ടുനിന്നു’’ (ഗ്രാമശ്രീകൾ)

ഈ വിധമെഴുതാൻ കടത്തനാട് മാധവിയമ്മക്ക് പ്രേരകമായത് പുലയസ്ത്രീകളാണ്.

‘‘ഇത്രനാളും പണിതോൾ കനക- കറ്റകെട്ടി വരുമിച്ചെറുമി തൻതലയിലൈശ്വര്യവും പേറി

തീണ്ടൽപ്പാടകലത്തു നിൽക്കുമ്പോൾ’’

(ഓണപ്പുലരി -കടത്തനാട്ടു മാധവിയമ്മ)

സർവൈശ്വര്യങ്ങളുടെയും കനകക്കറ്റ ചുമന്ന് വന്നതാണെങ്കിലും തീണ്ടലുണ്ട്.

‘‘പാടത്ത് പാടിപ്പണിയെടുത്ത് കാവ്യകവാടം തുറന്നവരേ’’

(പാടണം പോൽ -കടത്തനാട്ടു മാധവിയമ്മ)

മലയാള ഭാഷയിലെ ആദ്യകാവ്യങ്ങൾ നാട്ടിപ്പാട്ടുകളാണ് എന്നതാകാം മാധവിയമ്മ ഉദ്ദേശിച്ചത്. ചീരാമൻ (ശ്രീ. വീരരാമവർമ - 1275 എ.ഡി) രചിച്ച ‘രാമചരിതം’ ആണ് ആദ്യകാവ്യം എന്നാണല്ലോ ചരിത്രം.

ഉണ്ണിയാർച്ച ജീവിച്ചിരുന്നതും 13ാം നൂറ്റാണ്ടിലാകാം എന്നാണ് ഉള്ളൂരിന്റെ നിഗമനം (കേരള ചരിത്രം -ഉള്ളൂർ എസ്. പരമേശ്വരയ്യർ). ചേരമാൻ പെരുമാൾ വാഴ്ച അവസാനിച്ചത് 825 എ.ഡിയിൽ ആണെന്ന് ചരിത്രം.

പുത്തൂരംവീട്ടുകാരുടെ കാലം 9ാം നൂറ്റാണ്ടിനുശേഷം 368 കൊല്ലം കഴിഞ്ഞിട്ടാവാമെന്ന് ചേലനാട്ട് അച്യുതമേനോൻ എഴുതുന്നു (Ballads of North Malabar 1935). അപ്പോൾ പുത്തൂരം പാട്ടുകൾ കെട്ടിപ്പാടിയുണ്ടാക്കിയതും 13ാം നൂറ്റാണ്ടിലായിരിക്കണമല്ലോ?

‘രാമചരിതം’ മുതൽ ചെറുശ്ശേരിയുടെ ‘കൃഷ്ണഗാഥ’ വരെ വൃത്തനിബദ്ധമല്ലെന്നും അക്കാലത്തെ നാടൻപാട്ടിന്റെ താളത്തിലെഴുതിയതാണെന്നും ഭാഷാചരിത്രകാരന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

വയലിൽ കൃഷിപ്പണിയെടുക്കുക മാത്രമല്ല; ദോഷമകറ്റാൻ പുലയജാതിക്കാരെ കൃഷിയിടത്തിൽ ബലികൊടുക്കുന്ന പതിവും പണ്ടുകാലത്തുണ്ടായിരുന്നു. പേരാമ്പ്രയിലെ (കോഴിക്കോട് ജില്ല) ചെമ്പ്രയിൽ അടുക്കിണം വെള്ളായി എന്നൊരു പുലയകന്യകയെ പൊട്ടിയൊഴുകുന്ന ചിറവരമ്പിന്നടിയിൽ ബലത്തിനായി ബലികൊടുത്ത പഴങ്കഥ പ്രചാരത്തിലുണ്ട്.

‘‘പുലയയുവാവൊരാൾ പൂത്തുനിൽക്കും

പുലയക്കുടിലിന്റെ ശക്തിപോലെ

ഒരു ചെത്തിമാല കഴുത്തിലിട്ടും

ഒരു വെള്ളിരേഖ മുഖത്തണിഞ്ഞും

പുലയകുടികളിൽ നിന്നുയർന്നു

മുള ചീന്തീടുമ്പോൽ നിലവിളികൾ പുലയ യുവാവിന്റെ കഴുത്തിലേക്കാ കൊലവാൾ പതിച്ചു നിലച്ചു ശബ്ദം പുലയന്റെ പശയുള്ള ചോരകൂട്ടി പുതിയ വരമ്പ് നിവർന്നുനിന്നു’’

(പശയുള്ള വരമ്പ് -വയലാർ)

 

‘പുലം’ എന്നാൽ വയൽ, പുലയനെന്നാൽ വയലിൽ പണിയെടുക്കുന്നവൻ. ‘പുല’ എന്നാൽ അയിത്തം. പുലയൻ എന്നാൽ അയിത്തക്കാരൻ. ഇതൊക്കെ കൊണ്ട് അർഥമാക്കുന്നത് തൊട്ടുകൂടാത്ത, തീണ്ടിക്കൂടാത്ത പുലയൻ മാത്രമായിരുന്നു വയലിൽ പണിയെടുത്തിരുന്നത് എന്നല്ലേ? അക്കാലത്തുണ്ടായ നാട്ടിപ്പാട്ടുകൾ (വടക്കൻ പാട്ടുകൾ) എല്ലാംതന്നെ പൂലുവപ്പെണ്ണുങ്ങൾ കെട്ടി പാടിയുണ്ടാക്കിയതാണ്. ഈ പാട്ടുകൾ തന്ന വീട്ടിൽ ചെന്നിട്ടും രാവേറെച്ചെല്ലുംവരെ പാടുന്ന പതിവുണ്ട്. പിൻപാട്ടുകാരില്ലാത്തതിനാൽ ഓരോ വരിയും ഈരണ്ടാവർത്തിച്ചിട്ടായിരിക്കും പാടുക. നാളെ ഞാറ്റുകണ്ടത്തിൽ പാടാനായി പാടിയുറപ്പിക്കുന്നതാവാം. സ്വയം ഉല്ലസിക്കാനുമാവാം, പാടിപ്പാടി ഉറങ്ങിപ്പോകുന്നു.

‘‘പൂതത്താൻ പാട്ടോള് പാട്ന്ന്ണ്ട്

നാകത്താൻ പാട്ടോള് പാട്ന്ന്ണ്ട്

ചോലപ്പനങ്കിളി കൂകുംപോലെ

കിണ്ണം മണിയൊച്ച കേക്കുമ്പോലെ

പനങ്കണ്ടൻ തത്ത ചെലക്കുമ്പോലെ

നാകത്താൻ പൂതത്താൻ പാട്ട് പാടി’’

സ്വന്തം മാടത്തിൽ (ചാളയിൽ) ഒറ്റക്ക് കിടന്ന് രാവേറെ ചെല്ലുംവരെ പൂലുവപ്പൂപ്പെണ്ണ് പൂമാതൈ പൊന്നമ്മ പാടിയതിങ്ങനെയായിരുന്നു.

‘‘പൂമാതൈ പൊന്നമ്മ പാട്ട്വേട്ടാല്

പൊത്തിലെപ്പാമ്പും തലമടക്കും

കരയുന്ന കുഞ്ഞൻ മണിഞ്ഞാറങ്ങും

ഉണക്കമരം പൊട്ടിപ്പാലെയ്തോളും’’

കടലുങ്കര നാടുവാഴി ഉന്മത്തനായതും ഇംഗിതത്തിന് വഴങ്ങാത്തതിനാൽ പൂമാതൈ പൊന്നമ്മയെ വ്യഭിചാരക്കുറ്റം ചുമത്തി ജീവനോടെ ചുട്ടെരിച്ചതും മറ്റൊരു പാട്ടുകഥ.

‘‘കത്ത്യമുടിക്കൊണ്ടും പൂമൊലകൊണ്ടും

കൂത്താട്വാൻ പോരുന്നോ നാട്യായ്ച്ചേ’’

‘‘കത്തിപ്പോയ മുടികൊണ്ടും കത്തിപ്പോയ മുലകൊണ്ടും വ്യഭിചരിക്കാൻ പോരുന്നോ നാടുവാഴിത്തമ്പുരാനേ’’ എന്ന് അവസാന ശ്വാസത്തിനുമുമ്പ് പൊട്ടിത്തെറിച്ച പൂലുവപ്പെണ്ണ് വയലിൽ പണിയെടുത്ത് പാട്ടുപാടിയിരുന്ന സകലമാന പുലയിപ്പെണ്ണുങ്ങളുടെയും പ്രതീകമാണ്.

നിലവിലുള്ള വടക്കൻപാട്ടുകൾ 13ാം നൂറ്റാണ്ടു മുതൽ 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയുള്ള വീരകഥാപാത്രങ്ങളെപ്പറ്റിയുള്ളതാണ്. ഈ കാലയളവിൽ കടത്തനാട്ടിൽ പുലയരല്ലാതെ മറ്റു ജാതിക്കാർ വയലിൽ കൃഷിപ്പണിക്കിറങ്ങിയിട്ടില്ല. ഭൂമിമലയാളത്തിലൊരിടത്തും പുലയരോ സമാനജാതിക്കാരോ അല്ലാതെ മറ്റു ജാതിക്കാരാരും വയലിൽ പണിഞ്ഞിട്ടില്ല. ‘‘ഞങ്ങളുടെ മക്കളെ നിങ്ങളുടെ പള്ളിക്കൂടത്തിൽ പഠിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങളും പണിയുന്നില്ല’’ എന്നു പ്രഖ്യാപിച്ചുകൊണ്ട് 1909ൽ മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിൽ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടന്നു. നാട്ടിപ്പാട്ടുകളെപ്പറ്റി എഴുതിയവരൊക്കെ അതിന്റെ സാമൂഹ്യശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ സാംഗത്യത്തെ അവഗണിക്കുകയാണുണ്ടായത്. ഈ പാട്ടുകളുടെ സൃഷ്ടിക്ക് പിന്നിൽ കീഴാളർ, അടിയാളർ, തൊഴിലാളർ, പണിയാളർ, ദലിതർ എന്നൊക്കെ ഒഴുക്കൻ മട്ടിൽ വിവരിക്കുകയും യാഥാർഥ്യം തമസ്കരിച്ചു നിർത്തുകയുമായിരുന്നു ഇതുവരെ. ഒരു വർഗത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ തട്ടിപ്പറിച്ചു മറ്റൊരു വർഗത്തിന് ഇഷ്ടദാനംചെയ്യാനുള്ള കുത്സിതശ്രമത്തിന്റെ ഭാഗമായിരുന്നു അതൊക്കെ.

20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിക്കുശേഷമാണ് അയിത്തത്തിന്‍റെ കാർക്കശ്യം അയഞ്ഞുതുടങ്ങിയത്. സാമൂഹിക പരിഷ്കർത്താക്കളും പുരോഗമന പ്രസ്ഥാനങ്ങളും നവോത്ഥാന ആശയങ്ങളും അതിന് ആക്കംകൂട്ടി. മറ്റു പിന്നാക്ക ജാതിക്കാരും വയലിൽ കൃഷിപ്പണിക്കിറങ്ങിത്തുടങ്ങി. ഞാറ്റുകണ്ടങ്ങളിലെ അത്തരം കൂട്ടായ്മകൾ വഴി പുലയരുടെ ഭാഷാപ്രയോഗങ്ങളിലൂടെ മാത്രം നിലനിന്നിരുന്ന നാട്ടിപ്പാട്ടുകളിൽ മറ്റു ജാതിക്കാരുടെ വ്യവഹാരഭാഷയിലെ വാക്കുകളും പ്രയോഗങ്ങളും കലർന്നു.

നാട്ടിപ്പാട്ടുകളെ ആദ്യമായി വരമൊഴികളിലാക്കിയത് ഡോ. ഹെർമൻ ഗുണ്ടർട്ട്, പേർസി മക്വീൻ, വില്യം ലോഗൻസ് എന്നിവരാണ്. അത് 19ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലായിരുന്നു. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളുടെ കൈയെഴുത്ത് പ്രതികൾ ജർമനിയിലെ ട്യൂബിങ്ങൻ യൂനിവേഴ്സിറ്റി ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. (തച്ചോളിപ്പാട്ടുകൾ -ഡി.സി ബുക്സ് -എഡിറ്റർ പി. ആന്റണി). ലോഗൻസിന്റെ മലബാർ മാന്വലിൽ ‘തച്ചോളി ഒതേനൻ പൊന്ന്യംപടക്ക് പോയ പാട്ടുകഥ’ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയതാണ് അച്ചടിക്കപ്പെട്ട ആദ്യരേഖ.

 

മദ്രാസ് യൂനിവേഴ്സിറ്റി മലയാളവിഭാഗം തലവനായിരുന്ന ചേലനാട്ട് അച്യുതമേനോനാണ് നാട്ടിപ്പാട്ടുകളെ ‘തെക്കൻ പാട്ട്’ എന്നും ‘വടക്കൻ പാട്ട്’ എന്നും രണ്ടാക്കി തരംതിരിച്ചത് (Ballads of North Malabar -1935). 1960കളിൽ പുസ്തകരൂപത്തിൽ പ്രചരിച്ചുതുടങ്ങി. ഉത്സവപ്പറമ്പുകളിലും ചന്തകളിലും തെരുവു പുസ്തകം വിൽപനക്കാരിൽനിന്നും വടക്കൻ പാട്ട് കഥാപുസ്തകങ്ങൾ സാധാരണക്കാർക്ക് ലഭ്യമായി. എച്ച് ആൻഡ് സി സ്റ്റോർസ് കുന്നംകുളം, ശാന്താ ബുക് സ്റ്റാൾ ഗുരുവായൂർ, ദേവി ബുക് സ്റ്റാൾ കൊടുങ്ങല്ലൂർ, റീഗൽ പബ്ലിക്കേഷൻസ് കൊടുങ്ങല്ലൂർ എന്നീ പ്രസാധകരുടേതായിരുന്നു അതൊക്കെ.

കടത്തനാടൻ പുലയ വാമൊഴികൾ വരമൊഴികളിലാക്കിയപ്പോൾ പരശ്ശതം വാക്കുകൾ തിരുത്തപ്പെടുകയും അർഥംതന്നെ മാറിപ്പോവുകയും ചെയ്തു. പുസ്തകക്കാർ ആരോമൽ ചേകവരെ വലിയ ആരോമൽ ചേകവരെന്നും ആരോമലുണ്ണിയെ ചെറിയ ആരോമൽ ചേകവർ എന്നുമാക്കി. കടത്തനാട്ടിൽ ‘ഉണ്ണി’ എന്നാൽ ഒരു പേരു മാത്രമാണ്. തെക്കൻ കേരളത്തിലെ പോലെ ചെറിയ, കുട്ടി എന്നൊന്നും അർഥമില്ല. രാമനുണ്ണി, കൃഷ്ണനുണ്ണി, രാമൻകുട്ടി എന്നൊക്കെപ്പറഞ്ഞാൽ കുട്ടികളല്ല വടക്കൻ കേരളത്തിൽ. അക്കാലത്ത് വായന ഗൗരവത്തിലെടുത്ത ആരും അത്തരം പുസ്തകങ്ങൾ തിരിഞ്ഞു നോക്കിയിട്ടില്ല. കവിതകളായോ, പാട്ടുകളായോ, സാഹിത്യ സൃഷ്ടികളായോ പരിഗണിച്ചിട്ടുമില്ല എന്നു മാത്രമല്ല അവഗണിച്ചു എന്നതാണ് സത്യം.

കച്ചവട സിനിമക്കാരാണ് നാട്ടിപ്പാട്ടുകളെ (വടക്കൻ പാട്ടുകളെ) ഗൗരവത്തിലെടുത്തതും മുതലാക്കിയതും. പാട്ടുകഥകളിൽ പലതും സിനിമകളായി. അവ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചു. ഉണ്ണിയാർച്ച (1961), പാലാട്ട് കോമൻ (1962), തച്ചോളി ഒതേനൻ (1964), ഒതേനന്റെ മകൻ (1970), ആരോമലുണ്ണി (1972), പൊന്നാപുരം കോട്ട (1973), അങ്കത്തട്ട് (1974), തുമ്പോലാർച്ച (1974), തച്ചോളി മരുമകൻ ചന്തു (1974), കണ്ണപ്പനുണ്ണി (1977), കടത്തനാട്ട് മാക്കം (1978), തച്ചോളി അമ്പു (1978), പാലാട്ടു കുഞ്ഞിക്കണ്ണൻ (1980), ഉറുമി (2014) എന്നിവയാണതിൽ ചിലത്.

തച്ചോളി അമ്പു എന്നൊരാൾ വടക്കൻ പാട്ടിലില്ല. തന്റെ പ്രിയ സ്നേഹിതനായിരുന്ന മാടത്തൂർ ആലി ഗുരുക്കളുടെ അപരനാമധേയമായിരുന്ന ‘അമ്പാടി’ എന്ന പേരാണ് തച്ചോളി ഒതേനൻ തന്റെ സീമന്ത പുത്രനിട്ടത്. കടവങ്കോട്ട് മാക്കം ജീവിച്ചിരുന്നത് കടത്തനാട്ടിലുമായിരുന്നില്ല.

വടക്കൻപാട്ടിന്റെ മേൽവിലാസത്തിലിറങ്ങിയ പടയോട്ടം, ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റൊ’ എന്ന ഇംഗ്ലീഷ് നോവലിന്റെ ചലച്ചിത്രഭാഷ്യമാണ്. വടക്കൻപാട്ടിന്റെ മേൽവിലാസത്തിൽ എന്തുമാകാമെന്ന നിലവാരത്തിലെത്തിയതുകൊണ്ടാണ് ‘തച്ചോളി വർഗ്ഗീസ് ചേകവർ’ എന്ന പേരിലൊക്കെ സിനിമയിറക്കിയത്. തച്ചോളിക്കാർ ചേകവന്മാരല്ല കുറുപ്പന്മാരാണ്. ചേകവൻ എന്നാൽ ഈഴവനാണ്. വീരം (2017) വടക്കൻ പാട്ടുകഥാപാത്രങ്ങളെ ഉപയോഗിച്ച് ഷേക്സ്പിയറുടെ ‘മാക്ബത്ത്’ എന്ന നാടകം സിനിമയാക്കിയതാണ്. തെക്കന്മാരുടെ കാർമികത്വത്തിലിറങ്ങിയ ചില സിനിമകളിൽ കഥ പറയുന്നത് (പാടുന്നത്) പാണനാണ്. ഉദാ: ഉണ്ണിയാർച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, എന്നാൽ വടക്കന്മാരുടെ കാർമികത്വത്തിലിറങ്ങിയ സിനിമകളിൽ പാണനില്ല.

ഉദാ: തച്ചോളി ഒതേനൻ, തച്ചോളി മരുമകൻ ചന്തു, ഒരു വടക്കൻ വീരഗാഥ, 1964ൽ ഇറങ്ങിയ തച്ചോളി ഒതേനൻ എന്ന സിനിമയിൽ കഥ പറയുന്നത് (പാടുന്നത്) വയലിൽ ഞാറുനടുന്ന സ്ത്രീകളാണ്. 1961ൽ ശാരംഗപാണി തിരക്കഥയെഴുതി കുഞ്ചാക്കോ സംവിധാനംചെയ്ത് പുറത്തിറങ്ങിയ ‘ഉണ്ണിയാർച്ച’ എന്ന സിനിമയിലാണ് ആദ്യമായി പാണന്റെ കളി തുടങ്ങിയത്. അത് തന്റെ ഭാവനാസൃഷ്ടിയാണെന്ന് ശാരംഗപാണി തന്നെ പിന്നീട് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഉണ്ണിയാർച്ചയുടെ പാട്ടുകളിലൊരിടത്തും പാണനില്ല. ‘ഉണ്ണിയാർച്ച’ സിനിമക്കുവേണ്ടി വയലാർ എഴുതിയ ‘‘ഉണ്ണുമ്പം ചെന്നാൽ ചോറുതരും, തേക്കുമ്പം ചെന്നാലെണ്ണം തരും’’ എന്ന വരികൾ വടക്കൻ പാട്ടിലുള്ളതായിട്ട് ചിലർ സമർഥിച്ചുകളഞ്ഞിട്ടുണ്ട്.

പാണൻ ദലിതനാണെങ്കിലും വടക്കൻപാട്ടിൽ അവർക്ക് പങ്കില്ല. വടക്കൻപാട്ട് രൂപംകൊള്ളുന്ന കാലത്ത് പാണൻമാർപോലും പുലയരോട് അയിത്തം പരിപാലിച്ചുപോന്നവരാണ്. കടത്തനാട്ടിൽ പാണൻ എന്ന ജാതിക്കാരുണ്ടായിരുന്നില്ല. സമാന ജാതിക്കാരായ ‘പുള്ളുവർ’ ഉണ്ടായിരുന്നെങ്കിലും വയലിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്നില്ല. നാട്ടിപ്പാട്ടുകൾ വയലിൽനിന്ന് രൂപപ്പെട്ടതാണ്.

 

പാണൻപാട്ട് (പുള്ളുവൻപാട്ട്) അനുഷ്ഠാന ഗാനമാണ്, നാവേറുപാട്ടാണ്. സർപ്പം പാട്ടുകളുമുണ്ട്, ദൈവനാമങ്ങളിലുള്ളതാണ്. ഏതാനും നേരത്തേക്കുമാത്രം പാടാനുള്ളതാണ്. വാദ്യോപകരണങ്ങൾ (ഉടുക്ക്, വീണ) ഇതിനായി ഉപയോഗിക്കും. വീട്ടുമുറ്റങ്ങളിലിരുന്നാണ് പാടുക. ഒന്നോ രണ്ടോ പേർ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ, നാട്ടിപ്പാട്ട് കാർഷികഗാനമാണ്, കഥാഗാനവുമാണ്. വായ്മൊഴി ചരിത്രമാണ്. ഒരു ദിവസത്തേക്ക് മുഴുവൻ പാടാനുള്ളതാണ്. വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നില്ല.

പിൻപാട്ടുകാർ നിർബന്ധമാണ്. ജീവിച്ചിരുന്നവരുടെ

വീരാപദാനങ്ങളടങ്ങിയതാണ്.

‘‘കൈകൾ കിണഞ്ഞുപണികയായ് ഞാറിന്മേൽ

കാൽകൾ ചളിയിൽ കുതിക്കയായി വായുവിൽ വീരാപദാനങ്ങളാ-

ലോലനർത്തനമാടുകയായ്’’ (ഗ്രാമശ്രീകൾ -കടത്തനാട്ട് മാധവിയമ്മ).

കൃഷിയിടങ്ങളും കൃഷിപ്പണിയും കുറഞ്ഞപ്പോൾ കല്യാണത്തലേന്ന് രാത്രി വീടുകളിൽ അരവ് പണിയിലേർപ്പെടുന്ന സ്ത്രീകൾക്ക് പ്രോത്സാഹനമായി മറ്റു സ്ത്രീകൾ വട്ടത്തിലിരുന്ന് പാടുന്ന പതിവ് നിലവിൽ വന്നു. നടുവിൽ ഒരു തളിക വെക്കും. തളികയിൽ കേൾവിക്കാർ പണം നിക്ഷേപിക്കുകയും അത് പിന്നെ പാട്ടുകാർ പങ്കിട്ടെടുക്കുകയുംചെയ്യുന്നു.

പാണൻപാട്ടിന്റെ ഉപജ്ഞാതാക്കൾ പാണൻ ജാതിയിൽപ്പെട്ടവരും, നാട്ടിപ്പാട്ടിന്‍റെ ഉപജ്ഞാതാക്കൾ പുലയ ജാതിയിൽപ്പെട്ടവരുമാണ്. പാണൻപാട്ട് നാളിതുവരെയായിട്ടും പൊതുസമൂഹം ഏറ്റെടുത്തിട്ടില്ല.

എന്നാൽ, 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിക്കുശേഷം നാട്ടിപ്പാട്ട് പൊതുസമൂഹം ഏറ്റെടുക്കുകയാണുണ്ടായത്. പാണൻ പാട്ട് വരമൊഴിയിലാക്കാൻ എളുപ്പമായിരുന്നു. എന്നാൽ, നാട്ടിപ്പാട്ടുകൾ വരമൊഴികൾക്ക് എളുപ്പത്തിൽ വഴങ്ങുന്നതല്ല. പാണൻ പാട്ടുകൾക്ക് തനിമ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ നാട്ടിപ്പാട്ടുകൾ പള്ളിയിലിട്ട പായപോലെ ചവിട്ടിക്കൊരട്ടിപ്പോയി. തിരുത്തിത്തിരുത്തി ഹാജിയാരുടെ ഫോറിൻ കുടപോലെയായി. അവസാനം ആരൊക്കെയോ ചേർന്ന് പാണൻ പാട്ടാക്കി! ‘നാഴിയരിയുടെ ഗോതമ്പപ്പത്തിരി’ എന്ന് പറഞ്ഞതുപോലെ. നാട്ടിപ്പാട്ടിന്റെ തനിമയും ഇനിമയും വീണ്ടെടുക്കാനാവാത്തവിധം എന്നോ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതങ്ങനെ സംഭവിച്ചതിൽ അത്ഭുതമില്ല.

===============

കുറിപ്പുകൾ:

നാട്ടി: ഞാറ് നടൽ, നടീൽ

വിരിയോല: മഴയത്ത് ചൂടാൻ പനയോലകൊണ്ടുണ്ടാക്കുന്ന ഒരു ഉപകരണം

ഏലോടെ: മര്യാദക്ക്

പാരം പയിക്കുക: ഭയങ്കര വിശപ്പ്

പാരം തായിച്ചിറ്റ്: ഭയങ്കരമായി ദാഹിച്ചിട്ട്

അമ്പാടി: അമ്പുകൊണ്ട് പോരാടുന്നവൻ (അമ്പ് ചുട്ടെയ്യുന്ന ഒരായിരം അമ്പാടിമാർ ശിഷ്യരായുണ്ടായിരുന്ന മാടത്തൂർ ആലി ഗുരിക്കൾക്ക്)

അയിത്തം: ബ്രാഹ്മണരിൽനിന്ന് നായർ 16 അടി, ഈഴവർ 32 അടി, പുലയർ 64 അടി, ഉള്ളാടർ 96 അടി, നായാടി 48 അടി, കണിയാൻ 36 അടി, പാണൻ 32 അടി എന്നിങ്ങനെ അകലം പാലിക്കണം.

പാണിയൻ: വാണിയൻ (ചക്കിൽ എണ്ണയാട്ടി വിൽക്കുന്നയാൾ)

നാകത്താൻ: നാഗത്താൻ

പൂതത്താൻ: ഭൂതത്താൻ

News Summary - The song of minorities