Begin typing your search above and press return to search.
proflie-avatar
Login

മോഡിഫൈഡ് ‘ഭാരത’ത്തിലെ ഒരു യുവ മാധ്യമപ്രവർത്തക​ന്റെ ജീവിതം

മോഡിഫൈഡ്   ‘ഭാരത’ത്തിലെ ഒരു യുവ   മാധ്യമപ്രവർത്തക​ന്റെ ജീവിതം
cancel

മലയാളിയായ മാധ്യമപ്രവർത്തകൻ റിജാസ്​ എം. ഷീബ സിദ്ദീഖിനെ നാഗ്​പൂരിൽ അറസ്​റ്റ്​ചെയ്​ത ഭരണകൂടം യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്​. എന്താണ്​ റിജാസി​ന്റെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ? എന്തുകൊണ്ടാണ്​ റിജാസ്​ അറസ്​റ്റിലാകുന്നത്​? എന്താണ്​ റിജാസ്​ നടത്തിയ മാധ്യമപ്രവർത്തനം? റിജാസ്​ ​െഎക്യദാർഢ്യ സമ്മേളനത്തിൽ പ്രസംഗിച്ചതി​ന്റെ പേരിൽ കേസ്​ ചുമത്തപ്പെട്ട ലേഖകൻ നടത്തുന്ന നിരീക്ഷണവും വിശകലനവും. നാഗ്പൂരിൽ അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ്​ എം. ഷീബ സിദ്ദീഖിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച മുഴുവൻ പേർക്കെതിരെയും...

Your Subscription Supports Independent Journalism

View Plans
മലയാളിയായ മാധ്യമപ്രവർത്തകൻ റിജാസ്​ എം. ഷീബ സിദ്ദീഖിനെ നാഗ്​പൂരിൽ അറസ്​റ്റ്​ചെയ്​ത ഭരണകൂടം യു.എ.പി.എ ചുമത്തി ജയിലിലടച്ചിരിക്കുകയാണ്​. എന്താണ്​ റിജാസി​ന്റെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ? എന്തുകൊണ്ടാണ്​ റിജാസ്​ അറസ്​റ്റിലാകുന്നത്​? എന്താണ്​ റിജാസ്​ നടത്തിയ മാധ്യമപ്രവർത്തനം? റിജാസ്​ ​െഎക്യദാർഢ്യ സമ്മേളനത്തിൽ പ്രസംഗിച്ചതി​ന്റെ പേരിൽ കേസ്​ ചുമത്തപ്പെട്ട ലേഖകൻ നടത്തുന്ന നിരീക്ഷണവും വിശകലനവും.

നാഗ്പൂരിൽ അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ്​ എം. ഷീബ സിദ്ദീഖിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊച്ചിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച മുഴുവൻ പേർക്കെതിരെയും കേരള പൊലീസ്​ കേസെടുത്തു. സെപ്റ്റംബർ 13നു നടന്ന പരിപാടിയുടെ സംഘാടകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ചുമത്തിയ കേസിൽ അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ചതു മുതൽ വഴി തടസ്സപ്പെടുത്തിയതും പൊലീസി​ന്റെ നെയിം പ്ലെയ്റ്റ് തട്ടിത്തെറിപ്പിച്ചതുവരെയുള്ള കുറ്റങ്ങളാണ് ചേർത്തിരിക്കുന്നത്. സമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനായിരുന്നു മുഖ്യപ്രഭാഷകൻ. ഹാഥറസ്​ കേസിൽ ഉൾപ്പെടുത്തി ജാമ്യത്തിൽ കഴിയുന്ന കാപ്പ​ന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അന്വേഷണ ഏജൻസികൾക്കും ബി.ജെ.പി പരാതി നൽകിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു അനീതിക്കെതിരെ പ്രതിഷേധിക്കുന്നവർ അതേ അനീതിക്കിരയാവുന്നുവെന്ന അസാധാരണമായ സ്​ഥിതിവിശേഷമാണ് ഇതുണ്ടാക്കിയത്.

റിജാസി​ന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങളും അതുണ്ടാക്കിയ പ്രതികരണങ്ങളുമാണ് ഈ കുറിപ്പ് ആദ്യം പരി​േശാധിക്കുന്നത്. അതോടൊപ്പം, മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് കേവലം അധികാരപ്രയോഗം മാത്രമാണോ, അല്ലെങ്കിൽ ഘടനാപരമായ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നു. ഹിന്ദുത്വ വ്യാജവിവര ശൃംഖലയും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുള്ള അസാധാരണബന്ധത്തെ വിശകലനംചെയ്യുന്നതിലൂടെ, റിജാസിനെപ്പോലുള്ള മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളെ വേറിട്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം.

റിജാസി​ന്റെ അറസ്റ്റ്

ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ്​ അസോസിയേഷൻ പ്രവർത്തകനും കൊച്ചി സ്വദേശിയുമായ റിജാസിനെ സോഷ്യൽ മീഡിയയിൽ ‘ഓപറേഷൻ സിന്ദൂറി’നെ വിമർശിച്ചെന്ന പേരിൽ മേയ് 8ന്​ നാഗ്പൂരിലെ ഹോട്ടൽ മുറിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. റിജാസ്​ മാവോവാദി പ്രവർത്തകനാണെന്നും പൊലീസ്​ ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന ബിഹാർ സ്വദേശി ഇഷയെ മൊഴിയെടുത്തശേഷം വിട്ടയച്ചു. ആദ്യം ചേർത്ത കുറ്റങ്ങളിൽ ഇന്ത്യയെയും ഇന്ത്യൻ സൈന്യത്തെയും വിമർശിച്ചതും അനധികൃതമായി ആയുധം കൈവശം​െവച്ചതും ഉൾപ്പെടുത്തിയിരുന്നു. നാഗ്പൂരിലെ ഒരു എയർഗൺ കടയിൽ പിസ്റ്റളുമായി നിൽക്കുന്ന ഫോട്ടോ റിജാസ്​ ഇൻസ്റ്റഗ്രാമിൽ പോസ്​റ്റ് ചെയ്തിരുന്നു. ഇത് തെളിവാക്കിയാണ് ആംസ്​ ആക്ട് ചേർത്തത്.

അറസ്​റ്റിനു തൊട്ടുപിന്നാലെ കൊച്ചിയിലെ റിജാസി​ന്റെ വീട്ടിൽ മഹാരാഷ്ട്ര ആന്റി ടെററിസം സ്​ക്വാഡും ഐ.ബി ഉദ്യോഗസ്​ഥരും പരിശോധന നടത്തി (മേയ് 11, മീഡിയവൺ). മാധ്യമ റിപ്പോർട്ടനുസരിച്ച് അവിടെനിന്ന് കുറ്റകരമായതൊന്നും കണ്ടെടുത്തില്ല. എങ്കിലും റിജാസ്​ ഒരു മാവോവാദിയാണെന്നതിനുള്ള തെളിവുകൾ ഇതിനകം തങ്ങൾക്ക് ലഭിച്ചു കഴിഞ്ഞതായി മഹാരാഷ്ട്ര പൊലീസ്​ അവകാശപ്പെട്ടു. ഇന്ത്യൻ സൈന്യത്തിനെതിരായ സന്ദേശങ്ങൾ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഫോണിൽ കണ്ടെത്തിയെന്ന് ആരോപിച്ച് രാജ്യത്തിനെതിരെ യുദ്ധംചെയ്തുവെന്ന കുറ്റംകൂടി ചേർത്ത് താമസിയാതെ യു.എ.പി.എയും ചുമത്തി. ആംസ്​ ആക്ട് പിന്നീട് ഒഴിവാക്കിയതായും റിപ്പോർട്ടുണ്ട്. അറസ്​റ്റ് ചെയ്തശേഷം റിജാസിനെതിരെ ചുമത്തിയ വകുപ്പുകൾ പലതവണ മാറിമറിഞ്ഞതായി ‘ദി വയർ’ റിപ്പോർട്ട് ചെയ്തിരുന്നു (മേയ് 17, ദി വയർ).

അതേസമയം, പരസ്​പരവിരുദ്ധമായ പ്രത്യയശാസ്​ത്രങ്ങൾ ​െവച്ചുപുലർത്തുന്ന നിരവധി സംഘടനകളുമായി റിജാസിന് ബന്ധമുണ്ടെന്ന വിചിത്രമായ ആരോപണവും എഫ്.ഐ.ആറിലുണ്ട്. സി.പി.ഐ (മാവോവാദി)ക്കു പുറമെ ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട്, ഹിസ്​ബുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകളുമായും ബന്ധമുണ്ടെന്നാണ് പൊലീസ്​ ആരോപണം. കബീർ കലാമഞ്ചുമായി ബന്ധമുണ്ടെന്നതും ചുമത്തപ്പെട്ട കുറ്റങ്ങളിൽ ഒന്നാണ്.

 

സമരത്തിന്‍റെ മുൻനിരയിൽ റിജാസ്

എൻ.ഐ.എ കോടതിയിൽ അദ്ദേഹത്തിനെതിരെ പൊലീസ്​ സമർപ്പിച്ച തെളിവുകളിൽ ചിലത് ഇതാണ്: മൊബൈലിലെ ‘കോേമ്രഡ് വാലിക്ക’ എന്ന പേരിൽ സേവ് ചെയ്ത ഫോൺനമ്പർ, സുഹൃത്ത് അഷ്ഫാഖുമായി നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ സംബന്ധിച്ച ചാറ്റുകൾ, ‘എൻഡ് ഓഫ് ദി വാർ ഓൺ പീപ്പിൾ’, ‘കലക്ടിവ്’ തുടങ്ങിയ വാട്​സ്​അപ്പ്​ ഗ്രൂപ്പിൽ വന്ന ‘സംശയാസ്​പദമായ’ ചാറ്റുകൾ, യു.കെയിൽ രജിസ്റ്റർ ചെയ്ത ഫോൺനമ്പർ. മാവോവാദി പ്രവർത്തനങ്ങൾക്കുവേണ്ടി ധനസമാഹരണം നടത്തി.

ഫോൺ ഗാലറിയിൽനിന്ന് ലഭിച്ച വായനസാമഗ്രികളിൽ ചിലത് ഇതാണ്: ‘‘ബ്രാഹ്മണിക് മതയാഥാസ്​ഥിതികതയുടെ പ്രതിനിധികളായ ഹിന്ദുത്വശക്തികളെ തോൽപിക്കുക’’, ജനകീയ യുദ്ധത്തിൽ ഏർപ്പെടുക –തുടങ്ങി സി.പി.ഐ (മാവോവാദി) സി.സിയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ. ജെ.കെ.എൽ.എഫി​ന്റെ നേതാവ് അമാനുല്ല ഖാ​ന്റെ കശ്മീർ പ്രശ്നപരിഹാരത്തിനുള്ള എളുപ്പവഴിയെന്ന രേഖ, സി.പി.ഐ (മാവോവാദി)യുടെ അർബൻ പെർസ്​പെക്ടിവ് എന്ന രേഖ.

പിടിച്ചെടുത്തതായി പറയുന്ന തെളിവുകളിൽ ഫോണും മെമ്മറി കാർഡുകളും ഏതാനും പുസ്​തകങ്ങളും ഉൾപ്പെടുന്നു. മാർക്സി​ന്റെയും ലെനി​ന്റെയും ഓരോ പുസ്​തകങ്ങൾ, കെ. മുരളി എഴുതിയ ‘ബ്രാഹ്മണിസം’, സായ്ബാബയുടെ ‘ഹി ഹു ഡിഫൈഡ് ഡെത്ത്: ലൈഫ് ആൻഡ് ലെഗസി ഓഫ് മാർക്സിസം ലെനിനിസം’ തുടങ്ങിയവയാണ് പുസ്​തകങ്ങളിൽ ചിലത്. പിടിച്ചെടുത്തവയിൽ ഒന്നുംതന്നെ നിരോധിക്കപ്പെട്ടവയല്ല (മേയ് 16, ദി ഹിന്ദു).

മാധ്യമപ്രവർത്തകൻ, ആക്ടിവിസ്റ്റ്

26 വയസ്സു മാത്രമുള്ള റിജാസ്​ ഇംഗ്ലീഷ് ഭാഷയിലാണ് മാധ്യമപ്രവർത്തനം നടത്തുന്നത്. ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗണ്ടർകറന്റ്സ്​, മഖ്ദൂബ് മീഡിയ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലെ ഏറക്കുറെ സ്​ഥിരം എഴുത്തുകാരനായ അദ്ദേഹം മനുഷ്യാവകാശം, ഭരണകൂട ഭീകരത, ദലിത്- ആദിവാസി-ന്യൂനപക്ഷ അവകാശം, മാവോവാദികൾക്കെതിരെയുള്ള അടിച്ചമർത്തലുകൾ എന്നീ വിഷയങ്ങൾ കൈകാര്യംചെയ്യുന്നു. കേരളത്തിനു പുറമെ തെക്കേ ഇന്ത്യൻ സംസ്​ഥാനങ്ങളും അദ്ദേഹത്തി​ന്റെ പ്രവർത്തന മേഖലകളാണ്.

ഇത്തരം റിപ്പോർട്ടുകളുടെ പേരിൽ അദ്ദേഹം പലതവണ പൊലീസ്​ നടപടികൾ നേരിട്ടിട്ടുണ്ട്: 2023ൽ കളമശ്ശേരിയിൽ നടന്ന യഹോവകളുടെ സാക്ഷികളുടെ സമ്മേളനത്തിൽ ബോംബ് ​െവച്ച കേസുമായി ബന്ധപ്പെട്ട് ഏതാനും മുസ്‍ലിം ചെറുപ്പക്കാരെ പൊലീസ്​ അന്യായമായി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെവിട്ട നിസാമിനെയടക്കം അഞ്ചു മുസ്​ലിം യുവാക്കളെയാണ് സ്​ഫോടനത്തിന് പിന്നാലെ തണ്ടർബോൾട്ടി​ന്റെ അകമ്പടിയോടെ വീടുകളിൽനിന്ന് കൊണ്ടുപോയത്. കളമശ്ശേരി സ്​ഫോടന കേസിലെ പ്രതി മാർട്ടിൻ കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞാണ് നിസാമിനെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. അയാൾ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേസിൽ പ്രതിചേർക്കപ്പെടുമായിരുന്നുവെന്ന് കസ്റ്റഡിയിൽനിന്ന് പുറത്തുവന്നശേഷം നിസാം പറഞ്ഞു (ഏപ്രിൽ 21, മീഡിയവൺ).

പൊലീസി​ന്റെ ഭാഗത്തുനിന്നുള്ള ഈ വീഴ്ച തുറന്നുകാട്ടിക്കൊണ്ട് ‘മഖ്ദൂബ് മീഡിയ’യിൽ റിജാസ്​ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വടകര പൊലീസ്​ കേസെടുത്തു. കലാപാഹ്വാനമാണ് ചുമത്തിയത്. ‘മഖ്ദൂബ് മീഡിയ’ എഡിറ്റർ അസ്​ലഹ് കയ്യാലക്കത്തിനെയും കേസിൽ ചോദ്യംചെയ്തു. ഈ വാർത്തക്കുവേണ്ടി ബൈറ്റ് നൽകിയ അഭിഭാഷകൻ അമീൻ ഹസനെയും പ്രതി ചേർത്തിരുന്നു.  പത്രപ്രവർത്തകൻ എന്നതിനു പുറമെ റിജാസ്​ ഒരു ആക്ടിവിസ്​റ്റുകൂടിയാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കൊച്ചിയിൽ നടന്ന ‘കശ്മീരി ആകുന്നത് കുറ്റകരമല്ല’ എന്ന പരിപാടിയിൽ പങ്കെടുത്തതിന് അദ്ദേഹത്തിനെതിരെ പൊലീസ്​ നേരത്തേ കേസെടുത്തിരുന്നു (മേയ് 9, ഏഷ്യാനെറ്റ് ന്യൂസ്​). അവസാനത്തെ അറസ്​റ്റ് നടക്കുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് അത്.

മറ്റൊന്ന് 2024ലേതാണ്. 2024 നവംബറിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്​ എഫ്.സിയും ഹൈദരാബാദ് എഫ്.സിയും തമ്മിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടയിൽ ഫലസ്​തീൻ പ്രതിരോധത്തോടുള്ള ഐക്യദാർഢ്യമെന്ന നിലയിൽ റിജാസ്​ അടക്കം 4 പേർ കഫിയ്യ ധരിച്ച് സ്റ്റേഡിയത്തിനു സമീപമെത്തി. പൊലീസ്​ അവരെ കസ്​റ്റഡിയിലെടുത്തു. ഏഴ് മണിക്ക് സ്​റ്റേഷനിലെത്തിച്ച അവരെ പാതിരാത്രിയാണ് വിട്ടയച്ചത്. പിന്നീട് ദിവസങ്ങളോളം ഇവരെ രഹസ്യപ്പൊലീസ്​ പിന്തുടർന്നു.

മനോരമയുടെ ഹോർത്തൂസ്​ ആർട് ആൻഡ്​ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സൗജന്യമായി കൊക്ക​കോള വിതരണംചെയ്തതിൽ റിജാസും സുഹൃത്തുക്കളും പ്രതിഷേധിച്ചിരുന്നു. ഇസ്രായേലി വംശഹത്യയെ പിന്തുണക്കുന്ന കമ്പനിയെന്ന നിലയിലായിരുന്നു പ്രതിഷേധം. ഫലസ്​തീനുവേണ്ടിയുള്ള ബി.ഡി.എസ്​ (Boycott Divestment and Sanctions) പ്രസ്​ഥാനത്തി​ന്റെ ഭാഗമെന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതിനുശേഷം റിജാസിനെതിരെ പൊലീസ്​ നിരീക്ഷണം ശക്തമായതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ സംഭവത്തിൽ കൂടെയുണ്ടായിരുന്ന അബ്ദുല്ലയെന്ന ചെറുപ്പക്കാരനെ രഹസ്യപ്പൊലീസ്​ പിന്തുടർന്നതി​ന്റെ ഫലമായി അദ്ദേഹത്തിന് തൊഴിൽ നഷ്ടപ്പെട്ടു. യു.എ.പി.എ ചുമത്തുമെന്നും അന്ന് പൊലീസ്​ ഭീഷണിപ്പെടുത്തിയിരുന്നു (നവംബർ 24, ന്യൂസ്​ മിനിറ്റ്സ്​).

ഇസ്‍ലാമോഫോബിക് വിദ്വേഷ പ്രചാരണങ്ങൾ

ഇപ്പോൾ ലഭ്യമല്ലാത്ത റിജാസി​ന്റെ ഫേസ്​ബുക്ക് ഐഡിയിലെ വിവരമനുസരിച്ച് അദ്ദേഹം ഒരു ഇടതു ചിന്താഗതിക്കാരനാണ്, മതരഹിതനുമാണ്. എസ്​.എഫ്.ഐയിലായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡി.എസ്.​എ എന്ന വിദ്യാർഥി സംഘടനയിലെത്തി. ജനനംകൊണ്ട് മുസ്‍ലിമാണെങ്കിലും ജീവിതംകൊണ്ടും വീക്ഷണംകൊണ്ടും മതം അനുഷ്ഠിക്കുന്ന ആളായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തി​ന്റെ അറസ്റ്റ് വലിയ ഇസ്‍ലാമോഫോബിക് വിദ്വേഷപ്രചാരണങ്ങൾക്ക് കാരണമായി. റെഡ് ജിഹാദി, സുഡാപ്പി, ലൗജിഹാദി, ഐ.എസ്.​ഐ ബന്ധം തുടങ്ങി ഇസ്‍ലാമോഫോബിക് ഭാവനയിൽ വരാവുന്ന എന്തും അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടു. സംഘ്പരിവാർ ആഭിമുഖ്യം പുലർത്തുന്ന ഓൺലൈൻ മാധ്യമങ്ങളാണ് ഇതിന് ചുക്കാൻപിടിച്ചത്.

മാവോവാദി ബന്ധമാരോപിച്ചാണ് അറസ്റ്റെങ്കിലും അദ്ദേഹത്തി​ന്റെ മുസ്‍ലിം സ്വത്വമാണ് വിദ്വേഷപ്രചാരകർ ഉപയോഗപ്പെടുത്തിയത്. മേയ് 9ന് അറസ്റ്റ് വാർത്ത റിപ്പോർട്ട് ചെയ്ത ‘കർമ ന്യൂസി’ ന്റെ ഫേസ്​ബുക്ക് പേജിൽ കമന്റ് ചെയ്തവർ റിജാസിനെ ‘സുഡാപ്പി’യെന്ന് വിശേഷിപ്പിച്ചു. ചില കമന്റുകൾ ഇങ്ങനെ: ‘‘സുടാപ്പിയെ വെടി​െവച്ച് കൊല്ലണം, മാധ്യമ മുഖംമൂടി അണിഞ്ഞ പാകിസ്​താനി സുടാപ്പി’’, ‘‘ഇവൻ ഇന്ത്യ വിടണം’’, ‘‘എന്തിന് അറസ്റ്റ് ചെയ്യണം, ടും ടും രണ്ടു ബുള്ളറ്റ്, പരിപാടി തീർക്കണം’’, ‘‘ഇവനെ പാകിസ്​താനിലേക്ക് നാടുകടത്തണം’’, ‘‘തോളിൽ കിടക്കുന്ന ടവ്വൽ കണ്ടോ അതാണ് കൂറ് എവിടെയാണെന്നതി​ന്റെ തെളിവ്’’, ‘രാജ്യത്തെ അപമാനിക്കുന്ന എല്ലാ പന്നി തീവ്രവാദി രാജ്യ​േദ്രാഹികളെയും വെട്ടം കാണാതെ ജയിലിലടക്കണം’’, ‘‘മാവോവാദിയൊന്നുമല്ല, ഒറിജിനൽ 916 ജിഹാദി അവർ പല രൂപത്തിൽവരും.’’

സംഘ്പരിവാർ നേതാവായ ജെ. നന്ദകുമാർ റിജാസിനെ ’റെഡ് ജിഹാദി’യെന്ന് വിശേഷിപ്പിച്ചു: ‘‘കേരളത്തിൽനിന്നുള്ള മാവോയിസ്റ്റ് ഭീകരനെ നാഗപൂരിൽനിന്ന് പൊക്കി. റിജാസ്​ എന്നാണ് ഈ ‘റെഡ് ജിഹാദി’യുടെ പേര് (മേയ് 9, ജെ. നന്ദകുമാർ/ഫേസ്​ബുക്ക്).

ലക്ഷ്യം ലവ് ജിഹാദാണെന്നാണ് ‘കർമ ന്യൂസ്​’ ആരോപിച്ചത്. ആർ.എസ്.​എസ്​/ബി.ജെ.പി നേതാക്കളുടെ പെൺകുട്ടികളെ ലക്ഷ്യംവെച്ച് റിജാസ്​ ലവ് ജിഹാദ് നടത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അവർ ഉയർത്തിയത് (മേയ് 13, കർമ ന്യൂസ്​). അദ്ദേഹത്തോടൊപ്പം കസ്റ്റഡിയിലെടുത്ത പെൺസുഹൃത്തിനെ ചൂണ്ടിയായിരുന്നു ഈ പ്രയോഗം.

അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ റിജാസിനെ ഐ.എസ്.​ഐയും പാക് ചാരനുമാക്കാനുള്ള ശ്രമങ്ങളും തീവ്രമായി. മേയ് പകുതിയോടെ പല മാധ്യമവാർത്തകളിലും ഈ ഘടകം ദൃശ്യമായിരുന്നു. ‘മെേട്രാവാർത്ത’യിലെ സൂചന ഇങ്ങനെ: അർബൻ നക്സലെന്ന സംശയത്തിൽ പിടികൂടിയ റിജാസിന് നിരോധിത സംഘടനയായ ജെ.കെ.എൽ.എഫുമായും സി.പി.ഐ മാവോവാദി സംഘടനയുമായും ബന്ധമുണ്ടെന്നും അദ്ദേഹം യു.കെയിലേക്ക് വിളിച്ച ഒരു ഫോൺനമ്പറിന് ഐ.എസ്.​ഐയുമായി ബന്ധമുണ്ടെന്നും പിന്നീട് പൊലീസ്​ ആരോപിച്ചു (മേയ് 14, മെേട്രാ വാർത്ത).

റിജാസിന് പാക് ഭീകരസംഘടനയായ ഐ.എസ്.​ഐയുമായും ജെ.കെ.എൽ.എഫുമായും ബന്ധമുണ്ടെന്നാണ് ‘ജന്മഭൂമി’ ആരോപിച്ചത്. പൊലീസ്​ അദ്ദേഹത്തി​ന്റെ വസതിയിൽ നടത്തിയ റെയ്ഡിൽ ഇതിനുള്ള തെളിവ് ലഭിച്ചെന്നും പത്രപ്രവർത്തനത്തി​ന്റെ മറവിൽ റിജാസ്​ പല വിവരങ്ങളും പാകിസ്​താന് കൈമാറിയിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്തു. ഒന്നിനും തെളിവ് ഹാജരാക്കിയില്ല (മേയ് 14, ജന്മഭൂമി).

റിജാസി​ന്റെ അറസ്റ്റിനുശേഷം അദ്ദേഹത്തെ സിദ്ദിഖ് കാപ്പൻ കേസുമായും ചില മാധ്യമങ്ങൾ ബന്ധപ്പെടുത്തി. സിദ്ദീഖ് കാപ്പൻ കേസിലെ വിശദാംശങ്ങളും റിജാസി​ന്റെ കേസും തമ്മിൽ സമാനതകളുണ്ടെന്നായിരുന്നു ഒരു വാദം. സിദ്ദീഖും റിജാസും കടലാസ്​ മാധ്യമപ്രവർത്തകരാണ്. സിദ്ദീഖ് ‘അഴിമുഖ’ത്തെ ഉപയോഗപ്പെടുത്തിയതുപോലെ റിജാസ്​ ‘മഖ്ദൂബി’നെ ഉപയോഗിക്കുന്നു. രാജ്യത്തെമ്പാടും വിഘടനവാദം ശക്തിപ്പെടുത്തുകയാണ് ഇരുവരുടെയും ലക്ഷ്യം (മേയ് 13, മറുനാടൻ മലയാളി). യുദ്ധമുഖത്ത് നിൽക്കുന്ന രാഷ്ട്രത്തെ ആഭ്യന്തര കലാപത്തിലേക്ക് നയിക്കാനുള്ള ‘ആപത്കരമായ ദൗത്യ’മാണ് റിജാസിന്റേതെന്നായിരുന്നു ‘കർമ’യുടെ മറ്റൊരു വാർത്ത (മേയ് 13, കർമ ന്യൂസ്​).

റിജാസി​ന്റെ വാർത്ത സൂക്ഷ്മമായി ഫോളോ ചെയ്ത ഫേസ്​ബുക്ക് െപ്രാഫൈലാണ് ഭാർഗവ റാം. അദ്ദേഹം റിജാസിനെയും മഖ്ദൂബിനെയും സിദ്ദീഖിനെയും പരസ്​പരം ബന്ധപ്പെടുത്തുക മാത്രമല്ല, അതിനെ ആഗോള ഫണ്ടിങ്ങി​ന്റെ ഭാഗമായും വിലയിരുത്തി: പ്രസിദ്ധീകരണ നിയന്ത്രണം ഏർപ്പെടുത്തപ്പെട്ട ജമാഅത്തെ ഇസ്‍ലാമിയുടെ സ്വന്തം ‘മഖ്ദൂബി’ന് ഉള്ളടക്കം തയാറാക്കുന്ന ‘സ്വതന്ത്ര മാധ്യമപ്രവർത്തകനാ’ണ് റിജാസ്​ എം. ഷീബ സിദ്ദീഖ് എന്ന വിഘടനവാദി നേതാവെന്നും മാധ്യമപ്രവർത്തക പരിവേഷം വിഘടനവാദ പ്രവർത്തനത്തിനുള്ള മറ ആണെന്നും അദ്ദേഹം ആരോപിച്ചു (അൽജസീറയും മഖ്ദൂബും പത്രപ്രവർത്തക പരിവേഷവും മറ്റും, മേയ് 13, ഭാർഗവ റാം/ ഫേസ്​ബുക്ക്). മാധ്യമപ്രവർത്തക വേഷത്തിൽ ‘പോരാളികളെ’ വാർത്തെടുക്കുന്ന രീതി രാജ്യത്ത് സജീവമാണ്. അതിനുവേണ്ടി ജാമിഅ മില്ലിയ ഇസ്‍ലാമിയയിലെ ‘മാധ്യമപ്രവർത്തന പഠനവിഭാഗ’ത്തിൽ ചിലരെ സ്​പോൺസർ ചെയ്ത് പഠിപ്പിക്കുന്നുണ്ട്. ഇവരെ പിന്നീട് ഖത്തറിലും മറ്റുമായി ‘അൽജസീറ’ കേന്ദ്രങ്ങളിൽ ഇന്റേൺഷിപ്പിന് അയക്കും – ഇതിൽ പലതും ദുരൂഹതയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. റിജാസിന് പി.എഫ്.ഐ ബന്ധമുണ്ടെന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ.

സെപ്റ്റംബർ 13ന് കൊച്ചിയിൽ നടന്ന റിജാസ്​ ഐക്യദാർഢ്യ പരിപാടിയുടെ ഭാഗമായും ഇത്തരം പ്രചാരണങ്ങൾ വ്യാപകമായി നടന്നു. പൊലീസ്​ ഒത്താശയോടെ ഇസ്‍ലാമിക ഭീകരൻ റിജാസിനായി ഐക്യദാർഢ്യമെന്നായിരുന്നു ‘ജന്മഭൂമി’ (സെപ്റ്റംബർ 14) വാർത്ത. ‘ഇടതു-ജിഹാദി’ എന്നാണ് ഈ ദിവസങ്ങളിൽ പുറത്തുവന്ന ഹിന്ദുത്വ മാധ്യമവാർത്തകളിൽ റിജാസിനെ വിശേഷിപ്പിച്ചത്.

പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയതി​ന്റെ പേരിൽ സിദ്ദീഖ് കാപ്പനെതിരെ നിരവധി വിദ്വേഷ വിഡിയോകൾ പുറത്തിറങ്ങി. പരിപാടി നടക്കുന്നതിനു മുമ്പും ശേഷവും ഇതുണ്ടായി. സിദ്ദീഖ് കാപ്പനെതിരെ വിദ്വേഷപരാമർശം നടത്തിയ പ്രമുഖരിലൊരാളാണ് മുൻ പൊലീസ്​ മേധാവിയായിരുന്ന ഡോ. ടി.പി. സെൻകുമാർ. സിദ്ദീഖി​ന്റെ ജാമ്യം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പൻ മാധ്യമങ്ങളിലൂടെ ഇതിന് മറുപടി പറഞ്ഞു. ‘‘തീവ്രവാദിയെ ‘തീവ്രവാദി’ എന്നല്ലാതെ ‘മെഗാസ്റ്റാർ ചിരഞ്ജീവി’ എന്ന് വിളിക്കാൻ പറ്റുമോ?’’ എന്ന് അടുത്ത ദിവസം സെൻകുമാർ പരിഹസിച്ചു. ഏതു വ്യാജവേഷം കെട്ടിയാലും ഭാരതത്തെ പലരീതിയിൽ തകർക്കാൻ നടക്കുന്ന ഏവനും ഭീകരവാദിതന്നെയെന്നും അദ്ദേഹം എഴുതി (സെപ്റ്റംബർ 13, 14, ഫേസ്​ബുക്ക്/ ടി.പി. സെൻകുമാർ).

റിജാസി​ന്റെ കാര്യത്തിൽ മറ്റൊന്നുകൂടി സംഭവിച്ചു. സെപ്റ്റംബർ 13ലെ റിജാസ്​ ഐക്യദാർഢ്യ പരിപാടിക്കെതിരെ മാർട്ടിൻ മേനാച്ചേരിയെന്ന മാധ്യമപ്രവർത്തകൻ പരാതി അയച്ചു. ന്യൂസ്​ പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ കേരള റീജ്യൻ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്ന ഇദ്ദേഹം നേരത്തേ ശ്വേതാ മേനോനെതിരെ കേസു കൊടുത്തിട്ടുണ്ട്. കോഴിക്കോടുനിന്ന് പുറത്തിറങ്ങുന്ന ‘മറുവാക്ക്’ മാസിക മാവോവാദി പ്രസിദ്ധീകരണമെന്ന് ആരോപിച്ച് അതിന്റെ എഡിറ്റർ അംബികക്കെതിരെ കേസ്​ കൊടുത്തതും ഇദ്ദേഹംതന്നെ. ന്യൂസ്​ പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ മാർട്ടിൻ മേനാച്ചേരിയുടെ പേര് കാണുന്നില്ല. ഈ സ്​ഥാനത്ത് മറ്റൊരാളുടെ പേരാണ് കാണുന്നത്. റിജാസിനെതിരെ നടന്ന വിദ്വേഷ ആക്രമണങ്ങൾ ഇസ്‍ലാമോഫോബിയയുടെ സ്വഭാവത്തെ തുറന്നുകാട്ടുന്നു. ഇസ്‍ലാമോഫോബിയക്ക് കാരണം മുസ്‍ലിംകളോ അവരുടെ പ്രവൃത്തികളോ ചിന്തകളോ മുസ്‍ലിം സംഘടനകളോ അല്ല. മുസ്‍ലിം വിരുദ്ധ വംശീയത മാത്രമാണത്. വിദ്വേഷ അക്രമങ്ങൾക്ക് വിധേയമാകുന്നയാൾ വിശ്വാസിയാകണമെന്നുമില്ല. റിജാസിനും സംഭവിച്ചത് അതാണ്.

 

റിജാസിനെ നാഗ്പൂരിൽ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് ‘ദ വയറി’ൽ വന്ന വാർത്ത,റിജാസിനെ നാഗ്പൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ 

ഹിന്ദുത്വ വ്യാജവിവര ശൃംഖലയും മാധ്യമരാഷ്ട്രീയവും

റിജാസിനെപ്പോലുള്ള മാധ്യമപ്രവർത്തകരെ ഭരണകൂടവും അവരുടെ ഏജൻസികളും ഹിന്ദുത്വ ജനക്കൂട്ടവും ഇത്തരത്തിൽ പിന്തുടരുന്നതി​ന്റെ രാഷ്ട്രീയമെന്താണ്? അതിനു പിന്നിൽ ഇന്ത്യൻ ഭരണസംവിധാനവും രാഷ്ട്രീയവും മാധ്യമരംഗവും കടന്നുപോകുന്ന ചില സവിശേഷ സാഹചര്യങ്ങളാണെന്നാണ് ഈ ലേഖനം വാദിക്കുന്നത്. വ്യാജവിവരങ്ങളും വാർത്തകളുംകൊണ്ട് മലീമസമായ ഹിന്ദുത്വ വിദ്വേഷപ്രചാരണവും അതിനോടുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ പ്രതികരണവുമാണ് ഇതി​ന്റെ പശ്ചാത്തലം.

ഹിന്ദുത്വ രാഷ്ട്ര ഭാവനയിൽ വ്യാജവാർത്തകൾക്ക് നിർണായകമായ സ്​ഥാനമാണുള്ളത്. ലോകത്തി​ന്റെ വ്യാജവാർത്തകളുടെ കേന്ദ്രമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നാണ് ഗവേഷകർ പറയുന്നത്. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം വേൾഡ് ഇക്കണോമിക് ഫോറവും മൈേക്രാസോഫ്റ്റും പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തിലെ തന്നെ വ്യാജവാർത്തകളുടെ തലസ്​ഥാനമായി (64 ശതമാനം) ഇന്ത്യ മാറി. ആഗോള ശരാശരിക്ക് (57 ശതമാനം) മുകളിലാണ് ഇത് (ബിസിനസ്​ സ്റ്റാൻഡേഡ്, ഫെബ്രുവരി 5, 2019). അമേരിക്കയാണ് വ്യാജവാർത്തകളുടെ മറ്റൊരു കേന്ദ്രം. സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാജവാർത്താപ്രചാരണം പ്രധാനമായും നടക്കുന്നതെങ്കിലും പരമ്പരാഗത മാധ്യമങ്ങളും പിന്നിലല്ല. വസ്​തുനിഷ്ഠതയോട് ഔപചാരികമായി നിലനിർത്തിയിരുന്ന ബന്ധംപോലും പലരും ഉപേക്ഷിച്ചുകഴിഞ്ഞു. വ്യാജവാർത്തകളുടെയും നുണപ്രചാരണങ്ങളുടെയും ഉൽപാദനവും വിതരണവും നടക്കുന്ന ഒരു സംവിധാനമാണ് ഇന്ന് മാധ്യമലോകം. കഴിഞ്ഞ പത്ത് വർഷമായി ഇക്കാര്യത്തിൽ വലിയ വർധനയാണ് കാണുന്നത്.

വ്യാജവാർത്തകൾക്ക് നൽകുന്ന അർഥം എന്താണെന്നതിനെക്കുറിച്ച് വിയോജിപ്പുണ്ടാകാമെങ്കിലും ഇന്ത്യൻ സ്​കൂൾ ഓഫ് ബിസിനസും സൈബർപീസും ചേർന്ന് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ വ്യാജവാർത്തകളിൽ പകുതിയിലേറെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്ന് (46 ശതമാനം) കണ്ടെത്തുകയുണ്ടായി. പൊതുവിഷയം (33.6 ശതമാനം), മതം (16.8 ശതമാനം) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ (ഡിസംബർ 24, 2024, എൻ.ഡി.ടി.വി).

‘വ്യാജവാർത്ത’കളും ‘തെറ്റായ വാർത്ത’കളും തമ്മിൽ വ്യത്യാസമുണ്ട്. വസ്​തുതകളിൽ ബോധപൂർവമല്ലാതെ വരുത്തുന്ന തെറ്റാണ്, തെറ്റായ വാർത്തകളുടെ ഉറവിടം. എന്നാൽ, ബോധപൂർവം തന്നെ ഉൽപാദിപ്പിക്കുന്ന തെറ്റായ വാർത്തകളാണ് വ്യാജവാർത്തകൾ. കോവിഡ് കാലത്ത് ഇത്തരം നിരവധി വ്യാജ വാർത്തകൾ മാധ്യമലോകത്തെ ഗ്രസിച്ചിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് കാലമായിരുന്നു വ്യാജവാർത്തകളുടെ മറ്റൊരു പുഷ്കല കാലം. 2024ലെ തെരഞ്ഞെടുപ്പും വ്യത്യസ്​തമായിരുന്നില്ല. സാങ്കേതികവിദ്യയുടെ വളർച്ചക്കനുസരിച്ച് വ്യാജവാർത്തകളുടെ പ്രചാരണത്തി​ന്റെ ശക്തിയും വർധിച്ചു. സോഷ്യൽ ആൻഡ് മീഡിയ മാറ്റേഴ്സ്​ നടത്തിയ ഒരു സർവേ പ്രകാരം, ഇന്ത്യയിൽ ആദ്യമായി വോട്ട് ചെയ്യുന്നവരിൽ ഏകദേശം 65.2 ശതമാനം പേർ സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ കാണുകയോ വായിക്കുകയോ ചെയ്തവരാണ്. 37.1 ശതമാനം പേരും തങ്ങൾ കേൾക്കുന്ന വ്യാജവാർത്തകൾ ഗൗരവത്തിലെടുത്തവരുമാണ് (നാവിഗേറ്റിങ് ദി ട്രൂത്ത്: അൺവെയ് ലിങ്, ദി ഇംപാക്ട് ഓഫ് മിസ്​ ഇൻഫർമേഷൻ ഓൺ ഇന്ത്യാസ്​ ഫസ്റ്റ് -ടൈം വോട്ടേഴ്സ്​, ജനുവരി 16, 2024)

2018ൽ ബി.ബി.സി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് (നവംബർ 12, ബി.ബി.സി) പ്രകാരം ഇന്ത്യയിലെ വ്യാജവാർത്തകളുടെ പ്രചോദനം പ്രധാനമായും തീവ്ര ദേശീയതയുടെ ആഗ്രഹപ്രകടനങ്ങളാണ്. ഹിന്ദുത്വ ദേശീയതയുടെ സ്വത്വസ്​ഥാപന ശ്രമത്തി​ന്റെ ഭാഗവുമാണ്. ഇന്ത്യയിലെ വ്യാജവാർത്ത പ്രചാരണശൃംഖലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളും പരസ്​പരം ബന്ധപ്പെട്ടിരിക്കുന്നതായി അവർ കണ്ടെത്തി. ഇന്ത്യയിലെ മാത്രമല്ല, ഏത് ഫാഷിസ്റ്റ് രാഷ്ട്ര സംവിധാനത്തിനും ഇത് ബാധകമാണ്. അതായത് ഹിന്ദുത്വ സംവിധാനം വ്യാജവാർത്തകളുടെ ഒരു ലോകം സൃഷ്ടിക്കുന്നു. വ്യാജവാർത്തകളുടെ ഉൽപാദനവും വിതരണവും നിയന്ത്രിച്ചും അതിൽ ആധിപത്യം നേടിയുമാണ് അവർ തങ്ങളുടെ അധികാരം നിലനിർത്തുന്നത്. നിലവിലുള്ള ന്യൂസ്​ റൂമുകളെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമൊക്കെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. വ്യാജവാർത്താ സ്വാധീനം ഇന്ന് സമൂഹമാധ്യമങ്ങളുടെ മാത്രം പ്രശ്നമല്ല, പരമ്പരാഗത മാധ്യമങ്ങളും ഇതി​ന്റെ കീഴിലാണ്. കേരളത്തിലെ ന്യൂസ്​ റൂമുകളെപ്പോലും ഇപ്പോഴത് അടക്കിഭരിക്കുന്നു.

ഇന്ത്യയിൽ വ്യാജവാർത്തകളിൽ ഭൂരിഭാഗവും ഇസ്‍ലാമോഫോബിക് സ്വഭാവമുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത. 2022ലെ ഒരു റിപ്പോർട്ടനുസരിച്ച് ലോകത്തെ 55.12 ശതമാനം ഇസ്‍ലാമോഫോബിക് ട്വീറ്റുകളും ഇന്ത്യയിൽനിന്നാണ്. ബി.ജെ.പി അതിൽ സജീവമായി പങ്കെടുക്കുന്നു (സെപ്റ്റംബർ 15, 2022, ടി.ആർ.ടി വേൾഡ്). എന്നാൽ, ഇന്ന് വ്യാജവാർത്തകളും വ്യാജവിവരങ്ങളും ന്യൂസ്​ റൂമുകളെ മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല. പൊതുഭരണരംഗത്ത് സർക്കാറുകളും ഇതേ രീതിശാസ്​ത്രം ധാരാളം ഉപയോഗപ്പെടുത്തുന്നു. സ്​ഥിതിവിവരക്കണക്കുകളിൽ കൃത്രിമം കാണിക്കുക, ബോധപൂർവം തെറ്റുവരുത്തുക, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി പഴയകാല ഭരണമാതൃകയിൽ സങ്കൽപിക്കാൻ

പോലും കഴിയാത്ത തരത്തിൽ ഇത് സർവ മേഖലകളെയും ഗ്രസിച്ചുകഴിഞ്ഞു. വ്യാജവാർത്തകൾ ഉൽപാദിപ്പിക്കുന്ന മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും ഒരു പരിധിവരെ കൈകോർത്തുപിടിച്ചാണ് തങ്ങളുടെ പദ്ധതികൾ നടപ്പാക്കുന്നത്. അതായത് വിപുലമായ ഹിന്ദുത്വ വ്യാജവിവര ശൃംഖലയുടെ ഭാഗമാണ് ഈ സംവിധാനം. ഹിന്ദുത്വ വ്യാജവിവര ശൃംഖലയുടെ സാന്നിധ്യം നമ്മുടെ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ നമുക്കിന്ന് കാണാം. മുൻകാലങ്ങളിൽ പല അഴിമതിക്കേസുകളും അനീതികളും വെളിച്ചത്തുകൊണ്ടുവന്നിരുന്നതും ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിരുന്നതും മാധ്യമങ്ങളായിരുന്നെങ്കിൽ ഇന്നതിൽ ചില മാറ്റങ്ങൾ കാണുന്നുണ്ട്. പലയിടങ്ങളിലും ഈ ചുമതല പ്രതിപക്ഷങ്ങളുടെ ചുമലുകളിലേക്ക് മാറിയിരിക്കുന്നു.

കഴിഞ്ഞ മാസവും കഴിഞ്ഞ ആഴ്ചയിലും ന്യൂസ്​റൂമുകളിൽ പ്രകമ്പനം സൃഷ്ടിച്ച ’വോട്ട് ചോരി’ തന്നെയാണ് ഉദാഹരണം. അത് പ്രധാനമായും മാധ്യമങ്ങളുടെ കണ്ടെത്തലായിരുന്നില്ല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ടീം മാസങ്ങളോളം പ്രയത്നിച്ച് തയാറാക്കിയതാണ്. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വോട്ടുകൾ അനധികൃതമായി ചേർത്തെന്ന വെളിപ്പെടുത്തലുകൾ സ്​ഥാനാർഥികൾ തന്നെ നടത്തിയിട്ടും അത് ആ സമയത്ത് അന്വേഷിച്ച് റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ വേണ്ടെത്ര താൽപര്യമെടുത്തില്ല. മാധ്യമങ്ങളുടെ മാറിയ ഫോക്കസും വ്യാജവിവരങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായി വരുന്ന ബൃഹത്തായ ചെലവും ഒക്കെ ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെങ്കിലും മാധ്യമരംഗത്തുണ്ടായ ഒരു ഘടനാപരമായ പ്രശ്നമായി കൂടി നാമതിനെ തിരിച്ചറിയണം.

മാധ്യമങ്ങളും പ്രാതിനിധ്യത്തി​ന്റെ പ്രശ്നങ്ങളും

2014ൽ മോദി അധികാരത്തിലെത്തിയശേഷം ഇന്ത്യയിലെ മാധ്യമരംഗം വലിയ അടിച്ചമർത്തലാണ് നേരിടുന്നത്. മോദി അധികാരത്തിലെത്തുന്ന സമയത്ത് പ്രസ്​ ഫ്രീഡം ഇൻഡക്സിൽ 180ൽ 140ാം സ്​ഥാനമുണ്ടായിരുന്ന ഇന്ത്യ നിലവിൽ 151ാം സ്​ഥാനത്താണ്. റിപ്പോർട്ടേഴ്സ്​ വിത്തൗട്ട് ഫ്രീഡം റിപ്പോർട്ടനുസരിച്ച് 2014നുശേഷം ഇന്ത്യ മാധ്യമങ്ങളുടെ കാര്യത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്​ഥയിലൂടെയാണ് കടന്നുപോകുന്നത്. ആക്ടിവിസ്​റ്റുകൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ യു.എ.പി.എ തുടങ്ങിയ കടുത്ത നിയമങ്ങൾ ചുമത്തുന്നുവെന്നതാണ് മറ്റൊരു മാറ്റം. ഡിജിറ്റൽ പ്ലാറ്റ്ഫോമായ ആർട്ടിക്കിൾ 14​ന്റെ കണക്കുപ്രകാരം 2014നുശേഷം 36 പേർക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. 2021ലെ ഐ.ടി ആക്ടാണ് മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിക്കുന്ന മറ്റൊരു നിയമം. ഓൺലൈൻ ഉള്ളടക്കങ്ങൾ ഒഴിവാക്കാൻ സർക്കാർ ഈ നിയമം ഉപയോഗിക്കുന്നു.

ഇതൊക്കെ ഒരുഭാഗത്ത് സംഭവിക്കുമ്പോൾതന്നെ പല മാധ്യമങ്ങളും വലിയ കോർപറേറ്റുകളുടെ അധീനതയിലേക്ക് മാറി. മാറാൻ തയാറാവാത്തവയെ നിയമപരവും സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദത്തിലൂടെ ഞെരുക്കി. ചെറിയ മാധ്യമങ്ങൾ വലിയ മാധ്യമങ്ങളുടെ കൈപ്പിടിയിലാവുകയോ അത്തരം സാധ്യതയില്ലാത്തവക്ക് പൂട്ടുവീഴുകയോ ചെയ്തു. സ്വദേശി മാധ്യമങ്ങളെയെന്ന പോലെ വിദേശമാധ്യമങ്ങളെയും കേന്ദ്രസർക്കാർ നിയന്ത്രിച്ചു. വിദേശമാധ്യമങ്ങളുടെ ഓഫിസുകളിൽ പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ഓക്സ്​ഫാം, ഗ്രീൻപീസ്​, ആംനസ്റ്റി ഇന്റർനാഷനൽ പോലുള്ള സന്നദ്ധസംഘടനകളെ വിദേശഫണ്ട് തടഞ്ഞും റെയ്ഡു ചെയ്തുമാണ് നിയന്ത്രിച്ചത്.

ഈ അടിച്ചമർത്തൽ നടപടികൾ മാധ്യമങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും ഭരണകൂട അനുകൂലമായി മാറി. ഇന്നവർ പ്രതിപക്ഷ പാർട്ടികളോടാണ് തങ്ങളുടെ ശക്തി മുഴുവൻ പ്രകടിപ്പിക്കുന്നത്. അപവാദങ്ങൾ ഒഴിവാക്കിയാൽ ഈ മാറ്റം ഏറക്കുറെ ഘർഷണരഹിതമായി തന്നെ സംഭവിച്ചു. എതിർപ്പുള്ളവർ ഒഴിഞ്ഞുപോയി. മുഖ്യധാരാ മാധ്യമങ്ങളിലെ പ്രാതിനിധ്യത്തി​ന്റെ സ്വഭാവമാണ് ഈ മാറ്റം സുഗമമാക്കിയത്.

2019ൽ ഓക്സ്​ഫാം ഇന്ത്യ പുറത്തുവിട്ട രേഖയനുസരിച്ച് ഇന്ത്യൻ മാധ്യമങ്ങളിലെ നേതൃസ്​ഥാനങ്ങളിൽ 90 ശതമാനവും സവർണ വിഭാഗങ്ങളാണ്. മുഖ്യധാരാ മാധ്യമങ്ങളുടെ തലപ്പത്ത് ദലിതോ ആദിവാസിയോ ഇല്ല. മുസ്‍ലിം പ്രാതിനിധ്യം 3 ശതമാനം. 2006ൽ സി.എസ്.​ഡി.എസ്​ നടത്തിയ സർവേയനുസരിച്ച് ഡൽഹി ആസ്​ഥാനമായ മാധ്യമസ്​ഥാപനങ്ങളിൽ പ്രധാന തീരുമാനമെടുക്കുന്ന തസ്​തികകളിൽ സവർണരായിരുന്നു. അച്ചടി മാധ്യമങ്ങളിലെ 90 ശതമാനവും ടെലിവിഷനിലെ 79 ശതമാനവും ഇവർതന്നെ. പ്രസ്​ ഇൻഫർമേഷൻ ബ്യൂറോയിൽ അക്രഡിറ്റേഷനുള്ള മുസ്​ലിം പത്രപ്രവർത്തകർ നാമമാത്രമാണ്. ദലിത് മാധ്യമപ്രവർത്തകരുടെ സ്​ഥിതി അതിലും പരിതാപകരം.

 

കൊച്ചിയിൽ നടന്ന റിജാസ് ഐക്യദാർഢ്യ സംഗമത്തിൽ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ സംസാരിക്കുന്നു

എന്തുകൊണ്ട് റിജാസ്​?

വ്യാജവാർത്തകളുടെ കാര്യത്തിലുണ്ടായ ഈ ഘടനാപരമായ വ്യതിയാനവും മാധ്യമങ്ങളെ വരുതിയിലാക്കുന്ന ഭരണകൂട നടപടികളും മുഴുവൻ മുഖ്യധാരാ മാധ്യമങ്ങളും മുഖ്യധാരാ മാധ്യമപ്രവർത്തകരും ഒരുപോലെ സ്വീകരിച്ചുവെന്ന് ഇതിന് അർഥമില്ല. അതിനിടയിലും വിമതസ്വരങ്ങൾ ഉയർത്തുന്നവർ ഇല്ലാതിരുന്നിട്ടില്ല. കരൺ ഥാപ്പർ, വിനോദ് ദുവ, പരഞ്ജയ് ഗുഹ ഠാകുർത്ത, റാണ അയ്യൂബ്, സിദ്ധാർഥ് വരദരാജൻ തുടങ്ങിയ മാധ്യമപ്രവർത്തകരും ‘എൻ.ഡി.ടി.വി’, ‘ദി വയർ’, ‘ന്യൂസ്​ക്ലിക്ക്’, ‘ദൈനിക് ഭാസ്​കർ’, ‘ദി ക്വിന്റ്’ തുടങ്ങിയ മാധ്യമസ്​ഥാപനങ്ങളും അതി​ന്റെ പേരിൽ നടപടി നേരിട്ടു.

ഇതേ രാഷ്ട്രീയ സാഹചര്യത്തിലാണ് കീഴാളരുടെയും പ്രാന്തവത്കൃതരുടെയും പക്ഷം ചേർന്നുകൊണ്ട് പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പ്രവർത്തിക്കുന്നത്. വൻകിട കോർപറേറ്റുകളുടെ രാഷ്ട്രീയ-സാമുദായിക അജണ്ടകളിൽനിന്ന് മാറി, യഥാർഥ പ്രശ്നങ്ങളിൽ ഇടപെടാനും വസ്​തുതകൾ പുറത്തുകൊണ്ടുവരാനും ഇവർ ശ്രമിക്കുന്നു.

ഭരണകൂടവും ഭരണകൂടപക്ഷ മാധ്യമങ്ങളും മറച്ചുവെക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതും അവർ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളും വ്യാജവിവരങ്ങളും പൊളിക്കുന്നതും കീഴാള, ന്യൂനപക്ഷ, പാർശ്വവത്കൃത പക്ഷത്തുനിൽക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ്. ഭരണകൂടത്തിനെതിരെ പ്രതിരോധം ഉയർത്തുന്നതിൽ ഇത്തരം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പലപ്പോഴും മുഖ്യധാരാ വിമതമാധ്യമപ്രവർത്തകരോടൊപ്പമോ അവരേക്കാൾ അധികമോ മുന്നിൽ നിൽക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും കടുത്ത നടപടികൾ നേരിടേണ്ടിവരുന്നതും ഇവർതന്നെയാണ്.

മഖ്ദൂബ് മീഡിയ, ലങ്കേഷ് പത്രിക, തേജസ്​, മീഡിയവൺ, പീപ്പിൾസ്​ മാർച്ച്, കശ്മീരിയാത്ത് തുടങ്ങിയ മാധ്യമങ്ങളും ഗോവിന്ദൻ കുട്ടി, സിദ്ദിഖ് കാപ്പൻ, പാട്രീഷ്യ മുഖിം, ഫർഹദ് ഷാ, ആസിഫ് സുൽത്താൻ, സജാദ് ഗുൽ, ഗൗരി ലങ്കേഷ്, ഗജേന്ദ്ര സിങ്, പ്രബീർ പുർകായസ്​ത, ഗൗതം നവ്​ലഖ, സുഭാഷ് കുമാർ മഹാതോ, മുകേഷ് ചന്ദ്രകർ, സന്ദീപ് കോത്താരി, രാഘവേന്ദ്ര ബാജ്പേയ്, മുകേഷ് ചന്ദ്രവർക്കർ തുടങ്ങിയ മാധ്യമപ്രവർത്തകരും ഈ പട്ടികയിൽ ഉൾപ്പെടും. പട്ടിക ഇനിയും നീട്ടാം. ഇതിൽ പറഞ്ഞ പല മാധ്യമങ്ങളും അടച്ചുപൂട്ടപ്പെട്ടു. ചിലത് ഇപ്പോഴും നിയമനടപടികൾ നേരിടുന്നു. മാധ്യമപ്രവർത്തകരിൽ ചിലർ ഇപ്പോഴും യു.എ.പി.എ പോലുള്ള വകുപ്പുകൾ ചുമത്തി തടവിലാണ്. ചിലരെ മാഫിയകളോ ഹിന്ദുത്വശക്തികളോ കൊലപ്പെടുത്തി. ചിലർക്ക് ജാമ്യം ലഭിച്ച് പുറത്തുവരാൻ കഴിഞ്ഞു. റിജാസ്​ എം. സിദ്ദീഖ് ഇവരിലൊരാളാണ്. പ്രമുഖ മാധ്യമങ്ങൾ മൗനം പാലിക്കുന്ന ഇടങ്ങളിലാണ് റിജാസിനെപ്പോലുള്ളവർ പ്രവർത്തിക്കുന്നത്. ഭരണകൂടം പറഞ്ഞുപഠിപ്പിക്കുന്ന കഥകളെ സംശയിക്കുകയും അതി​ന്റെ മറുവശങ്ങൾ അന്വേഷിച്ചു പുറത്തുകൊ ണ്ടുവരുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്തരം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഭരണകൂടത്തി​ന്റെ പ്രധാന ലക്ഷ്യമായിരിക്കുന്നത്.

-----------------------

(കടപ്പാട്: ഡോ. കെ. അഷ്റഫ് മറുവാക്ക് മാസികയുടെ വിവിധ ലക്കങ്ങളിൽ ഇസ്‍ലാമോഫോബിയയുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനങ്ങളിലെ വിവരങ്ങൾ ഈ കുറിപ്പിൽ വിപുലമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കേരളീയം ഒാൺലൈനിൽ പ്രസിദ്ധപ്പെടുത്തിയ ഇസ്‍ലാമോഫോബിയ ക്ലിനിക്കൽ റിപ്പോർട്ട്, കേരളീയം തന്നെ പ്രസിദ്ധീകരിച്ച റിജാസിനെക്കുറിച്ച റിപ്പോർട്ടും ഉപയോഗിച്ചിരിക്കുന്നു)

News Summary - The government arrested Malayali journalist Rijas M. Sheeba Siddique