Begin typing your search above and press return to search.
proflie-avatar
Login

മേസ്തിരി

മേസ്തിരി
cancel

കളിയിൽ അടിയറവ് പറഞ്ഞത് രാജാവ്. പന്തയവസ്തു കൊണ്ടുവന്ന് ജേതാവ് നേരത്തേ പറഞ്ഞ ക്രമത്തിൽ വെച്ചുതുടങ്ങി – ഒന്നാം കളത്തിൽ ഒരു നെന്മണി, രണ്ടിൽ രണ്ട്... വൈകാതെ രാജാവ് കുഴഞ്ഞു. കൊട്ടാരം കലവറയിലെ നെല്ലു മുഴുക്കെ തീർന്നു, രാജ്യത്തെ നെല്ലറയിൽനിന്നുള്ളവയത്രയും കൊണ്ടുവന്നു. അപ്പോഴും കളങ്ങൾ ബാക്കി. വഴിയേ പായുന്ന വണ്ടിക്ക് ഒരു നോക്കു മതി, എൻജിൻ കേട് പറയും രാമൻ മേസ്തിരി.–കുട്ടിക്കാലത്തെ നാട്ടുവാണിയാണ്. കഥാനായകൻ ഒരു വണ്ടിമേസ്തിരി. സ്വന്തം പണിശാല നിറയെ പലതരം ശകടങ്ങൾ, അകത്തും ചുറ്റുവട്ടത്തും. എണ്ണമെഴുക്കു പിടിച്ച പ്രേതരൂപികൾ അവിടവിടെ, ശിഷ്യഗണം. ആശാന്റെ ആസ്ഥാനം പക്ഷേ, മറ്റൊരിടം –വിളിപ്പാടകലത്തെ...

Your Subscription Supports Independent Journalism

View Plans

കളിയിൽ അടിയറവ് പറഞ്ഞത് രാജാവ്. പന്തയവസ്തു കൊണ്ടുവന്ന് ജേതാവ് നേരത്തേ പറഞ്ഞ ക്രമത്തിൽ വെച്ചുതുടങ്ങി – ഒന്നാം കളത്തിൽ ഒരു നെന്മണി, രണ്ടിൽ രണ്ട്... വൈകാതെ രാജാവ് കുഴഞ്ഞു. കൊട്ടാരം കലവറയിലെ നെല്ലു മുഴുക്കെ തീർന്നു, രാജ്യത്തെ നെല്ലറയിൽനിന്നുള്ളവയത്രയും കൊണ്ടുവന്നു. അപ്പോഴും കളങ്ങൾ ബാക്കി. വഴിയേ പായുന്ന വണ്ടിക്ക് ഒരു നോക്കു മതി, എൻജിൻ കേട് പറയും രാമൻ മേസ്തിരി.

–കുട്ടിക്കാലത്തെ നാട്ടുവാണിയാണ്. കഥാനായകൻ ഒരു വണ്ടിമേസ്തിരി. സ്വന്തം പണിശാല നിറയെ പലതരം ശകടങ്ങൾ, അകത്തും ചുറ്റുവട്ടത്തും. എണ്ണമെഴുക്കു പിടിച്ച പ്രേതരൂപികൾ അവിടവിടെ, ശിഷ്യഗണം. ആശാന്റെ ആസ്ഥാനം പക്ഷേ, മറ്റൊരിടം –വിളിപ്പാടകലത്തെ ചാരായഷാപ്പ്. ആവശ്യക്കാർ അവിടെച്ചെന്ന് കാണിക്കയിടണം.

ഇട്ടാലോ? വണ്ടിയുടമകളുടെ വാക്കിനൊന്നും ഗൗനമില്ല. മേസ്തിരി വിധിക്കുന്നതാണ് വണ്ടിയുടെ രോഗം, ചികിത്സ. ആ പോക്കിൽ ആവശ്യത്തിലേറെ നേരവും കാശും നഷ്ടം, ഉടമകൾക്ക്. മറുത്തുവല്ലതും മിണ്ടിയാൽ സടകുടയും മേസ്തിരി, അവിടെക്കിടക്കും വണ്ടി. സ്വന്തം വൈഭവത്തിൽ അത്രക്കാണുറപ്പ്. മേസ്തിരിയുടെ ആത്മവിശ്വാസം കൂടിവന്ന മുറക്ക് മേസ്തിരിയിൽ ആവശ്യക്കാരുടെ വിശ്വാസം കുറഞ്ഞുവന്നു. പഴയ പ്രേതരൂപികൾ പലരും സ്വന്തം പീടിക തുറന്നു, അങ്ങിങ്ങ്. മേസ്തിരിയെ കൈയൊഴിയാത്തത് ഷാപ്പ് മാത്രം.

നുണ മണത്തറിയും –കുറ്റാന്വേഷകരായ പൊലീസുകാരെക്കുറിച്ച പൊതു വീരവാണി. പരിശീലിച്ച വൈഭവത്തിന്റെ പിൻബലത്തിലെ അമിതവിശ്വാസം. കള്ളന്മാർക്കുമുണ്ട് വൈഭവം, അതിൻപടി ആത്മവിശ്വാസാതിരേകവും. ഇരുകൂട്ടർക്കും സ്വന്തം പണി പാളുന്നതും ഇതേ ബിന്ദുവിൽ. പാളിക്കഴിഞ്ഞേ പാളിയെന്നറിയൂ. അപ്പോഴും സമ്മതിക്കില്ല: ‘ഏയ്! കുഴപ്പം എന്റെയല്ല.’

ആളുകൾക്ക് പൊതുവെ വല്യ വിശ്വാസമാണ് അവരവരിൽ. മറ്റുള്ളവരിൽ പിശകും പിഴവും കണ്ടെത്തുന്നതിൽ മാത്രമല്ലത്. തെരുവിലേക്കൊന്നിറങ്ങൂ. ഒട്ടുമിക്ക ഡ്രൈവർമാരുടെയും ഉറച്ച വിശ്വാസം തങ്ങൾ മികച്ച സാരഥികളെന്നാണ്. കഥ അമ്മട്ടിലായിരുന്നേൽ വണ്ടിയപകടങ്ങൾ എത്ര കുറഞ്ഞേനേ. മറിച്ചാണ് നേര്– ഭൂരിപക്ഷം ഡ്രൈവർമാർക്കും ശരാശരി വൈഭവംപോലുമില്ല പൊതുനിരത്തിൽ വണ്ടിയോട്ടാൻ. ചെറിയൊരു ‘പരീക്ഷ’ മതി, കള്ളി തെളിയാൻ. 40-45 ഡിഗ്രി ചെരിവുള്ള പാതയുടെ മുകളറ്റമടുക്കുമ്പോൾ ഒന്നു ബ്രേക്കിടാൻ പറയുക. പത്തു നിമിഷം കഴിഞ്ഞ് മുന്നോട്ടെടുക്കാൻ പറയുക, പിന്നോട്ടുരുളാതെ. 95 ശതമാനം സാരഥികളുടെയും രഥം പിന്നോട്ടുരുളുക തന്നെ ചെയ്യും. അപ്പോഴും ഒരിഞ്ചു പിന്നോട്ടാവില്ല തേരാളിവിരുതിന്റെ ആത്മവിശ്വാസം.

സമൂഹത്തിലെ ശരാശരി മനുഷ്യായുസ്സ് തങ്ങളും താങ്ങുമെന്നാണ് മിക്കവരുടെയും വിശ്വാസം. സമപ്രായക്കാർ കാലേകൂട്ടി വിടപറയുമ്പോഴും അത് തങ്ങൾക്ക് ബാധകമേയല്ലെന്ന ആത്മവിശ്വാസം. അവിടെത്തീരുന്നില്ല മേസ്തിരിത്തരം. സത്യമെന്നുറപ്പിക്കാൻ മടിയേതുമില്ല അസത്യങ്ങളെ. അതുകൊണ്ടല്ലേ, ‘സമൂഹമാധ്യമ’ങ്ങൾ നിന്ന് പെഴക്കുന്നത്, ലക്ഷണമൊത്ത സാമൂഹികവിരുദ്ധരായി. അത്രടം വേണ്ട, ചെറു സൗഹൃദ സൊറകളിൽപോലും കാണാം ആത്മവിശ്വാസലീല. ഉദാഹരണത്തിന്, ഉരുളക്കിഴങ്ങിന്റെ ഉത്ഭവം അയർലൻഡിലെന്ന് തറപ്പിച്ചു പറയുന്നു, ഒരു ചങ്ങാതി. അല്ലല്ല, ‘പെറു’ എന്ന് കൂട്ടാളി പറഞ്ഞതും ചങ്ങാതിക്ക് പേശി മുറുകുന്നു: ‘‘ബെറ്റുണ്ടോ?’’ ഒടുവിൽ ഗൂഗ്ൾ ഗുരുവിൽ അഭയം തേടുന്നു, കൂട്ടരിലൊരാൾ. ഗുരു ഉവാച: പെറു. അങ്ങനെ വരാൻ ന്യായമില്ലെന്നായി ഒന്നാമൻ. പഠിപ്പുള്ള വിദ്വാന്റെ ആത്മവിശ്വാസം ആനമുടിക്കും മീതെതന്നെ.

‘‘ ‘പൈതാഗറസ് സിദ്ധാന്ത’ത്തിന്റെ ഉപജ്ഞാതാവാര്?’’ ഊറിച്ചിരിയോടെ കണക്കുമാഷും ഉറപ്പോടെ കുട്ടികളും പറയും, ‘‘സംശയമെന്ത്? പൈതാഗറസ്.’’ പരമ്പരാഗത പാഠപുസ്തക പഠിപ്പിന്റെ ആത്മവിശ്വാസം, സംശയത്തിന് എള്ളിടയില്ലാത്ത തനിയാവർത്തനം. മട്ടക്കോണിന്റെ ചെറുവശങ്ങളുടെ വർഗം (സ്ക്വയർ) കൂട്ടിയാൽ കർണത്തിന്റെ വർഗത്തിന് തുല്യം –എന്നാണല്ലോ ഇപ്പറഞ്ഞ ഗണിത സിദ്ധാന്തം. ഈ വസ്തുത പക്ഷേ, പൈതാഗറസിനും 1500 കൊല്ലം മുമ്പേയുള്ള അറിവാണ്. ഈജിപ്തിലും ബാബിലോണിലും ജ്യാമിതീയ നിർമിതികൾക്ക് ഈ കണക്ക് ഉപയോഗിച്ചുവന്നു. പൈതാഗറസിന്റെ ഗണിതസംഘം അത് പകർത്തി സ്വന്തം മാഷിന്റെ പേരിൽ ഒട്ടിച്ചു​െവച്ചു, സാക്ഷാൽ പൈതാഗറസ് പോലുമറിയാതെ. എന്നാലും നമുക്കിന്നും തികഞ്ഞ വിശ്വാസമാണ് –സിദ്ധാന്തം യവനഗണക​േന്റത് തന്നെ.

അതിരറ്റ ‘ആത്മവിശ്വാസി’കളെ ഏതു ജീവിതമേഖലയിലും കാണാം. വിശ്വാസത്തിന്റെ തോതിലിത്തിരി ഏറ്റക്കുറച്ചിലുണ്ടാവുമെന്നേയുള്ളൂ. പൊതുവേ, കാര്യപ്പിടിപ്പ് ലേശം കുറവുള്ളോരിൽ വല്ലാതെ കൂടിയിരിക്കും, സംഗതി. താൻപോരിമയെപ്പറ്റി സ്വയം വീർപ്പിച്ച ധാരണ. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകൾ പിശകാം, നിഗമനങ്ങൾ പിഴക്കാം. അതിലും ദാരുണം; ഈ പിഴകൾ സ്വയം തിരിച്ചറിയാനുള്ള ശേഷി കമ്മി, മനസ്സ് ങേ ഹേ.

ഇനി, തരക്കേടില്ലാത്ത പിടിപ്പുള്ളവരിലോ? ആത്മവിശ്വാസം അവരുടെ തലക്ക് പിടിക്കില്ലെന്ന് കരുതരുത്. ഒരു പ്രത്യേക വിഷയത്തിൽ വൈദഗ്ധ്യം നേടിയെന്ന് വെക്കുക. അതുതന്നെ ആളിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും. പ്രമേയത്തിന്റെ സങ്കീർണത ഏറുന്തോറും ഈ മനോഭാവവും ഏണി​െവക്കുന്നു. വിഷയവിദഗ്ധരെല്ലാം സ്വന്തം നിഗമനങ്ങളുടെ സാധുതയിൽ കലശലായ ആത്മവിശ്വാസികളാവുന്നു –ഡോക്ടർമാർ, എൻജിനീയർമാർ, ധനകാര്യജ്ഞർ, അക്കാദമിടുക്കർ, മതപണ്ഡിതർ, വക്കീലുമാർ എന്നുവേണ്ട, സർക്കാർ ഗുമസ്തർ വരെ. പോരിമയേറുന്തോറും താൻപോരിമയും. ആരുടെയും കുറ്റമല്ലത്, വൈദഗ്ധ്യം സൃഷ്ടിക്കുന്ന അമിതവിശ്വാസത്തിന്റെ പാർശ്വഫലമാണ്. ഈ കെണിയിലാണ് അകപ്പെട്ടിരിക്കുന്നതെന്ന വകതിരിവിന് ഇടമനുവദിക്കയുമില്ല, വിദഗ്ധശിരസ്സ്. ആത്മവിശ്വാസം അങ്ങനെ മയക്കുവെടിയുമാകുന്നു.

വിഷയവിദഗ്ധർ ഒന്നടങ്കം തുന്നംപാടിയ ചരിത്രമുഹൂർത്തമാണ് 2008. ആഗോള സാമ്പത്തിക തകർച്ചയുടെ നാന്ദി. ഒരൊറ്റ സാമ്പത്തിക വിശാരദൻ വിദൂരമായിപ്പോലും മണത്തില്ല അതിന്റെ സർവവ്യാപിയായ ചീമണം. അമേരിക്കയിലെ ‘ഭവനക്കുമിള’ പൊട്ടുകയും അഞ്ഞൂറോളം ധനസ്ഥാപനങ്ങൾ പൂട്ടുകയും ചെയ്തപ്പഴാണ് മണം മൂക്കുപിടിച്ചത്. (അതിനും പതിറ്റാണ്ടൊന്നു മുന്നം ഡോട്കോം കുമിള നൽകിയ ദുശ്ശകുനംപോലും ഗൗരവത്തിലെടുത്തില്ല). ലോകരാഷ്ട്രങ്ങൾ മിക്കതും ഗതികേടിലായിട്ടും നിജവും നെറിയുമുള്ള ഒരൊറ്റ അപഗ്രഥനം ഇന്നുമില്ല, ന്യായീകരണങ്ങളും കണ്ടംവക്കലുമല്ലാതെ. മുതലാളിത്ത സാമ്പത്തികതയുടെ കാതൽ തൊടാൻ മടി, പേടി. എന്നാലും തരിമ്പും കുറവില്ല ആത്മവിശ്വാസത്തിന് –കമ്പോളം സർവം ശരിപ്പെടുത്തിക്കോളുമെന്ന കാറ്റുപോയ ബലൂണിന്റെ ബലത്തിൽ.

ഈ സൂക്കേട് അരുതാത്തതും അതിനാൽതന്നെ തീരെയില്ലെന്ന് കരുതപ്പെടുന്നതുമായ മണ്ഡലമെടുക്കാം –ശാസ്ത്രം. ചിരിച്ചു പല്ലുകൊഴിയും അവിടത്തെ ദന്തഗോപുരലീലകൾ കേട്ടാൽ...

തോമസ് ആൽവ എഡിസൻ വൈദ്യുതി ബൾബ് കണ്ടുപിടിച്ചു. കീർത്തി ലോകമാകെ, കാശ് കീശനിറയെ. ഇനി, അമേരിക്കയാകെ വെളിച്ചം വിതറുകതന്നെ, എഡിസനുറച്ചു. രണ്ടിനമുണ്ട് കറന്റ് –ഓൾട്ടർനേറ്റിങ്ങും (എ.സി), ഡയറക്ടും (ഡി.സി). ദീർഘദൂരം വൈദ്യുതി കൊണ്ടുപോകാൻ എ.സിയാണ് യുക്തം. വോൾട്ടേജ് കുറവുള്ള ഡി.സി ഹ്രസ്വദൂരങ്ങൾക്കാണ് നന്ന്. വിദ്വാൻ തെരഞ്ഞെടുത്തത് ഡി.സി. ന്യൂയോർക്കിലാകെ കുഴിയെടുത്ത് കേബിളിട്ടു. ഓരോ അര മൈലിനും ഓരോ ജനറേറ്റർ വേണ്ടിവന്നു.

ചെലവ് അതിഭീമമായി, കീശ അതിവേഗം കാലിയായി. നിവൃത്തികെട്ട് തന്റെ കമ്പനിയുടെ (എഡിസൻ ഇലക്ട്രിക്) ഓഹരി മുക്കാലും കൊടുത്ത് ജെ.പി മോർഗൻ കമ്പനിയിൽ നിന്ന് കാശൊപ്പിച്ചു. അപ്പോഴും അടിസ്ഥാന നിലപാട് മാറ്റിയില്ല –ഡി.സി തന്നെ ശരണം. ഉടമസ്ഥതയിൽ മുന്തിയ പങ്കും കിട്ടിയ മോർഗൻ വൈകാതെ എഡിസനെ തള്ളിമാറ്റി കമ്പനി കൈക്കലാക്കി; ‘ജനറൽ ഇലക്ട്രിക്’ എന്ന് പേരുമാക്കി. ശാസ്ത്ര വിദഗ്ധരല്ലാത്ത പുതിയ ഉടമകൾ എഡിസന്റെ ഡി.സി കളഞ്ഞ് എ.സിയിലേക്ക് മാറി, അമേരിക്കയാകെ കുറഞ്ഞ ചെലവിൽ വൈദ്യുതീകരിച്ചു. എഡിസൻ വെറും വഴിപോക്കനായി. ബൾബ് വിജയം നൽകിയ ആത്മവിശ്വാസമായിരുന്നു പാര.

സാമാന്യബുദ്ധിക്ക് വഴിമാറിക്കൊടുക്കേണ്ട സന്ദർഭങ്ങൾ വരും, ഏതു പ്രതിഭയുടെ ജീവിതത്തിലും. ആസൂത്രിത വൈഭവങ്ങൾ മിക്കപ്പോഴും സൃഷ്ടിപരതയെ പരിമിതപ്പെടുത്തും. പഠിച്ച വിദഗ്ധർക്ക് കാര്യങ്ങൾ ‘അറിയാം’, താത്ത്വികമായും അനുഭവൈകമായും. ഈ അറിവ് അവരെ തടവിലാക്കുന്നു. (മർമമെല്ലാം അറിയുന്ന മർമാണി എങ്ങും തൊടില്ലെന്ന് പറയില്ലേ?) അത്തരം കെട്ടുപാടും ഒട്ടുപശയുമില്ലാത്തോർ, വിദഗ്ധർ ശ്രമിച്ചുനോക്കാൻ അറച്ചുനിൽക്കുന്ന വഴിക്ക് തുനിയും. മിക്കപ്പോഴും വിജയിക്കുകയും ചെയ്യും. അതാണ് എഡിസന്റെ പ്രതിയോഗി ടെസ്‍ല. ചുരുക്കിപ്പറഞ്ഞത്: ‘‘അജ്ഞതയുടെ ധൈര്യമുണ്ടായിരിക്കണം.’’

അടച്ചിട്ട മൂന്നു വാതിലുകൾ -എ, ബി, സി. ഒന്നിന് പിന്നിൽ വിലയേറിയ ഒരു സ്പോർട്സ് കാർ. മറ്റു രണ്ടിനും പിന്നിൽ ഓരോ ആടുകൾ. ഏതെങ്കിലും ഒരു വാതിൽ തൊടാം, അതിന് പിന്നിലുള്ളത് സ്വന്തമാക്കാം. നിങ്ങൾ തൊടുന്നത് ‘എ’ ആണെന്നിരിക്കട്ടെ. അത് തുറന്ന് പിന്നിലുള്ള സമ്മാനം തരുന്നതിന് പകരം ബി -വാതിൽ തുറന്ന് കാട്ടുന്നു. അവിടെ ഒരാടുണ്ട്. അപ്പോൾ നിങ്ങൾക്ക് ഒരവസരംകൂടി തരുന്നു; ആദ്യ തീരുമാനം മാറ്റിപ്പിടിക്കാൻ: അതായത്, ആദ്യം തെരഞ്ഞെടുത്ത എ-വാതിൽ മാറ്റി ‘സി’ തെരഞ്ഞെടുക്കാം. സമ്മതമാണോ?

സാധാരണഗതിയിൽ, ലോട്ടറിയിലും ചൂതാട്ടത്തിലുമൊക്കെ ആദ്യ തീരുമാനം മാറ്റാനാണിട. കാരണം, ഊഹാപോഹങ്ങൾക്കുമുണ്ട് അവയുടേതായ ഒരാന്തര യുക്തി. അതുപ്രകാരം, ഇപ്പറഞ്ഞ വാതിൽക്കളിയിലെ ജയസാധ്യത (കാറ് കിട്ടുക എന്നത്) തുടക്കത്തിൽ മൂന്നിലൊന്നായിരുന്നത് രണ്ടിലൊന്നായി ചുരുങ്ങിയിരിക്കുന്നു- ഒന്നുകിൽ കാറ് അല്ലെങ്കിൽ ആട്. ആദ്യ ഊഹം മാറ്റുമോ?

ഇതാണ് പ്രശസ്തമായ ‘മോൺടി ഹാൾ’ പ്രശ്നം. 1991ൽ ഈ പ്രശ്നമുന്നയിച്ചത് ഒരാളെ ഉന്നമിട്ടാണ് –പോൾ എർഡിഷ്. പോയ നൂറ്റാണ്ടിലെ ഏറ്റം പ്രമുഖ ഗണിതജ്ഞരിൽ ഒരാൾ, ‘സാധ്യതാ സിദ്ധാന്ത’ത്തിൽ ലോകവിദഗ്ധൻ. ആ വൈദഗ്ധ്യത്തിന്റെ തെളിവാണ്, സാധ്യതാഗണനത്തിന്റെ രീതിക്രമത്തിന് ‘എർഡിഷ് മെതേഡ്’ എന്ന് പേരിട്ടതുതന്നെ.

പറഞ്ഞുവന്ന വാതിൽപ്രശ്നത്തിന് എർഡിഷ് മറുപടി നൽകി: ‘‘ആദ്യ തീരുമാനം മാറ്റുന്നതുകൊണ്ട് ജയസാധ്യതക്ക് മാറ്റമൊന്നുമില്ല’’ മൂന്നിൽ ഒരു വാതിൽ കുറയുമ്പോൾ ജയസാധ്യത കൂടുകയാണെന്നറിയാൻ ഗണിതജ്ഞനൊന്നുമാകണ്ട. പക്ഷേ, എർഡിഷിന് സംഗതി കത്തുന്നില്ല. കാരണം, സാധ്യതാ സിദ്ധാന്തത്തിലുള്ള വൈദഗ്ധ്യത്തിന്മേൽ അത്രക്കായിരുന്നു ആത്മവിശ്വാസം (ഒടുവിൽ ഒരു സഹപ്രവർത്തകൻ ഏറെ പണിപ്പെട്ട് ബോധ്യപ്പെടുത്തുവോളം വഴങ്ങിയില്ല, വിദ്വാൻ).

ചതുരംഗക്കളിയിൽ കെങ്കേമനായ ചെമ്പകശ്ശേരി രാജാവിനെ കാണാൻ അമ്പലപ്പുഴ കൊട്ടാരത്തിലെത്തി, ഒരു യുവസന്യാസി. ആവശ്യം: ചതുരംഗത്തിൽ ഒരു കൈ നോക്കണം. രാജാവിന് സമ്മതം ഉടനടി. കളിക്കുമുമ്പ് പതിവുള്ള വാതുവെപ്പ്. എന്തുവേണമെന്ന നിശ്ചയം പ്രതിയോഗിക്ക് വിടുന്നു, രാജാവ്. തന്റെ കളിശേഷിയിൽ അത്രക്കാണ് ആത്മവിശ്വാസം. പ്രതിയോഗി പറഞ്ഞു, ‘‘ഞാനൊരു സന്യാസി, ആവശ്യങ്ങൾ ലഘു. തോൽക്കുന്നയാൾ ചതുരംഗപ്പലകയിലെ 65 കളങ്ങളിലും നെല്ലുവെച്ചാൽ മതി, ഒന്നാം കളത്തിൽ ഒന്ന്, രണ്ടാം കളത്തിൽ രണ്ട്, മൂന്നിൽനാല്, നാലിൽ16... ആ ക്രമത്തിൽ.’’ രാജസമ്മതം തൽക്ഷണം.

കളിയിൽ അടിയറവ് പറഞ്ഞത് രാജാവ്. പന്തയവസ്തു കൊണ്ടുവന്ന് ജേതാവ് നേരത്തേ പറഞ്ഞ ക്രമത്തിൽ വെച്ചുതുടങ്ങി –ഒന്നാം കളത്തിൽ ഒരു നെന്മണി, രണ്ടിൽ രണ്ട്... വൈകാതെ രാജാവ് കുഴഞ്ഞു. കൊട്ടാരം കലവറയിലെ നെല്ലു മുഴുക്കെ തീർന്നു, രാജ്യത്തെ നെല്ലറയിൽനിന്നുള്ളവയത്രയും കൊണ്ടുവന്നു. അപ്പോഴും കളങ്ങൾ ബാക്കി. കാരണം, 64 കളങ്ങളും പറഞ്ഞമുറക്ക് നിറയ്ക്കാൻ വേണ്ട നെന്മണിയുടെ എണ്ണം: 18, 446, 744, 073, 709, 551, 615. എന്നുവെച്ചാൽ, നാവിൽ കൊള്ളാത്തത്ര കോടി ടൺ നെല്ല്!

അമിതമായ ആത്മവിശ്വാസം വരുത്തുന്ന വിന ധ്വനിപ്പിക്കാനല്ല ഇക്കഥയെന്നത് മറ്റൊരു കഥ. [അമ്പലപ്പുഴക്ക് സ്വന്തമൊന്നുമല്ല ഈ കണക്കു കഥ. 43 നൂറ്റാണ്ടു മുമ്പ് മെസപ്പൊട്ടേമിയയിലെ കണക്കപ്പിള്ളമാർക്കിടയിലാണ് ഉത്ഭവം –ഒരു സംഖ്യയെ മുപ്പതും അറുപതുമൊക്കെ തവണ ഇരട്ടിപ്പിക്കുന്ന ഗണിതശാസ്ത്ര മാതൃകയായി. ഗണിതശാസ്ത്രത്തിൽ ഇന്നുള്ള ഘാതഗുണനത്തിന്റെ (എക്സ്പൊണൻഷ്യൽ) ആദി ബീജം)

ആത്മവിശ്വാസം കൂടിപ്പോയോരിലാണ് മനസ്സിന്റെ ബോധ്യവും നേരിന്റെ കിടപ്പും തമ്മിലെ വിടവ് ഏറ്റവുമധികം. തികഞ്ഞ ഉറപ്പോടെ നാം ശഠിക്കുന്ന നിഗമനങ്ങളിൽ കാണാം ആ വിടമ്പിന്റെ ആഴം. കാണാൻ പക്ഷേ നോക്കണം. നോക്കേണ്ട കാര്യമില്ല, നോക്കാതെ തനിക്കുറപ്പുണ്ടെന്ന് പറഞ്ഞാലോ? അതാണ് നമുക്ക് ശീലം, സുഖം. രാമൻ മേസ്തിരി ഷാപ്പിൽത്തന്നെ.

News Summary - The gap between the mind's conviction and the truth