Begin typing your search above and press return to search.
proflie-avatar
Login

ക്ഷേത്രപ്രവേശന വിളംബര വിമർശം എന്ന അപൂർവ രേഖ കണ്ടെടുക്കുന്നു

ക്ഷേത്രപ്രവേശന വിളംബര   വിമർശം എന്ന അപൂർവ രേഖ   കണ്ടെടുക്കുന്നു
cancel

1936ൽ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്ക​െപ്പട്ടത് ​തന്നെ വലിയ സമരങ്ങളുടെ തുടർച്ചയിലാണ്. എന്നാൽ, അതിനെ എതിർക്കാൻ സവർണർ തുനിഞ്ഞിറങ്ങിയിരുന്നു. അതിൽ ഒന്നായ, ക്ഷേത്രപ്രവേശന വിളംബരത്തെ വിമർശിച്ച് തവനൂർ പരമേശ്വരൻ നമ്പൂതിരി എഴുതിയ ലഘുലേഖ വിളംബരത്തിന്റെ 90ാം വാർഷികത്തിൽ കണ്ടെടുക്കുന്നു. 1936ൽ ചിത്തിര തിരുനാൾ ബാലരാമവർമ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി നവോത്ഥാനത്തിന്റെ ഒരു പുതിയ ചരിത്രമാരംഭിച്ചു എന്ന ലളിതവായന നിലനിൽക്കുന്നുണ്ട്. എന്നാൽ, ക്ഷേത്രവേശന വിളംബരം തന്നെ ബാലരാമ വർമക്ക് പുറപ്പെടുവിക്കേണ്ടി വന്നത് കേരളത്തിലെ ഈഴവരുൾപ്പെടെയുള്ള അവർണ ഭൂരിപക്ഷ ജനതയുടെ മതപരിവർത്തനം...

Your Subscription Supports Independent Journalism

View Plans
1936ൽ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്ക​െപ്പട്ടത് ​തന്നെ വലിയ സമരങ്ങളുടെ തുടർച്ചയിലാണ്. എന്നാൽ, അതിനെ എതിർക്കാൻ സവർണർ തുനിഞ്ഞിറങ്ങിയിരുന്നു. അതിൽ ഒന്നായ, ക്ഷേത്രപ്രവേശന വിളംബരത്തെ വിമർശിച്ച് തവനൂർ പരമേശ്വരൻ നമ്പൂതിരി എഴുതിയ ലഘുലേഖ വിളംബരത്തിന്റെ 90ാം വാർഷികത്തിൽ കണ്ടെടുക്കുന്നു.

1936ൽ ചിത്തിര തിരുനാൾ ബാലരാമവർമ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി നവോത്ഥാനത്തിന്റെ ഒരു പുതിയ ചരിത്രമാരംഭിച്ചു എന്ന ലളിതവായന നിലനിൽക്കുന്നുണ്ട്. എന്നാൽ, ക്ഷേത്രവേശന വിളംബരം തന്നെ ബാലരാമ വർമക്ക് പുറപ്പെടുവിക്കേണ്ടി വന്നത് കേരളത്തിലെ ഈഴവരുൾപ്പെടെയുള്ള അവർണ ഭൂരിപക്ഷ ജനതയുടെ മതപരിവർത്തനം ഭയന്നാണ്. തിരുവിതാംകൂർ ഹിന്ദുരാഷ്ട്രമല്ലാതാവുമോ എന്ന ഭയം ഭരണാധികാരികളെ പിടികൂടിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്നും സാമൂഹിക സംഘർഷങ്ങൾ അവസാനിച്ചിരുന്നില്ല. ഇരിങ്ങാലക്കുടയിൽ കൂടിയ നമ്പൂതിരിമാരുടെ യോഗം ക്ഷേത്രപ്രവേശന വിളംബരത്തെ എതിർത്തു. അവർണർ പ്രവേശിച്ച ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന പൂജാരിമാരെയും ഇരിങ്ങാലക്കുടയിലെ നമ്പൂതിരിമാരുടെ യോഗം വിലക്കി.

ക്ഷേത്രപ്രവേശന വിളംബരത്തിനെതിരായ സൈദ്ധാന്തികമായ ആക്രമണമായിരുന്നു പുന്നശ്ശേരി നമ്പി നീലകണ്ഠശർമയുടെ അവർണരുടെ ക്ഷേത്രപ്രവേശന വാദത്തെ എതിർത്തു കൊണ്ടുള്ള ക്ഷേത്രപ്രവേശന അന്വേഷണ റിപ്പോർട്ടിലെ സുദീർഘമായ വിയോജന കുറിപ്പ്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് അതിനെ വിമർശിച്ചുകൊണ്ട് തവനൂർ പരമേശ്വരൻ നമ്പൂതിരി 29 പേജുകളുള്ള ഒരു ലഘുപ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. തൃശൂർ മംഗളോദയം പ്രസിൽ അച്ചടിച്ച ക്ഷേത്രപ്രവേശന വിളംബര വിമർശനം ബ്രാഹ്മണ്യ യാഥാസ്ഥിതികത്വത്തിന്റെ ഭീകരതക്കും സമത്വത്തിനും അവർണ ജനതയുടെ ആത്മാഭിമാനത്തിനും എതിരായ ആക്രമണത്തിന്റെ കഠിനതയും വെളിപ്പെടുത്തുന്നു.

ധർമരാജ്യമെന്ന് സുപ്രസിദ്ധി നേടിയ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരം ഏറ്റവും ധർമദ്രോഹകരമാണെന്നാണ് പരമേശ്വരൻ നമ്പൂതിരിയുടെ അഭിപ്രായം (ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണം നിലനിൽക്കുന്നതിനാലാണ് തിരുവിതാംകൂറിനെ ധർമരാജ്യം എന്ന് വിളിക്കപ്പെട്ടത്). ഹിന്ദുമതത്തിന്റെ ധർമസങ്കൽപത്തിന് വിരുദ്ധമായി ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതിനാലാണ് അതിനെ പരമേശ്വരൻ നമ്പൂതിരി ധർമദ്രോഹകരം എന്ന് വിശേഷിപ്പിച്ചത്.

എന്താണ് ധർമം?

ഹിന്ദുമതത്തിന്റെ അടിസ്ഥാനങ്ങൾ സനാതന ധർമങ്ങളും വിശേഷധർമാചരണങ്ങളുമാകുന്നു എന്നാണ് തവനൂർ പരമേശ്വരൻ നമ്പൂതിരി കുറിക്കുന്നത്. തുടർന്ന്, അദ്ദേഹം ധർമത്തെ വിശദീകരിക്കുന്നുണ്ട്. ‘‘ഹിന്ദു മതത്തിന്റെ ജീവനായ ധർമത്തിന് ആധാരമായ ശരീരം ചാതുർവർണ്യമാകുന്നു. എന്നുവെച്ചാൽ വർണാശ്രമ സമ്പ്രദായമെന്ന് സാരം’’ എന്ന് തവനൂർ വ്യക്തമാക്കുന്നു. കുലധർമങ്ങൾ, സ്വധർമങ്ങൾ, ദേശാചാരങ്ങൾ എന്നിവയെ നശിപ്പിക്കുന്നത് സമഗ്രമായ വളർച്ചക്ക് ഹാനികരമാണെന്ന് തവനൂർ വാദിക്കുന്നു. ഇവിടെ സ്വധർമം, ദേശാചാരം എന്നീ പ്രയോഗങ്ങളിലൂടെ അർഥമാക്കുന്നത് ജാത്യാചാരങ്ങളെയും അതിന്റെ പലവിതാനങ്ങളിലുള്ള സാമൂഹികവഴക്കങ്ങളെയും കുറിച്ചാണെന്ന് പറയേണ്ടതില്ലല്ലോ.

ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വ്യവസ്ഥയെ ന്യായീകരിക്കാൻ തവനൂർ ഗീതയിലെ ‘ചാതുർവർണ്യം മയാ സൃഷ്ടം’ എന്ന ശ്ലോകമാണ് ഉദ്ധരിക്കുന്നത് (പുറം 3). ധർമത്തിന് മാറ്റമില്ലെന്ന് (പുറം 4) സമർഥിക്കുന്നതിലൂടെ ജാതിവ്യവസ്ഥയെ സനാതനമായ സാമൂഹികവ്യവസ്ഥയാണ് തവനൂർ അവതരിപ്പിക്കുന്നത്. ക്ഷേത്രപ്രവേശനം അനുവദിക്കുന്നത് ഹിന്ദുക്ഷേത്രത്തെ വെറും തീവണ്ടി സ്റ്റേഷനോ ചന്തപ്പുരയോ കോടതിയോ ചാവടിയോ ക്ലബോ ആക്കി തുറന്നിടുന്നതിന് സമാനവും അത് അപായകരമായ അധർമമാണെന്നും തവനൂർ എഴുതുന്നു (പുറം 8).

‘ഹരിജനങ്ങൾ’ അശുദ്ധർ

ഹരിജനങ്ങൾ (ഹരിജനങ്ങൾ എന്ന ഗാന്ധിയൻ അഭിസംബോധനയെ അംബേദ്കർ അംഗീകരിച്ചില്ല) എന്ന് വിളിക്കപ്പെടുന്ന അധഃസ്ഥിതർക്ക് അശുദ്ധിയുണ്ടെന്ന് തെളിയിക്കാൻ തവനൂർ നമ്പൂതിരി സ്മൃതിയും വിഷ്ണുസംഹിത ഉൾപ്പെടെയുള്ള തന്ത്രഗ്രന്ഥങ്ങളും ഉദ്ധരിച്ചാണ് സമർഥിക്കുന്നത്. പട്ടി, വ്രാത്യർ, പാഷണ്ഡർ, ചണ്ഡാലർ എന്നിവർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ക്ഷേത്രവും ബിംബവും അശുദ്ധമായി ദേവസാനിധ്യം തന്നെ നശിക്കുമെന്ന് തവനൂർ നമ്പൂതിരി വിശദീകരിക്കുന്നു (പുറം 9) (ചണ്ഡാളരെ പട്ടിക്ക് സമമായാണ് ധർമശാസ്ത്രങ്ങൾ ഗണിച്ചിരുന്നത്). ഗുരുവായൂർ സത്യഗ്രഹത്തെ, കോഴിക്കോട്ടെ നെടീശ്വരം രാജസ്വരൂപത്തിലെ സാമൂതിരി മഹാരാജാവ് തടഞ്ഞത് വേദത്തെയും സ്മൃതിയെയും അടിസ്ഥാനപ്പെടുത്തിയാണെന്ന് (പുറം 10) തവനൂർ സ്പഷ്ടമാക്കുന്നത് ഇതിനോട് ചേർത്ത് വായിക്കണം.

നിഖില ഭാരത വർണാശ്രമ സ്വരാജ്യ സംഘം

ഗുരുവായൂർ സത്യഗ്രഹ സന്ദർഭത്തിൽ നിഖില ഭാരത വർണാശ്രമ സ്വരാജ്യ സംഘം ഗുരുവായൂരിൽ ആചാര രക്ഷക്കായി ഒരു മഹാസഭ നടത്തിയ കാര്യം തവനൂർ സൂചിപ്പിക്കുന്നുണ്ട്. ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വ്യവസ്ഥയാണ് നിഖില ഭാരത വർണാശ്രമ സ്വരാജ്യ സംഘത്തിന്റെ ലക്ഷ്യമെന്ന് ആ പേര് തന്നെ സ്പഷ്ടമാക്കുന്നു.

ഇവർ നടത്തിയ മഹാസഭയിൽ കാശി, വൃന്ദാവനം, അയോധ്യ, ഗോകുലം, ഡൽഹി, കാഞ്ചീപുരം, ഗുജറാത്ത്, ബോംബെ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലെ ബ്രാഹ്മണരും; പുരി, ശൃംഗേരി, ഉടുപ്പി മുതലായ സന്യാസിമഠങ്ങളിലെ സന്യാസിമാരും, ഗോകുലം മുതലായ പല സ്ഥലങ്ങളിലുമുള്ള രാജാക്കന്മാരും പ്രഭുക്കന്മാരും കേരളത്തിലെ സവർണ ഹിന്ദുക്കളും ആചാരത്തെ രക്ഷിക്കാൻ ഒത്തുകൂടിയ കാര്യം തവനൂർ എഴുതുന്നുണ്ട്. ചാതുർവർണ്യത്തെ നിലനിർത്താൻ ഒത്തുകൂടിയ ഈ മഹാസഭയെ തവനൂർ മഹാകാര്യമായി അവതരിപ്പിക്കുന്നു.

മൂലം തിരുനാൾ വൈക്കം സത്യഗ്രഹത്തെ ശക്തിയായി തടഞ്ഞ് നിർത്താൻ കാരണം സ്മൃതിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം കാരണമാണെന്നും തവനൂർ വ്യക്തമാക്കുന്നു (പുറം 11). ചണ്ഡാലരെയും പതിതരെയും ദൂരെ അകറ്റിനിർത്തണമെന്ന് വ്യാഘ്രപാദനെ ഉദ്ധരിച്ചുകൊണ്ട് തവനൂർ സമർഥിക്കുന്നു (ചണ്ഡാലം പതിതം ചൈവ ദൂരതഃ പരിവർജയേൽ, പുറം 12). പതിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അശുദ്ധമാണെന്ന തന്ത്രസമുച്ചയ ഭാഗവും വിളംബര വിമർശത്തിൽ തവനൂർ ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ അവർണരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ തടയുന്നതാണ് ധർമമെന്നാണ് തവനൂരിന്റെ വാദം (പുറം 12).

ഹിന്ദുമതം തകരും?!

ജാതിയും തദനുബന്ധമായ ആചാരങ്ങളും എടുത്തുമാറ്റിയാൽ ഹിന്ദു മതം നശിക്കുമെന്ന് തവനൂർ ആകുലപ്പെടുന്നുണ്ട്. ഏതു മതമായാലും അതത് മതവിധിപ്രകാരം ഇരിക്കുന്നതാണ് അതിന്റെ ഉൽക്കർഷത്തിന് നല്ലതെന്ന് തവനൂർ വാദിക്കുന്നു. ‘‘മനോഹരമായ ഒരു ഗൃഹത്തിന്റെ ഉപരിഭാഗത്തുള്ള മേൽപ്പുരയുടെ ഓടു ചിലതു വീണുടയുന്നു എന്നും പറഞ്ഞ് ഉയരം താഴ്ത്തുവാൻ വേണ്ടി ഗൃഹഭിത്തിയും സ്തംഭങ്ങളും എടുത്തുകളഞ്ഞാൽ സകല ഓടും ഒപ്പം ഒരുപോലെ വീണു തകരുന്നതുപോലെ ഹിന്ദു മതത്തിന്റെ ആചാരവും ജാതിയും നടപടികളും മതവും, ഒപ്പം നശിക്കും’’ എന്ന് തവനൂർ പരമേശ്വരൻ നമ്പൂതിരി എഴുതുന്നു (പുറം 14). അവർണരെ പ്രവേശിപ്പിച്ചാൽ അത് ജാത്യധികാരത്തെ ചോദ്യംചെയ്യലായി കലാശിക്കുമെന്ന് തവനൂർ മനസ്സിലാക്കിയിരുന്നു എന്നുവേണം കരുതാൻ.

ജാതിവിമർശനത്തിലൂടെയും ക്ഷേത്ര പ്രവേശനത്തിലൂടെയും കാലാന്തരത്തിൽ ജാതിവ്യവസ്ഥ അടിമുടിതന്നെ തകരുന്നതിനിടയാകും എന്ന ആകുലതയിൽനിന്നാണ് മേലുദ്ധരിച്ച തവനൂരിന്റെ വാക്കുകൾ പുറപ്പെടുന്നത്. ജാതിവ്യവസ്ഥയെ ചോദ്യംചെയ്യുകയോ പരിഷ്കരിക്കാൻ ആഹ്വാനംചെയ്യുകയോ ചെയ്താൽ ഹിന്ദു മതം നശിക്കുമെന്നാണ് തവനൂർ പറഞ്ഞുവെക്കുന്നത്. തവനൂരിന്റെ ഈ ഉത്കണ്ഠയിൽ കഴമ്പുണ്ടെന്നതാണ് യാഥാർഥ്യം. ഹിന്ദു മതം എന്ന് ജാതിയുടെ ഒരുകൂട്ടം മാത്രമാണെന്ന് ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിക്കുന്നുണ്ടല്ലോ. ജാതിയെ ചോദ്യംചെയ്താൽ പരിഷ്‍കരണം ആവശ്യപ്പെട്ടാൽ, അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ, ഹിന്ദുമതം തകരുമെന്ന് വാദിക്കുന്നതിലൂടെ ഹിന്ദുമതത്തിന്റെ അടിത്തറ ജാതിയാണെന്ന് തവനൂർ സമ്മതിക്കുകയാണ്.

‘‘ജാതി താൻ ഹിന്തുമതം’’ എന്ന് സഹോദരൻ അയ്യപ്പൻ പാടിയതിന്റെ പൊരുൾ ഇതിൽനിന്നുതന്നെ വ്യക്തമാണ്. കാലാന്തരംകൊണ്ട് നശിക്കുന്നതിനെ രക്ഷിക്കാൻ അവതാരങ്ങളുണ്ടാകുമെന്ന വിശ്വാസം അവതരിപ്പിക്കുന്നതിലൂടെ ജാതിവ്യവസ്ഥയെയും ബ്രാഹ്മണത്വത്തെയും സംരക്ഷിക്കാൻ അവതാരങ്ങളുണ്ടാവുമെന്ന വിശ്വാസമാണ് തവനൂർ പരമേശ്വരൻ നമ്പൂതിരി പങ്കുവെക്കുന്നത് (പുറം 14). ഗീതാഭാഷ്യത്തിന്റെ ആമുഖത്തിൽ അദ്വൈതഭാഷ്യകാരനായ ശങ്കരാചാര്യർ വർണാശ്രമ ധർമത്തെയും ചാതുർവർണ്യത്തെയും ബ്രാഹ്മണത്വത്തെയും സംരക്ഷിക്കാൻ ഭഗവാൻ വാസുദേവൻ അവതരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.

 

ക്ഷേത്രങ്ങളിൽ ജാത്യാചാരം പാലിക്കണം

ഹിന്ദുമതത്തിലെ ദേവനെ എല്ലാ ജാതിക്കാർക്കും ഭജിക്കാമെങ്കിലും ‘‘അതത് ജാത്യാചാരംപോലെ സേവിക്കുന്നതാണ് ശ്രേയസ്സ്’’ എന്ന് തവനൂർ വാദിക്കുന്നു. ഓരോ ജാതിക്കാരും അവരവർക്ക് പറഞ്ഞിട്ടുള്ള സ്ഥാനത്തുനിന്ന് ക്ഷേത്രദേവനെ സേവിക്കുന്നതാണ് ശ്രേയസ്സും ധർമവും എന്ന് പ്രസ്താവിക്കുന്നതിലൂടെ തന്ത്രഗ്രന്ഥങ്ങളിൽ നിർദേശിക്കുന്നത് പ്രകാരം അവർണർ ധ്വജസ്തംഭം വിദൂരത്തുനിന്ന് കണ്ട് ദേവനെ ആരാധിച്ചാൽ മതിയെന്നും, അവർണർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അധർമമാണെന്നുമാണ് പരമേശ്വരൻ നമ്പൂതിരി വാദിക്കുന്നത് (പുറം 17).

അവർണരുടെ ക്ഷേത്ര പ്രവേശനത്തെ തടയുന്നതിനായി തവനൂർ ഭാഗവത പുരാണവും ഉദ്ധരിക്കുന്നുണ്ട്. പ്രത്യക്ഷമായ ഈശ്വരനെതന്നെ കണ്ടു സേവിക്കുന്നതിനെക്കാൾ കുറവല്ല കാണാതെ സേവിക്കുന്നതെന്ന് പ്രസ്താവിക്കുന്നതിലൂടെ അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ച് ബിംബം ദർശിക്കുന്നത് തടയാനുള്ള സൈദ്ധാന്തിക സാധൂകരണമായിട്ടാണ് തവനൂർ ഭാഗവതം ദശമസ്കന്ദത്തിലെ പരോക്ഷ ഭജനത്തെപ്പറ്റി പ്രസ്താവിക്കുന്നത് (പുറം 18-19).

അവർണർ പ്രവേശിക്കുന്നത് അശുദ്ധി

ക്ഷേത്ര പ്രവേശന വിഷയത്തിൽ വ്യത്യസ്ത പരിധികളുണ്ടെന്ന് തുടർന്ന് തവനൂർ വിശദീകരിക്കുന്നു. പ്രതിലോമജരും അന്ത്യജരും ക്ഷേത്രത്തിൽ പ്രവേശിക്കാതെ വിദൂരത്ത് നിന്ന് ശ്രീകോവിലിന് മുകളിലുള്ള സ്തൂപി ദർശിച്ച് ആരാധിക്കുന്നതാണ് ഉത്തമമെന്ന വൈഖാനസ വിധി ഇതിലേക്കായി തവനൂർ പ്രമാണീകരിക്കുന്നു. വൈശ്യ- ശൂദ്രന്മാർ ക്ഷേത്രത്തിന്റെ ബാഹ്യമണ്ഡപത്തിൽ മാത്രമേ പ്രവേശിക്കാവൂ എന്ന വൈഖാനസ വിധി ഉദ്ധരിച്ചതിലൂടെ (പുറം 22) ജാതിവ്യവസ്ഥ അതിഭീകരമായ സ്ഥലപരമായ അടിക്കണക്കിന്റെ അടിസ്ഥാനത്തിൽ വിവേചനം സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് വ്യക്തമാകുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുന്ന വൈശ്യരോടും ശൂദ്രരോടും പോലും ക്ഷേത്രകേന്ദ്രീകൃത ജാതിവ്യവസ്ഥ വിവേചനം പുലർത്തുന്നു.

ചണ്ഡാലർ, അന്ത്യജർ, പ്രതിലോമജർ, അസ്പൃശ്യർ എന്നിവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ക്ഷേത്രത്തെ അശുദ്ധമാക്കുമെന്ന ഭൃഗുസംഹിതാഭാഗവും തവനൂർ തന്റെ വാദങ്ങൾ സമർഥിക്കാനായി ഉദ്ധരിക്കുന്നുണ്ട് (പുറം 23). ‘തത്ത്വപ്രദീപിക’, ‘പാശുപതം’ തുടങ്ങിയ തന്ത്രഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ചണ്ഡാലർ, ചാതുർവർണ്യത്തിന് പുറത്തുള്ളവർ, പാഷണ്ഡർ, മ്ലേച്ഛദേശങ്ങളിൽ പിറന്നവർ (മ്ലേച്ഛദേശസമുത്ഭവാഃ), പതിതയായ സ്ത്രീ, ആർത്തവ സ്ത്രീ, അന്ത്യജർ, വ്രാത്യർ തുടങ്ങിയവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് അശുദ്ധികരമാണെന്ന് തവനൂർ സമർഥിക്കുന്നു (പുറം 23-24).

ചാതുർവർണ്യ ബഹിഷ്കൃതരായ അവർണരുടെ പ്രവേശന സ്പർശനാദികൾ ക്ഷേത്രത്തിന് അശുദ്ധികരമാണെന്നും അത് ദേവസാന്നിധ്യത്തെ നശിപ്പിക്കുമെന്നും തവനൂർ പരമേശ്വരൻ നമ്പൂതിരി എഴുതുന്നു(പുറം 24). അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഹിന്ദുക്കളായ മനുഷ്യർക്ക് ദാരിദ്ര്യവും രോഗവും ശോകാദി ആപത്തുക്കളും സംഭവിക്കുമെന്നും തവനൂർ നമ്പൂതിരി സ്പഷ്ടമാക്കുന്നു (പുറം. 24). അവർണരെ ഹിന്ദുക്കളായി കരുതിയിരുന്നില്ലെന്ന് തവനൂരിന്റെ വാക്കുകൾതന്നെ ഇവിടെ തെളിവാണ്.

ചണ്ഡാലാദി അസ്പൃശ്യർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ആ ക്ഷേത്രത്തിൽവെച്ച് പിന്നീട് നിത്യപൂജാദികൾതന്നെ നടത്തുവാൻ പ്രയാസമാണെന്നും ക്ഷേത്രം അശുദ്ധമായ സാഹചര്യത്തിൽ ബിംബം മറ്റൊരു ശുദ്ധമായ ദേശത്ത് പ്രതിഷ്ഠിക്കുകയോ അതിന് സാധിക്കാത്ത പക്ഷം ബിംബത്തിൽനിന്നും ചൈതന്യം ഉദ്വസിച്ച് ബിംബം ഭൂമിയിൽ ഗോപനം ചെയ്യണമെന്നും പ്രമാണഗ്രന്ഥങ്ങൾ ഉദ്ധരിച്ച് തവനൂർ രേഖപ്പെടുത്തുന്നു (പുറം 25).

ഹിന്ദുക്കളായ എല്ലാ ജാതിക്കാർക്കും നാമജപോച്ചാരണംകൊണ്ട് ഇഹലോക സുഖവും മുക്തിയും ഉണ്ടാകുമെന്ന് ഉപദേശിച്ച് അവസാനിപ്പിക്കുന്നതിലൂടെ അവർണർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് ശ്രമിക്കാതെ നാമം ജപിച്ച് മുക്തിനേടാനാണ് തവനൂർ നിർദേശിക്കുന്നത് (പുറം 26). ക്ഷേത്രപ്രവേശനത്തിന് ശ്രമിക്കുന്ന അവർണർ ഹിന്ദുമതത്തെ മലിനപ്പെടുത്തി കലുഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും തവനൂർ പ്രസ്താവിക്കുന്നു.

അവർണരുടെ ക്ഷേത്രപ്രവേശനമെന്ന ധർമ അപായത്തിൽനിന്ന് ഭാരതത്തെ രക്ഷിക്കാൻ നിഖില ഭാരത വർണാശ്രമ സ്വരാജ്യ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതീക്ഷയർപ്പിച്ച്, കംസനെ കൊല്ലുന്ന കൃഷ്ണനെ സ്തുതിച്ചുകൊണ്ട് തവനൂർ തന്റെ പ്രബന്ധം അവസാനിപ്പിക്കുന്നു. കംസനെ കൊല്ലുന്ന കൃഷ്ണനെ സ്തുതിക്കുന്നതിലും ഒരു രാഷ്ട്രീയ സൂചന ഉള്ളടങ്ങിയിട്ടുണ്ട്. ക്ഷേത്രപ്രവേശനത്തിന് ശ്രമിക്കുന്ന അവർണർ ശത്രുക്കളാണെന്നും അവർ വധിക്കപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ സന്ദേശവും ഇതിൽ പങ്കുവെക്കപ്പെടുന്നു.

ക്ഷേത്രപ്രവേശനത്തിനായി അവർണർ നടത്തിയ പോരാട്ടം എത്രമാത്രം കഠിനമായിരുന്നു എന്ന് ഈ ചരിത്രരേഖ തെളിയിക്കുന്നുണ്ട്. അന്തസ്സിനും തുല്യതക്കും ആരാധനാ സ്വാതന്ത്ര്യത്തിനുമായി അവർണർ നടത്തിയ പോരാട്ടങ്ങളെ യാഥാസ്ഥിതിക ഹിന്ദുക്കളും സവർണ ബ്രാഹ്മണ പൗരോഹിത്യവും ഹിംസാത്മകമായാണ് നേരിട്ടതെന്ന് വൈക്കത്തും തിരുവാർപ്പിലും കൽപാത്തിയിലും അവർണർ നടത്തിയ സമരങ്ങളിൽ നേരിട്ട കൊടിയ പീഡനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രപ്രവേശനത്തിനെതിരായി അക്കാലത്ത് ഉയർന്നുവന്ന പ്രതിലോമകരമായ വാദങ്ങളുടെ ശക്തമായ പ്രതിനിധാനമായി തവനൂർ പരമേശ്വരൻ നമ്പൂതിരിയുടെ ക്ഷേത്രപ്രവേശ വിളംബര വിമർശത്തെ പരിഗണിക്കാം.

ഇതേ വാദങ്ങൾ കൂടുതൽ ശക്തമായിതന്നെ തിരുവിതാംകൂർ സർക്കാർ നിയമിച്ച ക്ഷേത്രപ്രവേശന അന്വേഷണ കമ്മറ്റി റിപ്പോർട്ടിൽ, കമ്മറ്റി അംഗമായ പുന്നശ്ശേരി നമ്പി നീലകണ്ഠശർമയും അവതരിപ്പിക്കുകയുണ്ടായിരുന്നു. തവനൂർ പരമേശ്വരൻ നമ്പൂതിരിയുടെ ക്ഷേത്രപ്രവേശ വിളംബരം ചരിത്രത്തിലേക്കുള്ള ഒരു വാതായനമാണ്. കേരളത്തിൽ പുലർന്നുപോന്നിരുന്ന ജാതി അസമത്വവ്യവസ്ഥയുടെ സൈദ്ധാന്തിക സാധൂകരണമായാണ് തവനൂരിന്റെ ക്ഷേത്രപ്രവേശ വിളംബര വിമർശം നിലനിൽക്കുന്നത്.

സ്വാതന്ത്ര്യവും തുല്യാവകാശങ്ങളും ധീരമായി പോരാടി കേരളത്തിലെ അവർണർ നേടിയെടുത്തതാണ്. യാഥാസ്ഥിതിക ബ്രാഹ്മണ്യപക്ഷം തുല്യതക്കായുള്ള സമരങ്ങളെ എങ്ങനെയൊക്കെയാണ് നേരിട്ടത് എന്നതിന്റെ ചരിത്രസാക്ഷ്യമാണ് തവനൂർ പരമേശ്വരൻ നമ്പൂതിരിയുടെ ക്ഷേത്രപ്രവേശ വിളംബര വിമർശനം. ഇത് കേവലം ഒരു നമ്പൂതിരിയുടെ മാത്രം അസമത്വചിന്തനമല്ല; മറിച്ച് യാഥാസ്ഥിതിക ജാതി ഹിന്ദുക്കൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവർണരെ ഹിംസാത്മകമായി നേരിട്ടതിന്റെ ചരിത്രപാഠംകൂടിയാണ്.

News Summary - The Anti-Temple Entry Pamphlet