Begin typing your search above and press return to search.
proflie-avatar
Login

മാധ്യമത്തിലെ അഭിമുഖകാലം

മാധ്യമം ആഴ്​ചപ്പതിപ്പി​െന്റ ലക്കങ്ങളെ തമിഴ്​ അഭിമുഖങ്ങൾ​ െകാണ്ടും നോവലുകൾകൊണ്ടും ധന്യമാക്കിയ എഴുത്തുകാരനാണ്​ ടി.ഡി. രാമകൃഷ്​ണൻ. ത​െന്റ എഴുത്തനുഭവങ്ങളുടെ തുടക്കം വിവരിക്കുന്ന അദ്ദേഹം ആഴ്​ചപ്പതിപ്പുമായുള്ള ബന്ധത്തെക്കുറിച്ചും ഒാർമിക്കുന്നു.

മാധ്യമത്തിലെ അഭിമുഖകാലം
cancel

2004 ജൂലൈയിലെ ചുട്ടുപൊള്ളുന്നൊരു മധ്യാഹ്നത്തിൽ, ചെന്നൈ സെൻട്രൽ ​െറയിൽവേ സ്റ്റേഷനരികിലുള്ള വാൾടെക്സ് റോഡിലെ ഒരു എസ്.ടി.ഡി ബൂത്തിൽനിന്ന്, തികച്ചും ആകസ്മികമായിട്ടാണ് ഞാനും മാധ്യമം ആഴ്ചപ്പതിപ്പും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഞാനതുവരെ മാധ്യമം പത്രത്തിന്റെയോ ആഴ്ചപ്പതിപ്പിന്റെയോ ഒരു സ്ഥിരവായനക്കാരൻപോലുമായിരുന്നില്ല. ജോലിസംബന്ധമായി വളരെക്കാലം തമിഴ്നാട്ടിലായിരുന്നതിനാൽ എന്റെ മലയാള വായനതന്നെ തീരെ ശുഷ്കമായിരുന്നു. ആദ്യ നോവലായ ആൽഫ പ്രസിദ്ധീകരിച്ചിട്ട് കഷ്ടിച്ചൊരു കൊല്ലമാകുന്നതേയുള്ളൂ. സാഹിത്യത്തിലെനിക്ക് ഗുരുസ്ഥാനീയനായ വൈശാഖൻ മാഷുടെ ഉപദേശമനുസരിച്ച്, ആനുകാലികങ്ങളിൽ തമിഴ്...

Your Subscription Supports Independent Journalism

View Plans

2004 ജൂലൈയിലെ ചുട്ടുപൊള്ളുന്നൊരു മധ്യാഹ്നത്തിൽ, ചെന്നൈ സെൻട്രൽ ​െറയിൽവേ സ്റ്റേഷനരികിലുള്ള വാൾടെക്സ് റോഡിലെ ഒരു എസ്.ടി.ഡി ബൂത്തിൽനിന്ന്, തികച്ചും ആകസ്മികമായിട്ടാണ് ഞാനും മാധ്യമം ആഴ്ചപ്പതിപ്പും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഞാനതുവരെ മാധ്യമം പത്രത്തിന്റെയോ ആഴ്ചപ്പതിപ്പിന്റെയോ ഒരു സ്ഥിരവായനക്കാരൻപോലുമായിരുന്നില്ല. ജോലിസംബന്ധമായി വളരെക്കാലം തമിഴ്നാട്ടിലായിരുന്നതിനാൽ എന്റെ മലയാള വായനതന്നെ തീരെ ശുഷ്കമായിരുന്നു. ആദ്യ നോവലായ ആൽഫ പ്രസിദ്ധീകരിച്ചിട്ട് കഷ്ടിച്ചൊരു കൊല്ലമാകുന്നതേയുള്ളൂ. സാഹിത്യത്തിലെനിക്ക് ഗുരുസ്ഥാനീയനായ വൈശാഖൻ മാഷുടെ ഉപദേശമനുസരിച്ച്, ആനുകാലികങ്ങളിൽ തമിഴ് സാഹിത്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊക്കെ എഴുതാൻ തുടങ്ങുന്ന കാലം. ഭാഷാപോഷിണിയിൽ മനുഷ്യപുത്രനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിട്ട് ഒന്നുരണ്ട് മാസം കഴിഞ്ഞതേയുള്ളൂ. ആ ഇന്റർവ്യൂവിന് വായനക്കാരിൽനിന്ന് നല്ല പ്രതികരണം ലഭിച്ചതിനാൽ, ഭാഷാപോഷിണി പത്രാധിപർ കെ.സി. നാരായണൻ സാർ, തുടർന്നും തമിഴിൽനിന്ന് അഭിമുഖങ്ങൾ ചെയ്ത് അയച്ചുതരണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. കൂടുതൽ തമിഴ് എഴുത്തുകാരെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുന്ന അഭിമുഖങ്ങളുടെ പ്രസിദ്ധീകരണ സാധ്യത ഞാനങ്ങനെയാണ് തിരിച്ചറിയുന്നത്.

സാധാരണ അഭിമുഖങ്ങളിലൂടെയും വിവർത്തനങ്ങളിലൂടെയും ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്കെത്തുന്നത് സാഹിത്യരംഗത്ത് ചിരപ്രതിഷ്ഠനേടിയ സീനിയർ എഴുത്തുകാരും അവരുടെ കൃതികളുമായിരിക്കും. അപ്പോഴേക്കും ആ ഭാഷയിൽ അവർ സൃഷ്ടിച്ച ഭാവുകത്വം ഏതാണ്ട് അസ്തമിക്കാറായിട്ടുണ്ടാവും. പുതുതലമുറയിലെ എഴുത്തുകാരും അവരുടെ രചനകളുമാണ് ഒരു ഭാഷയിലെ ഏറ്റവും പുതിയ ഭാവുകത്വത്തെ എപ്പോഴും അടയാളപ്പെടുത്തുക. അതുകൊണ്ട് സമകാലിക തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയരായ പുതിയ എഴുത്തുകാരെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന അഭിമുഖങ്ങളും അവരുടെ രചനകളുടെ പരിഭാഷകളുമാണ് ചെയ്യേണ്ടതെന്ന മനുഷ്യപുത്രന്റെ നിർദേശം എനിക്ക് സ്വീകാര്യമായി തോന്നി. അങ്ങനെയാണ് ഞാൻ എസ്. രാമകൃഷ്ണനെയും ചാരു നിവേദിതയെയും ഇന്റർവ്യൂ ചെയ്യുന്നത്. ആദ്യം ഇന്റർവ്യൂ ചെയ്തത് എസ്. രാമകൃഷ്ണനെ ആയതുകൊണ്ട്, അതെഴുതി തയാറാക്കി ഭാഷാപോഷിണിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഭാഷാപോഷിണി ഒരു മാസിക ആയതിനാലും ആ സമയത്ത് മലയാളത്തിലെ പ്രശസ്തരായ ചില എഴുത്തുകാർ മരണപ്പെട്ടതിനെ തുടർന്ന് പല ലക്കങ്ങളും പ്രത്യേക പതിപ്പുകളിറക്കേണ്ടി വന്നതുകൊണ്ടും, എസ്. രാമകൃഷ്ണന്റെ അഭിമുഖം പ്രസിദ്ധീകരിക്കാൻ കുറെ വൈകി. ചാരു തന്റെ അഭിമുഖം എപ്പോൾ പ്രസിദ്ധീകരിച്ചുവരുമെന്ന് കൂടക്കൂടെ അന്വേഷിക്കാനും തുടങ്ങി. ഭാഷാപോഷിണിയല്ലാതെ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തുകൂടെയെന്നും ചോദിച്ചു. ചാരുവിന് തന്റെ അഭിമുഖം എത്രയും വേഗം പ്രസിദ്ധീകരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് കെ.സി. നാരായണൻ സാറിനെയല്ലാതെ മലയാള ആനുകാലികങ്ങളിലെ എഡിറ്റർമാരെയൊന്നും പരിചയവുമില്ല. ആ സാഹചര്യത്തിലാണ്, ജോലിക്കിടയിലെ ഉച്ചഭക്ഷണസമയത്ത്, നാട്ടിൽ വന്നപ്പോൾ വാങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ കണ്ട നമ്പറിലേക്ക് വെറുതെയൊന്ന് വിളിച്ചുനോക്കിയത്.

ടി.ഡി രാമകൃഷ്ണൻ -ചിത്രം-അഷ്റഫ് മലയാളി
ടി.ഡി രാമകൃഷ്ണൻ -ചിത്രം-അഷ്റഫ് മലയാളി

ഫോണെടുത്തയാൾ, ആരെയാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, ഞാനെന്തുപറയണമെന്നറിയാതെ, ആഴ്ചപ്പതിപ്പിലെ ആരെയെങ്കിലുമെന്ന് പറഞ്ഞു. ഏതാനും നിമിഷങ്ങൾക്കകം ഒരു കൊച്ചുകുട്ടിയുടേതുപോലെ നേർത്ത ശബ്ദത്തിൽ അന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്നയാൾ എന്തിനാണ് വിളിച്ചതെന്ന് അന്വേഷിച്ചു (അദ്ദേഹത്തിന്റെ പേര് കെ. കണ്ണൻ എന്നാണെന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്). ഞാൻ, ചെന്നൈയിൽനിന്നാണ് വിളിക്കുന്നതെന്നും ചാരുനിവേദിതയുടെ ഒരു അഭിമുഖമുണ്ട് അയച്ചു തരട്ടേയെന്നും ചോദിച്ചു. പത്രമാപ്പീസുകളിൽനിന്നുള്ള മുൻ അനുഭവങ്ങളിൽനിന്ന് എന്നെപ്പോലെ തികച്ചും അപരിചിതനായൊരാളുടെ ഫോൺകോളിന് പോസിറ്റീവായ മറുപടി ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, എപ്പോൾ അയക്കാൻ പറ്റുമെന്നാണ് കണ്ണൻ തിരിച്ചുചോദിച്ചത്. അഭിമുഖമെഴുതി റെഡിയായി ബാഗിലുണ്ടായിരുന്നതിനാൽ, എപ്പോൾ വേണമെങ്കിലും അയക്കാമെന്ന് പറഞ്ഞു. എന്നാൽ ഇന്നുതന്നെ അയക്കൂ എന്ന് കണ്ണനും. ഞാൻ അന്ന് വൈകുന്നേരം തന്നെ അഭിമുഖം പ്രൊഫഷനൽ കൊറിയറിൽ കോഴിക്കോട്ടെ മാധ്യമം ഓഫിസിലേക്കയച്ചു. പിറ്റേദിവസം കണ്ണൻ ഓഫിസിലേക്ക് വിളിച്ച്, അഭിമുഖം പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അതോടൊപ്പം കൊടുക്കാൻ ചാരുവിന്റെ ഒരു കഥകൂടി പരിഭാഷപ്പെടുത്തി അയക്കാമോയെന്നും ചോദിച്ചു. ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. അന്നു വൈകുന്നേരം ചാരുവിനെ കണ്ട് ഏത് കഥ കൊടുക്കണമെന്നാലോചിച്ച് തീരുമാനിച്ചു. വേഗം വേണമെന്ന് പറഞ്ഞതുകൊണ്ട് ആ വീക്കെൻഡിൽ നാട്ടിലേക്ക് വന്നപ്പോൾ, കോഴിക്കോട്ടെ മാധ്യമം ഓഫിസിൽ നേരിട്ട് ചെന്ന് കഥയുടെ പരിഭാഷയും ചാരുവിന്റെ കുറച്ച് ഫോട്ടോകളും ഏൽപ്പിക്കുകയായിരുന്നു. അപ്പോഴും അതുടനെയൊന്നും പ്രസിദ്ധീകരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ആ ഞായറാഴ്ച വൈകുന്നേരം ഞാൻ ചെന്നൈയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

അക്കാലത്ത് മാധ്യമം ആഴ്ചപ്പതിപ്പ് വെള്ളിയാഴ്ചകളിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. അടുത്ത വെള്ളിയാഴ്ച കാലത്ത് ഓഫിസിലെത്തിയപ്പോൾ പാലക്കാട് അക്കൗണ്ട്സ് ഓഫിസിൽ ജോലി ചെയ്യുന്ന സുഹൃത്ത് രമേശ് ഗോപാലകൃഷ്ണൻ ​െറയിൽവേ ഫോണിൽ വിളിച്ച് വലിയ ആവേശത്തോടെ മാധ്യമം ആഴ്ചപ്പതിപ്പിൽ അഭിമുഖം ഗംഭീരമായി കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് അഭിനന്ദിച്ചു. എത്രയും വേഗം ആഴ്ചപ്പതിപ്പിന്റെ ഒരു കോപ്പി സംഘടിപ്പിക്കണമെന്ന ആഗ്രഹവുമായി ഞാൻ ഓഫിസിൽ നിന്ന് പുറത്തിറങ്ങി. പക്ഷേ ചെന്നൈ സെൻട്രൽ ​െറയിൽവേ സ്റ്റേഷനിലെ ഹിഗ്ഗിൻ ബോതംസിലോ പുറത്തുള്ള മറ്റ് കടകളിലോ മാധ്യമം ആഴ്ചപ്പതിപ്പുണ്ടായിരുന്നില്ല. എനിക്ക് നിരാശനായി മടങ്ങേണ്ടി വന്നു. അന്ന് വൈകീട്ട് ചെന്നൈ എഗ്മോറിലെ ഒരു കടയിൽനിന്നാണ് ആഴ്ചപ്പതിപ്പ് കിട്ടിയത്. സത്യം പറയാമല്ലോ, എനിക്ക് വിശ്വസിക്കാനായില്ല, കലഹത്തിന്റെ ഉത്സവങ്ങൾ എന്ന തലക്കെട്ടോടെ കവർസ്റ്റോറിയായി, അഭിമുഖവും കഥയും ചേർത്ത് ആഴ്ചപ്പതിപ്പിന്റെ ആദ്യത്തെ പതിനെട്ട് പേജും ചാരുനിവേദിതയായിരുന്നു.

അതൊരു ഗംഭീരമായ തുടക്കമായിരുന്നു. ചാരുവിന്റെ തുറന്നുപറച്ചിലിനെതിരെ വലിയ വിമർശനങ്ങളുയർന്നെങ്കിലും വായനക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ആ അഭിമുഖത്തിനും കഥക്കും ലഭിച്ചത്. അധികം താമസിയാതെ ആഴ്ചപ്പതിപ്പിൽ ചാരുവിന്റെ തപ്പുതാളങ്ങൾ എന്ന കോളം വിവർത്തനം ചെയ്യാൻ തുടങ്ങി. അതോടൊപ്പം തമിഴിലെ പുതുതലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ഇന്റർവ്യൂകളും വിവർത്തനങ്ങളും ചെയ്തു. മാധ്യമം ആഴ്ചപ്പതിപ്പിൽ എല്ലാ ആഴ്ചയിലും എഴുതുന്ന സ്ഥിതിയായി. കുട്ടിരേവതി, സൽമ, മാലതി മൈത്രി, അഴകിയ പെരിയവൻ, ആ. മാർക്സ്, രമേഷ് പ്രേം എന്നിങ്ങനെ നിരവധി തമിഴ് എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു. ചന്ദനവീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെപ്പോലെ സാഹിത്യമോ കലയോ ആയി വലിയ ബന്ധമൊന്നുമില്ലാത്ത ചിലരേയും അന്ന് 'മാധ്യമ'ത്തിനുവേണ്ടി ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. തെലുങ്കിലെ വരവരറാവുവിനെയും ശ്രീലങ്കൻ തമിഴ് എഴുത്തുകാരായ ഷോഭാശക്തിയെയും വി.ഐ.എസ്. ജയപാലനെയും ഇന്റർവ്യൂ ചെയ്തത് ആഴ്ചപ്പതിപ്പിന് വേണ്ടിയാണ്. 2004 മുതൽ 2007 വരെയുള്ള നാലുവർഷങ്ങളിൽ തമിഴ് സാഹിത്യം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മുപ്പതിലേറെപ്പേരെ മാധ്യമം ആഴ്ചപ്പതിപ്പിന് വേണ്ടി മാത്രം ഇന്റർവ്യൂ ചെയ്തു. അതോടൊപ്പം മാതൃഭൂമി, കലാകൗമുദി തുടങ്ങിയ മറ്റ് മലയാള പ്രസിദ്ധീകരണങ്ങളിലും അഭിമുഖങ്ങളും വിവർത്തനങ്ങളും ചെയ്തു. ഷോഭാശക്തിയുടെ മ് എന്ന നോവൽ ആഴ്ചപ്പതിപ്പിനുവേണ്ടി പരിഭാഷപ്പെടുത്തുന്നതും ഇക്കാലത്താണ്. അഭിമുഖങ്ങളുടെയും വിവർത്തനങ്ങളുടെയും തിരക്ക് കാരണം ആൽഫക്ക് ശേഷം ഞാൻ എഴുതാൻ തുടങ്ങിയിരുന്ന ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ഒരിഞ്ചുപോലും മുന്നോട്ട് പോകാത്ത അവസ്ഥയായി. എന്നിലെ സർഗാത്മക എഴുത്തുകാരന്റെ മരണമണി എവിടെയോ മുഴങ്ങുന്നതുപോലെ എനിക്ക് തോന്നി. ആ അപകടം തിരിച്ചറിഞ്ഞ ഞാൻ 2007 പകുതിയോടെ തമിഴ് അഭിമുഖങ്ങളും വിവർത്തനങ്ങളും ചെയ്യുന്നത് എന്നെന്നേക്കുമായി അവസാനിപ്പിച്ച് ഇട്ടിക്കോര പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.

സർഗാത്മക എഴുത്തിന് വലിയ വെല്ലുവിളിയായെങ്കിലും ഈ അഭിമുഖകാലം എന്റെ തുടർന്നുള്ള എഴുത്തുജീവിതത്തെ നിർണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാഹിത്യം മുഖ്യവിഷയമായി പഠിക്കാത്ത എന്റെ അനൗപചാരിക സാഹിത്യ വിദ്യാഭ്യാസമായിരുന്നു ഈ അഭിമുഖകാലം. എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യത്യസ്ത നിലപാടുകളുള്ള നിരവധി വ്യക്തികളുടെ കാഴ്ചപ്പാടുകളോട് സംവദിക്കാൻ കഴിഞ്ഞതിലൂടെ എനിക്കെന്നെതന്നെ നിരന്തരമായി പുതുക്കാൻ കഴിഞ്ഞു. ഓരോ അഭിമുഖത്തിനും വേണ്ടിയുള്ള വിശദമായ തയാറെടുപ്പുകൾ എന്റെ വായനയെ കൂടുതൽ സമഗ്രവും സൂക്ഷ്മവുമാക്കി. ഇട്ടിക്കോരയുൾപ്പെടെ ഞാൻ പിന്നീടെഴുതിയ നോവലുകൾ ആ രൂപവും ഭാവവും ആർജിക്കുന്നതിൽ ഈ അഭിമുഖകാലത്തിന് വലിയ പങ്കുണ്ട്. ഷോഭാശക്തിയെയും ജയപാലനെയും ഇന്റർവ്യൂ ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ സുഗന്ധി എഴുതിയിട്ടുണ്ടാവില്ല.

2008ൽ വി.എ. കബീർ സാഹിബ് എഡിറ്ററായിരിക്കുമ്പോഴാണ് ഫ്രാൻസിസ് ഇട്ടിക്കോര മാധ്യമം ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്തത്. അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എം.എ. ഷാനവാസിന്റെ നിർബന്ധമായിരുന്നു അതിന്റെ കാരണം. ഷാനവാസും എൻ.പി. സജീഷും ഇലസ്ട്രേഷൻസ് ചെയ്ത കെ. സുധീഷും ചേർന്ന് ഇട്ടിക്കോരയെ വളരെ നല്ലനിലയിൽ വായനക്കാരിലേക്കെത്തിച്ചു. ഒരെഴുത്തുകാരനെന്ന നിലയിൽ ഇട്ടിക്കോര എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. പിന്നീട് പി.കെ. പാറക്കടവ് എഡിറ്ററായിരിക്കുമ്പോൾ 2014ൽ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയും പ്രസിദ്ധീകരിച്ചു. നോവൽ ആരംഭിക്കുന്നതിന്റെ ഭാഗമായി അനുശ്രീ നടത്തിയ അഭിമുഖവും ഏറെ ശ്രദ്ധേയമായിരുന്നു. ഷോഭാശക്തിയുടെ മ് എന്ന നോവലിനും സുഗന്ധിക്കും സൂക്ഷ്മവും മനോഹരവുമായ രേഖാചിത്രങ്ങൾ വരച്ചത് എന്റെ പ്രിയസുഹൃത്ത് ഭാഗ്യനാഥനായിരുന്നു. അതിനുശേഷം 2018ൽ മുസഫർ അഹമ്മദും തുടർന്ന് ബിജുരാജും എഡിറ്റോറിയൽ ചുമതല വഹിക്കുമ്പോഴാണ് ബോണി തോമസിന്റെ ചിത്രങ്ങളോടെ മാമ ആഫ്രിക്ക പ്രസിദ്ധീകരിക്കുന്നത്. ആഴ്ചപ്പതിപ്പ് ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് എത്തുന്ന ഈ അവസരത്തിൽ എഡിറ്റോറിയലിലെ എല്ലാ സുഹൃത്തുക്കളോടും മാധ്യമം മാനേജ്മെന്റിനോടും മറ്റ് ജീവനക്കാരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

News Summary - td ramakrishnan about madhyamam weekly