Begin typing your search above and press return to search.
proflie-avatar
Login

സ്റ്റാ​ലി​ൻ എ​ന്ന ജാ​ല​വി​ദ്യ​ക്കാ​ര​ൻ

സ്റ്റാ​ലി​ൻ  എ​ന്ന ജാ​ല​വി​ദ്യ​ക്കാ​ര​ൻ
cancel

തെര​ഞ്ഞെടുപ്പ് ചൂടിന്റെ നെറുകയിലാണ് തമിഴ്നാട്. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ ഉടലെടുക്കുന്ന അവിടെ എന്താണ് ജയപരാജയ സാധ്യതകൾ? വിജയ് അടക്കമുള്ളവരു​െട രാഷ്ട്രീയസാധ്യത എന്താണ്? തമിഴ്നാട്ടിൽ മറിച്ചൊരു ജനവിധിയുണ്ടാകുമോ? –മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും ദ്രാ​വി​ഡ​ രാ​ഷ്ട്രീ​യ​ത്തിന്റെ ക​രു​ത്തും​ കാ​മ്പും തെ​ളി​യി​ക്കു​ന്ന ത​മി​ഴ​ക​ത്തിന്റെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം സ​മീ​പി​ച്ച​തോ​ടെ സാ​ധാ​ര​ണ​ക്കാ​രന്റെ മ​ന​സ്സി​ൽ പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളും വ​ർ​ധി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 23നു ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന 234 നി​യ​മ​സ​ഭ...

Your Subscription Supports Independent Journalism

View Plans
തെര​ഞ്ഞെടുപ്പ് ചൂടിന്റെ നെറുകയിലാണ് തമിഴ്നാട്. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ ഉടലെടുക്കുന്ന അവിടെ എന്താണ് ജയപരാജയ സാധ്യതകൾ? വിജയ് അടക്കമുള്ളവരു​െട രാഷ്ട്രീയസാധ്യത എന്താണ്? തമിഴ്നാട്ടിൽ മറിച്ചൊരു ജനവിധിയുണ്ടാകുമോ? –മുതിർന്ന മാധ്യമപ്രവർത്തകന്റെ നിരീക്ഷണവും വിശകലനവും

ദ്രാ​വി​ഡ​ രാ​ഷ്ട്രീ​യ​ത്തിന്റെ ക​രു​ത്തും​ കാ​മ്പും തെ​ളി​യി​ക്കു​ന്ന ത​മി​ഴ​ക​ത്തിന്റെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ലം സ​മീ​പി​ച്ച​തോ​ടെ സാ​ധാ​ര​ണ​ക്കാ​രന്റെ മ​ന​സ്സി​ൽ പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളും വ​ർ​ധി​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ 23നു ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന 234 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​സാ​ധാ​ര​ണ​മാ​യ രാ​ഷ്ട്രീ​യ​​ച്ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ഞ്ചു മു​ന്ന​ണി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഭാ​ഗ​ധേ​യം നി​ർ​ണ​യി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന വി​ധി എ​ന്താ​യി​രി​ക്കും എ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും ഗോ​ദ​യി​ൽ അ​ട​വു​ക​ൾ പ​യ​റ്റാ​ൻ എ​ല്ലാ മു​ന്ന​ണി​ക​ളും മു​ൻ​നി​ര​യി​ൽ​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ വി​രോ​ധാ​ഭാ​സം.

എ​തി​രാ​ളി​ക​ളെ ചെ​പ്പ​ടി​വി​ദ്യ​ക​ൾ കാ​ണി​ച്ച് നി​ലം​പ​രി​ശാ​ക്കു​ന്ന ഒ​രു ജാ​ല​വി​ദ്യ​ക്കാ​രന്റെ വീ​റോ​ടെ​യാ​ണ് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി മു​ത്തു​വേ​ൽ ക​രു​ണാ​നി​ധി സ്റ്റാ​ലി​ൻ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഡി.എം.കെ​യു​ടെ (ദ്രാ​വി​ഡ മു​ന്നേ​റ്റ ക​ഴ​കം) ചു​വ​ടു​വെപ്പുക​ൾ പ്ര​ബ​ല​രാ​യ എ​തി​ർ​ക​ക്ഷി​ക​ളെ​യും അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ച് ക​ക്ഷി​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന​മാ​യും ത്രി​കോ​ണ​മ​ത്സ​ര​മാ​ണ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്ത് ന​ട​ക്കു​ന്ന​തെ​ന്ന് വ്യ​ക്തം. ഏ​താ​ണ്ട് ചെ​റു​തും വ​ലു​തു​മാ​യ മു​പ്പ​തോ​ളം ക​ക്ഷി​ക​ളെ സ്വ​ന്തം കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടാ​ണ് സ്റ്റാ​ലിന്റെ സെ​ക്കുല​ർ പ്രോ​ഗ്ര​സി​വ് അ​ലയ​ൻ​സിന്റെ (എ​സ്.പി.എ) പ​ട​പ്പു​റ​പ്പാ​ട്. എ​ന്നാ​ൽ, 22 കക്ഷി​ക​ൾ​ക്ക് മാ​ത്ര​മേ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ളൂ. 164 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഡി.എം.കെ ഉ​ദ​യ​സൂ​ര്യന്റെ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ 11 മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ ചി​ല​ർ അ​തേ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ 175 സീ​റ്റു​ക​ളി​ൽ ഡി.എം.കെ മ​ത്സ​രി​ക്കു​ന്നു.

ഡി.എം.കെ ക​ഴി​ഞ്ഞാ​ൽ മുന്നണിയിൽ പ്ര​ബ​ല​ശ​ക്തി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്ര​സ് ക​ടു​ത്ത സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കുശേ​ഷം 28 സീ​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഡി.എം.ഡി.കെ (ദേ​ശീ​യ മു​ർ​പോ​ക് ദ്രാ​വി​ഡ​ ക​ഴ​കം) പ​ത്തു സീ​റ്റി​ലും വി​.സി.​കെ (വ​ടു​ത​ലൈ ചി​റു​തൈ​ഗ​ൾ ക​ക്ഷി) എ​ട്ടു സീ​റ്റി​ലും സി​.പി.​ഐ-സി.​പി.​എം അ​ഞ്ചു സീ​റ്റു​ക​ൾ വീ​ത​വും മു​സ്‍ലിം ലീ​ഗ് ര​ണ്ട് സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​മ​ൽഹാ​സന്റെ എം​.എ​ൻ.​എം (മ​ക്ക​ൾ​നീ​തി മ​ൺ​ട്രം) ഇ​ക്കു​റി മ​ത്സ​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന് തീ​രു​മാ​നി​ക്കു​ക​യും സ​ഖ്യ​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യു​മാ​ണ്.

ര​ണ്ടാ​മ​ത്തെ വ​ലി​യ മുന്നണിയായ എൻ.ഡി.എ സ​ഖ്യ​ത്തി​ൽ, എ.ഐ.എ.ഡി.എം.കെ​യും (ഓ​ൾ ഇ​ന്ത്യാ അ​ണ്ണാ ദ്രാ​വി​ഡ മു​ന്നേ​റ്റ​ക​ഴ​കം) ബി.ജെ.പിയു​മാ​ണ് (ഭാ​ര​തീ​യ ജ​ന​താ​പാ​ർ​ട്ടി) പ്ര​ധാ​ന​മാ​യി​ട്ടു​ള്ള​ത്. ഡോ​. രാ​മ​ദാ​സിന്റെ മ​ക​ൻ അ​ൻ​പു​മ​ണി രാ​മ​ദാ​സ് ന​യി​ക്കു​ന്ന പി​.എം​.കെ ഒ​രു വി​ഭാ​ഗം (പ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി), ടി​.ടി.​വി ദി​ന​ക​രന്റെ എ​.എം.​എം.​കെ (അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം), ത​മി​ഴ് മാ​നി​ല കോ​ൺ​ഗ്ര​സ് (ടി​.എം.​സി) തു​ട​ങ്ങി​യ ക​ക്ഷി​ക​ളാ​ണ് ഈ ​സ​ഖ്യ​ത്തി​ലെ മ​റ്റു പ്ര​മു​ഖ​ർ. എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി ന​യി​ക്കു​ന്ന എ.ഐ.എ.ഡി.എം.കെ 169 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ ബി​.ജെ​.പി 27 സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങു​ന്നു. അ​ൻ​പു​മ​ണി രാ​മ​ദാ​സിന്റെ പി​.എം.​കെ 18 സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഡോ​. രാ​മ​ദാ​സിന്റെ പി.​എം.​കെ അ​ച്ഛ​നും മ​ക​നും ത​മ്മി​ൽ തെ​റ്റി​പ്പി​രി​ഞ്ഞ​തിന്റെ പേ​രി​ൽ ര​ണ്ട് ക​ഷ​ണ​ങ്ങ​ളാ​യി മാ​റി​യി​രു​ന്നു. എ​ന്താ​യാ​ലും എ.ഐ.എ.ഡി.എം.കെ അ​ല്ലാ​തെ എ​ടു​ത്തു​പ​റ​യാ​വു​ന്ന മ​റ്റു ക​ക്ഷി​ക​ളൊ​ന്നും​ത​ന്നെ അ​വ​രു​ടെ ഭാ​ഗ​ധേ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​ൻ എൻ.ഡി.എ​ക്ക് ഒ​പ്പ​മി​ല്ല.

മൂ​ന്നാ​മ​ത്തെ വ​ലി​യ​ക​ക്ഷി ന​ട​ൻ ദ​ള​പ​തി വി​ജ​യിയുടെ ടി​.വി.​കെ​യാ​ണ്. (ത​മി​ഴ​ക വെ​ട്രി ക​ഴ​കം). ആ​രു​മാ​യും സ​ഖ്യം​ചേ​രാ​തെ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കു​ന്ന വി​ജ​യിക്ക് ന​ല്ലൊ​രു ശ​ത​മാ​നം വോ​ട്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഡി.എം.കെ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ന്ന​ണി​ക​ളെ വ്യാ​കു​ല​പ്പെ​ടു​ത്തു​ന്ന വ​സ്തു​ത. ന്യൂ​ജ​ന​റേ​ഷ​ൻ വോ​ട്ടും പു​തി​യ സ​മ്മ​തി​ദാ​യ​ക​രു​ടെ പി​ൻ​ബ​ല​വു​മാ​ണ് വി​ജ​യ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ക​ണ്ട ആ​വേ​ശ​മൊ​ന്നും വി​ജ​യിയുടെ​ പാ​ർ​ട്ടി​യി​ൽ കാ​ണു​ന്നി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു കൗ​തു​കം. ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ 40ൽ ​അ​ധി​കം​ പേ​ർ ജ​ന​ത്തി​ര​ക്കി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ന് കാ​ര​ണ​മാ​യ സം​ഭ​വം ഇ​ന്നും വി​ജ​യിയെ വി​ട്ടു​മാ​റാ​തെ വേ​ട്ട​യാ​ടു​ന്നു. കേ​ന്ദ്രം സി.ബി.ഐ ഉ​ൾ​പ്പെ​​െട​യു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ളെ വി​ട്ട് വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ചി​ട്ടും വി​ജ​യ് തന്റെ നി​ല​പാ​ടു​ക​ൾ മാ​റ്റാ​ൻ ത​യാ​റാ​കു​ന്നി​ല്ല.

വി​ജ​യ് തന്റെ രാ​ഷ്ട്രീ​യ​പ്ര​വേ​ശ​ന​ത്തി​നു ഉ​ത​കു​മെ​ന്ന് വി​ശ്വ​സി​ച്ചു പൂ​ർ​ത്തി​യാ​ക്കി​യ, ‘ജ​ന​നാ​യ​ക​ൻ’ എ​ന്ന ചി​ത്രം സെ​ൻ​സ​ർ പ്ര​ശ്ന​ത്തിന്റെ പേ​രി​ൽ പെ​ട്ടി​യി​ൽ കി​ട​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ൽ ചേ​രാ​നു​ള്ള ക്ഷ​ണം വി​ജ​യ് നി​ര​സി​ച്ചു എ​ന്ന​തിന്റെ പേ​രി​ൽ ബി.ജെ.പിയാ​ണ് ഇ​തിന്റെ പി​ന്നി​ൽ ക​ളി​ച്ച​തെ​ന്ന് വി​ജ​യ് ആ​രാ​ധ​ക​ർ വി​ശ്വ​സി​ക്കു​ന്നു. 500 കോ​ടി​യോ​ളം ചെ​ല​വി​ട്ട് നി​ർ​മി​ച്ച ഈ ​ചി​ത്രം വ്യാ​ജ​ന്മാ​ർ ചി​ല സൈ​റ്റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് നി​ർ​മാതാ​ക്ക​ളെ വെ​ട്ടി​ലാ​ക്കി​യെ​ന്നും വി​പ​ണി​യി​ൽ സം​സാ​ര​മു​ണ്ട്. എ​ന്തൊ​ക്കെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യ് മ​ത്സ​രി​ക്കു​ന്നു​ണ്ട്. ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​രും തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലും. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ ത​നി​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന ചി​ന്ത ദ​ള​പ​തി വി​ജ​യ് ജോ​സ​ഫി​നു​ണ്ട്. യു​വാ​ക്ക​ളെ​യും പു​തി​യ വോ​ട്ട​ർമാ​രെ​യും സ്വാ​ധീ​നി​ക്കാ​ൻ ത​നി​ക്കാ​കു​മെ​ന്ന് വി​ജ​യ് ക​രു​തു​ന്നു. “സിം​ഗം സി​ഗി​ളാ​താ​ൻ വ​രും” (സിം​ഹം എ​പ്പോ​ഴും ഒ​റ്റ​ക്കാ​ണ് വ​രു​ന്ന​ത്) എ​ന്ന വി​ജ​യിയുടെ ഗീ​ർ​വാ​ണം ത​മി​ഴ്ജ​ന​ത ഏ​തു​ത​ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​മെ​ന്ന് ക​ണ്ട​റി​യ​ണം.

സി​നി​മാന​ട​ൻ സീ​മാന്റെ നാം ​ത​മി​ഴ​ർ ക​ക്ഷി​യും (എ​ൻ​.ടി.​കെ,) ജ​യ​ല​ളി​ത​യു​ടെ ഉ​റ്റ​തോ​ഴി​യാ​യി​രു​ന്ന ശ​ശി​ക​ല​യു​ടെ പു​തി​യ പാ​ർ​ട്ടി​യാ​യ ഓ​ൾ ഇ​ന്ത്യാ പു​ര​ട്ച്ചിത്ത​ലൈ​വി മ​ക്ക​ൾ മു​ന്നേ​ട്ര ക​ഴ​ക​വും (എ​.ഐ​.പി​.ടി.എം.​എം.​കെ) ഡോ​. രാ​മ​ദാ​സിന്റെ പി​.എം.​കെ​യു​ടെ ഒ​രു ക​ഷ​ണ​വും ചേ​ർ​ന്ന സ​ഖ്യ​വും തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തു​ണ്ട്. എ​ന്നാ​ൽ, അ​വ​ർ​ക്കൊ​ന്നും സ​മ്മ​തി​ദാ​യ​ക​ർ​ക്കി​ട​യി​ൽ ച​ല​നം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. അ​ധി​കാ​ര​മോ​ഹ​മാ​ണ് ശ​ശി​ക​ല​യെ പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച ഘ​ട​കം. അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ അ​വ​ർ​ക്ക് മ​ത്സ​രി​ക്കാ​നും ക​ഴി​യി​ല്ല.

തു​ട​ക്ക​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന​ത്തെ​ക്കു​റി​ച്ച് ഡി.എം.കെ സ​ഖ്യ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ വേ​ഗം പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. വി​ജ​യകാ​ന്ത് സ്ഥാ​പി​ച്ച ഡി.എം.ഡി.കെ​യുമാ​യു​ള്ള സ​ഖ്യ​ത്തെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ന​ൽ​കി​യ സീ​റ്റു​ക​ളെ​ക്കു​റി​ച്ചും മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​യ​ർ​ന്നി​രു​ന്നു. വി​ജ​യകാ​ന്തിന്റെ മ​ര​ണ​ശേ​ഷം പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന ചു​മ​ത​ലക​ൾ വ​ഹി​ക്കു​ന്ന​ത് ഭാ​ര്യ പ്ര​മീ​ള​യും അ​വ​രു​ടെ സ​ഹോ​ദ​ര​ൻ എ​ൽ.കെ. സു​ധീ​ഷു​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​മോ​ഹ​വു​മാ​യി ന​ട​ന്ന വി​ജ​യ​കാ​ന്തി​നെ ജ​യ​ല​ളി​ത സ്വ​ന്തം സ​ഖ്യ​ത്തി​ലെ​ത്തി​ച്ച് നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കി​യി​രു​ന്നു.

(2011-2016) വി​ജ​യ​കാ​ന്തിന്റെ മ​ര​ണ​ശേ​ഷം മ​ഹ​ത്വ​മെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ ഒ​രു ക​ക്ഷി​ക്ക് എ​ന്തി​നാ​ണ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന ചോ​ദ്യം. മാ​ത്ര​മ​ല്ല, ഒ​രു രാ​ജ്യ​സ​ഭ സീ​റ്റും അ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.ഐ.എ.ഡി.എം.കെ​യു​മാ​യി സ​ഖ്യം സ്ഥാ​പി​ച്ച ഡി.എം.ഡി.കെ​ക്ക് ല​ഭി​ച്ച​ത് 0.43 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു. 60 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റു​പോ​ലും നേ​ടാ​നു​മാ​യി​ല്ല. 2024ൽ ​ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.എം.ഡി.കെ, എ.ഐ.എ.ഡി.എം.കെ​യു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ച്ച അ​ഞ്ചു സീ​റ്റു​ക​ളി​ലും മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു. വി​ജ​യകാ​ന്തിന്റെ മ​ക​ൻ വി​ജ​യ് പ്ര​ഭാ​ക​ർ വി​രു​ത​ുന​ഗ​റി​ൽ 4379 വോ​ട്ടി​ന് അ​ന്ന് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു.

ഡി.എം.ഡി.കെ​യെ സ്വ​ന്തം പാ​ള​യ​ത്തി​ൽ എ​ത്തി​ക്കാ​ൻ സ്റ്റാ​ലി​ൻ ചി​ന്തി​ച്ച​തിന്റെ പി​ന്നി​ൽ പ​ലകാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​കാം. ഡി.എം.കെ​യോ​ടൊ​പ്പം വി​ശ്വ​സ്ത​നാ​യി നി​ന്ന തോ​ൾ തി​രു​മാ​വ​ള​വന്റെ വി​.സി​.കെ​ക്ക് എ​ട്ട് സീ​റ്റാ​ണ് ഇ​ക്കു​റി സ്റ്റാ​ലി​ൻ ന​ൽ​കി​യ​ത്. 25 സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ഡി.എം.ഡി.കെ​ക്ക് 10 സീ​റ്റും ഒ​രു രാ​ജ്യ​സ​ഭ സീ​റ്റും ന​ൽ​കി സ്വ​ന്തം പാ​ള​യ​ത്തി​ൽ ചേ​ർ​ത്ത​പ്പോ​ൾ ഉ​ത്ത​രം മു​ട്ടി​നി​ന്ന​ത് മ​റ്റ് പ്ര​തി​പ​ക്ഷ സ​ഖ്യ​ക​ക്ഷി​ക​ൾ ആ​യി​രു​ന്നു. ഒ​രു​വി​ധം ആ​ൾ​ക്കൂ​ട്ട​ത്തെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന പാ​ർ​ട്ടി​ക​ളെ ത​ങ്ങ​ളോ​ടൊ​പ്പം ചേ​ർ​ക്കു​ക എ​ന്ന​ത് സ്റ്റാ​ലിന്റെ യു​ദ്ധ​ത​ന്ത്ര​മാ​ണ്. തു​ട​ക്ക​ത്തി​ൽ കോ​ൺ​ഗ്ര​സ് ചി​ല അ​ട​വു​ക​ൾ പ്ര​യോ​ഗി​ച്ച് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ​ക്ക് വി​ല​പേ​ശി​യെ​ങ്കി​ലും സ്റ്റാ​ലി​ൻ വ​ഴ​ങ്ങി​യി​ല്ല. 35 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ഡി.എം.കെ ത​യാ​റാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു​മു​മ്പു കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ ഭ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ഖ്യം വി​ട്ടു​പോ​യാ​ൽ കെ​ട്ടി​​െവ​ച്ച പ​ണം കി​ട്ടി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് അ​വ​രെ അ​ല​ട്ടി​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല, കോ​ൺ​ഗ്ര​സി​ലെ ഉ​ന്ന​ത​ത​ലം ഇ​ട​പെ​ട്ട​തോ​ടെ ഭ​ര​ണ​പ​ങ്കാ​ളി​ത്തം എ​ന്ന കീ​റാ​മു​ട്ടി വേ​ണ്ടെ​ന്നുവെക്കുക​യും ചെ​യ്തു.

2021 മേ​യ് ഏ​ഴി​ന് 234ൽ 159 ​സീ​റ്റു​ക​ളും നേ​ടി ത​മി​ഴ​ക​ത്തിന്റെ മു​ത​ൽ അ​മൈ​ച്ച​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​മ്പോ​ൾ അ​ഴി​മ​തി​യു​ടെയും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും നീ​രാ​ളി​പ്പി​ടിത്ത​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ സം​സ്ഥാ​ന​മാ​യി​രു​ന്നു എം.കെ. സ്റ്റാ​ലിന്റെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വ​യം സ്വ​രൂ​പി​ച്ചെ​ടു​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​യി​രു​ന്നു തു​ട​ർ​ന്നു​വ​ന്ന 2024 ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ക​ട​മാ​യ​ത്, ഡി.എം.കെ സ​ഖ്യം 39 സീ​റ്റു​ക​ളും ക​ര​സ്ഥ​മാ​ക്കി പ്ര​തി​പ​ക്ഷ​ത്തെ നി​ലം​പ​രി​ശാ​ക്കി​യ​തി​ന് പി​ന്നി​ൽ സ്റ്റാ​ലിന്റെ സം​ഘ​ട​നാ​ശേ​ഷി​യും ഭ​ര​ണ​നേ​ട്ട​വും ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് വി​മ​ർ​ശ​ക​ർ​പോ​ലും വി​ധി​യെ​ഴു​തി. 2026ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന്റെ തോ​രൊ​ലി മു​ഴ​ങ്ങു​മ്പോ​ൾ ത​മി​ഴ​ക​രാ​ഷ്ട്രീ​യ​​ത്തിന്റെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ൽ നി​ര​വ​ധി ദ്രാ​വി​ഡ​ക​ക്ഷി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഭാ​ഗ​ധേ​യം പ​രീ​ക്ഷി​ക്കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ട​മ​യും ആ​ത്മാർഥ​ത​യും അ​ച്ച​ട​ക്ക​വു​മൊ​ക്കെ കാ​ല​ഹ​ര​ണ​പ്പെ​ട്ടെ​ന്നും കാ​ല​ത്തി​ന​നു​സ​രി​ച്ചു​ള്ള കോ​ല​മാ​ണ് ത​ങ്ങ​ൾ​ക്ക് അ​നി​വാ​ര്യ​മെ​ന്നും അ​വ​ർ തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

ര​ണ്ട് സു​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ത​മി​ഴ​ക​ത്തിന്റെ മു​ന്നി​ൽ ന​മു​ക്കു കാ​ണാ​വു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​ വ​ർ​ഷ​ത്തെ സ്റ്റാ​ലിന്റെ ഭ​ര​ണം സൃ​ഷ്ടി​ച്ച നേ​ട്ട​ങ്ങ​ളാ​ണ് ഒ​ന്നാ​മ​ത്തേ​ത്. നി​ര​വ​ധി പാ​ക​പ്പി​ഴ​ക​ളും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യു​മൊ​ക്കെ പ്ര​ക​ട​മാ​ണെ​ങ്കി​ലും സ്റ്റാ​ലി​നെ മ​റി​ക​ട​ക്കാ​ൻ പോ​രു​ന്ന കോ​പ്പു​ക​ളൊ​ന്നും പ്ര​തി​പ​ക്ഷ​ത്തിന്റെ കൈ​വ​ശ​മി​ല്ല. ജ​യ​ല​ളി​ത​ക്കു​ശേ​ഷം ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ പ്ര​തി​പ​ക്ഷ​ത്തിന്റെ ദു​ര​വ​സ്ഥ​യാ​ണ് ര​ണ്ടാ​മ​ത്തെ കാ​ര്യം. തെ​ര​ഞ്ഞെ​ടു​പ്പിന്റെ ചൂ​ട് വ​ർ​ധിക്കും​തോ​റും പ്ര​തി​പ​ക്ഷം ഛിന്ന​ഭി​ന്ന​മാ​കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്. അ​തിന്റെ​യൊ​ക്കെ അ​ടി​സ്ഥാ​നം അ​ധി​കാ​ര​ദു​ർ​മോ​ഹ​വും ജാ​തീ​യ​ത​യി​ൽ കു​രു​ങ്ങി​യ രാ​ഷ്ട്രീ​യ​സ​മ​വാ​ക്യ​ങ്ങ​ളു​മാ​ണ്. സ്റ്റാ​ലിന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തെ മ​ല​ർ​ത്തി​യ​ടി​ക്കാ​ൻ ഇ​തി​നൊ​ന്നി​നും ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.

ബു​ദ്ധി​രാ​ക്ഷ​സ​നെ​ന്നും രാ​ഷ്ട്രീ​യ​ചാ​ണ​ക്യ​നെ​ന്നു​മൊ​ക്കെ​യു​ള്ള വി​ശേ​ഷ​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള സാ​ക്ഷാ​ല്‍ മു​ത്തു​വേ​ല്‍ ക​രു​ണാ​നി​ധി​യു​ടെ അ​ട​വു​ക​ള്‍ മ​ക​ൻ സ്റ്റാ​ലി​ന് അ​ത്ര​ത്തോ​ളം വ​ശ​മി​ല്ലെ​ങ്കി​ലും നി​ല​വി​ലു​ള്ള ശ​ത്രു​ക്ക​ളെ നി​ലം​പ​രി​ശാ​ക്കാ​നു​ള്ള മ​ന​ക്ക​രു​ത്ത് ഈ ​നേ​താ​വ് കൈ​വ​ശ​മാ​ക്കി​യ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ അ​ട്ടി​മ​റി വി​ജ​യം. 234ല്‍ 45.2 ​ശ​ത​മാ​നം വോ​ട്ടു​നേ​ടി 159 സീ​റ്റും പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് പ​തി​നൊ​ന്നോ​ളം വ​ന്‍കി​ട-ചെ​റു​കി​ട ക​ക്ഷി​ക​ളെ സ്റ്റാ​ലി​ൻ ത​ന്‍റെ കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​ന്ന​തി​നാ​ലാ​ണ്. ഡി.എം.കെ​ക്ക് മാ​ത്രം 133 സീ​റ്റു​ക​ളാ​ണ് കി​ട്ടി​യ​ത്. ഇ​ന്ത്യ​ൻ നാ​ഷ​നൽ കോ​ൺ​ഗ്സ് -18, വി​.സി.​കെ -4, സി​.പി​.ഐ-സി.​പി​.എം -ര​ണ്ടു വീ​തം. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ക​ക്ഷി​യാ​യ എ.ഐ.എ.ഡി.എം.കെ ന​യി​ച്ച സ​ഖ്യ​ത്തി​നു മൊ​ത്തം 75 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. എ.ഐ.എ.ഡി.എം.കെ 66, പി​.എം.​കെ 5, ബി.​ജെ.​പി -4.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​ക​ക്ഷി​ക​ളോ​ടൊ​പ്പം നി​ന്ന് 39 സീ​റ്റു​ക​ളി​ല്‍ മു​പ്പ​ത്തെ​ട്ടും പി​ടി​ച്ചെ​ടു​ക്കാ​ന്‍ സ്റ്റാ​ലിന്റെ ഡി.എം.കെ സ​ഖ്യ​ത്തി​നു ക​ഴി​ഞ്ഞ​ത് സം​ഘ​ട​നാശേ​ഷി​കൊ​ണ്ടു​മാ​ത്ര​മ​ല്ല വി​ട്ടു​വീ​ഴ്ച​ക​ള്‍ ചെ​യ്യാ​നു​ള്ള സ​ന്മ​ന​സ്സും ത്രാ​ണി​യും ഉ​ള്ള​തി​നാ​ലാ​യി​രു​ന്നു. അ​ന്ന് ല​ഭി​ച്ച സീ​റ്റു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ഡി.എം.കെ -22, കോ​ൺ​ഗ്ര​സ് -9, വി​.സി.​കെ -2, സി​.പി​. ഐ - 2, സി​.പി.​എം -2, ഐ​.യു​.എം​.എ​ൽ - 1, എം​.ഡി.എം.കെ -1. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും 2026ൽ ​ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ചി​ത​റി​പ്പോ​കു​ന്ന ക​ക്ഷി​ക​ളെ ത​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ൽ ചേ​ർ​ക്കു​ക​യും പ്ര​തി​പ​ക്ഷ​ത്തെ ഞെ​ട്ടി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന അ​ട​വു​ന​യ​മാ​ണ് സ്റ്റാ​ലി​ൻ ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

ജ​യ​ല​ളി​ത മു​ഖ്യ​മ​ന്ത്രി​യാ​യി അ​വ​രോ​ധി​ക്കുക​യും മൂ​ന്നു ത​വ​ണ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഇ​രി​ക്കു​ക​യും ചെ​യ്ത ഒ. പ​ന്നീ​ർ​സെ​ൽ​വ​ത്തെ എ.ഐ.എ.ഡി.എം.കെ നേ​താ​വ് എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി എ​ത്ര​മാ​ത്രം ദ്രോ​ഹി​ച്ചെ​ന്ന് ത​മി​ഴ​ക​ത്തെ ജ​ന​ങ്ങ​ൾ​ക്ക​റി​യാം. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ​ഭാ​വി ന​ശി​ച്ചെ​ന്ന് എ.ഐ.എ.ഡി.എം.കെ വി​ധി​യെ​ഴു​തി​യ പ​ന്നീർസെ​ൽ​വ​ത്തെ സ​ഖ്യ​ത്തി​ൽ ചേ​ർ​ത്തു​കൊ​ണ്ടാ​ണ് സ്റ്റാ​ലി​ൻ പ​ക​രം​വീ​ട്ടി​യ​ത്. പ​ന്നീർസെ​​ൽ​വ​ത്തിന്റെ വി​ശ്വ​സ്ത​നായ, എം​.എ​ൽ.​എ സ്ഥാ​നം രാ​ജി​​െവ​ച്ചു​വ​ന്ന ആ​ർ. വൈ​ദ്യ​ലിം​ഗ​ത്തെ​യും പോ​ൾ മ​നോ​ജ് പാ​ണ്ഡ്യ​നെ​യും അ​ടു​ത്തി​ടെ​യാ​ണ് സ്റ്റാ​ലി​ൻ തന്റെ പാ​ർ​ട്ടി​യി​ലെ​ടു​ത്ത​ത്. ന​ട​ൻ ക​മ​ൽഹാ​സ​നും മു​സ്‍ലിം ലീ​ഗും സി.​പി.​ഐ​യും സി​.പി.​എ​മ്മും നേ​ര​ത്തേ​ത​ന്നെ ഡി.എം.കെ സ​ഖ്യ​ത്ത​ലാ​ണ്.

ജ​യ​ല​ളി​ത​ക്കുശേ​ഷം എ.ഐ.എ.ഡി.എം.കെ​യി​ല്‍ കാ​ര്യ​മാ​യ നേ​തൃ​ത്വ​നി​ര ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​രു​ടെ ഉ​റ്റ​തോ​ഴി​യാ​യ ശ​ശി​ക​ല​യു​ടെ ആ​ശീ​ര്‍വാ​ദ​ത്തോ​ടെ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ല്‍ ഉ​പ​വി​ഷ്ട​നാ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ട​പ്പാ​ടി ഏ​റ്റ​വും അ​ധി​കം ഭ​യ​പ്പെ​ട്ടി​രു​ന്ന​ത് സ്റ്റാ​ലി​ന്‍ ന​യി​ക്കു​ന്ന ഡി.എം.കെ​യെ ആ​യി​രു​ന്നു. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ല്‍ ബം​ഗ​ളൂരു പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ല്‍നി​ന്ന് ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി വ​രു​ന്ന ശ​ശി​ക​ല ത​ന്ത്ര​ങ്ങ​ളും പി​ടി​വാ​ശി​യും പ്ര​യോ​ഗി​ച്ച് പാ​ര്‍ട്ടി കൈ​യ​ട​ക്കാ​ന്‍ വ​ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ ത​ല​കീ​ഴാ​യി മ​റി​യു​മെ​ന്നും ത​ങ്ങ​ളു​ടെ അ​ധി​കാ​ര​ക്കോ​ട്ട​ക​ള്‍ ത​ക​ര്‍ന്ന​ടി​യു​മെ​ന്നു​മു​ള്ള ഭ​യം അ​ന്ന​ത്തെ ദ്രാ​വി​ഡ​ നേ​താ​ക്ക​ളെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്താ​യാ​ലും നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ.ഐ.എ.ഡി.എം.കെ നേ​താ​ക്ക​ൾ പ​ല​വ​ഴി​ക്കാ​യി. ജാ​തി​രാ​ഷ്ട്രീ​യ​മാ​ണ് എ.ഐ.എ.ഡി.എം.കെ​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. തേ​വ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ശ​ശി​ക​ല ജാ​തി​ക്ക​ളി ന​ട​ത്തി​യ​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യം മാ​റി​മ​റി​ഞ്ഞ​ത്.

ഇ​ന്ന് എ.ഐ.എ.ഡി.എം.കെ ത​മി​ഴ​ക​ത്ത് ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ​ക​ക്ഷി​യ​ല്ല. എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​ടെ പ​ക്വ​ത​യി​ല്ല​ാത്ത രാ​ഷ്ട്രീ​യം ആ ​പാ​ർ​ട്ടി​യെ ന​ശി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യൊ​രു പ​ങ്കുവ​ഹി​ച്ചു. ഒ. ​പ​ന്നീർസെ​​ൽ​വ​ത്തെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ എ​ട​പ്പാ​ടി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളൊ​ക്കെ തി​രി​ച്ച​ടി​യു​ടെ രൂ​പ​ത്തി​ൽ പാ​ർ​ട്ടി​യെ ബാ​ധി​ച്ചു. പാ​ർ​ട്ടി​യു​ടെ സ​ർ​വ​വും താ​നാ​ണെ​ന്ന് ചി​ന്തി​ക്കു​ന്ന ഇ​ദ്ദേ​ഹം അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ക​ച്ച​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ​തി​നാ​യി​രം രൂപ ഓ​രോ കു​ടും​ബ​ത്തി​നും കൊ​ടു​ക്കു​മെ​ന്നാ​ണ് എ​ട​പ്പാ​ടി പ്ര​ക​ട​നപ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വ​തി​നെയും എ​തി​ർ​ക്കു​ക​യെ​ന്ന സി​ദ്ധാ​ന്ത​മാ​ണ് എ​ട​പ്പാ​ടി​യു​ടെ സ​ഖ്യ​ന​യം.

ബി.ജെ.പിയി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചു മു​ന്നേ​റി​യ​താ​യി​രു​ന്നു എ​ട​പ്പാ​ടി​യു​ടെ ത​ക​ർ​ച്ച​ക്ക് മ​റ്റൊ​രു കാ​ര​ണം. ടി​.ടി.​വി ദി​ന​ക​ര​നെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്തി​ട്ടും പ​ന്നീർസെ​​ൽ​വ​ത്തെ അ​ടു​പ്പി​ക്കി​ല്ല എ​ന്ന ദാ​ർ​ഷ്ട്യ​മാ​ണ് എ.ഐ.എ.ഡി.എം.കെ​യെ ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല​യി​ട​ത്തും കെ​ട്ടി​വെച്ച പ​ണം കി​ട്ടാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​യി​ട്ടും സ്റ്റാ​ലി​നെ​പ്പോ​ലെ ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി സ​മ​വാ​യം സൃ​ഷ്ടി​ക്കാ​നോ, സ്വ​ന്തം അ​ഹ​ന്ത അ​ൽ​പം​പോ​ലും ചോ​ർ​ത്തി​ക്ക​ള​യാ​നോ എ​ട​പ്പാ​ടി​ക്ക് ക​ഴി​ഞ്ഞി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം. ഡി.എം.കെ​യെ ത​റ​പ​റ്റി​ക്കും എ​ന്ന ചി​ന്താ​ഗ​തി​യാ​ണ് എ​ട​പ്പാ​ടി ഇ​പ്പോ​ഴും വെച്ചു​പു​ല​ർ​ത്തു​ന്ന​ത്. “പൂ​ജ്യം സ്റ്റാ​ലി​ൻ കൂ​ട്ട​ണി​ക്ക്, രാ​ജ്യം (അ​ധി​കാ​രം) എ​ങ്ക​ളു​ക്ക്” എ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന എ​ട​പ്പാ​ടി​യു​ടെ പ്ര​സ്താ​വ​ന​യെ വ​ലി​യ ഫ​ലി​ത​മാ​യി മാ​ത്ര​മേ ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ള്ളൂ.

എ.ഐ.എ.ഡി.എം.കെ സ​ഖ്യം വോ​ട്ട​ർ​മാ​ർ​ക്ക് വാ​രി​ക്കോ​രി​യാ​ണ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഒ​രു കി​ലോ പ​രി​പ്പ്, ഒ​രു ലി​റ്റ​ർ പാ​ച​ക​ എ​ണ്ണ, ഇ​പ്പോ​ൾ കൊ​ടു​ക്കു​ന്ന 20 കി​ലോ അ​രി​യോ​ടൊ​പ്പം സൗ​ജ​ന്യ​മാ​യി ഫ്രി​ഡ്ജും ന​ൽ​കും. ഒ​രു കു​ടും​ബ​ത്തി​ന് മൂ​ന്ന് എ​ൽ​.പി.​ജി സി​ലി​ണ്ട​റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​യി​ൽ പ​റ​യു​ന്നു. വൈ​ദ്യു​തി​യു​ടെ ഇ​ന്ന​ത്തെ ചാ​ർ​ജ് പു​തു​ക്കും. ഏ​താ​ണ്ട് 297ൽ ​അ​ധി​കം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ന​ട​പ്പാ​ക്കു​ക.

പ​ന്നീർസെ​​ൽ​വ​ത്തെ മാ​ത്ര​മ​ല്ല ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യും പാ​ർ​ട്ടി​യെ ഒ​ന്ന​ട​ങ്കം കൈ​യി​ലെടു​ത്തു വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച ശ​ശി​ക​ല​യെ​പ്പോ​ലും പു​റ​ത്താ​ക്കി​യ നേ​താ​വാ​ണ് എ​ട​പ്പാ​ടി. അ​താ​ണ് പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കാ​ൻ ശ​ശി​ക​ല​യെ ക​ഴി​ഞ്ഞവാ​രം പ്രേ​രി​പ്പി​ച്ച​ത്. ജ​യ​ലളി​ത​യു​ടെ 78ാമ​ത്തെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ മ​ധു​ര​യി​ൽ​െവ​ച്ച് താ​ൻ പു​തി​യ പാ​ർ​ട്ടി ഉ​ണ്ടാ​ക്കു​മെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ഭ​ര​ണ​ക്ക​സേ​ര കൈ​ക്ക​ലാ​ക്കു​മെ​ന്നും ശ​ശി​ക​ല പ്ര​സ്താ​വി​ച്ചി​രു​ന്നു. അ​താ​ക​ട്ടെ എ​ട​പ്പാ​ടി​ക്ക് ക​ന​ത്ത ഷോ​ക്കാ​ണ് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്. “അ​യാ​ളു​ടെ പേ​രുപ​റ​യാ​ൻ​പോ​ലും എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല,” എ​ന്നാ​ണ​വ​ർ മ​ധു​ര​യി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ശ​ശി​ക​ല​യു​ടെ ബ​ന്ധു​വും എ​.എം​.എം.​കെ നേ​താ​വു​മാ​യ ടി​.ടി.​വി. ദി​ന​ക​ര​ൻ അ​വ​രെ ശ​ക്ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ‘‘ഇ​ഡ്ഡ​ലി​യും സ​മ്പാ​റും ഉ​ണ്ടാ​ക്കു​ന്ന​തു​പോ​ലെ​യ​ല്ല പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്കു​ന്ന​ത്” എ​ന്നാ​ണ് ദി​ന​ക​ര​ൻ അ​വ​രെ ക​ളി​യാ​ക്കി​യ​ത്. പു​തി​യ പാ​ർ​ട്ടി ഉ​ണ്ടാ​യാ​ൽ​ത്ത​ന്നെ ശ​ശി​ക​ല​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ല. അ​ഴി​മ​തി​ക്കേ​സി​ലെ വി​ധി​യ​താ​ണ്. തേ​വ​ർ, മു​ക്കു​ള​ത്തൂ​ർ, നാ​ടാ​ർ, ദ​ലി​ത് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ബാ​ങ്കാ​യി അ​റി​യ​പ്പെ​ടു​ന്ന കൊ​ങ്കു​നാ​ട് ജ​യ​ല​ളി​ത​യു​ടെ കാ​ല​ത്ത് എ.ഐ.എ.ഡി.എം.കെ ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, സേ​ലം, നാ​മ​ക്ക​ൽ, ക​രൂ​ർ, തി​രു​പ്പൂ​ർ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കൊ​ങ്കു​നാ​ട്. എ​ന്നാ​ൽ, ഇ​തെ​ല്ലാം ഇ​ന്ന് ഡി.എം.കെ​യു​ടെ കൈ​പ്പി​ടി​യി​ലാ​ണ്.

ദേ​ശീ​യ​ക​ക്ഷി​യാ​യ ബി.ജെ.പിയു​ടെ ത​മി​ഴ്നാ​ട്ടി​ലെ തേ​രോ​ട്ടം തു​ട​ക്ക​ത്തി​ൽ എ.ഐ.എ.ഡി.എം.കെ​യെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രു​ന്നു. ഹി​ന്ദു​ത്വ​ത്തി​ന്‍റെ മു​ഖം​മൂ​ടി​യു​മ​ണി​ഞ്ഞ് ഇ​ന്ത്യ​യെ മൊ​ത്ത​ത്തി​ല്‍ സ്വ​ന്തം കാ​ല്‍ക്കീ​ഴി​ല്‍ ഒ​തു​ക്കു​വാ​നു​ള്ള ബി.ജെ.പിയു​ടെ കു​ടി​ല​ത​ന്ത്ര​ങ്ങ​ളെ അ​മ​ര്‍ച്ചചെ​യ്യേ​ണ്ട​ത് ഡി.എം.കെ സ​ഖ്യ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ബി.ജെ.പിക്ക് കാ​ര്യ​മാ​യ നേ​ട്ട​മൊ​ന്നും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മോ​ദി​ക്കും അ​മി​ത് ഷാ​ക്കും ന​ന്നാ​യ​റി​യാം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സ​ഖ്യ​ക​ക്ഷി​ക​ളെ മു​ന്നി​ൽ​നി​ർ​ത്തി​യു​ള്ള കു​ടി​ല​ത​ന്ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും.

ഇ​പ്പോ​ൾ ഡി.എം.കെ​യു​ടെ മു​ന്നി​ലെ കീ​റാ​മു​ട്ടി ന​ട​ൻ വി​ജ​യിയുടെ ത​മി​ഴ​ക വെ​ട്രി​ക​ഴ​ക​മാ​ണ് (ടി​.വി.​കെ). വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ര്യ​മാ​യ നേ​ട്ട​മൊ​ന്നും സൃ​ഷ്ടി​ക്കാ​ൻ ടി​.വി.​കെ​ക്ക് ക​ഴി​യില്ലെ​ങ്കി​ലും മോ​ശ​മ​ല്ലാ​ത്ത വോ​ട്ടു​പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കാം. എം​.ജി​.ആ​റി​നെ​പ്പോ​ലെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യാ​ടി​ത്ത​റ​യൊ​ന്നും വി​ജ​യിക്ക് ഇല്ലെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞേ​ക്കും. ന​ട​ൻ സീ​മാന്റെ നാം ​ത​മി​ഴ​ർ ക​ക്ഷി (എ​ൻ​.ടി​.കെ) 234 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽ 116 സ്ത്രീ​ക​ളും 117 പു​രു​ഷ​ന്മാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മു​ണ്ടാ​കും.

 

ദ്ര​വീ​ഡി​യ​ൻ ചി​ന്താ​ഗ​തി​യും ഹി​ന്ദു​ത്വ​ അ​ജ​ണ്ട​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ബി.ജെ.പിക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. ത​ങ്ങ​ളെ നി​ലം​പ​രി​ശാ​ക്കാ​ൻ ഹി​ന്ദു​ത്വ​ അ​ജ​ണ്ടക​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്ന് ഡി.എം.കെ​ക്ക് അ​റി​യാം. അ​തു​തന്നെ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ തു​റു​പ്പു​ചീ​ട്ടും. ഡി.എം.കെ മ​ന്ത്രി​മാ​ർ​ക്കെ​തി​രെ​യു​ള്ള അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കു​ക​യാ​ണ് ബി.ജെ.പിയു​ടെ ഉ​ന്നം. അ​തി​നാ​യി സി.ബി.ഐ, ഇ​.ഡി തു​ട​ങ്ങി​യ കേ​ന്ദ്ര​സ്ഥാ​പ​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഇ​തൊ​ന്നും സ്റ്റാ​ലി​നെ ഒ​രു​ത​ര​ത്തി​ലും വ്യാ​കു​ല​പ്പെ​ടു​ത്തു​ന്നി​ല്ല. സാം​സ്കാ​രി​ക​ സ്വ​ത്വ​ത്തിന്റെ കാ​ര്യ​ത്തി​ൽ ത​മി​ഴ​കം മു​ന്നി​ലാ​ണ്. അ​തു​ത​ന്നെ​യാ​ണ് ഡി.എം.കെ​യു​ടെ വി​ജ​യ​സാ​ധ്യ​ത​യും.

എ​ന്താ​യാ​ലും ചി​ല സ​ർവേ ​ഫ​ല​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. 234 സീ​റ്റു​ക​ളി​ൽ 40 ശ​ത​മാ​നം വോ​ട്ടു​നേ​ടി ഡി.എം.കെ​ സ​ഖ്യം മു​ന്നി​ലെ​ത്തു​മെ​ന്നാ​ണ് ലോ​ക്പോ​ൾ ന​ട​ത്തി​യ സ​ർ​വേ പ​റ​യു​ന്ന​ത്. 181 മു​ത​ൽ 189 സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് അ​വ​ർ പ്ര​വ​ചി​ക്കു​ന്നു. എ.ഐ.എ.ഡി.എം.കെ സ​ഖ്യം 29 ശ​ത​മാ​നം വോ​ട്ട് നേ​ടി 38 മു​ത​ൽ 42 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ, 23.9 ശ​ത​മാ​നം വോ​ട്ട് ഷെ​യ​റോ​ടെ വി​ജ​യ് എ​ട്ടു മു​ത​ൽ പ​ത്തു​ വ​രെ സീ​റ്റു നേ​ടാം. 4.9 ശ​ത​മാ​നം വോ​ട്ട് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന സീ​മാന്റെ പാ​ർ​ട്ടി​ക്ക് ഒ​രു സീ​റ്റും കി​ട്ടി​ല്ല.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ വാ​രം സ​ർ​വേ ന​ട​ത്തി​യ അ​ഗ്നി ന്യൂ​സ് സ​ർ​വി​സിന്റെ പ്ര​വ​ച​നം വ്യ​ത്യ​സ്ത​മാ​ണ്. 234 സീ​റ്റി​ൽ 41.9 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി 180 സീ​റ്റു​ക​ൾ ഡി.എം.കെ മു​ന്ന​ണി നേ​ടും എ​ന്നാ​ണ് അ​ഗ്നി ന്യൂ​സ് സ​ർ​വിസ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 38.5 ശ​ത​മാ​നം വോ​ട്ട് നേ​ടി 54 സീ​റ്റു​ക​ൾ എ.ഐ.എ.ഡി.എം.കെ സ​ഖ്യം ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തും. വി​ജ​യിയുടെ ടി​.വി.കെ 9.7 ​ശ​ത​മാ​നം വോ​ട്ടും സീ​മാന്റെ നാം ​ത​മി​ഴ​ർ ക​ക്ഷി 4.8 ശ​ത​മാ​നം വോ​ട്ടു​ം ക​ര​സ്ഥ​മാ​ക്കു​മെ​ന്ന് സ​ർ​വേ പ​റ​യു​ന്നു.

എ​ങ്ങ​നെ​യൊ​ക്കെ ക​ണ​ക്കു​കൂ​ട്ടി​യാ​ലും വ​രാ​ൻപോ​കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​പ​ക്ഷ​ത്തി​നു നി​ർ​ണാ​യ​ക​മാ​ണ്. കാ​ര്യ​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​മൊ​ന്നും ത​മി​ഴ​ക​ത്ത് നി​ല​വി​ലി​ല്ല. ഭ​ര​ണ​മി​ക​വും സ​ഖ്യ​ക​ക്ഷി​ക​ളെ സ​മ​ചി​ത്ത​ത​യോ​ടെ ത​ന്നോ​ടൊ​പ്പം നി​ർ​ത്താ​നു​ള്ള ക​ഴി​വും സ്റ്റാ​ലി​ൻ ഇ​തി​ന​കം തെ​ളി​യി​ച്ചു​ ക​ഴി​ഞ്ഞു. അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളും ജ​ന​കീ​യാ​ടി​ത്ത​റ തി​രി​ച്ച​റി​യാ​നു​ള്ള ശേ​ഷി​യും ഇ​ല്ലാ​ത്ത എ.ഐ.എ.ഡി.എം.കെ സ​ഖ്യം ഇ​ന്ന് സ​ങ്കീ​ർ​ണ​മാ​യ വ​ഴി​ത്തി​രി​വി​ലാ​ണ്. ബി.ജെ.പിയു​ടെ സ​ഹ​ക​ര​ണം ഈ ​സ​ഖ്യ​ത്തെ ഒ​രു വി​ധ​ത്തി​ലും സ​ഹാ​യി​ക്കി​ല്ല എ​ന്ന് ഡി.എം.കെ സ​ഖ്യം തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. ഇ​തെ​ല്ലാം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി.എം.കെ സ​ഖ്യ​ത്തി​ന് കാ​ര്യ​മാ​യ മേ​ൽ​ക്കോ​യ്മ സൃ​ഷ്ടി​ക്കു​മെ​ന്നു​ത​ന്നെ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

ബ്രാ​ഹ്മ​ണന്റെ ഗ​തി​കേ​ട്

പാ​മ്പി​നെ​യും ബ്രാ​ഹ്മ​ണ​നെ​യും ഒ​ന്നി​ച്ചുക​ണ്ടാ​ൽ ആ​ദ്യം ബ്രാ​ഹ്മ​ണ​നെ കൊ​ല്ലു​ക എ​ന്നു​പ​റ​ഞ്ഞ​ത് ദ്രാ​വി​ഡ​ക​ഴ​കം നേ​താ​വ് ഇ​.വി. രാ​മ​സ്വാ​മി​ നാ​യ്ക്ക​രാ​ണെ​ന്ന് ത​മി​ഴ​ക​ത്ത് ഒ​രു ചൊ​ല്ലു​ണ്ട്. ഇ​ത് ശ​രി​യാ​ണോ എ​ന്ന് നി​ശ്ച​യ​മി​ല്ല. ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നുമു​മ്പും ശേ​ഷ​വും താ​ഴ്ന്നജാ​തി​യി​ലു​ള്ള ത​മി​ഴ്ജ​ന​ത​യെ സ​ർ​ക്കാ​ർത​ല​ത്തി​ൽ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്ന ബ്രാ​ഹ്മ​ണ​ർ ദ്രോ​ഹി​ച്ചി​രു​ന്നു എ​ന്ന​ത് ച​രി​ത്രം. തൊ​ണ്ണൂ​റു ശ​ത​മാ​നം ഔ​ദ്യോ​ഗി​ക​ പ​ദ​വി​ക​ളി​ലും അ​ന്ന് മൂ​ന്നു ശ​ത​മാ​നം വ​രു​ന്ന ബ്രാ​ഹ്മ​ണ​രാ​യി​രു​ന്നു. അ​ന്ന​ത്തെ ബ്രാ​ഹ്മ​ണ​വി​രു​ദ്ധ​ വി​കാ​ര​ത്തിന്റെ അ​ടി​ത്ത​ട്ടി​ൽനി​ന്നാ​ണ് ദ്രാ​വി​ഡ​ പ്ര​സ്ഥാ​നം ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​ന് ചു​ക്കാ​ൻപി​ടി​ച്ച​താ​ക​ട്ടെ ഇ​.വി​.ആ​റും. അ​ങ്ങ​നെ ബ്രാ​ഹ്മ​ണ​വി​രു​ദ്ധ നി​ല​പാ​ടും ഹി​ന്ദി​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വും ദ്രാ​വി​ഡ​പ്ര​സ്ഥാ​ന​ങ്ങ​ളെ ത​മി​ഴ്നാ​ട്ടി​ൽ വ​ള​രാ​ൻ സ​ഹാ​യി​ച്ചു.

എ​ന്നാ​ൽ, ദ്രാ​വി​ഡ​ പാ​ർ​ട്ടി​ക​ളു​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളി​ൽനി​ന്ന് ബ്രാ​ഹ്മ​ണ​സ​മു​ദാ​യ​ത്തെ മ​ന​ഃപൂർവം മാ​റ്റി​നി​ർ​ത്തു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു. വ​രു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും അ​ത് തെ​ളി​യി​ക്കു​ന്നു. ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തെ ത​മി​ഴ്നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ൽ ഒ​രു ബ്രാ​ഹ്മ​ണ​ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ൻ പ്ര​ധാ​ന​പ്പെ​ട്ട ദ്രാ​വി​ഡ​ക​ക്ഷി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ച്ചി​ട്ടി​ല്ല. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം ബ്രാ​ഹ്മ​ണ​നാ​യ ആ​ർ. ന​ട​രാ​ജ് എ​ന്ന റി​ട്ട​യേ​ർ​ഡ് ഡി​.ജി.​പി​​െയ മാ​ത്ര​മാ​ണ് മൈ​ലാ​പ്പൂരി​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​ര​ത്തി​ന് ഇ​റ​ക്കി​യ​ത്. ത​മി​ഴ്നാ​ട് ബ്രാ​ഹ്മി​ൺ അ​സോ​സി​യേ​ഷന്റെ പി​ന്തു​ണ ഉ​ണ്ടാ​യി​ട്ടും ഇ​ക്കു​റി ബി.ജെ.പിയു​ടെ 27 സീ​റ്റു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും ഒ​രു ബ്രാ​ഹ്മ​ണ​ സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​യി​ല്ല. ഡി.എം.കെ​യും കോ​ൺ​ഗ്ര​സും ബ്രാ​ഹ്മ​ണ​സ​മു​ദാ​യ​ത്തി​ന് നേ​രെ ക​ണ്ണ​ട​ച്ചു. എ​ന്നാ​ൽ, വി​ജ​യിയുടെ ടി​.വി​.കെ ശ്രീ​രം​ഗം, മൈ​ലാ​പ്പൂ​ർ എ​ന്നീ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ബ്രാ​ഹ്മ​ണ​സ്ഥാ​നാ​ർ​ഥിക​ളെ ക​ണ്ടെ​ത്തി. സീ​മാന്റെ എ​ൻ​.ടി.​കെ ആ​ക​ട്ടെ ആ​റ് ബ്രാ​ഹ്മ​ണ​സ്ഥാ​നാ​ർ​ഥിക​ളെ മ​ത്സ​രി​പ്പി​ക്കു​ന്നു​ണ്ട്. എ​ന്നും പെ​രി​യാ​റിന്റെ നി​ല​പാ​ടു​ക​ളെ വി​മ​ർ​ശി​ക്കു​ക​യും എ​തി​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള സീ​മാ​ൻ പ​റ​യു​ന്നു –“ബ്രാ​ഹ്മി​ൺ​ ക​ട്ട​പ്പാ​ര​കൊ​ണ്ട് ദ്രാ​വി​ഡ ഭി​ത്തി​ക​ൾ ത​ക​ർ​ക്കും.”

ബ്രാ​ഹ്മ​ണ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട രാ​മ​നാ​ഥ​ൻ, ന​ട​രാ​ജ്, മൈ​ത്രേ​യ​ൻ എ​ന്നി​വ​രെ ജ​യ​ല​ളി​ത​യു​ടെ കാ​ല​ത്ത് ലോ​ക​്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ചി​ട്ടു​ണ്ട്. എം.​ജി.​ആ​ർ തന്റെ മ​ന്ത്രി​സ​ഭ​യി​ൽ ബ്രാ​ഹ്മ​ണ​നാ​യ എ​ച്ച്.വി. ​ഹ​ൺ​ഡേ​യെ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​ക്കി. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം ബ്രാ​ഹ്മ​ണ​സ​മു​ദാ​യ​ത്തി​ൽനി​ന്ന് വ​ലി​യൊ​രു വി​ഭാ​ഗം ബി.ജെ.പിയി​ലേ​ക്ക് മാ​റി എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ന​ട​ൻ വി​ജ​യ് ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന അ​ഞ്ച് വി​ഗ്ര​ഹ​ങ്ങ​ളി​ൽ (ഐ​ക്ക​ൺ) ഒ​ന്ന് പെ​രി​യാ​റാ​ണ്. പ​ക്ഷേ, ത​ങ്ങ​ൾ ബ്രാ​ഹ്മ​ണ​വി​രു​ദ്ധ​ര​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ് വി​ജ​യ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ന​ൽ​കു​ന്ന​ത്. നി​രീ​ശ്വ​ര​വാ​ദി​യാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച ബ്രാ​ഹ്മ​ണ​നാ​യ ന​ട​ൻ ക​മ​ൽഹാ​സ​നെ അ​ടു​ത്തി​ടെ രാ​ജ്യ​സ​ഭ അം​ഗ​മാ​ക്കി​യ​ത് ഡി.എം.കെ​യാ​ണ്. പ​ക്ഷേ, ത​ങ്ങ​ൾ​ക്ക് ബ്രാ​ഹ്മ​ണ​വി​രു​ദ്ധ നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ന്ന് തെ​ളി​യി​ക്കാ​ൻ ഡി.എം.കെ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്.

 

ശി​ഥി​ല​മാ​കു​ന്ന രാ​ഷ്ട്രീ​യ​ സ​ദാ​ചാ​രം

മ​ത്സ​രരം​ഗ​ത്തു​ള്ള അ​ഞ്ച് സ​ഖ്യ​ക​ക്ഷി​ക​ളി​ൽ വ​ള​രെ​യ​ധി​കം ബ​ല​ഹീ​ന​മെ​ന്ന് പ​റ​യാ​വു​ന്ന​ത് ശ​ശി​ക​ല​യു​ടെ എ​.ഐ.​പി​.ടി.​എം.​എം.​കെ​യും ഡോ. ​രാ​മ​ദാ​സിന്റെ ശേ​ഷി​ച്ച പി​.എം.​കെ​യും അ​ട​ങ്ങു​ന്ന സ​ഖ്യ​ക​ക്ഷി​യാ​ണ്. ജ​യ​ല​ളി​ത​ക്കു​ശേ​ഷം അ​ധി​കാ​ര​ത്തിന്റെ സു​ഖ​ശീ​ത​ള​ച്ഛാ​യ​ക​ളി​ൽ വി​രാ​ജി​ക്കാ​മെ​ന്ന് വ്യാ​മോ​ഹി​ച്ചി​രി​ക്കെ​യാ​ണ് അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന​ക്കേ​സി​ൽ 2017ൽ ​ശ​ശി​ക​ല​യെ കോ​ട​തി ശി​ക്ഷി​ക്കു​ന്ന​ത്. ബംഗളൂ​രു അ​ഗ്ര​ഹാ​രാ ജ​യി​ലി​ൽ നാ​ലു​വ​ർ​ഷം കി​ട​ക്കേ​ണ്ടി​യും വ​ന്നു.

അ​ഴി​മ​തി​യു​ടെ മൊ​ത്ത​ക്ക​ച്ച​വ​ടം ഏ​റ്റെ​ടു​ത്ത ശ​ശി​ക​ല ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി​രു​ന്നു. കാ​ര​ണം അ​ധി​കാ​ര​മി​ല്ലാ​ത്ത ജി​വി​തം സ്വ​പ്നം കാ​ണാ​ൻ​പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ജ​യ​ല​ളി​ത​യു​ടെ വി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​യ​തും ശ​ശി​ക​ല​യു​ടെ നെ​റി​കെ​ട്ട പ​ണ​മോ​ഹ​മാ​യി​രു​ന്നു. 1991 മു​ത​ല്‍ വാ​രി​ക്കൂ​ട്ടി​യ സ​മ്പ​ത്തെ​ല്ലാം അ​ന്യം​നി​ന്നു പോ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ അ​ധി​കാ​ര​ത്തി​ന്‍റെ ത​ല​പ്പ​ത്തു​ത​ന്നെ എ​ത്ത​ണം. ആ​യി​ര​ക്ക​ണ​ക്കി​നു കോ​ടി​യു​ടെ ബി​നാ​മി സ്വ​ത്തു​ക്ക​ളാ​ണ് അ​വ​രെ വ്യാ​കു​ല​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​ബോ​ധ​മാ​ണ് ആ​രെ കൂ​ട്ടു​പി​ടി​ച്ചാ​ലും വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

2021 ജ​നു​വ​രി​യി​ൽ ജ​യി​ലി​ൽനി​ന്ന് മോ​ചി​ത​യാ​യ അ​വ​രു​ടെ രാ​ഷ്ട്രീ​യ​മോ​ഹ​ങ്ങ​ളൊ​ക്കെ ത​കി​ടം​മ​റി​ഞ്ഞി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് സ്വ​ത്തു​ക്ക​ളും മ​റ്റ് സ​ന്നാ​ഹ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​വ​ർ​ക്ക് രാ​ഷ്ട്രീ​യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ ദി​ന​ക​ര​ൻ, എ​ട​പ്പാ​ടി, പ​ന്നീർസെൽ​വം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല വ​മ്പ​ന്മാ​രും വ​ഴി​മാ​റി സ​ഞ്ച​രി​ച്ചു. അ​ങ്ങ​നെ​യാ​ണ് പു​തി​യ പാ​ർ​ട്ടി രൂ​പവത്ക​രി​ക്കാ​ൻ ചി​ന്ന​മ്മ​യെ ചി​ന്തി​പ്പി​ച്ച​ത്. ത​ന്നോ​ടൊ​പ്പം ചേ​രാ​ൻ കി​ട്ടി​യ​ത് പ​ട്ടാ​ളി​മ​ക്ക​ൾ​ ക​ക്ഷി സ്ഥാ​പ​ക​ൻ ഡോ​. രാ​മ​ദാ​സിന്റെ പാ​ർ​ട്ടി​യു​ടെ ഒ​രു ക​ഷ​ണം മാ​ത്ര​മാ​ണ്. സ്വ​ന്തം മ​ക​ൻ പി​.എം.​കെ​യു​ടെ പാ​ലം​ വ​ലി​ച്ച് താ​ഴെ​യി​ട്ട് വ​ലി​യൊ​രു ഭാ​ഗം അ​ട​ർ​ത്തി​യെ​ടു​ത്ത് എൻ.ഡി.എ സ​ഖ്യ​ത്തി​ലേ​ക്ക് പോ​യ​പ്പോ​ൾ വി​ഷ​ണ്ണ​നാ​യി നോ​ക്കി​നി​ന്ന രാ​മ​ദാ​സി​നെ മാ​ടി​വി​ളി​ച്ച​ത് ശ​ശി​ക​ല​യാ​യി​രു​ന്നു.

പാ​ർ​ട്ടി​യെ ഒ​രു വ​ട​വൃ​ക്ഷം​പോ​ലെ ന​ട്ടു​ന​ന​ച്ചു വ​ള​ർ​ത്തി​യ​ത് താ​നാ​യി​രു​ന്നു എ​ന്ന് ഡോ​. രാ​മ​ദാ​സ് വി​ല​പി​ക്കു​മ്പോ​ൾ സ​ഹാ​യ​ത്തി​ന് എ​ത്തി​യ​ത് ശ​ശി​ക​ല​യാ​യി​രു​ന്നു. തന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ മാ​മ്പ​ഴം മ​ര​വി​പ്പി​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞദി​വ​സം ഉ​ത്ത​ര​വി​ട്ട​തും ഡോ. അ​യ്യാ​ക്ക് തി​രി​ച്ച​ടി​യാ​യി. അ​ൻ​പു​മ​ണി രാ​മ​ദാ​സി​നെ പു​റ​ത്താ​ക്കി​ക്കൊ​ണ്ട് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും പൊ​ളി​ഞ്ഞു. സ​ഖ്യ​ത്തി​ൽ ചേ​ർ​ക്കാ​ൻ ഡി.എം.കെ​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വി​ടെ​യും ര​ക്ഷ​കി​ട്ടി​യി​ല്ല. അ​ഴി​മ​തി​ക്കും അ​മി​ത​ സാ​മ്പ​ത്തി​ക ശേ​ഖ​ര​ണ​ത്തി​നും ശി​ക്ഷി​ക്ക​പ്പെ​ട്ട ഒ​രു സ്ത്രീ​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യം ഉ​ണ്ടാ​ക്കി​യ​തി​ൽ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

1983 ജൂ​ലൈ 16നാ​ണ് വ​ണ്ണി​യാ​ർ സ​മു​ദാ​യ​ത്തിന്റെ ഉ​ന്ന​മ​ന​ത്തി​നുവേ​ണ്ടി ഡോ​. രാ​മ​ദാ​സ് പി.​എം.​കെ സ്ഥാ​പി​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ൽ വേ​രു​ക​​ളു​ള്ള സ​മു​ദാ​യ​മാ​യി​രു​ന്നു രാ​മ​ദാ​സിന്റെ ഉ​ന്നം. സ്വ​ന്തം കു​ടും​ബ​ത്തി​ൽനി​ന്ന് ആ​രെ​യും പാ​ർ​ട്ടി​യു​ടെ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മി​ക്കി​ല്ല എ​ന്ന് തു​ട​ക്ക​ത്തി​ൽ വീ​മ്പ​ടി​ച്ച രാ​മ​ദാ​സ് പി​ന്നാ​ട് മ​ക​നെ​ത്ത​ന്നെ മു​ന്നി​ൽ നി​ർ​ത്തേ​ണ്ടി വ​രി​ക​യും കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​ത്തു​വ​രെ എ​ത്തി​ക്കു​ക​യും ചെ​യ്തു. മ​ക​ൻ പി​ണ​ങ്ങി പോ​യ​പ്പോ​ൾ മൂ​ത്ത​മ​ക​ൾ ശ്രീ​കാ​ന്തി പ​ര​ശു​രാ​മ​നെ​യാ​ണ് പാ​ർ​ട്ടി​യു​ടെ മു​ൻ​നി​ര​യി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു പാ​ർ​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സ​ഖ്യം എ​ല്ലാ സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥിക​ളെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. വ​ള​രെ പ്ര​തീ​ക്ഷ​ക​ളൊ​ന്നും ഇ​വ​ർ​ക്കി​ല്ല. എ​ന്താ​യാ​ലും മു​ന്ന​ണി​യു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്തി​ലാ​ണെ​ന്ന് മാ​ത്രം ഇ​ര​വ​ർ​ക്കും അ​റി​യാം.

 

അ​ഞ്ച് ത​ല​സ്ഥാ​ന​ങ്ങ​ളു​ടെ ശി​ൽ​പി

അ​ഭി​ന​യ​ത്തി​ലും സം​വി​ധാ​ന​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട് രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ സെ​ന്ത​മി​ഴ​ൻ സീ​മാ​ൻ 2010 മേ​യ് 10നാ​ണ് നാം ​ത​മി​ഴ​ർ ക​ക്ഷി (എ​ൻ​.ടി.​കെ) എ​ന്ന സ്വ​ന്തം പാ​ർ​ട്ടി രൂ​പവത്​ക​രി​ക്കു​ന്ന​ത്. 1958ല്‍ ​എ​സ്.പി. ആ​ദി​ത്യ​നാ​ർ നാം ​ത​മി​ഴ​ർ​ ക​ക്ഷി എ​ന്ന പേ​രി​ൽ രൂ​പവത്ക​രി​ച്ച പാ​ർ​ട്ടി​യെ ഏ​റ്റെ​ടു​ത്താ​ണ് സീ​മാ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. അ​ഞ്ചു ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യു​ക​യും എ​ട്ടോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്ത സീ​മാ​ൻ ച​ല​ച്ചി​ത്ര​രം​ഗ​ത്ത് ഒ​രു പ​രാ​ജ​യ​മാ​യി​രു​ന്നു.

ശ്രീ​ല​ങ്ക​ൻ ത​മി​ഴ​രോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യി​രു​ന്ന സീ​മാ​ൻ അ​തു​വ​ഴി നി​ര​വ​ധി കേ​സു​ക​ളി​ലും പെ​ട്ടി​ട്ടു​ണ്ട്. ത​മി​ഴ് ദേ​ശീ​യ​ത​യാ​ണ് ഈ ​പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യം. പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ ഏ​റെ വോ​ട്ടു​പി​ടി​ക്കാ​ൻ സീ​മാ​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. തെര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രു ആ​ചാ​രം​പോ​ലെ ന​ട​ത്തു​ന്ന​തി​ൽ അ​തീ​വ ത​ൽ​പ​ര​നും. ഇ​ക്കു​റി​യും 234 മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​.ടി.​കെ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്. അ​തി​ൽ പ​കു​തി സീ​റ്റും സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റിനും സീ​റ്റ് കൊ​ടു​ത്തി​ട്ടു​ണ്ട്.

ലോ​ക​്സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും സ്ത്രീ​ക​ൾ​ക്ക് മ​ണ്ഡ​ല​ങ്ങ​ൾ സം​വ​ര​ണം​ ചെ​യ്യു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തിന്റെ പ്ര​ക​ട​നപ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്. ത​മി​ഴ​ക​ത്തിന്റെയും പാ​ർ​ട്ടി​യു​ടെ​യും ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വ​ചി​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക. 400 പേ​ജ് വ​രു​ന്ന പ​ത്രി​ക​യി​ൽ അ​ത്ഭു​ത​ങ്ങ​ളു​ടെ കൂ​മ്പാ​രം കാ​ണാം. എ​ൻ​.ടി.​കെ വി​ജ​യി​ച്ചാ​ൽ ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ച് ത​ല​സ്ഥാ​ന​ങ്ങ​ൾ സ്ഥാ​പി​ക്കും. ചെ​ന്നൈ, തൃ​ച്ചി, മ​ധു​രൈ, കോ​യ​മ്പ​ത്തൂ​ർ, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ത​ല​സ്ഥാ​ന​ങ്ങ​ൾ. അ​ഡ്മി​നി​സ്ട്രേ​റ്റിവ് ത​ല​സ്ഥാ​നം തൃ​ച്ചി​യി​ലാ​യി​രി​ക്കും. 60 വ​യ​സ്സ് ക​ഴി​ഞ്ഞ ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സ പെ​ൻ​ഷ​ൻ, മ​ദ്യ​പാ​നി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, 21 ല​ക്ഷം ഏ​ക്ക​ർ ഭൂ​മി കൃ​ഷി​ഭൂ​മി​യാ​ക്കും തു​ട​ങ്ങി​യ നൂ​റു​ക​ണ​ക്കി​ന് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മേ ചി​കി​ത്സി​ക്കാ​ൻ പാ​ടു​ള്ളൂ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മേ പ​ഠി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ പ്ര​സി​ഡന്റി​നെ നേ​രി​ട്ട് തി​ര​ഞ്ഞെ​ടു​ക്കാ​ൻ​വേ​ണ്ടി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തിചെ​യ്യും. സു​പ്രീം​കോ​ട​തി​യു​ടെ ബെ​ഞ്ച് ചെ​ന്നൈ​യി​ൽ സ്ഥാ​പി​ക്കും. എ​ല്ലാ​വ​ർ​ക്കും വോ​ട്ട് നി​ർ​ബ​ന്ധി​ത​മാ​ക്കും. ത​മി​ഴ്നാ​ടി​നെ പി​ടി​ച്ചു കു​ലു​ക്കി​യ കാ​ട്ടു​ക​ള്ള​ൻ വീ​ര​പ്പന്റെ മ​ക​ൾ വി​ദ്യാ​റാ​ണി മേ​ട്ടൂ​രി​ൽ എ​ൻ​.ടി​.കെ സ്ഥാ​നാ​ർ​ഥിയാ​ണ്.

News Summary - Tamil Nadu's election season