അപരം

പ്രശ്നം ദൈവങ്ങളുടേതല്ല, മനുഷ്യർക്ക് പരസ്പരം ഉൾക്കൊള്ളാൻ അടിസ്ഥാനപരമായി കഴിയുന്നില്ലെന്നതാണ്. ഓരോരുത്തരും സ്വന്തം മനോലോകത്ത് മുഴുകിക്കഴിയുന്നു. അതിലേക്ക് മറ്റുള്ളോർക്ക് പ്രവേശനമില്ല. തോമസ് മൻ ഡയറിയിൽ കുറിക്കുന്നു. ഒരാളും മറ്റൊരാളല്ല, ഏതാൾക്കും മറ്റാൾ അപരം. നേരോ? ഷോപനോവറുടെ ഒരു മനക്കണക്കുണ്ട്. ‘‘മറ്റുള്ളവരെപ്പോലെയാകാൻ നമ്മിലെ നാലിൽ മൂന്നു നമ്മളെയും വേണ്ടെന്നുവെക്കണം.’’ അതിലത്ര പതിരില്ല. കാരണം, ഭൂരിപക്ഷം മനുഷ്യന്മാരും ഭൂരിപക്ഷം വരുന്ന മറ്റുേള്ളാർക്കു നിരക്കുന്നതിനാണ് തുനിയാറ് –ചിന്തയിൽ, ചൊല്ലിൽ, ചെയ്ത്തിൽ. അതുകൊണ്ട്, മനുഷ്യർ സംഘടിക്കുന്നു, ഓരോരോ കള്ളിയിൽ...
Your Subscription Supports Independent Journalism
View Plansപ്രശ്നം ദൈവങ്ങളുടേതല്ല, മനുഷ്യർക്ക് പരസ്പരം ഉൾക്കൊള്ളാൻ അടിസ്ഥാനപരമായി കഴിയുന്നില്ലെന്നതാണ്. ഓരോരുത്തരും സ്വന്തം മനോലോകത്ത് മുഴുകിക്കഴിയുന്നു. അതിലേക്ക് മറ്റുള്ളോർക്ക് പ്രവേശനമില്ല. തോമസ് മൻ ഡയറിയിൽ കുറിക്കുന്നു.
ഒരാളും മറ്റൊരാളല്ല, ഏതാൾക്കും മറ്റാൾ അപരം. നേരോ?
ഷോപനോവറുടെ ഒരു മനക്കണക്കുണ്ട്. ‘‘മറ്റുള്ളവരെപ്പോലെയാകാൻ നമ്മിലെ നാലിൽ മൂന്നു നമ്മളെയും വേണ്ടെന്നുവെക്കണം.’’ അതിലത്ര പതിരില്ല. കാരണം, ഭൂരിപക്ഷം മനുഷ്യന്മാരും ഭൂരിപക്ഷം വരുന്ന മറ്റുേള്ളാർക്കു നിരക്കുന്നതിനാണ് തുനിയാറ് –ചിന്തയിൽ, ചൊല്ലിൽ, ചെയ്ത്തിൽ. അതുകൊണ്ട്, മനുഷ്യർ സംഘടിക്കുന്നു, ഓരോരോ കള്ളിയിൽ –വിശ്വാസത്തിന്റെ, അവിശ്വാസത്തിന്റെ, രാഷ്ട്രീയത്തിന്റെ, അരാഷ്ട്രീയത്തിന്റെ... കൂട്ടായ്മകളുടെ കെട്ടുകാഴ്ചകൾ അനവരതം പുലരുന്നു. പത്തുവട്ടം പങ്കെടുത്ത തൃശൂർപൂരത്തിന് വീണ്ടും പോകുന്നു. കൂട്ടവാക്ക് കേട്ടവായ്ക്ക് ഏറ്റുചൊല്ലുന്നു. ഭൂരിപക്ഷത്തോടുള്ള ചാർച്ചയാണ് ശീലം, അനുശീലനം. ആയതിനു വേണ്ടതെന്തോ അതറിഞ്ഞ് ഭൂരിപക്ഷവും പെരുമാറുന്നു. അതിനുവേണ്ടി നാലിൽ മൂന്നല്ല, നാലും റദ്ദാക്കിയെന്നിരിക്കും.
ഇതൊരു സഹജശേഷിയാണ്, മനുഷ്യെന്റ. ഭൂരിപക്ഷത്തിലും പക്ഷേ ഹാജരില്ലാത്ത മറ്റൊന്നുണ്ട് –കവി ജോൺ കീറ്റ്സ് പറഞ്ഞ ‘പ്രതിലോമ ശേഷി’. അനിശ്ചിതത്വങ്ങളിലും വൈരുധ്യങ്ങളിലും അസംബന്ധങ്ങളിലും പുലരാനുള്ള കഴിവ്. മായികതകളിൽ, സന്ദേഹങ്ങളിൽ, മതിഭ്രമങ്ങളിൽ... യുക്തിക്കും കാര്യ-കാരണ കണ്ണിക്കും വെമ്പലില്ലാതെ. വ്യക്തമാക്കാൻ, പ്രസിദ്ധനായ ഒരാളെയും കീറ്റ്സ് ഉദാഹരിച്ചിരുന്നു -ഷേക്സ്പിയർ. ഒന്നിനൊന്നു വ്യത്യസ്തരായ കഥാപാത്രങ്ങളോട് വ്യതിരിക്ത സിരാബന്ധം പണിയാൻ ആളെ പ്രാപ്തനാക്കിയത് സമൃദ്ധമായ പ്രതിലോമശേഷിയാണ് –റോമിയോ അല്ല ഒഥല്ലോ, ഇയാഗോ അല്ല ലിയർ, അവരാരുമല്ല മക്ബത്. കാൽക്കഴഞ്ചുപോലും സദൃശരല്ലാത്ത സങ്കീർണ മനുഷ്യപാത്രങ്ങൾ. അവരെയെല്ലാം ജീവലോകത്തുനിന്നും ഭാവലോകത്തുനിന്നും ആവഹിച്ച്, മമതയുടെ മാലിന്യമേൽക്കാതെ ഉള്ളിൽ കൊണ്ടു, കൊണ്ടുനടന്നു.
ആ ഉള്ള് നമുക്കുണ്ടായിരുന്നേൽ ഭൂമിയിൽ വഴക്കില്ല വക്കാണമില്ല, വെറുപ്പില്ല വർഗീയതയില്ല. സ്വദേശിയും വിദേശിയുമില്ല. ഷേക്സ്പിയറല്ല പക്ഷേ നാം. അനിശ്ചിതങ്ങളിലും വൈജാത്യങ്ങളിലും സ്വസ്ഥരുമല്ല. അതുകൊണ്ട് ഏലാപ്പ് പോക്കാൻ നാം ഒഴിവുതേടുന്നു –രാഷ്ട്രീയം, മതം, നിയമം... അടക്കാൻ വരിച്ച പ്രമാണരൂപങ്ങൾ മനുഷ്യരെ അടുപ്പിക്കയല്ല അടിപ്പിക്കയാണ് കൂടുതലും. അപ്പോ, അടുക്കുന്നില്ലേ ആരും?
തീർച്ചയായുമുണ്ട്. പലപ്പോഴും പക്ഷേ, ആ ഗുരുഫലിതം കണക്കെയാണെന്നു മാത്രം. (ഈഴവന്മാരും നായന്മാരും തമ്മിൽ അടി കൂടുന്നെന്ന് കേട്ടമാത്രയിൽ നാരായണഗുരു: ‘‘ അങ്ങനെങ്കിലും അവരൊന്ന് അടുക്കുമല്ലോ.’’)
ശുഭാപ്തി ചിന്തയുടെ ധമനികൾ തരിക മറ്റൊരു ചരിത്രഭാഷ്യമാണ് –കാര്യങ്ങൾ മെച്ചപ്പെടുന്നു, കാലം കഴിയുന്തോറും. പോയ നൂറ്റാണ്ടുകളെ അപേക്ഷിച്ച് അക്രമം കുറഞ്ഞു, ആയുസ്സു കൂടി. രോഗങ്ങൾ കീഴടക്കി, അടങ്ങാത്തവ ദുർബലമാക്കി. പട്ടിണി ക്ഷയിക്കുന്നു, പടയുടെ തോതും. അക്കണക്കിന് നാം മുന്നോട്ടല്ലേ? ഈ കാഴ്ചക്ക് കാതലിട്ടത് കാന്റ്: ‘‘മനുഷ്യന് ആന്തരികമായി ഒരു രാഷ്ട്രീയഘടന സംജാതമാക്കാനുള്ള പ്രകൃതിയുടെ ഗുഹ്യപദ്ധതിയായി വേണം ചരിത്രത്തെ കണക്കാക്കാൻ. അത്തരം അവസ്ഥയിലേ പ്രകൃതി നമ്മിൽ പാകിയ ശേഷികളെല്ലാം പൂർണമായി വികസിക്കൂ.’’
ഈ നോട്ടപ്രകാരം അറിേവറുമ്പോൾ കൂടുതൽ സുരക്ഷിതനും വിവേകിയുമായി ഭേദപ്പെടാനുള്ള കരുത്തുമേറും. മനുഷ്യന് അവ്വിധം മേൽഗതി നടക്കുന്നുമുണ്ട് –സകലമാന തൊന്തരങ്ങൾക്കിടയിലും. അണുകണം പിളർത്തി ഊർജമെടുത്തു, ജനിതകം മലർത്തി തലേലെഴുത്ത് വായിച്ചു, പ്രതിരോധ കുത്തിവെപ്പുകൊണ്ട് മാറാദീനങ്ങൾ മാറ്റി, സിരാന്തരം ചികഞ്ഞ് ദേഹനിയന്ത്രണം കവർന്നു, ചന്ദ്രനിൽ കാലുവച്ചു, ഉൽപത്തിനിമിഷം ‘കാണാൻ’ കണ്ണുള്ള ദൂരദർശിനി വരെ വച്ചു. ഇന്റർനെറ്റ് നെയ്തു, കൃത്രിമബുദ്ധി ചമച്ചു...
അങ്ങനിരിക്കെ അതാ പുടിൻ എന്നൊരുവൻ വന്ന് യുക്രൈൻ പൊടിക്കുന്നു, മനുഷ്യരാശി ഒരു നൂറ്റാണ്ട് പിന്നോട്ടടിക്കുന്നു. നെതന്യാഹു എന്ന മറ്റൊരുവൻ വന്ന് ഗസ്സ ചുെട്ടരിക്കുന്നു, മനുഷ്യരാശി മധ്യകാല തമസ്സിൽ പതിക്കുന്നു. മാധ്യമങ്ങളിലെ നടപ്പുവൃത്താന്തങ്ങൾക്ക് മനംകൊടുത്താൽ, മനുഷ്യവംശത്തിന്മേലുള്ള പ്രതീക്ഷ കൂപ്പുകുത്തും. അപ്പോഴും വിസമ്മതിക്കും ശുഭാപ്തിമനസ്സ്: ഏയ്, ഇത്രടം പിടിച്ചെത്തിയില്ലേ, എങ്കിൽ ഇനിയും തുടരും അതിജീവനം. ആട്ടെ, എന്തായിട്ടാവും അതിജീവനം?
ക്രൂരതയും കൂട്ടഹത്യയും യാതനകളോടുള്ള അലംഭാവവും തികഞ്ഞ സാധാരണത നേടിയിരിക്കുന്നു. അതു മാത്രമല്ല, പുതിയ ‘നോർമൽ’. ഇപ്പറഞ്ഞ അലംഭാവം സൃഷ്ടിക്കുന്ന അകശൂന്യത നികത്താൻ പറ്റിയ വഹകണ്ട് നിത്യജീവിതം നിറയ്ക്കുന്ന പ്രവണത കൂടിയാണ്. രാഷ്ട്രീയത്തിലെ അന്തസ്സാരശൂന്യമായ വാഗ്ധോരണി, നിയമസഭകളിലെ വാക്കൗട്ടും ഗോഗ്വായുംപോലുള്ള പ്രഹസനങ്ങൾ, തെരുവിൽ ആൾബലം കാട്ടി നെഗളിക്കുന്ന ജന‘സേവനം’, സർവം പഴിച്ച് സ്വയം പുകഴ്ത്തുന്ന മാധ്യമങ്ങളുടെ കിടപ്പോര്, വെള്ളിനക്ഷത്രങ്ങളുടെ എതംകെട്ട എഴുന്നെള്ളിപ്പ്, പ്രതീതിമാധ്യമങ്ങളിലെ വൈറൽപനി, മനുഷ്യന് എത്രകണ്ടുണ്ട് ഹിസംക്ക് ശേമുഷിയെന്ന് വിളംബരപ്പെടുത്തുന്ന കാക്കിക്കവാത്ത്, അതിന് നെഞ്ചിലടിച്ചാർക്കുന്ന ദേശാഭിമാനം, ആർത്തില്ലേൽ ചാർത്തുന്ന അപരാധിമുദ്ര... ദയനീയമാണ് മനുഷ്യചരിത്രത്തിന്റെ പുറംചട്ടപോലും. നിഷ്ഠുരതയും വെറുപ്പും ആൾക്കൂട്ടവെറിയും അവയോടുള്ള മേൽത്തരം അലംഭാവവുമാണ് മനുഷ്യഗതി പരുവപ്പെടുത്തുന്നത്, ഇന്നും ഇന്നലെയും. അതിന്മേൽ കിട്ടിയ മുന്നറിയിപ്പുകൾക്കില്ല പഞ്ഞം. അവയ്ക്കൊന്നും കിട്ടാറില്ല കാത്. എങ്കിലും, ഓർമിക്കാതെ വയ്യ കൂട്ടത്തിലൊന്ന്: ‘‘തിന്മയുടെ ജയത്തിന് അനിവാര്യമായ ഒരേയൊരു കാര്യം– നന്മയുള്ളവരുടെ അകർമം.’’ (ജോൺ സ്റ്റുവർട്ട് മിൽ).
ലോകത്തിന്റെ തിന്മകൾക്കു മുമ്പിൽ ഇമപൂട്ടി നാം ഇനിമ തേടുകയാണ് കുടുംബത്ത്, ചങ്ങാതിത്തണലത്ത്, പ്രതീതിലോകത്ത്. സ്വദൈവങ്ങൾക്ക് കനകംപൊതിഞ്ഞ് ഭക്തിക്ക് 916-മാറ്റ് വരുത്തുന്നു, അന്യദൈവങ്ങൾക്ക് കരിയടിച്ച്. വിയോഗങ്ങളിൽ വിലാപകവിത ചൊല്ലുന്നു, ജീവിച്ചിരിക്കെ തിരിഞ്ഞുനോക്കാതെ. ഇടയ്ക്കൊക്കെ വിശാലഹൃദയരുമായിക്കളയും, സ്വന്തം മടമകളിൽ ആത്മഹാസം പ്രദർശിപ്പിച്ച്, കലകളിലും ശാസ്ത്രത്തിലുമുള്ള നേട്ടങ്ങൾക്ക് ചുമ്മാ കയ്യടിച്ച്. ദുരന്തങ്ങളിൽ സഹതാപം വാർത്ത് –കാണിക്കയിട്ടോ സെൽഫിയെടുത്തോ. എന്നിട്ടോ, അതെല്ലാം ശഠേന്ന് മറന്നുവയ്ക്കുന്നു. സൗകര്യപ്രദമായ ഈ മറവികൾക്കെല്ലാം അപ്പുറമൊരു മറവിയുണ്ട് –ഭൂമിപ്പുരയിൽ ഇത്തിരി നേരമേ നമുക്കുള്ളെന്ന നേര്. എന്നിരിക്കെ, ഇത്തിരികൂടി നെറിയും നെഞ്ചലിവുമായി പുലരാത്തത് ഒട്ടുമേ മാനുഷികമല്ലെന്ന നേര്. മൗലികമായ ഈ മറവിയിൽനിന്നാണ് കാതലായ ഒരു ചോദ്യം പിറക്കുന്നത് –നാം ജീവിക്കുന്നുണ്ടോ, മറ്റുള്ളോർ ജീവിക്കുന്നെങ്കിൽ?

അന്ധാളിപ്പിക്കുന്ന ചോദ്യം, ല്ലേ?
എഴുപത്തഞ്ചാം വയസ്സിൽ, ഇനിയും വൃദ്ധമാകാത്തൊരു മനസ്സിൽനിന്നുതിർന്നതാണത്:
When we honour others,
We must deprecate ourselves
Do we then live, if others do?
(വെസ്റ്റ്-ഈസ്റ്റേൺ ദീവാൻ/ ഗെയ്ഥെ).
ഒറ്റനോക്കിൽ മുഖച്ഛായ സാഹിതീയമാണ് –മഹത്തുക്കളുടെ അസ്തിത്വം എന്റേതിന്റെ മൂല്യം ഇളയ്ക്കുമോ/ കെടുത്തുമോ എന്ന കവിയുടെ ഉദ്വേഗം. സർഗമറനീക്കിയാൽ ചോദ്യം നങ്കൂരമാഴ്ത്തുന്നത് നടുക്കുന്നൊരു നേരിന്മേലാണ് –മറ്റുള്ളവരുള്ളത് എനിക്ക് പ്രശ്നമാകുന്നത് അവർ എനിക്ക് ‘അപര’രായതുകൊണ്ടല്ലേ? ഇന്ന് ഭൂമിയിൽ ഓരോരുത്തർക്കും 800 കോടി വരും മറ്റുള്ളവർ (എണ്ണത്തിനിവിടെ കാര്യമില്ലെങ്കിലും). അവരുടെ ജീവിതം എന്റേതുപോലെ യഥാർഥമാണോ എനിക്ക്? ലോകത്തെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമുള്ള എണ്ണമറ്റ ചിന്തകൾ, സ്വപ്നങ്ങൾ, നൊമ്പരങ്ങൾ, ആഹ്ലാദങ്ങൾ... ഒന്നും എന്റേതല്ല, ഉൾക്കൊള്ളാൻ നന്നേ ദുഷ്‍കരം. അതുകൊണ്ടാണ് മനസ്സ് അവയൊക്കെ ഒഴിവാക്കുന്നത്. എത്രയെത്ര ജീവിതങ്ങൾ, ഓരോന്നും ആയിരക്കണക്ക് തലമുറകളുടെ ഉൽപന്നം. അത്ര ബൃഹത്തായ കൂട്ടത്തെ ഒരാൾ എങ്ങനെയാണ് ഗ്രഹിക്കുക, ഉൾക്കൊള്ളുക? ലോകത്തെ സകല മനസ്സുകളും ഉൾക്കൊള്ളുന്ന മനസ്സ്, വ്യക്തിബോധമോരോന്നിനും ഇടമുള്ള അതിരില്ലാപ്പുര –പ്രപഞ്ചത്തോളം പോന്ന പ്രതിലോമ ശേഷിക്കായുള്ള ഈ ചിന്തയാവില്ലേ ദൈവസങ്കൽപത്തിന്റെ നാന്ദി?
അരണ്ടും വിരണ്ടും മനുഷ്യൻ എത്രയോ ദൈവങ്ങളെ സങ്കൽപിച്ചു, ചരിത്രാതീതകാലംതൊട്ട്. ഒന്നെടുത്ത് മറ്റൊന്നിനെ തടുത്തു. പലതും തച്ച്, ചിലത് പോറ്റി. ദൈവങ്ങൾക്കുവേണ്ടി കൊല്ലും കൊലയും നടത്തി. ദൈവപ്പെരുക്കം, അഭയം ഹനിച്ച് ഭയം വിതച്ചപ്പോൾ മനുഷ്യൻ പോംവഴി നോക്കി. ഒരുപാടിനെ ഹരിച്ചരിച്ച് ഒടുവിൽ ഒരെണ്ണത്തിലെത്തി. ആറ്റിക്കുറുക്കി അനേകത്തിൽനിന്ന് ഏകത്തിലെത്താൻ കഴിയുമെങ്കിൽ, ആ ഒന്നിനെയും തട്ടിക്കിഴിക്കാൻ കഴിയുമെന്ന റിച്ചഡ് ഡോകിൻസിന്റെ നിഗമനത്തിന് ഭദ്രതയുണ്ട്, യുക്തിഭാഷയിൽ. നേരേമറിച്ച്, സർവ മനസ്സുകളെയും ആവഹിക്കുന്ന ഒരേകകത്തിൽ കൊണ്ടെത്തിച്ചതുമായിക്കൂടേ, മനുഷ്യൻ, ആ ചുമരില്ലാപ്പുരയിൽ?
പ്രശ്നം ദൈവങ്ങളുടേതല്ല, മനുഷ്യർക്ക് പരസ്പരം ഉൾക്കൊള്ളാൻ അടിസ്ഥാനപരമായി കഴിയുന്നില്ലെന്നതാണ്. ഓരോരുത്തരും സ്വന്തം മനോലോകത്ത് മുഴുകിക്കഴിയുന്നു. അതിലേക്ക് മറ്റുള്ളോർക്ക് പ്രവേശനമില്ല. തോമസ് മൻ ഡയറിയിൽ കുറിക്കുന്നു. ‘‘ലോകത്ത് ഞാൻ തനിച്ചല്ലെന്ന് ഓർമിക്കുന്നത് സദാ അലോസരതയാണ്.’’ മറ്റുള്ളവർ ഇല്ലാതിരിക്കണമെന്ന് മനുഷ്യൻ ആശിക്കുമോ –സ്വന്തം അസ്തിത്വത്തിന്റെ സാധുതക്ക് ഭംഗംവരുത്താൻ മറ്റാരുമരുതെന്ന്?

ഇല്ല. കാരണം, ഒറ്റയാന്റെ പ്രകൃതമുണ്ടായിരിക്കെയും തീർത്തും ഏകാകിയാവാൻ ഒരാളും ആഗ്രഹിക്കുന്നില്ല. ജീവപരിണാമവും സിരാപടലവും മനുഷ്യജീവിതത്തെ അങ്ങനെയാക്കിത്തീർത്തു. മറ്റു മനസ്സുകളുടെ സാമീപ്യം തെല്ലുമില്ലെങ്കിൽ സ്വസ്ഥമാവില്ല ശിരസ്സത്ര. എന്നാൽ, അതേ അപരമനസ്സുകൾ ഏതൊരാളിന്റെയും ജീവിതം പ്രശ്നഭരിതമാക്കുന്നു. വിരുദ്ധങ്ങളായ രണ്ട് യാഥാർഥ്യങ്ങളുടെ സംഘർഷനടുവിലാണ് മനുഷ്യൻ. ഒന്ന്, തനിക്ക് പുറത്തായി മറ്റുള്ളവർ മിണ്ടുന്നു, മകിഴുന്നു, ചിരിക്കുന്നു, കരയുന്നു, ജീവിക്കുന്നു, മരിക്കുന്നു. അതിലൊന്നും തനിക്ക് കാര്യമില്ല. രണ്ട്, ഇപ്പറഞ്ഞ ‘അകാര്യ’ങ്ങൾ തന്റെ ജീവിതത്തിൽ കയറിയിറങ്ങുകയും ചെയ്യുന്നു, സമ്മതിച്ചാലും ഇല്ലെങ്കിലും. ഈ സംഘർഷം അസ്വസ്ഥപ്പെടുത്തുന്നൊരു സമ്മതമാണ് –ഒരാളിന്റെ അസ്തിത്വം മറ്റുള്ളോരുടേതിനേക്കാൾ ഒട്ടും അനിവാര്യമല്ലെന്നതിന്റെ. അപരജീവിതങ്ങൾ ഈ അർഥത്തിലാണ് അലോസരതയാവുക. ഓരോരുത്തർക്കും ഏറ്റവും പ്രസക്തം സ്വന്തം ജീവിതമാണെന്നിരിക്കെ, അതിനെ അപ്രസക്തമാക്കുന്നത് എങ്ങനെ അലോസരമല്ലാതിരിക്കും?
ഇവിടെ ഷോപനോവറുടെ മനക്കണക്ക് മനുഷ്യന് തുണയാവുന്നു –നാലിൽ മൂന്നും കളയൽ. സത്യത്തിൽ, പരിണാമപരമായ വഴക്കമാണിത്, സാമൂഹികജീവിയാകാൻ മസ്തിഷ്‍കം ഇഴപാകപ്പെട്ടശേഷം ആർജിച്ചത്. കീറ്റ്സ് പറഞ്ഞ, എല്ലാം ഉൾക്കൊള്ളുന്ന ‘പ്രതിലോമ ശേഷി’യുടെ അഭാവം പരിഹരിക്കാനുള്ള ജീവനവഴി. അതിന്റെ നാലുമുക്കിൽ വെച്ച് ഗെയ്ഥെ തേടിയ ഉത്തരത്തെ നാം കണ്ടുമുട്ടുന്നു: –ഉവ്വിഷ്ടാ, മറ്റുള്ളോർ ജീവിക്കെ നാമും ജീവിക്കുന്നു. ജീവിപ്പത് ആരുടെ ജീവിതമെന്ന ഉപചോദ്യമരുത് –ശവത്തിൽ കുത്തരുത്, നാലിൽ മൂന്നും ത്യജിക്കുന്നോരുടെ.
