Begin typing your search above and press return to search.
proflie-avatar
Login

സാമൂഹികതയും സെക്കുലർ രാഷ്ട്രീയവും

സാമൂഹികതയും സെക്കുലർ രാഷ്ട്രീയവും
cancel
പൊതുമണ്ഡലത്തിലെ രാഷ്​ട്രീയ പ്രവർത്തനത്തെയും നവ മാധ്യമങ്ങളിൽകൂടിയുള്ള ഇടപെടലിനെയും യഥാർഥം / സാങ്കൽപികം എന്ന വ്യത്യാസമില്ലാതെ സാമൂഹികതയുടെ ഭാഗമായി കണ്ടുകൊണ്ട്, ഉയർന്നു വരുന്ന ഒരു രാഷ്​ട്രീയമാണോ സവർണ ഫാഷിസ്​റ്റ്​​ രാഷ്​ട്രീയത്തിന് ബദലാവുക? രാജ്യത്ത്​ നടപ്പായ 'സെക്കുലറിസ'വും രാഷ്​ട്രീയവും എങ്ങനെയൊക്കെയാണ്​ സാമൂഹികതയിൽനിന്ന്​ അകന്നുപോയത്​? എന്താണ്​ പൊളിച്ചെഴുത്ത്​ -വിശകലനം.

സ്വതന്ത്ര ഇന്ത്യയിലെ രാഷ്​ട്രീയത്തെ കുറിച്ചുള്ള വിശകലനങ്ങളിൽ സെക്കുലറിസം എക്കാലത്തും ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയം ആണ്. സെക്കുലറിസത്തി​െൻറ അംഗീകരിക്കപ്പെട്ട മലയാള തർജമ 'മതേതരത്വം' എന്നാണ്. ''മതം രാഷ്​ട്രീയത്തിൽ ഇടപെടുന്നു'', ''രാഷ്​ട്രീയക്കാർ ഒരു പ്രത്യേക മതത്തെ പ്രീണിപ്പിക്കുന്നു'', ''മതവും രാഷ്​ട്രീയവും കൂട്ടി കുഴയ്ക്കുന്നു'' തുടങ്ങിയ പ്രസ്താവനകൾ മതത്തെ കുറിച്ചും രാഷ്​ട്രീയത്തെ കുറിച്ചും ഉള്ള പ്രത്യേക അനുമാനങ്ങളെ ആസ്പദമാക്കി രൂപപ്പെടുന്നവയാണ്. കൊളോണിയൽ കാലത്ത് രൂപപ്പെട്ടുതുടങ്ങിയ ഈ അനുമാനങ്ങൾക്ക് സ്വാതന്ത്ര്യത്തിനു ശേഷം കാര്യമായ മാറ്റം സംഭവിച്ചു. ഈ മാറ്റത്തെക്കുറിച്ചുള്ള പഠനങ്ങളിൽ മതം പ്രധാന സംവർഗമാണെങ്കിലും, സാമൂഹികതയും സെക്കുലറിസവും തമ്മിലുള്ള ബന്ധത്തി​െൻറ ചരിത്രത്തിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. ഈ ബന്ധവും അതി​െൻറ അടിസ്ഥാനത്തിൽ രാഷ്​ട്രീയ പ്രയോഗങ്ങൾക്ക് വന്ന മാറ്റവും ആണ് ഈ ലേഖനത്തി​െൻറ അന്വേഷണ വിഷയം. ഇന്ത്യയിൽ സെക്കുലറിസം എന്നത്, മതവും രാഷ്​ട്രീയവും തമ്മിലുള്ള ബന്ധത്തെക്കാൾ സാമൂഹികതയും രാഷ്​ട്രീയവും തമ്മിലുള്ള വിഭജനത്തിൽ ആണ് ഊന്നുന്നത് എന്നതാണ് ഇതിലെ പ്രധാന വാദം.
രാഷ്​ട്രീയം എന്ന സംജ്ഞ ഈ ലേഖനത്തിൽ വിവിധ കാര്യങ്ങളെ സൂചിപ്പിക്കുന്നു. അത് പ്രാഥമികമായും അധികാരത്തെ സംബന്ധിക്കുന്ന ഒരു വ്യവഹാരവും പ്രക്രിയയും ആണ്. എന്നാൽ പലപ്പോഴും ഈ നിർവചനത്തിൽ അധികാരം എന്നത് ഭരണകൂട അധികാരമായി ചുരുക്കപ്പെടാറുണ്ട്. ഇത്തരം ചുരുക്കലുകളെ ചോദ്യംചെയ്ത്​ രാഷ്​ട്രീയത്തെ പുനർനിർവചിക്കുന്നതിനും നമ്മൾ സാക്ഷി ആയിട്ടുണ്ട്. (വ്യക്തിപരമായത്, രാഷ്​ട്രീയമാണ് തുടങ്ങിയ പ്രസ്താവനകൾ ഓർമിക്കുക). വേറൊരു തരത്തിൽ പറഞ്ഞാൽ രാഷ്​ട്രീയം എന്ന സംജ്ഞക്ക് വിവിധ കാലങ്ങളിൽ വരുന്ന വിവിധ അർഥങ്ങളെ ആണ് ഈ ലേഖനം പരിശോധിക്കുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ പൊതു- സ്വകാര്യ വ്യത്യാസം ഇല്ലാതെ ആധുനിക രാഷ്​ട്രീയം രൂപംകൊള്ളുന്നതും പിന്നീട് സാമൂഹികതയെ മാറ്റിനിർത്തുന്ന സെക്കുലർ രാഷ്​ട്രീയം ഉദയം ചെയ്യുന്നതുമാണ് ഇവിടെ പരിശോധിക്കുന്നത്. സാമൂഹികത എന്നതുകൊണ്ട്​ ഇവിടെ ഉദ്ദേശിക്കുന്നത്, പൊതുവിന് വിപരീതമായി സ്വകാര്യം എന്നു വിളിക്കുന്ന മേഖലയെ, അഥവാ വ്യക്തി, ജാതി, കുടുംബം, ലിംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട അധികാര പ്രയോഗങ്ങൾ നടക്കുന്ന മണ്ഡലത്തെ ആണ്. ഇതിൽ ഭക്ഷണം, വസ്ത്രം, ലിംഗപദവി, ജാതി മത വിശ്വാസങ്ങളും ആരാധനാ ക്രമങ്ങളും എന്നിവയൊക്കെ ഉൾപ്പെടും. ഇവക്ക്​ മുകളിലുള്ള അധികാരങ്ങളെ ചോദ്യം ചെയ്യുന്ന രാഷ്​ട്രീയത്തെ ജാതീയത ആയും വർഗീയത ആയും കണക്കാക്കി മാറ്റിനിർത്തുന്ന ഒന്നാണ് സ്വതന്ത്ര ഇന്ത്യയിലെ സെക്കുലർ രാഷ്​ട്രീയം.
പത്തൊമ്പതാം നൂറ്റാണ്ടിൽ ആധുനിക രാഷ്​ട്രീയ പ്രക്രിയകൾ രൂപപ്പെട്ടുവരുമ്പോൾ അതി​െൻറ പ്രധാന മണ്ഡലങ്ങൾ ജാതി, മതം, വിശ്വാസം, കുടുംബഘടന, ലിംഗാധികാരങ്ങൾ എന്നിവ ആയിരുന്നു. തിരുവിതാംകൂറിൽ ചാന്നാർ സമുദായം നടത്തിയ വിവിധ പ്രക്ഷോഭങ്ങൾ, മലബാറിൽ 1850കൾ മുതൽ മുസ്​ലിംകൾ നടത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ, മഹാരാഷ്​ട്രയിൽ​ ജോതി ഫൂലെയുടെ നേതൃത്വത്തിൽ നടന്ന ജാതിവിരുദ്ധ പ്രചാരണങ്ങൾ, പൊയ്കയിൽ അപ്പച്ച​െൻറയും അയ്യൻകാളിയുടെയും പിന്നീട് ശ്രീനാരായണ ഗുരുവി​െൻറയും നേതൃത്വത്തിൽ ഉള്ള ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾ തുടങ്ങി കീഴാള വിഭാഗങ്ങളിൽനിന്നുള്ളവർ നേതൃത്വം നൽകിയ രാഷ്​ട്രീയ പ്രവർത്തനങ്ങൾ എല്ലാംതന്നെ ജാതി-ലിംഗ ബന്ധങ്ങളുടെ പുനർക്രമീകരണം, മതപരിഷ്കരണം, മത സ്വാതന്ത്ര്യം, കുടുംബ ഘടനയുടെ പൊളിച്ചെഴുത്ത് എന്നിവയിൽ ഊന്നിക്കൊണ്ടായിരുന്നു. ഭക്ഷണം, വസ്ത്രം, വിവാഹം, ആരാധന, വഴിനടപ്പ്, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെ ഇന്ന് വ്യക്തിപരമെന്നും പൊതുവെന്നും കരുതുന്ന എല്ലാം അത്തരം ഒരു വിഭജനം കൂടാതെ തന്നെ രാഷ്​ട്രീയ പ്രവർത്തനത്തി​െൻറ വിഷയങ്ങളായിരുന്നു. കീഴാള രാഷ്​ട്രീയത്തിൽ മാത്രമല്ല, മേൽജാതി പരിഷ്കരണ പ്രസ്ഥാനങ്ങളും പൊതു, സ്വകാര്യം എന്ന വ്യത്യാസമില്ലാതെ മേൽപ്പറഞ്ഞ വിഷയങ്ങൾ ഏറ്റെടുത്തു പ്രചാരണങ്ങൾ നടത്തി. ബംഗാളിലെ സതിക്കെതിരായ സമരങ്ങൾ, സ്​ത്രീ വിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങൾ, മരുമക്കത്തായ പരിഷ്കരണത്തിനായി നിയമം കൊണ്ടുവരാനുള്ള മലബാറിലെ നായന്മാരുടെ പരിശ്രമങ്ങൾ എന്നിവയും ഇന്ന് സ്വകാര്യം എന്നു വിളിക്കുന്ന മേഖലയിൽ ഉള്ള രാഷ്​ട്രീയ പ്രവർത്തനത്തി​െൻറ സൂചകങ്ങൾ ആയിരുന്നു.
1887ൽ എം.ജി. റാനഡേയും രഘുനാഥ റാവുവും ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ നാഷനൽ സോഷ്യൽ കോൺഫറൻസിനെ ആയിരിക്കാം രാഷ്​ട്രീയത്തെയും സാമൂഹിക പരിഷ്കരണത്തെയും വേർതിരിക്കുന്നതി​െൻറ ആദ്യസൂചനയായി കാണാൻ കഴിയുക. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ വാർഷിക സമ്മേളനത്തിന് അകത്തുതന്നെ, പ്രത്യേകം സാമൂഹികസമ്മേളനം സംഘടിപ്പിക്കാൻ തുടങ്ങിയതോടെ പൊതു / സ്വകാര്യം എന്നിങ്ങനെ രാഷ്​ട്രീയപ്രവർത്തനത്തി​െൻറ മേഖലയെ വിഭജിക്കുകയും അതിനനുസൃതമായി അജണ്ട തീരുമാനിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ സ്വകാര്യം എന്നു വിശേഷിക്കപ്പെട്ടതോ സാമൂഹികം എന്നു വേർതിരിച്ചതോ ആയ മേഖലയിൽകൂടി കോൺഗ്രസ്​ ഇടപെടേണ്ടതുണ്ട് എന്നായിരുന്നു നേതൃത്വത്തി​െൻറ ഈ കാലഘട്ടത്തിലെ നിലപാട്. സാമൂഹികതയെ ഇവിടെ വേർതിരിച്ചു എങ്കിലും ആ മണ്ഡലത്തിൽ കോൺഗ്രസ്​ തുടർന്നും സജീവമായി ഇടപെട്ടു. ഇരുപതാം നൂറ്റാണ്ടി​െൻറ ആദ്യ ദശകങ്ങളിൽ ഇതിൽ മാറ്റം വരാൻ തുടങ്ങി. മുൻപ് തന്നെ ഇതി​െൻറ സൂചനകൾ ഉണ്ടായിരുന്നു എങ്കിലും ബാലഗംഗാധര തിലകനെപോലുള്ളവർ നേതൃത്വം ഏറ്റെടുക്കുന്നതോടെ സോഷ്യൽ കോൺഫറൻസിന് എതിരായ നിലപാട് ശക്തമാവുകയും സാമൂഹികപരിഷ്കരണത്തെ തള്ളിപ്പറയുന്നതിലേക്ക് എത്തുകയും ചെയ്തതായി, അംബേദ്കർ ജാതി ഉന്മൂലനം എന്ന ലേഖനത്തിൽ സൂചിപ്പിക്കുന്നു. എന്നാൽ കോൺഗ്രസ്​ നേതൃത്വത്തിലേക്ക് ഗാന്ധി വരുന്നതോടുകൂടി സാമൂഹിക രംഗത്ത് ഉള്ള രാഷ്​ട്രീയത്തിന് വീണ്ടും പ്രാധാന്യം ലഭിച്ചു.

ബാലഗംഗാധര തിലക്, ജോതി ഫൂലെ, എം.ജി. റാനഡേ


രാഷ്​ട്രീയത്തിൽനിന്ന്​ സാമൂഹികതയുടെ വേർതിരിവ് പരസ്പര വിരുദ്ധവും എന്നാൽ ബന്ധപ്പെട്ടതും ആയ രണ്ട് പ്രധാന പ്രവണതകൾക്ക് തുടക്കം കുറിച്ചു. ഇതിൽ ഒന്നാമത്തേതായ, സ്വകാര്യം/ പൊതു എന്ന വിഭജനവും, രാഷ്​ട്രീയത്തെ പൊതു മണ്ഡലത്തിൽ പ്രതിഷ്​ഠിക്കലും അതിനനുസൃതമായ ലിംഗപദവി നിർണയങ്ങളും ഇതിനകം തന്നെ പല പഠനങ്ങളിലൂടെ വിവരിക്കപ്പെട്ടിട്ടുള്ളതാണ്. രണ്ടാമത്തെ പ്രവണത വളരെ ചുരുക്കം പഠനങ്ങൾക്കേ വിഷയം ആയിട്ടുള്ളൂ. അത് ജാതി ഉപജാതി അടിസ്ഥാനത്തിൽ ഉള്ള ശ്രേണീകൃത ഉച്ചനീചത്വത്തിൽനിന്ന്​ സവർണ/അവർണ ദ്വന്ദ്വം രൂപംകൊള്ളുന്നതാണ്. അടിസ്ഥാനപരമായി പ്രാദേശികമായി പ്രവർത്തിക്കുന്ന ജാതിയെ ദേശീയാടിസ്ഥാനത്തിൽ വ്യാഖ്യാനിച്ചും വർണം എന്ന പരികൽപനയിലേക്ക് പ്രക്ഷേപിച്ചും ആണ് ജാതിയെകുറിച്ചുള്ള ദേശീയ വ്യവഹാരം രൂപംകൊള്ളുന്നത്. 1891 മുതലുള്ള സെൻസസ് റിപ്പോർട്ടുകളിൽ ആയിരക്കണക്കിനുള്ള ജാതികളെ വർണത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതി​െൻറ ആധികൾ കാണാം. സാമൂഹികമണ്ഡലത്തിലെ ഉയർന്ന ജാതി വ്യവഹാരങ്ങളെ (ഇന്ത്യൻ ചരിത്രം, ഇന്ത്യൻ സംസ്കാരം എന്നിങ്ങനെ) ദേശീയത ആയി വിവർത്തനം ചെയ്ത്, അവയുടെ രാഷ്​ട്രീയത്തിലുള്ള സ്വാധീനത്തെ സ്വാഭാവികം ആക്കുകയും കീഴാള വിശ്വാസങ്ങളും പ്രവൃത്തികളും ആധുനികപൂർവവും അന്ധവിശ്വാസജടിലവും തള്ളിക്കളയേണ്ടതും ആയവ ആയി മാറ്റിനിർത്തുകയും ചെയ്ത പ്രക്രിയ മേൽപ്പറഞ്ഞ പ്രവണതയുടെ അനുബന്ധം ആണ്. ഇതിലൂടെ ദേശീയത സവർണസാമൂഹികതയുടെ രാഷ്​ട്രീയരൂപമാകുകയും അവർണ സാമൂഹികത ജാതീയത ആയും വിഭാഗീയത ആയും രാഷ്​ട്രീയത്തിന്​ പുറത്ത് അയിത്തം കൽപിച്ച് നിർത്തപ്പെടുകയും ചെയ്തു. ഹിന്ദു ഒരു മതമായി രൂപംകൊള്ളുന്നതും, മുസ്​ലിം മതത്തിന് എതിരായി അതിനെ പ്രതിഷ്ഠിക്കുന്നതും ഹിന്ദുമതത്തി​െൻറയും ഇന്ത്യയുടെയും ചരിത്രത്തെ ഏകോപിപ്പിക്കുന്നതും ഇതിന് സമാന്തരമായി നടന്ന പ്രക്രിയ ആണ്. ഇവിടെ ഹിന്ദുവെന്ന് വ്യാഖ്യാനിക്കപ്പെട്ട സവർണത മേൽപ്പറഞ്ഞപോലെ ദേശീയ രാഷ്​ട്രീയമാവുകയും മറ്റു മതങ്ങളുടെ ഇടപെടലുകൾ വർഗീയത ആയി മാറുകയും ചെയ്യുന്ന പ്രക്രിയയിലൂടെ ആണ് സെക്കുലറിസം ഇന്ത്യയിൽ ഉദയം ചെയ്യുന്നത്. ഹിന്ദു-മുസ്​ലിം സാഹോദര്യത്തെക്കുറിച്ചും മറ്റും ഉയർന്നുവന്ന ആശയങ്ങളിൽ, ഗാന്ധിയൻ സങ്കൽപത്തിൽ, പിന്നീട് വന്ന ഇന്ത്യൻ പീപ്പിൾ തിയറ്റർ അസോസിയേഷൻ പോലുള്ള പുരോഗമന സംഘടനകളുടെ പ്രചാരണങ്ങളിൽപോലും ഉള്ള ഹിന്ദു ഇങ്ങനെ ദേശീയതയിൽ അലിഞ്ഞുചേർന്ന സവർണ ഹിന്ദു ആയിരുന്നു.
1930കൾ മുതൽ അംബേദ്കർ സാമൂഹിക മണ്ഡലത്തിലെ അധികാരത്തെ ചോദ്യം ചെയ്യുന്ന, അഥവാ സാമൂഹികതയെ രാഷ്​ട്രീയത്തിൽനിന്നും മാറ്റിനിർത്താനുള്ള ശ്രമത്തെ ചോദ്യംചെയ്യുന്ന രാഷ്​ട്രീയം രൂപപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഗാന്ധിയുടെ രാഷ്​ട്രീയ നിർവചനവും ഇത്തരത്തിൽ ഉള്ളതുതന്നെ ആയിരുന്നു. എന്നാൽ സാമൂഹിക മണ്ഡലത്തിലെ അധികാര ബന്ധത്തെ എങ്ങനെ മാറ്റിത്തീർക്കാം എന്നതിനെ കുറിച്ച് രണ്ടുപേർക്കും വിപരീത അഭിപ്രായങ്ങൾ ആണ് ഉണ്ടായിരുന്നത് എന്നതാണ് അവർ തമ്മിലുള്ള എതിർപ്പി​െൻറ മുഖ്യ കാരണം. അംബേദ്കറുടെ വിവിധ പ്രവർത്തനങ്ങൾ സെക്കുലറിസ്​റ്റ്​ നിർവചനങ്ങളിൽ, ജാതീയതയും വർഗീയതയും ആയാണ് കണക്കാക്കപ്പെടുക. അദ്ദേഹത്തി​െൻറ ഒടുവിലത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ രാഷ്​ട്രീയ പ്രവർത്തനം മതപരിവർത്തനം ആയിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. സവർണ ഹിന്ദുത്വത്തെ വെല്ലുവിളിക്കുന്നതിന് രാഷ്​ട്രീയ സംഘടനകളെക്കാൾ മതത്തിൽതന്നെ ഊന്നിയ ബദൽ രാഷ്​ട്രീയത്തിനാണ് സാധ്യമാവുക എന്ന് അംബേദ്കർ വിശ്വസിച്ചു. ഗാന്ധിയുടേത് മതസൗഹാർദത്തി​െൻറ രാഷ്​ട്രീയവും (ഇപ്പോഴും പല ഇടതുപക്ഷ വ്യവഹാരങ്ങളിൽപോലും ഗാന്ധി ആണ് മതേതരത്വത്തി​െൻറ ആത്യന്തിക ബിംബം) അംബേദ്കറുടേത് വിഭാഗീയ രാഷ്​ട്രീയവും എന്ന് അധീശ വ്യവഹാരങ്ങൾ ഇപ്പോഴും വ്യാഖ്യാനിക്കുന്നത് സവർണ സാമൂഹിക അധികാരത്തിന് ദേശീയതയുടെ പേരിൽ ലഭിക്കുന്ന അംഗീകാരത്തി​െൻറ സൂചന ആണ്.
സ്വാതന്ത്ര്യത്തോടെ രാഷ്​ട്രീയത്തിന് പുതിയ ഭാവങ്ങൾ കൈവന്നു. എല്ലാവർക്കും വോട്ടവകാശമുള്ള ജനാധിപത്യ സംവിധാനം നിലവിൽ വന്നതുകൊണ്ട്, എല്ലാ പരിഷ്കാരങ്ങളും മാറ്റങ്ങളും നടത്തേണ്ട പരമാധികാരം ഭരണകൂടത്തിന് രാഷ്​ട്രീയ കക്ഷികൾ കൽപിച്ചുകൊടുത്തു. ഭരണകൂടത്തിൽ പങ്കാളിയാവുക, അതല്ലെങ്കിൽ വിമർശിച്ച് നേർവഴിക്ക് നടത്തുക എന്നതാണ് രാഷ്​ട്രീയ പ്രവർത്തനത്തി​െൻറ ഉദ്ദേശ്യം എന്ന് ഇതോടുകൂടി തീരുമാനിക്കപ്പെട്ടു. അതിനർഥം ഭരണകൂടങ്ങൾക്ക് വ്യക്തി, കുടുംബം, ജാതി, മത അനുബന്ധ വിഷയങ്ങളിൽ ഇടപെടാനുള്ള അവകാശം ഉണ്ടായിരിക്കെ തന്നെ രാഷ്​ട്രീയപാർട്ടികൾ അവയിൽ നേരിട്ട് ഇടപെടുന്നത് അഭികാമ്യം അല്ല എന്നുള്ള ഒരു ധാരണ പ്രബലമായി. ഈ വിഷയങ്ങളിൽ നിയമനിർമാണങ്ങൾ നടക്കുമ്പോൾ ഒക്കെ തന്നെ, ഭരിക്കുന്ന പാർട്ടികൾ ജാതി മത പ്രീണനം നടത്തുന്നു എന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരുന്നു. ശബാനു കേസിൽ, മണ്ഡൽ റിപ്പോർട്ട് നടപ്പാക്കിയപ്പോൾ ഒക്കെതന്നെ ഇത് സംഭവിച്ചു. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം സവർണ ഹിന്ദുത്വത്തി​െൻറ ദേശീയതയുമായുള്ള ബന്ധം മാത്രമല്ല, രാഷ്​ട്രീയം എന്നതി​െൻറ സെക്കുലറിസ്​റ്റ്​ നിർവചനംകൂടി ആണ്. യൂറോപ്പിൽ, മതവും രാഷ്​ട്രീയവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിനെ ആധാരമാക്കി ആണ്, സെക്കുലറിസത്തെ കുറിച്ചുള്ള ആശയങ്ങൾ രൂപപ്പെട്ടതെങ്കിൽ ഇന്ത്യയിൽ ജാതിയും ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആയിരുന്നു. സാമൂഹികതയെ-വിശ്വാസം, ആരാധനാ രീതികൾ, കുടുംബ ബന്ധങ്ങൾ, വിവാഹരീതികൾ, ലിംഗപദവിയുടെ പുനർ ക്രമീകരണങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലെ അധികാര പ്രശ്നങ്ങളെ- രാഷ്​ട്രീയത്തിൽനിന്നും മാറ്റിനിർത്തുന്നതിലൂടെ സ്ത്രീകളുടെയും കീഴാള ജാതികളുടെയും രാഷ്​ട്രീയ ഇടപെടലുകളെ തന്നെ അസാധുവാക്കുന്ന വിധമാണ് രാഷ്​ട്രീയത്തി​െൻറ സെക്കുലർ രൂപം പുരോഗമിച്ചത്. സ്വാതന്ത്ര്യാനന്തരം ഉള്ള കേരള രാഷ്​ട്രീയം പരിശോധിച്ചാൽ സാമൂഹികതയെ മാറ്റിനിർത്തിയതി​െൻറ ഈ ചരിത്രം കൂടുതൽ വ്യക്തമാകും.
1920കളിലും 30കളിലും മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലും കോൺഗ്രസും പിന്നീട് കമ്യൂണിസ്​റ്റ്​ പാർട്ടിയും സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തു. ഖിലാഫത്ത് പ്രസ്ഥാനം, ക്ഷേത്ര പ്രവേശന സത്യഗ്രഹങ്ങൾ, അയിത്തത്തിനും, ജാതിപീഡനങ്ങൾക്കും എതിരായ സമരങ്ങൾ എന്നിവ ഇരുപാർട്ടികളുടെയും സംഘാടനത്തി​െൻറ മുഖ്യ അജണ്ടകൾ ആയിരുന്നു. കേരള സംസ്ഥാനം രൂപവത്​കരിക്കപ്പെട്ടശേഷം വളരെ അടുത്ത കാലംവരെ (ഹിന്ദുത്വ രാഷ്​ട്രീയം പ്രബലവും പ്രത്യക്ഷവുമാകുംവരെ) രാഷ്​ട്രീയ പാർട്ടികൾ മേൽപ്പറഞ്ഞ തരത്തിലുള്ള വിഷയങ്ങൾ നേരിട്ട് ഏറ്റെടുത്തതേ ഇല്ല. വിമോചനസമരം ആണ് ഇതിന് അപവാദമായി സാധാരണ ചൂണ്ടിക്കാട്ടാറുള്ളത്. മതസംഘടനകളും ജാതിസംഘടനകളും ഇതിൽ സജീവമായി പങ്കെടുത്തു എന്നതാണ് ഇതിന് കാരണം. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ടത്, ഈ സംഘടനകൾ എന്ത് ആവശ്യങ്ങൾ ആണ് ഇതിലൂടെ ഉന്നയിച്ചിരുന്നത് എന്നതാണ്. ഇരുപതാം നൂറ്റാണ്ടി​െൻറ ആദ്യപകുതിയിലെ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളുടെ അജണ്ടയിൽനിന്നും വ്യത്യസ്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനത്തിനുള്ള അവകാശത്തിനായി നേരിട്ടും ഭൂപരിഷ്കരണത്തിന് എതിരായി നേരിട്ടല്ലാതെയും ഉള്ള പ്രക്ഷോഭം ആയിരുന്നു വിമോചന സമരം. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വിമോചന സമരത്തി​െൻറ മുഖ്യ ലക്ഷ്യം ഭരണത്തിൽനിന്നും കമ്യൂണിസ്​റ്റ്​ സർക്കാറിനെ താഴേയിറക്കുക എന്നതും അധികാരത്തിൽ വരാൻ ശ്രമിക്കുക എന്നതും ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിൽ കോൺഗ്രസ്​ മതപരമായ ഒരു ആവശ്യം ന്യായമായ രാഷ്​ട്രീയ ആവശ്യം ആണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പങ്കെടുത്തത്. വിമോചനസമരത്തിലാകട്ടെ ജാതിമത ന്യൂനപക്ഷവിഭാഗങ്ങളുടെ ഭൗതിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ കമ്യൂണിസ്​റ്റുകൾ കവർന്നെടുക്കുന്നു എന്നതായിരുന്നു കോൺഗ്രസി​െൻറ ആരോപണം.
കമ്യൂണിസ്​റ്റ്​ പാർട്ടി കേരള രൂപവത്​കരണത്തിനു മുൻപ് ജാതിക്കെതിരായ സമരങ്ങളിൽ സജീവമായി പങ്കെടുത്തു. ഗുരുവായൂർ സത്യഗ്രഹംപോലുള്ള സമരങ്ങളിൽ കമ്യൂണിസ്​റ്റ്​ നേതാക്കളുടെ പ്രാതിനിധ്യം ഇതിനുദാഹരണം ആണ്. പിന്നീട് കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നവർ 1930കളിൽ കോൺഗ്രസിനകത്ത് സോഷ്യലിസ്​റ്റ്​ വിഭാഗമായി പ്രവർത്തിക്കുമ്പോൾ, യാഥാസ്ഥിതിക വിഭാഗത്തെ എതിർത്തുകൊണ്ട് ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗുമായി സഹകരിക്കണമെന്ന നിലപാടിൽ ആയിരുന്നു. എന്നാൽ 1957ൽ സംസ്ഥാനത്ത് അധികാരത്തിൽവന്നതോടുകൂടി, സാമൂഹിക വിഷയങ്ങളിൽ ഉള്ള സമരങ്ങൾ ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള പാർട്ടിയുടെ നിലപാടിൽ മാറ്റം വന്നു. ജാതി പ്രശ്നത്തെ വർഗപരമായ പ്രശ്നമായി വായിച്ചുകൊണ്ട്​ തൊഴിലാളി സമരങ്ങളാണ് ഏറ്റെടുക്കേണ്ടത് എന്നായിരുന്നു ഇക്കാലത്തെ നിലപാട്. സാമൂഹികതയെ അകറ്റിനിർത്തിക്കൊണ്ടുള്ള രാഷ്​ട്രീയം എന്നത് സെക്കുലർ എന്ന് അവകാശപ്പെടുന്ന പാർട്ടികളുടെ മാത്രം പ്രത്യേകത ആയിരുന്നില്ല. 1980കളിൽ എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ എസ്.ആർ.പി രൂപവത്​കരിച്ച ശേഷം ആ പാർട്ടിയുടെ അജണ്ടയും സെക്കുലർ പാർട്ടികളുടേതിന് സമാനമായിരുന്നു എന്നു കാണാം. സ്കൂളുകളും കോളജുകളും നേടിയെടുക്കുക, സർക്കാർ ജോലിയിൽ സംവരണം ഫലപ്രദം ആക്കുക തുടങ്ങി, സെക്കുലർ രാഷ്​ട്രീയത്തിന് അകത്ത് അംഗീകരിക്കപ്പെട്ട വിഷയങ്ങളിൽ മാത്രമാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എന്ന് ഈ പാർട്ടിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും മന്ത്രിയുമെല്ലാം നിയമസഭയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.
ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗി​െൻറ ചരിത്രം പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്​തമാകും. കോൺഗ്രസിെൻറ സവർണ മേധാവിത്വപരമായ നിലപാടുകളെ ചോദ്യംചെയ്താണ് മുസ്​ലിം ലീഗ് ഇന്ത്യയിൽ സ്വാധീനം നേടുന്നത്. 1930കളിൽ വേറിട്ട രാഷ്​ട്രം എന്ന ആശയം പ്രബലമാകുംവരെ മുസ്​ലിം സാമൂഹികതയിൽ ഊന്നിയ രാഷ്​ട്രീയമായിരുന്നു ലീഗി​േൻറത്. പാകിസ്​താൻ രൂപവത്​കരണത്തിനു ശേഷം, ഇന്ത്യയിലെ മുസ്​ലിം ലീഗി​െൻറ സ്വാധീനം പ്രധാനമായും തെക്കേ ഇന്ത്യയിലും അതിൽ തന്നെ മലബാറിലും ആയിരുന്നു. കേരള രൂപവത്​കരണത്തിനു ശേഷം മുസ്​ലിം ലീഗ്, നേരത്തേ ജാതി സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച രാഷ്​ട്രീയ പാർട്ടികളെ കുറിച്ച് സൂചിപ്പിച്ചതുപോലെ, സാമൂഹിക മണ്ഡലത്തിലുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, സർക്കാറിലുള്ള പ്രാതിനിധ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുക്കൽ തുടങ്ങി സെക്കുലർ രാഷ്​ട്രീയം അനുവദിച്ച വിഷയങ്ങൾ ആണ് ഏറ്റെടുത്തത്. വിവിധ സമയങ്ങളിൽ കോൺഗ്രസും കമ്യൂണിസ്​റ്റ്​ പാർട്ടികളും ലീഗുമായി ചേർന്ന് ഭരണത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നത് ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. അതേ സമയം തന്നെ മുസ്​ലിംകളെ പ്രതിനിധാനംചെയ്യുന്നു എന്നതുകൊണ്ട് മാത്രം മറ്റു പാർട്ടികളിൽനിന്നും വ്യത്യസ്തമായി, ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ സെക്കുലറിസത്തി​െൻറ പരിശോധനക്ക്​ വിധേയമാക്കപ്പെടാറുണ്ട് എന്നതും ശ്രദ്ധേയമാണ്.
സാമൂഹികതയെ രാഷ്​ട്രീയത്തിൽനിന്ന്​ അകറ്റി നിർത്തി എന്നു പറയുമ്പോൾ ഈ മേഖലയിൽ അധികാരപ്രയോഗങ്ങളോ അവയെ ചോദ്യംചെയ്യുന്ന പ്രവൃത്തികളോ ഒന്നും ഉണ്ടായിട്ടില്ല എന്നല്ല അതിനർഥം. നേരെ മറിച്ച് രാഷ്​ട്രീയത്തി​െൻറ മേൽക്കൈ നേടിയ നിർവചനത്തി​െൻറ പുറത്താണെങ്കിലും സവർണതയുടെ മേൽക്കോയ്മയും ആക്രമണങ്ങളും കീഴാളവിഭാഗങ്ങളുടെ അരികുവത്കരണവും അവരുടെ ചെറുത്തുനിൽപ്പും കേന്ദ്രീകരിക്കുന്നത് സാമൂഹിക അധികാരത്തി​െൻറ മണ്ഡലത്തിൽ ആണ്. കേരളത്തിൽ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിൽ മേൽക്കൈ നേടാനാകാത്തപ്പോൾപോലും ആർ.എസ്.എസ് സാമൂഹികമണ്ഡലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തി​െൻറ സാമൂഹികതയെ വലതുപക്ഷ സവർണ മേധാവിത്വത്തിന് കീഴ്പ്പെട്ട് നിർത്താൻ ഒരു കാരണമാകുന്നു എന്നത് ഇതിന് ഉദാഹരണം ആണ്. ഈ മേഖലയിലെ ഇടതുപക്ഷത്തി​െൻറ സവർണ മനോഭാവവും സാമൂഹികമേഖലയിലെ അധികാര പ്രശ്നത്തെ വർഗ രാഷ്​ട്രീയത്തിന് കീഴ്പ്പെടുത്തി കാണുന്ന കാഴ്ചപ്പാടും സവർണതയുടെ ആധിപത്യത്തിന് മറ്റൊരു കാരണമാണ്. ദൈനംദിന ജീവിതചര്യയിലൂടെ സവർണാധിപത്യം സ്ഥാപിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിൽ വലതു- ഇടതു പക്ഷങ്ങളുടെ പങ്ക് ഏറക്കുറെ സമാനമാണ്. എന്നാൽ സ്ത്രീകളെയും ദലിതരെയും ആദിവാസികളെയും മുസ്​ലിംകളെയും സംബന്ധിച്ചിടത്തോളം, ഇത് ദൈനംദിന ജീവിതത്തിലെ ഒരു അധികാര പ്രശ്നമാണ് എന്നിരിക്കേ, അവരുടെ രാഷ്​ട്രീയം സാമൂഹികതയെ കേന്ദ്രീകരിച്ചാണ് ശക്തിപ്പെടുന്നത്.

വിമോചന സമരം


1980കൾ മുതൽ, നവ സാമൂഹികപ്രസ്ഥാനങ്ങൾ എന്ന്​ ഇന്നറിയപ്പെടുന്ന, അരികുവത്കരിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ വിവിധ സമുദായങ്ങളുടെ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുകയും സാമൂഹിക രാഷ്​ട്രീയത്തി​െൻറ പുതിയ മേഖലകൾ വെട്ടിത്തുറക്കുകയും ചെയ്തു. സ്ത്രീവാദം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പുറത്തുവരലും സംഘടിക്കലും, രാഷ്​ട്രീയ കക്ഷികൾക്ക് കീഴിൽ അല്ലാതെയുള്ള ദലിത് സംഘടനകളുടെ ആവിർഭാവം, ആദിവാസി സമുദായങ്ങളുടെ പ്രക്ഷോഭങ്ങൾ, മുസ്​ലിം ലീഗിൽനിന്ന്​ വ്യത്യസ്തമായി മതകീയ ജീവിതം എന്നത് രാഷ്​ട്രീയമായി കരുതുന്ന ഇസ്​ലാമിക സംഘടനകളുടെ ശക്തിപ്പെടൽ എന്നിവ, സാമൂഹിക രാഷ്​ട്രീയത്തി​െൻറ സൂചകങ്ങൾ ആണ്. ഇവയുടെ ആവിർഭാവത്തി​െൻറ തുടക്കംമുതൽ തന്നെ, ''സാമ്രാജ്യത്വ മുതലാളിത്ത വ്യക്തിവാദ ആശയങ്ങൾ ഒളിച്ചുകടത്താനുള്ള ശ്രമം'', ''ഭൂപരിഷ്കരണത്തോടെ അവസാനിച്ച ജാതീയതയും പാകിസ്​താൻ രൂപവത്​കരണത്തോടെ അവസാനിച്ച വർഗീയതയും തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം'' എന്നിങ്ങനെ വിവിധ വിധത്തിൽ ചാപ്പ കുത്തി അവഗണിക്കാനോ ആക്രമണപരമായി ഇല്ലാതാക്കാനോ ആണ് മുഖ്യധാരാ രാഷ്​ട്രീയം ശ്രമിച്ചത്. സാമൂഹികതയിൽ ഊന്നിയ ഈ രാഷ്​ട്രീയം ദേശീയതക്ക് പുറത്ത് പ്രാദേശികമായും അരികുകളിലും ആണ് നിലകൊണ്ടത്. അവ ദേശീയമായ തെരഞ്ഞെടുപ്പ് അജണ്ടകളെ നിർണയിക്കാനോ സ്വാധീനിക്കാൻപോലുമോ ശക്തം ആയിരുന്നില്ല. എന്നാൽ പലപ്പോഴും പ്രശ്നാധിഷ്​ഠിതമായി രൂപപ്പെട്ട ഈ പ്രസ്ഥാനങ്ങൾ പ്രത്യേക ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ മുഴുവനായോ ഭാഗികമായോ വിജയിച്ചു. എന്നാൽ മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികൾ ഇവയുമായി സഹകരിച്ച അവസരങ്ങളിൽപോലും സാമൂഹിക പ്രസ്ഥാനങ്ങളുടെ സമരങ്ങളെ രാഷ്​ട്രീയ സമരങ്ങൾ ആയി അംഗീകരിക്കുന്നതിന് വിസമ്മതിച്ചു. പലപ്പോഴും ഈ സാമൂഹികപ്രസ്ഥാനങ്ങൾ സ്വയം തന്നെ രാഷ്​ട്രീയ പ്രസ്ഥാനം എന്ന രീതിയിൽ വിശേഷിപ്പിക്കുന്നതിനെ എതിർക്കുകയോ വിമുഖത കാണിക്കുകയോ ചെയ്തു. ബാബരി മസ്ജിദ് ആക്രമണത്തിലൂടെ പൊളിച്ചു മാറ്റിയതിനു ശേഷം ശക്തമായ മുസ്​ലിം സംഘടനകൾ ആണ് ഇതിൽനിന്നും വ്യത്യസ്തമായി സാമൂഹിക രാഷ്​ട്രീയത്തിന് പുതിയൊരു മാനം നൽകിയത്.
ഈ സംഘടനകൾ രാഷ്​ട്രീയ പാർട്ടികൾ രൂപവത്​കരിക്കുകയും സാമൂഹിക വിഷയങ്ങളെ മുഖ്യ അജണ്ടയാക്കി പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. നവ സാമൂഹിക പ്രസ്ഥാനങ്ങൾ സാമൂഹികതക്കുമേലുള്ള വലതുപക്ഷ ആധിപത്യത്തെ പ്രാദേശികമായും പ്രശ്നാധിഷ്ഠിതമായും നേരിട്ടപ്പോൾ, ഇസ്​ലാമിക രാഷ്​ട്രീയ സംഘടനകൾ പൊതു/സ്വകാര്യം, വ്യക്തിപരം/സാമൂഹികപരം, ആത്മീയം/ഭൗതികം തുടങ്ങിയ വിഭജനങ്ങളെ മറികടന്നുകൊണ്ട് സാമൂഹിക രാഷ്​ട്രീയത്തിന് ശക്തി പകർന്നു. ഭക്ഷണം, വസ്ത്രം, കുടുംബ സങ്കൽപം തുടങ്ങിയ വിഷയങ്ങളിലെ സവർണ മേധാവിത്വത്തെ ചോദ്യം ചെയ്തും ഇസ്​ലാമോഫോബിയയെ തുറന്നു കാണിച്ചും ഈ പ്രസ്ഥാനങ്ങൾ സാമൂഹിക മേഖലയിലെ രാഷ്​ട്രീയത്തി​െൻറ നിശ്ശബ്​ദതയെ ഭേദിക്കുകയും ഹിന്ദുത്വ ഫാഷിസ്​റ്റ്​​ ശക്തികൾ തങ്ങളുടെ അധികാരം പുനരുൽപാദിപ്പിക്കുന്ന മണ്ഡലത്തിൽതന്നെ അവയെ നേരിടുകയും ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് മുഖ്യധാരാ പ്രതിപക്ഷ രാഷ്​ട്രീയ നേതാക്കളെ ആണ് ഭരണകൂടം വേട്ടയാടിയിരുന്നത് എങ്കിൽ, ഇപ്പോഴത്തെ ഫാഷിസ്​റ്റ്​​ഭരണകൂടം നേരിട്ട് ആക്രമിക്കുന്നത്, നേരത്തേ സൂചിപ്പിച്ച സാമൂഹികമേഖലയിലെ രാഷ്​ട്രീയത്തിൽ ഇടപെടുന്നവരെ ആണ് എന്നത് യാദൃച്ഛികം അല്ല.
സാമൂഹികരാഷ്​ട്രീയത്തിൽ ഇടപെടുന്ന എല്ലാ സംഘടനകളും സമത്വവും സാഹോദര്യവും ലിംഗ വൈവിധ്യവും അതുമായി ബന്ധപ്പെട്ട അവകാശങ്ങളും ജനാധിപത്യ പ്രക്രിയകളും അംഗീകരിക്കുന്നവർ ആണ് എന്നല്ല ഇവിടെ സൂചന. എന്നാൽ ആ പ്രശ്നങ്ങളെ രാഷ്​ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് വഴി, അവയെ ജാതീയത, വർഗീയത എന്നിങ്ങനെ മാറ്റിനിർത്താതെ പൊതുമണ്ഡലത്തിൽ പ്രതിഷ്ഠിക്കുന്നതോടെ അവയിൽ ജനാധിപത്യപരമായ ഇടപെടലുകൾക്കുള്ള സാധ്യതകൾ കൂടുന്നു. ഉദാഹരണത്തിന് രണ്ടു പേരുടെ വിവാഹം എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്ന രീതിയിൽ അല്ലാതെ, അതിൽ നിരവധി തരത്തിൽ ഉള്ള സാമൂഹിക അധികാരങ്ങൾ ഇടപെടുന്നു എന്നു മനസ്സിലാക്കുമ്പോൾ ഓരോ വിവാഹത്തെയും മനസ്സിലാകുന്നത്, ചോദ്യംചെയ്യുന്നത്, അംഗീകരിക്കുന്നത് ഒക്കെ രാഷ്​ട്രീയം ആണെന്ന് വരുന്നു. ചുരുക്കി പറഞ്ഞാൽ സാമൂഹികതയെ മാറ്റിനിർത്തുന്ന സെക്കുലർ രാഷ്​ട്രീയം അല്ല, സാമൂഹികതയിൽ ഊന്നിയുള്ള രാഷ്​ട്രീയമാണ് സമസ്ത മേഖലയിലും ഉള്ള ജനാധിപത്യവത്കരണത്തിന് ഊർജം നൽകുക.
ഡിജിറ്റൽ മാധ്യമങ്ങളുടെ ആവിർഭാവം സാമൂഹിക രാഷ്​ട്രീയത്തിന് പുതിയ സാധ്യതകൾ നൽകുന്നു. വ്യക്തിപരം ആയത് പൊതുവാണ് എന്ന ഒരാശയം സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനത്തിലെ അടിസ്ഥാന സങ്കൽപം ആണ്. സ്വകാര്യതയെ കുറിച്ച് പലതരം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ തന്നെ സ്വയം പൊതു ദൃശ്യതക്ക്​ വിധേയമാകാനുള്ള അംഗീകാരത്തോടെയാണ് വ്യക്തികൾ സമൂഹമാധ്യമങ്ങളിൽ പങ്കെടുക്കുന്നത്. മാത്രമല്ല അധികാരം എന്നത് ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ടു മാത്രം അല്ലാതെ സ്വത്വത്തി​െൻറയും അനുഭവത്തി​െൻറയും മണ്ഡലത്തിൽകൂടിയാണ് എന്ന സ്ത്രീവാദ തത്ത്വചിന്തകരും മറ്റും ഊന്നിപ്പറഞ്ഞ സിദ്ധാന്തത്തെ ഇവിടത്തെ ഇടപെടലുകൾ കൂടുതൽ വെളിവാക്കുന്നു. ഭരണകൂടത്തിന് പുറത്തുള്ള സാമൂഹിക അധികാരങ്ങളെ സജീവമായി വെളിച്ചത്ത് കൊണ്ടുവരുന്നതിൽ ഈ മാധ്യമങ്ങൾക്ക് കാര്യമായ പങ്കുണ്ട്. ചുരുക്കം അവസരങ്ങളിലെങ്കിലും മുഖ്യധാരാ രാഷ്​ട്രീയ പാർട്ടികളെപോലും സ്വാധീനിക്കാൻ കഴിയുന്ന വിധം ഈ മാധ്യമങ്ങളിലെ ഇടപെടൽ വികസിച്ചെങ്കിൽ അത് സാമൂഹിക-രാഷ്​ട്രീയത്തെ പുതിയൊരു സാധ്യതയിലേക്ക് ഉയർത്തുന്നു. എന്നാൽ, ഈ ഇടപെടലുകൾ സാധ്യമാകുന്നത് ആദ്യം സൂചിപ്പിച്ച നവ സാമൂഹികപ്രസ്ഥാനങ്ങളും ഫെമിനിസ്​റ്റുകളും ഇസ്​ലാമിക രാഷ്​ട്രീയവും ഈ മാധ്യമങ്ങൾക്ക് പുറത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ കൂടെ ഫലം ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൊതു മണ്ഡലത്തിലെ രാഷ്​ട്രീയ പ്രവർത്തനത്തെയും നവ മാധ്യമങ്ങളിൽ കൂടിയുള്ള ഇടപെടലിനെയും യഥാർഥം /സാങ്കൽപികം (Real/Virtual) എന്ന വ്യത്യാസമില്ലാതെ സാമൂഹികതയുടെ ഭാഗമായി കണ്ടുകൊണ്ട്, ഉയർന്നുവരുന്ന ഒരു രാഷ്​ട്രീയമാണ് സവർണ ഫാഷിസ്​റ്റ്​​ രാഷ്​ട്രീയത്തിന് ബദൽ ആയി മാറുക. ഇന്ത്യയിലെ ഇന്നത്തെ സെക്കുലർ രാഷ്​ട്രീയത്തി​െൻറ പ്രധാന പരിമിതി, എല്ലാ മതങ്ങളുടെയും രാഷ്​ട്രീയത്തിലുള്ള ഇടപെടലിനെയും തുല്യമായി എതിർത്തുകൊണ്ട് മർദിത മതവിഭാഗങ്ങളിൽനിന്നുള്ള ചെറുത്തുനിൽപിനെ റദ്ദുചെയ്യുന്നു എന്നതാണ്. എന്നാൽ ഇതിന് കാരണമാകുന്നത്, ഭരണകൂടത്തിന് പുറത്തുള്ള അധികാരത്തെ അവഗണിച്ച് രാഷ്​ട്രീയത്തെ ചുരുക്കി നിർവചിക്കുന്നതുകൊണ്ടും സാമൂഹികതയെ ഒന്നാകെ തന്നെ രാഷ്​ട്രീയത്തിൽനിന്നും മാറ്റിനിർത്തുന്നതുംകൊണ്ടാണ്. അതുകൊണ്ടു തന്നെ സെക്കുലറിസത്തെ മതേതരത്വം എന്നല്ല, അസാമൂഹിക (asocial) രാഷ്​ട്രീയം എന്ന നിലയിലാണ് മനസ്സിലാക്കേണ്ടത്.
Show More expand_more
News Summary - socio politics and secular politics