Begin typing your search above and press return to search.
proflie-avatar
Login

പകർച്ചവ്യാധിയായി കാവിനിറമുള്ള പ്ലേഗ്‌

പകർച്ചവ്യാധിയായി    കാവിനിറമുള്ള പ്ലേഗ്‌
cancel

ആർ.എസ്.എസും അതിന്റെ ഹിന്ദുത്വ പ്രചാരണവും എങ്ങനെയൊ​െക്കയാണ് രാജ്യത്ത് വേരോട്ടം നടത്തിയതെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രം തീർക്കുന്ന അപകടങ്ങൾ എന്തെന്നും പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. ആർ.എസ്.എസിനെയും അത്‌ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വത്തെയും പ്രത്യയശാസ്‌ത്രപരമായി നിരന്തരം തുറന്നുകാട്ടേണ്ടതുണ്ട്‌. ഹിന്ദുരാഷ്ട്രത്തിലേക്ക് ഓരോരുത്തരും അപകോളനീകരിക്കണമെന്നർഥം. മീര നന്ദ എഴുതിയ ‘പോസ്റ്റ് കൊളോണിയൽ തിയറി ആൻഡ് ദി മേക്കിങ്‌ ഓഫ് ഹിന്ദു നാഷനലിസം: ദി വേജസ് ഓഫ് അൺറീസൻ’ ആ നിലയിൽ ഗംഭീര സംഭാവനയാണ്‌. യൂറോ കേന്ദ്രിത ആശയങ്ങളുടെ സാമ്രാജ്യത്വത്തിൽനിന്ന് മുക്തമായ...

Your Subscription Supports Independent Journalism

View Plans
ആർ.എസ്.എസും അതിന്റെ ഹിന്ദുത്വ പ്രചാരണവും എങ്ങനെയൊ​െക്കയാണ് രാജ്യത്ത് വേരോട്ടം നടത്തിയതെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രം തീർക്കുന്ന അപകടങ്ങൾ എന്തെന്നും പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.

ആർ.എസ്.എസിനെയും അത്‌ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വത്തെയും പ്രത്യയശാസ്‌ത്രപരമായി നിരന്തരം തുറന്നുകാട്ടേണ്ടതുണ്ട്‌. ഹിന്ദുരാഷ്ട്രത്തിലേക്ക് ഓരോരുത്തരും അപകോളനീകരിക്കണമെന്നർഥം. മീര നന്ദ എഴുതിയ ‘പോസ്റ്റ് കൊളോണിയൽ തിയറി ആൻഡ് ദി മേക്കിങ്‌ ഓഫ് ഹിന്ദു നാഷനലിസം: ദി വേജസ് ഓഫ് അൺറീസൻ’ ആ നിലയിൽ ഗംഭീര സംഭാവനയാണ്‌. യൂറോ കേന്ദ്രിത ആശയങ്ങളുടെ സാമ്രാജ്യത്വത്തിൽനിന്ന് മുക്തമായ ബദൽ ആധുനികത സൃഷ്ടിക്കാനെന്ന പേരിൽ ഇന്ത്യൻ ദേശീയവാദികൾ യൂറോപ്പിനെ പ്രൊവിൻഷ്യൽവത്കരിക്കുകയുണ്ടായി. സമകാലിക ഹിന്ദു വലതുപക്ഷം അത് വ്യാപകമായി പങ്കിടുന്നു. വെയ്മർ റിപ്പബ്ലിക്കിനെ താഴെയിറക്കുകയും നാസി ഏറ്റെടുക്കലിന് വേദിയൊരുക്കുകയും ചെയ്തതരം യാഥാസ്ഥിതിക സന്ദർഭത്തിലും ഉള്ളടക്കത്തിലും ഇന്ത്യൻ പോസ്റ്റ് കൊളോണിയലിസത്തിന് ശക്തമായ കുടുംബ സാമ്യമുണ്ടെന്ന് പുസ്തകം കാണിച്ചുതരികയാണ്‌.

മതനിരപേക്ഷ ആധുനികതയുടെ ആദർശം തകർക്കുന്ന ഹിന്ദുത്വം

സ്വാതന്ത്ര്യലബ്ധിയുടെ വേളയിൽ മുന്നോട്ടുവെക്കപ്പെട്ട മതനിരപേക്ഷ ആധുനികതയുടെ ആദർശത്തിനെതിരാണ്‌ എല്ലായ്‌പോഴും ഹിന്ദുത്വം. കൊളോണിയൽ പൈതൃകത്തോടുള്ള അതിന്റെ വിമർശനം ‘നമ്മുടേതായ’ ആധുനികത സൃഷ്ടിക്കുന്നതിനുള്ള മുൻവ്യവസ്ഥയാണ്‌. ഇന്ത്യക്കാർക്ക് അനുയോജ്യമല്ലാത്ത യൂറോപ്പിന്റെ വൃത്തികെട്ട വസ്ത്രങ്ങളെന്നാണ്‌ അവരുടെ ചിത്രീകരണം. 20ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഹിന്ദു വലതുപക്ഷത്തിന്റെ ദ്രുതഗതിയിലുള്ള ഉയർച്ചക്ക്‌ രാജ്യം സാക്ഷിയായി. ഗാന്ധിവധത്തെ തുടർന്ന്‌ ഹിന്ദു ദേശീയ സംഘടനകളുടെ കുടുംബത്തിന്റെ കേന്ദ്രമായ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർ.എസ്.എസ്) നിരോധിച്ചത്‌ പൊതുമണ്ഡലത്തിൽ വലിയ ചർച്ചയുയർത്തി. സമീപ വർഷങ്ങളിൽ ഭരണകൂട നേതൃത്വത്തിലുള്ള വികസനത്തിൽനിന്ന് നവലിബറൽ വിപണി സമ്പദ്‌വ്യവസ്ഥയിലേക്കുള്ള തിരിഞ്ഞുപോക്ക് ബി.ജെ.പി അജണ്ടയാക്കി മാറ്റി.

ഹിന്ദു നാഗരികതയുടെ മേധാവിത്വത്തെ കുറിച്ചുള്ള സംവാദവുമായി ആ പാർട്ടി അതിസമർഥമായി നവലിബറൽ സാമ്പത്തിക നയങ്ങളെ ലയിപ്പിച്ചിരിക്കുന്നു. ഹിന്ദു വലതുപക്ഷ പ്രത്യയശാസ്ത്രം ആഴത്തിൽ പുനരുജ്ജീവനവാദപരമായ അതിദേശീയതയാണ്‌. 19ാം നൂറ്റാണ്ടിൽ സ്വാമി വിവേകാനന്ദനെയും അരബിന്ദോയെയുംപോലെ 21ാം നൂറ്റാണ്ടിലെ ആഗോള മുതലാളിത്തത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ അവസരങ്ങൾ സ്വീകരിക്കുന്നതിനൊപ്പം പുരാതന ‘വേദ’നാഗരികതയുടെ ഗുണങ്ങളെക്കുറിച്ച്‌ വാചാലമാവുകയുംചെയ്യുന്നു. ഔപചാരികമായി മതനിരപേക്ഷമായ രാജ്യത്ത്‌ ഹിന്ദു രാഷ്ട്രത്തിന്റെ പുനർജന്മത്തിന് ഇന്ത്യ എന്ന ആശയത്തിന്റെ പുനഃസംഘടന വേണം. അതിനാലാണ്‌ പാശ്ചാത്യവും ഇസ്‍ലാമികവുമായ മാലിന്യങ്ങൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്നത്‌.

പുരാതന രാഷ്ട്രത്തിന്റെ ഭരണ ആശയങ്ങൾ ആദിമ നാഗരികതയുടെ അടയാളം വഹിക്കുന്നില്ലെങ്കിൽ യഥാർഥ മഹത്വത്തിലേക്ക് എങ്ങനെ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ്‌ ചോദ്യം. ആധുനികതയുടെ പ്രധാന ആശയങ്ങൾ ഹിന്ദുവിരുദ്ധ കൊളോണിയൽ കടന്നുകയറ്റങ്ങളായി കണക്കാക്കപ്പെടുന്നു. അവ ആ ധർമത്തിന്റെ സമഗ്രമായ ലോകവീക്ഷണത്തിന്റെ അനിവാര്യതകളുമായി പൊരുത്തപ്പെടുന്നതിന് ഉചിതമായി പരിഷ്കരിക്കപ്പെടുകയോ ആത്മീയവത്കരിക്കപ്പെടുകയോ ചെയ്യണമെന്നും വാദമുണ്ട്‌. അജ്ഞതയും അന്ധവിശ്വാസവും വ്യക്തിവാദവും അതിൽപെടുന്നു. ആധുനികതയെ മൂല്യനിർണയംചെയ്യുകയും പുരാതന നാഗരികതയിൽ യഥാർഥ ശാസ്ത്രം, ജനാധിപത്യം, മതേതരത്വം തുടങ്ങിയവ ഉണ്ടായിരുന്നതായും വാദിക്കുന്നുമുണ്ട്‌.

 

ഉയർത്തിപ്പിടിക്കുന്നത്‌ മത ‘സഹിഷ്ണുത’

മതനിരപേക്ഷതക്കെതിരെ ഉയർത്തിപ്പിടിക്കുന്നത്‌ മത ‘സഹിഷ്ണുത’യാണ്‌. ലിബറൽ ജനാധിപത്യം, സോഷ്യലിസം, മാർക്സിസം തുടങ്ങിയവക്ക് ബദലായി പഴയ സാംസ്കാരിക പാരമ്പര്യങ്ങളെ പുനഃസ്ഥാപിക്കുകയും അവയെ തീവ്ര വലതുപക്ഷത്തിന് കൈമാറുകയുംചെയ്ത ഇടനിലക്കാരായി പൊതുബുദ്ധിജീവികൾ സേവനമനുഷ്ഠിച്ചു. പ്രത്യയശാസ്ത്രപരമായ ആവശ്യങ്ങൾക്ക്‌ ആര്യൻ ശാസ്ത്രം ആഘോഷിക്കാൻ നാസികൾ ‘ദി ഡിക്ലയിൻ ഓഫ് ദി വെസ്‌റ്റ്‌’ രചിച്ച ഓസ്‌വാൾഡ് സ്പെൻഗ്ലറുടെ വാചാടോപങ്ങളിൽ അഭയം തേടുകയുണ്ടായല്ലോ. ജ്ഞാനോദയാനന്തര യുക്തിസഹ രീതികളെക്കുറിച്ചുള്ള സാംസ്കാരിക വിമർശനത്തിന്റെയും മാനസിക അപകോളനീകരണത്തിന്റെയും മറവിൽ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും കാലഹരണപ്പെട്ട ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾ അടിച്ചേൽപിക്കുകയുമാണ്‌ ഹിന്ദുത്വം.

വെയ്‌മർ യാഥാസ്ഥിതികർ പ്രത്യയശാസ്ത്രപരമായി ശരിയായ ആര്യൻ ശാസ്ത്രത്തിന് ബൗദ്ധിക ബഹുമാനം നൽകിയപോലെ ഇവിടെ വേദ ശാസ്ത്രത്തിന് ആദരം നൽകുന്നു. നൊസ്റ്റാൾജിയയായ തീവ്രദേശീയത ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ദുരന്തം വിതച്ചേക്കാവുന്ന ഹിന്ദുത്വ മേധാവിത്വത്തിന്റെ ജ്വാലകൾ ഉയർത്തുകയുമാണ്‌. –പുരാതന കാലത്തെ ലോകായതകൾ മുതൽ, ജ്ഞാനോദയ ചിന്തകർ–പ്രത്യേകിച്ച് അംബേദ്കർ, പെരിയാർ, നെഹ്‌റു, എം.എൻ. റോയ്, നരേന്ദ്ര ദാഭോൽകർ തുടങ്ങിയവർ ആ സാംസ്കാരികാധിനിവേശത്തെ വെല്ലുവിളിച്ചു.

ഇന്ത്യയെ ലോകത്തിന്റെ ഗുരുവാക്കൽ വായ്‌ത്താരികളുടെ അടിസ്ഥാനം

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാർഗനിർദേശക തത്ത്വങ്ങളുമായി നരേന്ദ്ര മോദി ഭരണകൂടം എഴുന്നള്ളിയപ്പോൾ നമ്മുടെ രക്ഷക്കായി പ്രോത്സാഹിപ്പിക്കപ്പെടുന്ന സാംസ്കാരിക മൂല്യങ്ങളെയും അറിവിന്റെ വഴികളെയും കുറിച്ച് ഭൂരിപക്ഷവും ആശങ്കയിലാണ്ടു. യുക്തിസഹമായ ചിന്തയെയും മനുഷ്യ സമത്വത്തെയും വ്യക്തി സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കുന്ന സമൂഹസൃഷ്ടിക്ക്‌ ആ മൂല്യങ്ങൾ പര്യാപ്തമാണോയെന്നും അപകോളനീകരണം, ഇന്ത്യയെ ലോകത്തിന്റെ ഗുരുവാക്കൽ തുടങ്ങിയ വായ്‌ത്താരികളുടെ മറവിൽ ആധുനികശാസ്ത്രം മറികടന്ന അറിവിന്റെ വഴികൾ, ശ്രേണി, ആദരവ്, കടമകൾ എന്നിവയുടെ തത്ത്വങ്ങളെ തലകീഴായി തൂക്കിയിടുകയുമാണ്‌. 19ാം നൂറ്റാണ്ടിന്റെ ആരംഭംതൊട്ട്‌ വിഷലിപ്തമായ അമിത ഹിന്ദു മേധാവിത്വബോധം ദേശീയതയുടെ മുഖ്യധാരയെ നിർവചിച്ചിട്ടുമുണ്ട്. ഉൾച്ചേരലും ആധുനികവത്കരണവും ലക്ഷ്യമിട്ടുള്ള പരിഷ്കാരമായാണ് പുതിയ വിദ്യാഭ്യാസ നയത്തെ ആർ.എസ്.എസ്‌ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

പക്ഷേ, സാംസ്കാരിക ദേശീയതയുടെ ശക്തമായ ഉപകരണമായി അത് പ്രവർത്തിക്കുന്നുവെന്നും പാഠ്യപദ്ധതി, അധ്യാപനശാസ്ത്രം, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി യോജിപ്പിക്കുന്നുവെന്നുമാണ്‌ യാഥാർഥ്യം. ഇന്ത്യൻ വൈജ്ഞാനിക സംവിധാനങ്ങൾ പ്രചരിപ്പിക്കുന്നതും സ്കൂൾ പാഠപുസ്തക പരിഷ്കരണത്തിലുൾപ്പെടെ വിദ്യാഭാരതി, ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്, ജ്ഞാനസഭകൾ തുടങ്ങിയ ആർ.എസ്.എസ് അനുബന്ധങ്ങൾ വിപുലമായി ഇടപെടുന്നതും തികച്ചും സ്വാഭാവികവത്കരിക്കപ്പെട്ടിരിക്കയാണ്. ഓർമയും ചരിത്രവും സ്വത്വവും പുനർനിർമിക്കുന്ന പ്രത്യയശാസ്ത്ര ഇടപെടലുകളാണ് അവയെന്ന വസ്തുത പൂർണമായും തമസ്കരിക്കപ്പെടുന്നു. 2014 മുതൽ എൻ‌.സി.ഇ.ആർ‌.ടിയും വിവിധ സംസ്ഥാനങ്ങളിലെ പാഠപുസ്തക കമ്മിറ്റികളും ഹിന്ദു ദേശീയ ചിഹ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ആഖ്യാനങ്ങൾ അധികമധികം ഉള്‍പ്പെടുത്തുകയും മുസ്‍ലിം നാമധാരികളായ രാജാക്കന്മാരെയും കൊളോണിയൽ ചരിത്രത്തെയും അപ്രസക്തമായി ചിത്രീകരിക്കുകയുമാണ്‌.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കം ചെയ്ത എൻ‌.സി.ഇ.ആർ‌.ടി

പാഠപുസ്തകങ്ങളില്‍ മത വിഭാഗീയതയെ പ്രത്യേകിച്ച് ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലെ ബന്ധത്തെ ചിത്രീകരിക്കുന്നതില്‍ വരുത്തിയ മാറ്റങ്ങളുടെ പേരിലും 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കംചെയ്തതിനും എൻ‌.സി.ഇ.ആർ‌.ടി വിമർശിക്കപ്പെട്ടു. ടിപ്പു സുൽത്താൻ, ഹൈദർ അലി, ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ തുടങ്ങിയവ ഒഴിവാക്കിയതും മുഗൾ അതിക്രമങ്ങൾക്ക് ഊന്നൽ നൽകിയതും വളച്ചൊടിച്ച ചിത്രീകരണത്തിന്റെ തെളിവായി. ശാസ്ത്ര പാഠപുസ്തകങ്ങളിൽ പരിണാമ സിദ്ധാന്തവും ആവർത്തനപ്പട്ടികയും വേണ്ടെന്നുവെച്ചതും ജാതി, കൊളോണിയൽ ചൂഷണം, ആഗോള സാമൂഹിക ചരിത്രം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ ഒമ്പത്-പത്ത് ക്ലാസുകളിലെ സാമൂഹികശാസ്ത്ര പാഠങ്ങളിൽനിന്ന് നീക്കിയതും വേറെ. സി.ബി.എസ്.ഇ 12ാം ക്ലാസിലെ മധ്യകാല ചരിത്ര പാഠപുസ്തകങ്ങളിൽനിന്ന് ‘രാജാക്കന്മാരും ദിനവൃത്താന്തങ്ങളും’, ‘മുഗൾ രാജസഭകള്‍’ എന്നീ അധ്യായങ്ങൾ ഒഴിവാക്കിയതിന് കരിക്കുലം യുക്തിസഹമാക്കുന്നുവെന്ന വിശദീകരണമായിരുന്നു എൻ.സി.ഇ.ആർ.ടിയുടേത്‌.

എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകങ്ങൾ മുഗളരുടെ ‘ക്രൂരത’ വിവരിക്കുന്നത്‌ അത്യാവേശത്തോടെയാണ്‌. ബാബറെ കുറിച്ചുള്ള പരാമർശം പട്ടണങ്ങളിലെ മുഴുവനാളുകളെയും വധിച്ച ക്രൂര ജേതാവ്‌ എന്നാണ്‌. അക്ബർ ഭരണകാലം ക്രൂരതയുടെയും സഹിഷ്ണുതയുടെയും മിശ്രിതമെന്നും ഔറംഗസേബ് ക്ഷേത്രങ്ങളും ഗുരുദ്വാരകളും നശിപ്പിച്ചുവെന്നുമാണ് ആരോപണം. അലാവുദ്ദീൻ ഖിൽജിയുടെ ജനറൽ മാലിക് കഫൂർ ശ്രീരംഗം, മധുര, ചിദംബരം, രാമേശ്വരം തുടങ്ങി ഒട്ടേറെ ഹിന്ദു കേന്ദ്രങ്ങൾ ആക്രമിച്ചു. ഡൽഹി സുൽത്താനേറ്റ് കാലത്ത്‌ ബുദ്ധ, ജൈന, ഹിന്ദു ക്ഷേത്രങ്ങളിലെ പവിത്രമായതോ ആദരിക്കപ്പെടുന്നതോ ആയ പ്രതിമകൾക്ക് നേരെ നിരവധി ആക്രമണങ്ങളുമുണ്ടായി. അവ കൊള്ളയടിക്കാൻ മാത്രമല്ല വിഗ്രഹങ്ങളെ നശിപ്പിക്കാനും പ്രേരിപ്പിച്ചുവത്രെ. ചില സുൽത്താന്മാർ അമുസ്‍ലിംകൾക്ക് സംരക്ഷണവും സൈനിക സേവനത്തിൽനിന്ന് ഇളവും നൽകുന്നതിന്‌ ഈടാക്കിയ ജിസിയ പരാമർശിക്കവെ ആ നികുതി പൊതുജനങ്ങൾക്ക് അപമാനമുണ്ടാക്കിയെന്നും ഇസ്‍ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള സാമ്പത്തികവും സാമൂഹികവുമായ പ്രോത്സാഹനമായി അത് മാറിയെന്നും പുസ്തകത്തിലുണ്ട്‌.

ആദ്യ മുഗൾ ചക്രവർത്തിയായ ബാബറുടെ ജീവചരിത്രം അദ്ദേഹത്തെ സംസ്കാരസമ്പന്നനായി ചൂണ്ടിക്കാണിക്കുന്നതായി വിമർശിക്കുന്ന പുസ്തകത്തിൽ എന്നാൽ ബാബർ ക്രൂരനായ ജേതാവ്‌ മാത്രമാണ്‌. പട്ടണങ്ങളിലെ മുഴുവനാളുകളെയും കൊന്നൊടുക്കി, സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി, കൊള്ളയടിക്കപ്പെട്ട നഗരങ്ങളിലെ വധിക്കപ്പെട്ടവരുടെ ‘തലയോട്ടി ഗോപുരങ്ങൾ’ സ്ഥാപിക്കുന്നതിൽ അഭിമാനിച്ചുവെന്നും പഠിപ്പിക്കുന്നു. പഴയ ഏഴാം ക്ലാസ് പുസ്തകത്തിൽ ബാബർ പൂർവിക സിംഹാസനം വിട്ടുപോകാൻ നിർബന്ധിതനായതും കാബൂളും തുടർന്ന് ഡൽഹിയും ആഗ്രയും പിടിച്ചടക്കിയതും മാത്രമേയുള്ളൂ.

 

ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡി,അമിത് ഷാ

ഇന്ത്യൻ വൈജ്ഞാനിക സംവിധാനങ്ങൾ ഉൾപ്പെടുത്താൻ നിർദേശിക്കുകയും പുരാതന ശാസ്ത്രങ്ങളുമായും കലകളുമായും ബന്ധപ്പെട്ടവ പഠിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നുണ്ട് 2020ലെ ദേശീയ വിദ്യാഭ്യാസ നയം. അതിനായി 10 ലക്ഷത്തിലേറെ അധ്യാപകരെ പരിശീലിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ആധുനിക ശാസ്ത്രത്തെയും വിമർശനാത്മക അധ്യാപനത്തെയും മതപുനരുത്ഥാനവുമായി പൊരുത്തപ്പെടുന്ന പുരാണങ്ങളും വ്യാജശാസ്ത്രീയ ഉള്ളടക്കവും ഉപയോഗിച്ച് അട്ടിമറിക്കാനുള്ള രാഷ്ട്രീയപ്രേരിത ശ്രമത്തിന്റെ സൂചനയാണിത്‌. ആർ.എസ്.എസുമായി ബന്ധപ്പെട്ട ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് പോലുള്ളവ വിദ്യാഭ്യാസ മേഖലയിലെ നയചർച്ചകളിലേക്ക് കൂടുതൽ കടന്നുവരുന്നു. ആർ.എസ്.എസ്‌ ശതാബ്ദിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മോഹൻ ഭാഗവത് ഉദ്ഘാടനംചെയ്ത ജ്ഞാനസഭ (ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക്) പരമ്പരാഗത ഇന്ത്യൻ തത്ത്വചിന്തയെ മുഖ്യധാരാ വിദ്യാഭ്യാസനയത്തിൽ സംയോജിപ്പിക്കുന്നതിനും യു‌.ജി.‌സി, എ‌.ഐ‌.സി.ടി.ഇ തലത്തിലുള്ള വിദ്യാഭ്യാസ വിദഗ്ധരുമായുള്ള കൂടിയാലോചനയും ലക്ഷ്യമിട്ടായിരുന്നല്ലോ. സമാന കോണ്‍ക്ലേവ് കുറെക്കൂടി വിപുലമായ നിലയിൽ ബംഗളൂരുവിലും നടത്തി.

ഉള്ളടക്ക മാറ്റങ്ങൾക്കൊപ്പം അക്കാദമിക് ഭരണം കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളും പ്രത്യയശാസ്ത്ര നിയന്ത്രണവുമാണ്‌ അവ പ്രതിഫലിപ്പിച്ചത്. യു.ജി.സി മാർഗനിർദേശങ്ങൾ മിക്കവയും അക്കാദമിക് സ്വയംഭരണം തകർക്കുന്നതിലേക്കാണ്‌ ചെന്നെത്തുന്നത്‌. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേലുള്ള ഭരണേതര നിയന്ത്രണം വിമർശനാത്മക അന്വേഷണം അവസാനിപ്പിക്കുമെന്നും അക്കാദമിക് നിലവാരം താഴ്ത്തുമെന്നും ബൗദ്ധിക സ്വാതന്ത്ര്യം കീഴ്പ്പെടുത്തുമെന്നും വ്യക്തമാണ്‌. കേന്ദ്ര മാർഗനിർദേശങ്ങളോ പാഠ്യപദ്ധതി മാറ്റങ്ങളോ പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കുള്ള സമഗ്രശിക്ഷാ ഫണ്ടുകൾ തടഞ്ഞുവെക്കുന്നത് ഫെഡറൽ വിദ്യാഭ്യാസ ബാധ്യതകളുടെ ലംഘനത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിട്ടുമുണ്ട്.

 

മുഗൾ രാജാക്കൻമാരുടെ രേഖാചിത്രങ്ങൾ, ഓസ്‌വാൾഡ് സ്പെൻഗ്ലർ

സാംസ്കാരിക ദേശീയതയുടെ രാഷ്ട്രസങ്കൽപം എന്ത്‌?

ദേശീയതയുടെ സങ്കുചിത നിർവചനമായ സാംസ്കാരിക ദേശീയതയുടെ രാഷ്ട്രസങ്കൽപം പ്രാദേശിക അതിരുകളോ സിവില്‍ സ്ഥാപനങ്ങളുടെ അസ്തിത്വമോ അടിസ്ഥാനമാക്കിയതല്ല. സംസ്കാരം, ഭാഷ, മതം, പാരമ്പര്യങ്ങൾ, വിഭാഗീയ മൂല്യങ്ങൾ, പൈതൃകം എന്നിവയാൽ നിർവചിക്കപ്പെടുന്നതാണത്‌. പൗരത്വം, രാഷ്ട്രീയ മൂല്യങ്ങൾ, ഭരണഘടനാ ചട്ടക്കൂടുകൾ, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത, മതനിരപേക്ഷത, ബഹുസ്വര ജനാധിപത്യം എന്നിവക്ക് പ്രാധാന്യം നൽകുന്ന ദേശീയതയിൽനിന്ന് വ്യത്യസ്തമായി അടഞ്ഞ സാംസ്കാരിക സ്വത്വത്തെയാണ് മുഖ്യമായും സ്വീകരിക്കാൻ നിർബന്ധിക്കുന്നതും. അത് ചരിത്രത്തിനുപകരം മതാത്മകതയും ദൈവശാസ്ത്രവും അടിസ്ഥാനമാക്കി ഭൂതകാലത്തെ വ്യാഖ്യാനിക്കുന്നു. ഭാവിയുടെ ദിശയും അതേ അച്ചിൽതന്നെ. രാജ്യത്തിന്റെ അടിസ്ഥാനപരമായ ധാർമികത, ചരിത്രപരമായ തുടർച്ച, കാതലായ സ്വത്വം എന്നിവ ഹൈന്ദവ സാംസ്കാരിക പാരമ്പര്യങ്ങളിൽനിന്നാണ് ഉയർന്നുവന്നതെന്ന് ഉറപ്പിക്കുകയുമാണ്‌. പുരാതന പാരമ്പര്യങ്ങൾ, സംസ്‌കൃതഭാഷ, ഹൈന്ദവ ചിഹ്നങ്ങൾ, ആഖ്യാനങ്ങൾ എന്നിവ സാംസ്കാരിക സ്വത്വത്തിന്റെ കാതലായ ഭാഗമാണെന്ന് ഈ സമീപനം ഊന്നുന്നുമുണ്ട്‌.

വിദ്യാഭ്യാസ രംഗത്തിന്റെ സംഘപരിവാർവത്കരണം ലക്ഷ്യംവെച്ച് ആർ.എസ്.എസ്‌ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് എന്ന പേരിൽ രാജ്യമാകെ നടത്തുന്ന ശിൽപശാലകളുടെ ലക്ഷ്യം സർസംഘ് ചാലക് മോഹൻ ഭാഗവത് വ്യക്തമാക്കിയിട്ടുണ്ട് -വിദ്യാഭ്യാസ രംഗത്ത് ഭാരതീയ ബദൽ വേണമെന്നതാണ്‌ അതിൽ പ്രധാനം. ചരിത്ര -ശാസ്ത്ര പാഠഭാഗങ്ങൾ ഏകപക്ഷീയമായി പൊളിച്ചെഴുതുന്നു. സുപ്രധാന ചരിത്ര സംഭവങ്ങളെ തമസ്കരിച്ചും അപ്രസക്തവും ഒരു ചരിത്ര പിൻബലവുമില്ലാത്ത കെട്ടുകഥകൾ പർവതീകരിച്ചുമാണ് പുതിയ പാഠ്യപദ്ധതി. ശാസ്ത്രപഠനത്തിന്റെ മറവിൽ അടിസ്ഥാനമില്ലാത്ത, യുക്തിസഹമല്ലാത്ത പുരാണേതിഹാസങ്ങളിലെ കഥകൾ സിലബസിൽ ഇടംപിടിക്കുന്നു. ക്ലോണിങ്ങും പ്ലാസ്റ്റിക് സർജറിയുമൊക്കെ ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ്‌ ആർഷ ഭാരതത്തിൽ നിലവിലുണ്ടായിരുന്നു എന്നതടക്കമുള്ള മടയത്തങ്ങളാണ് തലമുറകൾക്ക്‌ പഠിക്കാനുള്ളത്. യു.ജി.സി പോലുള്ള സംവിധാനങ്ങൾ ആർ.എസ്.എസ്‌ അനുബന്ധമാക്കി മാറ്റി. ചാൻസലർമാരായ ഗവർണർമാരെ ചട്ടുകമാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുന്നു. ആ പ്രക്രിയ പൂർത്തിയാക്കാൻ ഭാരതീയ-സനാതന വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ ആശയ അടിത്തറയിടാൻ അവരെ നേരിട്ട് വിളിച്ചു കൂട്ടുന്നുമുണ്ട്‌.

ദേശീയ വിദ്യാഭ്യാസ നയ സമീപനവും നിയോലിബറല്‍ താൽപര്യങ്ങളും

ദേശീയ വിദ്യാഭ്യാസ നയ സമീപനത്തിന് നിയോലിബറല്‍ മൂലധന താൽപര്യങ്ങളുമായി ഗാഢബന്ധമാണുള്ളത്. സ്വതന്ത്ര കമ്പോള മുതലാളിത്തത്തിലും സ്വകാര്യവത്കരണത്തിലും വ്യക്തിഗത ഉത്തരവാദിത്തത്തിലും വിപണി കാര്യക്ഷമതയിലും ശക്തമായി ഊന്നുന്ന സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് നവലിബറലിസം. സ്വകാര്യവത്കരണവും വാണിജ്യവത്കരണവും, സ്വകാര്യ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങളുടെ കോർപറേറ്റുവത്കരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളും കുത്തകകളുമായുള്ള സഹകരണം എന്നിവയും ഫീസ് അടിസ്ഥാനമാക്കിയുള്ള കോഴ്സുകളും വിപണി നിയന്ത്രിത സംരംഭമായി വിദ്യാഭ്യാസത്തെ മാറ്റും.

വിമർശനാത്മകമോ സൈദ്ധാന്തികമോ പൊതു-അധിഷ്ഠിതമോ ആയ വിദ്യാഭ്യാസത്തെക്കാൾ വിപണി ആവശ്യങ്ങൾ, തൊഴിൽക്ഷമത, വ്യാവസായിക പ്രയോഗക്ഷമത എന്നിവ ലക്ഷ്യംവെച്ചുള്ള കോഴ്സുകൾക്കും പാഠ്യപദ്ധതികൾക്കുമാണ്‌ മുൻഗണന. സാംസ്കാരിക ദേശീയതയെയും നിയോലിബറല്‍ മൂലധന താൽപര്യങ്ങളെയും സമന്വയിപ്പിക്കുന്ന നവ വിദ്യാഭ്യാസനയത്തെ ആ വഴികളില്‍ കൂടുതല്‍ ആഴത്തില്‍ എങ്ങനെ വ്യാപിപ്പിക്കാമെന്ന അന്വേഷണമാണ് ജ്ഞാനസഭകളുടെ അജണ്ട. അവയാവട്ടെ ന്യൂനപക്ഷ-ദലിത്‌ സമൂഹങ്ങളെ സാമ്പത്തികവും സാമൂഹികവുമായി കൂടുതൽ അരികുവത്കരിക്കുന്നതിലേക്ക് നയിക്കും.

ആർ.എസ്.എസ്‌ ജ്ഞാനസഭയിൽ നാല്‌ വൈസ്‌ചാൻസലർമാരും

2025 ജൂലൈ 27ന്‌ എറണാകുളത്ത്‌ മുഖ്യ സർസംഘ് ചാലക്‌ മോഹൻ ഭാഗവത് പങ്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്‌ത ആർ.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ ശിക്ഷ സംസ്‌കൃതി ഉത്ഥാൻ ന്യാസ് (എസ്‌.എസ്‌.യു.എൻ) നേതൃത്വം നൽകിയ ദേശീയ വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയിൽ സംസ്ഥാനത്തെ നാല്‌ വൈസ്‌ ചാൻസലർമാർ പങ്കെടുത്തത്‌ മതനിരപേക്ഷ സമൂഹത്തെ ഞെട്ടി ച്ച പൊറുക്കാനാവാത്ത അപരാധമാണ്. കേരള വി.സി. ഡോ. മോഹനൻ കുന്നുമ്മൽ, കാലിക്കറ്റ് വി.സി പ്രഫ. പി. രവീന്ദ്രൻ, കണ്ണൂർ വി.സി പ്രഫ. കെ.കെ. സജു, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂനിവേഴ്‌സിറ്റി (കുഫോസ്) വി.സി പ്രഫ. എ. ബിജുകുമാർ എന്നിവരാണ്‌ പദവിക്ക്‌ നിരക്കാത്ത വിധേയത്വം കാണിച്ചത്‌.

കേരളത്തിലുടനീളമുള്ള സർവകലാശാലകളിലെ നിരവധി ഫാക്കൽറ്റിയംഗങ്ങളും സ്വകാര്യ മാനേജ്‌മെന്റ് കോളജുകളുടെ പ്രതിനിധികളും സെഷനുകളിൽ പങ്കെടുത്തു. ഇന്ത്യൻ യൂനിവേഴ്‌സിറ്റീസ് അസോസിയേഷൻ സെക്രട്ടറി ജനറലും ശിക്ഷസംസ്‌കൃതി ഉത്ഥാൻ ന്യാസിന്റെ ചെയർപേഴ്‌സനുമായ ഡോ. പങ്കജ് മിത്തൽ, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) ചെയർമാൻ പ്രഫസർ ടി.ജി. സീതാറാം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭാരതീയ ഗ്യാൻ പരമ്പര (ഐ.കെ.എസ്) ഡിവിഷൻ ദേശീയ കോഒാഡിനേറ്റർ പ്രഫ. ഗാന്ധി എസ്. മൂർത്തി തുടങ്ങിയവരും അതിഥികളായെത്തി.

എസ്‌.എസ്‌.യു.എൻ കേരളത്തിലൊരു ദേശീയ സമ്മേളനം നടത്തുന്നത് ആദ്യമാണ്. പരിപാടിക്ക് കേരളം തെരഞ്ഞെടുത്തതിന്റെ കാരണം അതിന്റെ ദേശീയ സെക്രട്ടറി ഡോ. അതുൽ കോത്താരി വിശദീകരിച്ചത്‌ ഇങ്ങനെ: ‘‘സാധാരണ ഇത്തരം പരിപാടികൾ ഡൽഹിയിലാണ് നടത്താറുള്ളത്‌. പക്ഷേ ഇത്തവണ ശങ്കരാചാര്യരുടെ ജന്മനാടായതിനാലാണ് കേരളം തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കാലടിയിലാണ് പരിപാടികൾ. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമിയുടെയും ജന്മസ്ഥലംകൂടിയാണിത്‌. കൊച്ചി ഇടപ്പള്ളിയിലെ അമൃത മെഡിക്കൽ കോളജ്‌ എസ്‌.എസ്‌.യു.എൻ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ്‌, അമൃത വിശ്വ വിദ്യാപീഠം എന്നിവ സംയുക്തമായാണ് പരിപാടി ഏറ്റെടുത്തതും.’’

ആർ.എസ്.എസ് കൊച്ചിയിൽ നടത്തിയ രാഷ്ട്രീയ ചിന്തൻ ബൈഠകിൽനിന്ന്

 

കർസേവകരുടെ പരിശീലന ശാഖ

സംഘ്പരിവാർ മുറുകെ പിടിക്കുന്ന സാംസ്കാരിക ദേശീയത കേരളീയ വിദ്യാഭ്യാസ രംഗത്തും അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്‌ വി.സിമാരുടെ നിരുത്തരവാദിത്തം പരിശോധിക്കേണ്ടത്‌. സംസ്ഥാനത്തെ മാനവികവും വികസിതവുമായ വിദ്യാഭ്യാസ മേഖലയെ അടിമുടി തകിടംമറിച്ച്‌ കാവി ബുദ്ധികേന്ദ്രം രൂപംകൊടുത്ത സമ്പ്രദായങ്ങളുടെ പരിശീലനക്കളരിയും ബൗദ്ധികശാഖയുമാണ് ജ്ഞാനസഭ. രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും അടിച്ചുടച്ച്‌ മായ്‌ച്ചുകളയാനുള്ള ആസൂത്രിത നീക്കങ്ങളാണ് ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലെ ഗൗരവമായ ഈ അട്ടിമറിയോട്‌ മാധ്യമങ്ങൾക്ക്‌ മൃദുസമീപനമാണ്‌.

സംസ്കാരത്തെ മത ഉള്ളടക്കത്തിലേക്ക്‌ വിവർത്തനംചെയ്ത്, അത് വിദ്യാഭ്യാസ മേഖലയിലേക്ക്‌ പടർത്തി കാവിവത്കരിക്കാനും സമ്പൂർണ മേധാവിത്വത്തിനുമാണ്‌ ഗൂഢപദ്ധതികൾ. അതിന്റെ കർസേവകരായി വി.സിമാർ യൂനിേഫാമണിഞ്ഞത്‌ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളികൂടിയാണ്‌. രാജ്യവികസനത്തിന് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആധിപത്യമുള്ള കൊളോണിയൽ സ്വാധീനങ്ങൾക്ക് ബദലായി ഇന്ത്യൻ തത്ത്വചിന്തയിൽ വേരൂന്നിയ വിദ്യാഭ്യാസ മാതൃക അത്യന്താപേക്ഷിതമാണെന്നാണ്‌ ചടങ്ങിൽ സംസാരിച്ച മോഹൻ ഭാഗവത് പറഞ്ഞത്‌.

സമ്മേളനം മുഖ്യമായും മൂന്ന്‌ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു –കൊളോണിയൽ സ്വാധീനത്തിൽനിന്ന് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മൂല്യം വീണ്ടെടുക്കുക, വിദ്യാഭ്യാസത്തിലെ ഭാരതവത്കരണം, പുതിയ ദേശീയ വിദ്യാഭ്യാസ നയം. നാലു ദിവസം നീണ്ട ജ്ഞാനസഭ 2025 ജൂലൈ 28ന് അവസാനിച്ചു. മൂന്നാം ദിവസത്തെ പൊതുസമ്മേളനത്തിലെ രണ്ടു സെഷനുകളിൽ മോഹൻ ഭാഗവതും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും അധ്യക്ഷത വഹിച്ചു. ‘വിദ്യാഭ്യാസത്തിലെ ഇന്ത്യൻ, കേരള കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു അവയിൽ. 2020ലെ ദേശീയ വിദ്യാഭ്യാസ നയം (ന്യൂ എജുക്കേഷൻ പോളിസി- എൻ.ഇ.പി) ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപകോളനിവത്കരണത്തിലേക്കുള്ള ആദ്യപടിയെന്നാണ്‌ ആർലേക്കർ വിശേഷിപ്പിച്ചത്‌. നമ്മുടെ കൈവശമുള്ള വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യ ഒരുകാലത്ത് ലോകത്തിന്റെ ഗുരു (വിശ്വ ഗുരു) ആയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലേക്കുള്ള ഹിന്ദുത്വ ആശയങ്ങളുടെ ഒളിച്ചുകടത്തലാണ്‌ ജ്ഞാനസഭയും എൻ.സി.ഇ.ആർ.ടി പാഠപുസ്‌തക പരിഷ്‌കരണവും. മതനിരപേക്ഷത, വിമർശനാത്മക വിദ്യാഭ്യാസം, സാമൂഹിക പുരോഗതി തുടങ്ങിയവ ലക്ഷ്യമിടുന്ന കേരളീയ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനാണ്‌ ശ്രമം. പരമ്പരാഗത വിജ്ഞാനത്തെ പുനരുജ്ജീവിപ്പിക്കുക, പുരാതന ധാർമികമൂല്യങ്ങൾ വളർത്തുക തുടങ്ങിയ വാചാടോപങ്ങളിൽ ഒളിപ്പിക്കുന്നത്‌ വിദ്യാഭ്യാസ സമ്പ്രദായത്തെ സംഘ്പരിവാർ മൂല്യങ്ങൾക്കും ലോകവീക്ഷണത്തിനും അനുസൃതമായി മാറ്റിയെടുക്കാനുള്ള ശ്രമമാണ്‌. ഭാരതവത്കരണത്തെ സ്വാഭാവികമായി വിവരിക്കുന്നതിലൂടെ ആർ.എസ്.എസ്‌ വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷവും യുക്തിപൂർവകവുമായ ഉള്ളടക്കം താറുമാറാക്കുകയുമാണ്‌.

സി. സദാനന്ദനൊപ്പം രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ്‌ ചെയ്‌തത്‌ ചരിത്രകാരി മീനാക്ഷി ജയ്‌നിനെയാണ്. മിത്തുകളെ ചരിത്രമായി അവതരിപ്പിക്കുന്നുവെന്നതാണ്‌ അവരുടെ സംഭാവന. ഡൽഹി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌ത കോളജിലെ ചരിത്ര അസോസിയേറ്റ് പ്രഫസറായിരുന്ന മീനാക്ഷി 2014ൽ മോദി പ്രധാനമന്ത്രിയായതോടെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ അംഗമായി. ബാബരി മസ്ജിദ് തകർത്തത് സ്വാഗതം ചെയ്ത ‘ടൈംസ് ഓഫ് ഇന്ത്യ’ എഡിറ്ററായിരുന്ന ഗിരിലാൽ ജെയിനിന്റെ മകളായ മീനാക്ഷി, ജെയിൻ ‘ദി ഹിന്ദു ഫിനോമിനൻ’ അദ്ദേഹത്തിന്റെ മരണശേഷം പൂർത്തിയാക്കി. ശ്രീരാമന്റെ പവിത്രമായ ജന്മസ്ഥലം വീണ്ടെടുക്കാനുള്ള ആഗ്രഹ സാഫല്യത്തിന്റെ നിർമിതിയാണ് ആ പുസ്തകം. രാമ ആൻഡ്‌ അയോധ്യ, ദി ബാറ്റിൽ ഫോർ രാമ: ദി കെയ്സ്‌ ഓഫ്‌ ദി ടെമ്പിൾ അറ്റ്‌ അയോധ്യ തുടങ്ങിയ മീനാക്ഷിയുടെ കൃതികൾ ആർ.എസ്.എസ്‌ പ്രചാരണ സാമഗ്രികളാണ്‌.

പരിശ്രമം ‘ദേശീയ അറിവ്‌’ കേരളത്തിലുമെത്തിക്കാൻ

വിദ്യാഭ്യാസ മേഖലയിൽ ‘ഇന്ത്യൻ അറിവ്’ ഉൾപ്പെടുത്തി കേരളത്തിന് പുതിയ സംസ്കാരം സൃഷ്ടിക്കാൻ വിജ്ഞാന സമ്മേളനം സഹായിക്കുമെന്നാണ്‌ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) പ്രഫ. ഡോ. ശിവപ്രസാദ് പറഞ്ഞത്‌. കേരളം വിജ്ഞാനാധിഷ്ഠിത സമൂഹമാണ്, എന്നാൽ പ്രാധാന്യം മങ്ങിത്തുടങ്ങിയിരിക്കുന്നു. അതിനാൽ വിദ്യാഭ്യാസ മേഖലയിലെ ആ സ്ഥാനം വീണ്ടെടുക്കാൻ ഇന്ത്യൻ വിജ്ഞാനത്തിന്റെ (ഭാരത വിജ്ഞാനം) പ്രാധാന്യം സംസ്ഥാനം തിരിച്ചറിയണം. ഇന്ത്യ വികസിപ്പിച്ചെടുത്ത സ്വപ്നം സാക്ഷാത്കരിക്കാനുള്ള ആദ്യപടിയാണ് വിജ്ഞാന സമ്മേളനമെന്നും കൂട്ടിച്ചേർത്തു. 100 വർഷമായി ആർ.എസ്.എസ് ഇന്ത്യയിൽ പ്രവർത്തിക്കുന്നു.

അത് നിരോധിത സംഘടനയല്ല; ദേശീയത വളർത്തുന്നതിന്‌ അവർ പ്രവർത്തിക്കുന്നു. രാജ്യത്തെ വിശ്വഗുരുവായി സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ്‌. അതുവഴി ലോക ക്ഷേമത്തിന്‌ പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നു. വൈസ് ചാൻസലർമാർ സംഘടനയുടെ പരിപാടികളിൽ എന്തുകൊണ്ട്‌ പങ്കെടുക്കരുതെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ ഇവിടെ ഒന്നും നശിപ്പിക്കില്ല- ഡോ. ശിവപ്രസാദിന്റെ വാദങ്ങൾ കാടുകയറി. രാജ്യത്തും രാഷ്ട്രീയ ശരീരത്തിലും ചരിത്രത്തിലും സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും പടർന്നുകൊണ്ടിരിക്കുന്ന മാരകരോഗമായ കാവിനിറമുള്ള പ്ലേഗിനെ ഒരു ചെറുതുമ്മൽ പോലുമായി കാണാത്ത മാധ്യമ അലംഭാവവും നിസ്സാരമല്ല.

ജർമനിയിലും ഇറ്റലിയിലുമെല്ലാം ഫാഷിസ്‌റ്റ്‌ രഥയോട്ടത്തിൽ ആദ്യം ആക്രമിക്കപ്പെട്ടത് വിജ്ഞാനകേന്ദ്രങ്ങളായിരുന്നു. ജർമനിയിൽ ഹിറ്റ്ലർ നാസികളെ പിന്തുണക്കാത്ത അധ്യാപകരെ പിരിച്ചുവിട്ടും സിലബസ് മാറ്റിയെഴുതിയും വിദ്യാഭ്യാസ മേഖലയെ തകിടം മറിച്ചു. ലൈബ്രറികൾ ചുട്ടെരിച്ചു. 1937ൽ മഹാരാജാവ് തിരുവിതാംകൂർ സർവകലാശാലക്ക്‌ രൂപംനൽകിയപ്പോൾ ആദ്യ വൈസ് ചാൻസലർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. 1957ൽ കേരള സർവകലാശാല നിലവിൽവന്നപ്പോൾ ഗവൺമെന്റ്‌ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻ​െസ്റ്റെനെയാണ് വൈസ് ചാൻസലറാക്കാൻ ഉദ്ദേശിച്ചത്‌. അത്‌ ഫലപ്രാപ്‌തിയിലെത്തിയില്ലെങ്കിലും വിഖ്യാത ധനതത്ത്വശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായിയെ നിയമിച്ചു. ആ പരമ്പരയിലെ അശ്ലീല നിയമനമായിരുന്നു കുന്നുമ്മൽ മോഹനന്റേത്‌.

ഹെഡ്ഗേവാറും ശ്യാമപ്രസാദ്‌ മുഖർജിയും

വിഭജനം ആസന്നമായ അനിവാര്യതയാണെന്ന്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യം അവതരിപ്പിച്ചത് സവര്‍ക്കറാണ്‌. 1937ല്‍ ഹിന്ദു മഹാസഭാ അധ്യക്ഷനായി ചുമതലയേറ്റ്‌ നടത്തിയ പ്രസംഗത്തിലാണ് ദ്വിരാഷ്ട്രീയവാദം എന്ന പ്രയോഗം ശക്തമായി മുഴങ്ങിയതും. ‘ഇന്ത്യ ഒരു രാജ്യമാണെങ്കിലും ഉള്ളിൽ രണ്ട് രാഷ്ട്രങ്ങളുണ്ട്. ഹിന്ദുക്കളും മുസ്‍ലിംകളും’ എന്നായിരുന്നു അതിന്റെ കാതൽ. മുസ്‍ലിംകൾ ഒന്നുകില്‍ ഇന്ത്യ വിട്ട് പോവുക, അല്ലെങ്കില്‍ രണ്ടാംകിട പൗരന്മാരായി രാജ്യത്ത് തുടരുക എന്നും ഊന്നി. ഇരു വിഭാഗങ്ങളും തമ്മിലുള്ള സാംസ്കാരികവും സാമൂഹികവുമായ വ്യത്യാസങ്ങള്‍ അമർത്തിപ്പറയുന്നതായി ആ പ്രസംഗം. സ്വാതന്ത്ര്യസമരത്തിൽനിന്ന് പ്രവർത്തകരെ അകറ്റിനിർത്താൻ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ പറഞ്ഞത്, പെട്ടെന്നുള്ള ആവേശത്തിലും ചഞ്ചലമായ വികാരവിക്ഷോഭങ്ങളിലും ഉരുത്തിരിയുന്ന പരിപാടികളിൽനിന്ന് സംഘം വിട്ടുനിൽക്കണം.

അത്തരത്തിലുള്ളവയുമായി ബന്ധപ്പെടുന്നത് സംഘത്തിന്റെ സ്ഥിരതക്ക് മാത്രമേ ദോഷകരമാവൂവെന്നാണ്‌. രണ്ടാം സർസംഘ് ചാലക്‌ ഗോൾവാൾക്കർ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തെ അപലപിച്ചത്‌ ഇങ്ങനെയും: പ്രാദേശിക ദേശീയത, പൊതുവായ അപകട ഭീഷണി എന്നീ സിദ്ധാന്തങ്ങളാണ് രാഷ്ട്രത്തെക്കുറിച്ചുള്ള ആശയത്തിന് അടിസ്ഥാനം. അവ കാരണം യഥാർഥ ഹിന്ദുരാഷ്ട്രത്തിന്റെ സാന്നിധ്യവും പ്രചോദനവും നഷ്ടപ്പെട്ടു. പല സ്വാതന്ത്ര്യ മുന്നേറ്റങ്ങളും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളായി മാറി. അതുതന്നെയാണ് ദേശസ്നേഹവും ദേശീയതയുമെന്ന് കരുതപ്പെട്ടു. ഈ പിന്തിരിപ്പൻ കാഴ്ചപ്പാട് സ്വാതന്ത്ര്യസമരത്തിന്റെ കാലഗതിക്കും അതിന്റെ നേതാക്കൾക്കും സാധാരണ ജനങ്ങൾക്കുംമേൽ വിനാശകരമായ പ്രഭാവം സൃഷ്ടിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ മഹാൻ എന്നാണ് മോദി ശ്യാമ പ്രസാദ് മുഖർജിയെ വാഴ്‌ത്തുന്നത്‌. ഡോ. ഷംസുൽ ഇസ്‍ലാമിന്റെ ‘ഇന്ത്യൻ ഫ്രീഡം മൂവ്‌മെന്റ്‌ ആൻഡ്‌ ആർ.എസ്.എസ്‌: എ സ്‌റ്റോറി ഓഫ്‌ ബിട്രയൽ’ എന്ന പഠനഗ്രന്ഥം അതിലെ അർഥശൂന്യത തുറന്നുകാട്ടിയതാണ്‌.

സവർക്കറെയും ഗോൾവാൾക്കറെയും പോലെ ഇന്ത്യ വിഭജിച്ച് ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന ആവശ്യമുയർത്തിയ ഹിന്ദു മഹാസഭാ നേതാവായിരുന്നു അദ്ദേഹവും. ലീഗ് വിഭജനം ആവശ്യപ്പെട്ടശേഷം 1941ൽ ബംഗാളിൽ ലീഗ് സംയുക്ത മന്ത്രിസഭാംഗമായിരുന്നു മുഖർജി. 1941-42 വർഷങ്ങളിൽ ലീഗ് നേതാവ് ഫസലുൽ ഹക്കിം മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായും 1943ൽ ഖ്വാജാ നസീമുദ്ദീനൊപ്പം ധനമന്ത്രിയായും പ്രവർത്തിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ കഠിനമായി എതിർത്തു. അതിൽ ഭാഗഭാക്കായവർക്കെതിരെ കർശന നടപടിവേണമെന്നും ബ്രിട്ടീഷ് ഭരണം ദുർബലപ്പെടുത്താൻ പരിശ്രമിക്കുന്നവരെ ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ട് ബംഗാൾ ഗവർണർ സർ ജോൺ ഹെർബർട്ടിന് പലവട്ടം കത്തുകൾ അയക്കുകയുംചെയ്‌തു.

 

ഭയം ഭരിക്കുന്ന രാജ്യം അഥവാ സഹജീവികളുടെ ശ്‌മശാനം

ഏതെങ്കിലും പട്ടണത്തിൽ അനീതി നടമാടിയാൽ സൂര്യാസ്തമയത്തിന്‌ മുമ്പ്‌ അവിടെ കലാപമുണ്ടാവണം. അല്ലെങ്കിൽ ഇരുട്ടും മുമ്പ്‌ ആ പട്ടണം കത്തിയമരേണ്ടതുണ്ട്‌. അപര്യാപ്തമായ ജീവിതംപോലെ ഭയക്കാനില്ല മരണത്തെ. വനം നിറയെ പൊലീസുകാരാണെങ്കിൽ നിങ്ങൾക്കെങ്ങനെ മരങ്ങളെക്കുറിച്ച്‌ കവിത രചിക്കാനാവും. ഒന്നാമനാവുന്നതിലല്ല, ജീവനോടെ ശേഷിക്കുന്നതിലാണ്‌ കാര്യം- വിഖ്യാത കവിയും എഴുത്തുകാരനും നാടകപ്രതിഭയുമായിരുന്ന ബർതോൾഡ് ബ്രഹ്‌തിന്റെ ശ്രദ്ധേയ ഉദ്ധരണികളാണിവ. നാസി ജർമനിയിലെത്തിയ വിദേശ യാത്രികനോട് ആരാണ് അവിടം ഭരിക്കുന്നതെന്ന് തിരക്കിയപ്പോൾ ഭയം എന്നായിരുന്നു മറുപടി. അത്‌ സൂചിപ്പിച്ചാണ് ‘ഭരണകൂടത്തിന്റെ ഉത്കണ്ഠകൾ’ എന്ന അദ്ദേഹത്തിന്റെ കവിതയുടെ തുടക്കം.

സമാന സാഹചര്യമാണ് ഇന്ത്യയിലും. നാനാത്വത്തിൽ ഏകത്വം, ബഹുസ്വരത, സഹിഷ്‌ണുത, ഉൾച്ചേർക്കലിന്റെ സംസ്കാരം തുടങ്ങിയ മധുര വാഗ്‌ദാനങ്ങൾ നെയ്‌ത ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്‌ ദലിത്‌ വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒരവകാശവുമില്ലാത്തവരാക്കി കടിച്ചുകീറുകയാണ്‌. ഉത്തർപ്രദേശ്‌, ഗുജറാത്ത്‌, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ മുസ്‍ലിംകളെ ഉന്മൂലനംചെയ്യാനുള്ള പദ്ധതികൾ അരങ്ങുതകർക്കുമ്പോൾ ഛത്തിസ്‌ഗഢ്‌, ഒഡിഷ, മണിപ്പൂർ തുടങ്ങിയയിടങ്ങളിലാണ്‌ വിരാമമില്ലാത്ത ക്രിസ്‌ത്യൻ വേട്ടകൾ. ആറു മാസം മാത്രം പ്രായമുണ്ടായ പെൺകുട്ടിയെയടക്കം 140 ആദിവാസി സ്ത്രീകളെയാണ് ഛത്തിസ്ഗഢ് ഉൾപ്പെടെയുള്ള വനമേഖലകളിൽ ആർ.എസ്.എസ്‌ കൂട്ടക്കുരുതി നടത്തിയത്‌.

മണിപ്പൂർ സംഘർഷങ്ങൾ സംബന്ധിച്ച പി.യു.സി.എൽ ​ൈട്രബ്യൂണൽ റിപ്പോർട്ടിൽ സംഘർഷം ആസൂത്രിതവും വംശീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നാണ്‌ പ്രധാനം. 2023 മേയ് മൂന്നിന് കുത്തിയിളക്കിയ കലാപം യാദൃച്ഛികമല്ലെന്നും ആസൂത്രിതവും വംശീയ ലക്ഷ്യമിട്ടതും സർക്കാർ വീഴ്ചകൾ കാരണം സംഭവിച്ചതാണെന്നും ട്രൈബ്യൂണൽ കണ്ടെത്തുകയുണ്ടായി. നൂറ്റമ്പതിലേറെ ആക്രമണങ്ങൾ അതിജീവിച്ചവരുടെ മൊഴിയിൽ വ്യവസ്ഥാപിത ക്രൂരതയുടെയും കുടിയിറക്കലിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെ നിസ്സംഗതയുടെയും ഒത്തുകളിയുടെയും ചിത്രം വ്യക്തമാണ്‌.

കൊലപാതകങ്ങൾ, അംഗഭംഗം വരുത്തൽ, ലൈംഗികാതിക്രമങ്ങൾ, സ്ത്രീകളെ അക്രമികൾക്ക് കൈമാറൽ തുടങ്ങിയ ക്രൂരതകളെല്ലാം വെളിവായി. സമൂഹമാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും വിതറിയ വിദ്വേഷ പ്രചാരണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. കലാപത്തിന്‌ രണ്ടു വർഷം കഴിഞ്ഞിട്ടും 60,000 നിരപരാധികൾ ക്യാമ്പുകളിൽ ദുരിതപൂർണമായ സാഹചര്യങ്ങളിൽ നരകിക്കുന്നത്‌ തുടരുകയുംചെയ്യുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ആശുപത്രികൾ രോഗിയുടെ ജാതി നോക്കി ചികിത്സ നിഷേധിക്കപ്പെട്ടു. അതിജീവിച്ചവർ കടുത്ത മാനസിക ആഘാതത്തിലൂടെയാണ്‌ കടന്നുപോകുന്നതും. സുപ്രീംകോടതി നിയമിച്ച ഗീത മിത്തൽ കമ്മിറ്റിയുടെയും സി.ബി.ഐയുടെയും അന്വേഷണങ്ങൾക്ക്‌ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയെന്നും റിപ്പോർട്ട് വ്യക്തമാക്കി.

 

ജസ്റ്റിസ് സുദർശൻ റെഡ്‌ഡിക്കെതിരായ അമിത്‌ ഷായുടെ നിരുത്തരവാദ പരാമർശം

രാജ്യ ജനസംഖ്യയുടെ 80 ശതമാനത്തിനടുത്ത്‌ വരുന്ന ഹിന്ദുക്കൾ പതിറ്റാണ്ടുകളായി അവഗണനയിലും അപകടത്തിലുമാണെന്നുള്ള പ്രചാരണം സമീപകാലത്തായി അതിശക്തമാണ്‌. ഹിന്ദുക്കൾ ഒരിക്കലും ഭീകരവാദികളാവില്ലെന്ന് 2025 ജൂലൈ 30ന് രാജ്യസഭയിൽ ഓപറേഷൻ സിന്ദൂർ ചർച്ചക്കിടെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ അവകാശപ്പെടുകയുണ്ടായി. കോൺഗ്രസിന്റെ മൃദുനയങ്ങളും പ്രീണന സമീപനവും രാജ്യത്ത് ഭീകരത വളരാനും അത്തരം ശക്തികൾക്ക്‌ മു​േന്നറാനും അവസരമൊരുക്കി. നിർണായക നടപടികളിലൂടെ പ്രതികരിക്കുന്ന നേതൃത്വം നമുക്കിപ്പോഴുണ്ടെന്നും കൂട്ടിച്ചേർത്തു. ശിവാജിയുടെ യുദ്ധമുദ്രാവാക്യം ഇപ്പോഴും പ്രസക്തമാണ്‌. അദ്ദേഹം മുഗളർക്കെതിരെ സ്വാതന്ത്ര്യത്തിനായി പോരാടി. ഇന്ത്യയുടെ മേധാവിത്വത്തിനെതിരായ എല്ലാ ആക്രമണങ്ങൾക്കുമെതിരായ പ്രതീകമാണത്.

ഇന്ത്യ അവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. രാജ്യത്ത്‌ ഭീകരത തകർച്ചയിലേക്ക് അടുക്കുന്നുവെന്നും അമിത്‌ ഷാ വിശദീകരിച്ചു. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്ന ജസ്റ്റിസ് സുദർശൻ റെഡ്‌ഡിയെ നക്സലിസം വളർത്താൻ പരമോന്നത നീതിപീഠത്തെ ഉപയോഗിച്ചയാളെന്ന്‌ മോശമായി ചിത്രീകരിച്ചതും നിരുത്തരവാദമായ നിലയിലായിരുന്നു. 2011ൽ ജസ്റ്റിസ് എസ്.എസ്. നിജ്ജാറിനൊപ്പം പുറപ്പെടുവിച്ച വിധിയിലൂടെ അദ്ദേഹം സൽവ ജുദൂം എന്ന പേരിൽ ഛത്തിസ്ഗഢിൽ പ്രവർത്തിച്ചുവന്ന സർക്കാറിന്റെയും ഖനിയുടമകളുടെയും സ്വതന്ത്ര സൈന്യത്തെ നിയമത്തിന്‌ ചേരാത്തതും ഭരണഘടനാ വിരുദ്ധവുമെന്ന് പരാമർശിച്ചാണ് നിരോധിച്ചത്. അതേ വർഷം സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചാണ് രാജ്യദ്രോഹ കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന ബിനായക് സെന്നിന്‌ ജാമ്യം അനുവദിച്ചതും.

(തുടരും)

News Summary - RSS and its Hindutva propaganda