സി.പി.എം കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം.എ. ബേബിക്ക് ഒരു കത്ത്

കോളനികളും ചേരികളും ഇല്ലാതാക്കി അവിടെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമങ്ങൾ വിജയകരമായിരുന്നോ? കടവന്ത്ര പേരണ്ടൂർ കനാലിനോട് ചേർന്നു കിടന്നിരുന്ന പി ആൻഡ് ടി കോളനിയിൽ താമസിച്ചിരുന്നവരെ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്െമന്റിേലക്കു മാറ്റി. അവിടെ ദുരിതപൂർണമായ ജീവിതമാണ് അവരെ കാത്തിരുന്നത്. അപ്പാർട്മെന്റിലെ താമസക്കാരി തങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്നു. സഖാവേ, എന്റെ പേര് ഷൈനി. ഞാൻ ഇപ്പോൾ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റിൽ താമസിക്കുന്നു. പിണറായി സർക്കാറിന്റെ കാലത്ത് വിശാല കൊച്ചി വികസന അതോറിറ്റിയുടെ മുൻകൈയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ്...
Your Subscription Supports Independent Journalism
View Plansകോളനികളും ചേരികളും ഇല്ലാതാക്കി അവിടെയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പിണറായി സർക്കാറിന്റെ ശ്രമങ്ങൾ വിജയകരമായിരുന്നോ? കടവന്ത്ര പേരണ്ടൂർ കനാലിനോട് ചേർന്നു കിടന്നിരുന്ന പി ആൻഡ് ടി കോളനിയിൽ താമസിച്ചിരുന്നവരെ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്െമന്റിേലക്കു മാറ്റി. അവിടെ ദുരിതപൂർണമായ ജീവിതമാണ് അവരെ കാത്തിരുന്നത്. അപ്പാർട്മെന്റിലെ താമസക്കാരി തങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്നു.
സഖാവേ,
എന്റെ പേര് ഷൈനി. ഞാൻ ഇപ്പോൾ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റിൽ താമസിക്കുന്നു. പിണറായി സർക്കാറിന്റെ കാലത്ത് വിശാല കൊച്ചി വികസന അതോറിറ്റിയുടെ മുൻകൈയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് ഈ അപ്പാർട്മെന്റ്. വലിയ പ്രതീക്ഷകളും സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലും ആയിരുന്നു ഞാനും കുടുംബവും അവിടെ എത്തിയത്. എന്റെ കുടുംബത്തെപ്പോലെ തന്നെ അത്യധികം സന്തോഷത്തിലായിരുന്നു ഇവിടെ പുനരധിവസിപ്പിക്കപ്പെട്ട ഓരോ കുടുംബവും.
ഞാൻ ഉൾെപ്പടെ ഇവിടെ താമസിക്കുന്നവർ 50 വർഷത്തിലേറെയായി കടവന്ത്ര പേരണ്ടൂർ കനാലിനോട് ചേർന്ന് കിടന്നിരുന്ന പി ആൻ ടി കോളനിയിൽ താമസിക്കുന്നവരായിരുന്നു. ഇടക്കാലത്തുണ്ടായ മഴയിൽ വെള്ളക്കെട്ടിന്റെയും വേലിയേറ്റ സമയങ്ങളിൽ വീടുകളിൽ വെള്ളം കയറുന്നതിന്റെയും ഭാഗമായി വല്ലപ്പോഴുമൊക്കെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടിവന്നിരുന്ന 90ഓളം കുടുംബങ്ങളായിരുന്നു ഞങ്ങൾ. നീതിക്കും പുനരധിവാസത്തിനുമായി നിരന്തരമായി മുറവിളി കൂട്ടിയിട്ടും ആരും ഞങ്ങളെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെ വെളിയിട വിസർജന മുക്തിയുള്ള (Open Defecation Free (ODF) കോർപറേഷൻ എന്ന ബഹുമതി കൊച്ചിൻ കോർപറേഷനു ലഭിക്കുന്നതിന് ഞങ്ങൾ തടസ്സമാണെന്നു വന്നു. കാരണം ഞങ്ങളുടെ ബാത്റൂം മാലിന്യങ്ങൾ പേരണ്ടൂർ കനാലിലേക്കാണ് പോയിരുന്നത്. തന്മൂലം ഞങ്ങളെ അവിടെനിന്ന് ഒഴിവാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായി വന്നു. ഇതിനെ തുടർന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള മുണ്ടംവേലിയിലെ സ്ഥലം ഞങ്ങൾക്കായി വിട്ടുതരാൻ അന്നത്തെ ജി.സി.ഡി.എ ഭരണസമിതി തീരുമാനിച്ചു. ഒടുവിൽ 2018 ജൂലൈ 31ന് അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി മുണ്ടംവേലിയിൽ ജി.സി.ഡി.എ നിർമിക്കുന്ന പി ആൻഡ് ടി അപ്പാർട്മെന്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
2023 വർഷാവസാനത്തോടെ ഫ്ലാറ്റിന്റെ താക്കോലുകൾ കൈമാറിയെങ്കിലും പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ അന്ന് മുതൽ താമസം ആരംഭിക്കാൻ കഴിഞ്ഞില്ല. പിന്നീട് നിർമാണം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് 2024 ജനുവരി 31ന് 78 കുടുംബങ്ങളെ അപ്പാർട്മെന്റിൽ പുനരധിവസിപ്പിച്ചു. അതുവഴി 90ൽ ബാക്കിയുണ്ടായിരുന്ന കുടുംബങ്ങൾ വഴിയാധാരമാവുകയും ചെയ്തു. അന്നേ ദിവസംതന്നെ ഞങ്ങൾ അന്നുവരെ താമസിച്ചിരുന്ന, ഞങ്ങൾ ജീവിതസ്വപ്‌നങ്ങൾ നെയ്തിരുന്ന കൊട്ടാരം, അതായത് പേരാണ്ടൂർ കനാൽ പുറമ്പോക്കിലെ വീടുകൾ ഒന്നുപോലും അവശേഷിക്കാത്ത രീതിയിൽ അധികാരത്തിന്റെ ജെ.സി.ബി ഉപയോഗിച്ച് തച്ചുതകർത്ത് കളഞ്ഞു.
ആ കാഴ്ച ഞങ്ങളെ ഏറെ വേദനിപ്പിച്ചുവെങ്കിലും സുന്ദരമായ ഒരു ഭാവി ഞങ്ങളെ മുണ്ടംവേലിയിൽ കാത്തിരിക്കുന്നതോർത്ത് വിഡ്ഢികളായ ഞങ്ങൾ അന്ന് അതിരറ്റ് ആഹ്ലാദിച്ചു. സഖാവേ, ഇനിയങ്ങോട്ട് പറയാൻ പോകുന്നത് സിനിമയെ വെല്ലുന്ന ഞങ്ങളുടെ ജീവിതകഥയാണ്. പക്ഷേ, ആ ജീവിതകഥയുടെ രചയിതാക്കൾ ആരാണെന്ന് ഞങ്ങൾ അജ്ഞരായിരുന്നു എന്നതും അങ്ങ് ഒന്ന് പ്രത്യേകം ഓർത്തുവെക്കേണ്ടതാണ്.
താമസം തുടങ്ങിയ അന്ന് ജി.സി.ഡി.എ ഉദ്യോഗസ്ഥർ ഞങ്ങളെ വന്നു കാണുകയും 1000 കിലോയിൽ കൂടുതൽ ഭാരമുള്ള സാധനങ്ങൾ കൂട്ടിവെക്കരുത് എന്നും ഭിത്തികളിൽ ഒരു തരത്തിലും ഈർപ്പമോ വെള്ളമോ പാടിെല്ലന്നും ഭിത്തികൾ നനയരുതെന്നും പറഞ്ഞു. ഞങ്ങൾക്കുവേണ്ടി ഒരുക്കിയ നെതർലൻഡ്സ് മോഡൽ ബിൽഡിങ് അല്ലേ, ഞങ്ങൾ അക്ഷരംപ്രതി അനുസരിച്ചു. ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള 70 സെന്റ് വരുന്ന സ്ഥലത്താണ് അപ്പാർട്മെന്റ് നിർമിച്ചിരിക്കുന്നത് 4 നിലകളുള്ള കെട്ടിടത്തിൽ 2 ബ്ലോക്കുകളും 400 ഓളം അന്തേവാസികളുമാണ് ഉള്ളത്. താമസം തുടങ്ങി 14ാo ദിവസം പെയ്ത മഴയിൽ തന്നെ അപ്പാർട്മെന്റിലെ 2 വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങി.
ആദ്യ ആഴ്ചയിൽതന്നെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് റോഡിലേക്കൊഴുകി. അപ്പോഴാണ് ഞങ്ങൾ അറിയുന്നത് ഒരു കൈമുഴം വ്യാപ്തിയിലാണ് 400ഓളം വരുന്ന ജനങ്ങൾക്ക് സീവേജ്, സെപ്റ്റിക് ടാങ്ക് സൗകര്യം ഒരുക്കിയിരിക്കുന്നത് എന്ന്. പരാതി കൊടുത്തതിനെ തുടർന്ന് ദിനംപ്രതി വണ്ടി വന്ന് സെപ്റ്റിക് ടാങ്ക് മാലിന്യം നീക്കംചെയ്യാൻ തുടങ്ങി. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുന്നു. ഒരു ദിവസം അത് മുടങ്ങിയാൽ കക്കൂസ് മാലിന്യം നിറഞ്ഞു തൊട്ടടുത്തുള്ള സാന്തോം കോളനിയിലേക്കും ഒഴുകി പരക്കും.

മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്െമന്റിന് മുഖ്യമന്ത്രിയായിരുന്ന വേളയിൽ പിണറായി വിജയൻ നടത്തിയ ശിലാസ്ഥാപനം
കൂടെ രൂക്ഷമായ ദുർഗന്ധവും. തൊട്ടപ്പുറം താമസിക്കുന്ന നേവി ക്വാർട്ടേഴ്‌സിലേക്ക് ഇത്തരത്തിൽ ഒരു വണ്ടി പോകുന്നത് രണ്ടര വർഷത്തിനിടക്ക് ഞങ്ങൾ കണ്ടിട്ടില്ല. പത്തോ ഇരുപതോ നിലകളുള്ള ഫ്ലാറ്റുകളും അതിനനുസൃതമായ ജനങ്ങളുമാണ് അവിടെയുള്ളത്. അവിടെയാണ് സഖാവേ, പാവങ്ങൾക്കും പണക്കാർക്കും ഈ നാട്ടിൽ നീതി എന്ന് പറയുന്നത് രണ്ടു തരത്തിലാണെന്ന് ഞങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. കടുത്ത ദുരിതങ്ങൾ സഹിച്ചുകൊണ്ട് ഒട്ടും വാസയോഗ്യമല്ലാത്ത ഈ അപ്പാർട്മെന്റിൽ ഞങ്ങൾ എങ്ങനെയാണ് കഴിയുന്നതെന്ന് അങ്ങേക്ക് ഊഹിക്കാൻ സാധിക്കുമോ?
മനുഷ്യജീവനെ പരിഗണിക്കാതെയും നിർമാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കാതെയും, മതിയായ ജാഗ്രത ഇല്ലാതെയും നിർമിച്ചിട്ടുള്ള കെട്ടിടങ്ങളാണ് പി ആൻഡ് ടി അപ്പാർട്മെന്റിലുള്ളത്. ഈ ബിൽഡിങ്ങുകളിൽ ഉപയോഗിച്ചിരിക്കുന്നത് എ.എ.സി എന്ന പ്രത്യേകതരം സിമന്റ് ബ്ലോക്കുകളാണ്. ഇവ ഈർപ്പം പെട്ടെന്ന് ആഗിരണം ചെയ്യുന്നു. ചൂട് പുറത്തേക്ക് വിടുന്നുമില്ല. ഇതാണ് ഈ മെറ്റീരിയലിന്റെ പ്രത്യേകത. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ മെറ്റീരിയൽ ഉപയോഗിച്ച് കെട്ടിടം നിർമിക്കുമ്പോൾ തെർമൽ ഇൻസുലേഷൻ, വാട്ടർ പ്രൂഫിങ് എന്നിവ ചെയ്യേണ്ടതാണ്. ഇവ രണ്ടും ഇവിടെ നടന്നിട്ടില്ല.
ബിൽഡിങ് പണിയുന്നതിന് മുമ്പ് ഭൂഘടന, ഭൂമിയുടെ പ്രത്യേകത, മണ്ണിന്റെ പ്രത്യേകത, ചുറ്റുപാട് എന്നിവ നിർബന്ധമായും കണക്കിലെടുത്ത് നിർമാണ പ്രക്രിയകൾ തുടങ്ങണമായിരുന്നു. പ്രത്യേകിച്ച് ഇതൊരു തീരപ്രദേശം ആയതിനാലും ഉപ്പിന്റെ അംശം കൂടുതലുള്ളതിനാലും പൂർണമായും ഇരുമ്പ് ചട്ടക്കൂടിൽ ഒരു നിർമാണം നടത്തുമ്പോൾ ഇവയെല്ലാം നോക്കേണ്ടതായിരുന്നു. കാരണം ഇരുമ്പിനെ വളരെ വേഗം തുരുമ്പാക്കാൻ പോന്ന എല്ലാ ഘടകങ്ങളും ഇവിടെയുണ്ട്.
ഞങ്ങൾ എൻജിനീയർമാരോ ഉദ്യോഗസ്ഥരോ അല്ല; ഞങ്ങളുടെ നിലനിൽപിനെ ബാധിച്ചപ്പോൾ ഞങ്ങളായിതന്നെ തെരഞ്ഞുപിടിച്ചു കണ്ടെത്തിയ കാര്യങ്ങളാണിവ. ഇത്രയും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടമായിട്ടും ഒരു ആഘോഷമോ ഒത്തുചേരലോ നടത്താൻ, എന്തിനേറെ പറയുന്നു ഒരു മരണമുണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച് പൊതുദർശനത്തിന് വെക്കാൻ ഒരു കമ്യൂണിറ്റി ഹാൾപോലും ഇല്ല. കുട്ടികളുടെ വളർച്ച, ബുദ്ധിവികാസം, മാനസിക ഉല്ലാസം എന്നിവക്ക് വേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. ഈ അടുത്ത് ഇവിടത്തെ കുട്ടികളുടെ ദുഃഖകരമായ സ്ഥിതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത് അങ്ങും കണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നു.
മഴയത്ത് നനഞ്ഞൊലിക്കുന്ന വീടുകളിൽ ബാത്റൂം മാലിന്യം കൂടി ഒഴുകിയെത്തുമ്പോൾ നനഞ്ഞ് ദുർഗന്ധം പരത്തുന്നത് അവരുടെ പഠനസാമഗ്രികളും യൂനിഫോമും മാത്രമല്ല, നല്ലൊരു ഭാവി സ്വപ്നംകണ്ട് അത് കെട്ടിപ്പൊക്കാൻ കഴിയാതെ വിരക്തിയിലേക്ക് പോകുന്ന അവരുടെ മനസ്സും കൂടിയാണ്. ഒട്ടും ശുചിത്വമില്ലാത്ത ജീവിതപരിസരങ്ങൾമൂലം കുട്ടികൾക്ക് ഉറക്കക്കുറവ്, അലർജി, മാനസിക പിരിമുറുക്കം, ആത്മവിശ്വാസമില്ലായ്മ തുടങ്ങി വിവിധ ശാരീരിക-മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നു. മുകളിലെ നിലയിൽനിന്നും എന്തെങ്കിലും ശബ്ദം കേട്ടാൽ കെട്ടിടം തകരുമോ എന്ന് ഭയക്കുന്ന, പേടി കാരണം രാത്രി സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു കുട്ടികളുടെ അമ്മയാണ് ഞാൻ.
ഇതുപോലെ മക്കളുടെ വിഷമങ്ങൾ കണ്ടു പ്രയാസപ്പെടുന്ന ഒട്ടനവധി കുടുംബങ്ങൾ ഇവിടെയുണ്ട്. അങ്ങയുടെ കുടുംബത്തിലെ ഒരു കുട്ടിയെ ഈ സ്ഥാനത്ത് അങ്ങേക്ക് ചിന്തിക്കാൻ കഴിയുമോ? കൂട്ടുകാരിൽനിന്നും അകന്നുമാറേണ്ടിവരുന്ന, അധ്യാപകരിൽനിന്നും തങ്ങളുടെ ദയനീയ സ്ഥിതി മറച്ചുപിടിക്കുന്ന, മാതാപിതാക്കളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി സ്വയം നീറുന്ന ഒരുപറ്റം പിഞ്ചോമനകളെ അങ്ങേക്ക് ഇവിടെ കാണാം. കുട്ടികൾ നിരന്തരം സ്കൂളിൽ എത്താത്തതിനെ തുടർന്ന് ഒരു അധ്യാപിക ഇവിടെ അന്വേഷിച്ചെത്തിയതിനെ തുടർന്ന് അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ അഞ്ചോളം കുട്ടികളെ വിവിധ സ്കൂളുകളിൽനിന്നും പുറത്താക്കിയതായാണ് അറിയാൻ കഴിഞ്ഞത്.
തുടർന്ന് ഞങ്ങളുടെ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് പി. പരമേശ്വരൻ സ്‌കൂളിൽ പോയി കുട്ടികളുടെ കാര്യം സംസാരിക്കുകയും അധ്യാപകരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. പക്ഷേ, അപ്പോഴും സ്കൂളിൽ കയറ്റുന്ന കാര്യത്തിൽ മാത്രമേ തീരുമാനമായുള്ളൂ. ബാക്കി അവരുടെ എല്ലാ പ്രശ്നങ്ങളും ഇപ്പോഴും പരിഹാരമില്ലാതെ അങ്ങനെതന്നെയുണ്ട്.
ഞങ്ങളുടെ വീടുകളിൽ നിരന്തരം ഇലക്ട്രോണിക്സ്-ഇലക്ട്രിക്കൽ ഉപകരണങ്ങൾ കേടാവുകയും സ്വിച്ചുകൾ വർക്ക് ചെയ്യാതിരിക്കുക, സ്പാർക്ക് വരിക, നിരന്തരമായി ആളുകൾക്ക് ഷോക്ക് അടിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഞങ്ങൾക്ക് തുടക്കം മുതലേ അനുഭവത്തിൽ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ അറിയിക്കുമ്പോൾ എന്തെങ്കിലും താൽക്കാലിക പരിഹാരം അവർ ചെയ്യുകയും ചെയ്തിരുന്നു. എന്നിരുന്നാലും മുമ്പ് പറഞ്ഞ പ്രതിഭാസങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. ആയിടക്കാണ് ഈ ഡിവിഷനിലെ ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു കുട്ടിക്ക് ഇലക്ട്രിക് ഷോക്ക് ഏൽക്കുകയും ഗ്രേഡ് ത്രീ വരെ പൊള്ളൽ ഏൽക്കുകയും ചെയ്ത സംഭവം ഉണ്ടാകുന്നത്.

ഞങ്ങളാൽ കഴിയുന്ന സഹായം ആ കുട്ടിക്ക് ചെയ്യാൻ ഉറച്ച് കുട്ടിയുടെ വീട്ടിലെത്തിയ ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റ് കണ്ടത് ഇലക്ട്രിക് ലൈനുകൾ ഏറക്കുറെ ഈ ബിൽഡിങ്ങിലെ പോലെതന്നെ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതാണ്. കെ.എസ്.ഇ.ബിയിൽ വിവരാവകാശ അപേക്ഷ നൽകിയ അദ്ദേഹത്തിന് ലഭിച്ചത് ഞട്ടിക്കുന്ന മറുപടിയായിരുന്നു. പൂർണമായും ഇരുമ്പ് ചട്ടക്കൂടിനുള്ളിൽ നിർമിച്ച ഈ ബിൽഡിങ്, അരൂർ മട്ടാഞ്ചേരി 110 കെവി ലൈനിൽനിന്നും നിയമപരമായ അകലം പാലിക്കാതെയാണ് നിർമിച്ചുവെച്ചിരിക്കുന്നത്. കേന്ദ്ര വൈദ്യുതി റെഗുലേഷൻ ചട്ടങ്ങൾ പ്രകാരം 2.9 മീറ്റർ അകലം വേണ്ടിടത്ത് 2.5 മീറ്റർ അകലമേ ഉള്ളൂ. കിഴക്ക് 110 കെ.വി ലൈൻ ആണെങ്കിൽ പടിഞ്ഞാറ് 66 കെ.വി ലൈൻ കടന്നുപോകുന്നു.
ബിൽഡിങ് പണിയാനുള്ള അനുമതി എങ്ങനെ കിട്ടിയെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. ചെന്നൈ ഐ.ഐ.ടി അംഗീകരിച്ച പ്ലാൻ ആണെന്നാണ് അവകാശവാദം. 110 കെ.വി ലൈനും ടവറും ചെന്നൈ ഐ.ഐ.ടി കാണാതെപോയ മാന്ത്രികവിദ്യ എന്തായിരിക്കും? രണ്ടു ലൈനിനും ഇടക്ക് ഇരുമ്പ് ഡക്ക് ഷീറ്റുകൊണ്ട് മേൽക്കൂരയും ഇരുമ്പ് പില്ലറുകളും ഇരുമ്പ് ബീമുകളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കെട്ടിടം നിൽക്കുന്നു. 110 കെ.വി ലൈൻ ദൂരപരിധി ലംഘിച്ച് വളരെ അടുത്തുകൂടി കടന്നുപോകുന്നതിനാൽ ഈർപ്പമുള്ള അന്തരീക്ഷത്തിലൂടെ വൈദ്യുതി കടന്നുപോവുകയും വീട്ടിലിരിക്കുമ്പോൾപോലും ഷോക്ക് അടിക്കുന്നത് പതിവാകുകയും ചെയ്തു.
വൈദ്യുതി പ്രസരണംമൂലം വൈദ്യുതി സുരക്ഷാ ഉപകരണങ്ങളും ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടിക്കടി കേടുവരുന്നു. ഏകദേശം 33ഓളം ഫാനുകളാണ് താമസം തുടങ്ങി ഇത്രയും നാളുകൾക്കുള്ളിൽ കംപ്ലയിന്റ് ആയിട്ട് ജി.സി.ഡി.എക്ക് കൈമാറിയത്. ഇതിനെല്ലാം ഉടനടി പരിഹാരം എന്നത് ഒരിക്കലും സാധ്യമാകാത്ത കാര്യമാണെന്ന് ഇത് വായിക്കുമ്പോൾതന്നെ അങ്ങേക്ക് മനസ്സിലായി കാണുമല്ലോ.
അടുത്ത പ്രശ്നം 15,000 ലിറ്ററോളം വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാട്ടർ ടാങ്കിലെ വിള്ളലുകളും അപകടാവസ്ഥയുമാണ്. ഏറ്റവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിനുള്ളിലും പുറത്തും ദിനംപ്രതി വലുതായിക്കൊണ്ടിരിക്കുന്ന അപകടകരമായ വിള്ളലുകളുണ്ട്. ടാങ്ക് പൊട്ടിയാൽ കൈകൊണ്ട് ഒന്ന് തുടച്ചാൽപോലും അടർന്നു വീഴും വിധത്തിലുള്ള കെട്ടിടത്തിൽ അതും 60 ശതമാനത്തിനു മുകളിൽ ലൂസ് പ്ലാസ്റ്ററിങ് ഉള്ള കെട്ടിടത്തിലെ ഭീകരാവസ്ഥ വാക്കുകൾകൊണ്ട് പറയുന്നതിലും അപ്പുറമായിരിക്കും.

പ്ലംബിങ്ങിന് ഉപയോഗിച്ച ഗുണമേന്മയില്ലാത്ത പൈപ്പുകൾ ഭിത്തികൾക്കുള്ളിൽ പലയിടത്തും പൊട്ടി കുടിവെള്ളം നഷ്ടമാകുന്നതിനും ഭിത്തികൾ നനഞ്ഞ് ദുർബലമാകുന്നതിനും കാരണമാകുന്നു. ഗുണമേന്മയില്ലാത്ത സാധനസാമഗ്രികൾകൊണ്ട് നിർമിച്ചതിനാൽ അപ്പാർട്മെന്റുകളിൽ പലയിടത്തും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നു. ദിനംപ്രതി ചുവരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയാണ്. ദിവസങ്ങൾക്കു മുമ്പേ സീലിങ് ഫാൻ അടർന്നുവീണ് ഒരു അന്തേവാസിക്ക് സാരമായ പരിക്ക് പറ്റിയിരുന്നു. രണ്ട് ചെറിയ കുട്ടികളുള്ള വീടാണത്. ആ അന്തേവാസിയുടെ സ്ഥാനത്ത് കുട്ടികൾ ആരെങ്കിലുമായിരുന്നെങ്കിൽ ഇവിടം ഒരു മരണവീടാകുമെന്ന കാര്യത്തിൽ തർക്കമില്ല.
ആ പിതാവ് ഗദ്ഗദത്തോടെ ഇതേ കാര്യംതന്നെ ആവർത്തിച്ചു പറയുമ്പോൾ മനസ്സാക്ഷിയും മനുഷ്യത്വവും ഉള്ളവരുടെ കണ്ണ് നിറയും. ഇതെല്ലാം എന്തിനെയാണ് സൂചിപ്പിക്കുന്നത്? ഇപ്പോൾ അറിഞ്ഞത് ഈ കെട്ടിടങ്ങൾക്ക് സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഇെല്ലന്നാണ്. ഞങ്ങളുടെ പരാതിയെ തുടർന്ന് ജി.സി.ഡി.എ ചെന്നൈ ഐ.ഐ.ടിയെക്കൊണ്ട് നടത്തിച്ച പഠനത്തിൽ 2026 മേയ് 31നു മുമ്പ് സ്ട്രക്ചർ ബലപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു. കെട്ടിടത്തിന്റെ ദുർബലാവസ്ഥ ഇതിൽനിന്ന് വ്യക്തമാണ്.
മുകൾനിലകളിലെ ശുചിമുറികളിൽനിന്നുമുള്ള ആസിഡുകൾ നിറഞ്ഞ സോപ്പ് ഡിറ്റർജന്റ് വെള്ളവും വിസർജ്യങ്ങളും ചോർന്ന് താഴത്തെ നിലകളിൽ ഫ്ലാറ്റുകളിലേക്ക് ഒലിച്ചിറങ്ങി ഭിത്തികൾ ദുർബലമാകുന്നു. നനഞ്ഞ ഭിത്തികളിൽ പൂപ്പലും പായലും പിടിച്ച് അലർജി, നിരന്തരമായ തുമ്മൽ, ചുമ തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ശുചിമുറിയിലെ ചോർച്ചമൂലം കുടപിടിച്ച് വേണം പാചകം ചെയ്യാനും ബാത്റൂമിൽ പോകാനും. ഇതുമൂലം സ്വസ്ഥമായി വിശ്വസിച്ച് പാചകം ചെയ്യാനോ കഴിക്കാനോ ഞങ്ങൾക്ക് ആവുന്നില്ല. വീതികുറഞ്ഞ ഇടനാഴികളുടെ ഇരുവശത്തുമായിട്ടാണ് ഇവിടെ ഭവനങ്ങൾ പണിതിട്ടുള്ളത്. പുറത്തേക്ക് തുറക്കാൻ കഴിയാത്ത വിധമാണ് ജനലുകൾ. മതിയായ വെന്റിലേഷൻ സൗകര്യമില്ല. ചൂടുകാലത്ത് വീടിനുള്ളിൽ ഒട്ടും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഓട്ടിസം ബാധിച്ച കുട്ടികളടക്കം മിക്ക കുട്ടികൾക്കും ദേഹമാസകലം തടിപ്പും കുരുക്കളും അലർജിയും ബാധിക്കുന്നു.
നാല് നിലകളുള്ള ഇവിടെ, വയോജനങ്ങളും രോഗികളുമുണ്ട്. ഇടുങ്ങിയ കോണിപ്പടികളിലൂടെ രോഗികളെയും വൃദ്ധരെയും താഴെയെത്തിക്കുക എന്നത് ഏറെ ദുഷ്കരമാണ്. മൂന്നാം നിലയിൽ താമസിക്കുന്ന, രണ്ട് കൊച്ചു പെൺകുട്ടികളുടെ മാതാവായ 29 വയസ്സുകാരി ആശുപത്രിയിൽ സമയത്തെത്തിക്കാൻ കഴിയാത്തതുകൊണ്ട് ഞങ്ങളെ വിട്ടുപിരിഞ്ഞതും, അതിലൂടെ രണ്ട് ബാല്യങ്ങൾ അനാഥരായതും, എക്കാലവും ഞങ്ങളുടെ മനസ്സിൽ മാറാവേദനയായിട്ടുണ്ടാകും.
ഇവിടെ നടന്ന ഏഴ് മരണങ്ങളിൽ പ്രായാധിക്യംകൊണ്ട് മരണപ്പെട്ട രണ്ടു പേരൊഴികെ ബാക്കി അഞ്ചു മരണങ്ങളിലും തന്മൂലം കുടുംബങ്ങൾ അനാഥരായതിനും വിധവകളും അബലകളുമായി തീർന്നതിനും ഉദ്യോഗസ്ഥവർഗത്തിന്റെ കെടുകാര്യസ്ഥതക്ക് കാര്യമായ പങ്കുെണ്ടന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ലിഫ്റ്റോ മതിയായ ഫയർ റെസ്ക്യൂ സംവിധാനങ്ങളോ ഇവിടെ ഒരുക്കിയിട്ടില്ല. വേസ്റ്റ് മാനേജ്മെന്റ് പദ്ധതികളോ വാഹന പാർക്കിങ് സൗകര്യമോ ജീവിത-സാമ്പത്തിക അഭിവൃദ്ധിക്ക് വഴിയൊരുക്കുന്നതിന് അനുബന്ധമായ ഒന്നുംതന്നെ ഇവിടെയില്ല.
110 കെ.വി ലൈനിൽനിന്നുണ്ടാകുന്ന ഇ.എം.എഫ് (വൈദ്യുത കാന്തിക വലയം) റേഡിയേഷൻ അന്തേവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നാലഞ്ചു വീടുകളിൽ ജോലിക്ക് പോയിക്കൊണ്ടിരുന്ന വീട്ടമ്മ ഇന്ന് പരസഹായമില്ലാതെ നടക്കാൻപോലും പറ്റാത്തനിലയിലേക്ക് മാറിയിരിക്കുന്നു. 110 കെ.വി ലൈൻ ഇവരുടെ വീടിന് തൊട്ടടുത്തുകൂടിയാണ് കടന്നുപോകുന്നത്. ഹാർട്ട് അറ്റാക്ക്, വൃക്ക സംബന്ധമായ രോഗങ്ങൾ, ത്വക് രോഗങ്ങൾ എന്നിവയിൽ ഏതെങ്കിലുമൊക്കെയായി ഓരോ വീട്ടിലും കണ്ടുപിടിക്കപ്പെടുന്നു. ആധികാരികമായി, ശാസ്ത്രീയമായി ഇത് തെളിയിക്കാൻ ഞങ്ങളുടെ കൈയിൽ ആധാരമില്ലെങ്കിലും റേഡിയേഷന്റെ എല്ലാ പരിണതഫലങ്ങളും ഇവിടെയുള്ളവർക്ക് അനുഭവത്തിൽ വന്നിട്ടുണ്ട്.

ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ എന്ന പേരിൽ പൊതു പണവും നികുതിയും ചെലവഴിച്ച് നിർമിച്ച മരണക്കെണിയാണ് പി ആൻഡ് ടി അപ്പാർട്മെന്റ്. പോകാനിടമില്ലാത്തതിനാൽ മുൻ സർക്കാർ ഒരുക്കിക്കൊടുത്ത അരക്കില്ലത്തിൽ തളച്ചിടപ്പെട്ടവരാണ് ഇവിടെയുള്ളവർ. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് പകരം ദരിദ്രരെ ഇല്ലാതാക്കലായിരുന്നോ ഈ നിർമാണത്തിലൂടെ അധികാരികൾ ലക്ഷ്യം വെച്ചത് എന്ന സംശയം ഞങ്ങൾക്കുണ്ട്. മരണം പലരീതിയിലും വാ പിളർത്തി ഞങ്ങളുടെ നേർക്ക് വരുന്നുണ്ട്. ‘‘വീട് ലഭിച്ചു’’ എന്ന സന്തോഷത്തിനു പകരം ‘‘സുരക്ഷിതമാണോ’’ എന്ന ആശങ്കയിലാണ് എല്ലാ കുടുംബങ്ങളും. ഇത് കേവലം രാഷ്ട്രീയ ആരോപണമായി അങ്ങ് കണക്കാക്കരുത്. നൂറുകണക്കിന് കുടുംബങ്ങളുടെ ജീവനും ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയമാണ്.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമി ജി.സി.ഡി.എ സൗജന്യമായി ഞങ്ങൾക്ക് വീടുവെക്കാൻ നൽകി എന്ന് സ്ഥിരമായി അധികാരികൾ തങ്ങളുടെ വലുപ്പം കാണിക്കാൻ പറയാറുണ്ട്. പക്ഷേ, വാസ്തവം എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴാണ് മനസ്സിലായത്. 110 കെ.വി ടവർ നിൽക്കുന്ന, ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്ന ഈ ഭൂമിയിൽ ഒരു മാലിന്യ സംഭരണകേന്ദ്രം തുടങ്ങാൻപോലും കഴിയില്ല. അങ്ങനെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത ആ ഭൂമിയാണ് ഞങ്ങളെ പുനരധിവസിപ്പിക്കാൻ വിട്ടു കൊടുത്തത്. മാലിന്യത്തിന്റെ വില പോലും ഞങ്ങൾക്ക് നൽകിയിട്ടില്ല എന്നർഥം. ഇനിയും ഈ അനീതി സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞങ്ങൾ സമരത്തിനിറങ്ങി. സമരത്തിന്റെ ഒരു ഘട്ടത്തിൽ ഈ കെട്ടിടം പൊളിച്ചുകളയേണ്ടി വരുമെന്നും ഞങ്ങളെ പുനരധിവസിപ്പിക്കുമെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന് പ്രഖ്യാപിക്കേണ്ടിവന്നു.
കഴിഞ്ഞ രണ്ടു വർഷം വിവരണാതീതമായ ദുരിതങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ആ പ്രഖ്യാപനം. എന്നാൽ, സങ്കടകരമെന്ന് പറയട്ടെ അങ്ങയുടെ പാർട്ടിയുടെ എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ കൊച്ചി എം.എൽ.എയുമായ കെ.ജെ. മാക്സിയും കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനകാര്യമന്ത്രിയുമായ ടി.എം. തോമസ് ഐസക്കും ഇതിനെതിരായ പ്രതികരണവുമായി രംഗത്തുവന്നു. ഞങ്ങൾ എവിടെനിന്ന് വന്നവരാണെന്നു മറക്കരുതെന്നാണ് കെ.ജെ. മാക്സി പറഞ്ഞത്. അതെ സഖാവേ, ഞങ്ങൾ ദരിദ്രരാണ്. പോകാൻ മറ്റൊരിടം ഇല്ലാത്തവരാണ്. പക്ഷേ, അതിനർഥം ആത്മാഭിമാനം ഇല്ലാത്തവരാണെന്നല്ല. തരുന്നത് വാങ്ങി പരാതികളൊന്നും പറയാതെ കഴിഞ്ഞുകൂടിക്കൊള്ളണം എന്നുമല്ല.
കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നുകൊണ്ട് എങ്ങനെ അദ്ദേഹത്തിന് ഇത്തരം ഒരഭിപ്രായം പറയാൻ കഴിയുന്നു? ഈ കെട്ടിടങ്ങൾ പൊളിച്ചുകളയാൻ തക്കവിധം എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നാണ് കെ.ജെ. മാക്സി പറഞ്ഞത്. പ്രശ്നങ്ങൾ ഇല്ലാതെയാണോ 2025ൽ ജി.സി.ഡി.എ ചെന്നൈ ഐ.ഐ.ടിയെ പഠനം നടത്തി നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്. അന്ന് ഈ മണ്ഡലത്തിലെ എം.എൽ.എ കെ.ജെ. മാക്സി ആയിരുന്നല്ലോ. 2026 ഫെബ്രുവരിയിലാണ് ചെന്നൈ ഐ.ഐ.ടി അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തത്. അന്നും സ്ഥലം എം.എൽ.എ കെ.ജെ. മാക്സി തന്നെ ആയിരുന്നല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരം തൊടുന്യായങ്ങൾ നിരത്തുന്നത്.
തോമസ് ഐസകിന്റെ പ്രതികരണം പൊളിച്ചുകളയാൻ മാത്രമുള്ള പ്രശ്നങ്ങളൊന്നും ഇവിടെയില്ലെന്നാണ്. എന്തുമാത്രം അപലപനീയമായ പ്രതികരണം. എന്തെങ്കിലും അന്വേഷണമോ പഠനമോ നടത്തിയിട്ടാണോ അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞങ്ങൾക്കും അറിയണമല്ലോ. കഴിഞ്ഞ രണ്ടു വർഷത്തെ ഞങ്ങളുടെ ദുരിതങ്ങളെ എത്ര ലാഘവത്തോടെയാണ് അദ്ദേഹം കണ്ടത്. ദരിദ്രർക്കുവേണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി നിലകൊള്ളുന്നത് എന്നല്ലേ പറയാറ്.

പക്ഷേ, എന്തുകൊണ്ടാണ് ഞങ്ങളുടെ ഇ അവസ്ഥയിൽ ഞങ്ങളോടൊപ്പം നിൽക്കുന്നതിനു പകരം ഞങ്ങളെ അപമാനിക്കാനും ഞങ്ങളുടെ ദുരിതാനുഭവങ്ങളെ നിസ്സാരമാക്കാനും അങ്ങയുടെ പാർട്ടിയുടെ നേതാക്കൾ ശ്രമിക്കുന്നത്. അതോ ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ മനുഷ്യരെ അങ്ങയുടെ പാർട്ടിക്ക് വേണ്ട എന്നാണോ? ഭയത്തോടെ താമസിക്കേണ്ടി വരുന്ന ഒരിടമായി വീട് മാറരുത്. ജനങ്ങളുടെ നികുതിപ്പണവും സർക്കാറിന്റെ വിഭവങ്ങളും ഉപയോഗിച്ച് നിർമിച്ച കെട്ടിടം രണ്ടര വർഷം കഴിയുമ്പോൾതന്നെ ശോച്യാവസ്ഥയിലേക്ക് ആവുന്നുവെങ്കിൽ അതിനുത്തരവാദികളായവരോട് കണക്ക് ചോദിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. താങ്കളും താങ്കളുടെ പാർട്ടിയും ജനങ്ങളുടെ ഈ അവകാശത്തോടൊപ്പം ഉണ്ടോ?
