Begin typing your search above and press return to search.
proflie-avatar
Login

‘അൺപോസ്’ ചെയ്ത ജീവിതങ്ങൾ

‘അൺപോസ്’   ചെയ്ത ജീവിതങ്ങൾ
cancel

ഏപ്രിൽ 26ന് വിടവാങ്ങിയ വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായിയെ കുറിച്ചും അദ്ദേഹത്തിന്റെ കാമറ കണ്ട കാഴ്ചകളെക്കുറിച്ചും എഴുതുകയാണ് ലേഖകൻ. രഘു റായിയുടെ ചിത്രങ്ങൾ എന്താണ് കാല​േത്താട് സംവദിച്ചത്?“I meet my God through my camera.”- Raghu Raiഇന്ത്യൻ ഫോട്ടോഗ്രഫിയിലെ സുവർണയുഗത്തിന്റെ അന്ത്യമാണ് രഘു റായിയുടെ (1942-2026) വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച്, ഏഴ് പതിറ്റാണ്ടോളം നീണ്ട തന്റെ ദൃശ്യസഞ്ചാരം 2026 ഏപ്രിലിൽ അവസാനിപ്പിക്കുമ്പോൾ അദ്ദേഹം ബാക്കിവെക്കുന്നത് ഒരു രാഷ്ട്രത്തിന്റെ സമ്പൂർണമായ ദൃശ്യ ആൽബമാണ്. രഘു റായ് എന്ന ഇതിഹാസത്തെ ഒരു ‘ഫോട്ടോഗ്രാഫർ’ എന്ന് വിളിക്കുന്നത് മഹാസമുദ്രത്തെ ചെറിയൊരു...

Your Subscription Supports Independent Journalism

View Plans
ഏപ്രിൽ 26ന് വിടവാങ്ങിയ വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായിയെ കുറിച്ചും അദ്ദേഹത്തിന്റെ കാമറ കണ്ട കാഴ്ചകളെക്കുറിച്ചും എഴുതുകയാണ് ലേഖകൻ. രഘു റായിയുടെ ചിത്രങ്ങൾ എന്താണ് കാല​േത്താട് സംവദിച്ചത്?

“I meet my God through my camera.”- Raghu Rai

ഇന്ത്യൻ ഫോട്ടോഗ്രഫിയിലെ സുവർണയുഗത്തിന്റെ അന്ത്യമാണ് രഘു റായിയുടെ (1942-2026) വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ ജനിച്ച്, ഏഴ് പതിറ്റാണ്ടോളം നീണ്ട തന്റെ ദൃശ്യസഞ്ചാരം 2026 ഏപ്രിലിൽ അവസാനിപ്പിക്കുമ്പോൾ അദ്ദേഹം ബാക്കിവെക്കുന്നത് ഒരു രാഷ്ട്രത്തിന്റെ സമ്പൂർണമായ ദൃശ്യ ആൽബമാണ്. രഘു റായ് എന്ന ഇതിഹാസത്തെ ഒരു ‘ഫോട്ടോഗ്രാഫർ’ എന്ന് വിളിക്കുന്നത് മഹാസമുദ്രത്തെ ചെറിയൊരു കുപ്പിയിൽ നിറക്കാൻ ശ്രമിക്കുന്നതുപോലെയാണ്. ഭാരതീയ ഫോട്ടോഗ്രഫിയെ പാശ്ചാത്യ-കൊളോണിയൽ കാഴ്ചപ്പാടുകളിൽനിന്ന് മോചിപ്പിച്ച്, മണ്ണും മനുഷ്യനും മണക്കുന്ന തനത് ദൃശ്യഭാഷാശൈലിയിലേക്ക് മാറ്റിയെടുത്തത് അദ്ദേഹമാണ്.

പലർക്കും അറിയാത്ത ഒരു വസ്തുത, രഘു റായ് സിവിൽ എൻജിനീയറിങ് ബിരുദധാരിയായിരുന്നു എന്നതാണ്. തന്റെ സഹോദരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ എസ്. പോളിന്റെ സ്വാധീനമാണ് അദ്ദേഹത്തെ കാമറയുടെ ലോകത്തേക്ക് എത്തിച്ചത്. 1965ൽ ഒരു നായുടെ ചിത്രം പകർത്തുന്നതിലൂടെ തുടങ്ങിയ ആ യാത്ര, പിന്നീട് ‘ദി സ്റ്റേറ്റ്സ്മാൻ’ പത്രത്തിലൂടെയും തുടർന്ന് ലോകപ്രശസ്തമായ മാഗ്നം ഫോട്ടോസിലൂടെയും വളർന്ന് ഭാരതത്തിന്റെ ദൃശ്യഭാഷയെതന്നെ മാറ്റിമറിച്ചു.

ലോകപ്രശസ്ത ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രെസൺ ആണ് രഘു റായിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ നാമനിർദേശപ്രകാരം 1977ൽ മാഗ്നം ഫോട്ടോസിൽ അംഗമാകുന്ന ആദ്യത്തെ ഇന്ത്യക്കാരനായി റായ് മാറി. ബ്രെസന്റെ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു. സത്യത്തെ അതിന്റെ എല്ലാ തീവ്രതയോടും കൂടി അഭിമുഖീകരിക്കലാണ് ഫോട്ടോഗ്രഫി എന്ന തത്ത്വത്തിലായിരുന്നു രഘു റായിയുടെ കല നിലനിന്നിരുന്നത്. സാങ്കേതികതയെക്കാൾ അദ്ദേഹം പ്രാധാന്യം നൽകിയത് മനുഷ്യത്വത്തിനായിരുന്നു.

കാമറക്കു മുന്നിൽ കൃത്രിമമായി പോസ്ചെയ്യാതെ, ഒരു വ്യക്തിയുടെയോ സന്ദർഭത്തിന്റെയോ സ്വാഭാവികമായ ഭാവങ്ങളെയും നിമിഷങ്ങളെയും അത് സംഭവിക്കുന്ന അതേപടി പകർത്തുന്ന അൺപോസ് രീതിയാണ് രഘു റായ് ഫോട്ടോഗ്രഫിയിൽ അവലംബിച്ചത്. ഇത് ചിത്രങ്ങൾക്ക് സ്വാഭാവികതയും നിശ്ചയദാർഢ്യവും യാഥാർഥ്യബോധവും നൽകി. ഈ ശൈലിയെ കാൻഡിഡ് ഫോട്ടോഗ്രഫി (Candid Photography) എന്നും വിളിക്കാറുണ്ട്. ഒരു സ്റ്റുഡിയോയിൽ പോസ് ചെയ്ത് എടുക്കുന്ന ചിത്രത്തേക്കാൾ കൂടുതൽ സത്യസന്ധത അൺപോസ്ഡ് ചിത്രങ്ങൾക്കുണ്ടാകും.

 

മദർ തെരേസ 1986ൽ കൊൽക്കത്തയിലെ ‘നിർമൽ ഹൃദയി’ൽ പ്രാർഥനയിൽ

കാണുന്നവർക്ക് ആ സന്ദർഭത്തിലെ വികാരങ്ങൾ നേരിട്ട് അനുഭവിക്കാനും സാധിക്കും. തെരുവുകളിലെയും സാധാരണജീവിതങ്ങളിലെയും അപൂർവ നിമിഷങ്ങൾ രഘു റായ് പകർത്തിയത് കാമറയുണ്ടെന്ന കാര്യംപോലും മറ്റുള്ളവർ അറിയാത്ത വിധത്തിലായിരുന്നു. ഫോട്ടോഗ്രാഫർ ഒരു കാഴ്ചക്കാരൻ മാത്രമായി മാറി, ജീവിതം അതിന്റെ സ്വാഭാവികമായ ഒഴുക്കിൽ പകർത്തിയെടുക്കുന്ന കലയുടെ മുഖ്യ വക്താവായിരുന്നു അദ്ദേഹം. ഒരു വ്യക്തി താനൊരു കാമറക്ക് മുന്നിലാണെന്ന ബോധം മറക്കുന്ന ആ നിമിഷത്തെയാണ് റായ് എക്കാലവും തിരഞ്ഞത്. പോസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള അല്ലെങ്കിൽ ശേഷമുള്ള ആ ‘യഥാർഥ വ്യക്തിത്വത്തെ’ കണ്ടെത്താൻ അദ്ദേഹം നടത്തിയ കാത്തിരിപ്പുകൾ വിശ്വപ്രസിദ്ധമാണ്. കാമറയുടെ സാന്നിധ്യം ഇല്ലാതാകുന്ന അൺ പോസ് ശൈലിയിലൂടെ അദ്ദേഹം മനുഷ്യരുടെ ആത്മാവിലേക്ക് കാമറ തുറന്നുവെച്ചു.

ഇന്ത്യയെപ്പോലെ തിരക്കുകളുള്ളതും ബഹളമയവുമായ രാജ്യത്തെ, താളബദ്ധമായ ഫ്രെയിമിനുള്ളിൽ ഒതുക്കാൻ ‘ലെയറിങ്’ എന്ന സാങ്കേതികത അദ്ദേഹം ഉപയോഗിച്ചു. രഘു റായിയുടെ സവിശേഷത അദ്ദേഹം ലെയറിങ്ങിനായി കൂടുതലും വൈഡ് ആംഗിൾ ലെൻസുകൾ ഉപയോഗിച്ചിരുന്നു എന്നതാണ്. ഫ്രെയിമിൽ കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. മുൻനിരയിലെ ചലനങ്ങൾ, മധ്യഭാഗത്തെ സംഭവങ്ങൾ, പശ്ചാത്തലത്തിലെ കഥകൾ. ഇവ മൂന്നിനെയും അതിവിദഗ്‌ധമായി സമന്വയിപ്പിച്ച് അദ്ദേഹം ഒരേ ഫ്രെയിമിൽ ഒന്നിലധികം കഥകൾ പറഞ്ഞു.

ഇത് കാഴ്ചക്കാരനെ ഫ്രെയിമിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. ഓരോ ചിത്രവും കഥകളുടെ സഞ്ചയമായി മാറി. പാശ്ചാത്യ ലെൻസുകൾ ഇന്ത്യയെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നാടായി മാത്രം കണ്ടപ്പോൾ റായ് ആ ദാരിദ്ര്യത്തിലും മനുഷ്യന്റെ അന്തസ്സും സൗന്ദര്യവും കണ്ടെത്തി. വേദനയെ അതിന്റെ നഗ്നരൂപത്തിൽ കാട്ടുമ്പോഴും സബ്ജക്ടിന്റെ മാന്യത അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു.

രഘു റായിയുടെ ദൃശ്യജീവിതത്തിലെ ഏറ്റവും നിർണായകമായ അധ്യായം കുറിക്കപ്പെടുന്നത് 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്താണ്. കിഴക്കൻ പാകിസ്താനിൽ നിന്നുള്ള ദശലക്ഷക്കണക്കിന് അഭയാർഥികൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ ദുരന്തകാലത്തെ റായ് തന്റെ ലെൻസുകളിലൂടെ ലോകത്തിന് മുന്നിൽ തുറന്നുവെച്ചു. യുദ്ധത്തിന്റെ ഭീകരതയേക്കാൾ, വേരുകൾ നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെടുന്ന മനുഷ്യന്റെ നിസ്സഹായതയും വേദനയുമാണ് ചിത്രങ്ങളിൽ നിറഞ്ഞുനിന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ പലായനത്തിന്റെ ദാരുണചിത്രങ്ങൾ ഒരു ഫോട്ടോ ജേണലിസ്റ്റ് എന്നനിലയിൽ റായിയെ ലോകശ്രദ്ധയിലേക്ക് ഉയർത്തി. മനുഷ്യന്റെ ദുരിതങ്ങളെ ഇത്രയും സത്യസന്ധമായും എന്നാൽ, അനുതാപത്തോടെയും പകർത്തിയ കാമറക്ക് രാജ്യം ആദരവോടെ അംഗീകാരം നൽകി. ആ ദൃശ്യപരമ്പരയുടെ മികവിന്, തന്റെ മുപ്പതാമത്തെ വയസ്സിൽതന്നെ (1972ൽ) രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ ആധികാരികതക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്.

 

രാജസ്ഥാനിലെ പൊടിക്കാറ്റ്. 1975ലെ ദൃശ്യം, കന്യാകുമാരിയിൽനിന്നുള്ള കാഴ്ച (1995), ലാമമാരുടെ പ്രാർഥന. ലഡാക്കിൽനിന്ന് (1975)

1980കളിൽ ‘ഇന്ത്യ ടുഡേ’യുടെ പിക്ചർ എഡിറ്ററായി രഘു റായ് ചുമതലയേറ്റത് ഇന്ത്യൻ മാധ്യമചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു. അതുവരെ വാർത്തകൾക്ക് അകമ്പടി സേവിക്കുന്ന വെറും ചിത്രങ്ങൾ മാത്രമായിരുന്ന ഫോട്ടോഗ്രാഫുകളെ, സ്വയം സംസാരിക്കുന്ന വാർത്തകളായി അദ്ദേഹം മാറ്റി. മാഗസിനുകളുടെ കവർ പേജുകൾ വെറുമൊരു പോർട്രേറ്റിൽനിന്ന് മാറി, ആഴത്തിലുള്ള കഥകൾ പറയുന്ന കാൻവാസുകളായി മാറി. ഫോട്ടോഗ്രാഫർമാർക്ക് കൂടുതൽ സർഗാത്മകമായ സ്വാതന്ത്ര്യം നൽകുന്നതിനും വാർത്താദൃശ്യങ്ങളിൽ സൗന്ദര്യാത്മകത കൊണ്ടുവരുന്നതിനും അദ്ദേഹം മുൻകൈ എടുത്തു. വാർത്താചിത്രം ഒരു കലയാകാം എന്ന് അദ്ദേഹം തെളിയിച്ചു.

രഘു റായിയുടെ ഏറ്റവും ആഘാതമുണ്ടാക്കിയ ചിത്രം ഭോപാൽ വാതകദുരന്ത (1984)ത്തിന്റേതാണ്. മണ്ണിൽ പാതി മൂടപ്പെട്ട നിലയിൽ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം ലോക മനസ്സാക്ഷിയെ പിടിച്ചുലച്ചു. കുഞ്ഞിന്റെ നിശ്ചലമായ കണ്ണുകളും മണ്ണു നീക്കുന്ന കൈകളും ഒരിക്കൽ കണ്ട ആർക്കും മറക്കാൻ കഴിയില്ല. ആ ചിത്രത്തിന്റെ ശക്തി അതിന്റെ ‘ക്ലോസ്-അപ്’ കോമ്പോസിഷൻ നിലാണ്. കുഞ്ഞിന്റെ നിശ്ചലമായ കണ്ണുകളിലേക്ക് മണ്ണ് നീക്കുന്ന ഒരാളുടെ കൈകൾ മാത്രം ഫ്രെയിമിൽ കാണാം. ജീവിതവും മരണവും തമ്മിലുള്ള നേർത്ത നൂൽപാലത്തെ ആ ഒരൊറ്റ ചിത്രം അടയാളപ്പെടുത്തി.

ഇതിൽ നെഗറ്റിവ് സ്പേസ് അതായത് കുഞ്ഞിന് ചുറ്റുമുള്ള മണ്ണ് മരണത്തിന്റെ ശൂന്യതയെയും പരിസ്ഥിതി ദുരന്തത്തിന്റെ ആഘാതത്തെയും അടയാളപ്പെടുത്തുന്നു. അത് വെറുമൊരു ദുരന്തചിത്രമായിരുന്നില്ല, വ്യവസായവത്കരണത്തിന്റെ ക്രൂരതക്കെതിരെയുള്ള ലോകത്തിന്റെ തന്നെ കുറ്റപത്രമായിരുന്നു. സൂസൻ സോണ്ടാഗിനെ പോലുള്ള ചിന്തകർ ഫോട്ടോഗ്രഫിയെ മറ്റുള്ളവരുടെ വേദനകളിലേക്കുള്ള കടന്നുകയറ്റമായി വിമർശിക്കുമ്പോഴും വേദനയെ അതിന്റെ നഗ്നരൂപത്തിൽ കാട്ടുമ്പോഴും സബ്ജക്ടിന്റെ മാന്യതയും അന്തസ്സും റായ് എക്കാലവും കാത്തുസൂക്ഷിച്ചു.

അദ്ദേഹത്തിന്റെ പോർട്രേറ്റുകൾ വെറും മുഖചിത്രങ്ങളായിരുന്നില്ല. തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി റായി കണക്കാക്കുന്ന സത്യജിത് റായിയുടെ പോർട്രേറ്റിൽ, മുറിയിലെ ഫർണിച്ചറുകളുടെയും റായിയുടെ ശാരീരിക നിലയുടെയും ജ്യാമിതി (Geometry) ശ്രദ്ധേയമാണ്. റായിയുടെ നോട്ടം കാമറയിലേക്കല്ല, അനന്തതയിലേക്കാണ്. ഒരു വലിയ കാൻവാസിലേക്ക് റായ് നോക്കുന്നതുപോലെ തോന്നിക്കുന്നത്, റായ് ആ ദൃശ്യത്തിന് നൽകിയ ആഴം (Depth of field) കൊണ്ടാണ്. ഒരു ചലച്ചിത്രകാരന്റെ മാത്രം ചിത്രമല്ല അത്, ഒരു ക്രിയേറ്റിവ് പ്രപഞ്ചത്തിന്റെ ദൃശ്യാവിഷ്കാരം കൂടിയാണ്. ബെഡിൽ ചരിഞ്ഞു കിടക്കുന്ന സത്യജിത് റായിയുടെ ചിത്രം റായിയുടെ ‘അൺപോസ്’ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്. ഒരു ഫിലിം മേക്കറുടെ ദൃശ്യബോധം മുഴുവൻ ആ ഫ്രെയിമിലെ ജ്യാമിതിയിൽ റായ് ഒതുക്കി. ആ മുറിയിലെ വെളിച്ചം റായിയുടെ മുഖത്തെ തീക്ഷ്ണതയെ എത്രത്തോളം സ്വാഭാവികമായി ഒപ്പിയെടുത്തു എന്നത് റായിയുടെ പ്രതിഭക്ക് തെളിവാണ്.

വെറുമൊരു മതപരമായ ബിംബമായല്ല റായ് മദർതെരേസയെ കണ്ടത്. അവരുടെ കൈകളിലെ ചുളിവുകളിലും പ്രാർഥനയിലെ നിശ്ശബ്ദതയിലുമാണ് അദ്ദേഹം ആത്മീയത കണ്ടെത്തിയത്. ‘‘മദർ എന്നാൽ തന്റെ കാമറക്ക് മുന്നിലെ വെറുമൊരു സബ്ജക്ടല്ല, പ്രാർഥനയാണ്’’ എന്ന് അദ്ദേഹം പറയുമായിരുന്നു. പ്രകാശവും നിഴലും (Chiaroscuro) ഉപയോഗിച്ച് അദ്ദേഹം തീർത്ത ആ പോർ​േട്രറ്റുകളിൽ മദറിന്റെ കരുണയേക്കാൾ അവരുടെ നിശ്ചയദാർഢ്യമാണ് നിഴലിച്ചത്.

സത്യജിത് റായിയുടെയും മദർ തെരേസയുടെയും ചിത്രങ്ങൾക്കൊപ്പം തന്നെ സവിശേഷമായി പഠിക്കപ്പെടേണ്ട ഒന്നാണ് റായിയുടെ ‘ക്ലാസിക്കൽ സംഗീതജ്ഞരുടെ’ പോർട്രേറ്റുകൾ. ഫോട്ടോഗ്രഫി എന്ന കല നേരിടുന്ന വലിയൊരു വെല്ലുവിളി, അദൃശ്യമായ ഒന്നിനെ (സംഗീതത്തെ) എങ്ങനെ ദൃശ്യവത്കരിക്കും എന്നതാണ്. എം.എസ്. സുബ്ബലക്ഷ്മി, പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് ബിസ്മില്ലാ ഖാൻ, ഹരിപ്രസാദ് ചൗരസ്യ തുടങ്ങിയ ഇതിഹാസങ്ങളുടെ ചിത്രങ്ങളിലൂടെ അദ്ദേഹം ഈ വെല്ലുവിളിയെ മറികടന്നു. ഈ ചിത്രങ്ങൾ സംഗീതത്തെ ജീവിതോപാസനയാക്കിയ വ്യക്തികളുടെ ഫോട്ടോഗ്രാഫുകളായിരുന്നില്ല.

1967ൽ ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇന്ദിര ഗാന്ധി

പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്യൻ പോർ​ട്രേറ്റ് പെയിന്റിങ്ങുകളെ (പ്രത്യേകിച്ച് റെംബ്രാന്റിനെപ്പോലെയുള്ള ഡച്ച് മാസ്റ്റർമാരുടെ സൃഷ്ടികളെ) അനുസ്മരിപ്പിക്കുന്നതായിരുന്നു അവയുടെ ഘടന. പ്രകാശത്തിന്റെയും നിഴലിന്റെയും അതിസൂക്ഷ്മമായ വിന്യാസം ഉപയോഗിച്ചാണ് റായ് സംഗീതമെന്ന നാദത്തെ ഫ്രെയിമുകളിൽ തളച്ചിട്ടത്. പശ്ചാത്തലത്തിലെ ഇരുളിൽ നിന്ന് സംഗീതജ്ഞന്റെ മുഖത്തേക്കുമാത്രം വീഴുന്ന പ്രകാശം അവരുടെ ആന്തരിക ലോകത്തേക്കും ആത്മീയതയിലേക്കുമുള്ള വാതായനങ്ങളായി മാറി. കണ്ണുകളടച്ച് സംഗീതത്തിൽ ലയിക്കുന്ന ബിസ്മില്ലാ ഖാന്റെയും സുബ്ബലക്ഷ്മിയുടെയും മുഖത്തെ ആത്മീയമായ വെളിച്ചം കലാകാരന്റെ ‘ധ്യാനാത്മമായ സമാധി’ അവസ്ഥയെ അതിന്റെ പൂർണതയിൽ ആവിഷ്കരിക്കുന്നവയാണ്.

താജ്മഹലിനെ ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായല്ല റായ് കണ്ടത്. താജിന് മുന്നിൽ കഴുതകളുമായി പോകുന്ന മനുഷ്യരെയും നിത്യജീവിതത്തിലെ സാധാരണ കാഴ്ചകളെയും അദ്ദേഹം ഒരേ ഫ്രെയിമിൽ കൊണ്ടുവന്നു. ഇവിടെയാണ് ‘ലെയറിങ്’ എന്ന തന്ത്രം അദ്ദേഹം പ്രയോഗിച്ചത്. ചരിത്രസ്മാരകത്തെ പശ്ചാത്തലത്തിലും സാധാരണക്കാരന്റെ ജീവിതത്തെ മുൻനിരയിലും പ്രതിഷ്ഠിക്കുന്നതിലൂടെ ഇന്ത്യയുടെ ആത്മാവ് അതിന്റെ ഭൂതകാലത്തിലല്ല, വർത്തമാനകാലത്തെ മനുഷ്യരിലാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. രാജകീയമായ ഭൂതകാലവും സാധാരണ മനുഷ്യരുടെയും മൃഗങ്ങളുടെയും വർത്തമാനകാലവും ഒരേ ഫ്രെയിമിൽ കൊണ്ടുവന്ന് അദ്ദേഹം സോഷ്യൽ ലെയറിങ് സാധ്യമാക്കി. ലെയറിങ് എന്നത് റായിയെ സംബന്ധിച്ചിടത്തോളം വെറുമൊരു സാങ്കേതിക വിദ്യയായിരുന്നില്ല ഇന്ത്യയുടെ ‘ബഹുസ്വരത’ ആയിരുന്നു.

ഇന്ദിരഗാന്ധിയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറെപ്പോലെ പ്രവർത്തിച്ച അദ്ദേഹം, ഭരണത്തിന്റെ പ്രതാപവും അടിയന്തരാവസ്ഥയുടെ സങ്കീർണതകളും ഒരേപോലെ പകർത്തി. ‘Indira Gandhi: A Living Legacy’ അദ്ദേഹത്തിന്റെ പ്രധാനകൃതികളിലൊന്നാണ്. രഘു റായിയുടെ ചിത്രങ്ങളിൽ പകുതിയിലധികവും ഡൽഹിയെക്കുറിച്ചായിരുന്നു. ‘‘ഡൽഹി എന്റെ വ്യക്തിപരമായ താവളമാണ്’’ എന്ന് അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. ഡൽഹിയിലെ തെരുവുകളും കെട്ടിടങ്ങളും ചന്തകളും മനുഷ്യരും ജുമാമസ്ജിദും അദ്ദേഹത്തിന്റെ ലെൻസിലൂടെ ചരിത്രത്തിന്റെ ഭാഗമായി.

രഘു റായിയുടെ ഫോട്ടോഗ്രഫിയിൽ ‘ആത്മീയത’ക്ക് വലിയൊരു പങ്കുണ്ട്. കുഭമേള, വാരണാസി, താജ്മഹൽ തുടങ്ങിയ പരമ്പരകളെക്കുറിച്ച് അദ്ദേഹം നിരവധി ചിത്രങ്ങളെടുക്കുകയുണ്ടായി. വാരണാസിയും കുഭമേളയും വെറുമൊരു ആഘോഷമായിട്ടല്ല, ഇന്ത്യയുടെ ‘കൂട്ടായ ആത്മീയത’ ആയിട്ടാണ് അദ്ദേഹം കണ്ടത്. അധികാരം, ദാരിദ്ര്യം, ഭക്തി എന്നിവയെ അദ്ദേഹം എങ്ങനെ തുല്യമായി നോക്കിക്കണ്ടു എന്നതിന് ചിത്രങ്ങൾതന്നെ തെളിവാണ്. അധികാരത്തിലിരിക്കുന്ന ഇന്ദിരഗാന്ധിയെയും തെരുവിലെ യാചകനെയും ഒരേ ബഹുമാനത്തോടെയും സത്യസന്ധതയോടെയും നോക്കിക്കണ്ടത് അദ്ദേഹത്തിന്റെ ‘അതുല്യമായ കാഴ്ചപ്പാടിന്റെ തെളിവാണ്. റായിയുടെ കാമറ ഒരിക്കലും ദാരിദ്ര്യത്തെ കച്ചവടമാക്കിയില്ല. ഇന്ദിരഗാന്ധിയുടെ ദർബാർ ചിത്രീകരിക്കുമ്പോഴും വാരണാസിയിലെ ഘട്ടുകളിൽ പ്രാർഥിക്കുന്ന സാധുവിനെ ചിത്രീകരിക്കുമ്പോഴും അദ്ദേഹം പുലർത്തിയ നിഷ്പക്ഷത ഒരു ഫോട്ടോജേണലിസ്റ്റിന്റെ ഏറ്റവും വലിയ ഗുണമാണ്.

പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി അതിശൈത്യമുള്ള സിയാച്ചിൻപോലെയുള്ള മേഖലകളിൽ റായ് പകർത്തിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെ തെളിവാണ്. പുലർകാല കിരണങ്ങൾക്കിടയിൽ 155 എം.എം ഹോവിറ്റ്‌സർ തോക്കുകൾ ഗർജിക്കുന്നത് പകർത്തിയ അദ്ദേഹത്തിന്റെ ‘പെർഫെക്ഷനിസം’ ഫ്രെയിമുകളിലെ സൈനികരുടെ നിശ്ചയദാർഢ്യത്തോട് ചേർന്നുനിൽക്കുന്നതാണ്.

തന്റെ ദൃശ്യസഞ്ചാരങ്ങളെ പത്രത്താളുകളിലെയോ മാഗസിനുകളിലെയോ വാർത്താചിത്രങ്ങളായി ഒതുക്കാൻ അദ്ദേഹം തയാറായിരുന്നില്ല. ഡിജിറ്റൽ യുഗത്തിനു മുമ്പും പിമ്പും അദ്ദേഹം നടത്തിയ ദൃശ്യാന്വേഷണങ്ങൾ അമ്പതിലധികം പുസ്തകങ്ങളിലൂടെ റായ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. ഇവ വെറും കോഫി-ടേബിൾ ബുക്കുകളായിരുന്നില്ല, ഇന്ത്യയുടെ നരവംശശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ പഠനങ്ങളായിരുന്നു. മനുഷ്യരും മൃഗങ്ങളും കെട്ടിടങ്ങളും ഇടകലരുന്ന ഡൽഹിയുടെ ബഹുസ്വരതയെ അടയാളപ്പെടുത്തിയ ‘Delhi: A Portrait’, ഒരു ചരിത്രസ്മാരകത്തിന് ചുറ്റുമുള്ള സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ ‘ലെയറിങ്’ വഴി അവതരിപ്പിച്ച ‘Taj Mahal’ വർണങ്ങൾക്കും അപ്പുറം ഇന്ത്യയുടെ ആത്മാവ് വെളുപ്പിലും കറുപ്പിലുമാണെന്ന് തെളിയിച്ച ‘Reflections in Black and White’, Raghu Rai's India: Reflections in Colour’, ‘The Sikhs’ തുടങ്ങിയ പുസ്തകങ്ങൾ ഭാരതീയ ദൃശ്യചരിത്രത്തിലെ ആധികാരിക രേഖകളാണ്.

 

ഇന്ദിര ഗാന്ധി വീട്ടിൽ സോണിയ ഗാന്ധി, പേരക്കുട്ടികളായ രാഹുൽ, പ്രിയങ്ക എന്നിവർക്കൊപ്പം

രഘു റായിയുടെ കാമറ ഇന്ത്യയുടെ ആത്മാവിനെ തേടിയുള്ള സഞ്ചാരമായിരുന്നു. ആ യാത്രയിൽ ഹിമാലയത്തിന്റെ ദൃശ്യപരതയിലെ ആത്മീയത കണ്ടെത്തിയാളായിരുന്നു രഘു റായ്. മറ്റ് ഫോട്ടോഗ്രാഫർമാർ ഹിമാലയത്തെ ഭൂപ്രകൃതിയായി മാത്രം കണ്ടപ്പോൾ, റായ് അതിനെ ജീവസ്സുറ്റ അസ്തിത്വമായാണ് കണ്ടത്. ഹിമാലയൻ പരമ്പരകളിൽ അദ്ദേഹം പകർത്തിയ ചിത്രങ്ങളിൽ വെളിച്ചവും നിഴലും കവിതയിലെന്നപോലെ പരസ്പരം പുണരുന്നു. മഞ്ഞുമൂടിയ കൊടുമുടികൾക്കിടയിലെ ഏകാന്തതയെ അദ്ദേഹം ‘മിസ്റ്റിക്’ ആയ ഭാവതലത്തിലേക്ക് ഉയർത്തി. റായിയുടെ ഹിമാലയൻ ചിത്രങ്ങളിൽ പ്രകൃതിയുടെ വന്യതക്ക് മുന്നിൽ മനുഷ്യൻ എത്രമാത്രം ചെറുതാണെന്ന ബോധ്യം നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയെ വെറുമൊരു കാഴ്ചവസ്തുവാക്കാതെ, ആരാധനയോടെയുള്ള ബഹുമാനം (Awe) നൽകുന്നത് റായിയുടെ ഫ്രെയിമുകളിൽ ദർശിക്കാം.

ഭോപാൽ വാതക ദുരന്തത്തിന്റെ ചിത്രങ്ങൾ റായിയെ ഒരു ‘വിഷ്വൽ ആക്ടിവിസ്റ്റ്’ എന്നനിലയിൽ അടയാളപ്പെടുത്തി. പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങൾക്കുമായി അദ്ദേഹത്തിന്റെ ലെൻസ് നിരന്തരം ചലിച്ചു. ഗ്രീൻപീസ് പോലുള്ള ആഗോള പ്രസ്ഥാനങ്ങളുമായി ചേർന്ന് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വികസനത്തിന്റെ ഇരകളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി. വ്യവസായശാലകൾ പുറന്തള്ളുന്ന വിഷമാലിന്യങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നത് അദ്ദേഹം ഡോക്യുമെന്റ് ചെയ്തു. യുദ്ധങ്ങളെക്കാൾ വലിയ ദുരന്തം മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയാണെന്ന് അദ്ദേഹം വിശ്വസിച്ചു. റായിയുടെ പരിസ്ഥിതി ചിത്രങ്ങൾ വിവരശേഖരണമല്ല, വരുംതലമുറക്കുള്ള മുന്നറിയിപ്പുകളായിരുന്നു. അധികാരത്തിന്റെ ഗർവിനെ സാധാരണക്കാരന്റെ നിസ്സഹായാവസ്ഥയുമായി ചേർത്തുവെച്ച് അദ്ദേഹം സാമൂഹിക വിമർശനം നടത്തി.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫിയുടെ സത്യസന്ധതയിൽ വിശ്വസിച്ചിരുന്ന അദ്ദേഹം പിന്നീട് ഡിജിറ്റൽ യുഗത്തെയും വർണങ്ങളെയും ഹൃദയപൂർവം സ്വീകരിച്ചു. ഡിജിറ്റൽ കാമറകൾ നൽകുന്ന വേഗതയും സൗകര്യങ്ങളും തന്റെ സർഗാത്മകതക്ക് മൂർച്ച കൂട്ടാനാണ് അദ്ദേഹം ഉപയോഗിച്ചത്. നിറങ്ങൾ ഇന്ത്യയുടെ ശ്വാസമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, തന്റെ നോട്ടത്തിന്റെ തീക്ഷ്ണത ഡിജിറ്റൽ യുഗത്തിലും കൈവിട്ടില്ല. ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽനിന്നും വർണചിത്രങ്ങളിലേക്കുള്ള മാറ്റം ഇന്ത്യയുടെ വൈവിധ്യങ്ങളെ കൂടുതൽ ആഴത്തിൽ അവതരിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ച് അദ്ദേഹം നടത്തിയ പുതിയ പരീക്ഷണങ്ങൾ അദ്ദേഹത്തെ എപ്പോഴും പ്രസക്തനാക്കി നിർത്തി. അമ്പതിലധികം പുസ്തകങ്ങളിലൂടെ അദ്ദേഹം ഇന്ത്യയുടെ ദൃശ്യചരിത്രം രേഖപ്പെടുത്തി. തന്റെ ഫ്രെയിമുകൾ ക്രോപ് ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ കലാദർശനത്തിന്റെ ഭാഗമാണ്. ചിത്രം പകർത്തുന്ന നിമിഷത്തിൽ (The Decisive Moment)

തന്നെ ഫ്രെയിം പൂർണമായിരിക്കണം എന്ന അദ്ദേഹത്തിന്റെ നിർബന്ധബുദ്ധി പ്രശസ്തമാണ്. കാമറയുടെ കണ്ണിലൂടെ കാണുന്നതിനെ പിന്നീട് എഡിറ്റിങ്ങിലൂടെ മാറ്റുന്നത് ആ നിമിഷത്തിന്റെ വിശുദ്ധിയെ തകർക്കുമെന്ന് അദ്ദേഹം കരുതി. ക്രോപ് ചെയ്യുന്നില്ല എന്നത് ഒരു ഫോട്ടോഗ്രാഫർക്ക് തന്റെ ഉപകരണത്തിന്മേലുള്ള അതിശക്തമായ നിയന്ത്രണത്തെയാണ് കാണിക്കുന്നത്. ഒരു ചിത്രം എടുക്കുമ്പോൾതന്നെ അതിന്റെ മൂലയിലുള്ള ചെറിയൊരു വസ്തുവിനെപ്പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കാമറക്ക് മുന്നിലുള്ള ജീവിതത്തെ അതേപടി ഉൾക്കൊള്ളുക എന്നതായിരുന്നു അദ്ദേഹത്തിന് ഫോട്ടോഗ്രഫി. അത് മാറ്റത്തിരുത്തലുകൾക്ക് വിധേയമാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയായാണ് അദ്ദേഹം കണ്ടത്.

രഘു റായിയുടെ ദൃശ്യയാത്രയുടെ തുടർച്ച അദ്ദേഹത്തിന്റെ മകൾ അവിനി റായിയിലൂടെ കൂടുതൽ തെളിയുന്നു. അവിനി സംവിധാനം ചെയ്ത ‘An Unframed Portrait’ ഈ ഡോക്യുമെന്ററി, രഘു റായ് എന്ന ഫോട്ടോഗ്രാഫർക്കപ്പുറം ആ മനുഷ്യനെ അടുത്തറിയാൻ സഹായിക്കുന്നു. തന്റെ പിതാവിന്റെ കർക്കശമായ ശൈലികളെയും അതേസമയം അദ്ദേഹത്തിനുള്ളിലെ കുട്ടിയെയും അവർ തന്റെ കാമറയിലൂടെ ഒപ്പിയെടുത്തു. പിതാവിന്റെ ക്ലാസിക് ശൈലിയും മകളുടെ ആധുനികമായ കാഴ്ചപ്പാടും തമ്മിലുള്ള സംവാദമായി ഈ ഡോക്യുമെന്ററി ചിത്രം മാറുന്നു.

വരുംതലമുറക്കുള്ള പാഠശാലയാണ് രഘു റായ് സെന്റർ ഫോർ ഫോട്ടോഗ്രഫി എന്ന സ്ഥാപനം. കല എന്നത് തന്റെമാത്രം സമ്പാദ്യമായി വെക്കാതെ അത് വരുംതലമുറക്ക് പകർന്നു നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു. സാങ്കേതികതയേക്കാൾ ഉപരിയായി ഒരു കാഴ്ചപ്പാട് (Vision) എങ്ങനെ വളർത്തിയെടുക്കാം എന്നാണ് അദ്ദേഹത്തിന്റെ സ്ഥാപനം പഠിപ്പിക്കുന്നത്. ഫോട്ടോഗ്രഫിയിലെ തന്റെ അനുഭവസമ്പത്ത് അദ്ദേഹം യുവതലമുറക്ക് നൽകി. പുതിയ തലമുറയോട് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത് ‘‘ചിത്രം എടുക്കുന്നതിനുമുമ്പ് കാണാൻ പഠിക്കുക’’ (Learn to see before you click) എന്നാണ്. ഇന്ത്യയിലെ ഫോട്ടോഗ്രഫി പഠനരംഗത്തെ ഏറ്റവും ആധികാരികമായ ഇടങ്ങളിലൊന്നായി ഇത് മാറി. ഇന്ന് ഇന്ത്യയിൽ സ്ട്രീറ്റ് ഫോട്ടോഗ്രഫി ചെയ്യുന്ന ഏതൊരു കലാകാരനിലും രഘു റായിയുടെ അദൃശ്യമായ സാന്നിധ്യമുണ്ട്. അദ്ദേഹം നിർമിച്ചെടുത്ത ദൃശ്യഭാഷയാണ് ഇന്നത്തെ ഇന്ത്യൻ സ്ട്രീറ്റ് ഫോട്ടോഗ്രഫിയുടെ അടിത്തറ.

 

ഗംഗാനദിയുടെ ഉത്ഭവസ്ഥാനം. 2004ൽ പകർത്തിയത്

കാഴ്ചക്കാരനെ സംഭവസ്ഥലത്ത് എത്തിക്കുന്ന അസാധാരണമായ വേഗതയും ലളിതമായ ചിത്രത്തിൽപോലും ഒളിഞ്ഞിരിക്കുന്ന ദൃശ്യപരമായ സങ്കീർണതകളും റായ് ചിത്രങ്ങളെ വ്യത്യസ്തമാക്കി. ഹിമാലയത്തിന്റെ മൗനവും, ഭോപാലിന്റെ നിലവിളിയും, ഇന്ത്യൻ തെരുവുകളുടെ താളവും അദ്ദേഹത്തിന്റെ കാമറയിൽ ഒരുപോലെ സമ്മേളിച്ചു. ദൃശ്യകലയെ കേവലം വിനോദത്തിനപ്പുറം ആഴത്തിലുള്ള സാമൂഹിക-ആത്മീയ അന്വേഷണമാക്കി മാറ്റിയിടത്താണ് അദ്ദേഹത്തിന്റെ പ്രസക്തി. ‘‘കാമറ ഒരു ഉപകരണം മാത്രമാണ്, നിങ്ങളുടെ ഹൃദയമാണ് ചിത്രം പകർത്തുന്നത്’’ എന്ന് ലോകത്തെ പഠിപ്പിച്ച മഹാപ്രതിഭയായിരുന്നു രഘു റായ്. 2019ൽ ഫ്രഞ്ച് അക്കാദമി ഓഫ് ഫൈൻ ആർട്‌സ് ഏർപ്പെടുത്തിയ ആദ്യത്തെ ഫോട്ടോഗ്രഫി അവാർഡ് (William Klein Photography Award) ലഭിച്ചത് രഘു റായിക്കായിരുന്നു. ഫോട്ടോഗ്രഫി ലോകത്തെ നൊ​ബേൽ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. ഇതുകൂടാതെ

‘ഷെവലിയർ’ (Chevalier de la Legion d'Honneur) പോലുള്ള നിരവധി അന്താരാഷ്ട്ര ബഹുമതികൾ നേടിയ രഘു റായിയുടെ കാമറക്കണ്ണുകൾ നിശ്ചലമാവുമ്പോൾ, ഇന്ത്യക്ക് നഷ്ടമാകുന്നത് സ്വന്തം മുഖം തിരിച്ചറിയാൻ സഹായിച്ച കണ്ണാടിയെയാണ്. അദ്ദേഹം ബാക്കിവെച്ച ഫ്രെയിമുകൾ വരുംതലമുറകൾക്ക് ഇന്ത്യയെ വായിക്കാനുള്ള ചരിത്രരേഖകളായി, കാലത്തിന് മുകളിൽ വെളിച്ചമായി തെളിഞ്ഞുനിൽക്കും.

News Summary - Raghu Rai's memorial