ജെൻസി രാഷ്ട്രീയത്തിന്റെ അപ്രവചനീയ പെരുംപെയ്ത്ത്

‘‘ഭയമാണ് സമഗ്രാധികാരത്തിന്റെ പ്രധാന ആയുധം. രാഷ്ട്രീയ കർത്തൃത്വമുള്ള ജെൻസിയുടെ അനാദരവിന്റെ തുറന്ന രാഷ്ട്രീയം സർക്കാറാണ് ഭയപ്പെടേണ്ടത്, പൗരസഞ്ചയമല്ലെന്ന് വ്യക്തമായും കാണിച്ചുതന്നു.’’ –ജെൻസിയുടെ ഡൽഹി സമരത്തെ വിലയിരുത്തുന്നു. ‘‘കോലായിൽ പതുങ്ങിക്കിടക്കും മരുമൃഗദിവാനിൽ ചാരിക്കിടന്ന് നിശാനക്ഷത്രങ്ങളെ വായിക്കുമ്പോൾ അച്ഛൻ പറയാറുള്ളതോർത്തു ചരിത്രം എപ്പോഴും ആവർത്തിക്കണമെന്നില്ല അതിനെപ്പോഴും ഘടികാരത്തിന്റെ ചതി നുരയ്ക്കും വാസ്തുവല്ല, ചിലപ്പോളത് ഉളിപ്പാടിന്റെ* അപ്രവചനീയപ്പെരും പെയ്ത്താണ്.’’ -വി.വി. ഷാജു, ദിവാൻ (*ഉളിപ്പാട് -ടൂൾകിറ്റ്) വിമതത്വം ഒരു രാഷ്ട്രീയ ആദർശമാണെങ്കിൽ...
Your Subscription Supports Independent Journalism
View Plans‘‘ഭയമാണ് സമഗ്രാധികാരത്തിന്റെ പ്രധാന ആയുധം. രാഷ്ട്രീയ കർത്തൃത്വമുള്ള ജെൻസിയുടെ അനാദരവിന്റെ തുറന്ന രാഷ്ട്രീയം സർക്കാറാണ് ഭയപ്പെടേണ്ടത്, പൗരസഞ്ചയമല്ലെന്ന് വ്യക്തമായും കാണിച്ചുതന്നു.’’ –ജെൻസിയുടെ ഡൽഹി സമരത്തെ വിലയിരുത്തുന്നു.
‘‘കോലായിൽ പതുങ്ങിക്കിടക്കും
മരുമൃഗദിവാനിൽ ചാരിക്കിടന്ന്
നിശാനക്ഷത്രങ്ങളെ വായിക്കുമ്പോൾ
അച്ഛൻ പറയാറുള്ളതോർത്തു
ചരിത്രം എപ്പോഴും ആവർത്തിക്കണമെന്നില്ല
അതിനെപ്പോഴും ഘടികാരത്തിന്റെ
ചതി നുരയ്ക്കും വാസ്തുവല്ല,
ചിലപ്പോളത്
ഉളിപ്പാടിന്റെ*
അപ്രവചനീയപ്പെരും പെയ്ത്താണ്.’’
-വി.വി. ഷാജു, ദിവാൻ
(*ഉളിപ്പാട് -ടൂൾകിറ്റ്)
വിമതത്വം ഒരു രാഷ്ട്രീയ ആദർശമാണെങ്കിൽ അതിനെ ചലനാത്മകമാക്കുന്ന ഒരു സവിശേഷ സാമൂഹികമൂല്യം വിമതത്വത്തെ പ്രകാശമാനമാക്കുന്ന അനാദരവിന്റെ സമരപദാവലികളാണ്. അനാദരവും ധിക്കാരവുമില്ലാതെ വ്യവസ്ഥാപിത അധികാരത്തിനെതിരെ വിരൽചൂണ്ടാൻ ആരും ഒന്നു മടിക്കും. മടിയിലെ ഭാരം ഭാഷയെയും ക്ലിപ്തപ്പെടുത്തും. വ്യവസ്ഥാപിത രാഷ്ട്രീയക്കാർ നരേന്ദ്ര മോദിയെ വിമർശിക്കാനാണെങ്കിൽതന്നെ ‘സംഘ്പരിവാർ’ എന്നൊരൊറ്റ വാക്കിൽ ഒതുക്കും. അനാദരവ് എന്നുപറയുമ്പോൾ ഒന്നുകൂടി വ്യക്തമാക്കട്ടെ, അത് വേടന്റെ പാട്ടിലെ തുടിമുഴക്കത്തിൽ കേൾക്കുന്നതാണ്. വേടൻ സുജനമര്യാദയുടെ സംസ്കൃതീകരിച്ച വഴക്കത്തിലായിരുന്നെങ്കിൽ ഭാവഗീതങ്ങൾ ആലപിച്ചിരുന്നെങ്കിൽ മനുവാദികൾക്ക് അത്രതന്നെ രോഷം വരില്ലായിരുന്നു.
ദക്ഷിണേഷ്യയിൽ സമീപകാലങ്ങളിൽ ജനവിരുദ്ധമായ അധികാരത്തിനെതിരെ ഉയർന്ന ജെൻസി പ്രക്ഷോഭങ്ങൾ പൊതുവായി പങ്കിടുന്ന ഏറ്റവും പ്രകടമായ സവിശേഷത അനാദരവാണ്- IRREVERENCE. അനാദരവിനു സഹജമായി കൂടെവരുന്നതാണ് രാജാവ് നഗ്നനാണ് എന്നു പറയാനുള്ള ധൈര്യം. അധികാരപ്പുറത്തെ ചക്രവർത്തി വിവസ്ത്രനാണ് എന്നു പറയാനുള്ള തന്റേടം വ്യവസ്ഥാപിത അധികാരത്തിന്റെ പുറത്തുനിൽക്കുന്നവർക്ക് സഹജമായുള്ള ധിക്കാരമാണ്. അധികാരത്തോടുള്ള കൂസില്ലായ്മയാണ്.
2026 ജൂൺ ആറാം തീയതി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്‌കെ ജന്തർമന്തറിൽ ആരംഭിച്ച നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിലെ സർക്കാറിന്റെ കെടുകാര്യസ്ഥതക്കെതിരെ വിദ്യാർഥികളുടെയും യുവാക്കളുടെയും പ്രക്ഷോഭം പ്രകടമാക്കിയ തന്റേട സഹജമായ അനാദരവ് അവരുടെ വ്യവസ്ഥാപിതമല്ലാത്ത മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളിൽ വ്യക്തമായിരുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളിൽ നടന്ന വിവിധ യുവജനപ്രക്ഷോഭങ്ങളുടെ സമകാലിക ചരിത്രവിവരണമെഴുതാൻ ഇതേ അനാദരവിന്റെ പുതിയൊരു സാമൂഹികശാസ്ത്ര ഭാഷ സൃഷ്ടിക്കേണ്ടിവരും.
സമരതീക്ഷ്ണമായ 1848 കാലത്തിലെ പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയവും അതിൽ സന്നിഹിതമായ വർഗസംഘർഷങ്ങളും ഭാഷയിലേക്ക് ആവാഹിക്കാനും രേഖപ്പെടുത്താനും കാൾ മാർക്സ് പുതിയൊരു സാമൂഹിക വിസ്ഫോടകരമായ ഭാഷ രൂപപ്പെടുത്തി. അനാദരവ് അതിന്റെ മുഖമുദ്രയായിരുന്നു. നമ്മുടെ സമകാലത്തിലെ സാമൂഹിക ഉൾസ്ഫോടനങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും നിലവിൽ ലഭ്യമായ കടമെടുത്ത സാമൂഹികശാസ്ത്ര പരികൽപനകളുടെ സാംസ്കാരിക രാഷ്ട്രീയ ഫെറ്റിഷ് ഭാഷക്കാവുകയില്ല. അത്തരത്തിൽ അനുരഞ്ജനപ്പെട്ട ഭാഷ ഉപേക്ഷിച്ചുകൊണ്ടു പുതിയൊരു ഭാഷ ഉരുവംകൊള്ളേണ്ടതുണ്ട്.

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പ്
സർവസാധാരണ രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല സി.ജെ.പി സമരവേദികളിൽ കണ്ടത്. അനാദരവും പരിഹാസവും മുറ്റിനിൽക്കുന്ന മുദ്രാവാക്യങ്ങളാണ് അവിടെ കേട്ടതും കാണാൻ കഴിഞ്ഞിരുന്നതും. നിർമിതബുദ്ധി ജോലി കൊണ്ടുപോകും എന്ന പ്രശ്നം ജെൻസിയുടെ തമാശയിൽ, എ.ഐ എന്നാണ് ‘‘മന്ത്രി പ്രധാന്റെ’’ ജോലി കൊണ്ടുപോവുക എന്നായി. ധർമേന്ദ്ര പ്രധാൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്ഥിരമായി പറയുന്ന വാക്യം: കുഛ് തോ പൂഛോ, എന്തെങ്കിലും ചോദിക്കൂ എന്നതിന്റെ അടിയിൽ ‘‘ഒന്ന് രാജിവെച്ചുപോകുമോ?’’ എന്നായി ജെൻസികൾ. ഇതിലും കടുപ്പമേറിയ അനാദരവുകൾ പ്രകടിപ്പിക്കുന്ന പ്ലക്കാർഡുകൾ ഉണ്ടായിരുന്നു.
വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ ബഹുജനസംഘടനായ വിദ്യാർഥി സംഘടനകൾ സമരം ചെയ്യുമ്പോൾ അവർക്ക് വ്യവസ്ഥാപിതമായ രീതികൾ അവലംബിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടി കിട്ടും. അധികാരവ്യവസ്ഥക്കും വ്യവസ്ഥാപിത രാഷ്ട്രീയത്തിനും ബാഹ്യമായി രൂപപ്പെടുന്ന രാഷ്ട്രീയത്തിന് അത്തരം സാമ്പ്രദായിക രാഷ്ട്രീയത്തിന്റെ മര്യാദകൾ പാലിക്കാൻ ബാധ്യതയില്ല. വ്യവസ്ഥാ ബാഹ്യസ്വഭാവം അചഞ്ചലമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ യുവപ്രക്ഷോഭകർക്ക് സാധ്യത നൽകി. സോഷ്യൽ മീഡിയയിൽ കേട്ട ഒരു തമാശപോലെ, ജെൻസിക്കും സി.ജെ.പിക്കും ഇ.ഡിയെ ഭയപ്പെടേണ്ടാത്തതുകൊണ്ട് നയപരമായ വിട്ടുവീഴ്ചയോ സമാന്തര ലോബിയിങ്ങോ നടത്തേണ്ടതായി വന്നില്ല.
സാമ്പ്രദായിക രാഷ്ട്രീയ പ്രതികരണമാണെങ്കിൽ ‘അജസ്റ്റ്‌മെന്റ്’ മുദ്രാവാക്യങ്ങൾ ഉയർത്തി ഒത്തുതീർപ്പുകളിൽ എത്തിച്ചേർന്നു സമരം പിൻവലിക്കാനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ, സമരത്തിന്റെ തുടക്കം മുതൽക്കേ സി.ജെ.പി നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയും എൻ.ഡി.എ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകളുടെയും ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിനാണ് മുൻഗണന നൽകിയത്. പ്രസ്തുത ആവശ്യത്തിൽനിന്നും അവർ ഒരുഘട്ടത്തിലും പിറകോട്ടുപോയിട്ടില്ല.
മേയ് 3ന് നടന്ന നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിലെ സർക്കാറിന്റെ ഉത്തരവാദിത്ത രഹിതമായ സമീപനത്തിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും പ്രതിഷേധമുയർത്തിയതാണ്. 22 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയിൽ പങ്കെടുത്തത്. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് മേയ് 12ന് നീറ്റ് പരീക്ഷ റദ്ദാക്കി. മാസങ്ങളും വർഷങ്ങളും ഉറക്കമൊഴിച്ചും ഭക്ഷണം ഉപേക്ഷിച്ചും ഒരേയൊരു ലക്ഷ്യം മാത്രം മുൻനിർത്തി പരീക്ഷക്കു വേണ്ടി തയാറെടുപ്പു നടത്തിയ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ചോദ്യപേപ്പർ ചോർച്ചയും പിന്നീട് പരീക്ഷ റദ്ദാക്കിയതും നടുക്കമുണ്ടാക്കുന്നതായിരുന്നു.
സാമൂഹികശ്രേണികളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ജീവിതോന്നമനത്തിനായുള്ള പ്രതീക്ഷയാണ് പ്രഫഷനൽ ഉപരിപഠനത്തിന് അവസരം കിട്ടുക എന്നത്. ധാരാളം പണം മുടക്കി മാനേജ്മെന്റ് േക്വാട്ടയിലോ എൻ.ആർ.ഐ േക്വാട്ടയിലോ അവർക്ക് അഡ്മിഷൻ നേടാൻ കഴിയുകയില്ല. സാമൂഹിക ചുറ്റുപാടുകളിൽനിന്നും കരകയറാനും ജീവിതത്തിൽ ഉയരാനും ലഭിക്കുന്ന അവസരമാണ് സർക്കാറിന്റെ കെടുകാര്യസ്ഥതകൊണ്ട് ഇല്ലാതായത്. വിദ്യാർഥികളുടെ മാസങ്ങളുടെ അധ്വാനമാണ് പിഴച്ചത്. വീണ്ടും പഠിച്ചു പരീക്ഷ എഴുതുക എന്നത് ഏറെ ദുഷ്കരമായ കാര്യമാണ്. പരീക്ഷ പേപ്പർ ചോർച്ചയും തുടർന്നുള്ള റദ്ദാക്കലും പരീക്ഷ നടത്തിയ എൻ.ടി.എയുടെ ആവർത്തിച്ചുള്ള വീഴ്ചകളും വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവാദിത്ത രഹിത സമീപനവും വിദ്യാർഥികളുടെ മനസ്സിൽ കടുത്ത അമർഷം സൃഷ്ടിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ മുന്നേറ്റം
തങ്ങളുടെ കഠിനാധ്വാനം സർക്കാറിന്റെ നിരുത്തരവാദിത്തം നിമിത്തം വിഫലമായതിലുള്ള നടുക്കം പരീക്ഷയെഴുതിയ 12 വിദ്യാർഥികളുടെ ആത്മഹത്യക്കുള്ള പ്രേരണയായി. കേന്ദ്ര സർക്കാർ എന്നിട്ടും ഉണർന്നു പ്രവർത്തിച്ചില്ല. വിദ്യാർഥികളുടെ ഈ പ്രതിഷേധവും അമർഷവും നീറിനിൽക്കുകയായിരുന്നു. സർക്കാർ നിസ്സംഗമായ സമീപനമാണ് പുലർത്തിയത്. സി.ജെ.പി അതിന്റെ രൂപവത്കരണത്തിനുശേഷം ധർമേന്ദ്ര പ്രധാന്റെ രാജിയും ആത്മഹത്യചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരവും പരീക്ഷ ചോർച്ച എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഉണ്ടാക്കാനുള്ള ആവശ്യവുമായി സമരരംഗത്തേക്ക് വരാനുണ്ടായ പശ്ചാത്തലം ഇതാണ്. ജൂൺ ആറിനാണ് അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രത്യക്ഷ സമരമാരംഭിച്ചത്.
അഭിജിത് ദീപ്‌കെ മേയ് 16നാണ് കോക്രോച്ച് ജനത പാർട്ടി ഡിജിറ്റൽ മാധ്യമത്തിലൂടെ രൂപവത്കരിക്കുന്നത്. കൂറകളുടെ സമരം ജന്തർമന്തറിൽ നടക്കുന്ന വേളയിൽ അരുന്ധതി റോയ് യുടെ ഒരു എക്സ് പോസ്റ്റിൽ പറഞ്ഞതുപ്പോലെ ചെറുപ്പക്കാർക്കെതിരെ ഉന്നത ന്യായാധിപന്റെ അധിക്ഷേപത്തിന്റെയും അതിനുള്ള ആക്ഷേപഹാസ്യ മറുപടിയുടെയും സന്തതിയാണ് കൂറ ജനത പാർട്ടി. ഇന്ത്യയുടെ ഉന്നതനീതിപീഠം ഭരണഘടനയുടെയും ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിന്റെയും ഏറ്റവും വലിയ സംരക്ഷകരാണ്. എന്നാൽ, കഴിഞ്ഞ ഒരു ദശകത്തിലേറെയായി ജനാധിപത്യത്തെ ബാധിക്കുന്ന പല കേന്ദ്ര സർക്കാർ നിർമാണങ്ങളും ഉത്തരവുകളും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കുന്നതിനെതിരെ പൗരസമൂഹവും രാഷ്ട്രീയ പാർട്ടികളും ഉന്നത നീതിപീഠത്തെ സമീപിക്കുമ്പോഴത്തെ അനുഭവങ്ങൾ അത്രയൊന്നും ആശാവഹമായിരുന്നില്ല.
ഉന്നതനീതിപീഠത്തിന്റെ സർക്കാർ അനുകൂല സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതിയിൽ വ്യാജ നിയമബിരുദവുമായി ബന്ധപ്പെട്ടൊരു കേസ് കേൾക്കെ നടത്തിയ, യുവാക്കളെക്കുറിച്ചുള്ള പരാമർശം പെട്ടെന്നുതന്നെ വിവാദത്തിനു വഴിവെച്ചത്. തൊഴിലില്ലാത്ത യുവാക്കളെ കൂറകൾ എന്നാണ് ചീഫ് ജസ്റ്റിസ് അധിക്ഷേപിച്ചത്. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാത്ത വളർച്ചയും വർധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക അന്തരവും വിദ്യാസമ്പന്നരായ യുവാക്കളുടെ അരക്ഷിതാവസ്ഥയും അവഗണിക്കുക മാത്രമല്ല, പരിഹസിക്കുകയും ചെയ്യുന്ന ഈ പ്രസ്താവനയോടുള്ള ആക്ഷേപഹാസ്യ പ്രതികരണമാണ് കോക്രോച്ച് ജനത പാർട്ടിയായി ഡിജിറ്റൽ മാധ്യമങ്ങളിൽ രൂപാന്തരപ്പെട്ടത്.
പൊടുന്നനെ ലക്ഷം ഫോളോവേഴ്സാണ് സി.ജെ.പിയുടെ ഇൻസ്റ്റ അക്കൗണ്ടിന് ലഭിച്ചത്. നരേന്ദ്ര മോദിയുടെ അനുയായികളെക്കാൾ അധികം. പരിഭ്രാന്തമായി കേന്ദ്ര സർക്കാർ ഏതൊരു സമഗ്രാധികാര ക്രമത്തെയുമെന്നപോലെ സി.ജെ.പിയുടെ സമൂഹമാധ്യമ അക്കൗണ്ട് പൂട്ടിക്കാനാണ് ആദ്യം ഒരുമ്പെട്ടത്. അതിനൊപ്പം വലതുപക്ഷ പ്രചാരണത്തിന്റെ പതിവുരീതികളിൽ സി.ജെ.പിയുടെ അനുയായികളെ പാകിസ്താൻകാരാണെന്നും രാജ്യദ്രോഹികളാണെന്നുമുള്ള ആക്രമണം ആരംഭിച്ചു.

മിനിമം താങ്ങുവില സംബന്ധിച്ച നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2024 ഫെബ്രുവരി 13ന് പഞ്ചാബിലെ ശംഭു ബാരിയറിൽനിന്ന് ഡൽഹിയിലേക്ക് നീങ്ങിയ കർഷകർക്കെതിരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ
പക്ഷേ, അതൊന്നുംതന്നെ സി.ജെ.പിയുടെ വളർച്ചക്ക് തടസ്സമായില്ല. സി.ജെ.പി ആദ്യമായി ഏറ്റെടുത്ത സമരമാണ് നീറ്റ് പരീക്ഷാ ക്രമക്കേടിൽ സമഗ്രാന്വേഷണവും ധർമേന്ദ്ര പ്രധാന്റെ രാജിയും. സമരം തുടങ്ങി അഞ്ചാഴ്ചക്കകം സമരത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കാൻ നിർബന്ധിതമായി. സർക്കാർ കീഴടങ്ങുകയും മന്ത്രി പ്രധാൻ രാജിവെക്കുകയും ചെയ്തു. സമരത്തെ ഡൽഹി പൊലീസിനെ ഉപയോഗപ്പെടുത്തി ഒരു അർധ ടിയാനൻമെൻ മാതൃകയിൽ അടിച്ചൊതുക്കാൻ ശ്രമം നടന്നു. മർദനങ്ങൾ അഴിച്ചുവിട്ടു. സി.ജെ.പി പ്രവർത്തകർ പൊലീസിന്റെ മർദനത്തിന് കീഴ്പ്പെടാൻ തയാറായില്ലെന്ന് മാത്രമല്ല, സമരത്തിനുള്ള ബഹുജന പിന്തുണ വർധിക്കാനും പൊലീസ് അതിക്രമം കാരണമായി.
സി.ജെ.പി ആരംഭിച്ച അനിശ്ചിതകാല സമരത്തിനു വഴിത്തിരിവായത് വിദ്യാഭ്യാസ വിചക്ഷണനും മഗ്സാസെ അവാർഡ് നേടിയ ലഡാക്കിന്റെ സംസ്ഥാന പദവിക്കുവേണ്ടി പോരാടുന്ന സോനം വാങ്‌ചുക് സമരത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരാഹാര സത്യഗ്രഹം ആരംഭിച്ചതോടെയാണ്. മോദി സർക്കാർ സമരത്തോടും സോനം വാങ്ചുകിന്റെ നിരാഹാര സത്യഗ്രഹത്തോടും അലംഭാവം പുലർത്തുകയാണ് ചെയ്തത്. ജൂൺ 18നു സോനം വാങ്‌ചുകിനെ നിർബന്ധപൂർവം ആശുപത്രിയിലേക്കി മാറ്റി. മൺസൂൺ പാർലമെന്റ് ആരംഭിച്ചപ്പോൾ പാർലമെന്റിലേക്ക് മാർച്ച നടത്താൻ സി.െജ.പി തീരുമാനിച്ചു.
ഇതിനെതിരെയാണ് ഡൽഹി പൊലീസ് അതിക്രമം അഴിച്ചുവിട്ടത്. കശ്മീരിൽ ഉപയോഗിച്ചിരുന്ന ഗൺ പെല്ലറ്റുകൾ സി.ജെ.പി സമരക്കാർക്കെതിരെ പ്രയോഗിച്ചു. ധാരാളം വിദ്യാർഥികൾക്ക് മുറിവേറ്റു. വിദ്യാർഥികൾ പൊലീസിനെ പ്രതിരോധിക്കാൻ കല്ലെടുെത്തറിഞ്ഞിട്ടുണ്ടാകും. വിദ്യാർഥികൾക്കെതിരെയുള്ള പെല്ലറ്റ് പ്രയോഗം മോദി ഭക്തർ സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചു. എന്നാൽ, സമരത്തിനുള്ള പിന്തുണ വർധിച്ചുവരുകയായിരുന്നു. ഇന്ത്യൻ സിനിമാതാരങ്ങളായ നസീറുദ്ദീൻ ഷാ. ശബാന ആസ്മി, പ്രകാശ് രാജ് എന്നിവർ ആദ്യമേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരംചെയ്യുന്ന വിദ്യാർഥികളെ ആക്രമിച്ചതോടെ കൂടുതൽ പിന്തുണ ലഭിക്കാൻ തുടങ്ങി. കേരളത്തിൽനിന്നും സിനിമ സെലിബ്രിറ്റികളുടെ കൂട്ടത്തിൽനിന്നും ആദ്യ പിന്തുണ നൽകിയത് ടൊവിനോ തോമസാണ്.
മോഹൻലാലിന്റെ മകൾ വിസ്‌മയ പൊലീസ് ആക്രമണത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് വിസ്‌മയക്കും മോഹൻലാലിനുമെതിരെ വലതു തീവ്രവാദികൾ സൈബർ ആക്രമണം കടുപ്പിച്ചു. ഒരുകാര്യം വ്യക്തമാണ് പുതുതലമുറക്കാർ സംശയലേശമന്യേ സമരത്തെ അനുകൂലിച്ചു പ്രതികരിച്ചപ്പോൾ മില്ലേനിയൽ തലമുറയിലെ കരിയറിസ്റ്റുകളും അതിനുമുമ്പുള്ള തലമുറക്കാരും തുറന്നു പിന്തുണക്കാൻ മടിച്ചുവെന്നു മാത്രമല്ല, ആ തലമുറയിൽ ചിലരെങ്കിലും കേന്ദ്ര സർക്കാറിനൊപ്പമാണ് നിലകൊണ്ടത്. കേരളത്തിൽ ആശമാരുടെ സമരം നടന്നപ്പോൾ മില്ലേനിയൽ കരിയറിസ്റ്റ് ബുദ്ധിജീവികൾ മൗനംപാലിച്ചത് അധികാരത്തിന്റെ തണൽ അവരെ നിതാന്തമായി പ്രലോഭിപ്പിക്കുന്നതുകൊണ്ടാകണം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് മർദിച്ച പ്രക്ഷോഭകന്‍റെ തലയിൽനിന്ന് രക്തമൊലിക്കുന്നു
ദക്ഷിണേഷ്യയിലെ ഭരണമാറ്റങ്ങൾ
2022ലെ ശ്രീലങ്കയിൽ രാജപക്സ കുടുംബാധിപത്യ വാഴ്ചക്കെതിരെ നടന്ന ഐതിഹാസികമായ സമരമായ ‘ആരഗലയ’ ആദ്യഘട്ടത്തിൽതന്നെ തീവ്രസ്വഭാവം പ്രകടിപ്പിച്ചിരുന്നു. ജനകീയ മുന്നേറ്റമായിരുന്നെങ്കിലും തെരുവിൽ നിറഞ്ഞുകവിഞ്ഞ ജനാവലിയിൽ ഭൂരിപക്ഷവും യുവാക്കളാണ്. സിംഹള തീവ്രദേശീയവാദം ഉയർത്തിക്കൊണ്ടു വംശീയ രാഷ്ട്രീയത്തെ ആധാരമാക്കി ഒരു അടിച്ചമർത്തൽ വ്യവസ്ഥയാണ് ശ്രീലങ്കയിൽ രാജപക്സ കുടുംബ ഭരണം നിലനിർത്തിയിരുന്നത്.
സാമ്പത്തികമായി തകർന്ന ശ്രീലങ്കയിൽ അസ്വസ്ഥതകൾ പെരുകുകയായിരുന്നു. ശ്രീലങ്കൻ അധിപനും മഹിന്ദ രാജപക്സയുടെ അനുജനുമായ ഗോടബയയുടെ സമഗ്രാധികാര ഭരണകൂടം ചൈനയുടെ പിന്തുണയോടെയാണ് നിലനിന്നിരുന്നത്. ചൈനക്ക് ശ്രീലങ്കിൽ നിക്ഷിപ്‌ത താൽപര്യങ്ങളുണ്ടായിരുന്നു. വർധിച്ചുവന്ന തൊഴിലില്ലായ്‌മയും കുതിച്ചുയർന്ന ജീവിത ചെലവുകളും ജനത്തെ പൊറുതിമുട്ടിച്ചു. പൊറുതിമുട്ടിയ ജനമാണ് തെരുവിലിറങ്ങിയത്. ഗോടബയ താമസിച്ചിരുന്ന കൊട്ടാരമാണ് അവർ ആദ്യം കൈയടക്കിയത്. ഗോടബയയും രാജപക്സ കുടുംബവും ജനങ്ങളുടെ അപ്രവചനീയ മുന്നേറ്റം കണ്ടു ഭയന്ന് രാജ്യത്തിൽനിന്നു പലായനം ചെയ്യുകയായിരുന്നു. ജനം സംഘടിച്ചത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നില്ല. ജനാധിപത്യ വാഞ്ഛയാണ് ജനത്തെ സമഗ്രാധികാരത്തിനെതിരെ തെരുവിലേക്ക് ഇറക്കിയത്. അത് ഭരണമാറ്റത്തിലേക്കാണ് എത്തിച്ചത്.
രണ്ടു വർഷത്തിനുശേഷം വിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ശൈഖ് ഹസീന സർക്കാറിനെതിരെ ജനകീയ രോഷം വിദ്യാർഥികളുടെ പ്രക്ഷോഭത്തിലൂടെ പ്രകടമായി. വിദ്യാർഥികൾ സ്വയം സംഘടിക്കുകയായിരുന്നു. ബംഗ്ലാദേശിലും അധികാര ദുർവാഴ്ചക്കെതിരെ നടന്ന പ്രക്ഷോഭമാണ് ഭരണമാറ്റത്തിനു കാരണമായത്. സ്വജനപക്ഷപാതം, തൊഴിലില്ലായ്‌മ, സാമ്പത്തിക പരാധീനതകൾ, സാമൂഹികമായ അടിച്ചമർത്തൽ, തെരഞ്ഞെടുപ്പുകളിൽ കൃത്രിമത്വം തുടങ്ങിയ രാഷ്ട്രീയവും സാമൂഹികവുമായ നീറുന്ന പ്രശ്‌നങ്ങളാണ് വിദ്യാർഥികളെ ധാക്കയുടെ തെരുവീഥികളിലേക്ക് നയിച്ചത്.

ശ്രീലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന യുവാക്കൾ
ബംഗ്ലാദേശിൽ മാധ്യമങ്ങളും പൗരസമൂഹവും വിദ്യാർഥികളെ പിന്തുണച്ചിരുന്നു. ശൈഖ് ഹസീന ഭരണത്തിന്റെ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനരീതികളും അടിച്ചമർത്തലും ഉത്തരവാദിത്തരാഹിത്യവുമാണ് സ്വയംഭൂവായ വിദ്യാർഥി പ്രക്ഷോഭത്തിനു കാരണമായത്. ശ്രീലങ്കയിൽ ഭരണത്തിന്റെ സമഗ്രാധികാരസ്വഭാവവും അവരുടെ തന്നെ സൃഷ്ടിയായ സാമ്പത്തിക അരാജകത്വവുമാണ് ജനകീയ മുന്നേറ്റത്തിന് കാരണമായതെങ്കിൽ ഏറക്കുറെ സമാനമായ രാഷ്ട്രീയ-സാമൂഹിക അസ്വസ്ഥതകളാണ് ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിനും പ്രേരകമായത്.
2025ൽ നേപ്പാളിലെ പ്രക്ഷോഭത്തിലൂടെയാണ് ജെൻസിയുടെ സമരസാന്നിധ്യം ഇത്രമേൽ ദൃശ്യമായത്. പാർലമെന്ററി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഐക്യ കമ്യൂണിസ്റ്റ് സർക്കാറിനെതിരെയാണ് നേപ്പാളിലെ ജെൻസി പ്രക്ഷോഭം തെരുവിൽ അരങ്ങേറിയത്. സ്വജനപക്ഷപാതം, ഭരണകൂട അനീതി, സർക്കാറിന്റെ നിസ്സംഗത, വർധിച്ചുവരുന്ന തൊഴിൽരാഹിത്യം -ഇതൊക്കെയാണ് അവിടെയും പ്രക്ഷോഭത്തിന് വഴിതെളിച്ചത്. ജെൻസിയുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയതാണ് സമരം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രകോപനം. ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും തെരുവുകളിൽ അലയടിച്ച പ്രക്ഷോഭം ഒരുഘട്ടം പിന്നിടുന്നതോടെ ആക്രമസ്വഭാവത്തിലേക്ക് മാറുന്നതായി കാണാം.
ഭരണവർഗ ചെയ്തികൾ അസഹനീയമായ സാഹചര്യത്തിലാണ് ആക്രമസ്വഭാവത്തിലേക്ക് പ്രക്ഷോഭം മാറുന്നത്. നേപ്പാളിൽ കാബിനറ്റ് മന്ത്രിമാരെ ജെൻസി തെരുവിൽ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായി. മൂന്നിടത്തെയും പ്രക്ഷോഭങ്ങളിൽ കാണുന്ന പ്രധാന സവിശേഷതകൾ ഭരണകൂടത്തിന്റെ നിസ്സംഗതയോടും അടിച്ചമർത്തൽ നയത്തോടുമുള്ള ശക്തമായ ജനകീയ പ്രതികരണങ്ങളായിരുന്നു പ്രക്ഷോഭങ്ങൾ എന്നതാണ്. തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും പ്രക്ഷോഭത്തിലെ ജനബാഹുല്യത്തിന് പ്രേരണയായി.
സംഘടിത സ്വഭാവമുള്ള രാഷ്ട്രീയമോ വ്യവസ്ഥാപിത നേതൃത്വമോ നയിച്ച പ്രക്ഷോഭങ്ങളല്ല ഈ രാജ്യങ്ങളിൽ കണ്ടത്. സമരശൃംഖല വികസിപ്പിക്കാനും പ്രക്ഷോഭത്തിലേക്ക് കൂടുതൽ കൂടുതൽ ജനം വന്നുചേരാനും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഐക്യപ്പെടൽ സാധ്യമാക്കി. ഇന്റർനെറ്റ് ഷട്ട്ഡൗൺ എന്നത് ഭരണകൂടം അടിച്ചമർത്തലിന്റെ ഭാഗമായി നടപ്പാക്കുന്ന നയമാണ്. ഇതിനെയും മറികടക്കാവുന്ന സാങ്കേതിക ഉപാധികളും സംവേദന സാധ്യതകളും നൈസർഗികമായ പ്രേരണകളും ജെൻസി സമരങ്ങൾക്ക് കൂടുതൽ അടിച്ചമർത്തുംതോറും ശക്തിപ്പെടാനും മുന്നേറാനും സാധ്യത സൃഷ്ടിക്കുന്നു.
ദക്ഷിണേഷ്യയിലെ രാജ്യങ്ങളിൽ ഭരണമാറ്റത്തിലേക്ക് നയിച്ച രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയിലും സംജാതമാകുന്ന സാഹചര്യത്തെക്കുറിച്ചു എൻ.ഡി.എ സർക്കാറിന് പൂർണബോധ്യമുണ്ടായിരിക്കും. വർധിച്ചുവരുന്ന തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി നിലനിൽക്കുന്നു. സർക്കാർ നൽകുന്ന പിന്തുണയിൽ കോർപറേറ്റുകൾ വമ്പിച്ച അഭിവൃദ്ധി നേടുന്നതും സാധാരണക്കാരുടെ ജീവിതം കൂടുതൽ കൂടുതൽ സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ഉഴലുന്നതും ഒരു വർത്തമാന യാഥാർഥ്യമാണ്. ഗുരുഗ്രാമിൽ നടന്ന തൊഴിലാളി പ്രക്ഷോഭം ഈ യാഥാർഥ്യത്തെ തുറന്നുകാണിക്കുന്നതായിരുന്നു.
ജനാധിപത്യം ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികളും ഭരണഘടന സ്ഥാപനങ്ങൾ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു പകരമായി ജനാധിപത്യത്തിനു ഹാനികരമാകുന്ന സർക്കാർ നയങ്ങൾക്ക് പിന്തുണ നൽകുന്നതും സമൂഹത്തിൽ വ്യാപകമായ അസ്വസ്ഥത പടർത്തിയിട്ടുണ്ട്. നീറ്റ് പരീക്ഷ പേപ്പർ ചോർച്ച ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നുള്ള തിരിച്ചറിവാണ് ജെൻസി പ്രക്ഷോഭത്തിന് കാരണമായത്. വ്യവസ്ഥാപിത നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പരാജയമാണ് (institutional failure) ഈ ക്രമക്കേടുകൾക്ക് കാരണമായത്. ഇത് ഭരിക്കുന്ന സർക്കാറിന്റെ പരാജയമാണ്.

ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി വാർത്ത ആഘോഷിക്കുന്ന പ്രതിഷേധക്കാർ
ജെൻസി ഉണർത്തുന്ന പ്രത്യാശകൾ
നരേന്ദ്ര മോദി സർക്കാറിന്റെ നയസമീപനങ്ങൾക്കെതിരെ വിദ്യാർഥി സമരങ്ങൾ 2016 മുതൽക്കു തന്നെ കാമ്പസുകളിൽ സജീവമാണ്. ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ നയിച്ച ഈ സമരങ്ങളെ നേരിടാൻ സംഘ്പരിവാർ അവരുടെ ആവനാഴിയിലെ ആകെയുള്ള ആയുധമായ രാജ്യദ്രോഹകുറ്റമാണ് ആരോപിച്ചത്. ഇത് ആർ.എസ്.എസ്-സംഘ്പരിവാറിന്റെ പതിവു രീതിയാണ്. വിമർശനങ്ങളെയും എതിരഭിപ്രായങ്ങളെയും രാജ്യദ്രോഹം ആരോപിച്ച് നിസ്തേജമാക്കുക.
രാജ്യദ്രോഹ ആരോപണം മാത്രമല്ല, ഗോ സംരക്ഷണ ആൾക്കൂട്ടം പോലുള്ള ഹിംസാത്മകമായ ആൾക്കൂട്ടത്തെ ഉപയോഗപ്പെടുത്തി പ്രക്ഷോഭരംഗത്തുള്ളവരെ മർദിച്ച് അവശരാക്കാനുമുള്ള പരിപാടികളും നടന്നിരുന്നു. മൃഗീയമായാണ് പ്രക്ഷോഭങ്ങളെ നേരിട്ടിരുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനും നേതൃത്വം കൊടുത്തതിനുമാണ് ഉമ്മർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും യു.എ.പി.എ രാജ്യദ്രോഹ കുറ്റമാരോപിച്ച് വിചാരണ കൂടാതെ തുറുങ്കിലടച്ചിരിക്കുന്നത്. ജാമ്യം ഒരു അവകാശമായിട്ടും ബഹുമാനപ്പെട്ട കോടതികൾ ഇവരുടെ ഭരണഘടനാദത്തമായ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നില്ല.
ഇന്ത്യ കണ്ട മറ്റൊരു പ്രധാന പ്രക്ഷോഭമായ കർഷക സമരവും അടിച്ചമർത്താനാണ് മോദി സർക്കാർ മുതിർന്നത്. ഖലിസ്താൻ ഭീകരവാദ ആരോപണവും രാജ്യദ്രോഹക്കുറ്റത്തിന്റെ ഭീഷണികളും കോർപറേറ്റ് അനുകൂല കർഷക നിയമത്തെ എതിർത്തു സമരംചെയ്ത കർഷക പ്രക്ഷോഭകാരികൾക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു. ഉറച്ചവിശ്വാസത്തോടെ സമരരംഗത്തു നിലയുറപ്പിച്ച കർഷക പ്രക്ഷോഭത്തിനു മുമ്പാകെയാണ് ആദ്യമായി നരേന്ദ്ര മോദി സർക്കാർ അടിയറവ് പറഞ്ഞത്.
കർഷക നിയമം പിൻവലിച്ചുകൊണ്ടാണ് അടിയറവ് വ്യക്തമാക്കിയത്. ഉത്തരപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തന്ത്രപരമായി പിന്മാറിയതാണെന്ന ആഖ്യാനവും പൊതുമണ്ഡലത്തിൽ ലഭ്യമാണ്. എന്നിരുന്നാലും, യാഥാർഥ്യമെന്തെന്നാൽ തന്ത്രപരമാണെങ്കിലും കർഷക നിയമം പിൻവലിക്കാൻ നിർബന്ധിതമാക്കിയത് കർഷകരുടെ പ്രക്ഷോഭമാണ്. കർഷകർ സംഘടിതരായിരുന്നു. കർഷകസമരത്തിന്റെ ഫലമായി കാർഷിക നിയമം പിൻവലിക്കേണ്ടിവന്ന മോദി സർക്കാർ രണ്ടാമത് പരാജയപ്പെട്ടത് കൂറകളുടെ പ്രതിഷേധത്തിന് മുമ്പാകെയാണ്.

2025ൽ നേപ്പാളിലെ ഭരത്പൂർ മഹാനഗർപാലിക ഓഫിസിന് മുന്നിൽ ജെൻസി നടത്തിയ മുന്നേറ്റത്തിനു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉറവകളിൽ വീണ്ടും പശിമ അനുഭവവേദ്യമാകുന്നു. മോദി സർക്കാറിനുവേണ്ടി നിലകൊണ്ട കോർപറേറ്റ് മാധ്യമങ്ങൾ ജന്തർമന്തറിൽ വിചാരണ ചെയ്യപ്പെട്ടു. വിദ്യാർഥികൾ ഗോദി മാധ്യമങ്ങളെ തെരുവുകളിൽ കൂക്കിവിളിച്ചു. ലെഗസി മാധ്യമങ്ങൾ പരിഭ്രാന്തരാണ്. അവർ അതിവർത്തിച്ച ഒരു തലമുറയാണ് ജെൻസിയുടേത്. പരമ്പരാഗത സർക്കാർ ഭാഷണം ഉരുവിടുന്ന മാധ്യമങ്ങൾ ജെൻസി തലമുറയിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല. അദൃശ്യമായിരുന്ന കൂറകൾ സമഗ്രാധികാരത്തെ ഗാന്ധിയും അംബേദ്കറും (നിരാഹാര സത്യഗ്രഹവും ഭരണഘടനയും എന്ന ടൂൾകിറ്റ്) രൂപപ്പെടുത്തിയ ജനാധിപത്യത്തിന്റെ സമരഭാഷയിൽ നേരിടാമെന്നും അടിയറവു പറയിപ്പിക്കാമെന്നും കാണിച്ചുതന്നു.
അതേസമയം, പെല്ലറ്റ് ഗൺ അടിച്ചമർത്തൽ വ്യവസ്ഥയെ നേരിടാനായി അനാദരവിന്റെ പുതിയൊരു സമരകോശവും ജെൻസി ഇന്ത്യൻ ജനതക്ക് സമ്മാനിച്ചു. അനാദരവിന്റെ ആ പദകോശം സമഗ്രാധികാരത്തിന്റെ ഭയപ്പെടുത്തൽ തന്ത്രത്തെ തുറന്നു പ്രതിരോധിക്കുന്നതാണ്. ഭയമാണ് സമഗ്രാധികാരത്തിന്റെ പ്രധാന ആയുധം. രാഷ്ട്രീയകർത്തൃത്വമുള്ള ജെൻസിയുടെ അനാദരവിന്റെ തുറന്നരാഷ്ട്രീയം അനുഭവവേദ്യമാക്കുന്നത് സർക്കാറാണ് ഭയപ്പെടേണ്ടത് പൗരസഞ്ചയമല്ലെന്നു കൂടിയാണ്.
