ഇരട്ടത്താപ്പിന് കേരളം കൊടുേക്കണ്ടിവരും വലിയ വില

പി.എം ശ്രീ പദ്ധതിയെ വിശകലനം ചെയ്യുന്ന ലേഖകൻ സർക്കാർ അവകാശവാദങ്ങളെ പരിശോധിക്കുന്നു. കരാറിൽനിന്ന് കേരളത്തിന് പിന്മാറാനാകുമോ? എന്തായിരിക്കും പുതിയ കരിക്കുലം? പദ്ധതിയിൽ നടപ്പിലാക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം തന്നെയാണോ? എന്താവും ഭവിഷ്യത്ത്?
പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മികവിന്റെ കലാലയങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2022ൽ അവതരിപ്പിക്കപ്പെട്ട ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പി.എം ശ്രീ സ്കൂളുകൾ (PM School for Rising India). പുതിയ സ്കൂളുകൾ ആരംഭിക്കുക എന്നതല്ല, നിലവിൽ പ്രവർത്തിച്ചുവരുന്ന സ്കൂളുകളുടെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങളെ പരിവർത്തിപ്പിച്ച് വിദ്യാർഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമായി വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഓരോ ബ്ലോക്കിൽനിന്നും പരമാവധി രണ്ടു സ്കൂളുകൾ എന്ന നിലയിൽ അഞ്ചു വർഷക്കാലംകൊണ്ട് രാജ്യത്തെ 14,500 സ്കൂളുകൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ ഏതാണ്ട് 300 സ്കൂളുകൾ ഈ പദ്ധതിയുടെ പരിധിയിൽപെടും. ഒരു സ്കൂളിന് വേണ്ടി ചെലവഴിക്കുന്നത് ശരാശരി 1.89 കോടി രൂപയാണ്. ഇതിൽ 1.14 കോടിയോളമാണ് കേന്ദ്രം വഹിക്കുക. 2022- 23 വരെ മുതൽ 2026-27 വരെ ഏതാണ്ട് 20 ലക്ഷത്തോളം വിദ്യാർഥികളെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ ലക്ഷ്യംവെക്കുന്നു.
തുടക്കത്തിൽ 13 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണപ്രദേശങ്ങളുമാണ് പദ്ധതിയുടെ ഭാഗമായതെങ്കിലും പിന്നീട് കേരളം, തമിഴ്‌നാട്, ബംഗാൾ എന്നിവ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതിയിൽ പങ്കാളികളായി. ഫെഡറൽ സംവിധാനത്തെ തകർക്കുന്നുവെന്നും സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് വിപരീതമായി ദേശീയ വിദ്യാഭ്യാസ പദ്ധതി അടിച്ചേൽപ്പിക്കുന്നുവെന്നും ഈ മൂന്നു സംസ്ഥാനങ്ങൾ ആരോപണങ്ങളുയർത്തി. പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്തിയവരുടെ പട്ടികയിൽനിന്ന് ഇപ്പോൾ കേരളം പുറത്തുകടന്നിരിക്കുന്നു.
പുതിയ ദേശീയ വിദ്യാഭ്യാസ നയം
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടി അഞ്ചുവർഷം തികയുമ്പോഴാണ് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീയിൽ കേരളവും ഒപ്പിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാവുന്നത്. നാഷനൽ എജുക്കേഷൻ പോളിസിയെ തുറന്നെതിർത്തു പോന്ന ഇടതുപക്ഷ സർക്കാറിന്റെ സമീപനങ്ങളിലുള്ള വ്യതിയാനത്തെ ന്യായീകരിച്ചുകൊണ്ട് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് കുഴപ്പമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി ചോദിക്കുമ്പോൾ ഈ ഒത്തുതീർപ്പിന്റെ ഞെട്ടലിൽ കേരളത്തിലെ സാംസ്കാരിക നായകരും വിദ്യാഭ്യാസ വിചക്ഷണരും വിറങ്ങലിച്ചിരിക്കുന്നു.
സംസ്ഥാന സർക്കാറിനു കീഴിലുള്ള സ്കൂളുകളിൽ നടപ്പാക്കിവരുന്ന പാഠ്യപദ്ധതികളിൽനിന്നും വിഭിന്നമായി ദേശീയ വിദ്യാഭ്യാസ നയം വിഭാവനംചെയ്യുന്ന പാഠ്യക്രമമാവും ഈ സ്കൂളുകളിൽ നടപ്പാക്കുക. പാഠപുസ്തകങ്ങളെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുതകുന്ന രീതിയിൽ മാറ്റിയെഴുതുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴാണ് കേരളം ഈ പദ്ധതിയുടെ ഭാഗമാവുന്നത്. ഒരുവശത്ത് വിദ്യാഭ്യാസത്തിനുവേണ്ടി ചെലവഴിക്കുന്ന തുകയുടെ അനുപാതം കുറച്ചുകൊണ്ടുവരികയും അതേസമയം, തെരഞ്ഞെടുക്കപ്പെട്ട നിശ്ചിത എണ്ണം സ്കൂളുകളിൽ മാത്രം വലിയ അവകാശവാദങ്ങളോടെ പദ്ധതി നടപ്പാക്കുകയും ചെയ്യുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. പുസ്തകങ്ങളുടെ കാവിവത്കരണവും ചരിത്രത്തെ വളച്ചൊടിക്കലും തമസ്കരിക്കലുമെല്ലാം സംഘ്പരിവാർ പ്രോജക്ടിന്റെ ഭാഗമാണ്. സംഘ്പരിവാർ സൈദ്ധാന്തികനായിരുന്ന ദീനനാഥ് ബത്രയുടെ നേതൃത്വത്തിൽ തയാറാക്കിയ 16 പുസ്തകങ്ങൾ ഗുജറാത്തിലെ സ്കൂളുകളിൽ അധികവായനക്കു വേണ്ടി നിർദേശിക്കപ്പെട്ടിരുന്നത് ഓർമിക്കുക.
കുട്ടികളില്ലാത്ത ദമ്പതിമാർക്ക് പശുക്കളെ സംരക്ഷിക്കുന്നതു വഴി സന്താനലബ്ധിയുണ്ടാവുമെന്നും മഹാഭാരതകാലത്തിനു മുമ്പുതന്നെ ഇന്ത്യയിൽ ടെലിവിഷൻ പ്രചാരത്തിൽ ഉണ്ടായിരുന്നുവെന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചവയാണ് ഈ പുസ്തകങ്ങൾ. അന്ധനായ ധൃതരാഷ്ട്രർക്ക് സഞ്ജയൻ മഹാഭാരതയുദ്ധം ടെലിവിഷനിലൂടെ കാണിച്ചുകൊടുത്തിരുന്നത്രേ! സംഘ്പരിവാർ രാജ്യത്ത് നടപ്പാക്കുന്ന അശാസ്ത്രീയമായ വിദ്യാഭ്യാസ പദ്ധതിയുടെ ആശയ സ്രോതസ്സുകൾ ബത്രയെപ്പോലുള്ളവരാണ്. സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന മൂല്യാധിഷ്ഠിതവും ഭാരതീയവുമായ (value centric & Indianness-centric) വിദ്യാഭ്യാസ പദ്ധതിയുടെ രൂപകർത്താക്കൾ ഇദ്ദേഹത്തെപ്പോലുള്ളവരാണ്. രാജ്യത്തെ 12,000 വരുന്ന വിദ്യാഭാരതി സ്കൂളുകളുടെ അധ്യക്ഷനായിരുന്ന ബത്ര എൻ.സി.ആർ.ടി പാഠപുസ്തകങ്ങളിൽനിന്നും ഉർദു, അറബിക്, പേർഷ്യൻ വാക്കുകൾ നീക്കംചെയ്യണമെന്നാവശ്യപ്പെടുകയുണ്ടായി. ടാഗോർ, പ്രേംചന്ദ്, എം.എഫ്. ഹുസൈൻ തുടങ്ങിയ ‘രാജ്യവിരുദ്ധരെ’ പുസ്തകങ്ങളിൽനിന്നും ഒഴിവാക്കണമെന്നതായിരുന്നു ബത്രയുടെ മറ്റൊരാവശ്യം. പാഠ്യപദ്ധതിയെ കാവിവത്കരിക്കുകയെന്ന ആർ.എസ്.എസ് ലക്ഷ്യവുമായി എൻ.സി.ആർ.ടി ചേർന്നു പ്രവർത്തിക്കുന്നു. സിലബസിൽനിന്ന് ഗാന്ധിവധവും ഗുജറാത്ത് കലാപവും മുഗൾ ഭരണകാലവും ഗാന്ധിവധത്തെ തുടർന്നുള്ള ആർ.എസ്.എസ് നിരോധനവും നീക്കംചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്.
ബിരുദ പഠന കോഴ്സുകളിൽ ഉൾപ്പെടുത്താനായി യു.ജി.സി തയാറാക്കിയ കരടുരേഖയും (Learning outcomes –based Curriculum Framework) വിവാദത്തിലായിരുന്നല്ലോ. രസതന്ത്രത്തിൽ സരസ്വതീവന്ദനത്തോടെ തുടങ്ങുന്ന ചട്ടക്കൂട്, ചരിത്രത്തിൽ സവർക്കറുടെ കൃതി പാഠ്യവിഷയമായി നിർദേശിക്കുന്നു. രാമരാജ്യം, (പ്രാചീന) ഇന്ത്യൻ ജ്ഞാനസമ്പ്രദായങ്ങൾ, കൗടില്യന്റെ ‘അർഥശാസ്ത്രം’ എന്നിവ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾതലത്തിലും സർവകലാശാല തലത്തിലും സംഘ്പരിവാർ നടപ്പാക്കിവരുന്ന കാവിവത്കരണത്തിനെതിരെ നിലപാടെടുത്ത കേരള സർക്കാറാണ് ഇപ്പോൾ നിലപാടുമാറ്റത്തിന് വിധേയമായിരിക്കുന്നത്.
ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്
പി.എം ശ്രീ സ്കൂളുകളോടും പുത്തൻ വിദ്യാഭ്യാസ നയത്തോടും തീവ്രമായ എതിർപ്പാണ് ഇടതുപക്ഷം പുലർത്തിപ്പോന്നത്. അതേസമയം, പുത്തൻ വിദ്യാഭ്യാസ നയത്തോട് സമരസപ്പെടുന്ന പാഠ്യപദ്ധതി കഴിഞ്ഞ വർഷം മുതൽതന്നെ കേരളത്തിൽ നടപ്പാക്കിത്തുടങ്ങിയിരുന്നു. ചതുർ വർഷ ബിരുദം, ഏകവർഷപി.ജി, സബ്സിഡിയറി വിഷയങ്ങൾക്കു പകരം മൈനറുകൾ, ഓണേഴ്സ് ബിരുദം, റിസർച് പാത്ത് വേ എന്നിവയുടെ കാര്യങ്ങളിലെല്ലാം ദേശീയ വിദ്യാഭ്യാസ നയത്തെ അനുകരിക്കുന്ന സമ്പ്രദായമാണ് കേരളം നടപ്പാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മക്കുതകുന്നതല്ല പുതിയ പരിഷ്കാരങ്ങൾ. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നതും കമ്പോളവത്കരിക്കുന്നതുമായ കേന്ദ്ര നയത്തെ വലിയ മാറ്റങ്ങളില്ലാതെ കേരളവും സ്വീകരിച്ചിരിക്കുന്നു.
ആഴത്തിലും പരപ്പിലുമുള്ള പഠനത്തിനു പകരം പാഠ്യപദ്ധതിയെ ലഘൂകരിച്ചും യുക്തിസഹമല്ലാത്ത രീതിയിൽ മൈനറുകൾ തിരഞ്ഞെടുക്കാൻ അനുവദിച്ചുമുള്ള ഉപരിപ്ലവമായ പരിഷ്കാരങ്ങളാണ് കേരളത്തിൽ ആവിഷ്കരിക്കപ്പെട്ടത്. അതേസമയം, കേന്ദ്ര പദ്ധതിയിൽനിന്നും തീർത്തും വിഭിന്നമായതും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ ഉടച്ചുവാർക്കുന്നതുമായ നയസമീപനങ്ങളാണ് കേരളസർക്കാർ ആവിഷ്കരിച്ചിരിക്കുന്നത് എന്ന നിലപാടാണ് ഇടതു മുന്നണി സ്വീകരിച്ചുവന്നത്. ഇക്കാര്യങ്ങളിലൊന്നും, ഇപ്പോൾ പി.എം ശ്രീ സ്കൂളുകളുടെ വിഷയത്തിൽ എതിർശബ്ദം ഉയർത്തുന്ന സി.പി.ഐ ഒരു പ്രതിഷേധവും ഉയർത്തിയിരുന്നില്ല. സ്വകാര്യസംരംഭകരെ സഹായിക്കാൻ എന്നവണ്ണം, ഉദാരമായ നടപടിക്രമങ്ങളോടെ സർവകലാശാലകൾ ആരംഭിക്കാൻ സ്വകാര്യസംരംഭകരെ അനുവദിക്കുന്ന പ്രൈവറ്റ് വാഴ്സിറ്റി ബില്ലും അവതരിപ്പിച്ചത് ഇതേ മുന്നണിതന്നെ.
ആദ്യം എതിർക്കുക, പിന്നീട് നടപ്പാക്കുക എന്ന പതിവുനയം തന്നെയാണ് എൻ.ഇ.പിയുടെ കാര്യത്തിലും സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിലും ഇടതുപക്ഷം അനുവർത്തിച്ചത്. പ്രീഡിഗ്രി കോളജുകളിൽനിന്ന് വേർപെടുത്തി പുറത്തേക്ക് ബോർഡിന് കീഴിലാക്കാനുള്ള കോൺഗ്രസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ സി.പി.എം നടത്തിയ രക്തരൂഷിതസമരങ്ങൾ കേരളം മറന്നിട്ടില്ല. സമരങ്ങളുടെ ബലത്തിൽ അധികാരത്തിലെത്തിയ സി.പി.എം ആദ്യം ചെയ്തത് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന് കീഴിലേക്ക് വേർപെടുത്തുകയായിരുന്നു. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇടതുപക്ഷത്തിന്റെ നിലപാട് സമാനമായിരുന്നു. ആദ്യം പോർമുഖത്തണിനിരക്കുക, പിന്നീട് എന്തിനെയാണോ എതിർത്തത് അതിനെ ആശ്ലേഷിക്കുക എന്ന വൈരുധ്യം!
വേണ്ടത്ര ചർച്ചകളില്ലാതെ നടപ്പാക്കിയതാണ് എന്ന ആക്ഷേപം എൻ.ഇ.പി അഭിമുഖീകരിക്കുന്നുണ്ട്. പാർലമെന്റിൽ വേണ്ടത്ര ചർച്ചചെയ്യാതെയും സംസ്ഥാന ഗവണ്മെന്റുകളോട് ആലോചിക്കാതെയും പദ്ധതി നടപ്പാക്കുകയായിരുന്നു. അത്തരമൊരു വിമർശനം ഉന്നയിച്ചവരുടെ മുന്നിൽ സി.പി.എം ഉണ്ടായിരുന്നു.അതേസമയം എൻ.ഇ.പിയുടെ ഭാഗമായ പി.എം ശ്രീ പദ്ധതിയിൽ സ്കൂളുകളിൽ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും മന്ത്രിസഭയിലോ നടത്തുകയുണ്ടായില്ല എന്നത് അത്ഭുതകരമാണ്. ദേശീയ വിദ്യാഭ്യാസ നയം അതേരീതിയിൽ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണം എന്നതാണ് പി.എം ശ്രീ സ്കൂൾ പദ്ധതി കരാറിലെ പ്രധാന വ്യവസ്ഥയെന്നതിനാൽ നയപരമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം.
പി.എം ശ്രീ പദ്ധതിയിൽ ചേരാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി പശ്ചിമ ബംഗാൾ, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്ക് നൽകേണ്ട തുകകൾ പിടിച്ചുെവച്ചിരിക്കുകയാണ് കേന്ദ്രം. പശ്ചിമ ബംഗാളിന് കിട്ടേണ്ടത് 1000 കോടിയും കേരളത്തിന് 860 കോടിയും തമിഴ്നാടിന് ലഭിക്കേണ്ടത് 2152 കോടിയുമാണ്. പദ്ധതിയിൽ ചേരാതെ SSA ഫണ്ട് ലഭ്യമാക്കാനാവില്ല എന്ന കേന്ദ്രനിലപാട് മോദി ആവർത്തിച്ചതിനെ തുടർന്നാണത്രേ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ മുഖ്യമന്ത്രി തീരുമാനമെടുത്തത്.
ദേശീയ വിദ്യാഭ്യാസ നയം: കതിരും പതിരും
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ വിവിധ കമീഷനുകൾ നിർണായ പങ്കു വഹിച്ചിട്ടുണ്ട്. 1948ൽ എസ്. രാധാകൃഷ്ണൻ കമീഷൻ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് സർവകലാശാലാ വിദ്യാഭ്യാസം ഉടച്ചുവാർക്കുന്നത്. സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നവീകരണത്തിനുവേണ്ടി 1952-53ൽ രൂപവത്കരിച്ച മുദലിയാർ കമീഷൻ (അധ്യാപക പരിശീലനം, 7 വർഷം ദൈർഘ്യമുള്ള സെക്കൻഡറി വിദ്യാഭ്യാസം എന്നിവ പ്രധാന ശിപാർശകൾ), 1964-66ലെ കോത്താരി കമീഷൻ (10 + 2 + 3 വിദ്യാഭ്യാസ ഘടന, ത്രിഭാഷാ പദ്ധതി, 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള പഠിതാക്കൾക്കുള്ള സൗജന്യ വിദ്യാഭ്യാസം എന്നിവ പ്രധാന നിർദേശങ്ങൾ), 1968ൽ ആവിഷ്കരിച്ച രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ നയം (കോത്താരി കമീഷൻ ശിപാർശക്കനുസരിച്ചുള്ളത്), 1986ലെ ദേശീയ വിദ്യാഭ്യാസ നയം (14 വയസ്സുവരെ സൗജന്യ സാർവത്രിക വിദ്യാഭ്യാസം, IGNOUയുടെ രൂപവത്കരണം, ഓപറേഷൻ ബ്ലാക്ക്ബോർഡ് പദ്ധതി, സർവശിക്ഷാ അഭിയാൻ, ജവഹർ നവോദയ വിദ്യാലയങ്ങൾ, ദേശീയ വിജ്ഞാന കമീഷൻ), 1992ൽ റാവു സർക്കാർ ആവിഷ്കരിച്ച പ്രോഗ്രാം ഓഫ് ആക്ഷൻ എന്നിങ്ങനെ എത്രയോ പദ്ധതികൾ. 2009ലെ റൈറ്റ് ടു എജുക്കേഷൻ ആക്ടിലൂടെ വിദ്യാഭ്യാസം അടിസ്ഥാനാവകാശമായി ഉറപ്പാക്കിയത് ഡോ. മൻമോഹൻ സിങ് സർക്കാറായിരുന്നു.
2020ലാണ് പുതിയ വിദ്യാഭ്യാസ നയം (NEP -2020) നടപ്പാവുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന 4 + 3 + 3 + 2ൽനിന്നും 5+3+3+4ലേക്ക് മാറ്റുക (നിലവിലുള്ള 10 + 2 അഥവാ 4+3+3+2 സംവിധാനത്തിനു പകരം 5+3+3+4 സംവിധാനം കൊണ്ടുവരുന്നതിന്റെ പിറകിൽ ശാസ്ത്രീയമായ എന്തെങ്കിലും കാരണങ്ങൾ ചൂണ്ടിക്കാട്ടാനില്ല), ആറാം ക്ലാസു മുതൽ ഭാഷാ പരിഷ്‍കരണം, ഡിജിറ്റൽ പഠനം, ഡിഗ്രി തലത്തിലെ എൻട്രി-എക്സിസ്റ്റ് പദ്ധതി, പൗരാണിക ജ്ഞാന പദ്ധതി, നൈപുണ്യ വികസനം എന്നിവയിലാണ് കാതലായ ഊന്നൽ.
വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്നങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാനും പ്രശ്നപരിഹാരങ്ങൾ കണ്ടെത്താനും പുതിയ വിദ്യാഭ്യാസ നയം ശ്രമിക്കുന്നുണ്ടോ? വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള നിക്ഷേപങ്ങളാണ് ഏറ്റവും മികച്ച പ്രതിഫലങ്ങൾ നൽകുകയെന്ന് 2014ലെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് വിപരീതമായ സമീപനങ്ങളാണ് കഴിഞ്ഞ പത്തുവർഷക്കാലത്തുണ്ടായത്. കോളജുകളും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാവുകയും കോഴ്സുകൾക്കും സേവനങ്ങൾക്കും ഭീമമായ ഫീസ് ഈടാക്കാൻ തുടങ്ങുകയുംചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന ഗ്രാന്റുകൾ പലതും കേന്ദ്രസർക്കാർ വായ്പകളായി മാറ്റിയതോടെ അവ തിരിച്ചടക്കുന്നതിന്റെ സമ്മർദവും ഈ സ്ഥാപനങ്ങൾ അഭിമുഖീകരിക്കാൻ തുടങ്ങി.
സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ സ്ഥിതി കൂടുതൽ ശോചനീയമായി. 75 ശതമാനം സ്കൂളുകളിലും കുടിവെള്ളമില്ല, ശൗചാലയങ്ങളുമില്ല. 40 ശതമാനം വിദ്യാലയങ്ങൾക്കും ലൈബ്രറിയില്ല. 93 ശതമാനം സ്കൂളുകളിലും കമ്പ്യൂട്ടറുകളുമില്ല. വിദൂര ഗ്രാമീണ മേഖലകളിലും ഗിരിപ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്ന നിരവധി ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടി. കഴിഞ്ഞ ഏഴു ദശകങ്ങളിലായി ഇന്ത്യയുടെ വിദ്യാഭ്യാസ അടിത്തറ കൂടുതൽ ശക്തമായിട്ടുണ്ട്. 1951ലെ 18 ശതമാനം സാക്ഷരതാനിരക്ക് 2011ൽ 74 ശതമാനത്തിലേക്ക് ഉയർന്നു. നിരവധി ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും എൻ.ഐ.ടികളും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്, ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ്, ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ് റിസർച് തുടങ്ങി നിരവധി സ്ഥാപനങ്ങളും വിദ്യാഭ്യാസ ഗവേഷണ മേഖലയിൽ ഉയർന്നുവന്നു.
പ്രാഥമിക വിദ്യാലയങ്ങളുടെ എണ്ണം രണ്ട് ലക്ഷത്തിൽനിന്നും (1950) 15 ലക്ഷത്തിലേക്കും (2021) സെക്കൻഡറി, ഹയർസെക്കൻഡറി വിദ്യാലയങ്ങളുടെ എണ്ണം 7400ൽനിന്നും 2 ലക്ഷത്തിലേക്കും ഉയർന്നു. സ്കൂൾതലത്തിൽ പ്രവേശനം നേടുന്നവരുടെയും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവരുടെയും അനുപാതം (Gross Enrollment Ratio) ഗണ്യമായി ഉയർന്നു. പക്ഷേ, പഠനാവസരങ്ങളുടെ ലഭ്യതയിൽ നഗര-ഗ്രാമപ്രദേശങ്ങൾക്കിടയിലും പൊതു- എസ്.സി/എസ്.ടി വിഭാഗങ്ങൾക്കിടയിലും വലിയ വിടവ് നിലനിൽക്കുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി വി. ശിവൻകുട്ടിയും ഒരു പൊതുപരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം
ചൈനയും യു.എസും ജി.ഡി.പിയുടെ ആറു ശതമാനം വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റിവെക്കുമ്പോൾ ഇന്ത്യയിൽ അത് 4.6 ശതമാനം മാത്രമാണ്. ഗ്രോസ് എൻറോൾമെന്റ് റേഷ്യോ ഇരട്ടിയാക്കുകയെന്നത് ലക്ഷ്യമായി പറയുന്നുണ്ടെങ്കിലും അതിനാവശ്യമായ സാമ്പത്തിക നീക്കിയിരിപ്പുകളില്ല. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണംതന്നെയാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്. പുതുതായി ആരംഭിക്കുന്ന സർവകലാശാലകളിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മക സമീപനങ്ങൾ പുത്തൻ വിദ്യാഭ്യാസ നയത്തിലില്ല. ജനാധിപത്യ വീക്ഷണം, സ്വാതന്ത്ര്യം, നീതി സുതാര്യത, ബഹുസ്വരത, ശാസ്ത്രാഭിമുഖ്യം എന്നീ മൂല്യങ്ങൾ പകർന്നുനൽകാൻ ലക്ഷ്യംവെച്ചുള്ളതാണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനു വിപരീതമായ സമീപനങ്ങളാണ് ഉടനീളം കാണാനാവുക.
കേരളത്തിലെ 300ഓളം സ്കൂളുകളാണ് പി.എം ശ്രീ സ്കൂളുകളായി ഉയർത്തപ്പെടുക. അഞ്ചു വർഷംകൊണ്ട് ഈ സ്കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങൾക്കും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ നവീകരണങ്ങൾക്കുമായി കേന്ദ്രത്തിൽനിന്നും ലഭിക്കുന്നത് ഏതാണ്ട് 350 കോടി രൂപ മാത്രമാണ്. 230 കോടിയോളം സംസ്ഥാനവും വഹിക്കേണ്ടിവരും. ഒപ്പിടുന്നത് പി.എം ശ്രീ പദ്ധതിയിൽ മാത്രമാണെന്നും അതുകൊണ്ട് എൻ.ഇ.പി അംഗീകരിക്കുന്നു എന്ന അർഥമില്ലെന്നും സി.പി.എം വാദിക്കുന്നുണ്ട്. പദ്ധതിയിൽ പങ്കുചേർന്നാലും കേരള സിലബസ് ആയിരിക്കും ഈ സ്കൂളുകളിൽ നടപ്പാക്കുക എന്നും പദ്ധതി അനുകൂലികൾ സൂചിപ്പിക്കുന്നു. പക്ഷേ, പദ്ധതിയുടെ ചട്ടക്കൂടിൽ, പി.എം ശ്രീ സ്കൂളുകളിൽ എൻ.ഇ.പി കരിക്കുലം ആവും നടപ്പാക്കുക എന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്:
Curriculum in PM SHRI schools shall follow the National Curriculum Framework/State Curriculum Framework developed in accordance with new curricular and pedagogical structure of the National Education Policy, 2020 viz. the 5+3+3+4, which will be reflected in the NCF- Foundational Stage and School Education.
അതായത് ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായ കേന്ദ്ര/സംസ്ഥാന സിലബസ് തന്നെയാവും ഈ സ്കൂളുകളിൽ നടപ്പാക്കുക. എൻ.ഇ.പി അധിഷ്ഠിത സിലബസ് എന്നു സൂചിപ്പിക്കുമ്പോൾ ഭാരതീയ വിജ്ഞാന സമ്പ്രദായങ്ങളും പാരമ്പര്യങ്ങളും അശാസ്ത്രീയമായ വിവരങ്ങളും തെറ്റായ ഉള്ളടക്കവുമുള്ള എൻ.സി.ആർ.ടി സിലബസ് എന്നുതന്നെ സൂചന. അതിനുപുറമെ സ്കൂളുകളുടെ ഘടന 5+3+3+4 എന്ന മാതൃകയിലേക്ക് പുനഃക്രമീകരിക്കേണ്ടിയും വരും. ഒരു സർക്കാറിന് കീഴിൽ രണ്ടുതരം സിലബസും രണ്ടുതരം പഠനം മാതൃകകളും എന്നതാവും അനന്തരഫലം.
അതിശക്തമായി എതിർത്തുകൊണ്ടിരുന്നപ്പോൾതന്നെ, ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ ഒന്നരവർഷം മുമ്പ് തന്നെ കേരളം സന്നദ്ധമായിരുന്നു എന്ന് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി വെളിപ്പെടുത്തുകയുണ്ടായി. പദ്ധതിയിൽനിന്ന് ഏത് സമയത്തുപോലും കേരളത്തിന് പിൻവാങ്ങാനാകുമെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും, അതിനുള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനും മന്ത്രാലയത്തിനും കേന്ദ്രസർക്കാറിനും മാത്രമാണെന്നാണ് ധാരണാപത്രത്തിലുള്ളത്. പദ്ധതി അഞ്ചു വർഷത്തേക്കുള്ളതാണെങ്കിലും, പദ്ധതി കാലാവധിക്ക് ശേഷവും പി.എം ശ്രീ സ്കൂൾ എന്ന ബ്രാൻഡിങ് തുടരുകയും ചെയ്യണം. ഏതാനും കോടികൾക്ക് വേണ്ടി രാഷ്ട്രീയ നിലപാടുകളെയും കേരളത്തിലെ വിദ്യാർഥികളുടെ ഭാവിയെയും അടിയറ വെച്ചതിന്റെ പാപഭാരം ഇടതു മുന്നണിയെ അടുത്ത കാലത്തൊന്നും വിട്ടൊഴിയുമെന്ന് കരുതാനാവില്ല.
