Begin typing your search above and press return to search.
proflie-avatar
Login

കാവിവത്കരണത്തിന് ചുവപ്പ് പരവതാനി

കാവിവത്കരണത്തിന്   ചുവപ്പ് പരവതാനി
cancel

പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള കരാറിൽ കേരളം ഒപ്പിട്ടിരിക്കുന്നു. നിഗൂഢമായി നടന്ന ഈ കരാർ ഒപ്പിടൽ മൂലം എന്താണ് യഥാർഥത്തിൽ സംഭവിക്കുക? നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ എന്തുമാറ്റമാണ് വരിക? –വിശകലനം. കേന്ദ്ര സർക്കാറിന്റെ പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ചേരാൻ കേരള സർക്കാർ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഒക്ടോബർ 23ന് കരാറിൽ ഒപ്പിട്ടു. മന്ത്രിസഭയിലും മുന്നണിയിലും സി.പി.ഐ ഉയർത്തിയ എതിർപ്പുകൾപോലും വകവെക്കാതെ വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയ വിദ്യാഭ്യാസ സമൂഹവുമായിപോലും കരാർ വ്യവസ്ഥകൾ ചർച്ചചെയ്യാതെ തികച്ചും ജനാധിപത്യവിരുദ്ധതയുടെ നിഗൂഢതയിലാണ് ഈ കരാർ ഒപ്പിട്ടത്....

Your Subscription Supports Independent Journalism

View Plans
പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള കരാറിൽ കേരളം ഒപ്പിട്ടിരിക്കുന്നു. നിഗൂഢമായി നടന്ന ഈ കരാർ ഒപ്പിടൽ മൂലം എന്താണ് യഥാർഥത്തിൽ സംഭവിക്കുക? നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ എന്തുമാറ്റമാണ് വരിക? –വിശകലനം.

കേന്ദ്ര സർക്കാറിന്റെ പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ചേരാൻ കേരള സർക്കാർ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഒക്ടോബർ 23ന് കരാറിൽ ഒപ്പിട്ടു. മന്ത്രിസഭയിലും മുന്നണിയിലും സി.പി.ഐ ഉയർത്തിയ എതിർപ്പുകൾപോലും വകവെക്കാതെ വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയ വിദ്യാഭ്യാസ സമൂഹവുമായിപോലും കരാർ വ്യവസ്ഥകൾ ചർച്ചചെയ്യാതെ തികച്ചും ജനാധിപത്യവിരുദ്ധതയുടെ നിഗൂഢതയിലാണ് ഈ കരാർ ഒപ്പിട്ടത്. അതിലൂടെ സംഘ്പരിവാറിന് കേരളത്തിലെ സ്കൂളുകൾ മലർക്കെ തുറന്നിട്ടുകൊണ്ട് വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിന് കേരള സർക്കാർ ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ്. ഹിന്ദുത്വ-ഫാഷിസ്റ്റ് വിദ്യാഭ്യാസാശയങ്ങളുടെ നടത്തിപ്പുകാരായി കേരളവും മാറുകയാണ്.

കേന്ദ്ര വിദ്യാഭ്യാസ നയമായ എൻ.ഇ.പി 2020 നടപ്പാക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നത് എന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന സഹതാപം അർഹിക്കുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നിസ്സാഹായവസ്ഥകൂടിയാണ് വ്യക്തമാക്കുന്നത്. കാരണം, പി.എം ശ്രീ പദ്ധതിതന്നെ സംഘ്പരിവാർ ആശയമായ എൻ.ഇ.പി 2020 രാജ്യവ്യാപകമായി നടപ്പാക്കാനുള്ള കേന്ദ്രപദ്ധതിയാണ്. കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖല നേടിയെടുത്ത ശാസ്ത്രാധിഷ്ഠിതവും മതേതരപരവുമായ സവിശേഷതകളെയും സാമൂഹിക പ്രസക്തിയെയും സാമ്രാജ്യത്വ- ഫാഷിസ്റ്റ് അജണ്ടകളോട് ചേർന്നുനിന്ന് ഇല്ലാതാക്കുകയാണ് ഇതിലൂടെയെല്ലാം ചെയ്യുന്നത്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ് എന്ന ഭരണഘടനാ തത്ത്വത്തെ അട്ടിമറിച്ചുകൊണ്ട് അധികാര കേന്ദ്രീകരണത്തിന്റെയും വർഗീയതയുടെയും പ്രത്യയശാസ്ത്രം അടിച്ചേൽപിക്കാനുള്ള കുറുക്കുവഴികളുടെ പരിണതിയാണ് ഈ പദ്ധതി. ഇതിലൂ​െട കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്രം പിടിമുറുക്കുകയാണ്.

കേരളത്തിലെ പൊതുവിദ്യാഭ്യാസ നേട്ടങ്ങളെ തകർക്കുന്ന ഈ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായി ചരിത്രത്തിൽ രേഖപ്പെടുത്തും. ഫണ്ടിന്റെ പിന്നിലെ കേന്ദ്രനിബന്ധനകൾ കേരളസർക്കാർ പൊതുസമൂഹത്തോട് മറച്ചുവെക്കുന്നു. ഫണ്ടുകളുടെ പിന്നിലെ കാണാച്ചരടുകളെക്കുറിച്ച് ഒരിക്കൽ വാചാലരായിരുന്ന സി.പി.എം ഇപ്പോൾ നിശ്ശബ്ദരാ​െണന്ന് മാത്രമല്ല ചരടുകളില്ലാത്ത മൂലധനത്തെക്കുറിച്ചാണ് വാചാലരാകുന്നത്.

വിദേശഫണ്ട് സ്വീകരിക്കുന്നതിലേക്ക് നയം മാറ്റിയപ്പോൾ വിദേശഫണ്ടല്ല പ്രശ്നം അത് ആര് സ്വീകരിക്കുന്നു, ആര് നടപ്പാക്കുന്നു എന്നതാണ് പ്രശ്നം എന്നതിലേക്ക് നിലപാട് മാറ്റിയതുപോലെ എൻ.ഇ.പി 2020 അല്ല പ്രശ്നം, ആരത് നടപ്പാക്കുന്നു എന്നതാണ് പ്രശ്നം എന്ന് സർക്കാർ വ്യാഖ്യാനിക്കുമോ എന്നറിയില്ല. ഇപ്പോൾ ആർ.എസ്.എസ് ഫാഷിസ്റ്റ് അജണ്ടയായ എൻ.ഇ.പി 2020നെ കൈ നീട്ടി സ്വീകരിക്കുന്നതുപോലെയാണ് മുമ്പ് പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ലോകബാങ്ക് പദ്ധതിയായ ഡി.പി.ഇ.പിയുടെ പ്രചാരകരും നടത്തിപ്പുകാരുമായി മാറിയതും എസ്.എസ്.എ, റൂസ തുടങ്ങിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളെ ആവേശത്തോടെ സ്വീകരിച്ചതും. വിദേശ സർവകലാശാല, കൽപിത സർവകലാശാല, സ്വാശ്രയ വിദ്യാഭ്യാസം (യുവാക്കളെ ബലികൊടുത്ത സമരം) എന്നിവയോടുള്ള സമീപനമാറ്റവും നമ്മൾ കണ്ടതാണ്. നവലിബറൽ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായും, മത-ജാതി ഫ്യൂഡൽ ബോധങ്ങളുടെയും വിശ്വാസങ്ങളുടെയും സാമുദായിക സംഘടനകളുടെയും പ്രീണിതരായും മാറിയ ഈ സർക്കാറിന്റെ വിദ്യാഭ്യാസ രംഗത്തെ കീഴടങ്ങൽ കൂടിയാകുമ്പോൾ കേരളത്തിന്റെ വ്യത്യസ്തതകളെല്ലാം ഇല്ലാതാവുകയാണ്. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെയും വിദ്യാഭ്യാസ ബില്ലിനെയും വിമോചനസമരത്തേയുമെല്ലാം ഈ അവസരത്തിൽ ഓർക്കുകയാണ്.

 

പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിനെതിരായ പ്രതിഷേധങ്ങളിൽ ഒന്ന്

പി.എം ശ്രീയും MEP 2020ഉം ലക്ഷ്യംവെക്കുന്നതെന്താണ്?

പി.എം ശ്രീയുടെ ലക്ഷ്യം എൻ.ഇ.പി 2020 (National Education Policy, 2020) രാജ്യത്താകെ നടപ്പാക്കുകയാണ്. പി.എം ശ്രീയുടെ ധാരണാപത്രത്തിലെ (MOU) പ്രധാനവ്യവസ്ഥ എൻ.ഇ.പി 2020 നടപ്പാക്കണം എന്നതാണ്. പാഠ്യപദ്ധതി, ഉള്ളടക്കം, വിനിമയം, മൂല്യനിർണയം, വിലയിരുത്തൽ, ഭൗതികസാഹചര്യങ്ങൾ തുടങ്ങി അക്കാദമികവും ഭൗതികവുമായ നടത്തിപ്പുമായി ബന്ധപ്പെട്ട് എൻ.ഇ.പി 2020 നിഷ്കർഷിക്കുന്ന കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാവണം പി.എം ശ്രീ സ്കൂളിന്റെ നടത്തിപ്പ്. സ്കൂളുകളുടെ പേരിനു മുമ്പായി പി.എം ശ്രീ എന്നുകൂടിച്ചേർത്ത് പുനർനാമകരണം ചെയ്യേണ്ടതുണ്ട്. കേന്ദ്രസഹായം അവസാനിച്ചാൽ പി.എം ശ്രീ സ്കൂളുകൾ അതേപടി നിലനിർത്തുക എന്നത് സംസ്ഥാന സർക്കാറിന്റെ ബാധ്യതയായി കരാർപത്രത്തിൽ ഉറപ്പിക്കുന്നു. ഈ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി കേന്ദ്രമായിരിക്കും തീരുമാനിക്കുക. അതായത് കേരളസർക്കാറിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളിൽ കേരള സിലബസ് പ്രകാരം പഠിപ്പിക്കാനാവാത്ത അവസ്ഥയുണ്ടാകും.

ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി വിദ്യാഭ്യാസ പദ്ധതിയിൽ ഭരണഘടനാമൂല്യങ്ങൾ തമസ്‌കരിക്കുന്നതും ചരിത്രത്തെ സംഘ്പരിവാർ ആശയങ്ങൾക്കനുസൃതമായി വികൃതവത്കരിക്കുന്നതുമായ നയം കേന്ദ്രതലത്തിൽ സ്വീകരിച്ച് അതിനനുസൃതമായി പാഠപുസ്‌തകങ്ങൾ തയാറാക്കിയിട്ടുണ്ട്. സംവരണം, മതേതരത്വം എന്നിവയെക്കുറിച്ച് എൻ.ഇ.പി 2020 നിശ്ശബ്ദമാണ്. ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ള സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ (SEDG) പ്രധാനമായും ദേശീയ, സംസ്ഥാന ഓപൺ സ്കൂളുകളുടെ സ്ഥാപനങ്ങൾ (NIOS/SIOS) വഴി പഠിപ്പിക്കണമെന്നാണ് NEP നിർദേശിക്കുന്നത്. ഇതെല്ലാം ഗ്രാമീണ, ദരിദ്ര, എസ്.സി/എസ്.ടി, മറ്റു പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ വിദ്യാഭ്യാസ പ്രവേശനം കുറക്കുകയും കൂടുതൽ വിവേചനത്തിനിടയാക്കുകയും ചെയ്യും. അഖിലേന്ത്യാ വ്യാപകമായി ബ്ലോക്കുകളിലുള്ള ഏറ്റവും മികച്ച രണ്ടു വിദ്യാലയങ്ങൾ കേന്ദ്രസർക്കാറിന്റെ അക്കാദമിക നിയന്ത്രണത്തിലാക്കി ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

സമീപ വിദ്യാലയങ്ങളെ ആശയപരമായി നയിക്കാനുള്ള (മെന്റർ) അവകാശവും പി.എം ശ്രീ വിദ്യാലയങ്ങൾക്കുണ്ട്. അതായത് സംസ്ഥാനത്തെ മറ്റ് വിദ്യാലയങ്ങളെയും പരോക്ഷമായി കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലാക്കും. പി.എം ശ്രീ വിദ്യാലയങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് SQAF (School Quality Assessment Framework) പ്രകാരമായിരിക്കും. അധ്യാപക നിയമനം, യോഗ്യത, മോണിറ്ററിങ് ഇവയെല്ലാം ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) വിഭാവനം ചെയ്‌തതു പ്രകാരമായിരിക്കും. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ പൂർണമായും തകിടം മറിക്കുന്ന ഒരു പദ്ധതിയാണിത്. സ്കൂ‌ൾ വിദ്യാഭ്യാസ പദ്ധതി നിർവഹണത്തിലൂടെ വളർത്തിയെടുക്കേണ്ട വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയും, ക്ലാസ്-സ്‌കൂൾ തല ഗുണമേന്മ വർധനക്കായി രൂപപ്പെടേണ്ട പ്രാദേശിക മുൻകൈകളും ഇല്ലാതാക്കുന്നു. തികച്ചും ജനാധിപത്യവിരുദ്ധവും ചരിത്രവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ കെണിയിൽ കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളെ കുരുക്കിയിടലാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

 

ഫാഷിസവും വിദ്യാഭ്യാസവും

സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും മേധാവിത്വം ആയുധങ്ങളിലൂടെയും സാമ്പത്തികശക്തിയിലൂടെയും മാത്രമല്ല, ആശയങ്ങളുടെ മേധാവിത്വം വഴിയും നടപ്പാക്കപ്പെടുന്നു, തങ്ങളാഗ്രഹിക്കുന്ന രീതിയിൽ മാത്രം ലോകത്തെ കാണാൻ സാമ്രാജ്യത്വം പ്രേരിപ്പിക്കുന്നു. മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളുടെയും വിദ്യാഭ്യാസ പദ്ധതികളുടെയും കുത്തക മേധാവിത്വത്തിലൂടെ ലക്ഷ്യംവെക്കുന്നതതാണ്. അതിനാൽ സ്വാതന്ത്ര്യത്തിന്റെ, മോചനത്തിന്റെ ഒരു മുൻവ്യവസ്ഥ മനസ്സിന്റെ കോളനിവത്കരണത്തെ മറികടന്ന് സാമ്രാജ്യത്വത്തിന്റെ വികലതകൾക്കപ്പുറം യാഥാർഥ്യം കണ്ടെത്തുക എന്നതാണ്.

ഇന്ത്യയിൽ ആർ.എസ്.എസ് കൈയാളുന്ന വർഗീയതയുടെയും ഫാഷിസത്തിന്റേതുമായ സൈദ്ധാന്തിക മേധാവിത്വം അവസാനിപ്പിക്കുകയെന്നത് മോചനത്തിന്റെ മുന്നുപാധിയാണ്. ഫാഷിസത്തിന്റെ വ്യാജനിർമിതികളെ മറികടക്കാൻ നിരന്തരം ലക്ഷ്യം വെക്കണം. ദേശീയ സ്വാതന്ത്ര്യസമരകാലത്ത് വിദ്യാഭ്യാസ പ്രവർത്തനം ഒരു പ്രധാന സാമ്രാജ്യവിരുദ്ധ ആയുധമായിരുന്നുവെന്ന് നാം ഓർക്കണം. ആർ.എസ്.എസ് പ്രധാനമായും ഈ ആശയമേധാവിത്വം കൈവരിച്ചത് വളരെ ആസൂത്രിതമായ ഒരു വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ്. 2016ലെ കണക്കനുസരിച്ച് തന്നെ ആർ.എസ്.എസിന്റെ വിദ്യാഭാരതിക്ക് 12,000 സ്കൂളുകളും 3.2 മില്യൺ കുട്ടികളുമുണ്ട്. 2014ൽ അധികാരമുറപ്പിച്ചപ്പോൾ ആർ.എസ്.എസിന്റെ ആശയം രാജ്യതാൽപര്യമാക്കിക്കൊണ്ട് ഭരണകൂടത്തെ ഉപയോഗിച്ച് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതാണ് എൻ.ഇ.പി 2020.

PM SHRI (Prime Minister’s Schools for Rising India) പദ്ധതി ആരംഭിച്ചത് 2022 സെപ്റ്റംബർ 7നാണ്. ഇത് കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും എന്ന അനുപാതത്തിൽ ഫണ്ട് കണ്ടെത്തണം. 2022-23 മുതൽ 2026-27 വരെയുള്ള അഞ്ച് വർഷത്തേക്ക് രാജ്യത്താകെ വകയിരുത്തിയിരിക്കുന്നത് 27,360 കോടിയാണ്. ഇതുവഴി ആദ്യഘട്ടം ലക്ഷ്യംവെക്കുന്നത് 14,500 സ്കൂളുകളെയും ഇരുപത് ലക്ഷം കുട്ടികളെയുമാണ്. ഹിന്ദുമത രാഷ്ട്രത്തിനും ഫാഷിസത്തിനും ശക്തവും ദീർഘവുമായ ഒരടിത്തറ സൃഷ്ടിക്കാൻ കഴിയുന്ന പുതുതലമുറയെ നിർമിച്ചെടുക്കലാണ് ഇതിലൂടെയെല്ലാം ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. അതിലേക്കാണ് കേരളത്തിലെ വിദ്യാർഥി സമൂഹത്തെ കേരള സർക്കാർ തള്ളിവിടുന്നത്.

വിപ്ലവ വായാടിത്തം

പി.എം ശ്രീയുടെ ലക്ഷ്യമായ എൻ.ഇ.പി 2020നെക്കുറിച്ച് സി.പി.എം തന്നെ മുമ്പ് പറഞ്ഞിട്ടുള്ളതിങ്ങനെയാണ്:

1. ആർ‌.എസ്‌.എസ് പ്രത്യയശാസ്ത്രം നയിക്കുന്ന ഒരു നയരേഖ NEPയിലൂടെ രാജ്യത്തുടനീളം നടപ്പാക്കുന്നു. ഇന്ത്യൻ സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള സംഘ്പരിവാറിന്റെ വീക്ഷണത്തെയാണ് NEP ശക്തമായി പിന്തുണക്കുന്നത്. ‘മതേതരത്വം’ എന്ന വാക്ക് ഒരിക്കൽപോലും കാണുന്നില്ല.

ഭാഷാവിദ്യാഭ്യാസത്തിൽ, വടക്കുകിഴക്കൻ മേഖലയിലെ ദ്രാവിഡ, ആദിവാസി, മറ്റു ഭാഷാ ഗ്രൂപ്പുകളെ പൂർണമായും അവഗണിക്കുന്നു. സമ്പന്നമായ സാഹിത്യവും സംസ്കാരവുമുള്ള പാലി, പ്രാകൃത്, പേർഷ്യൻ, ഉർദു എന്നിവ പരാമർശിക്കപ്പെടുന്നില്ല, ഇത് ഇന്ത്യൻ യാഥാർഥ്യത്തിന്റെ വൈവിധ്യത്തെ തകർക്കുന്നു,

2. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണെങ്കിലും, NEP ലക്ഷ്യം വെക്കുന്ന വർധിച്ച കേന്ദ്രീകരണം ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ഇല്ലാതാക്കും. സാംസ്കാരികമായും ഭാഷാപരമായും വൈവിധ്യപൂർണമായ ഇന്ത്യപോലുള്ള ഒരു രാജ്യത്തിന് അത്യാവശ്യമായ വിദ്യാഭ്യാസത്തിന്റെ സംസ്ഥാനതല ചട്ടക്കൂടുകൾക്ക് പകരം കേന്ദ്രീകൃത നയങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതമാകുന്നു.

3. അസമത്വം ആഴത്തിലാക്കുന്നു. വിദ്യാഭ്യാസ സൗകര്യങ്ങളിലും അവസരങ്ങളിലും അസമത്വം വർധിപ്പിക്കും; പ്രത്യേകിച്ച് സംവരണമോ മറ്റ് സംരക്ഷണ നടപടികളോ പരാമർശിക്കാത്ത സാഹചര്യത്തിൽ ഗ്രാമീണ, ദരിദ്ര, എസ്.സി/എസ്.ടി, മറ്റു പിന്നാക്കവിഭാഗങ്ങൾ എന്നിവരുടെ വിദ്യാഭ്യാസ പ്രവേശനം കുറയ്ക്കും. അതുപോലെ, ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ള സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ (SEDG) പ്രധാനമായും ദേശീയ, സംസ്ഥാന ഓപൺ സ്കൂളുകളുടെ സ്ഥാപനങ്ങൾ (NIOS/SIOS) വഴി പഠിപ്പിക്കണമെന്നാണ് NEP നിർദേശിക്കുന്നത്. പൊതുവിദ്യാഭ്യാസ സംവിധാനത്തിനുള്ളിൽ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നതിനു പകരം അവരെ കൂടുതൽ വിവേചനത്തിനും ഡിജിറ്റൽ വിഭജനത്തിനും ഇത് വിധേയമാക്കും.

4. വാണിജ്യവത്കരണവും സ്വകാര്യവത്കരണവും ത്വരിതപ്പെടുത്തുന്നു.

5. തികച്ചും ജനാധിപത്യവിരുദ്ധമായിട്ടാണ് ഇത് നടപ്പാക്കുന്നത്. ഇതെല്ലാം സ്കൂൾ കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കുന്നു.

‘പീപ്ൾ ​െഡമോക്രസി’ ആഴ്ചപ്പതിപ്പിൽ ‘NEP -ഒരു കോർപറേറ്റ് ഹിന്ദുത്വ പദ്ധതി’ എന്ന തലക്കെട്ടോടു കൂടി നിലോൽപൽ ബസു എഴുതിയ ലേഖനം അവസാനിക്കുന്നതിങ്ങനെയാണ്.

‘‘ആധുനിക ജനാധിപത്യ മതേതര റിപ്പബ്ലിക്കിനെ ലക്ഷ്യംവെക്കുന്ന ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പാത ഉപേക്ഷിക്കുന്നതിനുള്ള ഒരു രൂപരേഖയാണ് എൻ.ഇ.പി 2020. .... ആർ‌.എസ്‌.എസ് നയിക്കുന്ന ഹിന്ദുത്വ ‘ദർശനം’ സ്വാധീനിച്ച ഒരു പുരാതന ഭൂതകാലത്തിലേക്ക് നമ്മുടെ വിലയേറിയ വിദ്യാഭ്യാസ സമ്പ്രദായത്തെ തിരികെ കൊണ്ടുപോകാൻ നമുക്ക് അനുവദിക്കാനാവില്ല.’’

2025 മാർച്ചിലെ രാജ്യസഭാ ചർച്ചയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞതിങ്ങനെയാണ്. ‘‘An amount of Rs 849 crore due to Kerala has been withheld. Do you know why? It is because we are not implementing PM SHRI scheme. PM SHRI was never part of Samagra Shiksha Abhiyan. Even for PM SHRI, the state has to fund 40 per cent. Also, what is suitable to Bihar or Odisha may not be suitable to Kerala.’’

ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിന് ആധിപത്യം ലഭിച്ചാൽ കേരളം തകരുമെന്ന് ഇടക്കിടെ മുഖ്യമന്ത്രിയും പറയാറുണ്ട്.

എഴുത്തിലും പ്രസംഗത്തിലും നയരേഖയിലും ഇത്തരം വാചാടോപങ്ങൾ ഘോരഘോരം ഉയർത്തുമ്പോഴാണ് വേറിട്ടുനിന്ന കേരളത്തിന്റെ ഇടതു രാഷ്ട്രീയത്തെയും മതേതരവും ശാസ്ത്രാധിഷ്ഠിതവുമായ പൊതുബോധത്തെയും ഒറ്റുകൊടുത്തുകൊണ്ട് ഫണ്ടിന്റെ പേരുപറഞ്ഞ് ചെറുത്തുനിൽപിനുപോലും ശ്രമിക്കാതെ കീഴടങ്ങി ആർ.എസ്.എസ് പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള വിദ്യാഭ്യാസ പദ്ധതിയായ എൻ.ഇ.പി 2020ന്റെ നല്ലനടത്തിപ്പുകാരാകാൻ പി.എം ശ്രീയിലൂടെ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചത്.

 

പി.എം ശ്രീ പദ്ധതിക്ക് താൽപര്യം അറിയിച്ച് കേരളം 2024 ഫെബ്രുവരിയിൽ അയച്ച കത്ത്, ബിനോയ് വിശ്വം

കേരളത്തിന്റെ കീഴടങ്ങൽ

പി.എം ശ്രീ സ്‌കൂൾ ധാരണാപത്രത്തിൽ പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങൾ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. എന്ന് മാത്രമല്ല ‘‘സമരം പാതിവഴിയിൽ ഉപേക്ഷിക്കി​െല്ലന്നും 10,000 കോടി തരാമെന്ന് പറഞ്ഞാലും പി.എം ശ്രീ തമിഴ്നാട്ടിൽ നടപ്പാക്കി​െല്ലന്നും’’ വ്യക്തമാക്കിക്കൊണ്ട് ശക്തമായ ചെറുത്തുനിൽപ് മുഖ്യമന്ത്രി സ്റ്റാലിൻ നടത്തുന്നുണ്ട്. ഈ രംഗത്ത് ഫെഡറലിസത്തിന്റെ പോരാട്ടം നടക്കുന്ന ഒരുവശം ഡേറ്റാ പരമാധികാരത്തിലാണ്. തമിഴ്‌നാടും പശ്ചിമ ബംഗാളും ഇതിനെ ഘടനാപരമായും പ്രത്യക്ഷമായും പ്രതിരോധിക്കുമ്പോൾ, കർണാടക ഒരു രാഷ്ട്രീയ തിരുത്തൽ നടത്തുമ്പോൾ കേരളം പലവഴികളിലൂടെ കീഴടങ്ങുകയാണ്.

ദേശീയ വിദ്യാഭ്യാസ നയം (NEP) കേവലം അക്കാദമിക് പരിഷ്കാരം എന്നതിലുപരി, രാജ്യത്തെ വിദ്യാർഥികളുടെ സമഗ്രമായ വിവരശേഖരണംകൂടി ലക്ഷ്യമിടുന്നു. ഇതിന്റെ നട്ടെല്ലാണ് ‘വൺ നേഷൻ, വൺ സ്റ്റുഡന്റ് ഐഡി’ എന്നറിയപ്പെടുന്ന APAAR ID. ഈ ഡേറ്റാ കേന്ദ്രീകരണ നീക്കത്തോടുള്ള തമിഴ്‌നാടിന്റെ നിലപാട് ഏറ്റവും വ്യക്തവും ശക്തവുമാണ്. പ്രഖ്യാപനം മുതൽ അവർ NEPയെ പൂർണമായും തള്ളിപ്പറഞ്ഞു. സ്വന്തം സംസ്ഥാന വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനൊപ്പം, കേന്ദ്രത്തിന്റെ APAAR ID എന്ന ആശയത്തെ ഘടനാപരമായിത്തന്നെ അവർ പ്രതിരോധിക്കുകയാണ്. ‘മക്കൾ ഐഡി’ (Makkal ID) എന്ന പേരിൽ ഒരു സമാന്തര സംസ്ഥാന റെസിഡന്റ് ഡേറ്റാബേസ് നിർമിക്കുന്നതിലൂടെ, അവർ ഡേറ്റാ കേന്ദ്രീകരണത്തെ വെറും വാക്കാലല്ല, മറിച്ച് നയപരമായാണ് നേരിടുന്നത്.

തമിഴ്‌നാടിന് സമാനമായ ശക്തമായ നിലപാടാണ് ബംഗാളിന്റേത്. APAAR IDക്കായി UDISE + പോർട്ടലിലേക്ക് ഡേറ്റ നൽകണമെന്ന കേന്ദ്രനിർദേശം അവർ പരസ്യമായി നിരസിച്ചു. തങ്ങൾക്ക് ‘ബാംഗ്ലാർ ശിക്ഷാ’ (Banglar Shiksha) എന്ന സ്വന്തം പോർട്ടലുണ്ടെന്നും, സംസ്ഥാനത്തിന്റെ ഡേറ്റാ പരമാധികാരം വിട്ടുനൽകില്ലെന്നും അവർ വ്യക്തമാക്കി. ഇത് ഡേറ്റാ കേന്ദ്രീകരണത്തിനെതിരായ വ്യക്തവും ധീരവുമായ രാഷ്ട്രീയ നിഷേധമാണ്. കർണാടക ബി.ജെ.പി സർക്കാർ NEP നടപ്പാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു. അന്ന് APAAR ID രജിസ്ട്രേഷനും ആരംഭിച്ചിരുന്നു. എന്നാൽ, പുതിയ കോൺഗ്രസ് സർക്കാർ ആ തീരുമാനം തിരുത്തി. NEP പൂർണമായും റദ്ദാക്കാനും സ്വന്തമായി സംസ്ഥാന വിദ്യാഭ്യാസനയം (SEP) രൂപവത്കരിക്കാനും അവർ തീരുമാനിച്ചു. കേരളം NEPയോട് ശക്തമായ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തുന്നു​െണ്ടങ്കിലും പ്രായോഗികതലത്തിൽ ഇതിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്.

സ്കൂൾതലത്തിൽ 2023ലെ ഓണം അവധിക്കാലത്ത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ സ്വകാര്യ വിവരങ്ങൾ രക്ഷിതാക്കളുടെ വ്യക്തമായ സമ്മതമില്ലാതെ SSA വഴി കേന്ദ്രത്തിന്റെ UDISE+, APAAR പോർട്ടലുകളിലേക്ക് അപ്‌ലോഡ് ചെയ്യപ്പെട്ടു. ​ഉന്നത വിദ്യാഭ്യാസമേഖലയിൽ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC) പോലുള്ള സംവിധാനങ്ങൾക്കായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല APAAR ID ഇതിനകം സ്വീകരിച്ചുകഴിഞ്ഞു. ഇത് സംസ്ഥാനത്തിന്റെ പ്രഖ്യാപിതനയവും യഥാർഥ പ്രയോഗവും തമ്മിലുള്ള വലിയ വൈരുധ്യവും പൊതുസമൂഹത്തോടുള്ള വഞ്ചനയും കീഴടങ്ങലുമാണ് തുറന്നുകാട്ടുന്നത്.

 

വേണ്ടത്, ശക്തമായ പ്രക്ഷോഭം

പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെക്കാത്തതിന്റെ പേരിൽ വിദ്യാഭ്യാസത്തിനുള്ള കേന്ദ്രവിഹിതം പലരീതിയിൽ നിഷേധിക്കുന്നത് ചെറുക്കപ്പെടണം. ഇപ്പോൾതന്നെ 2023-24 അധ്യയനവർഷം എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരള)ക്കുള്ള ഫണ്ടിൽ 187.78 കോടി രൂപയും, സ്റ്റാർസ് പദ്ധതിക്കുള്ള 165.40 കോടി രൂപയും 2024-25 അധ്യയനവർഷം എസ്.എസ്. കെ ഫണ്ടിൽ ലഭിക്കേണ്ട 385.35 കോടി രൂപയും കേന്ദ്രസർക്കാർ നൽകില്ല എന്നാണ് നിലപാട്. ചരിത്രത്തിലാദ്യമായാണ് ഒരു പ്രത്യേക പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നിഷേധിക്കുമെന്ന നിലപാട് കേന്ദ്രസർക്കാറിൽനിന്നുണ്ടാകുന്നത്.

കേന്ദ്രസർക്കാറിൽനിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട മുഴുവൻ വിദ്യാഭ്യാസവിഹിതവും വാങ്ങിച്ചെടുക്കുന്നതിനുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വംകൊടുക്കാൻ ദേശീയതലത്തിലും സംസ്ഥാനതലത്തിലും എൽ.ഡി.എഫ് സർക്കാറിന് കഴിയണം. വിദ്യാഭ്യാസ ഗുണഭോക്താക്കളായ വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ, പുരോഗമന സമൂഹം എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നുവരണം. കീഴടങ്ങലല്ല, ജനകീയ പങ്കാളിത്തത്തോടെ ബദലുകൾ പടുത്തുയർത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അതാണ് സംഘ്പരിവാർ ആശയങ്ങൾക്കെതിരായ രാഷ്ട്രീയ മുന്നേറ്റത്തിന് ആവേശമാകുക.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന പി.എം ശ്രീ നടപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനത്തിനെതിരെ കേരളത്തിലും, എൻ.ഇ.പി 2020 രാജ്യവ്യാപകമായി നടപ്പാക്കാനും വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവെച്ച് സമ്മർദം ചെലുത്തുന്ന ബി.ജെ.പി കേന്ദ്രസർക്കാർ സമീപനത്തിനെതിരെ രാജ്യവ്യാപകമായും പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയേണ്ടതുണ്ട്.

News Summary - PM Shri scheme