അച്ഛൻ

എഴുത്തുകാരനും പ്രക്ഷോഭകാരിയുമായ വ്യക്തിയെന്നതിനപ്പുറം അച്ഛൻ എന്ന നിലയിലെ വലിയ സ്നേഹത്തെ ഓർമിക്കുകയാണ് പി.കെ. ബാലകൃഷ്ണന്റെ മക്കള്‍.പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവല്‍ ‘Battle Beyond Kurukshetra’ എന്ന പേരില്‍ അദ്ദേഹത്തിന്റെ മകള്‍ പി.കെ. ജയലക്ഷ്മി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഈ കൃതിക്ക് നേരത്തേ ഇംഗ്ലീഷ് വിവര്‍ത്തനം വന്നിട്ടുണ്ടെങ്കിലും ജയലക്ഷ്മിയുടെ വിവര്‍ത്തനം കൂടുതല്‍ ശ്രദ്ധ നേടുകയുണ്ടായി. നിരൂപണരംഗത്തും നോവലെഴുത്തിലും ജ്വലിച്ചുനിന്ന അച്ഛന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തണമെന്ന ആശയം നേരത്തേ ഉണ്ടായിരുന്നതായി ജയലക്ഷ്മി പറഞ്ഞു. ‘എഴുത്തച്ഛന്റെ കല;...
Your Subscription Supports Independent Journalism
View Plansഎഴുത്തുകാരനും പ്രക്ഷോഭകാരിയുമായ വ്യക്തിയെന്നതിനപ്പുറം അച്ഛൻ എന്ന നിലയിലെ വലിയ സ്നേഹത്തെ ഓർമിക്കുകയാണ് പി.കെ. ബാലകൃഷ്ണന്റെ മക്കള്‍.
പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവല്‍ ‘Battle Beyond Kurukshetra’ എന്ന പേരില്‍ അദ്ദേഹത്തിന്റെ മകള്‍ പി.കെ. ജയലക്ഷ്മി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഈ കൃതിക്ക് നേരത്തേ ഇംഗ്ലീഷ് വിവര്‍ത്തനം വന്നിട്ടുണ്ടെങ്കിലും ജയലക്ഷ്മിയുടെ വിവര്‍ത്തനം കൂടുതല്‍ ശ്രദ്ധ നേടുകയുണ്ടായി. നിരൂപണരംഗത്തും നോവലെഴുത്തിലും ജ്വലിച്ചുനിന്ന അച്ഛന്റെ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തണമെന്ന ആശയം നേരത്തേ ഉണ്ടായിരുന്നതായി ജയലക്ഷ്മി പറഞ്ഞു. ‘എഴുത്തച്ഛന്റെ കല; ചില വ്യാസഭാരത പഠനങ്ങളും’ എന്ന പുസ്തകം വിവര്‍ത്തനം ചെയ്യാനാണ് ആദ്യം ആലോചിച്ചത്. അതുമായി കുറച്ചു മുന്നോട്ടുപോവുകയും ചെയ്തു. പിന്നീടാണ് ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ വിവര്‍ത്തനം ചെയ്യാമെന്ന തീരുമാനത്തിലേക്ക് ചുവടുമാറിയത്. പലവട്ടം തിരുത്തിയും മാറ്റം വരുത്തിയും ദീര്‍ഘമായ ആലോചനകള്‍ നടത്തിയുമാണ് വിവര്‍ത്തനം സാധ്യമായത് –ജയലക്ഷ്മി ഓര്‍ക്കുന്നു.
2004-2005 കാലയളവിലാണ് തർജമ തുടങ്ങിയതെങ്കിലും പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുത്തു. 2018ലാണ് ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കാവ്യാത്മകമായ ഒരു ഭാഷയാണ് നോവലില്‍ അച്ഛന്‍ ഉപയോഗിച്ചിട്ടുള്ളത്. അതിന് യോജിച്ചുപോകുന്ന വാക്കുകള്‍ പരമാവധി ഇംഗ്ലീഷില്‍ കണ്ടെത്തി എന്നാണ് കരുതുന്നത്. ഏതായാലും ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിലെ ആശയങ്ങളെ കൃത്യമായി പിന്തുടരുകയുണ്ടായി. ജോലിത്തിരക്കിനിടയില്‍ കിട്ടുന്ന സമയം ഉപയോഗപ്പെടുത്തിയായിരുന്നു വിവര്‍ത്തനം. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം വേണ്ടിവന്നു –ജയലക്ഷ്മി പറഞ്ഞു. കൊല്‍ക്കത്തയില്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ആനന്ദ് രാത്തി വെല്‍ത്ത് മാനേജ്മെന്റ് കമ്പനിയുടെ വൈസ് പ്രസിഡന്റായി ജോലി ചെയ്യുന്ന ജയലക്ഷ്മി ഭർത്താവ് പ്രഭാകരനും മകന്‍ അവിനാശിനും ഒപ്പം കൊല്‍ക്കത്തയിലാണ് താമസം. എഴുത്തിന്റെ ലോകത്ത് അഭിമാനമായിരുന്ന അച്ഛന്റെ നിറപ്പകിട്ടുള്ള ഓര്‍മകള്‍ ജയലക്ഷ്മി ഇങ്ങനെ തുടരുന്നു:
ഏതു വിഷയത്തെപ്പറ്റിയും സംസാരിക്കാന്‍ താല്‍പര്യമുള്ള ആളായിരുന്നു അച്ഛന്‍. ധാരാളം വായിക്കും. കോണ്‍ഗ്രസിന്റെ ചരിത്രവും ലോകചരിത്രവും എല്ലാം വായനയിലൂടെയാണ് സ്വായത്തമാക്കിയത്. സ്വാതന്ത്ര്യസമരചരിത്രത്തിന്റെയും ഭാഗമാണ് ആ ജീവിതം. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കാളിയായി ജയില്‍വാസവും അനുഷ്ഠിച്ചു. അതും സാമൂഹിക ദൗത്യത്തിന്റെ ഭാഗമായാണ് കണ്ടത്.
അക്കാലത്ത് സമാനമനസ്‌കരായ പലരും ജയിലില്‍ ഉണ്ടായിരുന്നു. പിന്നീട് മുഖ്യമന്ത്രിമാരായ സി. അച്യുതമേനോന്‍, കെ. കരുണാകരന്‍ തുടങ്ങിയവര്‍ രാഷ്ട്രീയതടവുകാരായി അന്ന് ജയിലില്‍ ഉണ്ടായിരുന്നു. തന്റെ ബോധ്യത്തിനും താല്‍പര്യത്തിനും അനുസരിച്ച ചിന്താഗതിയുള്ള ഇവരുമായി നേരത്തേ പരിചയവും സൗഹൃദവും ഉള്ളതുകൊണ്ട് ജയില്‍ അന്തരീക്ഷം പ്രയാസമായി തോന്നിയില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ആകട്ടെ സമരക്കാരായ യുവാക്കളെ നല്ലരീതിയിലാണ് ട്രീറ്റ് ചെയ്തത്. മഹാരാജാസ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് സംഭവം. അന്നൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ വരുന്നതാണ് പതിവ്. ജയിലിലായതിനാല്‍ അതിന് തടസ്സം വന്നു. അച്ഛനെ സംബന്ധിച്ചിടത്തോളം അതു മാത്രമായിരുന്നു ഒരു പ്രയാസം.
‘നാരായണഗുരു’ ആണ് അച്ഛന്‍ ആദ്യമായി എഴുതിയ പുസ്തകം. ഗുരുവിന്റെ ജന്മ ശതവാര്‍ഷികത്തോടനുബന്ധിച്ച് സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ അച്ഛനെ ഏല്‍പിച്ച ജോലിയായിരുന്നു അത്. നാരായണഗുരുവിനെപ്പറ്റി പലരും എഴുതിയത് ക്രോഡീകരിച്ച് ഒരു പുസ്തകമാക്കുക. പലരും എഴുതിയ ലേഖനങ്ങള്‍ ഉണ്ടെങ്കിലും അച്ഛന്റെ ചിന്താരീതിയും കാഴ്ചപ്പാടും അനുസരിച്ചാണ് അത് ക്രോഡീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ‘നാരായണഗുരു’ അച്ഛന്റെ ഒരു കൃതിയായി പരിഗണിക്കാനാണ് ബന്ധപ്പെട്ടവര്‍ക്ക് തോന്നിയത്. അങ്ങനെ അതിന്റെ പ്രസിദ്ധീകരണാവകാശം അച്ഛന് നല്‍കുകയുംചെയ്തു. കേവലം നോവലിലോ ചെറുകഥയിലോ ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല അച്ഛന്റെ എഴുത്ത്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ ബുദ്ധിപരമായ ഒരു ലൈന്‍ ആയിരുന്നു. വൈജ്ഞാനിക സാഹിത്യത്തോടും ചരിത്രത്തോടും ആയിരുന്നു ആഭിമുഖ്യം എന്ന് തോന്നിയിട്ടുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം അച്ഛന്റെ ഓര്‍മകള്‍ ആരംഭിക്കുന്നത് അദ്ദേഹം ‘കേരള കൗമുദി’യില്‍ ജോലിചെയ്യുന്ന കാലമാണ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് ജോലി. ഒരുദിവസം വൈകുന്നേരം പോയാല്‍ പിറ്റേന്ന് പുലര്‍ച്ചെയാവും തിരിച്ചെത്തുക. അടുത്ത ദിവസം അവധിയായിരിക്കും. വീട്ടിലുള്ള ദിവസം രാവിലെ ഒരു പത്തുമണിയാകുമ്പോള്‍ എഴുന്നേറ്റ് കുളിച്ച് എഴുതാനിരിക്കും. വെള്ളക്കടലാസ് അട്ടിയായി മേശപ്പുറത്ത് വെച്ചിട്ടുണ്ടാവും. കസേരയില്‍ ഇരുന്നാണ് എഴുത്ത്. ഞങ്ങള്‍ കുട്ടികള്‍ അതിനിടയിലൂടെ ഓടിനടക്കും. അച്ഛന്‍ സ്വതവേ ഗൗരവക്കാരനായതിനാല്‍ വലിയ ബഹളമൊന്നും ഉണ്ടാക്കാതെയാവും ഞങ്ങളുടെ ഇടപെടല്‍.
‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലാണ് അക്കാലത്ത് എഴുതിയത് എന്ന് ഓര്‍ക്കുന്നു. വളരെ കാലത്തെ ആലോചനക്കും ചിന്തക്കും ശേഷമാണ് അത് എഴുതുന്നത്. ദ്രൗപദിയും കർണനുമാണല്ലോ അതിലെ പ്രധാന കഥാപാത്രങ്ങള്‍. സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്, അവര്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ല എന്ന വിഷയം എല്ലാം ദ്രൗപദിയുടെ ചിത്രീകരണത്തില്‍ കാണാം. കർണന്‍ ആദര്‍ശത്തിന്റെ പ്രതീകമാണല്ലോ. അത്രയും ആദര്‍ശധീരത ഒരു കണക്കിന് അച്ഛന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്ന് വിലയിരുത്താം. ആദര്‍ശം കാത്തുസൂക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമായിരുന്നു അച്ഛന് എന്ന് തോന്നിയിട്ടുണ്ട്. ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാനോ മയപ്പെടുത്താനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. സ്വന്തം ആദര്‍ശത്തിന്റെ പേരില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാവും എന്ന് മുന്‍കൂട്ടി കണ്ടിരുന്നു. എന്നാല്‍ അത് സധൈര്യം നേരിടാനുള്ള മനക്കരുത്ത് ഉണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വമാകാന്‍ അച്ഛന്‍ മനപ്പൂര്‍വം ശ്രമിച്ചിട്ടില്ല.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തെങ്കിലും പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് അകന്നു. ആദ്യകാലത്ത് മത്തായി മാഞ്ഞൂരാന്റെ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു. മനഃസാക്ഷിക്ക് അനുസരിച്ച് തെറ്റും ശരിയും നോക്കി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ സജീവ രാഷ്ട്രീയം നിര്‍ത്തി. എന്നാല്‍, രാഷ്ട്രീയമായി പറയാനുള്ളത് എഴുത്തിലൂടെ പറയാനാണ് ശ്രമിച്ചത്. പ്രതികരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല.
വളരെ പക്വതയുള്ള ഒരു രക്ഷിതാവായിട്ടാണ് അച്ഛനെ തോന്നിയിട്ടുള്ളത്. മക്കളെ ഒന്നും അടിച്ചേൽപിക്കില്ല. രാവിലെ മുതല്‍ പുസ്തകം വായിക്കണം, പരീക്ഷക്ക് നല്ല മാര്‍ക്ക് നേടണം എന്നൊന്നും പറയില്ല. എനിക്ക് ഓര്‍മയുള്ള ഒരു കാര്യം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ വായിച്ചുതന്നതാണ്. എന്തെങ്കിലും വായിക്കുകയാണെങ്കില്‍ അത് നടക്കട്ടെ എന്നു കരുതിയാവണം. അതല്ലാതെ ഗ്രൂമിങ് രീതിയില്‍ ഒന്നും ചെയ്യാറുണ്ടായിരുന്നില്ല.
മക്കളുടെ പഠനം, ജോലി തുടങ്ങിയ കാര്യങ്ങളിലെല്ലാം അച്ഛന്‍ ശ്രദ്ധാലുതന്നെയായിരുന്നു. എന്നാല്‍, ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് തടസ്സം വരുന്ന ഒന്നും ചെയ്യുമായിരുന്നില്ല. മക്കള്‍ പഠിക്കണം, ജോലിയാകണം, സ്വന്തം കാലില്‍ നില്‍ക്കണം എന്നെല്ലാമുള്ള ചിന്തകള്‍ വെച്ചുപുലര്‍ത്തിയിരുന്നു. മൂത്ത ജ്യേഷ്ഠൻ ഹരികേശ് പഠനത്തില്‍ അത്ര മെച്ചമായിരുന്നില്ല. പരീക്ഷക്ക് തൊട്ടുമുമ്പ് പുസ്തകങ്ങള്‍ നോക്കുന്ന രീതിയായിരുന്നു അവന്റേത്. കുട്ടികളുടെ കൂട്ടത്തില്‍ അവനെപ്പറ്റി അച്ഛന് ഒരു ആശങ്ക ഉണ്ടായിരിക്കണം. അവന് ആര്‍മിയില്‍ ജോലി കിട്ടിയപ്പോള്‍ സമാധാനമായി എന്ന് അച്ഛന്‍ പറഞ്ഞതായി ഓര്‍ക്കുന്നു.
അമ്മ ഭാഗീരഥി കായംകുളം സ്വദേശിനിയാണ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും അരുവിക്കര സ്‌കൂളിലും അധ്യാപികയായിരുന്നു. സംസ്‌കൃതമായിരുന്നു വിഷയം. അച്ഛനെ പോലെ ബുദ്ധിജീവിയായിരുന്നില്ല. ചിന്തകള്‍ കൂടിയതു കാരണം പ്രക്ഷുബ്ധമായിരുന്നു അച്ഛന്റെ മനസ്സെങ്കില്‍ അമ്മ നേരെ തിരിച്ചായിരുന്നു. അപാര ക്ഷമയുള്ള ആളായിരുന്നു. അച്ഛന്‍ എഴുതുമ്പോള്‍ സംസ്‌കൃത വാക്കുകളുടെ അർഥം അമ്മയോട് ചോദിച്ചു മനസ്സിലാക്കുന്നത് കണ്ടിട്ടുണ്ട്.
അച്ഛന്റെ ബുദ്ധിപരമായ അസ്വസ്ഥതകളും അമ്മയുടെ ക്ഷമയും യോജിച്ചുപോകുന്നതായിരുന്നു ആ ദാമ്പത്യം എന്നു വേണം കരുതാന്‍. അച്ഛന്‍ മരിച്ച് രണ്ടു കൊല്ലമേ അമ്മ ജീവിച്ചിരുന്നുള്ളൂ. അച്ഛന്റെ വിയോഗത്തോടെ അമ്മ വല്ലാത്തൊരു ശൂന്യതയിലേക്ക് പ്രവേശിച്ചിട്ടുണ്ടാവും എന്നു തോന്നുന്നു. മക്കള്‍ക്ക് തികഞ്ഞ സ്വാതന്ത്ര്യം അനുവദിച്ച അച്ഛനായിരുന്നു പി.കെ. ബാലകൃഷ്ണന്‍ എന്ന് രണ്ടാമത്തെ മകന്‍ ഹരികൃഷ്ണന്‍ ഓര്‍മിക്കുന്നു. എം.കോം ബിരുദധാരിയായ ഹരികൃഷ്ണന്‍ മെഡിക്കല്‍ എക്യുപ്്മെന്റ് വിതരണവുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയാണ്. തിരുവനന്തപുരം കേശവദാസപുരം കൈലാസ് നഗറില്‍ കെ. 21 എന്ന വസതിയിലാണ് താമസം.
അച്ഛന്റെ മണിക്കൂറുകള്‍ നീണ്ട വായനയാണ് ഹരികൃഷ്ണന്റെ മനസ്സിലുള്ളത്. കാന്‍വാസ് കസേരയില്‍ ഇരുന്ന് അങ്ങനെ വായിക്കും. കസേരയുടെ ഇരുപുറത്തും ധാരാളം പുസ്തകങ്ങള്‍ ഉണ്ടാവും. ഇംഗ്ലീഷ് പുസ്തകങ്ങളാണ് കൂടുതല്‍ ഉണ്ടാവുക. സമീപം തന്നെ പഴയ സോവിയറ്റ് പ്രസിദ്ധീകരണങ്ങളുടെ പഴയ പതിപ്പുകളുടെ അച്ചടിയില്ലാത്ത ഭാഗം വെച്ചിട്ടുണ്ടാവും. അതാണ് കുറിപ്പുകള്‍ എഴുതാന്‍ ഉപയോഗിക്കുക. ആള്‍ അല്‍പം ഗൗരവക്കാരനും ദേഷ്യക്കാരനുമായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളായ ഞങ്ങള്‍ സൂക്ഷിച്ചാണ് പെരുമാറുക.
സ്വദേശമായ എടവനക്കാടു നിന്ന് എഴുപതുകളുടെ തുടക്കത്തില്‍തന്നെ ബാലകൃഷ്ണന്‍ തിരുവനന്തപുരത്തേക്ക് മാറിയിരുന്നു. വിവാഹവും മക്കള്‍ ജനിക്കുന്നതുമെല്ലാം തിരുവനന്തപുരത്ത് വെച്ചാണ്. വെള്ളയമ്പലത്തെ എലങ്കം ലൈനില്‍ ഒരു വാടകവീട്ടിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. പിന്നീട് ഉദാരശിരോമണി റോഡില്‍ സ്വന്തമായി വീടുവെച്ചു. 1978ലാണത്.
പണിക്കശ്ശേരില്‍ കേശവന്‍ എന്ന മുത്തച്ഛന്റെ പേരാണ് പി.കെ എന്ന ഇനീഷ്യലിന് പിന്നിലുള്ളത്. സ്വദേശമായ എടവനക്കാട് നിന്ന് യുവാവായ കാലത്തുതന്നെ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. എടവനക്കാട് താമസിക്കുന്ന കാലത്താണ് നാരായണഗുരു, ടിപ്പു സുല്‍ത്താന്‍ തുടങ്ങിയ കൃതികള്‍ എഴുതുന്നത്. ബ്രിട്ടീഷുകാരെ തോല്‍പിച്ച രാജാവ് എന്ന നിലക്കാണ് ടിപ്പുവിനെ കണ്ടിരുന്നത്. ടിപ്പു ഒരു കമ്യൂണലിസ്റ്റാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ‘ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന പുസ്തകം എഴുതാനും കുറേ സമയം ചെലവഴിച്ചിട്ടുണ്ട്. അതിന്റെ നിര്‍മിതിക്കായി വായിച്ചു കൂട്ടിയതിന് കണക്കില്ല. ദിവസവും പത്തും പന്ത്രണ്ടും മണിക്കൂര്‍ വായനക്കായി നീക്കിവെച്ചിരുന്നു. തിരുവനന്തപുരത്ത് എത്തിയതോടെ കടമ്മനിട്ട രാമകൃഷ്ണന്‍, കെ. അയ്യപ്പപ്പണിക്കര്‍, ഡോ. എം. ഗംഗാധരന്‍ എന്നിവരായിരുന്നു അടുത്ത സുഹൃത്തുക്കള്‍.
അയ്യപ്പപ്പണിക്കരെ പറ്റിയൊക്കെ വളരെ താല്‍പര്യത്തോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. നോവല്‍ സിദ്ധിയും സാധനയും എന്ന കൃതിയുടെ അവതാരിക അയ്യപ്പപ്പണിക്കരുടേതാണ്. ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന പുസ്തകത്തിന് ഡോ. എം. ഗംഗാധരനാണ് അവതാരിക എഴുതിയത്. പ്രഫ. എം.കെ. സാനു, എന്‍.എ. കരീം എന്നിവരുമായും വളരെ അടുപ്പമായിരുന്നു. തകഴിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. തകഴിയുടെ ‘കയര്‍’ നോവലിന്റെ ഒന്നാം ഭാഗം നല്ലതാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ രണ്ടാംഭാഗം മേന്മ പുലര്‍ത്തിയില്ല എന്ന അഭിപ്രായക്കാരനായിരുന്നു. രണ്ടാംഭാഗം ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.

പി.കെ. ബാലകൃഷ്ണന്റെ തിരുവനന്തപുരം വെള്ളയമ്പലം ഉദാരശിരോമണി റോഡിലെ ‘സാധന’ എന്ന വീട്. ഇവിടെ മകന്‍ ഹരികേശും കുടംബവുമാണ് താമസം
കേരള കൗമുദിയിലെ ജോലിക്കിടെയാണ് എഴുത്ത് തുടര്‍ന്നിരുന്നത്. കൗമുദിയില്‍ അന്നത്തെ പത്രാധിപര്‍ കെ. സുകുമാരന്റെ നിര്‍ബന്ധപ്രകാരമാണ് ജോലിയില്‍ ചേരുന്നത്. അച്ഛന് അര്‍ഹിക്കുന്ന തസ്തിക കിട്ടിയോ എന്നറിയില്ല. ഏതായാലും പത്രത്തിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടാനുള്ള സ്വാതന്ത്ര്യം തുടക്കത്തില്‍ ഉണ്ടായിരുന്നു. പിന്നീട് ചില അസ്വാരസ്യങ്ങള്‍ തലപൊക്കി. കൗമുദി മാനേജ്മെന്റുമായി ഇടഞ്ഞു. കേസും കൂട്ടവുമായി. കേസില്‍ അച്ഛന്‍ വിജയിച്ചു. ആനുകൂല്യങ്ങളെല്ലാം തിരിച്ചുകിട്ടി എന്നാണ് ഓര്‍മ. പത്രപ്രവര്‍ത്തന ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് ‘മാധ്യമം’ ചീഫ് എഡിറ്ററായി സ്ഥാനമേല്‍ക്കുന്നത്. അവസാനംവരെ അത് തുടര്‍ന്നു.
അച്ഛന്‍ ഈശ്വരവിശ്വാസിയായിരുന്നില്ല. അമ്പലത്തില്‍ പോകുന്ന പതിവ് ഉണ്ടായിരുന്നില്ല. അമ്മ വിശ്വാസിയായിരുന്നു. അച്ഛന്‍ അതിനെ എതിര്‍ത്തില്ല. ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന്റെ ഭാഗമായി എടവനക്കാട് നടന്ന സമരത്തിലാണ് അച്ഛന്‍ ആദ്യമായും അവസാനമായും ക്ഷേത്രത്തില്‍ പ്രവേശിച്ചത്. അമ്മ ഭാഗീരഥിയാണ് കുട്ടികളുടെ പഠനവും മറ്റും ശ്രദ്ധിച്ചിരുന്നത്. മക്കളെ പാട്ടു പഠിപ്പിക്കാനും ബാലഭവനില്‍ ചേര്‍ക്കാനുമെല്ലാം അമ്മയായിരുന്നു മുന്‍കൈയെടുത്തിരുന്നത്. അമ്മക്ക് കെ.ആര്‍. ഗൗരിയമ്മയുമായൊക്കെ സൗഹൃദം ഉണ്ടായിരുന്നു. അമ്മ അരുവിക്കര സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്ത് എസ്.എന്‍.വി സദനത്തില്‍ ആയിരുന്നു താമസം. അവിടെ കെ.ആര്‍. ഗൗരിയമ്മ റൂം മേറ്റ് ആയിരുന്നു. അവിടെ വെച്ചുതന്നെയാണ് അച്ഛന്‍ അമ്മയെ പെണ്ണുകാണാന്‍ എത്തിയത് എന്നും കേട്ടിട്ടുണ്ട്. വിവാഹം ആലുവാ അദ്വൈതാശ്രമത്തില്‍ വെച്ചായിരുന്നു.
കടുപ്പത്തിലുള്ള ചായയും ബീഡിയും അച്ഛന് പ്രിയമായിരുന്നു. ഇത് രണ്ടും ഒരിക്കലും ഒഴിവാക്കിയില്ല. ദിവസം ചുരുങ്ങിയത് രണ്ടുകെട്ട് ദിനേശ് ബീഡി വേണം. എന്നെ പലപ്പോഴും ബീഡി വാങ്ങാന്‍ കടയിലേക്ക് വിടും. കേരളത്തിന് പുറത്ത് സഞ്ചരിച്ചിട്ടില്ല എന്നാണ് ഓര്‍മ. യാത്ര കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെയായിരുന്നു. വിദേശയാത്ര ഒരിക്കലും ഉണ്ടായിട്ടില്ല. പാസ്പോര്‍ട്ട് എടുത്തിരുന്നില്ല. വെള്ള വേഷമാണ് പഥ്യം. മല്ലിന്റെ മുണ്ട് അളന്നു മുറിച്ചുവാങ്ങുകയാണ് പതിവ്.
ഷര്‍ട്ടും വെള്ളയായിരിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. കളര്‍ ഡ്രസ് ഇടുന്ന പ്രശ്നമേയില്ല. ഒരിക്കല്‍ ദൂരദര്‍ശനില്‍ പരിപാടിക്ക് കളര്‍ ഡ്രസ് വേണമെന്നായി. വെള്ളയാകുമ്പോള്‍ കാമറയില്‍ പ്രശ്നമാകും എന്ന് പറഞ്ഞപ്പോള്‍ വെള്ളക്ക് പകരം കളര്‍ ഡ്രസ് ഇട്ടു. എന്റെ ഒരു ഷര്‍ട്ട് എടുത്തിടുകയായിരുന്നു. അതുതന്നെ ഒട്ടും തൃപ്തിയില്ലാതെ ദൂരദര്‍ശന്‍കാര്‍ പറഞ്ഞതുകൊണ്ട് അനുസരിക്കുകയായിരുന്നു. വാര്‍ത്തകള്‍ അറിയാന്‍ പത്രം വായനയായിരുന്നു മുഖ്യം. എല്ലാ പത്രങ്ങളും വായിക്കും. പുസ്തകങ്ങളും അങ്ങനെ തന്നെ. പരന്നതും ആഴത്തിലുള്ളതുമായ വായനയാണ് അച്ഛന്റെ പ്രതിഭയെ ഒളിമങ്ങാതെ നിലനിര്‍ത്തിയത് എന്ന് തോന്നിയിട്ടുണ്ട്.
സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവലിന് ലഭിക്കുകയുണ്ടായി. അക്കാദമി അവാര്‍ഡ് വാങ്ങാന്‍ പോയതിന്റെ ഓര്‍മയൊന്നും ഹരികൃഷ്ണന്റെ മനസ്സിലില്ല. എന്നാല്‍, 1978ല്‍ വയലാര്‍ അവാര്‍ഡ് വാങ്ങാന്‍ അച്ഛനും അമ്മയും മക്കളും ഒരുമിച്ച് കാറില്‍ പോയത് ഓര്‍മയുണ്ട്. 1991 ഏപ്രില്‍ മൂന്നിനാണ് അച്ഛന്റെ മരണം. ന്യൂമോണിയ ബാധിച്ചിരുന്നു. അവസാനകാലം ഉറക്കം കിട്ടാത്ത പ്രശ്‌നവും ഉണ്ടായിരുന്നു. അച്ഛന്റെ മരണശേഷമാണ് മക്കളുടെ വിവാഹം നടന്നത്. മൂത്തമകന്‍ ഹരികേശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹം കാണാന്‍ നില്‍ക്കാതെ അച്ഛന്‍ യാത്രയായി. ഹരികൃഷ്ണന്‍ ഓര്‍ക്കുന്നു.
