പി.കെ. ബാലകൃഷ്ണൻ വരച്ച ചാരുചിത്രങ്ങൾ

വലിയ സൗഹൃദത്തിനുടമയായിരുന്നു പി.കെ.ബി. ചരിത്രകാരനായും മറ്റും പേരെടുക്കുന്നതിനു മുമ്പേ അദ്ദേഹം നിരവധി തൂലികാചിത്രങ്ങൾ വരച്ചിട്ടുണ്ട്. അവയെക്കുറിച്ച് എഴുതുകയാണ് ലേഖകൻ. ചരിത്രകാരനായും വിമർശകനായും ഖ്യാതി നേടിയ പി.കെ. ബാലകൃഷ്ണൻ എഴുത്തുജീവിതം ആരംഭിച്ചത് തൂലികാചിത്രങ്ങളിലൂടെയും സർഗാത്മക രചനയിലൂടെയുമാണ്. രാഷ്ട്രീയ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച പി.കെ. ബാലകൃഷ്ണന് വ്യത്യസ്ത വ്യക്തിത്വങ്ങളുള്ളവരുമായി അടുപ്പവും ആദരവുമുണ്ടായിരുന്നു. അവരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും സൂക്ഷ്മമായി പിന്തുടർന്നു. രാഷ്ടീയ പ്രവർത്തകർ, എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങിയവർ പരിചയവലയത്തിൽ ഉണ്ടായിരുന്നു....
Your Subscription Supports Independent Journalism
View Plansവലിയ സൗഹൃദത്തിനുടമയായിരുന്നു പി.കെ.ബി. ചരിത്രകാരനായും മറ്റും പേരെടുക്കുന്നതിനു മുമ്പേ അദ്ദേഹം നിരവധി തൂലികാചിത്രങ്ങൾ വരച്ചിട്ടുണ്ട്. അവയെക്കുറിച്ച് എഴുതുകയാണ് ലേഖകൻ.
ചരിത്രകാരനായും വിമർശകനായും ഖ്യാതി നേടിയ പി.കെ. ബാലകൃഷ്ണൻ എഴുത്തുജീവിതം ആരംഭിച്ചത് തൂലികാചിത്രങ്ങളിലൂടെയും സർഗാത്മക രചനയിലൂടെയുമാണ്. രാഷ്ട്രീയ പ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച പി.കെ. ബാലകൃഷ്ണന് വ്യത്യസ്ത വ്യക്തിത്വങ്ങളുള്ളവരുമായി അടുപ്പവും ആദരവുമുണ്ടായിരുന്നു. അവരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും സൂക്ഷ്മമായി പിന്തുടർന്നു. രാഷ്ടീയ പ്രവർത്തകർ, എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങിയവർ പരിചയവലയത്തിൽ ഉണ്ടായിരുന്നു.
ഓരോ വ്യക്തിയെയും അവരുടെ കഴിവുകളുടെയും ധിഷണയുടെയും അഭിരുചികളുടെയും അടിസ്ഥാനത്തിലാണ് തൂലികാ ചിത്രങ്ങൾ സൃഷ്ടിച്ചത്. വൈക്കം മുഹമ്മദ് ബഷീർ (പ്രഭാതം 1945 ജൂൺ 17), എസ്.കെ. പൊെറ്റക്കാട്ട് (പ്രഭാതം 1945 ജൂലൈ), ജി. ശങ്കരക്കുറുപ്പ്, (1945 ജൂൺ 8), പ്രഫസർ പി. ശങ്കരൻ നമ്പ്യാർ (1945 ഒക്ടോബർ 21), വൈലോപ്പിള്ളി ശ്രീധരമേനോൻ (ജയകേരളം 1947) എന്നിവരെയാണ് തൂലികാ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചത്.
ബാലകൃഷ്ണന് നേരിട്ട് അടുപ്പമുണ്ടായിരുന്നവരെയാണ് തൂലികാ ചിത്രങ്ങളായി വരഞ്ഞത്. അതുകൊണ്ട് ഓരോ വ്യക്തികളുടെയും അകവും പുറവും ആസ്വാദ്യകരമായി ആലേഖനംചെയ്തു. ശീർഷകം സൂചിപ്പിക്കുന്നതുപോലെ ഓരോന്നും മികച്ച രേഖാചിത്രങ്ങളായിരുന്നു. ശരീരരീതികളും വസ്ത്രധാരണവും സംഭാഷണ രീതികളുമൊക്കെ സൂക്ഷ്മമായി വരച്ചിട്ടു. എസ്.കെ. പൊെറ്റക്കാട്ടിനെ ഇങ്ങനെ അവതരിപ്പിച്ചു, ഉയരം കുറഞ്ഞു മെലിഞ്ഞ ഒരു മനുഷ്യൻ. മുടിയതൊരു ചുളിവും ഞെരിവും കൂടാതെ പിന്നിലേക്ക് ചീകിയിരിക്കുന്നു. വളരെക്കാലം പിന്നിലേക്ക് അമർത്തി ചീകിയതിന്റെ കിഴിപ്പ്തള്ളിയാൽ ആ നെറ്റിത്തടം അത്ര വിസ്താരമേറിയതല്ല. പിൻഭാഗത്തേക്ക് വരുംതോറും വിടർന്നുവരുന്ന ചതുരാകൃതിയിലുള്ള ആ കവിൾതടങ്ങൾ മുഖം ഒട്ടിയതെല്ലന്ന് വരുത്താൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്...
(എസ്.കെ. പൊെറ്റക്കാട്ട്). ഇങ്ങനെയാണ് എസ്.കെ. പൊെറ്റക്കാട്ടിനെ അവതരിപ്പിക്കുന്നത്. വൈലോപ്പിള്ളിയുടെ ചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്, ‘‘അഞ്ചാറു കൊല്ലങ്ങൾക്കപ്പുറമാണ്, ഒരഞ്ഞൂറു പ്രാവശ്യം ഞാൻ ആ ചെറുപ്പക്കാരനഭിമുഖമായി കടന്നുപോയിട്ടുണ്ട്. കൈയിൽ ഒരു പഴഞ്ചൻ സൈക്കിൾ, അശ്രദ്ധമായ വേഷവിധാനങ്ങൾ, തെറിച്ചു തെറിച്ചുള്ള നടത്തം. ഇതൊന്നും എന്റെ ശ്രദ്ധയെ പിടിച്ചുനിർത്തിയിട്ടില്ല. ആരുടെയും ശ്രദ്ധ ആകർഷിക്കുമെന്നും തോന്നുന്നില്ല. പിന്നീടൊരിക്കൽ എന്റെ സ്നേഹിതൻ ചുമലിൽ തോണ്ടിക്കൊണ്ട് ചൂണ്ടിക്കാണിച്ചുതന്നു, ദാ ആ പോകുന്നതാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ.’’ ഇത്തരം നാടകീയവും ആകർഷകവുമായ ആരംഭങ്ങളാണ് ഓരോ ലേഖനത്തിന്റേയും. വായനക്കാരെ ആകർഷിക്കാനുള്ള രചനാവിരുത് ഓരോന്നിലും പ്രദർശിപ്പിക്കുന്നു.
ഓരോ എഴുത്തുകാരന്റെയും വ്യക്തിജീവിതത്തിലെ ചില സവിശേഷ സന്ദർഭങ്ങൾ, സ്വഭാവങ്ങൾ ശ്രീ ബാലകൃഷ്ണൻ ശ്രദ്ധിച്ചിരുന്നു. അതൊക്കെ ആ വ്യക്തിത്വത്തിലെ ആന്തരിക ആലോചനകളുടെ പ്രതിഫലനങ്ങൾകൂടിയായിരുന്നു. സാധാരണ വ്യക്തിയിൽനിന്നും ഭിന്നമായ ജീവിതചര്യകൾ സൂക്ഷിക്കുന്ന എഴുത്തുകാരന്റെ/ കലാകാരന്റെ ചലനങ്ങളിലും സമീപനങ്ങളിലും വേറിട്ട സ്വഭാവങ്ങൾ കണ്ടെത്താൻ കഴിയും. ബഷീറിനെ ഇങ്ങനെ വരക്കുന്നു, ബഷീർ ഏകാന്തതയിൽ വിഷാദാത്മകനാണ്. അദ്ദേഹത്തിന്റെ കണ്ണുകളും വിഷാദം വമിക്കുന്നവ തന്നെ. പക്ഷേ, അദ്ദേഹം അതൊരിക്കലും സമ്മതിക്കുകയില്ല. ഒറ്റക്ക് രാവും പകലും കലർന്നൊഴുകുന്ന സമയത്ത് താടിക്ക് കൈയും കൊടുത്ത് മുകളിലേക്ക് മിഴിച്ചുനോക്കി അദ്ദേഹം പാർക്കിൽ ചിന്താമഗ്നനായി സ്ഥിതിചെയ്യുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. ചില സമയങ്ങളിൽ വളരെ ശാന്തവും ഗൗരവവുമായിരിക്കും.
ബഷീറുമായി നിരന്തരം നേരിട്ട് ഇടപെട്ടിരുന്ന ശ്രീ ബാലകൃഷ്ണന് ആ വ്യക്തിത്വത്തിൽ പതിഞ്ഞ ‘ജീനിയസ്’ കണ്ടെത്താൻ കഴിഞ്ഞിരുന്നു. മലയാളി എന്നും ആദരവോടെ സ്നേഹിച്ചിരുന്ന മഹാകവിയാണ് ജി. ശങ്കരക്കുറുപ്പ്. ആ കവിതപോലെ ആ ജീവിതവും ലളിതമായിരിക്കിെല്ലന്ന് പലരും കരുതുന്നുണ്ട്. എന്നാൽ, ആ കവിതകളുടെ ഗരിമ ജീവിതത്തിൽ സൂക്ഷിച്ചില്ല. തികച്ചും സാധാരണക്കാരനെപ്പോലെയാണ് പെരുമാറിയത്. ‘‘കുറുപ്പ് ഫലിതം വളരെ ഇഷ്ടപ്പെട്ടിരുന്നു. സ്വയം ഫലിതം പറയാൻ ആയാസപ്പെടുകയുംചെയ്തിരുന്നു. തന്റെ സ്നേഹിതന്മാരുടെ വെറും ബോറടികൾകൂടി അദ്ദേഹത്തിന് ഹിതകരമാണ്, അതിൽനിന്നും വിഭിന്നനെല്ലന്ന് വരുത്താൻ ചില പൊടിക്കൈകൾ അദ്ദേഹം ഇടയ്ക്കിടെ പ്രയോഗിക്കാറുണ്ട്. ഒരിക്കൽ തന്റെ സ്നേഹിതന്മാരുമൊരുമിച്ചങ്ങനെ സിഗററ്റും വലിച്ചു വെടിപറയുകയായിരുന്നു. പോകാൻ സമയത്ത് അദ്ദേഹം പറയുകയാണ്... ഏയ്, ഒരു സിഗററ്റ് കൂടി വലിച്ചോട്ടെ, വീട്ടിൽ ചെന്നാൽ ഭാര്യ ചീത്ത പറയും സിഗററ്റ് വലിച്ചാൽ ഞാൻ വേഗം മരിക്കുമെന്നാണവരുടെ വയ്പ്.’’
വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ ആ മഹാ വ്യക്തിത്വത്തിന് ആകർഷകമായ നിറം നൽകുന്നവയാണ്. എഴുത്തുകാരുടെ കൃതികളെ കുറിച്ചോ സംഭാവനകളെക്കുറിച്ചോ അതിൽ അടയാളപ്പെടുത്തിയില്ല. എഴുത്തിന് പുറത്തുനിർത്തിയാണ് ഓരോ ചിത്രങ്ങളും വരച്ചത്. അതിൽ വിമർശകന്റെ സാന്നിധ്യം ഉണ്ടായില്ല. ഓരോരുത്തരെയും ആദരവോടെയാണ് വരച്ചത്. നിറം കൂട്ടാനോ, കുറക്കാനോ ശ്രമിച്ചില്ല. ശ്രീ ബാലകൃഷ്ണൻ എന്നും എഴുത്തിൽ പുലർത്തിയിരുന്ന മിതത്വവും സത്യസന്ധതയും തൂലികാചിത്രരചനയിലും ഉണ്ടായി. അപരിചിതനായ ഒരു വായനക്കാരന് മുന്നിൽ ആരാധ്യനായ എഴുത്തുകാരന്റെ സ്വകാര്യ ജീവിതത്തിന്റെ വിഭിന്നതലങ്ങൾ തുറന്നിടുകയാണ് ചെയ്തത്. ഒരു വ്യക്തിത്വത്തോട് പുലർത്തേണ്ട എല്ലാ ബഹുമാനവും പാരസ്പര്യവും ഓരോ ചിത്രത്തിലും പ്രകാശിക്കുന്നു.
ജി. ശങ്കരക്കുറുപ്പ്
ഇതേ തലക്കെട്ടിൽ പ്രഭാതം മാസികയിൽ (1945 , പുസ്തകം -1, നമ്പർ -28) പി.കെ. ബാലകൃഷ്ണൻ എഴുതിയ കുറിപ്പിന്റെ ചില ഭാഗങ്ങൾ
മഹാരാജാസ് കോളജിലെ ഒരു മലയാളം ലക്ചററാണു ശ്രീമാൻ ജി. ശങ്കരക്കുറുപ്പ്. കോളജിലെ ടീച്ചേഴ്സ് റൂമിൽ ആരെങ്കിലുമൊരുമിച്ചു ഒരു ചതുരംഗപ്പലകയും നിരത്തി നേരിയ ശരീരത്തിൻമേലുള്ള ആ ഭാരിച്ച തലയും താങ്ങി അദ്ദേഹം ഇരിക്കുന്നത് കാണാം. ...കുറുപ്പൊരു കേരളീയനാണ്. കേരളീയ സംസ്കാരത്തിന്റെ പ്രതിരൂപമാണദ്ദേഹം... ഒരു കവിത വിഷയമാക്കുന്നതിന് അപ്പോൾ അദ്ദേഹം ഉപമാനങ്ങൾ തേടാറില്ല; പ്രത്യുത അദ്ദേഹത്തിന്‍റെ ആത്മാവ് അതുമായി ലയിച്ചു. അതിന്റെ സ്പന്ദനം സ്പർശിച്ചറിയുന്നു.
ആ വിവരണാതീതമായ അനുഭവത്തെ കുറുപ്പ് വികാരത്തോടുകൂടി പകർത്തുന്നു; അങ്ങിനെ അതിൽ അനിവാര്യമായി ഗൂഢാത്മകത്വം കടന്നുകൂടുന്നു. മനുഷ്യന്‍റെ അധഃപതനത്തിന്റെ എല്ലാ വശങ്ങളും കാണിക്കുന്ന ഒരു പിച്ചക്കാരനെ കാണുമ്പോൾ കുറുപ്പു വിളറുന്നു. അടിസ്ഥാനപരമായി ഒരു വിപ്ലവകാരിയല്ലാത്ത അദ്ദേഹം അമർഷത്തോടുകൂടി കൈചുരുട്ടുന്നു. ‘പ്രഭാതത്തിലെ മിന്നുന്ന നക്ഷത്രങ്ങൾക്ക്’ അന്ത്യശാസനം കൊടുക്കുന്നു; ചെംചോര പുരണ്ട ‘നാെള’യെ സ്വാഗതംചെയ്യാൻ വെമ്പുന്നു. അദ്ദേഹത്തിന്റെ മനസ്സിനെ ഒരു സ്വനഗ്രാഹിയോടു (Sound Box) താരതമ്യപ്പെടുത്താം. അതിലലയ്ക്കുന്ന ചലനങ്ങൾ ശബ്ദങ്ങളായി പുറത്തേക്കു വരുന്നു. തന്റെ ചുറ്റുപാടിന്റെ ചലനങ്ങൾ കുറുപ്പിൽനിന്നും കവിത പൊഴിക്കുന്നു.
ഒരു സാഹിത്യകാരന്റെ വ്യക്തിത്വത്തെ അയാളുടെ എഴുത്തുകളിൽകൂടി മാത്രം മനസ്സിലാക്കിയാൽ അവരുമായി നേരിട്ടു പരിചയപ്പെടുമ്പോൾ നമുക്കു പലപ്പോഴും ഇച്ഛാഭംഗപ്പെടേണ്ടിവരും. സാഹിത്യം മിക്കപ്പോഴും ഒരു ധിഷണാശാലിയുടെ യാന്ത്രികമായ ചിന്താശക്തിയുടെയും ഭാവനയുടെയും ഉൽപാദനമാണ്. അല്ല അതു ഒരുവന്‍റെ സ്വാഭാവികമായ വികാരങ്ങളെ പ്രതിനിധീകരിക്കുന്നുവെങ്കിൽതന്നെ അതിൽനിന്നും വിഭിന്നമായ ഒരു വ്യക്തിത്വമാണ് അവനധിക പങ്കും. ഇതാണു ചില സാഹിത്യകാരന്മാരുമായുള്ള സ്വന്തം പരിചയത്തിൽനിന്നും, മിക്ക സാഹിത്യകാരന്മാരെ അടുത്തറിയുന്നവരുടെ റിപ്പോർട്ടുകളിൽനിന്നും എനിക്കു തോന്നിയിട്ടുള്ളത്. ലോകപ്രസിദ്ധരായ പല സാഹിത്യകാരന്മാരുടെ വ്യക്തിജീവിതത്തെപ്പറ്റി നമുക്കു കിട്ടുന്ന അറിവും ഇതിനു ഉപോൽബലകമായി വർത്തിക്കുന്നു.
എന്നാൽ, കുറുപ്പ് ഇതിൽ ഒരു പ്രത്യേകതയാണ്. അദ്ദേഹം തന്‍റെ കവിതയെപ്പോലെ ഗൂഢാത്മകനല്ലായിരിക്കാം. ശുഭ്രജലമുള്ള വനതടാകംപോലെയുള്ള അദ്ദേഹത്തിന്റെ സ്വഭാവം തന്റെ കവിതകൾപോലെ രഹസ്യനിധികൾ സൂക്ഷിക്കുന്ന അഗാധമായ ആഴിപരപ്പല്ലായിരിക്കാം. കുറുപ്പ് തന്റെ കവിതപോലെ ശുഭ്രനാണ്, സുന്ദരനാണ്. ജീവിതത്തിന്റെ എല്ലാത്തുറകളിലും സദാചാരനിരതനുമാണ്.
കുറുപ്പ് ഫലിതം വളരെ ഇഷ്ടപ്പെടുന്നു. സ്വയം ഫലിതം പറയുവാൻ ആയാസപ്പെടുകയുംചെയ്യുന്നു. തന്‍റെ സ്നേഹിതന്മാരുടെ വെറും ‘ബോറടി’കൾകൂടി അദ്ദേഹത്തിനു ഹിതകരമാണ്; അതിൽനിന്നും വിഭിന്നനല്ലെന്നു വരുത്താൻ ചില പൊടിക്കൈകൾ അദ്ദേഹം ഇടക്കിടെ പ്രയോഗിക്കാറുണ്ട്. ഒരിക്കൽ തന്റെ ചില സ്നേഹിതന്മാരുമൊരുമിച്ചങ്ങനെ സിഗരറ്റും വലിച്ചു വെടിപറയുകയായിരുന്നു. പോകാൻ സമയത്തും അദ്ദേഹം പറയുകയാണ് –“ഏയ്, ഒരു സിഗരറ്റും കൂടി വലിച്ചോട്ടെ. വീട്ടിൽ ചെന്നാൽ ഭാര്യ ചീത്ത പറയും.
സിഗരറ്റ് വലിച്ചാൽ ഞാൻ വേഗം മരിക്കുമെന്നാണവരുടെ വയ്പ്.’’ ബഷീറിനോട് ‘ബാല്യകാലസഖി’യുടെ ഒന്നാം പതിപ്പിന്റെ പുറംചട്ടമേലുള്ള ഒരു ചുവന്ന വൃത്തം കാട്ടിക്കൊണ്ടു ചോദിക്കുകയാണ് മജീദ് ചുവന്ന മഷിക്കുപ്പിയിൽ കൈയിട്ടതിന്‍റെ പാടുമാതിരി കണ്ടത്, അല്ലേ?. തന്റെ വിദ്യാർഥികളാണെങ്കിൽകൂടി വെളിയിൽ വെച്ച് സ്വതന്ത്രമായി തമാശമട്ടിൽ സംസാരിക്കുന്നതാണ് കുറുപ്പിനിഷ്ടം. ഒരു സാഹിത്യകാരൻ എന്ന നിലയിൽ തന്റെ കഴിവുകളിൽ അദ്ദേഹത്തിനു വളരെ വിശ്വാസമുണ്ട്. എന്നാൽ, ആ വിശ്വാസം ഒരിക്കലും അഹംഭാവമല്ല. മറ്റുള്ള കവിതകൾ എടുത്തു വിശദീകരിക്കുംപോലെ കുറുപ്പു തന്‍റെ കവിതയും പ്രത്യേക ഭാവഭേദമൊന്നും കൂടാതെ വ്യാഖ്യാനിക്കുന്നു.
ഒരിക്കൽ അദ്ദേഹം ക്ലാസിൽ തന്‍റെ ‘ഇന്നു ഞാൻ നാളെ നീ’ എന്ന കവിത പഠിപ്പിക്കുകയായിരുന്നു. ‘കവി ഇതിൽ പ്രതിപാദിക്കുന്നത്’ എന്ന മുഖവുര പറഞ്ഞുനിർത്തിയപ്പോൾ രസികനായ ഒരു വിദ്യാർഥി ചോദിച്ചു, “ആരാണ് സാർ, ഈ കവി?’’ കവി പെട്ടെന്ന് മറുപടി പറഞ്ഞു, ‘‘അയാളെ നിങ്ങൾ അറിയില്ല.’’ മറ്റൊരു സന്ദർഭത്തിൽ ഒരു വിദ്യാർഥി ‘കോളജിലെ അനുഭവങ്ങൾ’ ഏതാണ്ടിങ്ങനെ എഴുതിക്കൊടുത്തു. ‘‘അവിടെ ശങ്കരക്കുറുപ്പെന്നൊരു മാസ്റ്ററുണ്ട്. വളരെ നല്ല മനുഷ്യനാണ്. പക്ഷേ, അദ്ദേഹത്തിന് വേഗം ശുണ്ഠി പിടിക്കും. ആദ്യം കർക്കശമായി പെരുമാറിയിട്ട് പിന്നീടദ്ദേഹം പശ്ചാത്തപിക്കും.’’ കുറുപ്പ് പൊട്ടിച്ചിരിച്ചുകൊണ്ടാണയാൾക്ക് പുസ്തകം മടക്കിക്കൊടുത്തത്.
കുറുപ്പിന്‍റെ സൗഹാർദം ചൂടുള്ളതാണ്. അദ്ദേഹം ഒരാളെ ഒട്ടാകെ ഇഷ്ടപ്പെടുന്നു. സ്വന്തം നിലയിൽ അദ്ദേഹത്തിന് യാതൊരു അസൂയയും കാലുഷ്യവുമില്ല. പക്ഷേ, മറ്റുള്ളവർക്ക് ആ മൃദുലമായ മനസ്സിനെ മഷിപിടിപ്പിക്കുവാൻ സാധിക്കും. അദ്ദേഹത്തിന്‍റെ ആകപ്പാടെയുള്ള പരാജയമാണത്. കാരണം, അതു ചിലപ്പോൾ ശുദ്ധാത്മാവായ അദ്ദേഹത്തിന് ഒരുറച്ച രൂപം കൊടുക്കുന്നു. അദ്ദേഹത്തിന്‍റെ വെറുപ്പ് പ്രത്യക്ഷത്തിലുള്ള ഒരെതിർപ്പിന്‍റെ രൂപം ഒരിക്കലും കൈക്കൊള്ളാറില്ല. അതു പരോക്ഷമായ ഒരുവജ്ഞയായി കുടികൊള്ളുന്നു.
അലക്ഷ്യമായ അഭിപ്രായരൂപത്തിൽ അത് പലപ്പോഴും പുറത്ത് ചാടാറുണ്ടെന്ന് മാത്രം. ചില ‘വമ്പൻമാരോ’ടും പ്രകടമാത്ര സാഹിത്യവീരന്മാരോടും ആ പ്രസിദ്ധനായ കവി നയപരമായ സ്നേഹത്തിലാണ് വർത്തിക്കുക. പക്ഷേ, അവരെപ്പറ്റിയുള്ള അവജ്ഞ ഹൃദയം നിറഞ്ഞ് ചിലപ്പോൾ പുറത്തു ചാടുന്നു; അപ്പോൾ മാത്രം നമുക്കദ്ദേഹത്തിന്‍റെ യഥാർഥ രൂപം മനസ്സിലാകുന്നു. തന്‍റെ ഇഷ്ട സ്നേഹിതന്മാരുടെ ഇടയിൽ പലപ്പോഴും അവർ അദ്ദേഹത്തിന്‍റെ സംസാരവിഷയങ്ങളാണ്. കൂടാതെ കുറുപ്പ് പലരുടേയും അഭാവത്തിൽ അവരെ വെറുക്കുന്നു. എന്നാൽ, അവരുടെ സാന്നിധ്യത്തിൽ അദ്ദേഹം എല്ലാം മറന്നു സൗഹാർദത്തിലുമാകുന്നു. പിന്നെയും പൂർവസ്ഥിതിയിലേക്ക് പോകുന്നു.
കുറുപ്പ് എന്തിനെപ്പറ്റിയും വികാരത്തോടുകൂടി സംസാരിക്കുന്നു. താൻ വിശ്വസിക്കുന്ന സിദ്ധാന്തങ്ങൾക്കുവേണ്ടി അദ്ദേഹം ചൂടുപിടിച്ചു വാദിക്കുകയുംചെയ്യുന്നു. സഞ്ജയന്‍റെ ശ്രാദ്ധദിനത്തിന് കുറുപ്പിന്റെ പ്രഭാഷണം എല്ലാവരും കേട്ടുകൊണ്ടിരുന്നത് കരയുന്ന ഹൃദയത്തോടുകൂടിയാണ്. പക്ഷേ, വ്യക്തികളെ സ്പർശിക്കുന്ന പൊതുകാര്യങ്ങളെപ്പറ്റി അദ്ദേഹം അഭിപ്രായം പറയാറില്ല.
ഒരു മൽപ്പിടുത്തത്തിന് അദ്ദേഹം ഒരുക്കമില്ല. ഒരാളുടെ മനസ്സിനെ ഇടിച്ചുതാഴ്ത്താനും കുറുപ്പിന്നസാധ്യം. ആ മനോഭാവം അഭിപ്രായധീരത ഇല്ലായ്മയെന്ന ആരോപണത്തിന് ആ കവിയെ അർഹനാക്കിത്തീർക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ നിരൂപണ ശക്തികളെ മറച്ചുവെക്കുന്നു. ദൂഷിതമായ ഒരു പ്രസ്ഥാനത്തിൽ തന്റെ ഒരു സ്നേഹിതനുണ്ടായാൽ മതി, ആ നിരൂപകൻ അതിനെപ്പറ്റി മൗനം ദീക്ഷിക്കുന്നു. ആരെങ്കിലും നിർബന്ധപൂർവം ചോദിച്ചാൽ ഒരലസമട്ടിൽ തോന്നിയതു പറയുമായിരിക്കാം. പക്ഷേ, അതൊരു ‘മുക്കലോടും മൂളലോടും’കൂടിയായിരിക്കും.

ജി. ശങ്കരക്കുറുപ്പ്
“ഒരു മനുഷ്യൻ സാഹിത്യത്തെപ്പറ്റി അതർഹിക്കുന്നുണ്ടെെന്നനിയ്ക്കറിയാമെങ്കിൽതന്നെ കർക്കശമായി ചീത്തപറയുവാൻ എനിക്കു സാധ്യമല്ല. അെതന്റെ ഭീരുത്വമാണെന്നു നിങ്ങൾ ധരിക്കരുത്. മറ്റൊരാളുടെ ഹൃദയത്തെ വേദനിപ്പിച്ചിട്ട് ന്യായാധിപതിയാകാൻ എനിക്കിഷ്ടമില്ല’’, ഒരു കുറ്റസമ്മതഭാവത്തിൽ അദ്ദേഹം ചങ്ങമ്പുഴയോട് പറഞ്ഞതാണിത്.
പക്ഷേ, ധീരവും യുക്തിപരവുമായ അഭിപ്രായത്തെ ആ വിശാലഹൃദയൻ ഇഷ്ടപ്പെടുന്നു. ‘‘എന്നെ ആരെങ്കിലും നിരൂപണംചെയ്തുകൊള്ളട്ടെ; എനിക്കവരോട് ബഹുമാനവും നന്ദിയും മാത്രമാണുള്ളത്?’’ ആ കവിയുടെ അഭിമാനം പറയിപ്പിക്കും. പക്ഷേ, തന്നെപ്പറ്റി തീവ്രമായ ഒരു ഖണ്ഡനം അദ്ദേഹത്തെ വേദനിപ്പിക്കുന്നു. നിരൂപകന്‍റെ ഒരുമാതിരി പരിഭവം, ഒരിക്കലും അമർഷമോ വെറുപ്പോ അല്ല.
പ്രവൃത്തിയിലും ചിന്തയിലും എത്രയും സദാചാരബോധമുള്ളവനാണെന്ന് ആ സംസ്കാരസമ്പന്നനെ അറിയുന്നവർ ആരും സമ്മതിക്കും. കൈകടന്ന സദാചാരബോധം അതുൾക്കൊള്ളുന്ന പലരുടെയും സാമൂഹികജീവിതത്തെ താറുമാറാക്കുന്നു; അവർ സ്വയം ഒറ്റതിരിക്കപ്പെടുന്നു. പക്ഷേ, കുറുപ്പ് അങ്ങനെയല്ല. മനുഷ്യസഹജമായ ദൗർബല്യങ്ങളെ അദ്ദേഹത്തിനു ചിരിച്ചുകൊണ്ട് ക്ഷമിക്കുവാൻ സാധിക്കും. നല്ല ചോരത്തിളപ്പും ചാപല്യവുമുള്ള ഒരുകൂട്ടം യുവാക്കന്മാരുടെ കൂടെ കൂടിയാൽപോലും ആ സഹൃദയൻ കല്ലുപോലെ താണുകിടക്കുന്നില്ല. പഞ്ചസാരയുടെ ഒപ്പം വെള്ളത്തിൽ കിടന്നു ചുറ്റുന്ന മണ്ണുതരിപോലെ അലിയുന്ന ഒരു പ്രതീതിയുൽപാദിപ്പിച്ച് അദ്ദേഹം തന്നത്താൻ സൂക്ഷിക്കുന്നു. സാന്മാർഗികമായ വീഴ്ചകളെ ആ കടുത്ത സദാചാര നിഷ്ഠക്കാരൻ മാപ്പാക്കുന്നു. പക്ഷേ, അവയെ കപട വ്യാഖ്യാനംകൊണ്ട് സാധൂകരിച്ചാൽ അദ്ദേഹത്തിന് ഹിതകരമല്ല.
ഒരിക്കൽ ഒരു സ്നേഹിതൻ തന്റെ ചില പ്രവൃത്തികളെ സമർഥിച്ചുകൊണ്ടു പറഞ്ഞു, “എനിക്ക് വികാരനിയന്ത്രണം എങ്ങനെ വേണമെങ്കിലും സാധിക്കും. യുവതികൾ എന്റെ മടിയിൽ കിടന്നാലെന്താണ്? എനിക്കു വികാര സ്പർശമേ ഉണ്ടാകുന്നില്ല.’’ ഉടനെ കുറുപ്പു പറഞ്ഞു: “ആളെ മാറി നോക്കൂ. ആത്മസംയമനത്തിന്റെ അങ്ങേ അറ്റം കണ്ട ഋഷികൾക്കുപോലും സാധിക്കാത്ത കാര്യം.’’
കുറുപ്പ് ആരോഗ്യമില്ലാത്ത ശരീരക്കാരനാണ്. ഭയങ്കരമായ രോഗവും ആ ദുർബലമായ ശരീരവുമായി ജീവിതത്തിൽ പലപ്പോഴും വടംവലി നടന്നിരിക്കുന്നു. ഈ അനാരോഗ്യം അദ്ദേഹത്തിന്‍റെ പലപ്പോഴുമുള്ള ശുണ്ഠിക്കും അനിയന്ത്രിതമായ ആവേശത്തിനും സമാധാനം പറയുന്നു. എറണാകുളം പരിഷത് സമ്മേളനത്തിന് ടി.എൻ. ഗോപിനാഥൻ നായരുടെ ആരോപണങ്ങൾക്ക് അദ്ദേഹം കരഞ്ഞുകൊണ്ടാണ് മറുപടി പറഞ്ഞത്. അതുമാതിരി തന്നെ ‘ജി. ശങ്കരക്കുറുപ്പ്’ മറ്റൊരു സ്നേഹിതന്‍റെ നേരെ ശുണ്ഠിയെടുത്ത് ചാടിയതായും പറയപ്പെടുന്നു. കുറുപ്പിന് ഇനിയും വളരെക്കാലം ബാക്കിയുണ്ട്. കേരളത്തിന് ആ സുഭഗമായ ജീവിതവും സുന്ദരമായ കവിതയും ഒരുപോലെ ആവശ്യവുമുണ്ട്.
