സർഗാത്മകചോദ്യങ്ങളുയർത്തിയ എഴുത്തുകാരൻ

മലയാള സാംസ്കാരിക രംഗത്ത് തികച്ചും വേറിട്ട എഴുത്തുകാരനും ചരിത്രകാരനും വിമർശകനും പത്രാധിപരുമായിരുന്നു പി.കെ. ബാലകൃഷ്ണൻ (1925-1991). അദ്ദേഹത്തിന്റെ സംഭാവനകളിലൂടെ സഞ്ചരിക്കുകയാണ് ചിന്തകയും എഴുത്തുകാരിയുമായ ലേഖിക. ‘‘നളിനിയെയും ലീലയെയും മറ്റും സ്നേഹത്തിന്റെ കളങ്കമറ്റ മൂർത്തികളായി നാമെല്ലാം വാഴ്ത്തുന്നു. കുമാരനാശാന്റെ കാവ്യാന്തരീക്ഷത്തിൽവെച്ച് അവരെ പരിചയപ്പെടുന്നവർക്ക് അതല്ലാതെ ഒരു രീതി സാധ്യമല്ലതാനും. പക്ഷേ, സ്വന്തം വീട്ടിലും വീടിന്റെ അന്തരീക്ഷത്തിലുംവെച്ച് നിങ്ങൾ ഈ രണ്ട് ശുഭചരിതകളെയും കണ്ടുമുട്ടിയാലോ? ചോദ്യം കേട്ട് നിങ്ങളന്ധാളിക്കേണ്ടതില്ല. ഏതായുധംകൊണ്ടാണു നിങ്ങളവരെ തൊഴിക്കുക എന്ന്...
Your Subscription Supports Independent Journalism
View Plansമലയാള സാംസ്കാരിക രംഗത്ത് തികച്ചും വേറിട്ട എഴുത്തുകാരനും ചരിത്രകാരനും വിമർശകനും പത്രാധിപരുമായിരുന്നു പി.കെ. ബാലകൃഷ്ണൻ (1925-1991). അദ്ദേഹത്തിന്റെ സംഭാവനകളിലൂടെ സഞ്ചരിക്കുകയാണ് ചിന്തകയും എഴുത്തുകാരിയുമായ ലേഖിക.
‘‘നളിനിയെയും ലീലയെയും മറ്റും സ്നേഹത്തിന്റെ കളങ്കമറ്റ മൂർത്തികളായി നാമെല്ലാം വാഴ്ത്തുന്നു. കുമാരനാശാന്റെ കാവ്യാന്തരീക്ഷത്തിൽവെച്ച് അവരെ പരിചയപ്പെടുന്നവർക്ക് അതല്ലാതെ ഒരു രീതി സാധ്യമല്ലതാനും. പക്ഷേ, സ്വന്തം വീട്ടിലും വീടിന്റെ അന്തരീക്ഷത്തിലുംവെച്ച് നിങ്ങൾ ഈ രണ്ട് ശുഭചരിതകളെയും കണ്ടുമുട്ടിയാലോ? ചോദ്യം കേട്ട് നിങ്ങളന്ധാളിക്കേണ്ടതില്ല. ഏതായുധംകൊണ്ടാണു നിങ്ങളവരെ തൊഴിക്കുക എന്ന് മറുപടി പറഞ്ഞാൽ മതിയാവും.’’
(ആശാന്റെ കവി സ്വത്വവും ജീവിതമരണപ്രശ്നവും - പി.കെ. ബാലകൃഷ്ണൻ [കേരളീയതയും മറ്റും])
മരുഭൂമിയിൽ സത്യം വിളിച്ചുപറയുന്നവന്റെ ശബ്ദം മലയാള സാമൂഹിക സംസ്കാരിക മണ്ഡലത്തിൽ പലപ്പോഴും ഉയർത്തിയ പി.കെ. ബാലകൃഷ്ണൻ, ആശാന്റെ നായികമാരെ മുൻനിർത്തിയാണ് ഈ ചോദ്യം ഉന്നയിച്ചത്.
കേരള സമൂഹത്തിൽ ആഴത്തിൽ വേരൂന്നിനിന്നിരുന്ന ആൺകോയ്മാബോധത്തിൽ നിന്നുതന്നെ ഉടലെടുത്ത ഈ ചോദ്യം വാസ്തവത്തിൽ, കേരളസമൂഹം ഒളിവിലും മറവിലും തെളിവിലുമായി കൊണ്ടുപോയി നടക്കുന്ന നിരവധി ആൺകോയ്മാബോധ്യങ്ങളുടെ നേരെതന്നെയുള്ളതായിരുന്നു എന്ന് ഇന്നെളുപ്പം മനസ്സിലാകാതിരിക്കില്ല. ശരിയായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലാണ് ഒരെഴുത്തുകാരൻ കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നു വിശ്വസിച്ച എഴുത്തുകാരനായിരുന്നതിനാൽ പി.കെ. ബാലകൃഷ്ണൻ, തന്റെ ഓരോ കൃതിയിലൂടെയും മൂർച്ചയുള്ള ഇത്തരം അസംഖ്യം ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.
വാസ്തവത്തിൽ അദ്ദേഹത്തിന്റെ സാഹിത്യകൃതികളെല്ലാംതന്നെ കേരളസമൂഹത്തോട് ആഴത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി എഴുതപ്പെട്ടവയായിരുന്നു. ആദ്യ കൃതിയായ ‘ചന്തുമേനോൻ ഒരു പഠനം’ എന്നതിൽ തുടങ്ങി വയലാർ അവാർഡ് നേടിയ വിഖ്യാത കൃതിയായ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിൽ വരെ ഈ സ്വഭാവം പ്രകടമാണ്. പി.കെ. ബാലകൃഷ്ണനെക്കുറിച്ചുള്ള ജീവചരിത്ര പഠനത്തിന്, അതുകൊണ്ടുകൂടിയാണ് എം.കെ. സാനു മാഷ് ‘ഉറങ്ങാത്ത മനീഷി’ എന്ന പേര് നൽകിയത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഒറ്റയാന്റെ കരുത്തോടെ ഉണർന്നിരുന്ന് പോരാടിയ ധൈഷണിക വ്യക്തിത്വമായിരുന്നു പി.കെ എന്ന കാര്യം ഒരിക്കൽക്കൂടി അദ്ദേഹം ഈ പേരിലൂടെ കേരള സമൂഹത്തെ ഓർമിപ്പിക്കുന്നു. ധിക്കാരിയുടെ കാതൽ എന്ന വിശേഷണമാണ് സി.ജെ. തോമസിനെന്നപോലെ പി.കെ. ബാലകൃഷ്ണനും ഉചിതം.
രണ്ടുപേരും സമകാലികരായിരുന്നു താനും. എം.എൻ. വിജയനെ, ഒരു പുസ്തകത്തെ വിമർശിച്ചതിന്റെ പേരിൽ ഫാഷിസ്റ്റ് എന്നു വിളിച്ച് ആക്ഷേപിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയിൽ പി.കെ. ബാലകൃഷ്ണന്റെ കാര്യം ഇങ്ങനെ എടുത്തുപറയുന്നതു ശ്രദ്ധിച്ചാലും ഇക്കാര്യം വ്യക്തമാകും: ‘‘പി.കെ. ബാലകൃഷ്ണൻ ഞങ്ങളുടെ ഒരു പഴയ സുഹൃത്താണ്. ആരെ വിമർശിക്കുന്നു എന്നതിന് ഒരു പരിധിയും വെക്കാത്ത ആളാണ് അദ്ദേഹം. അത് ജനാധിപത്യമാണ്.’’ ( പരസ്യവും വിധേയത്വവും). അതേ എം.എൻ. വിജയൻ സൂചിപ്പിച്ചതുപോലെ വിമർശനത്തിന്റെ കരുത്തുള്ള എഴുത്തിലൂടെയും പ്രവൃത്തികളിലൂടെയും താനിടപെട്ട സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ജനാധിപത്യം ഉറപ്പാക്കിയ എഴുത്തുകാരനായിരുന്നു പി.കെ. ബാലകൃഷ്ണൻ.
കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങൾക്ക് ഒരു കാലത്തും മറക്കാനോ നിഷേധിക്കാനോ കഴിയാത്ത പ്രതിഭാശാലിയായ പി.കെ. ബാലകൃഷ്ണൻ, രാഷ്ട്രീയ നേതാവ്, പത്രപ്രവർത്തകൻ, പത്രാധിപർ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളിൽ തിളങ്ങിയ പ്രഗല്ഭവ്യക്തിത്വമാണ്. എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിലേക്കു പോയ സമരതീക്ഷ്ണ യൗവനകാലത്തിന്റെ ഉടമ. അന്ന് ജയിലിൽ അദ്ദേഹത്തോടൊപ്പം പി. ഭാസ്കരൻ അടക്കമുള്ള എഴുത്തുകാരും ഉണ്ടായിരുന്നു.
ഭൗതികവാദിയും യുക്തിവാദിയുമായ സഹോദരൻ അയ്യപ്പനുമായുള്ള ബന്ധത്താൽ അകക്കാമ്പുറച്ച വ്യക്തിയായി മാറിയ പി.കെ. ബാലകൃഷ്ണന്റെ സൗഹൃദവലയത്തിൽ ദേവും തകഴിയും പൊൻകുന്നം വർക്കിയും എസ്.കെ. പൊറ്റെക്കാട്ടും എം. ഗോവിന്ദനും എൻ.പി. മുഹമ്മദും പട്ടത്തുവിള കരുണാകരനും സി.എൻ. ശ്രീകണ്ഠൻ നായരും അയ്യപ്പപ്പണിക്കരും അടങ്ങിയ സാഹിത്യകാരന്മാരുണ്ടായിരുന്നു. സി.ജെ. തോമസ്, ബഷീർ, പോഞ്ഞിക്കര റാഫി, എം.കെ. സാനു, തുടങ്ങിയവരുമായുള്ള അനുദിന ചങ്ങാത്തം അദ്ദേഹത്തിലെ എഴുത്തുകാരന് കരുത്തായി.
പി.കെ. ബാലകൃഷ്ണന്റെ സാഹിത്യസംഭാവനകൾ നിസ്തുലങ്ങളാണ്. ചന്തുമേനോൻ -ഒരു പഠനം (നിരൂപണം -1957), പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ (നോവൽ -1963), നോവൽ സിദ്ധിയും സാധനയും (നിരൂപണം -1965), കാവ്യകല കുമാരനാശാനിലൂടെ (നിരൂപണം -1970), ഇനി ഞാൻ ഉറങ്ങട്ടെ (നോവൽ -1973), മായാത്ത സന്ധ്യകൾ (നിരൂപണം -1978), എഴുത്തച്ഛന്റെ കല -ചില വ്യാസ ഭാരത പഠനങ്ങളും (നിരൂപണം -1982), നിദ്രാസഞ്ചാരങ്ങൾ (നിരൂപണം -1989) എന്നിവയാണ് പ്രധാനപ്പെട്ട സാഹിത്യസംബന്ധമായ കൃതികൾ. നാരായണഗുരു (സമാഹാരം -1954), ടിപ്പു സുൽത്താൻ (ചരിത്രം -1959), ജാതിവ്യവസ്ഥിതിയും കേരളചരിത്രവും (ചരിത്രം 1983) എന്നിവ സാഹിത്യഗുണമുള്ള ചരിത്രകൃതികളാണ്.

വിമർശകനായ പി.കെ
‘‘സാഹിത്യവിമർശനത്തിന് പുതിയ മാനങ്ങൾ നൽകിയ എഴുത്തുകാരനാണ് പി.കെ. ബാലകൃഷ്ണൻ’’ എന്ന് കെ.എസ്. രവികുമാർ (പി.കെ. ബാലകൃഷ്ണൻ -വിമർശനത്തിലെ സിദ്ധിയും സാധനയും) എഴുതിയിട്ടുണ്ട്. ‘‘കൃതികൾ വിശദീകരിച്ചും വ്യാഖ്യാനിച്ചും ആസ്വാദകരെ കൂടുതൽ പ്രബുദ്ധരാക്കുന്ന സമ്പ്രദായമാണ് വിമർശക ധർമം’’ എന്ന കുട്ടികൃഷ്ണമാരാരുടെ അഭിപ്രായത്തോടായിരുന്നില്ല പി.കെ. ബാലകൃഷ്ണന്റെ നിരൂപണങ്ങൾക്ക് അടുപ്പം. എഴുത്തുകാരുടെ പ്രതിഭക്കും സിദ്ധിക്കുമാണ് അദ്ദേഹം പ്രാധാന്യം കൊടുത്തത്.’’ ഈ കൃതികളിലെല്ലാം പി.കെ. ബാലകൃഷ്ണൻ പിന്തുടരുന്ന ഒരു അടിസ്ഥാന പ്രമേയമുണ്ട്.
ഒരു സർഗാത്മക എഴുത്തുകാരനെ -യഥാർഥ എഴുത്തുകാരനായിത്തീർക്കുന്ന സർഗപ്രതിഭയെക്കുറിച്ചുള്ള സങ്കൽപമാണ് അത്. രചനയിലെ സർഗാത്മകതയുടെ വിസ്മയകരമായ തിളക്കത്തിന് നിയാമകമായിത്തീരുന്നത് ഈ ഘടകമാണ്. പലപ്പോഴും അതിന്റെ പ്രവർത്തനം പ്രവചനങ്ങൾക്കതീതമാണ്. എഴുത്തുകാരന്റെ ബോധപൂർവമായ പ്ലാനിങ്ങിനും തീരുമാനത്തിനുമപ്പുറത്ത് രചനയുടെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നൊരു ആന്തരികമായ ശക്തിവിശേഷമാണത്.’’ ( കെ.എസ്. രവികുമാർ -പി.കെ. ബാലകൃഷ്ണൻ -വിമർശനത്തിലെ സിദ്ധിയും സാധനയും).
ഒരുപക്ഷേ, സാഹിത്യ പ്രക്രിയയെ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും വിശാലമായ പ്രയോഗസന്ദർഭങ്ങളിൽ പ്രതിഷ്ഠിച്ചുകൊണ്ട് പരിശോധിക്കുന്ന മാർക്സിസ്റ്റ് സാഹിത്യ സമീപനങ്ങൾക്ക് ലഭിച്ചുകണ്ട പ്രചാരത്തിന്റെയും സ്വീകാര്യതയുടെയും പശ്ചാത്തലത്തിൽ, കലാസൃഷ്ടികളെ വിലയിരുത്താൻ കലയുടേതല്ലാത്ത മാനദണ്ഡങ്ങൾ വലിയ ഒച്ചപ്പാടുണ്ടാക്കി ഉപയോഗിക്കാൻ ആരംഭിച്ച സ്ഥിതിവിശേഷം ആയിരിക്കാം, സ്വയമേ നിഷേധിയും ധിക്കാരിയുമായ അദ്ദേഹത്തിന് ഇത്തരം ഒരു സമീപനത്തിന് പ്രാമുഖ്യം നൽകാൻ പ്രേരണയായത് എന്ന് എം. ഗംഗാധരൻ എഴുതിയതാകണം ശരി.
(പി.കെ. ബാലകൃഷ്ണന്റെ കാവ്യകലാസങ്കൽപം എന്ന ലേഖനം - ഉണർവിന്റെ ലഹരിയിലേക്ക്). അതിനാൽ, ഏതു സാഹിത്യകൃതിയും പരിശോധിക്കുമ്പോൾ അദ്ദേഹം ആദ്യം എഴുത്തുകാരനെ/ കാരിയെത്തന്നെയാണ് പഠനവിധേയമാക്കുന്നത്. എഴുത്തച്ഛൻ മുതൽ കുഞ്ഞുണ്ണി വരെയുള്ള കവികളെ പഠിക്കുമ്പോഴും ടോൾസ്റ്റോയി മുതൽ സി.എൻ. ശ്രീകണ്ഠൻ നായർ വരെയുള്ള ഗദ്യ സാഹിത്യകാരന്മാരെ വിലയിരുത്തുമ്പോഴും ഈ സമീപനം വ്യക്തമായി തെളിഞ്ഞുകാണാം. അപ്പോഴും ബന്ധപ്പെട്ട എഴുത്തുകാരുടെ സവിശേഷതകളെ അവർ ജനിച്ചു ജീവിക്കുന്ന കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രവണതകളുമായി ബന്ധപ്പെടുത്തി പരിശോധിക്കാൻ അദ്ദേഹം മറക്കുന്നതുമില്ല.
പത്രപ്രവർത്തകൻ എന്ന നിലയിൽ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് പി.കെ. ഒറ്റയൊറ്റയായ ലേഖനങ്ങൾ അദ്ദേഹത്തിന് എഴുതാൻ ധാരാളം അവസരങ്ങളുണ്ടായിരുന്നു. എങ്കിലും ഏതെങ്കിലും ഒരു വിഷയത്തിൽ അഗാധമായ പഠന ഗവേഷണങ്ങൾ നടത്തി എഴുതുക എന്നതിൽ അദ്ദേഹം നിഷ്ഠ പുലർത്തിയിരുന്നു. ചന്തുമേനോൻ ഒരു പഠനം, കാവ്യകല കുമാരനാശാനിലൂടെ, എഴുത്തച്ഛന്റെ കല എന്നിവ ഉദാഹരണങ്ങളാണ്.
നോവൽ സിദ്ധിയും സാധനയും എന്ന പുസ്തകം വ്യത്യസ്ത നോവലുകളെയും നോവലെഴുത്തുകാരെയും കുറിച്ച് പറയുന്നവയെങ്കിലും സിദ്ധിയും സാധനയും എന്ന കേന്ദ്ര പ്രമേയത്തിനു ചുറ്റുമായാണവരുടെ കൃതികളും എഴുത്തുരീതികളും വായിക്കപ്പെടുന്നത്. മായാത്ത സന്ധ്യ, നിദ്രാ സഞ്ചാരങ്ങൾ എന്നിവ ഒറ്റയൊറ്റ ലേഖനങ്ങളുടെ സമാഹാരങ്ങളെങ്കിലും ആഴത്തിലും വിശാലതയിലും വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ്. ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും വ്യത്യസ്തമായ ഒരു വീക്ഷണം അവതരിപ്പിക്കാൻ അദ്ദേഹം മറക്കാറില്ല. അതുകൊണ്ടാണ് ബഷീർ അദ്ദേഹത്തെ മിസ്റ്റർ തൊട്ടൻ എന്നു വിളിച്ചത്.

ചന്തുമേനോൻ -ഒരു പഠനം
പി.കെ. ബാലകൃഷ്ണന്റെ ആദ്യ സ്വതന്ത്രകൃതിയാണ് ‘ചന്തുമേനോൻ -ഒരു പഠനം’ എന്ന പുസ്തകം. ഒരു നോവലിസ്റ്റിനെ മാത്രം ആധാരമാക്കി നമ്മുടെ ഭാഷയിൽ ആദ്യമായി എഴുതപ്പെടുന്ന വിമർശനഗ്രന്ഥവുമാണിത്. എഴുത്തുകാരന്റെ സിദ്ധിയിലും സാധനയിലും ഊന്നിനിന്നുകൊണ്ട് സാഹിത്യകൃതികളെ വായിക്കുന്ന സമീപനത്തിന്റെ തുടക്കം ഈ കൃതി മുതൽ കാണാം (നോവൽ സിദ്ധിയും സാധനയും എന്ന പിൽക്കാല കൃതിയിൽ ഈ സമീപനം പൂർണതയിലെത്തുന്നു).
ജന്മനാ നോവലിസ്റ്റായിരുന്നു ചന്തുമേനോൻ എന്നു വാദിക്കുന്നതിൽ ഇക്കാര്യമാണ് തെളിഞ്ഞുകാണുന്നത്. സരസനായ ധിക്കാരി എന്ന് ചന്തുമേനോനെ വിളിക്കുന്ന അദ്ദേഹം, ഒരു യഥാർഥ നോവലിസ്റ്റിന്റെ കലാസിദ്ധിയുടെ ഏറ്റവും പ്രധാനമായ അംശം പാത്രസൃഷ്ടിയാണെന്നും ഇത്തരം വിശിഷ്ടങ്ങളായ കഥാപാത്രസൃഷ്ടികൾ നടത്തിയവരെല്ലാം സ്വയവും സവിശേഷപാത്രങ്ങളായിരുന്നു എന്നും ചൂണ്ടിക്കാണിക്കുന്നതിൽ ഈ വീക്ഷണമാണ് പ്രകടമാകുന്നത്. കുശാഗ്രബുദ്ധിയും നിരീക്ഷണ പാടവവും അപഗ്രഥനശേഷിയും തികഞ്ഞ ഒരു നിരൂപകന്റെ അന്വേഷണവഴികൾ ഈ ഗ്രന്ഥത്തിലുടനീളം തെളിഞ്ഞു കാണാം. എഴുത്തുവ്യക്തിത്വത്തിന്റെ സൂക്ഷ്മസവിശേഷതകൾ തിരയുന്നതിനൊപ്പം അവ രൂപപ്പെടുത്തിയ കാലഘട്ടത്തിന്റെ സവിശേഷതകളും അദ്ദേഹം അന്വേഷിക്കുന്നുണ്ട്.
‘‘കേരളീയജീവിതം രണ്ടായിരം കൊല്ലത്തിന്റെ ചാട്ടം ചാടിയ കാലമാണ് 1850 മുതൽ 1900 വരെയുള്ള അമ്പതുകൊല്ല’’മെന്ന പി.കെയുടെ പരാമർശം കേരള ചരിത്രമണ്ഡലത്തിലെമ്പാടും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു. ഈ കാലഘട്ടത്തിലെ സർഗാത്മകമായ പ്രക്ഷുബ്ധതയുടെ സന്താനമായി അദ്ദേഹം ചന്തുമേനോനെ കാണുന്നു. പടിഞ്ഞാറൻ സാംസ്കാരിക ശക്തികളുടെ പ്രഭാവവും മിഷനറിമാരുടെ ഭാഷാപോഷണ പരിശ്രമങ്ങളും ഗദ്യത്തിന്റെ പ്രാരംഭവും ഈ കാലഘട്ടത്തിലെ പ്രധാന ചാലകശക്തികളായി അദ്ദേഹം അടയാളപ്പെടുത്തുന്നു. എന്തു പറയുമ്പോഴും ചരിത്രപരമായിരിക്കണമെന്ന് നിർബന്ധമുള്ള അദ്ദേഹം, കേരളീയ നവോത്ഥാനം വിരിയിച്ച ആദ്യത്തെ പുഷ്പമായിട്ടാണ് ചന്തുമേനോനെ അടയാളപ്പെടുത്തുന്നത്.
ഈ കാലഘട്ടത്തിൽത്തന്നെ ജനിച്ചു ജീവിച്ച ആളായിട്ടും ആഖ്യാനമേന്മയിൽ മികച്ചവയെന്ന് അദ്ദേഹംതന്നെ വിലയിരുത്തുന്ന കൃതികളെഴുതിയ ആളായിരുന്നിട്ടും വിഭാഗീയവും ജീർണോന്മുഖവുമായ അധികൃത സംസ്കാരത്തിന്റെ മാറിയ പിന്തുടർച്ചയിലെ മികച്ച പുഷ്പമായിട്ടാണ് സി.വിയെ കാണുന്നത്. മാർത്താണ്ഡ വർമയെ രക്ഷിക്കാൻ ‘‘അടിയൻ ലച്ചിപ്പോം’’ എന്നുപറഞ്ഞ് ചാടിവീഴുന്ന ഭ്രാന്തൻ ചാന്നാനിൽ (മാർത്താണ്ഡവർമ -സി.വി. രാമൻപിള്ള) അനന്തപദ്മനാഭനെ മാത്രമല്ല, സൂക്ഷിച്ചു നോക്കിയാൽ സാക്ഷാൽ സിവിയെയും കാണാം എന്നാണ് പി.കെ. ബാലകൃഷ്ണൻ എഴുതുന്നത്. ഒരേ കാലഘട്ടത്തിലായിരുന്നിട്ടും രണ്ടു പേരുടെയും ഭാവുകത്വങ്ങളിൽ സംഭവിച്ച മാറ്റത്തിന് കാരണം സ്വന്തം കാലഘട്ടത്തിലെ പ്രവണതകളോട്/പ്രഭുത്വത്തോട് അവർ രണ്ടുപേരും സ്വീകരിച്ച സമീപനംതന്നെയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരാൾ ‘അടിയൻ ലച്ചിപ്പോം’ എന്ന് പറഞ്ഞ് പ്രഭുത്വത്തെ രക്ഷിക്കാൻ ചാടിവീഴുന്നതു വിവരിക്കുമ്പോൾ മറ്റൊരാൾ പ്രഭുത്വത്തെ പുച്ഛിക്കുകയാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ശാരദ: എന്താണച്ഛാ
ഈ പ്രഭുത്വം എന്നുവച്ചാൽ?
രാമൻ മേനോൻ: പണ്ടുകാലത്ത് അവരുടെ കുടുംബത്തിന് കൊല്ലിനും കൊലയ്ക്കുമുള്ള അധികാരങ്ങളൊക്കെ ഉണ്ടായിരുന്നു. ഇന്നത് ഒന്നുമില്ലെങ്കിലും പണ്ട് ഉണ്ടായിരുന്നതുകൊണ്ട് അവർ ഉയർന്ന പദവിയുള്ളവരായി അവർ സങ്കൽപിക്കുന്നു. അതാണ് പ്രഭുത്വം എന്ന് പറഞ്ഞത്.
ശാരദ: ആങ്ഹാ, അത്രയേയുള്ളോ?
(ശാരദ, ഒ. ചന്തുമേനോൻ -നോവൽ)
ചന്തുമേനോനെ ഇംഗ്ലീഷ് ഭാഷയുടെയും തകരുന്ന ഫ്യൂഡലിസത്തിന്റെയും ഉയരുന്ന മുതലാളിത്തത്തിന്റെയും പശ്ചാത്തലത്തിലാണ് പി.കെ. ബാലകൃഷ്ണൻ പരിശോധിക്കുന്നത്. കേരളീയ ജീവിതത്തിലെ ഗംഭീരമായ ഒരു പരിവർത്തനത്തിന്റെ സൃഷ്ടിയായി ചന്തുമേനോനെയും നോവലുകളെയും അതിനാൽ അദ്ദേഹത്തിന് അവതരിപ്പിക്കാൻ കഴിയുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി മുളപൊട്ടിവന്ന ദേശീയ മുതലാളിത്തത്തെ തിരിച്ചറിയാൻ ചന്തുമേനോന് സാധിക്കുന്നുണ്ട്. എന്നാലും ആംഗല സംസ്കാരത്തിന്റെ മഹത്തായ സ്വാധീനശക്തിയാണ് താൻ ആവിഷ്കരിച്ചതെന്ന് ചന്തുമേനോനെക്കൊണ്ടുതന്നെ പറയിപ്പിക്കുന്നതും കാണാം. പി.കെ. ബാലകൃഷ്ണന്റെ ഭാഷയിൽ ‘ഒന്നേകാൽ നോവലെ’ഴുതിയ ചന്തുമേനോനാണ് കേരളത്തിലെ സമുദായ പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാവ്.
അക്കാലത്ത് പലരും ശപിക്കപ്പെട്ട പതിനെട്ടാം അധ്യായമായി കരുതിയ, ഇന്ദുലേഖയിലെ പതിനെട്ടാം അധ്യായത്തിന്റെ പ്രാധാന്യം കൃത്യമായും ആദ്യമായും തിരിച്ചറിഞ്ഞ നിരൂപകൻ കൂടിയാണദ്ദേഹം. എതീയിസം, അഗ്നോസ്റ്റിസിസം, പരിണാമ സിദ്ധാന്തം, ഹിന്ദുമത നിരൂപണം, ജാതിവ്യത്യാസം, ദേശീയത എന്നിങ്ങനെ പലതും ചർച്ചചെയ്യുന്ന ഈ അധ്യായം ചന്തുമേനോന്റെ ജീവിതവീക്ഷണംകൂടി പ്രത്യക്ഷപ്പെടുത്തുന്നുണ്ട് എന്നാണദ്ദേഹത്തിന്റെ പക്ഷം. വിഖ്യാത നോവലായ ‘പാവങ്ങളി’ൽ നെപ്പോളിയനെക്കുറിച്ച് പല അധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നതും ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസി’ൽ ചരിത്രത്തെക്കുറിച്ച് ദീർഘോപന്യാസം ഉള്ളതും ചൂണ്ടിക്കാണിച്ചുകൊണ്ട്, തന്റെ കലാസൃഷ്ടിക്കുള്ളിലെ കാതലായ മഹാതത്ത്വം വായനക്കാരോട് നേരേനിന്നു പ്രസംഗിക്കുന്ന ഇത്തരം സന്ദർഭങ്ങൾ സാമൂഹികമാറ്റത്തിനും വിപ്ലവത്തിനുമായി നിലകൊള്ളുന്ന കൃതികളിൽ പ്രധാനമാണെന്ന സമീപനമാണ് പി.കെ. ബാലകൃഷ്ണൻ സ്വീകരിക്കുന്നത്. ഇംഗ്ലീഷായിരുന്നു ചന്തുമേനോന്റെ മതവും ഫിലോസഫിയുമെന്ന കാര്യം നോവലിൽനിന്നുതന്നെ സൂക്ഷ്മമായി കണ്ടെടുത്തു സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.
കാവ്യകല കുമാരനാശാനിലൂടെ
കുമാരനാശാന്റെ കാവ്യകലയുടെ അടിസ്ഥാനഭാവങ്ങളും തത്ത്വങ്ങളുമാണ് പി.കെ. ബാലകൃഷ്ണൻ, ‘കാവ്യകല കുമാരനാശാനി’ലൂടെ എന്ന ഗ്രന്ഥം അടിസ്ഥാനമാക്കി അന്വേഷിക്കുന്നത്. നവനവോന്മേഷശാലിനിയായ പ്രജ്ഞ എന്നും അപൂർവ വസ്തുനിർമാണക്ഷമമായ പ്രജ്ഞ എന്നുമൊക്കെ പ്രതിഭയെ നിർവചിച്ച പൗരസ്ത്യ കാവ്യസങ്കൽപങ്ങളുടെ പുതിയ കാലത്തെ പ്രസക്തിയാണ് ഈ പുസ്തകത്തിലൂടെയും അദ്ദേഹം തിരയുന്നത്. ഏതു സാഹിത്യകൃതിയും പഠിക്കുമ്പോൾ എഴുത്താളുടെ ജീവിതം പഠിക്കേണ്ടതുണ്ടെന്ന അടിസ്ഥാന സമീപനം ഈ കൃതിയിലും കാണാം.
അതിനാൽ, കുമാരനാശാന്റെ ജീവിതത്തെ രൂപപ്പെടുത്തിയതും പരിവർത്തനപ്പെടുത്തിയതുമായ സംഭവങ്ങളും അനുഭവങ്ങളും വ്യക്തികളും പരാമർശിക്കുമ്പോൾ,ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെടുത്തി ആശാന്റെ കാവ്യജീവിതത്തെക്കുറിച്ച് പറഞ്ഞുവരുന്ന കാര്യങ്ങളും പി.കെ. ബാലകൃഷ്ണൻ ആഴത്തിൽ പരിശോധിക്കുന്നുണ്ട്. ബാലനായ കുമാരുവിനോട്, ശ്രീനാരായണഗുരു ശൃംഗാര കവിതകളെഴുതരുതെന്ന് ഉപദേശിച്ചതാണ് കുമാരനാശാന്റെ ജീവിതത്തിൽ വന്ന വലിയ മാറ്റത്തിനു കാരണമെന്നത് കെട്ടുകഥമാത്രമാണെന്ന് അദ്ദേഹം ഉദാഹരണങ്ങളിലൂടെ സമർഥിക്കുന്നുണ്ട്.
1891ൽ ആദ്യമായി ഗുരുവിനെ കാണുമ്പോൾത്തന്നെ 19 വയസ്സുള്ള, കവിതാരചനാരംഗത്ത് തന്റേതായ രീതിയിൽ മുന്നേറിക്കഴിഞ്ഞിരുന്ന യുവാവായിരുന്നു ആശാനെന്ന് പി.കെ സ്ഥാപിക്കുന്നുണ്ട്. അതുപോലെതന്നെ ഗുരു ആരെയും തന്റെ വഴിയിലേക്ക് ബലാൽ കൂട്ടിക്കൊണ്ടു പോകുന്ന പ്രകൃതക്കാരനല്ലെന്ന കാര്യം, അദ്ദേഹംതന്നെ കുറ്റിപ്പുഴയെക്കുറിച്ച് എഴുതിയ ലേഖനത്തിലെന്നപോലെ ഇവിടെയും കൃത്യമായി അടയാളപ്പെടുത്തുന്നത് ഗുരുവിനെക്കുറിച്ചുള്ള ശരിയായ അവബോധമായും വിശകലനമായും മാറുന്നതു കാണാം: ‘‘സ്വാമിയുടെ സ്വാധീനശക്തിയാൽ കുറ്റിപ്പുഴയുടെ സ്വതന്ത്രചിന്താശക്തിയും വിജ്ഞാനാസക്തിയും പുതിയ ചാലുകളിലേക്ക് തിരിഞ്ഞുവളർന്നു എന്നാണ് പൊതുവേ നാം ധരിച്ചിരിക്കുന്നത്.
നാരായണഗുരുവിനെപ്പറ്റി പൊതുവേയുള്ള ഒരു തെറ്റിദ്ധാരണയുടെ ഫലമാണ് കുറ്റിപ്പുഴയുടെ മാറ്റത്തെപ്പറ്റിയുള്ള ഈ തെറ്റിദ്ധാരണ. അടുത്ത് പെരുമാറുന്ന അനുയായികളിൽ അഭിപ്രായപരിവർത്തനം വരുത്താൻ ശ്രമിക്കുന്ന വ്യക്തി അല്ലായിരുന്നു സ്വാമികൾ. അദ്ദേഹത്തിന്റെ സ്വാധീനതയും സ്നേഹവും എപ്പോഴും ആ നൈസർഗിക വ്യക്തിത്വത്തെയും അതിന് നൈസർഗികമായുള്ള സിദ്ധികളെയും അതിന്റേതായ സ്വന്തം രീതിയിൽ പരമാവധി വളരാൻ പ്രേരണകൾ നൽകുക എന്നതായിരുന്നു. കുറ്റിപ്പുഴയുടെ കാര്യത്തിലും സ്വാമിയുമായുള്ള സമ്പർക്കം അതുപോലുള്ള ഒരു മഹത്തായ പ്രേരണമാത്രമായിരുന്നു (കുറ്റിപ്പുഴയിലേക്ക് ഒരു സമീപനം -കേരളീയതയും മറ്റും).
ഈ രീതിയിലുള്ള പ്രേരണ ചെലുത്തിയ ആൾ മാത്രമായി ആശാന്റെ കാര്യത്തിലും ഗുരുവിന്റെ സാമീപ്യത്തെ കാണണം എന്ന് പി.കെ നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്. 1895 മുതൽ 1909ൽ ‘വീണപൂവ്’ രചിക്കുന്ന കാലം വരെയുള്ള ആശാന്റെ കാവ്യരചനാരംഗത്തെ മൗനകാലഘട്ടത്തെ, ആംഗല കവിതയുമായി സമ്പർക്കമാരംഭിച്ചതുമൂലമായിരിക്കണം എന്നാണ് പി.കെ ഊഹിക്കുന്നത്. ‘‘ആംഗല കാവ്യസങ്കൽപങ്ങളും സ്വന്തം കവിത്വസിദ്ധിയുമായി ഒരു സമന്വയം സാധിക്കാനുള്ള ശ്രമം വിജയിച്ചതിന്റെ ഫലമായാണ് ആശാൻ 1909ൽ വീണപൂവുമായി രംഗപ്രവേശം ചെയ്തതെന്ന് പി.കെ സമർഥിക്കുന്നു എന്ന് എം. ഗംഗാധരൻ അവതാരികയിൽത്തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
സമുദായ പ്രവർത്തനത്തിൽ ഏറെ വർഷങ്ങൾ സജീവമായിരുന്നിട്ടും, തന്റെ കാവ്യജീവിതത്തിൽ 1400 പുറത്തിലധികം കവിതകളെഴുതിയ ആശാൻ, വെറും 140 പുറങ്ങൾ മാത്രമാണ് സമുദായപ്രേരിതമായ വിപ്ലവകവിതകൾ എഴുതിയതെന്ന് പി.കെ കണക്കുകൾ വഴി ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം കവിതകൾ വെറും കൃത്യമായിപ്പറഞ്ഞാൽ എട്ടെണ്ണം വരും. ഒരു പാട്ട്, തീയ്യക്കുട്ടിയുടെ വിചാരം, ദൂഷിതമായ ന്യായാസനം, സിംഹനാദം, ഒരുദ്ബോധനം, പരിവർത്തനം, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നിവയാണവ. ആശാനിലെ സിദ്ധ പ്രതിഭയുടെ പ്രവർത്തനം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം എഴുതുന്നു. ‘‘എഴുത്തുകാരന്റെ ഭൗതിക ജീവിതത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും അനുഭവങ്ങളും അതിൽനിന്നു രൂപംകൊള്ളുന്ന സർഗാത്മക പ്രതികരണങ്ങളും എഴുത്തിൽ സജീവമുദ്രകളായിത്തീരുമെന്ന ധാരണയെ തകിടം മറിച്ചുകൊണ്ടാണ് പ്രതിഭയുടെ പ്രവർത്തനമെന്ന് കുമാരനാശാന്റെ കാവ്യജീവിതത്തെ വിശദീകരിച്ചുകൊണ്ട് ബാലകൃഷ്ണൻ പറയുന്നു.’’ (കെ.എസ്. രവികുമാർ –അതേ ലേഖനം)
‘ദുരവസ്ഥ’യിലെ മാറ്റുവിൻ ചട്ടങ്ങളേ പോലുള്ള വരികൾ ചൂണ്ടിക്കാട്ടി ആശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമാക്കുന്നത് അദ്ദേഹം അതിനാൽ ചോദ്യംചെയ്യുന്നു. വീടുവിട്ടിറങ്ങുന്ന ആശാന്റെ നായികമാർ, ഭക്തഹൃദയത്തിന്റെ വകഭേദം വന്ന സൃഷ്ടികൾ മാത്രമാണെന്ന് പി.കെ സമർഥിക്കാൻ ശ്രദ്ധിക്കുന്നതു കാണാം. അക്കാലത്ത് എങ്ങും ദൃശ്യമല്ലാതിരുന്ന സ്വഭാവം പ്രദർശിപ്പിക്കുന്ന നായികമാരാണിവരെന്നത് വിശദീകരിക്കേണ്ടി വന്നപ്പോൾ സ്വീകരിച്ച യുക്തിയായി നമുക്കിതിനെ കാണാവുന്നതാണ്. ഇക്കാര്യം കൂടുതൽ വ്യക്തമാക്കാനായിട്ടാണ് –ആശാന്റെ കവിസ്വത്വവും ജീവിതമരണ പ്രശ്നവും എന്ന ലേഖനത്തിൽ, ഈ ലേഖനത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ച ചോദ്യം പി.കെ. ബാലകൃഷ്ണൻ ഉന്നയിക്കുന്നത്. ആശാന്റെ ലക്ഷ്യമെന്താണ് എന്നു വ്യക്തമാക്കാനായി ഒരു സന്ദർഭത്തിൽ ശ്രീമതി നളിനിയെന്നും സഖാവ് ലീലയെന്നും വിളിക്കുന്നതുപോലും കാണാം. നായകന്മാർക്ക് ഒരുത്തർക്കുപോലും വ്യക്തമായ രൂപമില്ലാതെ പോയതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇവിടെ അദ്ദേഹം ‘ചന്തുമേനോൻ ഒരു പഠനം’ എന്ന ഗ്രന്ഥത്തിൽ സ്വീകരിച്ച സമീപനത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചു കാണുന്നത്: ‘‘ചന്തുമേനോന്റെ ആഖ്യായികകളിലെ അഭിമതന്മാരായ കഥാപാത്രങ്ങളെല്ലാം ആസന്ന വർത്തമാനത്തിൽനിന്നുള്ള യഥാതഥ ചിത്രങ്ങളല്ലെന്നും ഭാവിയിലേക്ക് ലഭിച്ച ദർശനത്തിന്റെ സന്താനങ്ങൾ ആണെന്നും നാം പറഞ്ഞു കഴിഞ്ഞതാണ്.’’ (ശപിക്കപ്പെട്ട പതിനെട്ടാം അധ്യായം) എന്ന വാദം എന്തുകൊണ്ടോ ആശാന്റെ നായികമാരുടെ കാര്യത്തിൽ ബാധകമാക്കാൻ സാധിക്കാതെ പോയതിനു കാരണം അന്നത്തെ പിതൃമേധാവിത്വ വ്യവസ്ഥിതിയുടെ സ്വാധീനം തന്നെയായിരിക്കണം.
‘ദുരവസ്ഥ’യെ മുൻനിർത്തി ആശാനെ ‘കാടുകയറിയ കവിപ്രതിഭ’ എന്ന് വിശേഷിപ്പിച്ചതിലും ഇതേ വ്യവസ്ഥിതിയുടെ സ്വാധീനം കാണാം. പക്ഷേ, ‘‘വിണ്ടലത്തെങ്ങോവിളങ്ങിയ താരമേകുണ്ടിൽ പതിച്ചു നീ കഷ്ടമോർത്താൽ’’ എന്ന ‘ദുരവസ്ഥ’യിലെ അനുതാപപ്രകടനത്തിൽ, ‘‘കവിയുടെ ഉദ്ദേശ്യം എന്തുതന്നെയായിരുന്നാലും ആ വിവരണത്തിൽ ഉടനീളം തെളിഞ്ഞു നിൽക്കുന്ന ഭാവം അന്തർജനത്തിന് ഇങ്ങനെ ഒരു പുലയച്ചാളയിൽ വന്ന് അഭയം തേടേണ്ടിവന്ന അധഃപതനത്തിലുള്ള ദുഃഖമാണ്’’ എന്ന് പി.കെ. ബാലകൃഷ്ണൻ വ്യക്തമായി നിരീക്ഷിക്കുന്നതു കാണാം. പിൽക്കാലത്ത് പ്രദീപൻ പാമ്പിരിക്കുന്നിനെപ്പോലുള്ള ദലിത് വിമർശകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതോർക്കുമ്പോൾ, കാലങ്ങൾക്കുമുന്നേ സഞ്ചരിച്ച പി.കെയിലെ നിരൂപകമനസ്സ് നമുക്ക് കാണാൻ കഴിയും.
അതുപോലെതന്നെ ദുരവസ്ഥയെച്ചൊല്ലി കവിതാബാഹ്യമായ കാര്യങ്ങളുടെ പേരിൽ, ബഹളം കൂട്ടിയ അന്നത്തെ കേരള സമൂഹത്തെ പി.കെ വിമർശനബുദ്ധ്യാ നിരീക്ഷിക്കുന്നുണ്ട്. ‘‘സാഹിത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സാഹിത്യ കൃതി എന്ന നിലയിൽ അല്ല കേരളീയ ജനത ദുരവസ്ഥയെ സമീപിച്ചത്.’’ (പ്രതിഭയും കാവ്യപ്രമേയവും -കാവ്യകല കുമാരനാശാനിലൂടെ) ‘‘ഏതു കവിത എഴുതണമെന്നും എങ്ങനെ എന്തിനെക്കുറിച്ച് കവിത എഴുതണമെന്നും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കവിയുടേതാണ്. കാവ്യസൃഷ്ടിക്ക് കവി ഇന്ന വിഷയം സ്വീകരിച്ചത് നന്നായില്ലെന്ന് വിവേകമുള്ള ഒരാൾ ഒരിക്കലും പറയുകയില്ല. പ്രതിഭയുടെ സഹജഭാവത്തെയും കവിയുടെ കഴിവിനെയും ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ് അതെല്ലാം’’ എന്ന് തുടർന്നെഴുതുന്ന പി.കെ കവിതയെ/ സാഹിത്യത്തെ സംബന്ധിച്ചുള്ള തന്റെ നിലപാടുതന്നെയാണ് വ്യക്തമാക്കുന്നത്.
എഴുത്തച്ഛന്റെ കല
‘എഴുത്തച്ഛെന്റ കാവ്യകല’ എന്ന ഗ്രന്ഥത്തിൽ, പല ചോദ്യങ്ങൾക്കൊപ്പം അധ്യാത്മരാമായണം എഴുത്തച്ഛന്റെ കൃതിയാണോ അതോ അദ്ദേഹം നടത്തിയ ഒരു ഭാഷാന്തരീകരണമാണോ എന്ന ചോദ്യവും ഉന്നയിക്കുന്നതു കാണാം. നിരവധി വാദങ്ങൾക്കുശേഷം എഴുത്തച്ഛന്റെ സ്വന്തം കൃതിയെന്ന വീക്ഷണത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്. തർജമകാരൻ വരകവിയും ഭാഷാപിതാവുമാകുന്നതെങ്ങനെ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം തേടിയത്. വ്യാസഭാരതത്തിന്റെ കൃത്യമായ ഒരു സാരസംഗ്രഹമല്ല എഴുത്തച്ഛൻ നടത്തിയതെന്ന് വിപുലമായ വായനകൾക്കും പഠനങ്ങൾക്കും ശേഷമാണ് പി.കെ തിരിച്ചറിയുന്നത്. ജീവിതവീക്ഷണത്തിലും കഥാപാത്രങ്ങളുടെ സ്വഭാവഘടനയ്ക്കും വ്യത്യാസം സംഭവിച്ചിട്ടുണ്ട് എന്നും പ്രാധാന്യക്രമം മാറിയിട്ടുണ്ട് എന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. ഇന്ന് വിവർത്തനത്തിലെ മൂലകൃതിയുടെ പ്രാധാന്യംതന്നെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്.
ഏതു ഭാഷയും / ചിഹ്നവും ഏതെങ്കിലും ഒരു സമൂഹത്തിൽ പ്രവർത്തനനിരതമാകുന്ന ഒന്നാണെന്നും അതതു സമൂഹത്തിന്റെ സംസ്കാരമാണ് ഭാഷയിലെ വാക്കുകൾക്ക് / ചിഹ്നങ്ങൾക്ക് അർഥം പകരുന്നതെന്നും ചിഹ്നവ്യവസ്ഥയിലെ എല്ലാ ബന്ധങ്ങളും സമൂഹത്തിന്റെ അധികാരവ്യവസ്ഥയുടെ മാറ്റത്തിനനുസരിച്ച് പൊരുൾ മാറുന്നവയാണെന്നുമാണ് സംസ്കാരപഠനം പറയുന്നത്. അതിനാൽ ഈ മാറുന്ന/ മാറിക്കൊണ്ടിരിക്കുന്ന പൊരുളിനെ ലക്ഷ്യഭാഷാ സംസ്കാരത്തിനനുസരിച്ച് പൊരുത്തപ്പെടുത്തുകയോ മാറ്റിമറിക്കുകയോ ആണ് വിവർത്തകർ ചെയ്യുന്നത് എന്നു വരുന്നു. അപ്പോൾ മൂലകൃതിയെ ആധാരമാക്കി നടത്തുന്ന പഠനങ്ങൾക്കു പകരം ലക്ഷ്യഭാഷാ സംസ്കാരത്തിലൂന്നിയുള്ള പഠനങ്ങൾക്ക് പ്രാധാന്യം വരുന്നു.
എന്തുകൊണ്ട് വിവർത്തനം ചെയ്യുന്നു എന്നതുപോലെതന്നെ ഒരു പ്രത്യേക കൃതി എന്തുകൊണ്ട് വിവർത്തനം ചെയ്യുന്നു എന്ന കാര്യവും പ്രാധാന്യം നേടുന്നു. വിവർത്തനപ്രക്രിയയിൽ നിർണായകമാകുന്ന തെരഞ്ഞെടുപ്പുകൾക്കാണ് ഊന്നൽ നൽകേണ്ടത് എന്നു വരുന്നു. സമമൂല്യതകളേക്കാൾ വ്യതിയാനങ്ങൾ എന്തുകൊണ്ടാണ് വിവർത്തനത്തിൽ സംഭവിക്കുന്നത് എന്ന് അന്വേഷിക്കുമ്പോൾ പഴയകാല സങ്കൽപനങ്ങളായ വിശ്വസ്തതക്കും ആധികാരികതക്കും തുല്യതക്കും പകരം വിവർത്തനത്തിലെ രാഷ്ട്രീയവും വിവർത്തകരുടെ കർത്തൃത്വനിലകളും പരിഗണനാവിഷയമാകുന്നു. വിവിധ വിവർത്തനങ്ങൾ മുൻനിർത്തി എഴുത്തച്ഛന്റെ വിവർത്തനം പരിശോധിക്കുമ്പോൾ പി.കെ. ബാലകൃഷ്ണൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് നവീന വിവർത്തന സമീപനങ്ങളോടാണ് ചാർച്ച എന്നു കാണാം.
എന്തും ചരിത്രപരമായും വ്യക്തമായും പറയുക എന്നത് പി.കെ.ബിയുടെ ലക്ഷ്യമാണ്. കഠിനമായ സാധനയിലൂടെ മാത്രം സാധ്യമാക്കിയ ഒന്നാണിത്. ഉദാഹരണമായി, നമ്പ്യാർക്കുശേഷം എഴുതപ്പെട്ട തുള്ളൽക്കഥകളൊന്നും സാഹിത്യമാകാതെ പോയതെന്തുകൊണ്ട് (കുഞ്ചൻ നമ്പ്യാരെപ്പറ്റി കെട്ടഴിഞ്ഞ ചില നിരീക്ഷണങ്ങൾ) എന്ന ചോദ്യം പി.കെ.ബി ഉയർത്തുന്ന ലേഖനത്തിൽ, പതിഞ്ഞ വർണങ്ങളിൽ സുരഭിലവും സൂക്ഷ്മവുമായ മനുഷ്യസ്വഭാവവശങ്ങൾ ചിത്രീകരിക്കാൻ നമ്പ്യാർ പഠിച്ചതായി തോന്നുന്നില്ല എന്നെഴുതിയ സാഹിത്യപഞ്ചാനനനെയും (കുഞ്ചൻനമ്പ്യാർ) പ്രാസത്തിന്റെ ഒഴുക്കിൽ അർഥത്തെ ഒഴുക്കിക്കളയുന്ന കുഞ്ചൻ നമ്പ്യാരെക്കുറിച്ച് ഖേദിക്കുന്ന പ്രഫ. പി. ശങ്കരൻ നമ്പ്യാരെയും (ഭാഷാചരിത്ര സംഗ്രഹം) അദ്ദേഹം കുഞ്ചൻ നമ്പ്യാരുടെ കവിതകൾ തന്നെ ഉദ്ധരിച്ച് തിരുത്തുന്നതു കാണാം.
അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കാതെ തകഴിയിലെ ശാസ്താ ക്ഷേത്രത്തിന്റെ പുറമ്പോക്കിൽ നിരക്ഷരരായ ഭടജനങ്ങളുടെ മുന്നിൽ മാത്രം തുള്ളൽ അവതരിപ്പിക്കാൻ അവസരം കിട്ടിയിരുന്ന, തികച്ചും ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യത്തിൽ ജീവിക്കേണ്ടി വന്ന പരമ നിസ്വനായ ഒരുവനെ അദ്ദേഹം നിരവധി തുള്ളൽ കൃതികളിലെ വരികൾ മുൻനിർത്തി കണ്ടെടുക്കുന്നതു കാണാം. ആയിരം പേജുവരുന്ന തുള്ളൽ കൃതികൾ രണ്ടു മൂന്നുവട്ടം പൂർണമായി വായിച്ചതിനുശേഷമാണ് അദ്ദേഹം തന്റെ വാദഗതികൾ അവതരിപ്പിക്കുന്നത് എന്നതിൽ കഠിനമായ സാധനയുടെ പ്രകാശനമാണ് ഉള്ളത്. എഴുതിയ വ്യക്തിയെ മുന്നിൽക്കണ്ടല്ലാതെ പി.കെ.ബിക്ക് ഒന്നും എഴുതാനാകില്ല. കുഞ്ഞുണ്ണിക്കവിതയെ വിമർശിക്കുമ്പോൾപോലും ഇക്കാര്യം കാണാം.
‘‘കുഞ്ഞുണ്ണിസ്സാറെ, സാമ്പാറെ
സാറിന്റെ വീട്ടിക്കല്യാണം
സാറു തന്നെ മണവാളൻ
സാറു തന്നെ മണവാട്ടി’’ എന്ന് നാടൻപാട്ട് മാറ്റിയെഴുതിക്കൊണ്ട്, കുഞ്ഞുണ്ണി മാഷിന്റെ വ്യക്തിജീവിതം പറഞ്ഞുകൊണ്ടാണ് കവിതയിലേക്ക് കടക്കുന്നത്.
വിശാലമായ വായന
അദ്ദേഹത്തിന്റെ നിരൂപണം വിപുലമായ വായനാനുഭവത്തിന്റെ അടയാളവാക്കുകളാണ്. കുഞ്ഞുണ്ണിക്കവിതകളെക്കുറിച്ച് എഴുതേണ്ടിവരുമ്പോൾ ‘‘എനിക്കു കവിത വായന കുറവാണ്. പുതിയ കാലത്തെ വിദേശകവിതകളുമായുള്ള സമ്പർക്കം തികഞ്ഞ വട്ടപ്പൂജ്യം’’ (കുഞ്ഞുണ്ണിക്കവിത) എന്നുതന്നെ എഴുതുന്നുണ്ടെങ്കിലും കാവാബത്തയുടെ നോവലുകളിൽനിന്നു പരിചയപ്പെട്ട ഹൈക്കു കവിതകളുമായാണോ അവക്ക് അടുപ്പമെന്ന് ആരായുന്നുണ്ട്.
ലില്ലിപ്പുട്ടിയൻ കവിത എന്ന് കുഞ്ഞുണ്ണിക്കവിതകളെ വിളിക്കുന്നതിലും പാശ്ചാത്യ സാഹിത്യപരിചയം കാണാം.’’ ഇന്ദുലേഖയെ പുൽകാനുള്ള ആശയും അതോടൊപ്പംതന്നെ മികച്ച കഥകളി കാണാനുള്ള ആവേശവും കൂടി പാവം സൂരി നമ്പൂതിരി വിവശനാകുന്ന രംഗത്തെ –(ഇന്ദുലേഖ -നോവൽ) ഹാംലെറ്റിന്റെ (വില്യം ഷേക്സ്പിയർ) ധർമസങ്കടത്തോടാണ് അദ്ദേഹം താരതമ്യപ്പെടുത്തുന്നത്. ഇന്ദുലേഖയിലെ പതിനെട്ടാം അധ്യായത്തെക്കുറിച്ച് പറയുമ്പോൾ കാരമസോവ് സഹോദരന്മാരിൽ ദി ഗ്രാൻഡ് ഇൻക്വിസിറ്റർ എന്ന സിംബോളിക് തത്ത്വ പ്രതിപാദന കഥ അദ്ദേഹം ഓർമിപ്പിക്കുന്നു. ‘ആരോഗ്യനികേതന’ത്തിന്റെ മലയാളത്തിലുണ്ടായ നല്ല പഠനങ്ങളിലൊന്ന് പി.കെ. ബാലകൃഷ്ണന്റേതാണ്.
താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യനികേതനം’ പി.കെ യുടെ പ്രിയഗ്രന്ഥം കൂടിയായിരുന്നു. ആരോഗ്യനികേതനത്തിൽ മരണദേവതയെ പിംഗള കേശിനിയായി അവതരിപ്പിക്കുന്നതിന്റെ ചുവടുപിടിച്ച് ‘ഇനി ഞാൻ ഉറങ്ങട്ടെ’യുടെ ആദ്യ അധ്യായത്തിൽ ‘‘യുദ്ധാനന്തരം കബന്ധങ്ങളുടെ ചോരയും ഞരക്കങ്ങളും ഉയരുന്ന കുരുക്ഷേത്ര ഭൂമിയെ വിവരിക്കുന്ന ഘട്ടത്തിൽ മൃതിയുടെ പിംഗളകേശഭാരംപോലെ കാറ്റുതട്ടി ആകാശത്തിൽ പാറിനടക്കുന്ന ജ്വാലകളുടെ മഞ്ഞനിറം കലർന്ന മേഘപാളികളെ അദ്ദേഹം അവതരിപ്പിക്കുന്നതു കാണാം. കുറിക്കുകൊള്ളുന്നതും വ്യത്യസ്തവുമായ നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ എഴുത്തുകളിലുടനീളം ദൃശ്യമാണ്.
ചില ഉദാഹരണങ്ങൾ: ‘‘ചന്തമുള്ള കുഞ്ഞായി ജനിക്കുന്നവർ മുടികൊഴിഞ്ഞ് പല്ലും പോയി വയസ്സായി മരിക്കുന്ന വെറും ഏർപ്പാടാണ് ജീവിതം.’’ (കുറ്റിപ്പുഴയിലേക്ക് ഒരു സമീപനം എന്ന ലേഖനത്തിൽനിന്ന്) ‘‘സന്മാർഗം വലിയൊരു വെന്തീങ്ങപോലെ കഴുത്തിൽ കെട്ടിത്തൂക്കാനുള്ള പ്രലോഭനം വലിയ പ്രവാചകന്മാർക്കുപോലും പ്രതിരോധിക്കാനായിട്ടില്ല.’’ (ചന്തുമേനോൻ ഒരു പഠനം.) ‘‘I792ലാണല്ലോ ടിപ്പുവിന്റെ ആദ്യ പരാജയവും അതേത്തുടർന്നു നമ്മുടെ രാഷ്ട്രീയ പതനവും സംഭവിക്കുന്നത്.’’ ( ചന്തുമേനോൻ –ഒരു പഠനം.)

സർഗാത്മക എഴുത്തുകാരൻ
രണ്ടേ രണ്ടു നോവലുകളാണ് പി.കെ. ബാലകൃഷ്ണൻ എഴുതിയിട്ടുള്ളത്. ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’, ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്നിവയാണവ. ‘പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ’ എന്ന നോവലിൽ പ്ലൂട്ടോ എന്ന പേരുള്ള നായയും എടവനക്കാട് ബസാറും പി.കെ. ബാലകൃഷ്ണനും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയാണ് കഥാപാത്രങ്ങൾ. മലയാളത്തിൽ ആദ്യമായി ഒരു നായ, കേന്ദ്ര കഥാപാത്രമാകുന്ന നോവൽ എന്ന പ്രത്യേകതയുണ്ട്. എങ്കിലും നോവൽ എന്നതിനേക്കാൾ ഓർമക്കുറിപ്പിന്റെ സ്വഭാവമാണ് ഈ കൃതിക്കുള്ളത്. പി.കെ. ബാലകൃഷ്ണന് ഏറെ പ്രിയപ്പെട്ട നോവലായിരുന്നു ഇത്. ഈ നോവലിന് കലാമൂല്യം കുറവെന്നും ‘Platero and l’ എന്ന സ്പാനിഷ് നോവൽ വായിച്ചുനോക്കണമെന്നും എം. കൃഷ്ണൻ നായർ ‘സാഹിത്യവാരഫല’ത്തിൽ അഭിപ്രായപ്പെട്ടത് അക്കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന നോവലിന്റെ അവസ്ഥ അങ്ങനെയല്ല.
‘‘ഒറിജിനാലിറ്റി ആണ് പ്രധാനമെങ്കിൽ ആരെങ്കിലും ഇനി ഞാൻ ഉറങ്ങട്ടെ എഴുതാമോ? പി.കെ. ബാലകൃഷ്ണനും എം.ടിക്കും നോവൽ എഴുതാൻ അറിയാഞ്ഞിട്ടാണോ അവർ വിഷയം കടംകൊണ്ടത്? മൂല്യനിർണയനത്തിനുള്ള മാനദണ്ഡം ഒറിജിനാലിറ്റി അല്ല’’ (വാക്ക് സമം ജീവിതം) എന്ന് എം.എൻ. വിജയൻ എഴുതിയതോർക്കുക. വ്യാസഭാരതത്തിൽ വിസ്തൃതമായി പ്രതിപാദിക്കുന്ന കർണകഥ എന്തുകൊണ്ട് എഴുത്തച്ഛനിൽ നന്നേ ശുഷ്കമായി (കർണപർവം ഉണ്ടെങ്കിലും) പോയി എന്ന അന്വേഷണമാണ് അദ്ദേഹത്തെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയിലേക്കെത്തിക്കുന്നത്. ഇതിഹാസങ്ങൾ ഉപജീവിക്കുമ്പോൾ കഥാപാത്രങ്ങളുടെ സ്വഭാവഗതിക്ക് മാറ്റം വരുത്താൻ പാടില്ലെന്ന കുട്ടികൃഷ്ണമാരാരുടെ സമീപനമാണ് അദ്ദേഹം പിന്തുടരുന്നത്.
‘‘കാവ്യനിരൂപണത്തിലെ പല പഴയ ധാരണകളെയും തിരുത്തിയതുപോലെ മഹാഭാരതേതിഹാസത്തിലെ ഒരു വിടവ് വെളിപ്പെടുത്താൻ ആണ് ‘ഇനി ഞാൻ ഉറങ്ങട്ടെ’ ശ്രമിക്കുന്നത്. കഥയായി പറയുമ്പോൾ ഇതിഹാസത്തിന് പുതിയ മാനം കൈവരുന്നു. മലയാളം നോവലിൽ ഒരു പുതിയ വ്യതിയാനത്തിന് വഴിയൊരുക്കിയ കൃതിയാണ് ഈ ഇതിഹാസ നോവൽ. മഹാപ്രഭാവനായ കർണന്റെ നീണ്ടുനിൽക്കുന്ന നിഴൽ എഴുത്തച്ഛന്റെ ഭാരതത്തിൽ വ്യക്തമായി കാണുന്നില്ല എന്ന തോന്നലിൽനിന്നാണ് അതിലെ കർണചിത്രീകരണം ഉറവ എടുക്കുന്നത്; (ബാലകൃഷ്ണൻ തനിക്കു താൻ മാതൃക –അയ്യപ്പപ്പണിക്കർ) രണ്ടാമത്തെ വയലാർ അവാർഡ് ലഭിച്ച കൃതികൂടിയാണിത്.
മനോവേദനകളുടെ കൂർത്ത മുനകളിൽ പിതാമഹനെപ്പോലെ ശരശയനംചെയ്യുന്ന കഥാപാത്രങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളാലും ഖേദചിന്തകളാലും അടിമുടി ദുഃഖമുദ്രിതമാണ് ഈ നോവലിലെ ഓരോ പേജും. സന്ദേഹങ്ങളെ പ്രസവിക്കുന്ന ഒരു കാട്ടുമൃഗത്തെപ്പോലെയുള്ള ബുദ്ധിയുമായി, ചോദ്യങ്ങളുതിർക്കുന്ന ദ്രൗപദിയിലൂടെയാണ് നോവൽ മുന്നോട്ടുനീങ്ങുന്നത്. കീർത്തി ശാലിനിയാക്കുന്നതും മനുഷ്യസാധ്യമല്ലാത്തതുമായ വരം, ക്ഷിപ്രപ്രസാദിയായ ദുർവാസാവിൽനിന്ന് ലഭിച്ചിട്ടും ജന്മദീർഘമായ കഠിനദുഃഖങ്ങൾക്കു മാത്രമത് കാരണമാകുന്നതറിഞ്ഞ് ഒന്നു കരയാൻ പോലുമാകാതെ ഒരു ജന്മം മുഴുവൻ രഹസ്യമായി ഉരുകിത്തീരാൻ വിധിക്കപ്പെട്ട കുന്തിയുടെ നോവും വായനക്കാരിൽ ആഴത്തിൽ നോവുപടർത്തുന്നു.

മനുഷ്യലോകത്തിൽ യാതൊന്നാണ് സത്യമായിട്ടുള്ളത്? (അശ്വത്ഥാമാവ്), ലോകവിനാശം കുറിച്ച കുന്തിയുടെ ദുഃഖമെന്താണ്? (ദ്രൗപദി), ചത്തു ചാമ്പലാവുന്ന മനുഷ്യന് യശസ്സിനാൽ എന്തു കാര്യമാണുള്ളത് (സൂര്യൻ), താൻ എന്നെങ്കിലും തനിക്കുവേണ്ടി തനിക്കുമാത്രം വേണ്ടി സ്നേഹിക്കപ്പെട്ടിരുന്നോ? (ദ്രൗപദി), ശ്രേയസ്സ് സ്വയംഭൂവാണോ വാസുദേവാ? (കർണൻ), ‘‘യുധിഷ്ഠിരാ, നീചനായ സുയോധനനു ജന്മമരുളാൻ വിധി എന്തിനാണു മഹാവ്രതയായ ഗാന്ധാര രാജപുത്രിയുടെ പവിത്രമായ ഗർഭം തിരഞ്ഞെടുത്തത്? പവിത്രമായ ആ മാതൃത്വത്തിന് പുത്രസൽക്രിയകൾക്ക് അർഹതയില്ലാതെ വന്നതെന്താണ്? (ദ്രൗപദി)
കറുത്ത വിചാരങ്ങളിൽ മഗ്നനായിരിക്കുന്നവർ ഉയർത്തുന്ന ചോദ്യങ്ങളിൽ ചിലവ മാത്രമാണിവ. സ്വന്തം ജ്യേഷ്ഠന്റെ വീര്യത്തെ ഭയന്ന് പതിമൂന്നു വർഷം നിദ്രയില്ലാതെ കഴിഞ്ഞ യുധിഷ്ഠിരൻ, യുദ്ധാനന്തരം തങ്ങൾ വധിച്ചത് സ്വന്തം ജ്യേഷ്ഠനെത്തന്നെയെന്ന് തിരിച്ചറിയുമ്പോൾ കൊടും പാപത്തിന്റെ ആത്മവിനാശപരമായ ഉൾത്താപത്താൽ അനുനിമിഷം ദ്രവിച്ചുരുകുന്ന കാഴ്ച നൽകുന്ന സ്തോഭം വലുതും മഹത്തരവുമാണ്.
സ്ഥിരചിത്തനും അക്ഷോഭ്യനുമായി തന്റെ ജീവന്റെ ആധാരശിലകളായ കവചകുണ്ഡലങ്ങൾതന്നെ ദാനംചെയ്ത് കർമമണ്ഡലങ്ങളിൽ വീര്യവാനും ധീരത്യാഗിയുമായി തുടരുന്ന, കർണന്റെ കൊടുംതപസ്സിനു തുല്യം ദാർഢ്യതയേറിയ കഠിനധർമവഴികളുടെ സഹനഭൂമിയിലൂടെ, ഇതിഹാസം ഉയർത്തുന്ന ധാർമികപ്രാധാന്യമുള്ള ചോദ്യങ്ങളുടെ ശരമുനയേറ്റു ഉള്ളു തറഞ്ഞു പിടഞ്ഞുകൊണ്ടല്ലാതെ ഒരാൾക്കും വായിച്ചു കടന്നുപോകാൻ കഴിയാത്ത ധർമസങ്കടങ്ങളുടെ മഹാവിസ്താരഭൂമി കൂടിയാണ് ഈ നോവൽ. മലയാള ഭാഷയിൽ പണിത മഹാഗോപുരമായ ഈ കൃതിയെ, എട്ടരക്കട്ടയിലെഴുതിയ നിലവിളി എന്ന് എം. കൃഷ്ണൻ നായർ അപഹസിച്ച് ‘വാരഫല’ത്തിലെഴുതിയെങ്കിലും, വാസ്തവത്തിൽ ഈ കൃതി എഴുതിയതോടെ, പി.കെ. ബാലകൃഷ്ണൻ മലയാള സാഹിത്യത്തിലെ അതുല്യനായ സർഗാത്മക എഴുത്തുകാരൻകൂടിയായി മാറുകയായിരുന്നു.
