Begin typing your search above and press return to search.
proflie-avatar
Login

കർണൻ!

കർണൻ!
cancel

മാധ്യമം പത്രത്തിന്റെ ആദ്യ ചീഫ് എഡിറ്ററായിരുന്ന പി.കെ.ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ ഒപ്പമുള്ള നിമിഷങ്ങളെയും ഓർമിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ. മഹാഭാരതത്തിലെ കർണൻ സത്യസന്ധനായ നിഷേധിയാണ്​. ഒറ്റയാനാണ്​. ആരെയും കൂസാത്ത ആ കഥാപാത്രത്തെയാണ്​, പി.കെ. ബാലകൃഷ്ണൻ ത​ന്റെ നോവലായ ‘ഇനി ഞാൻ ഉറങ്ങ​െട്ട’ എന്ന മഹത്തായ കൃതിയിലേക്ക്​ ആവാഹിച്ചത്​. അതേ സ്വഭാവ വിശേഷങ്ങളായിരുന്നില്ലേ പി.കെ. ബാലകൃഷ്​ണൻ എന്ന സാഹിത്യകാരനിലും പത്രപ്രവർത്തകനിലും അദ്ദേഹത്തി​ന്റെ രാഷ്​ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നതെന്ന്​ ​ആർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടാനാവില്ല. ആരെയും കൂസാത്ത ആ...

Your Subscription Supports Independent Journalism

View Plans
മാധ്യമം പത്രത്തിന്റെ ആദ്യ ചീഫ് എഡിറ്ററായിരുന്ന പി.കെ.ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ ഒപ്പമുള്ള നിമിഷങ്ങളെയും ഓർമിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകൻ.

മഹാഭാരതത്തിലെ കർണൻ സത്യസന്ധനായ നിഷേധിയാണ്​. ഒറ്റയാനാണ്​. ആരെയും കൂസാത്ത ആ കഥാപാത്രത്തെയാണ്​, പി.കെ. ബാലകൃഷ്ണൻ ത​ന്റെ നോവലായ ‘ഇനി ഞാൻ ഉറങ്ങ​െട്ട’ എന്ന മഹത്തായ കൃതിയിലേക്ക്​ ആവാഹിച്ചത്​. അതേ സ്വഭാവ വിശേഷങ്ങളായിരുന്നില്ലേ പി.കെ. ബാലകൃഷ്​ണൻ എന്ന സാഹിത്യകാരനിലും പത്രപ്രവർത്തകനിലും അദ്ദേഹത്തി​ന്റെ രാഷ്​ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നതെന്ന്​ ​ആർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടാനാവില്ല. ആരെയും കൂസാത്ത ആ പ്രകൃതം അദ്ദേഹത്തിന്​ അധികം

സ​ൗഹൃദങ്ങളൊന്നും സമ്മാനിച്ചില്ല. വളരെ ചെറിയതെങ്കിലും ആത്മാർഥ സുഹൃത്തുക്കളുടെ ചെറിയ വലയത്തിനുള്ളിൽ അവസാനകാലം അദ്ദേഹം ഒതുങ്ങിക്കൂടി. മറ്റു പല സാഹിത്യ സാംസ്​കാരിക പ്രവർത്തകരെയുംപോലെ പുരസ്​കാരങ്ങൾക്ക​ുവേണ്ടിയോ സ്ഥാനമാനങ്ങൾക്കുവേണ്ടിയോ അപ്രമാദിത്വം കാട്ടാനോ അദ്ദേഹം ആരുടെയും പിന്നാലെ നടന്നില്ല. പ്രലോഭിപ്പിക്കാൻ വന്നവരെ വിരട്ടിയോടിച്ചു. വാഗ്​ദാനങ്ങൾക്ക്​ പുല്ലുവില കൽപിച്ചു. മലയാള സാഹിത്യരംഗത്തും പത്രപ്രവർത്തന രംഗത്തും സാംസ്​കാരിക, സാമൂഹിക മേഖലകളിലും അദ്ദേഹം ഒറ്റയാനായി തലയെടു​േപ്പാ​െട തിളങ്ങിനിന്നു. സമൂഹത്തി​ന്റെ നീതിക്കും സമത്വത്തിനും വേണ്ടി, ഒരു പുരുഷായുസ്സു മുഴുവൻ താൻ വിരാജിച്ച എല്ലാ മേഖലകളിലും പടപൊരുതി. പുറമെ ശാന്തനെങ്കിലും വിക്ഷുബ്ധ മാനസനായിരുന്നു അദ്ദേഹം എന്ന്​ പലപ്പോഴും തോന്നിയിട്ടുണ്ട്​്​. ആ കണ്ണുകളിൽ അതി​ന്റെ തീക്ഷ്ണത എപ്പോഴും നിറഞ്ഞു തിളങ്ങി നിൽക്കുന്നതായും തോന്നിയിട്ടുണ്ട്​.

പി.കെ.ബിയുടെ മരണ​േശഷം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ (ഇപ്പോഴത്തെ അയ്യൻകാളി സ്​മാരക ഹാൾ) ‘മാധ്യമം’ നടത്തിയ അനുസ്​മരണ സമ്മേളനവേദിയിൽ വെക്കാൻ അദ്ദേഹത്തിന്റെ ഒരു ചിത്രം വേണമായിരുന്നു. വലിയ ഫോ​േട്ടാ ഒന്നും കിട്ടാതിരുന്ന സാഹചര്യത്തിൽ ഒരു ചിത്രം വരച്ചെടുക്കാനുള്ള ചുമതല ‘മാധ്യമ’ത്തി​ന്റെ ആർട്ടിസ്​റ്റായിരുന്ന ടി.പി. നായർ എന്ന ഞങ്ങളുടെ ടി.പി​ച്ചേട്ടൻ ഏറ്റെടുത്തു. അദ്ദേഹം മനോഹരമായ ഒരു ചിത്രം മണിക്കൂറുകൾകൊണ്ട്​ വരച്ചുതീർത്തു. എല്ലാവർക്കും ആ ചിത്രം ഇഷ്ടമായിട്ടും ടി.പിച്ചേട്ടന്​ തൃപ്​തി പോരാ. പി.കെ.ബിയുടെ കണ്ണുകളിലെ കനൽ കുറേക്കൂടി. തിളങ്ങി. ആ ജ്വാല ആ ചിത്രകാര​െന വല്ലാതെ സ്വാധീനിച്ചിരുന്നു എന്ന്​ വ്യക്തം.​ പലതവണ അത്​ മാറ്റിവരച്ച്​ തിളക്കം കൂട്ടിയശേഷമാണ്​ അദ്ദേഹം അടങ്ങിയത്​.

അതേ, ഒരു വിപ്ലവകാരിയുടേതായ ജ്വാല എന്നും ആ കണ്ണുകളിൽ ജ്വലിച്ചു നിന്നിരുന്നു. പി.കെ.ബി, രാഷ്​ട്രീയ-സാംസ്​കാരിക നേതാക്കന്മാരിൽ പലരും ഭയക്കുന്ന ശക്തനായ ഒരു നിശ്ശബ്ദ വിപ്ലവകാരിയായിരുന്നു. കേരള ചരിത്രത്തിലും ദേശീയചരിത്രത്തിലും നിലനിന്ന പല കെട്ടുകഥകളെയും തിരുത്തിക്കുറിച്ച ചരിത്രകാരൻകൂടിയായിരുന്നു അദ്ദേഹം. ചരിത്രത്തി​ന്റെ വിവിധ മേഖലകളിൽ അതു പടർത്തിയ അഗ്നിത്തരികൾ പിന്നീട്​ സാംസ്​കാരിക സ്​പന്ദനങ്ങളായും നവോത്ഥാന പ്രേരണകളായും വളർന്നുവന്നു. ‘മാധ്യമ’ത്തിന്​ ആ ചൂടും ചൂരും ഏറെക്കാലം പകർന്നുകിട്ടിയത്​ പത്രത്തി​ന്റെ തുടക്കത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമെന്നേ പറയേണ്ടൂ.

‘മാധ്യമ’ത്തി​ന്റെ ആദ്യ ചീഫ്​ എഡിറ്ററായി പി.കെ.ബി സ്ഥാനമേറ്റത്​ വൈക്കം മുഹമ്മദ്​ ബഷീറിന്റെ നിർദേശത്തെ തുടർന്നായിരുന്നു. പി.കെ. ബാലകൃഷ്​ണ​ന്റെ ആദർശത്തിനും ധാർമികബോധത്തിനും ചേർന്നുപോകുന്ന ഒരു പ്രസ്ഥാനമായിരിക്കും ‘മാധ്യമം’ എന്നാണ്​ അന്ന്​ ബേപ്പൂർ സുൽത്താൻ തന്നോടു പറഞ്ഞതെന്ന്​ പി.കെ.ബി പിന്നീട്​ പറഞ്ഞിട്ടുണ്ട്​. പത്രത്തി​ന്റെ മുഖ്യ പത്രാധിപ പദവിയിലേക്ക്​ അദ്ദേഹത്തെ ക്ഷണിക്കാനായി പത്രത്തി​ന്റെ ശിൽപികളിൽ പ്രധാനികളായ പ്രഫ. സിദ്ദീഖ്​ ഹസ്സൻ സാഹിബിനും വി.കെ. ഹംസ സാഹിബിനും ഒപ്പം അന്നത്തെ തിരുവനന്തപുരം ലേഖകരായ പി. മാഹീനും ഇന്നത്തെ സംസ്ഥാന ഇലക്ഷൻ കമീഷണറായ എ. ഷാജഹാൻ ​െഎ.എ.എസും കൂടി ഉണ്ടായിരുന്നു. പത്രത്തി​െന്റ സാരഥ്യം ഏറ്റെടുക്കണമെന്നു നിർദേശിച്ചുള്ള വൈക്കം മുഹമ്മദ്​ ബഷീറി​ന്റെ കത്ത്​ പി.കെ.ബി അവരെ വായിച്ചു കേൾപ്പിച്ചു.

 

കേരള സാഹിത്യ അക്കാദമിയിൽ പി.കെ. ബാലകൃഷ്ണന്റെ ഛായാചിത്രം എം.വി. ദേവൻ അനാച്ഛാദനം ചെയ്യുന്നു

ബഷീർ പറഞ്ഞാൽ തനിക്ക്​ നിഷേധിക്കാനാവില്ലെന്നും എന്നാൽ കോ ഴിക്കോട്ടുവന്ന്​ ജോലി ചെയ്യാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ തിരുവനന്തപുരം ബ്യൂറോ യിലിരുന്ന്​ മേൽനോട്ടം വഹിക്കാമെന്നും അദ്ദേഹം ഏറ്റകാര്യം ഷാജഹാൻ ഒാർക്കുന്നു. അദ്ദേഹം എഴുതിയ ‘ഗിരി പ്രസംഗങ്ങളും അധിക പ്രസംഗങ്ങളും’ എന്ന രാഷ്​ട്രീയ^സാമൂഹിക വിമർശന പംക്തി, അന്ന്​ ബാല്യദശയിലുള്ള മാധ്യമത്തിന്​ പ്രായത്തിൽ കവിഞ്ഞ പക്വതയും സമരോത്സുകതയും ഉൗർജവും ഒാജസ്സും നൽകിയിരുന്നു. ഏറെ അനുവാചകരുണ്ടായിരുന്ന ആ പംക്തിയെ പല പ്രമുഖരും ഭയപ്പെട്ടു. വായനക്കാർ അതിനായി കാത്തിരുന്നു. സർക്കാർ സർവിസിലേക്ക്​ ഷാജഹാൻ പോകു​േമ്പാൾ പി.കെ.ബി അതിനെ വിലക്കിയതും ഷാജഹാ​ന്റെ ഒാർമയിലുണ്ട്. മന്ത്രിമാരും എം.എൽ.എമാരും അടങ്ങുന്ന രാഷ്​ട്രീയക്കാരുടെ മുന്നിൽ ഒാച്ചാനിച്ചു നിൽക്കാൻ പോകാതെ പത്രപ്രവർത്തനത്തിൽ തുടരാനാണ്​, പി.കെ.ബി അന്ന്​ നിർദേഹിച്ചത്​. പക്ഷേ, അപ്പോഴേക്കും ഷാജഹാൻ സർവിസിൽ ചേർന്നു കഴിഞ്ഞിരുന്നു.

ഒരു തികഞ്ഞ അംബേദ്കറിസ്​റ്റായിരുന്നു, പി.കെ.ബി. അതേസമയം, മഹാത്മാ ഗാന്ധിയെ ഇത്ര അഗാധമായും വിശദമായും പഠിച്ച മറ്റൊരാൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന്​ സംശയമാണ്. ‘മാധ്യമ’ത്തിൽ ചേർന്നശേഷം ആദ്യമായി ഞാൻ അദ്ദേഹ​െത്ത കാണുന്നത്​, തിരുവനന്തപുരത്ത്​ വെള്ളയമ്പലം കുന്നി​ന്റെ മുകളിലുള്ള ഉദാരശിരോമണി റോഡ്​ അവസാനിക്കുന്ന അങ്ങേയറ്റത്ത്​ സ്വയം രൂപകൽപന ചെയ്​തുണ്ടാക്കിയ മനോഹരമായ വീട്ടിൽവെച്ചാണ്​. വലിയൊരു പുസ്​തകശേഖരമുള്ള ആ വീട്ടിൽ എഴുത്തും വായനയുമായി കഴിയുന്ന അദ്ദേഹത്തി​ന്റെ സ്ഥിരം സന്ദർശകനാകേണ്ടിവന്നത്​ ഒരനുഗ്രഹമായി മാറി. അവിടെ ചെല്ലുേമ്പാഴെല്ലാം ആ വീട്ടിലെ ഷഡ്​കോണാകൃതിയുള്ള സ്വീകരണമുറിയിൽ ഇൗസിചെയറിൽ ഇരിക്കുന്ന അദ്ദേഹത്തിന്​ സാംസ്​കാരിക സാഹിത്യ രംഗത്തെ ഏതെങ്കിലും സന്ദർശകർ മിക്കപ്പോഴും ഉണ്ടായിരുന്നു.

 

ബഷീറിന്റെ കത്ത്

‘മാധ്യമം’ ദിനപത്രത്തിന്റെ പത്രാധിപരായി ചുമതലയേൽക്കുന്ന പി.കെ. ബാലകൃഷ്ണന് സാഹിത്യകുലപതി വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കത്ത്. മാധ്യമത്തിന്റെ ആദ്യ പത്രാധിപരായി പി.കെ. ബാലകൃഷ്ണൻ ചുമതലയേറ്റതിന് പിന്നിൽ ബഷീറിന്റെ നിർബന്ധമായിരുന്നു.

ആരും ഇല്ലാത്ത അപൂർവം സന്ദർഭങ്ങളിൽ സ്വന്തം മുറിയിലേക്ക്​ അദ്ദേഹം കൂട്ടി​ക്കൊണ്ടു പോയിട്ടുണ്ട്​. ഷാജഹാനോടൊപ്പമാണ്​ ആദ്യമായി ആ മുറിയിൽ കയറിയതെന്ന്​ ഞാൻ ഒാർക്കുന്നു. വലി​​െയാരു കുന്നി​ന്റെ സീമയിൽ സൂര്യോദയം കണ്ട്​ ഉറക്കമുണരാൻ കഴിയുന്ന മുറിക്ക്​ കിഴക്ക്​ ശാസ്തമംഗലവും കഴിഞ്ഞ്​ മൈലുകൾക്കപ്പുറത്തുള്ള മലനിരകൾ വരെ നീളുന്ന ദൃശ്യഭംഗി! അത്​ ഒട്ടും ചോരാതെ ആസ്വദിക്കാൻ കഴിയും വിധം വലിപ്പമുള്ള ജനാലകൾ. ആ മുറിയിൽ അത്യാവശ്യം വേണ്ട പുസ്​തകങ്ങൾ. പിന്നെ കുറേയേറെ നോട്ടുബുക്കുകൾ. അവയിലേക്ക്​ കൗതുക​േത്താടെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു, ‘‘അതൊക്കെ ഗാന്ധിയെക്കുറിച്ച്​ വായിച്ചെഴുതിയ നോട്ടുകളാണ്​. കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ ഗാന്ധിയെ പഠിക്കുകയായിരുന്നു. കിട്ടാവുന്ന എല്ലാ പുസ്​തകങ്ങളും ഞാൻ വായിച്ചു. ഒരു ആന്തോളജി എഴുതണമെന്ന്​ കരുതിയിരുന്നു. പിന്നീട്​ വേണ്ടെന്നുവച്ചു.’’

ഗാന്ധിജിയെ സംബന്ധിച്ച്​ ലഭ്യമായ എല്ലാ കൃതികളും വായിച്ചശേഷം എഴുതേണ്ടെന്നു തീരുമാനിച്ചതെന്തെന്ന ചോദ്യത്തിന്​ മറുപടി ഇങ്ങനെയായി: ‘‘ഞാൻ എന്നും ഗാന്ധിയുടെ ഒരു വിമർശകനാണെന്നറിയാമല്ലോ. അ​ംബേദ്​കറി​ന്റെ ആശയങ്ങളോട്​ ആഭിമുഖ്യം പുലർത്തുന്ന ആളുമാണ്​. എന്നാൽ, ഗാന്ധിയെ വായിക്കുന്തോറും അതെ​െന്ന അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. എന്തൊരു ജീവിതമാണത്​! എന്തൊരത്ഭുത പ്രതിഭാസമാണത്​! എ​ന്റെ കയ്യിൽ ഒതുങ്ങാത്ത ഒരു മഹാവിസ്മയമാണ്, ഗാന്ധി. എനിക്ക്​ അതെഴുതാൻ കഴിയുമെന്നു തോന്നുന്നില്ല.’’

ഗാന്ധിയോട്​ ഭക്തി തോന്നിത്തുടങ്ങിയോ എന്ന കുസൃതി ചോദിച്ചപ്പോൾ ഒരിക്കലും ഇല്ലെന്നായിരുന്നു, മറുപടി. ഗാന്ധിയുടെ പല രീതികളും ആദർശങ്ങളും വിമർശനാത്മകം തന്നെയാണ്​. പക്ഷേ, ലോകത്തിൽതന്നെ ഏറ്റവും അപൂർവമായ, ഒരിക്കലും ഒരിടത്തും കാണാനാവാത്ത മഹാ​പ്രതിഭാസമാണാ ജീവിതം. കോൺഗ്രസുകാരെന്നല്ല, ഇന്ത്യയിലെതന്നെ ഏതെങ്കിലും രാഷ്​ട്രീയക്കാർ അത്​ മനസ്സിലാക്കിയിട്ടുണ്ടോയെന്ന്​ സംശയമാണ്​. ഏതായാലും ഞാൻ അതിൽ കൈ​െവക്കുന്നില്ല.’’ സമയക്കുറവിനാൽ അന്ന്​ ആ സംഭാഷണം കൂടുതൽ നിണ്ടില്ല.

എങ്കിലും ഗാന്ധിയെക്കുറിച്ച്​ അദ്ദേഹം എഴുതണമെന്ന എ​ന്റെ ആഗ്രഹം പലകുറി പറഞ്ഞിട്ടുണ്ട്. ആലോചിക്കാം എന്നദ്ദേഹം പറയുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, അതിനുള്ള സമയം (അദ്ദേഹത്തി​ന്റെ മെന്റർകൂടിയായ ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ) ദൈവത്തി​ന്റെ ഖജനാവിൽനിന്നും അദ്ദേഹത്തിനു ലഭിച്ചില്ല. ശ്രീനാരായണ ഗുരുവിനെ പറ്റി അദ്ദേഹം തയാറാക്കിയ ആന്തോളജിയെ മറികടന്ന്​ ഗുരുവി​െന പഠിക്കാൻ കഴിയാത്ത വിധം ആധികാരികവും ബൃഹത്തുമാണ്​. അദ്ദേഹം ടിപ്പു സുൽത്താ​ന്റെ ജീവിതകഥയെഴുതിയത്, അതുവരെ ടിപ്പുവിനെ പറ്റി പടർന്നിരുന്ന എല്ലാ മിത്തുകളെയും കാറ്റിൽ പറത്തിയായിരുന്നു. അദ്ദേഹം കൈ​െവച്ച എല്ലാ വിഷയങ്ങളിലും മികവി​ന്റെയും ആധികാരികതയുടെയും നിറവുണ്ടായിരുന്നു.

 

ചീഫ്​ എഡിറ്ററായിരുന്ന പി.കെ.ബി, ‘മാധ്യമ’ത്തി​ന്റെ തിരുവനന്തപുരം ബ്യൂറോയിൽ നിത്യവും എത്തും. അവിടെനിന്ന്​, ​അന്ന്​ എഡിറ്റർ ഇൻചാർജ് ആയിരുന്ന ഒ. അബ്ദുറഹ്​മാൻ സാഹിബിനെയും അസോസിയേറ്റ്​ എഡിറ്ററായിരുന്ന ഒ. അബ്ദുല്ല സാഹിബിനെയുമൊ​െക്ക ബന്ധ​െപ്പടുകയും നിർദേശങ്ങൾ നൽകുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്​തിരുന്നു. ‘മാധ്യമ’ത്തി​ന്റെ എഡിറ്റോറിയലുകളിൽ ഭൂരിഭാഗവും ഇവർ രണ്ടുപേരുമാണ്​ അക്കാലത്ത്​ എഴുതിയിരുന്നത്​. അപൂർവമായി പി.കെ.ബിയും. എങ്കിലും മികച്ച എഡിറ്റോ റിയലുകളുടെ പേരിൽ ബാലകൃഷ്​ണൻ സാറിനെ പലരും അഭിനന്ദിക്കാറുണ്ടായിരുന്നു. അവരോടൊ​െക്ക അദ്ദേഹം പറയുമായിരുന്നത്​ ഇങ്ങനെയാണ്​ –‘‘പലരും കരുതിയിരിക്കുന്നത്​ ഞാനാണ്​ ഇതെല്ലാം എഴുതുന്നത്​ എന്നാണ്​. പക്ഷേ എനിക്കും അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ എഴുതുന്ന രണ്ടു സഹോദരന്മാർ കോഴിക്കോട്ട് ഉണ്ട്​. നല്ല മൂർച്ചയുള്ള എഴുത്താണ്, അവരുടേത്​. അതുകൊണ്ടാണ്​, നിങ്ങൾ എ​ന്റെ പേരിൽ ഇത്​ ആരോപിക്കുന്നത്.​’’

വൈകുന്നേരങ്ങളിൽ പി.കെ.ബി ഒാഫിസിൽ വരു​േമ്പാൾ സുഹൃത്തുക്കളായ ആരെങ്കിലും ഉണ്ടാകും. മിക്കവാറും കവി ഡോ. കെ. അയ്യപ്പപ്പണിക്കർ, പ്രഫ. എം.കെ. സാനു, അല്ലെങ്കിൽ പിൽക്കാലത്ത്​ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രൈവറ്റ്​ ​െസക്രട്ടറിയായ സാഹിത്യകാരൻകൂടിയായ ഇ.എൻ. മുരളീധരൻ നായർ, അപൂർവമായി ഡോ. എം. ഗംഗാധരൻ അങ്ങനെ ചിലർ മാത്രം. അതോടെ, ഒാഫിസിൽ അദ്ദേഹത്തി​ന്റെ മുറി ഒരു ചർച്ചാവേദിയായി മാറും. അന്തർദേശീയ-ദേശീയ-സമകാലിക വിഷയങ്ങൾ പലതും അവി​െട വരും. രാഷ്​ട്രീയവും സാഹിത്യവും സാംസ്​കാരികവുമായ പലതും ചർച്ചയാകും. വലിയ തിരക്കില്ലാത്ത ദിവസങ്ങളിൽ ബ്യൂറോയിലുള്ള ഞങ്ങൾക്കും അത്​ ഒരു പാഠശാലയായി മാറും. അന്നത്തെ ഫിലിം സർട്ടിഫിക്കേഷൻ ബോർഡിൽ പി.കെ.ബി ഉണ്ടായിരുന്നു. അതി​ന്റെ മീറ്റിങ് കഴിഞ്ഞ്​ തിരിച്ചുവരു​േമ്പാൾ ബോർഡ്​ യോഗത്തിൽ മുറിച്ചുകളഞ്ഞ ‘വഷളത്തരങ്ങളെ’ പറ്റി അദ്ദേഹം പറയാറുണ്ടായിരുന്നു. ‘‘എത്രയെന്നുവച്ചാണ്​ മുറിച്ചു കളയുന്നത്​? ഇ​െതാക്കെയാണോ സിനിമ?’’ അദ്ദേഹം ഒരിക്കൽ ചോദിച്ചു.

അക്കാലത്ത്​ സാമൂഹിക-രാഷ്​ട്രീയ പ്രശ്​നങ്ങളിൽ സാഹിത്യ സാംസ്​കാരിക നായകന്മാർ സംയു​ക്ത പ്രസ്​താവനകൾ ഇറക്കാറുണ്ട്. ഇത്തരം പ്രസ്​താവനകളിൽ പി.കെ.ബിയുടെയോ അയ്യപ്പപ്പണിക്കർ സാറി​ന്റെയോ അവരുടെ കൂ​െട വരാറുള്ള മറ്റു സാംസ്​കാരിക നേതാക്കളു​​െടയോ പേര്​ ഒരിക്കലും കാണാറില്ല. ചില വലിയ വിഷയങ്ങൾ വിവാദമാകു​േമ്പാൾ മാധ്യമപ്രവർത്തകർ സാംസ്​കാരിക നേതാക്കളുടെ അഭിപ്രായം തേടാറുമുണ്ട്.

അതിനായി പി.കെ.ബി​െയയും അയ്യപ്പപ്പണിക്കർ സാറിനെയും വിളിച്ചിട്ടുണ്ട്​. എന്നാൽ, ഒരിക്കലും ഒരു കൂട്ടപ്രതികരണ ലിസ്​റ്റിൽ ചേരാൻ ഇവർ തയാറായിട്ടില്ല. ഇവർ രണ്ടുപേരും ഒാഫിസിൽ ഇരിക്കവേ ഇതേക്കുറിച്ച്​ ചോദിച്ചപ്പോൾ, പണിക്കർ സാറാണ്​ മറുപടി പറഞ്ഞത്​ – ‘‘അതിനൊക്കെ താൽപര്യമുള്ള ഒരുപാടുപേർ ഉണ്ട​േല്ലാ. അവരെക്കൊണ്ട്​ തൃപ്​തിപ്പെടൂ. ഞങ്ങളെ വെറുതേ വിടൂ.’’ പണിക്കർ സാറും ബാലകൃഷ്​ണൻ സാറും ഉരുളക്കുപ്പേരിപോലെ നർമമധുരമായി പ്രതികരിക്കാൻ കഴിവുള്ളവരാണ്​. പക്ഷേ അ​െതാക്കെ സ്വകാര്യ സംഭാഷണങ്ങളിലും സ്വന്തം കൃതികളിലും മാത്രം മതിയെന്നതാണ്​, കർക്കശ നിലപാട്​.

 

ഒരിക്കൽ കേരളത്തിലെ അറിയപ്പെടുന്ന ഒരു സാംസ്​കാരിക നേതാവ്​ നടത്തിവന്ന ഒരു സ്ഥാപനത്തിലെ ക്രമക്കേട്​ വാർത്തയാക്കേണ്ടിവന്നു. മറ്റാർക്കും കിട്ടാത്തത് പൂർണമായും രേഖകൾ സഹിതം ലഭിച്ച വാർത്തയാണത്​. തലേദിവസം ഇതേക്കുറിച്ചു ചോദിക്കാൻ ചീഫ്​ എഡിറ്ററായ പി.കെ.ബിയെ വിളിച്ചെങ്കിലും വീട്ടിൽ ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ ഒന്നും ഇല്ലാത്ത കാലമാണല്ലോ. വാർത്ത മെയിൻ ​െഡസ്​ക്കിലേക്ക്​ അയച്ചു. അത്​ പിറ്റേന്ന്​ ലീഡ്​ വാർത്തയായി. അതോടെ വിവാദത്തിൽപ്പെട്ട സാംസ്​കാരിക നേതാവ്​, പി.കെ.ബിയെ സമീപിച്ച്​ ഏറെ രോഷം പൂണ്ടു. വിഷമവൃത്തത്തിലായ പി.കെ.ബി, ബ്യൂറോയിൽ വിളിച്ച്​ എന്തടിസ്ഥാനത്തിലാണ്​, ഇൗ വാർത്ത നൽകിയതെന്ന്​ ചോദിച്ചു. എല്ലാ രേഖകളും കൈയിലുണ്ടെന്ന്​ മറുപടി നൽകി. ‘‘അ​േപ്പാൾ കോടതി കയറേണ്ടിവരില്ല, അല്ലേ’’ എന്ന്​ മറുചോദ്യം. ഒരിക്കലും വേണ്ടിവരി​െല്ലന്ന്​ മറുപടി നൽകി.

എങ്കിലും ആരോപണവിധേയരുടെ പ്രതികരണം നൽകണമെന്നും അവർ അത്​ ഒാഫിസിൽ എത്തിക്കുമെന്നും പി.കെ.ബി പറഞ്ഞു. ഉച്ചയോടെ ആ പ്രതികരണം വന്നു. വളരെ ദീർഘമാണ്​. അതിൽമുഴുവൻ വാർത്ത എഴുതിയ ആൾക്കെതിരെ കഠിനമായി അധിക്ഷേപം ചൊരിയുന്നുണ്ട്. ഇങ്ങനെയുള്ളവനെയൊ​െക്ക പിരിച്ചുവിടണം എന്നും പറയുന്നുണ്ട്​. എങ്കിലും അത്​ അതുപോലെതന്നെ യാതൊരു എഡിറ്റിങ്ങും കൂടാതെ പിറ്റേന്ന്​ ലീഡർപേജിൽ അച്ചടിച്ചുവന്നു.

അന്നു വൈകീട്ട്​ പി.കെ.ബി ഒറ്റ​ക്കാണ്​ ഒാഫിസിൽ വന്നത്. വാർത്ത എഴുതിയ എന്നെ മുറിയിലേക്കു വിളിച്ച്​, ഏറെ മനസ്താപത്തോടെ പറഞ്ഞു, ‘‘ഏതു വാർത്തക്കും ബന്ധപ്പെട്ടവർ പ്രതികരണം തന്നാൽ അത്​ പ്രസിദ്ധീകരിക്കേണ്ടത്​ ഒരു മര്യാദയാണ്​. പക്ഷേ, അത്​ അതേപടി കൊടുക്കണമെന്നില്ല. ലേഖകനെപ്പറ്റിയുള്ള അധിക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നു.’’ അതൊക്കെ ഒഴിവാക്കിയാൽ അതിൽ പ്രസിദ്ധീകരിക്കാൻ ബാക്കിയൊന്നും ഉണ്ടാവില്ലായിരുന്നുവെന്ന എ​ന്റെ മറുപടി കേട്ട്​ അദ്ദേഹം പുഞ്ചിരിച്ചു. പിന്നെ സാന്ത്വനിപ്പിച്ച​ു. വാർത്ത കൊടുത്തതിൽ അഭിനന്ദിക്കുകയുംചെയ്തു. സത്യമെങ്കിൽ എന്തും എഴുതാം എന്നത്​ പി.കെ.ബിയുടെ ഉറച്ച നിലപാട്​ ആയിരുന്നു.

കൈത്തറി സഹകരണ സംഘങ്ങൾ വർഷങ്ങളായി നടത്തിവന്ന കൊടും അഴിമതിയുടെ കഥകൾ ‘മാധ്യമം’ തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ സഹകരണ സംഘങ്ങൾ ഉണ്ടാക്കി പലരും സ്വകാര്യസ്വത്താക്കി ​െവച്ചിരുന്നു. അവയിൽ മരിച്ചവരോ ഒരിക്കലും ജനിക്കാത്തവരോ ആയ നിരവധി വ്യാജ അംഗങ്ങളും സ്വന്തം കുടുംബാംഗങ്ങളും മാത്രം. കൈത്തറിക്ക്​ വലിയ തുക റിബേറ്റായി ലഭിക്കുന്ന കാലമാണത്​. ഒാണമോ ഉത്സവകാലമോ വന്നാൽ വൻതുകകളാണ്​ കള്ള റിബേറ്റിനത്തിൽ ഇവർക്ക്​ ലഭിച്ചുവന്നത്​.

അങ്ങനെ സ്വകാര്യ സംഘങ്ങളുണ്ടാക്കിയ പലരും രാഷ്​ട്രീയ നേതാക്കളോ നേതാക്കളുമായി അടുപ്പമുള്ളവരോ ആയിരുന്നു. തുടർച്ചയായി വന്ന ഇൗ അഴിമതിക്കഥകൾ വായിച്ച ബാലകൃഷ്​ണൻ സാർ ചോദിച്ചു –‘‘ഇതി​ന്റെ പേരിൽ കേസ്​ വല്ലതും വരുമോ?’’ ഒരിക്കലും വരില്ലെന്നും എല്ലാ രേഖകളും കൈയിലുണ്ടെന്നും മറുപടി നൽകി. അതിനുത്തരം ഇങ്ങനെ തമാ​ശയോടെ ആയിരുന്നു –‘‘കേസ്​ വരുന്നതിൽ ഭയമൊന്നുമില്ല. പക്ഷേ, തിരുവനന്തപുരത്തെ കോടതി പഴയ കെട്ടിടത്തിലാണ്​. അവി​െടച്ചെന്ന്​ ഏറെനേരം നിൽക്കേണ്ടിവന്നാൽ പൊടിയടിച്ച്​ എ​ന്റെ ആസ്​ത്​മ കലശലാകും. ഇൗ പ്രായത്തിൽ അത്​ ബുദ്ധിമുട്ടാണ്.’’ അങ്ങനെ എഴുതാൻ ഏറെയുണ്ട്, ഒാർമയിൽ.

എറണാകുളം മഹാരാജാസ്​ കോളജിൽനിന്ന്​ ക്വിറ്റ്​ ഇന്ത്യാ സമരത്തോടെ രാഷ്​ട്രീയത്തിലിറങ്ങിയ പി.കെ.ബിയുടെ ജീവിതദൗത്യംതന്നെ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അതിനാലദ്ദേഹം രാഷ്​ട്രീയ പാർട്ടികളോടും നേതാക്കളോടും നേരിട്ടും എഴുത്തിലൂടെയും ഏറ്റുമുട്ടിയിട്ടുണ്ട്. കൃതികളിലെ കഥാപാത്രങ്ങളാക്കിയിട്ടുമുണ്ട്​. ശ്രീനാരായണഗുരുവി​ന്റെ ആദർശങ്ങൾ നാടി​ന്റെ നവോ ത്ഥാനത്തിന്​ വഴിതെളിക്കുമെന്ന്​ അദ്ദേഹം വിശ്വസിച്ചിരുന്നു. ആദ്യ പുസ്​തകംതന്നെ നാരായണഗുരുവിനെക്കുറിച്ചുള്ള ആന്തോളജിയാണ്​. ആ പ്രസ്ഥാനത്തി​ന്റെ പേരിൽ മുതലെടുപ്പു നടത്തുന്നവർ​െക്കതിരെയും അ​േദ്ദഹം പോരാടി.

സാമൂഹികനീതിയും സ്ഥിതിസമത്വവും അദ്ദേഹത്തി​ന്റെ പ്രധാന അജണ്ടകളായിരുന്നു. അതിനായി അവശ്യഘട്ടങ്ങളിൽ രാഷ്​ട്രീയത്തിൽ ഇറങ്ങാനും മടികാട്ടിയില്ല. വക്കം പുരുഷോത്തമനെതിരായി തെരഞ്ഞെടുപ്പിൽ മത്സരിച്ചതും മറ്റും ഇൗ പോരാട്ട ചരിത്രത്തി​ന്റെ ശേഷിപ്പുകളിൽ ഉൾപ്പെടും. സാമൂഹികനീതിക്കായി അക്ഷരങ്ങളെ ജ്വലിപ്പിച്ച അദ്ദേഹം മരണമടയുന്നത്​ 1991 ഏപ്രിൽ 3ന്​ രാവിലെയാണ്. ആ ദിവസം, ആ സമയത്ത്​, കേരള നിയമസഭയിൽ ഒരു യാദൃച്ഛികതയെന്നോണം, സച്ചാർ കമ്മിറ്റി നിർദേശങ്ങൾ സംബന്ധിച്ചും ക്രീമിലെയർ എങ്ങനെ കേരള​െത്ത ബാധിക്കും എന്നതിനെ പറ്റിയും മറ്റും ചർച്ച നടക്കുകയായിരുന്നു!

ത​ന്റെ പ്രിയ കഥാപാത്രമായ കർണനെപ്പോ​ലെ െതറ്റെന്നു തോന്നുന്ന എന്തിനോടും കലഹിക്കുകയും ശരിയെന്നുറപ്പുള്ള ഭാഗത്തുമാത്രം ചേർന്നുനിൽക്കുകയും അതി​ന്റെ പേരിൽ ആത്മസംഘർഷങ്ങൾ അനുഭവിക്കുകയുംചെയ്​ത ഒരു പ്രതിഭാസമായിരുന്നു. അതിനൊത്തവിധം ഇൗ സാംസ്​കാരിക കേരളം അദ്ദേഹ​േ​ത്താട്​ ആദരവ്​ കാട്ടിയോ? നന്ദിപോലും പറഞ്ഞിട്ടില്ല. ഒരു വലിയ പോരാട്ട ചരിത്രമാണത്. അതിനെ തമസ്​കരിക്കുന്നവർക്ക്​ ചരിത്രം മാപ്പുനൽകില്ല, തീർച്ച.

News Summary - P.K. Balakrishnan, the first chief editor of Madhyamam newspaper