ജാത്യാതീതരായ ‘ഞാനും’ ‘മറ്റവന്‍’മാരുടെ ജാതിമനോഭാവവും

ചരിത്രത്തിലും സാഹിത്യത്തിലും വിമർശനത്തിലുമെല്ലാം വരേണ്യതയോട് ഓരോ അണുവിലും പോരാടിയാണ് പി.കെ. ബാലകൃഷ്ണൻ മുന്നേറിയത്. ജാതീയതക്കെതിരായ കീഴാള ജനതയുടെ പോരാട്ടത്തിനൊപ്പം എങ്ങനെയൊക്കെയാണ് പി.കെ.ബി നിലയുറപ്പിച്ചതെന്നും വിശദമാക്കുകയാണ് ലേഖകൻ. അദൃശ്യമായിരിക്കുമ്പോഴും പൊതുസമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജാതിയുടെ ബലതന്ത്രത്തെ ചോദ്യംചെയ്ത കീഴാള ബുദ്ധിജീവിയാണ് പി.കെ. ബാലകൃഷ്ണന്‍. ജാതിയുടെ ഈ അദൃശ്യസാന്നിധ്യത്തെ നിഷേധിക്കുന്നത് സവര്‍ണരീതിശാത്രമായി അദ്ദേഹം മനസ്സിലാക്കി. ഏകദേശം നാൽപതു വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്‍റെ എഴുത്തുജീവിതത്തില്‍ ഈ നിര്‍ബന്ധബുദ്ധിക്കെതിരെയാണ്...
Your Subscription Supports Independent Journalism
View Plansചരിത്രത്തിലും സാഹിത്യത്തിലും വിമർശനത്തിലുമെല്ലാം വരേണ്യതയോട് ഓരോ അണുവിലും പോരാടിയാണ് പി.കെ. ബാലകൃഷ്ണൻ മുന്നേറിയത്. ജാതീയതക്കെതിരായ കീഴാള ജനതയുടെ പോരാട്ടത്തിനൊപ്പം എങ്ങനെയൊക്കെയാണ് പി.കെ.ബി നിലയുറപ്പിച്ചതെന്നും വിശദമാക്കുകയാണ് ലേഖകൻ.
അദൃശ്യമായിരിക്കുമ്പോഴും പൊതുസമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജാതിയുടെ ബലതന്ത്രത്തെ ചോദ്യംചെയ്ത കീഴാള ബുദ്ധിജീവിയാണ് പി.കെ. ബാലകൃഷ്ണന്‍. ജാതിയുടെ ഈ അദൃശ്യസാന്നിധ്യത്തെ നിഷേധിക്കുന്നത് സവര്‍ണരീതിശാത്രമായി അദ്ദേഹം മനസ്സിലാക്കി. ഏകദേശം നാൽപതു വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്‍റെ എഴുത്തുജീവിതത്തില്‍ ഈ നിര്‍ബന്ധബുദ്ധിക്കെതിരെയാണ് അദ്ദേഹം പടപൊരുതിയത്. സാമുദായികതയുടെ രീതിശാസ്ത്രമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ സഹായത്തിനെത്തിയത്. സാമുദായികതയുടെ രീതിശാസ്ത്രമുപയോഗിച്ചുള്ള ഈ പോരാട്ടത്തില്‍ അദ്ദേഹം ഉയര്‍ത്തിയ നിലപാടുകളും അതിന്‍റെ ഭാഗമായി നേരിട്ട ആക്ഷേപങ്ങളുമാണ് ഈ കുറിപ്പിന്‍റെ പരിശോധനാവിഷയം.
‘ജാതിവ്യവസ്ഥയും’ കാണാതെപോയ ഒരു തീസിസും
കേരളീയ ജീവിതത്തിന്‍റെ കാതലായ ഭാഗം ജാതിരാഷ്ട്രീയമാണെന്ന് വിശ്വസിക്കുകയും അതേക്കുറിച്ച് നിരന്തരം എഴുതുകയുംചെയ്തിരുന്ന പി.കെ. ബാലകൃഷ്ണന്‍റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന, 1983ല്‍ പുറത്തിറങ്ങിയ കൃതിയുടെ മുഖപ്രസ്താവനയിലെ ഒരു വരിയാണ് ഈ ലേഖനത്തിന്‍റെ ശീര്‍ഷകം. കേരള ചരിത്രകാരന്മാരെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായവുമായിരുന്നു ഇത്. പുരാതനകാലത്ത് തന്‍റെ ജാതി അതുല്യ മഹിമയുള്ളതായിരുന്നുവെന്ന് വിശ്വസിക്കുന്ന അത്തരം ചരിത്രകാരന്മാരെ ചോദ്യംചെയ്തുകൊണ്ടാണ് അദ്ദേഹം കൃതിയിലേക്ക് പ്രവേശിക്കുന്നത്.
തങ്ങളുടെ ജാതികളുടെ സുവര്‍ണകാലത്തെക്കുറിച്ച് വിവിധ ചരിത്രകാരന്മാര്‍ പരസ്പരം വിയോജിക്കുകയും ഒട്ടൊക്കെ പുച്ഛിക്കുകയുംചെയ്യുമ്പോഴും അവര്‍ ഒരു കാര്യത്തില്‍ യോജിച്ചിരുന്നതായി ബാലകൃഷ്ണന്‍ നിരീക്ഷിച്ചു. കേരളത്തിന് അതിപുരാതനമായ ചരിത്രമാഹാത്മ്യം ഉണ്ടെന്ന കാര്യം. ജാതിമാഹാത്മ്യത്തിന്‍റെ തോതനുസരിച്ചുള്ള വ്യത്യാസം സ്വാഭാവികമായും മേൽപ്പടി ചരിത്രരചനകള്‍ തമ്മിലും രാഷ്ട്രീയ വിചിന്തനങ്ങള്‍ തമ്മിലും ഉണ്ടായിരിക്കും. ഈ സമീപനരീതി വര്‍ജിച്ചുകൊണ്ട് ചരിത്രമെഴുതണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അത് കേരളത്തിന്‍റെ യഥാർഥ ചരിത്രമായിരിക്കുമെന്നും അദ്ദേഹം കരുതി.
എന്നാല്‍, ജാതിസമുദായത്തില്‍ ജനിച്ച്, അതില്‍ ജീവിക്കുന്ന ഏതൊരു ചരിത്രകാരന്‍റെയും സഹജപ്രതികരണങ്ങള്‍ സ്വരൂപിക്കുന്നത് ജാതിയാണെന്നതില്‍ അദ്ദേഹത്തിന് സംശയമില്ലായിരുന്നു. ഏത് ചരിത്രകാരനും ഇതില്‍നിന്ന് വിട്ടുനില്‍ക്കുക എന്നത് അസാധ്യമാണെന്ന് കരുതിയ അദ്ദേഹം കേരളത്തിന്‍റെ ‘യഥാർഥ’ ചരിത്രമെഴുതാന്‍ തുനിഞ്ഞ തനിക്കും ഇത് ബാധകമാക്കി. ആ അപകടം തന്‍റെ ചരിത്രരചനയിലും ഉണ്ടെന്ന് മുന്‍കൂര്‍ പ്രസ്താവന നടത്തിയാണ് അദ്ദേഹം ചരിത്രരചനക്കിറങ്ങിയത്. ഇങ്ങനെ ഒരപകടമുണ്ടെന്ന് സദാ ഓര്‍ത്തുകൊണ്ടിരിക്കുകയും അറിഞ്ഞുകൊണ്ട് സ്പര്‍ധ പുലര്‍ത്തുകയില്ലെന്ന് വാഗ്ദാനംചെയ്യുകയും മാത്രമേ ഈ സന്ദര്‍ഭത്തില്‍ ചെയ്യാനാവുമായിരുന്നുള്ളൂ. അതദ്ദേഹം ചെയ്യുകയും ചെയ്തു.
പക്ഷേ, നാട്ടിലെ ചരിത്രകാരന്മാര്‍ പൊതുചരിത്രമെന്ന പേരില്‍ തങ്ങളുടെ ജാതിമഹിമയെക്കുറിച്ചെഴുതുകയായിരുന്നുവെന്ന ആമുഖപ്രസ്താവന സ്വാഭാവികമായും അക്കാദമിക ചരിത്രകാരന്മാരെ ശുണ്ഠിപിടിപ്പിച്ചു. ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന പുസ്തകം പുറത്തിറങ്ങി അഞ്ചു മാസത്തിനുശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ (25 മാര്‍ച്ച്, 1984) പുസ്തകനിരൂപണ പംക്തിയായിരുന്നു സംവാദവേദി.(1)
കേരള സര്‍വകലാശാലാ ലൈബ്രറിയെ ആശ്രയിച്ച് പുസ്തകമെഴുതിയ ഗ്രന്ഥകര്‍ത്താവ്, അതേ സര്‍വകലാശാലാ ലൈബ്രറിയെ ആശ്രയിച്ച് മഹോദയപുരം തലസ്ഥാനമാക്കിയുള്ള രണ്ടാം ചേരന്മാരുടെ ഭരണം, സംഭാവന തുടങ്ങിയ കാര്യങ്ങളില്‍ കേരള സര്‍വകലാശാലയിൽതന്നെ ഗവേഷണം നടത്തിയ ഡോ. എം.ജി.എസ്. നാരായണന്‍റെ പ്രബന്ധം കണ്ടില്ലെന്ന് നടിച്ചത് കേരളത്തിന് ചരിത്രമില്ലെന്ന് വാദിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പുസ്തകനിരൂപണത്തില്‍ ചരിത്രകാരനായ കെ.കെ.എന്‍. കുറുപ്പ് എഴുതി. ഇളംകുളത്തിന്‍റെ ചേരസാമ്രാജ്യം, നൂറ്റാണ്ടുയുദ്ധംപോലുള്ള പല സങ്കൽപങ്ങളും എം.ജി.എസ്. തന്‍റെ ഗവേഷണഗ്രന്ഥത്തില്‍ തിരുത്തിയിട്ടുണ്ടെന്നും കേരള സര്‍വകലാശാല ലൈബ്രറിയിലുള്ള ആ ഡോക്ടറല്‍ തീസിസ് പി.കെ. ബാലകൃഷ്ണന്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.
ആദ്യഘട്ടത്തില്‍ ചരിത്രസംവാദമായി മാറിയ നിരൂപണം പതുക്കെ മറ്റൊരു പന്ഥാവിലേക്ക് കടന്നു. പത്മനാഭമേനോനെ അവലംബിച്ച് പുസ്തകമെഴുതിയ ബാലകൃഷ്ണന്‍, സാഹിത്യചോരണത്തിന്‍റെ ദൂഷ്യത്തിലേക്ക് നീങ്ങുകയല്ലേയെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മാത്രമല്ല, പല കാര്യങ്ങളിലും മൗലികമായ പാണ്ഡിത്യമില്ലെന്ന് സ്വയം സമ്മതിക്കുന്ന ഗ്രന്ഥകര്‍ത്താവ് അക്കാദമിക ചരിത്രകാരന്മാരെ തിരുത്താന്‍ ശ്രമിക്കുന്നത് വെറും ചങ്കൂറ്റമാണെന്നും എഴുതി.
നാളിതുവരെ ഇറങ്ങിയ എല്ലാ കേരളചരിത്രങ്ങളും സ്വജാതിചരിത്രം മാത്രമാണെന്ന പുസ്തകത്തിന്‍റെ ആമുഖ പ്രസ്താവന ദീര്‍ഘമായി ഉദ്ധരിച്ചുകൊണ്ടുള്ള കുറുപ്പിന്‍റെ പുസ്തകനിരൂപണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളിലൊന്നായി മലയാളത്തിലെ ‘സാഹിത്യകാരന്മാര്‍’ പ്രഖ്യാപിച്ച കൃതിയാണ് ‘ജാതിവ്യവസ്ഥയും കേരളചരിത്രവും’ എന്ന് പരിഹസിച്ചുകൊണ്ടാണ്. ഗ്രന്ഥത്തിന്‍റെ ന്യൂനതകള്‍ കുറിക്കാന്‍മാത്രം ഒരു പുസ്തകം തന്നെ വേണ്ടിവരും. മൗലികരേഖകള്‍ പരിശോധിക്കാതെ എഴുതിയ പുസ്തകമെന്ന് പറഞ്ഞ് അവസാനിപ്പിച്ച കുറുപ്പ്, മറിച്ചായിരുന്നെങ്കില്‍ ശ്രദ്ധേയമായ ഗ്രന്ഥമാകുമായിരുന്നുവെന്ന് ഉദാരനായി.
എം.ജി.എസിന്‍റെ ഡോക്ടറല്‍ തീസിസ് ബാലകൃഷ്ണന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച ആദ്യ വ്യക്തിയായിരുന്നില്ല കുറുപ്പ്. ബാലകൃഷ്ണന്‍ നല്‍കുന്ന വിവരമനുസരിച്ച് പ്രഫ. കെ.എന്‍. ഗണേശാണ് ചിന്ത വാരികയിലൂടെ (1983 ഡിസംബര്‍ 16) ഈ തര്‍ക്കം തുടങ്ങിെവച്ചത്. സമതാളം മാസികയില്‍ (1984 ഫെബ്രുവരി) പ്രഫ. രാജന്‍ ഗുരുക്കളും ഇത് ആവര്‍ത്തിച്ചു.(2)

പി.കെ. ബാലകൃഷ്ണന്റെ പ്രതികരണം
കുറുപ്പിന്‍റെ ആരോപണത്തിനെതിരെ ബാലകൃഷ്ണന്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടു. മൂന്നാമത്തെ ആഴ്ചയിൽതന്നെ അദ്ദേഹം പ്രതികരിച്ചു. പ്രസ്തുത തീസിസ് കേരള സര്‍വകലാശാലയില്‍ ഇല്ലെന്നു മാത്രമല്ല, ഒരുകാലത്തും അവിടെ എത്തിയിട്ടില്ലെന്നും 1977ല്‍ അച്ചടിച്ച 456 തീസിസുകളുടെ വിവരങ്ങള്‍ അടങ്ങിയ ലൈബ്രറി കാറ്റലോഗില്‍ ‘നോട്ട് ഇന്‍ ദി ലൈബ്രറി’യെന്ന കുറിപ്പാണ് ഈ തീസിസിന്‍റെ പേരിനു നേരെ ചേര്‍ത്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
പ്രസ്തുത തീസിസ് എം.ജി.എസ് ഗവേഷണം നടത്തിയ പരീക്ഷാകേന്ദ്രത്തിലും പരീക്ഷാ കണ്‍ട്രോളറുടെ കേന്ദ്രത്തിലും കണ്ടെത്താനായില്ലെന്നാണ് സര്‍വകലാശാലാ അധികൃതര്‍ കാറ്റലോഗ് ആമുഖത്തില്‍ കുറിച്ചിരുന്നത്. കുറുപ്പ്, രാജന്‍ ഗുരുക്കള്‍, ഡോ. കെ.എന്‍. ഗണേശ് തുടങ്ങിയവരൊക്കെ കാണുകയും പഠിക്കുകയും ചെയ്തുവെന്ന് പറയുന്ന തീസിസ് താന്‍ കണ്ടില്ലെന്നു നടിക്കുന്നുവെന്ന് ഒരു ‘സുശിക്ഷിത കോറസു’പോലെ ആവര്‍ത്തിക്കുന്നതിന്‍റെ രഹസ്യമെന്തായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.(3)
പ്രസ്തുത തീസിസ് താന്‍ നാല് കൊല്ലം മുമ്പുതന്നെ തിരക്കിയെന്നും ലൈബ്രറിയില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ ആദ്യം കൗതുകവും പിന്നെ സഹതാപവും തോന്നിയെന്നും നാണക്കേട് തോന്നിയതിനാലാണ് ഉറക്കെപ്പറയാതിരുന്നതെന്നും ബാലകൃഷ്ണന്‍ പരിഹസിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകര്‍ സംയുക്തമായി തനിക്കെതിരെ നീങ്ങുന്നതിലും അദ്ദേഹം നീരസം രേഖപ്പെടുത്തി.
ഇളംകുളം ചരിത്രത്തിലെ തെറ്റുകള്‍ എം.ജി.എസ് തിരുത്തിക്കഴിഞ്ഞുവെന്ന, ആ കേന്ദ്രവുമായി ഉറ്റ സമ്പര്‍ക്കമുള്ള പ്രഫസര്‍മാരുടെ കോറസ് വിളിയും അദ്ദേഹത്തിന്‍റെ ഡോക്ടറല്‍ തീസിസ് കേരള സര്‍വകലാശാലാ ലൈബ്രറിയില്‍ ഒരിക്കലും നിലവിലുണ്ടായിരുന്നില്ല എന്ന വസ്തുതയും നിരൂപിക്കുമ്പോള്‍ ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു എന്ന ഭയം മാത്രമല്ല, ഏതൊക്കെയോ തലങ്ങളിലേക്ക് അതിന്‍റെ വിസർജനവും വഴിയേ നടന്നേക്കും എന്ന ഭയവും കൂടി തനിക്കില്ലാതില്ലെന്നായിരുന്നു പി.കെ. ബാലകൃഷ്ണന്‍ പ്രതികരിച്ചത്.
മറുപടിയും അഭിമുഖവും
എം.ജി.എസിന്‍റെ ഗവേഷണഗ്രന്ഥം ലൈബ്രറിയില്‍ ഇല്ലാത്തതിന്‍റെ കുറ്റം തന്‍റെ തലയില്‍ കെട്ടിവെക്കുന്നത് ആ അപരാധം വാരിയന്‍റെ പുരപ്പുറത്ത് കെട്ടിവെക്കുന്ന പഴയ ജാതിക്കളിയെ ഓര്‍മിപ്പിക്കുന്നുവെന്ന് കുറുപ്പ് തിരിച്ചടിച്ചു.(4) താമസിയാതെ എം.ജി.എസ് തന്നെ മാതൃഭൂമിയില്‍ രംഗത്തിറങ്ങി.(5) ബാലകൃഷ്ണന്‍ തന്നെ ഒരിക്കല്‍ വീട്ടിലേക്ക് ക്ഷണിച്ചതും താന്‍ പോയതും ലൈബ്രറിയില്‍ തീസിസ് ഇല്ലാത്തതിനെപ്പറ്റി ബാലകൃഷ്ണന്‍ ആവലാതി പറഞ്ഞതും എം.ജി.എസ് സൂചിപ്പിച്ചു. തന്‍റെ കൈവശമുള്ള ഗവേഷണഗ്രന്ഥം കൊടുക്കാമെന്നേറ്റപ്പോള്‍ ക്ഷമയില്ലെന്നു പറഞ്ഞു നിരസിച്ചു. എന്നാല്‍, താന്‍തന്നെ ഇതുസംബന്ധമായി എഴുതിയ ലേഖനങ്ങള്‍ സ്വീകരിച്ചതായും എം.ജി.എസ് എഴുതി.
ബാലകൃഷ്ണനെതിരെ എം.ജി.എസിന് പറയാനുള്ളത് ഇതായിരുന്നു: തന്‍റെ ഗവേഷണ പഠനത്തിലെ ആശയങ്ങള്‍ വളച്ചൊടിച്ച് തന്‍റേതെന്ന മട്ടില്‍ കടപ്പാട് സൂചിപ്പിക്കാതെ ഉപയോഗിച്ചിരിക്കുന്നു. ഇത് ചൂണ്ടിക്കാട്ടിയവരെ ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന് ആക്ഷേപിച്ചു. യഥാർഥത്തില്‍ ഡെന്മാര്‍ക് ബാലകൃഷ്ണന്‍റെ തന്നെ മൂക്കാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സര്‍വകലാശാലയിലെ ഗവേഷണപ്രബന്ധങ്ങളുടെ കോപ്പി ഉടമസ്ഥര്‍ സൂക്ഷിക്കണം. കേരളീയനായ ഒരാള്‍ അലീഗഢില്‍ നല്‍കിയ ഗവേഷണപ്രബന്ധം മറ്റൊരാള്‍ ‘ടിപ്പുസുല്‍ത്താന്‍’ എന്ന പേരില്‍ അടിച്ചിറക്കിയിട്ടുണ്ട്. ഇവിടെയും ഇതാണ് സംഭവിച്ചിട്ടുള്ളത്.
ആശയമോഷണത്തിനു പുറമെ ആഭാസപ്രചാരണവും നടത്തിയിരിക്കുന്നു ബാലകൃഷ്ണന്‍ എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ടിപ്പുസുല്‍ത്താന്‍ എന്ന പേരിൽതന്നെ ബാലകൃഷ്ണന്‍ എഴുതിയ കൃതിയാണോ പരാമര്‍ശവിഷയമെന്ന് എം.ജി.എസ് സൂചിപ്പിച്ചിരുന്നില്ല. ഇതിനോട് പിന്നീട് ബാലകൃഷ്ണന്‍ പ്രതികരിച്ചതായും കണ്ടില്ല.
ഇതിനിടയില്‍ മറ്റൊരാള്‍ ഈ ഗവേഷണഗ്രന്ഥം കിട്ടുമോയെന്നറിയാന്‍ ഇറങ്ങിപ്പുറപ്പെട്ടു. തനിക്കും ബാലകൃഷ്ണന്‍റെ അനുഭവമാണുണ്ടായതെന്ന് അദ്ദേഹം കത്തിലൂടെ മാതൃഭൂമിയെ അറിയിച്ചു (ബി. ബാലമോഹന്‍, തിരുവനന്തപുരം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1984 ഏപ്രില്‍ 29). ഈ വിഷയത്തില്‍ ലൈബ്രേറിയന്‍റെ കത്തായിരുന്നു അവസാനമായി കണ്ടത്. പ്രബന്ധം ലൈബ്രറിയില്‍ ഇല്ലെന്ന് അദ്ദേഹവും സാക്ഷ്യപ്പെടുത്തി (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മേയ് 20, 1984). ഈ ചര്‍ച്ച പിന്നീട് എവിടെയെങ്കിലും തുടര്‍ന്നോ എന്നുള്ളത് വ്യക്തമല്ല.
കേരളചരിത്രം എഴുതിയവര്‍ യഥാർഥത്തില്‍ തങ്ങളുടെ ജാതിയുടെ സുവര്‍ണകാലത്തെക്കുറിച്ചാണ് എഴുതിക്കൊണ്ടിരിക്കുന്നതെന്നും അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നും പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു, ഈ പുസ്തകം കടുത്തരീതിയില്‍ ആക്ഷേപിക്കപ്പെട്ടതെന്നു വേണം കരുതാന്‍. എങ്കിലും ഈ സംവാദത്തില്‍ ഭാഗഭാക്കായ രാജന്‍ ഗുരുക്കള്‍ ‘മാതൃഭൂമി’യില്‍തന്നെ ബാലകൃഷ്ണനെ അഭിമുഖം നടത്തി. പുസ്തകത്തെക്കുറിച്ച് തന്‍റെ നിലയെന്താണെന്ന് ബാലകൃഷ്ണന് അറിയാമല്ലോയെന്ന മുഖവുരയോടെയാണ് ഗുരുക്കള്‍ സംവാദം തുടങ്ങിയത്. നേരത്തേ പറഞ്ഞ സംഭവങ്ങള്‍ നടന്ന് ഏകദേശം ഒന്നര വര്‍ഷത്തിനു ശേഷമായിരുന്നു അഭിമുഖം പ്രസിദ്ധീകരിച്ചത്.(6)
ബാലകൃഷ്ണന്‍റെ പുസ്തകത്തിലെ പ്രധാന വാദങ്ങളെക്കുറിച്ചും അതിന്‍റെ ശരിതെറ്റുകളെക്കുറിച്ചും വിശദമാക്കാനല്ല അന്ന് നടന്ന ഒരു സംവാദം സാമാന്യം ദീര്‍ഘമായി ഉപന്യസിച്ചത്. മറിച്ച് സമകാലികതയില്‍ ഓരോ വ്യക്തിയിലും ജാതി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയിലുള്ള വീക്ഷണവ്യത്യാസവും അതു തുറന്നുപറയുമ്പോഴുള്ള പ്രകമ്പനവും എടുത്തുകാട്ടാനാണ്.
ബാലകൃഷ്ണന്‍റെ ഈ നിലപാടിലെ ‘സാഹസികത്വം’ അന്നേ തിരിച്ചറിഞ്ഞ ചരിത്രകാരനാണ് ഡോ. എം. ഗംഗാധരന്‍. ജാതിവ്യവസ്ഥയുടെ അസ്സല്‍രൂപം വെളിപ്പെടുത്തുന്ന ആളുടേത് ഒരു സാഹസം തന്നെയാണെന്നും ഇത് തുറന്നെഴുതുന്നയാള്‍ ജാതീയ വിലയിരുത്തലുകള്‍ക്ക് വിധേയമാവുമെന്നും അത് ബാലകൃഷ്ണന്‍റെ പുസ്തകത്തെ തെറ്റായരീതിയില്‍ കാണാന്‍ ഇടവരുത്തുമെന്നും അദ്ദേഹം കരുതി. വളരെക്കാലം പരസ്യമായി നിന്ന ജാതിവ്യവസ്ഥ നമ്മുടെയെല്ലാം ബോധാബോധതലങ്ങളില്‍ അവശേഷിപ്പിച്ചിട്ടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ഇന്നും നമ്മുടെ സാമൂഹികജീവിതത്തെ കലുഷിതമാക്കുന്നുണ്ട്.
അതിനെ വേണ്ട രീതിയില്‍ മനസ്സിലാക്കിയാല്‍മാത്രമേ നമുക്കൊരു പൗരസമൂഹമായി മാറാന്‍ കഴിയുകയുള്ളൂ. അത്തരമൊരു പൗരസമൂഹത്തിന്‍റെ സൃഷ്ടിക്കാണ് ബാലകൃഷ്ണന്‍ ഈ പുസ്തകമെഴുതിയതെന്ന് നിരീക്ഷിച്ച ഗംഗാധരന്‍, ബാലകൃഷ്ണന്‍റെ നിഗമനങ്ങളെ അവഗണിച്ചുകൊണ്ട് എഴുതുന്ന നാടിന്‍റെ ചരിത്രം നല്ലതോതില്‍ വികലമായിരിക്കുമെന്നും പ്രഖ്യാപിച്ചു. ബാലകൃഷ്ണനെ ‘ജാതിവാദി’യാക്കിയതിലെ അമര്‍ഷവും മറച്ചുെവച്ചില്ല. ‘ജാതിവ്യവസ്ഥയും കേരളചരിത്രവും’ എന്ന കൃതിയുടെ പുതിയ പതിപ്പുകളില്‍ (2016) ഈ ലേഖനം വായിക്കാം.

എം.ജി.എസ്,ഡോ. കെ.എന്‍. ഗണേശ്
ഉപജാതികളും സമുദായവും
ജാതിയുടെയും സമുദായങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച ബാലകൃഷ്ണന്‍റെ നിലപാടുകള്‍ ഈ സംവാദങ്ങളില്‍ നിഴലിക്കുന്നുണ്ട്. ഈഴവ സമുദായത്തെ മുന്‍നിര്‍ത്തിയാണ് ഈ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയതെങ്കിലും ഇതര സമുദായങ്ങള്‍ക്കു കൂടി ബാധകമാക്കിയതായിരുന്നു ആ എഴുത്ത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ജാതി ഇന്നും സമൂഹത്തെ നിര്‍ണയിക്കുന്ന സവിശേഷ യാഥാർഥ്യമാണ്. ജാത്യാതീതരായ മനുഷ്യരെന്നു നടിക്കുന്നവരുടെ കാഴ്ചപ്പാടിലെ, ജാതിമാഹാത്മ്യത്തെ അദ്ദേഹം ചോദ്യംചെയ്തു. ജാതിയെ തള്ളുമ്പോഴും സമുദായത്തെ ജനാധിപത്യപരമായ കൂട്ടായ്മയായാണ് അദ്ദേഹം കണ്ടിരുന്നത്.
ജാതിയെയും സമുദായത്തെയും തമ്മില്‍ കൂട്ടിക്കുഴച്ചില്ല. സമുദായത്തെക്കുറിച്ചുള്ള ബാലകൃഷ്ണന്‍റെ ധാരണകള്‍ ‘രാഷ്ട്രീയപ്രവര്‍ത്തകനായ കുമാരനാശാന്‍’(7) എന്ന ലേഖനത്തില്‍ കാണാം. ‘‘സാമൂഹിക പരിഷ്കാരങ്ങളില്‍ ‘ദത്താവധാനമായ’ സാമുദായിക സംഘടനകളുടെ ആവിര്‍ഭാവം ചട്ടമ്പി സ്വാമികളുടെയും ശ്രീനാരായണഗുരുവിന്‍റെയും പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നുവെന്ന’’ കേരളചരിത്രത്തെക്കുറിച്ചുള്ള ഒരു കൃതിയില്‍നിന്നുള്ള വാക്യത്തെ വിമര്‍ശിച്ചുകൊണ്ട് കേരളചരിത്രത്തില്‍ എന്താണ് എസ്.എൻ.ഡി.പിയുടെ പ്രസക്തിയെന്ന് വെളിപ്പെടുത്തി. സമുദായത്തെ മുന്‍കൂര്‍ സങ്കൽപിക്കുന്ന കാഴ്ചപ്പാടിനെയാണ് അടിസ്ഥാനപരമായി അദ്ദേഹം ചോദ്യംചെയ്തത്.
അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ന് നാം അറിയുന്ന ഈഴവസമുദായമോ നായര്‍ സമുദായമോ ഇതര സമുദായങ്ങളോ നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിവിധ വിഭാഗങ്ങള്‍ ഒരുപോലെ പങ്കെടുക്കുന്ന സംഘടനകളുമില്ലായിരുന്നു. 1900ത്തില്‍പോലും പൊതു രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് സങ്കൽപിക്കാന്‍ കഴിയുമായിരുന്നില്ല. വിശാലമായ അർഥത്തിലുള്ള ജാതിത്തിരിവുകളും ജാതിപീഡനവും ഉണ്ടായിരുന്നില്ല. അതു മൗലികമായിരുന്നെങ്കിലും ഈഴവ മേല്‍ജാതിക്കാരനായ തണ്ടാന്‍, ചാന്നാര്‍, പണിക്കര്‍ എന്നിവരുടെ തലയിലാണ് നായന്മാരിലെ ഏറ്റവും താഴ്ന്ന ഉപജാതിക്കാരന്‍റെ കാല്‍ ചവിട്ടിയത്. അതില്‍ തൊട്ടുണ്ണാന്‍ പാടില്ലാത്തവരും ഉമ്മറത്തിനപ്പുറം പ്രവേശനമില്ലാത്തവരും ഉള്‍പ്പെട്ടിരുന്നു.
അവരെ നായര്‍ സമുദായമെന്ന് പറയുന്നത് ഭാഗികമായി മാത്രമേ ശരിയുള്ളൂ. ഭാഗികമായി തെറ്റുമാണ്. വെറും ചോവനെ ഇഷ്ടംപോലെ സമുദായഭ്രഷ്ടനാക്കി പുറംതള്ളാന്‍ സ്വേച്ഛാധികാരമുണ്ടായിരുന്ന തണ്ടാന്‍ ഉള്‍പ്പെടെ ഒന്നിനൊന്ന് കൂടുതല്‍ അധഃപതിച്ച ആറോ ഏഴോ ഉപജാതികളുള്ള ഈഴവപ്പറ്റത്തെ ഈഴവ സമുദായം എന്ന് പേര്‍ വിളിക്കുന്നതും വസ്തുതാവിരുദ്ധമാണ്. മുന്‍കാല കേരളത്തില്‍ പുലയനെ ചൂഷണം ചെയ്യുന്നതാരാണെന്നും ഈഴവനെ ചൂഷണം ചെയ്യുന്നതാരാണെന്നും കുറ്റാരോപണം നടത്തിയാല്‍ വാദി പ്രതിയാവും. അങ്ങനെ സംഭവിച്ചാല്‍ പുലയമർദനത്തില്‍ ഒന്നാം പ്രതിയായി വള്ളോന്‍ സ്ഥാനിയെയും വള്ളോന്‍ തൊട്ടടുത്ത ഈഴവനെയും ഈഴവന്‍ തണ്ടാന്‍ പണിക്കരെന്ന മഹാമർദകനെയും പിടികൂടും.
സമുദായവും നേതൃത്വവും
ഒരു ജാതിയെന്ന രീതിയില്‍ ഈഴവരായി ജനിച്ചവര്‍ക്കെല്ലാം പരാധീനതകളുണ്ട്. എന്നാല്‍, സമുദായത്തിന്‍റെ വൃത്തത്തിനുള്ളില്‍ അതിലെ പ്രമാണികളുടെ ചൊല്‍പ്പടിക്ക് വിധേയരായി ജീവിതം പേറുന്ന സാധാരണ ഈഴവര്‍ക്ക് ഈ പരാധീനതകള്‍ വ്യക്തിജീവിതാനുഭവമായിരുന്നില്ല. അവരതേക്കുറിച്ച് സ്വയം ബോധമുള്ളവരുമല്ല. പക്ഷേ, ധനസ്ഥിതിയുള്ള, കൊല്ലാനും തല്ലാനും അധികാരമുണ്ടായിരുന്ന ‘ഈഴവ ആഢ്യ’ന്മാരുടെ സ്ഥിതിയതല്ല. ഈഴവനായതുകൊണ്ടുള്ള അവഗണനയും വിലക്കുകളും അവര്‍ മേല്‍ജാതിക്കാരില്‍നിന്ന് എല്ലായ്പോഴും അനുഭവിക്കുന്നു. ആത്മാഭിമാനം മുറിപ്പെടുന്നു. ഇവരില്‍ പലരും അസ്സല്‍ സനാതനികളും ജാതിവ്യവസ്ഥ നല്‍കിയ നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നവരുമാണ്.
വെറും പെരുങ്കുടിയുടെ മകനായ ആശാനെ വിവാഹത്തിന് വിളിച്ചതിന് ഈഴവ ആഢ്യന്മാര്‍ വിവാഹം ബഹിഷ്കരിച്ച സംഭവംപോലും അക്കാലത്തുണ്ടായി. ഇങ്ങനെയൊരു സാഹചര്യത്തിലാണ് അസ്വാഭാവികമെന്നവണ്ണം വെറും ഈഴവനായ കുമാരനാശാന്‍ യോഗം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കുടുംബവുമായുള്ള എല്ലാ വ്യക്തിബന്ധങ്ങളും അവസാനിപ്പിച്ച കുമാരനാശാനാണ് ഗുരുവിന്‍റെ പേരില്‍ ഈഴവ ആഢ്യന്മാര്‍ക്ക് കത്തയക്കുന്നത്. വെറുമൊരു പെരുങ്കുടിയുടെ മകനായല്ല, ഗുരുവിന്‍റെ മാനസപുത്രനായ ആശാനാണ് ആ യോഗത്തില്‍ ഹാജരായത്.(8)
വെറും ഈഴവനായ കുമാരനാശാനെ എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറിയായി അംഗീകരിക്കാന്‍ എന്തുകൊണ്ട് ഈഴവ ആഢ്യന്മാര്‍ അനുമതി നല്‍കി? ഇതേക്കുറിച്ച് ബാലകൃഷ്ണന്‍ തുടര്‍ന്നെഴുതുന്നുണ്ട്. ആധ്യാത്മിക ദിവ്യ മഹാത്മാവായി ഈഴവര്‍ പരക്കെ വിശ്വസിച്ച് അംഗീകരിച്ച നാരായണഗുരുവിന്‍റെ ആജ്ഞാകാരനായിരുന്നു കുമാരനാശാന്‍ എന്നതാണ് അതിലെ കാതലായ ഭാഗം. ഈഴവപ്രഭുത്വത്തിന്‍റെയും മാനുഷികതയുടെയും പ്രതീകമായിരുന്ന ഡോ. പല്‍പുവിന്‍റെ സ്വാധീനമാണ് അടുത്തത്. ഉപജാതി സ്പര്‍ധയെയും പീഡനത്തെയും സാരമായ ഒരു പരിധിവരെ ഒരുക്കി ഒരു സമുദായമാണെന്ന ബോധം ഈഴവരില്‍ ഉളവാക്കി നിലവിലില്ലാത്ത ഈഴവ സമുദായത്തെ സൃഷ്ടിച്ചുവെന്നതാണ് കുമാരനാശാന്‍റെ നേതൃത്വത്തിലുള്ള എസ്.എൻ.ഡി.പിയുടെ പ്രാധാന്യം. തമിഴ് ബ്രാഹ്മണരൊഴിച്ച് കേരളീയ സമൂഹത്തിലെ മുഴുവന്‍ ഹിന്ദുക്കളും ഈഴവരുടെ വിവാഹരീതി സ്വീകരിക്കാവുന്ന തരത്തില്‍ ഈഴവ സാമുദായികതയുടെ സ്വാധീനം കേരളീയസമൂഹത്തില്‍ അതിശക്തവുമായിരുന്നു.
നിരവധി ജാതിയില്‍നിന്ന് ഈഴവരെന്ന ഒരു സമുദായത്തെ സൃഷ്ടിച്ച എസ്.എൻ.ഡി.പിയെ വെറുമൊരു സമുദായ സംഘടനയായി കരുതാനും ബാലകൃഷ്ണന്‍ തയാറല്ല. യോഗത്തിനും ഈഴവസമുദായത്തിന്‍റെ അവകാശസമരപ്രസ്ഥാനത്തിനും ഈഴവര്‍ക്ക് ഒരു പിതൃസ്ഥാനീയനുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നാരായണനല്ല, ഡോ. പല്‍പ്പുവാണ്. ഈഴവരുടെ സമസ്ത സാമുദായിക സംരംഭങ്ങളുടെയും പ്രഭവകേന്ദ്രമായി ഗുരുവിനെ കണക്കാക്കുന്നതിനും അദ്ദേഹം എതിരായിരുന്നു. പല്‍പ്പുവിന് ചേരുന്ന കുപ്പായം ഗുരുവിന് തുന്നിച്ചേര്‍ക്കുന്നത് രണ്ടുപേരോടും ചെയ്യുന്ന ദ്രോഹമാണെന്നാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം.
ഇത് ആ സമുദായത്തിനു മാത്രമല്ല, കേരളീയസമൂഹത്തിൽതന്നെ വലിയ വിച്ഛേദമുണ്ടാക്കി. ഒന്ന് മറ്റൊന്നിന്‍റെ തലയില്‍ കാല്‍ ചവിട്ടി രൂപംകൊണ്ടുനിന്നിരുന്ന കേരളീയ ജനസമൂഹമാകുന്ന അട്ടിയില്‍, ഇടയ്ക്കുനിന്ന ഒരട്ടി ഞങ്ങള്‍ മനുഷ്യരാണെന്ന ആക്രന്ദനത്തോടെ പിടഞ്ഞു സ്ഥാനം മാറിയപ്പോള്‍ ആ പിടച്ചിലിന്‍റെ ആഘാതത്തില്‍ കേരളത്തിലെ ജാതിസമൂഹഘടനയാകെ ചിതറിമാറി. അങ്ങനെ ചിതറിമാറി സ്ഥാനംതെറ്റിയ സമുദായഘടകങ്ങളുടെ സങ്കീര്‍ണമിശ്രിതത്തില്‍നിന്നാണ് ഇന്നും ഒരു പരുവത്തോളം മാത്രം വളര്‍ന്ന ‘കേവല മനുഷ്യ’നും മനുഷ്യര്‍ക്ക് പൊതുവായ അവകാശവാദങ്ങളും അവയെ ചൂഴ്ന്നുനില്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും ജന്മംകൊണ്ടത്.(9)
ഇങ്ങനെ കേവല മനുഷ്യരെന്ന സങ്കൽപത്തിലേക്കും പൊതുപ്രസ്ഥാനങ്ങളിലേക്കും നീങ്ങുമ്പോഴും ജാതി നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിര്‍ണായകഘടകമാണെന്ന വിശ്വാസക്കാരനായിരുന്നു ബാലകൃഷ്ണന്‍. അതിനെ വെറും ഭൂതകാലമായി മാത്രം മനസ്സിലാക്കാന്‍ അദ്ദേഹം തയാറല്ല. ജാതിക്കുശുമ്പില്‍നിന്ന് പലരും വിമുക്തിനേടിയിട്ടുണ്ടെങ്കിലും നമ്മുടെ വൈകാരിക ജീവിതം ക്രമപ്പെടുത്തുന്നതില്‍ ജാതി പങ്കുവഹിക്കുന്നു. രാഷ്ട്രീയത്തിന്‍റെ പൂരപ്പറമ്പില്‍ നാം ഒത്തുകൂടുന്നു. അത്രത്തോളം നാം വളര്‍ന്നു. വോട്ടുസമ്പ്രദായം നമ്മെ വളര്‍ത്തി. അതൊക്കെ കഴിഞ്ഞാല്‍ നാമൊക്കെ പഴയ പുള്ളികള്‍തന്നെ. വള്ളത്തോള്‍ ആത്മാർഥമായി കവിതയെഴുതിയാല്‍ ഇന്നും നായര്‍സ്ത്രീ മുഹമ്മദീയന്‍റെ കഴുത്തില്‍ കത്തിപ്രയോഗം നടത്തും.
ഇതിനെ ജാതിക്കുശുമ്പെന്നല്ല അദ്ദേഹം വിളിക്കുന്നത്. മറിച്ച് നാമാരും ഉത്തരവാദിയല്ലാത്ത നികൃഷ്ടമായ ഒരു സംവിധാനം നാമറിയാതെ നമ്മുടെ വികാരങ്ങളെ ക്രമപ്പെടുത്തിയതാണ്. ഇതൊക്കെ ഒരു ബീഡി വലിച്ചു തീര്‍ത്തപ്പോഴേക്കും നിശ്ശേഷം പോയ്പോയി എന്ന് പറയുന്നത് ശരിയല്ല. ഈ വിശ്വാസം തെറ്റാണെന്നു മനസ്സിലാക്കാന്‍ കഴിയാത്തത് നമ്മില്‍ ചിലരുടെ ശുദ്ധഗതിയും ചിലരുടെ കള്ളത്തരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനപ്രാധാന്യമുള്ള നമ്മുടെ വൈകാരിക ജീവിതത്തിന്‍റെ വിഭാഗീയത നാം എത്രവേഗം മനസ്സിലാക്കുന്നുവോ അത്രയും വേഗം ഗുണമുള്ള ഭാവി നമുക്കുണ്ടാവും.(10,11)
ഈ നിലപാടാണ് ‘ജാതിവ്യവസ്ഥ’യുടെ ആമുഖത്തിലും പി.കെ. ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചത്. ഇത് അക്കാദമിക ചരിത്രമേഖലയെ എത്രമാത്രം അലോസരപ്പെടുത്തിയെന്നത് നാം കണ്ടു. ഈ പൊതു പശ്ചാത്തലത്തിലാണ് ബാലകൃഷ്ണന്‍റെ സാമുദായികതയെക്കുറിച്ച ചിന്ത വികസിച്ചുവന്നത്. സാമുദായിക പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയത്തില്‍ അദ്ദേഹം വിശ്വസിച്ചതും ചിന്തയില്‍ ജാതി നിറഞ്ഞുനില്‍ക്കുമ്പോഴും മറിച്ചാണെന്ന് നടിച്ചവരെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തതും അതുകൊണ്ടാണ്. ബാലകൃഷ്ണന്‍ ‘ജാതിവാദി’യാണെന്ന് ആക്ഷേപിക്കപ്പെട്ടതിനു കാരണവും മറ്റൊന്നല്ല.
ബാലകൃഷ്ണന്‍റെ സാമുദായികമായ ഈ കാഴ്ചപ്പാടിനെ നേരത്തേ ഉദ്ധരിച്ച പുസ്തകനിരൂപണത്തില്‍ കെ.കെ.എന്‍. കുറുപ്പ് വിമര്‍ശിച്ചിരുന്നു. ‘ആഢ്യ ഈഴവ’രുടെ ആവശ്യങ്ങളെയും വികാസത്തെയും വര്‍ഗസമരത്തിന്‍റെ ഭാഷയില്‍ വായിച്ച അദ്ദേഹം ബാലകൃഷ്ണന് പലതും കാണാന്‍ കഴിയാതെ കാഴ്ച മങ്ങിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി: ജാതികള്‍ വര്‍ഗങ്ങളായി ഉരുത്തിരിയുന്നതും സാമ്പത്തിക മേധാവിത്വത്തിനുവേണ്ടി പരസ്പരം മത്സരിക്കുന്നതുമായ കാഴ്ച ഗ്രന്ഥകര്‍ത്താവിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
‘ഈഴവരെന്ന ജാതിയുണ്ടു സര്‍’ എന്ന് അദ്ദേഹം കേട്ട ശബ്ദം പുതിയ അവസരങ്ങള്‍ക്കുവേണ്ടി മത്സരിക്കുന്ന പുതിയ വര്‍ഗത്തിന്‍റേതാണെന്ന് സൂചിപ്പിക്കട്ടെ. അല്ലാതെ താഴെ അർധ പട്ടിണിക്കാരായിക്കഴിയുന്ന ഈഴവരുടേതായിരുന്നില്ല. മലബാറില്‍ തിയ്യര്‍ ആ ശബ്ദം ഉണ്ടാക്കിയിരുന്നില്ല. അവര്‍ കൊളോണിയല്‍ ഭരണത്തില്‍ പലതും നേടിക്കഴിഞ്ഞിരുന്നു. ഇന്നും മദ്രാസ് സ്റ്റേറ്റില്‍ തിയ്യര്‍ പുരോഗമന ജാതിക്കാരുടെ പട്ടികയിലാണ്. ജാതി മത്സരങ്ങള്‍ സാമ്പത്തിക മേധാവിത്വത്തിനുള്ള വര്‍ഗസമരങ്ങളുടെ വേറൊരു മുഖമാണെന്ന് നാം ഓര്‍മിക്കണം. ജാതി മത്സരങ്ങള്‍ സാമ്പത്തിക മേധാവിത്വത്തിനുള്ള വര്‍ഗസമരങ്ങളുടെ ഭാഗമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.

കെ.കെ.എൻ. കുറുപ്പ്,രാജൻ ഗുരുക്കൾ
കീഴാള സമുദായങ്ങളും മൂലധനവും
ഒരു കീഴാള സമുദായമെന്ന നിലയില്‍ ഈഴവരുടെ വളര്‍ച്ചയില്‍ ആഢ്യ ഈഴവരും അവരുടെ വൈയക്തികമായ മൂലധനവും വഹിച്ച പങ്കിനെ തികച്ചും മറ്റൊരു രീതിയിലാണ് ബാലകൃഷ്ണന്‍ വായിച്ചത്. വര്‍ഗസമരത്തിന്‍റെ കേവലവാദത്തില്‍, അദ്ദേഹത്തിന്‍റെ ഭാഷയില്‍ ദ്വന്ദ്വമാനരീതിയില്‍, ഊന്നാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ലെന്ന് മാത്രമല്ല, അത്തരം രീതികളെ പരിഹസിക്കുകയും വിമര്‍ശിക്കുകയുംചെയ്തു. ചരിത്രത്തിന്‍റെ ബലതന്ത്രത്തിനിടയില്‍ രൂപംകൊണ്ട സമുദായങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം വികാസങ്ങളെ അദ്ദേഹം നോക്കിക്കണ്ടത്.
ആ കാഴ്ചപ്പാടനുസരിച്ച് കീഴാളസമുദായത്തിന്‍റെ വളര്‍ച്ചയില്‍ വിദ്യാഭ്യാസത്തെപ്പോലെത്തന്നെ അംഗങ്ങളുടെ രാഷ്ട്രീയപ്രവേശവും ധനസമ്പാദനവും വ്യവസായപ്രവേശവും പ്രധാന പങ്കുവഹിക്കുന്നു. സമ്പന്നരായ കീഴാളരെ സമുദായത്തിന്‍റെ ഭാഗമായാണ് അദ്ദേഹം പരിശോധിച്ചത്, അല്ലാതെ സമുദായത്തില്‍നിന്ന് തെറിച്ചുപോയവരായല്ല. ഈഴവസമുദായത്തിന് ബാധകമായ ഈ വികാസഗതി ഇതര കീഴാള, ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ബാധകമായിരുന്നു.
‘ജാതിവ്യവസ്ഥ’ക്കും മുമ്പ് 1954ല്‍ ശ്രീനാരായണഗുരുവിന്‍റെ ശതവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സമാഹാരഗ്രന്ഥമായ ‘നാരായണഗുരു’വില്‍ അദ്ദേഹം സ്വതന്ത്രമായി എഴുതിയ ലേഖനങ്ങളും മറ്റുള്ളവരുടെ കുറിപ്പുകള്‍ക്കു മുന്നില്‍ എഴുതിച്ചേര്‍ത്ത ആമുഖക്കുറിപ്പുകളിലും സമുദായങ്ങളെക്കുറിച്ച് ഇത്തരം ചിന്തകള്‍ തെളിഞ്ഞുകാണാം. ഗുരുവിനെയും ഈഴവരെയും കുറിച്ച് വിലയിരുത്തലുകളോടൊപ്പം ഗുരുവിന്‍റെ പ്രവര്‍ത്തന പദ്ധതിയെയും ഈഴവ സാമൂഹികതയെയും വിലക്ഷണമായ രീതിയില്‍ നോക്കിക്കണ്ട, ഇടത്-ദേശീയവാദ ചിന്തയുടെ വിമര്‍ശനവുമായിരുന്നു ആ കുറിപ്പുകള്‍.
ഗുരുവിനെപ്പോലും കേവലം ഈഴവ ബൂര്‍ഷ്വാസിയുടെ പ്രതിനിധിയായിക്കണ്ടതിനെക്കുറിച്ച് പരിഹാസങ്ങളും ഈ കൃതിയില്‍ എമ്പാടും കാണാം. 1896ല്‍ 13,000 ഈഴവര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ സര്‍ക്കാറിനു നല്‍കിയ ഹരജി പുനഃപ്രസിദ്ധീകരിച്ചുകൊണ്ടുള്ള ആമുഖ കുറിപ്പില്‍ ബാലകൃഷ്ണന്‍ ദ്വന്ദ്വമാന ചരിത്ര ഭൗതികക്കാരെ ഇങ്ങനെ പരിഹസിച്ചു: ദ്വന്ദ്വമാന ചരിത്ര ഭൗതികക്കാരും അല്ലാത്തവരുമായ പണ്ഡിതന്മാര്‍ ഇതൊക്കെയും മലയാള സാഹിത്യത്തിന്‍റെ ആധുനികയുഗമായി കണക്കാക്കും. കൈനീട്ടിയാല്‍ മുട്ടുന്ന ഇന്നലെ! ബൂര്‍ഷ്വാ ദേശീയത്വവും ജനാധിപത്യവും അന്നേക്കു പ്രൗഢമായിക്കഴിഞ്ഞിരുന്നു.
ഈഴവ ബൂര്‍ഷ്വാസിയുടെ നേതാവായി നാണുഗുരുവും ഈഴവ ബൂര്‍ഷ്വാദേശീയബോധത്തിന്‍റെ കവിയായി കുമാരനാശാനും തൊട്ടുപുറകെ വരുന്നു. 1896ഉം ഈ 1954ഉം ഒക്കെ യുഗഗണനകളില്‍ ഒന്നുതന്നെ. പക്ഷേ, ഒരു മാറ്റമുണ്ട്. 1896ലെ ഈഴവന്‍റെ ഈ കഴുതക്കരച്ചിലും ‘അടിയസ്ഥാന’വും കരയാന്‍പോലും അന്നു വളര്‍ന്നിട്ടില്ലാത്ത മറ്റു പിന്നാക്ക ജാതിക്കാരുടെ ‘ശുദ്ധശൂന്യത’യും എല്ലാം പണ്ടു പണ്ടു പണ്ടു കാലത്ത് ഏതോ യുഗത്തില്‍ നടന്ന പഴങ്കഥകളും ഇന്നേക്കു പ്രസക്തിയില്ലാത്ത ‘മൂരാച്ചികാര്യ’ങ്ങളുമാണ്.(12) സമുദായത്തിന്‍റെ വളര്‍ച്ചയെ വര്‍ഗാടിസ്ഥാനത്തില്‍ കാണണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് വായിക്കാമെന്ന ശിപാര്‍ശയോടെയാണ് എസ്.എൻ.ഡി.പി നേതാവായിരുന്ന എന്‍. കുമാരന്‍റെ യോഗത്തിനു പതിനൊന്നു വയസ്സൊന്നു തികഞ്ഞപ്പോള്‍ എന്ന ലേഖനം അവതരിപ്പിച്ചത്.(13)
1910ല്‍ ചെറായി വിജ്ഞാനവർധിനി സഭക്കാര്‍ക്ക് ഗുരു നല്‍കിയ സന്ദേശത്തിലാണ് വിദ്യാഭ്യാസംചെയ്ത് അഭിവൃദ്ധിപ്പെടുക എന്ന ഗുരുവിന്‍റെ സന്ദേശം പ്രത്യക്ഷപ്പെട്ടത്. സംസ്കൃതത്തിനു പ്രാധാന്യം കുറഞ്ഞുവരുന്നതുകൊണ്ട് ഇംഗ്ലീഷ് പഠിക്കാന്‍ ഗുരു ശിപാര്‍ശചെയ്തു. സമുദായാഭിവൃദ്ധി ലക്ഷ്യമിട്ട് വ്യവസായം ചെയ്യണമെന്നായിരുന്നു മറ്റൊരു ഉപദേശം. വ്യവസായമില്ലാതെ ധനസ്ഥിതി ഉയരാന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ ധനവാന്മാര്‍ക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്. ഒരാളെക്കൊണ്ട് സാധിക്കാതെ വന്നാല്‍ പലപേര്‍ ചേര്‍ന്ന് കമ്പനി സ്ഥാപിക്കണം.
കൊപ്ര, ചകിരി എന്നിവ ഉപയോഗിച്ചുള്ള വ്യവസായം ഉപകാരപ്പെടും. സാങ്കേതികവിദ്യ അറിയില്ലെങ്കില്‍ ധനികര്‍ അവരുടെ മക്കളെ പുറത്തേക്ക് പഠിക്കാനയക്കണമെന്നും ഉപദേശിച്ചു. ഈ ലേഖനം അവതരിപ്പിച്ചുകൊണ്ട് ബാലകൃഷ്ണന്‍ എഴുതി: വ്യവസായങ്ങള്‍ ചെയ്യുക എന്നു വന്നപ്പോള്‍ അതിലെ വ്യവസായ മുതലാളി താല്‍പര്യം സ്പഷ്ടമാണ്. പുറകില്‍ കിടക്കുന്ന ജാതിക്കാര്‍ ഒരുപാടു ‘ജേ’ വിളിക്കാതെ കുറഞ്ഞൊന്നു അക്ഷരാഭ്യാസം കൂടി ചെയ്യുക എന്നു പറയുന്നതിലെ ബൂര്‍ഷ്വാത്വവും വിശദമത്രേ –കേരളത്തിലെ ദ്വന്ദ്വമാനരീത്യാ ബൂര്‍ഷ്വാ ദേശീയത്വത്തില്‍ താന്‍ ചെന്നുവീഴുമെന്ന് സ്നേഹംകൊണ്ടു ത്രസിക്കുന്ന ഹൃദയത്തോടെ ഈ സദുപദേശം ചെയ്യുമ്പോള്‍ സ്വാമി അറിഞ്ഞുകാണുകയില്ലെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.(14)
ഇ.എം.എസിന്റെ ഓങ്ങാലൂര്‍ പ്രസംഗം
അതിനുശേഷം ഇതേ പുസ്തകത്തില്‍ ഇ.എം.എസിന്‍റെ ‘നമ്പൂതിരിയെ മനുഷ്യനാക്കാന്‍’ എന്ന ശീര്‍ഷകത്തിലുള്ള ഓങ്ങാലൂര്‍ പ്രസംഗം എടുത്തുചേര്‍ത്തു. 1945ലെ പ്രസംഗം സ്വസമുദായാംഗങ്ങള്‍ക്ക് ഇ.എം.എസ് നല്‍കുന്ന ചില ഉപദേശങ്ങളാണ്. സമുദായപ്രവര്‍ത്തനത്തിന്‍റെ കാലം കഴിഞ്ഞു, രാഷ്ട്രീയത്തിന്‍റെ കാലമാണ് ഇനിയുള്ളതെന്ന അഭിപ്രായം തനിക്കില്ലെന്ന് ഇ.എം.എസ് വ്യക്തമാക്കി. കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനം സമുദായത്തിലെ ചില വിഭാഗങ്ങളെ മാത്രമേ സ്പര്‍ശിച്ചിട്ടുള്ളൂ. ബഹുഭൂരിപക്ഷവും അജ്ഞതയിലാണ് കഴിഞ്ഞുകൂടുന്നത്. അങ്ങനെയുള്ള സമുദായത്തെ ഇനി ഏത് വഴിയിലൂടെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആലോചിക്കേണ്ടത്.
പല നമ്പൂതിരിമാരെയും രാഷ്ട്രീയത്തിലിറക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. സമുദായത്തെ ഇനിയും യോജിപ്പിച്ചുനിര്‍ത്തണമെങ്കില്‍ പുതിയൊരു പരിപാടിയുണ്ടായിരിക്കണം. തുടര്‍ന്ന് അദ്ദേഹം ധാരാളം സമുദായ പരിഷ്കരണങ്ങള്‍ നിർദേശിക്കുന്നു. ചെറുകിട കൃഷിയെ മാത്രം ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. വ്യവസായം ചെയ്യാത്ത സമുദായാംഗങ്ങളെ കുറ്റപ്പെടുത്തുന്നുമുണ്ട്. പകരം വ്യവസായവും വ്യാപാരവും വന്‍കിട കൃഷിയും നിര്‍ദേശിച്ചു. ഇത്തരം സംരംഭങ്ങള്‍ വഴി സ്വത്ത് വര്‍ധിപ്പിക്കണം. അല്ലെങ്കില്‍ പരിഷ്കാരം സാധ്യമാകില്ലെന്നും ഇ.എം.എസ് മുന്നറിയിപ്പ് നല്‍കി.(15)
ഇതേ കുറിച്ചുള്ള ബാലകൃഷ്ണന്‍റെ ആമുഖക്കുറിപ്പ് ഇങ്ങനെ: ശ്രീ ഇ.എം.എസിന്‍റെ ‘നമ്പൂരിയെ മനുഷ്യനാക്കാന്‍’ എന്ന ശീര്‍ഷകത്തിലുള്ള ഓങ്ങാലൂര്‍ പ്രസംഗത്തിലെ കുറെ ഭാഗങ്ങളാണ് ചുവടെ വരുന്നത്. നമ്പൂരിമാരെ ഗുണോപദേശംചെയ്യുന്ന ഈ പ്രസംഗം 1945ാമാണ്ടില്‍ ചെയ്യുമ്പോള്‍ സ: ഇ.എം.എസ് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളാ സിക്രട്ടറിയേറ്റിന്‍റെ മുഴുവന്‍ ചാര്‍ജും കൈവശമുള്ള കമ്മിറ്റിയംഗമായിരുന്നു.
ഈ പ്രസംഗം പ്രോലിറ്റേറിയന്‍ പ്രസിദ്ധീകരണശാലയായ കോഴിക്കോട്ട് ‘ദേശാഭിമാനി പബ്ലിഷിങ് ഹൗസി’ല്‍നിന്നും രക്തവര്‍ണമുള്ള പുറംചട്ടയോടുകൂടിയാണ് പുറത്തിറങ്ങിയത്. ഏതാനും കാലം ഇത് സ്റ്റഡിക്ലാസുകള്‍ക്കും വിഷയമായിരുന്നതായിട്ടാണറിവ്. ഏതായാലും നമ്പൂരിമാര്‍ക്കുള്ള ഈ വിശുദ്ധോപദേശം മറ്റു ബൂര്‍ഷ്വാജാതിക്കാര്‍ക്കു ബാധകമാക്കിയിരുന്നതായി തോന്നുന്നില്ല. താൽപര്യമുള്ള വിദ്യാർഥികള്‍ 1945ല്‍ നടന്ന ഈ പ്രസംഗം, 1904ല്‍ ഡോ. പൽപു എസ്.എന്‍.ഡി.പിയില്‍ ചെയ്ത പ്രസംഗവുമായും, പിന്നെ സ്വാമിയുടെ ‘ചെറായി സന്ദേശ’വുമായും താരതമ്യപ്പെടുത്തി നോക്കേണ്ടതാണ്. 1904ലും 1910ലും അതു പറഞ്ഞ സ്വാമിയും മറ്റും ബൂര്‍ഷ്വകളായി.
സാമുദായികതയും ദേശീയതയും വര്‍ഗീയതയും
സാമുദായികതയെ പ്രാധാന്യത്തോടെ നോക്കിക്കണ്ട പണ്ഡിതനായിരുന്നു ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ സഹോദരന്‍ അയ്യപ്പനെ മാതൃകയാക്കിയിരിക്കണം. അതുകൊണ്ടുതന്നെ ദേശീയതയുടെ യുക്തിയെ വിമര്‍ശനബുദ്ധ്യാ അദ്ദേഹം നോക്കിക്കണ്ടു. സാമുദായികതയെ മറച്ചുവെക്കുന്ന രാഷ്ട്രീയത്തോട് വിയോജിച്ചു. ഇതേ പുസ്തകത്തില്‍ 1908ല്‍ ഗുരു, യോഗത്തിനു നല്‍കിയ സന്ദേശം എടുത്തുചേര്‍ത്തിട്ടുണ്ട്. രാഷ്ട്രീയത്തിനു പിറകെയുള്ള ‘ഏകാഗ്രമായ നെട്ടോട്ടത്തെ’യാണ് ഗുരു വിമര്‍ശിക്കുന്നതെന്നാണ് ബാലകൃഷ്ണന്‍ വ്യാഖ്യാനിക്കുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രം കൈകാര്യംചെയ്താല്‍ പോരെന്ന വ്യംഗ്യമായ സൂചനയാണ് ഈ സന്ദേശത്തിന്‍റേതെന്നും നിരീക്ഷിച്ചു.
ദേശീയവാദം ജാതിയെയും സാമുദായികതയെയും കൈകാര്യംചെയ്ത രീതിയോട് ബാലകൃഷ്ണന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ദേശീയവാദികളുടെ ഇരട്ടത്താപ്പിനെ അംബേദ്കറെക്കുറിച്ചുള്ള കുറിപ്പില്‍ അദ്ദേഹം കൈകാര്യംചെയ്തു.(16) തന്‍റെ കണ്‍മുന്നില്‍ ഇല്ലാതായിക്കഴിഞ്ഞ ഇന്ത്യയെ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് നെഹ്റുവിന്‍റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന രസകരമായ നിരീക്ഷണത്തോടെ ആ പ്രബന്ധം ബാലകൃഷ്ണന്‍ തുടങ്ങുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ജാതിസ്പര്‍ധയില്ലാത്ത സ്വരാജ്യസ്നേഹിയായ നെഹ്റു, ഉപബോധതലത്തില്‍ ഹിന്ദു ബ്രാഹ്മണനായിരുന്നു.
നെഹ്റുവിനെ സംബന്ധിച്ചിടത്തോളം ജാതി എന്നത് കേവലം അനാചാരമോ അത്യാചാരമോ മാത്രമായിരുന്നു. അയിത്ത ജാതിക്കാര്‍ക്ക് നിയമസഭയില്‍ പ്രത്യേക പ്രാതിനിധ്യം നല്‍കുന്നതിനോട് വിയോജിച്ച ഗാന്ധിയാകട്ടെ, സനാതന ഹിന്ദുമതത്തില്‍ വിശ്വസിച്ചിരുന്ന ഹിന്ദുവും. അധഃകൃതര്‍ക്ക് നിയമസഭാ അംഗത്വത്തേക്കാള്‍ പ്രധാനം സാമൂഹികവും മതപരവുമായ പീഡനത്തില്‍നിന്നുള്ള സംരക്ഷണമാണെന്നുമായിരുന്നു ഗാന്ധിയുടെ അഭിപ്രായം. ‘‘ഇന്ത്യയിലെ ജനാധിപത്യത്തെ അതിന്‍റെ പരമ്പരാഗത ശിക്ഷണവുമായി പാശ്ചാത്യ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍റെ വീഥിയിലൂടെ വിട്ടാല്‍, അത്യാചാരിയും ആഭിചാരാസക്തനും ദുഷ്ടതയാണെന്നറിയാതെ കൊടുംദുഷ്ടതകള്‍ ചെയ്യുന്നവനുമായ സ്വേച്ഛാധിപത്യ മഹാത്മാക്കള്‍ക്ക് അവര്‍, രാജ്യവും സ്വന്തം സ്വാതന്ത്ര്യവും കാണിക്കയായി സമര്‍പ്പിച്ച് ജയ, ജയ മുഴക്കുമെന്ന്’’ ബാലകൃഷ്ണന്‍ ഭയപ്പെട്ടു.
സാമുദായികതയെ അക്കാലത്തെ ‘ദേശീയ’ ചരിത്രകാരന്മാര്‍ വിശദീകരിച്ചിരുന്നത് രാജ്യത്തിനുള്ള ഭീഷണിയായാണ്. അവരതിനെ വര്‍ഗീയതയെന്നാണ് വിശേഷിപ്പിച്ചത്. സാമുദായികതയും പ്രാദേശികതയും രാഷ്ട്രത്തിനുതന്നെ ഭീഷണിയായ രണ്ട് ആശയങ്ങളാണെന്നായിരുന്നു അവരുടെ വാദം. എം.ജി.എസിനെപ്പോലുള്ളവര്‍ ഈ വാദം 1990കളില്‍പ്പോലും ആവര്‍ത്തിച്ചു. സാമുദായികതയെ ‘കമ്യൂണലിസം’ എന്ന വാക്കുകൊണ്ട് വിശദീകരിച്ചാല്‍ മാത്രമേ ചിന്തയില്‍ സ്പഷ്ടത വര്‍ധിക്കുകയുള്ളൂവെന്നും അദ്ദേഹം കരുതി.
അത് ഒറ്റപ്പെട്ട ചിന്തയായിരുന്നില്ല. ഇക്കാലമായതോടെ സാമുദായികതയെ മതവുമായി മാത്രം ബന്ധപ്പെടുത്തുന്ന ശൈലിയും പ്രചാരത്തിലായി. 1992ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ എം.ജി.എസ് ഈ ആശയം ഇങ്ങനെ വ്യക്തമാക്കി: അവയുടെ (സാമുദായിക സംഘടനകളുടെ) മുഠാളത്തങ്ങള്‍ മുഴച്ചുനില്‍ക്കുന്നു. ഹിന്ദു-മുസ്‍ലിം സാമുദായിക നേതാക്കള്‍ തങ്ങളുടെ സമുദായത്തില്‍ ഒരു വിഭാഗത്തിന്‍റെയും രാഷ്ട്രീയ സാമ്പത്തിക രംഗത്തെ സങ്കുചിത സ്വാർഥ താല്‍പര്യങ്ങള്‍ പാലിക്കാന്‍വേണ്ടി മതങ്ങളുടെ ഉദാരാശയങ്ങളെ സാമുദായികമായി ദുര്‍വ്യാഖ്യാനംചെയ്ത്, അന്യോന്യമടിപ്പിച്ച് രാഷ്ട്രത്തിനും സമൂഹത്തിനും ദ്രോഹം വരുത്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.(17)
കീഴാള പ്രസ്ഥാനങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒരുപോലെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാമുദായികതയെന്ന പ്രയോഗം 1947നുശേഷം മതപരമായ സംജ്ഞയാക്കി എങ്ങനെ മാറ്റിയെന്നത് ദേശീയവാദത്തിന്‍റെ മറ്റൊരു ചരിത്രമാണ്. സ്വയം സവര്‍ണ സാമുദായികതയുടെ ഭാഗമായിരിക്കുമ്പോൾതന്നെ അത് തന്ത്രപൂര്‍വം മറച്ചുെവച്ച സവര്‍ണ- ദേശീയ ചരിത്രകാരന്മാരോടുള്ള വിസമ്മതമായിരുന്നു അദ്ദേഹം തന്‍റെ എഴുത്തുജീവിതത്തില്‍ പ്രകടിപ്പിച്ചത്. ഈ ധാരണകള്‍ തന്‍റെ ചരിത്രാവബോധത്തിന്‍റെ ഭാഗവുമാക്കി.
ഗുരുവും സാമുദായികതയും
ഗുരുവിനെ സംബന്ധിച്ചിടത്തോളം ഒട്ടൊക്കെ ‘പുരോഗമന’ സ്വഭാവമുള്ള വീക്ഷണമാണ് പി.കെ. ബാലകൃഷ്ണനും പുലര്‍ത്തിയിരുന്നതെങ്കിലും കേവല മതേതരവാദികള്‍ കരുതിയതുപോലെ മതം, ദൈവശാസ്ത്രം എന്നിവയുടെ സ്വാധീനത്തെ പൂര്‍ണമായും നിഷേധിച്ചിരുന്നില്ല. ‘‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന’’മാണെന്ന 1888ലെ നിലയും ‘‘ഒരു ജാതി ഒരു മതം ഒരു ദൈവം’’ എന്ന ധാരണയും ഒരേ ആശയമാണ് പിന്തുടരുന്നതെന്നാണ് കരുതിയത്. ശ്രീനാരായണഗുരുവിലെ ‘മനുഷ്യനെ’ കണ്ടെത്താനായിരുന്നു ശ്രമം. ഗുരുഭക്തര്‍ അദ്ദേഹത്തിലേക്കുള്ള വഴിയടച്ചെന്ന് ‘നാരായണഗുരു’വിന് എഴുതിയ ആമുഖത്തില്‍ അദ്ദേഹം പരാതിപ്പെട്ടു.
കാര്യം ഇങ്ങനെയെങ്കിലും ക്ഷേത്രങ്ങളെക്കുറിച്ച സാമുദായികവീക്ഷണം അദ്ദേഹം കാത്തുസൂക്ഷിച്ചു. അദ്ദേഹം ഗുരുവിനെ വായിച്ചതും ഇതേ പക്ഷത്തുനിന്നാണ്. ക്ഷേത്രം സാമൂഹ്യസ്ഥാപനമാക്കണമെന്ന നിലപാടിനോടും യോജിപ്പിലായിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഈഴവരുടെ ആത്മീയ പരാധീനതകള്‍ മാറ്റാനും ഒന്നിച്ചുകൂടാനുമാണ് ക്ഷേത്രം സ്ഥാപിച്ചത്. എന്തു പ്രതിഷ്ഠിച്ചു, എങ്ങനെ പ്രതിഷ്ഠിച്ചുവെന്നത് മൗലികമായ പ്രശ്നമല്ല. മതവും ക്ഷേത്രവും മനുഷ്യനു വേണമോ എന്ന ചോദ്യത്തിന് ‘വേണം’ എന്ന് ഗുരു ഖണ്ഡിതമായി ഉത്തരം പറയുമായിരുന്നുവെന്നുതന്നെയാണ് ബാലകൃഷ്ണന്‍ കരുതിയത്.
ഈഴവ ജനതയുടെ സ്വഭാവത്തിന്‍റെ അടിത്തറയായി മാറിയ അപകര്‍ഷതാബോധത്തെയാണ് ഗുരു കൈകാര്യംചെയ്തത്. ഗുരുവിന്‍റെ പ്രവര്‍ത്തന പദ്ധതികളും ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു. ഈ അടിമബോധം മറികടക്കുകയും ഗുരുവിന്‍റെ ഉദ്ദേശ്യമായിരുന്നു(18)വെന്ന് അദ്ദേഹം എഴുതി: നാരായണഗുരുവിന്‍റെ പ്രവര്‍ത്തനം പടുത്തുയര്‍ത്തിയ സൗധം ക്ഷേത്രത്തിന്‍റെയും മതത്തിന്‍റെയും അല്ലായിരുന്നു; അവയുടെ സംസ്കരിച്ച ഒരു രൂപവുമല്ലായിരുന്നു. അദ്ദേഹം ഉണ്ടാക്കാന്‍ ശ്രമിച്ച സവിശേഷമായ ആ സൗധത്തിനുവേണ്ടി ക്ഷേത്രവും മതവും നിസ്സംശയമായും അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രസക്തരംഗത്തില്‍ അവയുടെ ചില പ്രായോഗിക പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തെ അമ്പരപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.
പക്ഷേ, അസ്സല്‍ മനുഷ്യര്‍ക്കുവേണ്ടി അവരുടെ നിത്യജീവിതത്തില്‍ അദ്ദേഹംചെയ്ത സേവനങ്ങള്‍ക്ക് മതത്തിന്‍റെ അവലംബം വേണമെന്നു നിര്‍ബന്ധമില്ല –ക്ഷേത്രങ്ങളും പാഠശാലകളുമായി തുടങ്ങിയ സ്വാമി പാഠശാലകള്‍തന്നെ ക്ഷേത്രങ്ങള്‍ എന്ന ചിന്തയിലേക്ക് പരിണമിച്ചതായി ബാലകൃഷ്ണന്‍ തുടര്‍ന്ന് വിലയിരുത്തുന്നു. മിതവ്യയം, വ്യവസായ തൽപരത തുടങ്ങിയവയെല്ലാം ഇതിനുള്ള വഴികള്‍മാത്രം. ഈഴവരുടെ മുഴുവന്‍ സമുദായ സംരംഭങ്ങളുടെയും ഉത്തരവാദിത്തം ഗുരുവില്‍ ഏൽപിച്ചുകൊടുക്കുന്നതിനോട് അദ്ദേഹം വിയോജിപ്പിലായിരുന്നെങ്കിലും ഈഴവ സാമുദായികതയുടെ നിര്‍മിതിയില്‍ ഗുരുവിന്‍റെ പങ്ക് അദ്ദേഹം എടുത്തുകാട്ടി. അതില്‍ അദ്ദേഹം മുന്നോട്ടുവെച്ച ദൈവശാസ്ത്രത്തിന്‍റെ പങ്കും വകവെച്ചുകൊടുത്തു.
ദേശീയതക്കെതിരെ വര്‍ഗീയതയും സാമുദായികതയുമെന്നതായിരുന്നു കൊളോണിയല്‍ കാലത്തെ മുഖ്യ സാമൂഹിക വിശകലന ചട്ടക്കൂട്. സ്വാതന്ത്ര്യാനന്തരം ഈ ധൈഷണിക ചിന്തയില്‍ ചില മാറ്റങ്ങള്‍ വന്നു. 1950കള്‍ മതേതരത്വം ‘കണ്ടെത്തുന്ന’ കാലമായിരുന്നു. ഇതില്‍ ആകൃഷ്ടനായതുകൊണ്ടായിരിക്കാം ഗുരുവിന്‍റെ ദൈവശാസ്ത്രത്തില്‍ –ക്ഷേത്രങ്ങളില്‍നിന്ന് വിദ്യാലയങ്ങളിലേക്ക്– പരിണാമമുണ്ടെന്ന പക്ഷക്കാരനായിരുന്നു പി. കെ. ബാലകൃഷ്ണന്‍. ഗുരുവിന്‍റെ ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന സന്ദേശത്തെ മതേതരസൂക്തമായി മനസ്സിലാക്കിയിരുന്ന കാലത്തിന്‍റെ പ്രതിനിധിയുമായിരുന്നു അദ്ദേഹം. എന്നാല്‍, കീഴാള സാമുദായികതയെ വര്‍ഗീയതയും സങ്കുചിതത്വവുമായി കരുതുന്ന ഒരു ചരിത്രം നമ്മുടെ ദേശീയവാദത്തിനുണ്ട്. അതുകൊണ്ടുതന്നെ പഴയ ദേശീയവാദികളുടെ പുതിയ മതേതരവാദത്തോട് അദ്ദേഹം മിക്കവാറും ഇടഞ്ഞുതന്നെ നിന്നു.
തിരിഞ്ഞുനോക്കുമ്പോള്‍ ഇന്നും പ്രസക്തമായ ധൈഷണിക ഭാവന കേരളീയസമൂഹത്തിലേക്ക് വിക്ഷേപിച്ച കീഴാള വിമതപണ്ഡിതനായിരുന്നു പി.കെ. ബാലകൃഷ്ണന്‍. കീഴാളസാമുദായിക ഉള്ളടക്കമില്ലാത്ത ദേശീയവാദികളുടെ മതേതരവാദത്തേക്കാള്‍, സാമുദായിക ഉള്ളടക്കമുള്ള ‘വര്‍ഗീയവാദി’യായും കീഴാള ദേശീയവാദിയായും സ്വയം അടയാളപ്പെടുത്താന്‍ ശ്രമിച്ചയാളുമായിരുന്നു അദ്ദേഹം.(19) സമൂഹചലനത്തെ കേവലം രാഷ്ട്രീയമായോ ദേശീയ രാഷ്ട്രീയമായോ ചുരുക്കാന്‍ ഇഷ്ടപ്പെട്ടില്ല. സാമുദായികപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമാണ് അദ്ദേഹം പ്രധാനമായി കണ്ടത്. പഴയ ദേശീയവാദികളുടെ കേവല രാഷ്ട്രീയവാദം നിരാകരിക്കുകയുംചെയ്തു.
സമുദായങ്ങളുടെ ബഹുസ്വരമായ സംഘാടനമെന്ന നിലയിലാണ് അദ്ദേഹം ദേശത്തെ വിഭാവനംചെയ്തതെന്നു വേണം അനുമാനിക്കാന്‍. വസ്തുതകളെ മനസ്സിലാക്കാന്‍ ശ്രമിച്ച യുക്തിയും അതായിരുന്നു. ഈഴവ സമുദായത്തില്‍ ജനിച്ചതുകൊണ്ടാവാം, ജാതിയില്ലാത്ത മനുഷ്യനെയാണ് അദ്ദേഹം അന്തിമ അഭയസ്ഥാനമായി കണ്ടത്. പക്ഷേ, ‘ബീഡിവലിച്ചുതീരുന്ന’ ലാഘവത്തില്‍ ജാതിബോധം ഇല്ലാതായെന്ന് നടിക്കുന്നവരോട് അദ്ദേഹം വിയോജിച്ചു. വര്‍ഗീയത, സാമുദായികത, മൂലധനം, വരേണ്യത, ദേശീയത, മതേതരത്വം എന്നിവക്ക് കീഴാളരുടേതായ അർഥവും ചരിത്രവും നല്‍കാനാണ് ബാലകൃഷ്ണന്‍ ശ്രമിച്ചത്. ഇതിന് തടസ്സം നിന്ന പൊതുനിര്‍മിതികളെ വെളിച്ചത്തുകൊണ്ടുവരാനായിരുന്നു ശ്രമം. ഈ പ്രക്രിയയില്‍ കീഴാളരെയും സവര്‍ണരെയും രണ്ട് പാത്രംകൊണ്ട് അളക്കുന്നവരോട് രാജിയാവാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ലേഖനാരംഭത്തില്‍ സൂചിപ്പിച്ച ആക്രമണങ്ങളുടെ കാരണവും അതായിരുന്നു.
---------------------------
നന്ദി: ഈ ലേഖനത്തിന്‍റെ അവസാനരൂപം വായിച്ച് ഭേദഗതി നിര്‍ദേശിച്ചത് സുഹൃത്ത് കെ. അഷ്റഫാണ്. പല കാഴ്ചപ്പാടുകള്‍ക്കും കെ.കെ. ബാബുരാജ്, സുദേഷ് എം. രഘു എന്നിവരോട് കടപ്പാടുണ്ട്.
സൂചിക
1. ചരിത്രസമീപം നഷ്ടപ്പെട്ട ചരിത്രം, കെ.കെ.എന്‍. കുറുപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1984 മാര്‍ച്ച് 25
2. പ്രൊഫസര്‍മാരും ഡോക്ടറല്‍ തീസിസിന്‍റെ മായാജാലവും, പി.കെ. ബാലകൃഷ്ണന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1984 ഏപ്രില്‍ 8
3. അതേ ലേഖനം
4. ബാലകൃഷ്ണന് മറുപടി, കെ.കെ.എന്‍. കുറുപ്പ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1984 ഏപ്രില്‍ 22
5. പ്രൊഫ. ഇളംകുളവും എന്‍റെ ഗവേഷണവും, എം.ജി.എസ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1984 മേയ് 6
6. കേരളചരിത്രം ഒരു സംവാദം, പി.കെ. ബാലകൃഷ്ണന്‍, രാജന്‍ഗുരുക്കള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1985 ഡിസംബര്‍ 8
7. രാഷ്ട്രീയപ്രവര്‍ത്തകനായ കുമാരനാശാന്‍, പി.കെ. ബാലകൃഷ്ണന്‍, പി.കെ. ബാലകൃഷ്ണന്‍റെ ലേഖനങ്ങള്‍, ഡി.സി ബുക്സ്, പേജ് 203, 2004
8. യോഗത്തിന്‍റെ വര്‍ഗഘടന, പി.കെ. ബാലകൃഷ്ണന്‍, നാരായണഗുരു, ഡി.സി ബുക്സ്, പേജ് 112, 2012
9. രാഷ്ട്രീയപ്രവര്‍ത്തകനായ കുമാരനാശാന്‍, പി.കെ. ബാലകൃഷ്ണന്‍റെ ലേഖനങ്ങള്‍, പി.കെ. ബാലകൃഷ്ണന്‍, ഡി.സി ബുക്സ്, 2004
10. ഒരു മുഖവുര, പി.കെ. ബാലകൃഷ്ണന്‍, നാരായണഗുരു, ഡി.സി ബുക്സ്, പേജ് 15, 2012
11. പിന്നാക്ക സമുദായങ്ങള്‍ ഒരു ചരിത്രപാഠം, പി.കെ. ബാലകൃഷ്ണന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1977 ഫെബ്രുവരി 13
12. അടിയങ്ങള്‍ക്ക് ശ്രീപത്മനാഭന്‍തന്നെ തുണ!, നാരായണഗുരു, ഡി.സി ബുക്സ്, പേജ് 57, 2012
13. യോഗത്തിനു പതിനൊന്നു വയസ്സൊന്നു തികഞ്ഞപ്പോള്‍, എന്‍. കുമാരന്‍, നാരായണഗുരു, ഡി.സി ബുക്സ്, പേജ് 64, 2012
14. നിങ്ങള്‍ ശരിക്കും സാക്ഷരരാകുക, നാരായണഗുരു, നാരായണഗുരു, ഡി.സി ബുക്സ്, പേജ് 72, 2012
15. നമ്പൂതിരിമാര്‍ക്ക് 1945ല്‍ ഒരുപദേശം, ഇ.എം.എസ്, നാരായണഗുരു, ഡി.സി ബുക്സ്, പേജ് 98, 2012
16. അംബേദ്കര്‍ എന്ന പ്രതിഭാസത്തിന് ഒരു മുഖവുര, പി.കെ. ബാലകൃഷ്ണന്‍, പി.കെ. ബാലകൃഷ്ണന്‍റെ ലേഖനങ്ങള്‍, ഡി.സി ബുക്സ്, പേജ് 178, 2004
17. സത്യം ഏറെ അകലെയാണ്, ദേശീയതയുടെ മാനങ്ങള്‍, എം.ജി.എസ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 29, 1992
18. നാരായണഗുരു -ഒരു പഠനം, പി.കെ. ബാലകൃഷ്ണന്‍, നാരായണഗുരു, ഡി.സി ബുക്സ്, പേജ് 121, 2012
19. ഞാന്‍ വർഗീയ വാദിയാണ് (1987), ഉത്തരകാലം (പുനഃപ്രസിദ്ധീകരണം) ഏപ്രില്‍ 2, 2016
