തീ പിടിച്ച തലയിണ

മനുഷ്യർക്ക് രണ്ടാം പിറവി വേണം എന്നുതന്നെ തോന്നിപ്പോകും. ആദ്യത്തേതിലെ അറ്റകുറ്റപ്പണികൾ തീർത്ത് രണ്ടാമത്തെ ഒരെണ്ണം ഒരു ശിൽപിയെ പോലെ കൊത്തിയെടുക്കാൻ എല്ലാ മനുഷ്യർക്കും അവസരം വേണം. എന്‍റെ അമ്മക്ക് രണ്ടാം പിറവി ഉണ്ടായിരുന്നെങ്കിൽ അത് ബാല്യസഹജമായ സ്വപ്നങ്ങൾകൊണ്ട് നിറഞ്ഞതാകുമായിരുന്നു എന്ന് എനിക്കുറപ്പാണ് –കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലേഖകൻ തന്റെ ജീവിതത്തിന്റെ ഒരു അധ്യായം എഴുതുന്നു. അമ്മച്ചി ഇത്തിരി ഒറങ്ങ്… മൂന്നു ദെവസായിട്ട് കണ്ണും തുറന്നു കെടക്കുകല്ലേ… കൺപോളകൾ തുറന്നുതന്നെയിരുന്നു. കണ്ണിൽ നോക്കിയാലറിയാം മനസ്സ് ഉറങ്ങാൻ ഒരുക്കമെല്ലന്ന്. ആശുപത്രിയിലെ...
Your Subscription Supports Independent Journalism
View Plansമനുഷ്യർക്ക് രണ്ടാം പിറവി വേണം എന്നുതന്നെ തോന്നിപ്പോകും. ആദ്യത്തേതിലെ അറ്റകുറ്റപ്പണികൾ തീർത്ത് രണ്ടാമത്തെ ഒരെണ്ണം ഒരു ശിൽപിയെ പോലെ കൊത്തിയെടുക്കാൻ എല്ലാ മനുഷ്യർക്കും അവസരം വേണം. എന്‍റെ അമ്മക്ക് രണ്ടാം പിറവി ഉണ്ടായിരുന്നെങ്കിൽ അത് ബാല്യസഹജമായ സ്വപ്നങ്ങൾകൊണ്ട് നിറഞ്ഞതാകുമായിരുന്നു എന്ന് എനിക്കുറപ്പാണ് –കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലേഖകൻ തന്റെ ജീവിതത്തിന്റെ ഒരു അധ്യായം എഴുതുന്നു.
അമ്മച്ചി ഇത്തിരി ഒറങ്ങ്… മൂന്നു ദെവസായിട്ട് കണ്ണും തുറന്നു കെടക്കുകല്ലേ…
കൺപോളകൾ തുറന്നുതന്നെയിരുന്നു. കണ്ണിൽ നോക്കിയാലറിയാം മനസ്സ് ഉറങ്ങാൻ ഒരുക്കമെല്ലന്ന്. ആശുപത്രിയിലെ നീലവിരിപ്പിൽ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടായി. മെലിഞ്ഞ ശരീരം വല്ലാതെ തടിച്ചിട്ടുമുണ്ട്.
–അടുത്തിരിക്കുമ്പോ കൈയ്യ് എന്‍റ മേത്ത് മുട്ടാതെ നോക്കണം…മേലാകെ വേദനേണ്.
സ്പർശം എന്ന അനുഭവമില്ലാത്ത വീട്ടിലാണ് ഞാൻ വളർന്നത്. അവിടെ ആരും ആരെയും തൊടാറില്ല. തൊടൽ സംഭവിക്കുന്നത് ഒരു കുഞ്ഞു പിറക്കുമ്പോൾ, ശിക്ഷ തരുമ്പോൾ, പിന്നെ പനിക്കാലത്ത്. ഓർമയുണർന്നതിനു ശേഷം എന്‍റെ അമ്മയെ ഞാൻ തൊടുന്നത് രോഗക്കിടക്കയിലാണ്. ആ നേരത്താണെങ്കിൽ അമ്മയുടെ മേലാകെ നീരുകെട്ടിയിരുന്നു. വേദനയാണെങ്കിൽ സഹനത്തിനപ്പുറം.
-എന്നിട്ടും ഇവരെന്താണീ കുത്തുവയ്പ് നിർത്താത്തത് മോനേ…
-ഞാൻ ഡോക്ടറോടു പറയാം…
പറഞ്ഞു. അന്നത്തോടെ മൂന്നു നേരത്തെ വാതിൽമുട്ട് പേടിച്ചുള്ള കാത്തുകിടപ്പ് വേണ്ടെന്നായി.
-ഇനി വേണേൽ ഇത്തിരി ഒറങ്ങാല്ലേ?
ഉറങ്ങി. പതിനഞ്ചു മിനിറ്റു കഴിഞ്ഞില്ല ഞെട്ടിയെണീറ്റു.
-അയ്യോ… ഞാൻ മരിച്ചുപോയി.
എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയില്ലായിരുന്നു. ഉറക്കത്തിൽ മരിച്ചുപോകുമെന്നു പേടിച്ചാണ് ഉറങ്ങാതിരിക്കുന്നതെന്നു തീർച്ചയായി. ഹൃദയം, വൃക്കകൾ എന്നിങ്ങനെ ആന്തരാവയവങ്ങൾ ഓരോന്നായി പ്രവർത്തനം നിർത്തിക്കൊണ്ടിരിക്കുകയാണ്. ഇനിയീ കാത്തിരിപ്പല്ലാതെ വേറെ വഴികളൊന്നുമില്ല. പക്ഷേ ഉറങ്ങാൻപോലും കഴിയാത്ത ഈയവസ്ഥയിൽ. അതിനും പരിഹാരമൊന്നുമില്ല. മരുന്നുകളില്ലാതെ തനിയെ ഉറങ്ങണം. സന്ധ്യ മറയുമ്പോൾ പായ കണ്ടാലുടൻ ഉറങ്ങുന്നയാളാണ്. പാട്ട് ഉറക്കത്തിനെ സഹായിക്കുമോ? കുട്ടിയായിരുന്നപ്പോൾ അമ്മയെന്നെ താരാട്ടു പാടിയുറക്കിയിട്ടുണ്ടാകും. ആ രാത്രി മുഴുവൻ ഞാനാണ് പാടിയത്. കൂടെ അമ്മയും പാടിയിരുന്നു. ആദ്യമായാണ് അമ്മയുടെ പാട്ട് കേൾക്കുന്നത്. രാത്രി സ്വപ്നങ്ങളില്ലാതെ ഉറങ്ങിയെന്നു തോന്നി. കഥകളും വാക്കുകളുമില്ലാത്ത രാത്രി. സ്വതവേ അമ്മച്ചി ധാരാളം സംസാരിക്കുമായിരുന്നു. സ്വന്തം കാര്യങ്ങളല്ല, അയൽക്കാരുടെയും ബന്ധുക്കളുടെയും വിശേഷങ്ങൾ. കഥകൾപോലെ അവയിൽ ധാരാളം കൂട്ടിച്ചേർപ്പുകളുമുണ്ടാകും.
സ്വന്തം കാര്യം പറയാനാണെങ്കിൽ ധാരാളമുണ്ടായിരുന്നുതാനും. അമ്മച്ചിയുടെ അപ്പനായ ദ്വരൈരാജ് കൗമാരകാലത്ത് തൃശ്ശിനാപ്പള്ളിയിൽനിന്ന് കള്ളവണ്ടി കേറി എറണാകുളത്തെത്തിയ കഥ കേൾക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതു പറഞ്ഞിട്ടേയില്ല. വേറേയുമുണ്ട് കഥകൾ. രാവന്തിയോളം വള്ളപ്പണി ചെയ്ത് അവശനായി വരുന്ന അപ്പച്ചനെക്കുറിച്ച് പറയാറേയില്ലായിരുന്നു. ആ ജീവിതം സംഭവബഹുലവും കഷ്ടത നിറഞ്ഞതുമായിരുന്നുവെന്നു ധാരാളം കേട്ടിട്ടുണ്ട്. അപ്പച്ചന്‍റെ അപ്പന്‍റെ മരണത്തിൽ ചില കൗതുകങ്ങളുണ്ടായിരുന്നുവെന്നും ഒതുക്കി പറച്ചിലുണ്ട്. അവരുടെ കുടുബചരിത്രം അതിലേറെ സങ്കീർണമായിരുന്നു.
എന്നാൽ, അമ്മയൊന്നും പറഞ്ഞില്ല. കനമേറിയതൊന്നും പറയേണ്ടതില്ലെന്ന വിചാരം അമ്മക്കുണ്ടായിരുന്നോ എന്നറിയില്ല. നിത്യജീവിതത്തിലെ നിസ്സാരതകളിലാണ് മർമം എന്നു ഞാൻ തിരിച്ചറിഞ്ഞതങ്ങനെയാണോ എന്നുമറിയില്ല. ജീവിതത്തിലെ നിസ്സാരതകൾക്കു തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ജീവിത പരിസരങ്ങളിൽനിന്നടിഞ്ഞു കൂടിയ കഥകളൊരു തുള്ളിപോലും തുളുമ്പിപ്പോകാതെ ഉള്ളിൽ അടക്കിപ്പിടിച്ച് അമ്മ ജീവിച്ചു. അവസാന നിമിഷങ്ങളിലൂടെ നടക്കുകയാണെന്നു തോന്നിയപ്പോൾ ഒടുവിലെ കുമ്പസാരംപോലെ ചിലത് എന്നോടു പറഞ്ഞു. നിസ്സാരമായ ചില പൊട്ടും പൊടിയും. പറയാതെ വിട്ട കഥകളിൽ ചിലത് പൂരിപ്പിച്ചു തന്നത് അമ്മയുടെ അനിയത്തിമാരാണ്.
മേരിയെന്നാണ് പേര്. ബാലമനസ്സ് വിട്ടുപോകാത്ത പതിനെട്ടാം വയസ്സിൽ കല്യാണം കഴിക്കാൻ നിർബന്ധിക്കപ്പെട്ടു. പകലന്തിയോളം കൊച്ചി കായലിലൂടെ ചരക്കുമായി പോകുന്ന വള്ളത്തിൽ പണിയെടുക്കുന്ന, നിത്യസഹായ മാതാവിന്‍റെ ഭക്തനായ ഫ്രാൻസീസിനെ നേരാംവണ്ണം ഒന്നു കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. സംസാരം തീരെയില്ലാത്ത മനുഷ്യൻ. ആദ്യ രാത്രി തന്നെ നിർത്താതെ ബീഡി വലിച്ചുകൊണ്ടിരുന്നു. മണവാട്ടിയോട് ഒരു വാക്കുരിയാടാതെ കിടന്നുറങ്ങുകയുംചെയ്തു. ഇത്തിരി കഴിഞ്ഞപ്പോൾ ഇരുട്ടുമുറിയിൽ തീനാളം പടരുന്നതു മണവാട്ടി കണ്ടു.
‘‘തത്സമയം മുറിക്കുള്ളിൽ നേർത്ത പ്രകാശരശ്മി പൊടിച്ചുയരുന്നത് അനത്താസി കണ്ടു. നോക്കിയിരിക്കെ അത് ആളിക്കത്താൻ തുടങ്ങി. അവളുടെ മണവാളനായ പേറുവിന്‍റെ തലയ്ക്കുഭാഗത്താണ് തീ പിടിച്ചിരിക്കുന്നത്. ആദ്യ നോട്ടത്തിൽ പേറുവിന്‍റെ ശിരസ്സ് ആളിക്കത്തുകയാണെന്ന് തോന്നി. ആ വെളിച്ചത്തിൽ അവൾക്കു സകലതും തിരിച്ചറിഞ്ഞു കാണാൻ കഴിഞ്ഞു. വരാനിരിക്കുന്ന ജീവിതം മുഴുവൻ. ബീഡിക്കനലിൽനിന്നു വളർന്ന ജ്വാലകൾ തലയിണയിലേക്കും പടർന്നു.’’

‘ചാവുനിലം’ നോവലെഴുതുമ്പോൾ ഇങ്ങനെയൊരു വാചകം കടന്നുവന്നതിനു കാരണം മറ്റൊന്നുമല്ല. പക്ഷേ ‘ചാവുനില’ത്തിലെ ഒരു കഥാപാത്രത്തിനും അവരുടെയൊന്നും ഛായകളില്ലെന്നതും സത്യം.
പിറ്റേക്കൊല്ലം, ബാല്യസഹജമായ കളിചിരികളും കൗമാരത്തിന്‍റെ കുറുമ്പുകളും പിന്നിടാതെ തന്നെ മേരി അമ്മയായി. ഫോർട്ടുകൊച്ചിയിൽ ഒരു ഒരു കല്യാണച്ചടങ്ങിൽ പങ്കെടുത്ത് കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വള്ളത്തിലേറി വൈപ്പിൻകരയിലേക്കു യാത്ര ചെയ്യുമ്പോഴാണ് വലിയ കാറ്റു വീശിയത്. അഴിമുഖത്തിലൂടെ വരുമ്പോഴുണ്ടായ കാറ്റിലും മഴയിലും തിരമാലകളിലുംപെട്ട് വള്ളവും മനുഷ്യരും ആടിയുലഞ്ഞു. വള്ളം മുങ്ങുമെന്നു തീർച്ചയായ നിമിഷത്തിൽ അമ്മച്ചിയടക്കം സകലരും വാവിട്ടു കരഞ്ഞു. ദൈവമേ ഒരു പാപവും ചെയ്യാത്ത ഈ കുഞ്ഞിനെ എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത്… പാപത്തിന്‍റെ കൂലി മരണമാണെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമുണ്ടായിരുന്നില്ല.
-മാത്തപ്പാ…
-എന്തോ…
-ക്രിസ്മസ്സായിട്ട് നീ ഉണ്ണീശോന് എന്തു കൊടുത്തു?
-ഒന്നും കൊടുത്തില്ലമ്മേ.
-എന്നാ മുട്ടുകുത്ത്…
-ങ്ഹാ… പത്താകാശങ്ങലിരിക്കുന്നേം പത്തു ശുദ്ധമാനമറിയോം ചൊല്ലീട്ട് ഉണ്ണീശോന് ഒരു തലയെണ ഒണ്ടാക്ക്…
‘ചാവുനിലം’ രൂപപ്പെട്ടതിനു പിന്നിൽ അമ്മയോ അമ്മയുടെ ഓർമകളോ ഇല്ല. ഇങ്ങനെ ചില വാക്യങ്ങൾ ബാല്യത്തിലെ ചില അമ്മയോർമകളിൽനിന്നല്ലാതെ മറ്റെവിടെ നിന്നു കടന്നുവരാനാണ്. അന്നത്തെ കാറ്റിനെപ്പോലെ പല കാറ്റുകളെയും മറികടന്ന മേരിക്ക് ഒരു പെൺകുട്ടിയടക്കം നാലു മക്കളുണ്ടായി. പരസ്പരം മനസ്സു തുറക്കുന്ന ഏർപ്പാട് മക്കൾക്കുമുണ്ടായിരുന്നില്ല. അങ്ങനെ അവരുടെ വീട്ടിൽ കളിചിരികളേക്കാൾ മൗനമുണ്ടായി. ആ നിശ്ശബ്ദതയിലായിരുന്നു എല്ലാവരും മുങ്ങിപ്പൊങ്ങിയതും നീന്തിക്കയറിയതും.
മൂന്നാൺമക്കൾക്കു ശേഷം പെൺകുട്ടി പിറന്നപ്പോഴാണ് അമ്മ ഏറെ സന്തോഷിച്ചതെന്നു തോന്നിയിട്ടുണ്ട്. സന്തോഷങ്ങളൊന്നും പുറമേക്കു വരാറില്ലായിരുന്നു. അതുകൊണ്ടാകണം സഹോദരങ്ങൾ വ്യാകുലമാതാവ് എന്നു വിളിച്ചതും. എന്തിനാണ് ഇത്രക്കേറെ വ്യസനിച്ചത്? അതും അറിയില്ല. അമ്മക്കു മുമ്പ് പിറന്ന ഒരു മൂത്ത സഹോദരൻ ജെറോപ്പനേക്കുറിച്ച് ഇടക്കൊക്കെ പറയുമായിരുന്നു. അത്രേം സ്നേഹം ആരിലും കണ്ടിട്ടില്ലെന്നും.

പി.എഫ്. മാത്യൂസ് കുടുംബത്തോടൊപ്പം
-ജെറോപ്പൻ ചേട്ടൻ വല്യതാകുമ്പം പുണ്യാളച്ചനാകുമെന്നു കരുതീരുന്നു. എന്നെ വല്ല്യ ഇഷ്ടായിരുന്നു. എന്റെ കൈ പിടിച്ചു നടക്കണതൊക്കെ ഓർമേണ്ട്. ബാല്യത്തിലേ വിട പറഞ്ഞ ആ വല്യാങ്ങളയാണ് അമ്മച്ചിയുടെ സ്നേഹസ്വരൂപം. അയാൾ യാത്രയായതോടെ ലോകം സ്നേഹം വറ്റിത്തീർന്ന വരണ്ട ഒരിടമായി തോന്നിയിരിക്കാം. വഴക്കിടുമ്പോൾ മാസങ്ങളോളം മിണ്ടാതിരിക്കുന്ന അപ്പച്ചനെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും കഴിഞ്ഞിട്ടില്ല എന്നു തന്നെ അവസാനം വരെ തോന്നിയിരുന്നു. അങ്ങനെയാണ് ഞങ്ങൾ വളർന്ന ഇടങ്ങളെല്ലാം ഈർപ്പമില്ലാതെ വരണ്ടുണങ്ങിപ്പോയത്. മനുഷ്യർക്ക് ഒരു രണ്ടാം പിറവി വേണം എന്നുതന്നെ തോന്നിപ്പോകും. ആദ്യത്തേതിലെ അറ്റകുറ്റപ്പണികൾ തീർത്ത് രണ്ടാമത്തെ ഒരെണ്ണം ഒരു ശിൽപിയെ പോലെ കൊത്തിയെടുക്കാൻ എല്ലാ മനുഷ്യർക്കും ഒരു അവസരം വേണം. എന്‍റെ അമ്മക്ക് ഒരു രണ്ടാം പിറവി ഉണ്ടായിരുന്നെങ്കിൽ അത് ബാല്യസഹജമായ സ്വപ്നങ്ങൾകൊണ്ട് നിറഞ്ഞതാകുമായിരുന്നു എന്ന് എനിക്കുറപ്പാണ്.
