Begin typing your search above and press return to search.
proflie-avatar
Login

സൗമ്യ അന്വേഷണത്തിന്റെ കഥ

സൗമ്യ  അന്വേഷണത്തിന്റെ കഥ
cancel

കേരള പൊലീസിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച കെ.എ. മുഹമ്മദ് അഷ്റഫ് തന്റെ പൊലീസ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരന്വേഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സൗമ്യ വധക്കേസി​െന്റ പിന്നിലെ അറിയാ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളെയും സാധാരണക്കാരെയും ‍എല്ലാം ഒരുപോലെ പിടിച്ചുകുലുക്കിയ സൗമ്യ കേസിലേക്ക് എത്തിപ്പെടുമ്പോൾ ഇത് ഇത്രയും സെൻസേഷനലായ കേസായിത്തീരുമെന്നോ അതിന്‍റെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുകയാണെന്നോ ഒരു ബോധ്യവുമുണ്ടായിരുന്നില്ല. സ്വന്തം വീടായ പാഞ്ഞാളിൽനിന്ന് അഞ്ചാറ് കിലോമീറ്റർ അകലെയാണ് സൗമ്യ ട്രെയിനിൽനിന്നുവീണ വള്ളത്തോൾ നഗർ റെയിൽ​േവ...

Your Subscription Supports Independent Journalism

View Plans
കേരള പൊലീസിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച കെ.എ. മുഹമ്മദ് അഷ്റഫ് തന്റെ പൊലീസ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരന്വേഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു. സൗമ്യ വധക്കേസി​െന്റ പിന്നിലെ അറിയാ സംഭവങ്ങളിലൂടെ സഞ്ചരിക്കുന്നു.

കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളെയും സാധാരണക്കാരെയും ‍എല്ലാം ഒരുപോലെ പിടിച്ചുകുലുക്കിയ സൗമ്യ കേസിലേക്ക് എത്തിപ്പെടുമ്പോൾ ഇത് ഇത്രയും സെൻസേഷനലായ കേസായിത്തീരുമെന്നോ അതിന്‍റെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുകയാണെന്നോ ഒരു ബോധ്യവുമുണ്ടായിരുന്നില്ല.

സ്വന്തം വീടായ പാഞ്ഞാളിൽനിന്ന് അഞ്ചാറ് കിലോമീറ്റർ അകലെയാണ് സൗമ്യ ട്രെയിനിൽനിന്നുവീണ വള്ളത്തോൾ നഗർ റെയിൽ​േവ സ്റ്റേഷൻ പരിസരം. പാലക്കാട് ജില്ലയിലെ ഷൊർണൂർ-ത്രാങ്ങാലിയിൽ വലിയ വെടിക്കെട്ടപകടം ഉണ്ടായ ദിവസമായിരുന്നു അന്ന്. 2011 ഫെബ്രുവരി 1. കുറേപേർ മരിച്ച വലിയ വെടി​െക്കട്ടപകടമായിരുന്നു അത്. ജില്ല അതിർത്തി സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന ഞങ്ങൾക്ക് അന്ന് നല്ല തിരക്കായിരുന്നു. അപകടസ്ഥലത്തെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി കുളിച്ച്, ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയെന്ന ഒറ്റ ലക്ഷ്യത്തോടെ രാത്രി വീട്ടിലെത്തി ഭക്ഷണത്തിന് മുന്നിലിരുന്നപ്പോഴാണ് ചെറുതുരുത്തിയിലെ ഇൻഫോമറുടെ വിളി വരുന്നത്.

‘‘സാറേ, കലാമണ്ഡലത്തിനടുത്ത് റെയിൽവേ ട്രാക്കിൽ വീണ് കിടന്നിരുന്ന ഒരു പെൺകുട്ടിയെ എല്ലാവരും കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ട്രെയിനിൽനിന്നും വീണതാണെന്ന് കണ്ടിട്ട് തോന്നുന്നില്ല. വസ്ത്രങ്ങൾ ഒക്കെ അസ്ഥാനത്തായിരുന്നു. വല്ലാത്ത ഒരു രീതിയിലാണ് ആ കുട്ടിയെ കണ്ടത്.’’ ചേലക്കര സി.ഐ ശശീന്ദ്രൻ സാറിന്‍റെ പ്രത്യേക അന്വേഷണ സംഘം അഥവാ ക്രൈം സ്ക്വാഡിൽ ജോലിചെയ്യുകയാണ് ഞാനപ്പോൾ. സി.ഐയെ വിളിച്ചപ്പോൾ അദ്ദേഹവും വിവരമറിഞ്ഞിട്ടുണ്ട്. സ്ക്വാഡിലെ ഷെയ്ഖ് എന്ന പൊലീസ് ഉദ്യോഗസ്ഥനോടൊപ്പം അപ്പോൾതന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. വടക്കാഞ്ചേരി പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്ന സി.ഐയും ഉടൻതന്നെ സ്ഥലത്തെത്തി.

ഞങ്ങൾ സംഭവസ്ഥലത്തെത്തിയപ്പോൾ മന്ത്രി രാജേന്ദ്രൻ സാറിന്‍റെ പൊലീസ് എസ്കോർട്ട് വാഹനത്തിൽ ഓട്ടുപാറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച സൗമ്യയെ തൃശൂർ മെഡിക്കൽ കോളജിലെത്തിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അങ്ങോട്ട് കൊണ്ടുപോയിരുന്നു. ചെറുതുരുത്തി സ്റ്റേഷനിലെ ഗോപിനാഥൻ എന്ന എ.എസ്.ഐ വിവരം അന്വേഷിച്ചുപോയതായി അറിഞ്ഞു. ഗൈനക്കോളജിസ്റ്റിനെ കാണിക്കണമെന്നും തെളിവുകൾ ഒന്നും നഷ്ടപ്പെടാതിരിക്കാൻ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചുവെക്കണമെന്നും മെഡിക്കൽ കോളജിലെ ആശുപത്രി അധികൃതർക്കും നിർദേശം നൽകണമെന്ന് അദ്ദേഹത്തെ പറഞ്ഞേൽപിക്കുകയാണ് അപ്പോൾ ചെയ്തത്.

കുട്ടിയുടെ ശരീരത്തിൽനിന്ന് ലഭിക്കുന്ന തെളിവുകളെല്ലാം സൂക്ഷിക്കണമെന്നും നിർദേശിച്ചു. പലപ്പോഴും ആശുപത്രി ചികിത്സക്കിടെ ഏറ്റവും പ്രധാന തെളിവുകളായ പെൺകുട്ടിയുടെ വസ്ത്രങ്ങളും മറ്റും നഷ്ടപ്പെടാറുണ്ട്. ചികിത്സിക്കുന്നവർ രോഗിയുടെ ജീവന് മറ്റെന്തിനേക്കാളും വില നൽകുന്നതിനാലാണ് ഇത്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ, അന്വേഷണ പരിചയംകൊണ്ട് പൊലീസിനറിയാം അതെത്രമാത്രം വിലപ്പെട്ട തെളിവുകളാണെന്നും പിന്നീട് ഒരിക്കലും തിരിച്ചുലഭിക്കില്ലെന്നും. ബലാത്സംഗം നടന്നിട്ടുണ്ടെന്നും പെൺകുട്ടി അതീവഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു ആശുപത്രിയിൽനിന്നുള്ള വിവരം.

അപ്പോൾത്തന്നെ ഒരു ഒറ്റക്കൈയനാണ് പ്രതിയെന്ന് പലരും സംശയം പറഞ്ഞു. സംഭവം നടന്ന സ്ഥലം ഗാർഡ് ചെയ്തു. പെൺകുട്ടിയുടെ ബാഗും മറ്റ് വസ്തുക്കളും അവിടെ ഒരാൾ എടുത്തുസൂക്ഷിച്ചുവെച്ചിരുന്നു. അയാൾ പിറ്റേന്ന് അത് പൊലീസിന് കൈമാറി.

സംഭവിച്ചത് ഇതാണ്. എറണാകുളത്ത് ഒബറോൺ മാളിൽ ജോലി ചെയ്തിരുന്ന സൗമ്യ ഷൊർണൂരിലുള്ള വീട്ടിലെത്താനായി എറണാകുളം–തൃശൂർ–ഷൊർണൂർ പാസഞ്ചറിൽ വൈകീട്ട് ജോലികഴിഞ്ഞ് കയറി. ഏറ്റവും പിറകിൽ ഗാർഡിന്‍റെ കമ്പാർട്മെന്‍റിനോടൊപ്പം ചേർന്നുള്ള സ്ത്രീകളുടെ ചെറിയ കൂപ്പെയിലാണ് സൗമ്യ യാത്രചെയ്തിരുന്നത്.

തൃശൂർ പിന്നിട്ടതോടെ തന്നെ ട്രെയിനിലെ ഈ കമ്പാർട്മെന്‍റ് മിക്കവാറും പേരും ഇറങ്ങിപ്പോയി. സൗമ്യയോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു ഉമ്മയും അവരുടെ മകളും കുട്ടികളും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതോടെ സൗമ്യ കമ്പാർട്മെന്‍റിൽ ഒറ്റക്കായി. സൗമ്യ അവിടെ ഇറങ്ങി അടുത്തുള്ള ലേഡീസ് കമ്പാർട്മെന്‍റിൽ കയറി. കഷ്ടകാലത്തിന് ആ കമ്പാർട്മെന്‍റിലും ആരും ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ കമ്പാർട്മെന്‍റ് കണ്ട് അന്തം വിട്ട് സൗമ്യ അവിടെ നിന്നെങ്കിലും അധികം സമയമില്ലാത്തതിനാൽ ഗാർഡ് പെട്ടെന്ന് കയറൂ എന്ന് പറഞ്ഞതനുസരിച്ച് സൗമ്യ അവിടെ ചാടിക്കയറുകയായിരുന്നു.

അടുത്തത് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനാണ്. അവിടെ നിന്ന് വെറും രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ സൗമ്യ ഇറങ്ങേണ്ടിയിരുന്ന ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക്. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ കാഷ് ചെസ്റ്റ് സീൽ ചെയ്യുന്നതിനും മറ്റുമായി ട്രെയിൻ കുറച്ച് സമയം അവിടെ പിടിച്ചിട്ടു. സൗമ്യ യാത്രചെയ്ത കമ്പാർട്മെന്‍റിന്‍റെ അടുത്ത കമ്പാർട്മെന്‍റായ ജനറൽ കമ്പാർട്മെന്‍റിൽനിന്ന് ഈ സമയത്ത് പ്രതിയായ ഗോവിന്ദച്ചാമി വാതിൽക്കൽ നിന്നിരുന്ന ആളുകളോട് “കൊഞ്ചം വളികൊട് അണ്ണാ” എന്ന് പറഞ്ഞ് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി. വാതിൽക്കൽ നിന്നിരുന്ന രണ്ടുപേരെ തള്ളിമാറ്റിയാണ് അയാൾ ഇറങ്ങിയത്.

ഇവർ രണ്ടുപേരും പിന്നീട് കേസിൽ സാക്ഷികളായിരുന്നു. ഗോവിന്ദച്ചാമി റെയിൽവേ ഉദ്യോഗസ്ഥൻ കാഷ് ചെസ്റ്റ് സീൽ ചെയ്യുന്ന ഭാഗത്ത് പോയി തിരികെ വരുന്നവഴി ലേഡീസ് കമ്പാർട്മെന്‍റിലേക്ക് നോക്കിയപ്പോൾ സൗമ്യ അവിടെ ഒറ്റക്ക് ഇരിക്കുന്നത് കണ്ടു. മനസ്സിൽ പലതും ഉറപ്പിച്ച് അയാൾ വീണ്ടും ജനറൽ കമ്പാർട്മെന്‍റിൽ മധ്യഭാഗത്തുകൂടിതന്നെ കയറുകയും മറ്റാരും കാണാതെ പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്തേക്ക് ഇറങ്ങുകയും പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്തൂടെ തന്നെ ലേഡീസ് കമ്പാർട്മെന്‍റിൽ കയറുകയും ചെയ്തു.

ട്രെയിൻ വള്ളത്തോൾ നഗറിൽനിന്നും എടുത്തതോടെ ഇയാൾ സൗമ്യയുടെ അടുത്തെത്തി ബാഗ് തട്ടിപ്പറിച്ചെടുത്തു. സൗമ്യ ഇത് ചെറുത്തുനിന്നതോടെ ട്രെയിനിന്‍റെ ഡോറിൽ സൗമ്യയുടെ തല പലതവണ ഇടിച്ച് പരിക്കേൽപിച്ച് പുറത്തേക്ക് തള്ളിയിട്ടു. ഇതെല്ലാം നടന്നത് ലേഡീസ് കമ്പാർട്മെന്‍റിലാണ്. തൊട്ടടുത്ത ജനറൽ കമ്പാർട്മെന്‍റിൽ ഉണ്ടായിരുന്നവർ ഗോവിന്ദച്ചാമി ലേഡീസ് കമ്പാർട്മെന്‍റിൽ ക‍യറിയത് കണ്ടിട്ടുണ്ടായിരുന്നില്ല. അവിടെ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞതുമില്ല.

വള്ളത്തോൾ നഗറിൽനിന്ന് വണ്ടിയെടുത്ത് 400-475 മീറ്റർ പിന്നിട്ടതോടെ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടതായി ജനറൽ കമ്പാർട്മെന്‍റിലുണ്ടായിരുന്ന നേരത്തേ പറഞ്ഞ രണ്ടു യാത്രക്കാർ പറഞ്ഞു. (വയനാട് സ്വദേശി ടോമി ദേവസ്യ, മലപ്പുറം സ്വദേശി അബ്ദുൽ ഷുക്കൂർ എന്നിവർ പിന്നീട് പ്രോസിക്യൂഷൻ സാക്ഷികളായി.) ചെയിൻ വലിച്ച് വണ്ടി നിർത്താൻ തുനിഞ്ഞ ഇവരോട് ‘‘ആ കുട്ടിയൊക്കെ ചാടിരക്ഷപ്പെട്ടു, നിങ്ങൾ വെറുതെ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി ആളുകളുടെ സമയം മെനക്കെടുത്തല്ലേ’’യെന്ന് യാത്രക്കാരനായ മധ്യവയസ്കൻ പറഞ്ഞതോടെ ഇവർ ചെയിൻ വലിച്ചില്ല. അവർ മറുവശത്തെ ഡോറിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ നേരത്തേ വള്ളത്തോൾ നഗർ റെയിൽ സ്റ്റേഷനിൽ വെച്ച് കണ്ട ഒറ്റക്കൈയനായ ആ തമിഴൻ ലേഡീസ് കമ്പാർട്മെന്‍റിൽനിന്നും ചാടിപ്പോകുന്നതും കണ്ടു.

എന്താണെന്ന് ചോദിച്ചപ്പോൾ ‘ഒന്നുമില്ല സാറേ’ എന്ന് പറഞ്ഞ് തൂങ്ങിയിറങ്ങി അയാൾ ട്രെയിൻ വന്ന ഭാഗത്തേക്ക് തന്നെ നടന്നുപോയി. പിന്നീട് പൊലീസിന്‍റെ സാക്ഷികളായി മാറിയ ഇവർ രണ്ടുപേരും ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തി ഗാർഡിനോട് വിവരം പറഞ്ഞു. പക്ഷേ ഇവർക്കാർക്കും സൗമ്യയെക്കുറിച്ച് അറിയില്ല. ഇവർ വിചാരിച്ചത് തമിഴനായ ഗോവിന്ദച്ചാമിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീ വഴക്കിനിടെ ട്രെയിനിൽനിന്നും ചാടിയെന്നാണ്. പിന്നീട് മൂന്നുപേരും കൂടി സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. പരാതിയിൽ പറയുന്നതും ഒരു തമിഴനും തമിഴത്തിയും ട്രെയിനിൽനിന്നും ചാടിയെന്നാണ്. ഈ യാത്രക്കാരുടെ ഫോൺ നമ്പർ വാങ്ങിയ ഗാർഡ് വിവരങ്ങൾ എല്ലാം രജിസ്റ്ററുകളിൽ രേഖപ്പെടുത്തി.

ഷൊർണൂർ സ്റ്റേഷൻ മാസ്റ്റർ വള്ളത്തോൾ നഗർ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. വള്ളത്തോൾ നഗറിലെ ഗാങ്മാൻ കൃഷ്ണനും സ്റ്റേഷന്‍റെ പുറത്ത് സംസാരിച്ചിരുന്ന നാട്ടുകാരും ഇതോടെ തമിഴനെയും തമിഴത്തിയെയും തിരയാൻ ആരംഭിച്ചു. കുറേനാളായി ഈ പരിസരത്ത് കള്ളന്മാരുടെ ശല്യമുണ്ടായിരുന്നു. തമിഴന്മാരായ ചിലരാണ് ഇത് ചെയ്യുന്നതെന്ന് കരുതിയാണ് നാട്ടുകാർ തിരച്ചിൽ നടത്തിയത്. ചിലർ സ്കൂട്ടറിലും മറ്റും പോയിനോക്കി. ട്രെയിൻ പോയ വഴിയിലെല്ലാം അവർ നോക്കിയെങ്കിലും ആരെയും കണ്ടില്ല. അപ്പോഴേക്കും കുറേ സമയം പിന്നിട്ടിരുന്നു.

അതിനിടെ ഒറ്റക്കൈയനായ ഒരാൾ (ഗോവിന്ദച്ചാമി) റെയിൽവേ ട്രാക്കിന്‍റെ വഴിയിലൂടെ നടന്നുകയറി വരുന്നത് കണ്ട നാട്ടുകാർ ഇവനെ ചോദ്യം ചെയ്യുന്നുണ്ട്. ‘പിച്ചക്കാരനാണ് സാർ’ എന്ന് പറഞ്ഞതോടെ അയാളെ നാട്ടുകാർ വെറുതെ വിട്ടു. (സൗമ്യയെ മൃതപ്രായയാക്കി തിരിച്ചുവരുകയായിരുന്നു അപ്പോൾ ഗോവിന്ദച്ചാമി) വികലാംഗനായ അയാളെ സംശയിക്കേണ്ടതില്ലെന്നായിരുന്നു നാട്ടുകാർ കരുതിയത്. നാട്ടുകാർ തിരഞ്ഞുകൊണ്ടിരുന്നത് കവർച്ച സംഘത്തിലെ തമിഴനെയും തമിഴത്തിയെയുമായിരുന്നു. ആരുമില്ലെന്ന് ഉറപ്പുവരുത്തി അവർ പഴയ ഇടങ്ങളിലേക്കുതന്നെ മടങ്ങി.

ഒമ്പതേമുക്കാലോടെ കലാമണ്ഡലം ബസ്‍ സ്റ്റോപ്പിന്‍റെ അടുത്തുള്ള കടയിലേക്ക് നാട്ടുകാരനായ വിജയൻ റീചാർജ് കൂപ്പൺ വാങ്ങിക്കാനായി റെയിൽപാളം മുറിച്ചു നടന്നുവരവെ അകലെ നിന്നു ട്രെയിൻ വരുന്നതുകണ്ട് അത് പോകാനായി കാത്തുനിന്നു. പാളം മുറിച്ചുകടന്ന് അപ്പുറത്തെ വശത്തേക്ക് പോകേണ്ടിയിരുന്ന വിജയൻ മറ്റൊരു ട്രാക്കിനരികിലേക്ക് മാറിനിന്നു. അപ്പോഴാണ് ട്രെയിൻ പോകാത്ത മൂന്നാമത്തെ ട്രാക്കിന്‍റെ മെറ്റലിട്ട ഭാഗത്ത് (മെറ്റൽ ഒക്കെ എടുക്കാൻ ഉപയോഗിക്കുന്ന ട്രാക്കാണിത്) ഒരു വല്ലാത്ത അവസ്ഥയിൽ സൗമ്യ കിടക്കുന്നത് കണ്ടത്.

നേരത്തേ ഒരാൾ ചാടിയ വിവരമോ തമിഴനും തമിഴത്തിയെയും നാട്ടുകാർ അന്വേഷിച്ചുപോയ വിവരമോ ഒന്നും അറിയാത്ത ആളായിരുന്നു വിജയൻ. മരണവെപ്രാളത്തിൽ ഒരാൾ ശ്വാസം വലിക്കുന്ന ഒച്ചയായിരുന്നു അയാൾ ആദ്യം കേട്ടത്. നോക്കിയപ്പോഴാണ് മിക്കവാറും നഗ്നയായി വളരെ പരിതാപകരമായ അവസ്ഥയിൽ ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. സമീപത്ത് ബാഗും മറ്റും വലിച്ചുവാരിയിട്ടതും കാണാം. അയാൾ അവിടെ നിന്ന് ഉറക്കെ കരഞ്ഞുകൊണ്ട് നാട്ടുകാരെ വിളിച്ചു.

അതോടെ, നേരത്തേ തെരച്ചിൽ നടത്തിപ്പോയ നാട്ടുകാർ ഓടിവന്നു. ഗാങ്മാനായ കൃഷ്ണൻ അടുത്ത വീട്ടിൽനിന്നും വാങ്ങിയ ഒരു പുതപ്പോ മുണ്ടോ എന്തോ എടുത്ത് കുട്ടിയെ പുതപ്പിച്ചു. എല്ലാവരും ചേർന്ന് താങ്ങിയെടുത്ത് സൗമ്യയെ പുറത്തേക്ക് കൊണ്ടുപോയി. സത്യം പറഞ്ഞാൽ ട്രെയിൻ പോകുന്ന ഒന്നും രണ്ടും ട്രാക്കുകളിലായിരുന്നു നാട്ടുകാർ തമിഴത്തിയെ തിരഞ്ഞത്. എന്നാൽ, അതേ സമയത്ത് ഉയർന്നുനിൽക്കുന്ന റോഡിനോട് ചേർന്നുള്ള മൂന്നാമത്തെ ട്രാക്കിൽ മരണത്തോട് മല്ലിടുകയായിരുന്നു സൗമ്യ.

 

കെ.എ. മുഹമ്മദ് അഷ്റഫ്

സൗമ്യയെ താങ്ങിപ്പിടിച്ച് ഹൈവേയിലേക്ക് കയറ്റിയ സമയത്താണ് മന്ത്രി കെ.പി. രാജേന്ദ്രന്‍റെ വാഹനം വരുന്നത്. വെടിക്കെട്ടപകടം നടന്ന ത്രാങ്ങാലിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ നേരെ ഓട്ടുപാറ താലൂക്ക് ആശുപത്രിയിലേക്ക് സൗമ്യയെ കൊണ്ടുപോയി. അവിടെനിന്നും പിന്നീട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

അതേസമയം, സൗമ്യയെ കാത്ത് അമ്മ ഓട്ടോ ഡ്രൈവറോടൊപ്പം ഷൊർണൂർ റെയിൽവേസ്റ്റേഷനിൽ നിന്നിരുന്നു. മകളെ കാണാതെ ബേജാറായ അമ്മ സ്റ്റേഷൻ മാസ്റ്ററോട് വിവരം തിരക്കിയപ്പോഴാണ് വള്ളത്തോൾ നഗറിൽ ആരോ ചാടിയെന്നോ തള്ളിയിട്ടെന്നോ ഉള്ള വിവരം ലഭിക്കുന്നത്. ഒരു പെൺകുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ അമ്മ തൃശൂരുള്ള മകൻ സന്തോഷിനെ ഫോണിൽ വിളിച്ച് മെഡിക്കൽ കോളജിൽ പോയി അന്വേഷിക്കാൻ പറഞ്ഞു. സൗമ്യയുടെ ചേട്ടൻ ആശുപത്രിയിലെത്തിയപ്പോഴാണ് പരിക്ക് പറ്റിയ പെൺകുട്ടി സഹോദരിയാണെന്ന് തിരിച്ചറിഞ്ഞത്. അയാളുടെ പരാതിപ്രകാരമാണ് പിന്നീട് ബലാത്സംഗത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തത്.

സൗമ്യ കിടന്ന സ്ഥലം ഗാർഡ് ചെയ്യുകയും മറ്റും ചെയ്തയുടൻ ഞങ്ങൾ അപ്പോൾതന്നെ കേരളമൊട്ടാകെ ഒരു മെസേജ് കൊടുത്തു. ഒറ്റക്കൈയനായ റെയിൽവേയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന തമിഴ് സംസാരിക്കുന്ന ആളെ എവിടെക്കണ്ടാലും പിടികൂടണം എന്നായിരുന്നു സന്ദേശം. ഒറ്റക്കൈയൻമാരെ തേടി ഞങ്ങൾ തൃശൂരും ഷൊർണൂരും പരിസരപ്രദേശങ്ങളിലും കുറേ നടന്നു. സൗമ്യയുടെ സഹോദരന്‍റെ പരാതി പ്രകാരം അതിനിടെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അന്നുതന്നെ കൃത്യം നടന്ന കമ്പാർട്മെന്‍റ് പിടിച്ചിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേക്ക് പൊലീസ് കത്ത് നൽകി.

ട്രെയിൻ പിടിച്ചിടാൻ പറ്റില്ല എന്നായിരുന്നു റെയിൽവേയുടെ മറുപടി. കമ്പാർട്മെന്‍റിനകത്ത് ബോഡി കിടന്നാൽപോലും ബോഡിയുള്ള കമ്പാർട്മെന്‍റ് അവിടെയിട്ട് ട്രെയിൻ യാത്ര തുടരണം എന്നതാണ് റെയിൽവേയുടെ നിയമമെന്ന് അവർ വ്യക്തമാക്കി. പിന്നീട് ഒരു അപേക്ഷകൂടി നൽകിയതോടെ കമ്പാർട്മെന്‍റ് പരിശോധിക്കാനുള്ള അനുമതി നൽകി. അന്നു പുലർച്ചെ തന്നെ ഞങ്ങൾ കമ്പാർട്മെന്‍റ് പരിശോധിച്ചു. ശാസ്ത്രീയപരിശോധനയായിരുന്നില്ല അത്. സയന്‍റിഫിക് എക്സ്പെർട്ടുകളോ ഫോറൻസിക് വിദഗ്ധരോ അപ്പോൾ കൂടെയുണ്ടായിരുന്നില്ല. അപ്പോൾ ഞങ്ങൾക്ക് ഡോറിന്‍റെ ഭാഗത്തുനിന്ന് കുറേ തെളിവുകൾ ലഭിച്ചു. സൗമ്യയുടെ പൊട്ടിയ ഹെയർക്ലിപ്, മുടി, ഗോവിന്ദച്ചാമിയുടെ ഷർട്ടിന്‍റെ ബട്ടൻസ്, നൂലുകൾ എന്നിങ്ങനെയുള്ള മെറ്റീരിയൽ തെളിവുകൾ ലഭിച്ചു.

ഇത് ഞങ്ങൾ ശാസ്ത്രീയ പരിശോധനക്കയച്ചു. (സൗമ്യ ധരിച്ച യൂനിഫോമിന്‍റെ ഭാഗങ്ങളും ഹെയർക്ലിപ്പുമാണ് ഇതെന്ന് ഒബറോൺ മാളിലെ ജീവനക്കാർ പിന്നീട് മൊഴി നൽകിയിരുന്നു. ഗോവിന്ദച്ചാമിയുടെ ഷർട്ടിന്‍റെ ബട്ടൻസ് ആണെന്നും മറ്റും ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു.) അന്ന് പുലർച്ചയോടെയുള്ള പരിശോധനയിലൂടെ നല്ല രീതിയിൽ തന്നെ തെളിവുകൾ സമ്പാദിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നു. കാരണം റെയിൽവേ സ്റ്റേഷനിൽനിന്ന് ആശുപത്രിയിലെത്തിച്ച ദിവസം മുതൽ മരിക്കുന്നതുവരെ ഒരക്ഷരംപോലും സൗമ്യ ശബ്ദിച്ചിട്ടില്ല. തന്നെ ആക്രമിച്ചത് ആരെന്നോ അയാളിലേക്കെത്താനുള്ള തെളിവോ ഒന്നും നൽകാൻ സൗമ്യക്ക് കഴിഞ്ഞിട്ടില്ല. ഒരു ജീവച്ഛവം കണക്കെയാണ് സൗമ്യയെ ലഭിച്ചത്. അതിനാൽതന്നെ പ്രതിയെ പിടിക്കാനുള്ള ചെറിയ തെളിവുപോലും വിലപ്പെട്ടതായിരുന്നു.

സൗമ്യയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ഞങ്ങൾ ഫോണിന്‍റെ ലൊക്കേഷൻ അന്വേഷിച്ചിരുന്നു. ഒറ്റക്കൈയനെ കണ്ട ആളുകളെ വിളിച്ചുവരുത്തി അപ്പോൾത്തന്നെ രേഖാചിത്രം തയാറാക്കി. തുടക്കംമുതൽ തന്നെ ഗൗരവത്തിലാണ് ഞങ്ങൾ കേസിനെ സമീപിച്ചത്. അന്ന് കേസ് ഇത്രയധികം സെൻസേഷനൽ ആയിട്ടില്ല. പക്ഷേ ഒട്ടും സമയം കളഞ്ഞിട്ടി​െലന്നെ് ഉറപ്പു പറയാൻ ഞങ്ങൾക്ക് കഴിയും. നാല് സാക്ഷികളെ ഇരുത്തിക്കൊണ്ടായിരുന്നു തൃശൂരുള്ള ഞങ്ങളുടെ എക്സ്പെർട്ട് രേഖാചിത്രം തയാറാക്കിയത്. ഗോവിന്ദച്ചാമിയുമായി വല്ലാത്ത സാമ്യം പുലർത്തുന്നതായിരുന്നു ആ രേഖാചിത്രം.

നമുക്ക് ലഭിച്ച തെളിവുകളും മഹസറും എല്ലാം അപ്പപ്പോൾ കോടതിയിൽ ഞങ്ങൾ ഹാജരാക്കിയിരുന്നു. പ്രതിയെ ലഭിച്ചതിനുശേഷമാണ് ഇതെല്ലാം കോടതിയിൽ ഹാജരാക്കുന്നത് എങ്കിൽ പിന്നെ അതിന് ഒരു വിലയുമുണ്ടാകില്ല. വിചാരണവേളയിൽ ഇതെല്ലാം ചോദ്യം ചെയ്യപ്പെടുമായിരുന്നു. ഇതിനിടെ ഒറ്റക്കൈയൻമാരെക്കുറിച്ച് പല ഭാഗത്തുനിന്നും പൊലീസിന് മെസേജുകൾ വന്നുകൊണ്ടിരുന്നു. കാസർകോട് നിന്നും സംസ്ഥാനത്തിന്‍റെ പല ഭാഗത്ത് നിന്നും ലഭിച്ചു. അതിനിടെ സൗമ്യയുടെ മൊബൈലിന്‍റെ ലൊക്കേഷൻ ലഭിച്ചത് പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഭാഗത്തുനിന്നാണ്. ഞങ്ങൾ പുതുപ്പരിയാരത്തേക്ക് പോകാനൊരുങ്ങുന്ന സമയത്താണ് പാലക്കാടുനിന്ന് റെയിൽവേ ഡിവൈ.എസ്.പി സുനിൽകുമാർ സാറിന്‍റെ ഫോൺ വന്നത്. തങ്ങൾക്ക് ഒരു ഒറ്റക്കൈയനെ കിട്ടിയിട്ടുണ്ടെന്നും അയാളെയുംകൊണ്ട് അങ്ങോട്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പാലക്കാടുനിന്നും ചെറുതുരുത്തിയിലേക്ക് കൊണ്ടുവന്ന ഗോവിന്ദച്ചാമി, ചാർലി എന്ന പേരാണ് അന്ന് ഞങ്ങളോട് പറഞ്ഞത്. പല സ്ഥലത്തും പലപേരുകളാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ ചോദ്യം ചെയ്യലിൽ ഒന്നും പറയാൻ അവൻ തയാറായിരുന്നില്ല. ചാർലി, പൂക്കടത്തെരുവ്, കോയമ്പത്തൂർ എന്ന അഡ്രസാണ് അവൻ നൽകിയത്. ചെറുതുരുത്തി ഭാഗത്തുവെച്ച് പ്രതിയെ കണ്ട സാക്ഷികൾ ഗോവിന്ദച്ചാമിയെ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. അതോടെ ഇയാൾതന്നെയാണ് പ്രതിയെന്ന് ഞങ്ങൾ ഉറപ്പിച്ചു. മാത്രമല്ല, രേഖാചിത്രവുമായി അത്രയധികം സാമ്യവും ഉണ്ടായിരുന്നു. ട്രെയിനിൽ പ്രതിയോടൊപ്പം ഉണ്ടായിരുന്ന സാക്ഷികൾകൂടി ഇയാളെ തിരിച്ചറിയേണ്ടതുണ്ടായിരുന്നു. അവരോട് വരാൻ നിർദേശിച്ചതിന് ശേഷം ഗോവിന്ദച്ചാമിയെയുംകൊണ്ട് ഞങ്ങൾ തെളിവെടുപ്പിനായി പാലക്കാട്ടേക്ക് തിരിച്ചു. സൗമ്യയുടെ മൊബൈൽ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

പക്ഷേ ‘സൗമ്യക്കേസിലെ പ്രതിയെ പിടിച്ചു’ എന്നത് വലിയ സെൻസേഷനലായ വാർത്തയായി അതിനോടകം മാറിയിരുന്നു. ചാനലുകളിലും മറ്റും ബ്രേക്കിങ് ന്യൂസായി അത് മാറി. ഞങ്ങൾ പാലക്കാടെത്തിയെങ്കിലും സൗമ്യയുടെ മൊബൈൽ വിൽക്കാൻ സഹായിച്ചയാളെ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ചാർലി നൽകിയ കോയമ്പത്തൂർ അഡ്രസിൽ അന്വേഷിക്കാൻ തീരുമാനിച്ച് പ്രതിയെയും കൊണ്ട് കോയമ്പത്തൂരിലേക്ക് തിരിച്ചു.

കോയമ്പത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവൻ നൽകിയ അഡ്രസിലുള്ള പൂക്കടത്തെരുവോ വീടോ ഒന്നും കാണിച്ചുതരാൻ കഴിഞ്ഞില്ല. അതോടെ ചാർലി തന്ന അഡ്രസ് വ്യാജമാണെന്ന് മനസ്സിലായി. കോയമ്പത്തൂരിലെ ഒന്നുരണ്ട് പൊലീസ് സ്​റ്റേഷനിൽ കയറിയെങ്കിലും അവർക്കും ഇവനെ അറിയുമായിരുന്നില്ല. ഇതിനിടെ കേരളത്തിൽനിന്ന് മേലുദ്യോഗസ്ഥരുടെയും മീഡിയയുടെയും നിലക്കാത്ത ഫോൺവിളികളാണ് വന്നുകൊണ്ടിരുന്നത്. സൗമ്യക്കേസിലെ പ്രതിയെ കാണാൻ മാധ്യമപ്രവർത്തകരെയും നാട്ടുകാരെയും കൊണ്ട് പൊലീസ് സ്റ്റേഷൻ പരിസരം നിറഞ്ഞിരിക്കുകയാണെന്ന് സഹപ്രവർത്തകരും വിവരം നൽകുന്നുണ്ടായിരുന്നു.

അജ്ഞാത കേന്ദ്രത്തിൽ ചാർലിയെ ചോദ്യം ചെയ്യുന്നു എന്നൊക്കെയായിരുന്നു കേരളത്തിലെ ചാനലുകളിൽ ബ്രേക്കിങ് ന്യൂസായി വന്നുകൊണ്ടിരുന്നത്. മേലുദ്യോഗസ്ഥർ ഞങ്ങളെ വിളിച്ച് വഴക്കുപറയുന്ന അവസ്ഥയിൽ വരെ എത്തിയിരുന്നു കാര്യങ്ങൾ. ചാർലി പറയുന്ന അഡ്രസൊക്കെ തെറ്റായതിനാൽ ഞങ്ങളുടെ സംശയം കൂടിക്കൂടി വരികയായിരുന്നു. ഇവൻ ചില്ലറക്കാരനല്ലെന്നും വൻപുള്ളിയാണെന്നും ഇതോടെ ഞങ്ങൾ ഉറപ്പിച്ചിരുന്നു. കൂടുതൽ അന്വേഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇവനെ മീഡിയക്ക് മുന്നിൽ ഹാജരാക്കാനുള്ള സമ്മർദം ഏറിവരുകയായിരുന്നു. അവസാന ശ്രമമെന്ന നിലയിൽ ഞങ്ങൾ കോയമ്പത്തൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ കയറി അന്വേഷിക്കാൻ തീരുമാനിച്ചു. അവിടെ റിസപ്ഷനിൽ ഇരുന്ന വനിതാ പൊലീസുദ്യോഗസ്ഥയാണ് ഞങ്ങൾക്ക് പ്രതിയെക്കുറിച്ചുള്ള ലീഡ് നൽകിയത്.

‘സേലത്തുള്ള ഇനിയൊരു കേസിൽ ഇവൻ പ്രതിയാണോ എന്ന് സന്ദേഹം ഇരുക്ക്’ എന്ന് അവർ പറഞ്ഞു. ഗോവിന്ദച്ചാമി എന്ന പേര് യഥാർഥത്തിൽ പറഞ്ഞത് അവരാണ്. ആ കേസിന്‍റെ വിവരങ്ങൾ തരാനായി അവർതന്നെ സേലം പൊലീസ് സ്റ്റേഷനിൽ വിളിച്ചു. സേലം സ്റ്റേഷനിൽനിന്ന് തന്ന വിവരങ്ങളെല്ലാം ഇവനുമായി മാച്ച് ചെയ്യുന്നതായിരുന്നു. ഇതോടെ അവൻ ചാർലിയല്ലെന്നും ഗോവിന്ദച്ചാമിയാണെന്നും തിരിച്ചറിഞ്ഞു. അവനും അവസാനം ഇക്കാര്യം സമ്മതിച്ചു. പിടികിട്ടാപ്പുള്ളിയായ ഗോവിന്ദച്ചാമിയെ കിട്ടിയെന്നറിഞ്ഞതോടെ കോയമ്പത്തൂരിലെ ഉന്നതരെല്ലാം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കുതിച്ചെത്തി. അവർ ഗോവിന്ദച്ചാമിയെ വിട്ടുതരണമെന്നാവശ്യപ്പെട്ടു. ഞങ്ങൾ അതിന് തയാറായിരുന്നില്ല. എന്തായാലും ഗോവിന്ദച്ചാമി ചില്ലറക്കാരനല്ല എന്ന് ഞങ്ങൾക്കും അതോടെ ബോധ്യപ്പെട്ടു.

എന്തായാലും സ്റ്റേഷനിലേക്ക് ഗോവിന്ദച്ചാമിയെയും കൊണ്ട് വരാൻ കഴിയാത്ത അത്ര സെൻസേഷനലായി സംഭവം മാറിക്കഴിഞ്ഞിരുന്നു. അതോടെ ചെറുതുരുത്തി റസ്റ്റ് ഹൗസിലേക്കാണ് ഞങ്ങൾ പ്രതിയെയും കൊണ്ടുപോയത്. സാക്ഷികളോട് അവിടേക്ക് വരാൻ അതിനിടെ നിർദേശം നൽകിയിരുന്നു. അവർ ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞു. അതോടെ അതുവരെ വായ തുറക്കാതിരുന്ന ഗോവിന്ദച്ചാമി ചില കാര്യങ്ങളെല്ലാം പറയാൻ തുടങ്ങി. പിന്നീട് അവനെ ചേലക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അവന്‍റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. അവൻ പറയുന്ന തമിഴ് മലയാളത്തിലാക്കിയാണ് കുറ്റസമ്മത മൊഴി തയാറാക്കിയത്. അവന്‍റെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് മറ്റൊരു വസ്ത്രം ധരിപ്പിച്ച ശേഷം മാധ്യമങ്ങൾക്ക് മുന്നിലും ഹാജരാക്കി. ഞങ്ങൾ പിടികൂടുമ്പോഴും അവൻ ധരിച്ചിരുന്നത് സൗമ്യയെ ആക്രമിക്കുമ്പോൾ ധരിച്ചിരുന്ന അതേ ഷർട്ടും മുണ്ടുമാണ്. അതിൽ സൗമ്യയുടെ രക്തക്കറയും മറ്റും ഉണ്ടായിരുന്നു. പിന്നീട് അവനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. നാലാം തീയതി പുലർച്ചെയോടെ ഗോവിന്ദച്ചാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

പ്രതിഭാഗം വക്കീൽ അഡ്വ. ബി.എ. ആളൂർ

സൗമ്യയുടെ മരണം

സൗമ്യയുടെ ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പൊലീസിന്‍റെ ആവശ്യപ്രകാരം വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘം പരിശോധിച്ച് വിദഗ്ധ ചികിത്സതന്നെ നൽകണമെന്ന് നിർദേശം നൽകിയിരുന്നു. ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ന്യൂറോളജി, ഫോറൻസിക് തുടങ്ങിയ ഡിപ്പാർട്മെന്‍റുകളുടെ തലവർ തന്നെയായിരുന്നു ടീമിൽ ഉണ്ടായിരുന്നത്. പൊലീസിന്‍റെ നിർദേശപ്രകാരം പ്രതിയെയും വിദഗ്ധ ഫോറൻസിക് സംഘംതന്നെയാണ് പരിശോധിച്ചത്. ഡോ. ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയുടെ പൊട്ടൻസി പരിശോധന നടത്തിയത്. ഞങ്ങൾ എസ്കോർട്ട് ചെയ്താണ് ഗോവിന്ദച്ചാമിയെ പരിശോധനക്ക് കൊണ്ടുപോയത്. എന്നാൽ ഞങ്ങളുടെ അസാന്നിധ്യത്തിലാണ് ഗോവിന്ദച്ചാമിയുടെ പൊട്ടൻസി പരിശോധനയും മറ്റും നടന്നത്. ഗോവിന്ദച്ചാമിയുടെ നഖത്തിൽനിന്നും സൗമ്യയുടെ ടിഷ്യൂസ് ലഭിച്ചിരുന്നു. സൗമ്യയുടെ നെയിൽ ക്ലിപ്പിങ്ങിൽനിന്നും ഗോവിന്ദച്ചാമിയുടെ ടിഷ്യൂസ് ലഭിച്ചിരുന്നു. ഇതെല്ലാം ഡി.എൻ.എ പരിശോധനക്കയക്കുകയും പിന്നീട് വിലപ്പെട്ട തെളിവുകളായി മാറുകയും ചെയ്തു. സൗമ്യയുടെ നഖത്തിലുണ്ടായിരുന്ന ഗോവിന്ദച്ചാമിയുടെ ടിഷ്യൂസ് നേരത്തേ ശേഖരിച്ചിരുന്നു.

ഗോവിന്ദച്ചാമിയുടെ പവർ (ശക്തി) എത്രയെന്ന് തെളിയിക്കുന്നതിനുള്ള പരിശോധനകളും നടന്നു. അതായത് ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് എത്ര ഭാരം പൊക്കാൻ കഴിയും എന്ന് ശാസ്ത്രീയമായി പരിശോധിക്കണമായിരുന്നു. ട്രെയിനിൽനിന്നും തള്ളിയിട്ട ശേഷം പ്രതിക്ക് ഒറ്റക്കൈകൊണ്ട് പെൺകുട്ടിയെ പൊക്കിയെടുത്ത് മറ്റൊരു ട്രാക്കിലേക്ക് കൊണ്ടുപോകാനുള്ള ശേഷിയുണ്ടോ എന്ന് ശാസ്ത്രീയമായി തെളിയിക്കണമായിരുന്നു. മൂന്നാമത്തെ ട്രാക്കിലെ കരിങ്കല്ല് പ്രതലത്തിൽ കിടത്തിയാണ് ബലാത്സംഗം ചെയ്തത് എന്നായിരുന്നു മൊഴി.

ട്രെയിനിൽനിന്നും താഴെവീണ ഗുരുതര പരിക്കേറ്റു കിടന്ന സൗമ്യയുടെ മുഖത്തിന്‍റെ ഒരു ഭാഗത്തെ പരിക്ക് വളരെ ഗുരുതരമായിരുന്നു. പരിക്കേറ്റ് കാണാൻ പോലും കഴിയാത്ത അത്രയും പരിതാപകരമായിരുന്ന ആ പെൺകുട്ടിയെയാണ് ഗോവിന്ദച്ചാമി ആക്രമിച്ചത് എന്നോർക്കുമ്പോൾ ഞങ്ങൾക്ക് വലിയ വിഷമം ഉണ്ടായിരുന്നു. അത്രയും ക്രൂരനായിരുന്നു ഗോവിന്ദച്ചാമി. മുഖത്തുനിന്നും ചോര വാർന്നൊലിക്കുന്ന രീതിയിലുള്ള പെൺകുട്ടിയെയാണ് ഒറ്റക്കൈ കൊണ്ട് പൊക്കി നിഷ്പ്രയാസം തോളിലിട്ട് ഗോവിന്ദച്ചാമി മറ്റൊരു ട്രാക്കിലേക്ക് കൊണ്ടുപോയത്. ഇതിന്‍റെ രക്തക്കറകളെല്ലാം ഗോവിന്ദച്ചാമിയുടെ വസ്ത്രങ്ങളിൽ ഉണ്ടായിരുന്നു.

 

പരിശോധന മുറിയിൽവെച്ച് ഗോവിന്ദച്ചാമി സ്വമേധയാ കുറ്റസമ്മതം നടത്തിയത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. അപ്പോൾത്തന്നെ ഡോക്ടർമാർ അത് രേഖപ്പെടുത്തിയിരുന്നു. സ്ത്രീകളോടും പുരുഷന്മാരോടും അടിക്കടി ലൈംഗികാസക്തി തോന്നാറുണ്ടെന്നും അതെല്ലാം ഏതെങ്കിലും രീതിയിൽ തൃപ്തിപ്പെടുത്താറുണ്ടെന്നും മദ്യം, പുകവലി തുടങ്ങിയ പല ദുശീലങ്ങളും ഉണ്ടെന്നും എല്ലാം അവൻ ഡോക്ടറോട് പറഞ്ഞു. ഈ കുറ്റസമ്മതം പിന്നീട് എക്സ്ട്രാ ജുഡിഷ്യൽ കൺഫഷനായി വിചാരണക്കോടതിയും ഹൈകോടതിയും പരിഗണിച്ചു. പൊലീസിന്‍റെ സാന്നിധ്യത്തിലുള്ള കുറ്റസമ്മതം കോടതികൾ സാധാരണയായി മുഖവിലക്കെടുക്കാറില്ല. എന്നാൽ, പൊലീസിന്‍റെ അസാന്നിധ്യത്തിൽ ഡോക്ടറോട് സ്വമേധയാ നടത്തിയ ഈ കുറ്റസമ്മതം സുപ്രീംകോടതി ഒഴികെയുള്ള കോടതികൾ വലിയ തെളിവായിത്തന്നെ കണ്ടു.

പൊട്ടൻസി പരിശോധനക്കുശേഷം ഗോവിന്ദച്ചാമിയെ കോടതിയിൽ ഹാജരാക്കി. 164 crpc പ്രകാരം സ്റ്റേറ്റ്മെന്‍റ് എടുക്കൽ, ഐഡന്റിഫിക്കേഷൻ പരേഡ് എന്നിവയെല്ലാം പിന്നീടാണ് നടന്നത്. കൃത്യം നടന്ന ദിവസം ഗോവിന്ദച്ചാമിയും സൗമ്യയും യാത്രചെയ്ത ട്രെയിനിലുള്ളവരുടെയും വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ കണ്ടവരുടെയും 164 crpc പ്രകാരം സ്റ്റേറ്റ്മെന്‍റ് മറ്റൊരു കോടതിയാണ് എടുത്തത്. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവിലാണ് ഇതെല്ലാം നടന്നത്. വിയൂർ ജയിലിൽവെച്ചായിരുന്നു ഐഡന്റിഫിക്കേഷൻ പരേഡ് നടന്നത്. ജയിലിൽ ഗോവിന്ദച്ചാമിയോട് സാദൃശ്യമുള്ള മറ്റ് പ്രതികളെയും ഹാജരാക്കിക്കൊണ്ടാണ് പരേഡ് നടന്നത്. സാക്ഷികളെല്ലാം ഇവനെ തിരിച്ചറിഞ്ഞു. ഇതെല്ലാം സംഭവിക്കുന്നത് ഫെബ്രുവരി അഞ്ചിനാണ്.

ഫെബ്രുവരി ആറാം തീയതി ആ ദാരുണമായ കാര്യം സംഭവിച്ചു. സൗമ്യ മരിച്ചു. വളരെ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സൗമ്യയുടെ മരണം പിടിച്ചുനിർത്താൻ ആകുമായിരുന്നില്ല. ഒരു നരാധമന്‍റെ ദുഷ്ചെയ്തിക്ക് വിധേയമായി, ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കയായ ഒരു പെൺകുട്ടിയാണ് മരിച്ചത്. വിവാഹിതയായി സന്തോഷമായി ജീവിക്കാൻ ആഗ്രഹിച്ചെത്തിയ ഒരു 23കാരിയുടെ മരണം പൊലീസുകാർക്കും സങ്കടമുണ്ടാക്കുന്ന ഒന്നായിരുന്നു. നമുക്ക് നൽകാൻ കഴിയുന്ന വിദഗ്ധ ചികിത്സകൾ എല്ലാം നൽകിയിട്ടും സൗമ്യയുടെ ജീവൻ പിടിച്ചുനിർത്താനായില്ല. ഒരു മൊഴിയും നൽകാൻ കഴിയാതെയാണ് സൗമ്യ മരിച്ചത്.

 

സൗമ്യയുടെ സഹോദരൻ സന്തോഷ്, അമ്മ സുമതി

സത്യം പറഞ്ഞാൽ വെന്‍റിലേറ്ററിന്‍റെ സഹായത്താൽ മാത്രമാണ് അത്രയും ദിവസം ആ കുട്ടിയുടെ ജീവൻ നിലനിർത്താനായത്. അപ്പോഴേക്കും വലിയ കോളിളക്കമുണ്ടാക്കിയ കേസായി മാറിയിരുന്നു ഇത്. മരണവാർത്ത അറിഞ്ഞതോടെ മന്ത്രിമാരെല്ലാം മെഡിക്കൽകോളജിലെത്തി. ഇൻക്വസ്റ്റ് തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. പെട്ടെന്ന് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാനുള്ള ധൃതിയിലായിരുന്നു എല്ലാവരും. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസിന് മേലും വലിയസമ്മർദമുണ്ടായിരുന്നു. വീട്ടുകാരെ സഹായിക്കാമെന്നല്ലാതെ മറ്റ് ഗൂഢലക്ഷ്യങ്ങളൊന്നും ആർക്കും ഉണ്ടായിരുന്നില്ല.

മന്ത്രിമാരെല്ലാം സ്ഥലത്തെത്തി, മൃതദേഹം വേഗം വീട്ടുകാർക്ക് വിട്ടുകൊടുക്കണമന്ന് ആവശ്യപ്പെട്ടു. മന്ത്രി കെ. രാധാകൃഷ്ണൻ നാട്ടുകാരനായതുകൊണ്ട് തന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ടു. ‘വിശദമായ ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും തന്നെ നടത്തണം. എന്നാൽ മാത്രമേ തെളിവുകൾ ശേഖരിക്കാനാവൂ. കുട്ടിയുടെ മൊഴിയോ മറ്റോ ഒന്നും ഇല്ലാത്ത കേസാണ്. തെളിവുകൾ നഷ്ടപ്പെടാൻ ഒരിക്കലും അനുവദിച്ചുകൂടാ’ എന്ന് പറഞ്ഞതോടെ അദ്ദേഹത്തിന് കാര്യങ്ങൾ മനസ്സിലായി. നടപടികൾ വിശദമായി പൂർത്തിയാക്കിയിട്ടുമാത്രം മൃതദേഹം വിട്ടുകൊടുത്താൽ മതിയെന്ന് അദ്ദേഹവും പറഞ്ഞു. അങ്ങനെ വിശദമായ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം പിറ്റേന്ന് നടത്തിയാൽ മതിയെന്ന് തീരുമാനിച്ചു. പോസ്റ്റ്മോർട്ടത്തിനും വിദഗ്ധ സംഘംതന്നെ വേണമെന്ന് പൊലീസിന്‍റെ ഭാഗത്തുനിന്ന് പ്രത്യേകമായി ആവശ്യപ്പെട്ടു.

ഡിപ്പാർട്മെന്‍റ് ഹെഡായ ഷെർലി വാസുവിന്‍റെ നേതൃത്വത്തിലാണ് പിറ്റേന്ന് പോസ്റ്റ്മോർട്ടം നടന്നത്. ഡോ. ഉൻമേഷ്, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയവരും മറ്റും ഉണ്ടായിരുന്നു. ഞാനും അന്വേഷണ ഉദ്യോഗസ്ഥനായ ശശീധരൻ സാർ, ബോഡി ബന്ധവസ്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ ശ്രീദേവി എന്നിവരെല്ലാം പോസ്റ്റ്മോർട്ടം റൂമിലുണ്ടായിരുന്നു. കന്യകയായിരുന്ന സൗമ്യയെ വളരെ മൃഗീയമായാണ് പ്രതി ബലാത്സംഗം ചെയ്തതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. സ്വകാര്യഭാഗങ്ങളിൽ മൂന്ന് വലിയ മുറിവുകളുണ്ടായിരുന്നു. പിൻഭാഗത്ത് കരിങ്കൽ ചീളുകൾ തുളച്ചുകയറി വലിയ വ്രണമായി മാറിയിരുന്നു. പൊലീസുകാരുടെ ജീവിതത്തിൽ ഇതെല്ലാം സർവസാധാരണമായ കാര്യമാണെങ്കിലും വലിയ സങ്കടം തോന്നിയ സന്ദർഭമായിരുന്നു അത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആ സമയത്താണ് സൗമ്യയുടെ ഫോണിന്‍റെ ലൊക്കേഷൻ കിട്ടി എന്നറിയിച്ചുകൊണ്ട് മെസേജ് വന്നത്. ഒട്ടും താമസിയാതെ ഞങ്ങൾ വയനാട്ടിലേക്ക് തിരിച്ചു. എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് ഗോവിന്ദച്ചാമി അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു ഞങ്ങളെ നയിച്ചത്.

മാർച്ച് ഏഴാം തീയതിയായിരുന്നു അത്. വയനാട് ഭാഗത്തായിരുന്നു അപ്പോൾ സൗമ്യയുടെ ഫോണിന്‍റെ ലൊക്കേഷൻ കാണിച്ചത്. സൗമ്യയെ ആക്രമിച്ച് മൃതപ്രായയാക്കി വരുന്ന പ്രതിയെ നാട്ടുകാർ കണ്ടിരുന്നു എന്ന് പറഞ്ഞിരുന്നല്ലോ. ഇതേക്കുറിച്ച് ഒന്നും അറിയാത്തതിനാൽ ഒറ്റക്കൈയനെന്ന പരിഗണന നൽകി വെറുതെ വിടുകയായിരുന്നു നാട്ടുകാർ. കലാമണ്ഡലം ബസ് സ്റ്റോപ്പിൽ വെച്ച് ചിലർ ഇയാളെ വീണ്ടും ചോദ്യംചെയ്തു. ആ സമയം ഇയാൾ സൗമ്യയുടെ ഫോൺ ബസ് സ്റ്റോപ്പിന് പുറത്തേക്കിട്ടു. നാട്ടുകാർ തിരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ട് ഇയാൾ ബസ് സ്റ്റോപ്പിന് മുകളിൽ കയറിയാണ് കുറേ സമയം ഒളിച്ചിരുന്നത്. നാട്ടുകാർ പോയതിനുശേഷം ഇയാൾ ഫോണെടുത്ത് പാലക്കാട്ടേക്ക് കടന്നുകളയുകയായിരുന്നു.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ പലയിടത്തും ഫോൺ വിൽക്കാനായി ഗോവിന്ദച്ചാമി ശ്രമിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു ആക്രിക്കടയിൽ ഫോൺ കൊടുത്തപ്പോൾ പ്രായമായ കടയുടമ വേണ്ടെന്ന് പറഞ്ഞു. ( അയാൾ കേസിലെ ഒരു സാക്ഷിയാണ്. ഗോവിന്ദച്ചാമിയെയും മൊബൈൽ ഫോണും അയാൾ തിരിച്ചറിഞ്ഞിരുന്നു) പിന്നീട് ഒരു പലചരക്കുകടയിൽ പോയപ്പോൾ അവിടെയും വേണ്ടെന്ന് പറഞ്ഞു. മദ്യപാനിയായ ഒരു തമിഴന്‍റെ ഒപ്പം ഗോവിന്ദച്ചാമി പിന്നീട് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന്‍റെ പരിസരങ്ങളിൽ ഫോൺ വിൽക്കാൻ ശ്രമിച്ചു. മൊബൈൽ കടയിലും ഫോൺ വേണ്ടെന്ന് പറഞ്ഞെങ്കിലും അവിടെ മൊബൈൽ റിപ്പയർ ചെയ്യാൻ വന്ന മുരുകൻ ഗോവിന്ദച്ചാമിയുടെ പക്കൽനിന്ന് ഫോൺ വാങ്ങിക്കുകയായിരുന്നു.

(തുടരും)

News Summary - One Armed Man Killed Soumya