തിര സാഗരത്തിൽ ലയിച്ചപ്പോൾ

മുനി നാരായണ പ്രസാദിനെ ഓർമിക്കുകയാണ് ശിഷ്യൻകൂടിയായ ലേഖകൻ. മുനിയുടെ ജീവിതം സന്യാസത്തിന്റെ പൂർണതയായിരുന്നു എന്ന് എഴുതുന്നതിനൊപ്പം അദ്ദേഹത്തിന്റെ സവിശേഷതകളെയും നിലപാടുകളെയും കുറിച്ചും വിവരിക്കുന്നു.തിരയുടെ മരണം അവസാനമല്ല, നിത്യതയെ പുൽകലാണ്. എന്താണ് തിര? അത് ജലം തന്നെ. കടലും അതേ ജലത്തിന്റെ വിപുലീകരണമാണ്. തിര വേറിട്ട ഒന്നായി തോന്നുമ്പോഴും, അതിന് ജലത്തിൽനിന്നും സ്വതന്ത്രമായ ഒരു അസ്തിത്വമില്ല. അത് ഒരിക്കലും കടലിൽനിന്ന് വേർപെടുന്നില്ല....
Your Subscription Supports Independent Journalism
View Plansമുനി നാരായണ പ്രസാദിനെ ഓർമിക്കുകയാണ് ശിഷ്യൻകൂടിയായ ലേഖകൻ. മുനിയുടെ ജീവിതം സന്യാസത്തിന്റെ പൂർണതയായിരുന്നു എന്ന് എഴുതുന്നതിനൊപ്പം അദ്ദേഹത്തിന്റെ സവിശേഷതകളെയും നിലപാടുകളെയും കുറിച്ചും വിവരിക്കുന്നു.
തിരയുടെ മരണം അവസാനമല്ല, നിത്യതയെ പുൽകലാണ്. എന്താണ് തിര? അത് ജലം തന്നെ. കടലും അതേ ജലത്തിന്റെ വിപുലീകരണമാണ്. തിര വേറിട്ട ഒന്നായി തോന്നുമ്പോഴും, അതിന് ജലത്തിൽനിന്നും സ്വതന്ത്രമായ ഒരു അസ്തിത്വമില്ല. അത് ഒരിക്കലും കടലിൽനിന്ന് വേർപെടുന്നില്ല. നമ്മെ ഒരു തിരയായി കരുതിയാൽ, കാറ്റിന്റെ സ്പർശത്തിൽ ജനനമുണ്ടാകുന്നു, ചലനത്തിൽ ജീവിതവും, ശാന്തതയിൽ ലയനവും. എന്നാൽ, ജലം നിത്യമാണ്. ഒരു തിര താൻ ജലമാണെന്ന് തിരിച്ചറിയുന്നതാണ് അതിന്റെ മോക്ഷം. ഇതേ സത്യമാണ് നാരായണ ഗുരു “നാം ശരീരമല്ല അറിവാകുന്നു” എന്ന വാക്കുകളിലൂടെ സൂചിപ്പിക്കുന്നതും. അതിനെ അത്യന്തം ലളിതമായി ഗുരു മുനി നാരായണ പ്രസാദ് ജീവിതമൊട്ടാകെ അവതരിപ്പിച്ചുകൊണ്ടിരുന്നു. “ഒരു തിര കടലായി മാറുന്നു; രൂപംമാത്രം മാറുന്നു” എന്ന് ഗുരു മുനി മരണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. അതിനാൽ, അദ്ദേഹത്തിന് മരണമില്ല, രൂപം മാത്രം മാറുന്നു.
മനുഷ്യന്റെ സാധാരണ ബോധത്തിൽ മരണം ഒരു അവസാനമായി കാണപ്പെടുന്നു. ഒരു ജീവിതത്തിന്റെ തിരശ്ശീല വീഴുന്നതുപോലെ. എന്നാൽ, ദർശനത്തിന്റെ കാഴ്ചപ്പാടിൽ, മരണം അവസാനമല്ല; അത് ഒരു മാറ്റത്തിന്റെ സൂചനയാണ്, രൂപപരിധികൾ കടന്നുപോകുന്ന ഒരു സ്വാഭാവിക പ്രക്രിയ മാത്രം. ഒരു ഗുരുവിന്റെ മരണം, അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്റെ അവസാനമല്ല. മറിച്ച്, അദ്ദേഹത്തിന്റെ ദർശനം കൂടുതൽ വ്യാപിക്കുന്ന ഒരു ഘട്ടമാണ്. ശരീരം ഇല്ലാതാകുമ്പോൾ, വാക്കുകളും ചിന്തകളും കൂടുതൽ സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങുന്നു. ഗുരു മുനി തന്റെ ദേഹപരിധികൾക്കപ്പുറം ഒരു സാന്നിധ്യമായി തുടരുന്നു; അദ്ദേഹം ഒരു സന്യാസിയെന്നതിലുപരി, ഒരു ചിന്താധാരയുടെ, ദർശനത്തിന്റെ, മഹത്തായ ഗുരു പരമ്പരയുടെ തുടർച്ചയാണ്. എങ്കിലും, മനുഷ്യർക്കിടയിൽ വിഭജനത്തിന്റെ മതിലുകളുയരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഭാവം ഒരു നഷ്ടമെന്നതിലുപരി, അദ്ദേഹത്തിന്റെ ദർശനം നമുക്കുതന്നെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമായികൂടി മാറിത്തീരുന്നു.
ഗുരു പരമ്പര
നാരായണഗുരു, നടരാജഗുരു, ഗുരു നിത്യ ചൈതന്യ യതി, ഗുരു മുനി നാരായണ പ്രസാദ്... ഇത് ഗുരുക്കന്മാരുടെ പട്ടികയല്ല; ഒരു ചിന്തയുടെ തുടർച്ചയാണ്. ഒരു ദർശനം ഒരു വ്യക്തിയിൽ ആരംഭിച്ച് അവസാനിക്കുന്നതല്ല; അത് കാലത്തിനൊപ്പം വ്യത്യസ്തരൂപങ്ങളിൽ പ്രകടമാകുന്ന ഒരു തുടർച്ചയാണ്. ഈ ഗുരു പരമ്പര അതിന്റെ ഉദാഹരണമാണ്.
നാരായണ ഗുരുവിൽനിന്നും ജ്ഞാനത്തിന്റെ ഒരു പരമ്പര തുടങ്ങുന്നുണ്ട്. അറിവുകൊണ്ടും അനുകമ്പകൊണ്ടും നാരായണ ഗുരു ഈ ചിന്തക്ക് അടിസ്ഥാനം നൽകി, അദ്വൈതത്തിന്റെ ആത്മീയ ദർശനത്തെ സാമൂഹിക യാഥാർഥ്യങ്ങളുമായി ബന്ധിപ്പിച്ചു. മനുഷ്യന്റെ ആത്മസത്യത്തെ തിരിച്ചറിയുന്നതും, അതോടൊപ്പം സമൂഹത്തിലെ അസമത്വങ്ങളെ ചോദ്യംചെയ്യുന്നതും ഗുരുവിന്റെ ദർശനത്തിന്റെ ഭാഗമായിരുന്നു. അതിലൂടെ, ആത്മീയത ഒരു സ്വകാര്യാനുഭവമെന്നതിലുപരി, ഒരു സർവമാനവ ദർശനമായി വികസിച്ചു. സകല ഭേദബുദ്ധികൾക്കും അതീതമായി മനുഷ്യർ ഏകലോകമായി ജീവിക്കുന്ന ഒരു കാലമായിരുന്നു നാരായണഗുരു സ്വപ്നം കണ്ടിരുന്നത്.
നാരായണഗുരുവിന്റെ ഏകലോക സ്വപ്നം യാഥാർഥ്യമാക്കാനും ഗുരുദർശനം ഭേദബുദ്ധികൾക്ക് അതീതമായി പകർന്നുനൽകാനും 1923ൽ നാരായണഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെതന്നെ നടരാജഗുരു സ്ഥാപിച്ചതാണ് നാരായണഗുരുകുലം. “ഗുരുവും ശിഷ്യന്മാരും ഒരു കുടുംബംപോലെ കഴിയണം, ലോകം മുഴുവൻ ഗുരുകുലമാകണം.” ഇതായിരുന്നു ഗുരുകുലം സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ നടരാജഗുരുവിന് നാരായണഗുരു നൽകിയ സന്ദേശം.
നാരായണഗുരുവിന്റെ ചിന്തക്ക് നടരാജഗുരു വഴി കൂടുതൽ ദാർശനിക രൂപം കൈവന്നു. ദർശനത്തെ അദ്ദേഹം ശാസ്ത്രീയവും തർക്കാത്മകവുമായ ഭാഷയിൽ അവതരിപ്പിച്ച്, അത് ആഗോള ചിന്താപരിസരത്തിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിച്ചു. അങ്ങനെ, ഒരു പ്രാദേശിക ആത്മീയ പാരമ്പര്യം സാർവലൗകികമായ ബൗദ്ധിക സംവാദത്തിന്റെ ഭാഗമായി തീർന്നു. നാരായണഗുരുവിന്റെ ചിന്തയെ പാശ്ചാത്യലോകത്തിന് മനസ്സിലാകുന്ന തരത്തിൽ പാശ്ചാത്യ തത്ത്വചിന്തയുടെയും ആധുനിക ശാസ്ത്രത്തിന്റെയും ഭാഷയിലായിരുന്നു നടരാജഗുരു ആവിഷ്കരിച്ചത്.
തുടർന്ന്, ഈ ചിന്ത ഗുരു നിത്യ ചൈതന്യ യതിയിലൂടെ കൂടുതൽ ആന്തരികവും അനുഭവപരവുമായ ആഴം നേടി. ദർശനം പുസ്തകങ്ങളിലെ ആശയമായി മാത്രം നിലനിൽക്കാതെ, മനുഷ്യന്റെ മനസ്സിലും അനുഭവങ്ങളിലും തെളിയുന്ന ഒരു സത്യമായി അദ്ദേഹം അവതരിപ്പിച്ചു. ഈ ഘട്ടത്തിൽ, ചിന്ത കൂടുതൽ വ്യക്തിപരമായ അന്വേഷണത്തിലേക്ക് മാറുന്നു. സാഹിത്യത്തിന്റെയും സർഗാത്മകതയുടെയും മനഃശാസ്ത്രത്തിന്റെയും മറ്റും സങ്കേതങ്ങളെ ദർശനത്തോടൊപ്പം ചേർത്തുവെച്ച് കാണുകയും വ്യത്യസ്ത ചിന്താധാരയിൽ വിചാരിച്ചിരുന്ന മനുഷ്യരെ ഗുരുകുലത്തിലേക്ക് ചേർത്തുനിർത്തുകയുമായിരുന്നു അദ്ദേഹം ചെയ്തത്.
ഈ സമഗ്ര പാരമ്പര്യം ദാർശനിക ആഴം നഷ്ടപ്പെടുത്താതെ, ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കുകയും വികസിപ്പിക്കുകയുമാണ് ഗുരു മുനി നാരായണ പ്രസാദ് ചെയ്തത്. തന്റെ രചനകളിലൂടെയും ഉപദേശങ്ങളിലൂടെയും ഈ ദർശനം കൂടുതൽ ആളുകളിലേക്ക് എത്തുന്ന വഴികൾ അദ്ദേഹം തുറന്നു. അതിനാൽ, ഈ ഗുരു പരമ്പര ഒരു വ്യക്തിയിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറപ്പെട്ട ബന്ധമല്ല; അത് ഒരു ചിന്തയുടെ തുടർച്ചയാണ്, അടിസ്ഥാനത്തിൽനിന്ന് വികസനത്തിലേക്കും, അവിടെനിന്ന് ആന്തരിക അനുഭവത്തിലേക്കും പിന്നെ വീണ്ടും ലളിതമായ പ്രകടനത്തിലേക്കും നീങ്ങുന്ന ഒരു സഞ്ചാരം. ഈ പാരമ്പര്യം ഒരു വ്യക്തിയിൽ അവസാനിക്കുന്നില്ല; അത് ചിന്തയിലൂടെ തുടരുന്നു.
‘ഗുരുസാഗരത്തിലെ ധീര നാവികൻ’ എന്ന ലേഖനത്തിൽ സുകുമാർ അഴീക്കോട് ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്:
“ലോകത്തിലെ ഏറ്റവും സുന്ദരവും സുദീർഘവുമായ ഗുരുശിഷ്യബന്ധത്തിന്റെ അനുസ്യൂതത്ത്വത്തിന് വിശ്വൈകദൃഷ്ടാന്തം സോക്രട്ടീസ്-പ്ലാറ്റോ-അരിസ്റ്റോട്ടിൽ ത്രയമാണല്ലോ. ഗുരുദേവനും നടരാജഗുരുവും യതിയും മുനിയും ചേർന്ന ഗുരു ശിഷ്യപരമ്പരയുടെ അപൂർവമായ ചതുരംഗ സാന്നിധ്യം വിജ്ഞാനലോകത്തിൽ ഉണ്ടായിരിക്കുന്നു. ഗുരുവിനെ തുടർന്ന് വന്ന ഇതര പരമ്പരകളേക്കാൾ, ഗുരുമാർഗത്തിൽനിന്ന് മാറുകയോ തെറ്റുകയോ ചെയ്യാത്ത പാരമ്പര്യശുദ്ധി ഗുരുകുലം നേടിയെടുത്തിട്ടുണ്ട്. ‘അറിവിൽ എല്ലാം ഒടുങ്ങുന്നു’ എന്ന ഗീതോപദേശത്തിൽ ജ്ഞാനമാർഗം ഒതുങ്ങുന്നു.”
ജീവിതരേഖ
1938ൽ ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ എം.എൻ. പ്രസാദ് എൻജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷം പൊതുമരാമത്ത് വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ, 1960ൽ വർക്കല നാരായണ ഗുരുകുലത്തിൽ അന്തേവാസിയായി ചേർന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നു. തുടർന്ന്, ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് ആത്മീയാന്വേഷണത്തിനും പഠനത്തിനുമായി നടരാജഗുരുവിന്റെ ശിഷ്യനായി സമർപ്പിതനായി. നടരാജഗുരുവിൽനിന്ന് ബ്രഹ്മചര്യ ദീക്ഷയും നിത്യ ചൈതന്യ യതിയിൽനിന്ന് സന്യാസദീക്ഷയും സ്വീകരിച്ച അദ്ദേഹം, യതിയുടെ കാലശേഷം നാരായണഗുരുകുലത്തിന്റെ അധ്യക്ഷനായി.

നാരായണ ഗുരുകുലവും മുനി നാരായണ പ്രസാദും
ഗുരു മുനി നാരായണ പ്രസാദിന്റെ ചരിത്രം എന്നാൽ അത് ഗുരുകുല പ്രസ്ഥാനത്തിന്റെ ചരിത്രം എന്നു കൂടിയാണ്. പതിനേഴാം വയസ്സിൽ ഗുരുകുലത്തിൽ ചേർന്ന അദ്ദേഹം 88ാം വയസ്സിൽ സമാധിപ്രാപിക്കുന്നതുവരെ ജീവിച്ചത്, ജീവിതം ഉഴിഞ്ഞുവെച്ചത് നാരായണ ഗുരുകുലത്തിനുവേണ്ടിയാണ്. ഗുരുകുലത്തിൽ ചേർന്നശേഷം ഗുരുകുലം ബോർഡിങ്ങിന്റെയും ‘ഗുരുകുലം’ മാസികയുടെയും ചുമതല ഏറ്റെടുക്കുകയും ജോലി രാജിവെക്കുകയും ചെയ്യുന്നു. ക്രമേണ വർക്കല നാരായണ ഗുരുകുലത്തിന്റെ പൂർണ ചുമതല അദ്ദേഹത്തിന്റെ ചുമലിലായി. “പ്രസാദ് ഉള്ളതുകൊണ്ടാണ് എനിക്ക് ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കാൻ സാധിച്ചത്” എന്ന് ഗുരു നിത്യ ചൈതന്യ യതി തന്നെ പറഞ്ഞിട്ടുണ്ട്. യതിയുടെ അഭാവത്തിൽ ഗുരുകുലം നടത്തിയിരുന്നത് അദ്ദേഹമായിരുന്നു.
പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താധാരകളെ ചേർത്തുവെച്ച് പഠിപ്പിക്കുന്നരീതിയാണ് ഗുരുകുലത്തിന്റേത്. കേവലമായ ആചാരങ്ങളേക്കാൾ ജ്ഞാനത്തിന് പ്രാധാന്യം കൊടുക്കുന്നതിനാൽ പഠന ക്ലാസുകളും സെമിനാറുകളുമാണ് ഗുരുകുലത്തിലുള്ളത്. ഇത്തരം ക്ലാസുകൾ എടുത്തും സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചുമാണ് ഗുരു മുനി തന്റെ ജ്ഞാനയാത്രക്ക് തുടക്കം കുറിക്കുന്നത്. കർശനമായ ചിട്ടയോടെയുള്ള വായനയും പഠനവും ഗുരുകുലത്തിൽ വന്ന കാലം മുതൽ അവസാന കാലം വരെ തുടർന്നുപോകുന്നു. നടരാജഗുരുവിന്റെ ശിക്ഷണമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹംതന്നെ എപ്പോഴും പറയുന്നതാണ്. ‘ഒരു ഗുരുശിഷ്യ ബന്ധം’ എന്ന പുസ്തകം വായിച്ചാൽ അത് മനസ്സിലാകുന്നതാണ്.
നാരായണഗുരുവിന്റെ സമ്പൂർണ കൃതികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം എഴുതുക എന്ന ചരിത്രദൗത്യം നിർവഹിച്ച സന്യാസി അദ്ദേഹമാണ്. ഇതിനു പുറമേ ഭഗവദ്ഗീത, വേദാന്തസൂത്രം, ഉപനിഷത്തുകൾ തുടങ്ങിയവക്ക് വ്യാഖ്യാനവും ബൈബിൾ, ഖുർആൻ എന്നീ ഗ്രന്ഥങ്ങൾക്ക് സ്വതന്ത്രമായ വ്യാഖ്യാനങ്ങളും പഠനങ്ങളും അദ്ദേഹത്തിൽനിന്നും ലഭിക്കുകയുണ്ടായി. 150ലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹം ഗ്രന്ഥരചനയെ പഠനത്തിന്റെ ഭാഗമായി ജീവിതാന്ത്യം വരെ കരുതിപ്പോന്നു.
കഠിനമായ ഭാഷയിൽമാത്രം തത്ത്വചിന്ത സംസാരിക്കുന്നവർക്കിടയിൽ കഠിനമായ തത്ത്വചിന്ത ലളിതമായി എഴുതിയും പറഞ്ഞുമാണ് ഗുരു മുനി വ്യത്യസ്തനായത്. അതുകൊണ്ടുതന്നെ നാരായണ ഗുരുവിന്റെ കൃതികൾക്ക് എഴുതിയ വ്യാഖ്യാനത്തിന് അദ്ദേഹം കൊടുത്ത പേര് ‘ലളിതവ്യാഖ്യാനം’ എന്നാണ്.
നടരാജഗുരുവിന്റെ, കഠിനമായ ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ മറ്റാർക്കും സാധിക്കാത്ത വിധം സരളമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചത് കേവലം ഭാഷാജ്ഞാനംകൊണ്ട് മാത്രമല്ല, നടരാജഗുരുവിന്റെ ഹൃദയമറിയുന്ന ശിഷ്യനായിരുന്നതുകൊണ്ടുമാണ്. കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ എഴുതിയ ‘അറിവിന്റെ ആദ്യപാഠങ്ങൾ’, യുവാക്കൾക്കുവേണ്ടി എഴുതിയ ‘യുവദർശനം’ എന്നീ ഗ്രന്ഥങ്ങൾ യുവതലമുറക്കിടയിൽ പ്രശസ്തമാണ്.
2015ൽ ‘ആത്മായനം’ എന്ന ആത്മകഥയിലൂടെ അദ്ദേഹത്തിന്റെ ജീവിതകഥ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം ചെയ്യാൻ സാധിച്ചത് ഗുരുക്കന്മാരുടെ അനുഗ്രഹം ഒന്നുമാത്രംകൊണ്ടാണെന്ന് ഓരോ പുസ്തകത്തിലും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടൊക്കെ ആയിരിക്കാം നടരാജഗുരു എം.എൻ. പ്രസാദ് എന്ന പേരിനു പകരമായി മുനി നാരായണ പ്രസാദ് എന്ന് പേര് നൽകുന്നതും. തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്കാരവും പത്മശ്രീയും അദ്ദേഹത്തിന് ഒരിക്കലുമൊരു ഭാരമായില്ല. പുഞ്ചിരിച്ചുകൊണ്ട് വിനീതമായി ജീവിതം തുടർന്നുപോന്നു.

കാലം ആവശ്യപ്പെടുന്ന ഗുരു
“പലമതസാരവും ഏകം” എന്ന് ലോകത്തെ പഠിപ്പിച്ച മഹാഗുരുവിന്റെ പേരിലുള്ള ഗുരുകുലത്തിൽ നിത്യ പ്രാർഥനയിൽ ബൈബിളിലെയും ഖുർആനിലെയും പ്രാർഥനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഇടങ്ങൾ നമുക്ക് ചുറ്റും വിരളമാണ്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റും പേരിൽ ചേരി തിരിക്കുന്ന ഈ കാലത്ത് ഭേദബുദ്ധികൾ ഒന്നുമില്ലാതെ സകലരെയും ഒന്നായി കാണുന്ന ഗുരുക്കന്മാർ അപൂർവമാണ്. അങ്ങനെ മനുഷ്യരെ ഒന്നായി കണ്ട് ചേർത്തുനിർത്തി “എല്ലാവരും ആത്മസഹോദരർ” എന്ന ഗുരുദർശനം സ്വജീവിതംകൊണ്ട് ലോകത്തിന് കാണിച്ചുകൊടുത്ത വെളിച്ചമായിരുന്നു ഗുരു മുനി നാരായണ പ്രസാദ്.
പ്രകടിത ഭക്തിയെക്കാൾ സത്യാന്വേഷണത്തിന് പ്രാധാന്യം കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും സന്യാസിയും എല്ലാമായിരുന്നിട്ടും പാണ്ഡിത്യത്തിന്റെ ദന്തഗോപുരങ്ങളിൽ അദ്ദേഹം ഒരിക്കലും വിഹരിച്ചിട്ടില്ല. മണ്ണിൽ ചവിട്ടി നടന്ന് ലളിതജീവിതത്തിന്റെ ഉത്തമ മാതൃക കാണിച്ചു. എന്ത് ഉത്തരവാദിത്തം ഏറ്റെടുത്താലും അത് സത്യസന്ധമായും ആത്മാർഥമായും എത്രയും വേഗത്തിലും ചെയ്തുതീർക്കുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അതുകൊണ്ടുതന്നെയാണ് നടരാജഗുരു അദ്ദേഹത്തെ ‘ശീക്രകർത്തവ്യദൃക്’ എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലോ എഴുത്തുകളിലോ പരമത വിദ്വേഷത്തിന്റെ ഒരു പദാവലിയും കടന്നുവന്നിട്ടില്ല. “പല മതസാരവും ഏകം” എന്ന ഗുരുവചനത്തിന് ഒരു ജീവിതംകൊണ്ട് ഭാഷ്യം ചമക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

നാരായണ ഗുരുകുലം ശതാബ്ദി ആഘോഷത്തിൽ മുനി നാരായണ പ്രസാദ് സംസാരിക്കുന്നു
ആഴങ്ങളിൽ തെളിയുന്ന കടൽ
ഗുരു മുനി ആൾക്കൂട്ടത്തിന്റെ ഗുരുവായിരുന്നില്ല. അറിവ് തേടിവരുന്ന ശ്രദ്ധാലുക്കൾക്ക് അദ്ദേഹം ഗുരുവായി മാറി. ശബ്ദത്തിന്റെ ലോകത്ത് നിശ്ശബ്ദനായി അദ്ദേഹം തന്റെ ജ്ഞാന കർമമാർഗങ്ങളെ പിന്തുടർന്നു പോകുന്നു. ഏകാന്തതയെ അദ്ദേഹം സംഗീതംപോലെ ആസ്വദിച്ച് സർഗാത്മകമായി വിനിയോഗിച്ചു. തന്റെ ജീവിത ദർശനത്തോട് അടിയുറച്ച സത്യസന്ധത പുലർത്തുകയും ധർമബോധത്തോടെ ജീവിക്കുകയും ചെയ്ത അദ്ദേഹം തന്റെ ജീവിതമൂല്യങ്ങളിൽ ഒരിക്കലും വെള്ളംചേർത്തില്ല. എന്താണോ എഴുതിയത്, എന്താണോ പറഞ്ഞത്, അതാണ് അദ്ദേഹം ജീവിച്ചുതീർത്തതും.
കഠിനമായ ജീവിതാനുഭവങ്ങളിലൂടെയും ശിക്ഷണത്തിലൂടെയും രൂപപ്പെട്ട ഗുരു മുനി മറ്റുള്ളവരിൽനിന്നും വ്യത്യസ്തനായിരുന്നു. ഔപചാരികതക്കുവേണ്ടിയുള്ള അഭിനയങ്ങളിൽനിന്നും എന്നും അദ്ദേഹം ഒഴിഞ്ഞുനിന്നു. മുഖംമൂടികൾ ഒരിക്കലും അദ്ദേഹത്തിന് ചേരുന്നതായിരുന്നില്ല. ഇന്ത്യൻ തത്ത്വചിന്തയിൽനിന്നും ലഭിച്ച ന്യായദർശനത്തിന്റെ തർക്കരീതി അദ്ദേഹത്തിന്റെ എഴുത്തിലും പ്രസംഗങ്ങളിലും സംഭാഷണങ്ങളിലും പ്രകടമായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ പുറത്തുനിന്ന് കാണുന്ന പലർക്കും അദ്ദേഹം ഒരു കർക്കശക്കാരൻ എന്ന് തോന്നാൻ ഇടയായിട്ടുണ്ട്. ഇതുമൂലം അദ്ദേഹം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ, അടുത്തറിയുന്നവർക്കാണ് അദ്ദേഹം ആഴങ്ങളിൽ തെളിയുന്ന ഒരു കടലാണെന്ന് മനസ്സിലാവുന്നത്. എളുപ്പത്തിൽ മനസ്സിലാകാത്ത ഗുരുക്കന്മാരാണ് ആഴത്തിൽ മാറ്റം സൃഷ്ടിക്കുന്നത്.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് മുനി നാരായണ പ്രസാദ് ഉപഹാരം സ്വീകരിക്കുന്നു. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം (ഫോട്ടോ: ബി.പി ദീപു)
എന്റെ പ്രകാശ സൂര്യൻ
സ്കൂൾ കാലഘട്ടം മുതലേ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയതാണെങ്കിലും കാലടി സർവകലാശാലയിൽ സംസ്കൃത വേദാന്ത ബിരുദ പഠനത്തിന് ചേർന്ന വേളയിൽ, കാലടി ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി നന്ദാത്മജാനന്ദയുമായുള്ള സൗഹൃദമാണ് സ്വാമി ത്യാഗീശ്വരനെ പരിചയപ്പെടാനും അദ്ദേഹത്തിലൂടെ ഗുരു മുനി നാരായണ പ്രസാദിനെ പരിചയപ്പെടാനും കാരണമായത്. ഗുരു മുനിയെ ആദ്യമായി കാണുന്നത് ഒരു സന്ധ്യാസമയം വർക്കല നാരായണഗുരുകുലത്തിലെ പഠന ക്ലാസിൽവെച്ചാണ്. ചിരിക്കുന്ന മുഖത്തോടെ ഗുരു എന്നെ സ്വീകരിക്കുകയും ആ ക്ലാസിൽ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. പിന്നീട് ആ ആത്മബന്ധം വർധിച്ചുവന്നു. കാണുമ്പോഴെല്ലാം ശരമൂർച്ചയുള്ള ചോദ്യങ്ങൾകൊണ്ട് അദ്ദേഹം എന്നെ വെള്ളം കുടിപ്പിച്ചിരുന്നു. ഒടുവിൽ ബിരുദ പഠനത്തിനുശേഷം അദ്ദേഹത്തെ കണ്ടു ഗുരുകുലത്തിൽ ബ്രഹ്മചാരിയായി ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു:
“തന്നെ ഞാൻ ഒരുപാട് തവണ ഓടിച്ചുവിട്ടതല്ലേ, എന്നിട്ട് എന്താണ് പോകാത്തത്.”
“അത് ഗുരു സ്നേഹംകൊണ്ട് ചെയ്യുന്നതാണെന്ന് എനിക്കറിയാം” എന്ന് ഞാനും മറുപടി നൽകി.
ഇതുകേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു. അതോടെ, ഞാൻ ഗുരുകുലത്തിൽ അന്തേവാസിയായി ചേർന്നു.
പരസ്യമായി ശാസിക്കുകയും രഹസ്യമായി സ്നേഹിക്കുകയും വാത്സല്യം നൽകുകയും ചെയ്യുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്.
“പഠിപ്പിച്ച് പഠിക്കണം, ഒന്നും അറിയില്ല എന്ന് പറഞ്ഞ് മാറിനിൽക്കരുത്, അറിയാത്ത വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ സാധിക്കണം. പഠിക്കേണ്ട വഴി ഞാൻ പറഞ്ഞുതരാം. പഠനകാര്യത്തിൽ ഒരിക്കലും ഉഴപ്പ് കാണിക്കരുത്. എന്തു പ്രവൃത്തി ചെയ്യുന്നതും പഠനത്തിന്റെ ഭാഗമായിതന്നെ കാണണം. താൻ നന്നായി സംസാരിക്കുന്നുണ്ട്, എഴുതുന്നുണ്ട്. അതൊരിക്കലും നഷ്ടപ്പെടുത്തരുത്. പ്രയാസങ്ങൾ വരും പക്ഷേ സത്യത്തിൽ എന്നും ഉറച്ചുനിൽക്കണം. ജീവിതത്തോട് എന്നും സത്യസന്ധത കാത്തുസൂക്ഷിക്കണം.”
ഇതായിരുന്നു ഗുരു എനിക്ക് തന്ന ഉപദേശം. ഇന്നും എന്നെ നയിക്കുന്നത് ഗുരുവിന്റെ ഈ വാക്കുകളാണ്. പിന്നീട് ഒരു ദിവസം പഠിക്കാനുള്ള മാർഗം ചോദിച്ച എന്നോട് ആദ്യം പറഞ്ഞത് പശുവിനെ നോക്കാനാണ്. അത് ഭംഗിയായി ചെയ്യുന്നു എന്ന് കണ്ടതിനുശേഷം മാത്രമാണ് എനിക്ക് അദ്ദേഹം അറിവ് പകർന്നു തുടങ്ങിയത്. അദ്ദേഹത്തിന്റെ ശിക്ഷണം കേവലം വേദാന്തത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ഒരു ഉദാഹരണം പറയാം: ഒരു രാത്രി കിടക്കാൻ നേരം ഒരു ആപ്പിൾ എടുത്ത് തന്നിട്ട് അതൊന്നു തൊലി ചെത്തി കഷണങ്ങളാക്കി പാത്രത്തിലിട്ട് കൊടുക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതുപോലെ ഗുരുവിന് കൊടുത്തു. പക്ഷേ, അത് നോക്കിയിട്ട് അദ്ദേഹം പറഞ്ഞു,
“ഇതിന്റെ ഉള്ളിലെ കുരുക്കൾ ഉള്ള ഭാഗം ദഹിക്കുന്നതല്ല. ആപ്പിൾ മുറിക്കുമ്പോൾ ആ ഭാഗം നീക്കം ചെയ്തുവേണം എല്ലാവർക്കും കൊടുക്കാൻ.”
ഇത് പറയുമ്പോൾ മുഖത്തെ പുഞ്ചിരിക്കും യാതൊരു കുറവുമില്ലായിരുന്നു. അങ്ങനെ ഗുരുവിന്റെ സ്നേഹവാത്സല്യങ്ങൾ ഒരുപാട് അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഒപ്പം ഗുരുശിഷ്യ പാരസ്പര്യത്തിന്റെ സംഘർഷഭരിതമായ അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ അതെല്ലാമാണ് എന്നെ ഞാൻ ആക്കി മാറ്റിയത് എന്ന് കാണാം.
ചോദ്യങ്ങൾ ചോദിക്കുകയും അത് ചർച്ചകളിലേക്ക് നയിക്കുകയും അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്തുകയും എന്നാൽ, ഇവക്കെല്ലാം ശേഷം ഒരു പുഞ്ചിരിയോടുകൂടി ഇത്തരം ചർച്ചകൾ സമാപിക്കുകയും ചെയ്യുക എന്നതായിരുന്നു പഠനത്തിന്റെ പൊതുവായ രീതി. ആശയപരമായി വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരോടും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതയായിരുന്നു. അദ്ദേഹം ഗുരുവായിരുന്നു എങ്കിലും അവസാനം വരെ ഒരു വിദ്യാർഥികൂടിആയിരുന്നു. ഒരു നല്ല വിദ്യാർഥിക്ക് മാത്രമേ ഒരു നല്ല ഗുരുവാകാൻ കഴിയൂ എന്ന് അദ്ദേഹം പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു.
ഗുരുവിന്റെ എല്ലാ പാഠങ്ങളും സൗമ്യമായിരിക്കില്ല, ചിലപ്പോൾ കഠിനമായിതന്നെ പലതും പറഞ്ഞു കളയും. പിന്നീടായിരിക്കും അതിന്റെ അർഥം നമുക്ക് മനസ്സിലാവുക. ചിലപ്പോൾ ഗുരുവിൽ ഒരു സെൻ ഗുരുവിനെ നമുക്ക് കാണാം. നാരായണഗുരുവിന്റെ അനുകമ്പ കാണാം, നടരാജഗുരുവിന്റെ കാർക്കശ്യവും, ഗുരു നിത്യ ചൈതന്യ യതിയുടെ ലാളിത്യവും കാണാം. ഇവയുടെയെല്ലാം ഒരു സംഗമസ്ഥാനമായിരുന്നു ഗുരു നാരായണ പ്രസാദ്.
അദ്ദേഹം യാത്രക്ക് ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് തീവണ്ടികളായിരുന്നു. തീവണ്ടികളുടെ സമയം ഇതുപോലെ മനപ്പാഠമാക്കിയ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ദിവസത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം ചെലവിട്ടത് വായനക്കും എഴുത്തിനും പഠനത്തിനും മറ്റുമാണ്. ഇതിനിടയിൽ നിത്യേനയുള്ള നടത്തം അദ്ദേഹം മുടക്കിയിട്ടേയില്ല. വാർധക്യകാലത്തുപോലും വസ്ത്രങ്ങൾ സ്വന്തമായി അലക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. അവസാനം വരെ അദ്ദേഹം ഒരു വിദ്യാർഥിയായിരുന്നു. അതാണ് അദ്ദേഹത്തിന്റെ അറിവിന്റെ രഹസ്യവും.
സന്യാസത്തിന് നാരായണഗുരു നൽകുന്ന നിർവചനം “സന്യാസി എന്നാൽ ത്യാഗി, സ്വാർഥം വെടിഞ്ഞ് മറ്റുള്ളവർക്കായി പ്രവർത്തിക്കുന്നവൻ” എന്നാണ്. അങ്ങനെ നോക്കിയാൽ ഗുരു മുനി നാരായണ പ്രസാദിന്റെ ജീവിതം സന്യാസത്തിന്റെ പൂർണതയായിരുന്നു.
നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെയും നാരായണഗുരു ദർശനത്തിന്റെയും ചരിത്രമെഴുതുന്ന ഏതൊരാൾക്കും ഗുരു മുനി നാരായണ പ്രസാദിനെ വിസ്മരിക്കുക അസാധ്യമാണ്. ഇനിവരുന്ന തലമുറക്കായി അദ്ദേഹം ചെയ്തുവെച്ച കരുതലുകൾ വിലയിരുത്തുന്ന കാലം വരുന്നതേയുള്ളൂ. സത്യാന്വേഷികൾക്ക് അദ്ദേഹം ഇരുളിൽ സത്യത്തിന്റെ പ്രകാശഗോപുരം എന്നപോലെ വഴികാട്ടിയായി നിലകൊള്ളുന്നു. മഹത്തായ ആ ജീവിതവും ദർശനവും നമുക്ക് വെളിച്ചമാകട്ടെ.
