ജനുസ്സ്

കൈക്കുഞ്ഞിനെ ആദ്യമായെടുത്തപ്പോൾ സ്വന്തം അസ്ഥികളുടെ രേഖാപടം ഉള്ളംകൈയിൽ തെളിയുമ്പോലെ. എന്റെ ദേഹച്ചൂര് കുഞ്ഞിന്റെ ഇളംകഴുത്തും വമിക്കുമ്പോലെ. ഇതാണ് മാതൃത്വത്തിന്റെ ഏറ്റവും അസാധാരണ സംഗതി –നമ്മുടെ തന്നെ ജീവാംശങ്ങളെ നമുക്കു പുറത്തും അനുഭവിക്കാനാവുക.
(പെർഫെക്ട് മാച്ച് ജോടി പികോ)
ഇത് ഒരമ്മയുടെ ആത്മാനുഭൂതി, ഏത് പെറ്റമ്മയും പങ്കിടുന്ന സാമാന്യാനുഭവം. സ്വന്തം ഉള്ളടക്കം ഉയിരേകിയ പുതുജന്മം സ്വദേഹത്തിന്റെ നീട്ടമായി തോന്നുക മാതൃസഹജം.
എന്നാൽ...
സഹജഭാവനകളെ വെല്ലാറുണ്ട് സത്യം. ഉറപ്പുള്ള വ്യക്തിവേറിനെ വിശ്ലഥമാക്കുന്ന സന്ദർഭങ്ങളുണ്ട് ആരുടെ ജീവിതത്തിലും. ആ അഴിവ് തീവ്രമാക്കുന്ന ഒരറിവുണ്ട് –ജീവരൂപങ്ങൾ ഉടലെടുക്കാൻ വിധം പലതുണ്ടെങ്കിലും മനുഷ്യൻ ഉയിരെടുക്കാൻ വഴി ഒന്നേയൊന്ന്; മറ്റു മനുഷ്യരുടെ കോശങ്ങളും കണങ്ങളും ചേർന്നൊരുക്കുന്ന ജനിവഴി. അഥവാ, ഏതാളും ഒരാളിന്റെയല്ല രണ്ടാളിന്റെയല്ല, അനേകമാളിന്റെ അംശകലശം.
ഭാവിയാണ് ഗർഭിണിയുടെ ഉദരത്തിൽ. അവൾ പെറുന്നത് അടുത്ത തലമുറയെ മാത്രമല്ല, അനന്തരങ്ങൾക്കുള്ള ചേരുവകൾകൂടിയാണ്. സന്തതിയുടെ, അതിന്റെ സന്തതികളുടെ, അവരുടെ സന്തതികളുടെ... അങ്ങനെ നീണ്ടുനീണ്ടു പോകുന്ന നാളെകളുടെ. ഇതേ മുൻകാഴ്ചയുടെ മറുപുറത്തുണ്ട് സമാനമായൊരു പിൻകാഴ്ചയും. വന്നവഴി തിരിഞ്ഞൊന്നു നോക്കിയാൽ ആരുമറിയും, അതിവിദൂര ഭൂതകാലത്തിന്റെ ഗർഭങ്ങളിൽ ഉരുത്തിരിഞ്ഞ ഭാവിരൂപങ്ങളാണ് ഇന്നുള്ള ആരുമെന്ന്. ഭൂതഭാവികളുടെ ഭൗതിക തന്മാത്രകൾകൊണ്ടാണ് ഏതു ശിശുവും ഉറന്നതെന്ന്. അതിന്റെ തനുകണമോരോന്നും 450 കോടി വർഷം മുമ്പ് ഭൂമി ഉടലെടുത്തപ്പഴേ ഉള്ളതാണെന്ന്. ഇന്നത്തെ ഗർഭിണി പേറുന്ന ഉല്ബദ്രവം (ആംനിയോടിക് ഫ്ലൂയിഡ്) പണ്ടേക്കു പണ്ടേ ഉള്ളതാണെന്ന് –മഴയായി, പുഴയായി, ആഴിയായി. ഓരോ പെറ്റമ്മയും മണ്ണോടുചേരുമ്പഴും ആ പ്രവാഹം തുടരുകതന്നെയാണെന്ന് –അവർ പെറ്റിട്ട പുതുരൂപങ്ങളിലൂടെ.
പേറോരോന്നും നമ്മെ ഉണർത്തുകയാണ്, നമ്മേക്കാൾ ഏറെയേറെ വിപുലമായൊരു നേരിലേക്ക്. എന്നുമുണ്ടായിരുന്ന, എല്ലാം പേറുന്ന നേരിലേക്ക്. നമ്മുടെ സ്വാർഥമത്രയും അഴിഞ്ഞുപോവുന്ന ഒന്നിലേക്ക്. കൈക്കുഞ്ഞിനെ ഒന്നെടുക്കുമ്പോൾ, കയ്യിൽ കോടാനുകോടി അണുകണങ്ങളാണ്. പ്രാക്തനമായ ജ്യോതിർഗോള വിസ്ഫോടനങ്ങളുടെ തലമുറത്തോറ്റങ്ങളിലൂടെ കൈമാറിവന്ന കണങ്ങൾ. കോടിക്കണക്കിന് വർഷങ്ങളുടെ പ്രായമുണ്ട് ഓരോ ശിശുവിനുമെന്നർഥം. ഈ പഴമക്കുണ്ട് അത്രതന്നെ പുതുമയും. കാരണം, ആ കണങ്ങൾ പഴകുന്നില്ല. കുഞ്ഞിപ്പേച്ചിന്റെ അവ്യക്ത ശബ്ദങ്ങളിൽ നിറയുവത് പ്രപഞ്ചത്തിന്റെ വികാസ സങ്കോചങ്ങളാണ് –താരാപഥങ്ങളുടെ, സിരാപടലങ്ങളുടെ, ജീവകോശങ്ങളുടെ. അതോർത്തിട്ടാവാം ഓർഫലീസിലെ പുരുഷാരത്തോട് അൽമുസ്തഫ ഓതിയത്: ‘‘നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല, അവർ നിങ്ങളിൽനിന്നു വന്നതല്ല; നിങ്ങളിലൂടെ വന്നതാണ്’’ (പ്രവാചകൻ/ ഖലീൽ ജിബ്രാൻ).
ഈ അവസ്ഥാന്തരം കേവലമൊരു മാനസികാനുഭവമല്ല, വസ്തുനിഷ്ഠമായ വകതിരിവാണ്. ശരിക്കും നക്ഷത്രധൂളികളാണ് ഭൂഗോളത്തിലെ ചരാചരങ്ങളെന്നത് തീർത്തും ഭൗതികമായ കണ്ടെത്തലാണ്. മറുപിള്ളവഴി അമ്മയിൽനിന്ന് കുഞ്ഞിലേക്കുള്ള കോശക്കൈമാറ്റങ്ങളുടെ പരമ്പര അതിന്റെ തുടർച്ച മാത്രം. പൂർണതയുള്ള ഈ മാതൃേകാശങ്ങൾ നവജാത ദേഹത്ത് പുലരുന്നു, ആയുസ്സു മുഴുക്കെ. ഭ്രൂണകോശങ്ങൾ അമ്മയുടെ മസ്തിഷ്‍കത്തിലും പുലരുന്നു, പേറിന് പതിറ്റാണ്ടുകൾ ശേഷവും. ഈ നേരു കണ്ടെത്തിയ ജനിതക ശാസ്ത്രജ്ഞ ഡിയാന ബിയാൻകി അതിനെ വിളിച്ചു ‘മൈക്രോകൈമീറ’ –യവനപുരാണത്തിലെ കൈമീറയുടെ (പല മൃഗങ്ങളുടെ പലതരം ഭാഗങ്ങൾ ചേർത്തു ചമച്ച ഭ്രമരൂപം) ചുവടുപിടിച്ച്. ‘‘തലച്ചോറിന്റെയും പ്രതിരോധ വ്യവസ്ഥിതിയുടെയും വികാസത്തിനായി മാതൃകോശങ്ങൾ ഭ്രൂണത്തിലേക്ക് കൊടുക്കുന്നു. അതേപോലെ ഭ്രൂണത്തിൽനിന്ന് മാതൃശരീരവും കോശങ്ങൾ കൈപ്പറ്റുന്നു.’’ (ഫീറ്റോളജി/ ഡിയാന ബിയാൻകി)
സൂക്ഷ്മമായ ഈ ഭ്രമരൂപം സാധ്യമാവുന്നതിന് ഒരു കാരണമുണ്ട് –മൃഗജാലത്തിൽ െവച്ചേറ്റം കടന്നേറുന്ന മറുപിള്ളയുള്ളത് മനുഷ്യനിലാണ്. നൂറ് ഗർഭാശയ ധമനികളും 32 മൈൽ നീളത്തിൽ ലോമികകളും നിറഞ്ഞ മറുപിള്ള. ഒന്നു നീർത്തി നീട്ടിയാൽ കൊച്ചി നഗരം ചുറ്റിയെടുക്കാവുന്ന ചങ്ങല. ദഹനം തൊട്ട് ഓർമവരെ ജീവനത്തിന്റെ സമസ്ത ഘടകങ്ങളെയും സ്വാധീനിക്കുന്ന സിരാ, ജൈവ വിധാനം. ‘മാട്രെസെൻസ്’ എന്ന് ശാസ്ത്രം പറയും, ഗർഭബോധം എന്ന് ഒഴുക്കിപ്പറയാം. അതെക്കുറിച്ച ഗവേഷണങ്ങളുടെ ലസാഗു ലളിതം: ഗർഭിണിയുടെ മസ്തിഷ്‍കം മെഴുകുപാകം, താരുണ്യത്തിലേതു മാതിരി.
എന്നുവെച്ചാൽ, മാറ്റങ്ങളെ ആശ്ലേഷിക്കുന്ന ഘടനയും പ്രവർത്തനവും. വ്യക്തിത്വത്തിന്റെ സിരാടിസ്ഥാനത്തെ തന്നെ പരിവർത്തിപ്പിക്കാൻ പോന്ന വഴക്കം. അതിന്റെ വ്യാപ്തി അമ്മയിലോ കുഞ്ഞിലോ ഒതുങ്ങുന്നതല്ല. പിറവിശേഷമുള്ള ശിശുപരിചരണത്തിൽ ഉൾപ്പെടുന്നവരുടെ പ്രകൃതങ്ങളെക്കൂടി കവരുന്നതാണ്. അഥവാ ശിശുവിന്റെ പ്രഥമ പരിചരണവൃന്ദത്തിലെ ആരുടെയും മസ്തിഷ്കം ഇപ്പറഞ്ഞ മെഴുകുഭാവത്തിലേക്ക് വഴുതുന്നു. ഈ മാറ്റത്തിന് അടിവരയിടുന്നൊരു കണ്ടെത്തലുണ്ടായി 2020ൽ –കുഞ്ഞിന്റെ പിറവി അമ്മയുടെ മാത്രമല്ല അച്ഛന്റെയും തലച്ചോറിന്റെ ശാരീരം മാറ്റുന്നെന്ന്!
‘മമ്മി െബ്രയിൻ’ എഴുതി പ്രശസ്തയായ ജോഡി പാവ് ലോവ്സ്കിയാണ് അനന്തര പടിയായി ഡാഡിെബ്രയിനിലേക്കും കണ്ണെറിഞ്ഞത്. കിട്ടിയതോ സവിശേഷമായ കാഴ്ച -പിതാവാകുന്ന വേളയിൽ ആൺമസ്തിഷ്‍കത്തിൽ പ്രകടമായ ചില മാറ്റങ്ങൾ. പരിലാളനത്തിനും കരുതലിനും വേണ്ട ഓക്സിടോസിൻ കൂടുന്നു. ആൺഹോർമോണായ ടെസ്റ്റോസ്റ്റെറോൺ കുറയുന്നു. അനുതാപം കൂടുകയും അക്രമത്വര കുറയുകയും ഫലം. (ദ പേരന്റൽ െബ്രയിൻ/ ജെ.എൽ പാവ് ലോവ്സ്കി, പെരിനേറ്റോളജി -ലക്കം ആറ്, 2024.)
ജീവജാല ചരിത്രത്തിൽ കഷ്ടി കൗമാരദശയിൽ എത്തിനിൽക്കുന്ന വംശമെന്ന നിലക്ക് മനുഷ്യന് അനിവാര്യമാണ് ഈ പരിചരണശേഷി. പെറ്റുവീണ് അധികമാവും മുമ്പേ സ്വന്തം കാലിൽ നടക്കാം പൈക്കിടാവിന്. അടവിരിഞ്ഞയുടനെ ഓടിനടക്കാം കോഴിക്കുഞ്ഞിന്, ഇഴഞ്ഞുനീങ്ങാം ആമക്കുഞ്ഞിന്. പക്ഷേ, മനുഷ്യക്കുഞ്ഞ് പാടേ നിസ്സഹായം. ഇരിക്കില്ല, നിൽക്കില്ല, നടക്കില്ല, ഒന്നു ചെരിഞ്ഞ് കിടക്കപോലുമില്ല. ഊട്ടണം, നനയ്ക്കണം, ആറ്റണം, പോറ്റണം –400 ഗ്രാം മാത്രമുള്ള ഇളമാംസം ഒന്നര കിലോയായി എല്ലിൻകൂട്ടിൽ വളർന്നെത്തുവോളം. പിന്നെ 100 ലക്ഷം കോടി സിരാസന്ധികളിലേയ്ക്ക് ശിരസ്സ് പന്തലിക്കുവോളവും. ഇത്രക്ക് നിസ്സഹായമായി പിറക്കുന്ന മറ്റൊരു മൃഗശിശുവില്ല. ഗർഭത്തിന് പുറത്തായി മസ്തിഷ്ക വികാസമുള്ള മറ്റൊരു സസ്തനിയും.
ഈ പോരായ്മ പക്ഷേ പോരിമയ്ക്കുള്ള അസ്തിവാരമാണ് –പാടാൻ, വരയ്ക്കാൻ, വായിക്കാൻ, എഴുതാൻ...
ഭാവനക്ക്, ധാരണക്ക്, ചിന്തക്ക്...
എന്തിനുമുള്ള ഞാറ്റുകണ്ടം. അതിന്മേലാണ് ശേഷിയോരോന്നായ് പാകി വളർത്തുക. പരിചരണം പരമപ്രധാനമാകുന്നത് ഇവിടെയാണ്, പരിചരണക്കാരുടെ സിരാവിധാനത്തിൽ പുതുപ്പിറവി വരുത്തുന്ന മാറ്റങ്ങൾ നിർണായകമാകുന്നത്. പ്രകൃതിയുടെ ഈ ‘കുസൃതി’യിൽ പെടുമ്പോൾ ലീനമായി സംഭവിക്കുന്നുണ്ട് മറ്റൊന്ന് – ‘വ്യക്തിത്വ’ മൂശയുടെ വിശ്ലഥനം.
ഒരു ജീവി സ്വന്തം ചേരുവകൾകൊണ്ട് മറ്റൊന്നിനെ സൃഷ്ടിക്കുന്നത് നിയതമാണ്, ജീവന് -ശ്വസനംപോലെ, മരണംപോലെ. പകരുന്ന ജീവിക്കും പകർപ്പിനുമിടയിലെ ജൈവികമായ അതിരു മായ്ക്കുന്ന ഈ പ്രക്രിയ ആത്യന്തിക നിരാസംകൂടിയാവുന്നു, വേറിട്ട വ്യക്തിസത്തയുടെ. വ്യക്തിയുടെ കേവലത വെറു മിഥ്യയെന്നതിന്റെ ഭൗതികസാക്ഷ്യം. അതിനു പിന്നിലെ ശാസ്ത്രം സാമാന്യബുദ്ധിക്ക് ദഹിക്കാൻ ഇത്തിരി വിമ്മിട്ടമുള്ള നൂലാമാല തന്നെ. സൂക്ഷ്മമായ ആ ഇഴത്തറിയിൽ അമർന്നു കിടപ്പുണ്ട്, സാമാന്യധാരണ കടപുഴക്കാൻ പോന്ന മൗലിക തന്തികൾ. മനുഷ്യനായിരിക്ക എന്നതിന്റെ ഏറ്റം പ്രാഥമികമായ അനുഭവങ്ങളെ തൊട്ടൂണർത്തുന്നവ: മാറ്റം, പാരസ്പര്യം, ലയനം...
‘‘നമ്മുടെ ഗ്രാഹ്യത്തിന്റെ വാതിൽ വെടിപ്പാക്കിയിടുന്ന പക്ഷം, എന്തും പിന്നെ അപരിമേയമായി കാണപ്പെടും’’ –വില്യം ബ്ലേക്കിന്റേത് വീൺവാക്കല്ല. സ്ഥലകാല പരിമിതിയുള്ള ജീവിയാണ് മനുഷ്യൻ. എത്ര കണ്ട യാഥാർഥ്യം വഹിക്കാൻ നമുക്കാവുമെന്നതിലുമുണ്ട് ഈ പരിമിതി. പരിണാമം നമുക്ക് ബോധമണ്ഡലം തന്നു. ഇവിടെ, ഇപ്പോൾ ആവശ്യമുള്ളത് മാത്രമെടുക്കാൻ പാകത്തിന് ഗ്രാഹ്യത്തിന്റെ വാവട്ടം ചുരുക്കിത്തന്നു. അല്ലാത്തപക്ഷം നമ്മൾ അന്ധാളിച്ചു നിന്നേനെ –ലോകത്തിന്റെ അനന്തതയ്ക്ക് മുന്നിൽ നിഷ്‍ക്രിയരായി.
ഇവിടെ മറ്റൊരത്ഭുതംകൂടിയുണ്ട് – മനുഷ്യർക്കെല്ലാം സമാനമായ ഗ്രാഹ്യ സംവിധാനമാണെങ്കിലും. രണ്ടാൾക്ക് ഒരേ കാര്യം രണ്ടുവിധത്തിൽ ഗ്രഹിക്കാം. കാരണം, ഓരോ ബോധതലത്തിലുമുള്ളത് ഓരോതരം സ്പഷ്ടത. ഓരോരുത്തർക്കും അവരവരുടെ ജീവാനുഭവങ്ങളുടെ ആകത്തുകയാണ് ഗ്രാഹ്യത്തിന്റെ മാനദണ്ഡം. അപ്പോൾ, ഗ്രാഹ്യം വാതിലല്ല, കണ്ണാടിയാകുന്നു (ബ്ലേക് പൊറുക്കുക). ‘‘വിവരങ്ങളുടെ ഗണന പ്രക്രിയയല്ല, സർഗവൃത്തിയാണ് ഗ്രഹണം. യെന്തിരമനുഷ്യൻ ചെയ്യുമ്പോലെ യാന്ത്രികമായി കണക്കുകൂട്ടുകയല്ല മനുഷ്യൻ. അയാളുടെ മനസ്സ് ഒപ്പുകയാണ് ചലനത്തെ, നിറത്തെ, ശബ്ദത്തെ, ആഴത്തെ... സൃഷ്ടിപരമായ ആ മനന പ്രക്രിയയാണ് തലമുറകളിലൂടെ സംക്രമിക്കുന്നത്, അനന്തം.
‘‘അമ്മേ, ഒട്ടുമേ യാദൃച്ഛികമല്ല, ഭ്രൂണം ഒരു കോമയായിരിക്കുന്നത് –തുടർച്ചയുടെ സൂചനയായ വളവ്. ഉള്ളിലിരുന്ന് നമ്മളെല്ലാം സമസ്തം വളഞ്ഞ്, നിശ്ശബ്ദം പറയുകയായിരുന്നു ഇനീം, ഇനീം, ഇനീം. ഏറെയേറെ വേണമെന്ന്. പകർത്താൻ യോഗ്യമായ സുന്ദര ജീവിതമല്ലേ പുറത്തുവന്നാലും? അപ്പോൾ പിന്നെന്താണ് ജീവിതം മുഴുക്കെ ആ ഇരട്ടിപ്പ് തുടരുന്നതിൽ?’’
(ഓൺ ഏർത് വീ ആർ ബ്രീഫ്‍ലി ഗോർജസ് –ഓഷൻ വോങ്)
