വിശപ്പിനെതിരെ നടന്ന ഹരിതവിപ്ലവം!
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വളരെയേറെ ചലനങ്ങൾ സൃഷ്ടിച്ച ഒന്നാണ് ഹരിതവിപ്ലവം എന്ന പേരിൽ സംഭവിച്ച കൃഷിയിലെ മാറ്റങ്ങൾ. 1960കളിലുണ്ടായ ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഹരിതവിപ്ലവം സഹായിച്ചു എന്നത് ഒരു വസ്തുതയാണ്. ആഗോളതലത്തിൽ ഹരിതവിപ്ലവത്തിന്റെ ശിൽപി നോർമൻ ഇ. ബോർലോഗ് ആണെങ്കിലും ഇന്ത്യയിൽ സംഭവിച്ച ഹരിതവിപ്ലവത്തിന്റെ സൂത്രധാരൻ പ്രഫസർ എം.എസ്. സ്വാമിനാഥനായിരുന്നു. പുതിയ തലമുറക്ക് 1960കളിലെ കൊടുംപട്ടിണിയോ ഹരിതവിപ്ലവമോ അതിൽ എം.എസ്. സ്വാമിനാഥന്റെ പങ്ക് എന്തായിരുന്നുവെന്നോ വലിയ ധാരണകൾ ഉണ്ടാകണമെന്നില്ല. അതുപോലെതന്നെ, അടുത്തകാലത്തായി ഹരിതവിപ്ലവത്തെയാകെ തള്ളിപ്പറയുന്ന ഒരു പ്രവണത, പ്രത്യേകിച്ച് ഉത്തരാധുനികരും ബദൽ കൃഷിക്കുവേണ്ടി വാദിക്കുന്നവരും തുടങ്ങിവെച്ചിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാതെ ചിലരെങ്കിലും ഇത് ആവർത്തിക്കുന്നു. ഹരിതവിപ്ലവം, എം.എസ്. സ്വാമിനാഥന്റെ പങ്ക്, വിമർശനങ്ങൾ എന്നിവയെപ്പറ്റിയുള്ള ഒരു വിലയിരുത്തലാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
1925 ആഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്താണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ ജനിച്ചത്. കേരളത്തിലെ ആലപ്പുഴ ജില്ലയിൽനിന്നുള്ള സർജൻ എം.കെ. സാംബശിവന്റെയും പാർവതി തങ്കമ്മാൾ സാംബശിവന്റെയും രണ്ടാമത്തെ മകനായിരുന്നു അദ്ദേഹം. സ്വാമിനാഥൻ മെഡിസിൻ പഠിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അത് മനസ്സിൽവെച്ചുകൊണ്ട് അദ്ദേഹം സുവോളജിയിൽ ഉന്നത വിദ്യാഭ്യാസം ആരംഭിച്ചു. എന്നിരുന്നാലും, രണ്ടാം ലോകയുദ്ധകാലത്ത് 1943ലെ ബംഗാൾ ക്ഷാമത്തിന്റെ ആഘാതങ്ങളും ഉപഭൂഖണ്ഡത്തിലുടനീളമുള്ള ഭക്ഷ്യദൗർലഭ്യവും കണ്ടപ്പോൾ, ഇന്ത്യക്ക് ആവശ്യത്തിന് ഭക്ഷണം ഉറപ്പാക്കാൻ തന്റെ ജീവിതം സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. മെഡിസിനും എൻജിനീയറിങ്ങും ഏറെ അഭിമാനകരമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ അദ്ദേഹം കൃഷിശാസ്ത്രം തിരഞ്ഞെടുത്തു. കോയമ്പത്തൂരിലെ അഗ്രികൾചറൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് ബി.എസ് സി അഗ്രികൾചർ ബിരുദം നേടി.
ജനിതകശാസ്ത്രവും സസ്യപ്രജനനവും മുഖ്യവിഷയമായി എം.എസ് സി പഠിക്കാനായി 1947ൽ അദ്ദേഹം ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) ചേർന്നു. സാമൂഹിക സമ്മർദങ്ങൾ അദ്ദേഹത്തെ സിവിൽ സർവിസ് പരീക്ഷകളിൽ മത്സരിക്കാൻ പ്രേരിപ്പിച്ചു, ഇന്ത്യൻ പൊലീസ് സർവിസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നെതർലൻഡ്സിൽ ജനിതകശാസ്ത്രത്തിൽ യുനെസ്കോ ഫെലോഷിപ് ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്. തുടർന്ന് ഡോക്ടറൽ പഠനത്തിനായി കേംബ്രിജ് സർവകലാശാലയിലെ സ്കൂൾ ഓഫ് അഗ്രികൾചറിലേക്കു മാറി. പിഎച്ച്.ഡി നേടിയശേഷം, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി വിസ്കോൺസൻ സർവകലാശാലയിലെ ജനിതകശാസ്ത്ര ലബോറട്ടറിയിൽ 15 മാസം ചെലവഴിച്ചു. ഒരു വർഷത്തിനുശേഷം, അദ്ദേഹം ഗവേഷണം പൂർത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി, 1954ൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) ജനിതകശാസ്ത്രജ്ഞനായി വീണ്ടും ചേർന്നു. ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ, ഗവേഷകൻ, വകുപ്പ് മേധാവി, ഡയറക്ടർ എന്നീ നിലകളിൽ 1972 വരെ തുടർന്നു.
1972ൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിന്റെ (ICAR) ഡയറക്ടർ ജനറലായും 1979ൽ ഇന്ത്യ ഗവൺമെന്റിന്റെ സെക്രട്ടറിയായും (കൃഷി ഗവേഷണവും വിദ്യാഭ്യാസവും, DARE) സ്വാമിനാഥൻ നിയമിതനായി. അദ്ദേഹത്തിന് പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉന്നത പദവിയും നൽകി. ആസൂത്രണ കമീഷനിലും അദ്ദേഹം പദവി വഹിച്ചു. 1982ൽ ഫിലിപ്പീൻസിലെ ഇന്റർനാഷനൽ റൈസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (IRRI) ഡയറക്ടർ ജനറലായി നിയമിതനായി, 1988 വരെ തുടർന്നു. 1987ൽ അദ്ദേഹത്തിന് ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചു. ഈ സമ്മാനത്തുക ഉപയോഗിച്ചാണ് എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ (MSSRF) ആരംഭിക്കുന്നത്.
ലോകത്തിന് സുസ്ഥിരമായ രീതിയിൽ ഭക്ഷണം ഉറപ്പുവരുത്താൻ സ്വാമിനാഥൻ ജീവിതം ഉഴിഞ്ഞുവെച്ചു. വളരെ ഉയർന്ന വിളവ് നൽകുന്ന ഗോതമ്പ് ഇനങ്ങളും ഇന്ത്യൻ കർഷകർക്കായി കാര്യക്ഷമമായ കൃഷിരീതികളും അവലംബിച്ചതു വഴി ഭിക്ഷാപാത്രത്തിന് (begging bowl) പകരം അപ്പക്കൊട്ടയായി (bread basket) ഇന്ത്യയെ രൂപാന്തരപ്പെടുത്തി. ഇങ്ങനെയാണ് ഇന്ത്യയിൽ ഹരിതവിപ്ലവം സംഭവിക്കുന്നത്. ഇതിന്റെ പേരിലാണ് സ്വാമിനാഥന്റെ പ്രശസ്തി പരക്കുന്നത്. വിഖ്യാത ‘ടൈം മാഗസിൻ’ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 20 ഏഷ്യക്കാരിൽ മഹാത്മാ ഗാന്ധിക്കും രവീന്ദ്രനാഥ ടാഗോറിനും ഒപ്പം ഇന്ത്യയിൽനിന്നുള്ള മൂന്നു പേരിൽ ഒരാളായി അദ്ദേഹത്തെയും കണ്ടു.
ലോകമെമ്പാടുമുള്ള സർവകലാശാലകളിൽനിന്ന് 84 ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ഇന്ത്യയിലെ നാലാമത്തെയും മൂന്നാമത്തെയും രണ്ടാമത്തെയും ഉയർന്ന സിവിലിയൻ ബഹുമതികളായ പത്മശ്രീ (1967), പത്മഭൂഷൺ (1972), പത്മവിഭൂഷൺ (1989) എന്നിവയുൾപ്പെടെയുള്ള ധാരാളം പുരസ്കാരങ്ങളും സ്വാമിനാഥന് ലഭിച്ചിട്ടുണ്ട്. 1961ലെ ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ച ആദ്യ ദേശീയ പുരസ്‌കാരങ്ങളിലൊന്ന്. പ്രധാനപ്പെട്ട 33 ദേശീയവും 32 അന്തർദേശീയവുമായ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കർഷകരുടെ ദേശീയ കമീഷൻ (National Commission on Farmers) അധ്യക്ഷൻ എന്ന നിലയിൽ പുറത്തുവന്ന ‘സ്വാമിനാഥൻ റിപ്പോർട്ട്’ ഇന്ത്യയിലെ കാർഷിക ദുരിതത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു. മിനിമം താങ്ങുവില (MSP) ശരാശരി ഉൽപാദനച്ചെലവിനേക്കാൾ (C2+50) കുറഞ്ഞത് 50 ശതമാനം കൂടുതലായിരിക്കണം എന്നത് അദ്ദേഹത്തിന്റെ ഒരു പ്രധാന ശിപാർശയാണ്. കർഷകരിൽനിന്ന് സർക്കാർ നേരിട്ട് വിളകൾ എടുക്കുമ്പോൾ നൽകുന്ന വിലയാണ് മിനിമം താങ്ങുവില.
കുട്ടനാട് പാക്കേജ് രൂപവത്കരിക്കാൻ 2006ൽ കേരള സർക്കാർ സ്വാമിനാഥനെ ക്ഷണിച്ചു. പ്രദേശത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി സംസാരിച്ച് MSSRF തയാറാക്കിയ 1840 കോടി രൂപയുടെ കുട്ടനാട് പാക്കേജിന് 2008 ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകി. പക്ഷേ, ‘കുട്ടനാട് പാക്കേജ്’ എന്നറിയപ്പെട്ട, ദീർഘവീക്ഷണത്തോടെയുള്ള പല ശിപാർശകളും ഇനിയും നടപ്പായിട്ടില്ല. പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം സ്വാമിനാഥന്റെ ശ്രമഫലമായി 2013ൽ, ലോക ഭക്ഷ്യ കാർഷിക സംഘടന (FAO) കുട്ടനാട് കൃഷിസംവിധാനത്തെ ആഗോളതലത്തിൽ ഒരു പ്രധാനപ്പെട്ട കാർഷിക പൈതൃക സംവിധാനമായി (GIAHS) പ്രഖ്യാപിച്ചുവെന്നതാണ്.
ഹരിതവിപ്ലവത്തിന്റെ പ്രാധാന്യം
ഹരിതവിപ്ലവം എന്നു വിളിക്കുന്ന, ചുരുങ്ങിയ കാലംകൊണ്ട് അരങ്ങേറിയ വൻ ഭക്ഷ്യധാന്യവർധനയുടെ പ്രതിഭാസത്തിന്, ഇന്ത്യയുൾപ്പെടെയുള്ള മൂന്നാംലോക രാജ്യങ്ങളെ കഴിഞ്ഞ നൂറ്റാണ്ടിലെ വലിയൊരു പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാനായി എന്നതിൽ സംശയമില്ല.
തോമസ് റോബർട്ട് മാൽത്തൂസ്, 1798ൽ അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ജനസംഖ്യാസിദ്ധാന്തത്തിലൂടെ പറഞ്ഞത് ഭക്ഷ്യോൽപാദനം ജനസംഖ്യ വർധനക്കനുസരിച്ച് ഉയരില്ല എന്നും വലിയ ദുരന്തങ്ങളുണ്ടാകുമെന്നുമായിരുന്നു. പാഡക് സഹോദരന്മാർ (വില്യം പാഡക്, പോൾ പാഡക്) ചേർന്നെഴുതിയ 1967ലെ ‘ക്ഷാമം 1975! അമേരിക്കയുടെ തീരുമാനം: ആരൊക്കെ അതിജീവിക്കും?’ (Famine 1975! America's Decision: Who Will Survive?) അക്കാലത്തു വളരെയധികം ചർച്ചചെയ്യപ്പെട്ട ഒരു ഗ്രന്ഥമാണ്. ജനബാഹുല്യംകൊണ്ട് വിഷമിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഒരു തരത്തിലും രക്ഷപ്പെടാൻ പോകുന്നില്ലെന്നും 1975 ആകുന്നതോടെ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ വമ്പിച്ച ക്ഷാമവും പട്ടിണിയുമുണ്ടാകുമെന്നും പ്രവചിച്ചു. ഈ പാവങ്ങളെ സഹായിക്കാൻ നോക്കണ്ട, നശിക്കാൻ വിടുന്നതാണ് നല്ലതെന്നാണ് അവർ പറഞ്ഞുവെച്ചത്! അതുപോലെതന്നെ പോൾ എൾറിച് 1968ൽ എഴുതിയ ‘ദ പോപ്പുലേഷൻ ബോംബ്’ എന്ന പുസ്തകവും ഇതുപോലുള്ള പ്രവചനങ്ങളുമായി ഇന്ത്യയെ എഴുതിത്തള്ളി.
ആധുനിക സമ്പ്രദായങ്ങളിലേക്കു മാറാതെ പഴയകാല സാങ്കേതികവിദ്യകളിൽതന്നെ നമ്മുടെ കൃഷി തളച്ചിടപ്പെട്ടിരുന്നുവെങ്കിൽ മാൽത്തൂസിന്റെ പ്രവചനവും നാശം പ്രവചിച്ച മറ്റുള്ളവരുടെ പ്രവചനങ്ങളും ഫലിക്കുമായിരുന്നു. ലക്ഷക്കണക്കിന് നിർഭാഗ്യവാന്മാർ സ്വർഗത്തിലോ നരകത്തിലോ വളരെ നേരത്തേതന്നെ എത്തുമായിരുന്നു! ഈ പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹരിതവിപ്ലവം ഇവിടെ സംഭവിക്കുന്നതും ജനപ്പെരുപ്പത്തെ നേരിടുന്നതും. കഴിഞ്ഞ 70 വർഷത്തിനിടയിൽ, ഇന്ത്യയിലെ ആയുർദൈർഘ്യം 36 വയസ്സ് കണ്ട് വർധിച്ചു (1950ൽ ആയുർദൈർഘ്യം വെറും 35 വയസ്സായിരുന്നു. ഇപ്പോൾ 70 വയസ്സിലേറെ!) മരണനിരക്കും കുറഞ്ഞു. ഇക്കാലത്ത് ജനസംഖ്യ രണ്ടര ഇരട്ടി വർധിച്ചുവെങ്കിൽ ഭക്ഷ്യോൽപാദനം അഞ്ച് ഇരട്ടി കണ്ട് വർധിച്ചു. ഹരിതവിപ്ലവം മൂന്നാം ലോകരാജ്യങ്ങളിലെ 100 കോടി ജനങ്ങളെ പട്ടിണിമരണങ്ങളിൽനിന്ന് രക്ഷിച്ചതായി കണക്കുകൂട്ടുന്നു. ഇവർ മുഴുവൻ സമൂഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ട ദരിദ്രരായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
തുടക്കം മെക്സികോയിൽനിന്ന്!
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചതും സഖ്യകക്ഷികൾ വിജയം നേടിയതുമൊക്കെ ഏവർക്കും അറിവുള്ളതാണല്ലോ? ഇതോടെ ജപ്പാൻ തകർന്നടിഞ്ഞു. യുദ്ധത്തിനുശേഷം ജപ്പാന്റെ പുനർനിർമാണത്തിന് സഖ്യകക്ഷികൾ പല പദ്ധതികളും ആലോചിച്ചു.
അമേരിക്കൻ കൃഷിവകുപ്പിലെ എസ്. സെസിൽ സാൽമൺ ജപ്പാന്റെ യുദ്ധാനന്തര കാർഷികപ്രശ്നങ്ങളിലാണ് ശ്രദ്ധവെച്ചത്. ‘നോറിൻ’ എന്നു വിളിക്കുന്ന ഗോതമ്പിനങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ജപ്പാനിൽ നോറിൻ എന്ന വാക്കിന്റെ അർഥം ‘കൃഷിയും വനവും’ എന്നാണ്. കൃഷി-വനം വകുപ്പിൽ രജിസ്റ്റർ ചെയ്യുന്ന വിത്തിനങ്ങളെയാണ് ‘നോറിൻ’ എന്നു വിളിക്കുക. ഇതിൽ നോറിൻ-10 എന്ന കുറിയ ഇനം ഗോതമ്പ് സെസിലിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. 1946ൽ സെസിൽ ഇത് അമേരിക്കയിലേക്കയച്ചു. പുൾമാനിലെ വാഷിങ്ടൺ സ്റ്റേറ്റ് സർവകലാശാലയിലെ ഒ. വോഗൽ ഈ കുറിയ ഗോതമ്പിനങ്ങളിൽ ഗവേഷണം ആരംഭിച്ചു.
ഇതിനിടെ, മെക്സികോയിൽ പുതുതായി ആരംഭിച്ച കാർഷിക ഗവേഷണകേന്ദ്രത്തിൽനിന്ന് നോർമൻ ഇ. ബോർലോഗ് 1953ൽ പുൾമാൻ സന്ദർശിക്കുകയും കുള്ളൻ ഗോതമ്പിനങ്ങളുടെ സവിശേഷതകൾ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. അദ്ദേഹം വോഗലുമായി ഗോതമ്പിനങ്ങൾ പങ്കുവെച്ചു. പുൾമാനിൽനിന്നു കിട്ടിയ ഇനങ്ങൾ അവിടെയുണ്ടായിരുന്ന മെക്സിക്കൻ, കൊളംബിയൻ ഗോതമ്പിനങ്ങളുമായി സങ്കരണം നടത്തുകയും 1961ൽ ആദ്യമായി നോറിന്-10 ജീൻ അടങ്ങിയ വസന്തകാല ഗോതമ്പിനങ്ങൾ പുറത്തിറക്കുകയും ചെയ്തു.
യഥാർഥത്തിൽ ഹരിതവിപ്ലവത്തിനു കാരണമായ സംഗതികൾ മെക്സികോയിൽ 1943ൽതന്നെ ആരംഭിച്ചിരുന്നു. അതിനുമുമ്പ് മെക്സികോയിലെ കാർഷികരംഗം വളരെയധികം തകർന്നടിഞ്ഞ നിലയിലായിരുന്നു. റോക്ക്ഫെല്ലർ ഫൗണ്ടേഷനും മെക്സിക്കൻ സർക്കാറും ചേർന്ന് ഒരു സസ്യപ്രജനനകേന്ദ്രം തുടങ്ങുന്നത് ആ വർഷമാണ്. മിനിസോട സർവകലാശാലയിൽ ജോലിചെയ്തിരുന്ന നോർമൻ ഇ. ബോർലോഗിനായിരുന്നു ചുമതല. 1961ൽ പ്രസ്തുത കേന്ദ്രം പുറത്തിറക്കിയ നോറിൻ-10 അടങ്ങിയ ഗോതമ്പിനങ്ങൾ മെക്സിക്കൻ ഭക്ഷ്യധാന്യ ഉൽപാദനത്തിൽ ഒരു വൻ കുതിച്ചുചാട്ടംതന്നെയുണ്ടാക്കി. 1944ൽ മെക്സികോ ആവശ്യമായ ഗോതമ്പിന്റെ പകുതിയും ഇറക്കുമതി ചെയ്യുകയായിരുന്നുവെങ്കിൽ 1956ഓടെ അവർ ഇറക്കുമതി നിർത്തി സ്വയംപര്യാപ്തത നേടി. 1964ൽ ഗോതമ്പ് കയറ്റുമതി ആരംഭിക്കത്തക്കവിധത്തിൽ ഉൽപാദനം വർധിപ്പിക്കാനും സാധിച്ചു. ഈ വിജയഗാഥ ഇന്ത്യ, പാകിസ്താൻ പോലുള്ള ദരിദ്ര രാജ്യങ്ങളിൽ വൻ പ്രതീക്ഷയുണർത്തിയത് സ്വാഭാവികം മാത്രം.
സമൃദ്ധി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വ്യാപിക്കുന്നു
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. സ്വാഭാവികമായും ഭക്ഷ്യകാര്യത്തിലാണ് സ്വതന്ത്ര ഭാരതം ഏറ്റവുമധികം ശ്രദ്ധചെലുത്തിയത്. ‘‘മറ്റെല്ലാം അൽപം വൈകിയാലും സാരമില്ല. പക്ഷേ, കൃഷി ഒട്ടും വൈകിക്കൂടാ.” പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 1947ലെ പ്രസിദ്ധമായ ഈ വാചകം ഭക്ഷ്യകാര്യത്തിൽ രാഷ്ട്രത്തിന്റെ ഉത്കണ്ഠ വെളിവാക്കുന്നതാണ്.
1951ൽ ഇന്ത്യയിലെ ജനസംഖ്യ 36.1 കോടി, ഭക്ഷ്യധാന്യോൽപാദനം 50.8 ദശലക്ഷം ടൺ മാത്രം. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുതുടങ്ങുന്നതേയുള്ളൂ. പട്ടിണിയും ദാരിദ്ര്യവും നിത്യസംഭവങ്ങൾ. ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ല, ഉള്ളവക്ക് തീവിലയും. ഇന്നത്തെപ്പോലുള്ള സുശക്തമായ പൊതുവിതരണ സമ്പ്രദായമോ കരുതൽ ധാന്യശേഖരമോ ഒന്നും അന്നില്ല. വിദേശത്തുനിന്ന് ഭക്ഷ്യധാന്യവുമായുള്ള കപ്പൽ വൈകിയാൽ പട്ടിണിയും ലഹളയും നടക്കുന്ന അവസ്ഥ! കൂനിന്മേൽ കുരുപോലെ പാകിസ്താൻ-ചൈന ആക്രമണങ്ങളും തുടർന്നുള്ള കെടുതികളും. ഭക്ഷ്യരംഗത്ത് ഒരത്ഭുതം സംഭവിക്കണമെന്ന് ഏവരും ആഗ്രഹിച്ചു. മെക്സികോയിൽ വിജയം കണ്ടുതുടങ്ങിയ കാർഷിക പരിഷ്കരണങ്ങൾ ഇന്ത്യയിലെ ഭരണനേതൃത്വത്തെയും ശാസ്ത്രജ്ഞന്മാരെയും ആകർക്കുന്നത് അങ്ങനെയാണ്.
ജലസേചന സൗകര്യം കൂട്ടുക, കൂടുതൽ സ്ഥലത്ത് കൃഷിയിറക്കുക, മെച്ചപ്പെട്ട ഇനങ്ങൾ ഉപയോഗിക്കുക തുടങ്ങിയ പരിപാടികളൊന്നും ജനസംഖ്യ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ഏശുന്നില്ല. ഭക്ഷ്യോൽപാദന വർധന ലക്ഷ്യമാക്കി ഭാരതം നടപ്പാക്കിയ ഒരു പ്രധാനപ്പെട്ട പരിപാടിയാണ് 1961ൽ തിരഞ്ഞെടുത്ത ജില്ലകളിൽ തുടങ്ങിയ ‘ഊർജിത കൃഷി ജില്ല പദ്ധതി’ (IADP). ഇതിന് ഫോർഡ് ഫൗണ്ടേഷന്റെ സഹായമുണ്ടായിരുന്നു. ജലസേചിത മേഖലയിലെ കൃഷിയുടെ അഭിവൃദ്ധിയായിരുന്നു ലക്ഷ്യം. മറ്റൊരു ക്ഷാമപർവം വരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ സർക്കാർ 1964ൽ ‘ഊർജിത കാർഷിക പ്രദേശ പദ്ധതി’ (IAAP) ആരംഭിച്ചു.
ആധുനിക കാർഷിക മുറകൾ നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യമെങ്കിലും നിലവിലുള്ള നാടൻ ഇനങ്ങളുപയോഗിച്ച് വിളവ് വർധിപ്പിക്കുക അസാധ്യമാണെന്ന് മനസ്സിലായി. വളപ്രയോഗം കൂടിയാൽ ഗോതമ്പ് മറിഞ്ഞുവീഴുന്നതല്ലാതെ വിളവ് വർധിക്കുന്നില്ല. ഉൽപാദനക്ഷമത ഹെക്ടറിന് 1000 കിലോഗ്രാം എന്ന അളവിൽ തട്ടിനിന്നു. വിളവ് ഇതിനപ്പുറത്തേക്ക് കൊണ്ടുപോകാനാകുന്നില്ല. ഇതിനെ എങ്ങനെ മറിക്കടക്കാമെന്നായി സ്വാമിനാഥൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ ചിന്ത.
ഇതിന്റെ ഉത്തരമാണ് നോറിൻ-10 ജീനുകളുടെ രൂപത്തിൽ മെക്സികോയിലെ അന്താരാഷ്ട്ര ഗോതമ്പ്-ചോളം ഗവേഷണ കേന്ദ്രത്തിലെ (CIMMYT) ഗോതമ്പ് ഗവേഷണത്തിന്റെ ചുമതലക്കാരനായിരുന്ന നോർമൻ ഇ. ബോർലോഗ് കൊണ്ടുവരുന്നത്. 1963 ലാണ് നോർമൻ ബോർലോഗുമായി ചർച്ച നടത്തുന്നതും അദ്ദേഹത്തോട് ഇന്ത്യ സന്ദർശിക്കാൻ ആവശ്യപ്പെടുന്നതും. ബോർലോഗ് വികസിപ്പിച്ചെടുത്ത മെക്സിക്കൻ സെമി-ഡ്വാർഫ് ഗോതമ്പ് ഇനങ്ങളുടെ മൂല്യം കണ്ടറിഞ്ഞ സ്വാമിനാഥൻ, നോറിൻ ഡ്വാർഫിങ് ജീനുകൾ അടങ്ങിയ ഒരു കൂട്ടം ബ്രീഡിങ് മെറ്റീരിയലുകൾ അയച്ചുതരാൻ ബോർലോഗിനോട് അഭ്യർഥിച്ചു.
1963ൽ, ഗോതമ്പ് പ്രജനനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനുള്ള ഇന്ത്യ ഗവൺമെന്റിന്റെ അടിയന്തര അഭ്യർഥനയോട് ബോർലോഗ് പ്രതികരിച്ചു. ഇന്ത്യക്ക് അനുയോജ്യമായ അർധ-കുള്ളൻ ഗോതമ്പ് കൃഷികൾ വികസിപ്പിക്കുന്നതിനായി, ഇന്ത്യ ഗവൺമെന്റ്, ICAR, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ എന്നിവയുടെ ശ്രമങ്ങളിലൂടെ CIMMYTൽനിന്ന് ധാരാളം ബ്രീഡിങ് സാമഗ്രികൾ കിട്ടി. 1963ൽ, ‘സോനോറ 63’, ‘സൊനോറ 64’, ‘മയോ 64’, ‘ലെർമ റോജോ 64’ എന്നീ നാല് ഗോതമ്പിനങ്ങളും 613 നൂതന ബ്രീഡിങ് ലൈനുകളും അടങ്ങുന്ന ബ്രീഡിങ് മെറ്റീരിയലുകളും പരീക്ഷണങ്ങൾക്കായി കൊണ്ടുവന്നു. ഇവ ഇന്ത്യയിലെ വ്യത്യസ്‌ത സ്ഥലങ്ങളിൽ പ്രദർശനകൃഷി ചെയ്‌തു, അതിന്റെ ഫലങ്ങളിൽനിന്ന്, ‘ലെർമ റോജോ 64’, ‘സൊനോറ 64’ എന്നീ രണ്ട് ഇനങ്ങളെ സെൻട്രൽ വെറൈറ്റി റിലീസ് കമ്മിറ്റി അംഗീകരിച്ചു.
ഇതിനിടെ, 1964ൽ പണ്ഡിറ്റ് നെഹ്റുവിന്റെ മരണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. പ്രഗല്ഭനായിരുന്ന സി. സുബ്രഹ്മണ്യമായിരുന്നു ഭക്ഷ്യ-കൃഷി വകുപ്പ് മന്ത്രിയായത്. രാജ്യം വലിയൊരു ദുർഘടസന്ധിയിലൂടെ കടന്നുപോവുമ്പോഴാണ് സുബ്രഹ്മണ്യം മന്ത്രിയാവുന്നത്. ഭക്ഷ്യനീക്കിയിരിപ്പ് ശൂന്യം. 1961 നും 1965നും ഇടയിൽ ഇന്ത്യ 25.4 ദശലക്ഷം ടൺ ധാന്യം ഇറക്കുമതി ചെയ്തു. 1966-67 വർഷങ്ങളിൽ മറ്റൊരു ക്ഷാമദുരന്തം തരണംചെയ്യാൻ 19.0 ദശലക്ഷം ടൺ ഭക്ഷ്യധാന്യംകൂടി ഇറക്കുമതി ചെയ്തു. അന്നത്തെ പ്രധാനമന്ത്രി ശാസ്ത്രി രാഷ്ട്രത്തോട് ആഴ്ചയിൽ ഒരു നേരം ഉപവസിക്കാൻ പറഞ്ഞത് ഇത്തരുണത്തിൽ സ്മരണീയമാണ്. അത്രയും ദയനീയമായിരുന്നു ഇന്ത്യയിലെ ഭക്ഷ്യരംഗം!
ഇന്ത്യയിൽ ഹരിതവിപ്ലവം സംഭവിക്കുന്നത് സി. സുബ്രഹ്മണ്യത്തെപ്പോലൊരു ക്രാന്തദർശിയായ ഭരണകർത്താവിന്റെ ഉറച്ച പിൻബലം സ്വാമിനാഥനും കൂട്ടർക്കും കിട്ടിയതുകൊണ്ട് മാത്രമാണെന്ന് പലരും വിലയിരുത്തുന്നുണ്ട്. ബോർലോഗിന്റെ നോറിൻ-10 ജീൻ അടങ്ങിയ ഗോതമ്പിനങ്ങളുടെ സാധ്യതകൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നതിൽ സ്വാമിനാഥൻ വിജയിച്ചു. തുടർന്ന് സുബ്രഹ്മണ്യം ഇവയുടെ അതിവേഗവ്യാപനത്തിന് വൻതോതിലുള്ള ഗോതമ്പുവിത്ത് ഇറക്കുമതിക്ക് തീരുമാനമെടുക്കുകയും അതിന് പാർലമെന്റിന്റെ അനുമതി നേടിക്കൊടുക്കുകയും ചെയ്തു.
1965ൽ 200 ടൺ ‘സൊനോറ 64’, 50 ടൺ ‘ലെർമ റോജോ 64 എ’ എന്നിവ ഇറക്കുമതി ചെയ്തു. 1966ൽ, 66-67 റാബി വിള സീസണിൽ വിതരണത്തിനായി ‘സൊനോറ 64’, ‘ലെർമ റോജോ 64 എ’ എന്നിവയുടെ 23,000 ടൺ കുള്ളൻ ഗോതമ്പുവിത്ത് ഇറക്കുമതി ചെയ്തു. ഈ തീരുമാനം രാജ്യത്ത് ഇവ അതിവേഗം വ്യാപിക്കുന്നത് സാധ്യമാക്കി. ഇത്രയധികം വിത്തുകൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഇന്ത്യയിൽ മാത്രമല്ല, പാകിസ്താനിലും മറ്റ് അയൽരാജ്യങ്ങളിലും അനുരണനങ്ങളുണ്ടാക്കി. ഇത് ആത്യന്തികമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാർഷിക ഉൽപാദനം മെച്ചപ്പെടുത്താൻ കാരണമായി.
ചുവന്നതും മൃദുവായതുമായ ധാന്യങ്ങൾ കാരണം, ആദ്യം അവതരിപ്പിച്ച ഗോതമ്പിനങ്ങൾ കർഷകർക്ക് പൂർണമായി സ്വീകാര്യമായിരുന്നില്ല. അതിനാൽ, 1967ൽ, മേൽപറഞ്ഞ ഇനങ്ങളോടൊപ്പം സംഭരിച്ച 613 അഡ്വാൻസ്ഡ് ജനറേഷൻ ബ്രീഡിങ് ലൈനുകളിൽനിന്ന് മറ്റ് അഞ്ച് ഇനങ്ങളെ തിരഞ്ഞെടുത്ത് കൃഷിക്ക് വിട്ടുകൊടുത്തു. ‘പി.വി. 18’ (ചുവപ്പ്), ‘കല്യാൺസോണ’ (ആംബർ നിറമുള്ളത്), ‘സൊണാലിക’ (ആംബർ നിറമുള്ളത്), ‘ചോട്ടി ലെർമ’ (വെളുപ്പ്), ‘സഫേദ് ലെർമ’ (വെളുപ്പ്) എന്നിവയായിരുന്നു അവ. ഇതോടൊപ്പം ‘സൊനോറ 64’, ‘ലെർമ റോജോ 64 എ’ എന്നിവയുടെ നിറം ചുവപ്പിൽനിന്ന് ആംബറിലേക്ക് മാറ്റുന്നതിനുള്ള മ്യൂട്ടജെനിക് ചികിത്സകൾക്കും വിധേയമായി, അതിന്റെ ഫലം ‘ശർബതി സോനോറ’, ‘പൂസ ലെർമ’ എന്നിവയായിരുന്നു. ഈ സംഭവവികാസങ്ങൾ പല പാരമ്പര്യേതര പ്രദേശങ്ങളിലേക്കും ഗോതമ്പ് കൃഷി വ്യാപിപ്പിക്കാൻ സഹായിച്ചു. ഇന്ത്യയിലെ ഗോതമ്പ് ഉൽപാദനം 20 വർഷത്തിനുള്ളിൽ നാലിരട്ടി വർധിച്ചു (1966ൽ 11.5 ദശലക്ഷം ടണ്ണിൽനിന്ന് 1986ൽ 47 ദശലക്ഷം ടണ്ണായി). 2020-21ൽ രാജ്യത്തെ മൊത്തം ഗോതമ്പ് ഉൽപാദനം 109.5 ദശലക്ഷം ടണ്ണായിരുന്നു.
ഇന്ത്യയിൽ ഹരിതവിപ്ലവം അനുഭവപ്പെടുന്നത് 1967-78 കാലഘട്ടത്തിലാണ്. നാലു കാര്യങ്ങളാണ് നടപ്പായത്.
1) അത്യുൽപാദനശേഷിയുള്ള കുള്ളൻ ഇനങ്ങൾ പ്രചാരത്തിലായി.
2) ഉത്തരേന്ത്യൻ ഗോതമ്പ് മേഖലയിൽ ഒരുപ്പൂ ഗോതമ്പിനു പകരം ഗോതമ്പ്-നെല്ല് പരിക്രമത്തിലൂടെ ഇരുപ്പൂ കൃഷി ആരംഭിച്ചു.
3) കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിച്ചു.
4) നൂതന കാർഷിക മുറകൾ (രാസവളം, കീടനാശിനി, ജലസേചനം, യന്ത്രങ്ങൾ) വ്യാപകമായി സ്വീകരിക്കപ്പെട്ടു.
ഇവ നടപ്പാക്കിയതിനെ തുടർന്നുള്ള ഭക്ഷ്യധാന്യ വർധന അത്ഭുതകരമായിരുന്നു! ക്ഷാമങ്ങൾ ഉണ്ടാവുന്നതിൽനിന്ന് ഹരിതവിപ്ലവസമൃദ്ധി ഇന്ത്യയെയും പാകിസ്താനെയും രക്ഷിച്ചു. ലോകം ശ്രദ്ധിച്ച ഈ രക്തരഹിത വിപ്ലവം ഇതിന്റെ പ്രധാന ശിൽപിയായിരുന്ന നോർമൻ ബോർലോഗിന് 1970ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിക്കൊടുത്തു.
ഭക്ഷ്യധാന്യോൽപാദനത്തിലെ ഈ കുതിച്ചുചാട്ടത്തോടെ, ദരിദ്രരാജ്യങ്ങളിൽനിന്ന് പട്ടിണിമരണങ്ങൾ വൻതോതിൽ ഒഴിവാകുന്നതു കണ്ട്, അന്തർദേശീയ വികസനത്തിനായുള്ള അമേരിക്കൻ ഏജൻസിയുടെ (USAID) തലവൻ വില്യം ഗോഡ് (William S. Gaud) 1968ൽ ഈ പ്രതിഭാസത്തെ ‘ഹരിതവിപ്ലവം’ എന്നു വിശേഷിപ്പിച്ചതിൽനിന്നാണ് ഈ പേര് ലബ്ധപ്രതിഷ്ഠമാകുന്നത്. അദ്ദേഹം പറഞ്ഞത്, “കഴിഞ്ഞ അഞ്ചു വർഷമായി, ഞങ്ങളോടൊപ്പം പട്ടിണിയും വിശപ്പും അനുഭവിക്കുന്നവരായി ധാരാളം പേർ ഉണ്ടായിരുന്നു. പക്ഷേ, എന്തോ സംഭവിച്ചിരിക്കുന്നു. ഗോതമ്പിലും അരിയിലും പാകിസ്താൻ സ്വയംപര്യാപ്തമായിക്കഴിഞ്ഞു. ഇന്ത്യ അതിലേക്ക് നീങ്ങുകയാണ്. പലരും പ്രവചിച്ചതുപോലെ അതൊരു ചുവന്ന, രക്തരൂഷിത വിപ്ലവമായിരുന്നില്ല. അതൊരു ഹരിതവിപ്ലവമായിരുന്നു!’’ ‘ഹരിതവിപ്ലവം’ എന്ന വിശേഷണം ശരിയല്ലെന്നാണ് പല കാർഷിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. കാരണം, ഇതൊരു പുതിയ വിപ്ലവമൊന്നുമായിരുന്നില്ല! ഇത് വികസിത മുതലാളിത്ത രാജ്യങ്ങളിലും മെക്സികോയിലും പണ്ടേ ഉണ്ടായ ആധുനിക കൃഷിയുടെ തുടർച്ച മാത്രമാണ്. ഗോതമ്പിന്റെ കാര്യത്തിൽ വടക്കേ അമേരിക്കയും യൂറോപ്പും, നെല്ലിൽ ജപ്പാനും തായ്വാനും കൈവരിച്ച സാങ്കേതികനേട്ടങ്ങൾ മൂന്നാം ലോകത്ത് പ്രാവർത്തികമാക്കുക മാത്രമായിരുന്നു.
ഗോതമ്പിന്റെ കാര്യത്തിൽ നോറിൻ-10 ആണ് ‘വിപ്ലവം’ ഉണ്ടാക്കിയതെങ്കിൽ നെല്ലിൽ തായ്വാനിൽനിന്ന് കണ്ടെടുത്ത ‘ഡി-ജി-വു-ജെൻ’ ആണ് മാറ്റംകുറിച്ചത്. 1966ൽ ഡി-ജി-വു-ജെൻ ജീൻ അടങ്ങിയ ഐ.ആർ-8 എന്ന അത്ഭുതനെല്ല് പുറത്തിറങ്ങി. നമ്മുടെ പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രത്തിൽനിന്നു 1966ൽതന്നെ ‘തായ് ചുങ് നേറ്റീവ്-1’ (ഡി-ജി-വു-ജെൻ ജീൻ അടങ്ങിയത്), ‘പിടിബി -10’ (തെക്കൻ ചീര) എന്നിവയിൽനിന്ന് ഉരുത്തിരിച്ചെടുത്ത ‘അന്നപൂർണ’ എന്ന അത്യുൽപാദനശേഷിയുള്ള ചുവന്ന നെല്ലിനവും പുറത്തിറങ്ങി. ചുവന്നരി ആയതുകൊണ്ട് അത് കേരളത്തിൽ മാത്രമായി ഒതുങ്ങിപ്പോയി. ഇന്ത്യയിൽ 1966-67ൽ 30 ദശലക്ഷം ടണ്ണായിരുന്ന ആകെ അരിയുൽപാദനം 2021-22ൽ 130 ദശലക്ഷം ടണ്ണായി ഉയർന്നു.
മറ്റു വിളകളിലും മാറ്റങ്ങളുണ്ടായി. പക്ഷേ, ഗോതമ്പിലുണ്ടായതുപോലുള്ള ഒരു കുതിച്ചുചാട്ടം അരിയിലോ മറ്റു വിളകളിലോ ദൃശ്യമായില്ല. 1950-2000 കാലഘട്ടമെടുത്താൽ ഇന്ത്യയിലെ ഗോതമ്പുൽപാദനം പത്തിരട്ടിയോളമായതായി കാണാം. നെല്ല് നാലിരട്ടി, ചെറുധാന്യങ്ങൾ രണ്ടിരട്ടി, പയറുവർഗങ്ങൾ 75 ശതമാനം എന്നിങ്ങനെയാണ് ഉൽപാദനം വർധിച്ചത്. ഇക്കാലത്തെ മൊത്തം ശരാശരി ഭക്ഷ്യധാന്യ വർധന നാലിരട്ടി വരും! 1966-67ലെ 74 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളുടെ സ്ഥാനത്ത് 2021-22 ൽ ഭക്ഷ്യധാന്യ ഉൽപാദനം 316 ദശലക്ഷം ടണ്ണാണ് (ഇതൊരു സർവകാല റെക്കോഡാണ്).
ദരിദ്രരാജ്യങ്ങൾ എന്തു പിഴച്ചു?
ഹരിതവിപ്ലവം ഒരു വൻ വിജയമായിത്തീർന്നതോടെ വിമർശനങ്ങളും ഉയരാൻ തുടങ്ങി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ സ്വീകരിക്കപ്പെടുന്ന ആധുനിക കൃഷിസമ്പ്രദായങ്ങൾക്ക് സർവത്ര കുഴപ്പമാണെന്ന് വരുത്തിത്തീർത്ത് പിന്തിരിപ്പൻ ബദൽ കൃഷിരീതികളിലേക്ക് തള്ളിയിടുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കണം. ഇത് വെറും ഗൂഢാലോചന സിദ്ധാന്തമായി (conspiracy theory) തള്ളിക്കളയാനാവില്ല!
ഭൂമിയുടെ വാഹകശേഷി (carrying capacity) എന്ന ആശയം ഇതോടൊപ്പം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഓരോ പ്രദേശത്തുമുള്ള വിഭവങ്ങൾക്ക് പരിധിയുണ്ട്. ഈ വിഭവങ്ങളുപയോഗിച്ച് ജീവിക്കാവുന്ന ജീവികളുടെ എണ്ണത്തിലും പരിധിയുണ്ട്. ഓരോ പ്രദേശത്തെയും പ്രകൃതിവിഭവങ്ങളെയും ഭക്ഷ്യലഭ്യതയെയും അടിസ്ഥാനമാക്കി ആ പ്രദേശത്തിന് പരിസ്ഥിതി നാശമുണ്ടാക്കാത്തവിധത്തിൽ താങ്ങാനാവുന്ന ജീവികളുടെ എണ്ണത്തെയാണ് ‘വാഹകശേഷി’ എന്നുപറയുന്നത്.
മനുഷ്യനൊഴിച്ചുള്ള ജീവികളുടെ കാര്യത്തിൽ വാഹകശേഷിക്കപ്പുറം പോകാൻ കഴിയില്ല. അങ്ങനെ സംഭവിച്ചാൽ പ്രകൃതി ഇടപെടും. അസുഖങ്ങൾ, ക്ഷാമങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവയിലൂടെ വാഹകശേഷിയിലെത്തിനിന്നോളും. സ്വന്തം വാഹകശേഷിയിൽ കൈകടത്താവുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്! മെച്ചപ്പെട്ട ആരോഗ്യരക്ഷാസംവിധാനങ്ങളിലൂടെയും ആഹാരം ലഭ്യമാക്കുന്നതിലൂടെയും പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെയും കൃത്രിമമായി വാഹകശേഷി ഉയർത്താനാവും.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ‘ഹരിതവിപ്ലവം’ എന്നു വിളിക്കപ്പെട്ട അഭൂതപൂർവമായ ഭക്ഷ്യോൽപാദന വർധനയെത്തുടർന്ന് 1974ൽ ഗാരറ്റ് ഹാർഡിൻ എന്ന അമേരിക്കൻ പ്രഫസർ സദാചാരപരമായ ഒരു പ്രശ്നം ഉന്നയിച്ചു. ‘ബയോസയൻസ്’ എന്ന വിഖ്യാത ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ‘ലൈഫ് ബോട്ടിലെ ജീവിതം’ (Living on a lifeboat) എന്ന ഈ ലേഖനത്തിൽ, ‘ലൈഫ് ബോട്ട് സദാചാരം’ (Lifeboat ethics) എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഹാർഡിൻ ഭൂമിയെ ഒരു കപ്പലുമായി ഈ പ്രബന്ധത്തിൽ ഉപമിച്ചു. കപ്പൽ മുങ്ങി നശിക്കാൻ പോകുമ്പോൾ ജീവരക്ഷാർഥം കടലിലേക്കിടുന്നതാണല്ലോ ലൈഫ് ബോട്ട്. ഒരു ലൈഫ് ബോട്ടിൽ 50 പേർക്ക് കയറാമെന്ന് കരുതുക. ഇതാണ് അതിന്റെ വാഹകശേഷി (carrying capacity). 40 പേർ ഇതിൽ കയറിപ്പറ്റിയെന്നും കരുതുക. കടലിൽ ഇതിനു ചുറ്റുമായി 100 പേർകൂടിയുണ്ട്. ഇവരെക്കൂടി കയറാനനുവദിച്ചാൽ ലൈഫ്ബോട്ട് മുങ്ങും, എല്ലാവരും മരിക്കും! പത്തുപേരെക്കൂടി ഒരു ലൈഫ്ബോട്ടിൽ കയറ്റാം. പക്ഷേ, 100 പേരിൽനിന്ന് 10 പേരെ തിരഞ്ഞെടുക്കുന്നത് ദുഷ്കരവും അസാധ്യവുമാണ്. മാത്രമല്ല, കൃത്യം 50 പേരെവെച്ചുള്ള യാത്ര അത്ര സുരക്ഷിതവുമല്ല! ചുരുക്കത്തിൽ, പുതുതായി ആരെയും കയറ്റില്ല!
ബോട്ടിലുള്ളത് മുതലാളിത്ത രാജ്യങ്ങളാണ്. കടലിൽ നീന്തുന്നത് ദരിദ്രരാജ്യങ്ങളും. അവരെ സാങ്കേതികവിദ്യയും ഭക്ഷ്യസഹായവും നൽകി സഹായിക്കുന്നത് മുതലാളിത്തരാജ്യങ്ങളുടെ സുരക്ഷയെയും അപകടപ്പെടുത്തുമെന്നാണ് ഹാർഡിൻ സിദ്ധാന്തിക്കുന്നത്. അതായത്, പുത്തൻ സാങ്കേതികവിദ്യകൾ നൽകി ദരിദ്രരാജ്യങ്ങളിലെ ഭക്ഷ്യോൽപാദനം വർധിപ്പിക്കാൻ സഹായിച്ചത് വലിയൊരു തെറ്റായി അദ്ദേഹം കണ്ടു. ദരിദ്രരാജ്യങ്ങളെയും ദരിദ്രരെയും നശിക്കാൻ അനുവദിക്കുകയായിരുന്നു വേണ്ടതെന്നാണ് ഹാർഡിൻ പറയുന്നത്! ഈ ഒരു സിദ്ധാന്തം വ്യക്തികളും രാജ്യങ്ങളും എടുത്തു പ്രയോഗിച്ചാലുള്ള അപകടം ഒന്നാലോചിച്ചുനോക്കൂ.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഹരിതവിപ്ലവത്തിലൂടെ ഭക്ഷ്യധാന്യ ഉൽപാദനം വർധിച്ചതുകൊണ്ട് മൂന്നാം ലോക രാഷ്ട്രങ്ങളുടെ വാഹകശേഷി കൃത്രിമമായി കൂടി. പക്ഷേ, ഇങ്ങനെ കൃത്രിമമായി വാഹകശേഷി കൂടുന്നത് അവിടത്തെ സ്വാഭാവിക വിഭവങ്ങളുടെ അടിത്തറ തകർക്കും. ഇത് ഭാവിയിൽ ഇപ്പോൾ സ്വാഭാവിക വാഹകശേഷിക്കുള്ളിൽ മാത്രം നിൽക്കുന്ന മുതലാളിത്ത രാജ്യങ്ങളെയും ബാധിക്കും. ഒരുദാഹരണംകൊണ്ടിതു വ്യക്തമാക്കാം. ലോക ജനസംഖ്യയുടെ വെറും നാലു ശതമാനം (34 കോടി) മാത്രം അധിവസിക്കുന്ന യു.എസ്.എയുടെ കൈവശം ലോകത്തിന്റെ ഏകദേശം ഏഴു ശതമാനം കരഭൂമി സ്വന്തമായുണ്ട്. ആളോഹരി കൃഷിഭൂമി ഇപ്പോഴും 0.5 ഹെക്ടർ വരുമെന്നതിനാൽ വാഹകശേഷിക്കുള്ളിൽതന്നെയാണ് ഇപ്പോഴും അമേരിക്ക. ഇന്ത്യയുടെ സ്ഥിതി ഇതല്ല. ഇന്ത്യക്ക് ലോകത്തിന്റെ 2.45 ശതമാനം ഭൂമി മാത്രമാണുള്ളത്. ഇതുവെച്ച് ലോകത്തിലെ 17 ശതമാനം ജനങ്ങളുടെ കാര്യം നോക്കണം. കൂടാതെ, 15 ശതമാനം കന്നുകാലികളുടെയും! ഹരിതവിപ്ലവവും ധവളവിപ്ലവവും പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൃത്രിമമായി വാഹകശേഷി ഉയർത്തിയാണ് ഇത്രയും പേർ ഇവിടെ കഴിയുന്നത്.
‘പൊതു ഇടങ്ങളുടെ ദുരന്തം’ (Tragedy of the Commons) എന്ന പേരിൽ 1968ൽ ‘സയൻസ്’ എന്ന പ്രശസ്ത ശാസ്ത്രജേണലിൽ വന്ന ഹാർഡിന്റെ മറ്റൊരു പ്രബന്ധവും അക്കാലത്തുതന്നെ ധാരാളം ചർച്ചചെയ്യപ്പെട്ടിരുന്നു. മുതലാളിത്ത രാജ്യങ്ങൾ ഹാർഡിന്റെ പ്രബന്ധത്തിലെ ആശയങ്ങളെ സ്വന്തം താൽപര്യങ്ങളുടെ സംരക്ഷണത്തിനായി ദുരുപയോഗം ചെയ്തതായാണ് ചരിത്രം. സോഷ്യലിസത്തിനും പൊതു ഉടമസ്ഥതക്കുമെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിൽ ഈ പ്രബന്ധത്തിന്റെ സ്വാധീനം കാണാം. സോഷ്യലിസ്റ്റ് വിരുദ്ധ പ്രചാരണത്തിനും സ്വകാര്യവത്കരണത്തിനും തത്ത്വാചിന്താപരവും പരിസ്ഥിതിപരവുമായ ഒരു പരിവേഷം നൽകാനായി എന്നതാണ് ഈ പ്രബന്ധത്തിന്റെ പ്രസക്തി. മുതലാളിത്തരാജ്യങ്ങളിലെ പരിസ്ഥിതിപ്രസ്ഥാനങ്ങളെ വളരെയധികം സ്വാധീനിച്ച ഈ പ്രബന്ധം ഗഹന പരിസ്ഥിതിവാദം (deep ecology), പരിസ്ഥിതി സ്ത്രീവാദം (ecofeminism), ജൈവപ്രാദേശികവാദം (bioregionalism) എന്നീ ഉത്തരാധുനിക ശാസ്ത്രദർശനങ്ങൾ ഉയർന്നുവരുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
ഇതിനിടെ 1991ൽ പ്രമുഖ എൻ. ജി.ഒ പരിസ്ഥിതി പ്രവർത്തകയായ വന്ദന ശിവയുടെ ‘The Violence of the Green Revolution: Third World Agriculture, Ecology, and Politics’ എന്ന പുസ്തകവും പുറത്തുവന്നു. ‘ലൈഫ് ബോട്ട് സദാചാരം’ വന്ദന ശിവയെയും സ്വാധീനിച്ചു എന്നു വ്യക്തം! പരിസ്ഥിതി സ്ത്രീവാദവും (ecofeminism) ഇതിൽ തിരുകിയിട്ടുണ്ട്. ഇന്ത്യയിലെ മിക്കവരുടെയും ഹരിത കൃഷി വിമർശനങ്ങൾ വന്ദന ശിവയുടെ പുസ്തകത്തിൽനിന്ന് കടംകൊണ്ടതാണ്. ഇത്തരം വിമർശനങ്ങൾ അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങൾക്ക് ഹരിതവിപ്ലവംപോലുള്ള പ്രതിഭാസങ്ങളെ തുറന്നെതിർക്കാനും ഒരു മനഃസാക്ഷിക്കുത്തും കൂടാതെ സഹായങ്ങൾ നിർത്തിവെക്കുന്നതിനും കരുത്തുപകർന്നു എന്നതാണ് വാസ്തവം.
എന്തായാലും, ഹരിതവിപ്ലവത്തിന് പിന്തിരിപ്പൻ ബദലുകൾ സൃഷ്ടിക്കുന്നതിനും ഭക്ഷ്യസഹായങ്ങൾ വെട്ടിക്കുറക്കുന്നതിലുമൊക്കെ ഹാർഡിന്റെ സിദ്ധാന്തങ്ങൾ പ്രേരകമായി. ആധുനിക കൃഷിസമ്പ്രദായങ്ങൾക്ക് സർവത്ര കുഴപ്പമാണെന്ന് വരുത്തിത്തീർത്ത് അശാസ്ത്രീയ ബദൽ കൃഷി രീതികളിലേക്ക് തള്ളിയിടുന്നതിനു പിന്നിൽ ലൈഫ് ബോട്ട് സദാചാരംപോലുള്ള ഗൂഢലക്ഷ്യങ്ങൾ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
കേരളത്തിൽ ഹരിതവിപ്ലവം നടന്നില്ല!
ഉത്തരേന്ത്യയിൽ 1967-78 കാലത്ത് ഭക്ഷ്യധാന്യോൽപാദന രംഗത്ത് കുതിച്ചുചാട്ടമുണ്ടായെങ്കിലും കേരളത്തിൽ ഇതുപോലുള്ള കുതിപ്പുണ്ടായില്ല. ഇവിടെ ഭക്ഷ്യധാന്യകൃഷി എന്നുപറയാൻ നെല്ലു മാത്രമേയുള്ളൂ. ചോളം, റാഗി എന്നീ ചെറുധാന്യങ്ങളുടെ കൃഷി പേരിനു മാത്രം. പിന്നെയുള്ളത് കുറച്ചു മരച്ചീനിയാണ്. കേരളത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങളെ ഹരിതവിപ്ലവവുമായി ചിലർ തെറ്റായി ബന്ധപ്പെടുത്താറുണ്ട്. കേരളം ശരിയായ അർഥത്തിൽ ഹരിതവിപ്ലവത്തിന് സാക്ഷ്യംവഹിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ ഉണ്ടായ ഹരിതവിപ്ലവം നമ്മെ മടിയന്മാരാക്കി. ഹരിതവിപ്ലവം നടന്ന സംസ്ഥാനങ്ങളിൽനിന്ന് നിർബാധം അരിയും ഗോതമ്പും കുറഞ്ഞ വിലക്ക് ഒഴുകാനാരംഭിച്ചതോടെ നാം നെൽകൃഷി ഉപേക്ഷിച്ചുതുടങ്ങി. ഈ ഒഴുക്ക് തുടരുന്നില്ലെങ്കിൽ നാം പട്ടിണിയായതുതന്നെ!
1966-67ൽ ഇന്ത്യയിൽ 35 ദശലക്ഷം ഹെക്ടറിൽ നെല്ല് കൃഷിചെയ്തു, ഉൽപാദനം 30 ദശലക്ഷം ടൺ. 2021-22ൽ നെല്ല് കൃഷിചെയ്തത് 46 ദശലക്ഷം ഹെക്ടറിലാണ്, ഉൽപാദനം 130 ദശലക്ഷം ടൺ. അതായത്, ദേശീയതലത്തിൽ നെൽകൃഷിയും നെല്ലുൽപാദനവും വർഷംപ്രതി കൂടിവന്നിട്ടേ ഉള്ളൂ, കേരളത്തെപ്പോലെ കുറഞ്ഞിട്ടില്ല. ഇങ്ങനെ നെല്ലുൽപാദനം ഉള്ളതുകൊണ്ടാണ് കേരളത്തിലുള്ളവർ നെൽകൃഷിയൊക്കെ നിർത്തി സ്വാമിനാഥനെയും ഹരിതവിപ്ലവത്തെയും ചീത്തപറഞ്ഞുനടക്കുന്നത്. പഴയതുപോലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടക്കുന്നില്ല. നെൽകൃഷിയിലെ കൊള്ളലാഭം ഇല്ലാതായി! 1975നുമുമ്പ് അരിയുടെയൊക്കെ വില എത്രയായിരുന്നു എന്നും ഇവ കിട്ടാനുണ്ടായിരുന്നോ എന്നും അന്വേഷിക്കണം. ലെവിപോലുള്ള സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. 1970നുശേഷം വടക്കേ ഇന്ത്യയിൽനിന്നു കുറഞ്ഞ വിലക്ക് അരി കിട്ടിത്തുടങ്ങുകയും PDS ശക്തമാകുകയും ചെയ്തതോടെയാണ് കേരളത്തിൽ നെൽകൃഷി ലാഭകരമല്ലാതായത്. ഇതിനേക്കാൾ ലാഭം റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ മറ്റു കൃഷികൾ എന്നു കണ്ടുപിടിച്ച് നികത്തൽ തുടങ്ങി. ഈ നികത്തൽ ശക്തമായത് 1980കൾക്കുശേഷമാണ് എന്നോർക്കണം.
കേരളത്തിലുണ്ടായത് ഹരിതവിപ്ലവത്തിന്റെ കേവലം അലയൊലികൾ മാത്രമാണെന്ന് പറയേണ്ടിവരും! തായ്വാനിൽനിന്നു കണ്ടെടുത്ത ‘ഡി-ജി-വു-ജെൻ’ എന്ന കുറിയ നെല്ലിനത്തെക്കുറിച്ച് മുമ്പ് പറയുകയുണ്ടായല്ലോ? ‘ഡി-ജി-വു- ജെൻ’, ‘ടായി യുവാൻ ചുങ്’ എന്നീ തായ്‌വാൻ ഇനങ്ങളിൽനിന്ന് സങ്കരണ-നിർധാരണം വഴി ലോകത്ത് ആദ്യമായി ഉണ്ടാക്കിയെടുത്ത ഇനമാണ് ‘തായ് ചുങ് നേറ്റീവ്-1’ . 1964ൽ ഇത് കേരളത്തിലുമെത്തി. ഇതിനോടൊപ്പം കൊണ്ടുവന്നതാണ് ‘തൈനാൻ-3’ എന്ന മറ്റൊരു ഇനം. വിളവ് കൂടുതൽ ലഭിച്ചുവെങ്കിലും വെള്ളനിറവും ഒട്ടിപ്പിടിക്കുന്ന സ്വഭാവവും കാരണം കേരളീയർക്ക് ഇവ രണ്ടും ഇഷ്ടമായില്ല. പക്ഷേ, ഇവ സസ്യപ്രജനനത്തിന് ഉപയോഗിച്ചു. ‘തായ് ചുങ് നേറ്റീവ്-1’, ‘പിടിബി -10’ (തെക്കൻ ചീര) എന്നിവയിൽനിന്ന് ഉരുത്തിരിച്ചെടുത്തതാണ് ‘അന്നപൂർണ’ എന്ന അത്യുൽപാദനശേഷിയുള്ള ചുവന്ന നെല്ലിനം. പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രത്തിൽനിന്ന് 1966ലാണ് ഇത് പുറത്തിറക്കുന്നത്. ചുവന്നരി ആയതുകൊണ്ട് അത് കേരളത്തിൽ മാത്രമായി ഒതുങ്ങിപ്പോയി (ഒരുപക്ഷേ, ചുവപ്പരി ചോറ് കഴിക്കുന്ന ഒരേ ഒരു ജനത മലയാളികളാകും!) അതേ വർഷമാണ് IR-8 ഇറങ്ങുന്നത്. വെളുത്തരി ആയിരുന്നതുകൊണ്ട് കേരളീയർക്ക് പിടിച്ചില്ലെങ്കിലും IR-8ന് അന്താരാഷ്ട്ര സമ്മിതി ലഭിച്ചു.
1951-52ൽ നാടൻ നെല്ലിനങ്ങൾ മാത്രം കൃഷി ചെയ്തിരുന്നപ്പോൾ കേരളത്തിൽ കിട്ടിയിരുന്നത് ഹെക്ടറിനു വെറും 960 കി.ഗ്രാം വിളവ് മാത്രമാണെന്നതു ശ്രദ്ധേയമാണ്. 1964-65ൽ, അതായത്, ഹരിതവിപ്ലവ കാലഘട്ടത്തിന് തൊട്ടുമുമ്പ് കേരളത്തിലെ നെല്ലുൽപാദനം 8.01 ലക്ഷം ഹെക്ടർ സ്ഥലത്തുനിന്ന് 11.21 ലക്ഷം ടണ്ണും ഉൽപാദനക്ഷമത 1400 കി.ഗ്രാം/ഹെ. ഉം ആയിരുന്നു. കേരള സംസ്ഥാനം രൂപവത്കരിച്ചതിനുശേഷം ഏറ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിച്ചത് 1975-76ലായിരുന്നു (13.1 ലക്ഷം ടൺ ഉൽപാദനം, 1520 കി.ഗ്രാം/ഹെ. ഉൽപാദനക്ഷമത). എന്നാൽ, ഏറ്റവും കൂടുതൽ സ്ഥലത്ത് നെല്ല് കൃഷി ചെയ്തത് 1974-75ലായിരുന്നു (8.81 ലക്ഷം ഹെക്ടർ). അന്നുതൊട്ട് ഉപാദനക്ഷമതയിൽ നേരിയതോതിലുള്ള വർധന ഉണ്ടെന്നതൊഴിച്ചാൽ നെൽകൃഷിയുടെ വിസ്തീർണവും ആകെ ഉൽപാദനവും കുറഞ്ഞുവരുകയാണ്. ഇപ്പോൾ ആകെ കൃഷി 1.96 ലക്ഷം ഹെക്ടറിൽ താഴെ മാത്രമാണ്. ഉൽപാദനക്ഷമതയിൽ അനുക്രമമായുള്ള വർധന പിന്നീടുണ്ടായി എന്നത് ശരിയാണ്.
ന്യായവില കടകളിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണ സമ്പ്രദായമാണ് സാധാരണക്കാരന് ഭക്ഷണം പ്രാപ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. തുറന്ന വിപണിയിൽ ക്രമേണ ഭക്ഷ്യധാന്യങ്ങളുടെ വിലയിടിയുകയും കർഷകരുടെ ലാഭം കുറയുകയും ചെയ്തു. തൊഴിലാളി ദൗർലഭ്യവും ഉയർന്ന കൂലിയുമുള്ള കേരളത്തിൽ ഇത് വലിയ പ്രശ്നമായി. ഇത് കർഷകരുടെ നെൽകൃഷിയിലുള്ള താൽപര്യം കുറയുന്നതിനും മറ്റു നാണ്യവിളകളിലേക്കുള്ള വ്യാപകമായ പരിവർത്തനത്തിനും വഴിയൊരുക്കി. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോളിസിപരമായ മാറ്റങ്ങൾ ആവശ്യമാണ്.
വിമർശനങ്ങൾ: വാസ്തവമെന്ത്?
ഹരിതവിപ്ലവത്തിന് എതിരെയുള്ള വിമർശനങ്ങളെ വസ്തുതാപരമായി വിലയിരുത്തേണ്ടതുണ്ട്. ഹരിതവിപ്ലവം കുറെയധികം പ്രശ്നങ്ങൾക്കു പരിഹാരമായിരുന്നു. പുതിയ കുറെ പ്രശ്നങ്ങളുണ്ടായി എന്നത് നേരുമാണ്. അവയെ സധൈര്യം നേരിടണം. ഹരിതവിപ്ലവത്തിന്റെ ഏറ്റവും വലിയ ന്യൂനതയായി പാശ്ചാത്യലോകം കാണുന്നത് ഇത് ജനസംഖ്യ വർധനക്ക് പ്രേരകമായി എന്നതാണ് (ഗാരറ്റ് ഹാർഡിന്റെ ലൈഫ് ബോട്ട് സദാചാരം ഓർക്കുക)! ഭക്ഷണം ഉറപ്പുവരുത്താനായതുകൊണ്ട് പട്ടിണി മരണങ്ങൾ കുറഞ്ഞുവല്ലോ? പോഷകാഹാരക്കുറവുകൊണ്ടുള്ള അസുഖങ്ങളും കുറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളിൽ ശരാശരി ആയുസ്സും കൂടി.
മണ്ണിന്റെ ഫലപുഷ്ടി വേഗത്തിൽ നഷ്ടമായി, ജലലഭ്യത കുറഞ്ഞു, രാസവളങ്ങൾ, കീടനാശിനികൾ തുടങ്ങിയ നിവേശനങ്ങളുടെ ഉപയോഗം വർധിച്ചു എന്നിവയൊക്കെ ഉയർന്നുവന്ന മറ്റു പ്രശ്നങ്ങളാണ്. വിളകളുടെ ജൈവവൈവിധ്യവും കുറഞ്ഞു. ഇന്ത്യയിലാണെങ്കിൽ ഹരിതവിപ്ലവം ജലസേചിത മേഖലയിൽ മാത്രമാണ് ചലനങ്ങളുണ്ടാക്കിയത്. മഴകൃഷി പ്രദേശങ്ങൾ അവഗണിക്കപ്പെട്ടു. ഇതിനൊക്കെ പരിഹാരമുണ്ടാകണം.
ജനസംഖ്യാനിയന്ത്രണത്തിന്റെ കാര്യത്തിൽ മാനുഷികരീതികൾ മാത്രമേ നമുക്ക് സ്വീകരിക്കാനാവൂ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളും പ്രായമായവരും പട്ടിണികിടന്നും പട്ടിണിജന്യരോഗങ്ങൾ ബാധിച്ചും മരിച്ച് ജനസംഖ്യ കുറയണമെന്ന് ആഗ്രഹിക്കുന്നത് എത്ര ക്രൂരമാണ്! ആവശ്യത്തിൽ കൂടുതൽ മനുഷ്യർ ജനിക്കാതിരിക്കാൻ നോക്കാം. അതാണ് നാം ചെയ്യുന്നതും ചെയ്യേണ്ടതും. ജനസംഖ്യാ നിയന്ത്രണ കാര്യത്തിൽ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധേയമാണ്.
മറ്റൊരു വിമർശനം ആധുനിക കൃഷി ജൈവരീതികൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ്. ഇത് ഒരു അസംബന്ധ വാദമാണ്. ആധുനിക കൃഷിയിൽ കിട്ടാവുന്നിടത്തോളം ജൈവ വളങ്ങളും ജൈവ കീട-രോഗ മാർഗങ്ങളും ഉപയോഗിക്കണം എന്നതുതന്നെയാണ് ശാസ്ത്രീയ നിലപാട്. പക്ഷേ, ജൈവകൃഷി മാത്രമായുള്ള ഒരു ലോകക്രമത്തിൽ പരമാവധി 400 കോടി ജനങ്ങളെയാണ് ഭൂമിക്കു താങ്ങാനാകുക. ഇതിൽ കൂടുതൽ ജനങ്ങൾ ഇപ്പോൾതന്നെയുള്ളതുകൊണ്ട് അത്യുൽപാദനശേഷിയുള്ള ഇനങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ജലസേചനം എന്നിവ അനിവാര്യമായി മാറുന്നു. ഉത്തമ കൃഷിരീതികൾ (Good Agricultural Practices, GAP) അനുവർത്തിക്കുന്നതു വഴി സുരക്ഷിത ഭക്ഷണം ഉൽപാദിപ്പിക്കാൻ കഴിയും.
‘ദ വയലൻസ് ഓഫ് ഗ്രീൻ റെവലൂഷൻ’ എഴുതിയ വന്ദന ശിവയുടെ അഭിപ്രായത്തിൽ ഹരിതവിപ്ലവം ഒരു വമ്പൻ പരാജയമാണ്! 1980കളിൽ പഞ്ചാബിലുണ്ടായ അക്രമങ്ങളുടെ കാരണം ഹരിതവിപ്ലവമാണത്രെ! ഈ വാദം അംഗീകരിച്ചാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന അക്രമസമരങ്ങളുടെ, ഉദാഹരണത്തിന് കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മൂല കാരണവും ഹരിതവിപ്ലവമാണെന്നു പറയേണ്ടിവരും! പഞ്ചാബ് പൂർവസ്ഥിതിയിലായത് ഹരിതവിപ്ലവത്തെ നിരാകരിച്ചതുകൊണ്ടല്ല, പ്രത്യുത, മറ്റുതരത്തിലുള്ള രാഷ്ട്രീയ തിരുത്തലുകൾകൊണ്ടാണ്. ഇന്നും ഹരിതവിപ്ലവം മോഡൽ കൃഷി നന്നായി കൊണ്ടുപോകുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവ.
പഴയ കൃഷിയിലേക്കു പോയാൽ വിളവ് കുറഞ്ഞുപോകും എന്നതിന് വിമർശകരുടെ മറുവാദം ഇങ്ങനെ: ലോകത്ത് എല്ലാവരെയും തീറ്റിപ്പോറ്റാനുള്ള ആഹാരം ഇപ്പോൾതന്നെ ഉൽപാദിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും ആവശ്യമുള്ളതിൽ കൂടുതൽ ഉൽപാദിപ്പിക്കുമ്പോഴും പട്ടിണി നിലനിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം ഉൽപാദനത്തിന്റേതല്ല, മറിച്ച് വിതരണത്തിന്റേതാണ്. ഇങ്ങനെ പറഞ്ഞിരിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ലോക രാഷ്ട്രങ്ങൾ ഉണ്ടാക്കുന്ന ഭക്ഷ്യധാന്യങ്ങൾ മുഴുവൻ മനുഷ്യന് ആഹാരമായി മാറുന്നില്ല. മനുഷ്യാഹാരമായി 60 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഏകദേശം 35 ശതമാനം കന്നുകാലി തീറ്റയായി മാറുന്നു. മറ്റൊരു അഞ്ചു ശതമാനം ജൈവ ഇന്ധനമുണ്ടാക്കാനാണ് പോവുന്നത്. മാത്രമല്ല, ലോകത്ത് ഉൽപാദിപ്പിക്കുന്ന ആഹാരത്തിന്റെ 30-40 ശതമാനം ആഹാരവൃത്തത്തിന്റെ (ഫുഡ് സൈക്കിൾ) ഓരോ പടിയിലുംവെച്ച് നഷ്ടമാവുന്നു എന്നാണ് കണക്ക്. ഇങ്ങനെയിരിക്കെ ലോകത്തിലെ ഓരോ മനുഷ്യനും ആവശ്യമുള്ളതിൽ കൂടുതൽ ഉൽപാദിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞുകൊണ്ട് ബദലുകളിലേക്കു പോകുന്നത്. ആത്മഹത്യാപരമായിരിക്കും!
യഥാർഥത്തിൽ ഹരിതവിപ്ലവത്തിന്റെ പരിസ്ഥിതി സംരക്ഷണവശം വേണ്ട രീതിയിൽ ആരും വിലയിരുത്തിയിട്ടില്ല. ഉദാഹരണത്തിന്, 1950ൽ ലോക ഭക്ഷ്യോൽപാദനം 60 കോടി ഹെക്ടറിൽനിന്ന് 69.2 കോടി ടണ്ണായിരുന്നു. രണ്ടായിരാമാണ്ടിൽ ഏതാണ്ടിതേ സ്ഥലത്തുനിന്നുതന്നെ 207 കോടി ടൺ ഭക്ഷണം വിളയിക്കാനായി. ശരാശരി മൂന്നിരട്ടി വിളവ്! 1950കളിലെ സാങ്കേതികവിദ്യ 2000ത്തിലും തുടരുകയായിരുന്നുവെങ്കിൽ ഇത്രയും ആഹാരം ഉണ്ടാക്കാൻ ആകെ 180 കോടി ഹെക്ടർ സ്ഥലം വേണ്ടിവരുമായിരുന്നു! ഈ അർഥത്തിൽ ഏകദേശം 120 കോടി ഹെക്ടർ വനഭൂമിയെ ഹരിതവിപ്ലവം രക്ഷിക്കുകയാണ് ചെയ്തത്! ഇന്ത്യയുടെ കാര്യമെടുത്താൽ 53 ദശലക്ഷം ഹെക്ടർ ഭൂമിയാണ് മഴുവിൽനിന്ന് ഒഴിവായത്.
ആധുനിക കൃഷി വ്യാപകമായതോടെ നമ്മുടെ പഴയ വിത്തിനങ്ങളൊക്കെ നഷ്ടപ്പെട്ടുപോയി എന്നു വിലപിക്കുന്ന പലരുമുണ്ട്. വിളവു കുറഞ്ഞതും മറ്റു തരത്തിൽ പ്രതികരണശേഷി കുറഞ്ഞതുമായ വിത്തുകളെ കർഷകർ കൈവിടും. പുതിയവയെ പുൽകുകയും ചെയ്യും. ഇത് കഴിഞ്ഞ 10,000 വർഷങ്ങളായി മനുഷ്യൻ ചെയ്തുവരുന്നതാണ്.
പുതിയ കാലത്ത് ഇത്തരം വിത്തുകൾ വേഗത്തിൽ നഷ്ടപ്പെടാതിരിക്കാനും ഇവ ഗവേഷകർക്ക് പ്രയോജനപ്പെടുത്താനുമായി അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലും ജനതികശേഖരം സംരക്ഷിക്കുന്നതിനു വിപുലമായ സംവിധാനങ്ങളുണ്ട്. വിവിധ രാജ്യങ്ങളിലെ 1750ലധികം ജീൻ ബാങ്കുകളിലൂടെ നിലവിൽ ആഗോളതലത്തിൽ ഏകദേശം 74 ലക്ഷം വിത്ത് സാമ്പിളുകൾ പരിപാലിക്കപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഇതു കൂടാതെ ‘കൺസൽട്ടേറ്റിവ് ഗ്രൂപ് ഓൺ ഇന്റർനാഷനൽ അഗ്രികൾചറൽ റിസർച്’ (CGIAR) അതിന്റെ ആഗോള ഗവേഷണകേന്ദ്രങ്ങളിലൂടെ വിളവൈവിധ്യം സംരക്ഷിക്കുന്നതിനായി 11 ജീൻബാങ്കുകൾ പരിപാലിക്കുന്നു. ഈ ശൃംഖല മനുഷ്യന്റെ ഭക്ഷണക്രമത്തിന് സംഭാവന ചെയ്യുന്ന 7,70,000ത്തിലധികം വിളശേഖരങ്ങളെ സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു.
CGIARന്റെ കീഴിലുള്ള IRRIയിൽ ലോകമെമ്പാടുമുള്ള നെല്ലിനങ്ങൾ സംഭരിച്ചുസൂക്ഷിക്കുന്നുണ്ട്. ഇതേവരെ ശേഖരിച്ച 1,27,916 നെല്ലിനങ്ങളും 4647 വന്യഇനങ്ങളും അവിടെ പരിപാലിച്ചുവരുന്നു. ഇതിൽ ഇന്ത്യയിൽനിന്നുള്ള വിത്തുകളും ഉൾപ്പെടുന്നു. പകർപ്പുകൾ മാത്രമാണ് വിത്തുകൈമാറ്റത്തിലൂടെ നൽകുന്നത് എന്ന് ഓർക്കുക. ഇങ്ങനെ സൂക്ഷിക്കുന്ന ഇനങ്ങൾ അന്യംനിന്നുപോകാതെ സംരക്ഷിക്കുമെന്നു മാത്രമല്ല, ഗവേഷകർക്ക് ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യയിലുള്ള നെല്ലു ഗവേഷണ കേന്ദ്രങ്ങളിൽ ചെന്നാലും ഇത്തരം ഇനങ്ങൾ കാണാം. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഉമയിലും ജ്യോതിയിലും IRRIയിൽനിന്നുള്ള ജീനുകൾ ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കാർഷികവിളകൾ, കന്നുകാലികൾ, ഉപകാരികളായ കീടങ്ങൾ, സൂക്ഷ്മാണുക്കൾ, മത്സ്യങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. ഭാരതത്തിൽ കാർഷിക സസ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണത്തിനു മാത്രമായി ഒരു കേന്ദ്രമുണ്ട് (NBPGR, New Delhi). കന്നുകാലികൾ, കോഴി, താറാവ് പോലുള്ളവയുടെ ഇനങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഹരിയാനയിലെ കർണാൽ എന്ന സ്ഥലത്താണ്. മത്സ്യസമ്പത്ത് സൂക്ഷിപ്പുകേന്ദ്രം ലഖ്നോവിലാണ്. അതുപോലെതന്നെ, കാർഷികപ്രാധാന്യമുള്ള സൂക്ഷ്മജീവികൾ, കാർഷികപ്രാധാന്യമുള്ള പ്രാണികൾ എന്നിവക്കും പ്രത്യേകം കേന്ദ്രങ്ങളുണ്ട്.
മേൽപറഞ്ഞതു കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള വിളകേന്ദ്രീകൃതവും കന്നുകാലികേന്ദ്രീകൃതവുമായ മിക്ക പ്രാദേശിക ഗവേഷണകേന്ദ്രങ്ങളും ജേംപ്ലാസം ശേഖരങ്ങൾ സംരക്ഷിച്ചുവരുന്നു. ചുരുക്കത്തിൽ, ഒരു കാരണവശാലും കാർഷിക ജൈവവൈവിധ്യത്തിന് ശോഷണം സംഭവിക്കരുത് എന്നത് ഉറപ്പാക്കുന്നു. ഒരിടത്ത് പോയാൽ മറ്റൊരിടത്ത് ഉണ്ടാകണം!
പ്രഫസർ എം.എസ്. സ്വാമിനാഥന്റെ കാർഷികരംഗത്തെ സംഭാവനകൾ, പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ വിശപ്പിനെതിരെയുള്ള സമരവും ഹരിതവിപ്ലവവും എക്കാലവും ഓർമിക്കപ്പെടുകതന്നെ ചെയ്യും.
(കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാനാണ് ലേഖകൻ)