മുനിയുടെ പ്രസാദം

‘‘പ്രസാദിനെ നിത്യന്റെ അനന്തരഗാമിയായി ഞാൻ നാളെ പ്രഖ്യാപിക്കാൻ പോകുന്നു.’’ ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി നടരാജഗുരു പ്രസാദിനെ വിളിച്ചിട്ട് പറഞ്ഞതാണിത്. തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ ജനിച്ച എം.എൻ. പ്രസാദ്, ഇന്നറിയപ്പെടുന്ന ഗുരു മുനി നാരായണ പ്രസാദ് ആയി മാറിയതിനു പിന്നിലുള്ള ഈ സംഭവം നടക്കുന്നത് 1971ലാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ആത്മായനം’ എന്ന ആത്മകഥയിൽ മുനി നാരായണ പ്രസാദ് തന്നെ എഴുതിയതാണ് ഇക്കാര്യം. ‘നിത്യൻ’ എന്ന് നടരാജഗുരു...
Your Subscription Supports Independent Journalism
View Plans‘‘പ്രസാദിനെ നിത്യന്റെ അനന്തരഗാമിയായി ഞാൻ നാളെ പ്രഖ്യാപിക്കാൻ പോകുന്നു.’’ ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി നടരാജഗുരു പ്രസാദിനെ വിളിച്ചിട്ട് പറഞ്ഞതാണിത്. തിരുവനന്തപുരം ജില്ലയിലെ നഗരൂരിൽ ജനിച്ച എം.എൻ. പ്രസാദ്, ഇന്നറിയപ്പെടുന്ന ഗുരു മുനി നാരായണ പ്രസാദ് ആയി മാറിയതിനു പിന്നിലുള്ള ഈ സംഭവം നടക്കുന്നത് 1971ലാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ആത്മായനം’ എന്ന ആത്മകഥയിൽ മുനി നാരായണ പ്രസാദ് തന്നെ എഴുതിയതാണ് ഇക്കാര്യം. ‘നിത്യൻ’ എന്ന് നടരാജഗുരു പറഞ്ഞത് നിത്യ ചൈതന്യ യതിയെ ഉദ്ദേശിച്ചാണ്.
ഇങ്ങനെ പ്രഖ്യാപിക്കുക മാത്രമല്ല നടരാജ ഗുരു ചെയ്തത്. അടുത്തദിവസം തന്നെ അത് നടപ്പാക്കിക്കൊണ്ട് വിൽപത്രം എഴുതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനു ഏതാനും വർഷങ്ങൾക്കു മുമ്പുതന്നെ പ്രസാദ് നടരാജഗുരുവിൽനിന്ന് ബ്രഹ്മചാരി ദീക്ഷ വാങ്ങി നാരായണ ഗുരുകുലത്തിലെ അന്തേവാസിയായിക്കഴിഞ്ഞിരുന്നു. പൂർവാശ്രമത്തിലെ, മാധവന്റെ മകൻ എം.എൻ. പ്രസാദിനെ, ചുരുക്കെഴുത്തിൽ അതേ പേര് നിലനിർത്തിക്കൊണ്ട് മുനി നാരായണ പ്രസാദ് എന്ന സന്യാസ നാമം നടരാജഗുരു നൽകി. മാധവന്റെ സ്ഥാനത്തു ‘മുനി’ വന്നു; വീട്ടുപേര് ‘നാരായണ’ ആയി. ഈ പേര് നൽകിയശേഷം നടരാജഗുരു അതൊന്നു വിശദീകരിച്ച കാര്യം ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് ഓർക്കുന്നു: ‘പ്രസാദ് മുനി നാരായണനല്ല, മുനി നാരായണന്റെ പ്രസാദമാണ്.’
അനന്തരഗാമിയായി നിശ്ചയിച്ച രജിസ്ട്രേഷൻ കഴിഞ്ഞ അന്നുതന്നെ ഒരു ചോദ്യം ഗുരു ശിഷ്യനോട് ചോദിച്ചു: ‘‘സന്യാസിയുടെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?’’ ‘‘ത്യാഗം’’ എന്നായിരുന്നു മറുപടി. തുടർന്ന് അടുത്ത ചോദ്യവും വന്നു: ‘‘ഒരു ത്യാഗിയായി ഗുരുകുലത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ എന്തുചെയ്യും?’’ ഒരു സർക്കാർ എൻജിനീയറിങ് വകുപ്പിലെ ജോലി രാജിവെച്ച് ഗുരുകുല അന്തേവാസിയായിക്കഴിഞ്ഞ പ്രസാദിന് ത്യാഗം വെറും സിദ്ധാന്തം മാത്രമായിരുന്നില്ല.
അതുകൊണ്ട് ‘‘അന്ന് ഗുരുകുലം വിടും’’ എന്ന് പറയാൻ തോന്നിയെങ്കിലും തന്നെ പരമ്പരയിൽ ഉൾപ്പെടുത്തിയ സ്ഥിതിക്ക് ഉത്തരം പറയാനാകാതെ ഇരുന്നപ്പോൾ ഗുരു തന്നെ ഉത്തരം നൽകി ‘‘അന്ന് ഗുരുകുലം വിടണം.’’ ഗുരുകുലം വിടാതെ, നിത്യ ചൈതന്യ യതി 1999ൽ സമാധി പ്രാപിച്ചപ്പോൾ പരമ്പരയിൽനിന്ന് ഗുരുകുലാധ്യക്ഷനും ഗുരുവുമായി മാറിയ ശേഷമാണ് ഇപ്പോൾ മുനി നാരായണ പ്രസാദ് ഇഹലോകവാസം വെടിഞ്ഞത്.
ആദ്യകാലത്ത്, ബ്രഹ്മചാരി ആയിരുന്നെങ്കിൽക്കൂടി, നടരാജ ഗുരു പ്രസാദിന് യഥാർഥത്തിലുള്ള ഒരു ‘ശിഷ്യൻ’ എന്നനിലയിൽ ശിക്ഷണം നൽകിയിരുന്നില്ല. എന്നാൽ, പരമ്പരയിൽ ഉൾപ്പെടുത്തിയതോടെ സമീപനത്തിൽ മാറ്റംവന്നു. അടുത്ത ദിവസംതന്നെ ഭഗവദ്ഗീതയിലെ രണ്ടാം അധ്യായം പതിനാറാം ശ്ലോകം വായിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട്, അതിലെ അന്തർ രഹസ്യം എന്താണെന്ന് ചോദിക്കുകയും ചെയ്തു.
അപ്പോൾ മാത്രമല്ല വർഷങ്ങളോളം അതിന് ഉത്തരം ലഭിച്ചതുമില്ല. പിന്നീട് എന്തുണ്ടായി? ‘‘അവസാനം അത് തെളിഞ്ഞുകിട്ടിയപ്പോൾ ഗീതക്കുള്ളിലേക്കും നാരായണ ഗുരുവിന്റെ കൃതികൾക്കുള്ളിലേക്കും ഉപനിഷത്തുകളുടെ ഉള്ളിലേക്കും അനായാസം കടക്കാനുള്ള താക്കോൽ കൈവശമായതുപോലെയായി. ഇവക്കെല്ലാം സ്വന്തമായ വ്യാഖ്യാനം ഭാവിയിൽ എഴുതാൻ ധൈര്യം ഈ താക്കോൽ കൈവശമുള്ളതാണ്.’’ നിരവധി കൃതികളുടെ രചയിതാവായ മുനി നാരായണ പ്രസാദിന്റെ ജനനവും ഇവിടെയാണ്.
നടരാജ ഗുരുവിനൊപ്പം നിത്യ ചൈതന്യ യതിയെയും മുനി തന്റെ ഗുരുവായി കരുതിയിരുന്നു. ‘‘വേദാന്തത്തിന്റെ താക്കോൽ പ്രസാദിന്റെ കൈയിലുണ്ട്’’ എന്ന് ഒരിക്കൽ യതി പറയുകയും ചെയ്തു. യതിയുടെ ‘ഭഗവദ്ഗീതാ സ്വാധ്യായം’ എന്ന ബൃഹത്തായ ഗീതാവ്യാഖ്യാനം ഒരു ജ്യേഷ്ഠനും അനുജനും തമ്മിലുള്ള സംവാദരൂപത്തിലാണ്. അനുജന്റെ സംശയങ്ങൾക്കുള്ള മറുപടി എന്നനിലയിലാണ് പുസ്തകത്തിലെ ചിന്ത വികസിക്കുന്നത്. അതിലെ അനുജൻ താനാണെന്ന്, പിന്നീട് ഗുരുവായി മാറി സ്വന്തമായി ഗീതാവ്യാഖ്യാനം രചിച്ച മുനി പറഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷിലും മലയാളത്തിലുമായി വളരെ ആഴത്തിൽ അവതരിപ്പിക്കുന്ന പഠനങ്ങൾ ഉള്ളപ്പോഴും മുനി നാരായണ പ്രസാദിന്റെ ഏറ്റവും ‘ജനകീയം’ എന്ന് പറയാവുന്ന കൃതി ‘അറിവിന്റെ ആദ്യപാഠങ്ങൾ’ ആയിരിക്കണം. അതിലെ വിഷയം ആഴമുള്ളതാണെങ്കിലും കുട്ടികളെ മുന്നിൽക്കണ്ടുകൊണ്ട്, അതിന് യോജിക്കുന്ന ശൈലിയിലാണ് അതിന്റെ രചന. പസഫിക് ദ്വീപായ ഫിജിയിലെ തന്റെ ‘ഏകാന്തവാസ’ കാലത്ത് ‘Basic Lessons on India's Wisdom’ എന്ന പുസ്തകം മലയാളത്തിലാക്കിയതാണിത്. അസമീസ് ഉൾപ്പെടെ പല ഭാഷകളിലേക്കും ഈ പുസ്തകം തർജമ ചെയ്യപ്പെട്ടു.
‘വേദാന്തത്തിന്റെ താക്കോൽ’ ഉപയോഗിച്ച് ഭാരതീയ പശ്ചാത്തലമുള്ള കൃതികൾ വ്യാഖ്യാനിക്കുക മാത്രമല്ല മുനി ചെയ്തത്. തികച്ചും വ്യത്യസ്തമായ, സെമിറ്റിക് മതങ്ങളുടെ വിശുദ്ധ പുസ്തകങ്ങളിലെ ‘രഹസ്യ അറകൾ’ ഈ താക്കോൽ ഉപയോഗിച്ചു തുറന്നത് മുനിയുടെ തനതായ സംഭാവനതന്നെയായിരിക്കണം. ‘സുവിശേഷങ്ങൾ വേദാന്ത ദൃഷ്ടിയിൽ’ എന്ന പുസ്തകം ‘Christ the Guru’ എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു.
മുസ്തഫ മൗലവിയുടെ പ്രേരണയിൽ രചിച്ച ‘അല്ലാഹുവിന്റെ നാമത്തിൽ’, ‘100 പ്രവാചക വചനങ്ങൾ’ എന്നീ ഗ്രന്ഥങ്ങളുടെ ചുവടുപിടിച്ച് ഇനിയാരെങ്കിലും എഴുതിയാലും അതിനു വഴിതെളിച്ചത് മുനിയല്ലാതെ മറ്റാരുമായിരിക്കില്ല. 2024ൽ രാജ്യം പത്മശ്രീ നൽകി മുനിയെ ആദരിച്ചപ്പോൾ അതിനു പിന്നിൽ ഈ തനതായ സംഭാവനകൾ ഒരു പ്രധാന ഘടകമായിരിക്കണം. തന്നെയല്ല, നാരായണ ഗുരുവിന്റെ ‘‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’’ എന്ന സൂക്തത്തിന്റെ അഗാധമായ അർഥതലങ്ങളും ഈ വേദാന്ത വീക്ഷണത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ഈ പുസ്തകങ്ങൾ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്ന ജോലിയിലായിരുന്നു മുനി അവസാന കാലത്ത്.
നാരായണ ഗുരുകുലംപോലുള്ള ഒരു ആധ്യാത്മിക പ്രസ്ഥാനത്തിന്റെ ലക്ഷ്യമായി മുനി നാരായണ പ്രസാദ് എഴുതിയതും മുനിയെ മനസ്സിലാക്കാനുള്ള ഒരു താക്കോലാണ്: ‘‘ഭാരതത്തിലെന്നപോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാകാലങ്ങളിൽ ഉദയം ചെയ്തിട്ടുള്ള ജ്ഞാനസൂര്യന്മാർ ചൊരിഞ്ഞുതന്ന അറിവിന്റെ മുത്തുകൾ നഷ്ടപ്പെട്ടുപോകാതെയും കാലാനുരൂപമായ തരത്തിൽ തേച്ചുമിനുക്കിയും സംരക്ഷിച്ച് നിർത്തുക’’ എന്നതാണ് അതിലെ പ്രധാന ആശയം. മുനി തന്റെ ജീവിതം സമർപ്പിച്ചതും ഇതേ ലക്ഷ്യത്തിനു വേണ്ടിത്തന്നെയായിരുന്നു.

നടരാജഗുരു,നിത്യചൈതന്യ യതി
ലോകത്തിന്റെ കാഴ്ചപ്പാടിൽ, 1938ൽ ഭൂജാതനായ മുനി നാരായണ പ്രസാദ് 2026 ഏപ്രിൽ 25ന് സമാധിയടഞ്ഞു. എന്നാൽ, മുനി സ്വയം കണ്ടത് അങ്ങനെയാണോ? അല്ല. ‘‘എന്നെ സംബന്ധിച്ചിടത്തോളം ജീവിതം ശവക്കുഴിയിൽ നിൽക്കുന്നില്ല. എന്നിലെ ബാഹ്യരൂപം മാത്രമാണ് അവിടെ അവസാനിക്കുന്നത്. എന്നിലെ സത്യം അനന്തമായി തുടരും; ഏകമായ പരമസത്യവുമായി അലിഞ്ഞുചേർന്ന് അവിരാമം തുടരും. ഏതു രൂപത്തിൽ? അതറിയാതിരിക്കുന്നതല്ലേ നല്ലത്? അതെവിടെ തുടങ്ങിയെന്നതും അജ്ഞാതമാണ്.’’ സ്വജീവിതത്തെപ്പറ്റി തനിക്കു അവസാനമായി പറയാനുള്ളത് ഒരു കവിതാശകലമായി അവതരിപ്പിക്കുന്നതിനു മുമ്പായി ആത്മകഥയിൽ മുനി എഴുതിയതാണിത് (2015ൽ ഡി.സി ബുക്സ് ‘ആത്മായനം’ പ്രകാശനം ചെയ്തപ്പോൾ അത് പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടത് എന്നോടായിരുന്നു എന്നത് ഒന്നോർത്തുകൊള്ളട്ടെ).
ഈ മനോഭാവത്തോടെ, ശാന്തമനസ്കനായിരുന്നുകൊണ്ട് അജ്ഞേയമായ അനന്തവിസ്തൃതമായ ഭാവിയെപ്പറ്റി മുനി അന്നെഴുതി:
നീളുന്നൊരിസന്ധ്യാവേള
രാവതിൽ ചേർന്നലിഞ്ഞിടും
പുത്തൻ പകലുകൾ വീണ്ടും
വന്നുദിച്ചീടുമേ ദൃഢം
അവതൻ പുലർവെട്ടത്തിൽ
പുതുപൂക്കൾ വിടർന്നിടും
അപ്പൂനിരയ്ക്കുള്ളിലായ് ഞാൻ
വാണീടുമെന്നുമെന്നുമേ...
തന്റെ പുസ്തകപ്പൂനിരക്കുള്ളിലായ് മുനി നാരായണ പ്രസാദ് എന്നും വാണീടും.
