‘മാ’യെ ഓര്‍ക്കാതെ ആ കാലത്തിലേക്ക് തിരിച്ചു നടക്കാനാകില്ല

1967-68 കാലത്ത് കോഴിക്കോട് ഫ്രാന്‍സിസ് റോഡിന് സമീപമുള്ള കുന്നിക്കല്‍ ഭവനം ഞങ്ങളുടെ സംഗമകേന്ദ്രമായിരുന്നു. അതിനടുത്തായി കല്ലായി റോഡില്തന്നെയുള്ള റിബല്‍ പബ്ലിക്കേഷന്‍ മറ്റൊരു സംഗമകേന്ദ്രമായിരുന്നു. കുന്നിക്കല്‍ ഭവനത്തിന്റെ ഒന്നാം നിലയിലാണ് കുന്നിക്കല്‍ നാരായണനും കുടുംബവും താമസം. താഴെ നിലയില്‍ അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും. മേല്‍ നിലയില്‍ അക്കാലത്ത് നിരവധി സഖാക്കള്‍ ഒത്തുചേര്‍ന്നിരിക്കും. പ്രഭാതം മുതല്‍ അർധരാത്രി കഴിയുവോളം സഖാക്കള്‍...
Your Subscription Supports Independent Journalism
View Plans1967-68 കാലത്ത് കോഴിക്കോട് ഫ്രാന്‍സിസ് റോഡിന് സമീപമുള്ള കുന്നിക്കല്‍ ഭവനം ഞങ്ങളുടെ സംഗമകേന്ദ്രമായിരുന്നു. അതിനടുത്തായി കല്ലായി റോഡില്തന്നെയുള്ള റിബല്‍ പബ്ലിക്കേഷന്‍ മറ്റൊരു സംഗമകേന്ദ്രമായിരുന്നു. കുന്നിക്കല്‍ ഭവനത്തിന്റെ ഒന്നാം നിലയിലാണ് കുന്നിക്കല്‍ നാരായണനും കുടുംബവും താമസം. താഴെ നിലയില്‍ അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും. മേല്‍ നിലയില്‍ അക്കാലത്ത് നിരവധി സഖാക്കള്‍ ഒത്തുചേര്‍ന്നിരിക്കും. പ്രഭാതം മുതല്‍ അർധരാത്രി കഴിയുവോളം സഖാക്കള്‍ വന്നും പോയിക്കൊണ്ടുമിരിക്കും. പഠനക്ലാസുകള്‍, പോസ്റ്റര്‍ രചന, വാദ-പ്രതിവാദങ്ങളും. കര്‍ക്കശക്കാരനായ കുന്നിക്കല്‍ നാരായണന് എല്ലാ കാര്യങ്ങളിലും നേതൃത്വം വഹിക്കും.
സൗമ്യപ്രകൃതിയായ ‘മാ’ (മന്ദാകിനി നാരായണന്) എല്ലാവര്‍ക്കിടയിലും ഒരു തലോടലായി പ്രത്യക്ഷപ്പെടും. മകള്‍ അജിത അന്ന് കൗമാരക്കാരിയായ പെണ്‍കുട്ടിയാണ്. ഞങ്ങള്‍ക്കിടയില്‍ ആവേശമായി അജിത എപ്പോഴുമുണ്ടാകും. ചില സഖാക്കള്‍ വട്ടംകൂടിയിരുന്ന് മാവോയുടെ കൃതികള്‍ ഏതെങ്കിലും മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്യുന്നുണ്ടാകും. ഓരോ വാക്കും നിരന്തരമായ ചര്‍ച്ചക്കു ശേഷമേ സ്വീകരിക്കാറുള്ളൂ. മലയാള ഭാഷയില്‍ വലിയ പിടിപാടൊന്നുമില്ലെങ്കിലും മാ കൗതുകത്തോടെ ഓരോ വാക്കും ഉരുവിടാന്‍ ശ്രമിക്കുന്നത് രസകരമായ കാഴ്ചയായിരുന്നു. ‘‘വിപ്ലവത്തിനിറങ്ങിക്കഴിഞ്ഞാല് എന്റെ ഇന്നത്തെ മലയാളം മതിയാകാതെ വരും.’’
ഉടനടി സംഭവിക്കാന്‍ പോകുന്ന വിപ്ലവത്തിന്റെ അതിരില്ലാത്ത ഉന്മാദത്തിലായിരുന്നു ഞങ്ങള്‍ എല്ലാവരും. ആ ഭവനത്തില്‍ ഇരുന്നുകൊണ്ട് ഞാന്‍ എഴുതിത്തീര്‍ത്ത പോസ്റ്ററുകള്‍ക്ക് കണക്കില്ല. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും മാവോ സെതുങ്ങിനെയും നക്സല്‍ബാരിയെയും സംബന്ധിക്കുന്നവ. ‘‘ഡെങ്ങ് തുലയട്ടെ’’, ‘‘ലിന് പിയാ ഓ അജയ്യനാകട്ടെ’’ എന്നും എഴുതിക്കൊണ്ടിരുന്നത് ഓര്‍ക്കുമ്പോള്‍ ഇന്ന് ചരിത്രത്തിന്റെ വിചിത്രമായ ഗതിയോര്‍ത്ത് വിസ്മയിക്കാതിരിക്കാനാകില്ല.
അവസാനമായി ഞാന്‍ കുന്നിക്കല്‍ ഭവനത്തിലെത്തിയത് 1968 നവംബര്‍ പകുതിയോടെയായിരുന്നു. വീട്ടില്‍ ഫര്‍ണിച്ചറുകളോ െബഡുകളോ റേഡിയോയോ ഒന്നും ഉണ്ടായിരുന്നില്ല. ആ ആളൊഴിഞ്ഞ വീട്ടില്‍ മാ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ ആശ്ചര്യം കണ്ട് മാ പുഞ്ചിരിച്ചു. ‘‘എല്ലാ ഭാരങ്ങളും ഒഴിവാക്കി നമ്മളെല്ലാം പുറപ്പെടുകയല്ലേ! വിപ്ലവത്തിലേക്ക്.’’ ‘മാ’യെ ഓര്‍ക്കാതെ ആ കാലത്തിലേക്ക് തിരിച്ചുനടക്കാനാകില്ല.
