വിമോചന പാതയിലെ പെണ്‍യാത്ര

കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിലും സ്ത്രീ മുന്നേറ്റ ചരിത്രത്തിലും തിളങ്ങുന്ന അധ്യായമാണ് മാ എന്ന മന്ദാകിനി നാരായണൻ. മായെയും അക്കാലത്തെയും കുറിച്ച് എഴുതുകയാണ് മുതിർന്ന നക്സലൈറ്റ് പ്രവർത്തകനായ വി.പി. ഭാസ്കരനും ഗവേഷകനായ രാജേഷ് കെ. എരുമേലിയും.‘ഇന്ത്യയുടെ വിമോചനം സായുധവിപ്ലവത്തിലൂടെ’ എന്ന ആശയത്തെ ജീവനോട് ചേര്‍ത്ത പോരാളിയായിരുന്നു ‘മ’ എന്ന മന്ദാകിനി നാരായണന്. ഗുജറാത്തില്‍ ജനിച്ച് കേരളത്തില്‍ ജീവിച്ച മന്ദാകിനിയുടെ യാത്രകള്‍...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിലും സ്ത്രീ മുന്നേറ്റ ചരിത്രത്തിലും തിളങ്ങുന്ന അധ്യായമാണ് മാ എന്ന മന്ദാകിനി നാരായണൻ. മായെയും അക്കാലത്തെയും കുറിച്ച് എഴുതുകയാണ് മുതിർന്ന നക്സലൈറ്റ് പ്രവർത്തകനായ വി.പി. ഭാസ്കരനും ഗവേഷകനായ രാജേഷ് കെ. എരുമേലിയും.
‘ഇന്ത്യയുടെ വിമോചനം സായുധവിപ്ലവത്തിലൂടെ’ എന്ന ആശയത്തെ ജീവനോട് ചേര്‍ത്ത പോരാളിയായിരുന്നു ‘മ’ എന്ന മന്ദാകിനി നാരായണന്. ഗുജറാത്തില്‍ ജനിച്ച് കേരളത്തില്‍ ജീവിച്ച മന്ദാകിനിയുടെ യാത്രകള്‍ തീക്ഷ്ണവും സങ്കീര്‍ണവുമായിരുന്നു. കുന്നിക്കല്‍ നാരായണന്, മന്ദാകിനി, അജിത, മൂവരുമടങ്ങുന്ന കുടുംബം സായുധവിപ്ലവത്തിന്റെ പാതയിലേക്ക് ഇറങ്ങുമ്പോള്‍ മുന്നില്‍ കാണുന്ന ഒന്നും അവരുടെ മുന്നില്‍ തടസ്സമായിരുന്നില്ല. പൂര്‍ണമായും വിപ്ലവ കുടുംബം എന്ന് ഇവരുടെ ജീവിതത്തെ വിശേഷിപ്പിക്കാവുന്നതാണ്. വളരെ ചെറുപ്പത്തില്‍ തന്റെ മനസ്സില്‍ രൂപപ്പെട്ട സാമൂഹികമാറ്റത്തിലധിഷ്ഠിതമായ ചിന്തകളാണ് മന്ദാകിനിയെ വിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ചത്. നിലവിലെ വ്യവസ്ഥയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നവരുണ്ട്. അതിനെ മാറ്റിമറിക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. രണ്ടാമത് പറഞ്ഞവരുടെ കൂട്ടത്തിലാണ് മന്ദാകിനി ഉള്‍പ്പെടുന്നത്. പ്രത്യയശാസ്ത്രത്തിനപ്പുറം മറ്റൊന്നുമില്ല എന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മന്ദാകിനി ഭരണകൂടം ഉള്‍പ്പെടെ എല്ലാ അധികാരങ്ങളോടും കലഹിച്ച വ്യക്തിയാണ്. കുന്നിക്കലിനൊപ്പം ജീവിക്കുമ്പോഴും യാഥാസ്ഥിതിക കുടുംബഘടനയെ പൊളിക്കുന്ന സമീപനമാണ് മന്ദാകിനി സ്വീകരിച്ചത്.

പുൽപള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് അജിതയെ അറസ്റ്റ് ചെയ്തപ്പോൾ
‘‘കൗമാരപ്രായത്തില്‍ ഞാന്‍ റൊമാന്റിക്കായിരുന്നു. ഭാവിയെക്കുറിച്ച് ഉന്നതമായ പ്രതീക്ഷയുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ജ്ഞാനസ്നാനം ചെയ്യപ്പെടും മുമ്പ്, മാനുഷികവും സാമൂഹികവുമായ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയ വ്യത്യസ്ത ജീവിതരീതി സ്വീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ ബന്ധുക്കളും ചങ്ങാതിമാരും മേലേക്കിടയിലുള്ളവരും താഴെ തട്ടിലുള്ളവരുമായ മധ്യവര്ഗക്കാരെപ്പോലെ യാഥാസ്ഥിതികമായ ജീവിതരീതിയിലായിരുന്നു, സന്തുഷ്ടവും സുരക്ഷിതവുമായ ജീവിതം എന്ന ആശയത്തെ അവര്‍ താലോലിച്ചു. കുടുംബത്തിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചു.
അതിനാലാണ് ഞാന്‍ വ്യത്യസ്തമായ രീതി സ്വീകരിക്കാനാരംഭിച്ചത് (മറിക്കാത്ത താളുകള്‍, 38: 2007). ജീവിതത്തിന്റെ തീക്ഷ്ണമായ ഘട്ടങ്ങളില്‍ പതറാതെ മുന്നോട്ട് പോകാന്‍ മന്ദാകിനിയെ സഹായിച്ചത് ചെറുപ്പത്തില്‍ മനസ്സില്‍ രൂപപ്പെടുത്തിയ രാഷ്ട്രീയമായ കാഴ്ചപ്പാടും ഇച്ഛാശക്തിയുമാണ്. കുന്നിക്കല്‍ നാരായണന്റെ ജീവിതപങ്കാളിയായി മാറുമ്പോഴും പലതരത്തിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങളിലൂടെ മന്ദാകിനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. മകളുടെ ചെറിയ പ്രായത്തില്‍തന്നെ അമ്മക്ക് ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വരിക, ദാരിദ്ര്യത്താല്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുക, ജയിലില്‍വെച്ച് കഠിനമായ രോഗാവസ്ഥയിലൂടെ കടന്നുപോവുക, അയല്ദേശത്തുനിന്നും ഇവിടെ വന്ന് ജീവിക്കേണ്ടിവന്ന സ്ത്രീകളില്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരില്‍ അധികമാളുകള്‍ ഉണ്ടായിരിക്കില്ല. പൊലീസിന്റെയും ഭരണകൂടത്തിന്റെയും അടിച്ചമര്‍ത്തല്‍ നേരിടുമ്പോഴും ഇന്ത്യയുടെ വിമോചനം എന്ന ആശയമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

പുൽപള്ളി ആക്രമണത്തിനു ശേഷം കെ. അജിത പൊലീസ് കസ്റ്റഡിയിൽ,മന്ദാകിനിയും അജിതയും
കേരളത്തില്‍ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭഘട്ടത്തില്‍തന്നെ അതിന്റെ പ്രവര്‍ത്തകരായി മാറാന്‍ കുന്നിക്കല്‍ നാരായണനും മന്ദാകിനിക്കും അജിതക്കും കഴിഞ്ഞു. സി.പി.എമ്മില്‍നിന്നും പുറത്താക്കപ്പെട്ടതോടെ രാഷ്ട്രീയ ജീവിതത്തില്‍നിന്ന് അരാജക അവസ്ഥയിലേക്ക് മാറിയ കുന്നിക്കല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതോടെയാണ് പഴയ രാഷ്ട്രീയ അവസ്ഥയിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹം പലപ്പോഴും കൈക്കൊള്ളുന്ന വ്യത്യസ്ത നിലപാടുകള്‍ ജീവിതത്തെ പിടിച്ചുലക്കുമ്പോഴും യോജിച്ചും വിയോജിച്ചും മന്ദാകിനി ഒരു നദിപോലെ അതിനൊപ്പം യാത്രചെയ്തു.
സ്കൂള്‍പഠനകാലത്ത് അതായത് പതിനാറാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് മന്ദാകിനി തന്റെ രാഷ്ട്രീയ പ്രവേശനത്തിന് തുടക്കംകുറിക്കുന്നത്. തുടര്‍ന്ന് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിനായി മുംബൈയിലെത്തി. അതിനിടയിലാണ് കുന്നിക്കല്‍ നാരായണനുമായി പരിചയപ്പെടുന്നതും ജീവിതപങ്കാളിയായി മാറുന്നതും. കുന്നിക്കല്‍ നാരായണന് മുംബൈയില്‍ തുണിമില്ലുകളില്‍ ജോലിചെയ്യുന്ന സമയത്താണ് ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം നടത്തുന്നത്. സജീവമായി രാഷ്ട്രീയത്തില്‍ നില്ക്കുന്ന സമയത്താണ് 1949ല്‍ മതപരമായ ആചാരാനുഷ്ഠാനങ്ങളൊന്നുമില്ലാതെ ലളിതമായ ചടങ്ങില്‍ ഇരുവരുടെയും വിവാഹം നടന്നത്. ഈ ഒത്തുചേരല്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു.
‘‘അസാമാന്യ ധീരതയുള്ള സാഹസിക തീരുമാനങ്ങള്‍ എടുക്കാന്‍ നിമിഷാർധംപോലും വേണ്ടാത്ത ഉള്‍ക്കരുത്തുള്ള വ്യക്തിയായിരുന്നു മന്ദാകിനി. ഗുജറാത്തി ബ്രാഹ്മണ ഇടത്തരം കുടുംബം. ബ്രാഹ്മണ്യത്തിന്റെ കെട്ടുപാടുകളെ നന്നേ ചെറുപ്പത്തിലേ അറുത്തുകളഞ്ഞ ലളിതജീവിതം നയിച്ച ആക്ടിവിസ്റ്റ്’’ (ആര്.കെ. ബിജുരാജ്, 23: 2025). ഓരോ ഘട്ടത്തിലും ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ മന്ദാകിനിക്ക് സാധിച്ചത് ചെറുപ്പത്തില്‍ രൂപപ്പെടുത്തിയ തന്റെ രാഷ്ട്രീയ ബോധ്യങ്ങള്കൊണ്ടായിരുന്നു. വിവാഹശേഷം കോഴിക്കോട്ടേക്ക് വരുകയും ഇവിടത്തെ ഗുജറാത്തി സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുകയുംചെയ്തു. അന്ന് അജിതക്ക് രണ്ട് മാസം മാത്രമാണ് പ്രായമുള്ളത്. ചെറുപ്പം മുതല്‍ അച്ഛനമ്മമാരില്‍നിന്നും വീട്ടിലെത്തിയവരില്നിന്നും രാഷ്ട്രീയ പാഠങ്ങള്‍ കേട്ടുവളര്‍ന്നതിനാല്‍ അജിതക്കും മന്ദാകിനിയെപ്പോലെ തികഞ്ഞ രാഷ്ട്രീയ ബോധ്യമുള്ളയാളായി മാറാന്‍ സാധിച്ചു. എല്ലാത്തരം ഇടപെടലുകളിലും അടിപതറാതെ മുന്നോട്ടുപോകാന്‍ അജിതക്ക് സഹായമായത് ഇത്തരം അനുഭവങ്ങളാണ്.

‘‘അമ്മയുടെ കുടുംബജീവിതത്തിലും കമ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം വളരെയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടായിരുന്നു. സാധാരണ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലെ സ്ത്രീകള്‍ പാലിച്ചുപോരുന്ന ചട്ടങ്ങളും ആചാരങ്ങളുമെല്ലാം അമ്മ പൂര്‍ണമായും വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. ദൈവമെന്ന പ്രശ്നമേ അമ്മക്കില്ലായിരുന്നു. ആഭരണങ്ങളിലുള്ള കമ്പം ചെറുപ്പത്തിലേ അമ്മ ഉപേക്ഷിച്ചിരുന്നു. മാമന്മാരും പൂണൂല് എന്നേ ഉപേക്ഷിച്ചവരായിരുന്നു. അങ്ങനെ യാഥാസ്ഥിതികത്വത്തില്‍ മുങ്ങിക്കിടന്നിരുന്ന ഒരു സവര്‍ണ കുടുംബത്തില്‍ അതിനെതിരായി കലാപംചെയ്ത് സ്വാതന്ത്ര്യസമരത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭാഗമെന്നോണം ആവേശപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ട് അമ്മ എല്ലാ പഴഞ്ചന്‍ ആചാരങ്ങളെയും കൂസലില്ലാതെ വെല്ലുവിളിക്കുകയായിരുന്നു’’ (അജിത, 1982: 79). അജിതയെ രൂപപ്പെടുത്തുന്നതില്‍ മന്ദാകിനിയുടെ ചിന്തയും പ്രവര്‍ത്തനങ്ങളും വലിയ ഘടകമായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിലും തുടര്‍ന്ന് സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങളിലും തളരാത്ത നിലപാട് സ്വീകരിക്കാന്‍ അജിതയെ പ്രേരിപ്പിക്കുന്നത് അമ്മയില്‍നിന്നും ലഭിച്ച ധൈര്യമാണ്.
മന്ദാകിനി ജയിലില്‍ കിടന്നുകൊണ്ട് മകള്‍ക്ക് അയച്ച കത്തുകള്‍ കാൽപനികമായ പ്രകടനത്തിനപ്പുറം രാഷ്ട്രീയവും സാമൂഹികവും ലിംഗപരവുമായ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അജിതയുടെ ഇപ്പോഴും തുടരുന്ന ഇടപെടലുകള്‍. കേരളത്തിന്റെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മന്ദാകിനിയെപ്പോലെയും അജിതയെപ്പോലെയും നേതൃനിരയിലേക്ക് കടന്നുവരുകയും ചരിത്രം സൃഷ്ടിക്കുകയുംചെയ്ത സ്ത്രീകളുടെ എണ്ണം കുറവാണ്.

കെ. അജിത, കുന്നിക്കൽ നാരായണൻ
എന്നാല്‍, സാമൂഹികമാറ്റം സ്വപ്നം കണ്ട് പ്രവര്‍ത്തിച്ചവരുടെ വീടുകളില്‍ അവരുടെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയ ധാരാളം സ്ത്രീകളെ കണ്ടെത്താനാകും. അവരെല്ലാം നിശ്ശബ്ദമായി നിന്ന് രാഷ്ട്രീയ ബോധ്യങ്ങളെ തിരിച്ചറിഞ്ഞവരാണ്. ഒളിവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വെച്ചുവിളമ്പുക, പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ധീരമായി നില്ക്കുക, വിദൂര ദേശങ്ങളിലിരുന്ന് കത്തുകളിലൂടെ കുടുംബത്തെ ബന്ധപ്പെട്ടുകൊണ്ടിരിക്കുക, ഇതെല്ലാമാണ് നക്സലൈറ്റ് കുടുംബങ്ങളിലെ സ്ത്രീ അനുഭവങ്ങള്‍. ഈ അർഥത്തില്‍ വളരെ തീക്ഷ്ണമായ ജീവിത, രാഷ്ട്രീയ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരില് കൂടുതലും കീഴാള സ്ത്രീകള്‍തന്നെയാണ്. അത്തരം മനുഷ്യരുടെ ജീവിതം നക്സലൈറ്റ് പ്രസ്ഥാന ചരിത്രരചനകളില്‍ കാര്യമായി ഇടംപിടിച്ചിട്ടില്ല. മന്ദാകിനിയുടെ ജന്മശതാബ്ദിയില്‍ അത്തരം ചരിത്രങ്ങളെ കണ്ടെടുക്കുകയും രേഖപ്പെടുത്തുകയുംചെയ്യേണ്ടതുണ്ട്.
=================
ഗ്രന്ഥസൂചി
മറിക്കാത്ത താളുകള്‍, മന്ദാകിനി നാരായണന്റെ ഓർമക്കുറിപ്പുകള്‍, വിമന്‍സ് ഇംപ്രിന്റ്, തൃശൂര്‍.
ഓർമക്കുറിപ്പുകള്‍, അജിത, ഡി.സി ബുക്സ് കോട്ടയം.
നക്സല്‍ദിനങ്ങള്‍; ആര്.കെ. ബിജുരാജ്, ഡി.സി ബുക്സ് കോട്ടയം.
മായുടെ കത്തുകള്‍, മാതൃഭൂമി ബുക്സ് കോഴിക്കോട്
നക്സല്‍ബാരി: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രപാതയിലെ സുപ്രധാന നാഴികക്കല്ല്, ജോണ്‍ കെ. എരുമേലി, മൈത്രി ബുക്സ് തിരുവനന്തപുരം.
