Begin typing your search above and press return to search.
proflie-avatar
Login

വെറുപ്പിനെ എളുപ്പം വെറുക്കാനാവുമോ?

വെറുപ്പിനെ എളുപ്പം വെറുക്കാനാവുമോ?
cancel

ആഗോളതലത്തിൽതന്നെ വെറുപ്പ്​ എങ്ങനെയാണ്​ പടർന്നിരിക്കുന്നത്​? ഒരുസാമൂഹിക നിർമിതി എന്ന നിലയിൽ വെറുപ്പ് ഇന്ന് പൊതു-സ്വകാര്യ ജീവിതമണ്ഡലങ്ങളിൽ പ്രസരണം ചെയ്യ​െപ്പട്ടുകഴിഞ്ഞോ? വംശീയവിവേചനത്തിലും ഉന്മൂലനത്തിലും അധിഷ്ഠിതമായ ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തിൽ 'വെറുപ്പി'​െന്റ സ്​ഥാനം എന്താണ്​? -ചിന്തയും വിശകലനവും.വെറുപ്പിന്റെ ആഗോള രാഷ്​ട്രീയത്തെക്കുറിച്ചും അതിന്റെ വിമർശനവഴികളെക്കുറിച്ചും ചില നിരീക്ഷണങ്ങൾ പങ്കുവെക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. വെറുപ്പിന്റെ സമകാലിക രൂപപരിണാമങ്ങളും അതോടൊപ്പം വെറുപ്പിനെതിരെയുള്ള വിമർശനങ്ങളുടെ പ്രത്യേകതയും ആണ് ചർച്ച ചെയ്യുന്നത്. വെറുപ്പിനെ എളുപ്പം...

Your Subscription Supports Independent Journalism

View Plans
ആഗോളതലത്തിൽതന്നെ വെറുപ്പ്​ എങ്ങനെയാണ്​ പടർന്നിരിക്കുന്നത്​? ഒരുസാമൂഹിക നിർമിതി എന്ന നിലയിൽ വെറുപ്പ് ഇന്ന് പൊതു-സ്വകാര്യ ജീവിതമണ്ഡലങ്ങളിൽ പ്രസരണം ചെയ്യ​െപ്പട്ടുകഴിഞ്ഞോ? വംശീയവിവേചനത്തിലും ഉന്മൂലനത്തിലും അധിഷ്ഠിതമായ ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തിൽ 'വെറുപ്പി'​െന്റ സ്​ഥാനം എന്താണ്​? -ചിന്തയും വിശകലനവും.

വെറുപ്പിന്റെ ആഗോള രാഷ്​ട്രീയത്തെക്കുറിച്ചും അതിന്റെ വിമർശനവഴികളെക്കുറിച്ചും ചില നിരീക്ഷണങ്ങൾ പങ്കുവെക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. വെറുപ്പിന്റെ സമകാലിക രൂപപരിണാമങ്ങളും അതോടൊപ്പം വെറുപ്പിനെതിരെയുള്ള വിമർശനങ്ങളുടെ പ്രത്യേകതയും ആണ് ചർച്ച ചെയ്യുന്നത്. വെറുപ്പിനെ എളുപ്പം 'വെറുക്കാനല്ല', മറിച്ച്, വെറുപ്പിനെ വിശകലനത്തിനു വിധേയമാക്കാൻ ശ്രമിക്കുന്ന പഠനങ്ങൾ മുന്നോട്ടു വെക്കുന്ന നിഗമനങ്ങളെയും സമകാലിക രാഷ്​ട്രീയത്തെയും മുൻനിർത്തിയാണ് ഈ ചർച്ച. വെറുപ്പിനെ അയുക്തിയായും വൈകാരികതയായും കാണുന്ന വീക്ഷണവും യുക്തിയുടെയും ചിന്തയുടെയും രാഷ്​ട്രീയത്തിന്റെയും അപരമായി പ്രതിഷ്ഠിക്കുന്ന പൊതുസമീപനവും സങ്കീർണമാക്കേണ്ടതുണ്ടെന്ന് ഈ ലേഖനം വാദിക്കുന്നു.

യുക്തിയിലും സ്വാതന്ത്ര്യത്തിലും അവകാശത്തിലും ചിട്ടപ്പെടുത്തിയ ആധുനിക ലിബറൽ ജനാധിപത്യക്രമം വെറുപ്പിനെ സിദ്ധാന്തപരമായി എതിർക്കുകയും പ്രയോഗത്തിൽ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ സമകാലികചരിത്രം ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പരിശോധിക്കുന്നു. വെറുപ്പിനെ എല്ലാ രാഷ്​ട്രീയ ഇടങ്ങളുടെയും പ്രത്യേകതയായി കാണാൻ ഇതു സഹായിക്കുന്നു. തുടർന്ന്, വെറുപ്പിനെ ലളിതമായി വായിക്കാതെ, വിശകലനപരമായി ഗൗരവത്തിലെടുക്കുന്ന മനോവിശ്ലേഷണ വിമർശനങ്ങൾ നൽകുന്ന ചില തിരിച്ചറിവുകൾ പരിചയപ്പെടുത്തുന്നു. വെറുപ്പിനെ മറികടക്കാനുള്ള ശ്രമങ്ങൾ അഭിമുഖീകരിക്കുന്ന പരിമിതികൾ മനസ്സിലാക്കേണ്ടത് ഈ ചർച്ചയിൽ പ്രധാനമാണ്. വെറുപ്പ്, ശത്രുത, രാഷ്​ട്രീയം ഇവയെക്കുറിച്ച് ചിന്തിക്കുന്ന ഗസാൻ ഹാഗെയുടെ നിരീക്ഷണങ്ങളെ അവലംബിച്ച്, അമേരിക്കൻ ഐക്യനാടുകളിലെ സമീപകാല രാഷ്​ട്രീയമാറ്റത്തെക്കുറിച്ച് വ്യത്യസ്തമായ ഒരു സമീപനം ലേഖനത്തിന്റെ അവസാനഭാഗത്ത് അവതരിപ്പിക്കുന്നുണ്ട്. വെറുപ്പിനെ രാഷ്​ട്രീയമായി അഭിമുഖീകരിക്കാനുള്ള ഒരു പ്രായോഗിക രീതിശാസ്ത്രം ഇതിലൂടെ തെളിഞ്ഞുവരുന്നു.

വെറുപ്പ് എന്നത് പ്രാഥമികമായിത്തന്നെ ഒരു രാഷ്​ട്രീയ/സാമൂഹിക അവസ്ഥയാണ്. വ്യക്തിയിലും സമൂഹത്തിലും അത് ഒഴിവാക്കാൻ കഴിയാത്ത ഒരു മൂല്യമായി പ്രവർത്തിക്കുന്നു. വെറുപ്പിനെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല. പകരം, വെറുപ്പിനെ രാഷ്​ട്രീയ പ്രതിരോധ പ്രമേയമാക്കി മാറ്റിത്തീർക്കാൻ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. മൂന്ന് പൊതു നിർദേശങ്ങൾ ഈ ലേഖനം നൽകുന്നു. ഒന്ന്: വെറുപ്പ് എല്ലാ രാഷ്​ട്രീയത്തിലും പൊതുവായുണ്ട്. വെറുപ്പിന്റെ പ്രശ്നം ഇല്ലാത്ത ഒരു രാഷ്​ട്രീയ ഇടവും ഇല്ല. വെറുപ്പ്, സാമൂഹിക നിർമിതി എന്ന നിലയിൽ ഒരു വസ്തുതയാണ്. രണ്ട്: വെറുപ്പ് ഒരു സാമൂഹിക നിർമിതി എന്ന നിലയിൽ പൊതുവാണെങ്കിലും അതിൽ രാഷ്​ട്രീയപരമായ നിലപാടും ഇടപെടലും വളരെ പ്രധാനമാണ്. മറ്റുള്ള രാഷ്​ട്രീയ വ്യവസ്ഥകളിൽനിന്ന് വ്യത്യസ്തമായി ഫാഷിസവും വംശീയതയും നിർമിക്കുന്ന വെറുപ്പിന് ഒരു അനന്യതയുണ്ട്. അതുകൊണ്ടുതന്നെ ഫാഷിസം അടക്കമുള്ള വംശീയ പദ്ധതികളുടെ പിടിയിൽനിന്ന് വെറുപ്പിനെ മോചിപ്പിക്കാനും രാഷ്​ട്രീയത്തിന്റെ മണ്ഡലത്തിൽ അതിന്റെ സ്ഥാനം നിർണയിക്കാനും കഴിയേണ്ടതുണ്ട്. മൂന്ന്: ഇതിനായി വെറുപ്പും രാഷ്​ട്രീയവും തമ്മിലുള്ള ബന്ധത്തെ സവിശേഷമായി നിർവചിക്കേണ്ടതുണ്ട്. വിമർശനത്തിന്റെ പ്രശ്നം എന്ന നിലയിൽ എതിരാളി (adversary)/ശത്രു (enemy) എന്നത് രാഷ്​ട്രീയത്തിൽ വളരെ പ്രാധാന്യമുള്ളൊരു സംഘാടക തത്ത്വമാണ്. എന്നാൽ വംശീയ / ഫാഷിസ്​റ്റ്​ രാഷ്​ട്രീയം എതിർപ്പിനെയും ശ​ത്രുതയെയും വെറുപ്പാക്കി മാറ്റുകയും അതിനെ സ്ഥാപനവത്​കരിക്കുകയും അപരവിദ്വേഷമാക്കി മാറ്റുകയും ചെയ്യുന്നു. ഉന്മൂലനം ചെയ്യപ്പെടേണ്ട വിഭാഗമായി ശത്രുവും എതിരാളിയും മാറുന്നു. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി, വെറുപ്പിനെയും എതിർപ്പിനെയും (ശത്രുതയെയും) രണ്ടായി മനസ്സിലാക്കാനും അങ്ങനെ വെറുപ്പിന്റെ സ്ഥാനം എതിർപ്പിന്റെയും ശത്രുതയുടെയും കീഴിൽ കൊണ്ടുവരുകയും വിമർശനത്തിന്റെ മണ്ഡലത്തിൽ അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നൊരു തന്ത്രം ഇന്നത്തെ ഫാഷിസ്​റ്റ്​വിരുദ്ധ /വംശീയ വിരുദ്ധ രാഷ്​ട്രീയ മുന്നേറ്റത്തിനു അത്യാവശ്യമാണ്.

ലിബറൽ ജനാധിപത്യത്തിന്റെ സന്ദേഹങ്ങൾ

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ സോവിയറ്റ് യൂനിയന്റെ തകർച്ചക്കു ശേഷം ലോക സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും പറുദീസ എന്ന നിലയിലുള്ള ലിബറൽ ഡെമോക്രസിയുടെ ആത്യന്തിക ജൈത്രയാത്ര ആരംഭിച്ചു എന്നാണ്‌ കരുതിയത്. അക്കാലഘട്ടത്തിൽ വികസിച്ച 'നാഗരികതകളുടെ സംഘട്ടനം' എന്ന ഫ്രാൻസിസ് ഫുകുയാമയുടെയും സാമുവൽ ഹണ്ടിങ്ടണിന്റെയും പ്രവചനങ്ങൾ ലിബറൽ ജനാധിപത്യത്തിന്റെ പ്രത്യയശാസ്ത്രവാഗ്ദാനങ്ങളുടെ ഭാഗമായിരുന്നു. അങ്ങനെ ലോകത്ത് ലിബറൽ ജനാധിപത്യവും അതിന്റെ ശത്രുക്കളും എന്ന നിലയിൽ പുതിയൊരു ശാക്തിക സമവാക്യം രൂപവത്​കരിക്കപ്പെട്ടു. ആഗോളതലത്തിൽതന്നെ മുസ്​ലിം സമൂഹങ്ങളെ പുതിയ ലോകക്രമത്തിന്റെ അപരമായി നിർവചിക്കുന്ന സവിശേഷസാഹചര്യം ഉടലെടുത്തു. ഒരു പരിധിയും കടന്ന്, മത- സാമൂഹിക-രാഷ്​ട്രീയ സ്വഭാവമുള്ള ആഗോളവംശീയതയെന്ന നിലയിൽ ഇസ്‌ലാമോഫോബിയ പുതിയൊരു വെറുപ്പിന്റെ രാഷ്​ട്രീയമായി ലോകമാകെ പടരാൻ ഇതു കാരണമായി.

എന്നാൽ പിന്നീടുള്ള ദശകങ്ങളിൽ ലിബറൽ ജനാധിപത്യത്തിൽ തന്നെ സംഭവിച്ച മാറ്റങ്ങൾ പരിശോധിക്കുമ്പോൾ മറ്റൊരു ചിത്രമാണ് തെളിയുന്നത്. വിശിഷ്യാ, സെപ്റ്റംബർ പതിനൊന്നിന് അമേരിക്കയിലെ വൻ നഗരങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് ശേഷം ലിബറൽ ജനാധിപത്യത്തിന്റെ ആന്തരികലോകത്തുതന്നെ പുതിയ മാറ്റങ്ങൾ ഉണ്ടായി. വംശീയതയുടെ വളരെ പ്രകടമായ ആവിഷ്കാരം എന്ന നിലയിൽ വെറുപ്പ് പുതിയ അർഥങ്ങൾ കൈവരിച്ചു. 9/11ന് ശേഷം ജോർജ് ബുഷ് നടത്തിയ നിരവധി പ്രഭാഷണങ്ങളിൽ ഊന്നിപ്പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ അക്രമം നടത്തിയവർ ''നമ്മുടെ സ്വാതന്ത്ര്യത്തെ വെറുക്കുന്നു'' (They hate our freedom) എന്നതായിരുന്നു.


വെറുപ്പ് എന്നുള്ളത് ലിബറൽ ജനാധിപത്യത്തിന് പുറത്തുള്ള സമൂഹങ്ങളുടെ പ്രത്യേകതയാണെന്നും, ലിബറൽ ജനാധിപത്യസമൂഹങ്ങൾ സ്വാതന്ത്ര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത് എന്നുമുള്ള പ്രധാനപ്പെട്ട ദ്വന്ദ്വ/വിഭജന സമീപനം വികസിച്ചുവന്നു. സംഘർഷാനന്തര (post-conflictual) ലോകത്തെക്കുറിച്ചുള്ള സ്വപ്നം എന്ന നിലയിൽ ഇതൊരു രാഷ്​ട്രീയാനന്തര (post-political) ലോകത്തെക്കുറിച്ചുള്ള യൂറോകേന്ദ്രീകൃത ഭാവനകൂടിയായിരുന്നു. യുക്തിയില്ലായ്മയിലും മതവിശ്വാസത്തിലും അടിസ്ഥാനപ്പെടുത്തിയ അപരസമൂഹങ്ങൾ വിശിഷ്യാ മുസ്​ലിം സമൂഹങ്ങൾ ഒരു വശത്തും സ്വാതന്ത്ര്യത്തിലും അവകാശബോധത്തിലും ചിട്ടപ്പെടുത്തിയ ലിബറൽ ജനാധിപത്യം മറുവശത്തും എന്ന ഒരു ആഗോള പൊതുബോധം രൂപപ്പെട്ടുവന്നു. എന്നാൽ അമേരിക്ക രണ്ടായിരത്തിരണ്ടിനു ശേഷം നടത്തിയ ഇറാഖ്-അഫ്ഗാൻ അധിനിവേശത്തോടുകൂടി ലിബറൽ ജനാധിപത്യത്തിന്റെ ആന്തരിക വൈരുധ്യങ്ങൾ കൂടുതൽ വ്യക്തമായി.

സ്വന്തം നാടുകളിൽ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുകയും അതേസമയം, ഏഷ്യൻ-ആഫ്രിക്കൻ- ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അധിനിവേശവും യുദ്ധവും വിതരണം ചെയ്തുമാണ് ഈ നവ ലിബറൽ ലോകക്രമം ഒരു യുദ്ധ-രാഷ്​ട്രീയം എന്ന നിലയിൽ വികസിച്ചത്. എന്നാൽ സ്വന്തം നാട്ടിൽ‍ സമാധാനവും വിദേശത്ത് യുദ്ധവും എന്ന സമവാക്യത്തിന്റെ വില വളരെ കൂടുതലായിരുന്നു. ഇത് പുതിയ തരത്തിലുള്ള ഒരു ആന്തരിക പ്രതിസന്ധിയിലേക്ക് ലിബറൽ ജനാധിപത്യക്രമത്തെ നയിച്ചു. നേരത്തേ സൂചിപ്പിച്ചതുപോലെ സ്വാതന്ത്ര്യത്തിന്റെ അവകാശികളും സ്വാതന്ത്ര്യത്തെ വെറുക്കുന്ന വിഭാഗവും എന്നുള്ള നിലക്ക് സമൂഹത്തെ നിർമിച്ച വിഭജനം ലിബറൽ ജനാധിപത്യ ക്രമങ്ങളെ തന്നെ വെറുപ്പിന്റെ പുതിയ ആയുധപ്പുരകളാക്കി മാറ്റി. ലോകമാകെ ഒരു നവലിബറൽ / നവ വംശീയ സ്ഥാപന-ഭരണമനോഭാവ സ്വഭാവം വെറുപ്പിനു കൈവരുന്ന കാഴ്ചയാണ് കണ്ടത്. അവകാശവും സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത ലിബറൽ ജനാധിപത്യക്രമങ്ങൾതന്നെ ജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും പ്രയോഗത്തിൽ അടിച്ചമർത്തുന്ന ഇല്ലിബറൽ (Illiberal) ജനാധിപത്യക്രമമായി വീണ്ടും മാറി. ഒരു പരിധിയും കഴിഞ്ഞ് നാസി കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ യൂറോപ്പിൽ വലതുപക്ഷ പോപ്പുലിസത്തിന്റെയും വെള്ള വംശീയതയുടെയും സ്ഥാപനരൂപങ്ങൾ ആയി പരിവർത്തിക്കപ്പെടുകയും ചെയ്തു. സംഘർഷത്തിന്റെ ലോകവും രാഷ്​ട്രീയത്തിന്റെ ലോകവും വീണ്ടും യൂറോ-അമേരിക്കൻ സമൂഹങ്ങളുടെ പ്രത്യേകതയായിരിക്കുകയാണെന്ന് ഫ്രാൻസിസ് ഫുകുയാമ 2019ൽ എഴുതിയ പുതിയ പുസ്തകത്തിൽ (Identity: Contemporary Identity Politics and the Struggle for Recognition) സമ്മതിക്കുന്നതരത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു.

ശീതയുദ്ധാനന്തരം നവലിബറൽ സാമ്പത്തിക/ രാഷ്​ട്രീയ നയങ്ങളുടെ ഭാഗമായി ആഗോളീകരണം വികസിച്ചു വന്നതിന്റെ മറ്റൊരു പരിണതിയായിരുന്നു പുതിയ മാറ്റങ്ങൾ. ആഗോളീകരണം അതിന്റെ ആദ്യകാല വക്താക്കൾ കരുതിയിരുന്നതുപോലെ വസ്തുക്കളുടെ കൈമാറ്റത്തിൽ (exchange of goods) മാത്രം ഒതുങ്ങുന്ന ഒരു പ്രക്രിയയായിരുന്നില്ല. ആഗോളീകരണം സൃഷ്ടിച്ച യുദ്ധങ്ങളും സാമ്രാജ്യത്വ അധിനിവേശങ്ങളും നവ ലിബറൽ സാമ്പത്തികനയങ്ങളും വികസിതരാജ്യങ്ങളിലേക്കുള്ള ജനങ്ങളുടെ കൂട്ടപ്പലായനത്തിലേക്കു നയിച്ചു. അങ്ങനെ ചരക്കിന്റെ കൈമാറ്റം എന്നതോടൊപ്പംതന്നെ ജനങ്ങളുടെ പലായനം (exodus of the people) കൂടി ആഗോളീകരണം സാധ്യമാക്കി. പുതിയ കുടിയേറ്റ സമൂഹങ്ങൾ യൂറോ-അമേരിക്കൻ ജനാധിപത്യത്തിന്റെ ആന്തരിക സംഘർഷങ്ങളെ കൂടുതൽ തീവ്രമാക്കുകയാണ് ഉണ്ടായത്. പ്രസ്തുത സമൂഹങ്ങളിൽ‍ ഉറങ്ങിക്കിടന്നിരുന്ന കൊളോണിയൽ വംശീയതയുടെയും സാമൂഹിക-രാഷ്​ട്രീയ വിവേചനത്തിന്റെയും ഓർമകൾ കുടിയേറ്റത്തിന്റെ ആഗോളീകരണത്തിലൂടെ വീണ്ടും ഉണർന്നു. ഇസ്​ലാമോഫോബിയ അടക്കമുള്ള അനേകം വംശീയസ്ഥാപനങ്ങൾ സാമൂഹികപ്രക്രിയയുടെ ഭാഗമായി ശക്തി പ്രാപിച്ചു. വെറുപ്പ് രാഷ്​ട്രീയത്തിന്റെ ചലനനിയമത്തെ ശക്തമായി നിർണയിക്കാൻ തുടങ്ങി.

ഈഗോ പവറിന്റെ ഡിഫൻസ്: സൂപ്പർ പ്രതിസന്ധി

9/11നു ശേഷം അമേരിക്കൻ പൊതുമണ്ഡലത്തെ നിർണയിച്ച പ്രധാന ചോദ്യം "എന്തിനാണ് അവർ ഞങ്ങളെ വെറുക്കുന്നത്" എന്നായിരുന്നുവെന്ന് Politics Most Unusual: Violence, Sovereignty and Democracy in the `War on Terror' (2009) എന്ന പുസ്തകത്തിൽ സോൾ ന്യൂമാൻ, ഡാനിയൽ കോക്സ്, മൈക്കൽ ലെവിൻ തുടങ്ങിയവ‍ർ പറയുന്നു. നാം അവരെയാണ് (മുസ്​ലിംകളെയാണ്) വെറുത്തത് എന്നത് എളുപ്പം കിട്ടുന്ന ഉത്തരമായിരുന്നു. അമേരിക്കയുടെ ദേശീയ നിഷ്കളങ്കതയെ ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് ഈ ചോദ്യത്തിനു അമേരിക്കൻ ഭരണകൂടം നിരന്തരം ഉത്തരം നൽകിയതെന്ന് ഗ്രന്ഥകാരന്മാർ കരുതുന്നു. ഒരു അധീശ അധിനിവേശ രാഷ്ട്രം എന്നനിലക്ക്​ സ്വന്തം നാർസിസത്തെ തിരിച്ചറിയാനുള്ള അവസരമാണ് അമേരിക്കൻ ഭരണകൂടത്തിന് ഇതിലൂടെ നഷ്ടമായതെന്നും അവർ കൂട്ടിച്ചേർക്കുന്നു. സൂപ്പർ പവർ എന്ന നിലയിൽ സ്വയം കെട്ടിപ്പൊക്കിയ ഈഗോതന്നെയായിരുന്നു വ്യത്യസ്തമായ ഉത്തരങ്ങൾ കണ്ടെത്താനുള്ള തടസ്സം.

നാർസിസ്റ്റിക് വ്യക്തികളോടു സത്യം പറയുന്നത് അവരെ കൂടുതൽ പ്രതിരോധത്തിലാക്കാനും അടഞ്ഞ പെരുമാറ്റത്തിലേക്കു നയിക്കാനുമാണ് ഇടയാക്കുകയെന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ സമീപനത്തെയാണ് ഈഗോ ഡിഫൻസ് (ego defence) എന്നു സാമാന്യമായി നിർവചിക്കുന്നത്. ഒരു ക്ലിനിക്കൽ സാഹചര്യത്തിൽ നാർസിസ്റ്റ് വ്യക്തിയോടു സ്വന്തം ഈഗോയെ തൃപ്തിപ്പെടുത്താൻ വ്യത്യസ്തവും എന്നാൽ ഉപദ്രവം കുറഞ്ഞതുമായ വഴികൾ സ്വീകരിക്കാനാണ് നിർദേശിക്കാറുള്ളത്. വ്യക്തിയായാലും സമൂഹമായാലും നാർസിസത്തെ പൂർണമായും ഒഴിവാക്കാൻ ചിലപ്പോൾ കഴിയില്ല. പകരം അതിനെ പുതിയ രീതിയിൽ ക്രമീകരിക്കാനാണ് ശ്രമങ്ങൾ ഉണ്ടാവേണ്ടത്. നാർസിസത്തിന്റെ പ്രശ്നങ്ങളെ അധികം പരിക്കില്ലാതെ മറികടക്കാൻ അതാണ് നല്ലത്.

അമേരിക്കൻ ദേശീയസമൂഹങ്ങളെ സ്വന്തം നാർസിസത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞില്ല. പകരം കൂടുതൽ അക്രമാസക്തമായ 'വാർ ഓൺ ടെറർ' എന്ന അനന്തയുദ്ധത്തിലേക്ക് അവർ തിരിയുകയായിരുന്നു. അമേരിക്കൻ നാർസിസത്തെ കൂടുതൽ ശക്തമായ എന്നാൽ വ്യത്യസ്തമായ ഈഗോ ഡിഫൻസിലേക്ക് നയിച്ചിരുന്നെങ്കിൽ (ഉദാ: കാലാവസ്ഥാ വ്യതിയാനം) കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു. ജോർജ് ബുഷിന്റെ കാലത്താണ് ആഗോളതാപനം (global warming) എന്ന ശക്തമായ പദം കാലാവസ്ഥാ വ്യതിയാനം (climate change) എന്നായി മാറുന്നത് എന്നത് മറ്റൊരു കാര്യം.

യൂറോ-അമേരിക്കൻ സമൂഹങ്ങളിൽ വികസിച്ച വെറുപ്പിന്റെ രാഷ്​ട്രീയത്തിനു ഈഗോ ഡിഫൻസിലെ വ്യതിയാനങ്ങൾ ഒരു കാരണമായിരുന്നു. വംശീയതക്കു രാഷ്​ട്രീയ -സാമൂഹിക -ചരിത്ര സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ വംശീയമായ സാമൂഹിക മനോനിലയുടെ പ്രശ്നമായിക്കൂടി വെറുപ്പിനെ പരിഗണിക്കേണ്ടതുണ്ട്. ഒരാൾ മറ്റൊരാളുടെ നിറത്തെ, വസ്ത്രത്തെ, ലിംഗത്തെ, മതത്തെ, സാമൂഹിക സാഹചര്യത്തെ ഒക്കെ വെറുക്കുന്നത് അയാളുടെ മനോനിലയിലേക്ക് അപരന്റെ നിറം, വസ്ത്രം, മതം, ലിംഗം എന്നിവയെല്ലാം കടന്നുവരുന്നതെങ്ങനെ എന്നതിനനുസരിച്ചിരിക്കാം. ഒരു സവിശേഷ ഈഗോ ഡിഫൻസ് എന്നാണിതിനെ മനസ്സിലാക്കേണ്ടത്. ഒരു വ്യക്തിയിൽ സ്വന്തം സ്വഭാവത്തെ നിർമിക്കുന്ന തരത്തിൽ ഈഗോ അതിനു ചുറ്റും ഒരു പ്രതിരോധവലയം സൃഷ്ടിക്കുന്നു. ഇത്തരമൊരു മനോനില നിയമനിർമാണത്തിലൂടെയോ നിരോധനവ്യവസ്ഥ അടക്കമുള്ള സാമൂഹിക നിയന്ത്രണ ഉപാധികളിലൂടെയോ താൽക്കാലികമായി മറികടക്കാമെങ്കിലും അത് സമൂഹത്തിൽ ആഴത്തിൽ വ്യാപിച്ചു വികസിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് കൂടുതൽ വ്യത്യസ്തമായ ഒരു വിമർശനചിന്ത വെറുപ്പിന്റെ കാര്യത്തിൽ സവിശേഷമായി തന്നെ ആവശ്യമാവുന്നത്.

മനോവിശ്ലേഷണത്തിന്റെ തിരിച്ചറിവ്

കഴിഞ്ഞ നൂറ്റാണ്ടിൽ മനോവിശ്ലേഷണം (Psycho analysis) നൽകിയ പ്രധാന പാഠം, വെറുപ്പ് പോലുള്ള, പൊതുവിൽ അയുക്തികരം എന്നു കരുതുന്ന പ്രതിഭാസം തുറന്ന ചർച്ചക്കും സാമൂഹിക- രാഷ്​ട്രീയ ഇടപെടലിനും വിധേയമാക്കണം എന്നതായിരുന്നു. വെറുപ്പിനെ നിരോധിക്കാൻ കഴിയില്ല. എല്ലാ നിരോധനത്തെയും മറികടന്ന് അത് മറ്റൊരു രീതിയിൽ തിരിച്ചുവരുമെന്ന തിരിച്ചറിവ് വെറുപ്പിന്റെ പ്രശ്നത്തെ ഗൗരവത്തിലെടുക്കാൻ മനോവിശ്ലേഷണത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. ഫ്രാൻസ്, ജർമനി അടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും വെറുപ്പിനെതിരെ നിയമനിർമാണം ഉണ്ടെങ്കിലും, വെറുപ്പ് സമയാസമയങ്ങളിൽ ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ കൂടുതൽ ശക്തിയോടെ പുറത്തുവരുന്നതിന്റെ കാരണം അതാണ്. ഈ വീക്ഷണപ്രകാരം വെറുപ്പിനെ അമർത്തിവെക്കാൻ അല്ല (repress), പുതിയ ദിശയിൽ വഴിതിരിച്ചു വിടാൻ (redirect) ആണ് ശ്രമങ്ങളുണ്ടാവേണ്ടത്. വ്യത്യസ്തമായ ഒരു സാമൂഹിക-രാഷ്​ട്രീയ പരിപാടി ഇതിനായി വേണ്ടതുണ്ടെന്ന് മനോവിശ്ലേഷണം കരുതുന്നു.


Excitable Speech: A Politics of the Performative (1996) എന്ന പുസ്തകത്തിൽ ജൂഡിത്ത് ബട്​ലർ യൂറോപ്പിൽ വിദ്വേഷ പ്രസ്താവന (hate speach) ക്കെതിരായ നിയമങ്ങൾ എങ്ങനെയാണ് രാഷ്​ട്രീയമായി പ്രവർത്തിക്കുന്നതെന്നു പരിശോധിക്കുന്നുണ്ട്. വിദ്വേഷ പ്രസ്താവനയെ തടയുന്നതിലൂടെ ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നുവെന്നതല്ല ബട്​ലറുടെ വാദം. രണ്ട് പ്രധാന കാഴ്ചപ്പാടുകൾ ബട്​ലർ സമർപ്പിക്കുന്നു. ഒന്ന്, വെറുപ്പ് സമൂഹത്തിൽ നിലനിൽക്കുകയും പ്രതിരോധം നിയമപരമായ ചില വിലക്കുകളിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്യുന്നുവെന്നതാണ് കുഴപ്പം. വെറുപ്പിനെ കൂടുതൽ നിശ്ശബ്ദമായി പെരുക്കാനാണ് നിരോധനം സഹായിക്കുന്നത്. രണ്ട്, ഏത് പ്രസ്താവനയാണ് വെറുപ്പിന്റെ പരിധിയിൽ വരുന്നതെന്നു നിർവചിക്കാനുള്ള അമിതാധികാരം ഇതിലൂടെ ഭരണകൂടങ്ങൾക്ക് കൈവരുന്നു. അതോടൊപ്പം ഭരണകൂടങ്ങൾ വളരെ ഉപരിപ്ലവമായ രാഷ്​ട്രീയ ശരിയിലൂടെ വെറുപ്പിനെതിരെ നിയമനിർമാണം നടത്തുകയും വിവിധ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന സ്ഥാപനവത്​കൃത ഹിംസയും വിവേചനവും നിർബാധം തുടരുകയും ചെയ്യുന്നു.

ജൂഡിത്ത് ബട്‌ലർ വെറുപ്പിനെ പുതിയ രീതിയിൽ പുനഃസൂചകം (re-signify) ചെയ്യുന്ന ഒരു പ്രവർത്തന പദ്ധതിയാണ് നിർദേശിക്കുന്നത്. പൗരസമൂഹത്തിന്റെയും രാഷ്​ട്രീയ സമുദായത്തിന്റെയും തലത്തിൽ വെറുപ്പിനെ അഭിമുഖീകരിക്കാനും അതിന്റെ കാരണങ്ങളെയും ഫലങ്ങളെയും ഗൗരവത്തിലെടുക്കാനും അവർ നിർദേശിക്കുന്നു. നിരോധനംകൊണ്ടു മാത്രം പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല വെറുപ്പ് നിറഞ്ഞ പ്രസ്താവനകൾ. "The word that wounds becomes an instrument of resistance in the redeployment that destroys the prior territory of its operation" എന്നാണ് ബട്‌ലർ ഇതിനെ വിശദീകരിക്കുന്നത്.

വെറുപ്പ് അതിന്റെ ആദ്യപടിയും കടന്ന് സാധാരണ ജനവിഭാഗങ്ങളിലേക്കെത്തുന്നത് സമൂഹത്തിൽ അതിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സാധാരണ ജനങ്ങൾ തങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായ ഒരു കാര്യം സ്വയം സ്വീകരിക്കുന്നതെന്തുകൊണ്ടെന്നു പഠിക്കാൻ നിയമ-നിരോധന ഭാഷക്ക് കഴിയില്ലെന്നു വരുന്നു. ഡോണൾഡ് ട്രംപ് നടത്തിയ വിദ്വേഷ പ്രസംഗത്തെ അമേരിക്കയിലെ വെളുത്ത തൊഴിലാളി വർഗം സ്വീകരിച്ചതിനെക്കുറിച്ചുള്ള പഠനങ്ങൾ ഈ പ്രശ്നം വിശദീകരിക്കുന്നുണ്ട്. വെറുപ്പ് അടക്കമുള്ള വൈകാരിക അവസ്ഥയെ കൂടുതൽ സക്രിയമായ രാഷ്​ട്രീയ സമീപനമായി മാറ്റിയെടുക്കുകയാണ് വേണ്ടത്. അതിനർഥം, ഏതെങ്കിലും വംശീയ സ്വഭാവമുള്ള വെറുപ്പിനെ ന്യായീകരിക്കണം എന്നല്ല. മറിച്ച്, വെറുപ്പിനെ ഗൗരവമായെടുക്കാനും അതിന്റെ ദിശയെ മാറ്റിയെടുക്കാനും കഴിയേണ്ടതുണ്ട്.

ഗസ്സാൻ ഹാഗെയുടെ നിരീക്ഷണം

Is Racism an Environmental Threat? (2017) എന്ന ശ്രദ്ധേയമായ പഠനത്തിന്റെ കർത്താവും വെറുപ്പിനെ സാമൂഹികമായും രാഷ്​ട്രീയമായും പരിശോധിക്കുന്ന സമകാലിക ചിന്തകനുമാണ് ഗസാൻ ഹാഗെ. ശത്രുവിനെ വെറുക്കാൻ പറയുന്നത് രാഷ്​ട്രീയത്തിൽ എല്ലാവരും സ്വീകരിക്കുന്ന നിലപാടാണ് എന്ന് അദ്ദേഹം പറയുന്നു. വലതുപക്ഷ, പിന്തിരിപ്പൻ വെറുപ്പ് മാത്രമല്ല, പുരോഗമന, വിമോചന സ്വഭാവമുള്ള വെറുപ്പും ഉണ്ടെന്നു സാരം. മതവിവേചനത്തെ വെറുക്കുന്നത് പുരോഗമനസ്വഭാവത്തിലുള്ള വെറുപ്പിനും ഏതെങ്കിലും ന്യൂനപക്ഷമതത്തെ വെറുക്കാൻ ആഹ്വാനം ചെയ്യുന്ന ഭൂരിപക്ഷവാദക്കാർ വലതുപക്ഷ/ പിന്തിരിപ്പൻ വെറുപ്പിനും ഉദാഹരണങ്ങളാണ്. ഒരർഥത്തിൽ വെറുപ്പിനെതിരെ മറ്റൊരു വെറുപ്പ് നിർമിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിൽ ഇടതു-വലതു ഭേദമെന്യേ ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്.

ആൽബേർ കമ്യുവും ഴാൻ പോൾ സാർത്രും തമ്മിൽ നടന്ന ഒരു സംവാദത്തിൽ കമ്യു പറയുന്നത്, ഏതു സാഹചര്യത്തിലും എനിക്ക് എന്റെ അമ്മയെ വെറുക്കാൻ കഴിയില്ലെന്നാണ്. വലതുപക്ഷ വീക്ഷണക്കാരിയായ അമ്മയെ വെറുക്കാൻ, വിശാല ഇടതുപക്ഷ വീക്ഷണം പുലർത്തുന്ന ഒരാളായിട്ടും കമ്യു തയാറായില്ല എന്നും പറയുന്നു. സാർത്രെ ഇതിനോടു വിയോജിക്കുന്നുണ്ട്. എന്നാൽ കമ്യുവിന്റെ നിലപാടിൽ ചില സാധ്യതകൾ ഉണ്ടെന്നാണ് ഹാഗെ കരുതുന്നത്.

കുടുംബ/സൗഹൃദ പശ്ചാത്തലത്തിൽ ഇത് ഒരു പരിധിവരെ ശരിയാണ്. മത, വംശീയ, വർഗ, ലിംഗ, സാമൂഹിക വെറുപ്പുകൾ പുലർത്തുന്നവരായ അടുപ്പക്കാരെ തിരുത്താൻ നാമൊക്കെ ഏറെ പാടുപെടാറുണ്ട്. ശത്രുവിനെ വെറുക്കാൻ പൊതുമണ്ഡലത്തിൽ ആഹ്വാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ പക്ഷേ, സ്വന്തം കുടുംബത്തിലെയും സൗഹൃദങ്ങളിലെയും കൂട്ടായ്മകളിലെയും വെറുപ്പിനെ അത്ര തീവ്രമായി തള്ളിക്കളയാൻ തയാറാവാറില്ല. ബന്ധുക്കൾ/ ചങ്ങാതിമാർ/ അടുപ്പക്കാർ അത്ര വലിയ ശത്രുക്കൾ ഒന്നുമല്ല എന്നതായിരിക്കും പ്രായോഗിക സമീപനം. ഈയൊരു ചിന്താപരീക്ഷണം ഗസ്സാൻ ഹാഗെയെ സങ്കീർണമായ തിരിച്ചറിവുകളിലേക്ക് നയിച്ചു. എന്നാൽ സംവാദം, സംഭാഷണം എന്ന ലളിതമായ കുറുക്കുവഴി ഹാഗെ സ്വീകരിക്കുന്നുമില്ല.

ഗസ്സാൻ ഹാഗെ

ഗസ്സാൻ ഹാഗെ

ആഴത്തിൽ സാമൂഹികവിഭജനം നടന്ന ലബനാനിലെ തന്റെ വലതുപക്ഷ ക്രൈസ്തവ കുടുംബജീവിതത്തെക്കുറിച്ചുള്ള അനുഭവ വിവരണത്തിലൂടെയാണ് ഹാഗെ ഈ തിരിച്ചറിവിലേക്ക് എത്തുന്നത്. തന്റെ കുടുംബം വലതുപക്ഷ കുടുംബം ആണെന്ന് ഹാഗെ പറയുന്നു. രാഷ്​ട്രീയമായി സ്വന്തം കുടുംബാംഗങ്ങളോട് വിയോജിക്കുമ്പോഴും അവരെ വെറുക്കാൻ ഹാഗെക്കു കഴിയുന്നില്ല. മറ്റുള്ളവരെ സ്വന്തം രാഷ്​ട്രീയ നിലപാട് അനുസരിച്ച് വെറുത്ത ഹാഗെ പക്ഷേ, അതേ വെറുപ്പ് കുടുംബക്കാരുടെ നേ​െര പുലർത്തുന്നില്ലതന്നെ.

ഒരർഥത്തിൽ വെറുപ്പ് തന്റെ തന്നെ വിഭാഗത്തോടുള്ള മമതയാണ്. മറ്റുള്ളവർക്ക് ആ ആനുകൂല്യം നൽകാൻ കഴിയില്ല. അതായത്, രാഷ്​ട്രീയശത്രുതയും വെറുപ്പും തമ്മിൽ രേഖീയമായ ഒരു ബന്ധമില്ല. ഒരു കുടുംബക്കാരനോ സുഹൃത്തോ അടുപ്പക്കാരോ രാഷ്​ട്രീയ എതിരാളി ആയിരിക്കുമ്പോഴും അവനെ/അവളെ വെറുക്കാൻ കഴിയാത്ത സാഹചര്യം ചിലപ്പോൾ നമുക്കുണ്ടാകാറുണ്ട്. രാഷ്​ട്രീയ എതിരാളിയിൽ പരിമിതമായ ഒരു പ്രശ്നമല്ല വെറുപ്പ് എന്ന് ചുരുക്കം. എല്ലാ രാഷ്​ട്രീയ എതിരാളികളും ആ അർഥത്തിൽ തുല്യമായ വെറുപ്പിനു പാത്രമാവുന്നില്ല. അതിനാൽ തന്നെ രാഷ്​ട്രീയ എതിരാളി/ശത്രു എന്ന പ്രശ്നത്തിന്റെ ഭാഗമായി വെറുപ്പിനെ എല്ലാ സാഹചര്യങ്ങളിലും കാണാൻ കഴിയില്ല. സാമൂഹികമായിതന്നെ, ബന്ധുത്വത്തിന്റെ രാഷ്​ട്രീയത്തെ (Politics of Kinship) വിപുലപ്പെടുത്തുന്ന പോരാട്ടം വെറുപ്പിനെതിരായ പോരാട്ടത്തിന്റെ ഭാഗമാവേണ്ടതുണ്ടെന്നു ഹാഗെ കരുതുന്നു. എന്നാൽ ഇതൊരു സങ്കീർണമായ സാമൂഹിക/രാഷ്​ട്രീയ പ്രശ്നമാണെന്നും എല്ലാ സാഹചര്യങ്ങളിലും വെറുപ്പിന്റെ ഇരകൾ ഈ നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും ഹാഗെ സമ്മതിക്കുന്നുണ്ട്.

ഹാഗെ തന്റെ നിരീക്ഷണങ്ങളെ ഒരു സമകാലിക ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നുണ്ട്. അമേരിക്കൻ സാമ്രാജ്യത്വം എക്കാലത്തും ആഭ്യന്തരമായും ആഗോളതലത്തിലും ഏതെങ്കിലും ഒരു വൈദേശികവിഭാഗത്തെ വെറുക്കുന്ന രാഷ്​ട്രീയത്തിന്റെ ഭാഗമായിരുന്നു. ശീതയുദ്ധാനന്തരം പശ്ചിമേഷ്യയിലെ അറബ്-മുസ്​ലിം വിഭാഗങ്ങൾക്കെതിരായ, യാത്രാവിലക്കുൾപ്പെടെയുള്ള വെറുപ്പിന്റെ രാഷ്​ട്രീയം ഇതിന്റെ സമകാലിക അനുഭവമാണ്. എന്നാൽ ആഗോളതലത്തിൽ മുസ്​ലിംകൾക്കോ, ആഭ്യന്തര ദേശീയ സമൂഹത്തിൽ കറുത്തവർക്കോ ലാറ്റിനോകൾക്കോ മാത്രം സംവരണം ചെയ്തിരുന്ന വെറുപ്പ് ഒരു ദേശീയപ്രശ്നമാക്കി വിപുലപ്പെടുത്തുകയാണ് ഡോണൾഡ് ട്രംപ് ചെയ്തത്. സാമൂഹികമായി തന്നെ ഒരു കുടുംബം - അയൽപക്കം, ചർച്ച്, ക്ലബുകൾ, ചെറു കൂട്ടായ്മകൾ തുടങ്ങിയവ ഉദാഹരണം - എന്ന നിലയിൽ വിവിധ തട്ടുകളിൽ ക്രമീകരിച്ച അമേരിക്കൻ ദേശീയസമുദായത്തെ അക്ഷരാർഥത്തിൽ ഭിന്നിപ്പിക്കാൻ ട്രംപിനു കഴിഞ്ഞു. അമേരിക്കയിലെ പരമ്പരാഗത രാഷ്​ട്രീയ ശത്രുതയെ / എതിർപ്പിനെ വെറുപ്പിന്റെ പ്രവർത്തനമേഖലയാക്കി ട്രംപ് മാറ്റിപ്പണിതു. വെറുപ്പിനെയും രാഷ്​ട്രീയ എതിർപ്പിനെയും ശത്രുതയെയും സമന്വയിപ്പിക്കുന്നതിൽ ട്രംപ് നടത്തിയ പ്രഭാഷണങ്ങളും ട്വീറ്റുകളും വിജയിച്ചു. വെറുപ്പ് രാഷ്​ട്രീയത്തി​െന്റ വ്യാകരണമായി മാറി. വംശീയ ഉന്മൂലനത്തിന്റെ സൂചനകൾ ഇതോടെ രാഷ്​ട്രീയ പ്രസ്താവനയുടെ സ്വഭാവം കൈവരിച്ചു.


നേരത്തേ പറഞ്ഞതുപോലെ, ഒരു സാമൂഹിക അർഥത്തിൽ, കുടുംബഘടനയിൽ നിലനിൽക്കുന്ന അമേരിക്കൻ ദേശീയസമൂഹത്തിന് ഈ മാറ്റം ഉൾക്കൊള്ളാൻ കഴിയാതിരുന്നതിനാലാണ് ജോ ബൈഡനെപോലെ ഒരു നല്ലവനായ അമ്മാവന്റെ സൗമ്യമുഖത്തെ അമേരിക്കൻ ജനത അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തീർച്ചയായും ബൈഡൻ ആഗോളതലത്തിൽ പ്രവർത്തിക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സാമ്പ്രദായിക രീതിയിലാണ് എന്ന വിമർശനം ശരിയാണ്. പക്ഷേ, വെറുപ്പിന്റെ വ്യാപനത്തെ ബന്ധുത്വത്തിന്റെ മേഖലയിൽ അഴിച്ചുപണിയാൻ സാധിച്ചതിനാലാണ് അമേരിക്കയിൽ ജോ ബൈഡന് ട്രംപിനു മേലെ വിജയം കൈവരിക്കാൻ കഴിഞ്ഞത്. ട്രംപിന്റെ തുറന്ന വംശീയത നിർമിച്ച വെറുപ്പിന്റെ സംസ്കാരത്തെ മറികടക്കാൻ ഉതകുന്ന ചില തിരിച്ചറിവുകൾ വികസിപ്പിക്കാൻ ഈ സന്ദർഭത്തിനു കഴിയുമെന്ന് ഹാഗെ കരുതുന്നു.

ഹാഗെയുടെ നിരീക്ഷണങ്ങളോട് ഒരു കൂട്ടിച്ചേർക്കൽ ആവശ്യമാണ്. അതായത്, പാർലമെന്ററി രാഷ്​ട്രീയത്തെ ആഴത്തിൽ സ്വാധീനിക്കാനായില്ലെങ്കിൽകൂടിയും, രാഷ്​ട്രീയ മണ്ഡലത്തിൽ എതിർപ്പിനെയും ശതുതയെയും വെറുപ്പിന്റെ വ്യവഹാരത്തിൽനിന്ന് മോചിപ്പിക്കാൻ കഴിയുന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പോലുള്ള നവ രാഷ്​ട്രീയ മുന്നേറ്റങ്ങൾ അമേരിക്കയിൽ ഈ മാറ്റത്തിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. പാർലമെന്ററി രാഷ്​ട്രീയത്തിന്റെ ബ്യൂറോക്രാറ്റിക് യുക്തികളെ ലംഘിച്ചാണ് ഇന്ന് ലോകവ്യാപകമായി ഫാഷിസ്​റ്റ്​വിരുദ്ധ/ വംശീയവിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവരുന്നതും.

ചുരുക്കത്തിൽ, ഒരു സാമൂഹികനിർമിതി എന്ന നിലയിൽ വെറുപ്പ് ഇന്ന് പൊതു-സ്വകാര്യ ജീവിത മണ്ഡലങ്ങളിൽ പ്രസരണം ചെയ്യ​െപ്പട്ടുകൊണ്ടിരിക്കുന്നു. വംശീയവിവേചനത്തിലും ഉന്മൂലനത്തിലും അധിഷ്ഠിതമായ ഫാഷിസ്​റ്റ്​ രാഷ്​ട്രീയം എതിർപ്പിനെയും ശത്രുതയെയും വെറുപ്പാക്കി മാറ്റി ഉന്മൂലനത്തിന്റെ ചാലകങ്ങളാക്കി പരാവർത്തനം ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ, വെറുപ്പിനെ ഒരു രാഷ്​ട്രീയ പ്രശ്നമായി സമൂലമായി അഭിമുഖീകരിക്കാൻ ഫാഷിസ്​റ്റ്​വിരുദ്ധ / വംശീയവിരുദ്ധ ജനകീയ പ്രസ്ഥാനങ്ങൾക്ക് സാധിക്കണം. വെറുപ്പിനെ രാഷ്​ട്രീയ എതിർപ്പിന്റെയും ശത്രുതയുടെയും പരിധികളിൽ നിയന്ത്രിച്ചു നിർത്തുന്ന ഒരു വിമർശന സമീപനം ഇന്നത്തെ ഫാഷിസ്​റ്റ്​വിരുദ്ധ / വംശീയവിരുദ്ധ രാഷ്​ട്രീയ മുന്നേറ്റത്തിൽ ഫലപ്രാപ്തിയുടെ മുന്നുപാധിയാണ്.

News Summary - madhyamam weekly issue issue