Begin typing your search above and press return to search.
proflie-avatar
Login

വിദ്വേഷകാലത്തെ ഇന്ത്യൻ മുസ്​ലിം ജീവിതത്തിന്​ ഒരു ഗുജറാത്തി മാർഗരേഖ

വിദ്വേഷകാലത്തെ ഇന്ത്യൻ മുസ്​ലിം ജീവിതത്തിന്​ ഒരു ഗുജറാത്തി മാർഗരേഖ
cancel
camera_alt

ജുസാർ ജെ. ബൻദൂക്​വാല

ബി.ആർ. അംബേദ്​കർ അമേരിക്കയി​ലെ കൊളംബിയയിൽ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ​േപ്പാൾ ഗുജറാത്തിലെ ബറോഡ മഹാരാജാവ്​ നിയമവകുപ്പിൽ ഓഫിസറായി ക്ഷണിച്ചു. മഹാനഗരത്തിലെത്തിയ അദ്ദേഹം താമസത്തിനൊരു വീട്​ അന്വേഷിച്ചു. രാജ്യസേവക്കിറങ്ങിയ അദ്ദേഹത്തിനു വീടു നൽകാൻ ഒരു ഹിന്ദുവും തയാറായില്ല. ഒടുവിൽ ഒരു പാഴ്​സിയുടെ ഔ​ദാര്യത്തിൽ അഭയം തേടേണ്ടിവന്ന അംബേദ്​കർ മനംമടുത്ത്​ രണ്ടാഴ്ച കഴിഞ്ഞ്​ പണിനിർത്തി​േപായി. ബറോഡ പിന്നീട്​ വഡോദരയായി പേരു പരിഷ്കരിച്ചു. പക്ഷേ, ജാതിഭേദത്തിലും മതദ്വേഷത്തിലും പേരിനുപോലും മാറ്റമുണ്ടായില്ല. അംബേദ്​ക​റെ ഓടിച്ചു ഒരു നൂറ്റാണ്ട്​ കഴിഞ്ഞും എരിഞ്ഞുനിന്ന വംശീയവൈരത്തിന്​ പിന്നീട്​ ഇരയായത്​ ഒരു മുസ്​ലിമാണ്​-അമേരിക്കയിൽനിന്ന് ന്യൂക്ലിയർ ഫിസിക്സിൽ ഡോക്ടറേറ്റു നേടി ജന്മനാടിനെ സേവിക്കാനെത്തിയ ജുസാർ ജെ. ബൻദൂക്​വാല. മാനവസേവ വിശ്വാസത്തിന്‍റെ ഭാഗമായിക്കണ്ട്​ വിദ്യാഭ്യാസ സാമൂഹികപ്രവർത്തനത്തിന്​ ഇറങ്ങിത്തിരിച്ചതിന്​ അദ്ദേഹം ഒടുക്കേണ്ടിവന്ന വില​​ സ്വന്തം വീടും സമ്പാദ്യവുമായിരുന്നു. എല്ലാം സംഘ്​പരിവാറിന്‍റെ വിദ്വേഷത്തീക്കൊള്ളികൾ ചുട്ടുകരിച്ചപ്പോൾ ബാക്കി കിട്ടിയ പ്രാണനിൽനിന്ന് ആത്മവിശ്വാസത്തിന്‍റെ കരുത്തിൽ അദ്ദേഹം പിന്നെയും പടർന്നു പന്തലിച്ചു, വംശീയവൈരത്തിൽ വാടിക്കരിഞ്ഞ ഗുജറാത്തിലെ ഒരു നൂറു ജന്മങ്ങൾക്കും ജീവിതം പകർന്നുനൽകാൻ. അംബേദ്​കർ ഇട്ടെറിഞ്ഞുപോയ ബറോഡയിൽ, എം.എഫ്​. ഹുസൈന്‍റെ ദേശത്യാഗത്തിന്​ ഇടവരുത്തിയ എം.എസ്​ സർവകലാശാലയും ചുറ്റുവട്ടവും വിട്ടുപോകാതെ തന്‍റെ ധർമവും ദൈവവും പ്രവാചകനും പഠിപ്പിച്ച ജീവിതദൗത്യം ഉയർത്തിപ്പിടിച്ചും ഉറക്കെപ്പറഞ്ഞും അദ്ദേഹം കഴിഞ്ഞമാസം 29നു മരണമടയുവോളം ഒറ്റയ്ക്കു പൊരുതിനിന്നു. ഗുജറാത്ത്​ വംശഹത്യയുടെ ഇരുപതാമാണ്ടിലേക്കു കടക്കുമ്പോൾ കഴിഞ്ഞ ഫെബ്രുവരി 20ന്​ ​വഡോദര പ്രതാപ്​ഗഞ്ചിലെ പഴയ ഫ്ലാറ്റിലിരുന്ന്​ ബൻദൂക്​ വാല ജീവിതം പറയുകയായിരുന്നു. പ്രായാധിക്യവും കോവിഡ്​ ബാധയുമേൽപിച്ച ക്ഷീണത്തിൽ ഇടയ്ക്കു തെന്നിപ്പോകുന്ന ഓർമകളിൽനിന്ന് ഒന്നൊന്നായി തുന്നിക്കെട്ടി അദ്ദേഹം വരച്ചു​വെച്ചത്​ വർത്തമാന ഇന്ത്യയിലെ മുസ്​ലിം ജീവിതത്തിന്‍റെ നേർചിത്രമാണ്​. മുംബൈയിലെ വരേണ്യകുടുംബത്തിൽ ജനനം. അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം, ബറോഡയിലെ പ്രശസ്തമായ എം.എസ്​ സർവകലാശാലയിൽ അധ്യാപനവൃത്തി, കേന്ദ്രഗവൺമെന്‍റിന്‍റെ പ്രത്യേകപദ്ധതികളുടെ നേതൃത്വം​, മുസ്​ലിം ഗലികൾ കൈയൊഴിഞ്ഞ്​ ഇതരജനവിഭാഗങ്ങളുടെ കൂടെയുള്ള സഹവാസം, മതജാതിഭേദമില്ലാത്ത മാനവസേവ, പി.യു.സി.എൽ ഗുജറാത്ത്​ പ്രസിഡന്‍റായും മറ്റും രാജ്യത്ത് തലയെടു​േപ്പാടെനിന്ന സാമൂഹികപ്രവർത്തകൻ-ഹിന്ദുത്വ ദേശീയവാദികളു​ടെയും മതേതര ലിബറലുകളുടെയും ഗുഡ്​ബുക്കിലെത്താൻ പാകത്തിൽ മയപ്പെട്ടുകൊടുത്തിട്ടും ബൻദൂക്​വാലയെ വംശീയവിധി​ വെറുതെ വിട്ടില്ല. മയപ്പെടാൻ ഭയപ്പെടുത്തുന്ന ഫാഷിസത്തിനു മുന്നിൽപെട്ട ഇന്ത്യൻ മുസ്​ലിം ജീവിതത്തെ​ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തുകയായിരുന്നു അന്നത്തെ ആ ദീർഘവർത്തമാനത്തിൽ അദ്ദേഹം. ഒപ്പം വിദ്വേഷത്തീയണക്കാനുള്ള 'ശാന്തമായ വിപ്ലവ'ത്തിലേക്കു വഴികാട്ടുകയും.

''മുംബൈയി​ലെ അബ്​ദുറഹ്​മാൻ സ്​ട്രീറ്റിലെ ദാവൂദി ബോറ കുടുംബത്തിൽ 1945ലാണ്​ ഞാൻ ജനിച്ചത്​. വിഭജനസമയത്ത്​ രണ്ടു വയസ്സായിരുന്നു എന്‍റെ പ്രായം. മുഹമ്മദലി റോഡിൽ മിനി പാകിസ്താനായി അന്നു മുദ്ര ചാർത്തപ്പെട്ട നാഗ്​പാഡ, പക്​മോഡിയ തെരുവുകളിലാണ്​ വളർന്നുവന്നത്​​. തൊട്ടടുത്ത നാഗ്​പാഡ സ്കൂളിൽ പറഞ്ഞയക്കുന്നതിനു പകരം പിതാവ്​ എന്നെ ധോബി തലാവോയിലെ സെന്‍റ്​ സേവിയേഴ്​സ്​ സ്കൂളിൽ അയച്ചു. ആ ഒരു ഔചിത്യമാണ്​ എന്നെ വിശാലമനസ്കനായ ഒരു വിശ്വാസിയായി പരിവർത്തിപ്പിച്ചത്​.

അമേരിക്കയിലായിരുന്നു ഉന്നതവിദ്യാഭ്യാസം. അവിടെ ന്യൂക്ലിയർ ഫിസിക്സിലായിരുന്നു പിഎച്ച്​.ഡി. പഠനം പൂർത്തിയാക്കി അവിടെ തന്നെ തുടരാൻ തീരുമാനിച്ചതാണ്​. ആയിടക്ക്​ കണ്ടുമുട്ടിയ ഒരു അമേരിക്കൻ കന്യാസ്ത്രീയാണ്​ എന്നെ വഴിതിരിച്ചുവിട്ടത്​. എല്ലാം അവിടെ ഇട്ടെറിഞ്ഞ്​ ഞാൻ ഇന്ത്യയിലേക്കു വന്നത്​ അവരുടെ മൂന്നു വാചകങ്ങളിലായിരുന്നു: 'എന്തിനാണ്​ ഇനിയും അമേരിക്കയിൽ നിൽക്കുന്നത്​? സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകൂ, നാട്ടുകാർക്കു വേണ്ടി വല്ലതും ചെയ്യൂ'-ഈ മൂന്നാമത്തെ വാചകത്തിനു ഏറെ മൂർച്ച തോന്നി. അങ്ങനെ എന്‍റെ ഗ്രീൻകാർഡും മറ്റു ഔദ്യോഗികരേഖകളുമൊക്കെ കീറിയെറിഞ്ഞു ഞാൻ 1972ൽ തിരിച്ചുപോന്നു. ബറോഡയിലെ മഹാരാജ്​ സയാജിറാവു (എം.എസ്​) സർവകലാശാലയിൽ ഫിസിക്സ്​ അധ്യാപകനായി ചേർന്നു.''

ബോറയിൽനിന്നു വിശാല മുസ്​ലിമിലേക്ക്​

''ആയിടക്കു ബോറാ സമുദായത്തിന്‍റെ ആത്മീയാചാര്യൻ സയ്യിദ്​ന വഡോദരയിൽ വന്നതറിഞ്ഞു കാണാൻ ചെന്നു. ചെല്ലുമ്പോൾ പൂന്തോട്ടത്തിൽ പ്രാർഥനയിലാണ് നേതാവ്​. കൂടെയുള്ള സ്വന്തക്കാരെ കണ്ടു കാര്യം പറഞ്ഞു. ഞാനും ഒരു ബോറയാണെന്നറിഞ്ഞപ്പോൾ പാന്‍റ്​സും ഷർട്ടും അണിഞ്ഞു സയ്യിദ്​നയെ കാണാൻ വന്നതിൽ അവർ ചൊടിച്ചു: 'ആചാരവേഷം അണിഞ്ഞേ വരാവൂ. താൻ സയ്യിദ്​നയുടെ അടിമ (അബ്​ദെ സയ്യിദ്​)യാണെന്ന്​ അറിഞ്ഞുകൂടേ​?' അല്ലാഹു അല്ലാതെ മറ്റാരുടെയും അടിമയാവാനാവില്ല എന്നു തിരിച്ചടിച്ചതോടെ എന്‍റെ കാര്യം തീരുമാനമായി. സമുദായം ഊരുവിലക്കു പ്രഖ്യാപിച്ച്​ വഡോദരയിലെ പ്രമുഖ ദർഗയുടെ മുന്നിൽ​ ബോർഡു വെച്ചു. യുവാവായിരുന്ന ഞാൻ ഗൗനിച്ചില്ല. അവിടംകൊണ്ടും അവസാനിപ്പിക്കാതെ അവർ പ്രതിഷേധവുമായി ഞാൻ ​ജോലി ചെയ്തിരുന്ന എം.എസ്​ യൂനിവേഴ്​സിറ്റിയിൽ വന്ന് എന്നെ പുറന്തള്ളാനാവശ്യപ്പെട്ടു. 1983 വരെ അതു തുടർന്നു. അങ്ങനെയിരിക്കെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഗുജറാത്തിലെ വർഗീയകലാപങ്ങളെക്കുറിച്ച്​ അന്വേഷിക്കാനായി എന്നെ വിളിച്ചു. ഇതറിഞ്ഞതോടെ ബോറകൾ നിലപാടു മയപ്പെടുത്തി. എന്നാൽ അതൊക്കെ അവഗണിച്ച് ഞാൻ ബോറ വിട്ടു. എന്‍റെ മുന്നിൽ വിശാലമായ മുസ്​ലിം സമുദായമുണ്ടായിരുന്നു. അവർക്ക്, അതുപോലെ ദലിത്​ പിന്നാക്കവിഭാഗമടക്കമുള്ള സമൂഹത്തിലെ അവശർക്കുവേണ്ടിയായി പിന്നീട്​ പ്രവർത്തനം.''

1982ൽ വഡോദരയിൽ സംവരണവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയപ്പോൾ ദലിത്​ വിദ്യാർഥികൾ ടാർഗറ്റ്​ ചെയ്യപ്പെട്ടു. അന്നു ബോയ്​സ്​ ഹോസ്റ്റൽ വാർഡനായ അദ്ദേഹം ഇരകളുടെ കണ്ണുകളിലെ ദൈന്യതയും അവരുടെ മാനസികാഘാതവും നേരിൽ കണ്ടു അനുഭവിച്ചു. അവരോട്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ തൊട്ടടുത്ത ദലിത്​ കോളനിയിൽ പോയി മൂന്നു നാൾ ഉപവസിച്ചു. തിരി​ച്ചെത്തിയപ്പോൾ സംവരണവിരുദ്ധർ അദ്ദേഹത്തിന്‍റെ വീട്​ ആക്രമിച്ച് പ്രദേശത്തുനിന്ന് ആട്ടിയോടിച്ചു (അന്നു ആർക്കുവേണ്ടിയാണോ ഇ​തെല്ലാം സഹിച്ചത്​ അതേ ദലിത്​ സമുദായത്തിൽ പെട്ടവർ രണ്ടു പതിറ്റാണ്ടിനിപ്പുറം​ 2002ലെ വംശഹത്യക്കാലത്ത്​ സ്വന്തം വീടു കൊള്ളയടിച്ചു ചുട്ടെരിക്കുന്നതു കണ്ടപ്പോൾ ബൻദൂക്​വാലക്ക്​ അത്​ താങ്ങാനാവാത്ത ആഘാതമായി).

വർഗീയകലാപങ്ങൾ വന്നുംപോയുമിരിക്കുന്ന ഗുജറാത്തിൽ നഗരങ്ങളെല്ലാം ഹിന്ദു-മുസ്​ലിം സമുദായങ്ങൾക്കിടയിൽ വീതംവെച്ചു കഴിഞ്ഞതാണ്​. വഡോദരയിൽ സ്വന്തമായൊരു വീടുവെക്കാൻ ഇടം തേടുമ്പോൾ സ്വാഭാവികമായും എല്ലാവരും ഉപദേശിച്ചത്​ മുസ്​ലിം പ്രദേശത്ത്​ താമസിക്കാനായിരുന്നു. എന്നാൽ രാജ്യത്തിന്‍റെ വൈവിധ്യഭാവത്തോട്​ കൂറുപുലർത്താനുള്ള ദൃഢനിശ്ചയത്തിൽ ബൻദൂക്​വാല വഡോദര നഗരപ്രാന്തത്തിലെ സമായിൽ വീടുവെച്ചു. സന്തോഷപൂർവം അവിടെ ജീവിച്ചുവരുകയായിരുന്നു. അങ്ങനെയിരിക്കെയാണ്​ 2002ലെ ഗോധ്ര ദുരന്തം എല്ലാം അട്ടിമറിക്കുന്നത്​.

ഒരു പ്രഭാഷണവും ഉടൻ പ്രതികാരവും

''2002​ ഫെബ്രുവരി അവസാനവാരം. ആർ.എസ്​.എസുകാർ എന്നെ ഒരു പരിപാടിക്കു ക്ഷണിച്ചു; സവർക്കർ അനുയായികളെ അഭിസംബോധന ചെയ്യാൻ. ഒന്നര മണിക്കൂർ പരിപാടിയിലെ അവസാന പ്രഭാഷകനായിരുന്നു ഞാൻ. ആ പ്രഭാഷണം ഞാൻ അവസാനിപ്പിച്ചത്​ ഇങ്ങനെയാണ്​: 'സുഹൃത്തുക്കളേ, നിങ്ങൾ ഗാന്ധിയെ ആദരിക്കുന്നുവെങ്കിൽ, ഓരോ ഇന്ത്യൻ കുട്ടിക്കും ഈ നാട്​ എന്‍റേതാണ്​ എന്നു തോന്നത്തക്ക അന്തരീക്ഷമുണ്ടാക്കാൻ​ ശ്രമിക്കണം. നിങ്ങൾ സവർ​ക്കറെയാണ്​ സ്​നേഹിക്കുന്നതെങ്കിൽ ഇവിടെ ജീവിക്കുന്ന പലരുടെയും നാടല്ല ഇതെന്നു നിങ്ങൾക്കു തോന്നും. അത്​ രാജ്യത്തെ ശൈഥില്യത്തിലേക്കു നയിക്കും.' പരിപാടി കഴിഞ്ഞു പന്ത്രണ്ടു മണിക്കൂർ പിന്നിടുമ്പോഴേക്കും ഗോധ്രയിൽ സബർമതി എക്സ്​പ്രസ്​ ട്രെയിനിന്‍റെ എസ്​-ആറ്​ കോച്ചിനു തീവെപ്പ്​ നടന്നു. അതേതുടർന്ന് ഗുജറാത്തിൽ സംഘ്​പരിവാർ വംശഹത്യക്കു തിരികൊളുത്തിയപ്പോൾ വഡോദരയിൽ ഞാൻ ആദ്യ ഉന്നമായി. ഗോധ്രപ്പിറ്റേന്ന്​ വഡോദരയിൽ ആദ്യം ആക്രമിക്കപ്പെടുന്നത്​ എന്‍റെ വീടാണ്​. തലേന്നാൾ ഞാൻ ഗാന്ധി-സവർക്കർ താരതമ്യത്തിനു മുതിർന്നതാവാം കാരണം. വീട്ടിലേക്ക്​ കൊലവിളി മുഴക്കിയെത്തിയവരിൽ തലേന്നാളിലെ പരിപാടി സംഘടിപ്പിച്ചവരുമുണ്ടായിരുന്നു. ആർ.എസ്​.എസുകാർ ആക്രമണോത്സുകരായി വന്നപ്പോൾ ചുറ്റുവട്ടത്തുള്ള ഗാന്ധിയന്മാരായ സുഹൃത്തുക്കൾ അവരെ പിന്തിരിപ്പിച്ചു. എനിക്കൊന്നും സംഭവിക്കില്ലെന്ന്​ അവർ ആശ്വസിപ്പിച്ചു​. എന്നാൽ രണ്ടാം വട്ടം എല്ലാം കണക്കുകൂട്ടി അവർ വന്നു​. അതിനിടെ എന്‍റെ സംരക്ഷണത്തിനു രണ്ടു ​പൊലീസുകാരെ നിയോഗിച്ചിരുന്നു. ആൾക്കൂട്ടം ആക്രോശിച്ചുവന്നപ്പോൾ ഈ പൊലീസുകാർ അവരോടു പറയുന്നതു​ കേട്ടു: 'പതിനഞ്ചു മിനിട്ടേയുള്ളൂ, അതിനകം വേണ്ടതെല്ലാം ചെയ്​തോണം.' എല്ലാം ചുട്ടുകരിക്കാനുള്ള ഗ്യാസ്​ സിലിണ്ടറുകളും ചുവര് കുത്തിപ്പൊളിക്കാനുള്ള ആയുധങ്ങളുമെല്ലാമായി സർവസജ്ജരായിരുന്നു അവർ​. കാൽ മണിക്കൂറിനകം അവർ എല്ലാം നശിപ്പിച്ചു. അയൽക്കാർ എന്നെയും മകൾ ഉമൈമയെയും തുടക്കത്തിലേ ഒരു വിധം രക്ഷപ്പെടുത്തി ​​കൊണ്ടുപോയിരുന്നു. മുൻദുരന്തങ്ങളുടെ ആധിയിൽ വിഷാദരോഗം ബാധിച്ച്​ ഭാര്യ ഒരു വർഷം മുമ്പ്​ കണ്ണടച്ചതുകൊണ്ട്​ ഈ ഭീകരതക്കു സാക്ഷിയാവാതെ രക്ഷപ്പെട്ടു.​ തൊട്ടയൽപ്പക്കത്തെ ഒളിയിടങ്ങളിൽനിന്ന് ജീവിതത്തിൽ സ്വന്തമായി സ്വരുക്കൂട്ടിയ​തെല്ലാം അക്രമികൾ തല്ലിത്തകർക്കുന്നതും ചുട്ടെരിക്കുന്നതും കണ്ടുനിൽക്കേണ്ടിവരുന്ന ആ അവസ്ഥ ഓർത്തുനോക്കൂ...എന്നെ അമ്പരപ്പിച്ചത്​ പൊലീസിന്‍റെ സമീപനമാണ്​. നേരത്തേ ഗാന്ധിയന്മാർ ആർ.എസ്​.എസുകാരെ പിന്തിരിപ്പിച്ചെങ്കിൽ ഇപ്പോൾ പൊലീസ്​ ചെയ്യുന്നതെന്താണ്​? അത്​ മുകളിൽനിന്ന് മോദിയുടെയും അമിത്​ ഷായുടെയും നിർദേശവും ആശീർവാദവും അനുസരിച്ചായിരുന്നു എന്നുറപ്പ്​. അവർ ഇരുവരും അപകടകാരികളാണ്​. അവരുമായി ചങ്ങാത്തവും ശത്രുതയും നടക്കില്ല.''

പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കൊപ്പം ഒരു പൊതുപരിപാടിയിൽ

മോദിക്ക്​ ഉരുളക്കുപ്പേരി

ദുരന്തത്തിന്‍റെ ആഘാതത്തിൽനിന്നു ആശ്വാസം തേടി മുംബൈയിലേക്കു പോയതായിരുന്നു ബൻദൂക്​വാല. അവിടെ ​വെച്ച്​ ഒരു ടെലിവിഷൻ ചാനൽ ഒരു പ്രമുഖ അതിഥിയുടെ മുന്നിൽ നേരനുഭവം പറയാനായി ക്ഷണിച്ചു. അതിഥി മറ്റാരുമായിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി തന്നെ. മുംബൈയിൽനിന്ന് ബൻദൂക്​വാല ചേരുന്നു എന്ന് അവതാരകൻ പറഞ്ഞതും മോദിയുടെ കമന്‍റു വന്നു: ''ഓഹോ, അങ്ങേരിപ്പോൾ ഗുജറാത്തിൽനിന്നു ഓടിപ്പോയി അല്ലേ?'' ഉടനെ ബൻദൂക്​വാല തിരിച്ചടിച്ചു: ''അതിനു ഗുജറാത്തിൽ നിങ്ങൾ എന്‍റെ സമുദായത്തിനു എന്താണ്​ ബാക്കിവെച്ചിരിക്കുന്നത്​?''

അഭിമാനം വിട്ടുകളിക്കരുതെന്നത്​​ അദ്ദേഹത്തിന്‍റെ ഉറച്ച തീരുമാനമായിരുന്നു, സഹജീവികൾക്കുള്ള എന്നത്തെയും സന്ദേശവും. ​തെരഞ്ഞെടുപ്പും അധികാരരാഷ്ട്രീയവുമൊക്കെ ചതുർഥിയായി കണ്ടിട്ടും എൺപതുകളിൽ ബറോഡയിൽ മത്സരിച്ചു. എന്തിനായിരുന്നു ആ സാഹസം എന്ന ചോദ്യത്തിനു കൃത്യമായിരുന്നു മറുപടി:

''ഞങ്ങൾ മുസ്​ലിംകളും എല്ലാവരെയും പോലെ ഈ രാജ്യത്തെ പൗരന്മാരാണെന്നും ഞങ്ങൾക്കും ചില അവകാശങ്ങളുണ്ടെന്നും കോൺഗ്രസിനെയും ബി.ജെ.പിയെയും പഠിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഞങ്ങളെ പാഴ്​ജന്മങ്ങളായി ഗണിക്കരുത്​. 1947നു മുമ്പ്​ ഇന്ത്യയിൽ പലതും നടന്നിട്ടുണ്ട്​. അതിന്‍റെ ഭാരം ഞങ്ങളുടെ മാത്രം തലയിൽ ​വെച്ചുകെട്ടി ഞങ്ങളോട്​ മോശമായി പെരുമാറരുത്​ എന്ന്​ വിളിച്ചുപറയുകയായിരുന്നു ലക്ഷ്യം. ബറോഡയിലെ ​ഗെയ്ക്​വാദ്​ കുടുംബാംഗമായിരുന്നു അന്നു മുഖ്യസ്ഥാനാർഥി. ഞാൻ ജയിച്ചില്ലെങ്കിലും അദ്ദേഹത്തെ തോൽപിക്കാനായി''-ജയിച്ചില്ലെങ്കിലും ബൻദൂക്​വാലക്ക്​ അഭിമാനം.

അദ്ദേഹവും മകളും പിന്നെ സമായിലെ പഴയ വീട്ടിലേക്ക്​ തിരിച്ചുപോയില്ല. പകരം സർവകലാശാല അധികൃതരോട്​ ഒരു ഫ്ലാറ്റ്​ അനുവദിക്കാൻ ആവശ്യപ്പെട്ടു. കാമ്പസിന്‍റെ ഒരു വിദൂരമൂലയിൽ അവർ ചെറി​യൊരു പാർപ്പിടം അനുവദിച്ചു. അവിടെ താമസിക്കാനെത്തിയപ്പോൾ അയൽ ഫ്ലാറ്റുകളിലെ ഹിന്ദു കുടുംബങ്ങൾ കുടിയൊഴിഞ്ഞുപോയത്​ ബൻദൂക്​വാലയെ പിന്നെയും ദുഃഖത്തിലാഴ്ത്തി. മികച്ച വിദേശവാസമുപേക്ഷിച്ച്​ രാഷ്ട്ര, ജനസേവക്കു വേണ്ടി നാടണഞ്ഞ ബൻദൂക്​വാലക്ക്​ നാട്​ പകരം നൽകിയത്​ പകയുടെ അടങ്ങാത്ത കനലുകളായിരുന്നു. എന്നാൽ അതിൽനിന്നു പകപോക്കിനല്ല, പക നീക്കാനുള്ള വെളിച്ചം തേടിയ ആ മാതൃക അനന്യമായിരുന്നു എന്നുതന്നെ പറയണം. വംശഹത്യയുടെ തൊട്ടടുത്ത വർഷം മകൾ ഒരു ഗുജറാത്തി ഹിന്ദുവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം അതിനു സമ്മതം മൂളി. മകളും മരുമകനും യു.എസിലേക്കു കുടിയേറി. പക്ഷേ, ബൻദൂക്​വാല വഡോദരയിൽ തന്നെ തങ്ങി, കത്തി​യെരിഞ്ഞ ഗുജറാത്തിൽ എല്ലാം നഷ്ടപ്പെട്ട തന്‍റെ സമുദായത്തെ കരകയറ്റാനുള്ള യജ്ഞവുമായി.

പ്രാർഥനാപൂർവം സിദ്​നി ഇൽമ

അങ്ങനെ 20 വർഷം മുമ്പ്​ രൂപംകൊടുത്തതാണ്​ സിദ്​നി ഇൽമ ചാരിറ്റബ്​ൾ ട്രസ്റ്റ്​. എന്‍റെ വിജ്ഞാനം വർധിപ്പിക്കണേ എന്ന പ്രാർഥനയാണ്​ ആ പേരിന്‍റെ അർഥം. ഉന്നതവിദ്യാഭ്യാസം നേടിയ മുസ്​ലിംകളുടെ ഒരു കേഡറിനെ ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം. 2021 വരെ 63 ലക്ഷം രൂപ സ്​കോളർഷിപ്പ്​ ഇനത്തിൽ ചെലവഴിച്ചു. മെഡിക്കൽ, എൻജിനീയറിങ്​, മറ്റു പ്രഫഷനൽ കോഴ്​സുകൾ എന്നിവയിലായിരുന്നു ഊന്നൽ. അവരുടെ വിദ്യാഭ്യാസ ചെലവ്​ മുഴുവനായി ഏറ്റെടുത്തു​. ഏഴു കോടി രൂപ ഇതിനകം ചെലവിട്ടു.

വിദ്യാഭ്യാസത്തിലാണ്​ സമുദായത്തിന്‍റെ ഭാവി. ഉന്നതനിലയിലുള്ള വിദ്യാഭ്യാസവും സമുദായത്തിന്‍റെ അഭ്യുന്നതിയെക്കുറിച്ച ബോധവും രണ്ടും ഒരുമിച്ചുചേരണം. ''രാഷ്ട്രീയക്കളികളിൽ നിങ്ങൾക്ക്​ ജയിക്കാനാവില്ല. ഭറൂച്ചുകാരനായ അഹ്​മദ്​ പട്ടേലിന്​ കോൺഗ്രസിൽ മുന്നിലെത്താനായി. എന്നിട്ട്​ ഗുജറാത്ത്​ മുസ്​ലിംകൾക്കു വേണ്ടി വല്ലതും ചെയ്യാനായോ? നേരിടാനുള്ളത്​ മോദിയെയും അമിത്​ഷായെയുമാണ്​. അവരെ എനിക്ക്​ അടുത്തറിയാം. അകമേ വിഷം നിറച്ചവരാണവർ. അവരുമായി ​പൊരുതി നിൽക്കാനാവില്ല. അവർക്കു പിന്നിൽ കരുത്തുറ്റ ഹിന്ദുത്വ പ്രസ്ഥാനമുണ്ട്​. അവർക്കെതിരെ ശാന്തമായ വിപ്ലവമാണ്​ വിജയിക്കുക. മുസ്​ലിം, ദലിത്​ മക്കൾക്ക്​ വിദ്യാഭ്യാസം നൽകുക. അവ​രെ ഉന്നതനിലകളിലെത്തിക്കുക. വിമോചനത്തിനു വഴിയൊ​ന്നേയുള്ളൂ-വിദ്യാഭ്യാസം മാത്രം. അതും മുകൾത്തട്ടിലുള്ള മുസ്​ലിംകൾ നേടിയാൽ പോരാ. താഴേ തട്ടിലുള്ളവരും അതു നേടി ഉയരണം. അതിനായി ഞങ്ങൾ സ്​പെഷൽ സ്കീം ഉണ്ടാക്കി​. ഇന്ത്യൻ നൊബേൽ ജേതാവും ഭൗതികശാസ്ത്രജ്ഞനുമായ വെങ്കി രാമകൃഷ്ണനാണ്​ പങ്കാളി. ചേരികളി​ൽനിന്ന് അഞ്ചു വീതം ഹിന്ദു-മുസ്​ലിം ​പെൺകുട്ടികളെ ​തെരഞ്ഞെടുത്ത്​ അവരെ മികച്ച സ്കൂളുകളിൽ​ ചേർത്ത്​ ഉയർന്ന വിദ്യാഭ്യാസം നൽകുകയാണ്​. ഇരുസമുദായക്കാർ ഒന്നിച്ചു പഠിക്കട്ടെ. സംഘർഷത്തിന്‍റെയല്ല, സമാധാനത്തിന്‍റെ മനോഭാവം വളരട്ടെ. കലഹങ്ങളുടെ പഴയ കാലത്തേക്ക് ഇനിയും നമ്മൾ തിരിഞ്ഞുനടന്നുകൂടാ. അതോടൊപ്പം നമ്മുടെ അന്തസ്സ്​ കൈവിടുകയുമരുത്.''

''പതിനഞ്ചു ദിവസം മുമ്പ്​ ഗോധ്രയുടെ അപ്പുറം ദെറോളിൽനിന്നു ഒരു കുടുംബം കാണാൻ വന്നു. അവിടെ​യൊരു ഗ്രാമത്തിൽ 2002ലെ വംശഹത്യക്കാലത്ത്​ ആണുങ്ങളെ ഒന്നായി കൂട്ടക്കൊല ചെയ്തു. കഴിഞ്ഞ 20 വർഷക്കാലമായി അവിടെ ഒരു കുഞ്ഞുപോലും പിറന്നിട്ടില്ല. ഒരു മാസം മുമ്പ്​ അവിടെ ഒരു കുഞ്ഞു പിറന്നു. അതിനെയു​മെടുത്താണ്​ അവരുടെ വരവ്​. പിതാവ്​ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ ഉമ്മ തന്‍റെ പെൺകുട്ടികളെ പഠിപ്പിച്ചു. ഒരാൾ മൈക്രോ ബയോളജിസ്റ്റായി, മറ്റേയാൾ കെമിസ്റ്റായി ഹാലോനിലെ കെമിക്കൽ പ്ലാന്‍റിൽ ജോലി നേടി. അവരുടെ വിദ്യാഭ്യാസത്തിന് ഞാൻ സഹായിച്ചിരുന്നു. ഇന്നു അവർക്ക്​ ഇരുപതിനായിരത്തോളം രൂപ മാസശമ്പളമുണ്ട്​. മൂത്തവളുടെ വിവാഹവും പ്രസവവും കഴിഞ്ഞ്​ അവർ വന്നിരിക്കുകയാണ്.​ കുഞ്ഞിനു ഞാൻ പേരിടണം, അതാണ്​ ആവശ്യം. അന്നത്തെ സഹായത്തിനുള്ള കടപ്പാട്​ രേഖപ്പെടുത്തുകയായിരുന്നു അവരുടെ ആവശ്യം. ഞാൻ അവൾക്ക്​ ഫാത്തിമസ്സുഹ്​റ എന്നു പേരിട്ടു. പ്രവാചകപുത്രിയായ ഫാത്തിമയേക്കാൾ അന്തസ്സിന്‍റെ അടയാളമായി എനിക്കു നൽകാവുന്ന വേറെ ഏതു പേരുണ്ട്​?''-കണ്ണുനിറച്ചു ചോദിക്കുകയാണ്​ ബൻദൂക്​വാല. എഴുപത്തേഴാം വയസ്സിൽ കണ്ണടയ്ക്കുമ്പോൾ 500 നിർധന മുസ്​ലിംകളെ ഉന്നതവിദ്യാഭ്യാസത്തിലേക്കുയർത്തിയിരുന്നു അദ്ദേഹം.

പാഴ്​സ്വപ്നങ്ങൾ വിട്ട്​ പ്രതീക്ഷയിലേക്ക്​

ഇക്കണ്ട യജ്ഞങ്ങളിലൊക്കെ ബൻദൂക്​വാല മുഴുകിയത്​ മോദിനാട്​ ആയി മാറിയ ഗുജറാത്തിനെ വീണ്ടും ഗാന്ധിനാടാക്കി മാറ്റാനുള്ള സ്വപ്നത്തിലായിരുന്നു. 2002ലെ വംശഹത്യയുടെ പേരിൽ മാപ്പുപറയാൻ ഹിന്ദുസമുദായത്തിൽനിന്ന് മനഃസാക്ഷിയുള്ളയാരെങ്കിലും കടന്നുവരുമെന്നും അതു ഇരുസമുദായങ്ങൾ തമ്മിലുള്ള പുനരൈക്യത്തിനു ആക്കം കൂട്ടുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. മോദിയുടെ ഗുജറാത്തിനെയും ഇന്ത്യയെയും കുറിച്ച അതിരു കവിഞ്ഞ ശുഭാപ്തിയായിരുന്നു അത്​. അതു വിഫലമായപ്പോൾ മുസ്​ലിം സമുദായം വിട്ടുവീഴ്ചയോടെ​ ​പൊറുത്ത്​ നാടിന്‍റെ​ ശ്രേയസ്കരമായ ഭാവിയിലേക്കുള്ള പ്രയാണം സഫലമാക്കട്ടെ എന്നായി അദ്ദേഹത്തിന്‍റെ നിർദേശം. ഹർഷ്​ മാൻഡറെപ്പോലുള്ള സഹപ്രവർത്തകരൊക്കെ ഈ വിഷയത്തിൽ കലഹിച്ചെങ്കിലും അദ്ദേഹം ദേശീയമാധ്യമങ്ങളിലൂടെ നിലപാട്​ പ്രഖ്യാപിച്ചു: ''2002ലെ വംശഹത്യക്കാലത്ത്​ വലിയ വില നൽകേണ്ടി വന്ന ഗുജറാത്തി മുസ്​ലിമായ ഞാൻ എന്നെയും എന്‍റെ സമുദായത്തെയും ദ്രോഹിച്ചവർക്ക്​ മാപ്പു നൽകുന്നു. 2002നു തൊട്ടുടനെയാണ്​ എനിക്ക്​ ആകെയുള്ള ഒരു മകളെ ഞാൻ ഗുജറാത്തി ഹിന്ദുവിനെ വിവാഹം കഴിക്കാൻ അനുമതി നൽകിയത്​. ദൈവാധീനത്താൽ അവരിരുവരും സന്തുഷ്ടരാണ്​. എനിക്ക്​ ഇന്ന്​ ഒരു ഗുജറാത്തി ഹിന്ദുവിനെയും ​വെറുക്കാനാവില്ല. ആർ.എസ്​.എസിനു അതാവുമോ? എങ്കിൽ നമ്മുടെ പ്രിയ ഇന്ത്യയുടെ മുഖം തന്നെ മാറും.'' ഭയപ്പെടുത്തി മയപ്പെടുത്താനുള്ള ആക്രോശങ്ങൾക്കു നടുവിലും വിദ്വേഷത്തീയണക്കാനുള്ള പ്രവാചകപാഠം സമുദായത്തിനും നാടിനും പകർന്നുനൽകുകയായിരുന്നു ഈയൊരു മുൻകൈയിലൂടെ. അതിനൊരു മറുകൈ ഇന്ത്യ എന്നു നീട്ടും?

Show More expand_more
News Summary - madhyamam weekly hate issue special