Begin typing your search above and press return to search.
proflie-avatar
Login

‘എന്തൊരാള്‍ക്കാരാണ് നിങ്ങള്‍?’

‘എന്തൊരാള്‍ക്കാരാണ് നിങ്ങള്‍?’
cancel

‘‘ഇന്ത്യന്‍ സംസ്കാരം പൂര്‍ണമായും ഹൈന്ദവമോ ഇസ്‍ലാമികമോ മറ്റു വല്ലതുമോ അല്ല. അത് എല്ലാം കൂടിച്ചേര്‍ന്നൊരു മിശ്രിതമാകുന്നു.’’ ‘‘ഏതൊരിന്ത്യയില്‍ ഏതു ദരിദ്രനും ഇത് സ്വന്തം രാജ്യമാണെന്ന തോന്നലുളവാകുമോ, ഏതൊരിന്ത്യ കെട്ടിപ്പടുക്കുന്നതില്‍ അവര്‍ക്കും ഫലപ്രദമായ പങ്ക് ഉണ്ടായിരിക്കുമോ, ഏതൊരു ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഉച്ചനീച വര്‍ഗഭേദം ഇല്ലാതിരിക്കുമോ, ഏതൊരിന്ത്യയില്‍ എല്ലാ വര്‍ഗക്കാരും തികഞ്ഞ സ്വരപ്പൊരുത്തത്തോടെ ജീവിക്കുമോ, അത്തരമൊരു ഇന്ത്യയുടെ നിര്‍മാണത്തിനായി ഞാന്‍ പ്രയത്നിക്കും‘ഇതാണ് എന്‍റെ സ്വപ്നത്തിലുള്ള ഇന്ത്യ’. ’’ ‘‘ഹരിജനങ്ങള്‍ക്കുവേണ്ടി കവാടം തുറക്കാത്ത കാലത്തോളം...

Your Subscription Supports Independent Journalism

View Plans

‘‘ഇന്ത്യന്‍ സംസ്കാരം പൂര്‍ണമായും ഹൈന്ദവമോ ഇസ്‍ലാമികമോ മറ്റു വല്ലതുമോ അല്ല. അത് എല്ലാം കൂടിച്ചേര്‍ന്നൊരു മിശ്രിതമാകുന്നു.’’

‘‘ഏതൊരിന്ത്യയില്‍ ഏതു ദരിദ്രനും ഇത് സ്വന്തം രാജ്യമാണെന്ന തോന്നലുളവാകുമോ, ഏതൊരിന്ത്യ കെട്ടിപ്പടുക്കുന്നതില്‍ അവര്‍ക്കും ഫലപ്രദമായ പങ്ക് ഉണ്ടായിരിക്കുമോ, ഏതൊരു ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ഉച്ചനീച വര്‍ഗഭേദം ഇല്ലാതിരിക്കുമോ, ഏതൊരിന്ത്യയില്‍ എല്ലാ വര്‍ഗക്കാരും തികഞ്ഞ സ്വരപ്പൊരുത്തത്തോടെ ജീവിക്കുമോ, അത്തരമൊരു ഇന്ത്യയുടെ നിര്‍മാണത്തിനായി ഞാന്‍ പ്രയത്നിക്കും‘ഇതാണ് എന്‍റെ സ്വപ്നത്തിലുള്ള ഇന്ത്യ’. ’’

‘‘ഹരിജനങ്ങള്‍ക്കുവേണ്ടി കവാടം തുറക്കാത്ത കാലത്തോളം പുരി ജഗന്നാഥന്‍ ശരിയായ അർഥത്തിലുള്ള ജഗന്നാഥനാണെന്നു ഞാന്‍ അംഗീകരിക്കുകയില്ല. മറിച്ച് ക്ഷേത്രത്തിന്‍റെ പേരില്‍ വയറു നിറക്കുന്ന പാണ്ഡകളുടെ പൂജാരികളുടെ, നാഥനെന്നേ പറയപ്പെടുകയുള്ളൂ.’’

 

‘‘തങ്ങളാണ് ഹിന്ദുമത ഗ്രന്ഥങ്ങളുടെ ശരിയായ വ്യാഖ്യാതാക്കളെന്നുള്ള ഇന്നത്തെ ശങ്കരാചാര്യന്മാരുടെയും ശാസ്ത്രിമാരുടെയും അവകാശവാദത്തെ ഞാന്‍ ശക്തിയായി നിഷേധിക്കുന്നു. ഏതെങ്കിലുമൊന്നിന്‍റെ ഉത്ഭവം വേദങ്ങളില്‍നിന്നാണെങ്കില്‍കൂടി, അതു നമ്മുടെ സന്മാർഗബോധത്തിനെതിരാണെങ്കില്‍ അതിനെ, വേദങ്ങളുടെതന്നെ സത്തായ സാരാംശത്തിനെതിരെന്ന നിലക്കും, അതിനേക്കാളധികം അടിസ്ഥാനപരമായ സാന്മാര്‍ഗിക തത്ത്വങ്ങള്‍ക്കെതിരെന്ന നിലക്കും സംശയം കൂടാതെ തള്ളികളയണം.’’

‘‘ജനാധിപത്യത്തിന്‍റെ ചൈതന്യം വളര്‍ത്തണമെങ്കില്‍ അസഹിഷ്ണുത വര്‍ജിച്ചേ തീരൂ. സ്വന്തം നിലപാടില്‍ വിശ്വാസമില്ലാത്തതിന്‍റെ ലക്ഷണമാണ് അസഹിഷ്ണുത. അത് ഒരുതരം ആക്രമണമാണ്.’’

‘‘യുക്തിക്ക് നിരക്കാത്തതും ധാര്‍മികതക്ക് വിരുദ്ധവുമായ എല്ലാ മതസിദ്ധാന്തങ്ങളെയും ഞാന്‍ നിരാകരിക്കുന്നു. അധാര്‍മികമല്ലെങ്കില്‍ യുക്തിരഹിതമായ മതവികാരങ്ങളെയും ഞാന്‍ സഹിഷ്ണുതയോടെ വീക്ഷിക്കും.’’

‘‘ഞാനൊരു സനാതന ഹിന്ദുവാണ്. എന്‍റെ മതത്തിനായി ഞാനെന്‍റെ ജീവന്‍ നല്‍കും. എന്നാല്‍, അത് എന്‍റെ വ്യക്തിപരമായ ഒരു കാര്യം മാത്രമാണ്. ഞാന്‍ സമരംചെയ്ത് രൂപം കൊടുക്കാന്‍ ശ്രമിക്കുന്ന ഇന്ത്യ തീര്‍ത്തും മതേതരമായിരിക്കണം. എന്‍റെ രാജ്യം മതത്തോട് ആജ്ഞകള്‍ പുറപ്പെടുവിക്കുകയില്ല. എന്‍റെ രാജ്യം തിരിച്ച് മതത്തിനും ആജ്ഞകള്‍ നല്‍കുകയില്ല.’’

‘‘പാണ്ഡവരുടെ ത്യാഗത്തെക്കുറിച്ചും യുധിഷ്ഠിരന്‍റെ ക്ഷമാശീലത്തെക്കുറിച്ചും ഓര്‍ക്കുന്ന, ത്യാഗത്തിന്‍റെയും ക്ഷമയുടെയും മതമാണ് ഹിന്ദുമതം എന്ന് കരുതിയ, മുസല്‍മാനോട് നീതി പുലര്‍ത്തിയ ഒരു ഭ്രാന്തന്‍ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ഉണ്ടായത് അത്ര സങ്കടകരമായ കാര്യമാണോ...’’

ഇന്ത്യന്‍ ഫാഷിസത്തിന്‍റെ സാംസ്കാരിക സ്രോതസ്സുകളില്‍ ഏതർഥത്തിലും മുഖ്യമായ ജാതിമേല്‍ക്കോയ്മക്കെതിരെ മഹാത്മാ ഗാന്ധി പലപ്പോഴായി പ്രകടിപ്പിച്ച, ഇപ്രകാരമുള്ള ആശയങ്ങള്‍, അന്നത്തേക്കാളധികം സമകാല ഇന്ത്യയില്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാണ്. നവ ഫാഷിസ്റ്റ് കൊലവിളികളുടെ കാലത്ത്, അതിനൊരു സാന്ത്വന സ്രോതസ്സാവാനും അതേസമയം സമരശക്തിയാവാനും കഴിയും.

 

‘‘യൂദാസ് ബൈബിള്‍ വായിച്ചു/ കംസന്‍ ഭഗവദ്ഗീതയും/ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍/ വായിക്കുകയാണ് ഗോഡ്സേ’’ (വായന:

കെ.ആര്‍. രഘു). ബഹുസ്വരതയെ തത്ത്വത്തില്‍ കൊണ്ടാടുന്ന ജനായത്തവാദികള്‍ക്ക്, ഫാഷിസത്തെ സാംസ്കാരികമായി പ്രതിരോധിക്കാന്‍ കഴിയണമെങ്കില്‍, അവര്‍ ജീവിതത്തിന്‍റെ സർവതലത്തിലും ബദല്‍മാതൃകകള്‍ കണ്ടെത്തണം. ഏതെങ്കിലുമൊരു ‘ആചാരത്തില്‍’ മാത്രമായി അന്ത്യവിശ്രമംകൊള്ളുന്ന അലസപതിവുകള്‍ അവര്‍ അവസാനിപ്പിക്കണം. അനിവാര്യമെങ്കില്‍ ‘അതുമാവാം’ എന്നുമാത്രമായിരിക്കണം, ഒരിക്കലും ‘അതു മാത്രം മതി’ എന്നാവരുത് മറ്റു സാധ്യതകളുണ്ടെങ്കില്‍ ജനായത്ത സമീപനം. ‘രാമരാജ്യം’ എന്ന കാഴ്ചപ്പാടിനോട് ആഭിമുഖ്യമില്ലാത്തവര്‍പോലും മഹാത്മാ ഗാന്ധിയുടെ ‘രാമരാജ്യത്തെ’ മറ്റുപല ബദല്‍ രാജ്യസങ്കല്‍പങ്ങള്‍ക്കുമൊപ്പം സംവാദാത്മകമായി സ്വാഗതംചെയ്യുന്നത്, ജാതിമേല്‍ക്കോയ്മയുടെ സങ്കുചിത ഏകസ്വര ‘രാമരാജ്യ’ സങ്കൽപത്തെ, അതിനകത്തുകയറി പൊളിക്കാന്‍ ഗാന്ധിജി ശ്രമിച്ചതുകൊണ്ടാണ്. റഹീമില്ലാത്തൊരു രാമനില്ലെന്ന ഗാന്ധിയന്‍ കാഴ്ചയിലെ ആ ബഹുസ്വര സമീപനത്തെയാണ്, ‘ഗോഡ്’സെ (God say) സ്വയം ‘ദൈവവചന’മായി മാറുന്നൊരു ‘നവ ഫാഷിസ്റ്റ് കാലം’ മുന്നോട്ടുകൊണ്ടുപോവേണ്ടത്. ‘ഗാന്ധിനിന്ദ’ ഒരു ‘നയ’മായും, അസഹിഷ്ണുത മോദിസര്‍ക്കാറിന്‍റെ മാതൃഭാഷയായും മാറുന്നൊരു കാലത്ത്, ‘സഹിഷ്ണുതയുടെയും സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും സങ്കരസംസ്കാരത്തിന്‍റെയും അനിവാര്യത, നവ ഫാഷിസ്റ്റ് അലര്‍ച്ചകളെയൊക്കെയും പ്രതിരോധിച്ച് ആഘോഷിക്കപ്പെടേണ്ടതുണ്ട്. സ്വന്തം ജീവരക്തംകൊണ്ട് മഹാത്മാ ഗാന്ധി ഒപ്പ് ചാര്‍ത്തിയ ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപിന്, മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ചുനില്‍ക്കാന്‍, പുതിയ ‘ഇന്ത്യ’ തയാറായത്, ‘ബഹുസ്വര’ സമീപനത്തിന്‍റെ രാഷ്ട്രീയ വിജയമാണ്. തെരഞ്ഞെടുപ്പുകള്‍ക്കപ്പുറമുള്ള ഒരു സാംസ്കാരിക ശക്തികൂടിയായി, ആ ജനമുന്നണിക്ക് മാറാന്‍ കഴിഞ്ഞാല്‍ ‘ഏക മാതൃകകള്‍’, ‘ബഹുമാതൃകകള്‍ക്ക്’, വിനയപൂർവം വഴിമാറും!

ഭൂപ്രകൃതിയില്‍, ഭാഷയില്‍, മതത്തില്‍, അഭിരുചികളില്‍ ^ഇത്രമാത്രം വൈവിധ്യം പുലര്‍ത്തുന്നൊരു നാട്ടില്‍, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ആശംസാവാക്യങ്ങളും ആഘോഷങ്ങളും ഒരാധുനിക കാലത്തുപോലും, നമ്മുടെ ഇന്ത്യയില്‍ ഇത്രമേല്‍ ‘കുരുണ്ടു’പോയതിന്‍റെ കാരണം ‘ജാതിമേല്‍ക്കോയ്മ’ക്ക് ഒരു രാഷ്ട്രമാകെ കീഴ്പ്പെട്ട്പോയതുകൊണ്ടാണ്. ‘ആചാര’കാര്യങ്ങളില്‍ ഒരക്ഷരത്തെറ്റുമില്ലാത്തൊരു ആവര്‍ത്തനത്തിലൂടെയാണ് ‘പ്രബുദ്ധകേരളം’പോലും കടന്നുപോവുന്നത്! വല്ലപ്പോഴും ഉദ്ഘാടനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ആ തുണിക്കഷണം (റിബണ്‍) പോലും ഇപ്പോളധികം കാണാനില്ല! വാര്‍പ്പുമാതൃകകളുടെ സ്വയംഭരണത്തില്‍ വീര്‍പ്പുമുട്ടുന്ന ഒരു ജനതക്കും സൂക്ഷ്മാർഥത്തില്‍ സ്വതന്ത്രരാവാന്‍ കഴിയില്ല. സ്പര്‍ശിക്കുന്നതിനെയെല്ലാം വിൽപനച്ചരക്കാക്കുകയാണ് മൂലധനശക്തികള്‍ ചെയ്യുന്നതെങ്കില്‍; ആ വിൽപനകളിലേക്കുപോലും ‘വെറുപ്പിന്‍റെ വാര്‍പ്പുമാതൃകകള്‍’ ഇടിച്ചു കടത്താനാണ് നവ ഫാഷിസം ശ്രമിക്കുന്നത്. സ്വന്തം മുന്നില്‍ ഒരു മനുഷ്യന്‍ കാൽകുഴഞ്ഞ് നില്‍ക്കുമ്പോഴും, പൊതു ഇരിപ്പിടത്തില്‍നിന്നുപോലും ഒരൽപം നീങ്ങിയിരിക്കാന്‍ മടിക്കുന്ന മനുഷ്യരും, അപകടകരമാംവിധം സ്വന്തം ‘കാലം’ കണ്‍മുന്നില്‍ മാറിക്കഴിഞ്ഞിട്ടും, പഴയ ‘സമവാക്യ സമീപന’ങ്ങളില്‍ സ്തംഭിച്ചുനില്‍ക്കുന്നവരും ‘വ്യത്യസ്ത തരത്തിലുള്ള’ വാര്‍പ്പുമാതൃകാ മാനസികാവസ്ഥയുടെ ഇരകളാണ്.

‘‘എന്നും അതിലേ പോകുമ്പോള്‍/ അവരെന്നോട് എന്തൊരു ചൂട് എന്ന് പറയുമായിരുന്നു/ അല്ലെങ്കില്‍ നശിച്ച മഴ എന്ന്/ ഒരിക്കലെങ്കിലും നശിച്ച ചൂട് എന്നോ/ എന്തൊരു മഴ എന്നോ/ വിശേഷണങ്ങള്‍പോലും മാറ്റാതെ’’ (പൊളിറ്റിക്കലി കറക്ടല്ലാത്ത ഒരു മരണം: പി.എന്‍. ഗോപീകൃഷ്ണന്‍).

‘രാമന്‍ രാവണനെ കൊന്നു’, ‘രാമന്‍ കാട്ടില്‍ പോയി’ എന്നിങ്ങനെയുള്ള പതിവ് ഉദാഹരണങ്ങള്‍ക്കൊപ്പം; ഭീകര നവ ഫാഷിസ്റ്റ്ബോറന്‍ ഗോദ്​സെ മഹാത്മാഗാന്ധിയെ കൊന്നു എന്നും, ചന്ദ്രയാന്‍ ചന്ദ്രനിലിറങ്ങി എന്നും പറയാവുന്നതാണ്. പ്രശസ്തമായ ആ ‘ന്യൂനപക്ഷ’പ്രീണന വായ്ത്താരിയെക്കുറിച്ച് ഒട്ടുമേ വ്യാകുലമാവാതെ ‘ആലി ഗള്‍ഫില്‍ പോയി’ എന്നൊരു ഉദാഹരണം പറയുന്നതുകൊണ്ട്, ആ ക്ലാസ്റൂമിനോ നമ്മുടെ ‘ഭാരതസംസ്കാരത്തിനോ’ ഒരു പരിക്കും പറ്റുകയില്ല! മഹാത്മാഗാന്ധി ആവിഷ്‍കരിച്ച ‘ബഹുസ്വര’ മാതൃകയെ യാന്ത്രികമായി ആവര്‍ത്തിക്കുകയല്ല, കാലം ആവശ്യപ്പെടുംവിധം അതില്‍ മാറ്റംവരുത്തി മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടത്. മഹാത്മാഗാന്ധി താന്‍ ഒരു സനാതന ഹിന്ദുവാണെന്ന് പറഞ്ഞ അതേ നിമിഷംതന്നെ, താന്‍ മുസല്‍മാനാണ്, ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞിട്ടുണ്ട്! വട്ടമേശ സമ്മേളനത്തില്‍ ‘ദുരുദ്ദേശ്യത്തോടെ’, ‘‘ഹിന്ദുക്കളേ, മുസ്‍ലിംകളേ’’ എന്ന് ബ്രിട്ടീഷ് വൈസ്രോയി വിളിച്ചപ്പോള്‍, ‘‘ഞങ്ങള്‍ ഇന്ത്യാക്കാരാണ്’’ എന്ന് കൃത്യം കണക്ക് തീര്‍ക്കാനും മഹാത്മാഗാന്ധി ഒരുനിമിഷം കാത്തുനിന്നില്ല. ‘ട്രസ്റ്റിഷിപ്പ്’, ‘വർണാശ്രമധർമം,’ ‘ഉള്‍വിളി’ തുടങ്ങിയ സ്വന്തം സൈദ്ധാന്തിക പരിമിതികള്‍ക്കിടയിലും, ‘സ്നേഹത്തിന്‍ സ്പര്‍ശമില്ലാതായാല്‍ ജീവിതമെത്രമേല്‍ ഭാരമാകും, ആ ജീവിതമെത്രമേല്‍ ഭാരമാകും’ എന്ന മഹത്തായ ജീവിതമൂല്യം, നക്ഷത്രശോഭയോടെ മഹാത്മാവില്‍ തിളങ്ങിനിന്നു. ‘‘ഒരു വ്യക്തിക്കോ രാഷ്ട്രത്തിനോ കൈവരാവുന്ന ഏറ്റവും വലിയ അനുഗ്രഹം നിര്‍ഭയത്വ’’മാണെന്ന് സ്വന്തം ജീവിതംകൊണ്ട് മഹാത്മാഗാന്ധി നിരന്തരം സാക്ഷ്യപ്പെടുത്തി.

നാഥുറാം ഗോദ്സെ, തൃപ്തി ത്യാഗി

നാഥുറാം ഗോദ്സെ, തൃപ്തി ത്യാഗി

നെഹ്റു എഴുതി:

‘‘ബ്രിട്ടീഷ് ഭരണത്തിൻ കീഴില്‍ ഇന്ത്യയില്‍ നിറഞ്ഞുനിന്ന വികാരം ഭയമാണ്; വ്യാപകവും ഞെരുക്കുന്നതും ശ്വാസം മുട്ടിക്കുന്നതുമായ പേടി; പട്ടാളത്തെയും പൊലീസിനെയും പരക്കെയുള്ള പ്രചാരണപ്രവര്‍ത്തനത്തെയും കുറിച്ചുള്ള പേടി; ഉദ്യോഗസ്ഥ വര്‍ഗത്തെക്കുറിച്ചുള്ള പേടി; മര്‍ദനത്തെ ലക്ഷ്യമാക്കിയുള്ള നിയമങ്ങളെയും തടവറയെയും പേടി; ഭൂവുടമയുടെ കാര്യസ്ഥനെ, പണമിടപാടുകാരനെ, എപ്പോഴും വാതില്‍ക്കല്‍ വന്നുനില്‍ക്കുന്ന തൊഴിലില്ലായ്മയെ, പട്ടിണിയെ എല്ലാറ്റിനെയും കുറിച്ചുള്ള പേടി. ഈ സര്‍വവ്യാപകമായ ഭയത്തിനെതിരായിട്ടാണ് ഗാന്ധിയുടെ പ്രശാന്തമെങ്കിലും സുദൃഢമായ സ്വരം ഉയര്‍ന്നത്. ഭയപ്പെടാതിരിക്കുക! ഇതത്ര ലഘുവായ കാര്യമാണോ? ഒരിക്കലുമല്ല. മാത്രമല്ല, ഭയം സൃഷ്ടിച്ചുവിടുന്ന ദുര്‍ഭൂതങ്ങള്‍ യഥാര്‍ഥ്യത്തെക്കാള്‍ ഭീഷണങ്ങളാണ്.’’ അന്നു മാത്രമല്ല ഇന്നും!

രാജ്യത്ത് അസഹിഷ്ണുതയുണ്ട്. ഇപ്പോഴത് അത്യുച്ചത്തിലെത്തി. അസഹിഷ്ണുത തീര്‍ത്തും വിവേകശൂന്യമാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രശ്നമല്ലാതായി മാറി. മതേതര രാഷ്ട്രമാണെന്ന ചിന്തപോലുമില്ലാതെയാണ് ആളുകളുടെ വാക്പ്രയോഗങ്ങള്‍.

2015ല്‍, ഭീതിജനകമായ ഇന്ത്യനവസ്ഥയെക്കുറിച്ചുള്ള ഈയൊരു സത്യം പറഞ്ഞതിന്‍റെ പേരിലാണ് അഭിനയപ്രതിഭ ഷാറൂഖ് ഖാന്‍ ക്രൂശിക്കപ്പെട്ടത്. അല്ലെങ്കിലും ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ക്രൂശിക്കപ്പെട്ടവരുടെ കണക്കെടുക്കുക അത്ര എളുപ്പമല്ല! ചന്ദ്രനെപ്പോലും ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ഒരു ജാള്യതയുമില്ലാതെ ആവശ്യപ്പെടുന്നിടത്തോളം ‘അസഹിഷ്ണുത’ വളര്‍ന്നു!

2002 നവംബറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റല്‍സിന്‍റെ ഗുജറാത്തിലെ വഡോദരയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുന്ന ശാസ്ത്രപ്രതിഭകളോട്, അതേ വിമാനത്തില്‍ യാത്രചെയ്യുന്ന മറ്റൊരു ‘പ്രതിഭ’ പറഞ്ഞ വാക്കുകള്‍ മാത്രം കേട്ടാല്‍, മഹാത്മാ ഗാന്ധിയുടെ ഇന്ത്യ വളരെ വേഗത്തില്‍ എങ്ങോട്ടാണ് പോവുന്നതെന്ന് എളുപ്പം മനസ്സിലാവും! തത്ത്വചിന്തയായി നില്‍ക്കുന്ന തത്ത്വചിന്തയേയല്ല, സംഭാഷണവും സമീപനവുമായി മാറുന്ന, തത്ത്വചിന്തയെയാണ് ജനായത്തം കരുതിയിരിക്കേണ്ടത്. ആദ്യത്തേത് അലമാരിയില്‍ ഇരുന്നുകൊള്ളും. രണ്ടാമത്തേത് ജീവിതത്തിന്‍റെ അടിത്തറ ഇളക്കും!

‘‘മുസ്‍ലിംകളെ വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ പെ​െട്ടന്ന് പ്രകോപിതരായി ആളെ കൊല്ലും, അവര്‍ക്ക് അത് ജിഹാദ് ആണ്.

പക്ഷേ, ഗുജറാത്തില്‍ ഹിന്ദുക്കള്‍ മുസ്‍ലിംകളെ കൊല്ലുന്നതായിട്ടാണല്ലോ പത്രങ്ങളിലെല്ലാം ഞങ്ങള്‍ വായിച്ചത്.

അതെ അതെ, ഞങ്ങള്‍ ഞങ്ങളുടെ കടമ നിർവഹിച്ചു. നോക്കൂ... അവര്‍ ഗോധ്രയില്‍ തീവണ്ടി കത്തിച്ച് ആയിരക്കണക്കിന് ഹിന്ദു തീർഥാടകരെ കൊന്നു. അത് മുന്‍കൂട്ടി നിശ്ചയിച്ചു നടപ്പിലാക്കിയ ഒരു കൂട്ടക്കൊലയായിരുന്നു. ഗുജറാത്തില്‍ മുസ്‍ലിംകള്‍ സദാ ഹിന്ദുക്കള്‍ക്ക് പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഞങ്ങളുടെ പൂജയെയും മതപരമായ ഘോഷയാത്രകളെയും അവര്‍ സദാ താറുമാറാക്കും. ഒരു രാമന്‍ വന്ന് ഞങ്ങളെ രക്ഷിക്കണമെന്ന് പ്രാർഥിച്ച് നിശ്ശബ്ദരായി സഹിക്കുകയായിരുന്നു. നിങ്ങളെല്ലാം രാമായണം വായിച്ചിരിക്കുമല്ലോ. ഋഷിമാരുടെയും സന്യാസിമാരുടെയും യാഗം മുടക്കിയിരുന്ന എത്രയെത്ര രാക്ഷസന്മാരെ വനവാസകാലത്ത് രാമന്‍ കൊന്നൊടുക്കി.

 

പ്രജ്ഞ സിങ് ഠാകുര്‍, സാക്ഷി മഹാരാജ്

പ്രജ്ഞ സിങ് ഠാകുര്‍, സാക്ഷി മഹാരാജ്

അപ്പോള്‍ രാമന്‍ മോദിയുടെ രൂപത്തില്‍ അവതരിച്ചു. അല്ലേ? ഒരു ഫലിതം തട്ടിവിട്ട് ഒരാള്‍ ഉറക്കെ ചിരിച്ചു.

ഇത് ആ മനുഷ്യനെ വല്ലാതെ പ്രകോപിപ്പിച്ചു. അയാള്‍ എഴുന്നേറ്റു നിന്ന് അട്ടഹസിച്ചു. വിഡ്ഢികളായ ശാസ്ത്രജ്ഞന്മാരേ, നിങ്ങളാണ് ഹിന്ദുത്വത്തിന്‍റെ ശാപം. നിങ്ങള്‍ നാടിന്‍റെയും ശാപമാണ്. മുസ്‍ലിംകള്‍ തീവണ്ടിക്ക് തീവെച്ചപ്പോള്‍ എവിടെയായിരുന്നു നിങ്ങള്‍. ഗാന്ധിയെപ്പോലെ നിങ്ങളും ശാന്തിയും ക്ഷേമവും ആവശ്യപ്പെട്ട് ധാർമികോദ്ബോധനം നടത്തി. നിങ്ങള്‍ വിഡ്ഢികളാണ്. ഭാഗ്യത്തിന് ഇന്ത്യക്ക് ഒരു ധീരപുത്രനുണ്ടായി. ഗാന്ധിയെ കൊന്ന നാഥുറാം ഗോദ്സെ. ഹിന്ദുത്വത്തെ സംരക്ഷിക്കാന്‍ ഇന്ന് കൂടുതല്‍ ഗോദ്സെമാരെയാണ് ആവശ്യം. സമാധാനത്തിന്‍റെ മറക്കുടക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരുകൂട്ടം ഭീരുക്കള്‍ അല്ല ഹിന്ദുക്കള്‍ എന്ന് തെളിയിക്കണം. ഞങ്ങള്‍ ആയുധമെടുത്ത് യുദ്ധംചെയ്ത് ഈ ദുര്‍ഭൂതത്തിനെ നശിപ്പിക്കും. വിഡ്ഢികളേ, നിങ്ങള്‍ ഒന്ന് മനസ്സിലാക്കുക, ഞങ്ങള്‍ അന്ന് ഗുജറാത്തില്‍ അങ്ങനെ ചെയ്തതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ക്ക് വഡോദരയില്‍ സമ്മേളനം നടത്താന്‍ കഴിയുന്നത്. പാവം മോദി, എല്ലാവരും അയാളുടെ ചോര കുടിക്കാന്‍ നടക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കില്‍ അയാള്‍ കശാപ്പുചെയ്യപ്പെടും. ഹിന്ദുക്കള്‍ എന്തിന് ഹിന്ദു ഭൂരിപക്ഷമുള്ള രാജ്യത്ത് രണ്ടാംകിട പൗരന്മാരായി ജീവിക്കണം – ന്യൂനപക്ഷത്തെ നമ്മള്‍ സംരക്ഷിക്കും – പക്ഷേ, അവര്‍ നമ്മളോട് ആദരവും സഹിഷ്ണുതയും കാണിക്കണം. മാന്യമായി പെരുമാറണം. ഇന്ത്യക്കാരായി ജീവിക്കണം. ഇത്രയും കേട്ടുകഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ കൂട്ടത്തില്‍ മിക്കവരും ഉത്കണ്ഠാകുലരായി മാറിയിരുന്നു.’’ (ഹിന്ദുത്വം ധാരണകളും തെറ്റിദ്ധാരണകളും, ഡോ. സി.ജി. കൃഷ്ണദാസ് നായര്‍)

ഒരല്‍പം നീണ്ടുപോയ ഈ ഉദ്ധരണി കുഴിച്ചുനോക്കിയാല്‍, ആ ചളിയില്‍ നമുക്ക്, സഹപാഠികളെകൊണ്ട് ‘മുസ്‍ലിമായതിനാല്‍’ ഒരു കുട്ടിയുടെ മുഖത്തടിപ്പിച്ച ‘അധ്യാപക’ തൃപ്തത്യാഗിയെന്ന ‘ഭീകരി’യെ കണ്ടെത്താന്‍ കഴിയും. തീവണ്ടിയില്‍ ‘താടി’ക്കാരെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്ന ചേതന്‍സിങ് ചൗധരി എന്ന പൊലീസ് വേഷധാരിയുടെ ഫാഷിസ്റ്റ് മാനസികാവസ്ഥ തിരിച്ചറിയാന്‍ കഴിയും. സാക്ഷി മഹാരാജ് മുതല്‍ പ്രജ്ഞ സിങ് ഠാകുര്‍ വരെയുള്ള നവ ഫാഷിസ്റ്റ് വിദ്വേഷ പ്രഭാഷണപ്രതിഭകളുടെ ചോരയില്‍ കുളിച്ചുനില്‍ക്കുന്ന കൊമ്പുകള്‍ കാണാന്‍ കഴിയും. പാര്‍ലമെന്‍റാണെന്നുപോലും പരിഗണിക്കാതെ സഹസാമാജികരെ തെറിവിളിക്കുന്ന രമേശ് ബിധുരി മോഡല്‍ ഫാഷിസ്റ്റുകളുടെ ജന്മ പശ്ചാത്തലം ഉള്‍ക്കൊള്ളാന്‍ പറ്റും. ഇന്ത്യന്‍ നവ ഫാഷിസത്തിന്‍റെ സൈദ്ധാന്തിക ഗ്രന്ഥങ്ങളിലെ അതേ ‘വരികള്‍’തന്നെയാണല്ലോ ഈ പരമ‘ബോറന്‍റെ’ വായില്‍നിന്നും പുറപ്പെടുന്നതെന്ന് മനസ്സിലാക്കാനാവും. കൊല്ലപ്പെട്ട ‘ആയിരക്കണക്കിന് ഹിന്ദു തീർഥാടകര്‍, ശ്രീരാമന്‍ കൊന്ന രാക്ഷസന്മാര്‍, സഹിഷ്ണുത ഹിന്ദുത്വത്തിന്‍റെ ശാപം, ഗോദ്സെ ധീരപുത്രര്‍ തുടങ്ങി മുകളില്‍ പരാമര്‍ശിച്ച സംഭാഷണത്തിലെ ഓരോ പദപ്രയോഗവും ഫാഷിസ്റ്റ് അസഹിഷ്ണുതയുടെ നിര്‍ലജ്ജമായ ആഘോഷമാണ്. അലര്‍ച്ചയായി മാറിയ ആ സംഭാഷണത്തിനു മുന്നില്‍ നിവര്‍ന്നുനിന്ന് ‘‘നീ പോ ഫാഷിസ്റ്റേ’’ എന്നുപോലും പറയാനാവാതെ, അനുസരണയുള്ള കേള്‍വിക്കാരായി മാറിയ പ്രസ്തുത ശാസ്ത്രപ്രതിഭകള്‍ വര്‍ത്തമാനകാല ഇന്ത്യയുടെ ദുരന്തമാണ്.

‘‘The opposite of love is not hate but indifference’’ എന്ന് പ്രശസ്ത സാഹിത്യപ്രതിഭ എലി വീസല്‍. ജനായത്ത ഇന്ത്യയെ ഉത്കണ്ഠാകുലമാക്കിയ ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള മനുഷ്യത്വത്തെയാകെ പ്രതിയാക്കുന്ന വിധത്തിലുള്ള ഫാഷിസ്റ്റ് വിശദീകരണത്തേക്കാള്‍, നമ്മെ ഭയപ്പെടുത്തേണ്ടത്, ശാസ്ത്രപ്രതിഭകളുടെ ആ നിസ്സംഗതയാണ്. അവരെല്ലാവരും ഇത്തരം ‘ഭ്രാന്തന്‍ ഫാഷിസ്റ്റ് ഭാഷണം’ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല, അതു രണ്ടിനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്, എന്നാല്‍ തങ്ങള്‍ ഏത് പക്ഷത്താണെന്ന് ‘പിടിത്തം കൊടുക്കാത്ത’ അവരുടെ ആ നിസ്സംഗതയുണ്ടല്ലോ, അതാണ് ജനായത്തത്തെ സംഭ്രാന്തമാക്കേണ്ടത്.

 

ജോതിബാ ഫുലേ, ശ്രീനാരായണഗുരു

ജോതിബാ ഫുലേ, ശ്രീനാരായണഗുരു

നിസ്സംഗത നിലപാടാവുന്ന, പുരാണം ചരിത്രമാവുന്ന, അസഹിഷ്ണുത ആദര്‍ശമാവുന്ന, കലര്‍പ്പ് കുറ്റകരമാവുന്ന, സെക്കുലറിസം ചീത്ത വാക്കാവുന്ന, പ്രണയം ‘ലൗ ജിഹാദാവുന്ന’, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ഭീകരബോറനായ നാഥുറാം വിനായക് ഗോദ്സെ മഹാനാവുന്ന, ആ നവ ഫാഷിസ്റ്റിനെ ഗാന്ധിവധത്തിന് ഒരുക്കിയ വിധ്വംസക ആശയസ്രോതസ്സായ സവര്‍ക്കര്‍ രാഷ്ട്രപിതാവിന്‍റെ സ്ഥാനത്തേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന, ഭരണഘടനക്കു മുകളില്‍ മനുസ്മൃതിയുടെ നിഴല്‍വീണു കഴിഞ്ഞ, ന്യൂഡല്‍ഹിയില്‍നിന്ന് ഇന്ത്യയുടെ ശരിക്കുള്ള തലസ്ഥാനം നാഗ്പൂരിലേക്ക് മാറിക്കൊണ്ടിരിക്കുന്ന, നവോത്ഥാനം മാറ്റിനിര്‍ത്തിയ പൗരോഹിത്യം പുതിയ പാര്‍ലമെന്‍റ് മന്ദിരോദ്ഘാടനത്തിന്‍റെ അനിവാര്യഭാഗമായിത്തീര്‍ന്ന, നവ ഫാഷിസ്റ്റ് ശാഖകളിലെ കെട്ടുകഥകള്‍ പുതിയ പാഠപുസ്തകങ്ങളായി മാറുന്ന, മഹത്ത്വം ആവര്‍ത്തിച്ച് മലിനമാക്കപ്പെടുന്ന, കോർപറേറ്റ് മൂലധന മൂല്യങ്ങളും ജാതിമേല്‍ക്കോയ്മാ കാഴ്ചപ്പാടും ഉരുകി ഒന്നാവുന്ന, കര്‍ഷകരും തൊഴിലാളികളും കായികപ്രതിഭകളും ധൈഷണികരും, കലാ സാംസ്കാരിക പ്രവര്‍ത്തകരും, ദലിത് ന്യൂനപക്ഷ വിഭാഗങ്ങളും, മാധ്യമപ്രവര്‍ത്തകരും പലതരത്തില്‍ ആക്രമിക്കപ്പെടുന്ന, ശാസ്ത്രബോധത്തെ പരിഹസിക്കുന്ന, വെറുപ്പ് ഉല്‍പാദനത്തില്‍ മാത്രം ഉത്സാഹഭരിതമാകുന്ന, ഒരവസ്ഥയിലൂടെയാണ് സമകാലിക ഇന്ത്യനവസ്ഥ കടന്നുപോവുന്നത്.

സൗഹൃദങ്ങളെ തള്ളി, ‘കേവലശക്തി’യെ മാത്രം കൊണ്ടാടുന്ന, മനുഷ്യനു മുകളില്‍ പശുവിനെ പ്രതിഷ്ഠിക്കുന്ന, വൈവിധ്യങ്ങളെ വെട്ടി കൃത്രിമ ഏകത്വത്തെ ദൃഢപ്പെടുത്തുന്ന, ഒരുമിപ്പിക്കാന്‍ കഴിയുന്ന ആ ‘ഒന്നിനെ’ പോലും വില്ലനാക്കുന്ന, പമ്പരവിഡ്ഢിത്തങ്ങള്‍ക്ക് മതതത്ത്വങ്ങളുടെ കുപ്പായം തുന്നുന്ന, കാരുണ്യത്തെ തള്ളി പരാക്രമവാദത്തെ പുനരുജ്ജീവിപ്പിക്കുന്ന, ‘ഹിന്ദുത്വ മുഖംമൂടി’ ധരിച്ച് സമ്പൂർണ ജാതിമേല്‍ക്കോയ്മാ സംസ്കാരം അടിച്ചേൽപിക്കാനുള്ള ശ്രമമാണ് പലനിലകളില്‍ ഇന്ത്യയിലിപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്തിന്? ഇന്ത്യ എന്നുച്ചരിക്കുന്നതുപോലും നാളെ കുറ്റകൃത്യമായേക്കും!

ഗാന്ധിജിയുടെ ‘സാമുദായിക ദേശീയതക്കും’ നെഹ്റു വികസിപ്പിക്കാന്‍ ശ്രമിച്ച മതനിരപേക്ഷ ദേശീയതക്കും, ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ‘ജനകീയ ദേശീയത’ക്കും, അതിനെല്ലാം ആധാരമായി പ്രവര്‍ത്തിക്കുന്ന ഭൂമിശാസ്ത്ര-രാഷ്ട്രീയ ദേശീയതക്കും മുകളില്‍, ഫാഷിസ്റ്റ് മേല്‍ക്കോയ്മാ ദേശീയതയാണ് ഇന്ത്യയിലിപ്പോള്‍ കൊടിപറത്തുന്നത്. ‘വാ’ എന്ന ഉള്‍ച്ചേര്‍ക്കലിനും, വൈവിധ്യങ്ങളില്‍ ഒന്നിക്കലിനും പകരം ‘പോ’ എന്ന അലര്‍ച്ചകളാണ്, ‘ദേശീയത’യുടെ മറവില്‍ കെട്ടിവെക്കപ്പെടുന്നത്. ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരിസ് നമ്മുടെ പഴയ പാരമേശ്വരീയമാണെന്നും, സൗദി അറേബ്യയിലെ ഇസ്‍ലാമിക ആരാധനാ കേന്ദ്രമായ കഅ്ബ, നമ്മുടെ വിഷ്ണുക്ഷേത്രമാണെന്നും, ഇംഗ്ലണ്ടിലെ സെന്‍റ് കത്തീഡ്രല്‍ ചര്‍ച്ച്, ഗോപാല്‍ മന്ദിര്‍ ആണെന്നും ജറൂസലം യദുശാല്യമാണെന്നും, അവരുടെ പൈതഗോറസ് നമ്മുടെ പതഞ്ജലിതന്നെയാണെന്നും, ഈജിപ്തുകാരെ പിരമിഡ് ഉണ്ടാക്കാന്‍ പഠിപ്പിച്ചത് ഇന്ത്യക്കാരാണെന്നും എന്തിന് ഹോമിയോപ്പതിയുടെ സ്ഥാപകനായ ഹാനിമാന്‍ നമ്മുടെ സ്വന്തം ഹനുമാന്‍തന്നെയാണെന്നും ഭാരതം ലോകത്തിന്‍റെ ഗുരുവാണെന്നും, സർവ ശാസ്ത്രകണ്ടുപിടിത്തങ്ങളും മുമ്പേ ഇവിടെ ഉണ്ടായിരുന്നുവെന്നും, രാവണന്‍റെ പുഷ്പകവിമാനത്തിന് പറക്കാനാവാത്ത മറ്റ് ഗ്രഹങ്ങളിലേക്ക് പറന്ന വിമാനംപോലും ഇവിടെ മാത്രമാണ് ഉണ്ടായിരുന്നതെന്നുമുള്ള, ഇന്ത്യയെ ലോകത്തിനുമുന്നില്‍ പരിഹാസ്യമാക്കുന്ന വമ്പന്‍ ‘വീരസ്യം’ പറച്ചിലാണ്, പേമാരിപോലെ സർവത്ര കോരിച്ചൊരിയുന്നത്! സൗമ്യജീവികളെ രൗദ്രമാക്കുന്ന ‘ആഭിചാര ക്രിയ’കളാണ്, അക്കാദമിക വേദികളില്‍നിന്നുപോലും ഉണ്ടാവുന്നത്! പോരാത്തതിന് ഇനി ‘മിത്തിനെ’പ്പറ്റി മിണ്ടിപ്പോവരുത് എന്ന ഉഗ്രശാസനവും!

 

അംബേദ്കര്‍, പെരിയാര്‍

അംബേദ്കര്‍, പെരിയാര്‍

ബിരിയാണി വേട്ടയിലൂടെ കുപ്രസിദ്ധരായ ഹരിയാനയിലെ ഗോരക്ഷാദളിന്‍റെ ‘അടയാളം’ മാത്രം അപഗ്രഥിച്ചാല്‍ സൗമ്യതയെ രൗദ്രമാക്കുന്നതിന്‍റെ അസ്സല്‍ തെളിയും. രണ്ട് മൂര്‍ച്ചയുള്ള വാളുകള്‍ക്കിടയില്‍ മുരളുന്ന ഒരു രൗദ്ര പശു. മുമ്പ്​ ‘ഇജ്ജാതി’യൊരു ജന്തുവിനെ നാ​െമവിടെയും കണ്ടിട്ടില്ല! സത്യത്തില്‍ പാവം പശുവിനെ പുലിയാക്കാന്‍ അത്രയും മതിയായിരുന്നു! അതുതന്നെയും അധികവുമായിരുന്നു. പക്ഷേ ആ ‘എംബ്ലം’ രണ്ടു വാളുകള്‍ക്കപ്പുറം രണ്ടു തോക്കുകള്‍കൂടി പശു ​പ്രിയർ എടുത്തുചേർത്തു! ആധുനികമാവാനാവണം! റാണാപ്രതാപിന്‍റെ വാളും, നാഥുറാം വിനായക് ഗോദ്സെ ഭീകരന്‍റെ തോക്കും അകമ്പടി സേവിക്കുന്ന ഈ നവരൗദ്ര പശു ജനാധിപത്യം ജാഗ്രത പാലിക്കുന്നില്ലെങ്കില്‍ സെക്കുലര്‍ ഇന്ത്യയെ കുത്തിമറിക്കും.

പശുവിനെ രക്ഷിക്കുകയല്ല, പശുവിനെ മുന്‍നിര്‍ത്തി ഇന്ത്യന്‍ ഫാഷിസത്തിന് പ്രിയപ്പെട്ട പരാക്രമവാദത്തെ പുനരുജ്ജീവിപ്പിക്കുകയും, പൊതുമണ്ഡലത്തെ ജാതിമേല്‍ക്കോയ്മാവത്കരിക്കുകയുമാണ്, ഇന്ത്യന്‍ ഭരണകൂടം ചെയ്യുന്നത്. മുമ്പ് രാജാക്കന്മാര്‍, അഴിച്ചുകെട്ടാന്‍ ആരുണ്ട് എന്ന വെല്ലുവിളിയോടെ യാഗാശ്വങ്ങളെയാണ് അഴിച്ചുവിട്ടതെങ്കില്‍, ഇപ്പോള്‍ ഇന്ത്യയില്‍ നവ ഫാഷിസം അഴിച്ചുവിട്ടിരിക്കുന്നത് പുല്ല് തിന്നാത്ത, മനുഷ്യരെ മാത്രം തിന്നുന്ന ഒരതിരൗദ്ര പശുവിനെയാണ്! കുറച്ചു കൊല്ലങ്ങള്‍ക്കുമുമ്പ് ഉത്തര്‍പ്രദേശിലെ തവാങ് എന്ന സ്ഥലത്ത് ഖാലിദ് മുഹമ്മദിന് മർദനമേറ്റത്, അടുത്ത വീട്ടിലെ പശുവിനെ ‘തുറിച്ചുനോക്കിയതി’ന്‍റെ പേരിലായിരുന്നു എന്നുകൂടി അറിയുമ്പോള്‍, ചിരിക്കണോ കരയണോ എന്നറിയാതെ നാം നിസ്സഹായരാവും! ഗോരക്ഷകര്‍ കൊലചെയ്ത അഖ്ലാഖ് വധക്കേസിലെ ഒന്നാം പ്രതി, ജയിലില്‍വെച്ച് മരിച്ച രവി സിസോദിയയുടെ മൃതദേഹം പശുഭക്തര്‍ ദേശീയപതാക പുതച്ചാണത്രേ ആദരിച്ചത്! മറ്റൊരു സന്ദര്‍ഭത്തിലാണെങ്കിലും പണ്ഡിറ്റ് കറുപ്പന്‍ ചോദിച്ച ആ ചോദ്യം ഇന്നും നാം ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ‘‘നാല്‍ക്കാലികളിലും താഴെയാണോ/ ഇക്കാണും മാനുഷസോദരന്മാര്‍/ ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു/ നീക്കാറായില്ലയോ യോഗപ്പെണ്ണേ-/ എന്തൊരാള്‍ക്കാരാണു നിങ്ങള്‍ ജ്ഞാനപ്പെണ്ണേ...’’

ചരിത്രബോധ കമ്മിയാണ്, അസഹിഷ്ണുതക്ക് കാരണം. സ്വയം ബോധ്യത്തിലുണ്ടാവുന്ന കുറവും, സ്വയം ബോധ്യത്തില്‍തന്നെ ഉണ്ടായേക്കാവുന്ന വൈകാരിക തീവ്രതയും, മറ്റുള്ളവരുടെ ആശയത്തോടുള്ള സംവാദാത്മകമായ ആദരവ് ഇല്ലായ്മയും, അസഹിഷ്ണുത സൃഷ്ടിക്കും. അതിനെ, ‘വികാരവളം’ വെച്ച് വളര്‍ത്താനല്ല, ‘വിചാരച്ചൂടില്‍’ ഇല്ലാതാക്കാനാണ് ജനായത്തവാദികള്‍ പരിശ്രമിക്കേണ്ടത്. അതത്ര എളുപ്പമല്ലെങ്കില്‍പോലും!

ചാര്‍വാകന്മാര്‍ മുതൽ,ജോതിബാ ഫു​േല, അംബേദ്കര്‍, പെരിയാര്‍, ശ്രീനാരായണഗുരു തുടങ്ങി മഹാത്മാ ഗാന്ധി വരെയുള്ളവരുടെ ചിന്താലോകത്തിലൂടെ ആത്മാർഥമായി കടന്നുപോവാന്‍ കഴിഞ്ഞാല്‍, ഇപ്പോള്‍ ‘വിവാദമാക്കപ്പെട്ട’ ഉദയനിധി സ്റ്റാലിന്‍റെ ‘സനാതന വിമര്‍ശനത്തില്‍’ അത്ര വലിയ പുതുമയില്ലെന്ന് കാണാനാവും. സനാതന വിശ്വാസ വിമര്‍ശനത്തെ ഉന്മൂലനം ചെയ്യപ്പെടേണ്ട രോഗങ്ങളുമായി തമിഴ്നാട്ടില്‍ ആദ്യം താരതമ്യപ്പെടുത്തിയത് ഇ.വി.ആര്‍ എന്ന പെരിയാറാണ്, അല്ലാതെ ഉദയനിധി സ്റ്റാലിനല്ല. വിവാദമാക്കപ്പെട്ട വിഷയം സ്റ്റാലിന്‍ അവതരിപ്പിച്ചത്, തമിഴ്നാട് മൂര്‍പ്പോക്ക് എഴുത്താളര്‍ സംഘം നടത്തിയ, ‘സനാതന ഒഴിപ്പ് മാനാടില്‍’ പങ്കെടുത്തുകൊണ്ടാണ്. സനാതന വിശ്വാസത്തെ ഒഴിച്ചുവിടാനുള്ള ആ സമ്മേളനത്തില്‍ വെച്ചാണ് ഡെങ്കിയും മലമ്പനിയുംപോലെ ജാതിയും വംശീയമേന്മയും ബ്രാഹ്മണാധികാരവും തുടച്ചുനീക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തത്. ഇൗ ഒരു കീഴാള കാഴ്​ചപ്പാട്​ ആവശ്യപ്പെടുന്നത് ആക്രോശങ്ങളല്ല, അന്വേഷണങ്ങളും സംവാദങ്ങളും ബദല്‍ പ്രയോഗങ്ങളുമാണ്. മറിച്ചാണെങ്കില്‍ മതരഹിത ചിന്തകര്‍ക്കു മാത്രമല്ല, മതങ്ങള്‍ക്കകത്തെ ചിന്തകര്‍ക്കും വിലക്ക് പ്രഖ്യാപിക്കേണ്ടിവരും. അതാകട്ടെ നമ്മെ എത്രയോ പിറകോട്ടാവും കൊണ്ടുപോവുക. ‘‘പശുവിന്‍ പാല്‍ കുടിക്കുന്ന ജനങ്ങളും പശുവിന്‍റെ മൂത്രം കുടിക്കുന്ന കഴുതകളും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്’’ എന്ന പ്രശസ്ത അഭിനയപ്രതിഭ വിജയിന്‍റെ സനാതന വിശ്വാസവിരുദ്ധ പ്രകോപന ഫേസ്ബുക്ക് പോസ്റ്റിനെ, എതിര്‍ക്കുകയോ അനുകൂലിക്കുകയോ അവഗണിക്കുകയോ സംവാദ വിധേയമാക്കുകയോ ചെയ്യാവുന്നതാണ്. അതിനു പകരം അത്തരം അഭിപ്രായപ്രകടനങ്ങള്‍ക്കെതിരെ ക്രൂരകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കോടികള്‍ സമ്മാനം, ഓഫര്‍ നല്‍കി പ്രോത്സാഹിപ്പിക്കാനും കലാപമുണ്ടാക്കാനും ആരും ആഹ്വാനംചെയ്യുക മാത്രം അരുത്!

ഒരു ചെറിയ പെണ്‍കുട്ടി ഒരു പശുക്കുട്ടിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന പഴയ സമ്മോഹനമായ പരസ്യത്തില്‍നിന്ന്, ‘തോക്കേന്തുന്ന’ പുതിയ പശുവിലേക്കുള്ള കുതിപ്പാണ് ‘സനാതന വിശ്വാസ’മെങ്കില്‍, അതിനെ സ്വാഗതം ചെയ്യാന്‍, മനുഷ്യരാവുന്നമുറക്ക് മനുഷ്യര്‍ മടിക്കും. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ എതിരാളികളെ തുടച്ചുനീക്കിയപോലെ കേരളത്തെ സനാതന ഹിന്ദു രാഷ്ട്രമാക്കും എന്ന് ആദിത്യനാഥ് യോഗി പറയുമ്പോള്‍, ഒരു കേന്ദ്രത്തിന്‍റെയും സമ്മതമില്ലാതെതന്നെ ആ ‘സനാതനത്വ’ത്തോട് ‘പോയി പണി നോക്കാന്‍’ നമ്മുടെ പ്രിയമന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞതുപോലെ നമ്മളും പറയും!

 

ഹിന്ദുത്വവാദികളുടെ ഒരു അക്രമാത്മക പ്രകടനം       

ഹിന്ദുത്വവാദികളുടെ ഒരു അക്രമാത്മക പ്രകടനം       

‘‘കടുവ കാടിറങ്ങുന്നത് കാണാമറയത്ത്/ വൈര വൈറസ് നാടാക്രമിക്കുന്നതും’’ (കെ.ജി.എസ്). കൊറോണ വൈറസിന്‍റെയും നിപ വൈറസിന്‍റെയും മുന്നില്‍ ശിരസ്സ് കുനിക്കാത്ത മലയാളി മക്കള്‍ നവ ഫാഷിസത്തില്‍നിന്നുമുത്ഭവിച്ച ‘വൈരവൈറസിനെ’യും അതിജീവിക്കും. മഹാത്മാഗാന്ധിയുടെ സർവമതപ്രാർഥനയെ മതരഹിതര്‍പോലും സ്വാഗതംചെയ്തു. കാരണമതിന് നെഞ്ചം തുളക്കുന്ന കൊമ്പുകളുണ്ടായിരുന്നില്ല. എന്നാല്‍, മതത്തിന്‍റെ മുഖംമൂടി ധരിച്ച ‘ജാതി മേല്‍ക്കോയ്മാ’ ശക്തികള്‍ക്ക് ചോര കൊതിക്കുന്ന കൊമ്പുകളുണ്ട്. ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഒരു സാന്ത്വനശക്തിയായി മാറിക്കഴിഞ്ഞ സർവര്‍ക്കും പങ്കെടുക്കാവുന്ന/ പങ്കെടുക്കാതിരിക്കാവുന്ന സർവമത പ്രാർഥനയെപ്പോലും ഫാഷിസ്റ്റ് ആശയം സ്വാംശീകരിച്ചവര്‍, അവര്‍ ഫാഷിസ്റ്റ് സംഘടനകളില്‍ അംഗങ്ങളല്ലെങ്കില്‍പോലും വെച്ചുപൊറുപ്പിക്കുകയില്ല. യോഗിയുടെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പ്രശസ്തമായ ആ ​േഫ്ലാറൈസ് പബ്ലിക് സ്കൂള്‍ അടച്ചുപൂട്ടാന്‍ കഴിഞ്ഞവര്‍ഷം അധികാരികള്‍ കൽപിച്ചത് അവിടെ ‘കലാപ’മുണ്ടായതുകൊണ്ടല്ല, സർവമതപ്രാർഥന നടന്നതുകൊണ്ടായിരുന്നു! എന്നാല്‍, രാജ്യസഭാംഗവും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസും, സ. സുഭാഷിണി അലിയും യു.പിയിലെ പീഡിത വിദ്യാർഥിക്കും കുടുംബത്തിനും മതനിരപേക്ഷ മലയാളി സമൂഹത്തിന്‍റെയും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാറിന്‍റെയും സാമ്പത്തിക-സാമ്പത്തികേതര പിന്തുണ അറിയിച്ചപ്പോള്‍, ആ കുടുംബം, അവരുടെ പതിവ് പ്രാർഥനയില്‍ കേരളത്തെപ്പോലെ മതസൗഹാർദമുള്ളൊരവസ്ഥ യു.പിയില്‍കൂടിയുണ്ടാകണേ എന്നൊരു വാക്യം കൂടി സ്വന്തം കണ്ണീരിനൊപ്പം കൂട്ടിച്ചേര്‍ത്തു. പക്ഷേ, ആദരണീയരായ ജഡ്ജിമാരില്‍ ചിലര്‍പോലും, വംശഹത്യക്കാലത്ത് ഗുജറാത്തിലെ സ്വന്തം ഔദ്യോഗിക പാര്‍പ്പിടത്തില്‍നിന്നും, നിസ്സഹായരായ അഭയാർഥികളെപ്പോലെ മുസ്‍ലിം പേരുള്ളതിനാല്‍ മാത്രം ഓടിരക്ഷപ്പെടേണ്ടിവന്ന ‘സഹജീവിയായൊരു’ ന്യായാധിപന്‍റെ നിസ്സഹായമായ കിതപ്പുകള്‍ കാതില്‍വന്ന് നിലവിളിച്ചിട്ടും ‘ഒന്നുമറിയാത്ത മട്ടില്‍’ അതിനെതിരെ ഒരൊപ്പു പോലുമിടാതെ ഒഴിഞ്ഞുമാറി! പിന്നെയല്ലേ പ്രാർഥന?

അവരാണിപ്പോള്‍, ഉദയനിധി സ്റ്റാലിന്‍റെ ‘വിവാദമാക്കപ്പെട്ട’ പറയത്തക്ക ഒരു ‘പുതുമയുമില്ലാത്ത’ ഒരു പ്രസ്താവനക്കെതിരെ ഒപ്പിട്ടിരിക്കുന്നത്. ‘ഇന്ത്യ’യെ വെട്ടിയ ‘ഭാരതം’ എന്തുപറഞ്ഞാലും, ഇന്ത്യയെന്ന നമ്മുടെ ഭാരതം ജാതിമേല്‍ക്കോയ്മയെ ദൃഢപ്പെടുത്തുന്ന ഒരു ‘സനാതന കാഴ്ചപ്പാടിന്’ മുന്നിലും കീഴടങ്ങുകയില്ല.

l

News Summary - Madhyamam Weekly article on Indian culture written by KEN