Begin typing your search above and press return to search.
proflie-avatar
Login

എല്ലാം ഒരു പേരിലാണിരിക്കുന്നത്

എല്ലാം ഒരു പേരിലാണിരിക്കുന്നത്
cancel

തോമസ് ബാബിങ്ടൺ മെക്കാളെ ആവിഷ്കരിച്ച ക്രിമിനൽ നീതിന്യായവ്യവസ്ഥ ദക്ഷിണേഷ്യയുടെ ഉയർന്നുവരുന്ന ആധുനികതക്ക് ആകസ്മികമായി ലഭിച്ച സമ്മാനങ്ങളിൽ ഒന്നാണ്. മാത്രമല്ല, അത് ആഗോളപരമായി ഉണ്ടാക്കപ്പെട്ട ക്രിമിനൽ നീതിന്യായവ്യവസ്ഥ കൂടിയാണ്. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവക്ക് പകരമായി ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകൾ, താൻ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയസംഹിതക്കനുസരിച്ച്, ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചപ്പോൾ ചില ചരിത്രബാഹ്യമായ കാര്യങ്ങൾകൂടി അവതരിപ്പിച്ചിരുന്നു. ബിൽ അവതരിപ്പിച്ചതിനെ കുറിച്ച്...

Your Subscription Supports Independent Journalism

View Plans

തോമസ് ബാബിങ്ടൺ മെക്കാളെ ആവിഷ്കരിച്ച ക്രിമിനൽ നീതിന്യായവ്യവസ്ഥ ദക്ഷിണേഷ്യയുടെ ഉയർന്നുവരുന്ന ആധുനികതക്ക് ആകസ്മികമായി ലഭിച്ച സമ്മാനങ്ങളിൽ ഒന്നാണ്. മാത്രമല്ല, അത് ആഗോളപരമായി ഉണ്ടാക്കപ്പെട്ട ക്രിമിനൽ നീതിന്യായവ്യവസ്ഥ കൂടിയാണ്. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവക്ക് പകരമായി ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകൾ, താൻ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയസംഹിതക്കനുസരിച്ച്, ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചപ്പോൾ ചില ചരിത്രബാഹ്യമായ കാര്യങ്ങൾകൂടി അവതരിപ്പിച്ചിരുന്നു.

ബിൽ അവതരിപ്പിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: “ഈ മൂന്ന് നിയമങ്ങളും പ്രാബല്യത്തിൽ കൊണ്ടുവന്നത് ബ്രിട്ടീഷ് സർക്കാറാണ്; അവരുടെ പ്രധാന ലക്ഷ്യം കൊളോണിയൽ ഭരണം ശക്തിപ്പെടുത്തലായിരുന്നു. നീതി നടപ്പാക്കുകയല്ല, പകരം ശിക്ഷിക്കുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.’’ എന്നാൽ, അദ്ദേഹം പറഞ്ഞതിനു വിപരീതമായി, വിഷയത്തിന്റെ യഥാർഥ വസ്തുത, അക്കാലത്ത് മെക്കാളെ കൊണ്ടുവന്ന ക്രിമിനൽ ന്യായവ്യവസ്ഥ വിപ്ലവകരമായിരുന്നു എന്നതാണ്. ഇന്ത്യയിൽ അക്കാലത്ത് നിലനിന്നിരുന്ന മതത്തിലൂന്നിയ (അധികവും ജാതിയിൽ അധിഷ്ഠിതവും) നാനാവിധത്തിലുള്ള ക്രിമിനൽ നിയമങ്ങൾ മാറ്റി എന്നതിനപ്പുറം, ബ്രിട്ടനിൽ വളർന്നുകൊണ്ടിരുന്ന ബെൻതമിന്റെ നവീകരണവാദത്താൽ സ്വാധീനിക്കപ്പെട്ട് ഇന്ത്യക്കാരെയും യൂറോപ്യന്മാരെയും ആദ്യമായി ഈ സമ്പ്രദായം ഒരേതലത്തിൽ സ്വാധീനിക്കുകയുണ്ടായി. എങ്കിലും, ബ്രിട്ടനിലെ ക്രിമിനൽ നിയമങ്ങളുടെ ക്രോഡീകരണത്തിന്റെ മാതൃകയായി ഈ സമ്പ്രദായം മാറിയിട്ടും, യൂറോപ്പിലെ മറ്റുള്ളവർ മെക്കാളെയെ തള്ളിക്കളഞ്ഞു. അതോടെ, അദ്ദേഹത്തിന്റെ ഇന്ത്യൻ ജീവിതത്തിന് തിരശ്ശീല വീണു.

ബ്രിട്ടീഷ് മൂല്യസമ്പ്രദായങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നിയമമെന്നതിൽ സംശയമില്ലാത്തതിനാൽ കാലത്തിനനുസരിച്ച് മാറ്റം ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ നിയമനിർമാണത്തിലൂടെയും ജുഡീഷ്യൽ ഇടപെടലിലൂടെയും നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാത്രമല്ല, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽപെട്ട ലിസ്റ്റ് 3 (അഥവാ കൺകറന്റ് ലിസ്റ്റ്) ആയതിനാൽ ക്രിമിനൽ നിയമം, സംസ്ഥാനതലങ്ങളിൽ ധാരാളം ഭേദഗതികൾക്ക് വിധേയമായിട്ടുണ്ട്. യഥാർഥത്തിൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ^1973ൽ പുനർനിയമമായി വന്നതാണ്. മറ്റൊരു കാര്യം, ക്രിമിനൽ നീതിവ്യവസ്ഥ, നീതിനിർവഹണം നടത്തുന്നതിൽ നിരന്തരമായി പരാജയപ്പെട്ടിട്ടുണ്ട് എന്നതാണ് -നിർമിക്കപ്പെട്ട നിയമങ്ങളല്ല, മറിച്ച്, ഇത് നടപ്പാക്കിയ കാര്യനിർവഹണ ചുമതലയുള്ളവരുടെയും സാമൂഹിക മനസ്സിന്റെയും പരാജയമാണ് ഇതിന് കാരണം.

 

ഇതിനർഥം, ക്രിമിനൽ നിയമങ്ങളുടെ കാതലായ വശങ്ങൾക്ക് മാറ്റം വരുത്തേണ്ടതില്ല എന്നല്ല. അത്തരം മാറ്റംവരുകയും ഇന്ത്യൻ പരമാധികാര രാഷ്ട്രത്തിന്റെ പ്രയാണത്തിൽ ബഹുമുഖമായ സംവാദങ്ങൾക്ക് വിഷയമാവുകയും ചെയ്തിട്ടുണ്ട്. ചിലതൊക്കെ നിയമഭേദഗതിയായും മറ്റു ചിലതൊക്കെ വെറും സംവാദങ്ങളായിതന്നെ നിലനിൽക്കുകയും ചെയ്തു. എങ്കിലും, ഈ പ്രബന്ധം, ആഗസ്റ്റ് 11ന് പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകളുടെ രാഷ്ട്രീയവും, ആഭ്യന്തരമന്ത്രിയോടൊപ്പം ഇന്ത്യയിലെ ഭൂരിപക്ഷ മാധ്യമ റിപ്പോർട്ടുകളും, ആഘോഷപൂർവം നടത്തിയ തെറ്റായ പ്രതിനിധാനവുമാണ് ചർച്ച ചെയ്യാനുദ്ദേശിക്കുന്നത്.

ചോദിക്കാതെ പോയത് വളരെ വ്യക്തമായ ഒരു ആലങ്കാരിക ചോദ്യമാണ്. അതായത്, ഐ.പി.സി, സി.ആർ.പി.സി, എവിഡൻസ് ആക്ട് എന്നിവയുടെ പേരുകൾ സംസ്കൃതത്തിലേക്ക് മാറ്റിയതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യം. കാരണം, ഏറ്റവും മൗലികമായി മൂന്ന് ബില്ലുകളും ചെയ്യുന്നത് അതാണല്ലോ. ഇന്ത്യയിലെ കോടതികളും നിയമരംഗവും ഇംഗ്ലീഷ്ഭാഷ വളരെ സൗകര്യപൂർവം ഉപയോഗിക്കുന്നുണ്ട് എന്നുള്ള വസ്തുത നിലനിൽക്കുമ്പോഴാണ് ഈ ചോദ്യത്തിന്റെ പ്രസക്തി വർധിക്കുന്നത്. ഭരണനിർവാഹകരുടെ ആദർശത്തിലാണ് ഇതിന്റെ ഉത്തരമുള്ളത്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ വളരെ ശക്തമായ രാഷ്ട്രീയ എതിർപ്പുണ്ടായിക്കൊണ്ടിരിക്കുമ്പോൾ, ഈ നീക്കം ഒരു സമർഥമായ അട്ടിമറിയായി വേണം കരുതാൻ. ഈ നിയമങ്ങൾ പാസാക്കുന്നതിന് ക്രിമിനൽ നീതിസമ്പ്രദായത്തെ ചുറ്റിപ്പറ്റി ഒരു നിയാമക ഭാഷാ പരിണാമം ആവശ്യമുണ്ട്; അതിന്, കാലാന്തരത്തിൽ, ഹിന്ദുത്വശക്തികൾ കരുതുന്നതുപോലെ, ധനകാര്യവശങ്ങൾകൂടി ഉൾക്കൊള്ളിച്ച് നിയമത്തിന്റെ ഔദ്യോഗിക ഭാഷയായി, ഇംഗ്ലീഷിന് പകരമാവാൻ കഴിയും.

ഉപരിപ്ലവമായ ഒരു വായനയിൽതന്നെ, ഈ മൂന്ന് ബില്ലുകളിലൂടെ ഉദ്ദേശിക്കപ്പെട്ട മാറ്റം പുറംമോടിക്കുവേണ്ടിയാണെന്ന് തിരിച്ചറിയാൻ കഴിയും. മാത്രമല്ല, ഭരിക്കുന്ന കക്ഷിയുടെ ആശയങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് ക്രിമിനൽ ന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട സംവാദത്തിന് വേണ്ടിയുള്ള ഒരു ഉപാധിയായി ഇത് മാറുകയും ചെയ്യുന്നു. ക്രിമിനൽ ന്യായവ്യവസ്ഥ ആവിഷ്കരിക്കുമ്പോൾ മെക്കാളെയെ മുന്നോട്ടു നയിച്ച മൗലികമായ നടപടിക്രമങ്ങളിലൊന്ന് രാഷ്ട്രാധികാരമുണ്ടെന്നുള്ള തിരിച്ചറിയലും രാഷ്ട്രഘടന ഉപയോഗിച്ച് കുറ്റവാളിയാക്കപ്പെടുന്ന വ്യക്തികളുടെ അധികാരമില്ലായ്മയുടെ ആപേക്ഷികതയുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി നിയമങ്ങൾ (തെളിവുൾപ്പെടെ) കുറ്റാരോപിതനാവുന്ന വ്യക്തിയുടെ കാര്യത്തിൽ സുരക്ഷയൊരുക്കുന്നത്. ബില്ലിൽ നിർദേശിച്ച വ്യവസ്ഥ ഇതിനെ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്ന് കാണാം. മൂന്ന് ബില്ലുകളും ഐ.പി.സിയും സി.ആർ.പി.സിയും എവിഡൻസ് ആക്ടും യഥാക്രമം മാറ്റി പ്രതിഷ്ഠിക്കുക എന്ന ദൗത്യമാണ് മുന്നോട്ടുവെക്കുന്നതെന്ന കാര്യം ഓർമിക്കണം. ഇതൊരു തരത്തിലും എല്ലാ ക്രിമിനൽ നിയമങ്ങളും ഏകീകരിക്കുന്ന പ്രക്രിയയല്ല. യു.എ.പി.എ, എൻ.ഡി.പി.എസ് പോലുള്ള നിയമനിർമാണങ്ങളിൽ അവഗണിക്കാനാവാത്ത വ്യവസ്ഥകൾ (non-obstante clauses) ഇപ്പോഴും നിലവിലുണ്ട് - അവയുടെ ആഘാതങ്ങൾ പിന്നീട് ചർച്ചചെയ്യാം.

 

തോമസ് ബാബിങ്ടൺ മെക്കാളെ

തോമസ് ബാബിങ്ടൺ മെക്കാളെ

356 ഭാഗങ്ങളുള്ള ബി.എൻ.എസും (BNS) (ഐ.പി.സി പ്രകാരം റദ്ദാക്കിയ 22 ഭാഗങ്ങളും), കൂട്ടിച്ചേർക്കപ്പെട്ട 8 ഭാഗങ്ങളും, കേന്ദ്ര ആഭ്യന്തര മന്ത്രിയും മുഖ്യധാരാ മാധ്യമങ്ങളും പുരോഗമനപരമാണെന്ന് സ്ഥാപിച്ചാണ് വിൽക്കുന്നത്. 124 A ഐ.പി.സി പ്രകാരം രാജ്യദ്രോഹക്കുറ്റം റദ്ദുചെയ്യുന്നു എന്ന കാര്യത്തിനാണ് ഊന്നൽകൊടുക്കുന്നത്. സത്യത്തിൽ, രാജ്യദ്രോഹം, അപ്രീതി എന്നീ വാക്കുകൾ ബി.എൻ.എസ് വഴി കോർക്കപ്പെട്ട ആക്ടുകൾ ചേർത്ത് സെക്ഷൻ 150നാൽ പകരംവെക്കപ്പെടുകയാണ് ചെയ്തത്. ഇതാകട്ടെ, സർക്കാറിനെതിരെയുള്ള വിമർശനങ്ങൾ ക്രിമിനൽവത്കരിക്കുന്നത് തുടരാം. മാത്രമല്ല, അവ്യക്തമായ ഭാഷയിൽ ക്രിമിനൽവത്കരിക്കപ്പെടുന്ന നിയമങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്യും. രാജ്യദ്രോഹത്തെ ചുറ്റിപ്പറ്റിയുള്ള ജുഡീഷ്യൽ ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഇത് കൂടുതൽ മനസ്സിലാക്കാൻ കഴിയുക.

ഐ.പി.സി സെക്ഷൻ 124 എയുടെ പ്രശ്നം, സർക്കാറിനോടുള്ള അപ്രീതി ക്രിമിനൽവത്കരിക്കുന്നു എന്നതാണ്. ഫലത്തിൽ, സർക്കാറുകൾക്കെതിരെയുള്ള വിമർശനങ്ങളുടെ മേൽ കുറ്റം ചുമത്താൻ സാധ്യത തുറന്നിടുകയാണെന്ന് മാത്രമല്ല, മാറിമാറി വന്ന സർക്കാറുകൾ ഇത് ദുരുപയോഗം ചെയ്തതിന്റെ ചരിത്രവുമുണ്ട്. 1962ലെ കേദാർനാഥ് v/s സ്റ്റേറ്റ് ഓഫ് ബിഹാർ കേസിൽ ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എന്നിരിക്കിലും, 1973ൽ മാത്രമാണ് ഈ വ്യവസ്ഥ കൂടുതൽ വെളിവാകുന്നത്. ഈ പശ്ചാത്തലത്തിൽ മേൽപറഞ്ഞ വ്യവസ്ഥക്കെതിരെ മറ്റൊരു കേസ് എസ്.ജി വോമ്പട്കെരെ v/s യൂനിയൻ ഓഫ് ഇന്ത്യ എന്ന പേരിൽ കൊണ്ടുവരുകയും കേസ് തീർപ്പാകുന്നതുവരെ കുറ്റംചാർത്തുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഈ വ്യവസ്ഥ സ്റ്റേ ചെയ്യുന്നതിനെ എതിർത്ത സോളിസിറ്റർ ജനറൽ 124 എ സെക്ഷൻ കേന്ദ്രസർക്കാർ പുനരാലോചിക്കുകയാണെന്ന് സമർപ്പിച്ചു. അത് പ്രകാരം, ഈ സെക്ഷൻ അടിസ്ഥാനപ്പെടുത്തി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നും കേന്ദ്രം ആവശ്യമായ നിയമപരിഹാരം ഉണ്ടാക്കുന്നതുവരെ കുറ്റവിചാരണകൾ നിർത്തിവെക്കണമെന്നും കോടതി ഉത്തരവിട്ടു.

ബി.എൻ.എസിലെ 150ാം സെക്ഷൻ ഇപ്രകാരമാണ്:

“ആരെങ്കിലും എഴുതപ്പെട്ടതോ ഉച്ചരിക്കപ്പെട്ടതോ ആയ വാക്കുകൾകൊണ്ടോ, അടയാളങ്ങൾ മുഖേനയോ ദൃശ്യവിതാനത്തിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ ധനപരമായ വഴികളിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ, ഉദ്ദേശ്യപൂർവമോ അറിഞ്ഞുകൊണ്ടോ വിഭജനത്തെയോ സായുധ കലാപത്തെയോ അട്ടിമറി പ്രവർത്തനങ്ങളെയോ ഉണർത്തിവിടുകയോ അതിനുവേണ്ടി ശ്രമിക്കുകയോ വിഭജനപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയോ പരമാധികാരത്തെയും ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുകയോ അത്തരം പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യുകയാണെങ്കിൽ, ജീവപര്യന്തം തടവിനോ ഏഴുവർഷം വരെ തടവിനോ പിഴ അടക്കുന്നതിനോ ശിക്ഷ വിധിക്കപ്പെടും. വിശദീകരണം: സർക്കാറിന്റെ നടപടികളോടോ ഭരണപരമായതോ മറ്റേതെങ്കിലും പ്രവൃത്തികളോടോ നിയമപരമായ മാർഗത്തിലൂടെ മാറ്റം വരുത്താൻ ഉദ്ദേശിച്ച്, ക്ഷോഭമുണ്ടാക്കുകയോ, അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യാത്ത വിയോജന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന ഈ സെക്ഷനിൽ പരമാർശിച്ച കാര്യങ്ങൾ.”

 

രാജ്യദ്രോഹവും അപ്രീതിയും മാറ്റി, ഭിന്നിപ്പെന്നും (വിഭജനം), സായുധ കലാപമെന്നും അട്ടിമറി പ്രവർത്തനങ്ങളെന്നും ഏറ്റവും പ്രധാനമായി, വിഘടനവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതെന്നും, അതുവഴി കുറ്റകരമായ ചിന്തയെന്ന ഘടകംകൂടി കേന്ദ്ര ഗവൺമെന്റ് ചേർത്തു. മാത്രമല്ല, വിവാദപരമായ സംജ്ഞ ‘ഗവൺമെന്റ്’ എന്നത് ഒഴിവാക്കാതെ ഗവൺമെന്റ് എന്നാൽ രാജ്യമെന്ന് സമീകരിക്കുകയുംചെയ്തു. ഏറ്റവും കുറഞ്ഞ ശിക്ഷ കാലാവധി മൂന്നിൽനിന്ന് ഏഴ് വർഷമാക്കി വർധിപ്പിക്കുകയും ചെയ്തു.

ഇതും പോരാതെ, ബി.എൻ.എസ് ‘ഭീകരവാദ നിയമം’ സെക്ഷൻ 111 പ്രകാരം വേറിട്ടൊരു കുറ്റമായി നിർവചിക്കുകയുമുണ്ടായി. അതിങ്ങനെയാണ്:

(1) താഴെ വിവരിക്കുന്ന രീതിയിൽ ഇന്ത്യയിലോ വിദേശത്തോ വെച്ച് ഇന്ത്യയുടെ ഐക്യത്തിനോ ഉദ്ഗ്രഥനത്തിനോ സുരക്ഷക്കോ ഭീഷണിയാവാൻ ലക്ഷ്യമിട്ട് അഥവാ, സാമാന്യജനത്തെയോ ഒരു വിഭാഗത്തെയോ വിരട്ടാൻ ഉദ്ദേശിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും പ്രവൃത്തിയിലൂടെ ക്രമസമാധാനം തകർക്കുകയോ ചെയ്താൽ ഭീകരപ്രവർത്തനം നടത്തിയതായി കണക്കാക്കാവുന്നതാണ്:

(i) ബോംബുകളോ ഡൈനാമിറ്റോ മറ്റേതെങ്കിലും സ്ഫോടനവസ്തുക്കളോ തീ പടർത്തുന്ന സാധനങ്ങളോ വെടിക്കോപ്പുകളോ മറ്റ് മാരകായുധങ്ങളോ വിഷമോ മാരകമായ വാതകങ്ങളോ മറ്റു രാസവസ്തുക്കളോ അപകടകരമായ മറ്റേതെങ്കിലും വസ്തുക്കളോ (ജൈവമോ അല്ലാത്തതോ), ഉപയോഗിച്ചുകൊണ്ട് ഒരു ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ അത്തരം ഒരു സന്ദേശം പരത്തുകയോ മരണകാരണമാവുകയോ ഏതെങ്കിലും വ്യക്തിക്ക് മാരകമായ ശാരീരിക ഹാനിവരുകയോ, വ്യക്തിയുടെ ജീവിതത്തിന് അപകടം വരുകയോ ചെയ്യുക;

(ii) നാശമോ അതുവഴി നഷ്ടമോ ഉണ്ടാക്കുകയോ ആസ്തി നശിപ്പിക്കുകയോ ഏതെങ്കിലും സമുദായത്തിന്റെ ജീവിതത്തിന് അവശ്യമായ സേവനങ്ങളോ സാമഗ്രികളോ തടസ്സപ്പെടുത്തുകയോ സർക്കാറിന്റെ സംവിധാനങ്ങളോ പൊതുമുതലോ പൊതുസ്ഥലങ്ങളോ സ്വകാര്യസ്വത്തോ നശിപ്പിക്കുകയോ ചെയ്യുക;

(iii) പരമപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കു നാശം വരുത്തുകയോ വ്യാപകമായ കടന്നുകയറ്റം നടത്തുകയോ ചെയ്യുക;

(iv) പൊതു അധികാരിയോ മറ്റേതെങ്കിലും വ്യക്തിയോ മരിക്കുന്നതിനോ മരിക്കാൻ കാരണമായേക്കാവുന്ന രീതിയിലോ പരിക്കേൽക്കാവുന്നതോ ആയ രീതിയിൽ സർക്കാറിനെയോ അതിന്റെ ഘടകങ്ങളെയോ ഭീഷണിയിലൂടെ സ്വാധീനിക്കുകയോ പ്രകോപിപ്പിക്കുകയോ അല്ലെങ്കിൽ സർക്കാറിനെ ഏതെങ്കിലും കൃത്യം ചെയ്യുന്നതിനോ, കൃത്യം ചെയ്യാതിരിക്കാതിരിക്കാനോ വേണ്ടി, കൊല്ലുമെന്നോ പരിക്കേൽപിക്കുമെന്നോ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടനകളെ അസ്ഥിരപ്പെടുത്തുകയോ, നശിപ്പിക്കുകയോ ചെയ്യുകയോ അല്ലെങ്കിൽ ഒരു പൊതു അടിയന്തരാവസ്ഥ സൃഷ്ടിക്കുകയോ പൊതുസുരക്ഷയെ അട്ടിമറിക്കുകയോ ചെയ്യുക;

(v) UAPA (1967)യുടെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉടമ്പടി.

(2) ഭീകരകൃത്യം നടത്താൻ ശ്രമിക്കുകയോ നടത്തുകയോ ചെയ്യുന്ന ഒരാൾക്ക്, ---

(i) അത്തരം കുറ്റം ഒരു വ്യക്തിയുടെ മരണത്തിൽ കലാശിക്കുകയാണെങ്കിൽ, വധശിക്ഷയോ പരോളില്ലാത്ത ജീവപര്യന്തം തടവോ 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കുന്നതാണ്;

(ii) മറ്റ് കേസുകളിൽ, ജീവപര്യന്തം വരെ പോകാവുന്നതും അഞ്ചുവർഷത്തിൽ കുറയാത്തതുമായ തടവുശിക്ഷയും 5 ലക്ഷത്തിൽ കുറയാത്ത പിഴയും ലഭിക്കുന്നതാണ്;

(iii) ആരെങ്കിലും ഗൂഢാലോചന നടത്തുകയോ ഭീകരകൃത്യത്തിനുവേണ്ടി ആളുകളെയോ സംഘങ്ങളെയോ പ്രസ്ഥാനത്തെയോ സംഘടിപ്പിക്കാൻ കാരണമാവുകയോ സംഘടിപ്പിക്കുകയോ അല്ലെങ്കിൽ ഭീകരകൃത്യത്തിന് തയാറെടുക്കാൻവേണ്ടി ഗൂഢാലോചന നടത്തുകയോ സഹായിക്കുകയോ ചെയ്താൽ, ജീവപര്യന്തം വരെ നീണ്ടുപോകാവുന്നതും അഞ്ചുവർഷത്തിൽ കുറയാത്തതുമായ തടവും അഞ്ചു ലക്ഷത്തിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കുന്നതാണ്.

(iv) ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ട ഭീകരസംഘടനയിൽ അംഗമായിട്ടുള്ള ഏതൊരു വ്യക്തിയും ജീവപര്യന്തം വരെ നീണ്ടുപോകാവുന്ന തടവുശിക്ഷക്കും അഞ്ചുലക്ഷത്തിൽ കുറയാത്ത പിഴക്കും വിധേയമാകുന്നതാണ്.

(5) ഭീകരപ്രവർത്തനം നടത്തിയ കുറ്റവാളിക്കും മനഃപൂർവമായി അഭയംകൊടുക്കുകയോ ഒളിച്ചുവെക്കുകയോ അഭയം കൊടുക്കാൻ ശ്രമിക്കുകയോ ഒളിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന എതൊരാൾക്കും മൂന്നുവർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ നീണ്ടുപോകാവുന്നതുമായ തടവും അഞ്ചുലക്ഷത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്: കുറ്റവാളിയുടെ ഇണയാണ് ഒളിപ്പിക്കുകയോ അഭയം കൊടുക്കുകയോ ചെയ്യുന്നതെങ്കിൽ ഈ ഉപവകുപ്പ് ബാധകമാവില്ല.

(6) ഭീകരപ്രവർത്തനത്തിൽനിന്നോ അതിന്റെ ഭാഗമായോ ലഭിച്ച കമീഷൻ മുഖേനയോ പ്രത്യക്ഷമായോ പരോക്ഷമായോ സ്വത്ത് കൈവശംവെക്കുകയോ ഭീകരപ്രവർത്തന ധനത്തിലൂടെ നേടുകയോ അല്ലെങ്കിൽ സ്വത്ത്, ധനം, കൈവശംവെക്കുകയോ നൽകുകയോ സ്വരൂപിക്കുകയോ സ്വത്തോ ധനമോ ധനകാര്യ സേവനമോ മറ്റ് അനുബന്ധ സേവനങ്ങളോ പൂർണമായോ ഭാഗികമായോ ഏതെങ്കിലും രീതിയിൽ ഭീകരപ്രവർത്തനത്തിന്റെ കമീഷൻ ഉപയോഗിച്ച് നടത്തുകയോ ചെയ്യുന്നയാൾക്ക് ജീവപര്യന്തം വരെയാകാവുന്ന തടവും അഞ്ചു ലക്ഷത്തിൽ കുറയാത്ത പിഴയും ലഭിക്കുന്നതിന് പുറമെ സ്വത്ത് കണ്ടുകെട്ടുകയും പിടിച്ചെടുക്കുന്നതുമായിരിക്കും.

 

വിശദീകരണം - ഈ സെക്ഷന്റെ ലക്ഷ്യത്തിനുവേണ്ടി -

(a) ഭീകരവാദി എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്-

(i) ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ വികസിപ്പിക്കുകയോ നിർമിക്കുകയോ കൈവശംവെക്കുകയോ ആർജിക്കുകയോ കടത്തുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ അല്ലെങ്കിൽ ആണവ, റേഡിയോ വികിരണമുണ്ടാക്കുന്നതോ മറ്റേതെങ്കിലും അപകടകരമായ വസ്തുക്കൾ പുറത്തുവിടുകയോ, അഗ്നിയോ വെള്ളപ്പൊക്കമോ സ്ഫോടനമോ ഉണ്ടാവുന്നതിന് കാരണക്കാരനാവുന്നയാൾ;

(ii) പ്രത്യക്ഷമായോ പരോക്ഷമായോ ഭീകരപ്രവർത്തനം നടത്തുകയോ അതിന് ശ്രമിക്കുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യുന്നയാൾ;

(iii) ഭീകരപ്രവർത്തനങ്ങളിൽ പ്രധാനിയായോ, പങ്കുചേരുകയോ ചെയ്യുന്നയാൾ;

(b) “ഭീകരവാദത്തിന്റെ നേട്ടം” എന്നതുകൊണ്ട് UAPA 1967ലെ രണ്ടാം ഭാഗത്തിലെ (g) ഉപവിഭാഗത്തിലെ അതേ അർഥം തന്നെയാണ്;

(c) “ഭീകരപ്രസ്ഥാനം, സംഘടന, വ്യക്തികളുടെ സംഘം” എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്, ഭീകരവാദിയോ, ഭീകരവാദി സംഘങ്ങളോ സ്വന്തമാക്കി വെച്ചതോ, നിയന്ത്രിക്കുന്നതോ ആയ ഏത് അസ്തിത്വവുമാണ് -

(i) അവർ പ്രത്യക്ഷമായതോ പരോക്ഷമായതോ ആയ മാർഗങ്ങളിലൂടെ ഭീകരവാദപ്രവർത്തനങ്ങൾ ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്യുന്നു;

(ii) ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു;

(iii) ഭീകരവാദത്തിന് തയാറെടുക്കുന്നു;

(iv) ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു;

(v) ഭീകരവാദം സംഘടിപ്പിക്കുകയോ, അത് നടത്താൻ മറ്റുള്ളവർക്ക് നിർദേശം കൊടുക്കുകയോ ചെയ്യുന്നു;

(vi) ഭീകരപ്രവർത്തനം തുടങ്ങുന്നതിന് വ്യക്തികൾ ചേർന്ന സംഘങ്ങൾ പൊതുവായ ഉദ്ദേശ്യത്തോടെ സംഭാവന നൽകുകയോ ഭീകരപ്രവർത്തനം വർധിപ്പിക്കുന്നതിനോ ഏതെങ്കിലും സംഘം ഭീകരപ്രവർത്തനം നടത്തുന്നുണ്ടെന്നറിഞ്ഞ് സംഭാവന നൽകുകയോ ചെയ്യുക; അഥവാ

(vii) മറ്റേതെങ്കിലും തരത്തിൽ ഭീകരപ്രവർത്തനത്തിൽ ഏർപ്പെടുക; അഥവാ

(viii) 1967ലെ UAPAയുടെ ഒന്നാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും സംഘടന അഥവാ ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ട സംഘടനയുടെ അതേ പേരിൽ പ്രവർത്തിക്കുന്ന സംഘടന.

ഇതിലൂടെ പ്രാഥമിക ശിക്ഷാ നിയമവുമായി UAPA ഔദ്യോഗികമായി കൂട്ടിയിണക്കിയിരിക്കുന്നു. സെക്ഷൻ 111 പ്രകാരം ഒരു വ്യക്തി കുറ്റാരോപിതനായാൽ ഭരണഘടനാപരമായതോ ക്രിമിനൽ നിയമനടപടി പ്രകാരമുള്ളതോ ആയ യാതൊരു സംരക്ഷണവും ലഭിക്കില്ലെന്ന് മാത്രമല്ല, കാര്യനിർവഹണ വ്യവസ്ഥക്ക് സ്വന്തമായ ആശയലക്ഷ്യങ്ങൾക്കനുസരിച്ച് ഇതിലെ വ്യവസ്ഥകൾ ഉപയോഗിക്കാൻ കഴിയും/ ഉപയോഗിക്കുകയും ചെയ്യും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം 2018ലെ ഭീമ കൊറേഗാവ് കലാപങ്ങൾക്കുശേഷമുള്ള സംഭവങ്ങളാണ്. കലാപത്തിന് പ്രേരിപ്പിച്ച ഹിന്ദുത്വ സംഘടനയിലുള്ളവർ സ്വതന്ത്രരായി വിഹരിക്കുമ്പോൾ ദേശീയവും അന്തർദേശീയവുമായ വിശ്വാസ്യതയുള്ള വിവിധ വ്യക്തികൾ സർക്കാറിനെതിരായ വിമർശനത്തിന്റെ പേരിൽമാത്രം തടവുശിക്ഷ അനുഭവിക്കുകയാണ് - UAPAക്ക് നന്ദി.

ആൾക്കൂട്ട ആക്രമണമെന്ന പുതിയതരം നിയമലംഘനത്തെക്കുറിച്ച് അവതരിപ്പിക്കുന്ന വ്യവസ്ഥയാണ് അടുത്തതായി ആഭ്യന്തരമന്ത്രിയും മാധ്യമങ്ങളും ആവേശത്തോടെ കൊട്ടിഗ്ഘോഷിക്കുന്നത്. BNSന്റെ 101 (2) സെക്ഷൻ പ്രസ്താവിക്കുന്നത്: “അഞ്ചോ അതിലധികമോ വ്യക്തികൾ ചേർന്ന് വർഗം, ജാതി, സമുദായം, ലിംഗം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം എന്നിവയുടെ കാരണംകൊണ്ടോ, മറ്റേതെങ്കിലും കാരണത്താലോ കൊലപാതകം നടത്തുകയാണെങ്കിൽ ഓരോരുത്തർക്കും മരണശിക്ഷയോ ജീവപര്യന്തം തടവോ ഏഴു വർഷത്തിൽ കുറയാത്ത തടവും പിഴയുമോ ലഭിക്കുന്നതാണ്.”

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആൾക്കൂട്ട കൊലപാതകം പൊതുലക്ഷ്യത്തോടെ നടത്തുന്ന കുറ്റമായി നേരത്തേ കണക്കാക്കിയിട്ടുണ്ട്. അതിനാൽ മരണശിക്ഷയോ ജീവപര്യന്തമോ ശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു. BNS പ്രകാരം ഏഴുവർഷം തടവ് എന്ന വളരെ കുറഞ്ഞ ശിക്ഷയാണ് പുതുതായി ചേർത്തത്. ആൾക്കൂട്ട കൊലപാതകത്തിന്റെ പ്രശ്നം അത്തരം ഒരു കുറ്റം നിലനിന്നിരുന്നില്ല എന്നതല്ല, ഇത്തരം കൊലപാതകികൾ ആസ്വദിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ പരിലാളനയാണ്. ഇതാണ് ഇപ്പോഴത്തെ സർക്കാർ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ശിക്ഷയിൽനിന്ന് ഇളവ് ലഭിച്ചുകൊണ്ടിരിക്കുന്നതിന് കാരണവും.

ബി.എൻ.എസിന്റെ സെക്ഷൻ 109 പ്രകാരം സംഘടിത കുറ്റകൃത്യം നിർവചിക്കപ്പെട്ടതും സെക്ഷൻ 48 പ്രകാരം ഇന്ത്യക്ക് പുറത്തുനിന്ന് കുറ്റകൃത്യം നടത്തുന്നവരെയും, സെക്ഷൻ 69 പ്രകാരം ചതിയിലൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെയും ഉൾപ്പെടുത്തിയതാണ് പുതുതായി കൊണ്ടുവന്ന വ്യവസ്ഥകൾ. അതേസമയം, വിവാഹബന്ധത്തിൽ നടക്കുന്ന ബലാത്സംഗം ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്ഥലപരിമിതിമൂലം ഈ വ്യവസ്ഥകൾ സംബന്ധിച്ച വിശദമായ ചർച്ച നടത്താൻ ഇവിടെ ഉദ്ദേശിക്കുന്നില്ല.

മേൽ വിവരിച്ച രാജ്യദ്രോഹക്കുറ്റം കൂടാതെ, പരസ്ത്രീഗമനവും മറ്റ് അസ്വാഭാവിക കുറ്റങ്ങളും ബി.എൻ. എസിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. എന്നിരുന്നാലും ഈ രണ്ട് കുറ്റകൃത്യങ്ങളും ഭരണഘടനാപരമല്ലെന്ന് സുപ്രീംകോടതി, ജോസഫ് v/s യൂനിയൻ ഓഫ് ഇന്ത്യ, നവതേജ് സിങ് ജോഹർ v/s യൂനിയൻ ഓഫ് ഇന്ത്യ കേസുകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്റെ കണ്ണിന് നർമം നിറഞ്ഞ ഒരു ആക്ഷേപഹാസ്യംപോലെ തോന്നിപ്പിച്ചത് ആത്മഹത്യ കുറ്റകരമല്ലാതാക്കിയതാണ്. ഐ.പി.സി സെക്ഷൻ 309 ഒഴിവാക്കിയപ്പോൾ ബി.എൻ.എസിൽ സെക്ഷൻ 224 കൊണ്ടുവന്നു. ഇതുപ്രകാരം, “ഔദ്യോഗിക ജോലി നിർവഹിക്കുന്നതിൽനിന്ന് ഒരു പൊതുസേവകനെ തടസ്സപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ”ആത്മഹത്യ ചെയ്യാനുള്ള ശ്രമം കുറ്റകരമാക്കി ചേർത്തു. ഇതുവഴി ഏറെ കൊണ്ടാടിയ പ്രതിഷേധത്തിന്റെ ദക്ഷിണേഷ്യൻ രീതി അട്ടിമറിക്കപ്പെടുകയാണുണ്ടായത് - മോഹൻദാസ് ഗാന്ധി തുടക്കം കുറിച്ച മരണം വരെയുള്ള ഉപവാസം!

 

ബി.എൻ.എസ്.എസ് ഏറിയകൂറും സി.ആർ.പി.സിയിൽനിന്നും മോഷ്ടിച്ചതാണെന്ന് കാണാം. സി.ആർ.പി.സിയുടെ ഭൂരിഭാഗം വ്യവസ്ഥകളും പുതിയതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കടന്നുപിടിക്കലും ബലാൽക്കാരവും വിഡിയോ ദൃശ്യങ്ങളാക്കുന്നതുൾപ്പെടുത്തിയതിന് പുറമെ, ലൈംഗിക കുറ്റത്തിന്റെ ഇരകളുടെ മൊഴി രേഖപ്പെടുത്തുന്നതിന്റെ നിർബന്ധപരമായ ദൃശ്യവത്കരണവും അന്വേഷണപ്രക്രിയയുടെ പൂർണമായ ഡിജിറ്റൽവത്കരണവും പുതിയ ഏതാനും വ്യവസ്ഥകൾ ലജ്ജാകരമായ രീതിയിൽ വിഭാവനം ചെയ്തതും സത്യത്തിൽ ക്രിമിനൽ നിയമസംഹിതക്കും ഭരണഘടനാ വ്യവസ്ഥകൾക്കും സ്വാഭാവികനീതിയുടെ തത്ത്വങ്ങൾക്കും, സുപ്രീംകോടതി വിധികൾക്കും ഇന്ത്യ കൂടി പങ്കാളിയായ അന്താരാഷ്ട്രീയ മനുഷ്യാവകാശ തത്ത്വങ്ങൾക്കും എതിരാണെന്ന് കാണാം.

ചില സാഹചര്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ കാര്യനിർവഹണ വ്യവസ്ഥയുടെ (പൊലീസ്/ രാഷ്ട്രം) ഭാഗത്തുനിന്ന് മനുഷ്യസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റത്തിനെതിരെ ഭരണഘടനയുടെയും നിയമത്തിന്റെയും സംരക്ഷണങ്ങളുണ്ടായിട്ടും, സുപ്രീംകോടതിയുടെ വിവിധ രൂപത്തിലുള്ള ഇടപെടലുണ്ടായിട്ടും മിക്ക പൊലീസ് സ്റ്റേഷനുകളും നിയമം കാറ്റിൽ പറത്തുകയാണെന്ന കാര്യം ആഘോഷിക്കപ്പെടുകയാണ്. ഈ വിധികളിൽ ഏറ്റവും ശ്രദ്ധേയമായത്, അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ വെക്കുന്നതിനും മാർഗനിർദേശങ്ങൾ നൽകിയ ഡി.കെ. ബസു v/s പശ്ചിമ ബംഗാൾ എന്ന കേസാണ്. ഇപ്പോൾ തന്നെ കുഴപ്പംപിടിച്ച ഒരു സമ്പ്രദായത്തിൽ, കുറ്റമുക്തി സുഗമമാക്കുന്ന ബി.എൻ.എസ്.എസിന്റെ 172ാം സെക്ഷൻ, കരുതൽ തടങ്കലിന്റെ പേരിൽ പൊലീസിന് അപ്രതിരോധ്യമായ അധികാരം നൽകുകയാണ്. ഇതിലൂടെ ഇന്ത്യൻ ക്രിമിനൽ നിയമവ്യവസ്ഥയുടെ ഭരണഘടനാ അടിത്തറ മുഴുവൻ മാറ്റിമറിച്ചുകൊണ്ട് വ്യക്തികളെ പൊലീസ് വകുപ്പിന്റെ കരുണക്കു മുന്നിൽ എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഈ വകുപ്പിന്റെ കീഴിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ഭരണഘടനയുടെ സംവേദനക്ഷമതയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവില്ല. ജനങ്ങളുടെ മേലുള്ള പീഡനവും അവരെ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നതും ക്രിമിനൽ നിയമവുമായി സംഘർഷത്തിലേർപ്പെടുന്നത് സാധാരണവത്കരിക്കുന്ന ഒരു രാജ്യത്ത് സെക്ഷൻ 43 (3), സുപ്രീംകോടതി വ്യക്തമായി നിയന്ത്രണമേർപ്പെടുത്തിയ, വ്യാപകമായ തോതിൽ വിവേചനപരമായി കൈവിലങ്ങുകൾ ഉപയോഗിക്കാനുള്ള അധികാരം, പൊലീസിന് നൽകുകയാണ്.

സി.ആർ.പി.സിയുടെ 167 (2)(A) സെക്ഷൻ വളരെ വ്യക്തമായി നിർവചിക്കുന്ന ഒരുകാര്യം ഇവിടെ പ്രസക്തമാണ്. 15 ദിവസത്തിൽ കൂടുതൽ ഒരു കുറ്റാരോപിതനെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനുള്ള അധികാരം പൊലീസിനല്ല മറ്റേതെങ്കിലും ഏജൻസിക്കാണെന്ന് ഈ സെക്ഷൻ അടിവരയിടുന്നു. കുറ്റാരോപിതൻ കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയല്ല എന്ന സാമാന്യബോധം ഉപയോഗിച്ച് ആ വ്യക്തിക്ക് സംരക്ഷണം നൽകുകയും പൊലീസ് കസ്റ്റഡിയിൽ അനിശ്ചിതമായി തുടരുന്നത് തടയുകയുമാണ് ഇതിന്റെ ലക്ഷ്യം. പക്ഷേ, ബി.എൻ.എസ്.എസിന്റെ 187 (3) സെക്ഷൻ, മേൽ വ്യവസ്ഥ ഇല്ലാതാക്കിക്കൊണ്ട്, കുറ്റാരോപിതനെ എത്ര കാലം വേണമെങ്കിലും തുടർച്ചയായി പൊലീസ് കസ്റ്റഡിയിൽ വെക്കാൻ അനുവാദം നൽകുന്നു. അതുപോലെതന്നെ കുറ്റാരോപിതന്റെ അഭാവത്തിൽ വിചാരണ നടത്താൻ വ്യവസ്ഥചെയ്യുന്നതാണ് ബി.എൻ.എസ്.എസിന്റെ 356ാം സെക്ഷൻ. ആരോപണം തെളിയുന്നതുവരെ ഒരാൾ കുറ്റക്കാരനല്ലെന്നുള്ള പരിപാവനമായ ക്രിമിനൽ നിയമത്തിനെതിരാണ് ഈ വ്യവസ്ഥയെന്നത് വ്യക്തം. ഒരാളുടെ അഭാവത്തിൽ, അയാളെ നേരിട്ട് കേൾക്കാതെ വിചാരണ ചെയ്ത് കുറ്റക്കാരനാണെന്ന് തീരുമാനിക്കുന്നത്, അത്തരം അപ്രത്യക്ഷമാവൽ നേരത്തേ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിനാലാണ്. ന്യായമായ വിചാരണ ആധുനികതയും ജനാധിപത്യവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ആണിക്കല്ലാണ് എന്നതിൽ തർക്കമില്ല. ഈ വ്യവസ്ഥ ഭരണഘടനയുടെ 21ാം ആർട്ടിക്കിളിന്റെ ലംഘനം മാത്രമല്ല, നീതിയെന്ന ആശയത്തിന് വിരുദ്ധവുമാണ്.

എവിഡൻസ് ആക്ടിന്റെ ഭൂരിഭാഗം വ്യവസ്ഥകളും അതേപടി തുടരുന്നതും ചില മാറ്റങ്ങൾ വരുത്തിയതും വെച്ചുനോക്കുമ്പോൾ മറ്റ് രണ്ട് നിയമനിർമാണങ്ങളെയുംപോലെ ഒരേ സഞ്ചാരപഥം പിന്തുടരുന്നതാണ് ബി.എസ്. വ്യവസ്ഥാപിതമായ ക്രിമിനൽ ന്യായവ്യവസ്ഥയുടെ അട്ടിമറിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ചുരുക്കം. ക്രിമിനൽ ന്യായവ്യവസ്ഥയുടെ കാര്യത്തിൽ കുറ്റസമ്മതത്തിന്റെ ആരോഗ്യകരമായ സന്ദേഹമുണ്ട്. പ്രേരണയോ ഭീഷണിയോ വാഗ്ദാനമോ ഉപയോഗിച്ച് കുറ്റസമ്മതം നടത്തിക്കുന്നത് അപ്രസക്തമാണെന്ന് എന്തുകൊണ്ടാണ് എവിഡൻസ് ആക്ട് വ്യക്തമാക്കുന്നത് എന്നതാണ് ഈ സന്ദേഹം. എന്നാലും, ബി.എസിന്റെ 22ാം സെക്ഷനിലെ ഒരു വ്യവസ്ഥ, ഒഴിവാക്കപ്പെട്ട ചില കാര്യങ്ങളുടെ ലിസ്റ്റ് കൊടുത്തിരിക്കുന്നു. സ്വയം കുറ്റവാളിയാക്കപ്പെടുന്നതിനെതിരെ ആർട്ടിക്കിൾ 20 (3) പ്രകാരം ഭരണഘടന ഗാരന്റി നൽകുന്ന, അയാളുടെ അവകാശത്തെ കുറിച്ച് അയാളെ അറിയിക്കാതിരിക്കുകയാണെങ്കിൽ എന്നതുകൂടി ഉൾപ്പെട്ടതാണിത്. സാധാരണക്കാർക്ക് സാങ്കേതികമായ പൂർണതയിൽ മനസ്സിലാക്കാൻ കഴിയാത്തതിനാൽ ഈ നിയമനിർമാണത്തിന്റെ ആഴത്തിലുള്ള വിശകലനത്തിൽനിന്ന് പിന്തിരിയുകയാണ്.

ക്രിമിനൽ നിയമങ്ങളിലുള്ള വിടവുകൾക്കപ്പുറത്ത് നിയമം നടപ്പാക്കുന്ന പ്രക്രിയയിലാണ് ക്രിമിനൽ നിയമ നിർവഹണത്തിന്റെ പ്രശ്നം. സ്ഥിരമായി ഉണ്ടാകുന്ന പ്രശ്നങ്ങളിലൊന്ന് - വ്യക്തമായ തെളിവ് ഒത്തുനോക്കാതിരിക്കുകയും, അതിനാൽ കുറ്റവാളിയെ വെറുതെ വിടുകയും തെറ്റായ രീതിയിൽ കുറ്റം ചാർത്തുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു - നിയമത്തിനതീതമായി ബലം പ്രയോഗിക്കുകയോ പ്രേരണ നൽകുകയോ ചെയ്യുന്നു എന്നതാണ്. ഇരകളുടെ വിഡിയോ പ്രമാണ ശേഖരണം ശ്ലാഘനീയമാവുമ്പോൾതന്നെ, പൊലീസിന്റെ ചോദ്യംചെയ്യൽ പ്രക്രിയ ഇതുപോലെ ചിത്രീകരിക്കുകയാണെങ്കിൽ ഇന്ത്യയിലെ ക്രിമിനൽ നീതിവ്യവസ്ഥക്ക് കൂടുതൽ വിശ്വാസ്യത നേടിക്കൊടുക്കാൻ സഹായകരമാവും. ഒട്ടുമിക്ക രാജ്യങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ശരീരത്തിൽ ഘടിപ്പിച്ച കാമറ ഉണ്ടെന്ന കാര്യം ഈ സന്ദർഭത്തിൽ ഓർമിക്കാവുന്നതാണ്. സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കർക്കശമായ നടപടികളെക്കാൾ സുതാര്യമായ പൊലീസ് സംവിധാനം കുറ്റകൃത്യങ്ങൾ തടയുന്നതിന് കൂടുതൽ ഫലപ്രദമായിരിക്കും.

ഈ സമയത്ത് ഇത്തരത്തിലുള്ള നിയമനിർമാണങ്ങളുടെ ആവശ്യമെന്താണെന്നതാണ് സ്വാഭാവികമായി ഉയരുന്ന ചോദ്യം. സർക്കാറിന്റെ ചുക്കാൻപിടിക്കുന്ന പ്രധാന രാഷ്ട്രീയകക്ഷിയുടെ ആശയപരമായ വേരുകളിലാണ് ഇതിന്റെ ഉത്തരമുള്ളത്. 2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനപ്പുറത്ത്, നിലവിലില്ലാത്ത ഭാഷയായ സംസ്കൃതത്തിൽ ക്രിമിനൽ നിയമം മാറ്റിയെഴുതുന്നത് ശുദ്ധീകരണം എന്ന ഹിന്ദുത്വ പദ്ധതിയുടെ കേന്ദ്രബിന്ദുവാണ്. സംസ്കൃതം മുമ്പും ഇപ്പോഴും വരേണ്യവർഗത്തിന്റെ ഭാഷയാണ് എന്ന കാര്യം ഓർമിക്കുന്നത് നല്ലതാണ്. മാത്രമല്ല, ഹിന്ദുത്വയുടെ ആശയപരമായ അഭിലാഷപൂർത്തീകരണത്തിന് വേണ്ടിയാണ് ഈ പേരുകൾ നിലകൊള്ളുന്നത്. മൂന്ന് നിയമങ്ങളുടെ പേരുകൾ ഹിന്ദിയിലാണെന്ന് അനുമാനിച്ചുകൊണ്ട് ഡി.എം.കെ പ്രതിഷേധിച്ച സന്ദർഭത്തിലാണ്, രേഖാപരമായി തന്നെ ആഭ്യന്തരമന്ത്രി പേരുകൾ സംസ്കൃതമാണെന്ന് വ്യക്തമാക്കുന്നത്. സംസ്കൃതം, ഹിന്ദുത്വ കുടുംബം എത്ര പവിത്രമാണെന്ന് കരുതിയാലും, ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട 22 ഭാഷകളിൽ ഒന്ന് മാത്രമാണ്. മാത്രമല്ല, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 348ന്റെ ലംഘനവുമാണ് ഈ പേരുകൾ. ഹൈകോടതികളിലും സുപ്രീംകോടതിയിലും നിയമങ്ങളിലും ബില്ലുകളിലും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കേണ്ടതെന്ന് ഈ ആർട്ടിക്കിൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

ഈ ബില്ലുകളുടെ അൽപംകൂടി അപകടകരമായ വശം, ആഗോളപരമായി അംഗീകരിക്കപ്പെട്ട ക്രിമിനൽ നീതിന്യായ മൂല്യങ്ങൾ തേച്ചുമായ്ച്ച് കളയുന്നു എന്നതാണ്. ഇത് ഇന്ത്യൻ നീതിവ്യവസ്ഥയെ മധ്യകാലത്തിലേക്ക് നയിക്കും. മെക്കാളെയുടെ വരവിന് മുമ്പ് ക്രിമിനൽ നീതിവ്യവസ്ഥ പ്രാദേശികമായതും ജാതിയെയും അധികാരവ്യവസ്ഥയെയും മുൻനിർത്തിയുള്ളതുമായിരുന്നു എന്നതുകൂടി ഇവിടെ ഓർമിക്കേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെ റദ്ദുചെയ്യുന്ന കേന്ദ്രീകൃത ക്രിമിനൽ നിയമം നടപ്പാക്കൽ പ്രക്രിയയാണ് ഈ വ്യവസ്ഥകൾകൊണ്ട് സംഭവിക്കുന്നത്. ക്രിമിനൽ നിയമത്തിന് അവശ്യം വേണ്ട മാറ്റങ്ങൾ കൊണ്ടുവരാൻ ഇതിന്റെ തൽപരകക്ഷികൾക്ക് സാധിക്കുംവിധത്തിലുള്ള, ഒരുതരത്തിലുമുള്ള പൊതു ചർച്ചകളും ഈ ബില്ലിനെ പ്രതി നടന്നിട്ടില്ല എന്നത് രസകരമാണ്. അതേസമയം വരേണ്യവിഭാഗത്തിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ടാണ് ഈ നിയമങ്ങൾ ചർച്ച ചെയ്തതും എഴുതപ്പെട്ടതും. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ റദ്ദുചെയ്യുന്ന പ്രധാനപ്പെട്ട നാഴികക്കല്ലാണ് ഇതെന്ന് ഞാൻ ഭയപ്പെടുന്നു. ചർച്ചകളുടെ അഭാവവും പ്രതിപക്ഷത്തിന്റെ മുറുമുറുക്കലും മാത്രമാണ് നമുക്ക് ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവാൻ സാധ്യതയുള്ള കാര്യം.

l

News Summary - Madhyamam article on indian judicial system