Begin typing your search above and press return to search.
proflie-avatar
Login

നവലിബറല്‍ കാലത്തെ ജീവിതത്തിന്റെ തെരഞ്ഞെടുപ്പ്

നവലിബറല്‍ കാലത്തെ   ജീവിതത്തിന്റെ തെരഞ്ഞെടുപ്പ്
cancel

‘‘പാർലമെന്ററി രാഷ്ട്രീയത്തിലെ പരിമിതമായ, പരിഷ്കരണവാദിയായ ഇടതുപക്ഷ സാന്നിധ്യംപോലും സമത്വം, തൊഴിൽ അവകാശങ്ങൾ, സാമൂഹികനീതി എന്നിവയെക്കുറിച്ചുള്ള ഒരു സംവാദമെങ്കിലും നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. അതിനാൽ, അതിന്റെ തകർച്ച ആഘോഷിക്കാന്‍ കാത്തിരിക്കുകയല്ല വേണ്ടത്’’ എന്നു ചിന്തകൻകൂടിയായ ലേഖകൻ എഴുതുന്നു. ‘‘ആത്യന്തികമായി, കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള തെരഞ്ഞെടുപ്പ് പരിമിതമായ രാഷ്ട്രീയ മേഖലക്കുള്ളിലെ വ്യത്യസ്ത ഭരണക്രമീകരണങ്ങൾ തമ്മിലാണ്’’ എന്നും വാദിക്കുന്നു.കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ സി.പി.എം നയിക്കുന്ന എൽ.ഡി.എഫ്, കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ്,...

Your Subscription Supports Independent Journalism

View Plans
‘‘പാർലമെന്ററി രാഷ്ട്രീയത്തിലെ പരിമിതമായ, പരിഷ്കരണവാദിയായ ഇടതുപക്ഷ സാന്നിധ്യംപോലും സമത്വം, തൊഴിൽ അവകാശങ്ങൾ, സാമൂഹികനീതി എന്നിവയെക്കുറിച്ചുള്ള ഒരു സംവാദമെങ്കിലും നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. അതിനാൽ, അതിന്റെ തകർച്ച ആഘോഷിക്കാന്‍ കാത്തിരിക്കുകയല്ല വേണ്ടത്’’ എന്നു ചിന്തകൻകൂടിയായ ലേഖകൻ എഴുതുന്നു. ‘‘ആത്യന്തികമായി, കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള തെരഞ്ഞെടുപ്പ് പരിമിതമായ രാഷ്ട്രീയ മേഖലക്കുള്ളിലെ വ്യത്യസ്ത ഭരണക്രമീകരണങ്ങൾ തമ്മിലാണ്’’ എന്നും വാദിക്കുന്നു.

കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ സി.പി.എം നയിക്കുന്ന എൽ.ഡി.എഫ്, കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ്, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ എന്നീ മൂന്ന് മുന്നണികൾ തമ്മിലുള്ള ഒരു പ്രാദേശിക മത്സരമായി മാത്രം കാണാൻ കഴിയില്ല. കൂടുതൽ ആഴത്തിൽ പറഞ്ഞാൽ, ആഗോളതലത്തിലും ഇന്ത്യയിലുടനീളവുമുള്ള മാറ്റങ്ങൾ -പ്രത്യേകിച്ച് നവലിബറലിസത്തിന്റെ പ്രതിസന്ധിയും വലതുപക്ഷ മതഭൂരിപക്ഷവാദത്തിന്റെ ഏകീകരണവും- കേരളത്തിന്റെ സ്വന്തം സാമൂഹിക ചരിത്രവുമായി സന്ധിക്കുന്ന ഒരു രാഷ്ട്രീയ സന്ദര്‍ഭമാണിത്. അത്തരം സന്ദർഭങ്ങളിൽ തെരഞ്ഞെടുപ്പുകൾ കേവലം ഭരണമാറ്റത്തെക്കുറിച്ചല്ല; ക്ഷേമം, സാമൂഹികനീതി, ബഹുസ്വരത എന്നിവയിൽ ചരിത്രപരമായി അഭിമാനിക്കുന്ന ഒരു സമൂഹത്തിന്റെ ഭാവി രാഷ്ട്രീയത്തെക്കുറിച്ചാണ് ആശങ്കകള്‍ ഉയര്‍ത്തുന്നത്.

അതിനാൽ, പ്രധാന ചോദ്യം, കേരളം ആര് ഭരിക്കും എന്നതു മാത്രമല്ല, ഏതുതരത്തിലുള്ള രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയും സാമൂഹികദർശനവുമാണ് കേരളത്തിന്‍റെ ഭാവിയെ നിർവചിക്കുക എന്നതാണ്. അല്ലെങ്കില്‍, ഈ ചോദ്യത്തില്‍നിന്നാണ് നാം ആത്യന്തികമായി ഈ തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്. അഖിലേന്ത്യാതലത്തിൽ, ബി.ജെ.പിയുടെ വളർച്ചയെന്നത് ഒരു പാർട്ടി-രാഷ്ട്രീയമാറ്റത്തെ മാത്രമല്ല, മറിച്ച് അധികാരത്തിന്റെ ഘടനാപരമായ പുനഃക്രമീകരണത്തെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. ആക്രമണാത്മക നവലിബറൽ സാമ്പത്തിക നയങ്ങളുടെയും സാംസ്കാരിക ഏകീകരണത്തിന്റെയും ഭൂരിപക്ഷ ദേശീയതയുടെയും ശക്തമായ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് ബി.ജെ.പി ചെയ്യുന്നത്.

ആഗോളതലത്തിൽ, വലതുപക്ഷ പോപ്പുലിസത്തിന്റെ പുനരുജ്ജീവനത്തോടൊപ്പം, പ്രതിസന്ധികൾക്കിടയിലും നവലിബറൽ മുതലാളിത്തത്തിന്റെ പ്രഹരശേഷിയും നാം കാണുന്നുണ്ട്. ഈ സാഹചര്യത്തിൽ, ബദൽ രാഷ്ട്രീയ ഭാവന പൂർണമായും മറഞ്ഞിട്ടില്ലാത്ത ചുരുക്കം ചില ഇടങ്ങളിൽ ഒന്നായി കേരളം വേറിട്ടുനിൽക്കുന്നു. അതിനാൽ, അടിയന്തര രാഷ്ട്രീയ അനിവാര്യത വ്യക്തമാണ്: ബി.ജെ.പിയെയും അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്ര പദ്ധതിയെയും കേരളത്തിൽനിന്ന് മാറ്റിനിർത്തുക എന്നത് ഒരു പക്ഷപാതപരമായ മുൻഗണന മാത്രമല്ല, സംസ്ഥാനത്തിന്റെ ബഹുസ്വരതയുടെയും ജനാധിപത്യ ധാർമികതയുടെയും പ്രതിരോധമാണ്.

ഈ പ്രതിരോധ സമവായം കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു ചോദ്യത്തിൽനിന്ന് നമ്മെ ഒഴിവാക്കുന്നില്ല: നവലിബറൽ പുനഃസംഘടനയുടെയും ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെയും ഇരട്ട സമ്മർദങ്ങളെ ഭാഗികമായിപ്പോലും ചെറുക്കുന്ന ഒരു ഭരണമാതൃക വാഗ്ദാനം ചെയ്യാൻ ഏത് രാഷ്ട്രീയമാണ് സഹായിക്കുക എന്നതാണത്. മൂലധനത്താൽ രൂപകൽപന ചെയ്യപ്പെട്ട ഒരു ദേശീയ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിലാണ് രണ്ട് മുന്നണികളും പ്രവർത്തിക്കുന്നത്. കൂടാതെ, നവലിബറൽ നയചട്ടക്കൂടുകളിൽനിന്ന് പൂർണമായ വേർപിരിയൽ അവകാശപ്പെടാനും കഴിയില്ല. എങ്കിലും, അവയുടെ ഓറിയന്റേഷനുകൾ, ഊന്നലുകൾ, രാഷ്ട്രീയ സംസ്കാരങ്ങൾ എന്നിവ ഗണ്യമായ രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.

എൽ.ഡി.എഫ്, ആന്തരിക വൈരുധ്യങ്ങളും ഇടക്കിടെയുള്ള യാഥാസ്ഥിതികതയും ഉണ്ടായിരുന്നിട്ടും, ക്ഷേമം, പൊതുവിഭവങ്ങൾ, ഭരണകൂട ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള സംവാദം തുടർന്നുകൊണ്ടിരിക്കുന്ന മുന്നണിയാണ്. വിപണി നയിക്കുന്ന വികസനത്തിന്റെ ചില രൂപങ്ങൾ ഒരേസമയം ഉൾക്കൊള്ളുന്നതിനൊപ്പം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ എന്നിവയിലെ പൊതുനിക്ഷേപങ്ങള്‍ക്ക് അതിന്റെ ഭരണതന്ത്രങ്ങൾ പലപ്പോഴും മുൻ‌തൂക്കം നല്‍കിയിട്ടുണ്ട്.

മുതലാളിത്ത ജനാധിപത്യരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷ-സോഷ്യല്‍ ഡെമോക്രാറ്റിക് സർക്കാറുകളുടെ വിശാലമായ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ വൈരുധ്യം: പുനർവിതരണ, ക്ഷേമാധിഷ്ഠിത അജണ്ട നിലനിർത്താൻ ശ്രമിക്കുമ്പോൾ അവര്‍ മൂലധനവുമായി പരിമിതമായെങ്കിലും സന്ധിചെയ്യാന്‍ നിർബന്ധിതരാകുന്നു. ഉദ്യോഗസ്ഥതലത്തിലെ പ്രശ്നങ്ങള്‍, കോർപറേറ്റ് താൽപര്യങ്ങളുമായുള്ള വിട്ടുവീഴ്ചകൾ എന്നിവ വിമർശകർ ചൂണ്ടിക്കാണിച്ചേക്കാം. എന്നാൽ, പൊതുജനങ്ങൾക്കായി ക്ഷേമരാഷ്ട്ര വികസന മാതൃകയോടുള്ള അടിസ്ഥാനപരമായ പ്രതിബദ്ധത പൂർണമായ നവലിബറലൈസേഷനെതിരെ വെല്‍ഫെയര്‍ അജണ്ടകള്‍ മുന്നോട്ടുവെക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.

യു.ഡി.എഫ് ചരിത്രപരമായി ക്ഷേമരാഷ്ട്രസങ്കൽപത്തെ പൂർണമായും ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതായാണ് കണ്ടുവരുന്നത്‌. സ്വകാര്യ മൂലധനത്തോടുള്ള തുറന്ന മനസ്സും വിപണി നയിക്കുന്ന വളർച്ചയോടുമാണ് അവര്‍ക്ക് ആഭിമുഖ്യം. ഇടതുപക്ഷത്തിന്റെ വെല്‍ഫെയര്‍ അജണ്ട മുന്നിലില്ലെങ്കില്‍ കൂടുതല്‍ നിയോ-ലിബറല്‍ സാമ്പത്തിക നയങ്ങളിലേക്ക് വ്യതിചലിക്കാന്‍ യു.ഡി.എഫ് മടിക്കില്ല. എന്നാല്‍, എന്നെ ഞെട്ടിച്ചത് യു.ഡി.എഫ് ജയിച്ചാല്‍ മുഖ്യമന്ത്രിയാവാന്‍ ഇടയുള്ള രമേശ്‌ ചെന്നിത്തല പൊതു ഉൽപന്നങ്ങളിലെ നിക്ഷേപത്തിൽനിന്ന്സം സ്ഥാനം പിന്മാറണമെന്നും വികസനം പ്രധാനമായും സ്വകാര്യ മൂലധനത്തിന് വിട്ടുകൊടുക്കണമെന്നും പറഞ്ഞതാണ്. ഇന്നത്തെ ആഗോള മൂലധന രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ അഖിലേന്ത്യാതലത്തില്‍ യു.പി.എയുടെ മാനിഫെസ്റ്റോ തോമസ്‌ പിക്കറ്റിയുടെ സോഷ്യലിസ്റ്റ് അജണ്ടയായ യൂനിവേഴ്സല്‍ ബേസിക് ഇന്‍കം പദ്ധതി നടപ്പാക്കുമെന്ന് എഴുതി​െവച്ച ചരിത്രം നമ്മുടെ മുന്നിലുള്ളപ്പോള്‍ ഇത്രയും ശക്തമായി ആ വെല്‍ഫെയര്‍ അജണ്ടയെ അദ്ദേഹം നിസ്സാരമായി തള്ളിക്കളഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നു.

ഈ നിലപാട് വെറും ഒരു തന്ത്രപരമായ, നയപരമായ മുൻഗണനയല്ല; കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള ക്ഷേമരാഷ്ട്രം എന്ന ആശയത്തെ ക്രമാനുഗതമായി ഇല്ലാതാക്കിയ വിശാലമായ നവലിബറൽ യാഥാസ്ഥിതികതയുമായുള്ള ഒരു പ്രത്യയശാസ്ത്രപരമായ ഐക്യത്തെ ഇത് സൂചിപ്പിക്കുന്നു. യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ പൊളിച്ചുമാറ്റുന്നത് മുതൽ ആഗോള ദക്ഷിണാർധമേഖലയില്‍ തൊഴിൽ അനിശ്ചിതത്വംവരെ, അത്തരമൊരു സമീപനത്തിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് ലോകത്തിനു കാട്ടിത്തന്നിട്ടുണ്ട് എന്നതിനാല്‍ അതിവേഗം തിരുത്തേണ്ട ഒരു നിലപാടാണിത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

ഇന്ത്യൻ സാഹചര്യത്തിൽ, പൊതുനിക്ഷേപത്തിൽനിന്നുള്ള ഈ പിന്മാറ്റം നെഹ്‌റു, അംബേദ്കർ തുടങ്ങിയ നേതാക്കളുമായി ബന്ധപ്പെട്ട അടിസ്ഥാന ഭരണഘടനാ ദർശനങ്ങൾക്ക് കടകവിരുദ്ധമാണ്. ശക്തമായ പൊതുമേഖലയുള്ള ഒരു സമ്മിശ്ര സമ്പദ്‌വ്യവസ്ഥയോടുള്ള നെഹ്‌റുവിന്റെ പ്രതിബദ്ധത കേവലം ഒരു സാമ്പത്തിക തന്ത്രമല്ല, മറിച്ച് സ്വാശ്രയരാഷ്ട്രം കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയപദ്ധതിയായിരുന്നു. സാമൂഹികവും സാമ്പത്തികവുമായ സോഷ്യലിസ്റ്റ് അജണ്ടകളില്ലാത്ത രാഷ്ട്രീയ ജനാധിപത്യം പൊള്ളയായി തുടരുമെന്ന് അംബേദ്കർ ആവർത്തിച്ച് ഊന്നിപ്പറഞ്ഞു. ജാതി, വർഗം, പ്രദേശം എന്നിവയിൽ വേരൂന്നിയ ഘടനാപരമായ അസമത്വങ്ങൾ പരിഹരിക്കാൻ വിപണിക്ക് കഴിയില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. അതിനാൽ, ക്ഷേമരാഷ്ട്രം ദരിദ്രർക്കുള്ള ഒരു ഇളവായി മാത്രമല്ല, എല്ലാവർക്കും അന്തസ്സ്, സ്ഥിരത, പൗരത്വം എന്നിവ ഉറപ്പാക്കാനുള്ള ആവശ്യമായ ചട്ടക്കൂടായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടത്‌.

 

പൊതുഉൽപന്നങ്ങളോടുള്ള ഉത്തരവാദിത്തം സംസ്ഥാനം ഉപേക്ഷിക്കണമെന്ന് വാദിക്കുന്നത് ചരിത്രാനുഭവങ്ങളെയും സമകാലിക യാഥാർഥ്യങ്ങളെയും പൂർണമായും അവഗണിക്കുന്നതിന് തുല്യമാണ്. ക്ഷേമം എന്നത് തൊഴിലാളിവർഗത്തിന്റെയോ പാർശ്വവത്കരിക്കപ്പെട്ടവരുടെയോ ഒരു വിഭാഗീയ ആവശ്യമല്ല; അത് ജനാധിപത്യ ജീവിതത്തിന്റെ സാഹചര്യങ്ങൾ നിലനിർത്തുന്ന ഒരു സാർവത്രിക സാമൂഹിക അടിസ്ഥാന സൗകര്യമാണ്. പൊതുവിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യസുരക്ഷ, സാമൂഹിക സംരക്ഷണം എന്നിവ കേവലം പുനർവിതരണ സംവിധാനങ്ങളല്ല; അവ സമൂഹത്തിന്റെ കൂട്ടായ ക്ഷേമത്തിനായുള്ള നിക്ഷേപങ്ങളാണ്. ഉദാരവത്കരണത്തിന്റെ ഗുണഭോക്താക്കളായി കാണപ്പെടുന്ന ഇടത്തരക്കാർപോലും പ്രതിസന്ധി ഘട്ടങ്ങളിൽ ഈ പൊതു സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ ദുരന്തങ്ങളും -മഹാമാരിയും ഇക്കാര്യം വ്യക്തമായി വെളിപ്പെടുത്തിയത് വിസ്മരിക്കാന്‍ കഴിയില്ല.

ആഴത്തിലുള്ള അസമത്വത്തിന്റെയും പ്രത്യയശാസ്ത്ര ധ്രുവീകരണത്തിന്റെയും ഒരു കാലഘട്ടത്തിൽ കേരളത്തിന് എന്ത് തരത്തിലുള്ള ഭരണമാണ് വേണ്ടത്? ക്ഷേമവ്യവസ്ഥയോടും പൊതു ഉത്തരവാദിത്തത്തോടും പ്രതിബദ്ധത നിലനിർത്തുന്ന ഒരു സർക്കാർ, എത്ര അപൂർണമാണെങ്കിലും, നവലിബറലിസത്തിന്റെ സമഗ്രമായ യുക്തിക്കെതിരെ ഒരു പരിമിതമായ പ്രതിരോധമെങ്കിലും നൽകുന്നു. കൂടുതൽ അനിയന്ത്രിതമായ വിപണി ദിശാബോധം സ്വീകരിക്കുന്ന ഒരു സർക്കാർ കേരളത്തിന്റെ സാമൂഹികനേട്ടങ്ങളുടെ ശോഷണം ത്വരിതപ്പെടുത്തുന്നു. ഇത് തെരഞ്ഞെടുപ്പിലെ മുഖ്യമായ ഒരു രാഷ്ട്രീയ പ്രശ്നമാണ്.

അതേസമയം, കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫിന്റെ പരാജയം കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയിലേക്ക് നയിക്കുമെന്ന വാദം പലപ്പോഴും ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സമീപനമാണ്. അതേ യുക്തിയിൽ, ഇടതുപക്ഷത്തിന്റെ ദുർബലത സമാനമായ ഒരു ശൂന്യത സൃഷ്ടിക്കുമെന്ന് ഒരാൾക്ക് വാദിക്കാം. ബി.ജെ.പിയുടെ വളർച്ച തെരഞ്ഞെടുപ്പ് ഗണിതത്തിന്റെ ലളിതമായ ഒരു പ്രവർത്തനമല്ല; അത് ദീർഘകാല പ്രത്യയശാസ്ത്ര പ്രവർത്തനത്തിന്റെയും, സംഘടനാപരമായ വേരുകള്‍ പടരുന്നതിന്റെയും, മതഭൂരിപക്ഷത്തെ മാനിപ്പുലേഷന്‍ നടത്തി അവരുടെ വിഭാഗീയ അഭിലാഷങ്ങളെ തട്ടിയുണര്‍ത്തി മതവാദികളാക്കുന്നതിന്‍റെയും ഫലമാണ്. അതിന്റെ വളർച്ചയെ തടയുന്നതിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രമല്ല, മതഭൂരിപക്ഷ വ്യവഹാരങ്ങളെ സജീവമായി എതിർക്കുകയും ഭരണത്തിൽ വിശ്വസനീയമായ ബദലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ദീര്‍ഘകാല പ്രതിരോധം ആവശ്യമാണ്‌.

ഇത് നമ്മെ കൂടുതൽ സങ്കീർണവും ഒരുപക്ഷേ അസ്വസ്ഥതയുളവാക്കുന്നതുമായ ഒരു ചോദ്യത്തിലേക്ക് കൊണ്ടുവരുന്നു: ഇടതുപക്ഷത്തിന്റെ തകർച്ച -അതിന്റെ കൂടുതൽ യാഥാസ്ഥിതികമോ വിട്ടുവീഴ്ച ചെയ്തതോ ആയ രൂപങ്ങളിൽപോലും- ദേശീയതലത്തിലോ ആഗോള തലത്തിലോ മാർക്സിസ്റ്റ് രാഷ്ട്രീയത്തിന് അഭികാമ്യമാണോ? ചില വൃത്തങ്ങളിൽ, സ്ഥാപിത ഇടതുപക്ഷ രൂപവത്കരണങ്ങളുടെ ശോഷണത്തെ സമൂലമായ നവീകരണത്തിന് ആവശ്യമായ ഒരു മുന്നോടിയായി കാണാനുള്ള ഒരു പ്രലോഭനമുണ്ട്. എന്നിരുന്നാലും, സ്ഥാപനപരമായ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകർച്ച പലപ്പോഴും വിപ്ലവകരമായ ബദലുകളേക്കാൾ വലതുപക്ഷ ശക്തികളാൽ എളുപ്പത്തിൽ നികത്തപ്പെടുന്ന ഒരു ശൂന്യത സൃഷ്ടിക്കുന്നുവെന്ന് ചരിത്രാനുഭവം സൂചിപ്പിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും സോഷ്യൽ ഡെമോക്രാറ്റിക്, കമ്യൂണിസ്റ്റ് പാർട്ടികളുടെ തകര്‍ച്ച റാഡിക്കൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനത്തിലേക്ക് നയിച്ചിട്ടില്ല, മറിച്ച് നവലിബറൽ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ശക്തിപ്പെടലിലേക്കാണ് നയിച്ചത്.

 

ഈ അർഥത്തിൽ, പാർലമെന്ററി രാഷ്ട്രീയത്തിലെ പരിമിതമായ, പരിഷ്കരണവാദിയായ ഇടതുപക്ഷ സാന്നിധ്യംപോലും സമത്വം, തൊഴിൽ അവകാശങ്ങൾ, സാമൂഹികനീതി എന്നിവയെക്കുറിച്ചുള്ള ഒരു സംവാദമെങ്കിലും നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. അതിനാൽ, അതിന്റെ തകർച്ച ആഘോഷിക്കാന്‍ കാത്തിരിക്കുകയല്ല, മറിച്ച് നവലിബറലിസത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായ വിശാലമായ പോരാട്ടത്തിൽ അതിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിയുന്നതിനൊപ്പം ഇടതുപക്ഷവും അതിന്റെ പരിമിതികളെ വിമർശനാത്മകമായി നേരിടുക എന്നതാണ് ശരിയായ സമീപനം. ഇപ്പോഴത്തെ ഇടതുപക്ഷം ഇടതുപക്ഷമല്ല തുടങ്ങിയ വാദങ്ങള്‍ നിലവിലുണ്ട് എന്ന് നമുക്കറിയാം. പക്ഷേ, നാൽപതുകള്‍ മുതല്‍ ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അല്ലാതെ, സി.പി.ഐ-സി.പി.എം മുതല്‍ സി.പി.ഐ (എം.എല്‍) പാര്‍ട്ടികള്‍ വരെ, ശക്തമായ ക്ഷേമരാഷ്ട്ര അജണ്ട മുന്‍നിര്‍ത്തി രാഷ്ട്രീയം പറയുന്ന പാര്‍ട്ടികളോ മുന്നണികളോ ഇവിടെ ഉണ്ടായിട്ടില്ല.

ആത്യന്തികമായി, കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ള തെരഞ്ഞെടുപ്പ് പരിമിതമായ രാഷ്ട്രീയ മേഖലക്കുള്ളിലെ വ്യത്യസ്ത ഭരണക്രമീകരണങ്ങൾ തമ്മിലാണ്. ഒരു വശത്ത്, വൈരുധ്യങ്ങൾക്കിടയിലും ക്ഷേമത്തിനും പൊതു ഉത്തരവാദിത്തത്തിനും പ്രതിബദ്ധത നിലനിർത്തുന്ന ഒരു മാതൃകയുണ്ട്. മറുവശത്ത്, സാമൂഹിക ക്ഷേമത്തെ, വിപണി മൗലികവാദംകൊണ്ടുമാത്രം അഭിസംബോധനചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് അതിലേക്ക് കൂടുതൽ കൂടുതൽ ചായുന്ന ഒരു മാതൃകയുണ്ട്. കൂടാതെ, ഇപ്പോള്‍ ജനാധിപത്യ, മതേതര ജീവിതത്തിന്റെ അടിത്തറകൾ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു മതഭൂരിപക്ഷ വലതുപക്ഷ പദ്ധതിയുടെ ഭീഷണിയും ഉയർന്നുവന്നിരിക്കുന്നു.

അത്തരമൊരു സാഹചര്യത്തിൽ, സാധാരണക്കാർ അമൂർത്തമായ പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിലല്ല, മറിച്ച് ഭരണത്തിന്റെ ജീവിതാനുഭവങ്ങളായ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സുരക്ഷ എന്നിവയോടുള്ള പ്രതിബദ്ധതകൂടി കണക്കിലെടുത്താണ് വോട്ടുചെയ്യുക എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിന്റെ ശാശ്വതപാഠം, ക്ഷേമം ദാനധർമമായിട്ടല്ല, മറിച്ച് ഒരു അവകാശമായിട്ടാണ് സാധാരണക്കാര്‍ കണക്കാക്കുന്നത് എന്നതാണ്. പരിമിതമായ രീതിയിൽപോലും, ഇത് അംഗീകരിക്കുന്ന ഒരു ഭരണമാതൃക, വികസനത്തെ സ്വകാര്യമൂലധനത്തിന്റെ കണക്കുകൂട്ടലിലേക്ക് ചുരുക്കുന്നതിനേക്കാൾ ഉപരിയായ ഒരു സമീപനമാണ് കൈക്കൊള്ളുക. അതുകൊണ്ട് കേരളത്തിന്റെ ഭാവി, നവലിബറൽ തകർച്ചയുടെയും ഭൂരിപക്ഷ ഏകീകരണത്തിന്റെയും ഇരട്ടസമ്മർദങ്ങളെ ചെറുക്കുമ്പോൾതന്നെ, ഈ ക്ഷേമാധിഷ്ഠിത ദർശനത്തെ അംഗീകരിക്കാനും പുതുക്കാനുമുള്ള രാഷ്ട്രീയ നേതൃത്വത്തിന്‍റെ പ്രതിജ്ഞാബദ്ധതയെക്കൂടി ആശ്രയിച്ചിരിക്കുന്നു.

News Summary - Life choices in the neoliberal era