മൂന്നാം പിണറായി യുദ്ധം!
camera_altപിണറായി വിജയൻ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണങ്ങളിലാണ് കേരളം. മൂന്നാം ഭരണം സി.പി.എമ്മിനെ സംബന്ധിച്ച് നിർണായകമാണ്. കോൺഗ്രസിെനയും ചെറിയ കക്ഷികളെയും സംബന്ധിച്ച് സുപ്രധാനവും. കടുത്ത മത്സരത്തിന്റെ അടിത്തട്ടിൽ എന്താണ് നടക്കുന്നത്? ഡീലുകൾ ഉണ്ടോ?-വിശകലനം
പത്തുവര്‍ഷമായി. ഇനിയും ഭരണകക്ഷിയായി തുടര്‍ന്നാല്‍ കേരളത്തില്‍ സി.പി.എമ്മിന്‍റ അലകുംപിടിയും ഇല്ലാതാകും. രാഷ്ട്രീയജീര്‍ണത അതിന്‍റെ പാരമ്യതയിലെത്തും. എന്നുവെച്ച് തോല്‍ക്കാനൊക്കുകയില്ലല്ലോ. പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തെ നയിച്ചിരുന്ന, സ്പീക്കറെ നല്‍കിയിരുന്ന, ചിലപ്പോഴെങ്കിലും പ്രധാനമന്ത്രിയെ തീരുമാനിച്ചിരുന്ന, മൂന്നുസംസ്ഥാനങ്ങള്‍ ഭരിച്ചിരുന്ന, സി.പി.എം എന്ന പാര്‍ട്ടിയുടെ മേല്‍വിലാസം ഇപ്പോള്‍ കെയര്‍ ഓഫ് കേരള മുഖ്യമന്ത്രി എന്നത് മാത്രമാണ്. ഈ സംസ്ഥാനത്തെ ഭരണംകൂടി നഷ്ടപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രീയചിത്രത്തില്‍നിന്ന് ആ പാര്‍ട്ടി അപ്രത്യക്ഷമാകും. അതിനാല്‍ സി.പി.എമ്മിന് ഇത് നിലനിൽപിന്‍റെ യുദ്ധമാണ്.
അതുകൊണ്ടാണ് പ്രായവും അനാരോഗ്യവുമൊന്നും വകവെക്കാതെ ഇത്തവണയും പിണറായി വിജയന്‍തന്നെ യുദ്ധം നയിക്കുന്നത്. രണ്ടാംനിര നേതാക്കളുണ്ടായിരിക്കാം. പക്ഷേ പരീക്ഷണത്തിനുള്ള സമയമല്ല ഇത്. ജയിച്ചുവരണമെങ്കില്‍ തലപ്പത്ത് ക്യാപ്റ്റന്‍ വേണം. പിന്നെ വേണമെങ്കില്‍ ഒഴിഞ്ഞുകൊടുത്തേക്കാം. അതൊക്കെ പിന്നാലെ വരുന്ന കാര്യങ്ങളാണ്. ഇപ്പോള്‍ ജയിച്ച് മന്ത്രിസഭയുണ്ടാക്കുക എന്നതാണ് പ്രധാനം. ഭരണത്തിലുള്ള അവസാന ഇടവും നഷ്ടമാകരുത്. ചവിട്ടിനില്‍ക്കാന്‍ മണ്ണ് വേണം. അതാണ് മൂന്നാം പിണറായി യുദ്ധത്തിന്‍റെ രാഷ്ട്രീയപ്രാധാന്യം. രാഷ്ട്രീയകേരളത്തിലാദ്യമായി മൂന്നുവട്ടം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിസഭയുണ്ടാക്കിയ നേതാവ് എന്ന പേരില്‍ പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടംനേടുകയും ചെയ്യും. അത് അദ്ദേഹത്തിന് വ്യക്തിപരമായി കിട്ടുന്ന ബോണസാണ്. ഏഴു പതിറ്റാണ്ടിലേറെ രാപ്പകല്‍ അധ്വാനിച്ച ഒരാള്‍ക്ക് അത് കിട്ടണമല്ലോ.
മറുവശത്ത്, പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ഇതിനേക്കാള്‍ കഷ്ടത്തിലാണ്. ഇത്തവണയെങ്കിലും ഭരണത്തില്‍ എത്തിയില്ലെങ്കില്‍ കേരളത്തില്‍ അതിന്‍റെ അടിത്തറതന്നെ ഇല്ലാതാകും. പണ്ടുകാലത്തെപ്പോലെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനൊന്നുമല്ല ഇക്കാലത്ത് ആളുകള്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അന്ന് ഗാന്ധിജി പറഞ്ഞതുകേട്ട് പലരും ഖദര്‍ ധരിച്ചിരുന്നു എന്നുവെച്ച് ഖദറുടുക്കാനൊന്നും കഴിയില്ല എന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാക്കളുടെ കാലമാണ്. കോണ്‍ഗ്രസില്‍ ഗാന്ധിയന്മാരുണ്ടായിരിക്കാം. എന്നുവെച്ച് എല്ലാ കോണ്‍ഗ്രസുകാരും ഗാന്ധിയന്മാരല്ല. സന്ന്യസിക്കാന്‍ വന്ന ഒരാളും ഇപ്പോള്‍ ഈ പാര്‍ട്ടിയിലില്ല. ഭരണം കിട്ടില്ലെന്ന് ഉറപ്പായാല്‍ അവര്‍ ഭരണംകിട്ടുമെന്ന് ഉറപ്പുള്ളിടത്തേക്ക് പോയേക്കും. പലവഴിക്കായിരിക്കും ആ പോക്ക്. ഒരു ഹിമന്ത ബിശ്വ ശർമപോലും അക്കൂട്ടത്തില്‍നിന്ന് ഉണ്ടായിവന്നുകൂടെന്നില്ല.
അവരെ കുറ്റംപറയാന്‍ പറ്റുന്ന അവസ്ഥയല്ല കേരളത്തിലിപ്പോള്‍. രണ്ടാംവട്ടം എം.എല്‍.എയാകാന്‍ പറ്റില്ല എന്നുകണ്ടപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സി.പി.എമ്മുകാരും സി.പി.ഐക്കാരുമുള്ള നാടാണ്. ആ രീതി കോണ്‍ഗ്രസുകാരും പിന്തുടര്‍ന്നാലോ! അതൊക്കെ തടയാന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ മുന്നില്‍ ഒന്നേ വഴിയുള്ളൂ. ഭരണംപിടിക്കുക. അതിനാല്‍ കോണ്‍ഗ്രസിനും ഇത് ജീവന്മരണ പോരാട്ടമാണ്. അതുകൊണ്ടാണ് സ്ഥാനാർഥി നിര്‍ണയത്തിലും വീതംവെപ്പിലുമുണ്ടായ മുറിവുകളും വ്രണങ്ങളും മറന്ന് വി.ഡി.സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും അടൂര്‍ പ്രകാശുമൊക്കെ കളത്തിലിറങ്ങിക്കളിക്കുന്നത്. നൂറിലേറെയൊന്നും വേണ്ട. എഴുപത്തിഒന്നിലേറെ സീറ്റ് കിട്ടിയാല്‍തന്നെ അവര്‍ക്ക് ആശ്വസിക്കാവുന്ന ഇടവേളയാണ്.
അതുകഴിഞ്ഞാല്‍ അവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരം ആരംഭിക്കുമായിരിക്കാം. അത് പുത്തരിയൊന്നുമല്ല. കേരളവും കോണ്‍ഗ്രസും ഉണ്ടായ കാലംമുതല്‍ അങ്ങനെയാണ്. കെ.കരുണാകരനും എ.കെ.ആന്‍റണിയും മാത്രമല്ല, പട്ടം താണുപിള്ളയും പനമ്പിള്ളി ഗോവിന്ദമേനോനും ആര്‍.ശങ്കറും എല്ലാം അങ്ങനെതന്നെയായിരുന്നു. അവരെല്ലാം മഹാന്മാരായ നേതാക്കളായിരുന്നു. അതേസമയം വാശിയുള്ള രാഷ്ട്രീയക്കാരുമായിരുന്നു. ഇന്നുള്ളവര്‍ മഹാന്മാരായ നേതാക്കളൊന്നുമല്ല. വാശിയുള്ള രാഷ്ട്രീയക്കാരാണ്. അവരുടെ കസേര അവര്‍ നേടിയെടുത്തോളും. അതുകൊണ്ട് ഒന്നും വരാനില്ല. രാഷ്ട്രീയം അങ്ങനെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ വന്നപ്പോഴും ഇതൊക്കെയുണ്ടായിരുന്നു. കണ്ണേ കരളേ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ടല്ലോ.
വി.ഡി. സതീശൻ
എല്‍.ഡി.എഫും യു.ഡി.എഫും മാത്രമല്ല, പേരിനെങ്കിലും മൂന്നാമതൊരു മുന്നണി കേരളത്തിലുണ്ട്. എന്‍.ഡി.എ. സംഗതിവശാല്‍ ഭരണസ്വപ്നമൊന്നും ഇല്ലെങ്കിലും അതിന്‍റെ നായക കക്ഷിക്കും നല്ല ദണ്ണമുണ്ട്. പഴയൊരു ജനസംഘക്കാരന്‍ തോറ്റുതോറ്റ് നാട്ടുകാര്‍ക്ക് മനസ്സലിഞ്ഞപ്പോള്‍ ജയിപ്പിച്ചുകൊടുത്ത ഒരനുഭവമുണ്ടല്ലോ. അതുവഴി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നതായിരുന്നു. അത് പൂട്ടിച്ച നേതാക്കളാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. ‘പ്രഭാതമാകും കൂരിരുള്‍നീങ്ങും താമരവിടരും’ എന്നുവിശ്വസിച്ച് കാത്തിരുന്ന ഒരു തലമുറ ചിതയായി.
ഇനിയുമിങ്ങനെ അനന്തമായി കാത്തിരിക്കാന്‍ ആളെക്കിട്ടിയെന്നു വരില്ല. തന്നെയുമല്ല എന്ത് കൊടുമ ചെയ്തും അക്കൗണ്ട് തുറക്കാന്‍ കണ്ണുകാണിച്ചുകൊണ്ടിരിക്കുന്ന അഖിലേന്ത്യാ നേതൃത്വം, ആഗോളതലത്തിലും ഇന്ത്യയില്‍തന്നെയും നഗരങ്ങളില്‍ അരങ്ങേറുന്ന വലതുപക്ഷാവേശം, അതിന്‍റെ ഭാഗമായി തിരുവനന്തപുരത്തും മറ്റുചില നഗരസഭകളിലും കണ്ട ഇളക്കങ്ങള്‍, ഇതൊക്കെയുണ്ടായിട്ടും ഇത്തവണ നിയമസഭക്കകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ ബി.ജെ.പിയെ നയിക്കുന്നവര്‍ രാഷ്ട്രീയത്തിനും വർഗീയതക്കും പറ്റാത്തവരാണെന്ന് അനുഭാവികള്‍ വിധിയെഴുതും. അതൊക്കെ ഒഴിവാക്കാന്‍ ഒരിടത്തെങ്കിലും അവര്‍ക്ക് ജയിച്ചുവരണം. അതിനാല്‍ അവരും ശ്രമിക്കുന്നുണ്ട്. പക്ഷേ, മറ്റുള്ളവരെപ്പോലെ കഷ്ടപ്പാടില്ല. അവരുടെ പ്രചാരണം കണ്ടിട്ടില്ലേ. ഡാന്‍സാണ്. തോറ്റാലും അങ്ങനെയാവണം.
മൂന്നുമുന്നണികളുടെയും നായകകക്ഷികള്‍ കടുത്ത പോരിനെയാണ് നേരിടുന്നത് എന്നു കണ്ടല്ലോ. മുന്നണി ലക്ഷ്യംനേടുന്നതിന് വിയർപ്പൊഴുക്കുന്നത് നായകകക്ഷികളാണ്. ഇവിടെ എല്‍.ഡി.എഫിനും യു.ഡി.എഫിനും ലക്ഷ്യം ഭരണം പിടിക്കുക എന്നതാണ്. രണ്ടുപക്ഷത്തെയും നേതാക്കള്‍ നൂറിലധികം സീറ്റോടെ അധികാരത്തില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അത് അണികള്‍ക്കൊരു ഇരയിട്ട് കൊടുത്തതാണ്. പ്രവര്‍ത്തകര്‍ അതില്‍കയറി കൊത്തിയാലാണ് ചൂണ്ട വലിക്കുമ്പോള്‍ എണ്‍പതോളം സീറ്റുകളെങ്കിലും ഉണ്ടാവുക. ഇത്തവണ കായലിലെ ഓളം നോക്കിനില്‍ക്കുമ്പോള്‍ മനസ്സിലാകുന്നത് എണ്‍പതുമെത്തില്ല എന്നാണ്. അനായാസേന വിജയം ആര്‍ക്കുമുണ്ടാവില്ല. എല്‍.ഡി.എഫ് ആണെങ്കിലും യു.ഡി.എഫ് ആണെങ്കിലും എഴുപത്തഞ്ച് സീറ്റിലേറെ കിട്ടിയാല്‍ ആഹ്ലാദിക്കാം. അത്രയേ കിട്ടൂ. ബി.ജെ.പിക്ക് പഴയ അക്കൗണ്ടിലെ സംഖ്യതന്നെ കിട്ടിയാല്‍ ബഹുലാഭം. കൂടുതല്‍ വല്ലതുമുണ്ടെങ്കില്‍ ഇപ്പോള്‍ നയിക്കുന്നവരുടെ ജാതകഗുണം. അത്രയേ പ്രതീക്ഷിക്കേണ്ടു.
എണ്ണം നോക്കുമ്പോള്‍ കാണുന്ന കാര്യം
140 അംഗ കേരള നിയമസഭയിലെ മാന്ത്രികസംഖ്യ 71 ആണല്ലോ. അത്ര സീറ്റെങ്കിലും തികക്കാന്‍ സാധിക്കുന്ന മുന്നണിക്ക് ഭരിക്കാം. ഇതാണ് ലളിതഗണിതം. ഇതുവെച്ച് വേണം കണക്ക് നോക്കാന്‍. നിലവില്‍ സി.പി.എം നയിക്കുന്ന എല്‍.ഡി.എഫിന് 98 സീറ്റുണ്ട്. 99 ഉണ്ടായിരുന്നതാണ്. പി.വി.അന്‍വര്‍ രാജിവെച്ച് പോയപ്പോള്‍ 98 ആയി. അതായത് ഏറ്റവും ദുര്‍ബലമായ സാധ്യത വെച്ച് നോക്കിയാല്‍ നിലവിലുള്ളതില്‍നിന്ന് 27 സീറ്റുവരെ നഷ്ടപ്പെട്ടാലും എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെടില്ല. ‘നാണംകെട്ട വിജയമാണ്, ‘യഥാർഥത്തില്‍ പരാജയമാണ്’ എന്നൊക്കെ എതിരാളികളും അവലോകനക്കാരും പറയുമായിരിക്കും. അതങ്ങ് സഹിക്കാമെന്നുവെച്ചാല്‍, ഭരണത്തുടര്‍ച്ചയുണ്ടായല്ലോ എന്ന് ആശ്വസിക്കാം. മറുപക്ഷത്ത് യു.ഡി.എഫിന് നിലവില്‍ 41 സീറ്റേയുള്ളൂ. ഭരണം പിടിക്കണമെങ്കില്‍ 30 സീറ്റുകള്‍ ഭരണമുന്നണിയില്‍നിന്ന് പിടിച്ചെടുക്കണം. എന്നുവെച്ചാല്‍ കഷ്ടിച്ച് ജയിക്കണമെങ്കില്‍പോലും കഷ്ടപ്പാട് യു.ഡി.എഫിനാണ്.
ഇവിടെയാണ് തെരഞ്ഞെടുപ്പുകളിലെ പ്രധാന രാസത്വരകമായി കണക്കാക്കപ്പെടുന്ന ഭരണവിരുദ്ധവികാരം പ്രസക്തമാകുന്നത്. പത്തുവര്‍ഷം ഭരിച്ച സര്‍ക്കാറാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഭരണവിരുദ്ധവികാരം ഉണ്ടാകും. അതിന്‍റെയൊരു ലാഞ്ജന തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. സംസ്ഥാനത്താകമാനം അത് പ്രകടമായിരുന്നു. അതിനെ മറികടന്ന് ജനാഭിപ്രായം ഭരണകക്ഷിക്ക് അനുകൂലമായി തിരിക്കാവുന്ന പ്രതിഭാസങ്ങളൊന്നും ഇതിനിടയില്‍ സംഭവിച്ചിട്ടുമില്ല. എന്നുവെച്ച് ഭരണവിരുദ്ധവികാരം സ്വാഭാവികമായി അതിന്‍റെ രാഷ്ട്രീയകര്‍ത്തവ്യം നിർവഹിക്കുമെന്ന് കരുതി കാത്തിരിക്കുന്നതില്‍ അർഥമില്ല. അതിന്‍റെ പ്രഹരശേഷി എത്ര എന്നതും അത് അനുകൂലതരംഗമാക്കി മാറ്റാനുള്ള രാഷ്ട്രീയവിദ്യ പ്രതിപക്ഷം പ്രയോഗിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം.
ഭരണവിരുദ്ധവികാരം രൂക്ഷതയോടെ പ്രതിഫലിപ്പിക്കാനാകുന്നത് ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും വീഴ്ചകളെ ജനങ്ങളിലേത്തിക്കുമ്പോഴാണ്. അത് വേണ്ടത്രയുണ്ട് പിണറായി ഭരണത്തിന്‍കീഴില്‍. പത്തുവര്‍ഷവും ആഭ്യന്തര വകുപ്പ് സാധാരണക്കാര്‍ക്ക് പേടിസ്വപ്നമായിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുതല്‍ ഐ.ജി തലത്തിലുള്ളവരുടെ ആര്‍.എസ്.എസ് വിധേയത്വംവരെ തരാതരം സംഭവങ്ങള്‍. പൊലീസുകാരുടെ ക്രിമിനല്‍കുറ്റങ്ങളുടെ പരമ്പര വേറെ. ലോക്കപ് മർദനങ്ങളുടെ ഭീകരത അതിനുപുറമെ.. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്ന് ജനങ്ങളോടും ഇതൊന്ന് നിര്‍ത്തൂ എന്ന് പൊലീസുകാരോടും പറഞ്ഞുപറഞ്ഞ് കാണാപ്പാഠം പഠിച്ച ആഭ്യന്തര മന്ത്രിയാണ് കേരളത്തിലുള്ളത്. ആരോഗ്യ വകുപ്പിലും മറ്റൊന്നല്ല അവസ്ഥ. ആദ്യത്തെ അഞ്ചുവര്‍ഷം കോവിഡും നിപയും കൈകാര്യം ചെയ്തതില്‍ വിജയിച്ചതായി പ്രതീതിയുണ്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ അക്കാലത്തെ വീഴ്ചപോലും തോണ്ടിപ്പുറത്തെടുത്ത് ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് രണ്ടാംഭരണത്തിലെ ആരോഗ്യ വകുപ്പ്.
ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയൻ
ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും വീഴ്ചകള്‍ ഓരോ വോട്ടറുടെയും മനസ്സിനെയും ശരീരത്തെയും വേദനിപ്പിക്കുന്നതാണ്. അത് ആ അർഥത്തില്‍ ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞോ എന്ന് അവരാണ് ആലോചിക്കേണ്ടത്. ഇല്ലെങ്കില്‍ വലിയൊരു സാധ്യത പാഴാക്കുക മാത്രമല്ല, വലിയൊരു കടമ കൈവിടുകയുമാണ്. ആഭ്യന്തര-ആരോഗ്യ വകുപ്പുകളുടെ വീഴ്ചക്ക് കണക്കു പറയിക്കേണ്ടതുണ്ട്. അത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷം പത്തുവര്‍ഷംമുമ്പ് ഭരിച്ചപ്പോഴുണ്ടായ വീഴ്ചപോലും ഭരണപക്ഷം ഇപ്പോഴും ആയുധമാക്കുന്നുണ്ട്. എന്നാല്‍, ഭരണക്കാരുടെ ഇപ്പോഴത്തെ വീഴ്ചപോലും ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ പരാജയമാണത്.
ഇതിനൊക്കെ പുറമെ ഭരണകക്ഷി ഇത്തവണയും ചെയ്യാന്‍ പോകുന്നത് ക്ഷേമപെന്‍ഷനുകളുടെ വിതരണമോ അതിന്‍റെ പ്രചാരണമോ ആയിരിക്കും. അത് അവരുടെ മിടുക്ക്. ഇതൊക്കെ ചെയ്താലും ഭരിക്കാന്‍ വേണ്ടത്ര സീറ്റുകള്‍ നേടാനാവുമോ എന്നതാണല്ലോ കാര്യം. 71 സീറ്റുകളെങ്കിലും നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് പ്രയാസപ്പെടുമെന്നാണ് ഇപ്പോള്‍ ബോധ്യമാകുന്നത്. സാമൂഹിക മാധ്യമങ്ങളുടെ അൽഗോരിതം ആ മുന്നണിയെ ചതിച്ചേക്കും. എതിര്‍കക്ഷികളെ നാണംകെടുത്താന്‍ വേണ്ടി സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ചു തുടങ്ങിയതാണെങ്കിലും പോകെപ്പോകെ സി.പി.എം പ്രവര്‍ത്തകരുടെ പ്രധാനപ്രവര്‍ത്തനകേന്ദ്രം സാമൂഹിക മാധ്യമം മാത്രമായിട്ടുണ്ട്. പ്രതിപക്ഷത്തെ നേതാക്കളും സ്ഥാനാർഥികളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ഇളക്കം അതേയളവില്‍ ഭരണപക്ഷം ഉണ്ടാക്കുന്നതായി തോന്നുന്നില്ല.
പുതുതലമുറ വോട്ടര്‍മാരുടെ വികാരത്തെയും അതിനെ ഇളക്കുന്നതിനുള്ള വിദ്യയെയും ഇതോടൊപ്പംതന്നെ കാണണം. സ്ഥാനാർഥി നിര്‍ണയത്തില്‍ യുവപ്രാതിനിധ്യം യു.ഡി.എഫാണ് കാര്യമായി പരിഗണിച്ചത്. തന്നെയുമല്ല ആ ഭാഗത്തെ പല സ്ഥാനാർഥികളും നേതാക്കളും പുതുതലമുറയോട് അടുത്തുനില്‍ക്കാന്‍ കഴിയുന്നവരുമാണ്. എന്നാല്‍, എല്‍.ഡി.എഫ് ഭാഗത്ത് അതങ്ങനെ പ്രകടമല്ല. ആ ഭാഗത്ത് ചെറുപ്പക്കാര്‍ ഇല്ലാഞ്ഞിട്ടല്ല. പ്രായംകൊണ്ട് യുവാക്കളായവര്‍പോലും പെരുമാറ്റംകൊണ്ട് മധ്യവയസ്സിനപ്പുറം കടക്കാന്‍ ശ്രമിക്കുകയാണ്.
എല്ലാവരും പിണറായി വിജയനെ അനുകരിക്കാന്‍ നോക്കുകയാണ്. എം. സ്വരാജും കടകംപള്ളി സുരേന്ദ്രനും കുഴിച്ചുവെച്ച കുഴിയില്‍ പിന്നാലെവന്ന കുട്ടികളും വീഴുകയാണ്. അത്രയും രാഷ്ട്രീയവാർധക്യം കാലം ആവശ്യപ്പെടുന്നില്ല. പൊതുവേ പുതുതലമുറ രാഷ്ട്രീയതൽപരരല്ല എന്നുമോര്‍ക്കണം. വല്ലപ്പോഴും കളര്‍ഷര്‍ട്ട് ഇടണ്ടേ എന്നു ചോദിച്ച് ഖദറൂരിയ പുതിയ കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിച്ചോ എന്നത് വോട്ടെണ്ണിക്കഴിഞ്ഞ് പരിശോധിക്കേണ്ട കാര്യമാണ്. എന്നാലും പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്‍.ഡി.എഫിലും പുത്തന്‍തലമുറ യു.ഡി.എഫിലും എന്നാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.
കോണ്‍ഗ്രസിന്‍റെ ഒരു പ്രധാന കുഴപ്പമായി എണ്ണുന്നത് നേതൃബാഹുല്യമാണല്ലോ. കെ.പി.സി.സി പ്രസിഡന്റുസ്ഥാനത്തേക്കായാലും മുഖ്യമന്ത്രിസ്ഥാനത്തേക്കായാലും നേതാക്കളുടെ എണ്ണപ്പെരുപ്പം ദോഷമായി കാണാറുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്തെങ്കിലും അത് ഗുണമാണ്. സിറ്റിങ് എം.എല്‍.എമാരും അല്ലാത്തവരുമായ സ്ഥാനാർഥികള്‍ മുഴുവനും അവരവരുടെ മണ്ഡലത്തില്‍ കുടുങ്ങിയാലും എവിടെയും കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യമുണ്ട്. പ്രതിപക്ഷ നേതാവ് മാത്രമല്ല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണെങ്കിലും എം.പിമാരായാലും കെ.പി.സി.സി പ്രസിഡന്റുമാരാകാന്‍ നില്‍ക്കുന്നവരാണെങ്കിലും തെരഞ്ഞെടുപ്പുരംഗത്ത് സജീവമായുണ്ട്. എന്നാല്‍, മറുപക്ഷത്ത് പിണറായി മാത്രമാണ് ഏക താരപ്രചാരകന്‍ എന്ന പ്രതീതിയാണുള്ളത്. സി.പി.എം ജനറല്‍ സെക്രട്ടറിയെക്കൂടി എണ്ണാം.
അതിലപ്പുറം ഇളക്കമുണ്ടാക്കുന്നവര്‍ കുറവാണ്. മന്ത്രിമാരൊക്കെ സ്ഥാനാർഥികളും പ്രവര്‍ത്തനമൊക്കെ സ്വന്തം മണ്ഡലത്തില്‍ മാത്രവും എന്നതാണ് പ്രചാരണത്തിന്‍റെ അവസാനദിവസങ്ങള്‍ വരെ കണ്ടത്. അവസാന ദിവസങ്ങളിലാണ് പല മന്ത്രിമാരും സ്വന്തം മണ്ഡലത്തില്‍നിന്ന് പുറത്തുപോയത്. അത് തന്ത്രപരമായ ഒരു പിഴവുമാണ്. അവസാന ദിവസങ്ങളിലാണ് അവര്‍ സ്വന്തം മണ്ഡലത്തില്‍ വേണ്ടത്. പലപ്പോഴും സ്ഥലത്ത് ഓടിയെത്തേണ്ടിവരുക ആ ദിവസങ്ങളിലാണ്. വി.എസ്.അച്യുതാനന്ദന്‍, എം.എം.ലോറന്‍സ് തുടങ്ങിയവര്‍ മുന്നണി കണ്‍വീനര്‍മാരായിരുന്നപ്പോഴും പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സി.പി.എം സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചപ്പോഴും തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞുനിന്നിരുന്നു. ഇത്തവണ സി.പി.എം സെക്രട്ടറിക്കും എല്‍.ഡി.എഫ് കണ്‍വീനര്‍ക്കും അത്ര തിളക്കം കണ്ടില്ല. സ്വന്തം മണ്ഡലങ്ങളിലെ കാഠിന്യമാണ് അവരെ അദൃശ്യരാക്കിയതെങ്കില്‍ അത് കാണിക്കുന്നത് മത്സരത്തിന്‍റെ കാഠിന്യം തന്നെയാണ്. കാനം രാജേന്ദ്രന്‍റെ കാലംവരെ സി.പി.ഐക്ക് ഒരു സെക്രട്ടറിയുണ്ട് എന്ന് തെരഞ്ഞെടുപ്പുകാലത്ത് തോന്നുമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരാളെ കാണാനില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.ഡി. സതീശനെ ഷാൾ അണിയിക്കുന്നു
രണ്ടാം കക്ഷികള്‍ എന്തു കൊണ്ടുവരും?
ഒരു മുന്നണി ഭരണം പിടിച്ചാല്‍ അതിന്‍റെ ആനന്ദമനുഭവിക്കുന്നത് നായകകക്ഷി മത്രമല്ല. ഘടകകക്ഷികളും കൂടിയാണ്. അതില്‍തന്നെ പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കുന്നവരാണ് രണ്ടാം പാര്‍ട്ടികള്‍. എല്‍.ഡി.എഫിലാണെങ്കില്‍ രണ്ടാംപാര്‍ട്ടിയായി സി.പി.ഐയും യു.ഡി.എഫില്‍ രണ്ടാംപാര്‍ട്ടിയായി മുസ്‍ലിംലീഗുമാണുള്ളത്. ഒരുകാലത്ത് തുല്യബലത്തില്‍ നിന്നിരുന്ന കേരള കോണ്‍ഗ്രസ് പിന്നെപ്പിന്നെ പിന്തള്ളപ്പെട്ടുപോയി. യു.ഡി.എഫിലാണെങ്കില്‍ മുസ്‍ലിം ലീഗിനേക്കാള്‍ വലിയ പാര്‍ട്ടിയാകണമെന്നും എല്‍.ഡി.എഫിലാണെങ്കില്‍ സി.പി.ഐയേക്കാളും വലിയ പാര്‍ട്ടിയാകണമെന്നും കേരള കോണ്‍ഗ്രസിന് വാശിയുണ്ടായിരുന്നു, ഒരു കാലത്ത്. അതിന് ഇരുപതിലധികം എം.എല്‍.എമാര്‍ സ്വന്തമായി വേണമല്ലോ. ഇക്കാലത്ത് ഏതായാലും അത് നടക്കില്ല. ഏറ്റവും വലിയ കേരള കോണ്‍ഗ്രസായ ജോസ് കെ.മാണിയുടെ പാര്‍ട്ടി മത്സരിക്കുന്നതുതന്നെ 12 സീറ്റില്‍ മാത്രമാണ്.
അവര്‍ ഇടതുമുന്നണിയിലാണ്. അവിടെ നിലവില്‍ രണ്ടാം പാര്‍ട്ടിയായ സി.പി.ഐ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്തുണ്ട്. 17 സിറ്റിങ് സീറ്റുണ്ടായിരുന്നു. അതില്‍ ഒരാള്‍ ബി.ജെ.പിയില്‍ പോയി. ഇപ്പോള്‍ 25 സീറ്റില്‍ സി.പി.ഐ മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിലെ പ്രധാന ഘടകക്ഷികളായ കേരള കോണ്‍ഗ്രസ്(എം), സി.പി.ഐ എന്നിവര്‍ ചേര്‍ന്ന് 37 സീറ്റില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് പതിനാലോ പതിനഞ്ചോ സീറ്റുമാത്രമേ ജയിച്ചുവരാന്‍ സാധ്യതയുള്ളൂ. ബാക്കി ഘടകകക്ഷികളും സ്വതന്ത്രരും കൂടി അഞ്ചുസീറ്റ് കൊണ്ടുവന്നാലും ഇരുപതായി. ബാക്കി 51 സീറ്റെങ്കിലും സി.പി.എം ഒറ്റക്ക് നേടിയാലേ ഭരണത്തുടര്‍ച്ച പേരിനെങ്കിലും യാഥാർഥ്യമാകൂ. നിലവില്‍ സി.പി.എമ്മിന് 62 എം.എല്‍.എമാരുണ്ട്. സിറ്റിങ് സീറ്റ് മുഴുവന്‍ നിലനിര്‍ത്താനായാലേ അനായാസേന ഭരണം തുടരാനാകൂ എന്നർഥം. അത് ഇപ്പോഴത്തെ അവസ്ഥയില്‍ അത്ര എളുപ്പമായിരിക്കുമെന്ന് തോന്നുന്നില്ല.
മറുപക്ഷത്ത് യു.ഡി.എഫില്‍ രണ്ടാം പാര്‍ട്ടിയായ മുസ്‍ലിംലീഗ് താരതമ്യേന പ്രബലമാണ്. 15 സിറ്റിങ് സീറ്റുള്ള മുസ്‍ലിംലീഗ് 27 സീറ്റില്‍ മത്സരിക്കുന്നുണ്ട്. അതില്‍ 18/19 സീറ്റുകള്‍ ജയിച്ചേക്കാം. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ആര്‍.എം.പി, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ പാര്‍ട്ടികളും ചേര്‍ന്ന് അഞ്ചോ ആറോ സീറ്റുകളും കൊണ്ടുവരുമെന്ന് കരുതാം. എന്നാല്‍ തന്നെ കോണ്‍ഗ്രസ് സ്വന്തംനിലക്ക് 46 സീറ്റുകളെങ്കിലും ജയിച്ചുവരണം. നിലവില്‍ കോൺഗ്രസിന് 21 സീറ്റുകളാണുള്ളത്. അതിന്‍റെ ഇരട്ടിയിലധികം നേടണമെന്ന് ചുരുക്കം. ഒരു തരംഗത്തിന്‍റെ സഹായമില്ലാതെ അത് സാധ്യമാവില്ല. തരംഗം തനിയെ ഉണ്ടാകില്ല. അത്ര പ്രഭാവമുള്ള നേതാക്കളൊന്നും ഇപ്പോഴില്ലല്ലോ. അതിനാല്‍ കോണ്‍ഗ്രസുകാര്‍ കഷ്ടപ്പെടണം.
എന്‍.ഡി.എയിലും രണ്ടാംപാര്‍ട്ടി സ്ഥാനത്തേക്ക് മത്സരമുണ്ട്. നേരത്തെ വെള്ളാപ്പള്ളി നടേശന്‍ മകനുവേണ്ടി നിര്‍മിച്ച ബി.ഡി.ജെ.എസ് ആയിരുന്നു ആ മുന്നണിയിലെ രണ്ടാം പാര്‍ട്ടി. ഇത്തവണ വ്യവസായിയായ സാബു എം. ജേക്കബ് സ്വന്തം ആവശ്യത്തിന് നിര്‍മിച്ച ട്വന്‍റി ട്വന്‍റിയും രംഗത്തുണ്ട്. ഒന്നൊരു ജാതിപ്പാര്‍ട്ടിയും ഒന്നൊരു അരാഷ്ട്രീയ പ്രസ്ഥാനവുമാണ് എന്നത് ശരിതന്നെ. പക്ഷേ, അവയെ എഴുതിത്തള്ളുന്നത് ബുദ്ധിയല്ല. അരാഷ്ട്രീയതയും ജാതീയതയും തിടംവെച്ചുവരുന്ന സാഹചര്യത്തില്‍ ഈ രണ്ട് പാര്‍ട്ടികളും അവയുടെ പ്രതിലോമശേഷി ഉപയോഗിച്ചേക്കാം.
സാബു എം. ജേക്കബിന്‍റെ പാര്‍ട്ടിയും തുഷാർ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും സ്ഥാനാർഥി നിര്‍ണയത്തില്‍പോലും ഗൗരവം കാണിച്ചിട്ടില്ല. പക്ഷേ, ബി.ജെ.പിക്ക് സാമാന്യം നന്നായി വോട്ടുപിടിക്കാന്‍ പറ്റിയ മണ്ഡലങ്ങള്‍ ആ പാര്‍ട്ടികള്‍ക്ക് കൊടുക്കാനും അവയെ ഉയര്‍ത്തിക്കാട്ടാനും ബി.ജെ.പി തയാറായി. അതെന്തിന് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. നേര്‍ക്കുനേരെയുള്ള രാഷ്ട്രീയമത്സരം നേര്‍ത്തുവരുകയും കുറുക്കുവഴികളും ഒളിയങ്കങ്ങളും നാട്ടുനടപ്പാവുകയും ചെയ്യുമ്പോള്‍ ഇത്തരം പാര്‍ട്ടികള്‍ക്കും ഉപയോഗം കാണും. അതിശക്തമായ സി.പി.എമ്മുപോലും എത്രയെത്ര ഒറ്റയാള്‍ പാര്‍ട്ടികളെയാണ് പരിപാലിച്ചുപോരുന്നത്! എന്തെങ്കിലും ഉപയോഗമില്ലാതെ അത് ചെയ്യില്ലല്ലോ.
ഡീല്‍ എന്ന അധോലോക വ്യാപാരം
പ്രചാരണം പാതിയായപ്പോള്‍ പൊന്തിവന്ന ഡീല്‍ വിവാദത്തെ പരിശോധിക്കേണ്ടതിപ്പോഴാണ്. കേരള രാഷ്ട്രീയത്തില്‍ ഡീല്‍ എന്നതൊരു പുതുമയല്ല. ഐക്യകേരളം രൂപംകൊണ്ടതിനുശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പുമുതല്‍ പലതരത്തിലും ഡീലുകളുണ്ടായിട്ടുണ്ട്. അന്ന് പേര് ഇതായിരിക്കില്ല. എന്തായാലും സംഗതി പരസ്പര സഹായമാണ്. പരസ്പരം കൈമാറുന്നത് വോട്ടുകള്‍തന്നെ ആയിരിക്കണമെന്നുമില്ല. കേരളത്തില്‍ അടുത്തകാലംവരെ വോട്ടുകച്ചവടം എന്ന പ്രയോഗംതന്നെ ഉണ്ടായിരുന്നു എന്നോര്‍ക്കണം. ബി.ജെ.പിക്ക് കാര്യമായി വോട്ടുള്ള പല മണ്ഡലങ്ങളിലും അവര്‍ മത്സരിക്കാതെ പുതിയ ഘടകകക്ഷികള്‍ക്ക് കൊടുക്കുകയും അവര്‍ രാഷ്ട്രീയ സ്വഭാവമില്ലാത്ത സ്ഥാനാർഥികളെ നിര്‍ത്തുകയും ചെയ്യുന്നത് യാദൃച്ഛികമാണെന്ന് കരുതിക്കൂട. ബി.ജെ.പിയുടെ ഘടകക്ഷികളുടെയും തലപ്പത്തുള്ളവരെല്ലാം കറകളഞ്ഞ കച്ചവടക്കാരാണ് എന്നതുമോര്‍ക്കണം. എതുതരത്തിലുമുള്ള ഡീലിനും പ്രാപ്തരാണവര്‍.
മറ്റൊരു തരത്തിലും ഡീല്‍സാധ്യത പരിശോധിക്കാം. ജനാധിപത്യപ്രസ്ഥാനങ്ങള്‍ എന്ന് പറയപ്പെടുന്ന അഴകൊഴമ്പന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഡീലുണ്ടാക്കാനും അത് വിജയകരമായി നടപ്പാക്കാനും കഴിയില്ല. 1991ല്‍ വടകരയും ബേപ്പൂരും യു.ഡി.എഫ് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കിയതുപോലെ ഇരിക്കുമത്. ഒന്നാംമണിക്കൂറില്‍തന്നെ പാട്ടാകും. എന്നാല്‍, അസാമാന്യമായ കേഡര്‍സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ അത് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ നടപ്പായിരിക്കും. അതില്‍ കൈകാര്യ കര്‍ത്താക്കളായി രംഗത്തുവരുന്നത് ആരാണെന്നുപോലും പുറത്തറിയണമെന്നില്ല. കണ്ണൂര്‍ ജില്ലയില്‍ കൊലപാതകമത്സരം നിർത്തിവെക്കാന്‍ ആര്‍.എസ്.എസും സി.പി.എമ്മും തീരുമാനിച്ചത് അതീവ ‘സാത്വികനായ’ ഒരു അധ്യാത്മിക ഗുരുവിന്‍റെ കാര്‍മികത്വത്തില്‍ ആയിരുന്നല്ലോ. അയാളാകട്ടെ, മാർക്സിസ്റ്റുമല്ല, ഹിന്ദുത്വക്കാരനുമല്ല.
വിവിധ പാർട്ടി പരിപാടികളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ
കൊലപാതകങ്ങള്‍ അവസാനിച്ചുകാണണമെന്ന മാനുഷികമായ മോഹംകൊണ്ടുമല്ല അയാള്‍ അതിന് മധ്യസ്ഥം വഹിച്ചത്. പ്രതിഫലമായി ഭൂമി അളന്നുവാങ്ങിയിട്ടാണ്. ഡീലുകള്‍ അങ്ങനെയാണ്. ആ മണ്ഡലത്തിനുപകരം ഈ മണ്ഡലം എന്നുമാത്രം ആകണമെന്നില്ല ഡീലുകളിലെ കരാറുകളും കൈമാറ്റങ്ങളും. നീക്കുപോക്കല്ല ഡീല്. നീക്കുപോക്ക് എന്നാല്‍ രണ്ട് രാഷ്ട്രീപാര്‍ട്ടികള്‍ തമ്മില്‍ ഘടകകക്ഷികളുടെ അറിവോടെയോ അല്ലാതെയോ നടത്തുന്ന ചില താൽക്കാലിക സഹകരണമാണ്. പരസ്പരം ഗുണംകിട്ടുകയും എന്നാല്‍ ഘടകക്ഷികള്‍ക്ക് ദോഷംവരാതെയും സ്വന്തംനിലക്ക് നടത്താവുന്ന ചില അഡ്ജസ്റ്റുമെകള്‍. എന്നാല്‍, ഡീല്‍ അതല്ല. ഒരുതരം അധോലോക വ്യാപാരമാണത്.
ആ രീതി പരിചയമുള്ളവര്‍ക്ക് രാഷ്ട്രീയത്തിലും അത് എളുപ്പത്തില്‍ നടപ്പാക്കാനാകും. കേഡര്‍ കഴിവൊക്കെ അതിന്നൊരു മുതല്‍ക്കൂട്ടായിമാറും. അതുകൊണ്ടുതന്നെ ഡീലുണ്ടെന്നോ ഇല്ലെന്നോ പെട്ടെന്ന് പറയാനാവില്ല. കുറഞ്ഞത് വോട്ടെണ്ണല്‍ കഴിയുംവരെയെങ്കിലും കാക്കണം. അപ്പോഴും സൂചനകളേ കിട്ടൂ. കഥ മുഴുവന്‍ പുറത്തുവരാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും വരാം. ഏതായാലും ഒന്നുറപ്പിക്കാം, അധോലോക വ്യാപാരം ശരിക്കറിയുന്നവര്‍ രാഷ്ട്രീയക്കാരിലുണ്ട്. പഴയ പാര്‍ട്ടികളിലുമുണ്ട്. പുതിയ പാര്‍ട്ടികളിലുമുണ്ട്. അവരുടെ കളികള്‍ കേരളം കാണാനിരിക്കുന്നേയുള്ളൂ. ഈ ഡീല്‍വിവാദം വന്നതോടെ സര്‍ക്കാറിനെതിരെ വരേണ്ടിയിരുന്ന പല വിഷയങ്ങളും ചര്‍ച്ചയല്ലാതായി എന്നതും എല്ലാ വിവാദങ്ങളും ഡീലിനെച്ചുറ്റിയായി എന്നതും ഓര്‍ക്കുക.
