Begin typing your search above and press return to search.
proflie-avatar
Login

സി.പി.എമ്മാനന്തര കേരളം

സി.പി.എമ്മാനന്തര കേരളം
cancel

ഇന്ത്യയിൽ കേരളത്തിലടക്കം സി.പി.ഐ, സി.പി.എം പാർട്ടികൾ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വാദിക്കുകയാണ് ലേഖകൻ. അതിജീവനത്തിന് എന്താണ് സാധ്യതകൾ? കോൺഗ്രസുമായുള്ള ബന്ധം എന്തായിരിക്കണം? എന്തൊക്കെയാണ് പ്രതിസന്ധികൾ? സി.കെ. ചന്ദ്രപ്പന്റെ ആകസ്മിക നിര്യാണം സംഭവിക്കുന്നത് 2012ലാണ്. സി.പി.എം എല്ലായ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത് ‘ഡാങ്കേയിസ്റ്റ്’ ആയിട്ടായിരുന്നു. അദ്ദേഹം മരിക്കുന്നതിന് കുറച്ചു മാസങ്ങൾക്കു മുമ്പ് അന്ന് പി.എസ്.സി അംഗമായി തിരുവനന്തപുരത്തുണ്ടായിരുന്ന ഈ ലേഖകനെ ഒരു അത്യാവശ്യ കാര്യത്തിനായി എം.എൻ സ്മാരകത്തിലേക്ക് വിളിച്ചു. മുറിയിലേക്ക് ചെന്നപ്പോൾ തനിച്ചായിരുന്ന അദ്ദേഹം ഗാഢചിന്തയിൽനിന്ന്...

Your Subscription Supports Independent Journalism

View Plans
ഇന്ത്യയിൽ കേരളത്തിലടക്കം സി.പി.ഐ, സി.പി.എം പാർട്ടികൾ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വാദിക്കുകയാണ് ലേഖകൻ. അതിജീവനത്തിന് എന്താണ് സാധ്യതകൾ? കോൺഗ്രസുമായുള്ള ബന്ധം എന്തായിരിക്കണം? എന്തൊക്കെയാണ് പ്രതിസന്ധികൾ?

സി.കെ. ചന്ദ്രപ്പന്റെ ആകസ്മിക നിര്യാണം സംഭവിക്കുന്നത് 2012ലാണ്. സി.പി.എം എല്ലായ്പോഴും അദ്ദേഹത്തെ കണ്ടിരുന്നത് ‘ഡാങ്കേയിസ്റ്റ്’ ആയിട്ടായിരുന്നു. അദ്ദേഹം മരിക്കുന്നതിന് കുറച്ചു മാസങ്ങൾക്കു മുമ്പ് അന്ന് പി.എസ്.സി അംഗമായി തിരുവനന്തപുരത്തുണ്ടായിരുന്ന ഈ ലേഖകനെ ഒരു അത്യാവശ്യ കാര്യത്തിനായി എം.എൻ സ്മാരകത്തിലേക്ക് വിളിച്ചു. മുറിയിലേക്ക് ചെന്നപ്പോൾ തനിച്ചായിരുന്ന അദ്ദേഹം ഗാഢചിന്തയിൽനിന്ന് ഉണർന്നപോലെ അപ്രതീക്ഷിതമായി പറഞ്ഞ കാര്യം എന്നെ ഏറെ അത്ഭുതപ്പെടുത്തി. ‘‘Ajayan, CPM is going to sink!’’ എന്റെ പെട്ടെന്നുള്ള മറുചോദ്യം ഇതായിരുന്നു, ‘‘Then what about our party?’’ അതിനുള്ള ഉത്തരവും ഉടൻ വന്നു, ‘‘What else, our party (CPI) will also sink along with it!’’ മുപ്പത്തിനാല് കൊല്ലത്തെ തുടർഭരണത്തിനുശേഷം 2011ൽ സംഭവിച്ച ബംഗാൾ തകർച്ചക്ക് ശേഷമായിരുന്നു ചന്ദ്രപ്പൻ ഇത് പറഞ്ഞത്. അധികം വൈകാതെ ത്രിപുരയിലും ഇതാവർത്തിക്കപ്പെട്ടു. ഇപ്പോൾ, കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ എന്താണ്? കേരള സി.പി.എം ബംഗാളിലേക്കുള്ള യാത്ര തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി എന്നതല്ലേ വാസ്തവം?

കേരളത്തിൽ ഇടത് വ്യതിയാനങ്ങൾക്ക് എതിരെ ചന്ദ്രപ്പന്റെ കാലം വരെ നിലപാടെടുത്തിരുന്ന സി.പി.ഐയുടെ ഇന്നത്തെ റോൾ സി.പി. ജോൺ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതുപോലെ, മൂട്ടയുടേതാണ്. ഇടക്കൊന്ന് പിണറായിയെ കടിക്കും. ഒന്നനങ്ങിയാൽ ഉടൻ ഓടി ഒളിക്കും. പിന്നെയും കടിക്കും, പിന്നെയും ഒളിക്കും! അടുത്ത കാലത്ത് പി.എം ശ്രീ വിഷയത്തിൽ മാത്രമാണ് ഒരു മാറ്റമുണ്ടായത്. അത് അംഗീകരിച്ചേ മതിയാകൂ. പക്ഷേ, ഒപ്പം മുങ്ങാതിരിക്കാൻ സി.പി.ഐയെ ഇത് സഹായിക്കില്ല.

എന്താണ് അവസാന തുരുത്തായ കേരളത്തിലും സി.പി.എം മുങ്ങാൻ പോകുന്നതിന്റെ കാരണം? പ്രത്യയശാസ്ത്രപരമായി സി.പി.എം ഒരു ഗതിമുട്ടിയ അവസ്ഥയിലാണെന്നതല്ലേ വാസ്തവം? വർത്തമാനകാല ഇന്ത്യൻ അവസ്ഥയിൽ ഹൈന്ദവ ഫാഷിസത്തെ നേരിടാൻ ഫലപ്രദമായ ഒരടവും ദേശീയനയവും സി.പി.എമ്മിനോ ഇന്ത്യൻ ഇടതുപക്ഷത്തിനോ ഉണ്ടോ? 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെടുകെ പിളർത്തി കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ പിറന്നുവീണ സി.പി.എം, ആ പാർട്ടി ഇന്ന് അവശേഷിക്കുന്ന കേരളത്തിൽ, ഫാഷിസം രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിലും കോൺഗ്രസ് വിരുദ്ധ സമീപനത്തിലും തങ്ങളുടെ സ്റ്റാലിനിസ്റ്റ് സംഘടനാരീതികളിലും കാലോചിതമായ എന്തെങ്കിലും പൊളിച്ചെഴുത്തിന് വിധേയമായിട്ടുണ്ടോ? പിന്നെങ്ങനെയാണ് ഒരു പ്രസ്ഥാനം കാലഹരണപ്പെടാതെയിരിക്കുന്നത്?

’48ൽ പി.സി. ജോഷി, ’64ൽ എസ്.എ. ഡാങ്കെ, 2026ൽ ആര് ?

കേരള സി.പി.എം ബംഗാൾ മോഡൽ തകർച്ചയിലേക്കാണെന്ന് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ മാത്രമല്ല, കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണരംഗത്തെ സി.പി.എം പ്രകടനങ്ങൾ, സംഘടനാപരമായും നയപരമായുമുള്ള വ്യതിയാനങ്ങൾ, കേരളത്തോട് പറയുന്നുണ്ടായിരുന്നു. വിതച്ചതു കൊയ്യുകയാണ് സി.പി.എം. ഭിന്നിപ്പ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ചയുടെ തുടക്കമായിരുന്നല്ലോ (പക്ഷേ, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഇന്നും പിളർപ്പ് പരിപാവനമായ വിപ്ലവ പ്രവൃത്തി തന്നെ!). ആശയപരമായ ചേരിതിരിവ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ തുടക്കം മുതൽ നിലനിന്നിരുന്നെങ്കിലും അതിരൂക്ഷമായി അക്കാര്യം പ്രത്യക്ഷപ്പെടുന്നത് 1948ൽ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷമാണ്. സ്വാതന്ത്ര്യം യഥാർഥമാണോ അല്ലയോ എന്നതിലായിരുന്നു തർക്കം. ബി.ടി. രണദിവെയുടെ നേതൃത്വത്തിലായിരുന്ന സെക്ടേറിയൻ വിഭാഗത്തിന്റെ ലക്ഷ്യം പി.സി. ജോഷിയും ദേശീയതയോട് ഒട്ടിനിൽക്കുന്ന അദ്ദേഹത്തിന്റെ നയവുമായിരുന്നു.

’47ലെ സ്വാതന്ത്ര്യം അധികാരകൈമാറ്റം മാത്രമാണെന്നും പണ്ഡിറ്റ് നെഹ്‌റു ബ്രിട്ടീഷ് സർക്കാറിന്റെ ദല്ലാളാണെന്നും സായുധ വിപ്ലവത്തിലൂടെ നെഹ്‌റു സർക്കാറിനെ അട്ടിമറിക്കണമെന്നുമായിരുന്നു ’48ലെ കൽക്കത്ത പാർട്ടി കോൺഗ്രസിൽ രണദിവെ അവതരിപ്പിച്ച ‘കൽക്കത്ത തീസിസി’ന്റെ കാതൽ. വരട്ടു തത്ത്വവാദത്തിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതിനെക്കാൾ മികച്ച ഉദാഹരണമില്ല. ഇത് വിതച്ച നാശത്തിന് കൈയും കണക്കുമില്ല. പക്ഷേ, ബലിയാട് പി.സി. ജോഷിയായിരുന്നു എന്നതാണ് വിചിത്ര സത്യം. 1935 മുതൽ 1948 വരെ നീണ്ട 13 വർഷക്കാലം ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശരിയായ ദിശാബോധം ഉണ്ടാക്കി കൊടുത്ത പി.സി. ജോഷി ആവശ്യപ്പെട്ടത് സ്വാതന്ത്ര്യാനന്തരം നെഹ്‌റു സർക്കാറുമായി ക്രിയാത്മക സഹകരണം വേണമെന്നും ദേശപുനർനിർമാണത്തിൽ സഹകരിക്കണമെന്നുമായിരുന്നു.

ഇത് പാപമായി കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ഒരുവിഭാഗം കണ്ടു. ഒടുവിൽ പാപം മാത്രമല്ല ‘പാപി’യും വെറുക്കപ്പെട്ടു. ജോഷിയോട് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം കാണിച്ച നെറികേടും നന്ദികേടും ചെറുതായിരുന്നില്ല. ഒടുവിൽ 1953ലെ മധുര പാർട്ടി കോൺഗ്രസ് കൽക്കത്ത തീസിസ് തെറ്റായിരുന്നെന്ന് വിലയിരുത്തുമ്പോഴേക്കും ജോഷിയെ പടിയടച്ച് പിണ്ഡംവെച്ചിരുന്നു! ജീവിതാവസാനം വരെ അദ്ദേഹം ജെ.എൻ.യുവിൽ തന്റെ പഠനങ്ങളുമായി ഒതുങ്ങിക്കൂടി. ജോഷി അവസാന നാളുകളിൽ കടന്നുപോയ വ്യഥകളെ കുറിച്ച് അദ്ദേഹത്തിന്റെ പൗത്രനും ഡൽഹിയിലെ പ്രമുഖ പത്രപ്രവർത്തകനും സുഹൃത്തുമായ ഇഷാൻ ജോഷി ഈ ലേഖകനോട് പലവട്ടം പറഞ്ഞിട്ടുണ്ട്.

 

അടുത്ത ഊഴം എസ്.എ. ഡാങ്കെയുടേതായിരുന്നു. കൽക്കത്ത തീസിസിന്റെ വക്താക്കൾ തങ്ങളുടെ സങ്കുചിത നിലപാടുകൾ പിന്നെയും കൂടെ കൊണ്ടുനടന്നു. അടിസ്ഥാനപരമായി കോൺഗ്രസിന്റെ വർഗ സ്വഭാവത്തെ കുറിച്ചും ആ പാർട്ടിയോട് എടുക്കേണ്ടുന്ന സമീപനത്തെ കുറിച്ചുമായിരുന്നു തർക്കം. '64ൽ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളോട് ‘ഉടൻ വിപ്ലവ’ത്തിനായുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം കൂടി വന്നതോടെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലും പിളർപ്പ് അനിവാര്യമായി! ഡാങ്കെയും കൂട്ടരും തിരുത്തൽ വാദികളും ഒടുവിൽ ‘വലത’ന്മാരുമായി! ഡാങ്കെയെ ജയിലിൽ ഉള്ള കാലത്ത് ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതി കൊടുത്ത വ്യക്തിയായി തെറ്റായി ചിത്രീകരിക്കാനും സി.പി.എം സഖാക്കൾ കൊണ്ടുപിടിച്ചു ശ്രമിച്ചെങ്കിലും പി.സി. ജോഷിയെപ്പോലെ ഡാങ്കെയെ തളർത്താനായില്ല.

1952ലെ പൊതു തെരഞ്ഞെടുപ്പിൽ ഡാങ്കെ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, 1957ൽ പണ്ഡിറ്റ് നെഹ്‌റു ഉത്തർപ്രദേശിലെ ഫൂൽപൂർ പാർലമെന്റ് മണ്ഡലത്തിൽ നേടിയതിനേക്കാൾ ഭൂരിപക്ഷത്തോടെ ബോംബെ സിറ്റി സെൻട്രൽ മണ്ഡലത്തിൽനിന്ന് ഡാങ്കെ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിൽ എത്തിയതോടെ ഡാങ്കെ പ്രതിപക്ഷ നേതാവും എ.കെ.ജി ഉപനേതാവുമായിരുന്നു. ലോക രാഷ്ട്രങ്ങളിൽനിന്നായി അമ്പത് മുൻനിര കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞെടുക്കുന്നുവെന്ന് ചിന്തിച്ചാൽ, ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ പട്ടികയിൽ ലെനിനും മാവോക്കും ഹോചിമിനും ഒപ്പം ഇന്ത്യയിൽനിന്ന് ഉയർന്നുവരുന്ന ആദ്യത്തെ പേര് എസ്.എ. ഡാങ്കെയുടേതായിരിക്കും. അങ്ങനെയുള്ള ഡാങ്കെയെയാണ് സി.പി.എമ്മുകാർ അധിക്ഷേപിച്ചുപോന്നത്. അതിലും അത്ഭുതം പിൽക്കാലത്ത് സി.പി.ഐക്കാർ തന്നെ ‘ഡാങ്കെയെ പുറത്താക്കിയ പാർട്ടിയാ’ണ് തങ്ങളുടേതെന്ന് വീമ്പിളക്കുന്നത് കേട്ടപ്പോഴാണ് ഉണ്ടായത്. വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലോ!

പിളർപ്പിലൂടെ സി.പി.എം എന്ത് നേടി? ജോഷിയും ഡാങ്കെയും തങ്ങളുടെ വീക്ഷണത്തിൽ എന്നും രാഷ്ട്രത്തിന്റെ മുഖ്യശത്രുക്കളായി കണ്ടിരുന്നത് സാമ്രാജ്യത്വത്തെയും അവരുമായി സഹകരണത്തിലുള്ള തീവ്ര വലതുപക്ഷത്തെയുമായിരുന്നു. ഈ രണ്ട് ഭീഷണികൾക്കുമെതിരെ ദേശീയ പ്രസ്ഥാനം നയിച്ച മുഖ്യധാര പ്രസ്ഥാനമായ ഇന്ത്യൻ നാഷനൽ കോൺഗ്രസുമായി സഹകരിച്ചുകൊണ്ട് ദേശപുനർനിർമാണത്തിൽ പങ്കാളികളാകണം കമ്യൂണിസ്റ്റ് പാർട്ടി എന്നും അവർ നിലപാടെടുത്തു. വർത്തമാനകാല ഇന്ത്യൻ അവസ്ഥ നമ്മളോട് പറയുന്നത് എന്താണ്?

ഇനി 2025-’26ലെ കേരളത്തിലേക്ക് വന്നാൽ ’64 മുതൽ സി.പി.എം ഇതുവരെ കൊണ്ടുനടന്ന നിഷേധാത്മക രാഷ്ട്രീയ നിലപാടുകൾക്കുള്ള കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടുന്ന അവസ്ഥയിലാണ് ആ പാർട്ടി ഇന്ന്. 1978ൽ സി.പി.ഐ ഭട്ടിൻഡ പാർട്ടി കോൺഗ്രസോടെ സ്വന്തം നയമായ ‘ദേശീയ ജനാധിപത്യ വിപ്ലവം’ സി.പി.എമ്മിന് മുന്നിൽ അടിയറവ് വെച്ചതോടെ സി.പി.ഐ പിന്തുണയോടെ സി.പി.എമ്മിന് സമീപകാലം വരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞെങ്കിലും (ഇക്കാര്യം സി.പി.എം അംഗീകരിക്കില്ല) തങ്ങൾ പിന്നെയും പിന്തുടർന്ന നിഷേധാത്മക നയങ്ങളുടെ ഫലമായി ബംഗാൾ മോഡൽ തകർച്ചയാണ് ആ പാർട്ടിയെ ഉറ്റുനോക്കുന്നത്.

ആരാണ് ഇത്തരമൊരു പതനത്തിന് ഉത്തരവാദി? അതാരായാലും പി.സി. ജോഷിയും, എസ്.എ. ഡാങ്കെയും മുമ്പ് അർഹിച്ചിരുന്നതും ഇപ്പോഴും അർഹിക്കുന്നതുമായ പിന്തുണയും അനുകമ്പയും സി.പി.എമ്മിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ച ഒരു നേതാവും അർഹിക്കുന്നില്ല. എങ്കിലും ഈ വീഴ്ചക്ക് പിന്നിലെ പ്രതികളെ തിരയുമ്പോൾ ഒന്നാം സ്ഥാനത്ത് ഒരു നേതാവുമല്ലെന്ന് ഈ ലേഖകൻ പറയും. പകരം ഇടതുപക്ഷത്തിന്റെ മേലങ്കിയണിഞ്ഞ് നേതൃത്വത്തിന്റെ സ്തുതിപാഠകരായി നിന്ന ബുദ്ധിജീവികളാണ് ഒന്നാം പ്രതി സ്ഥാനത്തിന് അർഹർ. കരിയറിസത്തിന്റെ ഒന്നാംതരം ഉദാഹരണമാണ് അവരുടെ ‘സേവനം’. ഒരു പ്രസ്ഥാനത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടിയവർ. രണ്ടാം സ്ഥാനം പലതരം ആനുകൂല്യങ്ങൾ പറ്റി പാർട്ടിയോട് ഒട്ടിനിൽക്കുന്ന കേഡർമാരും അനുഭാവികളും. കേഡർമാരെ ബ്രാഞ്ച് തലം തൊട്ട് മേൽകമ്മിറ്റി വരെ സജ്ജമാക്കുന്നത് ലെനിനിസ്റ്റ് സംഘടനാരീതി ഉപയോഗിച്ചാണ്.

യുഗോസ്ലാവിയൻ കമ്യൂണിസ്റ്റും പിൽക്കാലത്ത് ജനാധിപത്യ സോഷ്യലിസത്തിന്റെ (democratic socialism) വക്താവുമായി മാറിയ മിലോവൻ ജിലാസ് ‘ദ ന്യൂ ക്ലാസ്’ എന്ന പുസ്തകത്തിൽ പറഞ്ഞതുപോലുള്ള പുത്തൻ വർഗം! ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് സംഘടന സംവിധാനം ജനാധിപത്യത്തെ ഇല്ലാതാക്കാൻ ലോകമെമ്പാടും ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ എക്കാലവും ഉപയോഗപ്പെടുത്തിയിരുന്നു. ലെനിന്റെ കാലത്ത് ഇത് വലിയ തോതിൽ റഷ്യയിൽ നടക്കാതിരുന്നത് ലെനിൻ മികച്ച ജനാധിപത്യവാദിയായിരുന്നതുകൊണ്ട് മാത്രമായിരുന്നു.

പക്ഷേ, സ്റ്റാലിൻ വന്നതോടെ കഥ മാറി. സ്റ്റാലിനിസത്തിൽനിന്ന് ഫാഷിസത്തിലേക്കുള്ള ദൂരമെത്ര എന്ന ചോദ്യത്തിനുതന്നെ പ്രസക്തി കൈവരിക്കുന്നതാണ് പിന്നെ ലോകം കണ്ടത്. ഇരുമ്പു മറക്കുള്ളിൽനിന്ന് വസ്തുതകൾ പുറത്തറിയാൻ കാലം കുറെയെടുത്തു എന്നേയുള്ളൂ. ’90കളിൽ തകർന്നടിഞ്ഞ പല കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും നാം കണ്ടത് അധികാരത്തിന്റെ മറവിൽ അർമാദിച്ച ചൗഷസ്കിമാരെയായിരുന്നു.ചൗഷസ്കിയുടെ പ്രേതം ഒടുവിൽ കേരളത്തിലുമെത്തി! ജനാധിപത്യ കേരളത്തിലാണ് ഇന്ന് നാം കാണുന്ന ചോദ്യംചെയ്യപ്പെടാത്ത നേതാവിനെയും നേതാവിന് വാഴ്ത്തുപാട്ട് പാടുന്ന അനുചരവൃന്ദത്തെയും കാണുന്നത്. അപ്പോൾ ഏക പാർട്ടി സംവിധാനത്തിൽ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ കഥ പറയാനുണ്ടോ? അവയത്രയും ജനരോഷത്തിനു മുന്നിൽ തകർന്നടിഞ്ഞതിൽ അത്ഭുതമുണ്ടോ? കേരളവും ഇത് കാണാനിരിക്കുന്നതേയുള്ളൂ.

 

2021ൽ അധികാരത്തിൽ വന്ന പിണറായി സർക്കാറിന് അനുകൂലമായി വോട്ട് ചെയ്ത വോട്ടറാണ് ഈ ലേഖകൻ. ഇടതുപക്ഷത്തോടുള്ള പ്രതിബദ്ധതയുടെ പേരിൽ. എന്നാൽ, 2026 എത്തുമ്പോഴേക്കും ഈ സർക്കാർ തുടരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷക്കാരനുമാണ്. രണ്ടാം പിണറായി സർക്കാറിന് ആദ്യം പിഴച്ചത് എന്നും കോൺഗ്രസിനെ കുടുംബവാഴ്ച എന്ന് സ്ഥിരമായി ആക്ഷേപിച്ച പാർട്ടിതന്നെ സമാനമായി മന്ത്രിസഭാ രൂപവത്കരണഘട്ടത്തിൽ പ്രവർത്തിച്ചപ്പോഴാണ്.

പിന്നീട് ശ്രദ്ധിച്ചിട്ടുണ്ടോ, കേരളത്തിലെ ഒരു സി.പി.എം നേതാവും കുടുംബാധിപത്യം എന്ന വാക്കുപോലും മിണ്ടിയില്ല. മൺമറഞ്ഞ പ്രമുഖ കമ്യൂണിസ്റ്റ് പത്രപ്രവർത്തകൻ ടി.വി.കെ (ടി.വി. കൃഷ്ണൻ) അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉണ്ടായ ഒരു അനുഭവം പറഞ്ഞത് ഇവിടെ പ്രസക്തമാണ്. അന്ന് മുഖ്യമന്ത്രിയുടെ ഡോക്ടറായ മകന് ഹൗസിങ് ബോർഡ് ആരംഭിക്കുന്ന ഫ്ലാറ്റുകളിൽ ഒന്ന് ബോർഡ് ചെയർമാന്റെ ​േക്വാട്ടയിൽ അനുവദിച്ച് കിട്ടാൻ ആഗ്രഹം. അച്ഛനറിയാതെ അപേക്ഷിക്കാൻ പേടിയുള്ളതുകൊണ്ട് ടി.വി.കെ വഴി വിഷയം അച്യുതമേനോന്റെ മുന്നിൽ അവതരിപ്പിച്ചു. മറുപടി ഉടൻ വന്നത്രെ. ‘‘മകനോട് (ഡോ. രാമൻകുട്ടി) പറഞ്ഞേക്കു ഞാൻ ഈ കസേരയിൽ ഇരിക്കുന്ന കാലത്തോളം അത് നടക്കില്ല എന്ന്!’’

ഇത്രയൊന്നും ഇക്കാലത്ത് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ എങ്ങനെയാണ് ഇന്ന് പൊതുസമൂഹത്തിന് വിശ്വാസം വരുന്ന തരത്തിൽ ഒന്നിലധികം ആരോപണങ്ങൾ മുഖ്യഭരണാധികാരിയുടെ നേർക്കും കുടുംബത്തിനും എതിരെ ഉയർന്നുവന്നത്? തിരുത്തേണ്ടുന്ന പാർട്ടി എങ്ങനെയാണ് ഇത്തരം അവസരങ്ങളിൽ ആരോപണ വിധേയർക്ക് സംരക്ഷണം ഉറപ്പാക്കിയത്? അഴിമതിക്കഥകൾ ഒടുവിൽ പാർട്ടി നേതാക്കൾ ശബരിമല സ്വർണപാളി കട്ടെടുത്തതിൽവരെ എത്തിനിൽക്കുന്നു. അവിടെയും സംരക്ഷണ കവചം പാർട്ടി ഒരുക്കുന്നു. അപ്പോൾ എവിടെയാണ് പാർട്ടി? എവിടെയാണ് നേതൃത്വം? ‘മോന്തായം വളഞ്ഞാൽ അറുപത്തിയെട്ടും’ വളയും എന്നാണല്ലോ? തകർച്ചയുടെ ഉത്തരവാദിത്തത്തിൽനിന്നും ആർക്കും ഒഴിയാൻ കഴിയില്ല എന്നതാണവസ്ഥ.

സി.പി.എം: നിഷേധാത്മക നിലപാടുകളുടെ ചരിത്രം

സമീപകാലത്ത് പയ്യന്നൂരിൽ സി.പി.എം സഖാക്കൾ ഗാന്ധി പ്രതിമ അടിച്ചുതകർത്ത വാർത്ത കേരളം ശ്രദ്ധിച്ചു. ഇത് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകുകയും ചെയ്യും. പ്രമുഖ സി.പി.ഐ നേതാവും മാർക്സിസ്റ്റ് ചിന്തകനുമായിരുന്ന മൊഹിത് സെൻ ആത്മകഥയിൽ കമ്യൂണിസ്റ്റുകാരുടെ ഗാന്ധിനിന്ദയെ പരിഹസിച്ച് പറഞ്ഞത് ഗാന്ധിയോട് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്കുള്ള ദേഷ്യം ‘തങ്ങളുടെ വിപ്ലവം ഹൈജാക്ക് ചെയ്ത നേതാവ്’ എന്ന നിലക്കുള്ളതാണ് എന്നാണ്! ’64 ആകുമ്പോഴേക്കും സി.പി.ഐ ഒരു പരിധിവരെ ഇതിൽനിന്നും മോചിതരായെങ്കിലും സി.പി.എം തികഞ്ഞ ഗാന്ധി-നെഹ്‌റു വിരുദ്ധരായി തന്നെ തുടർന്നു.

കേരളത്തിൽനിന്നു തന്നെയുള്ള ഒരുദാഹരണം പറയാം. സി.കെ. ചന്ദ്രപ്പനും കണ്ണൂരിലെ സി.പി.ഐ നേതാവായിരുന്ന എൻ.സി. മമ്മൂട്ടി മാസ്റ്ററും ഈ ലേഖകനോട് വർഷങ്ങൾക്കുമുമ്പ് നേരിൽ പറഞ്ഞകാര്യം. ’64ൽ പാർട്ടി പിളർപ്പ് കഴിഞ്ഞ് അധികം വൈകാതെ തലശ്ശേരി ടൗൺഹാളിൽ വിദ്യാർഥി ഫെഡറേഷൻ സംസ്ഥാന സമ്മേളനം ചേർന്ന സന്ദർഭം. പോഷക സംഘടനകളിലേക്ക് പിളർപ്പ് എത്തിയിരുന്നില്ല. പണ്ഡിറ്റ് നെഹ്‌റു അന്തരിച്ച് അധികം കഴിഞ്ഞിരുന്നുമില്ല. ചന്ദ്രപ്പനും ആന്റണി തോമസുമായിരുന്നു എ.ഐ.എസ്.എഫിന്റെ സംസ്ഥാനത്തെ മുഖ്യ ഭാരവാഹികൾ. 1936ൽ ലഖ്​േനാവിൽ പണ്ഡിറ്റ് നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന വിദ്യാർഥി സമ്മേളനത്തിൽ ​െവച്ചാണ് എ.ഐ.എസ്.എഫ് എന്ന വിപ്ലവ വിദ്യാർഥി സംഘടന രൂപവത്കൃതമായതെന്ന് ഓർക്കണം.

ആന്റണി തോമസ് നെഹ്റുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിച്ചതും ഒരു വിഭാഗം വിദ്യാർഥി സഖാക്കൾ ‘അവന്റെ മരണത്തിലുള്ള അനുശോചന പ്രമേയം ഈ സമ്മേളനത്തിൽ അനുവദിക്കില്ല’ എന്നാക്രോശിച്ചുകൊണ്ട് ചന്ദ്രപ്പനെയും ഒപ്പമുള്ളവരെയും ഹാളിൽനിന്ന് ബലമുപയോഗിച്ച് പുറത്താക്കി സംഘടന പിടിച്ചടക്കിയതായി പ്രഖ്യാപിച്ചു. ഇവിടെയാണ് എസ്.എഫ്.ഐ എന്ന സംഘടനയുടെ വേരുകൾ! പിന്നെങ്ങനെയാണ് ഇന്നത്തെ സി.പി.എമ്മുകാർ ഗാന്ധിപ്രതിമ തകർക്കാതിരിക്കുന്നത്? കമ്യൂണിസ്‌റ്റുകാർ നടത്തേണ്ടിയിരുന്ന വിപ്ലവം ഹൈജാക്ക് ചെയ്ത നേതാവാണല്ലോ ഗാന്ധി! ഇവരുടെ രാഷ്ട്രീയ കളരിയിൽ അഭ്യസിച്ചതുതന്നെയാണ് അവർ ഇന്ന് പയറ്റുന്നത്.

ഇന്ത്യൻ ഇടതുപക്ഷ ചരിത്രകാരന്മാർക്ക് ദേശീയ പ്രസ്ഥാനത്തെ കുറിച്ചുള്ള തങ്ങളുടെ ഗവേഷണത്തിലും പഠനത്തിലും മാർക്സിയൻ രീതിയിലുള്ള ശരിയായ ദിശാബോധം സൃഷ്ടിച്ചത് ജെ.എൻ.യു ആസ്ഥാനമായി പ്രവർത്തിച്ച ഡോ. ബിപൻചന്ദ്രയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ചരിത്രകാരന്മാരാണ്. ബിപൻചന്ദ്ര 1980കളുടെ തുടക്കത്തിൽ സ്വാതന്ത്ര്യസമര ചരിത്രം നവീനരീതിയിൽ തയാറാക്കുന്നതിന്റെ ഭാഗമായുള്ള യാത്രയിൽ കാഞ്ഞങ്ങാട്ടുള്ള എന്റെ വീട്ടിലുമെത്തി. കമ്യൂണിസ്റ്റ് നേതാവായ പിതാവ് കെ. മാധവനുമായുള്ള അഭിമുഖമായിരുന്നു ഉദ്ദേശ്യം. ബിപൻചന്ദ്ര അന്ന് ചോദിച്ച ഒരു ചോദ്യം ഇന്നും പ്രസക്തമാണ്.

 

‘‘സഖാവ് മാധവൻ, എങ്ങനെയാണ് തീവ്രവലതുപക്ഷമായ ആർ.എസ്.എസിനും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും മഹാത്മാഗാന്ധി പൊതുശത്രുവായി (common enemy) മാറിയത്?’’ ഇവിടത്തെ സി.പി.ഐ-സി.പി.എം നേതൃത്വത്തെ ചിന്തിപ്പിക്കേണ്ടുന്ന ഒരു ചോദ്യമാണ് ഇന്നും ഇത്. പ്രത്യേകിച്ച് ഭീതിദമായ വർത്തമാനകാല ഇന്ത്യൻ അവസ്ഥയിൽ. ബിപൻചന്ദ്ര രസകരമായ ഒരനുഭവംകൂടി കെ. മാധവനോട് പറഞ്ഞു. ആന്ധ്രയിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന രവിനാരായൺ റെഡ്ഡിയുമായുള്ള അഭിമുഖം നടക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ലക്ഷ്യത്തിൽ എത്തിയില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിൽനിന്ന് ലഭിച്ച മറുപടി സംബന്ധിച്ചായിരുന്നു അത്. രവിനാരായൺ റെഡ്‌ഡി മറുപടിയായി ബിപൻചന്ദ്രയോട് പറഞ്ഞത്രെ, ‘‘ഞാൻ ഒരു ദൈവവിശ്വാസി അല്ല. ആയിരുന്നെങ്കിൽ പറയുമായിരുന്നു ഗാന്ധിജിയെ ക്രൂശിച്ചതിന് ദൈവം ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശപിച്ചതാണെന്ന്!’’

1960കളുടെ അവസാനത്തോടെ സി.പി.ഐ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തോട് താൽക്കാലികമായെങ്കിലും വിടപറയുകയും അതിന്റെ ഫലമായി ഇന്ത്യയിലെ പ്രഥമ കോൺഗ്രസ്-കമ്യൂണിസ്റ്റ് മന്ത്രിസഭ സി. അച്യുതമേനോന്റെ നേതൃത്വത്തിൽ കേരളത്തിൽ നിലവിൽ വരുകയും ചെയ്തു. തീവ്ര വലതുപക്ഷവും സാമ്രാജ്യത്വവുമാണ് രാജ്യത്തിന്റെ പൊതുശത്രു എന്നതായിരുന്നു ഈ മുന്നണിയെ മുന്നോട്ടുകൊണ്ടുപോയ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന് ഇന്ന് കൂടുതൽ പ്രസക്തിയുണ്ടെന്നാണ് നിലവിലെ ദേശീയ രാഷ്ട്രീയം നമ്മോട് പറയുന്നത്. എന്നാൽ, സ്വതന്ത്രഭാരതം കണ്ട ഏറ്റവും മികച്ച, 1970-77 കാലത്തെ അച്യുതമേനോൻ സർക്കാറിനെ ചോരയിൽ മുക്കിക്കൊല്ലാനാണ് സി.പി.എം ശ്രമിച്ചത്. സി.പി.എമ്മിന്റെ അന്ധമായ സി.പി.ഐ-കോൺഗ്രസ് വിരോധവും സ്റ്റാലിനിസ്റ്റ് സമീപനവും ആ പാർട്ടി അക്കാലത്ത് നടത്തിയ അക്രമസമരങ്ങളിലുടനീളം കാണാം.

ഒരു ജനാധിപത്യ സർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ രാജ്യം കണ്ട ഏറ്റവും ജനാധിപത്യവിരുദ്ധ സമരമുറകളാണ് സി.പി.എം അന്ന് കേരളത്തിൽ പ്രയോഗിച്ചത്. മട്ടന്നൂരിൽ നാല് യാത്രക്കാരോടുകൂടി കെ.എസ്.ആർ.ടി.സി ബസ് തീയിട്ട് ചാമ്പലാക്കിയ ഒരൊറ്റ സംഭവം മതി അന്നത്തെ കിരാതത്വം മനസ്സിലാക്കാൻ. പാടത്തിറക്കിയ ട്രാക്ടറുകളും, പുതുതായി സ്ഥാപിക്കുന്ന ഇലക്ട്രിസിറ്റി ട്രാൻസ്ഫോർമറുകളും കത്തിക്കുക, ടെലിഫോൺ കമ്പികൾ മുറിക്കുക, എന്തിനധികം പാവങ്ങൾക്ക് വീടുനിർമിക്കുന്നതിന്റെ ഭാഗമായുള്ള ലക്ഷംവീട് പദ്ധതിപ്രകാരമുള്ള വീടുകളുടെ തറ രാത്രികാലങ്ങളിൽ പൊളിച്ചുമാറ്റുന്നതടക്കം നിരവധി സമരാഭാസങ്ങൾ.

രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ച് സി.പി.ഐക്കാരെ, കായികമായി നേരിടുന്ന കലാപരിപാടികൾ ഇതിന് പുറമെ. കണ്ണൂരിൽ എം.വി.ആറിന്റെ നേതൃത്വത്തിലായിരുന്ന സി.പി.എമ്മുകാർ ത്യാഗവര്യനായ കമ്യൂണിസ്റ്റ് നേതാവ് കാന്തലോട്ട് കുഞ്ഞമ്പുവിനെപ്പോലും വെറുതെ വിട്ടില്ല. രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനു പകരം കായികമായി സി.പി.എം നേരിടാൻ ഇറങ്ങിയതോടെ രക്ഷക്കായി പല പാർട്ടികളിൽനിന്നായി പലരും ആർ.എസ്.എസിൽ അഭയം തേടാൻ ആരംഭിച്ചു. മലബാറിൽ ആർ.എസ്.എസിന് വേരോട്ടം ലഭിക്കാൻ ഉണ്ടായ പല കാരണങ്ങളിൽ പ്രധാനപ്പെട്ടത് സി.പി.എമ്മിന്റെ രാഷ്ട്രീയപ്രതിയോഗികളോടുള്ള ഈ അസഹിഷ്ണുതാ മനോഭാവംതന്നെ.

രാഷ്ട്രീയമായും സി.പി.എം ’64 മുതൽ ഇങ്ങോട്ട് നിഷേധാത്മക നിലപാടിലായിരുന്നുവെന്നതിനും ഉദാഹരണങ്ങൾ ധാരാളം. 1970കളിൽ ഇന്ദിര ഗാന്ധിയെ അധികാരത്തിൽനിന്ന് നിഷ്കാസനം ചെയ്ത് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ അമേരിക്കൻ സാമ്രാജ്യത്വം കച്ചകെട്ടി ഇറങ്ങിയിരുന്നു. രാജ്യത്തിനകത്ത് ആർ.എസ്.എസ് ആയിരുന്നു സി.ഐ.എയുടെ പ്രതീക്ഷ. ബംഗ്ലാദേശിൽ മുജീബുർറഹ്‌മാന്റെ കൊലപാതകം ഇന്ത്യക്കുള്ള മുന്നറിയിപ്പായി. ഇന്ദിരയോടുള്ള പക തീർക്കാൻ ജയപ്രകാശ് നാരായൺ ഈ അവസരം ഉപയോഗിച്ചു. കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ ജയപ്രകാശ് നാരായൺ ആർ.എസ്.എസുമായി കൂട്ടുകൂടിയ സംഭവം തികഞ്ഞ രാഷ്ട്രീയവഞ്ചനയായിരുന്നു. 1973ൽ ഇന്ദിര സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രക്ഷോഭം നയിക്കാനായി ജയപ്രകാശിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ മൊറാർജി ദേശായിയും സെക്രട്ടറി ആർ.എസ്.എസ് നേതാവായിരുന്ന നാനാജി ദേശ് മുഖും ആയിരുന്നു. ഇ.എം.എസും സി.പി.എമ്മും കോൺഗ്രസ് വിരോധത്തിന്റെ അടിസ്ഥാനത്തിൽ ഇവരോടൊപ്പം അണിനിരന്നു. 1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ രാഷ്ട്രീയസാഹചര്യം ഇതായിരുന്നു. അതിലെ തെറ്റും ശരിയും മറ്റൊരു വിഷയം.

അവിടംകൊണ്ടും തീർന്നില്ല. 1989ൽ രാജീവ് ഗാന്ധിയെ പുറത്താക്കാൻ ബി.ജെ.പി പിന്തുണയുള്ള വി.പി. സിങ്ങിനെ അധികാരത്തിൽ താങ്ങിനിർത്താൻ സി.പി.എമ്മും സി.പി.ഐയും തയാറായി. അധികം വൈകാതെ അടൽ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിനും ഇന്ത്യ സാക്ഷിയായി. ആർ.എസ്.എസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിതുറന്നിടാൻ ഇടതുപക്ഷം പൊതുവായും, സി.പി.എം പ്രത്യേകിച്ചും തങ്ങളുടേതായ സംഭാവന നൽകിയെന്നതിന് ഇതിനെക്കാൾ കൂടുതൽ എന്ത് തെളിവു വേണം? ഏത് ചെകുത്താനെ കൂട്ടുപിടിച്ചും കോൺഗ്രസിനെ തകർക്കുമെന്ന ഇ.എം.എസിന്റെ വിഖ്യാതമായ നിലപാട് കേരളം മറക്കില്ല.

കോൺഗ്രസും ഇടതുപക്ഷവും; മുന്നിലോട്ടുള്ള വഴികൾ

കേരളം മുന്നോട്ടു കുതിച്ചതിന്റെ ഇരട്ടി വേഗത്തിൽ പിറകോട്ടു പോവുകയാണിപ്പോൾ. സംഘ്പരിവാറിന്റെ കൃത്യമായ ഇടപെടൽ ഇക്കാര്യത്തിലുണ്ട്. ഇടതുപക്ഷത്തിന്റെ തകർച്ച അതുകൊണ്ടുതന്നെ മതേതര-ജനാധിപത്യ വിശ്വാസികളെ ആരെയും സന്തോഷിപ്പിക്കുന്നില്ല. കോൺഗ്രസ് രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന എന്താണെന്ന് ചോദിച്ചാൽ അതിനുത്തരം ‘കോൺഗ്രസ് ഇന്ത്യയെ ഇന്ത്യയായി നിലനിർത്തി’ എന്നതാണ്. കോൺഗ്രസ് ദീർഘമായ ചെറുത്തുനിൽപിലൂടെ നേടിയ ഈ നേട്ടത്തിന്റെ കടക്കൽ കത്തിവെക്കുകയാണ് സംഘ്പരിവാർ ചെയ്തുകൊണ്ടിരിക്കുന്നത്.

കോൺഗ്രസിനോടും ഇടതുപക്ഷത്തോടുമുള്ള ഒന്നാമത്തെ അഭ്യർഥന രാജ്യം ഇന്ന് കടന്നുപോകുന്നത് സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള പ്രതിവിപ്ലവത്തിലൂടെ (counter revolution) ആണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്നാണ്. ഇതിനെ ചെറുത്തുതോൽപിക്കുക എന്നുള്ളത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തോൽപിച്ചതിനേക്കാൾ കഠിനമായ രാഷ്ട്രീയ പ്രക്രിയയാണ്. ഇത് കോൺഗ്രസിന് ഇന്നത്തെ അവസ്ഥയിൽ ഒറ്റക്ക് അസാധ്യമാണ്. സി.പി. ജോൺ ഈ ലേഖകനോട് ഒരിക്കൽ പറഞ്ഞ നിർദേശത്തിന് ഇവിടെ പ്രസക്തിയുണ്ട്. കോൺഗ്രസ് ഒരു കോൺ​െഫഡറേഷൻ രൂപവത്കരിക്കണമെന്നുള്ളതാണത്. ഇത് തെരഞ്ഞെടുപ്പ് നേരിടാൻ മാത്രമായി ഇൻഡ്യ മുന്നണിപോലുള്ള ഒരു സംവിധാനമാകരുത്. ശക്തമായ ആശയാടിത്തറ ഇത്തരമൊരു ഒത്തുചേരലിന് ആവശ്യമുണ്ട്.

കോൺഗ്രസിനെ കൂടാതെ പുനരേകീകരിക്കപ്പെടുന്ന ഇടതുപക്ഷം, മുൻകാല സോഷ്യലിസ്റ്റുകൾ, തൃണമൂൽ കോൺഗ്രസും എൻ.സി.പി ഉൾ​െപ്പടെ കോൺഗ്രസിൽനിന്ന് പല സന്ദർഭങ്ങളിലായി തെറ്റിപ്പിരിഞ്ഞ വിഭാഗങ്ങളെ എല്ലാം ഏകീകരിച്ചുകൊണ്ടുള്ള ഒരു കോൺഫെഡറേഷൻ. അതേസമയം, സ്റ്റാലിനിസം പൂർണമായി ഉപേക്ഷിച്ച, സ്വയം ജനാധിപത്യവത്കരിക്കാൻ തയാറുള്ള ഇടതുപക്ഷ കൂട്ടായ്മയായിരിക്കണം കോൺഫെഡറേഷനിൽ കോൺഗ്രസുമായി സഹകരിക്കേണ്ടത്. ഒറ്റ പാർട്ടിയായോ ഒരു കമ്യൂണിസ്റ്റ് കോൺ​െഫഡറേഷൻ എന്ന നിലയിലോ ഇതാകാം. സൗത്ത് ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിൽ സ്വീകരിച്ച അതേ അടവുനയം. അവിടെ കമ്യൂണിസ്റ്റ് പാർട്ടി സൗത്ത് ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് രൂപവത്കരിച്ച കോൺഫെഡറേഷനിൽ അംഗമാണ്.

 

മേൽസൂചിപ്പിച്ച രാഷ്ട്രീയ സഖ്യത്തിൽ ദേശീയ വീക്ഷണമുള്ള, സ്റ്റാലിനിസത്തെ പൂർണമായും ത്യജിച്ച, ഇടതുപക്ഷത്തെ സഹകരിപ്പിക്കേണ്ടത് കോൺഗ്രസിന്റെ കൂടി ആവശ്യമാണ്. ആധുനിക ഇന്ത്യൻ ദേശീയത എന്നാൽ, ദേശീയ പ്രസ്ഥാനത്തിന്റെ ഉൽപന്നമാണ്. ദേശരാഷ്ട്രങ്ങളുടേതായ നമ്മുടെ യുഗത്തിൽ ഇന്ത്യ ശക്തിയുള്ള ദേശരാഷ്ട്രമായി (nation state) തന്നെ നിലനിൽക്കണം. വ്യത്യസ്തങ്ങളായ ഭാഷകളും സംസ്കാരങ്ങളും മതങ്ങളും ജാതികളുമെല്ലാമുള്ള ഇന്ത്യയെ യോജിപ്പിച്ചുനിർത്താൻ മുഖ്യമായും കോൺഗ്രസ് ദേശീയ പ്രസ്ഥാനത്തിലൂടെ സംഭാവനചെയ്ത ആധുനിക ഇന്ത്യൻ ദേശീയതക്കേ കഴിയൂ. സി.പി.എമ്മിനെപ്പോലെ അടിമുടി സ്റ്റാലിനിസ്റ്റ് ആയ ഒരു ഇടതുകക്ഷി കരുതുന്നതുപോലെ വർഗ പ്രത്യയശാസ്ത്രത്തിനു (class ideology) മാത്രം അതിന് കഴിയില്ല. സാമൂഹിക നീതിക്കുവേണ്ടിയുള്ള സമരത്തിന് മാത്രമേ ക്ലാസ് ഐഡിയോളജി ഫലപ്രദമായി പ്രയോഗിക്കാൻ കഴിയൂ. ഇത്തരമൊരു തിരിച്ചറിവുള്ള ഇടതുപക്ഷത്തിനും കോൺഗ്രസിനും മാത്രമേ വർഗീയ ഫാഷിസത്തിനെതിരെയുള്ള ഫലപ്രദമായ ചെറുത്തുനിൽപ് യോജിച്ചുനടത്താൻ പറ്റുകയുള്ളൂ.

ഏകഭാഷാ സമൂഹമോ ഏകവംശീയ വിഭാഗമോ ഏകമത-സാംസ്‌കാരിക വിഭാഗമോ അല്ലാത്ത ഇന്ത്യയെയാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് അതിന്റെ ദീർഘകാലയളവിലായി നിലനിർത്തപ്പെട്ട (long term dynamism) ഊർജസ്വലതയുടെ ഫലമായി, ഒരൊറ്റ രാജ്യമായി ഇന്ത്യയെ നിലനിർത്തിയതെന്ന് ഇടതുപക്ഷം തിരിച്ചറിയണം. പ്രഫ. ബിപൻചന്ദ്ര ഇതേ തലക്കെട്ടിൽ (The Long Term Dynamics of the Indian National Congress) 1985ൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ അമൃത്‌സർ സെഷനിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ഇന്ത്യൻ ദേശീയത ഇത്രയും ശക്തമായി നിലനിന്നതും ഈ ഊർജസ്വലതയുടെ ഫലമായിട്ടാണ്. എന്നാൽ, സംഘ്പരിവാറിന്റെ ലക്ഷ്യം ഇന്ത്യയുടെ വൈവിധ്യത്തെ തകർത്തു പകരം ഹൈന്ദവ ദേശീയതയെ പ്രതിഷ്ഠിക്കാനാണ്.

തീവ്ര വലതുപക്ഷത്തിന്റെ ഈ ദേശവിരുദ്ധ നീക്കത്തെ ചെറുക്കാൻ കോൺഗ്രസിനോടൊപ്പം നിൽക്കാത്ത രാഷ്ട്രീയമാണ് ഇന്ത്യൻ ഇടതുപക്ഷത്തിന്റേതെങ്കിൽ പിന്നെ എങ്ങനെയാണ് സി.പി.എമ്മിനെപ്പോലെ ഒരു സ്റ്റാലിനിസ്റ്റ് പാർട്ടിക്ക് നിലനിൽപുണ്ടാകുക? ഇവിടെയാണ് ‘ദേശീയ ജനാധിപത്യ വിപ്ലവം’ എന്ന ലക്ഷ്യം കുറെക്കാലം മുറുകെ പിടിച്ച സി.പി.ഐയുടെ പ്രസക്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസില്ലാത്ത എന്ത് ദേശീയ ജനാധിപത്യം? സ്വന്തമായിരുന്ന ഈ നയം എന്ന് സി.പി.ഐ ഉപേക്ഷിച്ചുവോ അന്നാരംഭിച്ചു സി.പി.ഐയുടെ തകർച്ച. ‘ജനകീയ ജനാധിപത്യ വിപ്ലവം’ എന്ന സി.പി.എമ്മിന്റെ ലൈൻകൊണ്ട് ആ പാർട്ടി ഇന്നും ധരിക്കുന്നത് സായുധ വിപ്ലവത്തിലൂടെ സാധ്യമാകുന്ന ഭരണകൂട അട്ടിമറിയിലൂടെ തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കാമെന്നുതന്നെയാണ്. ഇന്നത്തെ സി.പി.എമ്മിന്റെ അവസ്ഥ കണ്ടാൽ തികഞ്ഞ കാപട്യമല്ലാതെ ഇത് മറ്റൊന്നുമല്ലെന്ന് ഏതു കുട്ടിയും തിരിച്ചറിയും. സി.പി.എമ്മിനൊപ്പം സി.പി.ഐയും മുങ്ങും എന്ന് പറഞ്ഞപ്പോൾ സി.കെ. ചന്ദ്രപ്പൻ ഉദ്ദേശിച്ചതും ഇത്തരം രാഷ്ട്രീയ കാപട്യങ്ങളുടെ പൊള്ളത്തരവും സി.പി.ഐ അത്തരം മിഥ്യയുടെ പിന്നാലെ പോയി സ്വയം നശിക്കരുതെന്നുമാണ്.

സി.പി.ഐയും കമ്യൂണിസ്റ്റ് പുനരേകീകരണവും

1952ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ പത്തു ശതമാനത്തോളം വോട്ട് നേടി പാർലമെന്റിൽ മുഖ്യപ്രതിപക്ഷമായിരുന്ന പാർട്ടിയാണ് സി.പി.ഐ. അന്ന് ജനസംഘത്തിന് ലഭിച്ചത് കേവലം നാല് ശതമാനം വോട്ട്! 1925ലാണ് സി.പി.ഐയും ആർ.എസ്.എസും രൂപവത്കൃതമാകുന്നത്. രണ്ട് പ്രസ്ഥാനങ്ങളുടെയും ഇന്നത്തെ അവസ്ഥ താരതമ്യം ചെയ്യാതിരിക്കുന്നതല്ലേ ഭേദം?

സി.പി.എമ്മിന്റെ തകർച്ചയോടെ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ ഒരവസ്ഥ കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടാകരുത്. സി.പി.എമ്മിന്റെ തകർച്ച ഒരിക്കലും ആരോഗ്യകരമല്ല. പക്ഷേ, അനിവാര്യമാണുതാനും. അല്ലെങ്കിൽ അടിമുടി ഒരു പൊളിച്ചെഴുത്തിന് ആ പാർട്ടി തയാറാകണം. കാക്ക മലർന്ന് പറന്നാലും അത് സംഭവിക്കുമെന്ന് കരുതാൻ ന്യായമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനം തന്നെ ഉദാഹരണം. തോറ്റമ്പിയിട്ടും വെടിയാത്ത സ്റ്റാലിനിസ്റ്റ് ധാർഷ്ട്യം ഇനിയും പൊതുജനം, പ്രത്യേകിച്ച് ആത്മാഭിമാനമുള്ള സഖാക്കൾ പൊറുക്കുമെന്നാണോ കരുതുന്നത്? എങ്കിൽ തെറ്റി.

അപ്പോൾ ഇടതുപക്ഷത്തെ എങ്ങനെ സംരക്ഷിക്കും? സി.പി.ഐക്ക് ഇക്കാര്യത്തിൽ എന്തുചെയ്യാൻ പറ്റും? അന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിച്ച് ദേശീയതലത്തിൽ പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ഒരു നയം സി.പി.ഐക്ക് വേണം. കമ്യൂണിസ്റ്റ് പുനരേകീകരണം എന്ന സി.പി.ഐയുടെ എക്കാലത്തെയും ലക്ഷ്യം നടപ്പാകണം. സി.പി.എമ്മിന് പരമപുച്ഛമാണല്ലോ ഇക്കാര്യത്തിൽ. കേരളത്തിൽ സി.എം.പി, ആർ.എം.പി, എസ്.യു.സി.ഐ, വിവിധ നക്സൽ ഗ്രൂപ്പുകൾ, തയാറുള്ള എല്ലാ വിഭാഗത്തെയും ഒരുമിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരണം. ഈ പ്രസ്ഥാനം ഫാഷിസ്റ്റു വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസ് ഉൾ​െപ്പടെയുള്ള മതേതര പ്രസ്ഥാനങ്ങളുമായി സഹകരിക്കണം. ഇതേ നയം പറ്റാവുന്ന തരത്തിൽ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമമുണ്ടാകണം. എന്നാൽ, മാത്രമേ സി.പി.ഐക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തെങ്കിലും ഒരു പ്രസക്തി കാണുന്നുള്ളൂ. സത്യസന്ധരായ സി.പി.എം സഖാക്കളും ഇതോടൊപ്പം ചേരും.

 

കാലഹരണപ്പെട്ട സെക്ടേറിയൻ ചിന്താഗതികളും വീക്ഷണങ്ങളുമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുരടിപ്പിച്ചതെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യൻ ഇടതുപക്ഷത്തിന് ആദ്യം വേണ്ടത് തങ്ങൾ ദേശീയ പ്രസ്ഥാനത്തിന്റെ നേരവകാശികളാണെന്നുള്ള തിരിച്ചറിവാണ്. കമ്യൂണിസ്റ്റ് നേതാക്കൾ ദേശീയ സ്വാതന്ത്ര്യത്തിനായി അർപ്പിച്ച ത്യാഗം വിലമതിക്കാൻ കഴിയാത്തതാണ്. എന്നിട്ടും ഗാന്ധിജിയോടും അദ്ദേഹം നയിച്ച പ്രസ്ഥാനത്തോടും കൈക്കൊണ്ട തെറ്റായ സമീപനം നിമിത്തം ദേശീയ മുഖ്യധാരയിൽ എത്താൻ കഴിഞ്ഞില്ല. രാജ്യം വലിയ വിപത്തിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇടതുപക്ഷം സ്റ്റാലിനിസ്റ്റ് ചട്ടക്കൂടിൽനിന്ന് പൂർണമായി വിടുതൽ തേടി പ്രസ്ഥാനത്തിന്റെ ജനാധിപത്യവത്കരണം ഉൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത വരുത്തി, ആധുനിക തലമുറയെ ഉൾ​െപ്പടെ ഉൾക്കൊള്ളും വിധം ഒരു നവ ഇടതുപക്ഷ പ്രസ്ഥാനമായി മാറാൻ കഴിയുമോ എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ സി.പി.എമ്മിൽനിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ, അതല്ല സി.പി.ഐയുടെ പാരമ്പര്യം.

1960ൽ ഹാനോയിൽ​െവച്ച് ഹോച്ചിമിനുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചപ്പോൾ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി വിയറ്റ്നാമിൽ എത്തിയ കെ. ദാമോദരൻ ചോദിച്ച ചോദ്യത്തിന് ഹോച്ചിമിനിൽനിന്ന് ലഭിച്ച ഉത്തരം പ്രശസ്തമാണല്ലോ? 1930കളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയോളം മാത്രം വലുപ്പമുണ്ടായിരുന്ന വിയറ്റ്നാമീസ് കമ്യൂണിസ്റ്റ് പാർട്ടി വിപ്ലവം വിജയിപ്പിക്കുകയും എന്നാൽ, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെടുകയുംചെയ്തത് എന്തുകൊണ്ട് എന്നതായിരുന്നു ചോദ്യം. ഹോചിമിന്റെ മറുപടി: ‘‘അവിടെ നിങ്ങൾക്ക് മഹാത്മാ ഗാന്ധിയുണ്ടായിരുന്നു. ഇവിടെ ഞാനാണ് ഗാന്ധി!’’

News Summary - Left parties crises and alternatives