വിചാരിച്ചതൊന്നുമല്ല, വിചാരിക്കാത്തതുമല്ല

അകാലത്തിൽ, ജനുവരി 23ന് വിടവാങ്ങിയ തിയറ്റർ ആക്ടിവിസ്റ്റും സുഹൃത്തുമായ കെ.വി. വിജേഷിനെ അനുസ്മരിക്കുകയാണ് ചിത്രകാരൻകൂടിയായ ലേഖകൻ. വിജേഷ് ഇങ്ങനെയുമാണ്. കാത്തുകാത്ത് മടുത്തില്ല. ഒന്നും ആഗ്രഹിച്ചതുമില്ല. ‘‘മരിക്കുമെന്നത് നേരാ, മരിക്കുമെന്നത് നേരാ, ആരുടെ കൂടെ നിൽക്കും നിങ്ങൾ. ആരുടെ കൂടെ നിൽക്കും.’’ എത്ര എളുപ്പത്തിലാണ് വിജേഷ് ജീവിതത്തെ സ്വീകരിച്ചതും നിരാകരിച്ചതും. എനിക്ക് സ്വയം തോന്നാറുണ്ട്. എന്നെ ആരും പിന്തുടരുന്നില്ല. മരണചിന്തപോലും, എല്ലാമെല്ലാം ഞാനായിട്ട് തന്നെയുണ്ട്. അല്ലെങ്കിൽ മാത്രം അൽപം മുമ്പിൽ രണ്ടാമതൊരാൾ. പിന്തിരിഞ്ഞു നോക്കാറില്ല.====സീതാറാം യെച്ചൂരി ഒരിക്കൽ ടൗൺഹാളിൽ വന്നു. അതിനുശേഷം,...
Your Subscription Supports Independent Journalism
View Plansഅകാലത്തിൽ, ജനുവരി 23ന് വിടവാങ്ങിയ തിയറ്റർ ആക്ടിവിസ്റ്റും സുഹൃത്തുമായ കെ.വി. വിജേഷിനെ അനുസ്മരിക്കുകയാണ് ചിത്രകാരൻകൂടിയായ ലേഖകൻ.
വിജേഷ് ഇങ്ങനെയുമാണ്. കാത്തുകാത്ത് മടുത്തില്ല. ഒന്നും ആഗ്രഹിച്ചതുമില്ല. ‘‘മരിക്കുമെന്നത് നേരാ, മരിക്കുമെന്നത് നേരാ, ആരുടെ കൂടെ നിൽക്കും നിങ്ങൾ. ആരുടെ കൂടെ നിൽക്കും.’’ എത്ര എളുപ്പത്തിലാണ് വിജേഷ് ജീവിതത്തെ സ്വീകരിച്ചതും നിരാകരിച്ചതും. എനിക്ക് സ്വയം തോന്നാറുണ്ട്. എന്നെ ആരും പിന്തുടരുന്നില്ല. മരണചിന്തപോലും, എല്ലാമെല്ലാം ഞാനായിട്ട് തന്നെയുണ്ട്. അല്ലെങ്കിൽ മാത്രം അൽപം മുമ്പിൽ രണ്ടാമതൊരാൾ. പിന്തിരിഞ്ഞു നോക്കാറില്ല.
====
സീതാറാം യെച്ചൂരി ഒരിക്കൽ ടൗൺഹാളിൽ വന്നു. അതിനുശേഷം, കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനങ്ങൾ നടന്നു കണ്ടു. പിന്നെ ബീഡി വലിക്കാൻ ഗാലറിയുടെ പിറകുവശത്ത് വന്നു. അവിടെ കുറച്ച് ഭീകരന്മാർ പാടുന്നു, സംസാരിക്കുന്നു. എല്ലാവരുംകൂടി യെച്ചൂരിയെ പൊതിഞ്ഞു. ചിലർക്ക് യെച്ചൂരിയുടെ ബീഡി വേണം. ചിലർക്ക് രാഷ്ട്രീയം സംസാരിക്കണം. ചിലർക്ക് ആലിംഗനംചെയ്യണം. എന്നാൽ വിജേഷ് മാത്രം പാടി. ഉച്ചത്തിലുച്ചത്തിൽ പാടുകയാണ്. അവസാനം വിജേഷിനെ ആലിംഗനംചെയ്‌തിട്ടാണ് അദ്ദേഹം പോയത്.
പോകുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒ.കെ. ജോണിയോട് പറഞ്ഞുപോലും: ‘‘മനോഹരമായ കൊച്ചു പൂന്തോട്ടം. എന്ത് രസം, കൊതി വരുന്നു.’’
യെച്ചൂരി ഇക്കാര്യം ടൗൺഹാളിലെ സദസ്സിനോട് വീണ്ടും പറഞ്ഞു.
====
അങ്ങനെയാണ് അവനവന്റെ പഴയകാല ഓർമ. മുന്നിൽനിന്നാണോ പിന്നിൽനിന്നാണോ പ്രത്യക്ഷപ്പെടുന്നത്. മുന്നോട്ടു നോക്കണം, കാണികളുടെ പിന്നോട്ടും. കാണികളുടെ മുന്നിലേക്ക് തന്നെ അവിടവിടെയായി സ്വന്തം സ്വത്വം തിരിച്ചറിയപ്പെടും. ഒരിക്കൽക്കൂടി കാലചക്രം തിരിയും. അങ്ങനെ സ്വയം മറ്റൊന്നല്ലാതെ നിരന്തരം കാണാൻ ശ്രമിച്ചവനാണ് വിജേഷ്. തുറന്നിട്ട പേപ്പർ നാലാക്കി മടക്കിവെച്ച് മടങ്ങിപ്പോകാവുന്നത്രയേയുള്ളൂ ജീവിതമെന്ന് അവനറിയാം. എന്നാൽ പാടുമ്പോഴും കൊട്ടുമ്പോഴും ആ സ്വത്വമാണവൻ അന്വേഷിച്ചതും സ്വയം തിമിർത്തതും. നമ്മൾ കണ്ടതും കേട്ടതും അറിഞ്ഞതും.
അത്രമാത്രം.
====
നാടകക്കാരനോട് നാടകക്കാരന്റെ അമ്മ പറഞ്ഞു: ‘‘എടാ മോനേ, ഈ നശിച്ച നാടകം മതിയാക്കടാ!’’
നാടകക്കാരനോട് കൂട്ടുകാരൻ പറഞ്ഞു: ‘‘എടാ മോനേ ഈ നശിച്ച നാടകം മതിയാക്കടാ!’’
നാടകക്കാരനോട് നാട്ടുകാരൻ പറഞ്ഞു: ‘‘നീ നാടകം കളിച്ചു നടക്കാതെ ഓടി രക്ഷപ്പെടെടാ!’’
അപ്പോൾ കുറേ കാക്കകൾ കരഞ്ഞു.
നാടകത്തിലെ കുട്ടി പറഞ്ഞു: ‘‘ഇവിടം വിട്ടുപോകരുത്!’’
നാടകക്കാരനോട് നാട്ടുകാരൻ പറഞ്ഞു: ‘‘നീ നാടകം കളിച്ച് നടക്കാതെ ഓടിരക്ഷപ്പെടെടാ!’’
നാടകക്കാരൻ കുടിലുകളിലേക്ക് വിളിച്ചു ചോദിച്ചു: ‘‘നിങ്ങൾ ഇങ്ങോട്ട് വരുമോ?’’
കുടിലുകൾ തിരിച്ചു ചോദിച്ചു: ‘‘വന്നാൽ എന്ത് തരും?’’
‘‘ഓര ഓര നാടകക്കാരാ... ഓര ഓര നാടകക്കാരാ...’’

കെ.വി. വിജേഷിന്‍റെ വരകൾ
====
അവിടന്നാണ് വിജേഷ് നാടകത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ പ്രയാസപ്പെടുന്നത്. അതിനുള്ള ശ്രമം ബലപ്പെടുത്തുന്നതും, അതിനു കാരണമായ ഒരുപാട് ഏകാംഗ നാടകങ്ങൾ വിജേഷ് ചെയ്യുന്നുണ്ട്. നമ്മളത് കണ്ടു നോക്കണം.
====
ആയിടയ്ക്ക് ഞാനും ചേവായൂർ പ്രകാശനും വിജേഷും കൂടി ഇരുന്നു. ഞാൻ സച്ചു തോമസ് മലയാളത്തിലാക്കിയ മോപ്പസാങ്ങിന്റെ ‘ഒരു നാടൻ കഥ’ എന്ന ചെറുകഥ പറയട്ടെ എന്നു ചോദിച്ചു. കഥയിൽ ഒരു തീവണ്ടിയുണ്ട്. ജെനോവയിൽനിന്ന് മാഴ്സെയിലേക്ക് പോകുന്ന വണ്ടിയിൽ രണ്ടുപേർ മുഖാമുഖം ഇരിക്കുന്നു. ഇരുപത്തിയഞ്ച് വയസ്സ് മതിക്കുന്ന സ്ത്രീ തടിച്ച പ്രകൃതക്കാരിയായിരുന്നു. അസ്വസ്ഥയാണവൾ. അസഹനീയമായ ചൂടായിരുന്നു ആ വണ്ടിക്കകത്ത്. നേരെ എതിർവശത്ത് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നുണ്ട്. മോപ്പസാങ്ങിന്റെ കണക്കിൽ അവന് വയസ്സ് ഇരുപത്. സ്ത്രീയുടെ അസ്വസ്ഥതയുടെ കാരണം വിജേഷ് ഞങ്ങൾക്ക് നാടകീയമായി പറഞ്ഞുതന്നു.
അവൾ ഒരു മുലയൂട്ടമ്മയാണ്. ജെനോവയിലെ ഒരു പ്രഭുഭവനത്തിൽ ജോലിക്കായി പോവുകയാണ്. അവളുടെ പ്രശ്നം പാലാണ്. മൂന്ന് തവണയെങ്കിലും ഒരുദിവസം അവൾക്ക് മുലയൂട്ടണം. ഇല്ലെങ്കിൽ അത് വളരെ വേദനയുണ്ടാക്കും. ഈ അവസ്ഥ അവളെ ശ്വാസംമുട്ടിക്കുന്നുണ്ട്. വണ്ടി ഓരോ സ്റ്റേഷനിൽ നിർത്തുമ്പോഴും പ്ലാറ്റ്ഫോമിൽ ഏതെങ്കിലും സ്ത്രീയുടെ കൈയിൽ കാണുന്ന കുഞ്ഞിനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ ഈ പാരവശ്യത്തിന് ഒരവസാനമുണ്ടാകും എന്നവൾ പറയുന്നുണ്ട്. പക്ഷേ നിവൃത്തിയില്ല. ഒടുവിൽ മറ്റു വഴിയില്ലാതെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരന് പാല് കൊടുക്കുകയാണ് അവൾ കഥയിൽ. അവൾക്കത് വലിയ ആശ്വാസം നേരുന്നു. അവൾ അകമഴിഞ്ഞ് ആ ചെറുപ്പക്കാരനോട് നന്ദി പറയുന്നു. അപ്പോൾ അവന്റെ മറുപടി: ‘‘ഞാനാണ് മദാമിനോട് നന്ദി പറയേണ്ടത്! ഞാനെന്തെങ്കിലും കഴിച്ചിട്ട്.രണ്ടു ദിവസമായി.’’
അന്നേരം എനിക്ക് മനസ്സിലായി ഇക്കഥ വിജേഷിന്റെ സിനിമാമോഹമായിരുന്നു എന്ന്. തമിഴിലാണ് ഉദ്ദേശ്യം. അന്നേരം വിജേഷിന് സച്ചു തോമസിനെ കാണണം. ഞാൻ സച്ചുവിനെ വിളിച്ച് വിജേഷിന് ഫോൺ കൊടുത്തു. ഞങ്ങൾ നാല് പേർ ഒരുമിച്ച് കാണാൻ തീരുമാനിച്ചു. ധാരണയുമായി. സച്ചു നിരുത്സാഹപ്പെടുത്തിയെങ്കിലും അതു നടന്നില്ല. അത് വിജേഷിന് നിർബന്ധമായിരുന്നു. സിനിമക്ക് നായികയെ വിജേഷ് തീരുമാനിച്ചു കഴിഞ്ഞിരുന്നു: പാർവതി തിരുവോത്ത്. ഇക്കാര്യത്തിലും വിജേഷിന് സംശയമൊന്നുമില്ല. സിനിമക്കാവശ്യമുള്ള ബാക്കിയുള്ള ദൃശ്യങ്ങളും വാക്കുകളുമെല്ലാം ഭൂമിക്കടിയിൽനിന്ന് പൊടുന്നനെ പൊന്തിവരും. അത് അവനറിയാം.
വിചാരിച്ചതൊന്നുമല്ല. വിചാരിക്കാത്തതുമല്ല.
====
നടൻ കാതൽ സുധിയും ഞാനും ഒരുദിവസം കോഴിക്കോട് തെരുവോരത്ത് അർമാദിച്ചു നടന്നു. വിജേഷും കൂടി. വിജേഷിന് മുത്തപ്പൻകാവിലെ ഭഗവതിയെ കാണണം. കണ്ടു. പിന്നെ ഞാൻ വിജേഷിനെ വിളിക്കുമ്പോൾ അവൻ എറണാകുളത്താണ്. പിന്നീട് ഞാൻ ഒരു ന്യൂറോ രോഗത്താൽ ആശുപത്രിയിൽ കയറി. വിജേഷ് ദിവസവും എന്റെ ഭാര്യയെ വിളിക്കും. എന്തും ചോദിക്കാൻ മടിക്കരുതെന്ന് കാർക്കശ്യത്തോടെ ആവശ്യപ്പെടുകയാണ്. ഞാൻ ഒരു മാസം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ ദിവസം അവൻ എങ്ങോട്ടോ പോയി. ഒറ്റക്ക്.
====
നിങ്ങളെ നിങ്ങളെ മാത്രം ഇഷ്‌ടപ്പെടല്ലപ്പാ
നമ്മളെ നമ്മളെ മാത്രം ഇഷ്‌ടപ്പെടല്ലപ്പാ
ജീവിക്കുമെന്നത് സത്യം
മരിക്കുമെന്നത് സത്യം
ഒരമ്മപെറ്റതുപോലെ
എല്ലാവരും അങ്ങനെ തന്നെ
കാശിന്റെ കൊട്ടാരമുറ്റത്ത് ഒരു പൂവും വിരിയില്ല കേട്ടോ,
കാശിന്റെ കൊട്ടാരമുറ്റത്ത് ഒരു പാട്ടും പാടില്ല കേട്ടോ...
വിജേഷ് അഭിനയിക്കാൻ തുടങ്ങിയാൽ ആരുടെയൊക്കെ കാരക്‌ടറാണ് പൊതിയഴിഞ്ഞു വീഴുന്നത്! അന്നേരം അവിടെ ഒരാളെ മാത്രം കാണാനാവും. അതാ, വിജേഷ്!
====
ഒരുദിവസം കൊച്ചിയിൽ ഒരുപാട് ചിത്രപ്രദർശനങ്ങൾ ഞാൻ കണ്ടു നടക്കുന്നു. ദർബാർ ഹാൾ, ഫോർട്ട് കൊച്ചി ആർട്ട് കഫേ, ദ്രവീഡിയ ആർട്ട് ഗാലറി, ചിത്രകാരന്മാരുടെയും കാണികളുടെയും കുറേ കൂട്ടം വന്നിരിക്കും. ചിലപ്പോൾ ആരോഗ്യകരമായ ബഹളവുമാകും. ചിത്രകാരൻ ഉപേന്ദ്രന്റെ വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. കൊതുകുകടികൊണ്ട് പിരാന്തുപിടിച്ചിരിക്കേ ടി.വിയിൽ ഒരു സിനിമ കണ്ടു: തകരച്ചെണ്ട. സിനിമ കൊള്ളാം. ശ്രീനിവാസനും പാട്ടും കൊള്ളാം. കോഴിക്കോടെത്തിയപ്പോഴാണ് പാട്ട് എഴുതിയത് വിജേഷാണെന്നറിയുന്നത്. അന്ന് അവന് ചെറുപ്പമാണ്.
====
2013ലാണ്. പതിഞ്ഞ ശബ്ദത്തിൽ വിജേഷിന്റെ പാട്ട്:
കുഞ്ഞു കുഞ്ഞു പക്ഷി
മെല്ലെ മെല്ലെ പറഞ്ഞു.
അമ്മയെപ്പോലെ ഞാനും പറക്കുമെന്ന്
ചിറകുവിരിച്ച് കണ്ണുതുറന്ന്
മാനം മീതേ പറക്കേണം. കണ്ണിന്റെ കണ്ണീര്
കാണേണം.
മണ്ണിന്റെ കണ്ണീര് കാണേണം
മണ്ണിന്റെ കണ്ണീര്.

====
നമ്മെ വിട്ടുപോയവർ നമ്മുടെ ജീവിതത്തിൽ തുടരും. അവർക്കുള്ള പങ്ക് ഒരുപക്ഷേ ജീവിച്ചിരിക്കുമ്പോൾ ഉള്ളതിനേക്കാൾ വലുതാണ്. അത് മരണത്തെ ആഘോഷിക്കാനല്ല. മറിച്ച്, നമുക്ക് ജീവൻ നൽകാനാണ്. വിജേഷ് മരണത്തിലും ശക്തി പകരും. മഹ്മൂദ് ദർവീശ് ഒരു കവിതയിൽ ആലോചിച്ചത് ഓർക്കുകയാണ് ഇപ്പോൾ ഞാൻ. എങ്ങനെയാണ് വിജേഷിന്റെ ജീവിതം മറ്റുള്ളവരിലേക്കും എന്നിലേക്കും പോകുന്നതെന്ന് നോക്കിയിരിക്കുകയാണ് ഞാൻ. ആരുടെ നഷ്ടമാണ് അത് പൂരിപ്പിക്കുക.
