കൊച്ച് തിരുത്തിയെഴുതിയ കേരളം

മാർച്ച് 14ന് ചിന്തകനും എഴുത്തുകാരനുമായ കെ.െക. കൊച്ച് വിടവാങ്ങിയിട്ട് ഒരു വർഷം. അദ്ദേഹത്തെ ഓർമിക്കുകയാണ് ലേഖകൻ. ഇ.എം.എസ്. നമ്പൂതിരിപ്പാടിെന തിരുത്തിയ ചിന്തകനായിട്ടാണ് കൊച്ച് ഓർമിക്കപ്പെടുകയെന്ന് വാദിക്കുന്നു. കമ്യൂണിസം എന്ന ചിന്താപദ്ധതിയെ കൂട്ടുപിടിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാട് സവർണാധികാരത്തെ രാഷ്ട്രീയമായി പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. തികച്ചും സവർണമായ ആ അധികാര സംസ്ഥാപനത്തെ അപനിർമിച്ചതിലാണ് കെ.കെ. കൊച്ച് എന്ന സൈദ്ധാന്തികൻ മുഖ്യമായും വിജയംവരിച്ചത്. അതുകൊണ്ടുതന്നെ സമകാലിക സാംസ്കാരിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ ബൃഹദാഖ്യാനങ്ങളിലെ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ തിരുത്തിയ ചിന്തകൻ എന്ന നിലക്കാണ്...
Your Subscription Supports Independent Journalism
View Plansമാർച്ച് 14ന് ചിന്തകനും എഴുത്തുകാരനുമായ കെ.െക. കൊച്ച് വിടവാങ്ങിയിട്ട് ഒരു വർഷം. അദ്ദേഹത്തെ ഓർമിക്കുകയാണ് ലേഖകൻ. ഇ.എം.എസ്. നമ്പൂതിരിപ്പാടിെന തിരുത്തിയ ചിന്തകനായിട്ടാണ് കൊച്ച് ഓർമിക്കപ്പെടുകയെന്ന് വാദിക്കുന്നു.
കമ്യൂണിസം എന്ന ചിന്താപദ്ധതിയെ കൂട്ടുപിടിച്ച് ഇ.എം.എസ് നമ്പൂതിരിപ്പാട് സവർണാധികാരത്തെ രാഷ്ട്രീയമായി പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. തികച്ചും സവർണമായ ആ അധികാര സംസ്ഥാപനത്തെ അപനിർമിച്ചതിലാണ് കെ.കെ. കൊച്ച് എന്ന സൈദ്ധാന്തികൻ മുഖ്യമായും വിജയംവരിച്ചത്. അതുകൊണ്ടുതന്നെ സമകാലിക സാംസ്കാരിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ ബൃഹദാഖ്യാനങ്ങളിലെ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ തിരുത്തിയ ചിന്തകൻ എന്ന നിലക്കാണ് കെ.കെ. കൊച്ച് അടയാളപ്പെടുക.
ഇന്ത്യൻ ജനാധിപത്യം സംബന്ധിക്കുന്ന ചിന്താപദ്ധതികളിൽ ഡോ. അംബേദ്കർ മുഖ്യമായും സംവദിച്ചത് ഗാന്ധിജിയുടെ വാദമുഖങ്ങളോടായിരുന്നു. മറ്റുചിന്തകർ അപ്രസക്തരായതുകൊണ്ടല്ല, മറിച്ച് പൊതുബോധത്തെ ആഴത്തിൽ ആവേശിക്കുന്ന ചിന്ത ഗാന്ധിജിയുടേതായിരുന്നതിനാലാണ് അംബേദ്കർ മുഖ്യമായും ഗാന്ധിജിയുമായുള്ള സംവാദത്തിന് പ്രാധാന്യം കൊടുത്തത്. ഗാന്ധിജിയോടുള്ള ആരാധന വിജ്ഞാനത്തെയും മറികടന്ന് നിറഞ്ഞുനിന്നിരുന്ന കാലംവരേക്കെങ്കിലും അംബേദ്കർ നിർമിച്ച വിജ്ഞാനത്തെ ഗൗരവമായി മനസ്സിലാക്കുന്നതിൽനിന്ന് പൊതുസമൂഹം വൻതോതിൽ മാറിനടന്നു എന്നത് വ്യക്തമാണ്. എന്നാൽ, ഗാന്ധിജിയുമായുള്ള അംേബദ്കറുടെ സംവാദങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തെ കൂടുതൽ തെളിച്ചമുള്ളതാക്കി എന്ന വസ്തുത ഇക്കാലത്ത് എല്ലാവരും സമ്മതിക്കുന്നുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം നവോത്ഥാന ചിന്തകൾക്കും ദേശീയ പ്രസ്ഥാനത്തിന്റെ ഇടപെടലുകൾക്കും ശേഷം പൊതുബോധത്തിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയ സാംസ്കാരിക ചിന്തകൾ ഉൽപാദിപ്പിച്ചത് മുഖ്യമായും ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. അദ്ദേഹത്തിന്റെ വാക്കുകളെ ‘വേദവാക്യമായി’ വിഴുങ്ങിവെക്കുന്ന ഒരു പൊതുസമൂഹം കേരളത്തിന്റെ പ്രശ്ന മേഖലയാണ്.
ജ്ഞാനത്തെക്കാൾ പറയുന്ന ആളുടെ പൊസിഷൻ ഇവിടെ സുപ്രധാനമായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം മനകൾ കേന്ദ്രീകരിച്ച് ദൈവങ്ങളെ കുടിയിരുത്തി പൂജിച്ചും ആരാധിച്ചും നാടിനെ കാത്തുരക്ഷിക്കാൻ ജീവിക്കുന്നവരാണ് നമ്പൂതിരിമാർ എന്ന ജാതീയമായ ഭക്തി ഇ.എം.എസ് ആരാധനക്ക് വഴിതെളിച്ചിട്ടുണ്ട്. രാഷ്ട്രീയനേതൃത്വങ്ങൾ പോലും ഇ.എം.എസിനെ തിരുമേനി എന്ന് സംബോധന ചെയ്തുപോന്നതിൽ ജാത്യാരാധന വ്യക്തമാണ്. സവർണർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചത് മഹാത്യാഗമായും അവർണർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചത് കർത്തവ്യമായും പറഞ്ഞുപോരുന്ന ജാതിവ്യവസ്ഥയും കമ്യൂണിസ്റ്റ് രാഷ്ട്രീയ സംവാദങ്ങളിൽ ഇക്കാലത്തും വ്യക്തമാണ്.
ത്യജിക്കാൻ സമ്പത്തുള്ളവരുടെ ത്യജിക്കലുകളുടെ വാഴ്ത്തുപാട്ടുകളും അതിന് നിദാനമാണ്. ത്യജിക്കാനായി ഒന്നുമില്ലാത്ത/ദേശരാഷ്ട്രം ഒന്നും നൽകാത്ത താഴെനിന്ന് മേലേക്ക് മാത്രം നോക്കുന്ന, ഒരു ജനതതിയുടെ മനോവ്യാപാരത്തിലാണ് ഇത്തരം ഫ്യൂഡൽ ബിംബാരാധനകൾ പ്രവർത്തിക്കുന്നത്. രാഷ്ട്രീയത്തേക്കാൾ ജാതീയതയാണ് ആ ചിന്തക്കും നിദാനം. ജ്ഞാനത്തെ മൂടിപ്പിടിക്കുന്ന തരത്തിലുള്ള ജാത്യാരാധനകളെ മാറ്റിനിർത്തിക്കൊണ്ട് ഇ.എം.എസിനെ പഠിക്കുകയും വിലയിരുത്തുകയും അതിന്റെ പ്രശ്നമേഖലകളെ സാമൂഹിക ജീവിതത്തിൽ ചർച്ചയാക്കുകയും ചെയ്തതിൽ മുഖ്യ പങ്കുവഹിച്ചത് കെ.കെ. കൊച്ചാണ്. പൊട്ടൻ തെയ്യം എന്ന ഫോക്കിലെ ദലിത്-ബ്രാഹ്മണ സംവാദവും അതിലെ ദലിത് വിജയവും ഇവിടെ ഓർക്കാവുന്നതാണ്.
കേരളീയ രാഷ്ട്രീയ സംവാദങ്ങളിൽ രണ്ടാം ശങ്കരനായ ഇ.എം.എസിന്റെ സവർണാധികാര സംസ്ഥാപനത്തിനായുള്ള രാഷ്ട്രീയ ഇടപെടലിനെ ‘ഇ.എം.എസും ജാതിവ്യവസ്ഥയും’ എന്ന ലേഖനത്തിൽ കെ.കെ. കൊച്ച് ഇങ്ങനെ എഴുതുന്നു: ‘‘ഈഴവ-ദലിത് ജനതകളെ അന്യവത്കരിച്ചും നമ്പൂതിരി-നായർ ജനതകളെ രാഷ്ട്രീയവത്കരിച്ചും നമ്പൂതിരി-നായർ മേധാവിത്വം സ്ഥാപിച്ചും ന്യൂനപക്ഷ വിഭാഗങ്ങളെ പുറന്തള്ളിയുമൊരു കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ ഇ.എം.എസിന്റെ പ്രത്യയശാസ്ത്ര കൽപനകൾക്ക് കഴിഞ്ഞു. ഇപ്രകാരമൊരു നേട്ടത്തിലൂടെയാണ് ഇ.എം.എസ് ബ്രാഹ്മണിസത്തിന്റെ വിജയമുറപ്പിച്ചത്.’’ (പുറം 56 ബുദ്ധനിലേക്കുള്ള ദൂരം ഡി.സി ബുക്സ്-2011)
മുൻചൊന്ന ഉദ്ധരണിയുള്ള ഖണ്ഡികക്ക് ‘വിജയിച്ച ബ്രാഹ്മണൻ’ എന്ന തലക്കെട്ടാണ് ഇ.എം.എസും ജാതിവ്യവസ്ഥയും എന്ന ലേഖനത്തിൽ കെ.കെ. കൊച്ച് ചേർത്തിട്ടുള്ളത്. കാഞ്ച എലയ്യയാണ് വിജയിച്ച ബ്രാഹ്മണൻ എന്ന പരികൽപന ഇ.എം.എസിൽ ചേർക്കുന്നത്. ജാതിയിൽ വിജയിച്ചുപോന്ന സാമൂഹിക വിഭാഗംതന്നെ ആധുനികജനാധിപത്യത്തിന്റെ കാലത്തും തന്ത്രപരമായി രാഷ്ട്രീയമായും വിജയിക്കുന്നതാണ് ആ പ്രയോഗത്തിൽ സൂചിതമായിട്ടുള്ളത്. അവർണരുടെ രാഷ്ട്രീയഭാഗധേയം സവർണതയിൽ വീണ്ടും ചെന്ന് അസ്തമിക്കുന്നതാണ് ഇ.എം.എസിൽ നാം കാണുന്നത്.
സാമുദായിക സംവരണ വിരുദ്ധതയടക്കം അവർണർക്കെതിരായി ഇ.എം.എസ് കടുത്തനിലപാടുകൾ എടുക്കുമ്പോഴും അതു ഗൗരവമായി മനസ്സിലാക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിൽ നിന്ന് അവർണ രാഷ്ട്രീയ നേതൃത്വങ്ങൾ മാറിനിൽക്കുന്നത് വ്യക്തമാണ്. ഇ.എം.എസിന്റെ രാഷ്ട്രീയ നിലപാടുകൾ തങ്ങൾക്കെതിരാണെന്ന് ബോധ്യപ്പെട്ടാലും അതിനെതിരെ മൗനംപാലിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ബാഹ്യമായ പലതരം കരിഷ്മകൾ ഇ.എം.എസിൽ പ്രവർത്തിക്കുന്നു എന്നതാണ് യാഥാർഥ്യം.
ദീർഘകാലം ഇന്ത്യയിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെക്കാൾ തൊഴിലാളി വർഗത്തിനിടയിലും കീഴാള ജാതികൾക്കിടയിലും ഇ.എം.എസിന് അഗാധമായ സ്വാധീനമാണ് ഉണ്ടായിരുന്നതെന്ന് കാഞ്ച െഎലയ്യ എഴുതിയിട്ടുണ്ട്.
കേവലമായ മിത്തുവത്കരണംകൊണ്ട് രാഷ്ട്രീയ യാഥാർഥ്യങ്ങളെ സമർഥമായി മൂടിപ്പിടിക്കാനാവും എന്നതിന്റെ സമൂർത്തമായ ഉദാഹരണമാണ് ഇ.എം.എസ് എന്ന നേതാവിന് കേരളത്തിലെ അവർണരടങ്ങുന്ന ബഹുജനങ്ങളിലുള്ള മുന്തിയ ആരാധ്യപദവി. ദലിത് സമുദായവത്കരണത്തോടും സാമുദായിക സംഘടനകളോടും സംവരണം എന്ന സാമൂഹിക അവകാശത്തോടുമെല്ലാം എഴുത്തുകളിലും രാഷ്ട്രീയ ഇടപെടലുകളിലുമെല്ലാം ഇ.എം.എസ് ശത്രുത പ്രകടിപ്പിച്ചു എന്നതുമാത്രമല്ല, അദ്ദേഹത്തിന്റെ കരിഷ്മയിൽ വീണുപോയ കേരളത്തിലെ കമ്യൂണിസ്റ്റ് വിശ്വാസികൾ എക്കാലത്തും സംവരണത്തോടും ദലിത് സമുദായവത്കരണത്തോടും ദലിതരുടെ സാമുദായിക രാഷ്ട്രീയത്തോടുമെല്ലാം ആജന്മശത്രുത പുലർത്തുന്നു എന്ന വസ്തുതയാണ് ഇവിടെ പ്രശ്ന മേഖല.
ദലിത് രാഷ്ട്രീയത്തോടുള്ള കമ്യൂണിസ്റ്റ് വിശ്വാസികളുടെ നിതാന്തമായ കുടിപ്പകയെ രണ്ട് ഉദാഹരണങ്ങളിലൂടെയാണ് കെ.കെ. കൊച്ച് വിശദീകരിക്കുന്നത്. കേരളത്തിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി സംബന്ധിച്ച വ്യവഹാരങ്ങളാണ് അതിൽ ഒന്നാമത്തേത്. തങ്ങളുടെ പാർട്ടിയുടെ അധികാര പ്രവേശനവും തുടർന്നുണ്ടായ ‘സദ്ഭരണവും’കൊണ്ട് കേരളത്തിലെ ദലിത്/ആദിവാസി വിഭാഗങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്ന ഒരു പുകമറ ഇടത് പ്രസ്ഥാനങ്ങൾ നിർമിച്ചെടുത്തിട്ടുണ്ട്. തങ്ങൾമാത്രമാണ് പുരോഗമനപക്ഷം എന്ന അപസർപ്പക കഥകളിൽ പാർട്ടി അണികൾ മാത്രമല്ല പൊതുബോധവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്.
അതിനാൽതന്നെ ആദിവാസികളുടെയും ദലിതരുടെയും പക്ഷത്തുനിന്നുയരുന്ന രാഷ്ട്രീയ ചോദ്യങ്ങളോട് സംവദിക്കുന്നതിനേക്കാൾ ശത്രുതാപരമായി നേരിടാനാണ് കമ്യൂണിസ്റ്റ് പാർട്ടികൾ എക്കാലത്തും മുൻപന്തിയിൽ നിന്നത്. ‘വർഗീയവാദം വിഘടനവാദം രണ്ടും നാടിന്നാപത്ത്’ എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യം സമുദായമെന്ന പരികൽപനയെ വെല്ലുവിളിക്കാനാണ് അവർ എക്കാലത്തും ഉപയോഗപ്പെടുത്തിയത്. അവർണമായ സാമുദായിക മുന്നേറ്റങ്ങളെ സാംസ്കാരിക ജീർണതയായും സാമൂഹിക പുരോഗതിയുടെ മറുപുറമായും നരകമാക്കി പ്രഖ്യാപിച്ചതിൽ ഇ.എം.എസിന്റെ ആ വർണവിരുദ്ധത പ്രവർത്തിച്ചിട്ടുണ്ട്. ഇതേ ശത്രുതയാണ് ആദിവാസി ഭൂസമരങ്ങളോടും കമ്യൂണിസ്റ്റ് പ്രസ്ഥാനം െവച്ചുപുലർത്തിയത്.
ഇ.എം.എസും ജാതിവ്യവസ്ഥയും എന്ന ലേഖനത്തിൽ ഇക്കാര്യം കെ.കെ. കൊച്ച് ഇങ്ങനെ എഴുതുന്നു: ‘‘പൊതുസമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട നിയമം (അന്യാധീനപ്പെട്ട ആദിവാസി ഭൂമി ആദിവാസികൾക്ക് തിരിച്ചുകൊടുക്കണം എന്ന നിയമം) നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള ചെറുതും വലുതുമായ ദലിത് ആദിവാസി പ്രസ്ഥാനങ്ങളും മനുഷ്യാവകാശ-പൗരാവകാശ പ്രവർത്തകരും അപൂർവം രാഷ്ട്രീയ നേതൃത്വങ്ങളും പ്രക്ഷോഭം നടത്തിയിരുന്നു. ഇത്തരം പ്രക്ഷോഭങ്ങളെ അവഗണിച്ച് 1991 ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് കുടിയേറ്റക്കാർക്കനുകൂലമായി നിയമസഭയിൽ കെ.ആർ. ഗൗരിയമ്മയുടെ ഒരു വോട്ടിന്റെ എതിർപ്പോടെ നിയമം ഭേദഗതി ചെയ്യുകയും, ക്രമേണ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ആദിവാസി ഭൂനിയമനം കാലഹരണപ്പെട്ടിരിക്കുകയുമാണ്. പ്രസ്തുത നിയമം വിപുലമായ ചർച്ചകൾക്ക് വിധേയമായ ഘട്ടങ്ങളിലെല്ലാം ഇ.എം.എസ് മഹാമൗനത്തിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.എം ആദിവാസികൾക്കെതിരായി ശത്രുതാപരമായ നിലപാടാണെടുത്തത്.’’ (പേജ് 55, ബുദ്ധനിലേക്കുള്ള ദൂരം ഡി.സി ബുക്സ്' 2011)
ആദിവാസികളുടെ ആവശ്യങ്ങളെല്ലാം തങ്ങളാൽ മാത്രം പരിഹരിക്കപ്പെടേണ്ടതെന്ന ബോധ്യമാണ് എക്കാലത്തും കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. ആദിവാസി വിഭാഗത്തിൽനിന്നുള്ളവർ സ്വന്തമായി ചിന്തിക്കുന്നതും സ്വന്തമായി സംഘടനകൾ രൂപപ്പെടുത്തുന്നതും അക്ഷന്തവ്യമായ കുറ്റമായി മാർക്സിസ്റ്റ് പാർട്ടിക്കാർ എക്കാലത്തും കരുതുന്നു. ആദിവാസി ഭൂമി കൈയേറിക്കൊണ്ട് മൂന്നാറിലെ കുണ്ടളയിൽ എൻജിനീയറിങ് കോളജ് സ്ഥാപിക്കാൻ ശ്രമം നടത്തിയത് കേരള കോൺഗ്രസിലെ പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായ ഇടതുപക്ഷ ഗവൺമെന്റാണ്.
എം. ഗീതാനന്ദന്റെയും സി.കെ. ജാനുവിന്റെയും നേതൃത്വത്തിൽ ഉയർന്നുവന്ന ആദിവാസി സമരങ്ങളോടും നിതാന്തമായ ശത്രുതയാണ് എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും പുലർത്തിയിരുന്നത്. പിന്നീടുണ്ടായ ആദിവാസി മുന്നേറ്റങ്ങളോടെല്ലാം എതിരുനിന്നെങ്കിലും ആദിവാസികളുടെ പ്രശ്നങ്ങൾ പൊതുസമൂഹം മനസ്സിലാക്കുകയും ചർച്ചക്കെടുക്കുകയും ചെയ്ത ഘട്ടത്തിൽ പാർട്ടിക്ക് കീഴിൽ ആദിവാസി ക്ഷേമസമിതി എന്ന ഒരു സംഘടന നിർമിച്ച് ആദിവാസികളുടെ സ്വന്തം നേതൃത്വത്തിലുള്ള സംഘടനകളെ ഇല്ലായ്മചെയ്യാനുള്ള ശ്രമമാണ് ഇപ്പോഴും തുടരുന്നത്.
1937ൽ രൂപവത്കരിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി മുക്കാൽ നൂറ്റാണ്ടുകൊണ്ട് നടപ്പാക്കിയ വർഗസമരത്തിൽ അരക്ഷിതാവസ്ഥയിലേക്ക് വീണുപോയ സമുദായം എന്ന നിലയിലാണ് ദലിതരെയും ആദിവാസികളെയും കെ.കെ. കൊച്ച് വിലയിരുത്തുന്നത്. അദ്ദേഹം എഴുതുന്നു: ‘‘ഈ കാലഘട്ടത്തിൽ ദലിതരെ സംബന്ധിച്ചിടത്തോളം സംവരണത്തിലൂടെ സാമാന്യം മെച്ചപ്പെട്ട ജീവിതാവസ്ഥ കൈവരിക്കാൻ കഴിഞ്ഞ ചെറിയൊരു ന്യൂനപക്ഷം ഒഴിച്ചുള്ള ബഹുഭൂരിപക്ഷവും ദരിദ്രരും അവഗണിതരുമാണ്. അവരിലേറെയും അര സെന്റ് മുതൽ 10 സെന്റ് വരെയുള്ള ഹരിജൻ-ലക്ഷം വീടുകളിലും റോഡ്-തോട് പുറമ്പോക്കുകളിലുമാണ് പാർക്കുന്നത്. ആദിവാസികളാകട്ടെ പട്ടിണിമരണങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടുന്നു.
ഇപ്രകാരമുള്ള ജീവിതാവസ്ഥയെ മാറ്റിത്തീർക്കാൻ വർഗസമരത്തിന് കഴിഞ്ഞില്ലെന്ന തിരിച്ചറിവിൽനിന്നാണ് ദലിതരുടെ സ്വത്വപ്രസ്ഥാനങ്ങൾ രൂപംകൊണ്ടത്. ഇടതുപക്ഷ സുവിശേഷങ്ങളെ നിരാകരിക്കുന്ന ഈ ഉണർവിനെ കമ്യൂണിസ്റ്റ് രക്ഷാകർതൃത്വത്തിലേക്ക് തിരിച്ചുവിളിക്കാനാണ് പ്രകാശ് കാരാട്ട് മുതലുള്ള കമ്യൂണിസ്റ്റ് സവർണർ ശ്രമിക്കുന്നത്. എം.വി. ഗോവിന്ദൻ മാസ്റ്റർ എഴുതി: ‘‘സമൂഹത്തിന്റെ ഏറ്റവും പിന്നിൽനിൽക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെയും ദലിത് ജനവിഭാഗങ്ങളുടെയും സ്വത്വപരമായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പാർട്ടി പരിശ്രമിക്കുന്നത്. സ്വത്വബോധത്തെ വർഗബോധമായി വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ആദിവാസി ക്ഷേമ സമിതിപോലെയുള്ള സംഘടനകൾ രൂപവത്കരിച്ചുള്ളത്. വർഗസമരത്തിന്റെ ഈ പുത്തൻ ഭാഷ്യത്തിൽ മുത്തങ്ങയും ചെങ്ങറയും ഇടംനേടുന്നുണ്ടോ ഉത്തരം നൽകേണ്ടത് ഇടതുപക്ഷമാണ്.’’ (പേജ് 123, ബുദ്ധനിലേക്കുള്ള ദൂരം ഡി.സി ബുക്സ് 2011)

ആഴ്ചപ്പതിപ്പിന്‍റെ കെ.കെ. കൊച്ച് അനുസ്മരണ ലക്കം
കേരളത്തിലെ സംഘടിത സമുദായങ്ങൾ സ്വത്തും അധികാരവും ആർജിച്ചപ്പോൾ വർഗസമരത്തിന്റെ പിന്നാലെ ദീർഘദൂരം ഓടുകയായിരുന്നു ദലിതരും ആദിവാസി വിഭാഗങ്ങളും എന്ന് കെ.കെ. കൊച്ച് വിലയിരുത്തുന്നു. ഇതേ ലേഖനത്തിൽ കെ.കെ. കൊച്ച് രണ്ടാമതായി ചൂണ്ടിക്കാണിക്കുന്നത് ചെങ്ങറ സമരത്തിൽ ഇ.എം.എസിന്റെ അനുയായികൾ സ്വീകരിച്ച നിലപാടാണ്.
‘‘പത്തനംതിട്ട ജില്ലയിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻസ് അനധികൃതമായി കൈവശം വെച്ചുകൊണ്ടിരുന്നതും പാട്ടക്കാലാവധി കഴിഞ്ഞതുമായ ഭൂമിയിൽ ഭൂരഹിതരായ ആദിവാസികളും ദലിതരും ഇതര ബഹുജനങ്ങളും ഭൂസമരം നടത്തി. പാട്ടക്കാലാവധി കഴിഞ്ഞ പ്ലാന്റേഷൻഭൂമി പിടിച്ചെടുത്ത് തങ്ങൾക്ക് നൽകണം എന്നതായിരുന്നു ഭൂരഹിതരായ ബഹുജനങ്ങളുടെ ആവശ്യം. കേരളീയ സാമൂഹിക ജീവിതത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്തള്ളപ്പെട്ട ഒരു ജനത അതിജീവനത്തിനായി നടത്തിയ ആ സമരത്തെ സഹായിച്ചില്ലെന്നു മാത്രമല്ല സമരത്തിനെതിരായി തികച്ചും ശത്രുതാപരമായ സമീപനമാണ് ഇടതുപക്ഷ പാർട്ടികൾ സ്വീകരിച്ചത്.’’
സമരകാലത്തുടനീളം സി.പി.എം, സി.ഐ.ടി.യു പ്രവർത്തകർ അഴിച്ചുവിട്ട നിഷ്ഠുരമായ ആക്രമണങ്ങളുടെ ഫലമായി സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം 240ഓളം പേർക്കാണ് മർദനമേൽക്കേണ്ടി വന്നത്. ചെങ്ങറ സമരം ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ദലിത് സംഘടനകൾക്കൊപ്പം മനുഷ്യാവകാശ/പൗരാവകാശ/ഫെമിനിസ്റ്റ് പരിസ്ഥിതി സംഘടനകൾ നടത്തിയ സമരങ്ങളെ എതിർക്കുന്നതിൽ മുന്നിട്ടുനിന്നത് സി.പി.എമ്മാണ്.
‘‘ഇത്തരം ഒരു ബഹുജനവിരുദ്ധ മനസ്സിലേക്ക് പാർട്ടിപ്രവർത്തകരെ കൊണ്ടുചെന്നെത്തിച്ചതിൽ ഇ.എം.എസിന്റെ സ്വാധീനം വലുതാണ്. അത് എക്കാലവും വിമർശനങ്ങൾക്കതീതമായി നിലനിൽക്കുന്നതുകൊണ്ടാണ് ദലിത് വിരുദ്ധവും അവർണ വിരുദ്ധവുമായ ഒരു മറുപുറം ഇ.എം.എസിനുണ്ടെന്ന് കെ.കെ. കൊച്ച് ഉറപ്പിച്ചുപറയുന്നത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് എക്കാലത്തും വളക്കൂറുള്ള മണ്ണായി നിന്നത് ഈഴവ, തിയ്യ വിഭാഗങ്ങൾ അടങ്ങുന്ന അവർണ സമുദായങ്ങളാണ് എന്നതിൽ രണ്ടു പക്ഷമില്ല. എന്നാൽ, അവർണ/പിന്നാക്ക സാമുദായികതയെ അവഗണിക്കുക മാത്രമല്ല, അത്തരം ഉണർവുകളെ വികസിപ്പിച്ച ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ഇ.എം.എസ് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. നവോത്ഥാന ചരിത്ര ഘട്ടത്തിൽ മാത്രമല്ല തുടർന്നും കേരളത്തിന്റെ രാഷ്ട്രീയ ഉണർവിനെ ആധുനികവത്കരിച്ച ചിന്താപദ്ധതികൾ ആവിഷ്കരിച്ചത് ശ്രീനാരായണപ്രസ്ഥാനങ്ങളാണ്. ഡോ. പൽപ്പു, കുമാരനാശാൻ, സഹോദരൻ അയ്യപ്പൻ, സി.വി. കുഞ്ഞിരാമൻ, പത്രാധിപർ സുകുമാരൻ തുടങ്ങി നിരവധി പ്രതിഭകളുടെ ചിന്താവെളിച്ചം ആ പ്രസ്ഥാനത്തിലുണ്ട്.
സാമുദായിക ചിന്തകളെയും അതിന്റെ അടിസ്ഥാനമായ ജാതിവിരുദ്ധതയെയും മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, അവയെ സാമൂഹിക പുരോഗതിയുടെ മറുപുറമായിട്ടാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് അവതരിപ്പിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തെ പ്രത്യയശാസ്ത്രപരമായി വായിക്കുന്നതിൽ ഇ.എം.എസിനു സംഭവിച്ച പരാജയമാണ് ഇതിന് കാരണമെന്ന് കെ.കെ. കൊച്ച് വ്യക്തമാക്കുന്നുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിനെതിരായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ആരോപണം നോക്കുക. ‘‘ശ്രീനാരായണനോ അദ്ദേഹത്തിന്റെ ശിഷ്യനായ സഹോദരൻ അയ്യപ്പനോ സാമ്രാജ്യത്വ വിരോധിയായിരുന്നില്ല. ജാതിമേധാവിത്വത്തിനെതിരെ തങ്ങളുടെ കൈയിലുള്ള എല്ലാ ആയുധങ്ങളും ഉപയോഗിച്ചപ്പോൾത്തന്നെ ജാതിമേധാവിത്വത്തിന്റെ അടിത്തറയായിരുന്ന ജന്മിമേധാവിത്വത്തിനെതിരായ സമരത്തിന് അവർ നേതൃത്വം നൽകിയില്ല.
അവർണ സമുദായങ്ങളിലെ ജനലക്ഷങ്ങളെ സവർണ സമുദായങ്ങൾക്കെതിരായി അണിനിരത്തുകയാണ് അവർ ചെയ്തത്.’’ ഈ ആരോപണത്തെ കെ.കെ. കൊച്ച് ശക്തമായി നിരാകരിക്കുന്നുണ്ട്. ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനും സ്വന്തം സമുദായത്തിലെ യാഥാസ്ഥിതികത്വത്തിനെതിരെ പോരാടിയെന്ന നേർക്കാഴ്ചയെ ഇ.എം.എസ് മറച്ചുപിടിക്കുന്നത് കാപട്യമാണെന്ന് കെ.കെ. കൊച്ച് തുറന്നുപ്രഖ്യാപിക്കുന്നു. പിന്നണിയിൽ കിടന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ നൽകിയ അവർണ വിഭാഗങ്ങളുടെ നവോത്ഥാന പ്രസ്ഥാനങ്ങളെ നാടിന്റെ പൊതുശത്രുക്കൾക്കെതിരെ പ്രവർത്തിച്ചില്ല എന്നതുപോലുള്ള ദുരാരോപണം ഉന്നയിച്ചുകൊണ്ട് ഇകഴ്ത്താനുള്ള ശ്രമത്തിലുള്ളത് അവർണ വിഭാഗങ്ങളുടെ സാമുദായിക അസ്തിത്വത്തെ നരകമായിമാത്രം കാണുന്ന സവർണ അബോധംതന്നെയാണെന്ന് കെ.കെ. കൊച്ച് ഇതേ ലേഖനത്തിൽ വിലയിരുത്തുന്നു
അസമത്വത്തിന്റെയും നീതിനിഷേധത്തിന്റെയും അസ്തിവാരമുറപ്പിച്ചിരിക്കുന്നത് ഇ.എം.എസ് സിദ്ധാന്തിക്കുന്നതുപോലെ ജന്മിവ്യവസ്ഥയെന്ന കേവല സാമ്പത്തികാടിത്തറയിലല്ല. ജാതിവ്യവസ്ഥയുടെ വരദാനങ്ങളായിട്ടാണ് ജന്മിമാർ സാമ്പത്തികാധീശത്വം കൈയടക്കിയതെന്ന വസ്തുതയെ ഇ.എം.എസ് ബോധപൂർവം മൂടിപ്പിടിക്കുന്നതായി വിലയിരുത്തി അദ്ദേഹം എഴുതുന്നു. ‘‘ഇ.എം.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജന്മിമാർ സാമ്പത്തികാധീശത്വം മാത്രമുള്ളവരായിരുന്നില്ല. ശ്രുതികളും സ്മൃതികളും നൽകിയ സാമൂഹികാധീശത്വമുള്ളവരുമാരായിരുന്നു. ജാതീയമായ ഈ ഘടകത്തെ അവഗണിക്കുകവഴി സവർണരെ ജാതിമേധാവികളായി നിലനിർത്തി അവർണരെ രാഷ്ട്രീയാധികാര പ്രാപ്തിയിൽനിന്നും പുറന്തള്ളുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.’’
ദലിത് /ആദിവാസി /അവർണ സമുദായങ്ങൾക്ക് നേരെയുള്ള ജാതിശത്രുതയൊന്നുകൊണ്ടാണ് സാമുദായിക സംവരണത്തിന്റെ മുഖ്യശത്രുവായി നിന്നുകൊണ്ട് ഇന്ത്യയിൽ തന്നെ ആദ്യമായി സാമ്പത്തിക സംവരണം എന്ന പിന്തിരിപ്പൻ നിലപാട് കൊണ്ടുവരാൻ ഇ.എം.എസ് കരുനീക്കം നടത്തിയതെന്ന് കെ.കെ. കൊച്ച് എഴുതുന്നുണ്ട്. പാർട്ടിയിലുള്ള ഈഴവരായ നിയമസഭാ സാമാജികർ ഇ.എം.എസിന്റെ സാമുദായിക സംവരണ വിരുദ്ധതക്കെതിരെ ശബ്ദമുയർത്താതിരുന്നത് അന്ധമായ ഇ.എം.എസ് ഭക്തികൊണ്ടാണ്. അതേസമയം വിവിധ ഈഴവപ്രസ്ഥാനങ്ങളും കേരളകൗമുദിയും പ്രത്യേകിച്ച് പത്രാധിപർ കെ. സുകുമാരനും ഉയർത്തിക്കൊണ്ടുവന്ന പ്രതിരോധംമൂലം സാമ്പത്തിക സംവരണം എന്ന സവർണ അജണ്ട നടപ്പിലാക്കാൻ 1957ലെ ഇ.എം.എസ് ഗവൺമെന്റിന് കഴിയാതെപോയി.
എന്നിരുന്നാലും സവർണഭക്തിയിൽനിന്നും ഇ.എം.എസിൽ ഉടലെടുത്ത സാമ്പത്തിക സംവരണം എന്ന ആശയം സവർണസംഘടനകൾ ഏറ്റെടുക്കുകയും സാമുദായിക സംവരണത്തിനെതിരായ ഇ.എം.എസിന്റെ നിലപാടുകളെ മികച്ച ആയുധമായി ഉപയോഗിച്ചു പോരുകയും ചെയ്തു. അവർണ വിരുദ്ധതയിൽ ഇ.എം.എസ് നട്ടുവളർത്തിയ സാമ്പത്തികസംവരണം എന്ന വിഷവൃക്ഷം ഇന്ത്യയിലാദ്യമായി കേരളത്തിൽതന്നെ ഫലമാകുന്നതും ഇക്കാലം നമ്മൾ കണ്ടു.

95 ശതമാനവും സവർണ വിഭാഗങ്ങൾ മാത്രം ഉദ്യോഗങ്ങൾ കരസ്ഥമാക്കിയ ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം എന്ന പേരിൽ 10 ശതമാനം സവർണ സംവരണം കൂടി പ്രഖ്യാപിച്ചുകൊണ്ടാണ് ഇ.എം.എസിന്റെ ആ സ്വജാതിസ്വപ്നം കടകംപള്ളി സുരേന്ദ്രനാൽ പൂവിട്ടത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തുതന്നെയുള്ള നിരവധി ഈഴവ നേതൃത്വങ്ങൾ പാർട്ടിയുടെ സാമുദായിക സംവരണവിരുദ്ധതയെയും സാമ്പത്തിക സംവരണാഭിമുഖ്യത്തെയും വിമർശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഇ.എം.എസ് എന്ന അപ്രമാദിത്വത്തിൽ തട്ടിവീണ് ഇത്തരം ശബ്ദങ്ങൾ ശിഥിലമാകുന്നതും കാണാൻ കഴിയും. പാർട്ടിയിൽ നേരിട്ട ജാതിയനുഭവങ്ങളെ കെ. ആർ. ഗൗരിയമ്മ പിൽക്കാലത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. ഭൂപരിഷ്കരണത്തിൽ ദലിതർ പിന്തള്ളപ്പെട്ടത് പോയതിന് കാരണം ദലിതർക്ക് വേണ്ടി വാദിക്കാൻ ആരുമില്ലായിരുന്നതുകൊണ്ടാണെന്ന് വെളിപ്പെടുത്തിയതും ഗൗരിയമ്മയായിരുന്നു.
അവർണ പക്ഷത്തിനുവേണ്ടി ശബ്ദമുയർത്തിയതിനാൽ പുറത്താക്കപ്പെട്ട പ്രമുഖനായ മറ്റൊരു കമ്യൂണിസ്റ്റ് നേതാവ് പി. ഗംഗാധരനാണ്. അവർണ സാമുദായിക വിഷയങ്ങളിൽ ശക്തമായി നിലപാടെടുത്തതിനാൽ ഇ.എം.എസിന്റെ അപ്രീതിക്ക് പാത്രിഭവിച്ച പി. ഗംഗാധരന്റെ അനുഭവങ്ങൾ കെ.കെ. കൊച്ച് മുന്നോട്ടുവെച്ച പാർട്ടിയുടെ അവർണസമുദായ വിരുദ്ധതക്ക് അടിവരയിടുന്നുണ്ട്. പാർട്ടി നിയോഗ പ്രകാരം ശ്രീനാരായണ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പി. ഗംഗാധരൻ സംവരണ വിഷയത്തിൽ പാർട്ടിയുടെ സ്ഥിരം വിമർശകനായി മാറി.
ഇതിനെതിരെ ഇ.എം.എസിന്റെ എഴുത്തും, ആ എഴുത്തിനോടുള്ള പി. ഗംഗാധരന്റെ മറുപടിയും ‘നിഷ്കാസിതനായ നവോത്ഥാന നായകൻ’ എന്ന പുസ്തകത്തിൽ വി.എൻ. പ്രസന്നൻ സൂചിപ്പിക്കുന്നത് ചുവടെ ചേർക്കുന്നു. ‘‘മറ്റുചിലരും കേരള എസ്.എൻ.ഡി.പിയിലോ മറ്റേതെങ്കിലും സംഘടനയിലോ പ്രവർത്തിച്ചിട്ടുണ്ടാകാമെങ്കിലും ഇനി ജില്ലാക്കമ്മിറ്റി മുതൽ മുകളിലേക്കുള്ളവർ ആരും ജാതിമത സംഘടനകളിൽ സജീവപ്രവർത്തകരാവരുത് എന്നും ഇത് കർശനമായി നടപ്പാക്കുമെന്നുമാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. നേതൃത്വത്തിന്റെ പെരുമാറ്റത്തെ കുറിച്ച് പി.ജിക്ക് പരാതി ഉള്ളതിനാൽ പാർട്ടി തീരുമാനമനുസരിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, പി.ജിയുടെ ‘‘കഴിവും സൗകര്യവും അനുസരിച്ച് ഏറ്റവും പ്രയോജനപ്രദമായ സ്ഥലത്ത് ജോലിചെയ്യുന്നതിന് നിങ്ങൾക്ക് സൗകര്യമുണ്ടാക്കുന്നതിൽ സ്റ്റേറ്റ് കമ്മറ്റിക്ക് സന്തോഷമേയുള്ളൂ’’ എന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതിനെ പി.ജി പരിഹസിക്കുന്നതിങ്ങനെ, ‘‘എനിക്ക് പറ്റിയസ്ഥലത്ത് ജോലിതരാമെന്നാണ് നമ്പൂതിരിപ്പാട് എഴുതിയിരിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടിയെ തന്റെ കീഴിലുള്ള തൊഴിൽശാലയാക്കണമെന്ന മനസ്സിലിരിപ്പാണ് പറ്റുന്നപണിക്ക് എന്നെ നിശ്ചയിക്കാം എന്നെഴുതിയത്. അതായത് നമ്പൂതിരിപ്പാട് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രൊപ്രൈറ്ററും ഞാനതിലെ പണിക്കാരനും മാത്രം. പാർട്ടിപ്രവർത്തകരെല്ലാം മനയ്ക്കലെ പാട്ടക്കാരാണെന്നാണ് തിരുമേനിയുടെ മനസ്സിലിരിപ്പ്.’’ [പുറം 136,137, പി. ഗംഗാധരൻ. ‘നിഷ്കാസിതനായ നവോത്ഥാന നായകൻ’, വി.എന്‍.പ്രസന്നൻ., 2016 സഖാവ് പി. ഗംഗാധരൻ ഫൗണ്ടേഷൻ]

പി. ഗംഗാധരൻ പാർട്ടിയിൽ നിന്നും പുറത്താവുന്ന അവസരത്തിൽ അദ്ദേഹം എഴുതിയത് ഏറെ പ്രസക്തമാണ്. ‘‘സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ എനിക്കതിനോട് യോജിക്കുവാൻ സാധിക്കുകയില്ല’’ എന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. നെട്ടൂർ കമീഷൻ റിപ്പോർട്ടിനെപി.ജി ശക്തമായി എതിർക്കുകയുണ്ടായി. ഇ.എം.എസിനെ പി.ജി വിമർശിക്കുന്നതിനെ ജീവചരിത്രകാരൻ ഇങ്ങനെ സൂചിപ്പിക്കുന്നു: സാമ്പത്തിക സംവരണം ഈ ലോകത്തിൽ ആദ്യമായി അവതരിപ്പിച്ചത് സഖാവ് തന്നെയാണ്. 1958ലെ ഭരണപരിഷ്കാര റിപ്പോർട്ടിൽ നിങ്ങളുടെ ഒരു കുറിപ്പിൽ കൂടിയാണ് അത് ആദ്യമായി ലോകമറിഞ്ഞത്.
നിങ്ങളുടെ സ്വന്തം അഭിപ്രായമാണ് എന്ന നിലക്ക് അന്ന് അത് പാർട്ടി തള്ളിക്കളഞ്ഞതാണ്. ഇപ്പോൾ പാർട്ടിയുടെ അംഗീകാരംനേടി അത് നടപ്പിൽ വരുത്തുവാൻ സാധിച്ചു എന്നത് സഖാവിന്റെ വിജയം തന്നെയാണ്സമ്പത്തിക സംവരണ വാദം 85 ശതമാനം ജനങ്ങൾക്കുമെതിരാണെന്നും അതിന് പാർട്ടിയിൽ ഭൂരിപക്ഷം ഉണ്ടാക്കിയതിനെ ന്യായീകരിക്കാൻ പ്രയാസമുണ്ടെന്നും പി.ജി മറുപടി നൽകി’’ (പുറം 142 മേൽ സൂചിപ്പിച്ച പുസ്തകം) പിന്നാക്ക വിഭാഗങ്ങളുടെ സംവരണ അവകാശം സംരക്ഷിക്കുന്നതിനായി പി. ഗംഗാധരൻ നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്.ആർ. പി) കുറേക്കാലം കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചുവെങ്കിലും ഇ.എം.എസ് എന്ന അപ്രമാദിത്വത്തിൽ ഈ പ്രസ്ഥാനവും നിലച്ചു പോവുകയാണ് ചെയ്തത്.
പി. ഗംഗാധരൻ ഉയർത്തിയ രാഷ്ട്രീയ പ്രശ്നങ്ങളെ സാമുദായികമായി ഏറ്റെടുക്കുന്നതിന് ഈഴവ സമുദായവും കാര്യമായി മുന്നോട്ടുവന്നില്ല എന്നതാണ് പ്രശ്നമേഖല. ‘സോഷ്യലിസം വന്നു ഭവിക്കുമ്പോൾ’ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന ദിവാസ്വപ്നങ്ങളിൽ കുടുങ്ങിനിൽക്കാൻ ഈഴവ സമുദായവും പെട്ടുപോകുന്നത് സംവരണം സംബന്ധിച്ച വിഷയങ്ങളിൽ വ്യക്തമാണ്. ഈഴവ വിഭാഗത്തിലെ രാഷ്ട്രീയജ്ഞാനികൾ മുന്നോട്ടുവെച്ച ഇത്തരം പ്രശ്നമേഖലകൾ ‘പാർലമെന്‍ററി വ്യാമോഹം’ എന്നൊക്കെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾമാത്രമല്ല, മുഖ്യധാരാമാധ്യമങ്ങളും വിജയംകൈവരിച്ചിട്ടുണ്ട്. ‘വിജിഗീഷുവായ’ ഇത്തരം അഭിജാതബൃഹദാഖ്യാനങ്ങളെ വൈജ്ഞാനികമായി അപനിർമിച്ച് നവസാമൂഹിക ചിന്താപദ്ധതികൾക്ക് കൈമാറി എന്നിടത്താണ് കെ.കെ. കൊച്ചിന്റെ ചിന്താപദ്ധതികൾ രാഷ്ട്രീയമായി വിജയം കൈവരിക്കുന്നത്.
‘സോഷ്യലിസം വരുമ്പോൾ’ എല്ലാം ശരിയാവുമെന്ന ‘ഉച്ചമയക്കത്തിലെ സ്വപ്നങ്ങളിൽ’നിന്നും കേരളീയ സമൂഹത്തെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നതാണ് ‘ആപൽക്കരമായി കർമം ചെയ്ത’ കെ.കെ. കൊച്ച് എന്ന ജ്ഞാനരൂപത്തിന്റെ മഹത്വം.
