Begin typing your search above and press return to search.
proflie-avatar
Login

കേരളം ജനാധിപത്യവാദികളുടെ മാതൃഭൂമി

കേരളം ജനാധിപത്യവാദികളുടെ മാതൃഭൂമി
cancel
camera_alt

നിയമസഭ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന യു.ഡി.എഫ് നേതാക്കളായ ശശി തരൂർ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ

ചിത്രം: പി.ബി. ബിജു

കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുകയും എൽ.ഡി.എഫ് വലിയ പതനം നേരിടുകയും ചെയ്തു. എന്തുകൊണ്ടാണ് ജനവിധി ഇങ്ങനെയായത്? ഇനിയെന്താണ് മുന്നണികളുടെ അവസ്ഥ? എൽ.ഡി.എഫിനും സി.പി.എമ്മിനും എന്തു പാഠങ്ങളാണ് പഠിക്കാനുള്ളത്? –വിശകലനം.

കേരളം പിന്നെയും അതിന്‍റെ ജനാധിപത്യസ്വഭാവം കാണിച്ചു. ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിനെതിരെ വോട്ടുചെയ്ത് ഭരണത്തില്‍നിന്ന് മാറ്റുക എന്ന സ്വഭാവം. ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയെയും പ്രതിപക്ഷത്തെയും പരസ്പരം മാറ്റിക്കൊണ്ടിരിക്കുക എന്നതാണല്ലോ കേരളത്തിന്‍റെ അടിസ്ഥാന ജനാധിപത്യ ശൈലി. 1982 മുതല്‍ തുടര്‍ച്ചയായി അങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇതാണെങ്കില്‍ കേരളത്തില്‍ മാത്രമുള്ളതല്ല. ‘പെന്‍ഡുലം രീതി’ എന്ന് അറിയപ്പെടുന്ന ഈ ഊഴംമാറ്റല്‍ ലോകത്ത് പല പ്രദേശങ്ങളിലും കാണാവുന്നതാണ്.

ആ രീതി നിലവിലുണ്ടായിരുന്ന കാലത്തുതന്നെയാണ് കേരളം രാഷ്ട്രീയപ്രബുദ്ധമായ പ്രദേശം എന്ന ഖ്യാതി നേടിയതും. കേരളീയരുടെ ഈ രാഷ്ട്രീയസ്വഭാവത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുമുണ്ട്. ലോകപ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ റോബിന്‍ ജഫ്രി അങ്ങനെ പഠിച്ചവരില്‍പെടും. ‘‘കേരളത്തിലെ ജനങ്ങളുടെ ഉയര്‍ന്ന രാഷ്ട്രീയബോധവും ഭരണവിരുദ്ധവികാരവും എങ്ങനെയാണ് കൃത്യമായ ഇടവേളകളില്‍ ഭരണംമാറുന്നതിലേക്ക് എത്തുന്നത് എന്നാണ് ജഫ്രി നിരീക്ഷിച്ചിട്ടുള്ളത്. ഒാക്സ്ഫഡ് അക്കാദമിയുടെ പഠനം പറയുന്നത്, അസാധാരണമായ സാഹചര്യമില്ലെങ്കില്‍ ഗവണ്‍മെന്‍റിനെ മാറ്റുക എന്നത് കേരളത്തിലെ വോട്ടര്‍മാരുടെ സ്വഭാവമാണ് എന്നാണ്.

‘‘Kerala electoral pendulum swings back and forth’’ എന്നാണ് അക്കാദമി പറയുന്നത്. ഡല്‍ഹിയിലെ സി.എസ്.ഡി.എസ് പോലുള്ള ഏജന്‍സികളും ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുകയും അതി​െന്‍റയൊക്കെ നിഗമനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘കൂടുതല്‍ മെച്ചപ്പെട്ടത്’ ആഗ്രഹിക്കുന്ന, ഗുണപരമായി ചിന്തിക്കുന്ന, ഉയര്‍ന്ന ജനാധിപത്യബോധമുള്ള സമൂഹത്തിന്‍റെ ലക്ഷണമായാണ് ഈ ശൈലിയെ കാണുന്നത്.

2016 മുതല്‍ ഭരിച്ച പിണറായിവിജയന്‍ സര്‍ക്കാറിനെ മാറ്റാതെ 2021ല്‍ ഭരണത്തുടര്‍ച്ച നല്‍കി എന്നത് ആ പാരമ്പര്യത്തില്‍ നിന്നുണ്ടായ വ്യതിചലനമാണ്. പ്രളയം, കോവിഡ് തുടങ്ങിയ ചില അസാധാരണ സാഹചര്യങ്ങള്‍ അന്ന് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധിക്കണം. ഏതായാലും 2021ല്‍ കേരളത്തിലെ വോട്ടര്‍മാര്‍ ശൈലി തെറ്റിച്ചു. ആ തെറ്റ് തിരുത്തുകയാണ് ഇപ്പോള്‍ ചെയ്തത്. ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിനെ താഴെയിറക്കി. പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന മുന്നണിക്ക് അധികാരം ഏൽപിച്ചുകൊടുത്തു. ഇത്തരത്തില്‍ ഭരിക്കുന്നവരെ മാറ്റിക്കൊണ്ടിക്കുന്നതിലൂടെ ജനകീയമായും രാഷ്ട്രീയമായും ഒരുതരം തുറന്ന ഓഡിറ്റിങ് നടത്തുകയാണ് കേരളത്തിലെ ജനങ്ങള്‍ ചെയ്തുവരുന്നത്. ഭരിക്കുന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തുന്നു, ജനങ്ങളോട് സമാധാനം പറയേണ്ടിവരുമെന്ന് അവരെ ഓര്‍മപ്പെടുത്തുന്നു...

ഇതൊക്കെയാണ് കൃത്യമായ ഇടവേളകളിലെ ഭരണമാറ്റത്തിന്‍റെ ഗുണങ്ങളായി എടുത്തുപറയുന്നത്. ഇങ്ങനെയൊക്കെയാ​െണങ്കിലും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ അങ്ങനെയൊരു സാധ്യത ഭരിക്കുന്നവര്‍ കണക്കിലെടുത്തതേയില്ല. മൂന്നാംവട്ടവും ഭരണത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുക മാത്രമല്ല, അത് തങ്ങളുടെ അവകാശമാണ് എന്ന് വിശ്വസിച്ചിരുന്നതുപോലെയായിരുന്നു പ്രചാരണത്തിലുടനീളം അവരുടെ പെരുമാറ്റം. ‘മറ്റാരുണ്ട്?’ എന്ന മുദ്രാവാക്യംതന്നെ അതിന്‍റെ തെളിവാണ്. അതാകട്ടെ, തിരിച്ചടിക്കുകയും ചെയ്തു. മറ്റാരാണ് ഉള്ളതെന്ന് ജനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു. അതാണിപ്പോള്‍ സംഭവിച്ചത്. ഒരു ജനാധിപത്യ സമൂഹം എന്ന നിലയില്‍ കേരളീയര്‍ക്കു മുന്നില്‍ മറ്റൊരു സാധ്യത തുറന്നുകിടപ്പുണ്ടായിരുന്നു. ഭരണത്തിലുള്ളവര്‍ അത് അവഗണിക്കാന്‍ നോക്കി. അതില്‍ പരാജയപ്പെട്ടു.

കേരളീയരുടെ രാഷ്ട്രീയബോധത്തെയും അതിനെ നിര്‍ണയിച്ച ചരിത്രപരവും ഭരണപരവുമായ അടിത്തറയെയും കൃത്യമായി വിലയിരുത്തിയാണ് പ്രതിപക്ഷം, പ്രത്യേകിച്ച് ആ പക്ഷത്തെ നയിച്ച നേതാവ് എന്നനിലയില്‍ വി.ഡി. സതീശന്‍ ചിലകാര്യങ്ങള്‍ പ്രവചിച്ചത്. നൂറിലധികം സീറ്റോടെ യു.ഡി.എഫ് അധികാരത്തില്‍ വരും എന്നതും എല്‍.ഡി.എഫിന്‍റെ പത്തിലധികം മന്ത്രിമാര്‍ തോല്‍ക്കുമെന്നതും പ്രതിപക്ഷനേതാവിന്‍റെ ആഗ്രഹപ്രകടനം മാത്രമായിരുന്നില്ല. ഒരു ഭരണമാറ്റം കുടിശ്ശികയുണ്ട് എന്നതില്‍നിന്നുണ്ടായ കണക്കാണ്. പത്തു വര്‍ഷത്തിലധികം ഒരു കക്ഷിയുടെ ഭരണം കേരളം സഹിക്കില്ല എന്ന അറിവില്‍നിന്നുള്ള നിഗമനം. സര്‍ക്കാറിനെ/രാഷ്ട്രീയക്കാരെ ഓഡിറ്റ് ചെയ്യാന്‍ കിട്ടുന്ന അവസരം കേരളീയര്‍ എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് നിരീക്ഷിച്ചിട്ടുള്ള ആര്‍ക്കും മന്ത്രിമാരുടെ കൂട്ടത്തോല്‍വി മുന്‍കൂട്ടി കാണാമായിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജനങ്ങളുടെ ചായ്വും ചാഞ്ചാട്ടവും നോക്കി ഫലം പ്രവചിച്ച് പരിചയമുള്ളയാളാണ് വി.ഡി. സതീശന്‍. ഇതൊന്നും കണക്കിലെടുക്കാതെ, ‘നുണേശന്‍’ എന്നൊരു സൂത്രവാക്യം പ്രചരിപ്പിച്ച് പ്രതിപക്ഷത്തെ നാണംകെടുത്തി തോൽപിക്കാമെന്ന ലളിതബുദ്ധിയാണ് ഭരണപക്ഷത്തെ നയിച്ചത്. പ്രതിപക്ഷ നേതാവ് ഒരു വ്യക്തിയാണ്. എന്നാല്‍, പ്രതിപക്ഷം അങ്ങനെയല്ല. അതൊരു സംവിധാനമാണ്. അതൊരു കൂട്ടായ്മയാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി.ഡി. സതീശന്‍ യു.ഡി.എഫ് ചെയര്‍മാനാണ്. ആ പക്ഷത്തെ നേതൃനിരയൊന്നു നോക്കൂ. കോണ്‍ഗ്രസില്‍ നിന്നുള്ള രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, കെ. സുധാകരന്‍, സണ്ണി ജോസഫ് തുടങ്ങിയവരെ മാറ്റിനിര്‍ത്തിയാലും പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, സി.പി. ജോണ്‍, ഷിബു ബേബിജോണ്‍ തുടങ്ങിയ പരിണതപ്രജ്ഞരായ നേതാക്കളുടെ നിരയുണ്ട്.

അവര്‍ക്കൊക്കെയും ചെറുതും വലുതുമായ രാഷ്ട്രീയപാര്‍ട്ടികളുണ്ട്. അനൂപ് ജേക്കബ്, കെ.കെ. രമ, മാണി സി. കാപ്പന്‍ തുടങ്ങിയ മറ്റൊരു നിരയുമുണ്ട്. അവര്‍ക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ഇതെല്ലാം കൂടിച്ചേര്‍ന്നാണ് പ്രതിപക്ഷം പദ്ധതിയും പരിപാടിയും പ്രകടനപത്രികയും ഉണ്ടാക്കുന്നത്. അക്കാര്യവും അതിന്‍റെ ആഘാതശേഷിയും കണക്കിലെടുക്കണമായിരുന്നു. അതിനുപകരം, ‘നുണേശന്‍’, ‘കനഗോലു സിദ്ധാന്തം’ തുടങ്ങിയ ഒന്നു രണ്ട് പരിഹാസവാക്യങ്ങള്‍ പടച്ചുണ്ടാക്കി അതുകൊണ്ട് പ്രതിപക്ഷത്തെ നേരിടാമെന്ന് കരുതിയത് ഒന്നുകില്‍ അജ്ഞതകൊണ്ടാണ്. അല്ലെങ്കില്‍ അഹങ്കാരംകൊണ്ടാണ്. രണ്ടായാലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റിയ ആയുധങ്ങളല്ല. അവ സ്വന്തം തോല്‍വി ഉറപ്പാക്കുന്ന ജുഗാഡ് മാത്രമാണ്. അവ വന്‍ യുദ്ധോപകരണങ്ങളാണെന്നു കരുതി കളിച്ചപ്പോഴാണ് സി.പി.എമ്മിന് ആസകലം പൊള്ളിയത്.

കെ.പി.സി.സി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തിൽ പ്രസിഡന്‍റ് സണ്ണി ജോസഫ് വി.ഡി. സതീശന് കേക്ക് നൽകുന്നു. കെ.സി. വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവർ സമീപം

എല്‍.ഡി.എഫ് ചെറുതായി

എതിരാളികളെ വളരെ ചെറുതായി കണ്ടതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിയമസഭയിലെ സീറ്റുകള്‍ മാത്രമല്ല കുറഞ്ഞത്. ജനകീയപ്രസ്ഥാനം എന്ന നിലയിലുള്ള പ്രസക്തിയും ഇല്ലാതാവുകയാണ്. ജനാധിപത്യം, മുന്നണി എന്നീ വാക്കുകള്‍ അധികപ്പറ്റാണിപ്പോള്‍. രണ്ട് ചെറിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഖ്യംമാത്രമാണത്. 27 എം.എല്‍.എമാരുള്ള സി.പി.എമ്മും എട്ട് സീറ്റുകളുള്ള സി.പി.ഐയും മാത്രം. ഒരോ സീറ്റുവീതമുള്ള ജോസ് കെ. മാണിയുടെ പാര്‍ട്ടിയുടെയും എം.വി. ​േശ്രയാംസ് കുമാറിന്‍റെ പാര്‍ട്ടിയുടെയും നിലപാട് ഇനി എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലല്ലോ. രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ കോണ്‍ഗ്രസുകളും കെ.ബി. ഗണേഷ് കുമാറിന്‍റെ കേരള കോണ്‍ഗ്രസും കോവൂര്‍ കുഞ്ഞുമോന്‍റെ ആര്‍.എസ്.പിയുമെല്ലാം അനിവാര്യമായ പതനത്തിലെത്തിയതില്‍ പരിതപിക്കാനില്ല.

പക്ഷേ, സി.പി.എമ്മിനും സി.പി.ഐക്കും ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലെത്താമായിരുന്നു. സംഘടനാപരമായും രാഷ്ട്രീയമായും ശ്രമിക്കണമായിരുന്നു. അത് ചെയ്തില്ല. കുറുക്കുവഴികള്‍ മാത്രമാണ് നോക്കിയത്. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണം സ്ഥാനാർഥി നിര്‍ണയംതന്നെ. എം.എല്‍.എമാരുടെ ജനപ്രീതികൊണ്ട് ജയിച്ചുകയറാമെന്ന കണക്കുകൂട്ടലിലാണല്ലോ ടേം നിബന്ധനകള്‍ പോലുള്ള സംഘടനാപരമായ മാനദണ്ഡങ്ങള്‍പോലും മറികടന്ന് എല്ലാ സിറ്റിങ് എം.എല്‍.എമാരെയും മത്സരിപ്പിച്ചത്. എങ്ങ​നെയാണ് ഈ ജനപ്രീതി അളന്നെടുത്തത്? ആ അളവുകോല്‍ കൃത്യമായിരുന്നെങ്കില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ തോല്‍ക്കുമായിരുന്നില്ലല്ലോ. തന്നെയുമല്ല, കൊല്ലം, ആലപ്പുഴ കണ്ണൂര്‍ ജില്ലകളില്‍നിന്ന് പ്രധാനപ്പെട്ട കേഡര്‍മാര്‍ മറുപക്ഷത്തേക്ക് മാറുന്നതും മത്സരിക്കുന്നതും തടയാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല, അവരെ അപ്പോഴും അവഹേളിക്കുകയാണ് ചെയ്തത്.

ഒന്നോ രണ്ടോ ആളുകളല്ല, ഒരൊഴുക്കുപോലെ ആളുകള്‍ പാര്‍ട്ടിവിട്ട് മറുപക്ഷത്തേക്ക് പോകുമ്പോള്‍ അത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം എന്താണെന്ന് മനസ്സിലാക്കാന്‍പോലും സി.പി.എമ്മിന് സാധിക്കാതായി എന്നു കരുതണോ? അതോ, എല്ലാവരേയും അവഗണിച്ചും അവഹേളിച്ചും ഒഴിവാക്കി സ്വന്തം കൊത്തളം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഏതോ ഗൂഢസംഘം ആ പാര്‍ട്ടിയിലുണ്ട് എന്ന് സംശയിക്കണോ? അതുണ്ട് എന്ന് പാര്‍ട്ടി അണികള്‍ കരുതുന്നുണ്ട്. പരാജയം വിലയിരുത്തിക്കൊണ്ട് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഫേസ്ബുക്കില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന പോസ്റ്റ് ചെയ്തപ്പോള്‍ അതിന് അടിയില്‍ അണികള്‍ രേഖപ്പെടുത്തിയ അഭിപ്രായപ്രകടനം മാത്രം പരിശോധിച്ചാല്‍ മതി നേതൃത്വവും അണികളും തമ്മിലുള്ള അകലം മനസ്സിലാക്കാന്‍.

അനിവാര്യമായ പരാജയം ഏതായാലും ഏറ്റുവാങ്ങി. മറ്റുവഴിയൊന്നുമില്ല. ജനവിധി വന്നശേഷം സി.പി.എമ്മില്‍നിന്നുണ്ടായ വിലയിരുത്തലുകളെയാണ് ഇനി വിലയിരുത്തേണ്ടത്. എല്ലാ അർഥത്തിലും ഈ മാരക പരാജയത്തിന് ഉത്തരവാദിയായ പിണറായി വിജയന്‍ പ്രതികരണം മാറ്റിവെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച പോളിറ്റ്ബ്യൂറോ അംഗം, പത്തു വര്‍ഷക്കാലം മന്ത്രിസഭയെ നയിച്ച മുഖ്യമന്ത്രി, സ്വന്തം തലമാത്രം സംസ്ഥാനം മുഴുവന്‍ പ്രദര്‍ശിപ്പിച്ച് ജനകീയനായി നടിച്ച നേതാവ് എന്ന നിലകളിലെല്ലാം പിണറായിയുടെ പ്രതികരണത്തിന് പ്രസക്തിയുണ്ട്.

എന്നാല്‍, പരാജയത്തിന്‍റെ ആദ്യദിനം ഇരുട്ടിവെളുക്കുന്നതുവരെ അദ്ദേഹം പ്രതികരിച്ചതായി കണ്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയും തോറ്റ ഒരു സ്ഥാനാർഥിയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദന്‍ മാസ്റ്ററും മുന്നണി കണ്‍വീനറും തോറ്റ ഒരു സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണനും ജനവിധി അംഗീകരിക്കുന്നതായി ആദ്യ പ്രതികരണം നടത്തി. പരാജയത്തെക്കുറിച്ചുള്ള മറ്റെല്ലാ ചോദ്യങ്ങളും അവര്‍ ‘‘പരിശോധിച്ചശേഷം പാര്‍ട്ടി പറയും’’ എന്ന പരിചകൊണ്ട് തടഞ്ഞു. അപ്പോള്‍ അതേ കഴിയുകയുള്ളൂ. വികാരപരമായ മറുപടികള്‍ മതിയാവില്ല. വിലയിരുത്തിയിട്ടേ പറയാനാകൂ. അതാണ് ശരി.

എന്നിട്ടും വിധിദിനം രാത്രിയോടെ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന വന്നു. അത് തുടങ്ങുന്നത് ‘‘നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്’’ എന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയംമാത്രം പ്രതീക്ഷിച്ച ഒരു പാര്‍ട്ടിയുടെ നിശ്വാസം. ആ പ്രസ്താവന വരുന്നതിന് നാലു മണിക്കൂര്‍ മുമ്പ് സംസ്ഥാന സമിതി അംഗമായ എം. സ്വരാജ് സ്വന്തം വിലയിരുത്തല്‍ പുറത്തുവിട്ടിരുന്നു. അതിന്‍റെ തലക്കെട്ടുതന്നെ ‘അനര്‍ഹമായ ഒരു പരാജയം’ എന്നാണ്. എന്നുവെച്ചാല്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി വിജയം മാത്രമേ അര്‍ഹിക്കുന്നുള്ളൂവെന്ന് സ്വരാജ് കരുതുന്നു. എന്നിട്ട് ആ സംസ്ഥാന സമിതിയംഗം ജനങ്ങളെ വിചാരണ ചെയ്യുകയാണ്. ‘‘നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിന്‍റെ ഭാവിയോ തെരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടര്‍മാര്‍ കണക്കിലെടുത്തിട്ടില്ലെന്നാണ് തോന്നുന്നത്. ‘രണ്ടു തവണ അവര്‍ ഭരിച്ചല്ലോ, ഇനി ഒരു തവണ ഇവര്‍ ഭരിക്കട്ടെ’ എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടാവാം’’ എന്നാണ് തുടര്‍ന്നുള്ള വരികള്‍.

എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ മുന്നണിയെ ചെറുതാക്കിക്കണ്ടതുപോലെ ജനങ്ങളെയും കൊച്ചാക്കുന്ന നിലപാടാണിത്. ‘‘ഞങ്ങള്‍ ജയംമാത്രം അര്‍ഹിക്കുന്നവരും, ജനം അരാഷ്ട്രീയവാദികളും ഉദാസീനരും’’ എന്നാണ് അദ്ദേഹം കരുതുന്നത്. 12 മന്ത്രിമാര്‍ തോല്‍ക്കണമെങ്കില്‍, മുഖ്യമന്ത്രി സ്വന്തം കോട്ടയില്‍ വിയര്‍ക്കണമെങ്കില്‍ അവരുടെ പ്രകടനം മോശമായതും കാരണമാവണമല്ലോ. ജനം അരാഷ്ട്രീവാദികളും ഉദാസീനരും ആയതുകൊണ്ടാവില്ല അത്. ഉദാസീനരും അരാഷ്ട്രീയവാദികളും ആയിരുന്നെങ്കില്‍ ‘‘പത്തുകൊല്ലമായി ഇവര്‍ ഭരിക്കുന്നുണ്ടല്ലോ, അവരുതന്നെയങ്ങ് തുടര്‍ന്നോട്ടെ’’ എന്നാണ് കരുതുക. ഉദാസീനതയുടെ ലക്ഷണമാണ് സ്റ്റാറ്റസ്കോ. തല്‍സ്ഥിതി തുടരല്‍. നിലവിലുള്ള ഒരു സംവിധാനത്തെ മാറ്റി പകരം ഒന്നിനെ സ്ഥാപിക്കല്‍ അത്ര ഉദാസീനമായി നടക്കില്ല.

ചിന്തിച്ച് തീരുമാനിച്ചതാണ് ജനം നടപ്പാക്കിയത്. അത് മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന പാര്‍ട്ടി നേതാക്കള്‍ക്കാണ് ഉദാസീനത ബാധിച്ചത്. ‘‘നിലവിലുള്ള എം.എല്‍.എമാരൊ​െക്കത്തന്നെയങ്ങ് മത്സരിച്ചോട്ടെ’’ എന്ന് തീരമാനിച്ചത് ഉദാസീനതയുടെ ഉദാഹരണമാണ്. ഈ സര്‍ക്കാര്‍ ഏറ്റവും മോശമായി കൈകാര്യം ചെയ്ത രണ്ട് വകുപ്പുകളായിരുന്നല്ലോ ആരോഗ്യവും ആഭ്യന്തരവും. ആരോഗ്യ വകുപ്പിന്‍റെ മന്ത്രി തോറ്റു. ആഭ്യന്തര വകുപ്പിന്‍റെ മന്ത്രി തോറ്റതു പോലെ ദയനീയമായി ജയിച്ചു. ഇതു രണ്ടും ജനങ്ങളുടെ രാഷ്ട്രീയബോധത്തിന്‍റെയും ജാഗ്രതയുടെയും തെളിവാണ്. മറിച്ചു മനസ്സിലാക്കുന്നതാണ് ഉദാസീനത.

യു.ഡി.എഫിന്‍റെ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ ചിത്രം: ബിമൽ തമ്പി

ഇനിയെന്ത്?

ഇത്രയും നാള്‍ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നേരംകളഞ്ഞു. കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിക്കസേരയല്ല, ബെഞ്ച് വേണ്ടിവരും എന്നൊ​െക്കയായിരുന്നു അത്. എന്നാല്‍, ഇനി അത് മതിയാവില്ല. അതിനേക്കാളൊക്കെ വലിയ യാഥാർഥ്യത്തെയാണ് സി.പി.എം നേരിടാന്‍പോകുന്നത്. ഈ പരാജയവും അതിന്‍റെ കാരണങ്ങളും സി.പി.എം വിലയിരുത്താന്‍ ആരംഭിച്ചാല്‍ പിന്നാലെയുണ്ടാകുന്ന സംഭവപരമ്പര ചെറുതായിരിക്കില്ല. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഭരണത്തിന് നേതൃത്വം നല്‍കിയവരും പാര്‍ട്ടി സംഘടനയെ നയിച്ചവരും ഏറ്റെടുക്കുമോ? അതോ ഓരോ മണ്ഡലങ്ങളിലെയും പരാജയം പ്രത്യേകമെടുത്ത് പരിശോധിക്കുമോ? അങ്ങനെ വരുമ്പോള്‍ പരാജയത്തിന്‍റെ ഉത്തരവാദിത്തം കീഴ്ഘടകങ്ങളിലേക്ക് കൈമാറുമോ? അത് അവര്‍ നിശ്ശബ്ദം ഏറ്റുവാങ്ങുമോ?

അതോ വിലയിരുത്തല്‍ നേതൃത്വത്തെ ചോദ്യംചെയ്യലായി മാറുമോ? ഇങ്ങനെ ഒരുകൂട്ടം ചോദ്യങ്ങളുണ്ട്. സാധാരണഗതിയില്‍ തെരഞ്ഞെടുപ്പു പരാജയം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടനാപ്രതിസന്ധി ഉണ്ടാക്കാറില്ല. പക്ഷേ, ഇതൊരു അസാധാരണ സാഹചര്യമാണ്. 1952ലെ ആദ്യത്തെ തെരഞ്ഞെടുപ്പു മുതല്‍ പതിറ്റാണ്ടുകളോളം ലോക്സഭയില്‍ പ്രതിപക്ഷത്തെ നയിച്ച, പല സംസ്ഥാനങ്ങളും ഭരിച്ച, പലപ്പോഴും കേന്ദ്രഭരണം തീരുമാനിച്ചിട്ടുള്ള പാര്‍ട്ടിയുടെ അവസാനത്തെ കൊത്തളത്തിന്‍റെ അടിക്കല്ല് മാന്തിയെടുത്ത സാഹചര്യമാണ്. ഏത് സാഹചര്യത്തിലും ജയിക്കാവുന്ന 55 മണ്ഡലങ്ങള്‍ സ്വന്തമായി ഉണ്ട് എന്ന് മേനിനടിച്ചിരുന്ന പാര്‍ട്ടി 27 സീറ്റിലേക്കൊതുങ്ങിയത് ചെറിയ വീഴ്ചയല്ല.

അതിനെ ആ ഗൗരവത്തോടെ വിലയിരുത്തുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. തെറ്റുകള്‍ കണ്ടുപിടിക്കാതെയും തിരുത്താതെയും മുന്നോട്ടുപോകാനുമാവില്ല. ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ല. അഞ്ചാം വര്‍ഷം തെരഞ്ഞെടുപ്പുവരും. അന്ന് ഭരണമാറ്റത്തിനുവേണ്ടിയാണ് സി.പി.എമ്മിന് മത്സരിക്കാനുള്ളത്. മാറ്റിയെടുക്കാനുള്ള കെല്‍പ് ഉണ്ടായിരിക്കണം. ഇപ്പോള്‍ യു.ഡി.എഫ് കാണിച്ചതുപോലുള്ള കെല്‍പ്. അതുണ്ടാക്കാന്‍ ഇനി എന്താണ് വഴി എന്ന് സി.പി.എം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സി.പി.ഐയെയും കേരള കോണ്‍ഗ്രസിനെയും ജനതാദള്‍ കഷണങ്ങളെയുമൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. അവരുടെയൊക്കെ കെൽപറ്റു കഴിഞ്ഞു.

മലപ്പുറത്ത് യു.ഡി.എഫ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ ചിത്രം: മുസ്തഫ അബൂബക്കർ,റോബിന്‍ ജഫ്രി

യു.ഡി.എഫ് ചുമക്കേണ്ടത്

കേരളീയ സമൂഹത്തിന്‍റെ പരിച്ഛേദമാണിപ്പോള്‍ യു.ഡി.എഫ്. കേരളീയര്‍ക്ക് മുഴുവന്‍ പ്രാതിനിധ്യമുള്ള ജനകീയ പ്രസ്ഥാനം. കോണ്‍ഗ്രസെന്ന ജനകീയ പ്രസ്ഥാനവും മുസ്‍ലിം ലീഗ് എന്ന കെട്ടുറപ്പുള്ള രാഷ്ട്രീയ പാര്‍ട്ടിയും കേരള കോണ്‍ഗ്രസിന്‍റെയും ആര്‍.എസ്.പിയുടെയും അവകാശികളും ഐക്യജനാധിപത്യ മുന്നണിയുടെ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും ലീഗും നല്ലൊരു യുവനിരയെ നിയമസഭയില്‍ എത്തിച്ചിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ, സി.എം.പിയുടെ സി.പി. ജോണും ആര്‍.എം.പിയുടെ കെ.കെ. രമയും സി.പി.എം വിട്ട് ആ മുന്നണിയിലെത്തിയ ജി. സുധാകരന്‍, ഐഷാ പോറ്റി, ടി.കെ. ഗോവിന്ദന്‍, വി. കുഞ്ഞികൃഷ്ണന്‍ എന്നിവരുമെല്ലാം ചേര്‍ന്ന് യു.ഡി.എഫിന് ഒരു ഇടതുപക്ഷമുഖം നല്‍കുന്നുമുണ്ട്. മന്ത്രിസഭയുണ്ടാക്കുന്നതോടെ ഉത്തരവാദിത്തം അവസാനിക്കുകയല്ല അതിന്‍റെ ഭാരം വർധിക്കുകയാണ് എന്ന യാഥാർഥ്യം യു.ഡി.എഫ് നേതാക്കള്‍ ഉള്‍ക്കൊള്ളണം.

പത്തു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണം കേരളത്തിന് സമ്മാനിച്ചത് പരിപൂര്‍ണമായ നിരുത്തരവാദിത്തമായിരുന്നു. ജനങ്ങളോടോ സംവിധാനത്തോടോ ഒരു ഉത്തരവാദിത്തവും ഇല്ലാത്തതുപോലെയാണ് ഭരണകക്ഷി പെരുമാറിയിരുന്നത്. പാകപ്പിഴകളും പോരായ്മകളും ചൂണ്ടിക്കാണിച്ചാല്‍ ‘‘നിങ്ങളുടെ കാലത്തും അങ്ങനെയായിരുന്നു’’ എന്നായിരുന്നു സര്‍ക്കാറിന്‍റെ ഉത്തരം. വിമര്‍ശനങ്ങളെ സൈബര്‍ കടന്നലുകളെക്കൊണ്ട് നേരിടുകയും ചെയ്തു. അത് യു.ഡി.എഫ് കീഴ് വഴക്കമായി എടുക്കരുത്. നിയമസഭ പ്രവര്‍ത്തനത്തിന്‍റെ അടക്കം ജനാധിപത്യപരമായ അന്തസ്സ് വീണ്ടെടുക്കുന്നതിനുള്ള ഉത്തരവാദിത്തംകൂടി പുതിയ ഭരണമുന്നണിക്കുണ്ട്. ഒന്നിന്റെയും തുടര്‍ച്ചക്കല്ല, എല്ലാം പൊളിച്ചെഴുതാനാണ് ജനങ്ങള്‍ ഭരണം മാറ്റിയത്. ആ മാറ്റം അനുഭവിക്കാനാകണം. ഒരു ജനാധിപത്യത്തില്‍ നിയമസഭയും മന്ത്രിസഭയും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ജനപ്രതിനിധികളും മന്ത്രിമാരും എങ്ങനെ പെരുമാറുന്നുവെന്നും കാണാന്‍ പുതിയ തലമുറക്ക് അവസരമുണ്ടാക്കണം. രാഷ്ട്രീയം ഒരു മോശം ഏര്‍പ്പാടാണ് എന്ന് കുട്ടികള്‍ക്ക് തോന്നുന്ന അവസ്ഥയുണ്ടാക്കരുത്. ആ ഉത്തരവാദിത്തം യു.ഡി.എഫ് ഏറ്റെടുക്കണം.

ഇരുധ്രുവ രാഷ്ട്രീയം മാറുന്നില്ല

മാറാത്തതെല്ലാം മാറും എന്നുപറഞ്ഞത് വെറുതെയാണ്. കേരളത്തിലെ ഇരുമുന്നണി രാഷ്ട്രീയം അടുത്തൊന്നും മാറാന്‍പോകുന്നില്ല. പത്തുവര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒരു സീറ്റു നേടി അക്കൗണ്ട് തുടങ്ങുകയും തൊട്ടടുത്ത തെരഞ്ഞടുപ്പില്‍ അത് നഷ്ടപ്പെടുത്തുകയും ചെയ്ത ബി.ജെ.പി ഇപ്പോഴും മൂന്നു സീറ്റില്‍ എത്തിയിട്ടേയുള്ളൂ. അതുതന്നെ പ്രചാരണ സമയത്ത് കിട്ടിയ അനുപാത രഹിതമായ മാധ്യമ പിന്തുണകൊണ്ട് ഉണ്ടായതാണ്. തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത് ഒന്നും മാത്രമാണ് ഇപ്പോഴും നേടാനായ സീറ്റ്. പുതിയ പാര്‍ട്ടികളുണ്ടാക്കിയും രാഷ്ട്രീയത്തില്‍ അലോസരമുണ്ടാക്കുന്ന ചില കുടുംബങ്ങളെ കൂടെനിര്‍ത്തിയും മൂന്നാം മുന്നണി ഉണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലിച്ചിട്ടില്ല. അനുപാതരഹിതവും അനാവശ്യവുമായ വലുപ്പം കൽപിക്കാതിരുന്നാല്‍ വളര്‍ച്ച തടയാവുന്നതേയുള്ളൂ. നിലവിലുള്ള രണ്ട് മുന്നണികളും സ്വന്തം രാഷ്ട്രീയദൗത്യം മറക്കാതിരുന്നാല്‍ മതി.

Show More expand_more
News Summary - Kerala is the homeland of democrats