ചേരപുത്രരുടെ കേരളവും മലയാളികളുടെ കേരളവും

‘‘കേരളം പിറന്നത് നവംബർ ഒന്നിന് അല്ല. ചേരപുത്രരുടെ നാടായി അത് നേരത്തേ പിറന്നതാണ്. അത് പരശുരാമ സൃഷ്ടിയുമല്ല, ബ്രാഹ്മണർക്ക് ദാനമായി കിട്ടിയതുമില്ല. പ്രാചീന ശിലായുഗം മുതൽ കേരളത്തിൽ ജനവാസമുണ്ടായിരുന്നു’’ -ചരിത്രകാരരും ചരിത്രാധ്യാപകരുമായ ലേഖകർ കേരളത്തിന്റെ ‘ഉൽപത്തി’ വ്യക്തമാക്കുന്നു. കേരളമെന്ന ജനാധിപത്യ രാഷ്ട്രീയ ഭൂമികയുടെ പിറന്നാൾ ദിനമാണ് കേരളപ്പിറവി. കേരളം എന്നാണ് പിറന്നതെന്ന് ചോദിക്കുമ്പോൾ എല്ലാവരും പൊതുവായി പറയുന്ന ഉത്തരം 1956 നവംബർ ഒന്നിന് എന്നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനസമൂഹം താമസിക്കുന്ന ഒരു ഇന്ത്യൻ സംസ്ഥാനം എന്ന നിലയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഈ ദിവസമാണെന്നതാണ്...
Your Subscription Supports Independent Journalism
View Plans‘‘കേരളം പിറന്നത് നവംബർ ഒന്നിന് അല്ല. ചേരപുത്രരുടെ നാടായി അത് നേരത്തേ പിറന്നതാണ്. അത് പരശുരാമ സൃഷ്ടിയുമല്ല, ബ്രാഹ്മണർക്ക് ദാനമായി കിട്ടിയതുമില്ല. പ്രാചീന ശിലായുഗം മുതൽ കേരളത്തിൽ ജനവാസമുണ്ടായിരുന്നു’’ -ചരിത്രകാരരും ചരിത്രാധ്യാപകരുമായ ലേഖകർ കേരളത്തിന്റെ ‘ഉൽപത്തി’ വ്യക്തമാക്കുന്നു.
കേരളമെന്ന ജനാധിപത്യ രാഷ്ട്രീയ ഭൂമികയുടെ പിറന്നാൾ ദിനമാണ് കേരളപ്പിറവി. കേരളം എന്നാണ് പിറന്നതെന്ന് ചോദിക്കുമ്പോൾ എല്ലാവരും പൊതുവായി പറയുന്ന ഉത്തരം 1956 നവംബർ ഒന്നിന് എന്നാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനസമൂഹം താമസിക്കുന്ന ഒരു ഇന്ത്യൻ സംസ്ഥാനം എന്ന നിലയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഈ ദിവസമാണെന്നതാണ് വസ്തുത. യഥാർഥത്തിൽ ‘കേരളം പിറന്നത് നവംബർ’ ഒന്നിന് അല്ല. ഒരു രാഷ്ട്രീയ ഭൂവിഭാഗമെന്ന നിലയിൽ കേരളം രൂപപ്പെട്ടിട്ട് ഇന്നേക്ക് ഏതാണ്ട് 2400 വർഷങ്ങൾ പിന്നിട്ടിട്ടുണ്ട്. ജനാധിപത്യപൂർവ കാലത്ത്, വിവിധ രാഷ്ട്രീയ ഭരണസംവിധാനങ്ങൾ നിലനിന്നിരുന്ന ഒരു ഇടമായി കേരളം നൂറ്റാണ്ടുകൾക്കു മുമ്പേ നിലനിന്നിരുന്നു.
പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടാക്കിയതെന്ന ഒരു കെട്ടുകഥ കേരളത്തിൽ ഏതോ കാലം മുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. ഈയടുത്ത കാലത്ത് അധ്യാപികയായ സുഹൃത്ത് ഒരു തമാശ പങ്കുവെച്ചു. കുട്ടിക്കാലത്ത് അവർ വിചാരിച്ചിരുന്നത് പരശുരാമൻ മഴുവെറിഞ്ഞത് നവംബർ ഒന്നിനായിരുന്നു എന്നാണ്. ശാസ്ത്രയുക്തിയിൽ ജീവിക്കുന്ന അവർ ഇക്കാര്യം തമാശരൂപേണ പറയുമ്പോഴും നൂറ്റാണ്ടുകളായി കേരള സമൂഹത്തിൽ നിലനിന്നിരുന്ന ഒരു ചരിത്ര അവബോധത്തിന്റെ നിഴലാണ് ഈ ഓർമയിൽ പ്രതിഫലിക്കുന്നത്. ബ്രാഹ്മണർക്ക് അധിപത്യമുണ്ടായിരുന്ന ഒമ്പതാം നൂറ്റാണ്ടിനു ശേഷമുള്ള കാലത്തെന്നോ പ്രചരിച്ച യുക്തിരഹിതമായ കഥയാണിത്.
വാമൊഴിയായി തലമുറ കൈമാറി സാമൂഹിക ഓർമകളായി രൂപംകൊണ്ട ഈ കെട്ടുകഥയെ 16-18 നൂറ്റാണ്ടുകൾക്കിടയിൽ താളിയോലകളിൽ എഴുതി ഗ്രന്ഥങ്ങളാക്കി ബ്രാഹ്മണരും നാടുവഴികളും അതുപോലെയുള്ള സവർണ ഭരണാധികാരികളും അവരുടെ ആചാരപരവും രാഷ്ട്രീയപരവുമായ ആധിപത്യം കേരളത്തിൽ ഉറപ്പിച്ചു. ഇങ്ങനെ പ്രമാണമാക്കിയ സംസ്കൃത കൃതിയായ കേരള മാഹാത്മ്യം, പഴയ മലയാള കൃതികളായ ‘കേരളോൽപത്തി’, ‘കേരള നാടകം’ തുടങ്ങിയവകളിൽ പറയുന്നതനുസരിച്ച് പരശുരാമൻ മഴുവെറിഞ്ഞ് കടലിനെ മാറ്റി ‘മലയാളഭൂമി’ ഉണ്ടാക്കി അത് ബ്രാഹ്മണർക്ക് ദാനംചെയ്തു, അവരെ സേവിക്കാനായി മറ്റുള്ള ജനങ്ങളെയും നൽകി. ശാസ്ത്രബോധമോ യുക്തിയോ വിമർശനാത്മക ചിന്തയോ ഇല്ലാതിരുന്നതും മേലാളരുടെ കൽപനകളെ അനുസരിച്ചും ഭയന്നും ജീവിച്ചിരുന്ന അക്കാലത്തെ കേരള സമൂഹം ഈ കഥകളെ ചരിത്രമായി ഉൾക്കൊണ്ടു.
എന്നാൽ, കൊളോണിയൽ കാലത്ത് യൂറോപ്യൻ ചരിത്ര രചനാ പാരമ്പര്യമുൾക്കൊണ്ട് ആധുനിക ശാസ്ത്രയുക്തിയിൽനിന്നുകൊണ്ട് ചരിത്രവിശകലനം ചെയ്ത പി. ശങ്കുണ്ണി മേനോന്റ തിരുവിതാംകൂർ ചരിത്രമുൾപ്പെടെയുള്ള ആദ്യകാല കൃതികൾ മിക്കതും പരശുരാമന്റെ കേരള സൃഷ്ടിയെ അതേപടി പറഞ്ഞുപോയിട്ടുമുണ്ട്. ചില കൃതികൾ ഈ കഥകളെ പാടെ നിരാകരിച്ചിരുന്നു. 1887ൽ പ്രസിദ്ധീകരിക്കപ്പെട്ട വില്യം ലോഗന്റെ ‘മലബാർ മാന്വലി’ൽ പാരമ്പര്യ ചരിത്രം എന്നനിലക്ക് ‘കേരള മാഹാത്മ്യം’, ‘കേരളോൽപത്തി’ എന്നീ കൃതികളിൽ പരാമർശിക്കുന്ന പരശുരാമ സൃഷ്ടി കഥ വിവരിച്ചതിനുശേഷം, ഈ കഥകൾ രൂപംകൊള്ളുന്നതിന് മുമ്പുള്ള കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതനുസരിച്ച്, ഏതാണ്ട് ബി.സി.ഇ മൂന്നാം നൂറ്റാണ്ടു മുതൽ ‘കേരം’, ‘ചേരം’, ‘ചേര’ എന്നൊക്കെ ചരിത്രരേഖകളിൽ രേഖപ്പെടുത്തപ്പെട്ടിരുന്നുവെന്ന് പ്രസ്താവിക്കുകയും കേരളത്തിന്റെ പൗരാണികത്വത്തെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. 1914ൽ പ്രസിദ്ധീകരിച്ച കെ.പി. പത്മനാഭ മേനോന്റെ കൊച്ചി രാജ്യചരിത്രത്തിലും 1924ൽ പ്രസിദ്ധീകരിച്ച ‘എ ഹിസ്റ്ററി ഓഫ് കേരള’ എന്ന പുസ്തകത്തിലും ഈ കാര്യങ്ങളുടെ ആവർത്തനം കാണാം. പിൽക്കാലത്ത് വന്ന ചരിത്രപഠനങ്ങളിലെല്ലാം ഈ കാര്യങ്ങൾ പരാമർശിച്ചിട്ടുമുണ്ട്. പ്രസ്തുതകാര്യങ്ങളും സമീപകാലത്ത് വന്നിരിക്കുന്ന തെളിവുകളും പരിശോധിച്ച് പൊതുവായനക്ക് ഉതകുന്ന തരത്തിൽ ഒന്ന് പുനരവതരിപ്പിക്കലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ചേരപുത്രരുടെ കേരളം
കേരളത്തിലെ ആദ്യത്തെ ഭരണകൂടമെന്ന് കരുതുന്ന ആദ്യകാല ചേരന്മാരുടെ കാലത്താണ് ഒരു രാഷ്ട്രീയ ഭൂവിഭാഗമായി കേരളം നിലനിന്നിരുന്നത്. ഇക്കാലത്ത് കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. വടക്ക് വെങ്കടം മുതൽ (ഇന്നത്തെ തിരുപ്പതി പ്രദേശം) തെക്ക് കുമാരി അഥവാ കന്യാകുമാരി വരെ വ്യാപിച്ചുകിടന്നതും കിഴക്കും പടിഞ്ഞാറും സമുദ്രത്താൽ ചുറ്റപ്പെട്ടതുമായ തമിഴ് ഭാഷാ സാംസ്കാരിക ഭൂവിഭാഗമായിരുന്നു തമിഴകം. ഇതിനെ കുറിക്കുന്ന എഴുതപ്പെട്ട രേഖകളും സാഹിത്യകൃതികളും നാണയങ്ങളും കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും ലഭിച്ചിട്ടുണ്ട്. കേരളമെന്ന ഭൂപ്രദേശം ചേരന്മാർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരികളുടെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന സമ്പൽസമൃദ്ധമായ ഒരു നാടായിരുന്നെന്നും, അക്കാലത്ത് കേരളത്തിന് ഉത്തരേന്ത്യയുമായും മധ്യധരണ്യാഴി-പശ്ചിമേഷ്യ എന്നീ വിദേശ ഭൂഖണ്ഡങ്ങളുമായി കച്ചവടമുണ്ടായിരുന്നെന്നും ഈ തെളിവുകൾ വ്യക്തമാക്കുന്നുമുണ്ട്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബി.സി.ഇ 300നും സി.ഇ 300നും ഇടയിലാകും (ഇന്നേക്ക് ഏതാണ്ട് 2300-1700 വർഷങ്ങൾക്ക് മുമ്പ്) ചേരന്മാരുടെ ഭരണം സജീവമായി കേരളത്തിൽ നിലനിന്നിട്ടുണ്ടാകുക എന്ന് കരുതപ്പെടുന്നു. ബി.സി.ഇ നാലോ മൂന്നോ നൂറ്റാണ്ടുകളിലെ കാത്യായനന്റെ സംസ്കൃത വ്യാകരണ കൃതിയായ ‘വാർത്തിക’യിൽ കേരളത്തെക്കുറിച്ച് പരാമർശമുണ്ട്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിലെ മൗര്യ ചക്രവർത്തി അശോകൻ ബുദ്ധമത സ്വാധീനത്താൽ ധർമപ്രചാരകനായി മാറിയിരുന്നു. അതിനായി അദ്ദേഹം പാറയിലും കൽത്തൂണുകളിലും ഇരുമ്പുതൂണുകളിലും മറ്റും എഴുതിപ്പിച്ച നിരവധി ലിഖിതങ്ങൾ കർണാടക മുതൽ വടക്കോട്ടുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അയൽരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇതിൽപ്പെട്ട പതിനാല് വലിയ ലിഖിതശാസനങ്ങളിൽ രണ്ടാമത്തെ വലിയ ശാസനത്തിൽ ദക്ഷിണേന്ത്യയിലെ ഭരണാധികാരികളായി ചോളന്മാർ, പാണ്ഡ്യന്മാർ, സതിയപുത്രർ എന്നിവർക്കൊപ്പം കേരളപുത്രരെ പരാമർശിച്ചിരിക്കുന്നു.
സി.ഇ ഒന്നാം ഒന്നാം നൂറ്റാണ്ടിലെ ഗ്രീക്ക്-റോമൻ സാഹിത്യ കൃതികളായ ‘പെരിപ്ലസ് ഓഫ് എറിത്രീയൻ സീ’ (അജ്ഞാതനായ എഴുത്തുകാരന്റെ കൃതി), ടോളമിയുടെ ‘ജോഗ്രഫി’, പ്ലിനിയുടെ ‘നാച്ചുറൽ ഹിസ്റ്ററി’ തുടങ്ങിയവ കേരളപുത്രരെ ‘ചേരബോത്രർ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നൗറ, തിണ്ടിസ്, മുസിരിസ്, നിൽക്കിണ്ട എന്നീ തുറമുഖ നഗരങ്ങൾ ചേരബോത്രരുടെ പ്രദേശത്തായിരുന്നുവെന്ന് ഈ കൃതികളിൽ പരാമർശിക്കുന്നു. ഇതിൽ തൊണ്ടി അഥവാ തിണ്ടിസ്സ്, മുസിരിസ് എന്നിവ ചേരബോത്രരുടെ പൂർണ അധികാരമുണ്ടായിരുന്ന തുറമുഖനഗരങ്ങൾ ആയിരുന്നെന്നും സൂചനകളുണ്ട്. വയനാട്ടിലെ എടക്കൽ ഗുഹയിൽ തമിഴ് ബ്രാഹ്മി ലിപിയിൽ എഴുതിയ എഴുത്തുകളും കേരളത്തിൽ സി.ഇ രണ്ട്-അഞ്ച് നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്ന ചേരന്മാരുൾെപ്പടെയുള്ള ഭരണാധികാരികളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.
‘കടുമ്മിപുത്ത ചേര’ അഥവാ കടുമ്മിയുടെ പുത്രനായ ചേരൻ എന്ന എടക്കലിലെ സി.ഇ രണ്ട്-മൂന്ന് നൂറ്റാണ്ടുകൾക്കിടയിൽ എഴുതപ്പെട്ട തമിഴ് ബ്രാഹ്മി ലിഖിതം ചേരന്മാർ ‘പുത്ര’ എന്ന പ്രയോഗം ഭരണാധികാരിയെയും അവർ ഭരിക്കുന്ന പ്രദേശത്തിന്റെ അധിപൻ എന്ന നിലക്കും ഉപയോഗിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. ചേര ഭരണാധികാരികളെ പ്രകീർത്തിച്ച് പത്ത് കവികൾ പാടിയ നൂറുപാട്ടുകളുടെ സമാഹാരമായ ‘പതിറ്റുപ്പത്ത്’ എന്ന പഴന്തമിഴ് സംഘ സാഹിത്യ കൃതിയിൽ മലനാടും ഇടനാടും തീരപ്രദേശവും ചേർന്ന ഭൂപ്രദേശത്തിന്റെ അധിപനായി ചേരന്മാരെ പ്രകീർത്തിക്കുന്നുണ്ട്. ഈ സമാഹാരത്തിലെ ആദ്യത്തെയും അവസാനത്തെയും പത്തുവീതം പാട്ടുകൾ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
അവശേഷിക്കുന്ന എൺപതു പാട്ടുകൾ പരിശോധിച്ചാൽ കാർഷിക ഉൽപാദനവും വിഭവസമാഹരണവും അവയുടെ കടൽ വഴിയും കര വഴിയും നടന്നിരുന്ന കൈമാറ്റ കച്ചവട ബന്ധങ്ങളെയും ഏകോപിപ്പിച്ച് ഭരണാധികാരികളാണ് ചേരന്മാർ എന്ന് ബോധ്യപ്പെടും. ഇത്തരത്തിൽ ചേരപുത്രരായി അഥവാ കേരളപുത്രരായി കേരളം ഭരിച്ചിരുന്ന ഉതിയൻ, ഇരുമ്പൊറൈ എന്നീ രണ്ട് കുടുംബങ്ങളിൽ പെടുന്ന രാജാക്കന്മാരെക്കുറിച്ചാണ് ‘പതിറ്റുപ്പത്തി’ൽ പരാമർശിച്ചിരിക്കുന്നത്.
മറ്റു പഴന്തമിഴ് സംഘ സാഹിത്യകൃതികളായ ‘ഐങ്കുറുനൂറ്’, ‘പുറനാനൂറ്’, ‘അകനാനൂറ്’ എന്നീ കൃതികളിലും ചേരന്മാരെക്കുറിച്ചുള്ള പാട്ടുകൾ ഉണ്ട്. ഇതിൽ ഇരുമ്പൊറൈ വംശത്തിൽപെട്ട രാജാക്കന്മാരെക്കുറിച്ച് തമിഴ്നാട്ടിൽ പുകലൂരിൽനിന്ന് സി.ഇ രണ്ടാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിഖിതം കണ്ടെടുത്തിട്ടുണ്ട്. ഐരാവതം മഹാദേവൻ എന്ന ലിഖിത പണ്ഡിതൻ ഈ ലിഖിതത്തിൽ പരാമർശിക്കുന്ന മൂന്നു തലമുറയിൽപെട്ട ഇരുമ്പൊറൈ വംശത്തിലെ ചേര ഭരണാധികാരികളെ (‘കോ ആതൻ ചെല്ലിരുമ്പൊറൈ മകൻ പെരുങ്കടുങ്കോൻ മകൻ ഇളങ്കടുങ്കോൻ...’) സംഘ സാഹിത്യകൃതികളുമായി ചേർത്തുവെച്ച് പരിശോധിച്ചിട്ടുണ്ട്.
പ്രാചീന കേരളത്തിലെ ഭരണാധികാരികളായ ചേരന്മാരുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു കേരളത്തിന്റെ പശ്ചിമ തീരത്ത് നിലനിന്നിരുന്ന മുസിരിസ്, തൊണ്ടി എന്നീ തുറമുഖ നഗരങ്ങളും, കിഴക്ക് ഭാഗത്തെ വഞ്ചിപട്ടണം അഥവാ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള കരൂർ എന്ന ഉൾനാടൻ പട്ടണവും. പെരിയാറിന്റെ തീരത്തെ പട്ടണം പ്രദേശത്ത് നടത്തിയ പുരാവസ്തു ഉത്ഖനന തെളിവുകൾ മുസിരിസ് എന്ന തുറമുഖ നഗരത്തിന്റെ നിരവധി പുരാവസ്തു തെളിവുകൾ നൽകുന്നുണ്ട്.
‘അകനാനൂറ്’ എന്ന തമിഴ് സംഘസാഹിത്യ കൃതിയിൽ പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്തിരുന്ന ചേരരുടെ സമ്പൽസമൃദ്ധമായ മുചിരി അഥവാ മുസിരിസ് പട്ടണത്തേക്ക് പൊന്നുമായി വന്ന് കുരുമുളകുമായി തിരിച്ചുപോകുന്ന യവനർ എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക്-റോമൻ കച്ചവടക്കാരെ പരാമർശിക്കുന്നുണ്ട്. പട്ടണത്തുനിന്ന് അധികം ദൂരത്തല്ലാതെ വള്ളുവള്ളിയിൽ കണ്ടെത്തിയ റോമൻ സ്വർണ നാണയങ്ങൾ ‘അകനാനൂറി’ലെ പാട്ടിലെ വിവരങ്ങളെ ശരിവെക്കുന്നുണ്ട്. മാത്രമല്ല, പട്ടണത്ത് കണ്ടെത്തിയ റോമൻ വീഞ്ഞുപാത്രമായ ആംഫോറയുടെ പൊട്ടിയ കഷണങ്ങളും, റോമൻ ദേവത ഫോർച്യൂണയുടെ രൂപം കൊത്തിയ മോതിരക്കല്ലുകളും റോമൻ ജനത കേരളത്തിൽ വന്നതിന്റെ പുരാവസ്തു തെളിവുകളാണ്.
വള്ളുവള്ളിയെ കൂടാതെ, കണ്ണൂർ ജില്ലയിലെ കോട്ടയം പൊയിൽ, തൃശൂർ ജില്ലയിലെ ഇയ്യാൽ, ഇടുക്കിയിലെ നെടുങ്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽനിന്നും, തമിഴ്നാട്ടിൽ കരൂരിൽനിന്നും റോമൻ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആന, അമ്പ്-വില്ല് തുടങ്ങിയ ചേരന്മാരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ കൊത്തിയ സി.ഇ ഒന്ന്-രണ്ട് നൂറ്റാണ്ടുകളിലെ ചെമ്പ്-വെള്ളി നാണയങ്ങൾ കേരളത്തിൽ പട്ടണം, തമിഴ്നാട്ടിലെ കരൂർ എന്നിവിടങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ട്. കരൂരിൽ കണ്ടെത്തിയ നാണയങ്ങളിൽ കുട്ടുവൻ, മാകോതൈ, കൊല്ലിപ്പൊറൈ എന്നിങ്ങനെയുള്ള പേരുകൾ കൊത്തിയിട്ടുണ്ട്. സി.ഇ രണ്ട്-മൂന്ന് നൂറ്റാണ്ടുകളിലെ ചേര രാജാക്കന്മാരുടെ പേരുകളാണെന്ന് ചരിത്രകാരർ കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം കാണിക്കുന്നത് ബി.സി.ഇ നാലാം നൂറ്റാണ്ടിൽതന്നെ കേരളം ഒരു രാഷ്ട്രീയ ഭൂ പ്രദേശമായി നിലനിന്നിരുന്നു എന്നാണ്. എന്നാൽ, ഇതിനും എത്രയോ മുമ്പ് തന്നെ കേരളത്തിൽ ജനവാസമുണ്ടായിരുന്നു. അക്കാര്യംകൂടി പരിശോധിക്കുമ്പോഴാണ് ഒരുപക്ഷേ ചേരരുടെ ഭരണം ബി.സി.ഇ മൂന്നാം നൂറ്റാണ്ടിനു മുമ്പും ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത കാണുന്നത്.

കേരളം ചേരപുത്രർക്കു മുമ്പ്
ഇന്നേക്ക് ഏതാണ്ട് എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് പ്രാചീന ശിലായുഗ കാലം തൊട്ട് ഇവിടെ ജനവാസമുണ്ടായിരുന്നെന്നും ചരിത്രകാരർ തെളിവുകൾ കണ്ടെത്തി സമർഥിച്ചു. ഇന്നേവരെ കേരളത്തിൽനിന്ന് കണ്ടെത്തിയ പ്രാചീന ശിലായുഗത്തിലെ കൽ മഴുകൾ ഇതിന്റെ തെളിവുകളാണ്. മധ്യശിലായുഗം തൊട്ട് മനുഷ്യർ താമസിച്ചിരുന്ന നിരവധി ചിത്രങ്ങൾ കോറിയിട്ടതും വരച്ചതുമായ പാറഗുഹകൾ വയനാട് ജില്ലയിലെ എടക്കൽ, തൊവരി, ഇടുക്കി ജില്ലയിലെ മറയൂർ, കൊല്ലം ജില്ലയിലെ തെന്മല, തിരുവനന്തപുരം ജില്ലയിലെ ആങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
തെന്മലയിലെ ഗുഹയിൽ ഡോ.പി. രാജേന്ദ്രൻ കണ്ടെത്തിയ ചെറിയ വെള്ളാരങ്കല്ല് ആയുധങ്ങൾക്കൊപ്പം ലഭിച്ച കരിക്കട്ടകളിൽ കാർബൺ ഡേറ്റിങ് പോലുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തിയപ്പോൾ അവ ഏകദേശം ബി.സി.ഇ 3000ൽ ഉള്ളവയാണെന്ന് തെളിഞ്ഞു. അതായത്, ഇന്നേക്ക് 5000 വർഷങ്ങൾക്ക് മുമ്പേ തെന്മലയിലെ ഗുഹകളിൽ ആളുകൾ താമസിച്ചിരുന്നു. കൃഷിയും കന്നുകാലി വളർത്തലും മറ്റും നടത്തി സ്ഥിരതാമസമുറപ്പിച്ച ജനത ഇവിടെയുണ്ടായിരുന്നുവെന്ന് പുരാവസ്തു പണ്ഡിതർ കേരളത്തിൽനിന്ന് കണ്ടെത്തിയ നവീന ശിലായുഗത്തിലെ (ഏകദേശം 3000-1000 ബി.സി.ഇ കാലഘട്ടം) കൽമഴുകളും മൺപാത്രങ്ങളും തെളിയിക്കുന്നു.
തുടർന്ന് ഇരുമ്പുയുഗ-ചരിത്രാരംഭ കാലങ്ങളിൽ (ബി.സി.ഇ 1000 മുതൽ സി.ഇ 500 വരെയുള്ള കാലം) കേരള സമൂഹം വലിയ തോതിൽ വളർന്നു. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന നന്നങ്ങാടി, കുടക്കല്ല്, തൊപ്പിക്കല്ല്, ചെങ്കല്ല് വെട്ടറകൾ, കരിങ്കല്ലറകൾ, കല്ല് വളയങ്ങൾ തുടങ്ങി മഹാശിലാ സ്മാരകങ്ങൾ എന്നറിയപ്പെടുന്ന പുരാവസ്തുക്കൾ ഏതാണ്ട് 1000 ബി.സി.ഇ മുതൽ കേരളത്തിൽ രൂപംകൊണ്ട കാർഷിക സമൂഹത്തിന്റെ തെളിവുകളാണ്. കൊല്ലം ജില്ലയിലെ മങ്ങാട് പുരാവസ്തു പണ്ഡിതൻ ടി. സത്യമൂർത്തി കണ്ടെത്തിയ നന്നങ്ങാടികളിൽനിന്ന് ലഭിച്ച പുരാവസ്തുക്കൾ കാർബൺ ഡേറ്റിങ്ങിന് വിധേയമാക്കിയപ്പോൾ അവയുടെ കാലം ബി.സി.ഇ 1000നും ബി.സി.ഇ 800നും ഇടയിലാണെന്ന് തെളിഞ്ഞു.
ഈ നന്നങ്ങാടികളിൽനിന്ന് ഇരുമ്പുകൊണ്ടുള്ള കാർഷിക ഉപകരണങ്ങളും മൺപാത്രങ്ങളും വർണക്കള്ള മുത്തുകളും എല്ലിൻ കഷണങ്ങളും ലഭിച്ചിരുന്നു. കേരളത്തിൽ ഏതാണ്ട് എല്ലാ ജില്ലകളിൽനിന്നും ഇത്തരം മഹാശിലാ സ്മാരകങ്ങൾ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ലഭിക്കുന്നുമുണ്ട്. ഇരുമ്പയിര് സംസ്കരിച്ച് ഇരുമ്പായുധങ്ങൾ നിർമിച്ചവരും അവയുപയോഗിച്ച് വേട്ടയാടിയവരും, കാട് വെട്ടിക്കരിച്ച് മലകളിലും പറമ്പുകളിലും കൃഷിചെയ്തവരും കലപ്പ ഉപയോഗിച്ച് നിലമുഴുത് വയലുകളിൽ കൃഷിചെയ്തവരും ജലാശയങ്ങളിൽനിന്ന് മീൻ പിടിച്ചവരും ചക്രങ്ങൾ ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമിച്ചവരും വർണക്കൽ മുത്തുകൾ നിർമിച്ചവരും വിവിധ ഉൽപന്നങ്ങൾ കൈമാറ്റ-കച്ചവടങ്ങൾ നടത്തിയവരും ഉപ്പ് നിർമിച്ച് കൈമാറ്റം നടത്തിയവരും മറ്റും 1000 ബി.സി.ഇ മുതൽ കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് മഹാശിലാ സ്മാരക പുരാവസ്തുക്കൾ സൂചിപ്പിക്കുന്നുണ്ട്. പെരിയാറിന്റെ തീരത്തെ പട്ടണത്ത് (എറണാകുളം ജില്ല) നടത്തിയ പുരാവസ്തു ഉത്ഖനനത്തിൽ ലഭിച്ച കരിക്കഷണങ്ങൾ ‘ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി റേഡിയോ കാർബൺ ഡേറ്റിങ്’ നടത്തിയപ്പോൾ ബി.സി.ഇ 1000ൽ അവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.

കേരളം ചേരപുത്രർക്കു ശേഷം
ബി.സി.ഇ അഞ്ചാം നൂറ്റാണ്ടുവരെയൊക്കെ ചേരപുത്രർ എന്നറിയപ്പെട്ടിരുന്ന ചേരന്മാർ കേരളത്തിൽ ഭരണത്തിൽ ഉണ്ടാകാനുള്ള സാധ്യത ചരിത്രകാരൻ തള്ളിക്കളയുന്നില്ല. എന്നാൽ, പിന്നീട് സി.ഇ 800 വരെയുള്ള കാലത്തെ കേരളത്തെക്കുറിച്ച് ചരിത്ര തെളിവുകൾ ഇന്നേവരെ ലഭിച്ചിട്ടുമില്ല. തുടർന്ന് സി.ഇ 800 മുതൽ 1124 വരെ കേരളത്തിൽ ഭരണം നടത്തിയിരുന്ന രണ്ടാം കുലശേഖരന്മാർ എന്നും ചേര പെരുമാക്കന്മാർ എന്നും മറ്റും പരാമർശിക്കപ്പെട്ട ഭരണാധികാരികളുടെ രാഷ്ട്രീയ ഭൂവിഭാഗമായി പന്ത്രണ്ടാം നൂറ്റാണ്ടുവരെ കേരളം തുടരുന്നതിന്റെ തെളിവുകളുണ്ട്. ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള, എം.ജി.എസ്. നാരായണൻ തുടങ്ങിയ ചരിത്രകാരരുടെ പഠനങ്ങളിൽ കേരളത്തിൽ ആദ്യത്തെ രാഷ്ട്രീയ ഏകീകരണം നടന്നത് ഒമ്പത് മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെ മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി ഭരണം നടത്തിയ രണ്ടാം ചേരന്മാരുടെ കാലത്താണ്. ചേര പെരുമാക്കന്മാരുടെ രാജ്യം പതിനാല് നാടുകളിലായി വിഭജിച്ചിരുന്നു.
തെക്ക് വേണാട് മുതൽ വടക്ക് കോലത്തുനാട് വരെയുള്ള നാടുകൾ പെരുമാക്കന്മാരുടെ അധീശത്വം അംഗീകരിച്ചിരുന്നു. ഓരോ നാടും നാട്ടുടയവർ അഥവാ നാടുവാഴികൾ എന്ന ഭരണാധികാരികളുടെ കീഴിലായിരുന്നു. ഈ കാലത്തെ ലിഖിതങ്ങളും സാഹിത്യകൃതികളും കേരളം എന്ന ഭരണപ്രദേശത്തെ പല സന്ദർഭങ്ങളിലും പരാമർശിക്കുന്നുണ്ട്. ‘സുഭദ്ര ധനഞ്ജയ’, ‘തപതി സംവരണ’എന്നീ സംസ്കൃത നാടകങ്ങൾ കുലശേഖര വർമനെ (സ്ഥാണു രവി കുലശേഖരൻ) മഹോദയപുര മന്നനായ കേരളവംശത്തിലെ രാജാവായി പ്രകീർത്തിക്കുന്നു. കേരളാധിനാഥനായും സ്ഥാണുരവിയെ പ്രകീർത്തിക്കുന്നുണ്ട്. സി.ഇ 844നും 883നും ഇടയിൽ കേരളം ഭരിച്ചിരുന്ന ചേര പെരുമാൾ രാജാവായിരുന്നു സ്ഥാണുരവി കുല ശേഖരൻ. സി.ഇ പത്താം നൂറ്റാണ്ടിലെ തൃക്കാക്കര ക്ഷേത്രലിഖിതത്തിൽ ‘കേരള കേസരി’ പെരുമാളാണ് ദാനം നൽകിയതായി പറയുന്നത്.
പതിനൊന്നാം നൂറ്റാണ്ടിലെ സംസ്കൃത ചരിതകാവ്യമായ ‘മൂഷികവംശ’ത്തിൽ രണ്ടാം ചേരന്മാരുടെ ഭരണത്തിൻ കീഴിലുള്ള പ്രദേശത്തെ ‘കേരള രാജ്യം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഏഴിമല കേന്ദ്രീകരിച്ച് ഭരണത്തിലുണ്ടായിരുന്ന ശ്രീകണ്ഠൻ എന്ന മൂഷിക ഭരണാധികാരിക്കായാണ് അതുലൻ എന്ന കൊട്ടാര കവി മൂഷികവംശ കാവ്യം രചിക്കുന്നത്. ചോളന്മാർ കേരള രാജ്യത്തെ ആക്രമിച്ച കാലത്ത് വല്ലഭൻ എന്ന മൂഷിക രാജാവിനെ കേരള രാജാവിനെ സഹായിക്കാനായി ചുമതലപ്പെടുത്തുന്ന കാവ്യസന്ദർഭത്തിലാണ് ‘കേരള രാജ്യം’ എന്ന പരാമർശം വരുന്നത്. മധ്യകാല മണിപ്രവാള കൃതികളായ ‘അനന്തപുരവർണന’ത്തിലും മഹോദപുരത്തിലെ രാജാവിനെ കേരളത്തിന്റെ സംരക്ഷകനായി പരാമർശിക്കുന്നു. സി.ഇ 1124ൽ ചേരഭരണം അധഃപതിച്ചതിനുശേഷവും വേണാട്ടിലെ നാടുവാഴികളിൽ ചിലർ ‘കേരളം’ അഭിഷേകനാമമായി രാജാധികാര സൂചകമായി ഉപയോഗിച്ചിരുന്നു. ഉദാഹരണത്തിന്, കോത കേരള വർമ (1122-1124 സി.ഇ), രാമകേരളവർമ (1205-1125 സി.ഇ), രവികേരളവർമ (1225-1251 സി.ഇ). വേണാട് ഭരണാധികാരിക്ക് വേണാടിന്റെ പ്രദേശത്ത് മാത്രമേ നിയന്ത്രണമുണ്ടായിരുന്നുള്ളൂവെങ്കിലും കേരളത്തിന്റെ മുഴുവൻ പരമാധികാരി എന്ന പദവി ‘കേരള’ എന്ന അഭിഷേക നാമം ചാർത്തുന്നതോടെ വേണാട് രാജാക്കന്മാർക്ക് കൈവരുന്നു.
സി.ഇ 1124നു ശേഷം രണ്ടാം ചേരന്മാരുടെ ഭരണം കേരളത്തിൽ അവസാനിച്ചു എന്നാണ് നിലവിലെ ചരിത്ര ധാരണകൾ. ഇക്കാര്യത്തിൽ എം.ജി.എസ്. നാരായണൻ മുന്നോട്ടുവെച്ച വാദങ്ങളെ ഇന്നേവരെ ചരിത്രകാരർ ആരുംതന്നെ നിരാകരിച്ചിട്ടുമില്ല. രണ്ടാം ചേരപെരുമാക്കന്മാരുടെ പതനത്തിനുശേഷം കേരളം രാഷ്ട്രീയമായി പല നാടുകളായി വിഘടിക്കപ്പെട്ടു. നാടുവാഴി സ്വരൂപങ്ങൾ, ദേശവാഴികൾ, വാഴുന്നോർ എന്നിങ്ങനെ വലുതും ചെറുതുമായ നാട്ടുരാജ്യങ്ങളായാണ് കേരളം ഇക്കാലത്ത് നിലനിന്നിരുന്നത്. കോലത്തുനാട്, നെടിയിരുപ്പ്, വള്ളുവനാട്, പെരുമ്പടപ്പ്, വേണാട് തുടങ്ങിയവ വലിയ നാടുവാഴി സ്വരൂപങ്ങളായി നിലകൊണ്ടു. സി.ഇ പതിനഞ്ച്-പതിനേഴ് നൂറ്റാണ്ടുകൾക്കിടയിൽ ചിട്ടപ്പെടുത്തപ്പെട്ട ‘കേരളോൽപത്തി’ എന്ന കൃതിയിൽ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഗോകർണം വരെയുള്ള പ്രദേശത്തെ ‘മലയാള ഭൂമിയായി’ പരാമർശിക്കുന്നു.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചപോലെ, പുരാണകഥകളിലെ പരശുരാമൻ തന്റെ ക്ഷത്രിയ നിഗ്രഹ പ്രായശ്ചിത്തമായി കടലിനെ മാറ്റി മലയാളഭൂമി ഉണ്ടാക്കി 32 ബ്രാഹ്മണർക്ക് ദാനമായി നൽകിയ കഥകളാണ് ഈ കൃതിയിൽ പറയുന്നത്. 32 ബ്രാഹ്മണ ഗ്രാമങ്ങൾ കേരളത്തിന്റെ നദീതടങ്ങളിൽ വളർന്നുവരുന്നതും അവർ പിന്നീട് പെരുമാൾ എന്ന ഭരണാധികാരികളെ കേരളത്തിന്റെ ഭരണത്തിനായി അവരോധിക്കുന്നതു, അവസാനത്തെ പെരുമാൾ രാജാവ് രാജ്യം നാടുവാഴികൾക്കായി പകുത്തു നൽകുന്നതുമായ കഥകളാണ് ഈ കൃതി പറയുന്നത്.
‘കേരളോൽപത്തി’ ബ്രാഹ്മണർ രചിച്ച കൃതിയാകാമെന്നാണ് ചരിത്രകാരർ അഭിപ്രായപ്പെടുന്നത്. ദാനം കിട്ടിയതെന്ന് അവകാശപ്പെടുന്ന ഭൂമിയുടെ മേലും രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ മേലും ആചാരപരമായ അധീശത്വം നിലനിർത്താനാകും ബ്രാഹ്മണർ ഇങ്ങനെയൊരു കൃതിക്ക് പ്രചാരം നൽകിയതെന്ന് ചരിത്രകാരർ നിരീക്ഷിക്കുന്നു. അതേസമയം നാടുവാഴികൾ തങ്ങളുടെ അധികാരം നാടുകൾക്ക് മേൽ ഉറപ്പിക്കുന്നതിനും ബ്രാഹ്മണരുടെ ആശീർവാദത്തോടെയുള്ള രാഷ്ട്രീയ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതിനും കേരളോൽപത്തി ചരിതം ഉപയോഗപ്പെടുത്തി.
പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷമുള്ള വൈദേശിക യാത്രാവിവരണങ്ങൾ പരിശോധിക്കുമ്പോൾ മംഗലാപുരം അല്ലെങ്കിൽ മഞ്ചേശ്വരം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തെ മലബാർ, മലിബാർ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. മാർക്കോപോളോ, അബുൽഫിദ, ഇബ്നു ബത്തൂത്ത തുടങ്ങിയവരുടെ യാത്രാവിവരണങ്ങൾ ഉദാഹരണങ്ങളാണ്. കേരളം എന്ന രാഷ്ട്രീയ ഭൂമികയെക്കുറിച്ച് പറയുന്നില്ല. പകരം മലകളുടെ താഴ്വാരത്തുള്ള തീരദേശ പ്രദേശത്തെ കുറിക്കുന്ന പേർഷ്യൻ വാക്കായ ‘മലബാർ’ എന്നാണ് പരാമർശിക്കുന്നത്. കേരളം എന്ന പേര് ഒരു രാഷ്ട്രീയ ഭൂപ്രദേശത്തെയും, മലബാർ എന്നത് ഭൂമിശാസ്ത്ര പ്രത്യേകതയെയുമാണ് സൂചിപ്പിക്കുന്നതെന്ന് ചുരുക്കം. മലബാർ നിരവധിയായ രാജ്യങ്ങളായാണ് നിലനിന്നിരുന്നതെന്ന മധ്യകാല യാത്രാവിവരണങ്ങൾ പരാമർശിക്കുന്നു.
പതിനാറാം നൂറ്റാണ്ടിനപ്പുറമുള്ള കൊളോണിയൽ കാലത്ത് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് പ്രധാന രാഷ്ട്രീയ ഭൂവിഭാഗങ്ങളായാണ് കേരളം നിലനിന്നിരുന്നത്. തിരുവിതാംകൂറും കൊച്ചിയും രാജഭരണത്തിൻ കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു. 1799 വരെ ബോംബെ പ്രസിഡൻസിയുടെയും 1800 മുതൽ മദ്രാസ് പ്രസിഡൻസിയുടെയും കീഴിൽ നിലനിന്നിരുന്ന ബ്രിട്ടീഷ് കൊളോണിയൽ ജില്ലയായിരുന്നു മലബാർ. അതുകൊണ്ടുതന്നെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നയിച്ച സ്വാതന്ത്ര്യസമരം പ്രധാനമായും അരങ്ങേറിയത് മലബാറിൽ ആയിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലും നാട്ടുരാജ്യങ്ങളിലെ ഭരണ പ്രാതിനിധ്യങ്ങൾക്കായി നടത്തിയ സമരങ്ങളായിരുന്നു ഏറെയും.

കേരളത്തിൽനിന്ന് കണ്ടെത്തിയ മധ്യകാല ചേര കാലത്തെ ലിഖിതം
മലയാളികളുടെ കേരളം പിറക്കുന്നു
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായാണ്, കേരളം എന്ന മലയാളം സംസാരിക്കുന്ന ഏകീകൃതമായ ഒരു ഭൂവിഭാഗം എന്ന ആശയം ഉടലെടുക്കുന്നത്. ചേരന്മാരുടെ രാഷ്ട്രീയ ഭൂപ്രദേശം എന്നനിലയിലാണ് കേരളം ജനാധിപത്യപൂർവ സമൂഹത്തിൽ നിലനിന്നിരുന്നത്. എന്നാൽ, മലയാള ഭാഷാടിസ്ഥാനത്തിൽ ജനാധിപത്യ സംവിധാനത്തിലുള്ള രാഷ്ട്രീയ ഭൂവിഭാഗം എന്നനിലക്ക് കേരളം രൂപപ്പെടുന്നത് 1956 നവംബർ ഒന്നിനാണ്. 1921ൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങളിൽനിന്നുള്ള നേതാക്കളെ ഉള്പ്പെടുത്തിക്കൊണ്ട് കേരള പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (KPCC) രൂപവത്കരിച്ചതോടെയാണ് ഐക്യകേരളം എന്ന ആശയം രൂപപ്പെടുന്നത്. എറണാകുളത്ത് ചേർന്ന 1928ലെ നാട്ടുരാജ്യ പ്രജാസമ്മേളനം അംഗീകരിച്ച ഒരു പ്രമേയമാണ് ഐക്യകേരളം എന്ന ആശയം മുന്നോട്ടുവെക്കുന്നത്.
തുടർന്ന് 1928ൽ തന്നെ പയ്യന്നൂരിൽ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപവത്കരിക്കുന്നതിന് പരിഗണിക്കുന്നതിനായുള്ള ഒരു പ്രമേയവും പാസാക്കുന്നു. 1946ൽ കൊച്ചിയിലെ കേരളവർമ രാജാവ് കൊച്ചി നിയമസഭക്ക് അയച്ച കത്തിൽ കൊച്ചിയും തിരുവിതാംകൂറും മലബാറും ചേർത്ത് വൈകാതെ ഒരു സംസ്ഥാനം രൂപവത്കരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. 1947ൽ തൃശൂരിൽവെച്ച് കേളപ്പജിയുടെ അധ്യക്ഷതയിൽ ചേർന്ന ഐക്യകേരള കൺവെൻഷൻ ഈ ആവശ്യത്തിന് കൂടുതൽ വേഗത പകർന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യകാലത്ത് നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി, 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് ‘തിരു-കൊച്ചി’ എന്ന ഒറ്റ സംസ്ഥാനം രൂപവത്കരിച്ചു.
തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖനായും കൊച്ചി മഹാരാജാവ് എല്ലാ അവകാശങ്ങളും ജനനന്മക്കായി വിട്ടുകൊടുത്തും നിലകൊണ്ടു. തുടർന്ന് 1955 വരെ തിരു-കൊച്ചി സംസ്ഥാനത്ത് ജനകീയ നിയമസഭാ നിലനിന്നിരുന്നു. ഇക്കാലയളവിൽ ടി.കെ. നാരായണപ്പിള്ള, സി. കേശവൻ, എ.ജെ. ജോൺ, പട്ടം എ. താണുപ്പിള്ള, പനമ്പിള്ളി ഗോവിന്ദ മേനോൻ തുടങ്ങിയവരുടെ മന്ത്രിസഭകൾ രൂപവത്കരിക്കപ്പെട്ടിരുന്നു. പനമ്പിള്ളിയുടെ മന്ത്രിസഭ ഇല്ലാതായതോടെ തിരു-കൊച്ചി സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ആരംഭിച്ചു. ഈ സമയത്താണ് ജസ്റ്റിസ് ഫസൽ അലി, കെ.എം. പണിക്കർ, എച്ച്.എൻ. കുൻസ്രു എന്നിവർ അംഗങ്ങളായുള്ള കേന്ദ്രസർക്കാറിന്റെ ‘സംസ്ഥാന പുനഃസംഘടനാ കമീഷൻ’ അതിന്റെ റിപ്പോർട്ട് 1955 സെപ്റ്റംബർ 30ന് സമർപ്പിക്കുന്നത്.
ആന്ധ്രപ്രദേശിൽ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനായി പോറ്റി ശ്രീരാമലു നടത്തിയ സമരത്തെയും 1952 ഡിസംബർ 15ന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെയും തുടർന്ന് ആയിരുന്നു കേന്ദ്ര സർക്കാർ ജസ്റ്റിസ് ഫസൽ അലി തലവനായി ‘സംസ്ഥാന പുനഃസംഘടനാ കമീഷനെ’ നിയമിച്ചത്. ഈ കമീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ തീരുമാനമായത്. ഇതനുസരിച്ച് തിരു-കൊച്ചി സംസ്ഥാനത്തോടൊപ്പം മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറും കാസർകോട് താലൂക്കും (തെക്കൻ കാനറ ജില്ലയുടെ ഭാഗം) കൂട്ടിച്ചേർക്കപ്പെട്ടു. അതേസമയം, തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ല മദ്രാസിനോട് (തമിഴ്നാട്) ചേർക്കപ്പെടുകയും ചെയ്തു. അങ്ങനെ, 1956 നവംബർ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം ഔദ്യോഗികമായി പിറവിയെടുത്തു. അതോടെ, കേരളം ജനാധിപത്യ ഭരണക്രമത്തിലേക്ക് പൂർണമായും മാറ്റപ്പെട്ടു. തിരു-കൊച്ചി സംസ്ഥാനത്ത് ഉണ്ടായിരുന്ന രാജപ്രമുഖൻ എന്ന പദവി ഇല്ലാതായി, പകരം ഇന്ത്യൻ ഭരണഘടനാ പദവിയിലുള്ള ഗവർണർ സംസ്ഥാന തലവനായി വരുകയും ചെയ്തു.
1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വരുമ്പോൾ, തിരു-കൊച്ചിയിലെ അവസാന രാജപ്രമുഖനായ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ സ്ഥാനം ഒഴിയുകയും പിന്നീട് ബി. രാമകൃഷ്ണ റാവു കേരളത്തിന്റെ ആദ്യത്തെ ഗവർണറായി ചുമതലയേൽക്കുകയും ചെയ്തു. അതിനുശേഷം 1957 മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരുന്നതും. ചുരുക്കത്തിൽ, രാജാധികാരത്തിന്റെ സകല ചിഹ്നങ്ങളും പൂർണമായും അവസാനിച്ച് ഇന്ത്യൻ ഭരണഘടനക്ക് വിധേയമായ പൂർണ ജനാധിപത്യ ഭരണ സംവിധാനത്തിലുള്ള മലയാളികളുടെ രാഷ്ട്രീയ ഭൂമികയായി കേരളം അംഗീകരിക്കപ്പെട്ടതിന്റെ ഓർമ പുതുക്കുന്ന ദിനമാണ് നവംബർ ഒന്ന്.
ചുരുക്കത്തിൽ കേരളം പിറന്നത് നവംബർ ഒന്നിനല്ല. ചേരപുത്രരുടെ നാടായി അത് നേരത്തേ പിറന്നതാണ്. അത് പരശുരാമ സൃഷ്ടിയുമല്ല, ബ്രാഹ്മണർക്ക് ദാനമായി കിട്ടിയതുമല്ല. പ്രാചീന ശിലായുഗം മുതൽ കേരളത്തിൽ ജനവാസമുണ്ടായിരുന്നു. ഏതാണ്ട് സി.ഇ നാലാം നൂറ്റാണ്ട് ആകുമ്പോഴേക്കും വലിയ സമ്പത്തുള്ളതും, ജനപ്പെരുപ്പമുള്ളതും, ചേരന്മാരുടെ അധികാരത്തിന് കീഴിലുള്ളതും, ഗ്രീക്ക്-റോമൻ കച്ചവടക്കാരുടെ പോക്കുവരവുകൾ ഉണ്ടായിരുന്നതുമായ ഒരു പ്രദേശമായി അഥവാ കേരളപുത്രരുടെ അല്ലെങ്കിൽ ചേരപുത്രരുടെ നാടായി കേരളം മാറിയിരുന്നു.
അതിന്റെ തുടർച്ച രണ്ടാം ചേരന്മാരുടെ കീഴിൽ ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഉണ്ടായിരുന്നു. തുടർന്നും കേരളം എന്ന പേര് ഭരണാധികാരികളുടെ പേരിനൊപ്പം ചേർത്ത് വിളിക്കുന്ന പതിവ് കേരളത്തിലെ പലനാട്ടുരാജ്യങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു. കൊളോണിയൽ കാലത്ത് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് രാഷ്ട്രീയ ഭൂവിഭാഗങ്ങളായാണ് കേരളം നിലനിന്നത്. 1947ൽ കൊളോണിയൽ ഭരണം ഇല്ലാതായെങ്കിലും, 1955 വരെ രാജാധികാരത്തിന്റെയും കൊളോണിയൽ ഭരണസംവിധാനങ്ങളുടെയും നിഴലിൽതന്നെയായിരുന്നു കേരളത്തിൽ ഭരണം നടന്നിരുന്നത്. 1956 നവംബർ ഒന്നിനാണ് ജനാധിപത്യത്തെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു മലയാള ഭാഷാ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടുന്നത്. അങ്ങനെയൊരു കേരളമാണ് നവംബർ ഒന്നിന് മലയാളികളുടെ നാടായി പിറവിയെടുത്തത്.

