ഒരു പുതിയ ഇടതുപക്ഷത്തെ കേരളം കാത്തിരിക്കുന്നു

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എം നയിച്ച എൽ.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടത് എന്തുകൊണ്ടാണ്? തിരിച്ചുവരവ് ഇനി സാധ്യമാണോ? എന്താണ് ഈ തെരഞ്ഞെടുപ്പിലൂടെ ദൃശ്യമാകുന്ന മാറ്റത്തിന്റെ സൂചനകൾ? -മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകന്റെ വിശകലനം. കേരളപ്പിറവി മുതൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യ മുഖമുദ്ര കാലഹരണപ്പെട്ടു എന്നതാണ് ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രധാന ഫലശ്രുതി. കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിൽ ദശാബ്ദങ്ങളോളം തുടർന്ന ഇരുധ്രുവ രാഷ്ട്രീയ വ്യവസ്ഥയാണ് ചരമമടഞ്ഞ ആ മുഖമുദ്ര. കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം...
Your Subscription Supports Independent Journalism
View Plansതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സി.പി.എം നയിച്ച എൽ.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടത് എന്തുകൊണ്ടാണ്? തിരിച്ചുവരവ് ഇനി സാധ്യമാണോ? എന്താണ് ഈ തെരഞ്ഞെടുപ്പിലൂടെ ദൃശ്യമാകുന്ന മാറ്റത്തിന്റെ സൂചനകൾ? -മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ ലേഖകന്റെ വിശകലനം.
കേരളപ്പിറവി മുതൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യ മുഖമുദ്ര കാലഹരണപ്പെട്ടു എന്നതാണ് ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രധാന ഫലശ്രുതി. കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിൽ ദശാബ്ദങ്ങളോളം തുടർന്ന ഇരുധ്രുവ രാഷ്ട്രീയ വ്യവസ്ഥയാണ് ചരമമടഞ്ഞ ആ മുഖമുദ്ര. കഴിഞ്ഞ 10 വർഷമായി ബി.ജെ.പിയിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യം വഹിക്കുന്ന ഭൂരിപക്ഷ മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അവസാനത്തെ ബാലികേറാമലയെന്ന സ്ഥാനം കേരളത്തിന് പൂർണമായും നഷ്ടപ്പെട്ടതിന്റെ ഏറ്റവും ഉച്ചത്തിലുള്ള പ്രഖ്യാപനംകൂടിയായി ഈ തെരഞ്ഞെടുപ്പ് ഫലം. ഒപ്പം കേരള രാഷ്ട്രീയത്തിലെ ഏറ്റവും നിർണായക ശക്തിയെന്ന പദവി ന്യൂനപക്ഷ രാഷ്ട്രീയ കക്ഷികളിൽനിന്ന് ഹിന്ദുത്വ രാഷ്ട്രീയ കക്ഷിയിലേക്ക് നീങ്ങുന്നതിന്റെയും പുതിയ തെളിവായിരിക്കുന്നു. ഇക്കുറി തിരുവനന്തപുരത്ത് ഒഴികെ മറ്റിടങ്ങളിൽ വലിയ മുന്നേറ്റം കൈവരിക്കാനായില്ലെങ്കിലും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശേഷി ഇന്ന് ഏറ്റവും അധികം കൈവശമുള്ളത് ബി.ജെ.പിക്ക് തന്നെയായിട്ടുണ്ട്.
ഇന്ത്യയിൽ അധികാരത്തിൽ വന്ന മൂന്ന് സംസ്ഥാനങ്ങളിൽ അവസാനത്തെയും നഷ്ടമാകുന്നതിന്റെ തുടക്കവുമാകാം ഈ ഫലം. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടനാരൂപം കൈവന്നതിന്റെ ശതാബ്ദി വേളയിൽ ആണിത് എന്നത് സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന പ്രസ്ഥാനത്തിനാണ് ഈ ദുര്യോഗം എന്നും ഓർക്കണം. അതേസമയം ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബീജാവാപം കുറിച്ച ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെയും ശതാബ്ദിയാണ് ഇപ്പോൾ. സ്വാതന്ത്ര്യവേളയിൽ ദുർബലമായിരുന്ന ആ പ്രസ്ഥാനത്തിന്റെ വളർച്ചയാകട്ടെ ക്ഷയിച്ചുപോയ ഇടതുപക്ഷത്തിനു നേരെ വിരുദ്ധമായി ഉയരങ്ങളിലേക്കുമാണ്. എട്ടോളം ദശാബ്ദങ്ങൾകൊണ്ട് ഈ രണ്ട് പരസ്പര വിരുദ്ധ രാഷ്ട്രീയ ചേരികൾ സ്വന്തം ശാക്തിക നില തമ്മിൽ തമ്മിൽ കൈമാറിയതുപോലെ.
ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു വലിയ പ്രഖ്യാപനം കേരളത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയിലും ഇടതുപക്ഷത്തിനുണ്ടായ വലിയ തളർച്ചയാണ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളെക്കാൾ കടുത്തതാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുന്ന ആഘാതം. കാരണം അത് രാഷ്ട്രീയ കക്ഷികളുടെ ഏറ്റവും താഴേക്കിടയിലുള്ള സ്വാധീനത്തിന്റെ പ്രതിഫലനമാണ് എന്നതുതന്നെ. ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി ഉണ്ടായപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഭദ്രമായി നിന്ന (2010ൽ ഒഴികെ) ഇടതുപക്ഷ ശക്തിയിലാണ് ഇപ്പോൾ കരിനിഴൽ വീണിരിക്കുന്നത്. 2010ൽ ഇതിലും മോശമായിരുന്ന പ്രകടനത്തിന് ശേഷം അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ നേരിയതോതിൽ മാത്രം ആയിരുന്നു പരാജയമെന്നും പിന്നീട് അഭൂതപൂർവമായി തുടർവിജയമടക്കം രണ്ട് തവണ തങ്ങൾ നിയമസഭയിലേക്ക് ജയിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷം ഇത്തവണത്തെ തിരിച്ചടി ലഘൂകരിക്കുന്നത് ആത്മവഞ്ചനയായിരിക്കും എന്നേ പറയുന്നുള്ളൂ.

എന്തുകൊണ്ട്?
ഇടതുപക്ഷത്തിന്റെ ഈ തകർച്ചക്കുള്ള കാരണങ്ങൾ എന്തൊക്കെയാകാം? തീർച്ചയായും അവയിൽ ഏറ്റവും പ്രാഥമികം പത്ത് വർഷമായി അധികാരം കൈയാളുന്ന എൽ.ഡി.എഫിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണെന്ന് വ്യക്തം. പ്രത്യേകിച്ചും 2021ൽ ഭരണത്തിൽ വന്ന രണ്ടാം പിണറായി സർക്കാറിനെതിരെയുള്ള വികാരം. പല നേട്ടങ്ങളും അവകാശപ്പെടുമ്പോഴും അവയെയൊക്കെ മറികടക്കുന്ന വിധം പ്രതിച്ഛായയിൽ വീണ നിഴലുകൾ മൂലമുള്ള വികാരം.
പക്ഷേ, അതിലും ആഴത്തിലുള്ള ചില ഘടകങ്ങൾ ഈ തകർച്ചക്കു പിന്നിലുണ്ട്. അതിൽ മുഖ്യം നടേ പറഞ്ഞ ബി.ജെ.പി യുടെ വളർച്ചയാണ്. കേരളത്തിന്റെ പരമ്പരാഗതമായ രാഷ്ട്രീയ സമവാക്യങ്ങളെത്തന്നെ ഇളക്കിമറിച്ചിരിക്കുകയാണ് ഈ വളർച്ച. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള കാലഘട്ടത്തിൽ അഞ്ച് ശതമാനത്തിൽനിന്ന് ഇരുപത് ശതമാനത്തോളം വോട്ടിൽ എത്തിനിൽക്കുന്നു ദേശീയ ജനാധിപത്യ മുന്നണിയുടെ കേരളത്തിലെ വളർച്ച.
അധികാരത്തിൽ എത്തിയില്ലെങ്കിലും കേരളത്തിലെ ഇരുധ്രുവ രാഷ്ട്രീയത്തിന്റെ അന്ത്യം വേഗത്തിലാക്കിക്കൊണ്ട് ഈ വളർച്ച ത്രികോണപ്പോരാട്ടത്തിലൂടെ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും ബാധിച്ചിട്ടുണ്ട്. എൻ.ഡി.എയുടെ ഈ വളർച്ചയെ രണ്ട് ഘട്ടങ്ങളായി തിരിക്കാം. 2021 വരെയെങ്കിലും നീണ്ട ഒന്നാം ഘട്ടത്തിൽ ഇതിന്റെ ഗുണഭോക്താവ് എൽ.ഡി.എഫ് ആയിരുന്നു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ ഇത് പ്രകടമായിരുന്നു. അന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫിന് അടുത്ത കുറി (2011) ആയപ്പോൾ വെറും രണ്ട് സീറ്റിന്റെ വ്യത്യാസത്തിൽ മാത്രമാണ് തുടർഭരണം നഷ്ടമായത്.
അന്ന് വി.എസ്-പിണറായി വിഭാഗീയത രൂക്ഷമായിരുന്നുവെന്ന് ഓർക്കണം. അതുതന്നെയായിരുന്നു ആ നേരിയ പരാജയത്തിന്റെ പിന്നിൽ മുഖ്യം. 2016 ആയപ്പോൾ എൽ.ഡി.എഫ് നേടിയത് വൻ വിജയം. അഞ്ച് വർഷംകൂടി കഴിഞ്ഞപ്പോൾ (2021) അഭൂതപൂർവമായ തുടർവിജയവുംകൂടി ആയപ്പോൾ കേരള രാഷ്ട്രീയചരിത്രത്തിൽതന്നെ ഇടതുപക്ഷത്തിന്റെ ഏറ്റവും കരുത്തുള്ള കാലമായി ഇക്കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾ. സുദീർഘമായ ആധിപത്യത്തിനുശേഷം ബംഗാളും ത്രിപുരയും കൈവിട്ടതടക്കം ഇന്ത്യൻ ഇടതുപക്ഷം പാർലമെന്റിലും രാജ്യത്ത് ആകെയും ചരിത്രത്തിലേറ്റവും വലിയ തിരിച്ചടികൾ നേരിട്ട അതേ കാലത്താണ് കേരളത്തിൽ നേരെ വിരുദ്ധമായ കാഴ്ച എന്നത് ശ്രദ്ധേയമാണ്.
രണ്ട് ദശാബ്ദം നീണ്ട കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഈ തേരോട്ടത്തിന് പല കാരണങ്ങളും ഉണ്ടാകാം. അവയിൽ രാഷ്ട്രീയ ധാർമികതയുടെ ബിംബമായി ഉയർന്ന് സംസ്ഥാനത്ത് മറ്റൊരു നേതാവിനും ലഭിക്കാത്ത തരം ജനപ്രിയത കൈവരിച്ച വി.എസിനും പിന്നീട് ‘ഇരട്ടച്ചങ്കൻ’ എന്ന് പേരെടുത്ത് കാര്യശേഷിയുടെ ബിംബമായി ഉയർന്ന പിണറായിക്കും ലഭിച്ച വ്യക്തിപരമായ സമ്മതി ഉണ്ട്. അവർ നയിച്ച സർക്കാറുകളുടെ നേട്ടങ്ങൾ ഉണ്ട്. യു.ഡി.എഫിന്റെ വിവിധങ്ങളായ ദൗർബല്യങ്ങളുമുണ്ട്.
പക്ഷേ, അവയിലൊക്കെ അപ്പുറത്തുള്ള കാരണം മറ്റൊന്നാണ്. കേരളത്തിന്റെ അടിസ്ഥാനപരമായ രാഷ്ട്രീയ സമവാക്യങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയം വരുത്തിയ മാറ്റം. സംസ്ഥാനത്തെ ഇടതു വിരുദ്ധ ചേരിയിൽ ഇത് സൃഷ്ടിച്ച വലിയ പിളർപ്പിന്റെ സ്വാഭാവിക ഗുണഭോക്താവായി ഈ രണ്ട് ദശാബ്ദക്കാലം എൽ.ഡി.എഫ് സ്വാഭാവികമായും അതിന്റെ നഷ്ടം യു.ഡി.എഫിനുമായി. കേരളത്തിൽ ഇടതു വിരുദ്ധ ചേരി ഒന്നിച്ചുനിന്നാൽ അതിനാകും ശക്തി എന്ന് ഇ.എം.എസിനെ പോലെയുള്ള ഇടതുപക്ഷ നേതാക്കൾ പണ്ട് തന്നെ സമ്മതിച്ചിട്ടുള്ളതാണ്.

1957ൽ എത്രയും പുരോഗമനപ്രദമായ പരിഷ്‍കാരങ്ങൾ നടപ്പാക്കിയ പ്രതിഭാസമ്പന്നമായ ഒന്നാം ഇ.എം.എസ് സർക്കാറിനെതിരെ വ്യത്യസ്ത ജാതി മത നേതൃത്വങ്ങളുടെ നായകത്വത്തിൽ നടന്ന വിമോചനസമരവും ആ സർക്കാറിനെ ജനാധിപത്യ വിരുദ്ധമായി പിരിച്ചുവിട്ടതും തുടർന്നുള്ള തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയവും ഒക്കെ ഇടതുവിരുദ്ധ സഖ്യത്തിന്റെ ശക്തി സംശയലേശമെന്യേ തെളിയിച്ചു. പിന്നെ ഒരു ദശാബ്ദം അധികാരത്തിന് പുറത്തായ ഇടതുപക്ഷം ഭരണത്തിലേക്ക് മടങ്ങുന്നത് 1957ലെ വിമോചനസമര മുന്നണിയെ പൊളിച്ചുകൊണ്ട് സപ്തകക്ഷി മുന്നണി രൂപവത്കരിച്ചതോടെ മാത്രമാണ്. ഭരണം തിരിച്ചുപിടിച്ച ഈ മുന്നണിയിൽ കോൺഗ്രസിനെ തോൽപിക്കാൻ ഏത് ചെകുത്താനുമായും കൈകോർക്കുമെന്ന് പ്രഖ്യാപിച്ച ഇ.എം.എസിന് ഒപ്പം പഴയ വിമോചന സമര കക്ഷികളും നേതാക്കളുമൊക്കെ ചേർന്നിരുന്നു.
പക്ഷേ, അധികം വൈകാതെ തന്നെ ഇടതുപക്ഷത്തുനിന്നും സി.പി.ഐയെ വരെ അടർത്തിയെടുത്തുകൊണ്ട് കോൺഗ്രസ് മുന്നണി വീണ്ടും അധികാരത്തിലേറി. പത്ത് വർഷം വീണ്ടും സി.പി.എം അധികാരത്തിന് പുറത്ത്. തുടർന്ന് ഇടതു വലതു ചേരികളിലെ കക്ഷികൾ പലതും പരസ്പരം കൂറുമാറിയ കാലത്ത് അധികാരവും ഈ മുന്നണികൾ അന്യോന്യം കൈമാറി. എന്നാൽ, രണ്ടായിരത്തിനുശേഷം കാഴ്ച മറ്റൊന്നാണ്. ബി.ജെ.പിയുടെ വളർച്ച കണ്ട ഇക്കാലത്തെ മുഖ്യ പ്രതിഭാസം ഇടതുവിരുദ്ധ ചേരിയിൽ വന്ന ദീർഘവും സ്ഥായിയുമായ പിളർപ്പാണ്. ഇതിന്റെ ഫലമാണ് അന്ന് മുതൽ 2021 വരെ കേരളം കണ്ട ഇടത് ആധിപത്യം.
പക്ഷേ, ഈ വളർച്ചയുടെ രണ്ടാം ഘട്ടമായ ഇപ്പോൾ അതിന്റെ ഫലശ്രുതി മാറിമറിഞ്ഞിരിക്കുന്നു. അതിന്റെ ഗുണഭോക്താവ് ഇന്ന് യു.ഡി.എഫാണ്. നഷ്ടം എൽ.ഡി.എഫിനും. ബി.ജെ.പി ചേരിയുടെ വളർച്ച ആദ്യഘട്ടത്തിൽ പിളർത്തിയത് യു.ഡി.എഫ് വോട്ട് ആയിരുന്നെങ്കിൽ അത് 20 ശതമാനത്തിലേക്ക് വളർന്നത് എൽ.ഡി.എഫ് വോട്ടുകളിലേക്കും കടന്നുകയറിക്കൊണ്ടാണ്. 2024ൽ കണ്ടപോലെ ഇക്കുറിയും ഇടതു കോട്ടകളിൽ എൻ.ഡി.എ കൈവരിച്ച അട്ടിമറികൾ ഇത് വ്യക്തമാക്കുന്നു. 2024ലെപ്പോലെ ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രമായിരുന്ന ഈഴവ സമുദായത്തിൽനിന്നും എൻ.ഡി.എയിലേക്കുള്ള ഒഴുക്ക് സി.പി.എം തന്നെ വിലയിരുത്തിയതാണ്.
നഷ്ടം കൂടുതൽ എൽ.ഡി.എഫിന്
ഈ സമവാക്യ മാറ്റത്തിൽ ഒന്നാം ഘട്ടത്തിൽ യു.ഡി.എഫിനുണ്ടായ നഷ്ടത്തേക്കാൾ വലുതാകും എൽ.ഡി.എഫ് നേരിടുക എന്ന് അനുമാനിക്കാം. അതിന് കാരണം എൽ.ഡി.എഫിന്റെ മുഖ്യ പിന്തുണ ഹിന്ദു സമുദായങ്ങളിൽനിന്നാണ് എന്നതാണ്. മുമ്പ് തന്നെ ഇടതുപക്ഷത്തുനിന്ന് എൻ.ഡി.എയിലേക്ക് നീങ്ങിയ സവർണ വിഭാഗങ്ങൾക്ക് പുറമെ ഈഴവാദി സമുദായങ്ങളിലും ഇത് വ്യാപകമാകുമ്പോൾ എൽ.ഡി.എഫിന് വേരുകൾതന്നെ തകരുന്ന സ്ഥിതിയാണ് ഉണ്ടാവുക. യു.ഡി.എഫിനാകട്ടെ തങ്ങളെ കൈവിട്ട ഹിന്ദുവിഭാഗങ്ങളുടെ കുറവ് ശക്തമായി നികത്താൻ കഴിയുന്നവിധം ന്യൂനപക്ഷങ്ങളുടെ പിന്തുണയുണ്ട്. ഈ ആനുകൂല്യവും എൽ.ഡി.എഫിനില്ല.
ഇത് തിരിച്ചറിഞ്ഞ സി.പി.എം അതിജീവനത്തിനായി കണ്ട കുറുക്കുവഴി ഹിന്ദുവിഭാഗങ്ങളെ ഒപ്പംപിടിച്ചുനിർത്താനുള്ള അടവുകളാണ്. ജമാഅത്തെ ഇസ്‍ലാമി തുടങ്ങിയ കക്ഷികൾക്കെതിരെ തുടർച്ചയായി നിലപാട് സ്വീകരിക്കുന്നതും തുറന്ന മുസ്‍ലിം വിരോധം പ്രകടിപ്പിക്കുകയും ഹിന്ദുത്വത്തോട് പരോക്ഷബന്ധം പുലർത്തുകയുംചെയ്യുന്ന വെള്ളാപ്പള്ളിയെയും എൻ. എസ്.എസിന്റെ സുകുമാരൻ നായരെയും പ്രീണിപ്പിക്കുന്നതും ആഗോള അയ്യപ്പസംഗമംപോലെയുള്ള പരിപാടികൾ തട്ടിക്കൂട്ടുന്നതുമൊക്കെ ഈ കുറുക്കുവഴിയുടെ ഭാഗമാണ്. അതേസമയം ഇതിനിടക്കും കടുത്ത യാഥാസ്ഥിതികരായ മുസ്‍ലിം-ക്രൈസ്തവ നേതാക്കളുമായി തക്കംപോലെ സമ്പർക്കം പുലർത്തുന്നതരം സുതാര്യമായ അവസരവാദവും ഇടതുപക്ഷ നേതാക്കൾക്ക് സ്വന്തം.
ഭൂരിപക്ഷമതവിശ്വാസികൾ എൻ.ഡി.എയിലേക്കും ന്യൂനപക്ഷങ്ങൾ യു.ഡി.എഫിലേക്കും പോയാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയവ്യവസ്ഥയിൽ ഇതല്ലാതെ ഞങ്ങൾ എന്ത് ചെയ്യുമെന്നാണ് ഇടതുപക്ഷത്തിന്റെ നിസ്സഹായത സ്ഥുരിക്കുന്ന ചോദ്യം. മതജാതി വിഭാഗീയത ആധിപത്യം വഹിക്കുന്ന സ്വത്വ രാഷ്ട്രീയത്തിനോട് കീഴടങ്ങിയതായി സ്വയം സമ്മതിക്കുന്നതാണ് ഈ ചോദ്യം. ഉപഭോഗത്വര മുഖമുദ്രയായ മധ്യവർഗം ആധിപത്യം വഹിക്കുന്ന വർത്തമാനകാല കേരളീയസമൂഹത്തിൽ പരമ്പരാഗത വർഗരാഷ്ട്രീയത്തിന് ഇനി എന്ത് പ്രസക്തി എന്നും ചോദ്യമുണ്ട്. പക്ഷേ, ഇന്ത്യയിൽ ഏറ്റവും ഉയർന്ന അസമത്വം നിലനിൽക്കുന്ന കേരളത്തിൽ ഇന്നും കാതലുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി കുറവല്ല.

കേരള മോഡൽ വികസനത്തിലോ 1990കൾ മുതൽ വിദേശപണപ്രവാഹം ത്വരിതപ്പെടുത്തിയ സാമ്പത്തിക വളർച്ചയിലോ അർഹമായ ഇടം ലഭിക്കാതെ പോയ പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും ദലിത് ക്രിസ്ത്യാനികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന ആവശ്യങ്ങൾപോലും ഇനിയും പരിഹരിക്കാതെ അവശേഷിക്കുന്നുണ്ട് എന്നത് സത്യം. പക്ഷേ ഇടതുപക്ഷത്തിനടക്കം കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ദൃശ്യതയാൽ മുന്നിലുള്ള മധ്യവർഗത്തിന്റെ ‘വികസന’ കൽപനകളോടും സംഘടിതശേഷിയും സംഖ്യാബലവുമുള്ള സാമുദായിക വിഭാഗങ്ങളോടും മാത്രമാണ് താൽപര്യം. ഇന്നും അവർണ വിഭാഗങ്ങൾക്ക് അയിത്തം പ്രഖ്യാപിച്ച് ഗുരുവായൂർ, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ പുരോഹിത പദവികളിൽ തുടരുന്ന സവർണ സംവരണം അവസാനിപ്പിക്കാനുള്ള ആലോചനകൾക്ക് ഇടതുപക്ഷത്തിന് പോലും താൽപര്യം കാണുന്നില്ല. പ്രവാചക കേശം, ശബരിമല സ്ത്രീപ്രവേശം തുടങ്ങിയ വിഷയങ്ങളിലെ പുരോഗമനപരമായ നിലപാടുകളിലാകട്ടെ വെള്ളം ചേർക്കുകയുംചെയ്തിരിക്കുന്നു.

ഇടതിന്റെ സ്വത്വ രാഷ്ട്രീയം
വലതുപക്ഷത്തിന്റെ സ്വത്വ രാഷ്ട്രീയ ശൈലിയുടെ അനുകരണമായി ഇടതുപക്ഷത്തിന്റെയും ശൈലി. മതരാഷ്ട്രീയത്തിന് മറുപടി മതരാഷ്ട്രീയം അല്ല. തീവ്ര ഹിന്ദുത്വത്തിന് പകരം അതിനെ തോൽപിക്കാൻ എന്ന പേരിൽ മൃദുഹിന്ദുത്വം കളിക്കുന്നത് സമൂഹത്തെ മുഴുവൻ മതരാഷ്ട്രീയത്തിന് കീഴ്പ്പെടുത്തുകയേ ഉള്ളൂ. അമ്പലങ്ങൾ ബി.ജെ.പിക്കാർ പിടിച്ചെടുക്കുന്നത് തടയാൻ ഇടതുപക്ഷം അമ്പല കമ്മിറ്റിയിൽ കയറിക്കൂടിയാൽ മതേതരത്വമല്ല മതരാഷ്ട്രീയമാണ് വളരുക. മതരാഷ്ട്രീയത്തിന്റെ ദീർഘപാത മത മൗലികവാദത്തിലേക്കും ആചാരലഹരിയിലേക്കും അപരമത വിദ്വേഷത്തിലേക്കും മാത്രമാണ്.
തെരഞ്ഞെടുപ്പുകളിൽപോലും ഇത് ഗുണംചെയ്യില്ല. തീവ്രമതവാദികളുടെ എ ടീം ഉള്ളപ്പോൾ മൃദുമതവാദികളുടെ ബി ടീമിന് പ്രസക്തി ഉണ്ടാകില്ലെന്നത് വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ അനുഭവസത്യമാണ്. ഇടതുപക്ഷം ഇനിയും ഇക്കാര്യം പഠിച്ചില്ലെങ്കിൽ 2026 ഒന്നുകൂടി ഇത് പഠിപ്പിച്ചേക്കാം. പുതിയ കാലത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള ഭാവന, സ്വന്തം രാഷ്ട്രീയത്തിന്റെയും ധാർമികമൂല്യങ്ങളുടെയും വീണ്ടെടുപ്പ്, വ്യക്തിപൂജയുടെയും അധികാര കേന്ദ്രീകരണത്തിന്റെയും ജീർണത ബാധിക്കാത്ത സംഘടനാശരീരം, തെറ്റ് സമ്മതിക്കാനും തിരുത്താനും വിനയമുള്ള നേതൃത്വം എന്നിവയാലൊക്കെ സമ്പന്നമായ ഒരു പുതിയ ഇടതുപക്ഷത്തെ കേരളം കാത്തിരിക്കുന്നു.
