Begin typing your search above and press return to search.
proflie-avatar
Login

മുസ്‍ലിം ലീഗിന്‍റെ ഭൂതവും ഭാവിയും

മുസ്‍ലിം ലീഗിന്‍റെ ഭൂതവും ഭാവിയും
cancel

2022 മാർച്ച് ആറിന് വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒാർക്കുന്നു. ഈ വിടവാങ്ങൽ ലീഗിനെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് വിലയിരുത്തുന്നു.മുസ്‍ലിം ലീഗിന് അതിന്‍റെ അമരക്കാരനെ നഷ്ടപ്പെട്ടിരിക്കുന്നു. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽനിന്നുള്ള മൂന്നാമത് പടയാളിയെയാണ് പാർട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പകരം കുടുംബത്തിലെ നാലാമൻ നേതൃപദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. പുതിയ നേതൃത്വത്തിൽ മുസ്‍ലിം ലീഗിന്‍റെ ഭാവി എന്തായിരിക്കും? ഇനി പകരക്കാരന്‍റെ പ്രകടനത്തിലാണ് രാഷ്ട്രീയ കേരളത്തിന്‍റെ ഉറ്റുനോട്ടം.പാണക്കാട് മുസ്‍ലിം ലീഗ്...

Your Subscription Supports Independent Journalism

View Plans

2022 മാർച്ച് ആറിന് വിടവാങ്ങിയ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒാർക്കുന്നു. ഈ വിടവാങ്ങൽ ലീഗിനെ എങ്ങനെയൊക്കെയാണ് ബാധിക്കുക എന്ന് വിലയിരുത്തുന്നു.

മുസ്‍ലിം ലീഗിന് അതിന്‍റെ അമരക്കാരനെ നഷ്ടപ്പെട്ടിരിക്കുന്നു. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽനിന്നുള്ള മൂന്നാമത് പടയാളിയെയാണ് പാർട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പകരം കുടുംബത്തിലെ നാലാമൻ നേതൃപദവിയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. പുതിയ നേതൃത്വത്തിൽ മുസ്‍ലിം ലീഗിന്‍റെ ഭാവി എന്തായിരിക്കും? ഇനി പകരക്കാരന്‍റെ പ്രകടനത്തിലാണ് രാഷ്ട്രീയ കേരളത്തിന്‍റെ ഉറ്റുനോട്ടം.

പാണക്കാട് മുസ്‍ലിം ലീഗ് രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവായി മാറുന്നത് അത് മുസ്‍ലിം ലീഗിന്‍റെ അധ്യക്ഷപദവി അലങ്കരിക്കുന്നതുകൊണ്ടു മാത്രമല്ല. കേരളത്തിലെ മുസ്‍ലിം രാഷ്ട്രീയത്തിൽ അത് സ്വീകരിക്കുന്ന മാതൃകാപരമായ നിലപാടുകൊണ്ടുകൂടിയാണ്. പതിറ്റാണ്ടുകളിലെ പ്രയാണത്തിനിടയിൽ ആ നിലപാട്, ഒരേസമയം പാണക്കാട് നേതൃത്വത്തിന്‍റെ ബാധ്യതയും ഉത്തരവാദിത്തവുമായി മാറിയിരിക്കയാണ്. സുപ്രധാന വിഷയങ്ങളിൽ തികച്ചും പാർട്ടി കേന്ദ്രീകൃതമായ നിലപാട് സ്വീകരിക്കാൻ പാണക്കാടിനാവില്ല. ആത്മീയതയും രാഷ്ട്രീയവും ഇഴപിരിച്ചെടുക്കാനാവാത്തവിധം അലിഞ്ഞുചേർന്ന അന്തരീക്ഷത്തിൽ പാർട്ടിക്കും സമുദായത്തിനും പരിക്കേൽപിക്കാതെ തീരുമാനമെടുക്കാനുള്ള മെയ്വഴക്കം പ്രകടിപ്പിക്കുന്നിടത്താണ് നേതൃത്വം വാഴ്ത്തപ്പെടുക. ഈ അസാധാരണ മെയ്വഴക്കം പ്രദർശിപ്പിച്ചതിലൂടെയാണ് പുതിയ മാളിേയക്കൽ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെ മൂന്നാം സന്തതി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മഹത്ത്വവത്കരിക്കപ്പെടുന്നത്.

പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ

പിതാവ് ഏറ്റെടുത്ത ദൗത്യം പൂർണാർഥത്തിൽ ഏറ്റെടുക്കാൻ നിർബന്ധിതമാക്കപ്പെട്ട ജന്മമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടേത്. പൂക്കോയ തങ്ങൾ ഒരേസമയം മുസ്‍ലിം ലീഗിന്‍റെയും സുന്നി പ്രസ്ഥാനത്തിെന്‍റയും അധ്യക്ഷസ്ഥാനം കൈയാളിയിരുന്നു. 1975ൽ അദ്ദേഹത്തിന്‍റെ മരണശേഷം പിന്മുറക്കാരായി വന്ന മക്കളിൽ മുഹമ്മദലി ശിഹാബ് തങ്ങൾ പാർട്ടിയെയും ഉമറലി ശിഹാബ് തങ്ങൾ സമസ്തയെയും നയിക്കാനാണ് നിയോഗിക്കപ്പെട്ടത്. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധയൂന്നാൻ ഉമറലി ശിഹാബ് തങ്ങൾ പാർട്ടിയിൽനിന്ന് അകലം പാലിച്ചപ്പോൾ മൂത്ത സഹോദരനായ മുഹമ്മദലി ശിഹാബ് തങ്ങൾ പാർട്ടിയുടെ മുഴുസമയ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. 2008ൽ ഉമറലി ശിഹാബ് തങ്ങളുടെ മരണശേഷം സമസ്തയുടെ നേതൃത്വമേറ്റെടുക്കേണ്ടി വന്ന ഹൈദരലി തങ്ങൾക്ക് 2009ൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തോടെ പാർട്ടി അധ്യക്ഷ സ്ഥാനവും ഏറ്റെടുക്കേണ്ടി വന്നു. അന്നുതൊട്ട് 2022 മാർച്ച് ആറിന് ശ്വാസം നിലക്കുംവരെ മുസ്‍ലിം ലീഗ് അധ്യക്ഷ സ്ഥാനവും സമസ്ത കേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷ സ്ഥാനവും കൊണ്ടുനടന്നു.

പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾ (നടുക്ക്​) പി.കെ. കുഞ്ഞാലിക്കുട്ടിക്കും സാദിഖലി ശിഹാബ് തങ്ങൾക്കുമൊപ്പം

കടന്നുപോയത് പരീക്ഷണഘട്ടങ്ങളിലൂടെ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് കൃത്യം രണ്ടുമാസം മുമ്പും മുസ്‍ലിം ലീഗിന്‍റെ പിറവി (1948 മാർച്ച് 10)ക്ക് ഒമ്പത് മാസം മുമ്പും, 1947 ജൂൺ 15ന് പൂക്കോയ തങ്ങളുടെയും ആയിശ ചെറുകുഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായി ജനനം. ഹൈദരലി തങ്ങൾക്ക് രണ്ടു വയസ്സുള്ളപ്പോൾ ഹൈദരാബാദ് ആക്ഷന്‍റെ പേരിൽ പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മഞ്ചേരി, കോഴിക്കോട് ജയിലുകളിലായി രണ്ടാഴ്ചയിലധികം തടവിൽ കഴിയേണ്ടി വന്നു. പാണക്കാട് തറവാട്ടിൽ നാഥനില്ലാത്ത അവസ്ഥ. മുഹമ്മദലി ശിഹാബ് തങ്ങൾ കോഴിക്കോട്ട് പഠിക്കുകയായിരുന്നു. താഴെയുള്ള ഉമറലി ശിഹാബ് തങ്ങൾക്ക് പ്രായം ഏഴ്. ഒരു വർഷംകൂടി കഴിഞ്ഞപ്പോൾ ക്ഷയരോഗംമൂലം ഉമ്മ മരിച്ചു. പിതൃസഹോദരി മുത്തു ബീവിയുടെ പരിലാളനയിലായിരുന്നു പിന്നീട് ഹൈദരലി തങ്ങൾ വളർന്നത്.

പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടു മുറ്റത്ത് ആളനക്കം മാറാത്ത കാലമായിരുന്നു അന്നും. ആളുകളുടെ ആവലാതികൾ കേട്ടും അവർക്ക് ആശ്വാസം പകർന്നും പിതാവ് തിരക്കിലായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ സഹായത്തിന് ഹൈദരലി തങ്ങളുണ്ടായിരുന്നു. പൂക്കോയ തങ്ങൾ 1975ൽ മരിക്കുംവരെ പിതാവിനെ പരിചരിച്ചുകൊണ്ട് ഹൈദരലി തങ്ങൾ അടുത്തുണ്ടായിരുന്നു.

കോഴിക്കോട് മദ്രസത്തുൽ മുഹമ്മദിയ, പൊന്നാനി മഊനത്തുൽ ഇസ്‍ലാം അറബിക് കോളജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1973ൽ രൂപവത്കരിക്കപ്പെട്ട സുന്നി വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ പ്രഥമ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവർത്തനരംഗത്തേക്ക് കടക്കുന്നത്. പിന്നീട് നിരവധി അനാഥ-അഗതി മന്ദിരങ്ങളുടെയും 1000ത്തിലധികം മഹല്ലുകളുടെയും അധ്യക്ഷസ്ഥാനങ്ങളിൽ അവരോധിക്കപ്പെട്ടു.

പ്രതിസന്ധി ഘട്ടങ്ങളിൽ അവസാന വാക്ക്

മുസ്‍ലിം ലീഗ് നേതൃത്വത്തിന് പാണക്കാട് എന്നും ആശ്വാസത്തുരുത്താണ്. പാർട്ടിയിലെ തർക്കങ്ങളിലും പ്രതിസന്ധികളിലും അവസാന വാക്ക് പാണക്കാട് നേതൃത്വത്തിേന്‍റതായിരുന്നു. പിന്നീട് അപ്പീലില്ല. തീർപ്പ് അംഗീകരിക്കതന്നെ. പാർട്ടിയിലെയും സമസ്തയിലെയും സൗമ്യ സാന്നിധ്യമായിരുന്നു ഹൈദരലി തങ്ങൾ. ഇളംചിരിയും പതിഞ്ഞ ശബ്ദവും ജാതി, മത, പാർട്ടി വിവേചനമില്ലാത്ത പെരുമാറ്റവും എല്ലാവരെയും കേട്ട് അതൃപ്തിക്ക് വകയില്ലാത്തവിധമുള്ള തീർപ്പുകളുമാണ് പാണക്കാട്ടെ തങ്ങന്മാരുടെ മുഖമുദ്ര. ആ പാരമ്പര്യത്തിന് കോട്ടം തട്ടാതെ മുന്നോട്ടു പോകുന്നതിൽ വിജയം വരിച്ചാണ് ഹൈദരലി ശിഹാബ് തങ്ങൾ വിടപറഞ്ഞത്.

ഹൈദരലി ശിഹാബ് തങ്ങൾ മുസ്‍ലിം ലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് അധികം താമസിയാതെ നടന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് 20 എം.എൽ.എമാരെയാണ് ലഭിച്ചത്. മന്ത്രിസഭയിൽ അഞ്ചുപേരുടെ സീറ്റുറപ്പിക്കാനും അദ്ദേഹത്തിനായി. എന്നാൽ അവസാനം നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ മുസ്‍ലിം ലീഗ് ഉൾപ്പെടുന്ന മുന്നണിക്ക് ഭരണം തിരിച്ചുപിടിക്കാനായില്ല. ആ വീഴ്ചയിൽനിന്ന് പാർട്ടിയെ കരകയറ്റാനുള്ള ശ്രമങ്ങൾക്കിടെയാണ് ഹൈദരലി തങ്ങൾ രോഗബാധിതനാവുന്നതും രോഗം മൂർച്ഛിച്ച് അദ്ദേഹം ലോകത്തോട് വിടപറയുന്നതും.

പാണക്കാട് നേതൃത്വം ചിലരുടെ മെഗാഫോണുകളായാണ് പ്രവർത്തിക്കുന്നത്. കാലങ്ങളായുള്ള ആക്ഷേപത്തെ മറികടക്കാൻ പാർട്ടി അധ്യക്ഷസ്ഥാനത്തിരുന്ന് ഹൈദരലി ശിഹാബ് തങ്ങൾ ബോധപൂർവമായ നീക്കങ്ങൾ നടത്തിയതായും വിലയിരുത്തപ്പെടുന്നുണ്ട്. 2014ൽ എതിർപ്പുകളെ മറികടന്ന് ഇ. അഹമ്മദിനെ പാർലമെന്‍റിലേക്ക് മത്സരിപ്പിക്കാൻ തീരുമാനമെടുത്തതും 2015ൽ കെ.പി.എ. മജീദിനു പകരം പി.വി. അബ്ദുൽ വഹാബിനെ രാജ്യസഭയിലേക്കയച്ചതും 2017ൽ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പിൽ അഡ്വ. യു.എ. ലത്തീഫിനു പകരം കെ.എൻ.എ. ഖാദറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും മുൻ കീഴ്വഴക്കങ്ങളെ മറികടന്നായിരുന്നു. ഇതിലൂടെ പാണക്കാട് നേതൃത്വത്തിന് സ്വന്തമായി തീരുമാനങ്ങളുണ്ടെന്ന് വിളംബരംചെയ്യുക കൂടിയായിരുന്നു ഹൈദരലി തങ്ങൾ.

ഹൈദരലി തങ്ങൾ എന്ന സൗമ്യഭാവത്തിന് മുസ്‍ലിം ജനസാമാന്യത്തിൽ മാത്രമല്ല, ഇതര മതസ്ഥരിലും പാർട്ടികളിലും ഉണ്ടായിരുന്ന സ്വാധീനത്തിന്‍റെ നേർസാക്ഷ്യമായിരുന്നു അദ്ദേഹത്തിന്‍റെ മരണവിവരമറിഞ്ഞ് മലപ്പുറത്തേക്കുണ്ടായ ജനപ്രവാഹവും ഖബറടക്കം കഴിഞ്ഞും പാണക്കാേട്ടക്ക് തുടരുന്ന ഒഴുക്കും വെളിപ്പെടുത്തുന്നത്. ഒപ്പം കൊടപ്പനക്കൽ തറവാട് ഒരിക്കൽകൂടി മതേതരത്വത്തിന്‍റെ തറവാടായി ഉയർത്തപ്പെടുകയാണ്.

പുതിയ നേതൃത്വം

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ ഇളയ സഹോദരൻ സാദിഖലി ശിഹാബ് തങ്ങൾ പാർട്ടി അധ്യക്ഷപദവി ഏറ്റെടുത്തിരിക്കയാണ്. ദേശീയ പ്രസിഡന്‍റ് കെ.എം. ഖാദർ മൊയ്തീന്‍റെ അധ്യക്ഷതയിൽ പാണക്കാട്ട് ചേർന്ന മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയാണ് സാദിഖലി ശിഹാബ് തങ്ങളെ ഹൈദരലി ശിഹാബ് തങ്ങളുടെ പിൻഗാമിയായി നിശ്ചയിച്ചത്. ഹൈദരലി തങ്ങൾ രോഗാവസ്ഥയിലെ പാർട്ടി അധ്യക്ഷന്‍റെ ചുമതല നിർവഹിച്ചിരുന്നത് 58കാരനായ സാദിഖലി ശിഹാബ് തങ്ങളായിരുന്നു. 2009 മുതൽ മുസ്‍ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്‍റായിരുന്ന സാദിഖലി തങ്ങൾ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിരവധി മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും അദ്ദേഹമുണ്ട്.

ഹൈദരലി തങ്ങൾ രോഗബാധിതനായശേഷം മുസ്‍ലിംലീഗിൽ ചില അസ്വാരസ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എം.എസ്.എഫ് വനിതാ വിഭാഗത്തിനെതിരായ നടപടികൾ, വഖഫ് ബോർഡിലെ പി.എസ്.സി നിയമന തീരുമാനത്തിനെതിരായി പള്ളികൾ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്‍ലിം ഐക്യവേദി തീരുമാനത്തിനെതിരായ സമസ്തയുടെ നിലപാട്, നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ രംഗത്തുവന്നത് തുടങ്ങിയ വിഷയങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പാണക്കാടിന്‍റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുള്ള പരിഹാരമാണ് പാർട്ടി അണികൾ ആഗ്രഹിക്കുന്നത്. അതിന് പുതിയ നേതൃത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

സാദിഖലി തങ്ങൾ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റാവുന്നതോടെ ഒഴിവുവരുന്ന മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ് പദവിയിലേക്ക് ആരെ നിയമിക്കുമെന്ന കാര്യവും അണികൾ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. കീഴ്വഴക്കമനുസരിച്ച് സാദിഖലി തങ്ങളുടെ ഇളയ സഹോദരനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റുമായ അബ്ബാസലി ശിഹാബ് തങ്ങളാണ് ജില്ല പ്രസിഡന്‍റ് പദവിയിലേക്ക് വരേണ്ടത്.

അതേസമയം ഇപ്പോൾ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറായ മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങളെയും ഈ പദവിയിലേക്ക് നേതൃത്വം പരിഗണിക്കുന്നുണ്ട്.

News Summary - iuml past and Present