നരകത്തിലേക്ക് തുറക്കുന്ന വാതിലുകള്‍

ഫലസ്തീനി തടവുകാരെ വധിക്കാൻ ഭരണകൂടത്തിന് അനുമതി നൽകുന്ന നീക്കങ്ങൾ ഇസ്രായേലിൽ നടക്കുകയാണ്. നിഷ്ഠുരമായ ആ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ജയിൽ അനുഭവങ്ങൾ വിവിധ രാഷ്ട്രീയ തടവുകാരുടെ മൊഴികൾ അടിസ്ഥാനമാക്കി വിവരിക്കുകയാണ് ലേഖകൻ. “അവരെന്നെ പൂര്‍ണ നഗ്നനാക്കി. പിറകില്‍നിന്ന് കൈ രണ്ടും കൂട്ടിക്കെട്ടി. ശേഷം രണ്ടു മൂന്നു പേര് ചേര്‍ന്ന് ശരീരമാസകലം അടിക്കുകയും തൊഴിക്കുകയും ചെയ്തു. പതിനൊന്ന് മണിക്കൂറിലധികം മഴയിലും കടുത്ത തണുപ്പിലും...
Your Subscription Supports Independent Journalism
View Plansഫലസ്തീനി തടവുകാരെ വധിക്കാൻ ഭരണകൂടത്തിന് അനുമതി നൽകുന്ന നീക്കങ്ങൾ ഇസ്രായേലിൽ നടക്കുകയാണ്. നിഷ്ഠുരമായ ആ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ജയിൽ അനുഭവങ്ങൾ വിവിധ രാഷ്ട്രീയ തടവുകാരുടെ മൊഴികൾ അടിസ്ഥാനമാക്കി വിവരിക്കുകയാണ് ലേഖകൻ.
“അവരെന്നെ പൂര്‍ണ നഗ്നനാക്കി. പിറകില്‍നിന്ന് കൈ രണ്ടും കൂട്ടിക്കെട്ടി. ശേഷം രണ്ടു മൂന്നു പേര് ചേര്‍ന്ന് ശരീരമാസകലം അടിക്കുകയും തൊഴിക്കുകയും ചെയ്തു. പതിനൊന്ന് മണിക്കൂറിലധികം മഴയിലും കടുത്ത തണുപ്പിലും ഞാന്‍ അങ്ങനെ കൊടിയ വേദന സഹിച്ചു കിടന്നു..!”
പത്രപ്രവര്ത്തകന് ഷാദി അബൂ സിദോ ‘അശ്ശര്‍ഖുല്‍ ഔസ്വത്’ പത്രത്തോട് ഇതു പറയുമ്പോള്‍ വിറയാര്‍ന്നിരുന്നു.
2024 മാർച്ചിൽ ഗസ്സ നഗരത്തിലുള്ള അൽ-ശിഫാ മെഡിക്കൽ കോംപ്ലക്സിൽ നടന്ന അനിഷ്ടസംഭവങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ അബൂ സിദോയെ ഇസ്രായേല്‍ പട്ടാളം അറസ്റ്റ് ചെയ്യുകയായിരുന്നു. 2025 ഒക്ടോബറിൽ തടവുകാരുടെ കൈമാറ്റത്തിലൂടെയാണ് അബൂ സീദോ മോചിതനായത്.
നെഗെവ് മരുഭൂമിയിലെ ഒരു സൈനിക താവളത്തിനുള്ളിൽ പ്രവർത്തിക്കുന്ന രഹസ്യ തടങ്കൽകേന്ദ്രത്തിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ‘സ്ദേ തിമാൻ’ (Sde Teiman) എന്ന അവിടത്തെ കുപ്രസിദ്ധ തടങ്കല്‍ ക്യാമ്പിനെക്കുറിച്ച് കുറെയൊക്കെ വായിച്ചിരുന്നുവെങ്കിലും അബൂ സിദോ ഈ ജയിലിന്റെ ഭയാനകത നേരില്‍ കാണുന്നത് അപ്പോഴാണ്.
സൈനികർ പൊലീസ് നായ്ക്കളെ ഉപയോഗിച്ച് ഫലസ്തീനിയൻ തടവുകാരോട് കാണിക്കുന്ന ലൈംഗിക അതിക്രമം ഇസ്രായേല്‍ ജയിലറകള്‍ എത്രമാത്രം പൈശാചികമാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണ്. അത്യുന്മാദത്തോടെയാണ് അവര്‍ ഇത്തരം ആഭാസങ്ങള്‍ ആസ്വദിക്കുന്നത്. ദൃശ്യങ്ങള്‍ വിഡിയോ കാമറ ഉപയോഗിച്ച് ചിത്രീകരിക്കുകയും സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
മുൻ സൈനിക പ്രോസിക്യൂട്ടർ ജനറൽ യിഫാത് തോമർ യെരൂശലൈമിയെ ഇത്തരമൊരു വിഡിയോ ഫൂട്ടേജിന്റെ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെയാണ് സ്ദേ തിമാനെക്കുറിച്ച് ലോകം അറിയുന്നത്. ഈ ചിത്രീകരണത്തില്‍ ഇസ്രായേൽ സൈനികർ ഒരു ഫലസ്തീനിയന്‍ തടവുകാരനെ ശാരീരികവും ലൈംഗികവുമായി പീഡിപ്പിക്കുന്നത് കാണാം. പ്രധാനമന്ത്രി നെതന്യാഹുപോലും ഈ സംഭവത്തെ “രാജ്യത്തിന്റെ പ്രതിച്ഛായക്ക് സംഭവിച്ച ഏറ്റവും വലിയ കളങ്കം” എന്ന് വിശേഷിപ്പിച്ചു.
ജീവിച്ചിരിക്കുന്നവരുടെ കല്ലറ
മണിക്കൂറുകളോളം കടുത്ത തണുപ്പിൽ കഴിഞ്ഞതിനുശേഷം അബൂ സിദോയെ ഒരു സൈനിക വാഹനത്തില്‍ സ്ദേ തിമാനിലേക്ക് കൊണ്ടുപോയി. അവിടെ പട്ടാളക്കാര്‍ ‘റിസപ്ഷൻ’ എന്ന് വിളിക്കുന്ന പുതിയ ഒരു പീഡന പരമ്പര ആരംഭിച്ചു. അബൂ സിദോ തന്നെ പറയും: “ഏകദേശം 30 സൈനികർ ഇരു വശത്തുമായി നിരന്നുനിൽക്കും. തടവുകാരെ അകത്തേക്ക് കൊണ്ടുവരുമ്പോള്‍ ഇരുവശത്തുനിന്നും മർദനം അഴിച്ചുവിടും. ഈ മർദനത്തില്‍ ചിലർക്ക് രക്തസ്രാവം സംഭവിക്കുകയും ചിലരുടെ പല്ലുകള്‍ക്കും കണ്ണുകള്‍ക്കും സാരമായ ക്ഷതമേല്‍ക്കുകയും ചെയ്യും. ഭയത്താല്‍ തങ്ങളുടെ മാനസിക നില നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അവര്‍ അറിഞ്ഞുതുടങ്ങി . പകലോ രാത്രിയോ എന്നു തിട്ടപ്പെടുത്തനാകുന്നില്ല. കാണുന്നത് മർദിക്കാനോ മാനഹാനി വരുത്താനോ വരുന്ന ചില സാത്താനിക് മുഖങ്ങള്‍ മാത്രം.”
ഏകദേശം 70 ദിവസത്തെ തടങ്കലിനുശേഷം അബൂ സിദോയെ ചോദ്യംചെയ്യലിന് കൊണ്ടുപോയി. നഗ്നനാക്കി വിശദ പരിശോധനക്കു ശേഷം ‘ദ ഡിസ്കോ’ എന്നു വിളിക്കുന്ന മുറിയിലേക്കാണ് ആനയിച്ചത്.
ആ അനുഭവം ഇങ്ങനെ: “ഡിസ്കോ മുറിയിൽ, തടവുകാരെ മണിക്കൂറുകളോളം ഉറങ്ങാനനുവദിക്കാതെ കിടത്തും. ചുറ്റും മുഴങ്ങുന്നത് അസഹ്യവും അസ്വസ്ഥജനകവുമായ സംഗീത ശബ്ദ പ്രളയം. ഒപ്പം പീഡനത്തിന് വിധേയരാകുന്ന തടവുകാരുടെ ഉച്ചത്തിലുള്ള നിലവിളിയും.”
അതിനുശേഷം മറ്റൊരു പീഡനമുറിയിലേക്ക്. കൈകൾ ബന്ധിച്ചു മച്ചില്‍നിന്നു കെട്ടി തൂക്കിയതിനു ശേഷം പൂർണ നഗ്നവും പരിക്ഷീണവുമായ ആ ശരീരത്തില്‍ പട്ടാളക്കാര്‍ അവരുടെ പരാക്രമം നടത്തി. ചോദ്യം ചെയ്യലിനുശേഷം അബൂ സിദോ അടുത്തത് ‘baraks’ എന്നറിയപ്പെടുന്ന തടങ്കൽശാലയില്. ചൂടിലും തണുപ്പിലും ഒരു സംരക്ഷണവുമില്ല. മരുഭൂമിയുടെ ഊഷരതയില്‍ നൂറുകണക്കിന് തടവുകാർ അവിടെ തിങ്ങി ഞെരുങ്ങി പാര്‍ക്കുന്നു.
ഓരോ ബാരക്കിലും 140 മുതൽ 160 വരെ തടവുകാർ. കൈകൾ പിറകിലേക്ക് കൂട്ടിക്കെട്ടി, കണ്ണുകൾ ബന്ധിച്ചനിലയില്‍. 30 മുതൽ 40 വരെ അംഗങ്ങളുള്ള ‘റെയ്ഡിങ് യൂനിറ്റ്’ അകത്തേക്ക് ഇരമ്പിക്കയറി. തങ്ങളോടു കമഴ്ന്നുകിടക്കാൻ നിർദേശിച്ചു. തുടര്‍ന്ന് നായ്ക്കളെ അവരുടെ മേൽ മേയാന്‍ വിട്ടു. അവ ശരീരത്തില്‍ മൂത്രമൊഴിക്കാന്‍ തുടങ്ങി. അങ്ങിങ്ങായി മാന്തിക്കീറുകയും കടിച്ചുവലിക്കുകയും ചെയ്തു. പട്ടികളെ പ്രോത്സാഹിപ്പിച്ചും പൊട്ടിച്ചിരിച്ചും കുറെ പിശാചുക്കള്‍.
ഒരു തടവുകാരൻ വാവിട്ടുകരഞ്ഞു : “എനിക്ക് എന്റെ കുട്ടികളെ കാണണം..!” അത് കേട്ടതും സൈനികർ ഏതാനും നായ്ക്കളെയും കൂട്ടി ആ തടവുകാരനെ വെളിയിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയി നഗ്നനാക്കി. പിന്നെ നായ്ക്കളെക്കൊണ്ട് വിവരിക്കാന്‍ കഴിയാത്ത വിധം ബീഭത്സമായി നടത്തിച്ചു.
“കണ്ണ് കെട്ടിയ തുണിയുടെ വിടവിലൂടെ ഞങ്ങൾ അ കാഴ്ച കണ്ടു. സൈനികർ ആര്‍ത്തുചിരിക്കുകയും ഫോണിൽ വിഡിയോ എടുക്കുകയും ചെയ്തു. ഞങ്ങൾ നിലവിളിച്ചു. ഞങ്ങളുടെ ഊഴം അടുത്തുവെന്ന് ന്യായമായും ഭയപ്പെട്ടു.” തന്റെ മൊഴിയുടെ അവസാനം അബൂ സിദോയെ സ്ദേ തിമാനെ നിരീക്ഷിക്കുന്നത് ഇങ്ങനെ: “ഇത് മരണപ്പെട്ടവരുടെ കല്ലറയല്ല, ജീവിച്ചിരിക്കുന്നവരുടെ കല്ലറ!”
ഇത് അബൂ സിദോയുടെ മാത്രം കഥയല്ല. അനേകം തടവുകാരുടെ സാക്ഷ്യങ്ങളും ആ കേന്ദ്രത്തിൽ നടക്കുന്ന പീഡനങ്ങളുടെ ക്രൂരതയുടെ ആഴം വെളിപ്പെടുത്തുന്നു. തുടര്‍ച്ചയായ പ്രഹരം, ഇലക്ട്രിക് ഷോക്ക്, ഉറക്കം-ഭക്ഷണം-ചികിത്സ എന്നിവയുടെ നിഷേധം, ക്രൂരമായ ബലാത്സംഗങ്ങൾ... എല്ലാംതന്നെ മനുഷ്യബോധത്തെ നടുക്കുന്നവയാണ്.

സ്ദേ തിമാൻ വെറുമൊരു പേരല്ല
സ്ദേ തിമാൻ എന്ന പേര് ഒരു സ്ഥലത്തെ സൂചിപ്പിക്കുന്നതല്ല, മറിച്ച് മനുഷ്യന് എങ്ങനെ മൃഗമാകും എന്നതിന്റെ പ്രതീകമാണ്. ദ ഗാർഡിയൻ വിശേഷിപ്പിച്ചതുപോലെ ‘ദുരിതങ്ങളുടെ ഫാക്ടറി’ (The Factory of Tribulations). ഉത്തര ഗസ്സയിലെ മഹ്മൂദ് അബൂ ഫൂലിന്റെ കഥ കേള്‍ക്കൂ! ഇസ്രായേല്‍ ആക്രമണത്തില്‍ കാല് നഷ്ടപ്പെട്ട് കമാൽ അദ്വാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് 2023 ഡിസംബർ മാസം മഹ്മൂദ് അറസ്റ്റിലാകുന്നത്.
അവർ അദ്ദേഹത്തിന്റെ കൈകൾ കെട്ടി, കണ്ണ് മൂടി. രക്തം ഉതിരുവോളം മണിക്കൂറുകള്‍ മർദനം. പൊയ്ക്കാല്‍ അവര്‍ എടുത്തുമാറ്റി. ശേഷം സ്ദേ തിമാനിലെ ഇരുട്ടറയില്‍ ഏഴു ദിവസം. കൈകൾ പിന്നിൽ കെട്ടിയും കണ്ണ് മൂടിയും. ഓരോ സെല്ലിലും ഏകദേശം 140 തടവുകാർ. ഒരു ദിവസം, രണ്ട് മണിക്കൂറോളം തലയിൽ ആവർത്തിച്ച് ശക്തമായി പ്രഹരിച്ചതിനെ തുടർന്ന് മഹ്മൂദ് അബൂ ഫൂൽ ബോധം കെട്ടുവീണു. ബോധം വന്നപ്പോൾ കരള്‍ നുറുക്കുന്ന ഒരു യാഥാർഥ്യം മഹ്മൂദ് അറിഞ്ഞു, തന്റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു! കേണപേക്ഷിച്ചിട്ടും ഒരു മെഡിക്കൽ സഹായത്തിനും അധികാരികള്‍ തയാറായില്ല. മറ്റു തടവുകാർക്ക് നേരെയുള്ള മർദനങ്ങളുടെ ആരവത്തിലും ആര്‍പ്പുവിളികളിലും കൂട്ട കരച്ചിലുകളിലും അദ്ദേഹത്തിന്റെ മുറവിളി മുങ്ങിപ്പോയി.
മാസങ്ങള്‍ക്കുശേഷം മഹ്മൂദ് അബൂ ഫൂൽ തടവുകാരുടെ ഏറ്റവും പുതിയ കൈമാറ്റ പ്രകാരം വിമോചിതനായി. അദ്ദേഹം തന്റെ ആകുലതയുടെ ആഴം അവതരിപ്പിക്കുന്നത് ഇങ്ങനെ: “ഞാൻ ഗസ്സയിലേക്ക് മടങ്ങിയത് കണ്ണില്‍ ഇരുട്ടുമായാണ്. അതുവരെ എന്റെ മുന്നില്‍ ഇതള്‍വിരിഞ്ഞ പ്രകാശത്തിന്റെ ലോകം പെട്ടെന്നൊരു നാള് കെട്ടടങ്ങിയിരിക്കുന്നു..! എന്റെ കുടുംബം എവിടെയാണ്? ജനക്കൂട്ടത്തിനിടയിൽ, ഉമ്മയുടെ ആര്‍ദ്രമായ ശബ്ദം. “മോനേ..!” ഞാന്‍ അവരെ തിരിച്ചറിഞ്ഞല്ലോ! ദൈവത്തിനു സ്തുതി. എന്നെങ്കിലും പൊന്നുമ്മയുടെ പൂമുഖം കാണാന്‍ കഴിയുമോ എന്നത് മാത്രമാണ് ഏക ആധി!”
‘അശ്ശര്‍ഖുല്‍ ഔസ്വത്’ പ്രസിദ്ധപ്പെടുത്തിയ ഈ അന്വേഷണരേഖ ലോകമാധ്യമങ്ങളിൽ വ്യാപകമായ അലയൊലികള്‍ സൃഷ്ടിച്ചു. പല അന്തർദേശീയ സംഘടനകളും സാമൂഹിക കൂട്ടായ്മയും ഇസ്രായേല്‍ ഭീകരതക്കെതിരെ ശക്തമായി ശബ്ദിച്ചു. “ഫലസ്തീൻ തടവുകാരുടെ വേദനയുടെ ചരിത്രസാക്ഷ്യം” എന്ന് അവര്‍ അതിനെ വിശേഷിപ്പിച്ചു.
“ഇപ്പോള്‍ പുറത്തുവന്ന വസ്തുതകള്‍ ഉടൻതന്നെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണത്തിനായി സമർപ്പിക്കണം. തടവുകാർക്കെതിരായ ലൈംഗിക പീഡനങ്ങളും ക്രൂരമായ ശിക്ഷകളും മനുഷ്യാവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങളാണ്” എന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ കൗൺസിൽ (UNHRC) പ്രഖ്യാപനം നടത്തി. തടവുകാർക്ക് അടിസ്ഥാന ചികിത്സയും സാമൂഹിക സമ്പര്‍ക്കത്തിന്റെ സാധ്യതകളും അടിയന്തരമായും ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് ഇസ്രായേല്‍ അധികൃതരെ കൗൺസിൽ തെര്യപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇസ്രായേലിന് സംഘടിതവും ആസൂത്രിതവുമായ പീഡനങ്ങള്‍ പരീക്ഷിക്കുന്നതിനായി ഒരു വ്യവസ്ഥാപിത സംസ്ഥാനനയം തന്നെ ഉണ്ടെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ സംഭവ വികാസങ്ങള്‍ ആസ്പദമാക്കി തയാറാക്കിയ ഈ റിപ്പോര്‍ട്ട് നിഷ്ഠുര മർദനങ്ങൾ, നായ്ക്കളെ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ, ഇലക്ട്രിക് ഷോക്കുകൾ, ജല പീഡനങ്ങള്‍, ദീർഘനേരം തല കീഴായി നിർത്തൽ, ലൈംഗിക പീഡനം എന്നിവക്കെതിരെ കടുത്ത ആശങ്ക പങ്കുവെക്കുന്നതായിരുന്നു. ഐക്യരാഷ്ട്രസഭാ ‘പീഡനവിരുദ്ധ കമ്മിറ്റി’യില്‍ ഒപ്പുവെച്ച രാജ്യങ്ങളുടെ കാലാനുസൃത അവലോകനത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ ബുള്ളറ്റിന് ഫലസ്തീന് തടവുകാരെ മൃഗങ്ങളെപ്പോലെ പെരുമാറുന്ന പ്രവണതയില്‍ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി.
ആംനെസ്റ്റി ഇന്റര്‍നാഷനൽ പ്രസ്താവിച്ചു: “ഇസ്രായേല്‍ ജയിലുകളില്‍ അരങ്ങേറുന്ന ക്രൂരതകൾ മനുഷ്യാവകാശ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ അധ്യായങ്ങളിലൊന്നാണ്. ഇവ സാധാരണ സൈനിക വീഴ്ചകൾ അല്ല, മറിച്ച് ക്രമബദ്ധമായ പീഡന സംസ്കാരമാണ്.” ഈ കുറ്റങ്ങൾക്ക് ഉത്തരവാദികളായവരെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യണമെന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അൽജസീറ’, ‘ബി.ബി.സി’, ‘ദ ഗാർഡിയൻ’ തുടങ്ങിയ പല മാധ്യമങ്ങളും ഇവ്വിഷയകമായി വിശകലന പരമ്പരകൾ ആരംഭിച്ചു. സോഷ്യൽ മീഡിയയില്‍ # Sde Teiman Hell എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിച്ചു.
ഫലസ്തീൻ തടവുകാരുടെ കാര്യങ്ങൾ കൈയാളുന്ന കമീഷന്റെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് വർഷത്തിന്റെ മധ്യത്തോടെ ഇസ്രായേൽ ജയിലുകളിലെ ഫലസ്തീൻ തടവുകാരുടെ എണ്ണം 10,000 കവിഞ്ഞു. ഇവരിൽ 1800ൽ അധികം പേർ ഗസ്സയിൽനിന്നുള്ളവരാണ്. ഇവരെ ഇസ്രായേൽ ‘അനധികൃത/നിയമവിരുദ്ധ പോരാളികള്‍’ എന്നാണ് പരിചയപ്പെടുത്തുന്നത്. ഫലസ്തീൻ ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 ഒക്ടോബർ 7നു ശേഷം 80ലധികം തടവുകാർ ഇസ്രായേൽ ജയിലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ പകുതിയിലധികം ഗസ്സ നിവാസികള്‍. കൊടും പട്ടിണിയും കിരാത മർദനവുമാണ് മരണത്തിന്റെ പ്രധാന ഹേതു.
ഇസ്രായേൽ സേന പിടികൂടിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ഫലസ്തീനികളെ ഇകഴ്ത്തുമാറ് ഫോട്ടോകളും വിഡിയോകളും പ്രസിദ്ധീകരിച്ചുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (Human Rights Watch) കണ്ടെത്തിയിരുന്നു. ഇത്തരം മനുഷ്യത്വവിരുദ്ധമായ ചെയ്തികള്‍ വ്യക്തികളുടെ സ്വത്വബോധത്തെ പോറലേൽപിക്കുന്നതുകൊണ്ടു അവ യുദ്ധകുറ്റമായി കണക്കാക്കപ്പെടുന്നതാണ്.
ഉയർന്ന ഉദ്യോഗസ്ഥരും സൈനിക കമാൻഡർമാരും ഈ കുറ്റ കൃത്യങ്ങളുടെ ഉത്തരവാദികളായതുകൊണ്ടു അന്താരാഷ്ട്ര ക്രിമിനൽ കോടതിയില്‍ (ICC) അവർക്കെതിരെ നടപടി എടുക്കേണ്ടതാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് മിഡിൽ ഈസ്റ്റ് ഡയറക്ടർ ബൽകീസ് ജറ (Balkees Jarrah) ഊന്നിപ്പറയുന്നു.
ഹ്യൂമൻ റൈറ്റ്സ് വാച്ച് പരിശോധിച്ച 37 പോസ്റ്റുകളില്‍ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും പുരുഷന്മാരും ബാലന്മാരുമാണ് കാണപ്പെട്ടത്. ഇവരിൽ പലരെയും അടിവസ്ത്രം മാത്രം ധരിച്ച നിലയിലോ പൂർണ നഗ്നരായോ കണ്ണുകള്‍ മൂടിക്കെട്ടിയോ ആണ് ചിത്രീകരിച്ചിട്ടുള്ളത്. ചിലരുടെ മേൽ ഇസ്രായേൽ പതാകകൾ പുതച്ചിരുന്നു. യു.എൻ കമീഷൻ ഓഫ് ഇൻക്വയറി (2024 മേയ് റിപ്പോർട്ട്) കണ്ടെത്തിയത്, ഇസ്രായേൽ അധികാരികളുടെ നിർദേശമോ അനുമതിയോ പ്രകാരം ഫലസ്തീനികളിൽ നിർബന്ധിത നഗ്നതയും പൊതുപ്രദർശനവും നടപ്പിലാക്കി എന്നാണ്.
അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങൾ പ്രകാരം തടവുകാരെ ലൈംഗികമായി പീഡിപ്പിക്കലും അവമതിപ്പിക്കലും ഗുരുതരമായ യുദ്ധക്കുറ്റങ്ങളാണ്. ജനീവ കൺവെൻഷനിലെ മൂന്നാം അനുച്ഛേദം യുദ്ധകാലത്ത് പിടിക്കപ്പെട്ട ഏതു വ്യക്തിയോടും സഭ്യമായി പെരുമാറണമെന്ന് സിദ്ധാന്തിക്കുന്നു.

ജയിൽമോചിതനായശേഷം അബൂ സിദോ തന്റെ കുടുംബത്തോടൊപ്പം
ബര്ഗൂഥിമാര് മരിക്കുന്നില്ല
ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്ത 10,000ത്തിലധികം ഫലസ്തീനികളില്‍ ഒട്ടുമുക്കാലും ഗസ്സ മുനമ്പില്നിന്നുള്ളവരാണ്. പോരാട്ടവീര്യവും പ്രതിരോധവും കരുത്താര്‍ജിക്കുന്നത് ഈ മേഖലയില്‍നിന്നാണെന്ന് ഇസ്രായേല്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ അജ്ഞാത തടങ്കല്വഴിയോ ‘അപ്രത്യക്ഷ’മാക്കിയോ അടക്കിനിര്‍ത്താന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ഏകദേശം 5262 ഫലസ്തീനികളെ കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ തടവിലാക്കിയിട്ടുണ്ടെന്ന് HaMoked എന്ന മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തുന്നു.
ഫലസ്തീൻ പ്രിസണേഴ്സ് ക്ലബിന്റെ കണക്കനുസരിച്ച്, കുറഞ്ഞത് 54 ഫലസ്തീൻ തടവുകാരെങ്കിലും കസ്റ്റഡിയിൽ മരിച്ചു. ഗസ്സയില്‍നിന്നുള്ള പ്രമുഖ ഓർത്തോപീഡിക് സർജനായ ഡോ. അദ്നാൻ അൽബർഷ് ഒരു ക്രിമിനൽകുറ്റവും ചുമത്താതെ കൊല്ലപ്പെട്ട സംഭവം വിവാദമായിരുന്നു. കഠിന മർദനമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.
2002 മുതല്‍ ഇസ്രായേല്‍ ഇരുട്ടുമുറിയുടെ മുഴുവന്‍ നൃശംസതയും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മര്വാന് ബര്‍ഗൂഥി എന്ന വിപ്ലവത്തിന്റെ തീപ്പന്തം. രണ്ട് ഇന്‍തിഫാദയുടെയും പിന്നിലെ ഊര്‍ജസ്രോതസ്സ്. 66 വയസ്സ് പിന്നിട്ടെങ്കിലും നെതന്യാഹുവിന്റെ ഏറ്റവും വലിയ പേടിസ്വപ്നം. ഫലസ്തീനികളുടെ ‘നെല്‍സണ്‍ മണ്ടേല’. അഞ്ചു ജീവപര്യന്തവും 40 വര്‍ഷത്തെ അധിക ജയില്‍വാസവുമാണ് അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ടത്! അതി കഠിന പീഡനം സഹിക്കവയ്യാതെ ബര്‍ഗൂഥിക്ക് പലവുരു ബോധക്ഷയം സംഭവിച്ചു. ജയില്‍ അധികൃതര്‍ അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു. ഇക്കഴിഞ്ഞ വെടിനിര്‍ത്തല്‍ പ്രഖ്യാപനവേളയില്‍ ഹമാസിന്റെ ശക്തമായ സമ്മർദമുണ്ടായിട്ടും ബര്‍ഗൂഥിയുടെ വിമോചനം സാധ്യമായില്ല. ‘‘സ്വാതന്ത്ര്യത്തിന്റെ വില കനത്തതാണ്. ജീവശ്വാസത്തിന്റെ അവസാനത്തെ ബിന്ദു വരെ ഞാനതിനു തീരെഴുതി വെച്ചിരിക്കുന്നു.’’ മർവാൻ ബർഗൂഥിയുടെ വാക്കുകൾ ഇടിമുഴങ്ങുന്നു.
തലക്കുമുകളിൽ എപ്പോഴും ഒരു വാൾ
അഭിഭാഷകരെ കാണാന്‍ അനുവദിക്കാതെയോ നിയമപരിരക്ഷ ലഭിക്കാന്‍ സാധ്യമാവുകയോ ചെയ്യാതെ ഇരുട്ടറകളിലേക്ക് തള്ളപ്പെടുന്ന നൂറുകണക്കിന് നിരപരാധികള്‍ക്ക് ഒടുവില്‍ എന്ത് സംഭവിക്കുന്നു എന്നുപോലും അജ്ഞാതം. ഹമാസിനെ പിന്തുണക്കുന്നു എന്ന തിട്ടൂരമിറക്കിയും ഭരണകൂടത്തിനെതിരെ കലാപത്തിനു കോപ്പുകൂട്ടിയെന്ന പ്രോപഗണ്ട നടത്തിയുമാണ് യുവാക്കളെയും സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്‍ വേട്ടയാടുന്നത്.
അധിനിവിഷ്ട മേഖലയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ രൂപംകൊണ്ട ഇസ്രായേല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററായ ‘ B’Tselem’ (ബെറ്റ്സെലേം) ഇതുമായി ബന്ധപ്പെട്ട സംഭ്രമജനകമായ വൃത്താന്തങ്ങള്‍ പുറത്തു കൊണ്ടുവരികയുണ്ടായി. 2023 ഒക്ടോബര്‍ 7ന് ഇസ്രായേല്‍ സായുധസേനക്ക് ഹമാസ് ക്ഷുഭിത വിപ്ലവയൗവനം ഏല്പിച്ച ഭീമമായ ഷോക്കാണ് ഭ്രാന്തമായി ഫലസ്തീന് സമൂഹത്തെ കാരാഗൃഹങ്ങളിലടക്കാന് ഇസ്രായേലിനെ പ്രേരിപ്പിക്കുന്നതെന്നു അവര്‍ വിലയിരുത്തുന്നു. 2024 ആഗസ്റ്റിൽ, ‘Welcome to Hell’ (നരകത്തിലേക്ക് സ്വാഗതം) എന്ന തലക്കെട്ടിൽ ഇസ്രായേൽ ജയിലുകളിലെ ബീഭത്സതയെക്കുറിച്ച റിപ്പോർട്ട് ‘ B’Tselem’ പുറത്തിറക്കിയിരുന്നു.
ഇസ്രായേൽ കസ്റ്റഡിയിൽ കൊണ്ടുപോയ ഫലസ്തീൻ തടവുകാർക്കെതിരെ നടപ്പാക്കിയ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങളെ ഈ റിപ്പോർട്ട് സൂക്ഷ്മമായി അപഗ്രഥിക്കുന്നു. മൊറോക്കോയിലെ പ്രസിദ്ധ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ അഹ്മദ് ബെൻചെംസി( Ahmed Benchemsi), ഫലസ്തീൻ സെന്റര്‍ ഫോർ പ്രിസണർ സ്റ്റഡീസ് (PCPS) ഔദ്യോഗിക വക്താവും മീഡിയ ഗവേഷകയുമായ അമീന അല്‍ ത്വവീല്‍ (Amina al-Tawil) എന്നിവര്‍ ഇസ്രായേൽ ജയിലുകളിൽ ഫലസ്തീനികൾക്കെതിരെ നടക്കുന്ന ഹിംസ്രാത്മക കൈയേറ്റങ്ങളെക്കുറിച്ചു വിശദമായി പഠനം നടത്തിയവരാണ്.
ഗസ്സയിലെ ഫലസ്തീനികളെ മാത്രമല്ല, വെസ്റ്റ് ബാങ്ക്-ജറൂസലം നഗരങ്ങളില്‍നിന്നും “ചോദിക്കാനും പറയാനും” ആളില്ലാത്ത ഒട്ടനവധി പേരെ പട്ടാളക്കാര്‍ അറസ്റ്റുചെയ്തു. ‘ഭരണപരമോ നിയമവിരുദ്ധപരമോ’ ആയ ന്യായീകരണങ്ങള്‍ മതി ഇവരെ അനന്തകാലം ജയിലറകളില്‍ അടക്കാന്‍. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ട് കരിനിയമങ്ങളുടെ തണലില്‍ അറസ്റ്റുകൾ നടക്കുന്നതെങ്കില്ലും അവര്‍ക്കെതിരെ കുറ്റംചുമത്തുകയോ വിചാരണക്ക് വിധേയമാക്കുകയോ ചെയ്യുന്നില്ല പലപ്പോഴും.
ഒക്ടോബർ 7ന് ശേഷം ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരുടെ എണ്ണം ആയിരങ്ങളാണെന്നും എല്ലാ അറസ്റ്റുകളും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ബെൻചെംസി ചൂണ്ടിക്കാട്ടുന്നു. കഠോരമായ മർദനത്തില്‍ തടവുകാരുടെ തലയോട്ടി, താടിയെല്ല്, നെഞ്ച്, പുറം, നട്ടെല്ല് എന്നിവക്ക് സാരമായ ഒടിവും ചതവും സംഭവിക്കുക സ്വാഭാവികം. പട്ടാളക്കാർ കത്തുന്ന സിഗരറ്റുകൊണ്ട് തടവുകാരുടെ കണ്ണില്‍ കുത്തുന്നതുവഴി കാഴ്ച നഷ്ടപ്പെട്ട അനുഭവങ്ങള്‍ അനവധി. തടവുകാരെ നഗ്നരാക്കി കെട്ടിയിട്ട് ഒരു പ്രത്യേക ഇരിപ്പിടത്തിൽ കഠിനമായി ഭേദ്യംചെയ്യുന്ന രീതി സർവത്ര.
സെല്ലുകളില്‍ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. അവരുടെ സ്വകാര്യതയോ സൗകര്യമോ പരിഗണിക്കപ്പെടുന്നില്ല. ജയിലിൽ സ്ത്രീകളെ അപമാനകരമായ രീതിയിൽ നഗ്നരാക്കി പരിശോധിക്കുന്നു. എന്നല്ല, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച എത്രയോ സംഭവങ്ങള്‍ ‘ഷാരോൺ’ ജയിലില്‍ ഉണ്ടായെന്നു ബെൻചെംസി തെളിവുകള്‍ നിരത്തുന്നു.

അപ്പോഴും ഒരു കൊളുത്ത്
ജയില്‍മോചനത്തിനു ശേഷവും ഫലസ്തീൻ തടവുകാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിലും സംവദിക്കുന്നതിലും കര്‍ശനമായ വിലക്കുണ്ട്. ഏതെങ്കിലും കാരണത്താൽ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാൽ അവരെ വീണ്ടും ശിക്ഷക്ക് വിധേയരാക്കാൻ സാധ്യത ഏറെ.
“തടവുകാരെ അവരുടെ അഭിഭാഷകനെ കാണാൻ കൊണ്ടുവരുമ്പോൾ, അവരെ എന്തുമാത്രം ഭീതി ഗ്രസിച്ചിട്ടുണ്ടെന്നത് അവരുടെ മുഖത്ത് കാണാം,” എന്ന് അഭിഭാഷക നാദിയ ദക്ക (Nadia Daqqa) ‘അൽ ജസീറ’യോട് പറഞ്ഞു. “തടവുകാർ സംസാരിക്കാൻ ഭയപ്പെടുന്നു. അവര്‍ എത്രമാത്രം അരക്ഷിതരും ചകിതരുമാണെന്നു ഇത് വിളിച്ചുപറയുന്നു.’’
ഇസ്രായേൽ ജയിലുകളിൽ തങ്ങൾ നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് മോചിതരായ തടവുകാർ. വെടിനിർത്തൽ കരാറിന്റെ ഭാഗമായി കൈമാറിയ ഫലസ്തീനികള്‍ വർഷങ്ങളോളം ജയിലിൽ ക്രൂരമായ പീഡനം നേരിട്ടതിനെ തുടർന്ന് തീരെ അവശരായിരുന്നു. കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമാഗമം ആഘോഷിക്കാൻപോലുമാവാതെ നേരിട്ട് ആശുപത്രിയിലേക്കാണ് അവര്‍ പോയത്.
‘ഓരോ തവണ തടവുകാർ മോചിതരായപ്പോഴും അവരുടെ ശരീരത്തിൽ തടവറയിൽ അവർ നേരിട്ട പീഡനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നു. ഒക്ടോബർ ഏഴിനുശേഷം പീഡനത്തിന്റെ കാഠിന്യം വർധിച്ചു. പട്ടിണിക്കിട്ടു. ചികിത്സ നിഷേധിച്ചു. സ്കാബിസ് അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ചു. ദിവസങ്ങളോളം ക്രൂരമായി മർദിച്ചതിനെ തുടർന്ന് പലരുടെയും വാരിയെല്ല് ഒടിഞ്ഞനിലയിലായിരുന്നു. വൈ.എച്ച് എന്ന ഇനിഷ്യല്‍ ഉള്ള ഒരാളുടെ താടി, തോളെല്ല്, വാരിയെല്ല് എന്നിവ പൊട്ടിയിരുന്നു. അദ്ദേഹത്തിന് ഒരു മെഡിക്കൽ സപ്പോര്‍ട്ടും കിട്ടിയില്ല.
ബന്ദിമോചന കരാറിന്റെ ഭാഗമായി ഇസ്രായേൽ വിട്ടുനൽകിയ നൂറിലധികം ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല. മൃഗീയ പരാക്രമങ്ങള്‍ക്കൊടുവില്‍ ശരീരങ്ങള്‍ അവ്വിധമൊരു പരുവത്തിലേക്ക് മാറിപ്പോയിരുന്നു. ഈ മൃതദേഹങ്ങളിലെ പാടുകളിൽനിന്നും ചിലതിൽ അപ്പോഴും അവശേഷിച്ച കൈവിലങ്ങുകളിൽനിന്നും ഒരു കാര്യം വ്യക്തമായിരുന്നു: മരിക്കുന്നതിന് മുമ്പ് അവർക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അതേസമയം, യുദ്ധവിരാമ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹമാസ് കൈമാറിയ ഇസ്രായേൽ ബന്ദികളുടെ കഥയോ! അവരെത്ര ഊർജസ്വലരും ആഹ്ലാദവാന്മാരുമായാണ് തങ്ങളുടെ കുടുംബങ്ങളിലേക്ക് അണഞ്ഞത്!
അറുതിയില്ലാ വേദനയുടെ പർവം
ഗസ്സ തുരുത്തില്‍നിന്നു ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുശേഷം വിട്ടയച്ച ബദർ ദഹ്ലൻ എന്ന 29കാരൻ ഭീതിദമായ ദൃശ്യങ്ങളാണ് ലോകത്തിനു മുന്നില്‍ അനാവൃതമാക്കുന്നത്. കൊടുംപീഡനത്തിനൊടുവിൽ മനോനില തെറ്റി രൂപംതന്നെ മാറിയ അവസ്ഥയിലാണ് ഈ യുവാവ്. “അവർ എന്നെ ജയിലിൽവെച്ച് ചോദ്യം ചെയ്തു. ഓരോ ചോദ്യത്തിനും അടിയുടെ അകമ്പടി. തലതാഴ്ത്തി ഇരിക്കാനും മേലോട്ട് നോക്കാതിരിക്കാനും പറഞ്ഞു. കാലുകള്‍ ഒടിയുന്നതുവരെ അവര്‍ തല്ലി.” വാരിയെല്ലുകളും കാലുകളും ലാക്കാക്കി തുടർച്ചയായി 36 മണിക്കൂർ വരെ ഉറങ്ങാന്‍ അനുവദിക്കാതെ പീഡനം, ‘ഫ്രീസർ’ എന്നറിയപ്പെടുന്ന ലോഹ സെല്ലില്‍ അത്യന്തം തണുപ്പിൽ. ‘ബനാന പൊസിഷൻ’ പോലുള്ള അസ്വാഭാവിക പീഡനരീതികളിൽ മണിക്കൂറുകളോളം നിര്‍ത്തി. പുറമെ മനുഷ്യാവകാശ സംഘടനകൾ വർഷങ്ങളായി രേഖപ്പെടുത്തിയിട്ടുള്ള ‘ഘോരമായ പ്രകമ്പനം’.
മാനസിക പീഡനമായിരുന്നു അതിവ ദുസ്സഹം. രാത്രി മുഴുവൻ റെക്കോഡ് ചെയ്ത അട്ടഹാസങ്ങളുടെയും ആരോചകമായ ശബ്ദങ്ങളുടെയും കടല്‍ക്ഷോഭം. കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി. രാത്രിയോ പകലോ എന്ന തിരിച്ചറിവ് നഷ്ടപ്പെടുത്തുന്ന അവസ്ഥാവിശേഷം.
“മർദനത്തെക്കാൾ ഭയാനകമായിരുന്നത് ആ കനത്ത നിശ്ശബ്ദതയും ഇരുട്ടുമായിരുന്നു. ശരീരം തകരുന്നതിന് മുമ്പേ മനസ്സാണ് തകർന്നത്.” ഇതു പറയുമ്പോള്‍ ദഹ്ലന്റെ വാക്കുകള്‍ അന്തഃസംഘർഷത്താൽ എവിടെയൊക്കെയോ അടര്ന്നുപോകുന്നുണ്ടായിരുന്നു. അദ്ദേഹം അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിലാണിപ്പോൾ.
ഇസ്രായേൽ ജയിലുകള്‍ യു.എസിന്റെ കുപ്രസിദ്ധ തടങ്കൽ കേന്ദ്രങ്ങളുടേതിനു തുല്യമാണെന്ന് മുൻ ഗ്വണ്ടാനമോ തടവുകാരൻ അസദുല്ല ഹാറൂൺ. 14 വർഷത്തോളം ക്യൂബയിലെ ഗ്വണ്ടാനമോ ബേ ജയിലിൽ ഒരു കുറ്റവും ചുമത്താതെ തടവിലായിരുന്നു ഹാറൂൺ. യു.എസ് അനീതിക്കെതിരെ പൊരുതി കേസ് ജയിച്ച് 2021ൽ പുറത്തിറങ്ങിയ ഹാറൂൺ അതിന്റെ തനിയാവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്ന് ഉറപ്പിച്ചുപറയുന്നു. ഇത് ഒരു ജനപദത്തെ ആമൂലാഗ്രം പിഴുതെറിയാനുള്ള അജണ്ടയുടെ ഭാഗമാണ്. നിങ്ങളെ തീവ്രവാദിയായി മുദ്രകുത്തിക്കഴിഞ്ഞാൽ പിന്നെ ഒരു തരത്തിലും സ്വയം പ്രതിരോധിക്കാൻ കഴിയില്ല. അമേരിക്കന്‍ അസഹിഷ്ണുതയുടെ ആസുരത ഇസ്രായേല്‍ കടമെടുത്തിരിക്കുന്നു. ഗ്വണ്ടാനമോയിലും ബഗ്രാമിലും അബൂ ഗുറൈബിലും തടവുകാരെ പീഡിപ്പിക്കുന്നതില്‍ ഒരേ ശരീരഭാഷയെന്ന് ഹാറൂൺ ‘അൽജസീറ’ ലേഖകനായ ഉസാമ ബിൻ ജാവേദിനോട് പങ്കുവെക്കുന്നു.
ചാര്‍ജ്ഷീറ്റ് ഒന്നുമില്ലാതെ മൂന്ന് വർഷത്തോളം ഗ്വണ്ടാനമോയിൽ കിടന്ന മനുഷ്യാവകാശ അഭിഭാഷകന് അഫ്ഗാനിലെ മൊഅ്സാം ബെഗിന്റെ നിരീക്ഷണം ഗസ്സയും ഗ്വണ്ടാനമോയും ഭീകരതയുടെ ഒരേ എഡിഷന്തന്നെയെന്നാണ്. മനുഷ്യാവകാശ സംഘടനകളിൽനിന്നും അഭിഭാഷകരിൽനിന്നും നീതിക്കുവേണ്ടിയുള്ള ആഹ്വാനങ്ങളുണ്ടെങ്കിലും സമീപഭാവിയിൽ കാര്യങ്ങൾ മാറില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.. “പൂച്ചക്ക് ആര് മണി കെട്ടും”? ബെഗ് ചോദിക്കുന്നു.

ഫലസ്തീൻ നേതാവ് മർവാൻ ബർഗൗട്ടിയെ ഇസ്രായേലിലെ തെൽഅവീവ് കോടതിയിൽനിന്ന് വിചാരണക്കുശേഷം പൊലീസ് പുറത്തേക്ക് കൊണ്ടുവരുന്നു
ഒരു വിരലുമുയരരുത്
വിചാരണ കൂടാതെ തടവിലാക്കപ്പെട്ട ഫലസ്തീനികളെ എന്നെന്നേക്കുമായി നിശ്ശബ്ദരാക്കുന്നതിന്റെ വിശദാംശങ്ങൾ ഈയിടെ ഇസ്രായേലി പത്രമായ ‘ഹാരെറ്റ്സ്’ പ്രസിദ്ധീകരിച്ചിരുന്നു. നിരന്തര പ്രഹരം, തടവുകാരുടെ നേരെ നായ്ക്കളെക്കൊണ്ടുള്ള ലൈംഗിക/ ശാരീരിക ആക്രമണം, ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിര്‍ബന്ധിപ്പിക്കല്‍, പ്രവാചകന് മുഹമ്മദ് നബിയെ പരിഹസിക്കാന്‍ സമ്മർദം ചെലുത്തല്‍ തുടങ്ങി ആരോഗ്യവും ആത്മാഭിമാനവുമുള്ള മനുഷ്യരെ നിര്ജീവവും നിഷ്ക്രിയവുമായ പരിതോവസ്ഥകളിലേക്ക് തള്ളിവിടുമാറ് ജുഗുപ്സാവഹമായ സര്‍വ വഴികളും പരീക്ഷിക്കപ്പെടുന്നുവെന്ന് പത്രം വസ്തുതകള്‍ നിരത്തി വ്യക്തമാക്കുന്നു.
ടോയ്ലറ്റിലേക്കുൾപ്പെടെ വെള്ളം റദ്ദ് ചെയ്യുക, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുക, നഗ്നരാക്കി മർദിക്കുക, ഇലക്ട്രിക് ഷോക്ക് ഏൽപിക്കുക, മതിയായ അളവില്‍ ഭക്ഷണം നൽകാതിരിക്കുക, പരിക്കേറ്റവര്‍ക്കും രോഗികള്‍ക്കും അനിവാര്യമായ ചികിത്സ നിഷേധിക്കുക, വൃത്തിയും വെടിപ്പും ഒട്ടുമില്ലാത്ത പരിസരങ്ങളില്‍ പാര്‍പ്പിക്കുക, സ്വകാര്യത സംരക്ഷിക്കപ്പെടാത്ത, കതകുകൾ അന്യമായ അതി ശോച്യ ശൗചാലയങ്ങൾ തുടങ്ങിയ മനുഷ്യത്വ വിരുദ്ധ ചെയ്തികള്‍ക്കു പുറമെ വിവരണാതീതമായ ലൈംഗികാതിക്രമങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഏകപക്ഷീയമായ അറസ്റ്റ്, നിർബന്ധിത തിരോധാനം, മനഃപൂർവ വധം, ലൈംഗിക ആഭാസം, ന്യായമായ വിചാരണാ നിഷേധം, നിയമ ലംഘനം ആദിയായവ നിസ്സഹായരായ ഒരു സമൂഹത്തോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത അപരാധമാണെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് മോണിറ്റർ ( Euro-Med Monitor) തുറന്നെഴുതുന്നു. തടവുകാർക്ക് നിർണായകവും ജീവൻ രക്ഷിക്കുന്നതുമായ പരിചരണം ഉൾപ്പെടെ വൈദ്യസഹായവും ഭക്ഷണവും നിഷേധിക്കപ്പെട്ടതിനു പുറമെ പട്ടാളക്കാര്‍ തടവുകാരുടെ മേല്‍ തുപ്പുകയും മൂത്രമൊഴിക്കുകയും (നായ്ക്കളും) ചെയ്ത സംഭവങ്ങള്‍ വരെ മോണിറ്റർ മറനീക്കി കൊണ്ടുവരുകയുണ്ടായി. കാവലാളുകള്‍ കണ്ണില്‍ ചോരയില്ലാത്ത കാപാലികരാകുന്ന കാഴ്ച! ശവപ്പെട്ടിയുടെ വലുപ്പം മാത്രമുള്ള ഇടുങ്ങിയ ഇരുണ്ട കോണുകളിൽ മാസങ്ങളും വര്‍ഷങ്ങളും തടവുകാരെ ഒറ്റക്ക് അടച്ച് കൊല്ലാക്കൊല ചെയ്യുന്നവര്‍! മൃഗത്തിനുള്ള ആനുകൂല്യമോ അന്തസ്സോപോലും ലഭ്യമാകാതെ പോകുന്ന മനുഷ്യജന്മങ്ങള്!
“എന്തുകൊണ്ട് ഇവരോട് ഇത്തിരി ദയ കാണിച്ചുകൂടാ..?”
ഒരു ഉത്തരവാദപ്പെട്ട ഓഫിസറോട് ഒരിക്കല്‍ ഒരു പത്രലേഖകന് ചോദിച്ചു.
“അവര്‍ ഇനി ഞങ്ങള്‍ക്കെതിരെ കൈ ചൂണ്ടരുത്.”
ഉദ്യോഗസ്ഥന് പ്രത്യുത്തരം നല്കി.
സിറിയയിലെ തദ്മൂര്‍ (Palmyra), ഇറാനിലെ എവിന്‍, കൊളംബിയയിലെ La Modelo, U. S ഗ്വണ്ടാനമോ, റഷ്യയിലെ ബ്ലാക്ക് ഡോള്‍ഫിന്‍, ഖമർറൂഷ് ഭരണകാലത്ത് പതിനായിരങ്ങളെ കുരുതി കൊടുത്ത കംബോഡിയയിലെ Tuol Sleng, ലക്ഷോപലക്ഷം മനുഷ്യരെ നിഷ്കരുണം കൊന്നൊടുക്കിയ ഹിറ്റ്ലരുടെ ഗ്യാസ് ചേംബര്‍/ കോണ്സെന്ട്രേഷന് ക്യാമ്പുകള്‍, ഇറാഖിലെ അബൂ ഗുറൈബ്... എല്ലായിടത്തും ഇങ്ങനെ ഒരു ബോഡ് വെച്ചുകാണും : ‘‘ഇനി ഒരു ശബ്ദവും ഞങ്ങള്‍ക്കെതിരെ പൊങ്ങരുത്...”
ഇസ്രായേല്‍ കാരാഗൃഹങ്ങളില്‍ ആയുസ്സ് ഹോമിക്കാന്‍ വിധിക്കപ്പെട്ടവര്ക്കെതിരെ കരാളമായ മറ്റൊരു വിധി, കൂനിന്മേൽ കുരു എന്നവണ്ണം! രാഷ്ട്രത്തിനെതിരെ ‘ഭീകരപ്രവര്‍ത്തനം’ നടത്തുന്ന ഫലസ്തീനികളെ വധശിക്ഷക്ക് അനുവാദം നല്കുന്ന ഒരു ബില്‍ മാര്‍ച്ച് 30, 2026 നു ഇസ്രായേല്‍ പാര്‍ലമെന്റായ ക്നെസറ്റ് (Knesset) ചുട്ടെടുത്തിരിക്കുന്നു. സൈനിക കോടതികളുടെ ഈ വിശിഷ്ടാധികാരത്തിന്റെ മറവില്‍ ഇനി ബിന്യമിന് നെതന്യാഹുവിനു ചെറുത്തുനിൽപിന്റെ ശബ്ദങ്ങളെ നിഷ്പ്രയാസം നിഷ്പ്രഭമാക്കാം.
അന്താരാഷ്ട്ര വേദികളില്‍നിന്നും മനുഷ്യാവകാശ സംഘടനകളില്‍നിന്നും ഇതിനെതിരെ മുറവിളിയുയര്ന്നിട്ടുണ്ടെങ്കിലും ഹമാസിന്റെ രക്തത്തിനു ദാഹിക്കുന്നവരുടെ കൈയടി നേടാന്‍ ഈ കാട്ടുനീതിക്കായിട്ടുണ്ട്. തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റമര്‍ ബെന്‍ ഗ്വീര്‍ (Itamar Ben-Gvir) സഹപ്രവര്‍ത്തകര്‍ക്ക് ഷാംപെയ്ന്‍ പാനീയം പകര്‍ന്നു, നിസ്സഹായരെ കൊന്നുതള്ളാനുള്ള ഈ ഉത്തരവ് ആഘോഷിക്കുന്ന ചിത്രം വൈറല്‍; ഒപ്പം ഫാഷിസത്തിന്റെ നൃശംസമായ നടപ്പുശീലങ്ങൾ എത്രമേൽ ആർഭാടമായാണ് ‘‘ആഘോഷിക്കപ്പെടുന്ന’’തെന്നതിന്റെ ആവർത്തനവും.
