Begin typing your search above and press return to search.
proflie-avatar
Login

ലോകം കീഴ്‌മേൽ മറിച്ച്‌ മോദിയുടെ ഉറ്റചങ്ങാതിയും നേർസഹോദരനും

ലോകം കീഴ്‌മേൽ മറിച്ച്‌ മോദിയുടെ  ഉറ്റചങ്ങാതിയും നേർസഹോദരനും
cancel

ഇറാനെതിരെ നടക്കുന്ന സയണിസ്റ്റ്-സാമ്രാജ്യത്വ യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ്? എന്താണ് ഹിന്ദുത്വവാദികളുടെ നിലപാട്? -വിശകലനംഅമേരിക്കൻ സാമ്രാജ്യത്വ പ്രഹരം പരിക്കേൽപിക്കാത്ത ഒരിഞ്ച്‌ സ്ഥലംപോലും ഭൂമുഖത്തില്ല. ഇന്തോനേഷ്യ, വിയറ്റ്നാം, കൊറിയ, ബ്രസീൽ, ചിലി, അർജന്റീന, നികരാഗ്വ, ഗ്വാട്ടമാല, വെനിസ്വേല, കോംഗോ, ഫിലിപ്പീൻസ്, ഹെയ്തി, കംബോഡിയ, അഫ്ഗാനിസ്താൻ, ഇറാഖ്‌, സിറിയ, ലിബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്‌, ഹോണ്ടുറസ്‌, ബോസ്‌നിയ, സോമാലിയ, യൂഗോസ്ലാവിയ, ഫലസ്‌തീൻ; ഒടുവിലിതാ ഇറാനും. അധിനിവേശം എത്രയോ ലക്ഷം നിരപരാധികളെയാണ്‌ കൊന്നുതള്ളിയത്‌. അതുപോലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെയും...

Your Subscription Supports Independent Journalism

View Plans
ഇറാനെതിരെ നടക്കുന്ന സയണിസ്റ്റ്-സാമ്രാജ്യത്വ യുദ്ധത്തിൽ ഇന്ത്യയുടെ പങ്ക് എന്താണ്? എന്താണ് ഹിന്ദുത്വവാദികളുടെ നിലപാട്? -വിശകലനം

അമേരിക്കൻ സാമ്രാജ്യത്വ പ്രഹരം പരിക്കേൽപിക്കാത്ത ഒരിഞ്ച്‌ സ്ഥലംപോലും ഭൂമുഖത്തില്ല. ഇന്തോനേഷ്യ, വിയറ്റ്നാം, കൊറിയ, ബ്രസീൽ, ചിലി, അർജന്റീന, നികരാഗ്വ, ഗ്വാട്ടമാല, വെനിസ്വേല, കോംഗോ, ഫിലിപ്പീൻസ്, ഹെയ്തി, കംബോഡിയ, അഫ്ഗാനിസ്താൻ, ഇറാഖ്‌, സിറിയ, ലിബിയ, ഡൊമിനിക്കൻ റിപ്പബ്ലിക്‌, ഹോണ്ടുറസ്‌, ബോസ്‌നിയ, സോമാലിയ, യൂഗോസ്ലാവിയ, ഫലസ്‌തീൻ; ഒടുവിലിതാ ഇറാനും. അധിനിവേശം എത്രയോ ലക്ഷം നിരപരാധികളെയാണ്‌ കൊന്നുതള്ളിയത്‌. അതുപോലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെയും പരമ്പരാഗതമായി തുടരുന്ന ഭരണസംവിധാനങ്ങളെയും അട്ടിമറിച്ചു. അത്തരം പല കടന്നുകയറ്റങ്ങൾക്കുമെതിരെ ജനകീയ രോഷവും ചെറുത്തുനിൽപുകളും ഉണ്ടായിരുന്നു.

വിയറ്റ്നാം അധിനിവേശ കാലത്ത്‌ അമേരിക്കൻ വിദ്യാർഥികളും യുവജനങ്ങളും കലാകാരന്മാരും ചിന്തകരും കായിക പ്രതിഭകളുമെല്ലാം തെരുവിലിറങ്ങുകയുണ്ടായി. എന്നാലിന്ന്‌ പ്രതികരണങ്ങൾ ജഡാവസ്ഥയിലാണെന്നത്‌ ഏറെ നടുക്കമുളവാക്കുന്നതാണ്‌. 2017 ജനുവരി 20ന് 45ാമത് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ ഉറപ്പ്‌ യുദ്ധങ്ങൾക്ക്‌ പൂർണവിരാമമിടുമെന്നായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ചേർന്ന് ഫെബ്രുവരി 28ന് ഇറാനെതിരെ ആയുധങ്ങൾ തൊടുക്കുകയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കുകയും ചെയ്തു. തെക്കൻ ഇറാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂൾ മിസൈലുകളാൽ തകർത്ത്‌ 200 കുട്ടികളെയാണ്‌ കൊന്നതും. പഠനത്തിനായി സമർപ്പിച്ചിരിക്കുന്ന സ്ഥലത്തെ വിദ്യാർഥികൾ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നുവെന്നും, ആ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ വിദ്യാർഥികളെയും അധ്യാപകരെയും അപകടത്തിലാക്കുകയും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്നുമാണ്‌ യുനസ്‌കോ പ്രസ്‌താവിച്ചത്.

ട്രംപും നെതന്യാഹുവും

രണ്ട് നേതാക്കളുടെയും വസ്‌ത്രങ്ങളിൽ ചോരത്തുള്ളികൾ തെറിച്ചുവീണിരിക്കുന്നു, ഒരാൾ അമേരിക്കയെ അധോലോക വൻശക്തിയായി മാറ്റിക്കൊണ്ടിരിക്കുന്ന കടുത്ത ദേശീയവാദി; മറ്റെയാൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധക്കുറ്റങ്ങൾക്കായി തിരയുന്ന വംശീയ വാദി. പ്രസിഡന്റായി സ്ഥാനമേറ്റ് 13 മാസത്തിനിടെ ട്രംപ് ഏഴ് രാജ്യങ്ങളിലേക്ക്‌ മാരകായുധങ്ങൾ പായിച്ചു. നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ വകവെക്കാതെയാണ്‌ നയരൂപവത്കരണങ്ങൾ നടത്തുന്നത്‌. ഇസ്രായേൽ അവകാശപ്പെടുംപോലെ ഇറാനെതിരായ നീക്കം പ്രതിരോധ യുദ്ധമല്ല. ഇറാൻ ആക്രമണത്തിന് തയാറെടുക്കുന്നതായി ഒരു തെളിവുമുണ്ടായിരുന്നില്ല.

എന്നാൽ, ഒമാൻ മധ്യസ്ഥതയിൽ വാഷിങ്‌ടണുമായി ഗൗരവ ചർച്ചകളിലായിരുന്നു. സമ്പുഷ്ട യുറേനിയം ശേഖരിച്ച് സൂക്ഷിക്കില്ലെന്ന് ഉറപ്പുനൽകിയതിന്റെ പിറ്റേന്നാണ് സി.ഐ.എ ഇന്റലിജൻസ് വിവരങ്ങൾ പിന്തുടർന്ന് ഇസ്രായേൽ ഉന്നത നേതൃനിരയെ ഉന്മൂലനം ചെയ്‌തത്. ഇറാഖിനുമേൽ ആരോപിച്ച നശീകരണ രാസായുധ ശേഖരംപോലെ പാചകംചെയ്‌ത നുണതന്നെയാവും ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ഉത്കണ്‌ഠ. ഒരു ഉടമ്പടി വളരെ അടുത്താണെന്ന്‌ ഫെബ്രുവരി 27ന് ഒമാൻ വിദേശ മന്ത്രി ബദർ അൽ-ബുസൈദി വ്യക്തമാക്കിയതിന്‌ മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ-ഇസ്രായേൽ മിസൈലുകൾ ഇറാനെ ആക്രമിച്ചു. നയതന്ത്രം ബലപ്രയോഗത്തിലൂടെ അട്ടിമറിക്കപ്പെടുന്നത് ആദ്യമല്ല.

2015ലെ ആണവ കരാർ ട്രംപ് 2018ൽ അട്ടിമറിച്ചു. 2025 ജൂണിൽ ഇറാൻ യു.എസുമായി ചർച്ചകൾ നടത്തവെ ഏകപക്ഷീയ ഇസ്രായേലി ആക്രമണം 12 ദിവസത്തെ യുദ്ധത്തിന് കാരണമായി. ട്രംപ് അവകാശപ്പെടുംപോലെ ഇറാനികൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള ശ്രമമല്ലിത്. പ്രതിരോധമില്ലാത്ത, രാജ്യമില്ലാത്ത ഫലസ്തീൻ ജനതക്കെതിരായ വംശഹത്യാ കുറ്റകൃത്യങ്ങൾക്ക്‌ അമേരിക്ക എല്ലാവിധ പിന്തുണയും നൽകിവരുകയായിരുന്നു. ഇപ്പോഴത്തേത്‌ തെരഞ്ഞെടുത്ത യുദ്ധമാണ്, ശത്രുവിനെ ഉന്മൂലനം ചെയ്യാനും അമേരിക്കൻ-ഇസ്രായേൽ താൽപര്യങ്ങൾക്കനുസരിച്ച് മേഖലയെ സമ്പൂർണമായി പൊളിച്ചെഴുതാനും ഉദ്ദേശിച്ച്‌ ആരംഭിച്ചത്‌. ഇറാനെതിരായ സംയുക്ത ആക്രമണവും സർക്കാറിനെതിരായ ആ രാജ്യത്തെ ജനങ്ങളുടെ പ്രക്ഷോഭവും ഒരേ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും ഖാംനഇൗയുടെ ഉന്മൂലനം അവരെ സ്വാതന്ത്ര്യത്തിലേക്ക് നടത്തിക്കുമെന്നും വിധിയെഴുതുന്നവർ ഇസ്‍ലാമോഫോബിയയുടെ തടവുകാരാണ്‌.

രാഷ്ട്രീയാനിശ്ചിതത്വം അടിച്ചേൽപിച്ചതല്ലാതെ അമേരിക്കൻ കടന്നാക്രമണം ഒരു രാജ്യത്തും ജനാധിപത്യമോ സ്വാതന്ത്ര്യമോ കൈമാറിയിട്ടില്ല. ഇറാഖ്‌, അഫ്ഗാനിസ്താൻ, ലിബിയ, സിറിയ തുടങ്ങിയവ ഉദാഹരണങ്ങൾ. അമേരിക്കയുടെയും ഇസ്രായേലിന്റെയും നോട്ടം സമാധാനമല്ല; തുടർച്ചയായ യുദ്ധങ്ങളും അസ്ഥിരതയുമാണ്. പല രാജ്യങ്ങളുടെയും അവിടങ്ങളിലെ നിസ്സഹായരായ ജനങ്ങളുടെയും സമ്പൂർണ വിധേയത്വമാണ്‌ തങ്ങൾ നേരിടുന്ന കൂട്ടക്കുഴപ്പങ്ങൾക്കുള്ള ഔഷധമെന്ന്‌ അവർ പണ്ടേ നിശ്ചയിച്ചതാണ്‌. ഇറാനാകെ മൊസാദും സി.ഐ.എയും പലമട്ടിൽ സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഫെബ്രുവരിയിലെ ഇക്കണോമിസ്റ്റ്/യൂഗോവ് വോട്ടെടുപ്പിൽ 72 ശതമാനവും ഇറാനെതിരെ സൈനിക ശക്തി പ്രയോഗിക്കുന്നതിനെ പിന്തുണച്ചു. അമേരിക്കക്കാരിൽ നാലിലൊന്നും ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ യു.എസ് കൂടുതൽ സജീവ പങ്കുവഹിക്കണമെന്ന് ആഗ്രഹിക്കുന്നു. യുദ്ധവിരുദ്ധത ഒരിക്കലും തത്ത്വാധിഷ്ഠിത നിലപാടായിരുന്നില്ല, -ജനാധിപത്യ വിരുദ്ധമാണത്‌.

ബറാക്‌ ഒബാമയുടെ ഭരണകാലയളവിൽ ട്രംപ് മുന്നറിയിപ്പ് നൽകിയത്‌, പ്രസിഡന്റ് ഇറാനുമായി യുദ്ധം ആരംഭിക്കുമെന്നാണ്‌. ജെ.ഡി. വാൻസ് ഇറാഖ് അധിനിവേശത്തെയും പുരാതന ക്രിസ്ത്യൻ സമൂഹങ്ങളെ നശിപ്പിച്ചതിനെയും കുറിച്ച് വിലപിക്കുകയായിരുന്നു. ഇപ്പോൾ അതിന്റെ തുടർച്ചയാണ് നടക്കുന്നത്. ന്യായീകരണങ്ങളിലാണ് യഥാർഥ വസ്തുത. ഇറാൻ എന്നതിന് പകരം ഇറാഖ് എന്നും ആണവായുധ പദ്ധതിക്ക്‌ നശീകരണായുധങ്ങൾ എന്നും ചേർത്താൽ 2003ലെ വാർത്തകൾ വായിക്കാം. ട്രംപും അനുയായികളും ഒരിക്കൽ പരിഹസിച്ച അതേ പ്ലേബുക്ക് തന്നെയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്‌ -യു.എസ് ഇന്റലിജൻസ് പൂർണമായി പിന്തുണക്കാത്ത ആയുധ പദ്ധതികളെക്കുറിച്ചുള്ള അവകാശവാദങ്ങൾ, ഇറാനിയൻ ജനതക്കുള്ള സ്വാതന്ത്ര്യവാഗ്ദാനങ്ങൾ, അത് വേഗത്തിൽ നടപ്പാക്കുമെന്ന ഉറപ്പുകൾ. കോൺഗ്രസിന്റെ പച്ച സിഗ്നൽ ലഭിക്കാതെ ട്രംപ് ഇറാനിൽ നടത്തിയ കടന്നുകയറ്റം നിയമവിരുദ്ധമാണെന്ന് കമല ഹാരിസ് ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കുകയുണ്ടായി.

റാലിയിൽ ട്രംപിന്റെ പ്രശംസ

അമേരിക്കൻ ഇസ്രായേൽ പദ്ധതിയിലേക്ക്‌ കൈയൊപ്പ്‌ നൽകിയിരിക്കയാണ്‌ ഹിന്ദുത്വ രാഷ്ട്രീയവും നരേന്ദ്ര മോദിയും. 2019 സെപ്‌റ്റംബർ 23ന്റെ ‘ഹൗഡി മോദി’ ടെക്സസ് റാലിയെ അഗാധമായ ചരിത്ര സംഭവം എന്ന്‌ വിശേഷിപ്പിച്ച്‌ ഇന്ത്യൻ പ്രധാനമന്ത്രിക്ക്‌ ട്രംപ് അതിരുകടന്ന വാചാടോപം മാത്രമായ പ്രശംസ ചൊരിയുകയായിരുന്നു. ഏറ്റവും മികച്ച, അളവറ്റ അർപ്പണബോധമുള്ള അടിമുടി വിശ്വസ്തനായ സുഹൃത്തായ മോദിയോടൊപ്പം ഇരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ജനക്കൂട്ടത്തെ അറിയിച്ചു.

വൈറ്റ് ഹൗസിൽ ഇന്ത്യക്കും തനിക്കും ഉറ്റചങ്ങാതിയുണ്ടെന്നും ഊഷ്മളനും സൗഹൃദപരനും എളുപ്പത്തിൽ എത്തിച്ചേരാവുന്നവനും ഊർജസ്വലനും വിവേകശാലിയുമായ ട്രംപ്‌ എന്നായിരുന്നു മോദിയുടെ പകരം പുകഴ്‌ത്തൽ. സി.ഇ.ഒ മുതൽ കമാൻഡർ-ഇൻ-ചീഫ് വരെ, ബോർഡ് റൂമുകൾ മുതൽ ഓവൽ ഓഫിസ് വരെ, സ്റ്റുഡിയോകൾ മുതൽ ആഗോള വേദി വരെ എല്ലായിടത്തും അദ്ദേഹം ശാശ്വത സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചു. അവിടെ മാത്രമാണ് മോദിക്കുവേണ്ടിയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ആ റാലിയെ ഇരുനേതാക്കളും വിജയമായി കണക്കാക്കി. 2020ലെ തെരഞ്ഞെടുപ്പിൽ ടെക്സസ് യുദ്ധക്കളമായി ഉയർന്നുവരാൻ സാധ്യതയുള്ളതിനാൽ ട്രംപിന് ഇന്ത്യൻ-അമേരിക്കൻ വംശജരെ ആകർഷിക്കാനുള്ള അവസരമായിരുന്നു അത്. മോദിയെ സംബന്ധിച്ച്‌ പി.ആർ നേട്ടവും.

സമാധാനം സ്വപ്നം കണ്ടവർ ജീവിക്കുന്നത്‌ വാളുകൊണ്ട്

ഇസ്രായേലിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വാണിജ്യ-വാർത്താ ശൃംഖലയായ ചാനൽ 12ന്റെ പോൾ സർവേയിലെ കണ്ടെത്തൽ ഈ വർഷം മേയ്-ഒക്ടോബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടർമാരിൽ തീവ്രവലതുപക്ഷാഭിമുഖ്യവും മത-ദേശീയവാദവും ഏറെ പ്രബലമാണെന്നാണ്‌. തങ്ങളെ വലതുപക്ഷമെന്ന് വിശേഷിപ്പിച്ച 75 ശതമാനവും ഫലസ്തീൻ, ജോർഡൻ, ലബനാൻ, സിറിയ, ഈജിപ്ത്, സൗദി അറേബ്യ എന്നിവയുടെ ചില ഭാഗങ്ങൾ കീഴടക്കാനുള്ള, നൈൽ നദി മുതൽ യൂഫ്രട്ടീസ് വരെ നീളുന്ന ഭാവി അതിർത്തികളെക്കുറിച്ചുള്ള ഗ്രേറ്റർ ഇസ്രായേൽ ദർശനം അന്വർഥമാക്കുന്ന ബൈബിൾ അവകാശത്തെക്കുറിച്ചുള്ള ഇസ്രായേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബിയുടെ സ്ഥിരീകരണത്തോട് ചേർന്നുനിൽക്കുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹുവിനുള്ള പിന്തുണ 49 ശതമാനവും. സയണിസവുമായി കൈകോർക്കുന്ന മതഭ്രാന്തിലേക്കുള്ള പരിവർത്തനവും അമിത സൈനികവത്കരണ ത്വരയുമാണ്‌ മറ്റ്‌ ഭീഷണികൾ. ഒരിക്കൽ സമാധാനം സ്വപ്നംകണ്ടവർ വാളുകൊണ്ടാണ്‌ ഇന്ന്‌ ജീവിക്കുന്നത്‌. യുവതലമുറ അച്ഛനമ്മമാരെക്കാൾ അൽപം പുരോഗമനവാദികളാണെന്ന് പലപ്പോഴും പറയാറുണ്ട്‌. എന്നാൽ, ജൂത ഇസ്രായേലി സമൂഹത്തിന് നേരെ മറിച്ചാണ്. പത്തിൽ ഒമ്പത് പൗരന്മാരും വംശഹത്യക്ക് തയാറുള്ളവരായിരിക്കുന്നു. വോട്ടെടുപ്പുകളിൽ അഞ്ച്‌ ജൂത ഇസ്രായേലികളിൽ നാലുപേർ വിവിധ രൂപങ്ങളിൽ ഫലസ്‌തീൻ വംശഹത്യയെ പിന്തുണച്ചു. പട്ടിണിയെക്കുറിച്ച് ആശങ്കയില്ലാത്ത 79 ശതമാനം അവിടം നിരപരാധികളില്ലെന്നാണ്‌ അഭിപ്രായപ്പെട്ടത്‌.

പെൻസൽവേനിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയുടെ പോളിൽ ഗസ്സയിലെ ഇസ്രായേലി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ ഒമ്പത്‌ ശതമാനമേ നാടുകടത്തലിന്റെയും ഉന്മൂലനത്തിന്റെയും ആശയങ്ങളെ നിരസ്സിച്ചുള്ളൂ. ഭൂമുഖത്തെ എല്ലാ തിന്മകളുടെയും വേരുകളായ അമേരിക്കൻ സയണിസ്റ്റ് അച്ചുതണ്ട് ഒരു പ്രകോപനവുമില്ലാതെ, അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷൻ പ്രമേയങ്ങളും കാറ്റിൽപറത്തി ഇറാനെതിരെ വീണ്ടും ഏകപക്ഷീയ ആക്രമണം നടത്തിയിരിക്കയാണ്. അധിനിവേശത്തിന്‌ ലയൺസ് റോർ എന്ന് പേരുനൽകിയതുതന്നെ പ്രകോപനപരമാണ്‌.

ആ ഹീനകൃത്യത്തിനുള്ള ക്രമീകരണങ്ങൾ പിന്നണിയിൽ ഏകോപിപ്പിച്ചുകൊണ്ടിരുന്ന ദിവസങ്ങളിലെ ദ്വിദിന സന്ദർശനത്തിനിടെ മോദി പ്രത്യയശാസ്ത്ര-രാഷ്ട്രീയ-സൈനിക കരാറുകളിൽ ഏർപ്പെട്ടത്‌ അക്ഷരാർഥത്തിൽ ഇന്ത്യയുടെ ശിരസ്സ് കുനിപ്പിച്ചതായി. പാർലമെന്റായ ക്നെസെറ്റിനെ അഭിസംബോധന ചെയ്ത് ഫെബ്രുവരി 25ന് ഇന്ത്യ മാതൃരാജ്യവും ഇസ്രായേൽ പിതൃരാജ്യവുമെന്ന്‌ ഈറ്റംകൊണ്ടും നെതന്യാഹു നേർ സഹോദരനെന്ന്‌ വാഴ്‌ത്തിയും തിരിച്ചെത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു സംയുക്ത കടന്നാക്രമണങ്ങൾ. സന്ദർശനത്തലേന്ന് ഇറാനിലെ പതിനായിരത്തിലേറെ പൗരന്മാരോട് ഉടൻ രാജ്യംവിടാൻ നിർദേശിച്ചതും ശ്രദ്ധേയം. അമേരിക്കൻ-സയണിസ്റ്റ് മരണഫാക്ടറിയിലെ പ്രധാന ഉപകരണമായി ഇന്ത്യ മാറിയ സമയത്താണ് ഇറാനെതിരായ ആക്രമണമെന്നത്‌ പ്രത്യേകം പരിശോധിക്കണം.

സാമ്രാജ്യത്വവിരുദ്ധ നിലപാട്

മൂന്ന് ദശാബ്ദത്തിലേറെ ഇറാന്റെ ഭരണ, രാഷ്ട്രീയ, ആത്മീയ, സാമൂഹിക തുറകളെയാകെ കൈകാര്യം ചെയ്‌ത പരമോന്നത നേതാവായിരുന്നു ആയത്തുല്ല അലി ഖാംനഈ. ഇക്കാലയളവിലെല്ലാം ശക്തമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ചുവന്ന അദ്ദേഹത്തെ ഇല്ലാതാക്കുക ഏറെ വർഷങ്ങളായി അമേരിക്കൻ-ഇസ്രായേൽ പദ്ധതിയായിരുന്നു. ആ മോഹമാണിപ്പോൾ സഫലമായിരിക്കുന്നത്‌. ‘25 വർഷത്തിനുള്ളിൽ ഇസ്രായേൽ അവസാനിക്കും’ എന്ന്‌ അദ്ദേഹം ഒരിക്കൽ ട്വീറ്റുചെയ്യുകയുണ്ടായി. 2024ൽ അവസാനം ജനങ്ങളെ അഭിസംബോധന ചെയ്യവെ ‘ഇസ്രായേൽ ഇനി അധികകാലം ഉണ്ടാവില്ല’ എന്നാണ്‌ പ്രഖ്യാപിച്ചത്‌.

ഫലസ്തീനിലെ ഇസ്രായേൽ വംശഹത്യയെ തുറന്നുകാട്ടുന്നതിലും ഖാംനഈ മുന്നിലായിരുന്നു. ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ രൂപംകൊണ്ടപ്പോൾ അദ്ദേഹം ഉപപ്രതിരോധമന്ത്രിയായി. ഇന്ധനങ്ങളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയം പാശ്ചാത്യരാജ്യങ്ങളുടെ കഴുകൻകണ്ണ് പശ്ചിമേഷ്യയിലേക്ക് തിരിച്ചതിലെ പ്രധാന ഘടകമാണ്‌. മേഖലയെ യുദ്ധകേന്ദ്രമായി പരിവർത്തിക്കാൻ കൈകോർത്ത അമേരിക്കൻ-ഇസ്രായേൽ അച്ചുതണ്ടിന്‌ ഖാംനഈ എന്നും തടസ്സമായിരുന്നു. അമേരിക്ക തങ്ങളുടെ ആദ്യത്തെയും ഇസ്രായേൽ രണ്ടാമത്തെയും ശത്രുവാണെന്നാണ്‌ അദ്ദേഹം തുറന്നടിച്ചിരുന്നത്‌.

ഫെബ്രുവരി 25ന്റെ പ്രസംഗത്തിൽ ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ എടുത്തിട്ട്‌ ഇസ്രായേലിനെ പിതൃഭൂമിയായും ഇന്ത്യയെ മാതൃഭൂമിയായുമാണ്‌ മോദി സ്ഥാനപ്പെടുത്തിയത്‌ ലജ്ജാകരവും നയതന്ത്രപരമായി വിവേകശൂന്യവുമാണെന്നാണ്‌ പല നിരീക്ഷികരും അഭിപ്രായപ്പെട്ടത്‌. ഇന്ത്യയുടെ ഹിന്ദുത്വ അടിത്തറക്ക് ഇസ്രായേൽ വെറും സഖ്യകക്ഷിയല്ല, മാതൃകയാണെന്നാണ്‌ അവർ സൂചിപ്പിച്ചതും. അന്താരാഷ്ട്ര നിയമസാധുത നിലനിർത്തി ഒരു ജനതയെ എങ്ങനെ കീഴ്പ്പെടുത്താമെന്ന് ഗസ്സ ആക്രമണം കാണിക്കുന്നു. ഇസ്രായേലിൽ ഹിന്ദുത്വത്തിന്റെ താൽപര്യം ഈ രീതി പഠിക്കുകയാണ്. ഇന്ത്യയിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിന്റെ വക്താക്കളും ഇസ്രായേലിനെ പിന്തുണക്കുക മാത്രമല്ല, അതിനെ പഠിക്കുകയും ഉൾക്കൊള്ളുകയും ആ യുക്തി പുനർനിർമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഇസ്രായേൽ സുഹൃദ്‌രാജ്യവും നെതന്യാഹു നേർ സഹോദരനുമാണ്‌. ഹിന്ദുത്വം ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഇതിനകം ഉത്തരം നൽകിയ രാഷ്ട്രം കൂടിയാണത്‌; സ്ഥിരമായി അവിശ്വസ്തരായി സങ്കൽപിക്കപ്പെടുന്ന ഒരു ജനതയെ എങ്ങനെ ഭരിക്കാം, ഒഴിവാക്കലിനെ ഭരണംപോലെ എങ്ങനെ കാണിക്കാം, ജനാധിപത്യം താൽക്കാലികമായി നിർത്തിവെക്കാതെ അസാധാരണമായ അക്രമത്തെ എവ്വിധം സാധാരണമാക്കാം, ഭയത്തെ ഏതുവിധത്തിൽ സ്ഥിരതയുള്ള രാഷ്ട്രീയ സംവിധാനമാക്കി മാറ്റാം എന്നെല്ലാമുള്ള പാഠപുസ്‌തകം. അത്തരം പ്രവൃത്തികളെ അനന്തരഫലങ്ങളില്ലാതെ നിലനിർത്താനും പ്രതിരോധിക്കാനും കഴിയുമെന്നതിന്റെ സ്ഥിരീകരണമാണ്‌ സയണിസ്‌റ്റ്‌ രാജ്യം.

ഹിന്ദുത്വത്തിന്റെ കാതൽ

ഹിന്ദുത്വത്തിന്റെയും അതിന്റെ അടിത്തറയുടെയും കാതൽ ഇസ്രായേലിനോടുള്ള ആരാധനയാണ്. കുടിയേറ്റ യുക്തിയാണ്, ആളുകളെ കൈകാര്യം ചെയ്യുംമുമ്പ് ഭൂമി സുരക്ഷിതമാക്കണം, സ്ഥലം ശുദ്ധീകരിക്കപ്പെട്ടുകഴിഞ്ഞാൽ രാഷ്ട്രീയം പിന്തുടരുമെന്ന വിശ്വാസമാണത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പരമ്പരകളിലൂടെ അത് വ്യക്തമായിട്ടുണ്ട്, എത്രത്തോളം കുടിയിറക്കൽ സാധാരണ നിലയിലാക്കാമെന്ന പരീക്ഷണത്തിലൂടെ. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഒഡിഷ, മധ്യപ്രദേശ്‌, ഝാർഖണ്ഡ്‌, അസം തുടങ്ങിയയിടങ്ങളിലെ അന്യവത്കരണ ശ്രമങ്ങൾ ഭീക രങ്ങളായ ഉദാഹരണങ്ങൾ. പള്ളികൾ സീൽചെയ്യൽ, മദ്റസകൾക്കെതിരായ നടപടി, മുസ്‍ലിം വ്യാപാരികളെ ഉപദ്രവിക്കൽ, ജാഗ്രതാ നിർദേശം നൽകുന്ന ഭീഷണി പ്രോത്സാഹിപ്പിക്കൽ എന്നിവയുടെ രീതിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അവയെല്ലാം സാംസ്കാരിക സംരക്ഷണത്തിന്റെയും പൊതുക്രമത്തിന്റെയും ഭാഷയിൽ ന്യായീകരിക്കപ്പെടുന്നുമുണ്ട്‌. മതപരമായി ശുദ്ധപ്രദേശമായി സങ്കൽപിക്കപ്പെടുന്ന ഉത്തരാഖണ്ഡിൽ മുസ്‍ലിം സാന്നിധ്യം കളങ്കമായും അശുദ്ധിയായും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അസമിൽ ബംഗാളി വംശജരായ മിയ മുസ്‍ലിംകൾക്കുനേരെയുള്ള ഉപദ്രവങ്ങളെയും വിവേചനത്തെയും ന്യായീകരിച്ച്‌ രാജ്യത്തുനിന്ന് പുറന്തള്ളുന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുറന്നുപറയുന്നു. ആ സംസ്ഥാനത്തെ മുസ്‍ലിംകൾ തുല്യ പൗരന്മാരല്ലെന്ന ആശയം സാധാരണവത്കരിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ പ്രകോപനമായി അപലപിക്കപ്പെടുന്നതിനു പകരം എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. മധ്യപ്രദേശിൽ കുടുംബങ്ങളെ സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാക്കുകയും ദീർഘകാലമായി താമസിക്കുന്നവരുടെ ജീവിതവും ഉപജീവനമാർഗവും നശിപ്പിക്കുകയും ചെയ്തു.

പൗരത്വം ഔദാര്യമായാണ്‌ നിർവചിക്കുന്നതും. പൗരത്വ ഭേദഗതി നിയമം, അസമിലെ പൗരത്വ രജിസ്റ്റർ, വോട്ടർപട്ടികകളുടെ തീവ്ര പുനരവലോകനം പോലുള്ള സംവിധാനം ഇസ്‍ലാമോഫോബിയയുടെ ആയുധങ്ങളാക്കി മാറ്റി. ഫലസ്തീൻ പ്രദേശങ്ങളിൽ ബലപ്രയോഗം, നിരീക്ഷണം, ഉദ്യോഗസ്ഥ കാലതാമസം എന്നിവയിലൂടെ മുഴുവൻ ജനതയെയും നിയന്ത്രിക്കുമ്പോഴും ആഗോള സഖ്യങ്ങൾ കൂടുതൽ ആഴത്തിലാകുമെന്നുമുള്ള ഇസ്രായേൽ അനുഭവങ്ങളാണ്‌ ഹിന്ദുത്വം സ്വാംശീകരിച്ച ശ്രദ്ധേയ പാഠം. ജനാധിപത്യത്തെ പൊളിച്ചുമാറ്റേണ്ടതില്ല എന്നതാണ് അതിലെ ഊന്നൽ. ഫലസ്‌തീനുനേരെ തുറന്നുപിടിച്ച അപഹാസ്യങ്ങൾ ഇന്ത്യൻ തുടർച്ചയിൽ തടസ്സമില്ലാതെ ചേർന്നുപോകുന്നു. സമാന അവസ്ഥയിലാണ്‌ ഇന്ത്യ. ഗസ്സയിലെ അധിനിവേശം അത്തരം സംവിധാനങ്ങളെ എങ്ങനെ പൂർണതയിലെത്തിച്ച് സാധാരണപോലെ പ്രവർത്തിപ്പിക്കാമെന്ന് തെളിയിക്കുന്നു. ഇസ്രായേലിനോടുള്ള ഹിന്ദുത്വ താൽപര്യം ആ രീതികൾ ഹൃദിസ്ഥമാക്കുന്നതിലാണ്‌.


News Summary - Iran, India and Partisanship