Begin typing your search above and press return to search.
proflie-avatar
Login

മാരീചം

മാരീചം
cancel

ആത്മപരിശോധന പലർക്കും നൽകിയത് പല ഉത്തരങ്ങൾ. ഉദാഹരണമായി, മനോവിശ്ലേഷകൻ കാൾ യുങ്ങിന് ‘‘മനുഷ്യൻ നിർമിക്കപ്പെട്ടിരിക്കുന്ന സത്തയെ അധികരിക്കുന്നതാണ് ആത്മാവ്.’’ എഴുത്തുകാരി വെർജീനിയ വൂൾഫിന് ‘‘ആത്മാവിനെപ്പറ്റി നേരേ ചൊവ്വേ എഴുതാനാവില്ല, നിരീക്ഷിക്കുന്ന മാത്രയിൽ അതു മാഞ്ഞുപോകുന്നു.’’ ക്ലിപ്തമായ ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് ഒന്നുകിട്ടി –അന്വേഷണച്ചുണ. ചിലർക്ക് മനസ്സാണ് ആത്മാവ്. പലർക്കും അതിനപ്പുറമെന്തോ. പക്ഷേ, എന്ത്? –മിക്കവർക്കും സ്വയം ചോദിക്കാൻ മടിയുള്ള ചോദ്യം. കാരണം, മുടിഞ്ഞ ധൈര്യംവേണ്ട സാഹസമാണത്. പൊല്ലാപ്പ് ഒഴിവാക്കാം, ആരാനും ​െവച്ചുനീട്ടുന്ന ഉത്തരം ഏറ്റുവാങ്ങിയാൽ....

Your Subscription Supports Independent Journalism

View Plans

ആത്മപരിശോധന പലർക്കും നൽകിയത് പല ഉത്തരങ്ങൾ. ഉദാഹരണമായി, മനോവിശ്ലേഷകൻ കാൾ യുങ്ങിന് ‘‘മനുഷ്യൻ നിർമിക്കപ്പെട്ടിരിക്കുന്ന സത്തയെ അധികരിക്കുന്നതാണ് ആത്മാവ്.’’ എഴുത്തുകാരി വെർജീനിയ വൂൾഫിന് ‘‘ആത്മാവിനെപ്പറ്റി നേരേ ചൊവ്വേ എഴുതാനാവില്ല, നിരീക്ഷിക്കുന്ന മാത്രയിൽ അതു മാഞ്ഞുപോകുന്നു.’’ ക്ലിപ്തമായ ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് ഒന്നുകിട്ടി –അന്വേഷണച്ചുണ.

ചിലർക്ക് മനസ്സാണ് ആത്മാവ്. പലർക്കും അതിനപ്പുറമെന്തോ. പക്ഷേ, എന്ത്?

–മിക്കവർക്കും സ്വയം ചോദിക്കാൻ മടിയുള്ള ചോദ്യം. കാരണം, മുടിഞ്ഞ ധൈര്യംവേണ്ട സാഹസമാണത്. പൊല്ലാപ്പ് ഒഴിവാക്കാം, ആരാനും ​െവച്ചുനീട്ടുന്ന ഉത്തരം ഏറ്റുവാങ്ങിയാൽ. അങ്ങനെയാണ് പൊതുപ്രവണത. ആയാസരഹിതം, സുഖപ്രദം.

ഈ ചുളുവഴി കണ്ണുംപൂട്ടി അവലംബിക്കുന്നോരാണ് ഭൂരിപക്ഷം ഇന്ത്യരും. ഉത്തരമത്രയും ആമാടപ്പെട്ടിയിലുണ്ട്, ആര്യന്മാരുടെ ആത്മത്രയം –ജീവാത്മാ, അന്തരാത്മാ, പരമാത്മാ. അതങ്ങ് ഉമിനീരു തൊടാതെ വിഴുങ്ങയേ വേണ്ടൂ, മനസ്സുഖം ഉറപ്പിക്കാം, ജീവിതത്തിന് അർഥപ്രതീതിയും. വൈദിക മതത്തിന്റെ ഈ മാലീസിൽ തൃപ്തിയില്ലെങ്കിൽ ശ്രമണ മതങ്ങളുണ്ട് –ജൈനം, ബുദ്ധം, ആജീവകം... ആത്മത്രയത്തിന്റെ വരിക്കാരല്ലെന്നേയുള്ളൂ, വരിയോല വേറെയുണ്ട് –‘ജീവ’യും നിർവാണവും തൊട്ട് പരിനിർവാണം വരെ. അതും പോരെങ്കിലുണ്ട്, ശിഖരുടെ ‘ആത്മ’യും പാഴ്സികളുടെ ഊർഹനും. ഇനമേതായാലും ഒരുമാതിരിക്കാരുടെ വിശ്വാസം ലളിതമാണ് –ദേഹമരണത്തെ അതിജീവിക്കുന്ന അതീതസത്തയാണ് ആത്മാവെന്ന്. പ്രാക്തനർക്കത് ശ്വാസത്തിലും രക്തത്തിലും ഒളിഞ്ഞതായിരുന്നു. പരിഷ്‍കാരികൾക്കത് സമയബന്ധിതമായ ജീവിതം സമയാതീതത്തെ തൊടുന്നിടം.

പടിഞ്ഞാറ് ‘ആത്മാവി’ഷ്കാരം മിക്കവാറും ഒരൊറ്റ നങ്കൂരത്തിലായിരുന്നു ദീർഘകാലം –ക്രിസ്തുമതത്തിലെ വിശുദ്ധ ത്രിത്വം: പിതാവും പുത്രനും പരിശുദ്ധാത്മാവും. ആധുനിക ശാസ്ത്രം ഉടലെടുത്തതോടെ ഉടനുത്തരക്കുടുക്കകൾ ഉടഞ്ഞുതുടങ്ങി. പലരും തന്നത്താൻ ചോദ്യംചെയ്യാൻ ധൈര്യപ്പെട്ടു, സ്വന്തം ഉള്ളു ചികയാൻ. ആത്മപരിശോധന പലർക്കും നൽകിയത് പല ഉത്തരങ്ങൾ. ഉദാഹരണമായി, മനോവിശ്ലേഷകൻ കാൾ യുങ്ങിന് ‘‘മനുഷ്യൻ നിർമിക്കപ്പെട്ടിരിക്കുന്ന സത്തയെ അധികരിക്കുന്നതാണ് ആത്മാവ്.’’ എഴുത്തുകാരി വെർജീനിയ വൂൾഫിന് ‘‘ആത്മാവിനെപ്പറ്റി നേരേ ചൊവ്വേ എഴുതാനാവില്ല, നിരീക്ഷിക്കുന്ന മാത്രയിൽ അതു മാഞ്ഞുപോകുന്നു.’’ ക്ലിപ്തമായ ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് ഒന്നു കിട്ടി –അന്വേഷണച്ചുണ.

ഇതിന്റെ ഇരട്ടി ധൈര്യം വേണം തഴമ്പിച്ചുപോയ ഒരനുബന്ധത്തെ ചോദ്യംചെയ്യാൻ –മൃഗാത്മാവ്. മനുഷ്യന് സംവരണം ചെയ്തിട്ടുള്ളതാണോ ആത്മാവ്? വൈമനസ്യത്തോടെയെങ്കിലും മറ്റു മൃഗങ്ങൾക്കും മനുഷ്യൻ അനുവദിച്ചിട്ടുണ്ട് ബോധത്തിന്റെ ക്ഷേത്രപ്രവേശനം. അപ്പോഴും അയിത്തം മാറുന്നില്ല, ആത്മാവിന്റെ കാര്യത്തിൽ. എല്ലാത്തരം അയിത്തവും പോലെ ഇതിലും കാരണഭൂതം ലക്ഷണമൊത്ത ചിരിവക: മൃഗങ്ങളിൽ അങ്ങനൊരു അന്വേഷണത്തിനു വേണ്ടത്ര ഉപകരണങ്ങൾ മനുഷ്യനില്ല, ആയതിനാൽ മൃഗങ്ങൾക്ക് ആത്മാവില്ലാപോലും!

എങ്കിലും, ശ്രമം തുടരാതിരിക്കുന്നില്ല ജീവശാസ്ത്രം –ശാശ്വത സന്ദേഹിയാണല്ലോ മനുഷ്യൻ. അതുകൊണ്ട്, പക്ഷികളുടെ സ്വപ്നശേഷി നോക്കാൻ fMRI പടമെടുപ്പ്, EEG ഗ്രാഫെടുപ്പ്. നീരാളിയുടെ അന്തരംഗം കാണാൻ മറ്റൊരു ഗവേഷണം. അതിനൊക്കെ മുമ്പേ തുടങ്ങിയ അകപഠനങ്ങളുടെ തുടർച്ച വേറെ –ആനയുടെ, ആൾക്കുരങ്ങിന്റെ, കുതിരയുടെ, നായുടെ, പൂച്ചയുടെ... എല്ലാത്തിനുമുള്ള മാനദണ്ഡ കൽപന സമാനം: സൗന്ദര്യാസ്വാദനം, സർഗശേഷി, വിസ്മയശേഷി, സ്വാവബോധം –ഇതിന്റെയൊക്കെ ലാഞ്ഛനയുണ്ടോ മൃഗങ്ങളിൽ? അതാണു നോട്ടം.

സത്യത്തിൽ ഇതെല്ലാം സകല ജീവനും പങ്കിടുന്നൊരു ജൈവതയുടെ ഉപോൽപന്നങ്ങൾ മാത്രമല്ലേ? ചിലരിൽ മാത്രമായി അതു വല്ലതും ഒതുങ്ങിപ്പോവുമോ? ചേതനയുള്ള ജീവികൾക്ക് അസ്തിത്വത്തിന്റെ മജ്ജയല്ലേ ആത്മാവ്? നക്ഷത്രങ്ങൾ വാരിത്തൂവിയ രാമാനച്ചോട്ടിൽ അന്തംവിട്ടു നിൽക്കെ നമ്മെ ഉള്ളിൽനിന്നും നിശ്ശബ്ദം പൊന്തിക്കുന്ന ശക്തി? ആത്മാവുള്ളൊരു പാട്ടെന്നു പറയുമ്പോൾ. അർഥമാക്കുക, അനുഭൂതിയുടെ ആഴങ്ങളിൽനിന്നുതിരുന്നതെന്നല്ലേ?

ഒരു ദേശത്തിന്റെ ആത്മാവെന്നത് അതിന്റെ പൗരചേതസ്സ് തന്നെയല്ലേ? ഇവ്വിധം ചേതനാശക്തിയുടെ മാനങ്ങളെ പുണരുന്നിടങ്ങളി​െലാക്കെയുണ്ട് ആത്മാവിന്റെ സാന്നിധ്യം –ഗാഢമായ അടുപ്പത്തിന്റെ അനർഘനിമിഷങ്ങളിൽ, പറക്കുന്ന ഭാവനയുടെ ചിറകടിയിൽ, കൽമഷമൊഴിഞ്ഞ ജീവിതചര്യകളിൽ... ഇതൊന്നും മൃഗങ്ങൾക്കില്ലെന്നാണോ?

സഹജീവിതങ്ങളെപ്പറ്റി കുറച്ചൂടെ സ്വതന്ത്രവും വിവേകിയുമായ നോട്ടം വേണ്ടതുണ്ട് മനുഷ്യന്. കാരണം, പരിണാമവഴിയിൽ നമുക്കു നഷ്ടമായ സംവേദനശേഷികളുടെ സജീവശേഷിപ്പുകളുണ്ട് മൃഗങ്ങളിൽ. ഇന്നോളം നമ്മൾ ആർജിക്കാത്ത പലതും –കേൾക്കാത്ത നാദങ്ങൾ, ഇനി കേൾക്കാനിടയില്ലാത്തതും. എന്നിരിക്കെ, നമ്മെ മനുഷ്യരാക്കുവതെന്ത്, ജീവിതം പ്രധാനമാക്കുവതെന്ത്? ചോദ്യം മൃഗങ്ങളിലേക്കും നീട്ടുമ്പോൾ നോക്കേണ്ടതെന്താണ്? അവയുടെ ഊണുറക്കങ്ങളും ഇണചേരലും അതിജീവന രീതികളും മാത്രമല്ല. അവയിലൊക്കെ അന്തർലീനമാകുന്ന ചേതനകൂടിയാണ്. പ്രശ്നം, അങ്ങനൊരു നോക്ക് നമുക്കില്ലെന്നതാണ്. മിക്കപ്പോഴും നമ്മുടെ കിടപ്പ് സ്വന്തം സിരാലോകത്തിന്റെ തടവറയിലാണ്. മനുഷ്യകേന്ദ്രിത ചിന്ത മനുഷ്യേതരങ്ങളിലും തിരയുക സ്വന്തം പ്രതിബിംബം, അതിന്റെ ഛായകൾ.

മറ്റു മൃഗങ്ങളിൽ ഒരാന്തരികതയുണ്ട്, നമ്മിലെ ആന്തരികതയെ ഉണർത്താൻ പോന്നത്. ഉദാഹരണത്തിന് കടപ്പുറത്തെ പറവകൾ. അദൃശ്യമായൊരു സൂചന കിട്ടിയാലെന്നോണം തീരത്തുനിന്ന് അവ ഒരുമിച്ചു പൊന്തുന്നു. കടൽപ്പരപ്പിൻമീതെ ഇഴയടുപ്പമുള്ള ഒറ്റയടരായി ഒന്നിച്ചു പറക്കുന്നു. ഏകതാനമായ പൊതുചിന്തയും നേതൃത്വവുമുണ്ടെന്ന് തോന്നിക്കുന്ന വ്യോമയാനം. രണ്ടുമില്ല ആ പറപ്പിനെന്ന് അവർക്കറിയാം. ഉള്ളതുപിന്നെ ആന്തരികതയുള്ള ചില ആഴങ്ങളാണ്, പ്രകൃതിയിൽ കാണാനും കേളാനുമാവാത്തവ. അതാണവയെ പറത്തിവിട്ടത്. അതേ ആഴങ്ങളിൽനിന്നാണ് ഇതേ കാഴ്ച നമ്മൾ ഉൾക്കൊള്ളുന്നതും. അത്തരം ആഴങ്ങൾ ഉൾവഹിക്കുക എന്നാൽ, ആത്മാവിന്റെ തലത്തിൽ പങ്കുചേരുക എന്നല്ലേ?

ആന്തരികതയുടെ ആവിഷ്‍കരണത്തിൽ സംഗീതത്തോളം പോന്ന മറ്റൊന്നില്ല മനുഷ്യന്. സ്വരാങ്കങ്ങളുടെ എണ്ണക്രമത്തിനും സ്വനഫലങ്ങളുടെ മാസ്മരികതക്കുമിടയിലെ ശാശ്വത പരിഭാഷ വഴി അത് ആത്മാവിന്റെ ഭാഷയാകുന്നു. മറ്റു ജീവികളും ആ ഭാഷ പങ്കിടുന്നുണ്ടെന്ന് ഇന്നു നമുക്കറിയാം. വസന്തമോരോന്നിലും കോകിലം ലോകത്തെ പാടിയെടുക്കുന്നു, സ്വജീവിതത്തിലേക്ക്, ഗ്രീഷ്മമോരോന്നിലും ചീവീട് പ്രണയസല്ലാപം മൂളുന്നു, വെയിലിനോട്. താനാരെന്ന് പ്രപഞ്ചത്തോട് വിളിച്ചുപറയാൻ ഒരുമ്പെട്ടപ്പോൾ ചുമ്മാതല്ല മനുഷ്യൻ ഗോത്രഗീതികൾക്കും കച്ചേരിഗീതങ്ങൾക്കുമൊപ്പം ഒരു തിമിംഗലപ്പാട്ടും ചേർത്തത്, ‘ഗോൾഡൻ റെക്കോഡി’ൽ (നാസ വിക്ഷേപിച്ച വോയേജർ പേടകത്തിലെ പാട്ടുപെട്ടി).

പക്ഷികൾ പാടുന്നത് പ്രായോഗികതക്ക് അപ്പുറത്തെ കാരണങ്ങളാലാണ്. പക്ഷിക്കറിയില്ല പാട്ടിലെ ‘സ്ഥായി’. പക്ഷേ, അമ്പരപ്പിക്കും കിളികുലഗായകരെല്ലാം –സ്വരങ്ങളുടെ, താളങ്ങളുടെ, ഇടസരികളുടെ, വ്യതിയാനങ്ങളുടെ സമ്മിശ്രങ്ങളെ പാടലിൽ ഇഴചേർത്തുകൊണ്ട്. ലാവണ്യക്രമത്തിലുള്ള നാദവിന്യാസമല്ലെങ്കിൽ പിന്നെന്താണ് സംഗീതം? ആ നിനദമല്ലെങ്കിൽ പിന്നെന്താണ് ആത്മാവിന്റെ നിദർശനം?

സ്വന്തം മുഴക്കോലിന് അളക്കരുത് മറ്റുള്ളോരെ. ജീവിതാവേഗം നന്നേ കൂടുതലാണ് പറവകൾക്ക്. അതുതന്നെ മുഖ്യ കാരണം. കിളിപ്പാട്ടിൽ സ്വരങ്ങൾ നന്നേ ഹ്രസ്വമായിരിപ്പതിന്, കിളികൾ സ്ഥിരം മേൽസ്ഥായിയിൽ പാടുന്നതിന്. നമ്മുടെ സംഗീതം നമ്മുടെ ആന്തര ജീവിതത്തിന്റെ ശ്രുതിതാളങ്ങൾ പ്രതിഫലിപ്പിക്കുമ്പോലെ പറവസംഗീതം അവരുടേതും. നിസ്വാർഥത, അനുതാപം – മനുഷ്യാത്മാവിന്റെ ആന്തര പ്രത്യക്ഷങ്ങളെന്നു കരു​തിപ്പോരുന്ന രണ്ടുഘടകങ്ങൾ.

അത് നേരെന്നു കരുതുന്നപക്ഷം ചുറ്റുവട്ടത്തൊന്നു കണ്ണോടിക്കൂ. കൂട്ടരിൽ കാഴ്ചപരിമിതിയുള്ളോരെ കാവതിക്കാക്ക കരുതലോടെ തുണയ്ക്കുന്നു. ഡാർവിൻ കുറിച്ചിരുന്നു, കുട്ടിക്കുരങ്ങിനുവേണ്ടി കഴുകനോട് മല്ലിടുന്ന വാനരക്കൂട്ടത്തെപ്പറ്റി. ചിറകൊടിഞ്ഞു വീണ ചങ്ങാതിക്കായ് മനുഷ്യരെ കൊത്തിയോടിക്കുന്ന കാക്കക്കൂട്ടത്തെ അറിയാൻ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ മറിച്ചുനോക്കണ്ട, പര്യമ്പുറം നോക്കിയാൽ മതി. കുഞ്ഞുങ്ങൾക്കുവേണ്ടി മൂർഖനോട് പടവെട്ടുന്ന തള്ളക്കോഴി, അതേ പ്രശ്നത്തിൽ കണ്ടന്മാരെ തുരത്തുന്ന ചക്കി... ഇത്തരം നിത്യാനുഭവങ്ങൾകൊണ്ടാവണം റേച്ചൽ കാഴ്സൻ കുറിച്ചുപോയത്, ‘‘ഇതെല്ലാം പ്രകൃതിയിലെ പൊതു വികാരങ്ങളാണ്.’’

ജീവൻ ഒരു കുടുംബമാണ്, സൃഷ്ടിയുടെ തറവാട്. അവിടെ വംശവരേണ്യത തികഞ്ഞ അസംബന്ധം, മനുഷ്യജീവിക്കു മാത്രമുള്ള മനോരോഗം. അതു മാറ്റിവെച്ചാൽപോലും മറ്റു മൃഗങ്ങൾക്ക് ആത്മാവ് നിഷേധിക്കാനോ കൽപിച്ചുകൊടുക്കാനോ വിശേഷശേഷിയൊന്നുമില്ല, മനുഷ്യന്. ഒന്നാമത്, മറ്റൊരു ജീവിയുടെ ആന്തരികത അപ്പടിയറിയുക ദുഷ്‍കരം. പാടേ സ്വകാര്യമാണത്, ഏകാകിതയിൽ പൊതിഞ്ഞത്. എങ്കിലും മറ്റൊരു കണ്ണിലേക്ക് നോക്കുമ്പോൾ തുറന്നുകിട്ടും ഒരു കിളിവാതിൽ, പരസ്പരം കാണാനുള്ള പഴുത്. അതൊരു ബോധക്കൈമാറ്റമാണ്, മൗന സന്ദേശം –എന്നെ നീ കാണുന്നത് ഞാൻ കാണുന്നു. ഈ അഴിമുഖത്തുവെച്ച് സ്വത്വവേറിന്റെ പൊഴി അഴിയുന്നു. പൊരുൾ തെളിയുന്നു: നമ്മൾ മനുഷ്യരായിരിപ്പത് മനുഷ്യേതരങ്ങളുടെ കൂടി ഇഴത്തറിയിലാണ്.

സംശയാലുവാണ് മനുഷ്യൻ, തന്നെക്കുറിച്ചു തന്നെയില്ല നിശ്ചയം വേണ്ടത്ര. ഈ സന്ദേഹമാണ് മനുഷ്യന്റെ ഏക വേറ്. മറ്റു മൃഗങ്ങൾക്കതില്ല. കാരണം മൃഗങ്ങൾ മിക്കതിനുമുണ്ട് വിശേഷ ശേഷികൾ –സൂക്ഷ്മ കാഴ്ച, അതിസൂക്ഷ്മ കേഴ്വി, അതിവേഗ ചലനം. ഇതൊന്നുമില്ലാത്ത മനുഷ്യൻ സവിശേഷനല്ല, ശാരീരികമായും ധാർമികമായും. വിശേഷശേഷിപ്പുകളുടെ പോരായ്മ അയാൾക്ക് അനിവാര്യമാക്കുന്നു, അനുകൂലനശേഷി. അതിജീവനത്തിനായി അങ്ങനെ വഴങ്ങേണ്ടതിനാൽ അയാൾക്കില്ല ക്ലിപ്ത രൂപമോ, ദൃഢസ്വത്വമോ. നിസർഗ ത്രാണികൾ പലതിന്റെയും അഭാവം ജീവനമാതൃകകൾ തേടാൻ അയാളെ നിർബന്ധിതനാക്കുന്നു. കൃത്രിമ നിയമങ്ങളും വ്യവസ്ഥകളുംകൊണ്ട് മാതൃകകൾ ചമച്ചുനോക്കുന്നു, അനുകരിച്ചുനോക്കുന്നു. ജീവകുടുംബത്തിലെ ഇളമുറക്കാരാണ് നാം, മൃഗലോകത്തെ കിടാങ്ങൾ, ജ്യേഷ്ഠമൃഗങ്ങൾ കാട്ടിത്തരണം പുലർച്ചയുടെ രീതിമാർഗങ്ങൾ പലതും ഇവിടെയാണ് സ്വന്തം അസ്തിത്വത്തിന്റെ തുറന്ന പരിശോധന വേണ്ടിവരുന്നത് –നാം എന്ത്, എന്തുകൊണ്ടിങ്ങനെ?

വാവിട്ട ‘ആത്മീയ’ വ്യവഹാരങ്ങളിൽ അത്തരം തുറന്ന ചോദ്യങ്ങളില്ല, ഉള്ളതൊക്കെ ഉത്തരങ്ങളാണ്, സ്വയമുന്നയിക്കാനുള്ള ചോദ്യങ്ങളല്ല. പകരം, വിഴുങ്ങാനുള്ള ജ്ഞാനവടകം വച്ചുനീട്ടും. അത് മിഴുങ്ങിമിഴുങ്ങി മിഴുങ്ങസ്യ! ബൈബിൾ ചോദിക്കുന്നുണ്ട്, ‘‘ആത്മാവ് നഷ്ടപ്പെടുത്തിയാൽ മറ്റെന്തുമുണ്ടായിട്ടെന്ത്?’’ നഷ്ടപ്പെട്ടെന്ന് അറിയണമെങ്കിൽ നഷ്ടപ്പെടുന്ന ഉരുപ്പടി എന്തെന്നല്ലേ ആദ്യം തിരിച്ചറിയേണ്ടത്?

വംശം ഇനിയുമേറെ അതിജീവിക്കുമെന്നാണ് മനുഷ്യധാരണ. ഉടലിന്റെ രൂപാന്തരങ്ങൾക്കപ്പുറം സിരകളുടെ അപരിമേയതയിലേക്കാണ് മനുഷ്യഭാവന –‘സിംഗുലാരിറ്റി’... കമ്പ്യൂട്ടർ ശാസ്ത്ര വഴിയേ മനുഷ്യൻ 2.0ലേക്കുള്ള മോക്ഷമാർഗം. യന്തിരശാസ്ത്രികൾ അതിനെ ഏതാണ്ടൊരു മതമാക്കിക്കഴിഞ്ഞു. ആനയും ആൾക്കുരങ്ങും ഓലമാടിയും ഓലഞ്ഞാലിയുമൊക്കെ അപ്രസക്തമായ പുതുവാഴ്വ്. അപ്പോൾ ആത്മാവ്? അൽഗോരിതത്തിനെന്ത് വാവും ചംക്രാന്തീം?


News Summary - introspection